mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 15

രാവിലെ ഉണർന്നു പതിവു പോലെ ഓഫീസിലെത്തി. എന്നത്തേയും പോലെ ഏകാഗ്രതയോടെ ജോലി ചെയ്യാൻ തനിക്കു കഴിയുമായിരുന്നില്ല. പലവിധ ചിന്തകളാൽ മനസ്സ് പലപ്പോഴും പതറിപ്പോകുന്നു.

"വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഭാമ ഉറങ്ങുകയായിരുന്നു. ഇപ്പോൾ ഉണർന്നിട്ടുണ്ടാവുമോ? ഒന്നു വിളിച്ചു നോക്കാം.'

വീട്ടിലേക്കു വിളിച്ചപ്പോൾ ലീലയാണു ഫോൺ എടുത്തത്. ഭാമ ഉണർന്നു കിടക്കുകയാണെന്നും  ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും അവർ അറിയിച്ചു. ഭാമയുടെ ഇപ്പോഴത്തെ അവസ്ഥയിൽ വല്ലാത്ത ദുഃഖം തോന്നി.

ഭാനുവിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അല്പം കഴിഞ്ഞ് ഒന്നു കൂടി വിളിക്കാം എന്നു മനസ്സിൽ കരുതി ജോലിയിൽ വ്യാപൃതനായി.

ഉച്ചഭക്ഷണം കഴിഞ്ഞയുടൻ തന്നെ ഭാനുവിനെ വീണ്ടും വിളിച്ചു. ഭാമയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നന്നായി വിശദീകരിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് അതിയായ സങ്കടത്തോടെ അവൾ പറഞ്ഞു:

"ശരി ചേട്ടാ, നാളെത്തന്നെ ഞാൻ വന്നു ചേച്ചിയെ കാണാം. അച്ഛനോടും അമ്മയോടും എല്ലാം പറയുകയും ചെയ്യാം. ചേട്ടൻ വിഷമിക്കേണ്ട, എല്ലാം ശരിയാവും.'' ദുഃഖം സഹിക്കാനാവാതെ അവൾ നിശ്ശബ്ദയായി കരഞ്ഞു.

കട്ടിലിൽ കമഴ്ന്നു കിടന്നു തേങ്ങികരയുന്ന ഭാനുവിനെക്കണ്ട് അമ്മ ചോദിച്ചു:

"എന്താ മോളേ, എന്തുപറ്റി? നീ എന്തിനാണു കരയുന്നത്?"

" അത്... ഒന്നുമില്ല അമ്മേ..."

"ഒന്നുമില്ലാതെ നീ ഇത്രയും സങ്കടപ്പെടുന്നത് എന്തിനാണ്? എന്താണെങ്കിലും അമ്മയോടു പറയൂ മോളേ... പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലല്ലോ."

അവളുടെ മനസ്സറിയാൻ അമ്മ വീണ്ടും വീണ്ടും നിർബന്ധിച്ചു കൊണ്ടിരുന്നു.

'ഈശ്വരാ...ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ അമ്മ എങ്ങനെ ഉൾക്കൊള്ളും എന്നറിയില്ലല്ലോ. ചേച്ചിയെ ആയിരുന്നല്ലോ തന്നെക്കാൾ കൂടുതലായി അമ്മ എന്നും സ്നേഹിച്ചിരുന്നത്.' 

ഏതായാലും അമ്മയോടു കാര്യങ്ങൾ പറയാൻ തന്നെ അവൾ തീരുമാനിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് ഒരു ദീർഘ നിശ്വാസത്തോടെ അമ്മ കട്ടിലിൽ തളർന്നിരുന്നു. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. 

'ഈശ്വരാ... എന്റെ മകൾ, ഒരു ഭ്രാന്തിയെപ്പോലെ!"  അവളുടെ ഈ അവസ്ഥയ്ക്കു കാരണം താനും കൂടിയാണല്ലോ എന്നോർത്തപ്പോൾ ദുഃഖം അണപൊട്ടി ഒഴുകി.

അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഭാനു പറഞ്ഞു:

"നമ്മൾ ഇവിടെ ഇരുന്നു കരഞ്ഞിട്ടു എന്തു പ്രയോജനം? നാളെത്തന്നെ പോയി ചേച്ചിയെ കാണണം. അച്ഛനും അമ്മയും എന്നോടൊപ്പം വരണം. ഏതെങ്കിലും നല്ല ഒരു സൈക്കോളജിസ്റ്റിനെ കാണിച്ച് ചികിത്സിപ്പിക്കണം. അമ്മയ്ക്കു ചേച്ചിയെ പഴയതു പോലെ കാണണ്ടേ?"

"ഞാൻ വരാം മോളേ.., അച്ഛനും വരും. ഞാൻ പറയാം നിന്റെ അച്ഛനോട്. എനിക്കെന്റെ മകളെ ഉടനെ കാണണം. പെറ്റവയറിന്റെ വേദന ഒരു അമ്മയ്ക്കു മാത്രമേ അറിയൂ." 

അമ്മ തേങ്ങിക്കരഞ്ഞു കൊണ്ട്, ഉച്ചമയക്കത്തിലായിരുന്ന അച്ഛന്റെ അരികിലെത്തി. ഹൃദയ വേദനയോടെ സകല കാര്യങ്ങളും അച്ഛനെ ധരിപ്പിച്ചു. 

എല്ലാം കേട്ടുകഴിഞ്ഞ് അച്ഛൻ നിരാശയോടെ പറഞ്ഞു: 

"അനുഭവിക്കട്ടെ, സകലതും അവൾ സ്വയം വരുത്തിവച്ചതല്ലേ?"

ഇതു കേട്ടു അമ്മ പൊട്ടിത്തെറിച്ചു. 

"നമ്മുടെ മകളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം നമ്മൾ തന്നെയാണ്. അവൾ എന്തു തെറ്റു ചെയ്തിട്ടാണ് ഇത്രമാത്രം അവളെ ശിക്ഷിച്ചത്? മനസ്സിനിണങ്ങിയ ഒരു പുരുഷനെ സ്നേഹിക്കുന്നതും കല്യാണം കഴിച്ചു ഒരുമിച്ചു ജീവിക്കുന്നതും അത്ര വലിയ കുറ്റമാണോ? നാട്ടിൽ നടക്കാത്ത കാര്യങ്ങൾ ഒന്നും തന്നെയല്ലല്ലോ അവൾ ചെയ്തത്. സാമ്പത്തിക സ്ഥിതി അല്പം മോശമായതു കൊണ്ടല്ലേ അന്നു നിങ്ങൾ എതിർത്തത്. 

എന്തു പറഞ്ഞാണ് ദേവനെ കുറ്റം പറയേണ്ടത്? ഇത്രയും നല്ല സ്വഭാവമുള്ള ഒരു ചെറുപ്പക്കാരനെ വേറെ എവിടെ കിട്ടും? നിങ്ങൾ കണ്ടു വച്ചിരുന്ന ചെറുക്കന് എന്തു സ്വഭാവമഹിമയായിരുന്നു ഉണ്ടായിരുന്നത്? വിദ്യാഭ്യാസത്തിനും ധനത്തിനും കുടുംബ മഹിമയ്ക്കും പുറമേ സ്വഭാവഗുണം എന്ന ഒന്നുണ്ട്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും നാളെ രാവിലെ തന്നെ ഭാനുവിനോടൊപ്പം ഞാനും അവളെ കാണാൻ പോകും. നിങ്ങൾ വരുന്നുണ്ടെങ്കിൽ വരൂ. വാശിയും വൈരാഗ്യവും ഇനിയും  ഇങ്ങനെ തുടർന്നാൽ, ചിലപ്പോൾ നമ്മുടെ മോളെത്തന്നെ നമുക്കു നഷ്ടപ്പെട്ടെന്നു വരും. 

എങ്ങനെയെങ്കിലും അവളെ രക്ഷിച്ച് സാധാരണ സ്ഥിതിയിൽ കൊണ്ടുവരണം. അവൾ പ്രസവിച്ച കുഞ്ഞിന്റെ മുഖം പോലും ഇതുവരെ ഒന്നു  കണ്ടില്ല. ആ കുഞ്ഞു എന്തു തെറ്റു ചെയ്തു? മുത്തശ്ശനും മുത്തശ്ശിയുമായിട്ടും ചെയ്യാനുള്ളതൊന്നും നമ്മൾ ചെയ്തില്ല. അതൊക്കെ  ഓർത്തു ഭാമ എന്തുമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും!"

"മതി, ഒന്നു നിർത്തുണ്ടോ? നിനക്കു അവളെ കാണണമെങ്കിൽ പോയി കണ്ടോളൂ... ഞാൻ വരുന്നില്ല. എന്റെ അഭിമാനത്തിനേറ്റ മുറിവ് ഉടനെയൊന്നും ഉണങ്ങില്ല."

"ആ.... നിങ്ങൾ അഭിമാനവും കെട്ടിപ്പിടിച്ചു കൊണ്ട് ഇവിടെ ഇരുന്നോളൂ... കാലിന്നടിയിൽ നിന്നും മണ്ണൊലിച്ചു പോകുമ്പോഴേ നിങ്ങൾ അറിയുകയുള്ളൂ."

മകൾക്കു വേണ്ടിയുള്ള അമ്മയുടെ വാദം കേട്ടു ഭാനു അത്ഭുതപ്പെട്ടു. 

'അച്ഛനോട്  ഇത്ര ശക്തമായി അമ്മ പ്രതികരിക്കുന്നത് ഒരിക്കലും താൻ കേട്ടിട്ടില്ല. അച്ഛന്റെ മുന്നിൽ മറുത്തു പറയാത്ത, പറയുന്നതെല്ലാം അതേ പോലെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു അമ്മയെ മാത്രമാണ് ഇന്നുവരേയും താൻ കണ്ടിരുന്നത്. അവസരം വരുമ്പോൾ ഏതൊരു അമ്മയും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും. പെറ്റവയറിന്റെ നൊമ്പരക്കനലുകൾ ആളിക്കത്തുക തന്നെ ചെയ്യും. അച്ഛൻ എന്താണിങ്ങനെ? ആ മനസ്സ് കല്ലു കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്?

എന്നെങ്കിലും ഒരു ദിവസം ഈ മഞ്ഞും ഉരുകാതിരിക്കില്ല. അതിനായി കാത്തിരിക്കാം. ഏതായാലും അമ്മയേയും കൂട്ടി നാളെ രാവിലെ തന്നെ ചേച്ചിയെ കാണാൻ പോകണം.'

ഓഫീസിൽ പോകാൻ ഒരുങ്ങി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കാളിഗ് ബെൽ അടിച്ചത്. കതകു തുറന്നു നോക്കിയപ്പോൾ മുന്നിൽ ഭാനു. വിഷാദം നിറഞ്ഞ മുഖം.

"ആഹാ... ഭാനുവോ? നീ ഇത്ര രാവിലെ തന്നെ വരുമെന്നു പ്രതിക്ഷിച്ചില്ല. ഏതായാലും വന്നതു നന്നായി. അച്ഛനും അമ്മയും ഒക്കെ?" സംശയഭാവത്തിലെ തന്റെ ചോദ്യം കേട്ടവൾ വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു:

"അമ്മ എന്നോടൊപ്പം വന്നിട്ടുണ്ട്. അവിടെ ഓട്ടോയിൽ ഇരിക്കുന്നു. ഇറങ്ങി വരാൻ ഒരു മടി."

അതു കേട്ടപ്പോൾ മനസ്സിൽ ആശ്വാസത്തിന്റെ തിരയിളകി. അല്പം ദൂരെ ഒരുക്കിയിട്ടിരിക്കുന്ന ഓട്ടോ അപ്പോഴാണ് തന്റെ ശ്രദ്ധയിൽപ്പെട്ടത്. വേഗം നടന്ന് ഓട്ടോയുടെ അരികിൽ എത്തി. ഭാനുവും പിറകേ നടന്നെത്തി.

"അമ്മ എന്താ വണ്ടിയിൽ തന്നെ ഇരിക്കുന്നത്? ഇറങ്ങിവരൂ..." ഓട്ടോയിൽ നിന്നും ഇറങ്ങിയ അമ്മ തന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു. മഴമേഘം പോലെ ഉറഞ്ഞു കൂടിയ ദുഃഖം മുഖത്തു കാണാം.

"ഏതായാലും അമ്മ വന്നല്ലോ, സന്തോഷമായി. അകത്തേക്കു വരൂ..."

വർഷങ്ങൾക്കു ശേഷം അമ്മയും മകളും പരസ്പരം കാണാൻ പോകുകയാണ്. ഹൃദയമിടിപ്പോടെ ഭാനുവിനോടൊപ്പം  മുറിയിലേക്കു കയറിയ അമ്മ തന്റെ മകളുടെ രൂപം കണ്ടു തരിച്ചു നിന്നുപോയി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ