ഭാഗം 41
സെപ്‌റ്റംബർ മൂന്നാം തീയതി ഞയറാഴ്ച ഉച്ചകഴിഞ്ഞ്, ക്യൂബക്ക് പ്രോവിൻസിലെ, ഗാറ്റിനോയിലെ മീച്ച് ലേക്കിന് അരികിലുള്ള ഒബ്രിയൻ ബീച്ചിലേക്ക് ഞങ്ങൾ പോയി. വണ്ടി പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും ഒരു വനത്തിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ പത്ത് മിനിറ്റ് ദൂരം നടന്നു. കയറ്റം കയറിയിറങ്ങി ചെന്നെത്തിയത് മീച്ച് ലേക്കിനോട് ചേർന്ന്, നീണ്ടുകിടക്കുന്ന ഒബ്രിയൻ ബീച്ചിലേക്കായിരുന്നു.
ഇതരദേശക്കാരായ ധാരാളം ആളുകൾ ഞങ്ങൾക്ക് മുൻപേ അവിടെയെത്തി സ്ഥാനംപിടിച്ചിട്ടുണ്ട്. കുടയുടെ രൂപത്തിലുള്ള ചെറിയ ചെറിയ ടെന്റുകളുടെ അടിയിൽ അല്പ വസ്ത്രധാരികളായി, ആൺ പെൺഭേദമില്ലാതെ, ഇരിക്കുകയും മണൽപ്പരപ്പിൽ നീണ്ടുകിടക്കുകയും ചെയ്യുന്ന കാഴ്ച ശരിക്കും കൗതുകം ജനിപ്പിക്കുന്നതായിരുന്നു.
നിരവധി ആളുകൾ നദിയിലിറങ്ങി നീന്തുകയും കുളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. വൃത്തിയുള്ളതും തെളിഞ്ഞതുമായ വെള്ളത്തിൽ ഞങ്ങൾ ഓരോരുത്തരായി ഇറങ്ങി നിന്നു.
വെള്ളത്തിന്റെ തണുപ്പ് ദേഹത്തിലൂടെ അരിച്ചിറങ്ങി. ആഴം കുറഞ്ഞ സ്ഥലത്ത് നിന്ന് കുറച്ചു കൂടി ആഴമുള്ളിടത്തേക്ക് നടന്നു ചെന്നു. നീന്തൽ വശമില്ലാതിരുന്നതിനാൽ നദിയുടെ ഉൾഭാഗത്ത് നിന്നും കെട്ടിത്തിരിച്ച പ്രദേശത്തിലെ കയറിൽ പിടിച്ചുകൊണ്ടാണ് ഞാൻ നിന്നത്.
ഭർത്താവുൾപ്പെടെ, പലരും കമിഴ്ന്നു കിടന്നും മലർന്നു കിടന്നുമൊക്കെ നീന്തുന്നുണ്ടായിരുന്നു. എല്ലാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ലൈഫ് ഗാർഡുകൾ ഇടയ്ക്കിടയ്ക്ക് മൈക്കിൽക്കൂടി വേണ്ട നിർദേശങ്ങളും തരുന്നുണ്ട്.
അഞ്ചുമണി വരെയുള്ള സമയപരിധിക്കുള്ളിൽ ആളുകളുടെ എണ്ണം ക്രമേണ വർധിച്ചുവന്നു. വെള്ളിലൂടെ നടന്നും നീന്തിയും നീന്താൻ
ശ്രമിച്ചുമൊക്കെ രണ്ട് മണിക്കൂറോളം ഞങ്ങളവിടെ ചിലവഴിച്ചു.
തിരിച്ച്, പാർക്കിംഗ് ഏരിയയിലോട്ട് നടക്കുന്ന വഴിയിലാണ് സ്തീകൾക്കും പുരുഷൻമാർക്കും ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാനുള്ള മുറികൾ ക്രമീകരിച്ചിരിക്കുന്നത്.
നനഞ്ഞ ഡ്രസ്സൊക്കെ മാറ്റി എല്ലാവരും വന്ന് വണ്ടിയിൽ കയറി. ഒരു മണിക്കൂർ നീണ്ട മടക്കയാത്രയിൽ പാതയ്ക്കിരുവശത്തും നോക്കെത്താദൂരത്തോളം വിളഞ്ഞ് പഴുത്തുകിടക്കുന്ന ചോളപ്പാടങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടിരുന്നു.
അടുത്ത ദിവസം തിങ്കളാഴ്ച പബ്ലിക് ഹോളിഡേ ആയിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പത്ത് മണിയോട് കൂടി ഞങ്ങൾ താമസിക്കുന്ന റോക്ക്ലൻഡിന്റെ കിഴക്ക്, ബോർഗറ്റ് എന്ന ഗ്രാമത്തിലെ പൈൻ ഹിൽ ഓർച്ചാഡ് എന്നറിയപ്പെടുന്ന ആപ്പിൾ തോട്ടം സന്ദർശിക്കാനായി, ഞങ്ങൾ പോയി.മനസ്സിലെന്നും മായാതെ നിൽക്കുന്ന മധുരാനുഭവങ്ങളിൽ ഒന്നായിരുന്നു അത്. അരമണിക്കൂറിനുള്ളിൽ സെന്റ് ഫെലിക്സ് റോഡിലുള ഈ ഫാമിലെ പാർക്കിംഗ് ഏരിയായിൽ തികച്ചും സൗജന്യമായിത്തന്നെ വണ്ടി പാർക്ക് ചെയ്തു.
സന്ദർശകരെക്കൊണ്ട് തന്നെ വിളവെടുപ്പിക്കുന്ന രീതിയായിരുന്നു ഇവിടെയും ഉണ്ടായിരുന്നത്. ഓഗസ്റ്റ് മുതൽ ഒക്ടോബർ പകുതി വരെയാണ് വിളവെടുപ്പിന് വേണ്ടി സാധാരണയായി സന്ദർശകരെ അനുവദിക്കുന്നത്. സെപ്റ്റംബർ മാസമാണ് ആപ്പിൾ പറിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
മനസ്സിനെ കുളിരണിയിക്കുന്ന അതിമനോഹരമായ ദൃശ്യങ്ങളായിരുന്നു അന്നവിടെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. മൂന്ന് ഭാഗത്തായി,
ഏക്കറുകളോളം പരന്നുകിടക്കുന്ന ഒരേ പൊക്കത്തിലുള്ള വിവിധയിനം ആപ്പിൾ മരങ്ങളിൽ നിറയെ, വിളഞ്ഞ്, പഴുത്തു കിടക്കുന്ന കായ്കൾ, വിസ്മയകരമായ ഒരു കാഴ്ച തന്നെയായിരുന്നു.
ചുമപ്പും പച്ചയും മഞ്ഞയും നിറങ്ങളിൽ ഇടകലർന്ന, കിങ്ങിണിക്കുലകളായി തൂങ്ങി ക്കിടക്കുന്ന ആപ്പിളുകൾ, കയ്യെത്തിപ്പറിച്ചും മതിയാവോളം രുചിച്ചും ഞങ്ങൾ നടന്നു.
വലിപ്പത്തിനനുസരിച്ച് പൈസ കൊടുത്ത് വാങ്ങിയ പെട്ടി നിറയെ, ആപ്പിളുകൾ പറിച്ചു ശേഖരിച്ചു. ഇരുപതിനം ആപ്പിൾ മരങ്ങൾ
ഫാമിലുടനീളം ഉണ്ടായിരുന്നു.
കൗണ്ടറിൽ ലഭ്യമായിരുന്ന ആപ്പിൾ ജ്യൂസും ആപ്പിൾ സിഡാറും പൈസ കൊടുത്ത് വാങ്ങി, ശേഖരിച്ച ആപ്പിളുകളുമായി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. ജീവിതത്തിൽ ലഭിച്ച ആനന്ദകരമായ ഈ അനുഭവവും ഓർമകളുടെ പുസ്തകത്താളിൽ കുറിച്ചു വച്ചു.
(തുടരും)