mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 27

"അമ്മേ, എന്നെയും മോളേയും ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നിട്ട് ഒത്തിരി ദിവസങ്ങൾ ആയില്ലേ? ഞങ്ങളെ കൊണ്ടുപോകാൻ ചേട്ടൻ ഇതുവരേയും വന്നില്ലല്ലോ? ആശുപത്രിയിലും എന്നെക്കാണാൻ വന്നിരുന്നില്ല. ഡോക്ടർ പലപ്രാവശ്യം ചേട്ടനെപ്പറ്റി അന്വേഷിച്ചിരുന്നു. അച്ഛന് ഇതുവരേയും ചേട്ടനോടുള്ള പിണക്കം മാറിയില്ലേ? നാളെത്തന്നെ എന്നെയും മോളേയും വീട്ടിൽ കൊണ്ടുചെന്നാക്കാൻ അച്ഛനോടു പറയണേ."

ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, അപ്രതീക്ഷിതമായുള്ള ഭാമയുടെ സംസാരം കേട്ടു അമ്മ ഞെട്ടി.

"മോളേ, നീ എന്തൊക്കെയാണ് ഈ പറയുന്നത്?"

"അതെന്താണമ്മേ? എനിക്കിപ്പോൾ യാതൊരു കുഴപ്പവും ഇല്ലല്ലോ. നഷ്ടപ്പെട്ടെന്നു കരുതിയതെല്ലാം തിരിച്ചു കിട്ടിയതിൽ സന്തോഷം ഉണ്ടെങ്കിലും ചേട്ടൻ കൂടെയില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടമാണ്."

"മോളേ...അമ്മ ഒന്നും പറഞ്ഞു നിന്നെ വിഷമിപ്പിക്കുന്നില്ല. അച്ഛൻ വരട്ടെ. നമുക്കു സംസാരിക്കാം."

"ഭാനു എവിടെ പോയിരിക്കുകയാണ് അമ്മേ?"

"അവൾക്ക് ഇന്നൊരു ഇന്റർവ്യൂ ഉണ്ട്. നിന്നോടു പറഞ്ഞിട്ടുണ്ടായിരുന്നല്ലോ!"

"ശരിയാണല്ലോ. രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നതാണ്. ഞാൻ ഓർത്തില്ല. അച്ഛനും അവളുടെ കൂടെ പോയതാണല്ലേ?"

"അതേ മോളെ, രണ്ടുപേരും കൂടി രാവിലെ തന്നെ പുറപ്പെട്ടു. എറണാകുളത്തല്ലേ? തിരിച്ചെത്തുമ്പോഴേയ്ക്കും രാത്രിയാവും."

ഭാമയുടെ സ്വഭാത്തിലെ പെട്ടെന്നുള്ള മാറ്റം അമ്മയെ വല്ലാതെ അത്ഭുതപ്പെടുത്തി.

'അച്ഛനേയും അമ്മയേയും വിട്ടു ഇനി എങ്ങോട്ടും പോവില്ല' എന്നു പറഞ്ഞതൊക്കെ ഇവൾ മറന്നു പോയോ!'

ഭക്ഷണം കഴിച്ച ശേഷം ഉറങ്ങികിടന്നിരുന്ന മീനുമോളേയും കെട്ടിപ്പിടിച്ച് ഭാമ, അല്പനേരം കിടന്നു. അവ്യക്തമായ കുറെ സംഭവങ്ങൾ മനസ്സിലൂടെ മിന്നിമറിഞ്ഞു കൊണ്ടിരുന്നു.

'പലതും ഓർത്തെടുക്കാൻ കഴിയുന്നില്ല. താളം തെറ്റിയ മനസ്സുമായി എത്ര കാലം ജീവിച്ചു എന്നു പോലും നിശ്ചയമില്ല. എന്നാലും ചേട്ടൻ ഇപ്പോൾ എവിടെ ആയിരിക്കും? തന്നെയും മോളേയും കാണാൻ വരാതിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും?'

ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ചിന്തകളുമായി അവൾ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

"മോളേ ഭാമേ എഴുന്നേൽക്കൂ... പകൽ സമയത്തു ഇങ്ങനെ കിടന്നുറങ്ങിയാൽ പിന്നെ രാത്രിയിൽ എന്തു ചെയ്യും?"

അമ്മ വിളിക്കുന്നതു കേട്ടാണ് ഭാമ കണ്ണുതുറന്നത്. അമ്മയുടെ കയ്യിൽ മീനുമോളെ കണ്ടു അവൾ അമ്പരന്നു.

"ആഹാ... അമ്മ വന്നു മോളെ എടുത്തു കൊണ്ടുപോയത് ഞാൻ അറിഞ്ഞില്ലല്ലോ! മരുന്നു കഴിക്കുന്നതു കൊണ്ടായിരുക്കും ഇങ്ങനെ ഉറക്കം വരുന്നത്."

"അവളുടെ കരച്ചിൽ കേട്ടു ഞാൻ വന്നു നോക്കുമ്പോൾ, നീ നല്ല ഉറക്കത്തിലായിരുന്നു. എഴുന്നേറ്റു വന്നു ചായ കുടിക്കൂ."

"ശരി അമ്മേ... ഇതാ വരുന്നു.

അച്ഛനും ഭാനുവും എത്താറായോ? അവർ വിളിച്ചിരുന്നോ?"

"ഇപ്പോൾ വിളിച്ചതേയുള്ളൂ. അവർ വന്നുകൊണ്ടിരിക്കുകയാണ്.. അധികം താമസിയാതെ എത്തുമായിരിക്കും."

സന്ധ്യയായപ്പോഴേ ഇരുട്ടു വീണുതുടങ്ങി. ഭാമ കുളികഴിഞ്ഞെത്തിയപ്പോഴേക്കും അച്ഛനും ഭാനുവും തിരിച്ചെത്തി. ഇന്റർവ്യൂ നന്നായിരുന്നു എന്നറിഞ്ഞതിൽ എല്ലാവരും സന്തോഷിച്ചു. 

അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അമ്മയോടു പറഞ്ഞ കാര്യങ്ങളും ആവശ്യങ്ങളും ഒക്കെ ഭാമ അച്ഛനേയും അറിയിച്ചു.

എല്ലാം കേട്ടുകഴിഞ്ഞ് വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു:

"മോളേ, അതിനെക്കുറിച്ചൊക്കെ നമുക്ക് നാളെ വിശദമായി സംസാരിക്കാം. നല്ല യാത്രാക്ഷീണം ഉണ്ട്. ഒന്നു കിടക്കണം."

"ശരി അച്ഛാ..."

കൈകഴുകി അച്ഛൻ തന്റെ മുറിയിലേക്കു പോയി.

'താൻ ചോദിച്ചതിനൊന്നും വ്യക്തമായ മറുപടി തരാതെ അമ്മയും അച്ഛനും ഒഴിഞ്ഞു മാറുകയാണല്ലോ. എല്ലാവർക്കും ഇതെന്തുപറ്റി?'

അവൾ പറഞ്ഞത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് എല്ലാവരുടേയും മുഖത്തു നിന്നും വായിച്ചറിഞ്ഞു.

അല്പ നേരം ഭാനുവിനോടു സംസാരിച്ചിരിക്കാമെന്നു കരുതി, ഭാമ അവളുടെ മുറിയിലേക്കു ചെന്നു. ക്ഷീണം കൊണ്ട് അവളും ഉറങ്ങുവാനുള്ള തയാറെടുപ്പിലായിരുന്നു.

"മോളേ ഭാനു, നീ എനിക്ക് ഒരു ഉപകാരം ചെയ്യാമോ?"

"എന്താ ചേച്ചീ?"

"ചേട്ടനെ ഒന്നു വിളിച്ചു തരാമോ? എന്നെയും മോളേയും കൊണ്ടുപോകാൻ നാളെത്തന്നെ വരാൻ പറയാനാണ്."

"അതെന്താണ്, പെട്ടെന്ന് ഇങ്ങനെ തോന്നാൻ? ചേച്ചിയല്ലേ പറഞ്ഞത്,  നമ്മുടെ വീട്ടിൽ നിന്നും ഇനി എങ്ങോട്ടും പോകില്ലെന്ന്. എല്ലാവരോടുമൊപ്പം ഇവിടെ കഴിയുന്നതാണ് ഇഷ്ടം എന്ന്? എന്നിട്ട് ഇപ്പോൾ എന്തു പറ്റി?"

"ഭാനു, നീ എന്തൊക്കെയാണ് പറയുന്നത്? അങ്ങനെയൊക്കെ പറഞ്ഞതായി ഞാൻ ഓർക്കുന്നതുപോലും ഇല്ല. ഒരു പക്ഷേ അതൊക്കെ, താളം തെറ്റിയ മനസ്സിന്റെ പുലമ്പലുകൾ ആയിരുന്നിരിക്കാം. 

അസുഖമെല്ലാം മാറി ആശുപത്രിയിൽ നിന്നും വന്നിട്ട് രണ്ടാഴ്ച കഴിയുന്നു. ഇനിയും ഞാനും മോളും ഇവിടെത്തന്നെ കഴിഞ്ഞാൽ മതിയോ? നാട്ടുകാർ എന്തു പറയും? ചേട്ടനെ കാണാൻ കൊതിയാവുന്നു. ചേട്ടന്റെ നമ്പർ ഞാൻ ഓർക്കുന്നില്ല. നീ ഒന്നു വിളിച്ചു താ... ആ ശബ്ദം എങ്കിലും ഒന്നു കേൾക്കട്ടെ."

"ചേച്ചീ... എന്റെ ഫോണിൽ ചാർജ് തീരെയില്ല. നാളെ വിളിക്കാം. ഇപ്പോൾ പോയി കിടന്നുറങ്ങാൻ നോക്കൂ."

"എങ്കിൽ ശരി, നാളെ വിളിച്ചാൽ മതി."

മുറിയിൽ നിന്നിറങ്ങിപ്പോകുന്ന ചേച്ചിയെ നിസ്സഹായതയോടെ നോക്കിക്കിടക്കാനേ ഭാനുവിനു കഴിഞ്ഞുള്ളൂ...

കുടിക്കുവാനുള്ള വെള്ളവുമായി മുറിയിലെത്തിയ അമ്മയോട് അച്ഛൻ ചോദിച്ചു:

"ഭാമ പറഞ്ഞതൊക്കെ നീ കേട്ടില്ലേ? ഈ അവസരത്തിൽ ബന്ധം വേർപെടുത്തുന്നതിനെപ്പറ്റിയൊക്കെ എങ്ങനെയാണ് അവളോടു പറയുന്നത്? അടുത്ത മാസം പത്താം തീയതി കുടുംബക്കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. വക്കീൽ വിളിച്ചു പറഞ്ഞതാണ്."

എടുത്തു ചാടി ഒന്നും ചെയ്യേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ? ഞാൻ അന്നേ പറഞ്ഞതല്ലേ, ഇതിനൊന്നും പോകണ്ടെന്ന്. വിവാഹബന്ധം വേർപെടുത്താൻ കേസു കൊടുത്തതൊന്നും പാവം ഭാമമോൾ അറിഞ്ഞിട്ടില്ല. നാളെത്തന്നെ ദേവന്റെ അരികിൽ കൊണ്ടു വിടണമെന്നാണ് അവൾ ആവർത്തിച്ചു പറയുന്നത്. ഇനി എന്തു ചെയ്യാനാണ് ഉദ്ദേശം?"

"എന്തു ചെയ്യാൻ? നാളെയാവട്ടെ, ഭാമയോട് എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കണം. ഞാൻ പറയുന്നത് അവൾ അനുസരിക്കും എന്നെനിക്ക് ഉറപ്പുണ്ട്."

"ഭാനുമോളെ നിർബന്ധിച്ച് നിങ്ങൾ ഭാമയുടെ ഒപ്പ് ഇടുവിച്ചു. ആ പോലീസ് ഓഫീസറേയും തെറ്റിദ്ധരിപ്പിച്ചു. ഭാമ ആശുപത്രിയിൽ ആയിരുന്നത് അറിയിക്കാതെ ഭാനുവിനെ കാണിച്ച്, ഭാമ ആണെന്ന് വിശ്വസിപ്പിച്ചു. ഇത്ര ധൃതിയിൽ ഒന്നും വേണ്ടായിരുന്നു. ആലോചിച്ചിട്ടു തല പെരുക്കുന്നു."

"നീ ഇപ്പോൾ ഒന്നും ആലോചിച്ചു മനസ്സു പുണ്ണാക്കണ്ട, വന്നു കിടന്നുറങ്ങാൻ നോക്കൂ... എന്തു ചെയ്യണമെന്നൊക്കെ എനിക്കറിയാം."

'ഈശ്വരാ... എല്ലാം നല്ലതിനായി തീർക്കണേ...'

അമ്മയുടെ ഗദ്ഗദം പ്രാർത്ഥനയായി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ