ഭാഗം 16
സ്റ്റാൻമോറിൽ നിന്നും ട്യൂബിൽ കയറി ഞങ്ങൾ വെസ്‌റ്റ്മിൻസ്റ്റർ സ്റ്റേഷനിൽ ഇറങ്ങി. വെസ്റ്റ്മിൻസ്റ്റർ സിറ്റിയിലെ ലണ്ടൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനാണ് വെസ്റ്റ്മിൻസ്റ്റർ സ്റ്റേഷൻ. സർക്കിൾ, ഡിസ്ട്രിക്ട്, ജൂബിലി, ലൈനുകളാണ് ഈ സേവനം നൽകുന്നത്. ജൂബിലി ലൈനിൽ ഗ്രീൻ പാർക്കിനും വാട്ടർലൂവിനും ഇടയിലാണ് വെസ്റ്റ്മിൻസ്‌റ്റ്‌ർ സ്റ്റേഷൻ നിലകൊള്ളുന്നത്.
ബ്രിഡ്ജ് സ്ട്രീറ്റിന്റേയും വിക്ടോറിയ എംബാങ്ക്മെന്റിന്റേയും മൂലയിൽ സ്ഥിതിചെയ്യുന്ന ഇവിടം, പാർലമെന്റ് ഹൗസ്, ബിഗ് ബെൻ, വെസ്റ്റ്മിൻസ്‌റ്റർ ആബി, പാർലമെന്റ് സ്ക്വയർ എന്നിവയ്‌ക്ക് സമീപമാണ്. വൈറ്റ് ഹാൾ, വെസ്റ്റ്മിൻസ്‌റ്റർ പാലം, ലണ്ടൻ ഐ, ഡൗണിംഗ് സ്ട്രീറ്റ്, ശവകുടീരം, വെസ്റ്റ്മിൻസ്റ്റർ മില്ലേനിയം പിയർ, ട്രഷറി, ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ്, സുപ്രിം കോടതി എന്നിവയും ഇതിന്റെ സമീപത്ത് തന്നെയാണ്.
സ്‌റ്റേഷന് പുറത്തിറങ്ങി, ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണിലൂടെ ഞങ്ങൾ നടന്നു. റോഡിന്റെ ഇരുവശങ്ങളിലൂടെ ഒഴുകുന്ന സഞ്ചാരികളുടെ ഇടയിലൂടെ പുതിയ ലോകത്തിന്റെ മാസ്മരികതയിലേക്ക് ഞങ്ങളും ഇഴുകിച്ചേർന്നു.
പാർലമെന്റ് ഹൗസും അതിനോട് ചേർന്ന് നിലകൊള്ളുന്ന ബിഗ് ബെന്നും തെക്ക് വശത്ത് കൂടി ഒഴുകുന്ന തേംസ് നദിയും അതിന് മുകളിലെ പാലവും നദിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളുമെല്ലാം അത്ഭുതത്തോടെ ഞങ്ങൾ നോക്കിക്കണ്ടു. എത്ര കണ്ടാലും മതിവരാത്ത മനോഹരങ്ങളായ ഓരോ ദൃശ്യവിസ്മയങ്ങൾക്കും ചരിത്രത്തിന്റെ കഥകൾ ധാരാളം പറയുവാനുണ്ട്.
യു.കെ യിലെ പാർലമെന്റിന്റെ രണ്ട് സഭകളായ ഹൗസ് ഓഫ് കോമൺസിന്റേയും ഹൗസ് ഓഫ് ലോർഡ്സിന്റേയും മീറ്റിംഗ് സ്ഥലമായി വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം പ്രവർത്തിക്കുന്നു.
പാർലമെന്റ് മന്ദിരം എന്ന് അനൗപചാരികമായി അറിയപ്പെടുന്ന ഈ കൊട്ടാരം സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ തേംസ് നദിയുടെ വടക്കേ കരയിൽ സ്ഥിതി ചെയ്യുന്നു. ഇരു സഭകളും നിയോഗിച്ച കമ്മിറ്റികൾ, കെട്ടിടം കൈകാര്യം ചെയ്യുകയും ഹൗസ് ഓഫ് കോമൺസ് സ്പീക്കർക്കും ലോർഡ് സ്പീക്കർക്കും റിപ്പോർട്ട ചെയ്യുകയും ചെയ്യുന്നു.
പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച ആദ്യത്തെ രാജകൊട്ടാരം, ലണ്ടൻ ടവറിന് ശേഷം ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെ പ്രാഥമിക വസതിയായി മാറി.
1512 ൽ അഗ്നിക്കിരയാക്കപ്പെട്ട കൊട്ടാരത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പുനർനിർമിക്കപ്പെട്ടെങ്കിലും 1834 ൽ അതിലും വലിയ തീപിടുത്തം, നവീകരിക്കപ്പെട്ട കൊട്ടാരത്തെ ഭാഗികമായി നശിപ്പിച്ചു.
30 വർഷത്തോളം നീണ്ടുനിന്ന പുനർ നിർമ്മാണത്തിൽ ഗോഥിക് റിവൈവൽ ശൈലിയിലുള്ള പുതിയ കെട്ടിടങ്ങൾ രൂപം
കൊള്ളുകയും ചെയ്തു. 1100-ലധികം മുറികൾ അടങ്ങിയിരിക്കുന്ന ന്യൂ പാലസിന്റെ ഒരു ഭാഗം തേംസ് നദിയിൽ നിന്ന് വീണ്ടെടുക്കപ്പെട്ടു. ഇത് അതിന്റെ 300 മീറ്റർ നീളമുള്ള മുൻഭാഗമായ റിവർ ഫ്രണ്ട് എന്നറിയപ്പെടുന്നു. ലോർഡ്സ് ചേംബർ 1847 ലുംകോമൺസ് ചേംബർ 1852 ലും പൂർത്തിയായി.
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് വെസ്റ്റ് മിൻസ്റ്റർ കൊട്ടാരം പതിന്നാല് വ്യത്യസ്ത അവസരങ്ങളിൽ ബോംബാക്രമണത്തിന് വിധേയമായിട്ടുണ്ട്. ഒരു ജ്വലന ബോബ്, ഹൗസ് ഓഫ് കോമൺസിന്റെ ചേംബറിൽ തട്ടി തീയിട്ടു. മറ്റൊന്ന് വെസ്റ്റ്മാൻസ്റ്റർ ഹാളിന്റെ മേൽക്കൂര കത്തിച്ചു.
ലോർഡ്സ് ചേംബറിൽ ബോംബ് പതിച്ചെങ്കിലും പൊട്ടിത്തെറിക്കാതെ തറയിലൂടെ കടന്നുപോയി. ക്ലോക്ക്ടവറിന്റെ മേൽക്കൂരയുടെ മേൽത്തട്ടിലും ബോംബ് പതിക്കുകയും വളരെയധികം കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഗ്ലാസ്സുകൾ പൊട്ടിത്തെറിച്ചെങ്കിലും നശിക്കാത്ത മണികളും കൈകളും ക്ലോക്ക് സമയം കൃത്യമായി സൂക്ഷിച്ചു.
കോമൺസ് ചേമ്പറിന്റെ പുനർനിർമാണം
1950 വരെ നീണ്ടുനിന്നു. തുടർന്നുള്ള കാലയളവിൽ ലോർഡ്സ് ചേംബറും നവീകരിച്ചു.
യു. കെയിലെ രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രങ്ങളിലൊന്നായ വെസ്റ്റ്മിൻസ്റ്റർ, പാർലമെന്റിന്റേയും ബ്രിട്ടീഷ് ഗവൺമെന്റിന്റെയും ഒരു ഉപനാമമായി ഇന്ന് മാറിയിരിക്കുന്നു.
എലിസബത്ത് ടവർ, പ്രത്യേകിച്ച്, അതിന്റെ പ്രധാന മണിയുടെ പേരിൽ അറിയപ്പെടുന്ന ബിഗ്ബെൻ, ലണ്ടന്റേയും പൊതുവേ യു.കെ യുടേയും തൽക്ഷണം തിരിച്ചറിയാവുന്ന ഒരു അടയാളമായി മാറിയിരിക്കുന്നു.
നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. പാർലമെന്ററി ജനാധിപത്യത്തിന്റെ ചിഹ്നമായ 'കല്ലിലെ സ്വപ്നം' എന്ന് വിളിക്കപ്പെട്ട വെസ്‌റ്റ്മിൻസ്റ്റർ കൊട്ടാരം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റിന്റെ ഭാഗമായി നിലകൊള്ളുന്നു.
വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന് മൂന്ന് പ്രധാന ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും വലുതും ഉയരമുള്ളതും കൊട്ടാരത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ സ്ഥിതിചെയ്യുന്ന വിക്ടോറിയാ ടവർ ആണ്.
വില്യം നാലാമന്റെ ഭരണകാലത്ത് ദി കിംഗ്സ് ടവർ എന്ന് നാമകരണം ചെയ്യപ്പെട്ട ഇത്, കൊട്ടാരത്തിലേക്കുള്ള രാജകീയ പ്രവേശന കവാടമായിരുന്നു. പല തവണ
പുനർരൂപകൽപ്പന ചെയ്ത്, 1858 ൽ നിർമാണം പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മതേതരകെട്ടിടമായി ഇത് മാറി.
49 അടി ഉയരമുള്ള കമാനം, വിശുദ്ധരായ ജോർജ്, ആൻഡ്രൂ, പാട്രിക് എനിവരുടേയും വിക്ടോറിയ രാജ്ഞിയുടേയും പ്രതിമകൾ ഉൾപ്പെടെയുള്ള ശിൽപ്പങ്ങളാൽ സമൃദ്ധമായി അലങ്കരിച്ചിരിക്കുന്നു.
കൊട്ടാരത്തിന്റെ വടക്കേ അറ്റത്ത് ബിഗ്ബെൻ എന്നറിയപ്പെടുന്ന എലിസബത്ത് ടവർ സ്ഥിതി ചെയ്യുന്നു. ക്ലോക്ക് ടവറെന്നും പറയപ്പെട്ടിരുന്ന ഇതിന് 2012 ലാണ് എലിസബത്ത് ടവർ എന്ന പേര് നൽകിയത്.
ക്ലോക്കിന് മുകളിലുള്ള ബെൽഫ്രയിമിൽ അഞ്ച് മണികൾ തൂങ്ങിക്കിടക്കുന്നു. ഓരോ കാൽ മണിക്കൂറിലും നാല് ക്വാർട്ടർ ബെല്ലുകൾ അടിക്കുന്നു. ഏറ്റവും വലിയ മണി, മണിക്കൂറുകൾ അടിക്കുന്നു. ഔദ്യോഗികമായി ദി ഗ്രേറ്റ് ബെൽ ഓഫ് വെസ്റ്റ്മിൻസ്റ്റർ എന്നും ഇതിനെ വിളിക്കപ്പെടുന്നു. സാധാരണയായി ഇത്
ബിഗ്ബെൻ എന്ന് അറിയപ്പെടുന്നു. 13.8 ടൺ ഭാരമുള്ളബ്രിട്ടനിലെ മൂന്നാമത്തെ ഭാരമുളള മണിയാണിത്.
എലിസബത്ത് ടവറിന്റെ മുകളിലെ വിളക്കിൽ അയർട്ടൺ ലൈറ്റുണ്ട്. ഇരുട്ടിയ ശേഷം പാർലമെന്റിന്റെ ഏതെങ്കിലും ഹൗസിൽ ആളുകൾ ഉണ്ടെങ്കിൽ, അത് കത്തുന്നു. അതുവഴി അംഗങ്ങൾ ജോലിയിലാണോ എന്ന് ബക്കിംഗ് ഹാം പാലസിൽ ഇരുന്ന് കാണാൻ കഴിയും.
കൊട്ടാരത്തിന്റെ മൂന്ന് പ്രധാന ഗോപുരങ്ങളിൽ ഏറ്റവും ചെറുത് അഷ്ടഭുജാകൃതിയിലുള്ള സെൻട്രൽ ടവറാണ്. കെട്ടിടത്തിന്റെ മധ്യഭാഗത്ത് സെൻട്രൽ ലോബിക്ക് തൊട്ടുമുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കൊട്ടാരത്തിന്റെ നിരവധി ഗോപുരങ്ങൾ കെട്ടിടത്തിന്റെ ആകാശരേഖയെ സജീവമാക്കുന്നു. വെസ്റ്റ്മിൻസ്റ്റർ ഹാളിനും ഓൾഡ് പാലസ് യാർഡിനും ഇടയിൽ പടിഞ്ഞാറ് വശത്തെ മുൻഭാഗത്തായാണ് സെന്റ് സ്‌റ്റീഫൻസ് ടവർ സ്ഥിതി ചെയ്യുന്നത്. കൂടാതെ സെന്റ് സ്റ്റീഫൻസ് എൻട്രൻസ് എന്നറിയപ്പെടുന്ന പാർലമെന്റിന്റെ ഹൗസുകളിലേക്കുള്ള പൊതുപ്രവേശന കവാടവും ഇവിടെയാണ്.
നദീമുഖത്തിന്റെ വടക്കും തെക്കും അറ്റത്തുള്ള പവിലിയനുകളെ യഥാക്രമം സ്പീക്കേർസ് ടവർ എന്നും ചാൻസലേഴ്സ് ടവർ എന്നും വിളിക്കുന്നു.
കൊട്ടാരത്തിൽ നാല് നിലകളായി പരന്നുകിടക്കുന്ന 1100-ലധികം മുറികളും 100 ഗോവണി പടികളും നിരവധി പാതകളും ഉണ്ട്.
താഴത്തെ നിലയിൽ ഓഫീസുകളും ഡൈനിംഗ് റൂമുകളും ബാറുകളും ഉണ്ട്. പ്രിൻസിപ്പൽ ഫ്ളോർ എന്നറിയപ്പെടുന്ന ഒന്നാം നിലയിൽ കൊട്ടാരത്തിന്റെ പ്രധാന മുറികൾ, ഡിബേറ്റിംഗ് ചേമ്പറുകൾ, ലോബികൾ, ലൈബ്രറികൾ എന്നിവ ഉൾപ്പെടുന്നു. മുകളിലെ രണ്ട് നിലകൾ കമ്മിറ്റി മുറികളായും ഓഫീസുകളായും ഉപയോഗിക്കുന്നു.
കൊട്ടാരത്തിലേക്കുള്ള ഏറ്റവും വലിയ പ്രവേശന കവാടം വിക്ടോറിയ ടവറിന് താഴെയുള്ള സോറിൻ എൻട്രൻസാണ്. പാർലമെന്റിന്റെ സംസ്ഥാന ഉദ്ഘാടനത്തിനായി എല്ലാ വർഷവും ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വണ്ടിയിൽ യാത്ര ചെയ്യുന്ന രാജാവിന്റെ ഉപയോഗത്തിന് വേണ്ടിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
കൊട്ടാരത്തിന് ചുറ്റും നിരവധി ചെറിയ പൂന്തോട്ടങ്ങളുണ്ട്. കൊട്ടാരത്തിന് തെക്ക് നദിക്കരയിൽ പൊതുജനങ്ങൾക്കായി, ഒരു പാർക്ക് തുറന്നിട്ടുണ്ട്.
പാർലമെന്റിന്റെ പരിസരത്ത് ഒരു മണിക്കൂറിലധികം ഞങ്ങൾ ചിലവഴിച്ചു. വിസ്മയകരമായ കാഴ്ചകൾ കണ്ട സംതൃപ്തിയോടെ, അവിടെ നിന്നും അടുത്ത സ്ഥലം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
(തുടരും)