ഭാഗം 54
സെന്റ് ജോസഫ്സ് ഒറേറ്ററി ഓഫ് മൗണ്ട് റോയൽ, മോൺട്രിയൽ, കാനഡ...
മോൺട്രിയൽ നഗരത്തിന്റെ, ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയം കാണുവാനാണ് ഒക്ടോബർ 22-ന് ഞങ്ങൾ പോയത്. രാവിലെ ഒമ്പതര മണിക്ക് വീട്ടിൽ നിന്നും തിരിച്ച ഞങ്ങൾ പന്ത്രണ്ട് മണിയോടുകൂടി അവിടെ എത്തിച്ചേർന്നു.
മലയുടെ മുകളിലുള്ള, ഒരു വലിയ പള്ളിയാണിത്. ഇതിന്റെ സ്ഥാപകനായ, വിശുദ്ധ ബ്രദർ ആന്ദ്രേ ബെസറ്റിന്റെ പൈതൃകവും കാൽപ്പാടുകളും പിന്തുടർന്ന്, സമാധാനത്തിനും പ്രതിഫലനത്തിനുമുള്ള, അതുല്യമായ ഒരിടം തേടി, അനേകായിരങ്ങൾ ഇവിടെ ഒത്തുചേരുന്നു.
രക്ഷാധികാരിയായ സെന്റ് ജോസഫിന്റെ നാമത്തിലുള്ള ഒരു കത്തോലിക്കാ ദേവാലയമാണിത്. വിശ്വാസവും പ്രാർത്ഥനയും മൂലം സമാധാനവും രോഗശാന്തിയും ലഭിക്കുന്ന ഒരിടമാണ് ഇത്.
ദേവാലയത്തിന്റെ അകത്തെ താഴികക്കുടം ശരിക്കും ഒരു അത്ഭുതമാണ്. പ്രധാന അൾത്താരയ്ക്ക് പിന്നിലെ മാർബിളിൽ കൊത്തിയെടുത്ത, വിശുദ്ധ ജോസഫിന്റെ പ്രതിമ മനോഹരമായ ഒരു കാഴ്ചയാണ്.
മാർബിൾ ബലിപീഠം, കുരിശടി, കൂടാരം, പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പ്രതിമകൾ, താഴെയുള്ള തൂണുകൾ, അതിന്റെ മുന്നിലുളള പ്രസിഡന്റിന്റെ കസേര, ഓക്ക് ഇരിപ്പിടങ്ങൾ എന്നിവയെല്ലാം തന്നെ ഓരോരോ വിസ്മയങ്ങളാണ്.
ക്രിപ്റ്റ് ചർച്ച് എന്നറിയപ്പെടുന്ന, ഈ പ്രധാന ദേവാലയത്തിനും മൗണ്ട് റോയൽ പാറയ്ക്കും ഇടയിലാണ് വോട്ടീവ് ചാപ്പൽ സ്ഥിതിചെയ്യുന്നത്.
ആന്ദ്രേ സഹോദരന്റെ കറുത്ത മാർബിളിൽ കൊത്തിയെടുത്ത ശവകുടീരം, വോട്ടീവ് ചാപ്പലിന്റെ മധ്യത്തിലുള്ള, ഒരു ആൽക്കൗവിൽ നിലകൊള്ളുന്നു.
വൈവിധ്യമേറിയ ഇറ്റാലിയൻ വാസ്തുവിദ്യാ ശൈലികൊണ്ട് സമ്പന്നമാണ് ഈ ദേവാലയം. ആരാധനാലയത്തിന്റെ രൂപഭംഗിയും കമാനങ്ങളുടെ സവിശേഷതയും എടുത്തു പറയത്തക്കരീതിയിൽ വ്യതസ്തത പുലർത്തുന്നതാണ്.
ആരാധന തുടങ്ങുവാനുള്ള ക്രമീകരണങ്ങൾ നടക്കുന്നതിനാൽ കുറച്ചു സമയം ദേവാലയത്തിന്റെ ഉള്ളിൽ ചിലവഴിച്ചിട്ട് ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.
കാനഡയിലെ, ഏറ്റവും വലിയ പള്ളിയായ ഇതിലെ ഉയരം കൂടിയ താഴികക്കുടങ്ങൾ,
ലോകത്തിലെ തന്നെ ഏറ്റവും വലിയ താഴികക്കുടങ്ങളിൽ ഒന്നാണ്. ഇത് കാനഡയിലെ, ഒരു ദേശീയചരിത്ര സൈറ്റ് കൂടിയാണ്. പർവതത്തിന്റെ മുകളിൽ ഉയർന്നു കാണുന്ന താഴികക്കുടങ്ങളുടെ കൊടുമുടിയിൽ കുരിശും അതിന് തൊട്ടുതാഴെ വിളക്കും സ്ഥാപിച്ചിട്ടുണ്ട്.
തെരുവിൽ നിന്ന് ക്രിപ്റ്റ് ചർച്ചിലേക്ക് നയിക്കുന്ന 283 കോൺക്രീറ്റ് പടികളുള്ള ഗോവണിപ്പടികളുണ്ട്. കൂടാതെ, തടികൊണ്ടുള്ള
99 സമാന്തര പടികളും വേറെയുണ്ട്.
രാവിലെ മുതൽ മഴ പെയ്തു കൊണ്ടിരുനതിനാൽ ആറ് ഡിഗ്രി തണുപ്പിലും കാറ്റിലും ഞങ്ങളെല്ലാവരും തണുത്തുവിറച്ചു. പടികൾ ചവിട്ടിക്കയറി മുകളിലെത്തി പർവത നിരപ്പിലെ വ്യൂ പോയിന്റിൽ നിന്നുകൊണ്ട് മോൺട്രിയൽ നഗരത്തിന്റെ, സമാനതകളില്ലാത്ത
360 ഡിഗ്രിയിലുള്ള പനോരമിക് കാഴ്ചകൾ നോക്കിക്കണ്ടു.
വർണ്ണാഭമായ പൂന്തോട്ടങ്ങൾക്ക് പുറമേ വിശാലമായ പുൽത്തകിടികൾ നിറഞ്ഞ മൈതാനങ്ങൾ ഉയർന്ന മരങ്ങൾ കുരിശിന്റെ വഴിയിലെ മനോഹരമായ പൂക്കൾ നിറഞ്ഞ പാതകൾ ധാരാളം പ്രതിമകൾ തുടങ്ങി, സുന്ദരമായ കാഴ്ചകൾ ഇവിടെ നിറഞ്ഞുനിൽക്കുന്നു. കലയും പ്രകൃതിയും കൂടിച്ചേർന്ന് ആരാധനയ്ക്കും ധ്യാനത്തിനും അനുയോജ്യമായി വളർത്തിയെടുത്ത ഒരിടം തന്നെയാണിത്...
കാനഡയിൽ ഞാൻ കണ്ട വിചിത്രവും രസകരവുമായ ഒരു ആഘോഷത്തെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്.
പടിഞ്ഞാറൻ നാടുകളിൽ എല്ലാവർഷവും ഒക്ടോബർ 31, ഹാലോവീൻ ഡേ ആയിട്ട് ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
ഒരു മാസം മുൻപ് തന്നെ മിക്ക വീടുകളുടേയും മുന്നിൽ മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിലുള്ള വലിയ മത്തങ്ങകൾ കാണാം. അകത്തെ ഭാഗം കളഞ്ഞ് കണ്ണും മൂക്കും വായുമൊക്കെ സ്കാർവ് ചെയ്ത് അകത്ത് മെഴുകുതിരിയും കത്തിച്ചു വയ്ക്കും. ഇരുട്ടിലെ വികൃതമായ മുഖഭാവം കാണുന്നവരിൽ, ഭീതിയും കൗതുകവും ഒരുപോലെ ഉണർത്തുന്നവയാണ്. പ്രേതാലയത്തിലെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ വീടുകളുടെ മുന്നിൽ അസ്ഥികൂടങ്ങൾ കൊണ്ട് നിറഞ്ഞ സെമിത്തേരികൾ ഉണ്ടാക്കി വയ്ക്കുന്നത്
ആരുടേയും ശ്രദ്ധയെ ആകർഷിക്കുന്നതാണ്. വെള്ളത്തുണികൾ ധരിപ്പിച്ച പൈശാചികമായ രൂപങ്ങൾ കാറ്റത്തിളകിയാടുന്ന കാഴ്ചകളും രസകരമാണ്. ഊഞ്ഞാലാടുന്ന യക്ഷികളും മരത്തിൽ തൂണിക്കിടന്നാടുന്ന പ്രേതങ്ങളും തുടങ്ങി നാനാതരത്തിലുള്ള ഹാലോവിൻ ഡെക്കറേഷൻസ് ധാരാളം വീടുകളുടെ മുന്നിലുമുള്ള കാഴ്ചയാണ്.
ഒക്ടോബർ 31-ാം തീയതി വൈകിട്ട് ആറ് മണി മുതൽ കുട്ടികളേയും മുതിർന്നവരേയും കൊണ്ട് തെരുവുകൾ സജീവമാണ്.
അലങ്കരിച്ച വീടുകളിൽ കയറി കുട്ടികൾ ട്രിക് ഓർ ട്രീറ്റ് പറയുമ്പോൾ വീട്ടുകാർ അവർക്ക് ചോക്ലേറ്റ് സമ്മാനിക്കുന്നു. ഇരുട്ടും തണുപ്പും അവഗണിച്ച് പലതരം വ്യത്യസ്തമായ വേഷങ്ങൾ ധരിച്ചാണ് കുട്ടികൾ കുട്ടകളുമായി വീടുകൾ കയറിയിറങ്ങുന്നത്. മൈനസ് മൂന്ന് ഡിഗ്രി താപനിലയിൽ വിചിത്രമായ ആഘോഷം കാണാൻ അന്ന് രാത്രിയിൽ ഞങ്ങളും പോയി. വാങ്ങി വച്ച മിഠായികൾ കൊടുത്തു തീരുമ്പോൾ വീട്ടുകാർ ലൈറ്റണയ്ക്കും. ഹാലോവിൻ ആചരണത്തിന്റെ അർത്ഥമറിയാതെ ചെറിയ കുട്ടികൾ പോലും സന്തോഷിച്ചുല്ലസിക്കുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു കൗതുകകരമായ ആഘോഷം കാണുവാൻ സാധിച്ചത്. രാത്രി പത്തുമണിവരേയും തെരുവുകൾ സജീവമായിരുന്നു.
ഹാലോവീൻ എന്നത് ഓൾ ഹാലോസ് ഈവ് അല്ലെങ്കിൽ ഓൾ സെയിന്റ്സ് ഈവ് എന്നാണർത്ഥമാക്കുന്നത്. ഒക്ടോബർ 31 ന് പല പാശ്ചാത്യ രാജ്യങ്ങളിലും ആചരിക്കുന്ന ഒരു ആഘോഷമാണിത്. വിശുദ്ധർ, രക്തസാക്ഷികൾ ഉൾപ്പെടെ മരിച്ചു പോയവരെ അനുസ്മരിക്കാൻ സമർപ്പിച്ചിരിക്കുന്ന ആരാധനാ വർഷത്തിലെ സമയമാണിത്. ഇന്നിത് ക്രൂരവും അമാനുഷികവുമായി ചിത്രീകരിച്ച് ഭയാനകമായ ഒരാഘോഷമാക്കി മാറ്റിയിരിക്കുന്നു.
പാശ്ചാത്യ ക്രിസ്ത്യാനികൾ എല്ലാ വിശുദ്ധന്മാരെ ബഹുമാനിക്കുകയും സ്വർഗത്തിൽ എത്തിച്ചേരാത്ത ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന സമയമാണിത്.
(തുടരും)