ഭാഗം 14
ജൂലൈ മാസം 21, വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിക്കുള്ള ട്രെയിനിൽ, മാഞ്ചസ്റ്ററിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ, രണ്ട് ദിവസം മുൻപേ ഞങ്ങൾ തുടങ്ങി. ഭർത്താവിനും എനിക്കുമുള്ള ട്രെയിൻടിക്കറ്റ് രണ്ടാഴ്ചയ്ക്ക് മുൻപ്തന്നെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.
ഹസ്ബന്റിന്റെ ഒരു പെങ്ങളുടെ മകളും കുടുംബവും വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. അവരുടെ സ്നേഹപൂർവമായ ക്ഷണമനുസരിച്ച് പത്ത് ദിവസങ്ങൾ അവിടെ തങ്ങാനായിട്ടുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ പോയത്.
LNER (London north east railway) കമ്പനിയുടെ ട്രെയിനിൽ, അബർഡീൻ റെയിൽവേസ്റ്റേഷനിൽ നിന്നും ഞങ്ങൾ കയറി, രണ്ട് മണിക്കൂറിനകം എഡിൻബർഗ് സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും ഒരു മണിക്കൂർ കഴിഞ്ഞുള്ള Transpennine express ൽ രാത്രി ഒൻപത് മണിയോടുകൂടി മാഞ്ചസ്റ്റർ പിക്കാഡല്ലി സ്റ്റേഷനിൽ ഇറങ്ങി. പാതയ്ക്ക് ഇരുവശത്തുമുള്ള നയനമനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട്, ട്രെയിൻയാത്ര ഞങ്ങൾ അവിസ്മരണീയമാക്കി.
ലണ്ടർ നോർത്ത് ഈസ്റ്റേൺ റെയിൽവേ(LNER) ഒരു ബ്രിട്ടീഷ് ട്രെയിൻ ഓപ്പറേറ്റിങ് കമ്പനിയാണ്. ഈസ്റ്റ് കോസ്റ്റ് മെയിൻ ലൈനിൽ ദീർഘദൂര അന്തർനഗര സേവനങ്ങൾ നൽകുന്ന ഒരു റെയിൽവേ കമ്പനിയാണിത്.
Transpennine Trains Ltd കമ്പനിയുടെ Transpennine എക്സ്പ്രസ്, യു.കെ യിലെ, പ്രധാന നഗരങ്ങൾക്കും പട്ടണങ്ങൾക്കുമിടയിൽ പ്രാദേശിക, അന്തർനഗര സർവ്വീസുകൾ നടത്തുന്നു. ഇതിന്റെ സേവനങ്ങൾ, നോർത്ത് റൂട്ട്, ആംഗ്ലോ സ്കോട്ടിഷ് റൂട്ട്, സൗത്ത് റൂട്ട് എന്ന രീതിയിൽ മൂന്നായി തരം തിരിച്ചിരിക്കുന്നു.
അബർഡീനിൽ നിന്നും കയറിയ ട്രെയിൻ, ഡൺഡീ സിറ്റിക്ക് സമീപമുള്ള വലിയൊരു തുരങ്കത്തിൽ കൂടി സഞ്ചരിച്ച്, ഡൺഡീസ്റ്റേഷനിൽ നിർത്തി. യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തതിന് ശേഷം അവിടെ നിന്നും ഡൺഡീ പാലം വഴി ട്രെയിൻ, എഡിൻബർഗിലേക്ക് നീങ്ങി.
എഡിൻബർഗിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് പോകുന്ന വഴി Carlisle എന്ന സ്റ്റേഷനിൽ നിർത്തിയപ്പോൾ, റെയിൽവേ പോലീസ് എത്തി ഞങ്ങളുടെ അടുത്ത ബോഗിയിലുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനാൽ ട്രെയിൻ പത്ത് മിനിറ്റോളം ലേറ്റായി.
അമിതമായി അകത്താക്കിയ മദ്യത്തിന്റെ ലഹരിയിലുണ്ടായ അസാധാരണമായ പെരുമാറ്റം മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന്റെ പേരിലായിരുന്നു, അയാളെ അറസ്റ്റ് ചെയ്തത്.
സ്റ്റേഷന് വെളിയിൽ, അനുവും ഭർത്താവും ഞങ്ങളേയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വളരെ നാളുകൾക്ക് ശേഷം തമ്മിൽ കണ്ടതിലുള്ള സന്തോഷം പരസ്പരം പങ്ക് വച്ചതിന് ശേഷം, ഞങ്ങൾ വീട്ടിലേക്ക് പോയി.
മാഞ്ചസ്റ്റർ നഗരത്തിൽ നിന്നും കുറച്ചകലെയുള്ള റെസിഡൻസ് ഏരിയായിൽ സ്വന്തമായി വാങ്ങിയ വീട്ടിലാണ് അവർ താമസിക്കുന്നത്. ഏകദേശം മുപ്പത്ത് മിനിറ്റ് നേരം മാഞ്ചസ്റ്റർ തെരുവീഥിയിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. ഒടുവിൽ വീടിന്റെ മുന്നിൽ പാർക്ക് ചെയ്ത വണ്ടിയിൽ നിന്നും ഞങ്ങൾ ഇറങ്ങി.
കാളിംഗ് ബെല്ലിൽ വിരലമർത്തിയപ്പോഴേക്കും അനുവിന്റെ മകൻ വന്ന് വാതിൽ തുറന്നു. ബി. ഫാമിന് പഠിക്കുന്ന മകനെ കൂടാതെ, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൾ കൂടി അവർക്കുണ്ട്.
കുളിച്ച് ഫ്രഷായി വന്ന്, ഡിന്നർ കഴിച്ചതിന് ശേഷം, നാട്ടിലെ വിശേഷങ്ങളാക്കെ സംസാരിച്ചിരുന്നതിനാൽ വളരെ വൈകിയാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്.
ലഞ്ച്, വെളിയിൽ നിന്നും കഴിക്കാമെന്ന് തീരുമാനിച്ചതിനാൽ, ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പതിനൊന്ന് മണിയോട് കൂടി അനുവിന്റെ കുടുംബത്തോടൊപ്പം ഞങ്ങൾ പുറത്തിറങ്ങി. മാഞ്ചസ്റ്ററിലെ ഒരു പ്രധാനപ്പെട്ട ലാൻഡ് മാർക്കായTrafford centre- ലേക്കാണ് ഞങ്ങൾ പോയത്.
മാഞ്ചസ്റ്ററിലെ ഉർസ്റ്റണിലുള്ള ഒരു വലിയ ഇൻഡോർ ഷോപ്പിംഗ് സെന്ററും വിനോദസമുച്ചയവുമാണ് ഈ ട്രാഫോർഡ് സെന്റർ. 1998 ൽ തുറന്ന ഇവിടം, യുകെയിലെ മൂന്നാമത്തെ വലിയ സ്ഥാപനമാണ്. യൂ.കെ യിലെ ഏറ്റവും തിരക്കേറിയ ഫുഡ്കോർട്ടാണ് ഇവിടെയുള്ളത്.
മൂന്ന് നിലകളുള്ള ഈ മാളിന് നീളത്തിലുള്ള മൂന്ന് താഴികക്കുടങ്ങൾ ഉണ്ട്. വെള്ള, പിങ്ക്, സ്വർണം എന്നിവയുടെ ഷേഡുകളിൽ ആനക്കൊമ്പ്, ജേഡ് എന്നിവ, കാരമൽ നിറങ്ങളിലുള്ള മാർബിൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചുവന്ന റോസാപ്പൂക്കൾ പോലെയുള്ള അലങ്കാര സവിശേഷതകളും സ്വർണനിറത്തിലുള്ള ഇലകളും ചായം പൂശിയ ഫൈബർ ബോർഡ് കൊണ്ട് നിർമിച്ച അലങ്കാര തൂണുകളുമെല്ലാം ഇന്റീരിയർ വാസ്തുവിദ്യയുടെ ശ്രേഷ്ഠതയെ വെളിപ്പെടുത്തുന്നു. ട്രാഫോർഡ് പലാസോ, പ്രതിമകൾ, ജലധാരകൾ, ശിൽപ്പങ്ങൾ തുടങ്ങിവയെല്ലാം ഈ സെന്ററിനെ ആകർഷണീയമാക്കുന്നു.
ട്രാഫോർഡ് പലാസോ, പ്രധാന ട്രാഫോർഡ് സെന്ററുമായി ഒരു ഗ്ലേസ്‌ഡ് പാലത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ജലധാരയും ടവറും ഉള്ള ഒരു ഇറ്റാലിയൻ സ്ക്വയർ ഇവിടെ ഉൾക്കൊളളുന്നു. മനോഹരമായ കാഴ്ചകൾ കണ്ട്, മൂന്ന് നിലകളിലും ഞങ്ങൾ കയറിയിറങ്ങി.
താഴത്തെ നിലയിലുള്ള 'നന്ദോസ് ചിക്കനിൽ' കയറി ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്തു. അരമണിക്കൂർ കാത്തിരുന്നതിന് ശേഷം കിട്ടിയ വ്യത്യസ്തമായ രുചിക്കൂട്ടുകൾ അടങ്ങിയ വിഭവങ്ങൾ, സമയമെടുത്ത് ഞങ്ങൾ ആവോളം ആസ്വദിച്ചു.
അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ ഇരുന്നു കൊണ്ട് തന്നെ മാഞ്ചസ്റ്റർ ടൗണൊക്കെ ചുറ്റിക്കറങ്ങി കണ്ടതിന് ശേഷം അഞ്ച് മണിയോടുകൂടി ഞങ്ങൾ വീട്ടിലെത്തി.
അമേരിക്കയിൽ നിന്നും പിറ്റേ ദിവസം രാവിലെ എത്തുന്ന അനുവിന്റെ സഹോദരൻ, ബിനുവിനെ കാണാൻ ഞങ്ങളെല്ലാവരും ആ കാംക്ഷയോടെ കാത്തിരുന്നു.
വർഷങ്ങളായി അമേരിക്കയിലെ ഫ്ളോറിഡയിൽ താമസിച്ച് ജോലി ചെയ്യുകയാണ് ബിനു. ഒരു മാസത്തോളം യൂറോപ്പിലെ ചില രാജ്യങ്ങളിൽ ബൈക്ക് സവാരി നടത്തിയതിന് ശേഷം, കുറച്ച് ദിവസങ്ങൾ എല്ലാവരുമായി ചിലവഴിക്കാനായി മാഞ്ചസ്റ്ററിലേക്ക് വരികയായിരുന്നു.
രാവിലെ ആറ് മണിക്ക് എത്തുന്ന അനിയനെ വിളിക്കാൻ അനുവും ഭർത്താവുംകൂടി എയർ പോർട്ടിലേക്ക് പോയി. ബിനുവിനേയും കൂട്ടി, അവർ വീട്ടിലെത്തിയപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റും ഉണ്ടാക്കി ഞങ്ങൾ കാത്തിരുന്നു.
വലിയ ഒരു ഇടവേളയ്ക്ക് ശേഷം തമ്മിൽ കണ്ട സന്തോഷം എല്ലാവരുടേയും മുഖത്ത് പ്രതിഫലിച്ചു. വിശേഷങ്ങൾ പങ്ക് വച്ചും കുശലാന്വേഷണങ്ങൾ നടത്തിയും സമയം കടന്നുപോയത് അറിഞ്ഞില്ല.
ലഞ്ച് കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലായിരുന്നതിനാൽ, ദൂരയാത്രകളൊന്നും സാധ്യമായിരുന്നില്ല. എങ്കിലും സിറ്റിയിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ സ്റ്റേഡിയം കാണുവാനായി ഞങ്ങൾ പോയി.
ഞയറാഴ്ച ആയിരുന്നതിനാൽ കടകളൊക്കെ അടച്ചിട്ടിരുന്നു. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ സ്റ്റേഡിയത്തിന്റെ പരിസരമെല്ലാം തികച്ചും വിജനമായിരുന്നു.
മഴയേയും കാറ്റിനേയും അവഗണിച്ച്, ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങി, കുടകൾ നിവർത്തിപ്പിടിച്ചുകൊണ്ട് സ്‌റ്റേഡിയത്തിന്റെ അരികിലേക്ക് നടന്നു. അടച്ചിട്ടിരുന്നതിനാൽ സ്‌റ്റേഡിയത്തിന് ഉള്ളിലേക്ക് കടക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ല. മുന്നിലെ വിശാലമായ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള അതിപ്രശസ്തരായ കളിക്കാരുടേയും മറ്റും പ്രതിമകൾക്ക് മുന്നിൽ നിന്ന് ഞങ്ങൾ ഫോട്ടോകൾ എടുത്തു.
യു.കെ യിലെ ഏറ്റവും വലുതും യൂറോപ്പിലെ പന്ത്രണ്ടാമത്തെ വലിയ സ്‌റ്റേഡിയവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആസ്ഥാനവുമായ ഇവിടം, ഓൾഡ് ട്രാഫോർഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പല അന്തരാഷ്ട്ര, പ്രാദേശിക ഫുട്ബോൾ മത്സരങ്ങൾക്കും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്നുണ്ട്.
2010 Feb 19 ന് സ്റ്റേഡിയത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്നതിന് തൊട്ടുമുൻപുള്ള 100 ദിവസങ്ങളിൽ സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ നിമിഷങ്ങളെ എടുത്തു കാണിച്ചുകൊണ്ട് അവതരിപ്പിച്ച ഫീച്ചറുകൾ, ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലകൊള്ളുന്നു.
അവിടെ നിന്നും ഞങ്ങൾ നേരേ പോയത്, സ്പോൺസർഷിപ്പിന്റെ പേരിൽ, ഇപ്പോൾ 'ഇത്തിഹാദ് സ്‌റ്റേഡിയം' എന്നറിയപ്പെടുന്ന സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലേക്കാണ്.
പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ ആസ്ഥാനമാണിത്. ഇംഗ്ലണ്ടിലെ ആറാമത്തെ വലിയ ഫുട്ബോൾ സ്‌റ്റേഡിയവും യു.കെ യിലെ വലിയ സ്‌റ്റേഡിയങ്ങളിൽ വച്ച് ഒമ്പതാമത്തെ സ്ഥാനവും ഇതിനുണ്ട്. അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് പുറമേ കോമൺവെൽത്ത് ഗെയിംസുകൾ ഉൾപ്പെടെ അനേകം പ്രാദേശിക മത്സരങ്ങളും ഇവിടെ വച്ച് നടത്തപ്പെട്ടിട്ടുണ്ട്.
മഴയുടെ ശക്തി കുറഞ്ഞിരുനതിനാൽ, ഞങ്ങൾ അവിടെ നിന്നും കറിമൈൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ചു. തെക്കൻ മാഞ്ചസ്‌റ്ററിലെ റുഷോൾമിന്റെ മധ്യത്തിലൂടെ കടന്നുപോകുന വിൽസ്ലോ റോഡിന്റെ ഒരു ഭാഗത്തിന്റെ വിളിപ്പേരാണ് കറിമൈൽ.
യു.കെ യിലെ ദക്ഷിണേഷ്യൻ റെസ്റ്റോറന്റുകളുടെ ഏറ്റവും വലിയ കേന്ദ്രമായി ഇവിടം അറിയപ്പെടുന്നു. അതിരാവിലെ മുതൽ വളരെ തിരക്കേറിയ ഒരു തെരുവാണ് കറിമൈൽ.
ഓക്സ്ഫോർഡ് റോഡിനും ഫാലോഫീൽഡിനും സമീപമുള്ള സ്ഥലമായതിനാൽ പ്രാദേശിക വിദ്യാർത്ഥികൾ ഈ പ്രദേശം പതിവായി സന്ദർശിക്കാറുണ്ട്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി, സേവേറിയൻ കോളേജ്, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയുടെ ഓൾ സെയിന്റ്സ് കാമ്പസുകളും ഇതിന് സമീപമാണ്.
കറിമൈൽ സ്ട്രീറ്റിലുള്ള ഒരു ഇറാനി റെസ്റ്റോറന്റിൽ കയറി, ഭക്ഷണം കഴിച്ചിട്ട്, അന്ന് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
(തുടരും)