ഭാഗം 25
ഗ്രീൻവിച്ചിലെ കട്ടിസാർക്കിന് സമീപമുള്ള ഒരു സമുദ്ര മ്യൂസിയമാണ് നാഷണൽ മാരിടൈം മ്യൂസിയം.ഗ്രീൻവിച്ച് വേൾഡ് ഹെറിറ്റേജിന്റെ ശ്യംഖലയായ റോയൽ മ്യൂസിയത്തിന്റെ ഒരു ഭാഗമാണിത്. ഇതിനുള്ളിൽ കയറുന്നതിന് പൊതുവായ പ്രവേശന ഫീസ് ഇല്ലെന്നുള്ളതാണ് ഒരു പ്രത്യേകത.
1937 ഏപ്രിൽ 27 ന് മകൾ, എലിസബത്ത് രാജകുമാരിയോടൊപ്പം ജോർജ് ആറാമൻ രാജാവാണ് ഈ മ്യൂസിയം ഔപചാരികമായി തുറന്നത്. റോമാക്കാരുടെ ലാൻഡിംഗ് സ്ഥലമായ ഗ്രീൻവിച്ചിന്, ആദ്യകാലം മുതൽ കടലുമായും നാവിഗേഷനുമായും ബന്ധമുണ്ട്.
ചരിത്രങ്ങളുടെ കഥ പറയുന വിവിയിനം കപ്പലുകളുടെ മോഡലുകളും പെയിന്റിംഗുകളും പതാകകളും മറ്റും വളരെയധികം കൗതുകമേറിയ കാഴ്ചകൾ തന്നെയായിരുന്നു. ബ്രിട്ടീഷ് സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സമുദ്ര ചരിത്രത്തിലെ പ്രധാന ആകർഷണങ്ങളുടെ ഒരു ശേഖരം തന്നെയായിരുന്നു അത്.
അവിടെ നിന്നും റോയൽ ഗ്രീൻവിച്ച് ഒബ്സർവേറ്ററിയും അതിനുള്ളിലുള്ള റോയൽ മ്യൂസിയവും സന്ദർശിക്കാനാണ് പിന്നെ ഞങ്ങൾ പോയത്.
ഗ്രീൻവിച്ച് മീൻ ടൈം, പ്രൈം മെറിഡിയൻ എന്നിവയുടെ ആസ്ഥാനമായ റോയൽ ഒബ്സർവേറ്ററി, ഗ്രീൻവിച്ച് പാർക്കിലെ, കുത്തനെയുള്ള കുന്നിൻ മുകളിലുള്ള ക്വീൻസ് ഹൗസിനും നാഷണൽ മാരിടൈം മ്യൂസിയത്തിനും അഭിമുഖമായി സ്ഥിതിചെയ്യുന്നു. ഗ്രീൻവിച്ച് പ്രൈം മെറിഡിയന്റെ ഹോം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്.
ഇത് അടിസ്ഥാനപരമായി, സീറോ പ്രതിനിധീകരിക്കുന്ന ഒരു രോഖാംശാ(വടക്ക് - തെക്ക്) മാർക്കറാണ്. ഭൂമിയിലെ എല്ലാ സ്ഥലങ്ങളും പ്രൈം മെറിഡിയനിൽ നിന്ന് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ഉള്ള ദൂരം അനുസരിച്ച് സമയം അളക്കാം.
ഒബ്സർവേറ്ററി സമുച്ചയത്തിലെ പ്രധാന കെട്ടിടങ്ങളിലൊന്നായ ഫ്ലാംസ്‌റ്റീഡ് ഹൗസിന്റെ മുകളിൽ ഒരു കടും ചുവപ്പ് ടൈംബോൾ ഉണ്ട്. പന്ത് ഓരോ ദിവസവും മുകളിലേക്ക് ഉയരുകയും താഴുകയും ചെയ്യുന്നു. ഉച്ചയ്ക്ക് 12.55 ന് കയറ്റം ആരംഭിക്കുന്ന ഇത് കൃത്യം ഒരു മണിക്ക് താഴോട്ട് ഇറങ്ങുന്നു.
ഏക്കറുകളോളം പരന്നുകിടക്കുന്ന ഗ്രീൻവിച്ച് പാർക്കിന്റെ കുന്നിൻ മുകളിലുള്ള നിരീക്ഷണ കേന്ദ്ര മായ ഗ്രീൻവിച്ച് കാസിലിലാണ് റോയൽ ഒബ്സർവേറ്ററിയും അതിന് പിന്നിലുള്ള മ്യൂസിയവും നിലകൊള്ളുന്നത്. പുറത്ത് ഒരു ചെറിയ പ്ലാസയിൽ, ജനറൽ ജയിംസ് വുൾഫിന്റെ ഒരു പ്രതിമയുണ്ട്.
ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. ഈ കുന്നിന്റെ മുകളിൽ നിന്നുമുള്ള കാഴ്ചകൾ അതിഗംഭീരമാണ്. ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയും നദിയുടെ കാഴ്ചകളും ലണ്ടൻ നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളും മറ്റും ഇവിടെ നിന്നാൽ കാണാം.
പാർക്കിന് കുറുകെ, റോയൽ ഒബ്‌സർവേറ്ററിയുടെ വടക്കും തെക്കുമായിട്ടാണ് ഗ്രീൻവിച്ച് പ്രൈം മെറിഡിയൻ കടന്നുപോകുന്നത്.
ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞർ വളരെക്കാലമായി റോയൽ ഒബ്സർവേറ്ററിയാണ് സമയം അളക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിച്ചിരുന്നത്.
തുടർച്ചയായ ഉപകരണങ്ങളാൽ നിർവചിക്കപ്പെട്ട നാല് വ്യത്യസ്ത മെറിഡിയനുകൾ, ഈ കെട്ടിടങ്ങളിലൂടെ കടന്നുപോകുന്നതിനാൽ, 1884 വാഷിംഗ്ടണിൽ നടന്ന ഇന്റർനാഷണൽ മെറിഡിയൻ കോൺഫറൻസിൽ, ലോകത്തിന്റെ പ്രൈം മെറിഡിയനായി ഇവിടം അംഗീകരിക്കപ്പെട്ടു.
തുടർന്ന് ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ, മാപ്പിംഗിനും സമയ സൂചനയ്ക്കും തങ്ങളുടെ മാനദണ്ഡമായി ഇവിടം ഉപയോഗിച്ചു. ആദ്യകാലത്ത് പ്രൈം മെറിഡിയൻ ഒരു പിച്ചളകൊണ്ട് അടയാളപ്പെടുത്തിയെങ്കിലും പിന്നീടത് സ്‌റ്റെയിൻലസ്സ് സ്റ്റീൽ ഉപയോഗിച്ച് മാറ്റി.
കെട്ടിടങ്ങൾ ഒരു മ്യൂസിയമായി മാറിയപ്പോൾ ഒബ്സർവേറ്ററിയുടെ മുറ്റത്ത്, രാത്രിയിൽ ആകാശത്ത് തിളങ്ങുന്ന രീതിയിൽ ശക്തമായ പച്ച ലേസർ കൊണ്ട് അതിനെ അടയാളപ്പെടുത്തി.
ഈ മാർക്കർ ഉപയോഗിച്ചു കൊണ്ട്, ലോകത്തിനെ പടിഞ്ഞാറൻ, കിഴക്കൻ അർദ്ധഗോളങ്ങളായി വിഭജിച്ചിരിക്കുന്നു.
പ്രൈം മെറിഡിയന്റെ കിഴക്കോ, പടിഞ്ഞാറോ ഉള്ള ദൂരവുമായി ബന്ധപ്പെട്ടാണ് ഭൂമിയിലെ ഓരോ ബിന്ദുവും അളക്കുന്നത്.
മാർക്കറിന്റെ ഇരുവശത്തും കാൽ ചവിട്ടി നിന്നുകൊണ്ട് കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളുടെ അടയാളപ്പെടുത്തിയ ദൂരം ഞങ്ങൾ വായിച്ചു മനസ്സിലാക്കി.
1675 ൽ ചാൾസ് രണ്ടാമൻ രാജാവ്, നക്ഷത്രങ്ങളെ പഠിക്കുന്നതിനും കടലിൽ നാവിഗേഷൻ മെച്ചപ്പെടുത്തുന്നതിനുമായി സ്ഥാപിച്ചതാണ് ഈ റോയൽ ഒബ്സർവേറ്ററി. ഇതിന്റെ ചുമതലകൾ നിർവഹിക്കാൻ നിയമിച്ച ശാസ്ത്രജ്ഞന് 'റോയൽ' എന്ന പദവി കൊടുക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ പ്രധാന ഭാഗമായ 20 അടി ഉയരമുള്ള അഷ്ടഭുജാകൃതിയിലുള്ള മുറിയിൽ, അസാധാരണമായി രൂപകൽപ്പന ചെയ്ത രണ്ട് ക്ലോക്കുകൾ ഉണ്ട്. ഇതിന്റെ ഘടികാരമുഖത്തിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന പെൻഡുലത്തിന് 13 അടി നീളമുണ്ട്.
അനേക വർഷങ്ങളായി ഇവിടെ താമസിച്ച് നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ള ജ്യോതിശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ, മ്യൂസിയത്തിലെ നിരവധി കാഴ്ചകളിലൂടെ മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു.
മ്യൂസിയത്തിൽ നിന്നും ഇറങ്ങി, ഒരു മുറിയിൽ സജ്ജീകരിച്ചിരിക്കുന്ന
'ക്യാമറ ഒബ്സ്ക്യൂറ' എന്ന സംഭവം, കാണാനായി പോയി. ഇരുണ്ട മുറിയിലെ ഒരു വശത്തുള്ള ചെറിയ ലെൻസിലൂടെ ലണ്ടൻ സിറ്റിയിലെ കാഴ്ചകൾ, മുന്നിലുള്ള വലിയ മേശയുടെ ഉപരിതലഭാഗത്തേക്ക് പ്രൊജക്റ്റ് ചെയ്യുന്നത് അതിശയത്തോടെയാണ് ഞാൻ നോക്കി നിന്നത്.
റോയൽ ഒബ്സർവേറ്ററി ഗ്രീൻവിച്ച്, ഇന്ന് യുനെസ്കോയുടെ ലോക പൈതൃക സൈറ്റിന്റെ ഭാഗമാണ്. വൈവിധ്യങ്ങളായ കാഴ്ചകളിലൂടെ ശേഖരിച്ച അറിവുകളുമായി, ഞങ്ങൾ കുന്നിറങ്ങി താഴെയെത്തി.
(തുടരും)