mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 22

കോളിംഗ്‌ ബെല്ലിന്റെ ശബ്ദം കേട്ടു ഭാനു ഞെട്ടിയുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾ, മണി ഒമ്പതു കഴിഞ്ഞിരിക്കുന്നു. പുസ്തകം വായിച്ചിരുന്നതിനാൽ, രാത്രിയിൽ വളരെ വൈകിയാണ് ഉറങ്ങിയത്.

'ആരായിരിക്കുമോ ഈ നേരത്ത്? അച്ഛനും അമ്മയും ആവാനാണ് സാധ്യത. 

ഇന്നലെ വിളിച്ചപ്പോൾ, ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനാൽ രണ്ടുപേരും താമസിയാതെ തന്നെ തിരിച്ചെത്തും എന്നാണല്ലോ പറഞ്ഞിരുന്നത്. ഇപ്പോൾത്തന്നെ എത്തണമെങ്കിൽ അതിരാവിലെ തന്നെ തിരിച്ചിട്ടുണ്ടാവും.'

അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി ഓടിച്ചെന്നു കതകു തുറന്നു. ചെറു മന്ദഹാസത്തോടെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്നു പകച്ചു.

പരിഭ്രമം മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു:

"അയ്യോ...ചേട്ടനോ? ഇത്ര രാവിലെ തന്നെ...!"

"എന്നെ കണ്ട് നീയെന്തിനാണ് ഞെട്ടിയത്? ഈ സമയത്ത് ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ? ഞാൻ അതിരാവിലെയുള്ള ബസ്സിനു തന്നെ വീട്ടിൽ നിന്നും തിരിച്ചു. അതിനാലാണ് ഇത്ര നേരത്തേ എത്തിയത്.

എല്ലാവരും എവിടെ? ഭാമയും മോളും എണീറ്റില്ലേ? അച്ഛനും അമ്മയും?"

തന്റെ ചോദ്യങ്ങൾക്കൊന്നും അവൾ മറുപടി പറയാതിരുന്നത്, തന്നെ അത്ഭുതപ്പെടുത്തി. ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല എന്നുള്ള സത്യം അവളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

"ചേട്ടൻ കയറി ഇരിക്കൂ... നമുക്കു സംസാരിക്കാം."

ആശങ്കയോടെ അകത്തേയ്ക്കു കയറി സോഫയിൽ ഇരുന്നു. കല്യാണത്തിനു മുൻപ് പലപ്രാവശ്യം കണ്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഈ വീട്ടിൽ വരുന്നത്.

ആധുനിക സൗകര്യങ്ങൾ എല്ലാം ഉള്ള വലിയ ഒരു രണ്ടുനില വീടായിരുന്നു അത്. ഒരു ബംഗ്ലാവിനെ അനുസ്മരിപ്പിക്കുന്ന വിധം വളരെ മനോഹരമായി നിർമിച്ചിരിക്കുന്നു. അറിയാതെ തന്നെ തന്റെ കണ്ണുകൾ അവിടെ എല്ലായിടവും സഞ്ചരിച്ചു കൊണ്ടിരുന്നു. എന്നാൽ, വീടിനുള്ളിൽ തങ്ങിനിൽക്കുന്ന നിശബ്ദത മനസ്സിൽ സംശയങ്ങളുടെ നിഴൽ വിരിച്ചു.

"ചേട്ടൻ ഇരിക്കൂ ... ഞാൻ ഇതാ വരുന്നു."

അവൾ എല്ലാവരേയും വിളിച്ചു കൊണ്ടുവരുവാൻ പോയതായിരിക്കും. അച്ഛൻ  എങ്ങനെയായിരിക്കും തന്നോടു പെരുമാറുക? മരുമകനും അമ്മായിഅച്ഛനും തമ്മിൽ ആദ്യമായി കാണാൻ പോകുകയാണല്ലോ? 

ആകാംക്ഷ നിറഞ്ഞ മനസ്സുമായി ഇരുന്ന തന്റെ നേർക്കു ഒരു കപ്പ് ചായ നീട്ടി കൊണ്ട് ഭാനു പറഞ്ഞു:

"ചേട്ടൻ ഇരുന്നു മുഷിഞ്ഞോ? ഇതാ ചായ കുടിക്ക്."

"എവിടെ എല്ലാവരും? ആരേയും കാണുന്നില്ലല്ലോ. ഭാമയും മോളും?"

"അച്ഛനും അമ്മയും ചേച്ചിയും ഇവിടില്ല. അവർ അമ്മാവന്റെ വീട്ടിൽ പോയിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരികയുള്ളൂ. അമ്മാവന്റെ മകളുടെ കല്യാണം ആണ്. മീനുമോളെ കൊണ്ടുപോകാഞ്ഞതിനാൽ ഞാനും പോയില്ല. ചേച്ചി, കല്യാണങ്ങൾക്കൊക്കെ പങ്കെടുത്തിട്ട് കുറെ വർഷങ്ങൾ ആയതല്ലേ?"

"എന്നിട്ട്, എന്തുകൊണ്ടാണ് എന്നെ വിളിച്ചു പറയാതിരുന്നത്? പലപ്പോഴും ഫോൺ എടുക്കാതിരുന്നപ്പോൾ, എന്തോ പന്തികേടുണ്ടെന്ന് തോന്നിയിരുന്നു. എന്റെ മോൾ എവിടെ?"

"മീനുമോൾ ഇവിടെ ഉണ്ട്. ഞാൻ പോയി എടുത്തു കൊണ്ടു വരാം."

'ഭാനുവിന്റെ വാക്കുകൾ  അവിശ്വസനീയമായി തോന്നി. അമ്മാവന്റെ മകളുടെ കല്യാണം ആണെങ്കിൽ  എന്തുകൊണ്ടാണ് ഭാനു പോകാതിരുന്നത്! മനസ്സിനു സുഖമില്ലാത്ത ഭാമയെയാണോ അവർ കൂടെ കൊണ്ടുപോകുന്നത്?  എന്തൊക്കെയോ തന്നോട് മറച്ചുവയ്ക്കുന്നതു പോലെ!"

ഭാനു കുഞ്ഞിനെയും എടുത്തു കൊണ്ടുവന്നു.

"മോളുടെ അച്ഛൻ വന്നല്ലോ, ഇതാരാണെന്നു നോക്കിക്കേ..." 

"മോളേ...അച്ഛന്റെ പൊന്നുമോളു വന്നേ..."

മോളെ വാരിയെടുത്തു നെറുകയിൽ ഉമ്മവച്ചു. പിഞ്ചിളം കരങ്ങളാൽ തന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു  തോളിൽ ചാരിക്കിടക്കുന്ന മീനുമോളെ നോക്കി ഭാനു പറഞ്ഞു:

"കള്ളിക്കുറുമ്പി! അച്ഛനെ കണ്ടപ്പോൾ അവളുടെ സ്നേഹം കണ്ടില്ലേ? ഇനി ഞങ്ങളെ ആരേയും വേണ്ടല്ലോ!"

"ചേട്ടൻ രാവിലെ ഒന്നും കഴിച്ചിട്ടില്ലല്ലോ..വരൂ.. നമുക്കു കാപ്പി കുടിക്കാം."

നല്ല വിശപ്പുണ്ടായിരുന്നതിനാൽ, അവളെ അനുഗമിച്ചു. മോളെയും മടിയിൽ വച്ചു ദോശ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഭാനുവിനോടായി പറഞ്ഞു:

"ഭാനൂ... എനിക്കുടൻ തന്നെ പോകണം. മോളെ ഞാൻ കൊണ്ടുപോവുകയാണ്. ലീലയോട്, കുഞ്ഞിന്റെ സാധനങ്ങളും മറ്റും എടുത്തു പെട്ടെന്നു തന്നെ റെഡിയായി വരാൻ പറയൂ. വീടിന്റെ താക്കോലും എടുക്കാൻ പറയണം."

"അത്, പിന്നെ... ചേട്ടാ...

അച്ഛനോടും അമ്മയോടും ഒന്നും ചോദിക്കാതെ എങ്ങനെയാണ് മോളെ കൊണ്ടുപോകുന്നത്?"

"എന്റെ മകളെ കൊണ്ടു പോകുന്നതിന് എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. അവരുടെ മകൾ ആയതു കൊണ്ടല്ലേ, ഭർത്താവിന്റെ അനുവാദം പോലും ഇല്ലാതെ ഭാമയെ കൂടെക്കൊണ്ടുപോയത്? അതുപോലെതന്നെ എന്റെ മകളെ ഞാനും കൊണ്ടുപോകുന്നു." 

"ശരി ചേട്ടാ, അച്ഛനോട് ഒന്നു  പറഞ്ഞിട്ട് മോളെ കൊണ്ടു പൊയ്ക്കോളൂ..."

ഭാനു, അച്ഛനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു. 

"മോളേ.. ഞങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തും. വന്നു കഴിഞ്ഞാൽ ഉടൻ തന്നെ ഭാമയേയും കുഞ്ഞിനേയും  വീട്ടിൽ കൊണ്ടു വിടാം എന്നു അയാളോടു പറയൂ... അമ്മയില്ലാതെ, കുഞ്ഞിനേയും ജോലിക്കാരിയേയും മാത്രം കൊണ്ടുപോകുന്നത് ശരിയായിട്ടുള്ള നടപടി അല്ലല്ലോ. അഭിമാനമുള്ളവർ അങ്ങനെയൊന്നും ചെയ്യില്ല. കുറച്ചു ദിവസങ്ങൾ കൂടി അയാളോടു ക്ഷമിക്കാൻ പറയൂ..."

ഫോൺ സ്പീക്കറിൽ ആയിരുന്നതിനാൽ ആ സംസാരം തനിക്കും കേൾക്കാൻ കഴിഞ്ഞു. തന്റെ മാന്യതയുടെ നടയ്ക്കൽ കത്തി വച്ച ഭാമയുടെ അച്ഛന്റെ നിലപാടിനോട് വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും മറുത്തൊരു വാക്കുപോലും പറയാൻ തനിക്കു കഴിഞ്ഞില്ല.

മീനുമോളെ ഭാനുവിനെ ഏൽപ്പിച്ച്, ഹൃദയവേദനയോടെ പറഞ്ഞു:

"ഇവൾ ഇല്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഭാമയും മോളും വീട്ടിൽ വന്നിരിക്കണം. അല്ലെങ്കിൽ എന്തു വേണമെന്ന് എനിക്കറിയാം."

വീടിന്റെ താക്കോലും വാങ്ങി നിറകണ്ണുകളോടെ അവിടെ നിന്നും ഇറങ്ങിപ്പോയ ആ നല്ല മനുഷ്യനിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു. സ്നേഹിക്കുവാൻ മാത്രം അറിയാവുന്ന ഒരു മനസ്സിന്റെ ഉടമയോട് താൻ നീതി പുലർത്തിയില്ലല്ലോ എന്നോർത്ത് അവളുടെ ഹൃദയം നീറിപ്പുകഞ്ഞു.

സത്യങ്ങൾ എല്ലാം തുറന്നു പറയാൻ ആശിച്ചെങ്കിലും അച്ഛന്റെ കർക്കശ സ്വഭാവത്തിനു മുൻപിൽ അവളുടെ മനസ്സ് കീഴടങ്ങി.

ചേച്ചിയും മോളും ഒരുമിച്ച് സന്തോഷകരമായ ഒരു ജീവിതം ചേട്ടന് ലഭിക്കുവാൻ അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

മീനുമോളെ ലീലയെ ഏൽപ്പിച്ചു മുറിയിൽ എത്തിയപ്പോഴേയ്ക്കും അച്ഛന്റെ വിളി വന്നു. 

മോളെ കൊണ്ടുപോകാതെ തകർന്ന ഹൃദയത്തോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ചേട്ടനെപ്പറ്റി പറഞ്ഞത് അച്ഛന് അത്ര രസിച്ചില്ലെന്ന് അവൾക്കു മനസ്സിലായി.

"അച്ഛാ... എന്തൊക്കെയായാലും ചേച്ചിയുടെ ഭർത്താവല്ലേ ആ മനുഷ്യൻ? ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം ചേട്ടനോട് പറയുന്നതല്ലേ നല്ലത്? എന്തിനാണ് എല്ലാം മറച്ചുവയ്ക്കുന്നത്? ഇനിയും നുണകൾ പറഞ്ഞു ആ പാവത്തിനെ പറ്റിക്കാൻ എനിക്കു വയ്യ."

"ആരോടും ആർക്കും അത്ര അനുകമ്പയൊന്നും വേണ്ട. അവൻ കാരണമാണ് നിന്റെ ചേച്ചി ഇന്ന് ഈ സ്ഥിതിയിൽ ആയത്. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട. എല്ലാവരും ഞാൻ പറയുന്നതങ്ങു അനുസരിച്ചാൽ മതി."

ആദ്യമായി, ഉള്ളിന്റെയുള്ളിൽ അവൾക്ക് അച്ഛനോട് വെറുപ്പ് തോന്നി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ