ഭാഗം 38
ഓഗസ്റ്റ് 27-ാം തീയതി ഞയറാഴ്ച, ഒന്റാറിയോ പ്രോവിൻസിലെ കിംങ്സ്റ്റണിലുള്ള ഗനനോക്ക് സിറ്റിയും തൗസന്റ്ഐലന്റും സന്ദർശിക്കുവാൻ, രാവിലെ എട്ടരമണിയോട് കൂടി ഞങ്ങൾ വീട്ടിൽ നിന്നും തിരിച്ചു. 11.30 മണിക്കുള്ള സിറ്റി ക്രൂസിൽ കയറുവാനായി, തലേ ദിവസം തന്നെ ഓൺലൈനിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. 1800 ലധികം ദ്വീപുകളുളള ഒരു ദ്വീപസമൂഹം സൃഷ്ടിക്കുന്ന, സമാനതകളില്ലാത്ത, ജലവിനോദഭൂമിയിലൂടെയുളള ബോട്ട് സഞ്ചാരം, ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണ് ഞങ്ങൾക്ക് പകർന്ന് നൽകിയത്.
സെന്റ് ലോറൻസ് നദിയുടെ അതിർത്തിയിലുള്ള നിരവധി പ്രദേശങ്ങളിൽ നിന്നും സന്ദർശകരേയും വഹിച്ചു കൊണ്ട് ബോട്ടുകൾ പുറപ്പെടുന്നുണ്ടായിരുന്നു. 1864 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു വടക്കേ അമേരിക്കൻ ദ്വീപസമൂഹമാണിത്. ഒന്റാറിയോയിലെ കിംഗ്സ്റ്റണിൽ നിന്ന് ഏകദേശം 50 മൈൽ താഴേക്ക്, അവ വ്യാപിക്കുന്നു. സെന്റ് ലോറൻസ് നദിയിൽ, ഇവ, കാനഡ - യു. എസ് അതിർത്തികൾ പങ്കിടുമ്പോൾ, കനേഡിയൻ ദ്വീപുകൾ ഒന്റാറിയോ പ്രവിശ്യയിലും യു. സ് ദ്വീപുകൾ ന്യൂയോർക്ക് സംസ്ഥാനത്തിലുമാണുള്ളത്. 100 കി.മീ വലിപ്പമുളള ദ്വീപുകൾ മുതൽ ജനവാസമില്ലാത്ത പാറക്കെട്ടുകൾ ഉൾപ്പെടെ, വളരെ ചെറിയ ദ്വീപുകൾ വരെ ഇവിടെയുണ്ട്.
വടക്കൻ ന്യൂയോർക്കിനെ, കാനഡയിലെ തെക്കുകിഴക്കൻ ഒന്റാറിയോയുമായി ബന്ധിപ്പിക്കുന്ന സെന്റ് ലോറൻസ് നദിക്ക് കുറുകേയുള്ള പാലമാണ് 'ആയിരം ഐലന്റ്സ് ഇന്റർനാഷണൽ ബ്രിഡ്ജ്.' ആയിരം ദ്വീപുകളുടെ പ്രദേശം, ലോറൻസ് നദിയുടെ തികച്ചും മനോഹരമായ ഒരു കാഴ്ചയാണ്. കമനീയമായ ദ്വീപുകളും ആകർഷകമായ ചെറിയ കോട്ടേജുകളും, കൂറ്റൻ വേനൽക്കാല വസതികളും, അതിലേറെയും ചേർന്നതാണ് ഇവിടം. നദിയുടെ ഉള്ളിലൂടെയുള്ള ക്രൂസിലെ, ഒരു മണിക്കൂർ യാത്ര, ഞങ്ങൾ വളരെയേറെ ആസ്വദിച്ചു. ദ്വീപുകളുടേയും പഴയ കോട്ടകളുടേയുമൊക്കെ ചരിത്രം, കമന്ററിയായി മൈക്കിലൂടെ പ്രവഹിച്ചു കൊണ്ടിരുന്നു. സെന്റ് ലോറൻസ് നദിയുടെ പ്രധാന ഭാഗമായ ഒന്റാറിയോ തടാകത്തിന്റെ ഔട്ട്ലെറ്റിലുള്ള ഈ ദ്വീപസമൂഹം, കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിയാൽ വിഭജിക്കപ്പെട്ടിരിക്കുന്നു. 170000-ത്തിലധികം മെട്രോപൊളിറ്റൻ ജനസംഖ്യയുള്ള ഒന്റാറിയോയിലെ കിംഗ്‌സ്റ്റൺ ആണ് ഈ മേഖലയിലെ എറ്റവും വലിയ ഒറ്റനഗരം. ഈ നഗരം, കാനഡയിലെ പടിഞ്ഞാറൻ അറ്റത്തെ അടയാളപ്പെടുത്തുന്നു. അതേസമയം കിഴക്ക്, ഒന്റാറിയോയിലെ ബ്രോക്ക് വില്ലെയാണ് മറ്റൊരു വലിയ ജനസംഖ്യാകേന്ദ്രം. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ 'വുൾഫ് ദ്വീപ്' പൂർണമായും ഒന്റാറിയോയിലാണ്. ദ്വീപസമൂഹത്തിലെ മറ്റ് വലിയ ദ്വീപുകളിൽ, ന്യൂയോർക്കിലെ ഗ്രിൻഡ് സ്റ്റോൺ ദ്വീപും വെല്ലസ്ലി ദ്വീപും ഒന്റാറിയോയിലെ 'ഹൗ ദ്വീപും' ഉൾപ്പെടുന്നു. ഈ മേഖലയിലെ ഏക കൃത്രിമ ദ്വീപാണ് 'ലോംഗ് വ്യൂ'ദ്വീപ്. ലോകത്തിലെ ഏറ്റവും ചെറിയ ജനവാസമുള്ള ദ്വീപാണ്, 'ജസ്റ്റ് റൂം ഇനഫ്' ദ്വീപ്. ഒരു കാലത്ത്, 'മഹത്തായ ആത്മാവിന്റെ പൂന്തോട്ടം' എന്നും ഈ ദ്വീപസമൂഹം അറിയപ്പെട്ടിരുന്നു.
ആയിരം ദ്വീപുകൾ, വളരെക്കാലമായി വിനോദ ബോട്ടിംഗിന്റെ ഒരു കേന്ദ്രമാണ്. ലോറൻസ് നദിയിലൂടെ നീങ്ങിക്കൊണ്ടിരുന്ന, സിറ്റി ക്രൂസിലിരുന്നുകൊണ്ട് നാലു വശത്തും കാണപ്പെട്ട ചെറുതും വലുതുമായ അനേകം ദ്വീപുകളുടെ കാഴ്ച, ഞങ്ങളെ അത്ഭുതപ്പെടുത്തി. ബോൾട്ട് കാസിൽ, സിംഗർ കാസിൽ തുടങ്ങി നിരവധി പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. സമ്പന്നരുടെ വേനൽക്കാല വസതികളും ആഡംബര പൂർണമായ താമസ സൗകര്യം നൽകുന്ന നിരവധി ഹോട്ടലുകളും ചില ദ്വീപുകളിൽ കാണാൻ കഴിഞ്ഞു. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു മണിക്കൂർ യാത്രയിൽ, ബോട്ടിലിരുന്നു കൊണ്ട് വീക്ഷിച്ച പ്രകൃതിയുടെ മനോഹരമായ ഓരോ ദൃശ്യങ്ങളും ഹൃദ്യമായ അനുഭവങ്ങൾ തന്നെ ആയിരുന്നു. എണ്ണമറ്റ ദ്വീപുകളിൽ, പ്രശസ്തമായ കോട്ടകളും കേട്ടേജുകളും ദേശീയപാർക്കുകളും പാറകൾ നിറഞ്ഞ തീരങ്ങളും മണൽ നിറഞ്ഞ ബീച്ചുകളും ഗ്രാമീണ മേച്ചിൽപ്പുറങ്ങളും തുടങ്ങി, സമൃദ്ധമായ പ്രകൃതി സൗന്ദര്യത്തിന്റെ ഒരു കലവറ തന്നെയാണിവിടം...
(തുടരും)