mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 37

ഹൃദയത്തിൽ മിന്നിയ പ്രകാശത്തിന്റെ നേരിയ കിരണങ്ങൾ മുഖത്തു പ്രതിഫലിക്കവേ, മായാദേവിയമ്മ നീട്ടിയ കടലാസ്തുണ്ടിലെ അക്ഷരങ്ങളിൽ കണ്ണോടിച്ചു.

'അൽഫോൺസാ മെമ്മോറിയൽ കോൺവെന്റ്, കുന്നംകുളം, തൃശ്ശൂർ.' എന്ന ഒരു അഡ്രസ്സ് മാത്രമായിരുന്നു അതിലെ ഉള്ളടക്കം.

"ഒത്തിരി ആലോചിച്ചെടുത്ത ഒരു തീരുമാനമായിരുന്നു അത്. അവിടുത്തെ ഒരു കന്യാസ്ത്രീയമ്മയെ എനിക്കു നല്ല പരിചയമുണ്ട്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. ചെറുപ്പം മുതൽക്കേ മഠത്തിൽ ചേരാനായിരുന്നു അവൾക്ക് ആഗ്രഹം. പാവപ്പെട്ട ഒരു കുംടുംബത്തിലെ പത്തു മക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നവൾ.

നന്നായി പഠിച്ചു ഡിഗ്രി നേടി സഭയുടെ തന്നെ യുള്ള ഒരു സ്കൂളിൽ അവൾ ജോലി ചെയ്തു. റിട്ടയർ ആയതിനു ശേഷം ഈ കോൺവന്റിലെ മദർ സുപ്പീരിയർ ആയി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു. മുൻപൊക്കെ ഇതു വഴി പോകുമ്പോൾ എന്നെ സന്ദർശിക്കാറുണ്ടായിരുന്നു.

മറ്റു വഴികളൊന്നും ഇല്ലാതിരുന്നതിനാൽ, മദർ ഗ്ലാഡിസിനെ വിളിച്ചു ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവിടെ അവൾക്കും കുഞ്ഞിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നുള്ള മദറിന്റെ ഉറപ്പിൽ, വളരെ രഹസ്യമായി അവരെ ഞാൻ അവിടെയാക്കി. മദർ അയച്ച വണ്ടിയിൽ തന്നെ മറ്റു രണ്ടു കന്യാസ്ത്രീകളോടൊപ്പം അവരെ യാത്രയാക്കി. കോൺവന്റിന് സംഭാവനയായി ഒരു തുകയും കൊടുത്തു. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും എന്നെ വിളിക്കും. രണ്ടു പേരും അവിടെ സുഖമായി കഴിയുന്നു."

ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് മായാദേവിയമ്മയുടെ വാക്കുകൾ ശ്രവിച്ചു കൊണ്ടിരുന്നത്. എല്ലാം കേട്ടു നെടുതായി ഒന്നു നിശ്വസിച്ചശേഷം കൈകൂപ്പിക്കൊണ്ട്, നിറഞ്ഞ കണ്ണുകളോടെ ഇടറിയ സ്വരത്തിൽ പറഞ്ഞു:

"അമ്മയോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. ഭാമയേയും കുഞ്ഞിനേയും ഇത്രയധികം സ്നേഹിച്ചതിനും കരുതിയതിനും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും."

"നന്ദി പറച്ചിലിന്റെ ആവശ്യം ഒന്നുമില്ല. ഭാമ എനിക്ക് മകളെപ്പോലെ തന്നെയാണ്. എന്റെ കൂടെ നിർത്താൻ സാധിക്കാത്തതിലുള്ള വിഷമം മാത്രമേ എനിക്കുള്ളൂ.."

ശ്വാസം നേരേ വീണത് ഇപ്പോഴാണ്. ഒരുപാടു നാളത്തെ അലച്ചിലിനും അന്വേഷണത്തിനു മൊടുവിൽ മനസ്സൊന്നു ശാന്തമായി.

"അങ്ങനെ അമ്മ വീണ്ടും ഇവിടെ തനിച്ചായി അല്ലേ?"

ശേഖറിന്റെ സംശയത്തിന് മറുപടിയായി അമ്മ പറഞ്ഞു:

"കുറച്ചുകാലം ഒറ്റയ്ക്കായിരുന്നു. ശ്യാമമോൾ ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നു. നല്ല സ്നേഹമുളള കുട്ടിയാണവൾ. കുഞ്ഞിനേയും കൂട്ടി എന്നോടൊപ്പം ഇവിടെ വന്നു താമസിച്ചു കൂടേ എന്ന് ഒരു ദിവസം ഞാൻ ചോദിച്ചു. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച്, അടുത്തദിവസം തന്നെ മോളേയും കൂട്ടി അവൾ ഇങ്ങു പോരുന്നു. ഭാമയും മകളും സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചുപോയി എന്നാണ് ഞാൻ അവളോടു പറഞ്ഞിരിക്കുന്നത്. നഷ്ടപ്പെട്ട സമാധാനം കുറെയൊക്കെ വീണ്ടെടുത്തുകൊണ്ടിരിക്കുന്ന നേരത്താണ്, ഇപ്പോൾ നിങ്ങളും വന്നത്."

"എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ, ഇവിടെ വന്ന്, അമ്മയെ കാണാൻ കഴിഞ്ഞതും എല്ലാ വിവരങ്ങളും അറിയാൻ സാധിച്ചതും ഞങ്ങളുടെ ഭാഗ്യമായിത്തന്നെ കരുതുന്നു."

"നിങ്ങൾ ഇനി...?"

"അമ്മ പറഞ്ഞ കോൺവന്റിലേക്കു തന്നെയാണ് പോകുന്നത്. എത്രയും വേഗം ഭാമയുടേയും മീനു മോളുടേയും അരികിലെത്തണം. ഞങ്ങൾ ഒരുമിച്ച്, അമ്മയെക്കാണാൻ അധികം താമസിയാതെ തന്നെ വരും."

"ശരി മോനേ, എല്ലാം ശുഭമായി വരട്ടെ."

മായാദേവിയോട് യാത്രപറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

"എടാ, നേരേ കോൺവന്റിലേക്ക് പോയാലോ? ഏതായാലും ഇവിടം വരെ എത്തിയില്ലേ? ഇവിടെ നിന്നും അധികം ദൂരമൊന്നും കാണില്ല."

"ശേഖർ, അവിടേയ്ക്കുള്ള വഴി നിനക്കറിയാമോ? "

"കുന്നംകുളത്തെത്തുന്നതിനു മുൻപ് ആരോടെങ്കിലും ചോദിക്കാം. നമ്മൾഒരു കാര്യം മറന്നു."

"അതെന്താ?"

"മായാദേവിയമ്മ പറഞ്ഞ ആ മദറിന്റെ നമ്പർ വാങ്ങിയിരുന്നെങ്കിൽ, കോൺവെന്റിന്റെ ലൊക്കേഷൻ അവരോടു തന്നെ ചോദിക്കാമായിരുന്നു."

"ശരിയായിരുന്നു, എന്നാലും മുന്നറിയിപ്പില്ലാതെ ചെല്ലുന്നത്, ഭാമയ്ക്കൊരു സർപ്രൈസ് ആവുമല്ലോ."

"ഇനി നമ്മൾ ചെല്ലുന്ന കാര്യം മായാദേവിയമ്മ വിളിച്ചു പറയുമോ എന്നറിയില്ലല്ലോ."

"അതും ശരിയാണ്."

"ദേവാ, നമുക്കെന്തെങ്കിലും കഴിക്കേണ്ടേ? എനിക്കു നല്ല വിശപ്പുണ്ട്. ഇന്നിനി വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു നേരമാവും. എത്താൻ താമസിക്കുമെന്ന് അവളോട് ഒന്നുവിളിച്ചു പറയണം."

ദേശീയ പാതയുടെ ഇടതുവശത്തു കണ്ട ഇന്ത്യൻ കോഫി ഹൗസിനു മുൻപിൽ വണ്ടി നിർത്തി. തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ നല്ല ഉന്മേഷം തോന്നി. ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ, ശേഖർ ഭാര്യയെ വിളിച്ചു വിവരങ്ങൾ പറഞ്ഞു.

നാളെയും കൂടി അവധി വേണമെന്ന് പറഞ്ഞത് എന്തായാലും നന്നായി. അച്ഛനെ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു. ഇതുവരേയും ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല എന്നറിഞ്ഞതിൽ ആശ്വസിച്ചു. നാളെയും ചെല്ലാതിരിക്കുമ്പോൾ മാനേജർ ചിലപ്പോൾ പ്രശ്നമുണ്ടാക്കിയേക്കും.

ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു. നല്ല വേഗതയിൽത്തന്നെയാണ്‌ ശേഖർ വണ്ടി ഓടിക്കുന്നത്. സ്വന്തം കാര്യങ്ങൾക്കുവേണ്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ തീരെ താൽപര്യമില്ലാതിരുന്നിട്ടും ശേഖറിനെ എത്രമാത്രം കഷ്ടപ്പെടുത്തുന്നു എന്നോർത്ത് ഭാരപ്പെട്ടുകൊണ്ടിരുന്നു.

ഒരു കവലയിൽ വണ്ടി നിർത്തി, ശേഖർ ഇറങ്ങി. അടുത്തു കണ്ട ഒരു കടയിൽ കയറി ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങി.

"ചേട്ടാ, കുന്നംകുളത്തിന് ഇനി അധിക ദൂരം ഉണ്ടോ?'

"മൂന്നു കിലോമീറ്റർ കഴിഞ്ഞാൽ കുന്നംകുളം ടൗണിലെത്തും. ഈ വഴി തന്നെ നേരേ പോയാൽ മതി."

"ഈ അൽഫോൺസാ കോൺവന്റ് എവിടെയാണെന്ന് അറിയാമോ?"

"അറിയാം, ടൗൺ കഴിഞ്ഞ് ഒരു കിലോമീറ്റർ കഴിയുമ്പോൾ വലതുവശത്തേയ്ക്കുള്ള റോഡിലൂടെ പോയാൽ മതി. രണ്ടു ഫർലോങ് ചെല്ലുമ്പോൾ ഒരു വലിയ പള്ളി കാണാം. അതിനോടു ചേർന്നാണ് ഈ കോൺവന്റ്."

"വളരെ ഉപകാരം ചേട്ടാ..."

കടയുടമ പറഞ്ഞു തന്ന വഴിയിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു. കോൺവന്റ് അടുക്കാറായപ്പോഴേയ്ക്കും ഹൃദയം വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു. തന്റെ അന്വേഷണം, ഈ ശാന്തിയുടെ തീരത്ത് അവസാനിക്കുകയാണ്. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരം, ചേതനയിൽ വന്നു നിറഞ്ഞു നിന്നു.

പെരുമ്പറ കൊട്ടുന്ന മനസ്സുമായി വണ്ടിയിൽ നിന്നും ഇറങ്ങി. വിശാലമായ മുറ്റത്തു കൂടി നടന്ന്

വിസിറ്റേഴ്സ് ഹാളിൽ കയറിയിരുന്നു. യാതൊരു ബഹളവുമില്ലാത്ത സ്വച്ഛസുന്ദരമായ ഒരു അന്തരീക്ഷം. 

ഭംഗിയിൽ വെട്ടി നിർത്തിയിരിക്കുന്ന കുറ്റിച്ചെടികൾ. വാസന്ത ശ്രീ

വിടർത്തുന്ന പൂക്കളാൽ മനോഹരമായ പൂന്തോട്ടങ്ങളുടെ ഇടയിലായി, യേശുദേവന്റേയും മാതാവിന്റേയും അൽഫോൺസാമ്മയുടേയും മറ്റും സുന്ദരമായ പ്രതിമകൾ! 

എത്ര നേരം വേണമെങ്കിലും കണ്ണെടുക്കാതെ നോക്കിയിരുന്നു പോകുന്ന വിധത്തിൽ, മദ്ധ്യത്തിലായി ഒരു ചെറിയ വാട്ടർ ഫൗണ്ടൻ!

'തന്റെ പ്രതീക്ഷകൾ പൂവണിയുന്ന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രകൃതിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.'

'ആരേയും കാണുന്നില്ലല്ലോ, എല്ലാവരും ഉറങ്ങുകയാണോ? ഭാമയും മീനുമോളും ഇവിടെ എവിടെയായിരിക്കും? ആരോടാണ് ഒന്ന് അന്വേഷിക്കുക?'

അല്പ സമയം കഴിഞ്ഞപ്പോൾ രണ്ടു കന്യാസ്ത്രീകൾ ഇറങ്ങിവന്നു. എവിടെയോ പോകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. വലതുകൈയിൽ കൊന്തയും ഇടതു കൈയിൽ പുസ്തകവുമായി അവർ തങ്ങളുടെ അടുത്തേക്കുവന്നു.

"ആരെക്കാണാനാണ്?"

"ഞങ്ങൾക്ക് ഇവിടുത്തെ മദറിനെ ഒന്നു കാണണം. വളരെ അത്യാവശ്യമാണ്."

"ഇരിക്കൂ, ഞാൻ പോയി അറിയിച്ചിട്ടു വരാം. ആരാണെന്നു പറയണം?"

"ഞാൻ ദേവൻ, ഇത് എന്റെ സുഹൃത്ത് ശേഖർ."

പേരു കേട്ടയുടനെ, ഇരുവരും പരസ്പരം നോക്കിയിട്ട് ഒരാൾ അകത്തേയ്ക്കു പോയി.

"ഞങ്ങൾ മെഡിറ്റേഷനു പോകാൻ ഇറങ്ങിയതായിരുന്നു."

അഞ്ചു മിനിട്ടിനകം മടങ്ങിവന്ന സിസ്റ്റർ പറഞ്ഞു:

"മദർ വരുന്നുണ്ട്, നിങ്ങൾ സംസാരിക്കൂ... പള്ളിയിൽ പോകാൻ സമയമായി."

"ശരി സിസ്റ്റർ, വളരെ നന്ദി."

അറുപതു വയസ്സിലധികം പ്രായം തോന്നുന്ന അല്പം തടിച്ച ശരീരത്തിനുടമയായ മദർ ഗ്ലാഡിസ് ഹാളിലെത്തിയപ്പോൾ ആദരപൂർവം ഞങ്ങൾ എഴുന്നേറ്റു നിന്നു വണങ്ങി.

"നിങ്ങൾ വരുന്ന കാര്യം മായാദേവി വിളിച്ചു പറഞ്ഞതനുസരിച്ച്, ഞാൻ കാത്തിരിക്കുകയായിരുന്നു. എല്ലാ വിവരങ്ങളും എന്നെ അറിയിച്ചിട്ടുണ്ട്. നിങ്ങളിൽ ആരാണ് ദേവൻ?"

"ഞാനാണ് മദർ, ഭാമയും മോളും?"

"അവർ സുഖമായിരിക്കുന്നു. എത്താൻ സമയമാകുന്നതേയുള്ളൂ.''

"അവർ എവിടെ പോയി, ഇവിടെ ഇല്ലേ?"

"അല്പം ക്ഷമിക്കൂ, അവർ ഉടനെ വരും."

"വെറുതേ മുറിയ്ക്കുള്ളിൽ ഇരുന്ന് മനസ്സു മരവിപ്പാക്കാതെ, ഞാനാണ് നിർബ്ബന്ധിച്ച് അവളെ ഒരു ജോലിക്കു പറഞ്ഞു വിട്ടത്. സഭയുടെ തന്നെ ഒരു സ്കൂൾ പള്ളിയോടു ചേർന്നുണ്ട്. ടീച്ചർ ആകാനുള്ള യോഗ്യത നേടിയിട്ടില്ലാത്തതിനാൽ, ഓഫീസ് സ്‌റ്റാഫ് ആയി ഭാമ പ്രവർത്തിക്കുന്നു. മോൾ 

യു.കെ.ജി യിൽ ആണ്. അമ്മയും മകളും രാവിലെ ഒൻപതു മണിക്കു പോയാൽ നാലുമണി കഴിയുമ്പോൾ ഇങ്ങെത്തും."

മീനുമോളുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു വരുന്ന ഭാമയെ തേടി, റോഡിലേക്ക് കണ്ണും നട്ടിരുന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ