mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 9

വീട്ടിലെ കാര്യങ്ങൾ ഒക്കെ ഒരു വിധം നന്നായി പോകുന്നുണ്ട്. ലീലയാണു സകലത്തിനും ചുക്കാൻ പിടിക്കുന്നത്.  ഭാമയുടേയും കുഞ്ഞിന്റെയും കാര്യത്തിൽ അവർ അതീവ ശ്രദ്ധ പുലർത്തുന്നു. കഴിക്കേണ്ട മരുന്നുകൾ ക്രമപ്രകാരം യഥാസമയങ്ങളിൽ തന്നെ കൊടുക്കുന്നുണ്ട്. ഒരു സമയം പോലും അവർ വെറുതെയിരിക്കുന്നതു കാണുന്നില്ല.

പ്രഭാത ഭക്ഷണം കഴിഞ്ഞാലുടൻ  കുഞ്ഞിനെ എണ്ണ തേച്ചു കുളിപ്പിക്കും. പാലു കൊടുത്തു മോളെ ഉറക്കിയതിനു ശേഷമാണ് ഭാമയെ തിരുമ്മി കുളിപ്പിക്കുന്നത്. അടുക്കളപ്പണി, വീടു വൃത്തിയാക്കൽ, തുണി കഴുകൽ തുടങ്ങി എല്ലാ പണികളും ഇടതടവില്ലാതെ ചെയ്യുന്നു. ഇങ്ങനെ ഒരാളെ കിട്ടിയതും മഹാഭാഗ്യമായി. ആവശ്യ സാധനങ്ങൾ എത്തിച്ചും കുഞ്ഞിന്റേയും അമ്മയുടേയും ആവശ്യങ്ങൾ അന്വേഷിച്ചും തന്നാൽ കഴിയുന്ന രീതിയിലൊക്കെ കാര്യങ്ങൾ ചെയ്തും ദിവസങ്ങൾ തള്ളിനീക്കി.

'നാളെ മുതൽ ജോലിക്കു പോകണം അവധിയൊക്കെ ഇന്നു കൊണ്ടു തീരുകയാണ്.'

"ഭാമേ, നാളെ മുതൽ എനിക്ക് ഓഫീസിൽ പോകണം. അവധി ഇന്നും കൂടിയേ ഉള്ളൂ."

ചിന്തകളുടെ ലോകത്തായിരുന്നതിനാൽ, അവൾ അത് കേട്ടതായി ഭാവിച്ചില്ല.

ഭാമയെ കുലുക്കി വിളിച്ചു കൊണ്ട്,

"ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ?"

"എന്താ ചേട്ടൻ പറഞ്ഞത്? ഞാൻ എന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ഓർത്തു കിടക്കുകയായിരുന്നു."

അല്ലെങ്കിലും, ഈയിടെയായി നീ എപ്പോഴും വേറേ ലോകത്തിലാണ്. കുഞ്ഞിനെപ്പോലും കാര്യമായി ശ്രദ്ധിക്കുന്നില്ല. എന്താണ് നിനക്കു പറ്റിയത്? അച്ഛനും അമ്മയും വരാത്ത ദു:ഖമാണെങ്കിൽ, വിട്ടുകള. അവർക്കു നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ട. ഇനി എന്നെങ്കിലും കാണണമെന്നു തോന്നുന്നുണ്ടെങ്കിൽ വരട്ടെ. ആ വിഷയം നമുക്കിനി സംസാരിക്കുക പോലും വേണ്ട."

ഉച്ചയ്ക്കു ഊണിനു ശേഷം എല്ലാവരും ഒന്നു മയങ്ങുകയായിരുന്നു. പെട്ടെന്നാണ് കാളിംഗ് ബെൽ ശബ്ദിച്ചത്. താൻ ചെന്നു കതകു തുറന്നു.

"അല്ല, ഇതാരാ... ഭാനുവോ?

ഒരു മുന്നറിയിപ്പുമില്ലാതെ ഈ നേരത്ത്?" കൂടെ അച്ഛനോ അമ്മയോ മറഞ്ഞു നിൽക്കുന്നുണ്ടാവുമോ എന്ന് ചിന്തിച്ച് പുറത്തേക്ക് എത്തി നോക്കി. എന്നാൽ അവിടെയാരും തന്നെ ഉണ്ടായിരുന്നില്ല.

"കയറി വരൂ ഭാനൂ... തനിയേ ഉള്ളോ?

സങ്കടത്തോടെ അവൾ പറഞ്ഞു:

"അതേ, ഞാൻ തനിയേ ഉള്ളൂ. അന്നു പറഞ്ഞിട്ടു പോയതു പോലെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടുവരാൻ എനിക്കു കഴിഞ്ഞില്ല."

മുറിയിലെത്തി  കുഞ്ഞിനെ കണ്ടിട്ട് ഭാമയുടെ കട്ടിലിൽ ചെന്നിരുന്നു. ഭാനു തുടർന്നു പറഞ്ഞു:

"ചേച്ചീ...ഞാൻ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല. അന്ന് ആശുപത്രിയിൽ നിന്നും മടങ്ങിച്ചെന്നിട്ട് ചേച്ചിയുടെ വിശേഷങ്ങൾ ഒക്കെ വിശദമായി രണ്ടു പേരോടും പറഞ്ഞു. കുഞ്ഞു പിറന്നതറിഞ്ഞു സന്തോഷിച്ചെങ്കിലും ചേച്ചിയുടെ ഗർഭാശയം നീക്കം ചെയ്തു എന്നൊക്കെ അറിഞ്ഞപ്പോൾ അമ്മ കരയുകയായിരുന്നു. 

അച്ഛന്റെ മനസ്സ് അല്പം പോലും അലിഞ്ഞില്ല. 'എല്ലാം അവളായി വരുത്തിവച്ചതല്ലേ, അനുഭവിക്കട്ടെ. ഞങ്ങൾക്കിനി ഒരു മകളേയുള്ളൂ, അതു നീയാണ്, ചേട്ടത്തിയെപ്പോലെ പേരുദോഷം വരുത്താനാണു നിനക്കും ഭാവമെങ്കിൽ കൊന്നു കളയും ഞാൻ.'  അച്ഛന്റെ വാക്കുകൾക്കു മുന്നിൽ ഞാൻ പതറിപ്പോയി. കരച്ചിൽ അടക്കാൻ പാടുപെടുന്ന അമ്മയോടും ദേഷ്യപ്പെട്ടു."

'എന്തൊക്കെ പറഞ്ഞാലും നമ്മുടെ മകളല്ലേ, അങ്ങനെയങ്ങു തള്ളിക്കളയാനാവുമോ? തെറ്റുകൾ നമ്മളല്ലേ പൊറുത്തു കൊടുക്കേണ്ടത്? എല്ലാം മറന്ന് അവിടെ വരെ പോയി ഭാമയേയും കുഞ്ഞിനേയും കണ്ടിട്ടു വരാം.' എന്നു പറഞ്ഞ്

അമ്മ പല പ്രാവശ്യം അച്ഛനെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ വാശിയും പിണക്കവും വിദ്വേഷവും നിറഞ്ഞ അച്ഛന്റെ മനസ്സ്, അമ്മയുടെ വാദഗതികൾ തിരസ്കരിച്ചു. വീടിനുള്ളിലെ അന്തരീക്ഷം തന്നെ മാറി. വല്ലാത്ത മൂകതയാണിപ്പോൾ. 

രണ്ടുപേരുടേയും ഇടയിൽക്കിടന്ന് ഞാൻ അനുഭവിക്കുന്ന വേദന പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല." ഇടറിയ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.കരച്ചിൽ അടക്കാൻ അവൾ നന്നേ പ്രയാസപ്പെട്ടു. 

എല്ലാം കേട്ടുകൊണ്ടിരുന്ന ഭാമയും കരയുകയായിരുന്നു. അനിയത്തിയുടെ സങ്കടം ഭാമയുടെ ഉള്ളിലെ കുറ്റബോധത്തിന്റെ കനലുകൾ ആളിക്കത്താൻ കാരണമായി.

കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു:

"ഞാൻ കാരണം എല്ലാവരും സങ്കടപ്പെടുന്നു. എല്ലാം എന്റെ തെറ്റാണ്. അച്ഛനെ കുറ്റപ്പെടുത്താനാവില്ല. എന്റെ സന്തോഷത്തിനു വേണ്ടി, എല്ലാവരേയും ഞാൻ ദു:ഖിപ്പിച്ചു. സ്വാർത്ഥതയാണ് എന്നെക്കൊണ്ട് സകലതും ചെയ്യിപ്പിച്ചത്. അന്ന് അച്ഛനെ അനുസരിച്ചിരുന്നെങ്കിൽ ആർക്കും ദുഃഖിക്കേണ്ടി വരില്ലായിരുന്നു. എന്റെ കുടുംബം ഞാനാണ് നശിപ്പിച്ചത്. നിന്റെ ഭാവിയെക്കുറിച്ചും ഞാൻ ചിന്തിച്ചില്ല. എന്നോടു ക്ഷമിക്കൂ മോളേ."

ഭാമയുടെ ഹൃദയനൊമ്പരം അണപൊട്ടി ഒഴുകി. തന്റേയും ഭാനുവിന്റേയും വാക്കുകൾക്കൊന്നും അവളെ ആശ്വസിപ്പിക്കാനായില്ല. 

ലീല കൊണ്ടുവന്നു വച്ച ചായയും ബിസ്ക്കറ്റും കഴിച്ച്, ഭാനു യാത്ര പറഞ്ഞിറങ്ങി.

അവൾ കൊണ്ടു വന്ന സാധനങ്ങൾ അപ്പോഴാണ്‌ ശ്രദ്ധയിൽപ്പെട്ടത്. ഭാമ ഒന്നിലും താൽപര്യം കാണിച്ചില്ല. മൂക വിഷാദ ചിന്തകളിലൂടെ അവൾ ഒഴുകി നടന്നു. 

രാവിലെ തന്നെ ഓഫീസിൽ പോകാൻ റെഡിയായി കുഞ്ഞിന്റെ നെറുകയിൽ മുത്തം കൊടുത്ത്

ഇറങ്ങാൻ തുടങ്ങവേ, ഭാമ ചോദിച്ചു:

"ചേട്ടാ, ഉച്ചയ്ക്കുള്ള ഭക്ഷണം എങ്ങനെയാണ്?"

"ഇന്നു ഞാൻ പുറത്തു നിന്നും കഴിച്ചു കൊള്ളാം. നാളെ മുതൽ ടിഫിൻ കൊണ്ടുപോകണം."

"ശരി ചേട്ടാ, ലീലയോടു പറയാം."

ബസ്സിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ, മനസ്സു നിറയെ ഓഫീസിലെ ജോലികളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ