ഭാഗം 19
സെന്റ് ജയിംസ് പാർക്കിൽ നിന്നും ഞങ്ങൾ നടന്നെത്തിയത് ചരിത്ര പ്രാധാന്യമുള്ള ട്രാഫൽഗർ സ്ക്വയറിലേക്കാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചാറിംഗ് ക്രോസ് എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് ചുറ്റും സ്ഥാപിക്കപ്പെട്ട ഒരു പൊതുചത്വരമാണ് ഇത്. പതിനെട്ടാം നൂറ്റാണ്ടിൽ ട്രാഫൽഗർ തീരത്ത് വച്ച് നടന്ന നെപ്പോളിയൻ യുദ്ധങ്ങളിൽ ബ്രിട്ടീഷ് നാവികസേന, വിജയം കൈവരിച്ചതിന്റെ ഓർമയ്ക്കായാണ് ചത്വരത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
പുരാതന കാലം മുതൽ ട്രാഫൽഗർ സ്ക്വയറിന് ചുറ്റുമുള്ള സ്ഥലം ഒരു പ്രധാന നാഴികക്കല്ലായിരുന്നു. മ്യൂസിയങ്ങൾ, ഗാലറികൾ, സാംസ്കാരിക ഇടങ്ങൾ, ചരിത്രപരമായ കെട്ടിടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് ഈ സ്ക്വയർ.
ചതുരത്തിന്റെ മധ്യഭാഗത്തുള്ള ജലധാരകളാൽ ആകർഷണിയമാക്കിയ നെൽസൺസ് കോളം, ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നെൽസൺ കോളത്തിന്റെ അടിത്തട്ടിൽ വെങ്കല സിംഹങ്ങൾ കാവൽ നിൽക്കുന്നുണ്ട്. ജലധാരകളിൽ മത്സ്യകന്യകകൾ, ഡോൾഫിനുകൾ, ട്രൈറ്റണുകൾ (മത്സ്യങ്ങളെപ്പോലെ വാലുള്ള പുരുഷ രൂപങ്ങൾ) തുടങ്ങിയവ സ്ഥാപിച്ചിരിക്കുന്നു. നാല് സിംഹപ്രതിമകളും നിരവധി സ്മരണിക പ്രതിമകളും ശില്പങ്ങളും ഇവിടെ ഉൾക്കൊള്ളുന്നു. പുതുവത്സരരാവിൽ വാർഷിക ആഘോഷങ്ങളുടെ കേന്ദ്രമാണ് ഈ സ്ക്വയർ.
ഗ്രേറ്റർ ലണ്ടൻ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്ക്വയർ. സമീപത്തുള്ള ദേശീയ ഗാലറിയുടെ മുന്നിലെ മൂന്ന് വശത്തുള്ള റോഡുകളും വടക്കുവശത്തുള്ള ടെറസ് അടങ്ങിയ വലിയ മധ്യഭാഗവും ഈ ചതുരത്തിൽ ഉൾക്കൊള്ളുന്നു. മധ്യഭാഗത്തിലെ സ്തംഭത്തിന് മുകളിൽ, ട്രാഫൽഗർ യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ച ഹൊറേഷ്യോ നെൽസന്റെ പ്രതിമയുമുണ്ട്.
ചതുരത്തിന്റെ വടക്ക്- പടിഞ്ഞാറ് മൂലയിലുള്ള നാലാം തൂൺ എന്നറിയപ്പെടുന്ന ശൂന്യമായ സ്തംഭം താൽക്കാലിക കലാസ്യഷ്ടികൾ കാണിക്കാൻ ഉപയോഗിക്കുന്നു. തെക്ക് ഭാഗത്ത് ചാൾസ് ഒന്നാമന്റെ വെങ്കല കുതിരസവാരി പ്രതിമയുണ്ട്. കൂടാതെ, വടക്ക് കിഴക്കൻ മൂലയിൽ ഒരു ഗ്രാനൈറ്റ് പീഠത്തിൽ സർ ഫ്രാൻസിസ് ചാന്ററിയുടെ വെങ്കല കുതിരസവാരി പ്രതിമയും നിലകൊള്ളുന്നു.
സ്ക്വയറിന് ചുറ്റും വടക്ക് ഭാഗത്ത് നാഷണൽ ഗാലറിയും കിഴക്ക് ദക്ഷിണാഫ്രിക്ക ഹൗസും ചതുരത്തിന് കുറുകെ അഭിമുഖമായി കാനഡ ഹൗസും ഉണ്ട്.
തെക്ക് പടിഞ്ഞാറ് കാണുന്ന 'ദി മാൾ', അഡ്മിറൽ ആർച്ച് വഴി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നയിക്കുന്നു. നാഷ്ണൽ ഗാലറിക്കും പള്ളിക്കും ഇടയിൽ ചാറിംഗ് ക്രോസ് റോഡ് കടന്നുപോകുന്നു.
സ്ക്വയർ ഇപ്പോൾ നാഷണൽ ഗാലറിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കഫേ, പൊതു ടോയ്ലറ്റുകൾ, വികലാംഗർക്ക് പ്രവേശിക്കാനായുള്ള ലിഫ്റ്റ് എന്നിവയും ഇവിടെയുണ്ട്.
ദേശീയ ജനാധിപത്യത്തിന്റെയും പ്രതിഷേധത്തിന്റേയും കേന്ദ്ര മായ ഇവിടെ, വിവിധ രാഷ്ട്രീയ, മത, പൊതുവിഷയങ്ങളിൽ റാലികളും പ്രകടനങ്ങളും വാരാന്ത്യങ്ങളിൽ നടക്കുന്നുണ്ട്.
ലണ്ടൻ ഭൂഗർഭ റെയിൽവേയുടെ ചാറിംഗ് ക്രോസ് സ്റ്റേഷന്, ഇവിടെ ഒരു എക്സിറ്റ് ഉണ്ട്. നെൽസൺ കോളത്തിന്റെ മതിലിനരികിൽ, ജലധാരയുടെ നനുത്ത സ്പർശനമേറ്റ് കുറച്ചുനേരം നിന്നു.
സഞ്ചാരികൾ തിങ്ങിനിറഞ്ഞ ട്രാഫൽഗർ സ്ക്വയറിൽ നിന്നും ഞങ്ങൾ ഇറങ്ങി, അതിപ്രശസ്തമായ 'ലണ്ടൻ ഐ' ലക്ഷ്യമാക്കി നടന്നു.
ട്രാഫൽഗർ സ്ക്വയറിനു ലണ്ടൻ ഐക്കും ഇടയിൽ ഏകദേശം രണ്ട് കി.മീറ്റർ ദൂരമുണ്ട്. കാൽ നടയായി എത്താൻ കുറഞ്ഞത് പത്ത് മിനിറ്റുകൾ എടുക്കും.
തേംസ് നദിക്ക് കുറുകെയുള്ള ഗോൾഡൻ ജൂബിലി പാലത്തിന്റെ മുകളിലുടെ നടന്ന് ഞങ്ങൾ അക്കരെയെത്തി. പാലത്തിൽ നിന്നുകൊണ്ടുതന്നെ ദൃശ്യമായ ലണ്ടൻ ഐ, വിസ്മയകരമായ ഒരു കാഴ്ച തന്നെ ആയിരുന്നു. തേംസ് നദിയുടെ തെക്കേകരയിലുള്ള ഒരു ഭീമൻ ഫെറിസ് വീലാണ് ലണ്ടൻ ഐ.
പാലത്തിൽ നിന്നും താഴെയിറങ്ങി 'ബിറ്റ് വീൻ ദി ബ്രിഡ്ജസി'ലേക്ക് നടന്നു. വാട്ടർ ലൂ ബ്രിഡ്ജിനും ലണ്ടൻ ഐക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ്മിൻസ്റ്റർ പാലത്തിന്റേയും ഗോൾഡൻ ജൂബിലി പാലത്തിലേയും ഇടയിലുള്ള സ്ട്രീറ്റ്, (between the bridges) ജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.
ലണ്ടനിലെ ഏറ്റവും വലിയ ഔട്ട്ഡോർ ഡ്രിങ്ക് ഏരിയ, സ്ട്രീറ്റ് ഫുഡ്, ഡിജെകൾ തുടങ്ങി സജ്ജീകരിച്ചിരിക്കുന്ന സവിശേഷമായ ഒരു നദീതീര വേദിയാണ് ഇവിടം.
ലണ്ടനിലെ ഏറ്റവും വലിയ ബിയർ ഗാർഡൻ ഇവിടെയാണ്. സന്ദർശകർക്കായി ഡ്രിങ്ക്സ് ടേബിളുകൾ, പ്രതിവാര ഇവന്റുകൾ, ഫുഡ് സ്റ്റാളുകൾ എല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. ബിറ്റ് വീൻ ദി ബ്രിഡ്ജസിലേക്കുള്ള പ്രവേശനവും സൗജന്യമാണ്.
ലണ്ടൻ ഐയുടെ അതിശയകരമായ കാഴ്ചകളോടെ നദിക്ക് സമാന്തരമായി കിടക്കുന്ന ഈ തെരുവ്, അനൗപചാരിക ഒത്തുചേരലുകൾക്ക് അനുയോജ്യമാണ്.
എന്റെ ഇളയ സഹോദരിമാരുടെ മക്കളായ ടോണിയേയും രഞ്ചുവിനേയും കണ്ടുമുട്ടിയതും അവിടെ വച്ചാണ്. ലണ്ടനിൽ, കംപ്യൂട്ടർ മേഖലയിൽ ഹയർ സ്റ്റഡീസ് ചെയ്യുന്ന ടോണി, ഏറ്റവും ഇളയ സഹോദരിയുടെ മകനാണ്.
പലതവണ വിളിച്ച് സംസാരിക്കുകയും ലൊക്കേഷൻ അറിയിക്കുകയും മറ്റും ചെയ്തിരുന്നതിനാൽ, പ്രയാസം കൂടാതെ തന്നെ കണ്ടുമുട്ടുവാൻ സാധിച്ചു. ഒരു വർഷത്തിന് ശേഷം തമ്മിൽ കണ്ട സന്തോഷവും സ്നേഹവും പരസ്പരം പങ്ക് വച്ചു. പരിചയപ്പെടലും കുശലാന്വേഷണങ്ങളും കഴിഞ്ഞ് ലണ്ടൻ ഐ യുടെ സമീപം ഞങ്ങളെത്തി.
അകത്ത് കയറാൻ ടിക്കറ്റെടുത്ത് കാത്ത് നിൽക്കുന്നവരുടെ ദൈർഘ്യമേറിയ നിരകണ്ട് ഞങ്ങൾ അമ്പരന്നു. എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ, ലഞ്ച് കഴിക്കാനായി സ്ട്രീറ്റിനകത്ത് തന്നെയുള്ള ഒരു ഗാർഡൻ റെസ്റ്റോറന്റിൽ കയറി.
(തുടരും)