ഭാഗം 17
മനസ്സിനെ കോരിത്തരിപ്പിക്കുന്ന വിസ്മയകരമായ കാഴ്ചകൾക്ക് ശേഷം നൂറ്റാണ്ടിന്റെ ചരിത്രങ്ങൾ പറയാനുള്ള ബക്കിംഗ്ഹാം പാലസിലേക്കാണ് ഞങ്ങൾ പോയത്. 10.45 ന് നടക്കുന്ന ഗാർഡ് മാറൽ ചടങ്ങ് കാണുവാനായി, ഞങ്ങൾ ധൃതിയിൽ നടന്നു. രാജവീഥിയുടെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽക്കൂടി ജനം അവിടേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു.
അതിപുരാതനവും ചരിത്രപ്രാധാന്യവുമുള്ള വെസ്റ്റ്മിൻസ്റ്റർ ആബിയുടെ മുന്നിൽക്കൂടി ആയിരുന്നു ഞങ്ങൾ നടന്നത്. സമയം പോയതിനാൽ, തിരികെവരുമ്പോൾ ആബി ചർച്ച് സന്ദർശിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.
പത്ത് മിനിറ്റ് സമയം കൊണ്ട് ഞങ്ങൾ ജെയിംസ് പാലസിന്റെ മുന്നിലെത്തി. കെട്ടാരത്തിന്റെ നടുമുറ്റത്ത് നടന്നുകൊണ്ടിരുന്ന സൈനികരുടെ പരേഡ്, മതിലിന് വെളിയിൽ നിന്നുകൊണ്ട് നോക്കിക്കാണുന്ന സഞ്ചാരികളുടെ ഇടയിൽ ഞങ്ങളും സ്ഥാനം പിടിച്ചു. ചുവന്ന കുപ്പായങ്ങൾ ധരിച്ച് സൈനിക ബാൻഡിന്റെ അകമ്പടിയോടെ നടത്തുന്ന മാർച്ച്, കൗതുകത്തോടെ ഞങ്ങൾ കണ്ടുനിന്നു.
അവിടെ നിന്നും കൊട്ടാരത്തിനടുത്തെത്തുന്ന പ്രധാന റോഡിൽക്കൂടി നടന്ന് പാലസിന്റെ ഗേറ്റിന് പുറത്തെത്തി, ചടങ്ങുകൾ നന്നായി കാണാൻ സാധിക്കുന്ന ഒരു സ്ഥലത്ത് ക്ഷമയോടെ കാത്തുനിന്നു.
ബക്കിംഗ്ഹാം കൊട്ടാരം, സെന്റ് ജയിംസ് പാലസ്. വെല്ലിംഗ്ടൺ ബാരക്ക് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് ഗാർഡ് മാറ്റം നടക്കുന്നത്.
പഴയ ഗാഡിന്റെ പരിശോധന ഉൾപ്പെടെ വിവിധഘട്ടങ്ങളായാണ് ഈ ചടങ്ങ് നടക്കുന്നത്. മൂന്ന് സ്ഥലങ്ങളുടേയും പരിസര ഭാഗങ്ങളിൽ നിന്നും ജനങ്ങൾക്ക് സൗജന്യമായി ഈ ചടങ്ങുകൾ ദർശിക്കാവുന്നതാണ്. ബേർഡ്കേജ് വാക്കിൽ, സെന്റ് ജയിംസ് പാർക്കിന്റെ അരികിലായിട്ടാണ് വെല്ലിംഗ്ടൺ ബാരക്ക് സ്ഥിതിചെയ്യുന്നത്.
മറ്റ് കൊട്ടാരങ്ങളിലും രാജകീയ വസതികളിലും നടക്കുന്ന ഗാർഡ് മാറുന്ന ചടങ്ങുകൾക്ക് അടിസ്ഥാനമായ ഒരു പരമ്പരാഗത ഫോർമാറ്റാണ് ബക്കിംഗ് ഹാം കൊട്ടാരത്തിലും സ്വീകരിച്ചിട്ടുള്ളത്.
ബാൻഡിന്റെ അകമ്പടിയോടെ, കൊട്ടാരത്തിന് മുന്നിൽ രൂപം കൊള്ളുന്ന, ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ, വെല്ലിംഗ്ടൺ ബാരക്കിൽ നിന്ന് വരുന്ന പുതിയ ഗാർഡിൽ നിന്നും ചാർജ് ഏറ്റെടുക്കുന്നു.
ഉത്തരവാദിത്തങ്ങളുടെ ഔപചാരികമായ കൈമാറ്റത്തെയാണ് ഈ ചടങ്ങുകൾ പ്രതിനിധീകരിക്കുന്നത്. ബക്കിംഗ് ഹാം കൊട്ടാരത്തിലെ കാവൽപട്ടാളത്തിനെ, ക്വീൻസ് ഗാർഡ്സ് എന്നാണ് അറിയപ്പെടുന്നത്. കരടിയുടെ രോമം കൊണ്ട് നിർമിച്ച തലപ്പാവ് പോലെയുള്ള ഉയരം കൂടിയ തൊപ്പിയാണ് ഇവർ ധരിക്കുന്നത്.
പഴയ ഗാർഡിന്റേയും പുതിയ ഗാർഡിന്റേയും സൈനികർ റെജിമെന്റൽ പതാകകൾ വഹിക്കുന്നു. ഏകദേശം 45 മിനിറ്റ് നേരം ചടങ്ങുകൾ നീണ്ടുനിൽക്കുന്നു. നേരത്തേ എത്തി സ്ഥലം പിടിച്ചിരിക്കുന്ന വലിയൊരു ജനക്കൂട്ടം തന്നെ കൊട്ടാരത്തിന്റെ ഗേറ്റിന് പുറത്തുണ്ട്.
രാവിലെ 10 മണി മുതൽ സെന്റ് ജയിംസ് പാലസിലും വെല്ലിംഗ്ടൺ ബാരക്കിലും സൈനികർ ഒത്തുകൂടുകയും സംഗീതത്തിന്റെ അകമ്പടിയോടെ കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്യുകയും ചെയ്യുന്നു.
ചടങ്ങുകളുടെ സുരക്ഷിതവും സുഗമവുമായ പരിപാടികൾ ഉറപ്പാക്കാൻ, പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിട്ടുണ്ട്. സ്വകാര്യ സ്വത്തുക്കൾ സ്വക്ഷിക്കണമെന്നുള്ള മുന്നറിയിപ്പും അവർ ജനങ്ങൾക്ക് നൽകുന്നുണ്ട്.
ബക്കിംഗ്ഹാം കൊട്ടാരത്തിലും വിൻഡ്സർ കാസിലിലും ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഐതിഹാസികമായ ഈ ചടങ്ങ് 'ഗാർഡ് മൗണ്ടിംഗ്' എന്ന പേരിലും അറിയപ്പെടുന്നു. ജനപ്രിയമായ ഈ ചടങ്ങ്, ബ്രിട്ടീഷ് രാജവാഴ്ചയുടെ ദീർഘകാല പാരമ്പര്യത്തിന്റെ തുടർച്ചയുടേയും സ്ഥിരതയുടേയും പ്രതീകമാണ്. വളരെ കൃത്യതയോടെയും ശ്രദ്ധയോടെയും കൊട്ടാരത്തിന്റെ കവാടത്തിൽ നടത്തുന്ന ഈ ചടങ്ങിൽ പഴയ ഗാർഡ് പുതിയ ഗാർഡിന് ചുമതലകൾ കൈമാറുന്നു. സൈനിക പാരമ്പര്യത്തിന്റേയും ആർഭാടങ്ങളുടേയും ഒരു പ്രദർശനം മാത്രമല്ല, വളരെ പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യം കൂടി ഈ ചടങ്ങുകൾ കൊണ്ട് അർത്ഥമാക്കുന്നുണ്ട്. എല്ലായ്പ്പോഴും മികച്ച കാവൽക്കാരാൽ കൊട്ടാരം സംരക്ഷിക്കപ്പെടുകയും ചാൾസ് മുന്നാമൻ രാജാവ് ഉൾപ്പെടെയുള്ള നിവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു.
സ്വപ്നഭൂമിമിയായ ലണ്ടനിലെ, രാജകുടുംബത്തിന്റെ തലമുറകൾ വസിച്ചിരുന്ന ബക്കിംഗ്ഹാം പാലസിന്റെ തൊട്ടുമുന്നിൽ ആത്മഹർഷത്തോടെ ഞാൻ നിന്നു.
പാഠപുസ്തകങ്ങളിൽ കൂടി നേടിയ അറിവുകളുടെ നേർക്കാഴ്ചകളിൽ സ്വയം അഭിമാനം തോന്നിയ കുറേ നിമിഷങ്ങളായിരുന്നു അത്.
(തുടരും)