ഭാഗം 9
റോയൽ മൈൽ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന എഡിൻബർഗ് കാസിൽ സന്ദർശിക്കുവാനാണ് പിന്നീട് ഞങ്ങൾ പോയത്. ഇരുമ്പ് യുഗം മുതൽ മനുഷ്യൻ കൈവശപ്പെടുത്തിയിരുന്ന, കാസിൽറോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര കോട്ടയാണിത്. എഡിൻബർഗിന്റെ പഴയ പട്ടണത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള റോയൽ മൈലിന്റെ മുകളിലാണ് ഈ കാസിൽ സ്ഥിതി ചെയ്യുന്നത്. കാസിൽറോക്കിന്റെ കൊടുമുടിയിലേക്കുള്ള വഴികളെ സംരക്ഷിക്കുന്ന നിരവധി ഗേറ്റുകൾ അവിടെ കാണാം.
കാസിലിന്റെ അകത്ത് പ്രവേശിക്കുവാനുള്ള ടിക്കറ്റ്, ഓൺലൈൻ വഴി നേരത്തേ തന്നെ ഞങ്ങൾ ബുക്ക് ചെയ്തിരുന്നു. നാനാ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ പ്രവാഹം ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു. പ്രവേശന വാതിൽ വഴി ആളുകൾ അകത്തേക്ക് കയറുമ്പോൾ പുറത്തേയ്ക്ക് ഇറങ്ങുന്നവരുടെ എണ്ണവും വളരെ വലുതായിരുന്നു.
മേഘാവൃതമായ ആകാശം കറുത്തിരുണ്ടു. പൊടുന്നനെ പെയ്ത ചാറ്റൽ മഴയിൽ നനയാതിരിക്കാൻ, കയ്യിലുണ്ടായിരുന്ന കുടയെടുത്ത് നിവർത്തിപിടിച്ചു. മൊബൈൽ ഫോണിലെ ടിക്കറ്റ് കണ്ടതിന് ശേഷം ബാഗുകളും മറ്റും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടാണ്, അവർ ഞങ്ങളെ അകത്തേക്ക് കയറ്റിവിട്ടത്.
മഴ ശക്തമായതിനാൽ കോട്ടയുടെ അകത്തേക്കുള്ള യാത്ര, ദുഷ്കരമായിരുന്നു. കയറ്റം കയറി, കോട്ടയുടെ ഉള്ളിലെത്താനുള്ള ഊഴവും കാത്ത്, നീണ്ട ക്യൂവിന്റെ ഒരറ്റത്ത്, ഒരു കുടക്കീഴിലായി ഞങ്ങളും നിന്നു.
ഇടുങ്ങിയ വാതിലിലൂടെ വരിവരിയായി അകത്ത് കടന്ന് ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന ആ മണ്ണിലെ കോണിപ്പടികൾ കയറി, ഇരുളടഞ്ഞ ഇടനാഴികളിലൂടെ ഞങ്ങൾ നടന്നു.
12-ാം നൂറ്റാണ്ടിൽ ഡേവിഡ് ഒന്നാമന്റെ ഭരണകാലം മുതൽ ഉണ്ടായിരുന്ന ഈ രാജകീയ കോട്ട, 1633 വരെ രാജകീയവസതിയായും പിന്നീട് 17-ാം നൂറ്റാണ്ടോടെ ഒരു പട്ടാളത്തിന്റെ സൈനിക ബാരക്കുകളായി ഉപയോഗിക്കുകയും കഴിഞ്ഞ ഒന്നരനൂറ്റാണ്ടായി വിപുലമായ പുനരുദ്ധാരണ പരിപാടികൾ നടത്തുകയും ചെയ്തു.
സ്കോട്ടിഷ് രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തികേന്ദ്രങ്ങളിലൊന്നായ എഡിൻബർഗ് കാസിൽ, 14ാം നൂറ്റാണ്ടിലെ
സ്കോട്ടിഷ് സ്വാതന്ത്ര്യ സമരങ്ങൾ മുതൽ 1745 ലെ യാക്കോബായ ഉയർച്ച വരെയുള്ള നിരവധി ചരിത്രപരമായ സംഘട്ടനങ്ങളിലും ഏർപ്പെട്ടിരുന്നു.
ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും ഉപരോധിക്കപ്പെട്ട സ്ഥലവും ലോകത്തിലെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്നുമാണിത്.
ഈ കോട്ടയിലുള്ള സ്‌കോട്ട്ലൻഡിന്റെ ഹോണേഴ്സ് എന്നറിയപ്പെടുന്ന സ്കോട്ടിഷ് ഗാലറി, സ്കോട്ടിഷ് നാഷണൽ വാർ മെമ്മോറിയലിന്റേയും സ്കോട്ട്ലൻഡിലെ നാഷണൽ വാർ മ്യൂസിയത്തിന്റേയും സ്ഥലമാണ്.
ചരിത്രപരമായ പരിസ്ഥിതിസ്കോട്ട്ലൻഡിന്റെ സംരക്ഷണത്തിലുള്ള ഈ കോട്ട, ഇവിടുത്തെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്നതും യൂ.കെ യിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന, രണ്ടാമത്തെ വിനോദ സഞ്ചാര ആകർഷണവുമാണ്.
ഈ കോട്ട, എഡിൻബർഗിന്റെ പ്രത്യേകിച്ച് സ്കോട്ലൻഡിന്റെ മൊത്തത്തിലുള്ള ഒരു പ്രതീകമായി മാറിയിരിക്കുന്നു.
കോട്ടയുടെ മുന്നിൽ എസ്പ്ലനേഡ് എന്നറിയപ്പെടുന്ന ഒരു നീണ്ട ചരിഞ്ഞ മുൻ ഭാഗമുണ്ട്. ഇവിടെയാണ് വർഷംതോറും
എഡിൻബർഗ് മിലിറ്ററി ടാറ്റൂ നടക്കുന്നത്. രാജകൊട്ടാരം അതിന്റെ ഇടതുവശത്താണ്. എസ്പ്ലനേഡിന്റെ വടക്ക് നിന്ന് കോട്ടയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു തുരങ്കം കുഴിച്ച് സന്ദർശക ട്രാഫിക്കിനെ സർവീസ് ട്രാഫിക്കിൽ നിന്നും വേർതിരിക്കുന്നു.
ഗേറ്റ് ഹൗസിന്റെ മുകൾ ഭാഗത്തായി സ്ഥാപിച്ച പുതിയ കെട്ടിടമായ ആർഗിൽ ടവറും പോർട്ട് കുല്ലീസ് ഗേറ്റും കാണാം. ഗേറ്റിനുളളിൽ പ്രിൻസസ് സ്ട്രീറ്റിന് അഭിമുഖമായി ആർഗിൽ ബാറ്ററിയുണ്ട്. മിൽസ് മൗണ്ട് ബാറ്ററി, പടിഞ്ഞാറ് വൺ ഓ ക്ലോക്ക് ഗണ്ണിന്റെ സ്ഥാനം. ഇവയ്ക്ക് താഴെയാണ് താഴ്ന്ന പ്രതിരോധം. അതേസമയം, പാറയുടെ അടിഭാഗത്തുള്ള സെന്റ് മാർഗരറ്റ്സ് കിണറിന്റെ കാവലിനായി നിർമിച്ച വെൽ ഹൗസ് ടവറും ഉണ്ട്.
ആതർഗൈൽ ടവറിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സൈനിക കെട്ടിടങ്ങൾ കാണാം. 18ാംനൂറ്റാണ്ടിലെ കാർട്ട് ഷെഡ്ഡുകളിലാണ് ഇപ്പോഴത്തെ കോഫി ഹൗസുകൾ പ്രവർത്തിക്കുന്നത്.
(തുടരും)