ഭാഗം- 1
പ്രസവിച്ചു മണിക്കൂറുകൾ കഴിയവേ, ചോരക്കുഞ്ഞിന്റെ നെറുകയിൽ തുരുതുരെ ഉമ്മവച്ചുകൊണ്ട് അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. തുളുമ്പിയൊഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് തന്റെ നേരേ നോക്കിക്കിടന്നു..
അവളുടെ ദൈന്യതയേറിയ നോട്ടം എന്റെ ഹൃദയത്തിൽ മുള്ളുകളായി തറച്ചെങ്കിലും നെറുകയിൽ തലോടിക്കൊണ്ട് സാന്ത്വനമായി വിങ്ങുന്ന ഹൃദയത്തോടെ അവളുടെയരികിൽ നിസ്സഹായനായി നോക്കിയിരിക്കാനേ കഴിയുമായിരുന്നുള്ളൂ.
ആയിരം ചോദ്യങ്ങൾ ഹൃദയത്തെ മഥിക്കുമ്പോഴും അവളുടെ വാക്കുകൾ മനസ്സിനെ നൊമ്പരപ്പെടുത്തി.
"ചേട്ടാ, എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, നമ്മുടെ മകളെ പൊന്നുപോലെ വളർത്തണേ..."
ഇങ്ങനെയൊന്നും പറയരുതെന്ന് അവളെ വിലക്കിയെങ്കിലും മൂടൽ മഞ്ഞുപോലെ ദുഃഖം ഹൃദയത്തെ പൊതിഞ്ഞു.
എന്തിനായിരിക്കും അവളങ്ങനെയൊക്കെ സംസാരിച്ചത്, എന്താണവളുടെ മനസ്സിൽ?അവൾക്കെന്താണു സംഭവിക്കുക?
ദൈവമെ... എന്റെ മകൾ, അമ്മയില്ലാതെ വളരേണ്ടിവരുമോ..?
ചോദ്യങ്ങളുടെ വേലിയേറ്റം മനസ്സിനെ ഗ്രസിച്ചു കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് നഴ്സ് വന്നു പറഞ്ഞു, 'ഭാമയുടെ ബന്ധുക്കളെ ഡോക്ടർ വിളിക്കുന്നു' എന്ന്.
കേട്ട പാതി അവിടെ നിന്നും ഇറങ്ങി ഭാമയെ ചികിത്സിക്കുന്ന ഡോക്ടറിന്റെ മുറിയെ ലക്ഷ്യമാക്കി ഓടി. ചാരിയിരുന്ന കതകു തള്ളിത്തുറന്ന് അകത്തു കടന്നു.
"ഡോക്ടർ, എന്റെ ഭാമയ്ക്ക് എന്തു പറ്റി? സാധാരണപ്രസവം തന്നെയായിരുന്നു എന്നല്ലേ പറഞ്ഞത്? എന്നിട്ടിപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ? എന്തിനാണ് രക്തം റെഡിയാക്കാൻ പറഞ്ഞത്?"
ഒറ്റ ശ്വാസത്തിൽ എല്ലാം ചോദിച്ചു കഴിഞ്ഞു നിന്നു കിതയ്ക്കുന്ന എന്നോട് ഡോക്ടർ ഇരിക്കാൻ പറഞ്ഞു. അതിനു ശേഷം അദ്ദേഹം പറയുന്നത് ശാന്തമായി കേൾക്കാൻ ആവശ്യപ്പെട്ടു.
"നിങ്ങളുടെ ഭാര്യയുടെ പ്രസവം നോർമൽ തന്നെയായിരുന്നു. എന്നാൽ മൂന്നു മണിക്കൂറുകൾക്കു ശേഷം അസാധാരണമായ രീതിയിൽ ബ്ലീഡിംഗ് തുടങ്ങി. പ്രസവാനന്തരം ഗർഭാശയം ചുരുങ്ങി പൂർവസ്ഥിതിയെ പ്രാപിക്കണം. പക്ഷേ ഭാമയുടെ ഗർഭാശയ മസിലുകൾ ചുരുങ്ങുവാൻ കൂട്ടാക്കാത്തതിനാൽ ബ്ലീഡിഗ് നിർത്താതെ തുടരുകയാണ്. മരുന്നുകൾക്കൊക്കെ ഒരു പരിധിയുണ്ടല്ലോ.
ഉടൻ തന്നെ ഓപ്പറേഷൻ ചെയ്ത് ഗർഭപാത്രം നീക്കം ചെയ്യണം. അതു മാത്രമേയുള്ളൂ ഇതിന് പ്രതിവിധി. നാലുകുപ്പി രക്തമെങ്കിലും വേണ്ടി വരും. ബി പോസിറ്റീവ് ഗ്രൂപ്പിലുള്ള രക്തം ഉടനെ റെഡിയാക്കണം. അനസ്തറ്റിസ് വരാനായി കാത്തിരിക്കുകയാണ്."
വിവരങ്ങൾ പറഞ്ഞതിനു ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്കു പോകാനായി മുറിയിൽ നിന്നും ഇറങ്ങിയ ഡോക്ടർ ഒരു നിമിഷം നിന്നു.
എല്ലാം കേട്ടു തളർന്നു നിന്ന എന്നോട്,
"ചെയ്യാനുള്ളതെല്ലാം പരമാവധി ഞങ്ങൾ ചെയ്യാം, പിന്നെയെല്ലാം ദൈവത്തിന്റെ കൈയിൽ! ഈശ്വരനോട് പ്രാർത്ഥിക്കുക."
വാക്കുകൾ പുറത്തേക്കു വരാതെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. സർവ നാഡീ ഞരമ്പുകളും സ്തംഭിച്ചു. എന്തു ചെയ്യണമെന്നറിയാതെ രണ്ടു കരങ്ങളും കൂപ്പി ദൈവത്തോടു യാചിച്ചു.
ഈശ്വരാ... ഭാമയ്ക്കൊന്നും സംഭവിക്കരുതേ... എന്റെ കുഞ്ഞിന്റെ അമ്മയെ തിരിച്ചു തരണേ, പ്രതീക്ഷകൾ ഒന്നും അസ്ഥാനത്താക്കരുതേ...
(തുടരും)