ഭാഗം 46
രണ്ട് മണിക്കൂർ ദൂരം പിന്നിട്ടപ്പോൾ, എല്ലാവർക്കും നന്നായി വിശന്നു. KFC യിൽ നിന്നും പാഴ്സൽ വാങ്ങി, സമീപത്ത് തന്നെയുള്ള ബുഡാപെസ്റ്റ് പാർക്കിൽ ചെന്നിരുന്ന് കഴിച്ചു.
ഒന്റാറിയോ തടാകത്തിന്റെ തീരത്ത് പാർക്ക്സൈഡ് ഡ്രൈവിന്റെ സമീപം, റൈഡർപൂളിന്റെ കിഴക്ക് ഭാഗത്താണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.
കുട്ടികൾക്കായുള്ള രസകരമായ കളിസ്ഥലങ്ങളുള്ള ഒരു പിക്നിക് സ്പോട്ടാണിത്. തണൽ മരങ്ങളും പച്ചപ്പും നിറഞ്ഞ മനോഹരമായ ഇവിടെ, ബാർബിക്യൂ ചെയ്യാനുള്ള സൗകര്യങ്ങളും ഉണ്ട്.
കുട്ടികളേയും കൊണ്ട് ധാരാളം കുടുംബങ്ങൾ അവിടവിടെയായി ഇരുന്ന് ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നുണ്ട്. കെ.എഫ്.സി യും കഴിച്ച്, കുറച്ച് നേരമിരുന്ന് വിശ്രമിച്ചതിന് ശേഷം അവിടെ നിന്നും ഞങ്ങൾ യാത്രതുടർന്നു.
ടൊറന്റോയിലെ ഒരു പ്രധാന പൊതുമാർക്കറ്റായ സെന്റ് ലോറൻസ് മാർക്കറ്റിലേക്കാണ് പിന്നെ ഞങ്ങൾ പോയത്. ഫ്രണ്ട്, ലോവർ, ജാർവിസ് സ്ട്രീറ്റുകളുടെ തെക്ക് പടിഞ്ഞാറൻ കോണിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
രണ്ട് പ്രധാനനിലകളുള്ള കെട്ടിടത്തിൽ, സെന്റ് ലോറൻസ് മാർക്കറ്റ് നോർത്ത്, സെന്റ് ലോറൻസ് ഹാൾ എന്നിവയ്ക്കൊപ്പം സെന്റ് ലോറൻസ് മാർക്കറ്റ് കോംപ്ലക്‌സും ഉൾപ്പെടുന്നു. താഴത്തെ നില ഭാഗികമായി ഭൂമിക്കടിയിലാണ്.
പഴങ്ങൾ, പച്ചക്കറികൾ, മാംസം, പാൽവർഗങ്ങൾ, ആർട്ട്, ക്രാഫ്റ്റ്, വീട്ടുസാധനങ്ങൾ, തുടങ്ങി ദൈനം ദിന ജീവിതത്തിന് ആവശ്യമായ സകല സാധനങ്ങളും ഇവിടെയുണ്ട്. ഭക്ഷണ സ്റ്റാളുകളും അവിടവിടെയായി സജ്ജീകരിച്ചിട്ടുണ്ട്.
തിരക്കൊഴിഞ്ഞ സമയമായതിനാൽ, ഇടനാഴികളിലൂടെ, മുകളിലും താഴെയുമെല്ലാം നിരത്തി വച്ചിരിക്കുന്ന വിവിധയിനം സാധനങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് ഞങ്ങൾ നടന്നു.
സെന്റ് ലോറൻസ് മാർക്കറ്റിൽ നിന്നും ഇറങ്ങി ടൊറന്റോ ഡൗൺ ടൗണിനെ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരുന്നു. സഞ്ചാരികളെക്കൊണ്ട് തിങ്ങി നിറഞ്ഞ തെരുവുകളിലെ റോഡുകളിൽ നല്ല രീതിയിലുള്ള ട്രാഫിക്കും അനുഭവപ്പെട്ടു.
പാതയുടെ ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയങ്ങൾ, എന്നെ ആശ്ചര്യപ്പെടുത്തി.
സൗകര്യപ്രദമായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തിട്ട്, ആളുകൾ തിങ്ങിനിറഞ്ഞ ഒരു സ്ഥലത്തിനുള്ളിലേക്ക് കയറി.
'നഥാൻ ഫിലിപ്സ് സ്‌ക്വയർ' എന്നെഴുതിയ ഒരു ബോർഡ് ശ്രദ്ധയിൽപ്പെട്ടു. ടൊറന്റോയുടെ ഹൃദയഭാഗത്തുള്ള സജീവമായ ഒരിടമാണിത്. ക്വീൻ സ്ട്രീറ്റ് വെസ്റ്റിന്റേയും ബേ സ്ട്രീറ്റിന്റേയും കവലയിലുള്ള ടൊറന്റോ സിറ്റി ഹാളിന്റെ മുൻഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
1955 മുതൽ 1962 വരെ ടൊറന്റോ മേയറായിരുന്ന നഥാൻ ഫിലിപ്സിന്റെ പേരിലാണ് ഈ സ്ക്വയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
1965ലാണ് ഇത് തുറന്നത്. കച്ചേരികൾ, കലാപ്രദർശനങ്ങൾ, പ്രതിവാര കർഷകരുടെ ചന്ത, വിളക്കുകളുടെ ശീതകാല ഉത്സവം, പ്രകടനങ്ങൾ ഉൾപ്പെടെയുള്ള പെതുപരിപാടികൾ തുടങ്ങിയവ നടത്തുന്ന സ്ഥലമാണിത്. ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന ഇവിടം കാനഡയിലെ ഏറ്റവും വലിയ നഗരചത്വരമാണ്.
ഗംഭീരമായ വാസ്തുവിദ്യയാൽ ചുറ്റപ്പെട്ട ഈ ചതുരത്തിന്റെ പ്രധാന ഭാഗം രണ്ട് വലിയ ഉറപ്പുള്ള കോൺക്രീറ്റ് സ്ലാബുകൾ കൊണ്ട് നിർത്തിയിരിക്കുന്നു. മധ്യഭാഗത്തുള്ള പ്രതിഫലിപ്പിക്കുന്ന കുളം, അതിശയിപ്പിക്കുന്ന ജലധാരകൾ, ഒരു സമാധാന ഉദ്യാനം, ഒരു സ്റ്റേജ്, കൂടാതെ നിരവധി ശിൽപ്പങ്ങളും ഇവിടെയുണ്ട്.
സ്ലാബുകൾക്കിടയിൽ പ്രകാശിതമായ ജലധാരകളുണ്ട്. സ്ക്വയറിന്റെ ശേഷിക്കുന്ന ചുറ്റളവിൽ ഒരുയർന്ന കോൺക്രീറ്റ് നടപ്പാതയുണ്ട്. പല സ്മാരകങ്ങൾ നിറഞ്ഞ പുൽത്തകിടികൾ ഇതിന് പുറത്തുണ്ട്.
സ്ക്വയറിന് താഴെയുള്ള ഗാരേജ്, ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ പാർക്കിംഗുകളിൽ ഒന്നാണ്. 2015 ൽ ടൊറന്റോ എന്നുള്ള വലിയ ഇംഗ്ലീഷ് അക്ഷരങ്ങൾ നഗരത്തിന്റെ ചിഹ്നമായി ഇവിടെ സ്ഥാപിക്കപ്പെട്ടു.
ഇതൊരു വലിയ മൾട്ടി - കളർ ഇല്യൂമിനേറ്റഡ് 3-D ചിഹ്നമാണ്. ഈ ചതുരം ടൊറന്റോ നഗരത്തിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു.
ധാരാളം ഗെയിമുകളും ഇവിടെ വച്ച് നടത്തപ്പെടുന്നുണ്ട്. സംസ്കാരവും ആവേശവും അലയടിക്കുന്ന ഇവിടം, പ്രദേശവാസികളും സന്ദർശകരും ഒരുപോലെ ഒത്തുചേരുന്ന ഒരിടമാണ്.
കാഴ്കൾ കണ്ടും വിശ്രമിച്ചും ഒരുമണിക്കൂർ നേരം ഞങ്ങളവിടെ ചിലവഴിച്ചു.
(തുടരും)