ഭാഗം 44
വലിയൊരു ജനസഞ്ചയം തന്നെ നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് തിങ്ങിനിറഞ്ഞിട്ടുണ്ടായിരുന്നു. നാലുമണിക്ക് നയാഗ്രാ ക്രൂസിൽ കയറുവാനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ നേരത്തേ വാങ്ങിയിരുന്നു. നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ നേർക്കാഴ്ചയിൽ കുറച്ചു നേരം ലയിച്ചുനിന്നതിന് ശേഷം, ക്രൂസിന്റെ കൗണ്ടറിലേക്ക് ഞങ്ങൾ നടന്നു.
ടിക്കറ്റുകൾ സ്കാൻ ചെയ്തതിന് ശേഷം മീറ്ററുകളോളം നീളമുള്ള വലിയ ക്യൂവിൽ സ്ഥാനം പിടിച്ചു. പല ലെവലുകൾ താഴ്ചയുള്ള റാമ്പിലൂടെ, മറ്റുള്ളവർക്കൊപ്പം പതുക്കെ നടന്ന് ഞങ്ങൾ ക്രൂസിനരികിൽ എത്തി.
അധികൃതർ നൽകിയ ചുമപ്പ് നിറത്തിലുള്ള, റെയിൻകോട്ട് (പോഞ്ചോ) ധരിച്ചുകൊണ്ട്, നയാഗ്രാ സിറ്റിക്രൂസിൽ കയറി, മുകളിലത്തെ നിലയിൽ സ്ഥാനം പിടിച്ചു.
ആടിയുലയുന്ന ബോട്ടിനുള്ളിൽ ബാലൻസ് ചെയ്തുകൊണ്ട് നിന്നെങ്കിലും ഫോട്ടോയെടുക്കലും വീഡിയോ പകർത്തലുമെല്ലാം ശ്രമകരമായിരുന്നു.
വെള്ളച്ചാട്ടത്തിന്റെ തൊട്ടരികിലൂടെയുള്ള യാത്രയിൽ, ദേഹത്ത് തെറിക്കുന്ന, ജലകണങ്ങളിൽ നനഞ്ഞ് നിൽക്കുമ്പോൾ കിട്ടിയ, സുഖകരമായ അനുഭൂതി, ഒന്ന് വേറെ തന്നെയായിരുന്നു.
20 മിനിറ്റ് നേരമുള്ള 'വോയേജ് ടു ദി ഫാൾസ്' ബോട്ട് ടൂർ, നയാഗ്ര ഗോർജ്, അമേരിക്കൻ വെള്ളച്ചാട്ടം, ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം എന്നിവയുടെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്തു.
കൂടാതെ പ്രശസ്തമായ കനേഡിയൻ ഹോഴ്‌സ് ഷൂ വെള്ളച്ചാട്ടവുമായി മുഖാമുഖം കണ്ട്, അതിശയിപ്പിക്കുന്ന മൂടൽമഞ്ഞിൽ നനയുവാനും പ്രകൃതി വിസ്മയങ്ങൾക്കൊപ്പം വരുന്ന ഇടിമുഴക്കവും ഭയാനകവുമായ ശക്തിയും നേർക്കുനേർ അനുഭവിക്കാനും കഴിഞ്ഞതിൽ മനസ്സും ശരീരവും കുളിരണിഞ്ഞു.
വെള്ളച്ചാട്ടത്തിന് മുകളിൽ തെളിഞ്ഞ സുന്ദരമായ മഴവില്ല് ഞങ്ങളെ വളരെയേറെ അത്ഭുതപ്പെടുത്തി. എതിർദിശയിലൂടെ നീങ്ങുന്ന അമേരിക്കയുടെ 'മെയ്ഡ് ഓഫ് ദി മിസ്റ്റ്' എന്ന ക്രൂസിലെ നീല പോഞ്ചോ ധരിച്ച സന്ദർശകരോട് 'ഹായ്' പറയുമ്പോൾ, ഉല്ലാസഭരിതരായി അവരും കൈവീശിക്കൊണ്ട് ഞങ്ങളെ കടന്നുപോയി.
നദിയുടെ മറുകരയിലുള്ള, അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റിന്റെ, ചില ഭാഗങ്ങളും കൂടാതെ, നയാഗ്രാ മലയിടുക്കിന്റെ അതിമനോഹരമായ കാഴ്ചകളും കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
രസകരവും ആഹ്ലാദകരവും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു ക്രൂസ് അനുഭവമായിരുന്നു അത്.
ക്രൂസ്സിൽ നിന്നും പുറത്തിറങ്ങി, ഇട്ടിരുന്ന നനഞ്ഞ പോഞ്ചോ കൾ ഊരിമാറ്റി, ക്രമീകരിച്ചിരിച്ചിരുന്ന വലിയ ബക്കറ്റിൽ നിക്ഷേപിച്ചു.
എലിവേറ്ററിൽ കൂടി മുകളിലെത്തി, സാധനങ്ങളും മൊമന്റോകളും നിറഞ്ഞ വലിയൊരു കടയുടെ ഉള്ളിൽ പ്രവേശിച്ചു. ഫ്രിഡ്ജ് മാഗ്നറ്റുകൾ ഉൾപ്പെടെ, ഓർമയ്ക്കായി ചില സാധനങ്ങൾ അവിടെ നിന്നും ഞങ്ങൾ വാങ്ങി.
പുറത്തിറങ്ങിയതിന് ശേഷം നയാഗ്രയിൽ താമസിക്കുന്ന, ഒരു സുഹൃത്തിനെയും കുടുംബത്തേയും സന്ദർശിക്കുവാനായി, അവിടെ നിന്നും പതിനഞ്ച് മിനിറ്റ് ദൂരം ഡ്രൈവ് ചെയ്ത് അവരുടെ വീട്ടിലെത്തി. ഗൂഗിളിൽ അഡ്രസ്സിട്ടു കൊടുത്താൽ, വീടിന്റെ മുന്നിൽ നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്ന ഒരു സംവിധാന രീതിയാണ് ഇവിടെയുള്ളത്.
കുശലാന്വേഷണങ്ങൾക്കും സ്നേഹ സംഭാഷണങ്ങൾക്കുമിടയിൽ ആന്റി നൽകിയ ചായയും സ്നാക്സും കഴിച്ചു.
25 വർഷത്തിന് ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കൾ ഒരുപാട് പഴയ ഓർമകൾ പരസ്പരം പങ്ക് വച്ചു.
നാട്ടിലെ ഒരടുത്ത സുഹൃത്തിന്റെ മകളും ഭർത്താവും അവിടെ അടുത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്. ഞങ്ങളെ അന്നവിടെ ഡിന്നറിന് ക്ഷണിച്ചിരുന്നു.
എഴ് മണിയോടുകൂടി അവിടെയെത്തിയ ഞങ്ങളെ വളരെ സ്നേഹപൂർവ്വം സ്വീകരിക്കുകയും രുചികരമായ ഭക്ഷണം നൽകി, സത്കരിക്കുകയും ചെയ്തു.
അതിന് ശ്രേഷം അവിടെ നിന്നും ഞങ്ങൾ നേരേ പോയത് അന്ന് രാത്രി സ്റ്റേ ചെയ്യുന്നതിന് വേണ്ടി ബുക്ക് ചെയ്തിരുന്ന ട്രാവലോഡ്‌ജ് ഹോട്ടലിലേക്കായിരുന്നു. പതിനഞ്ച് മിനിറ്റ് ദൂരം മാത്രം അകലെയുള്ള ഹോട്ടലിൽ എത്തി ഒൻപത് മണിക്ക് മുൻപ് തന്നെ ചെക്ക് ഇൻ ചെയ്തു.
സാധനങ്ങളൊക്കെ മുറിയിൽ കൊണ്ടുവച്ചിട്ട് ഫ്രഷായതിന് ശേഷം വീണ്ടും ഞങ്ങൾ പുറത്തേക്കിറങ്ങി. പത്ത് മണിക്ക് നയാഗ്രാ വെള്ളച്ചാട്ടത്തിൽ നടക്കുന്ന ഫയർവർക്ക്സും ലൈറ്റ് ഷോയും കാണുവാനായാണ് ഞങ്ങൾ പോയത്.
സ്കൈലോൺ ടവറിന് സമീപം, നേരത്തേ പൈസയടച്ചിട്ടിരുന്ന സ്ഥലത്ത് തന്നെ വണ്ടി പാർക്ക് ചെയ്തു. തണുപ്പിനെ വകവയ്ക്കാതെ, ഇരുൾ നിറഞ്ഞ കുറുക്കുവഴിയിലൂടെ നടന്ന്, വെള്ളച്ചാട്ടത്തിന് അരികിലെത്തിയതും ഫയർ വർക്ക്സ് തുടങ്ങിയതും ഒരുമിച്ചായിരുന്നു.
വെള്ളച്ചാട്ടത്തിന് സമീപമുള്ള ക്വീൻ വിക്ടോറിയ പാർക്കിൽ നിന്നു കൊണ്ട് ദൈർഘ്യമേറിയതും വിസ്മയ കരവുമായ വെടിക്കെട്ട് നന്നായി ഞങ്ങൾ ആസ്വദിച്ചു. വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് വിവിധ വർണങ്ങളിൽ പതിക്കുന്ന പ്രകാശ രശ്മികൾ, അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചത്.
സീസണനുസരിച്ച് ശനി, ഞായർ ദിവസങ്ങളിൽ സൗജന്യമായി നടത്തിവരുന്ന ഒന്നാണ് ഈ ഫയർവർക്സ്. എല്ലാ കരിമരുന്ന് പ്രകടനങ്ങളും കാലാവസ്ഥകൾക്ക് വിധേയമാണ്.
തിരികെ മുറിയിലെത്തി, ചൂടുവെള്ളത്തിൽ കുളിച്ചതിന് ശേഷം എല്ലാവരും സുഖമായി കിടന്നുറങ്ങി.
(തുടരും)