ഭാഗം 1
ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി സ്വസ്ഥമായ ജീവിതം നയിക്കാൻ തുടങ്ങിയിട്ട് രണ്ട് കൊല്ലത്തോളമായി. മക്കൾ മൂന്നുപേരും വിദേശത്തായിരുന്നതിനാൽ വർഷത്തിൽ രണ്ട് തവണയെങ്കിലും ഭർത്താവിനോടൊപ്പം പല സ്ഥലങ്ങളിലേക്കും യാത്രപോകുക പതിവായിരുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും കാഴ്ചകൾ കാണാനും എന്നേക്കാൾ കൂടുതൽ താൽപ്പര്യം ഭർത്താവിനായിരുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ ഡൽഹി, കാശ്മീർ, ഗോവ, ബാംഗ്ലൂർ, കന്യാകുമാരി, കോവളം, വയനാട്, മൂന്നാർ, എറണാകുളം, ആലപ്പുഴ തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഭർത്താവിനോടൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്.
മക്കളുടെ നിർബന്ധപ്രകാരം അവർ താമസിക്കുന്ന രാജ്യങ്ങളൊക്കെ സന്ദർശിക്കുവാനും അവരോടൊപ്പം കുറച്ചു നാളുകൾ ഒരുമിച്ച് ചിലവഴിക്കാനുമാക്കെ ഞങ്ങളും ആഗ്രഹിച്ചു. അപ്രകാരം യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തന്നെ ആരംഭിച്ചു. ആറുമാസം നീണ്ടുനിൽക്കുന്ന ഒരു സഞ്ചാരമാണ് പ്ലാൻ ചെയ്തത്, ആദ്യത്തെ മൂന്നുമാസം പെൺമക്കൾ താമസിക്കുന്ന
യു. കെ യിലെ സ്കോട്ട്ലൻഡിലേക്കും ശേഷം മകനും കുടുംബവും താമസിക്കുന കാനഡയിലേക്കും യാത്ര ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിച്ചു.
കാനഡയിലേക്കുള്ള വിസ കിട്ടിയതിന് ശേഷമാണ് യു.കെ വിസയ്ക്ക് അപേക്ഷിച്ചത്.
പ്രശ്നങ്ങളൊന്നും കൂടാതെതന്നെ മൂന്നു മാസത്തിനുള്ളിൽ രണ്ടിടത്തേയും വിസിറ്റ് വിസകൾ ലഭിക്കുകയുണ്ടായി. പാസ്സ്പോർട്ടിന്റെ കാലാവധി തീരുന്നത് വരെ കാനഡയിലേക്കുള്ള വിസ ലഭിച്ചെങ്കിൽ, യു.കെ യിലേക്കുള്ള വിസിറ്റ് വിസയ്ക്ക് വെറും ആറുമാസത്തെ സമയപരിധിയേ ഉണ്ടായിരുന്നുള്ളൂ...
ഒരുമാസത്തിനുള്ളിൽ ടിക്കറ്റെടുത്ത് യാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. രണ്ടാഴ്ചക്കുള്ളിൽ കാര്യങ്ങളെല്ലാം അടുപ്പിച്ചു. യാത്രതിരിക്കുന്നതിന്റെ രണ്ട് ദിവസങ്ങൾക്ക് മുൻപ് തന്നെ ഒരാൾക്ക് 40 കാലോ എന്ന കണക്കിൽ മൂന്ന് പെട്ടികളിൽ സാധനങ്ങൾ പായ്ക്ക് ചെയ്തു. അന്നേ ദിവസം ഒന്നുകൂടി പെട്ടികളുടെ തൂക്കം നോക്കി ഉറപ്പാക്കി.
2023 June മാസം എട്ടാം തീയതി തിരുവനന്തപുരത്തുനിനും അതിരാവിലെ അഞ്ചുമണിക്കുള്ള എയർ അറേബ്യ കമ്പനിയുടെ വിമാനത്തിൽ അബുദാബി എയർ പോർട്ടിൽ ഇറങ്ങി. ടിക്കറ്റെടുത്ത കൂട്ടത്തിൽ ഭക്ഷണവും ഓർഡർ ചെയ്തിരുന്നതിനാൽ ബ്രേക്ഫാസ്റ്റ് വിമാനത്തിനുള്ളിൽത്തന്നെ ലഭിക്കുകയുണ്ടായി. അവിടെ നിന്നും രണ്ട് മണിക്കൂറിന് ശേഷമായിരുന്നു ആംസ്റ്റർഡാമിലേക്കുള്ള ഇത്തിഹാദ് ഫ്ളൈറ്റ്.
മുന്നൂറിൽ കൂടുതൽ യാത്രക്കാർക്ക് ഒരുമിച്ച് സഞ്ചരിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചിട്ടുള്ള വളരെ വലിയൊരു വിമാനമായിരുന്നു അത്. അബുദാബിയിൽ നിന്നും കൃത്യസമയത്ത് തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ എല്ലാവർക്കും രുചികരമായ ലഞ്ച് നൽകിക്കൊണ്ട് സുന്ദരികളായ എയർ ഹോസ്റ്റസ് തങ്ങളുടെ ജോലികൾ നിർവഹിച്ചു. സിനിമകൾ കണ്ടും പാട്ടുകൾ കേട്ടും ഉറങ്ങിയും മറ്റും നീണ്ട എട്ട് മണിക്കൂറുകൾ തള്ളിനീക്കി.
കഴിഞ്ഞ രാത്രിയിൽ പതിനൊന്ന് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതിനാൽ ഉറക്കക്ഷീണം നന്നായി ഉണ്ടായിരുന്നു.
ജൂൺമാസം ഒൻപതാം തീയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പത്ത്മണിയോടു കൂടി ഞങ്ങൾ ആംസ്റ്റർഡാം എയർപോർട്ടിൽ എത്തിച്ചേർന്നു. ഹോളണ്ട് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ നെതർലാന്റിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം. ഞാനിന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒരു വിമാനത്താവളമായിരുന്നു അത്. യൂറോപ്പിലെ എയർപോർട്ടുകളിൽ വച്ച് മൂന്നാമത്തെ സ്ഥാനം തന്നെ ഇതിനുണ്ട്. ലോകത്തിലെ ഒട്ടുമുക്കാൽ രാജ്യങ്ങളിലേക്കും കണക്ടിംഗ് ഫ്ളൈറ്റുകളുള്ള ഇവിടം വളരെ വളരെ തിരക്കേറിയതും വിശാലവുമാണ്.
ഏകദേശം 223 ബോർഡിംഗ് ഗേറ്റുകൾ തന്നെ ഇവിടെയുണ്ട്. ഒരേ സമയം പല ഗേറ്റുകളിൽ നിന്നും യാത്രക്കാരെ വിമാനങ്ങളിലേക്ക് കയറ്റാനുള്ള സംവിധാനങ്ങളുമുണ്ട്. നല്ല രീതിയിൽ ഗൈഡ് ചെയ്യാനും സഹായിക്കാനും മന:സ്ഥിതിയുള്ള മാന്യന്മാരായ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കർശനമായ സെക്യൂരിറ്റി ചെക്കിംഗ് ഇവിടുത്തെ പ്രത്യേകതയാണ്. ആംസ്റ്റർഡാമിലെ ഈ എയർപോർട്ട് ഷിഫോൾ എയർപോർട്ടെന്നും അറിയപ്പെടുന്നു.
ഞങ്ങൾക്ക് അവിടെ എട്ട് മണിക്കൂർ വെയിറ്റിംഗ് ഉണ്ടായിരുന്നതിനാൽ നീണ്ടുനിവർന്നു കിടക്കാൻ സൗകര്യപ്രദമായ ലോബി കണ്ടുപിടിച്ച് സുഖമായി കിടന്നു. ഫ്രീ വൈഫൈ കണക്ഷൻ ഉള്ളതിനാൽ കുറച്ചുസമയം ഫോണിൽ കുത്തിക്കൊണ്ടിരുന്നു. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യവും കസേരയുടെ വശങ്ങളിൽത്തന്നെ സജ്ജീകരിച്ചിരുന്നത് ഉപകാരമായി.
അഞ്ച്മണി കഴിഞ്ഞപ്പോൾ നല്ല വിശപ്പ് തോന്നിയതിനാൽ മക്ഡൊണാൾസിൽ നിന്നും ഹാംബർഗർ വാങ്ങിക്കഴിച്ചു. ഡോളർ സ്വീകരിക്കാതിരുന്നതിനാൽ കയ്യിലുണ്ടായിരുന്ന പൗണ്ട് കൊടുത്തെങ്കിലും ബാക്കി തന്നത് യൂറോയിലാണ്. അവിടെ എല്ലായിടത്തും പൊതുവേ യൂറോയിലാണ് നാണയവിനിമയം നടത്തുന്നത്. ഭാഷയും ഒരു പ്രശ്നം തന്നെയാണ്. ഇംഗ്ലീഷ് സംസാരിക്കുന്നവർ അവിടെ വളരെ വിരളമാണ്.
രാത്രി ഒൻപത് മണിയായിട്ടും സൂര്യൻ അസ്തമിക്കാതിരുന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. വൈകുന്നേരം നാലുമണിയുടെ പ്രതീതി ജനിപ്പിക്കുന്ന രീതിയിലുള്ള തെളിഞ്ഞ വെട്ടം. സമ്മറിലെ കാലാവസ്ഥ ഇവിടെ ഇങ്ങനെയാണത്രേ... വിന്റർ സീസൺ ആവുമ്പോൾ നേരേ മറിച്ചും... മൂന്ന് മണിയാവുമ്പോൾ തന്നെ എല്ലായിടവും ഇരുൾ പരക്കുമെന്നാണ് പറയുന്നത്.
അവിടുത്തെ സമയം രാത്രി ഒമ്പതര മണിക്കായിരുന്നു ഞങ്ങൾക്ക് പോകേണ്ടിയിരുന്ന സ്കോട്ട്ലന്റിലെ അബർഡീനിലേക്കുള്ള KLM ഫ്‌ളൈറ്റ്. മൂത്ത മകളും കുടുംബവും അവിടെയാണ് താമസിക്കുന്നത്. പറഞ്ഞിരുന്ന സമയത്തിൽ നിന്നും അരമണിക്കൂർ വൈകിയാണ് ബോർഡിംഗ് നടന്നത്. അവിടെ നിന്നും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു യാത്രയായിരുന്നു അത്.
ദൂരമുണ്ടായിരുന്നതിനാൽ, എയർപോർട്ടിൽ നിന്നും ഒരു വലിയ ബസ്സിലായിരുന്നു യാത്രക്കാരെ വിമാനത്തിന് സമീപം എത്തിച്ചത്. ഏകദേശം നൂറ് പേരെ മാത്രം വഹിക്കാൻ കഴിയുന്ന ഒരു ചെറിയ വിമാനമായിരുനു അത്. അരമണിക്കൂർ കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും അക്ഷമരായി.
പൈലറ്റിന്റെ അറിയിപ്പനുസരിച്ച് ആരോ രണ്ട് പേർ നിയമം ലംഘിച്ച് പാസ്സ്പോർട്ട് സ്കാനിംഗ് നടത്താതെയും എക്സിറ്റ് അടിക്കാതെയുമാണ് വിമാനത്തിൽ കയറിയിരിക്കുന്നത്. അവർ ആരാണെങ്കിലും തിരിച്ചുപോയി സ്കാനിംഗ് നടത്തിയിട്ട് വരണമെന്ന് അറിയിച്ചെങ്കിലും അവർക്ക് പോകാനുള്ള ബസ്സ് വരാതിരുന്നതിനെത്തുടർന്ന്
അവർ തിരികെ പോകേണ്ടതില്ലെന്നും പോലീസ് വന്ന് ചെക്ക് ചെയ്ത് വേണ്ട നടപടികൾ എടുക്കുമെന്നും അറിയിച്ചു. പോലീസ് വരാനായി വീണ്ടും ഇരുപത് മിനിറ്റ് നേരം കാത്ത് കിടന്നു.
ഒടുവിൽ പോലീസെത്തി നടപടികൾ പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ ഫ്ളെറ്റ് ടേക്ക് ഓഫ് ചെയ്തു. അരമണിക്കൂറിനുള്ളിൽത്തന്നെ ലഘുഭക്ഷണം നൽകി യാത്രക്കാരെ സന്തോഷിപ്പിച്ചു. പ്രാദേശിക സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോഴാണ് ഞങ്ങൾ അബർഡീൻ വിമാനത്താവളത്തിൽ ഇറങ്ങിയത്. പരിമിതമായ ചുറ്റളവിൽ ഒതുങ്ങിനിൽക്കുന്ന വളരെ ചെറിയ ഒരു എയർപോർട്ട് ആയിരുന്നു അത്. ഇമിഗ്രേഷൻ കഴിഞ്ഞ് പെട്ടികളും കളക്ട് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോൾ മകളും കൊച്ചു മകനും ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നു. കാത്തിരുന്ന് മുഷിഞ്ഞ് ചെറിയ മകൾ ഉറങ്ങിപ്പോയതിനാൽ അവളേയും കൊണ്ട് മരുമകൻ കാറിൽത്തന്നെ ഇരിക്കുകയായിരുന്നു. ഒരു കൊല്ലത്തിന് ശേഷം തമ്മിൽ കണ്ടതിലുള്ള സന്തോഷം പരസ്പരം കെട്ടിപ്പിടിച്ച് പങ്കുവച്ചതിന് ശേഷം ലഗേജുമെടുത്ത് ഞങ്ങൾ കാറിനടുത്തേയ്ക്ക് നടന്നു.
ഗ്രാനൈറ്റ് സിറ്റിയെന്നറിയപ്പെടുന്ന അബർഡീനിന്റെ ശാന്തമായ വീഥികളിലൂടെ കാറോടിച്ച് വീട്ടിലെത്തിയപ്പോൾ മണി ഒന്ന് കഴിഞ്ഞു.
(തുടരും)