ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ കാണുകയെന്നത് എൻ്റെ ചെറുപ്പം മുതലുള്ള വലിയൊരു സ്വപ്നമായിരുന്നു. റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ചരിത്ര പ്രധാനവും ആകർഷണീയവുമായ റിപ്പബ്ലിക് പരേഡ്, നേരിൽ കാണുകയെന്നുള്ളതും ചിരകാലാഭിലാഷങ്ങളിൽ ഒന്നായിരുന്നു.
സേഫ് വിങ്സ് ട്രാവൽ ആൻഡ് ടൂറിസം കമ്പനി ക്രമീകരിച്ച ഒരു ടൂർ പ്രോഗ്രാമിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും രണ്ട് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ കാനഡയിൽ താമസിക്കുമ്പോൾത്തന്നെ അവിടെവച്ച്, അഡ്വാൻസ് കൊടുത്ത് ബുക്ക് ചെയ്യുകയും ചെയ്തു.
2024 ജനുവരി 23 ന് രാവിലെ 6 മണക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ 30 പേരടങ്ങുന്ന ഒരു സംഘത്തിനോടൊപ്പം ഞങ്ങൾ യാത്ര തിരിച്ചു.
അതിശയിപ്പിക്കുന്ന ആകാശ വിസ്മയങ്ങളിലൂടെ മൂന്നര മണിക്കൂർ കടന്നുപോയി. ദിവ്യ മൽഹോത്ര എന്ന വനിതാ പൈലറ്റിൻ്റെ നിയന്ത്രണത്തിൽ യഥാസമയം ഒൻപതര മണിക്ക് തന്നെ സുരക്ഷിതരായി ഞങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി.
സേഫ് വിങ്സ് കമ്പനിയുടെ ടൂർ ഗൈഡ് ആയ മിസ്റ്റർ ജോസഫ് ഞങ്ങളേയും കാത്ത് അവിടെയുണ്ടായിരുന്നു. പൂച്ചെണ്ട് നൽകി ഞങ്ങളെ സ്വാഗതം ചെയ്യുകയും ഗ്രൂപ്പ് ഫോട്ടോയെടുത്ത് സ്വീകരിക്കുകയും ചെയ്തു.
ഞങ്ങളോടൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന 23 പേർ കൊച്ചി എയർപോർട്ടിൽ നിന്നുമായിരുന്നു യാത്ര തിരിച്ചത്. വൈകിയതിനാൽ ഒന്നരമണിക്കാണ് അവർ യാത്ര ചെയ്തിരുന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്.
അവരെത്തുന്നത് വരെയുള്ള സമയം, ഡൽഹിയിലുള്ള തീൻമൂർത്തിഭവൻ സന്ദർശിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. പത്ത് മിനിറ്റിനുള്ളിൽ എത്തിയ മഞ്ഞനിറത്തിലുള്ള വലിയൊരു ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ കയറി.
തിരക്കേറിയ വീഥിയിലൂടെ ഞങ്ങളേയും കൊണ്ട് ആ വാഹനം മുന്നോട്ട് നീങ്ങി. തീൻ മൂർത്തിമാർഗ്ഗ് എന്ന റോഡിലൂടെ 'പ്രധാന മന്ത്രി സംഗ്രഹാലയ' എന്നും അറിയപ്പെട്ടിരുന്ന തീൻ മൂർത്തി ഭവനിൽ പത്തര മണിയോടെ ഞങ്ങൾ എത്തിച്ചേർന്നു.
സ്ഥലത്തെക്കുറിച്ചുള്ള പ്രാധാന്യം എല്ലാവരോടുമായി ജോസഫ് സാർ വിവരിച്ചു. ആദ്യ പ്രധാനമന്ത്രിയായ നെഹ്റുവിന്റെ ഔദ്യോഗിക വസതി ആയി, സ്വതന്ത്ര ഇന്ത്യ ഉപയോഗിച്ചിരുന്നത് ഈ തീൻമൂർത്തി ഭവനാണ്.
ബ്രിട്ടീഷുകാർക്കൊപ്പം ഇസ്രായേലിനെതിരെ യുദ്ധം ചെയ്ത മൂന്ന് നാട്ടുരാജാക്കന്മാരുടെ സ്മരണയ്ക്കായാണ് 'മൂന്ന് മൂർത്തി'കൾ എന്ന അർത്ഥത്തിൽ 'തീൻമൂർത്തി ഭവൻ' എന്ന പേര് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയായ നെഹ്റു മുതൽ നിലവിൽ നരേന്ദ്രമോദി വരെയുള്ള ഓരോരുത്തരുടെയും നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ വളരെ മനോഹരമായും ചിട്ടയായും ഇവിടം സജ്ജീകരിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ ഓരോ പ്രധാനമന്ത്രിക്കും ആദരാഞ്ജലിയായി നിർമിച്ച ഒരു മ്യൂസിയം കൂടിയാണിത്. രാഷ്ട്രത്തിന്റെ വികസനത്തിന് ഓരോരുത്തരും നൽകിയ സംഭാവനകളുടെ വിവരണങ്ങൾ ഇവിടെ രേഖപ്പടുത്തിയിരിക്കുന്നു.
നവീകരിച്ച കെട്ടിടങ്ങളും പുതുതായി വികസിപ്പിച്ച പുതിയ ഗാലറികളുമുള്ള തീൻ മൂർത്തി അവന്യൂവിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഓരോ പ്രധാനമന്ത്രിക്കും സമർപ്പിച്ചിരിക്കുന്ന ഗാലറികളിൽ, രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അവരുടെ സുപ്രധാന സംഭാവനകളും പ്രദർശിപ്പിച്ചിരിക്കുന്നു. ഭരണഘടനയുടേയും അതിൻ്റെ നിർമാണത്തിൻ്റേയും അവിസ്മരണീയമായ സംവാദങ്ങളുടെയും ഗാലറികളും അവിടെയുണ്ട്.
ചരിത്രങ്ങളുറങ്ങുന്ന മ്യൂസിയത്തിൽ നിന്നും പന്ത്രണ്ടര മണിയോടുകൂടി ഞങ്ങൾ ഇറങ്ങി. ഭക്ഷണം കഴിക്കാനായി ആന്ധ്രപ്രദേശ് ഗവൺമെന്റിന്റെ ആന്ധ്രഭവൻ കാന്റീനിലെത്തി. അവിടെ വച്ച് കൊച്ചിയിൽ നിന്നെത്തിയ സംഘവും ഞങ്ങളോടൊപ്പം വന്നുചേർന്നു. ഹോട്ടലിനുള്ളിലെ അമിതമായ തിരക്ക് മൂലം പതിനഞ്ച് മിനിറ്റോളം കാത്തുനിന്നതിന് ശേഷമാണ് ഞങ്ങൾക്ക് സീറ്റ് ലഭിച്ചത്. രുചികരമായ താലി ഫുഡ് കഴിച്ചതിന് ശേഷം അവിടെ നിന്നും ഞങ്ങൾ യാത്ര തുടർന്നു.
റോഡിനിരുവശത്തും സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ കെട്ടിടങ്ങളെപ്പറ്റി ജോസഫ് സാർ വിവരിച്ചുകൊണ്ടിരുന്നു. യാത്രയ്ക്കിടയിൽ വിദേശകാര്യമന്ത്രാലയം, നാഷണൽ മ്യൂസിയം, പരേഡ് റോഡ്, ലെ മെറിഡിയൻ ഫൈവ് സ്റ്റാർ ഹോട്ടൽ, പട്യാല കോടതി, പ്രകൃതി മൈതാന്‍ റോഡ്, ഇന്ദ്രപ്രസ്ഥ റോഡ് എന്നിവയും കാണുവാൻ ഞങ്ങൾക്ക് സാധിച്ചു.
'യമുന എക്സ്പ്രസ് വേ'യിലൂടെ വാഹനം ആഗ്ര ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. കൊച്ചിയിൽ നിന്നെത്തിയ സംഘം സഞ്ചരിച്ചിരുന്നത് മറ്റൊരു ബസ്സിലായിരുന്നു.
ആഗ്ര കോട്ട യൂണിസെഫിന്റെ പൈതൃക പട്ടികയിൽ ഇടം നേടിയത് മൂലം ഉണ്ടായ തിരക്കിന് പരിഹാരമായി നിർമ്മിച്ചതാണ് യമുന എക്സ്പ്രസ് വേ.
രാത്രിയിൽ തങ്ങുന്ന ഹോട്ടലിലേക്കുള്ള യാത്രയുടെ ഇടവേളയിൽ എക്സ്പ്രസ് വേ ടോൾ നമ്പർ ഒന്നായ ശിവദാബയിൽ വണ്ടി നിർത്തി എല്ലാവരും ചായ കുടിച്ചു.
പത്ത് മണിയോടെ മുറികൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെത്തി ചെക്കിൻ ചെയ്തു. അവിടുത്തെ കാൻ്റീനിൽ നിന്നും വിഭവസമൃദ്ധമായ ഡിന്നർ കഴിച്ചതിന് ശേഷം എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.
ബ്രേക്ഫാസ്റ്റിന് ശേഷം ചെക്കൗട്ട് ചെയ്ത് എട്ടര മണിക്ക് തന്നെ ഹോട്ടലിൽ നിന്നും ഞങ്ങൾ ഇറങ്ങി, ആഗ്രഫോർട്ട് സന്ദർശിക്കാനായി പോയി.
നല്ല മൂടൽമഞ്ഞ് ആയിരുന്നതിനാൽ വഴിയോരക്കാഴ്ചകളൊന്നും വ്യക്തമായിരുന്നില്ല. കമ്പനിയുടെ ഗൈഡ് ഒപ്പമുണ്ടായിരുന്നെങ്കിലും ആഗ്രഫോർട്ട് സന്ദർശിക്കണമെങ്കിൽ അവിടുത്തെ ലോക്കൽ ഗൈഡുകളിൽ ആരെങ്കിലും കൂടെയുണ്ടാവണമെന്നുള്ളത് നിർബന്ധമായിരുന്നു.
അപ്രകാരം വിളിച്ച ഗൈഡിലൊരാൾ കോട്ടയ്ക്കകം സന്ദർശിക്കാൻ ഞങ്ങളോടൊപ്പം വന്നു. അയാൾ ഹിന്ദിയിലും ജോസഫ് സാർ മലയാളത്തിലും കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരുന്നു.
ഇന്ത്യയിലെ ആഗ്രനഗരത്തിലെ ഒരു ചരിത്രകോട്ടയാണിത്. 1638 ൽ ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറുന്നത് വരെ മുഗൾ രാജവംശത്തിലെ ചക്രവർത്തിമാരുടെ പ്രധാന വസതിയായിരുന്നു ഇത്. 'മതിലുകളുള്ള നഗരം' എന്നും ഈ കോട്ടയെ വിശേഷിപ്പിക്കാവുന്നതാണ്.
ഡൽഹിയിൽ നിന്ന് 200 km തെക്ക്, യമുനാനദിയുടെ വലത് കരയിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണിത്. മുഗൾവംശത്തിൻ്റെ ഭരണകാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.
ലോകമഹാത്ഭുതമായ താജ്മഹലിന് രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.
പൂന്തോട്ടങ്ങളാലും പാർക്കുകളാലും പ്രശസ്ത സ്മാരകമായ താജ്മഹലുമായി ഈ കോട്ടയെ ബന്ധിപ്പിച്ചിരിക്കുന്നു. ആഗ്രയിലെ ചരിത്രപ്രധാനമായ ഈ കോട്ട, ആഗ്രയുടെ 'റെഡ്ഫോർട്ട്' എന്നും അറിയപ്പെടുന്നു. ഏകദേശം എട്ട് വർഷം കൊണ്ടാണ് ഈ കോട്ടയുടെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഒന്നര മൈൽ ചുറ്റളവുള്ള, എഴുപതടി ഉയരത്തിൽ ഒരു കിടങ്ങാൽ ചുറ്റപ്പെട്ട ചുവരുകൾക്ക് ഏകദേശം ചന്ദ്രക്കലയുടെ ആകൃതിയാണുള്ളത്. ചുവരുകളിൽ രണ്ട് പ്രവേശന പോയിൻ്റുകളുണ്ട്. തെക്ക് അഭിമുഖമായുള്ള അമർസിംഗ് ഗേറ്റ്, ഇപ്പോൾ കോട്ട സമുച്ചയത്തിനകത്തോ പുറത്തോ ഉള്ള ഒരേയൊരു മാർഗം ഇതാണ്.
പടിഞ്ഞാറ് അഭിമുഖമായുള്ള ഡൽഹി ഗേറ്റ്, സങ്കീർണമായ മാർബിൾ ഇൻലേകൾ കൊണ്ട് അലങ്കരിച്ച യഥാർത്ഥ പ്രവേശന കവാടം. പിന്നീട് ഷാജഹാനും ജഹാംഗീറും പലഘടനകളും ചുവരുകൾക്കുള്ളിൽ കൂട്ടിച്ചേർക്കപ്പെട്ടു.
കോട്ടയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ജഹാംഗീറിൻ്റെ കൊട്ടാരം. സമുച്ചയത്തിലെ ഏറ്റവും വലിയ വസതിയാണിത്. ഷാജഹാൻ പണികഴിപ്പിച്ച പേൾ മസ്ജിദ് പൂർണമായും വെളുത്ത മാർബിളിൽ നിർമിച്ച ശാന്തവും തികച്ചും ആനുപാതികവുമായ ഒരു ഘടനയുമാണ്.
ഔറംഗസീബ് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് പ്രശസ്തമായ മയൂര സിംഹാസനം അവിടെ സൂക്ഷിച്ചിരുന്നു.
(തുടരും)