mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 20

വർഷങ്ങൾക്കുശേഷം സ്വന്തം വീട്ടിൽ എത്തിയെങ്കിലും  സന്തോഷത്തിന്റെ കിരണങ്ങളൊന്നും ഭാമയുടെ മുഖത്ത് ഉദിച്ചില്ല. എല്ലാവരും കാറിൽ നിന്നും ഇറങ്ങിയിട്ടും അവൾ വണ്ടിയിൽ തന്നെ ഇരുന്നതേയുള്ളൂ.

"മോളേ നമ്മുടെ വീടെത്തി. ഇറങ്ങി വാ..."

അമ്മ വിളിച്ചിട്ടും അവൾ അതേ ഇരിപ്പു തുടർന്നു.

"ചേച്ചീ....ഇറങ്ങി വാ... നമ്മുടെ അച്ഛനെ കാണണ്ടേ?" 

അച്ഛൻ തന്നെ സ്വീകരിക്കുമോ എന്ന ആശങ്കയും അച്ഛനെ അഭിമുഖീകരിക്കാനുള്ള പ്രയാസവും മറ്റും അവളുടെ മനസ്സിനെ ആകുലപ്പെടുത്തി.

"ചേച്ചിയേയും മോളേയും കാണാൻ അച്ഛൻ കാത്തിരിക്കുകയാണ്. വേഗം ഇറങ്ങി വാ...?"

ഭാനുവിനോടൊപ്പം വീട്ടിലേക്കു കയറിവരുന്ന ഭാമയെ, തന്റെ മുറിയിലിരുന്നു കൊണ്ട് അച്ഛൻ ജനലഴികളിലൂടെ നോക്കി നിന്നു.

അല്പ സമയം കഴിഞ്ഞ് മുറിയിൽ നിന്നും അച്ഛൻ ഇറങ്ങി വന്നു. വാത്സല്യപൂർവം തന്റെ മകളെ ആശ്ലേഷിച്ചുവെങ്കിലും അവളിലെ മാറ്റം അച്ഛനെ വല്ലാതെ അമ്പരപ്പിച്ചു.

"മോളേ...ഭാമേ...ഒടുവിൽ നീ എത്തിയല്ലോ... അച്ഛനു സന്തോഷമായി.''

"അച്ഛാ...അച്ഛന്..." പറയുവാൻ ആഗ്രഹിച്ചത് മുഴുവിപ്പിക്കാനാവാതെ അവൾ അച്ഛന്റെ മുഖത്തേയ്ക്കു തന്നെ നോക്കി നിന്നു.

"ഇല്ല മോളേ...അച്ഛന് നിന്നോട് പിണക്കമൊന്നും ഇല്ല, നീ ഇങ്ങു വന്നല്ലോ..." 

ഇത്രയും നാളും തന്റെ മനസ്സിൽ അടക്കി വച്ചിരുന്ന നൊമ്പരങ്ങളിൽ ആശ്വാസത്തിന്റെ കുളിരല വീശുന്നതറിഞ്ഞ് അച്ഛൻ സമാധാനിച്ചു.

നഷ്ടപ്പെട്ടുപോയെന്നു കരുതിയ മകളെ തിരിച്ചു കിട്ടിയതിൽ ഹൃദയം സന്തോഷിച്ചെങ്കിലും അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആ അച്ഛന്റെ മനസ്സ് വിങ്ങിപ്പൊട്ടി. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആരും കാണാതെ തുടച്ചു കൊണ്ട് ഭാമയോടായി ചോദിച്ചു:

"മോളേ...നിനക്കിതെന്തുപറ്റി? എന്തു കോലമാണിത്?"

അച്ഛന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാനറിയാതെ അവൾ കുഴങ്ങി. അമ്മ മീനു മോളെ എടുത്തു കൊണ്ടുവന്നു അച്ഛന്റെ കൈയിൽ കൊടുത്തു.

"ഇതാ...നമ്മുടെ മീനുമോൾ. മുത്തച്ഛനും കൊച്ചുമോളും കൂടി അല്പനേരം കാര്യം പറഞ്ഞിരിക്കൂ...ഭാമമോൾ പോയി വിശ്രമിക്കട്ടെ."

അമ്മ ഭാമയേയും കൂട്ടി അവളുടെ മുറിയിലേക്കു നടന്നു. വിവാഹ ദിവസം വരെയും ഉപയോഗിച്ചിരുന്ന അവളുടെ സ്വന്തം മുറി. അവളുടെ കണ്ണുകൾ അവിടെയാകെ പരതി നടന്നു. അലമാരയിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങൾ ആരുടെ ആയിരിക്കും! ഉള്ളിന്റെയുള്ളിൽ നിന്നും അറിയാതെ ഒരു ദീർഘനിശ്വാസം ഉതിർന്നു വീണു. വിരിച്ചിട്ടിരുന്ന കട്ടിലിൽ കയറിക്കിടന്ന് കണ്ണുകൾ പതിയെ അടച്ചു. ഇതുവരെ ഇല്ലാതിരുന്ന ഒരു സുരക്ഷിതാബോധം കൈവന്നതു പോലെ. ഉള്ളിന്റെയുള്ളിലെ നഷ്ടബോധം എങ്ങോ ഓടി ഒളിച്ചു.

തങ്ങളുടെ വാടക വീടും ചേട്ടനും എല്ലാം മനസ്സിന്റെ ഏതോ ഒരു മൂലയിലായി. മീനുമോളുടെ കരച്ചിൽ കേട്ടെങ്കിലും മനസ്സ് മറ്റൊരു ലോകത്തേക്കു സഞ്ചരിച്ചു കൊണ്ടിരുന്നു.

അച്ഛന്റെ കൈയിൽ ഇരുന്നു മീനുമോൾ കരയുന്നതു കണ്ട് അമ്മ ഓടിവന്നു.

"ഓ... മോളു കരയുകയാണോ? അവൾക്ക് മുത്തച്ഛനെ പരിചയമില്ലാത്തതു കൊണ്ടായിരിക്കും. ഇങ്ങു തരൂ.. ലീലയുടെ കൈയിൽ കൊണ്ടു കൊടുക്കാം. വിശന്നിട്ടായിരിക്കും."

"ഇവിടെ സഹായത്തിന് രണ്ടു ജോലിക്കാർ ഉണ്ടല്ലോ. അതിനു പുറമേ വേറോരാൾ കൂടി വേണോ?

"മീനുമോളുടെ കാര്യങ്ങൾ എല്ലാം അവരാണ് നോക്കുന്നത്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ ഭാമയ്ക്ക് കുഞ്ഞിനെ നോക്കാൻ പ്രയാസമാണ്. തൽക്കാലം ലീലയും കൂടി ഇവിടെ നിൽക്കട്ടെ. ദേവൻ തിരിച്ചു വരുമ്പോൾ ഇതു വഴി വന്ന് ഇവരെ എല്ലാം കൂട്ടിക്കൊണ്ട് പോകും എന്നാണു പറഞ്ഞിരിക്കുന്നത്."

"നീ കുഞ്ഞിനെ കൊണ്ടുക്കൊടുത്തിട്ടു വരൂ..."

കുഞ്ഞിനെ ലീലയെ ഏൽപ്പിച്ച്, അല്പ സമയത്തിനകം രണ്ടു കപ്പുകളിൽ ചായയുമായി അമ്മ തിരിച്ചെത്തി. ചായ കുടിക്കുന്നതിനിടയിൽ ആശങ്കയോടെ അച്ഛൻ ചോദിച്ചു:

"അപ്പോൾ അയാൾ തിരിച്ചു വരുമ്പോൾ ഭാമമോളേയും കുഞ്ഞിനേയും ഇവിടെ നിന്നും കൂട്ടി ക്കൊണ്ടുപോകുമോ?''

"പിന്നല്ലാതെ, അങ്ങനെ സമ്മതിച്ചാണ് ദേവൻ ഇവരെ ഇങ്ങോട്ടേയ്ക്കയച്ചത്. അത് പിന്നെ, അങ്ങനെയല്ലേ വേണ്ടത്?"

"അല്ല, ഭാമയും കുഞ്ഞും ഇനി കുറച്ചു കാലം ഇവിടെ നിൽക്കട്ടെ. അവളുടെ മനസ്സിന്റെ അസ്വസ്ഥതയൊക്കെ മാറിയിട്ട് തിരിച്ചയയ്ക്കാം. 

എന്റെ ഒരു സുഹൃത്തിന്റെ സഹോദരൻ സൈക്യാട്രിസ്റ്റ് ആണ്. എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ ആണ് പ്രാക്ടീസ് ചെയ്യുന്നത്. വിളിച്ചു പറഞ്ഞിട്ട് നാളത്തന്നെ ഭാമയേയും കൂട്ടി അവിടേയ്ക്ക് പോകാം. ആറു മണിക്കൂർ യാത്രയുണ്ട്. ഇപ്പോൾ അവൾ കഴിക്കുന്ന മരുന്നുകൾ എല്ലാം എടുത്തോളണം. 

കുഞ്ഞിനെ തൽക്കാലം കൊണ്ടുപോകേണ്ട. അവളെ നോക്കാൻ ഇവിടെ ആൾ ഉണ്ടല്ലോ. നമ്മൾ തിരിച്ചു വരുന്നതുവരെ ഭാനുവിനോടു വീട്ടിലെ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാൻ പറയണം."

സംശയത്തോടെയാണെങ്കിലുംഭർത്താവിന്റെ തീരുമാനത്തിന് സമ്മതം മൂളി. എങ്ങനെയെങ്കിലും ഭാമയെ പഴയ രീതിയിൽ കാണണമെന്നുള്ള അതിയായ ആഗ്രഹം മനസ്സിനെ ഭരിക്കുന്നതിനാൽ മറ്റൊന്നും തന്നെ ചിന്തിച്ചില്ല.

ഉടൻ തന്നെ അച്ഛൻ, തന്റെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞ് ഡോക്ടറിനെ കാണാനുള്ള അപ്പോയ്മെന്റും എടുപ്പിച്ചു.

അമ്മ, രാവിലെ തന്നെ പുറപ്പെടാനുള്ള ഒരുക്കങ്ങൾ ചെയ്തുതുടങ്ങി. ഭാനുവിനോടു വിവരങ്ങൾ പറഞ്ഞ് വീട്ടിലെ കാര്യങ്ങൾ  പറഞ്ഞേൽപ്പിച്ചു. മീനുമോളെ തൽക്കാലം കൊണ്ടുപോകേണ്ടെന്നായിരുന്നു അച്ഛന്റെ തീരുമാനം. ദേവനെ ഒന്നും അറിയിക്കരുതെന്നുള്ള തന്റെ ഭർത്താവിന്റെ കർശനമായ നിലപാടിനോട് യോജിക്കാനും കഴിയുമായിരുന്നില്ല.

എല്ലാം വിശദമായി കേട്ടുകഴിഞ്ഞപ്പോൾ ഭാനുവിന്റെ മനസ്സിന്റെ കോണിൽ ചിന്തകൾ കെട്ടു പിണഞ്ഞു.

'ചേട്ടനോടൊന്നാലോചിക്കാതെ, അച്ഛന്റെ മാത്രം തീരുമാനങ്ങൾക്ക് നിർബന്ധപൂർവം വഴങ്ങേണ്ടി വന്നിരിക്കുന്നു. ചേട്ടൻ വിളിക്കുമ്പോൾ എന്തു പറയും? ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.'

അടുത്ത ദിവസം അതിരാവിലെ തന്നെ ഭാമയേയും കൂട്ടി അച്ഛനും അമ്മയും എറണാകുളത്തേയ്ക്കു യാത്ര തിരിച്ചു. ഭാമയോട് വിശദമായി ഒന്നും പറഞ്ഞിരുന്നില്ല. സ്ഥലം കാണാനും ഷോപ്പിംഗിനും മറ്റും പോകുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്.

പൊതുവേ മൗനം അവലംബിച്ചിരിക്കുന്ന അവൾ എല്ലാം മൂളിക്കേട്ട് അച്ഛനേയും അമ്മയേയും അനുസരിച്ചു.

'മീനുമോൾ വീട്ടിലുള്ളതു കൊണ്ട് സമയം പോകുന്നതറിയുന്നില്ല. അവൾക്കു അമ്മയെ കാണണമെന്നുള്ള നിർബന്ധം ഇല്ലാത്തത് ഒരു കണക്കിന് നന്നായി. ചേച്ചിയും മകളെ അന്വേഷിക്കുന്നതേയില്ലല്ലോ.'

രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഭാമയേയും കുഞ്ഞിനേയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതിനുശേഷം വിവരങ്ങൾ ഒന്നും അറിയാത്തതിൽ ദേവൻ ആകെ അസ്വസ്ഥനായി.

'വീട്ടിലെത്തിയിട്ടു വിളിക്കാമെന്നു പറഞ്ഞിട്ടു ഭാനു ഇതുവരേയും വിളിച്ചില്ലല്ലോ. ഭാമയുടെ അസ്വസ്ഥതകൾ ഇപ്പോൾ കുറഞ്ഞു കാണുമായിരിക്കും. മീനുമോളെ കാണാനും മനസ്സു വെമ്പൽ കൊള്ളുന്നു.'

ഫോണിൽ ഭാനുവിന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടു തവണ വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. വിവരങ്ങൾ അറിയുവാനുള്ള ഹൃദയത്തിന്റെ മിടിപ്പു വർദ്ധിച്ചു കൊണ്ടിരുന്നു.

നാലു ദിവസങ്ങൾ കൂടി കഴിഞ്ഞാലേ തനിക്ക് മടങ്ങാൻ കഴിയുകയുള്ളൂ. ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ട്. ഓഫീസിൽ വിളിച്ചു പറഞ്ഞ് അവധി നീട്ടിയെടുത്തു. ഉച്ച കഴിഞ്ഞ് ഒന്നുകൂടി ഭാനുവിനെ വിളിച്ചു. നിരാശയായിരുന്നു ഫലം. 

'ഇവൾക്കിതെന്തുപറ്റി? വിളിച്ചിട്ടു ഫോൺ എടുക്കാത്തത് എന്തുകൊണ്ടായിരിക്കും? ആ കുലചിന്തകളാൽ ഹൃദയം വീർപ്പുമുട്ടി.

രണ്ടു മണിക്കൂർ കഴിഞ്ഞ് ഫോൺ ശബ്ദിച്ചു. ഭാനുവാണ്. 

"ഹലോ.. ഞാൻ എത്ര തവണ വിളിച്ചു. ഫോൺ എടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുണ്ട് വിശേഷങ്ങൾ? വിവരങ്ങൾ അറിയാത്തതിനാൽ വല്ലാതെ വിഷമിച്ചു." 

'ചേട്ടൻ വിളിച്ചപ്പോൾ, മന:പൂർവം ഫോൺ എടുക്കാതിരുന്നതാണെന്ന് പറയാൻ തനിക്കു ആവില്ലല്ലോ.'

"അതേ ചേട്ടാ... എല്ലാവരും സുഖമായിരിക്കുന്നു. പ്രത്യേകിച്ചു വിശേഷങ്ങൾ ഒന്നുമില്ല. ചേച്ചിയും മോളും വന്നതിൽ അച്ഛനും നല്ല സന്തോഷമാണ്. ചേട്ടൻ എന്നാണ് തിരിച്ചുവരുന്നത്?"

"ഓ...സമാധാനമായി. ഭാമയും മോളും സുഖമായിരിക്കുന്നല്ലോ. നാലു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടേ എനിക്കു ഇവിടെ നിന്നും മടങ്ങാൻ സാധിക്കുകയുള്ളൂ. മോളെ കാണാൻ കൊതി യാവുന്നു. ഭാമയോട് ഒന്നു സംസാരിക്കാൻ പറ്റുമോ?"

"ചേച്ചി ഇപ്പോൾ വീട്ടിൽ ഇല്ല. അച്ഛന്റേയും അമ്മയുടേയും ഒപ്പം ഷോപ്പിംഗിനു പോയിരിക്കുകയാണ്. വരുമ്പോൾ വിളിക്കാൻ പറയാം."

"എന്നാൽ ശരി. പിന്നെ വിളിക്കാം."

ഭാമയിലുണ്ടായ മാറ്റത്തെപ്പറ്റി ചിന്തിച്ചു മനസ്സുകുളിരണിഞ്ഞു. എത്ര പെട്ടെന്നാണ് അവളുടെ അസ്വസ്ഥതകൾ മാറിയത്. സ്വന്തം വീട്ടിൽ മാതപിതാക്കളോടൊപ്പം  അവൾ സന്തോഷവതിയായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം ആശ്വസിച്ചു.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ