ഭാഗം 39
സിറ്റിക്രൂസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം, സമീപത്ത് തന്നെയുള്ള ജോയൽ സ്റ്റോൺ ബീച്ചിൽ, കുറച്ചുനേരം ഞങ്ങൾ ചിലവഴിച്ചു. ഗനനോക്കിലെ, മുൻസിപ്പൽ മറീനയുടെ കിഴക്ക് ഭാഗത്തുള്ള ഈ ബിച്ചിലിരുന്നു കൊണ്ട് ലോറൻസ് നദിയുടെ ഭംഗിയും ആയിരം ദ്വീപുകളുടെ കാഴ്ചയും ആസ്വദിച്ചു. നദിയുടെ ഒരു ഭാഗത്ത് കെട്ടിനിർത്തിയിരിക്കുന്ന കടവിൽ, കുട്ടികളോടൊപ്പം മുതിർന്നവരും ഇറങ്ങി, കുളിക്കുകയും നീന്തുകയും ഒക്കെ ചെയ്യുന്നുണ്ട്.
തൗസൻഡ് ഐലൻഡ്സ് ബോട്ട് ക്രൂസ് ഡക്കിൽ നിന്നും സമീപത്തുള്ള ബോട്ട് മ്യൂസിയത്തിൽ നിന്നും അല്പം അകലെയാണ് ഈ വാട്ടർ ഫ്രണ്ട് പാർക്ക്. നദീതീരത്തുള്ള തണൽ വൃക്ഷങ്ങളുടെ അടിയിലുള്ള ബഞ്ചിലിരുന്നുകൊണ്ട്, ലോറൻസ് നദിയിലെ ജലപ്പരപ്പിലേക്ക് നോക്കിയിരിക്കാൻ നല്ല രസമായിരുന്നു. സഞ്ചാരികളെ കൊണ്ടു നിറഞ്ഞ ബോട്ടുകളും ക്രൂസുകളും സ്പീഡ് ബോട്ടുകളും തുടങ്ങി നിരവധി രസകരമായ നേർക്കാഴ്ചകൾ, മനസ്സിന് പുത്തനുണർവ് പ്രദാനം ചെയ്തു. അവിടെ നിന്നുമിറങ്ങി, ടൗണിലുളള ഒരു ഇംഗ്ളീഷ് റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചതിന് ശേഷം, വളരെ പുരാതനമായ ഒരു റെയിൽവേ ടണൽ സന്ദർശിക്കുവാനായി, ഞങ്ങൾ പോയി. 1860 ൽ നിർമിച്ച, 'ബ്രോക്ക് വില്ലെ റെയിൽവേ ടണലിലേക്കാണ് ഞങ്ങൾ പോയത്. ബ്ലോക്ക് ഹൗസ് ദ്വീപിന്റെ മുകളിൽ, വാട്ടർ സ്ട്രീറ്റിന് തെക്ക്, മാർക്കറ്റ് സ്ട്രീറ്റ്, വെസ്റ്റിന്റെ അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്ന്. വസന്തകാലം മുതൽ ശരത്കാലം വരെ ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയും ഇത് തുറന്നിരിക്കും. പ്രവേശനം തികച്ചും സൗജന്യമായതിനാൽ, എത്ര തവണ വേണമെങ്കിലും ഇത്, സന്ദർശിക്കാവുന്നതാണ്.
ടണലിന്റെ തെക്ക് വശത്തെ പ്രവേശനകവാടത്തിന് സമീപമുള്ള സൗജന്യ പാർക്കിംഗ് ഏരിയായിൽ വണ്ടിപാർക്ക് ചെയ്തിട്ട്, ഞങ്ങൾ ഉള്ളിൽ കയറി. ഒന്റാറിയോയിലെ ബ്രോക്ക് വില്ലെ നഗരത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഇത്, 1860 ൽ നിർമിച്ച, കാനഡയിലെ ആദ്യത്തെ റെയിൽവേ തുരങ്കമാണിത്. 2017 ലാണ്, ഇത് പൂർണമായി സന്ദർശകർക്കായി തുറന്നുകൊടുത്തത്. വിവിധരീതികളിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന ആധുനിക എൽ ഇ ഡി നിറമുള്ള ലൈറ്റ് സിസ്റ്റത്തോടൊപ്പം റിക്കോർഡ് ചെയ്ത സംഗീത ട്രാക്കും ഇതിനുള്ളിൽ പ്ലേ ചെയ്യുന്നു.
ബ്രോക്ക് വില്ലെയുടെ കടൽത്തീരത്ത് നിന്ന് അര കി.മീ ദൂരം സിറ്റിയുടെ അടിയിൽ സ്ഥിതിചെയ്യുന്ന, ഈ തുരങ്കത്തിലൂടെയുള്ള നടത്തം വളരെ രസകരമായിരുന്നു. വിവിധ വാസ്തുവിദ്യാ രീതികൾ ഉപയോഗിച്ച് നിർമിച്ച തുരങ്കത്തിന്റെ വിവരങ്ങൾ അടങ്ങിയ ബോർഡുകൾ പല ഭാഗത്തും വച്ചിട്ടുണ്ട്. ഇതിനുള്ളിലൂടെ നടക്കുമ്പോൾ, പല നിറങ്ങളിൽ മാറിമാറി അടിക്കുന്ന ലൈറ്റ് ഷോയും മുഴങ്ങികേൾക്കുന്ന മ്യൂസിക്കും വേറിട്ട ഒരനുഭവം തന്നെയായിരുന്നു. പല ഭാഗങ്ങളിലുള്ള ചുവരുകളിൽ നിന്നും ഭൂഗർഭ ജലം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. ചില ഭാഗ ങ്ങളിൽ നനവും വഴുക്കലും ഉള്ളതിനാൽ വളരെ സൂക്ഷിച്ചാണ് ഞങ്ങൾ നടന്നത്. തുരങ്കത്തിനുള്ളിൽ വിശ്രമ മുറികളൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാ ലും തെക്കൻ പ്രവേശന കവാടത്തിന്റെ തെക്ക് പടിഞ്ഞാറുള്ള ബ്ളോക്ക് ഹൗസ് ഐലൻഡിലും വടക്ക് വശത്തുള്ള സിറ്റി ഹാളിലും വിശ്രമമുറികൾ സജ്ജികരിച്ചിട്ടുണ്ട്. വടക്ക് വശത്തുള്ള പ്രവേശന വാതിലിൽക്കൂടി അകത്ത് കടന്ന ഞങ്ങൾ, പതുക്കെ നടന്ന്, ടണലിന്റെ തെക്കേ അറ്റത്തെത്തി. വീണ്ടും തിരിച്ചു നടന്ന്, ഇരുപത് മിനിറ്റിനുള്ളിൽ പുറത്തിറങ്ങുകയും ചെയ്തു. തിരിച്ചുപോകുന്ന വഴിയിൽ, പിസ ഹട്ടിൽ കയറി, നേരത്തേ ഓർഡർ ചെയ്ത പിസ്സയും വാങ്ങി വീട്ടിലേക്ക് പോയി.
ആഗസ്റ്റ് 29 തിരുവോണനാൾ ആയിരുന്നെങ്കിലും വീട്ടിലന്ന്, ഓണമൊന്നും ഒരുക്കിയിരുന്നില്ല. അടുത്ത ദിവസം അവിട്ടം ദിനത്തിൽ ഭർത്താവും ഞാനും കൂടി, അടപ്രഥമൻ സഹിതം ഒരുഗ്രൻ സദ്യ ഒരുക്കി. ഓണത്തിന് ഇവിടെ അവധിയൊന്നും ഇല്ലാത്തതിനാൽ, രാത്രിയിലാണ് ഞങ്ങൾ സദ്യ കഴിച്ചത്. ഇവിടെ നിന്നും ഒന്നര മണിക്കൂർ ദൂരമുള്ള കോൺവാൾ എന്ന സ്ഥലത്ത് താമസിക്കുന്ന ഭർത്താവിന്റെ സഹോദരീപുത്രൻ, ഷിബുവും കുടുബവും ഞങ്ങളോടൊപ്പം ഓണം ആഘോഷിക്കാൻ എത്തിയിരുന്നു. ഇരുപത്തെട്ട് വിഭവങ്ങളടങ്ങിയ, ഇലയിൽ വിളമ്പിയ രുചികരമായ ഓണസദ്യയും ഓണത്തിന്റെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് എടുത്ത ഫോട്ടോകളും സരസ സംഭാഷണങ്ങളുമെല്ലാംതന്നെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു പ്രദാനം ചെയ്തത്. എല്ലാവരോടും യാത്ര പറഞ്ഞ്, പത്തുമണിയോടുകൂടിയാണ് ഷിബുവും കുടുംബവും തിരിച്ചു പോയത്. അങ്ങനെ, മകന്റെ പുതിയ വീട്ടിലെ ആദ്യത്തെ ഓണം, ഗംഭീരമായിത്തന്നെ ഞങ്ങൾ ആഘോഷിച്ചു.
(തുടരും)