mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 31

ദിവസങ്ങൾ കഴിയുന്തോറും ചിന്തകളുടെ വേലിയേറ്റം മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ചാരം മൂടി കിടന്നിരുന്ന കുറ്റബോധത്തിന്റെ കനലുകൾ നീറിപ്പുകയാൻ തുടങ്ങി. 

'താൻ കാരണം ഒരു പെണ്ണിന്റെ ജീവിതം, കരകാണാക്കടലിൽ പതിച്ചതോർത്ത് സ്വയം പഴിച്ചു. ഓളങ്ങളിൽപ്പെട്ട് ഉലയുന്ന ഒരു തോണിയിൽ ഭാമയും തന്റെ മോളും മാത്രം. ഏതെങ്കിലും കനിവിന്റെ കരങ്ങൾ, അവരെ കരുതുന്നുണ്ടാവുമോ? ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഭാമയേയും മോളേയും അന്വേഷിച്ചു കണ്ടുപിടിക്കണം.'

ഫോൺ ബെല്ലടിക്കുന്നതുകേട്ട് ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു.

"ഹലോ... ദേവാ, ഞാൻ ശേഖറാണ്. കഴിയുമെങ്കിൽ നാളെത്തന്നെ നീ ഇങ്ങോട്ടു പുറപ്പെടണം. ഒന്നു രണ്ടു സ്ഥലങ്ങളിൽ പോകാനുണ്ട്. മറ്റു കാര്യങ്ങൾ വിശദമായി ഇവിടെ വരുമ്പോൾ സംസാരിക്കാം."

"ശരി ശേഖർ, നാളെത്തന്നെ ഞാൻ എത്താം. അന്വേഷണത്തിന്റെ ഫലമായി പിന്നീട് എന്തെങ്കിലും വിവരം കിട്ടിയോ?"

"ഇല്ലെടാ.... പല വഴിയിലും അന്വേഷിക്കുന്നുണ്ട്, എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല."

"എന്നാൽ ശരി, നാളെ കാണാം."

മാനേജർ സ്ഥലത്തില്ലാതിരുന്നതു ഏതായാലും നന്നായി. അവധിയെടുക്കുന്ന കാര്യം ഓഫീസിൽ ആരോടും പറഞ്ഞില്ല. അത്യാവശ്യം തീർക്കേണ്ട ജോലികളൊക്കെ ചെയ്തുതീർത്തു.

അച്ഛനോട് എന്തു പറയും എന്നാലോചിച്ച് തല പുകച്ചുകൊണ്ടാണ് വീട്ടിലെത്തിയത്.

പതിവു പോലെ രാത്രിയിൽ, കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ, പിറ്റേദിവസത്തെ യാത്രയെപ്പറ്റി അച്ഛനോടു സൂചിപ്പിച്ചു.

"അച്ഛാ, എനിക്ക് അത്യാവശ്യമായി നാളെ ഒരു സ്ഥലം വരെ പോകണം. ഒന്നു രണ്ടു ആളുകളെ കണാനുണ്ട്. രണ്ടു ദിവസം കഴിഞ്ഞേ മടങ്ങിവരികയുള്ളൂ."

"അതെന്താടാ, പെട്ടെന്നൊരു അത്യാവശ്യം? എന്തെങ്കിലും പ്രശ്നം ഉണ്ടോ?"

"അങ്ങനെയൊന്നും ഇല്ലച്ഛാ... മുൻപു ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിലെ രാമേട്ടൻ സുഖമില്ലാതെ ആശുപത്രിയിലാണ്. ഒന്നു പോയി കാണണം.

കൂടാതെ, അന്നു ലോൺ എടുത്തിരുന്ന ബാങ്കിലും ഒന്നു പോകണം. തിരിച്ചടയ്ക്കാനുള്ള തുകയെല്ലാം അടച്ചു തീർന്നെങ്കിലും സെറ്റിൽമെന്റ് പേപ്പർ വാങ്ങിയിട്ടില്ല. അതും വാങ്ങണം. 

അപ്പുക്കുട്ടൻ ചേട്ടനോട് രാത്രിയിൽ ഇവിടെ  വന്നു കിടക്കണമെന്ന് പറഞ്ഞിട്ടുണ്ട്."

"അതൊന്നും വേണ്ടെടാ... രണ്ടു ദിവസത്തെ കാര്യം അല്ലേ ഉള്ളൂ... ആരേയും ബുദ്ധിമുട്ടിക്കേണ്ട. നീ വരുന്നതിനു മുൻപും ഞാൻ ഒറ്റയ്ക്കായിരുന്നില്ലേ?"

"അത് അന്നല്ലേ? വേണ്ടെങ്കിൽ വേണ്ട, എന്നാലും എന്റെ ഒരു സമാധാനത്തിനാണ് ഞാൻ അപ്പുക്കുട്ടൻ ചേട്ടനോട് പറഞ്ഞത്. എന്റെ പുതിയ നമ്പർ അച്ഛന് അറിയാമല്ലോ... അത്യാവശ്യമുണ്ടെങ്കിൽ വിളിക്കണം."

"നിന്റെ മാനേജരോട് പറഞ്ഞോ?"

"ഇല്ല, നാളെ രാവിലെ വിളിച്ചുപറയാം. സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പോകുകയാണെന്നാണ് പറയുന്നത്."

"എന്തിനാടാ കള്ളം പറയുന്നത്?"

"വേറെ എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും അവധി കിട്ടില്ല. ആരു ചോദിച്ചാലും അച്ഛനും അങ്ങനെ പറഞ്ഞാൽ മതി."

"ശരി, എല്ലാം നീ പറയുന്നതു പോലെ. നാളെ വെള്ളിയാഴ്ച അല്ലേ? ശനിയാഴ്ച വൈകിട്ടു തന്നെ തിരിച്ചെത്തിയേക്കണം."

"ശരി, അച്ഛാ..."

രാവിലെ, പതിവിലും നേരത്തേ എഴുന്നേറ്റു, അച്ഛന് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി.

ഓഫീസിലേക്കു വിളിച്ച്, നല്ല സുഖമില്ലാത്തതിനാൽ, ആശുപത്രിയിൽ പോകുകയാണെന്നും അതിനാൽ രണ്ടു ദിവസം ജോലിക്കു വരാൻ കഴിയില്ലെന്നും അറിയിച്ചു. മാനേജരുടെ മറുപടിക്കു കാത്തുനിൽക്കാതെ ഫോൺ ഡിസ്കണക്റ്റ് ചെയ്തു. 

വരുന്നതൊക്കെ നേരിടാം എന്ന ധൈര്യത്തോടെ, ഒരു ചെറിയ ബാഗിനുള്ളിൽ രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റും നിറച്ച്, അച്ഛനോടു യാത്ര പറഞ്ഞ്, വീട്ടിൽ നിന്നും ഇറങ്ങി കവലയിലേക്കു നടന്നു.

അധികം വൈകാതെ തന്നെ എത്തിയ ബസ്സിൽ കയറി. മനസ്സിനെ, ചിന്തകളുടെ ലോകത്തു വിഹരിക്കാൻ വിട്ടുകൊണ്ട് പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു.

ചോദ്യച്ചിഹ്നങ്ങളായി ഉയർന്നുവന്ന സന്ദേഹങ്ങൾക്കെല്ലാം ഉത്തരം തേടി, മനസ്സ് പല വഴിക്കും സഞ്ചരിച്ചു കൊണ്ടിരുന്നു. ബസ്സിറങ്ങി ശേഖറിന്റെ ഓഫീസിനെ ലക്ഷ്യമാക്കി നടന്നു.

'സുഖദുഃഖങ്ങളിലൂടെ കടന്നുപോയ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അദ്ധ്യായത്തിന് സാക്ഷ്യം വഹിച്ച ഒരു നഗരം.' ഒന്നിനുപിറകേ ഒന്നായി ഓർമകൾ ഓടിയെത്തി.

ആശ്വാസകരമായതെന്തെങ്കിലും കേൾക്കുവാൻ കാതുകൂർപ്പിച്ച്, വളരെ പ്രതീക്ഷയോടെ ശേഖറിന്റെ മുൻപിൽ ഇരുന്നു.

"നീ പറഞ്ഞതിലും നേരത്തേ തന്നെ എത്തിയല്ലോ... യാത്രയൊക്കെ സുഖമായിരുന്നോ?"

"അതേ, ഇങ്ങോട്ടേയ്ക്കുള്ള ബസ്സു കിട്ടാൻ പ്രയാസം ഉണ്ടായിരുന്നില്ല. ശേഖർ, ഭാമയേയും മോളേയും കുറിച്ച് എന്തെങ്കിലും പുതിയ വിവരം വല്ലതും ലഭിച്ചോ?"

"ഞാൻ പലരീതിയിലും അന്വേഷിച്ചെങ്കിലും മറ്റു വിവരങ്ങൾ ഒന്നും ഇതുവരേയും അറിയാൻ കഴിഞ്ഞില്ല. ഇന്നു നല്ല ജോലിത്തിരക്കുള്ള ദിവസം ആണ്. നീ മുൻപു താമസിച്ചിരുന്ന സ്ഥലത്തും  അവിടുത്തെ പോലീസ് സ്റ്റേഷനിലും മറ്റും പോയി നിന്റേതായ രീതിയിൽ ഒരു അന്വേഷണം നടത്താമോ?

ആരുടെയെങ്കിലും പക്കൽ നിന്നും എന്തെങ്കിലും വിവരം കിട്ടിയാൽ അതൊരു വലിയ കാര്യം അല്ലേ? നാളെ നിന്നോടൊപ്പം ഞാനും വരാം. നിനക്ക് എന്റെ വീടറിയാമല്ലോ. ഇരുട്ടുന്നതിനു മുൻപേ അങ്ങു വന്നേക്കണം."

"അതു വേണോ ശേഖർ? ഞാൻ ഇവിടെ ഏതെങ്കിലും ലോഡ്ജിൽ താമസിച്ചോളാം. അവിടെ നിന്റെ കുടുംബം ഒക്കെ ഉള്ളതല്ലേ?"

"അതിനെന്താടാ? ഒരാൾക്കു കൂടി താമസിക്കാനുള്ള സൗകര്യം ഒക്കെ എന്റെ വീട്ടിൽ ഉണ്ട്. ആ... ഒരു മണിയാവുന്നു. നീ വരൂ... നമുക്കു പോയി ഊണു കഴിക്കാം."

ഊണു കഴിഞ്ഞ് രാമേട്ടനെ കാണാനായി, താൻ മുൻപ് ജോലി ചെയ്തിരുന്ന ഓഫീസിൽ കയറി. 

"ആഹാ ഇതാര്, ദേവനോ? എന്തു പറ്റി? ഒരു മുന്നറിയിപ്പു പോലുമില്ലാതെ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ, എല്ലാവർക്കും സുഖം തന്നെയല്ലേ?"

"അതേ രാമേട്ടാ, അച്ഛനും ഞാനും സുഖമായിരിക്കുന്നു. എങ്കിലും, ചില പരീക്ഷണ ഘട്ടങ്ങളിൽ കൂടിയാണ് തന്റെ നാളുകൾ കടന്നു പൊയ്കൊണ്ടിരിക്കുന്നത്."

രാമേട്ടൻ നിർബന്ധിച്ചപ്പോൾ, തന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ എല്ലാം വിശദീകരിക്കേണ്ടി വന്നു.

എല്ലാം കേട്ടുകഴിഞ്ഞ് വളരെ സങ്കടത്തോടെ പറഞ്ഞു:

"നിന്റെ മോളും ഭാമയും അധികം വൈകാതെ തന്നെ നിന്നരികിൽ എത്തിച്ചേരും. സ്നേഹിക്കാൻ മാത്രം അറിയുന്ന നിന്റെ മനസ്സിനെ, ദൈവം കാണാതിരിക്കില്ല."

രാമേട്ടന്റെ വാക്കുകൾ മനസ്സിനെ കുളിരണിയിച്ചു.

"രാമേട്ടന് സുഖം തന്നെയല്ലേ? എന്തൊക്കെയാണ് വിശേഷങ്ങൾ?"

"കഴിഞ്ഞ മാസം പത്തു ദിവസം ആശുപത്രിയിൽ ആയിരുന്നു. പ്രഷറും ഷുഗറും ഒക്കെ ഒത്തിരി കൂടിപ്പോയി. ഇപ്പോൾ വലിയ കുഴപ്പം ഇല്ല. പെൻഷൻ ആവാൻ ഇനി രണ്ടു കൊല്ലം കൂടിയേ ഉള്ളൂ... ഒരു മകളെ കൂടി അയയ്ക്കാനുണ്ട്."

കുശലാന്വേഷണങ്ങൾക്കു ശേഷം യാത്ര പറഞ്ഞു പിരിഞ്ഞു. ഓഫീസിൽ മറ്റാരേയും കാണാൻ താൽപര്യപ്പെട്ടില്ല.

അവിടെ നിന്നുമിറങ്ങി താൻ മുൻപ് ലോൺ എടുത്തിരുന്ന ബാങ്കിൽ കയറി മാനേജരെ കണ്ടു. സൗഹൃദ സംഭാഷണത്തിനു ശേഷം ലോൺ അടച്ചുതീർത്തതിന്റെ പേപ്പറും കൈപ്പറ്റി,  മുൻപു താമസിച്ചിരുന്ന സ്ഥലത്തേക്കു പോയി.

ബസ്സിൽ കയറി കവലയിൽ ഇറങ്ങി, പതിവായി ചായ കുടിക്കാറുള്ള ഹോട്ടലിൽ നിന്നും ചായ കുടിച്ചു. പരിചയമുള്ള ആരേയും അവിടെ കണ്ടില്ല. 

തങ്ങൾ മുൻപു താമസിച്ചിരുന്ന വീട്ടിൽ പ്രായമുള്ള ഒരു അച്ഛനും അമ്മയും ആണ് താമസിക്കുന്നതെന്ന് ഹോട്ടൽ നടത്തുന്ന ചേട്ടൻ പറഞ്ഞറിഞ്ഞു. അവിടേക്ക് പോകണമെന്നുണ്ടായിരുന്നെങ്കിലും മനസ്സു മടിച്ചു. 

പരിസരത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി, സബ് ഇൻസ്പക്ടറിനെ കാണാനായി കാത്തിരുന്നു. പത്തുമിനിറ്റിനകം പുറത്തുപോയിരുന്ന എസ്.ഐ തിരിച്ചെത്തി. ഇടക്കാലത്തു അവധിയിൽ പോയിരുന്ന, തനിക്കു പരിചയമുള്ള ആളാണ് ഇപ്പോഴത്തെ സബ് ഇൻസ്പെക്ടർ എന്നറിഞ്ഞ് ആശ്വസിച്ചു. അദ്ദേഹത്തിനോട് തന്റെ ജീവിതകഥകളൊക്കെ പങ്കുവച്ചു.

"താങ്കളുടെ ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല."

"എന്റെ മകളേയും അവളുടെ അമ്മയേയും കണ്ടുപിടിക്കാൻ സാർ എന്നെ സഹായിക്കില്ലേ?"

"തീർച്ചയായും, എന്റെ എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകും. താൻ സമാധാനമായിരിക്കൂ. നല്ലൊരു മനസ്സിന്റെ ഉടമയായ താങ്കളെ, ഭഗവാൻ ഇനിയും പരീക്ഷിക്കില്ല എന്നു തന്നെ വിശ്വസിക്കാം."

"വളരെ നന്ദി, സാർ"

തന്റെ അഡ്രസ്സും ഫോൺ നമ്പരും നൽയിട്ട് ഇൻസ്പെക്ടറിനോട് യാത്ര പറഞ്ഞ്, അവിടെ നിന്നും ഇറങ്ങി നടന്നു.

(തുടരും)     

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ