mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 23

ഭാമയുടെ വീട്ടിൽ നിന്നുമിറങ്ങി നേരേ ഓഫീസിൽ എത്തിയെങ്കിലും ജോലിചെയ്യാനുള്ള മാനസികാവസ്ഥ തീരെ ഇല്ലാതിരുന്നതിനാൽ വീട്ടിലേക്കു തന്നെ പോകാൻ തീരുമാനിച്ചു.

പൂട്ടിക്കിടന്നിരുന്ന വീട് തുറന്നു അകത്തു കയറി. ശൂന്യത തളം കെട്ടിനിൽക്കുന്ന മുറികൾക്കുള്ളിൽ എന്തു ചെയ്യണമെന്നറിയാതെ ആകെ അസ്വസ്ഥനായി. 

ആദ്യമായാണ് ഈ വീട്ടിൽ ഇങ്ങനെ ഒറ്റയ്ക്ക്. കട്ടിലിൽ ഉണ്ടായിരുന്ന ഭാമയുടെ മുഷിഞ്ഞ തുണികളും പുതപ്പുകളും ഒക്കെ എടുത്തു അലക്കാനിട്ടു. കഴുകി വച്ചിരുന്ന ഒരു വിരിപ്പ് എടുത്തു കട്ടിലിൽ വിരിച്ചു.

മീനുമോളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും മറ്റും കണ്ടപ്പോൾ മനസ്സിൽ സങ്കടം സഹിക്കാനായില്ല. ഒറ്റയ്ക്കായി എന്നൊരു തോന്നൽ.

'ഇനിയെന്നാണ്, ഭാമയും മോളുമൊക്കെയായി ഒരു സന്തോഷ ജീവിതം തനിക്കുണ്ടാവുക? ഈശ്വരാ... എന്തൊരു പരീക്ഷണം ആണിത്? സമാധാനമായി ഒന്നുറങ്ങിയിട്ട് മാസങ്ങൾ ആയി. സ്വന്തം വീട്ടിലെത്തിയതിനുശേഷം ഭാമ തന്നെ മറന്നുവോ? തന്നെ കാണാനും സംസാരിക്കാനും ഒന്നും അവൾക്ക് ആഗ്രഹമില്ലെന്നാണോ? അവളുടെ മനസ്സിന്റെ സമനില ഒക്കെ വീണ്ടെടുത്തിട്ടുണ്ടാവുമോ? ഷോപ്പിംഗിനും കല്യാണത്തിനും ഒക്കെ പോകാനുള്ള രീതിയിൽ

അവൾ സാധാരണ നിലയിൽ എത്തിയിട്ടുണ്ടാവുമോ?'

സംശയങ്ങൾ ഒന്നിനുപിറകേ ഒന്നായി ഉള്ളിൽ നിറയുന്നു. 'ഏതായാലും ഒരാഴ്ച കൂടി കാത്തിരിക്കാം.' 

മനതാരിൽ ചിന്തകൾ  ചിലന്തിവല നെയ്യവേ, അറിയാതെ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണു.

യാന്ത്രികമായ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഓഫീസിലെത്തിയാലും പഴയതുപോലെ ഉത്സാഹത്തോടെ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഭാമയും കുഞ്ഞും തിരിച്ചു വരുന്ന ദിവസവും എണ്ണി കാത്തിരുന്നു. മൂന്നുനേരവുമുള്ള ഭക്ഷണം പുറത്തുനിന്നു തന്നെയായിരുന്നു. 

'ഭാമയേയും കുഞ്ഞിനേയും കൊണ്ടു വിടുമെന്ന് പറഞ്ഞിരുന്ന ദിവസം നാളെയാണല്ലോ. അവർ എപ്പോഴായിരിക്കും വരിക? ഭാനുവിനെ ഒന്നു വിളിച്ചു നോക്കാം.'

അവിടെ നിന്നും പോരുന്നതിനു ശേഷം ഒരു വിവരവും അറിയാനും കഴിഞ്ഞിട്ടില്ല. ഭാമയ്ക്കെങ്കിലും തന്നെയൊന്നു വിളിക്കാമായിരുന്നു. അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റം വന്നതുപോലെ തോന്നുന്നു.

വല്ലാത്തൊരു ദുരൂഹത മനസ്സിനെ ആവരണം ചെയ്തിരിക്കുന്നു. ഭാനുവിന്റെ നമ്പർ ഡയൽ ചെയ്തെങ്കിലും അവൾ ഫോൺ എടുത്തില്ല. അമ്മയുടെ മരണശേഷം തനിച്ചായിപ്പോയ അച്ഛന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ഉടനെ തന്നെ അച്ഛനെ വിളിച്ചു സംസാരിച്ചു. തളർന്ന സ്വരത്തിൽ നിന്നും അച്ഛന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു. ഇവിടെ, തന്റെ കൂടെ വന്നു താമസിക്കാമെന്നു പറഞ്ഞെങ്കിലും അച്ഛൻ കൂട്ടാക്കുന്നില്ല.

ഭാമയുടേയും മോളുടേയും വിവരങ്ങൾ അറിയാൻ കഴിയാത്തതിലുള്ള നിരാശയും അച്ഛന്റെ അവസ്ഥയും എല്ലാം കൂടി മനസ്സിനെ ഭ്രാന്തുപിടിപ്പിക്കുന്നതു പോലെ തോന്നി.

പറഞ്ഞിരുന്നപ്രകാരം ഒരാഴ്ചക്കുള്ളിൽ ഭാമയും കുഞ്ഞും വീട്ടിൽ എത്തിയില്ല. രണ്ടു ദിവസങ്ങൾ കൂടി കാത്തിരിക്കാൻ തീരുമാനിച്ചു. അതിനകം അവർ എത്തിയില്ലെങ്കിൽ, അടുത്ത ഞയറാഴ്ച ദിവസം അങ്ങോട്ട് പോകാൻ തന്നെ തീരുമാനിച്ചു.

മീനുമോളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോൾ തുരുതുരെ കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഭാനു ഒന്നു ഞെട്ടി. 'ആരായിരിക്കുമോ ഈശ്വരാ... ഈ നേരത്ത്?

ഇനി ചേട്ടൻ എങ്ങാനും ആണെങ്കിൽ എങ്ങനെ അഭിമുഖീകരിക്കും? എന്താണു പറയുക? ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൾ അറിഞ്ഞു.

ഏതായാലും പോയി കതകു തുറക്കാൻ തന്നെ തീരുമാനിച്ചു. അച്ഛനും അമ്മയും വീട്ടിൽ ഉള്ളതും നന്നായി.

വല്ലാത്തൊരു ഭാവത്തോടെ മുന്നിൽ നിൽക്കുന്ന ദേവനെ കണ്ട് ഭാനു ചിരിക്കാൻ ഒരു വിഫലശ്രമം നടത്തി. 

"ആഹാ...ചേട്ടനായിരുന്നോ? കയറി വരൂ..."

"ഇവിടെ കയറി ഇരിക്കാനൊന്നും വന്നതല്ല ഞാൻ. എന്റെ ഭാര്യയും മകളും എവിടെ?"

"അവർ ഇവിടെ ഉണ്ട് ചേട്ടാ."

"എങ്കിൽ വിളിക്ക്, അവരെ കൊണ്ടുപോകാനാണ് ഞാൻ വന്നത്. വീട്ടിൽ കൊണ്ടു വിടാമെന്നു പറഞ്ഞിരുന്നതല്ലേ?"

"ചേട്ടൻ ഇരിക്കൂ, ഞാൻ അവരെ വിളിച്ചു കൊണ്ടു വരാം."

ഭാനു പോയി അല്പ സമയത്തിനുള്ളിൽ മടങ്ങിവന്നു. മീനുമോളേയും എടുത്തുകൊണ്ട്  പിറകിലായി അമ്മയും എത്തി.

"ഭാമയെവിടെ?"

"എത്ര വിളിച്ചിട്ടും അവൾ വരാൻ കൂട്ടാക്കുന്നില്ല. ആരേയും കാണേണ്ട എന്നാണ് അവൾ പറയുന്നത്."

മോളെ തന്റെ കൈയിലേക്കു തന്നുകൊണ്ട് അമ്മ പറഞ്ഞു.

"അതെന്താണ് അങ്ങനെ? ഞാൻ വിളിച്ചാൽ തീർച്ചയായും അവൾ എന്നോടൊപ്പം വരും.  ഏതാണ് അവളുടെ മുറി?"

"അവൾ മുറിയുടെ വാതിലും പൂട്ടി അകത്തിരിക്കുകയാണ്. ദേവൻ ഇപ്പോൾ പോകൂ... ഞങ്ങൾ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഒരാഴ്ചക്കകം അവിടെ കൊണ്ടുവന്നു വിടാം."

"കഴിഞ്ഞ തവണയും പറഞ്ഞിരുന്നത് ഇങ്ങനെയാണല്ലോ. വാക്കു പറഞ്ഞാൽ അതു പാലിക്കാനും പഠിക്കണം."

"എന്നെ കാണേണ്ടെന്ന് അവൾ പറഞ്ഞോ?"

ഭാമയുടെ മുറിയെ ലക്ഷ്യമാക്കി അകത്തേക്കു പോകാൻ തുടങ്ങവേ, അവളുടെ അച്ഛൻ ഇറങ്ങി വന്നു.

"ആരാണ് ഇവിടെ ബഹളം വയ്ക്കുന്നത്? എന്താണ് പ്രശ്നം?"

"അച്ഛാ ഇത് ചേച്ചിയുടെ... ചേട്ടൻ, മീനുമോളേയും ചേച്ചിയേയും കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്."

"ആഹാ... അപ്പോൾ ഇയാളാണ് ദേവൻ അല്ലേ? എന്താണ് നിൽക്കുന്നത്? വരൂ... ഇരിക്കൂ.''

"ഇരിക്കാനൊന്നും എനിക്കു സമയം ഇല്ല. നിങ്ങൾ എവിടെയാണ് എന്റെ ഭാര്യയെ പൂട്ടിയിട്ടിരിക്കുന്നത്?"

"അവളെ എന്നോടൊപ്പം അയയ്ക്കുന്നതാണ് നിങ്ങൾക്കു നല്ലത്. ഇല്ലെങ്കിൽ..."

"അല്ലെങ്കിൽ നീ എന്തു ചെയ്യും? അപ്പോൾ വഴക്കുണ്ടാക്കാൻ തന്നെയാണ് വന്നത് അല്ലേ?"

"അതിന് അവസരം ഒരുക്കുന്നത് നിങ്ങൾ തന്നെയല്ലേ?"

"നിനക്കിപ്പോൾ എന്താണ് വേണ്ടത്?"

"എന്റെ ഭാര്യയേയും കുഞ്ഞിനേയും എന്നോടൊപ്പം അയയ്ക്കണം."

"ഞങ്ങൾക്കു പ്രശ്നം ഒന്നും തന്നെയില്ല. പക്ഷേ, നിന്നോടൊപ്പം വരാൻ അവൾ കൂട്ടാക്കുന്നില്ല. നിന്നെ കാണാൻ പോലും ആഗ്രഹിക്കുന്നില്ല. പിന്നെന്തു ചെയ്യും?"

"ഞാൻ വിളിച്ചാൽ അവൾ എന്നോടൊപ്പം വരുമെന്ന് എനിക്കുറപ്പുണ്ട്."

"ശരി, എന്നാൽ പോയി വിളിച്ചോളൂ... വലതു വശത്ത് കാണുന്ന രണ്ടാമത്തെ മുറിയാണ്."

അച്ഛൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് താൻ നടന്നു.

മുറിയുടെ മുന്നിലെത്തി പല പ്രാവശ്യം വാതിലിൽ മുട്ടിയെങ്കിലും അവൾ വാതിൽ തുറന്നില്ല.

"ഭാമേ... വാതിൽ തുറക്കൂ...നിന്റെ ദേവേട്ടനാണ്. എനിക്കു നിന്നോടു സംസാരിക്കണം. നിന്നെയും മോളേയും കൂട്ടിക്കൊണ്ടുപോകാനാണ് ഞാൻ വന്നത്. വരൂ, നമുക്കു വീട്ടിൽ പോകാം."

യാതൊരു പ്രതികരണവും ഉള്ളിൽ നിന്നും ഉണ്ടായില്ല. ദുരൂഹത തളം കെട്ടി നിൽക്കുന്ന മനസ്സുമായി അവിടെ നിന്നും 

പിൻവാങ്ങി. ഭാനുവിന്റേയും അമ്മയുടേയും മുഖത്ത്, സംശയത്തോടെ മാറി മാറി നോക്കി. ഒന്നും വായിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അവർ എന്തോ തന്നിൽ നിന്നും ഒളിക്കുന്നതായി  തോന്നി. 

"മേളേയുംകൊണ്ട് ഇപ്പോൾ ഞാൻ പോകുന്നു, രണ്ടു ദിവസത്തിനുള്ളിൽ അവളെ എന്റെ വീട്ടിൽ കൊണ്ടുവന്നു വിടണം. മോളുടെ സാധനങ്ങളുമായി ലീലയോടു വേഗം വരാൻ പറയൂ."

"ലീല ഇവിടെ ഇല്ല. മുന്നു ദിവസങ്ങൾക്കു മുൻപ് അവളുടെ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞു വീട്ടിലേക്ക് പോയി. ഇനി എന്നു തിരിച്ചുവരും എന്നറിയില്ല."

അമ്മയുടെ വാക്കുകൾ കേട്ട് എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. ആരൊക്കെയോ തനിക്കെതിരേ കരുക്കൾ നീക്കുന്നുണ്ടെന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നതുപോലെ!

"ശരി, എന്റെ മോളെ ഞാൻ കൊണ്ടുപോകുന്നു. അവളുടെ സാധനങ്ങൾ ഒക്കെ തന്നാൽ ഉപകാരമായിരുന്നു."

"സഹായത്തിന് ആരും ഇല്ലാതെ, മോളെ കൊണ്ടുപോയാൽ എങ്ങനെയാണ്? ദേവന് ജോലിക്കു പോകണ്ടേ?" അമ്മയുടെ സന്ദേഹം വാക്കുകളായി പുറത്തു വന്നു.

"അതൊന്നും നിങ്ങൾ അറിയേണ്ട ആവശ്യം ഇല്ല."

മോൾ കരയാൻ തുടങ്ങിയപ്പോൾ അമ്മ തന്റെ കൈയിൽ നിന്നും കുഞ്ഞിനെ എടുത്തു കൊണ്ടു പറഞ്ഞു:

"വിശന്നിട്ടായിരിക്കും. ഭക്ഷണം കൊടുത്തിട്ടു, അവളുടെ സാധനങ്ങളുമായി വരാം. ദേവൻ ഇരിക്കൂ.''

അമ്മയുടെ വാക്കുകൾ വിശ്വസിച്ച് കാത്തിരുന്ന തന്റെ മനസ്സിന്റെ ചില്ലയിൽ സംശയങ്ങൾ കൂടുകൂട്ടി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ