ഭാഗം 30
നെസ്സ്നദിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിദത്ത ദ്വീപുകളുടെ ഒരു ശേഖരമാണ് നെസ്സ് ഐലന്റ്സ്. നദീതീരങ്ങളിൽ നിന്നും ഉടനീളം മനോഹരമായ നിരവധി നടപ്പാലങ്ങളാൽ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു.
ദ്വീപുകളുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്ന് പാലം വഴി നദിയുടെ മറുകരയിലേക്ക് പ്രവേശിക്കുകയും ചെയ്യാം. ഉയരമുള്ള പൈൻമരങ്ങളും വളരെ പഴക്കം ചെന്ന മറ്റ് വിവിധയിനം തണൽമരങ്ങളുടേയും ഇടയിലുള്ള, പാതകൾ ചുറ്റി യഥേഷ്ടം സഞ്ചരിക്കാവുന്നതാണ്. ഇരിക്കാനും വിശ്രമിക്കാനും മരങ്ങളിൽ കൊത്തിയെടുത്ത ധാരാളം ബെഞ്ചുകൾ പലയിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട്, മരങ്ങളും പുൽത്തകിടികളും കൊണ്ട് സമൃദ്ധമായ ഇവിടം, വളരെ വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിരിക്കുന്നു. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് മരങ്ങൾക്കിടയിലൂടെ നടന്നും ഫോട്ടോകൾ എടുത്തും വീഡിയോ പിടിച്ചും ഏകദേശം രണ്ട് മണിക്കൂർ നേരമെങ്കിലും ഞങ്ങളവിടെ ചിലവഴിച്ചു.
വിക്ടോറിയൻ രീതിയിലുളള പാലത്തിലൂടെ, നദിയുടെ മറുകരയിൽ പാർക്ക് ചെയ്തിരുന്ന കാറിന് സമീപം ഞങ്ങൾ നടന്നെത്തി. കാറിലിരുന്ന് കൊണ്ട് തന്നെ ഇൻവർനസ് നഗരത്തിലെ കാഴ്ചകളിലൂടെ കണ്ണോടിച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്നും മടങ്ങി. അബർഡീനിലേക്കുള്ള മടക്കയാത്രയിൽ Glenfiddich ഡിസ്റ്റിലറി കാണുവാനായി ഞങ്ങൾ അവിടെ ഇറങ്ങി. സ്കോട്ട്ലൻഡിലെ ഡഫ് ടൗണിലെ സ്കോട്ടിഷ് ബർഗിലുള്ള 'വില്യം ഗ്രാന്റ് ആൻഡ് സൺസി'ന്റെ ഉടമസ്ഥതയിലുള്ള ഒരു സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കി ഡിസ്റ്റിലറിയാണത്. വണ്ടിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾത്തന്നെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന കള്ളിന്റെ മണം മൂക്കിലേക്ക് ഇരച്ചുകയറി. പ്രവേശന സമയം കഴിഞ്ഞിരുന്നതിനാൽ പരിസരമെല്ലാം ചുറ്റിനടന്ന് കണ്ടതിന് ശേഷം തിരികെ വന്ന് കാറിൽ കയറി. ഇവിടുത്തെ കാറ്റിന് പോലും കള്ളിന്റെ ഗന്ധമാണെന്നുള്ളത്, കൗതുകകരമായ ഒരു കാര്യം തന്നെയാണ്.
അബർഡീനിലേക്കുള്ള ദേശീയ പാതയുടെ പലയിടങ്ങളിലും ഇരുവശങ്ങളിലായി, വയലറ്റ്, പർപ്പിൾ നിറങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പുക്കളുടെ ഭംഗി എന്നെ വളരെയേറെ സ്വാധീനിച്ചു. നമ്മുടെ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്ത വ്യത്യസ്ത ഇനത്തിലുള്ള പൂക്കളായിരുന്നു അവ. ഒന്ന് രണ്ട് സ്ഥലങ്ങളിൽ വണ്ടി നിർത്തി, അതിന്റെ മനോഹാരിത ക്യാമറയിൽ പകർത്തുകയും ചെയ്തു. ചില ഭാഗങ്ങളിൽ, വിശാലമായ പച്ചപ്പുൽത്തകിടികളിൽ മേഞ്ഞുനടക്കുന്ന വെള്ളനിറത്തിലുള്ള ആടുകളുടെ വലിയ വലിയ കൂട്ടങ്ങളും എന്നിൽ കൗതുകമുണർത്തി. റോഡരികിൽ വണ്ടി പാർക്ക് ചെയ്തിട്ട്, പച്ചയിൽ വെളുത്ത പൊട്ടുകൾ പോലെ തോന്നിക്കുന്ന, ആടുകളുടെ ചിത്രമെടുക്കാനായി ശ്രമിച്ചെങ്കിലും ഞങ്ങളുടെ ശബ്ദം കേട്ട് ഭയന്ന്, അവ കൂട്ടത്തോടെ ദൂരേയ്ക്ക് ഓടിപ്പോകുന്ന കാഴ്ച, എന്നെ സങ്കടപ്പെടുത്തി. എട്ട് മണിയോടെ അബർഡീൻ ടൗണിലെത്തി, രാത്രിയിൽ കഴിക്കുവാനുള്ള ഭക്ഷണവും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പോയി. എല്ലാവർക്കും നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കുളിച്ച് ഫ്രഷായി, ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി.
പിറ്റേദിവസം ഞായറാഴ്ച, വൈകിട്ട് അബർഡീൻ ബിച്ചിനടുത്തുള്ള ഒരു ടർക്കിഷ് റെസ്റ്റോറന്റിൽ, വൈകിട്ട് ഏഴ് മണിയോട് കൂടി ഞങ്ങൾ ഡിന്നർ കഴിക്കാനായി പോയി. നേരത്തേ വിളിച്ച് ബുക്ക് ചെയ്തിരുന്നതിനാൽ, ഞങ്ങളുടെ സീറ്റുകൾ റിസർവ് ചെയ്തിരുന്നു. വ്യത്യസ്തമായ രുചികൾ അടങ്ങിയ പലതരം വിഭവങ്ങൾ ഓർഡർ ചെയ്തു. രണ്ട് മണിക്കൂറോളം സമയമെടുത്ത്, എല്ലാവരും നന്നായി ആസ്വദിച്ച് കഴിച്ചു. അവിടെ നിന്നും ഇറങ്ങി ബിച്ച് സൈഡിൽ പോയി കടലിന്റെ അഗാധതയിലേക്ക് കണ്ണുംനട്ട് കുറച്ചുനേരം നിന്നു. കാറ്റും തണുപ്പും അസഹനീയമായി തോന്നിയതിനാൽ അധികനേരം അവിടെ നിൽക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച മുതൽ മകൾക്കും മരുമകനും ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ കൊച്ചുമക്കളോടൊപ്പം ഞങ്ങൾ വീട്ടിലിരുന്നു. വെള്ളിയാഴ്ച മകൾക്ക് അവധിയായതിനാൽ, ബ്രേക്ഫാസ്റ്റ് കഴിഞ്ഞ്, രാവിലെ പത്ത്മണിയോടുകൂടി കുഞ്ഞുങ്ങുളയും കൂട്ടി ഞങ്ങൾ പുറത്തിറങ്ങി. ഫസ്റ്റ് ബസ്സ് കമ്പനിയുടെ ആപ്പ്, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ട്, സിറ്റി ബസ്സിൽ, ഒരു ദിവസത്തേക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്തു. അഞ്ച് പൗണ്ടിന് എടുത്ത ടിക്കറ്റിൽ, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ, ഫസ്‌റ്റ്ബസ്സ് കമ്പനിയുടെ സിറ്റി ബസ്സുകളിൽ, മാറി മാറി കയറി എവിടെ വേണമെങ്കിലും പോകാമായിരുന്നു. കുട്ടികൾക്ക് ഫ്രീയായി സഞ്ചരിക്കാനുള്ള പാസ്സ് കാർഡുകളുമുണ്ട്. വീടിനടുത്തുള്ള സ്റ്റോപ്പിൽ നിന്നും അബർഡീൻ ടൗണിലേക്കുളള ബസ്സ് കാത്തുനിന്നു. രണ്ട് മിനിറ്റിനുള്ളിൽ എത്തിയ ബസ്സിൽ, എല്ലാവരുടേയും ഫോണിലുള്ള ടിക്കറ്റുകൾ സ്കാൻ ചെയ്തിട്ട് ഞങ്ങൾ അകത്ത് കയറി.
ഉൾപ്രദേശങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് പോകുന്ന ബസ്സായിരുന്നതിനാൽ ഗ്രാമത്തിന്റെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങളിരുന്നു. ഒരു സ്റ്റോപ്പിലെത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി. അവിടെ നിന്നും മറ്റൊരു ബസ്സിൽ കയറി വേറൊരു സ്റ്റോപ്പിലിറങ്ങി. ചുരുക്കത്തിൽ, ഫസ്റ്റ് ബസ്സ് കമ്പനിയുടെതന്നെ, നാല് ബസ്സുകളിൽ കയറിയാണ് അന്ന് ഞങ്ങൾ അബർഡീൻ ബീച്ചിന് സമീപമുളള കൊഡോണ അമ്യൂസ്മെന്റ് പാർക്കിൽ എത്തിയത്. വടക്കൻ കടലിന്റെ തീരത്ത് അബർഡീൻബീച്ചിനോടും ക്വീൻസ് ലിങ്കുകളോടും ചേർന്നാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ഇതിന്റെ നിർമാതാക്കളായ കൊഡോണാ ഫാമിലിയിലെ മൂന്നാമത്തെ തലമുറക്കാരാണ് ഇന്നിത് കൈകാര്യം ചെയ്യുന്നത്. അമ്പത് വർഷത്തിലേറെയായി കുടുംബ വിനോദങ്ങളുടെ ഭവനമായി ഇത് നിലകൊള്ളുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന രസകരവും ആകർഷണീയങ്ങളുമായ വിവിധയിനം റൈഡുകൾക്ക് പുറമേ, വേഗത്തിലോടുന്ന പലതരം കാർട്ട് റെയിസുകളും ഇവിടെയുണ്ട്. കഴിവുകൾ പരീക്ഷിക്കാൻ, ഔട്ട്ഡോറിൽ അഡ്വഞ്ചർ ഗോൾഫ് കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. 'സ്മഗ്ളേഴ്സ് കോവ്' എന്നറിയപ്പെടുന്ന കുട്ടികളുടെ കളിസ്ഥലത്തേക്ക് കയറുവാനുള്ള പ്രത്യേക പ്രവേശന ടിക്കറ്റുകൾ 'ടൈനി ടോട്ട്സ് റിസ്റ്റ്ബാൻഡായി' ലഭിക്കുന്നതാണ്. ധാരാളം റൈഡുകളും റെയിസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കളിസ്ഥലത്ത്, നടപ്പാതകളാൽ ബന്ധിച്ചിരിക്കുന്ന മൂന്ന് ജയന്റ് ട്രീ ഹട്ട്സിൽ, കുട്ടികൾക്ക് ഓടാനും ചാടാനും ഗെയിമുകൾ കളിക്കാനുമുള്ള സൗകര്യങ്ങളും ഉണ്ട്. കുട്ടികളുടെ റിസ്റ്റ് ബാൻഡിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്കാലി വാഗ്സ് ബമ്പർ ബോട്ട് റെയിസ്, ഗാലിയൻ പൈറേറ്റ് കപ്പൽ, ഡെഡ്മാൻസ് ഡ്രോപ്പ് ടവർ, ആപ്പിൾ ഫാമിലി കോസ്റ്റർ, കറങ്ങുന്ന ബമ്പർ കാറുകൾ, സ്പിന്നിംഗ് ടീ കപ്പുകൾ, തുടങ്ങിയ വിവിധയിനം റൈഡുകൾ കുട്ടികളോടൊപ്പം ഞങ്ങളും ആസ്വദിച്ചു. ടിക്കറ്റിലുൾപ്പടുത്തിയ ഡീലിന്റെ ഭാഗമായി ലഭിച്ച ബിഗ് മണിയുടെ മാർഗരിറ്റ പിസയും കഴിച്ചതിന് ശേഷം, കുറച്ച് സമയം ഗോൾഫ് കളിക്കാനായി പോയി. കോയിനുകളിട്ട്, നിരവധി ഇൻഡോർ ഇലക്ട്രോണിക് ഗെയിമുകളിലും കുട്ടികൾ സമയം ചിലവഴിച്ചു. ഫുഡ്കോർട്ടിൽ നിന്നും സ്നാക്സും ജ്യൂസും ഐസ്ക്രീമും മറ്റും വാങ്ങിക്കഴിച്ചു. മധുരമുള്ളതും മൃദുവേറിയതും മുറുക്കിന്റെ ആകൃതിയുമുള്ള നീളത്തിലുള്ള ഒരു വിഭവമാണ് ചുറൂസ്. അങ്ങനെയുള്ള സ്വാദിഷ്ടമായ ഭക്ഷണം കാണുന്നതും കഴിക്കുന്നതും ആദ്യമായിട്ടായിരുന്നു. രസകരമായ ഒരു ദിവസം അവിടെ ചിലവഴിച്ചതിന് ശേഷം സമീപത്തുള്ള 'അസ്ഡ' എന്ന വലിയ സൂപ്പർ മാർക്കറ്റിൽ കയറി അത്യാവശ്യം വേണ്ട സാധനങ്ങളും വാങ്ങി ഇറങ്ങിയപ്പോഴേക്കും ജോലികഴിഞ്ഞെത്തിയ മരുമകൻ ഞങ്ങളെ പിക്ക് ചെയ്യാനായി അവിടെയെത്തി. രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണവും വാങ്ങി, ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി.
(തുടരും.)