ഭാഗം 33
സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് കൃത്യസമയത്ത് തന്നെ ബോർഡിംഗ് ആരംഭിച്ചു. നിറയെ യാത്രക്കാരുള്ള വലിയൊരു വിമാനമായിരുന്നു അത്. മുന്നിലും പിറകിലുമായിട്ടായിരുന്നു ഞങ്ങൾക്ക് സിറ്റുകൾ ലഭിച്ചിരുന്നത്. ഒമ്പത് മണിക്ക് തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ, വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണം, കഴിച്ചതിന് ശേഷം, സിനിമ കണ്ടും കുറച്ച് നേരം ഉറങ്ങിയും സമയം ചിലവഴിച്ചു. ഏഴര മണിക്കൂർ നീണ്ടുനിന്ന യാത്രയ്ക്കൊടുവിൽ കാനഡയിലെ പ്രാദേശിക സമയം, പതിനൊന്നര മണിക്ക് ഞങ്ങൾ ടൊറന്റോ എയർപോർട്ടിൽ ലാൻഡ് ചെയ്തു.
രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസം അഞ്ച് മണിക്കൂറാണ്. കാനഡയെന്ന വലിയ രാജ്യത്തിലെ പച്ചപ്പുകൾ, വിമാനത്തിന്റെ കിളിവാതിലിലൂടെ ആദ്യമായി കണ്ടപ്പോൾത്തന്നെ ഹൃദയം, ആനന്ദത്താൽ പുളകമണിഞ്ഞു. ഫ്ളൈറ്റിൽ നിന്നുമിറങ്ങി, മറ്റ് യാത്രക്കാരോടൊപ്പം നീണ്ടുകിടക്കുന്ന നടപ്പാതകളിൽക്കൂടിയും എസ്കലേറ്ററിൽക്കൂടിയും നടന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ എത്തി. യാത്രക്കാരെ ഗൈഡ് ചെയ്യാൻ പല സ്ഥലത്തും ജീവനക്കാർ നിൽക്കുന്നുണ്ടായിരുന്നു. പല രാജ്യങ്ങളിൽ നിന്നും സ്‌റ്റുഡന്റ്സ് വിസയിൽ വരുന്നവരെ സ്വീകരിക്കാൻ വേണ്ടി മാത്രമുള്ള കൗണ്ടറിലെ, ജീവനക്കാരുടെ ആത്മാർത്ഥമായ സേവനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. ഇമിഗ്രേഷൻ പ്രൊസീജിയർ കഴിഞ്ഞെത്തിയത് ഒരു ഓഫിസറിന്റെ മുന്നിലേക്കായിരുന്നു. ചില ചോദ്യങ്ങൾക്ക് ശേഷം നാട്ടിലേക്കുള്ള റിട്ടേൺ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ കൊടുത്ത ടിക്കറ്റും പാസ്പോർട്ടും മറ്റ് യാത്രാ രേഖകളുമെല്ലാം പരിശോധിച്ചതിന് ശേഷം സ്റ്റാമ്പ് ചെയ്ത് നൽകിയ പാസ്പോർട്ടുകളും വാങ്ങി ഞങ്ങൾ നടന്നു. വീണ്ടുമൊരു സെക്യൂരിറ്റി ചെക്കിംങിന്റെ ആവശ്യം ഇല്ലാതിരുന്നതിനാൽ ഗേറ്റ് നമ്പർ കണ്ടുപിടിച്ച് അവിടേക്ക് പോകാൻ തീരുമാനിച്ചു. അവിടെനിന്നും മോൺട്രിയലിലേക്കുള്ള വിമാനം, വൈകിട്ട് നാലര മണിക്കായിരുന്നു. കാനഡയിലെ ഒണ്ടാരിയോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ടൊറന്റോയിലെ ഏറ്റവും വലിയ എയർപോർട്ടാണിത്. പിയേഴ്സൺ എയർപോർട്ടെന്നും അറിയപ്പെടുന്ന ഇവിടം ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഒരു വിമാനത്താവളമാണ്. സമാധാനത്തിനുള്ള നോബൽ പ്രൈസ് ജേതാവും കാനഡയുടെ പ്രധാനമന്ത്രിയുമായിരുന്ന ലെസ്റ്റർ ബി. പിയേഴ്സന്റെ നാമധേയത്തിലാണ് ഈ വിമാനത്താവളം അറിയപ്പെടുന്നത്. ടൊറന്റോ സിറ്റിയിൽ നിന്നും ഏകദേശം 16 മൈൽ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അഞ്ച് റൺവേകളും രണ്ട് പാസഞ്ചർ ടെർമിനലുകളും കൂടാതെ യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ടതായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇവിടെ നിന്നും പ്രതിദിനം ആയിരത്തിലധികം പുറപ്പെടലുകൾ ഉണ്ട്. കൂടാതെ മറ്റ് ഭൂഖണ്ഡങ്ങളിലെ 180 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിന സർവീസുകളും ഉണ്ട്. ചരിത്രവും സംസ്കാരവും കൊണ്ട് സമ്പന്നമായ ഇവിടം, കാനഡ സർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്.
എയർപോർട്ടിലെ കാഴ്ചകളൊക്കെ കണ്ട് നടക്കുന്നതിനിടയിൽ, ഫുഡ് കോർട്ടിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചു. ഗേറ്റിലെത്തി സ്വസ്ഥമായതിന് ശേഷം മക്കളെ മൂന്നുപേരേയും വിളിച്ച് സംസാരിച്ചു. മോൺട്രിയലിലേക്ക് നാലരമണിക്ക് പോകേണ്ടിയിരുന്ന ഞങ്ങളുടെ വിമാനം ഒരു മണിക്കൂർ കൂടി വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. ഒരേ സമയത്ത് തന്നെ നിരവധി വിമാനങ്ങളി ലേക്കുള്ള ബോർഡിംഗ് നടക്കുന്നതിനാലായിരുന്നു പുറപ്പെടാൻ വൈകിയത്. വെറും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള യാത്രക്കിടയിൽ ലഭിച്ച, സ്നാക്സും ജ്യൂസും കഴിച്ചിട്ട് കുറച്ച് നേരം ഞാൻ കണ്ണടച്ചിരുന്നു. അങ്ങനെ ഫൈനൽ ഡെസ്റ്റിനേഷനായ, മോൺട്രിയൽ എയർപോർട്ടിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും ഞങ്ങൾ ഇറങ്ങി. വീണ്ടുമൊരു ഇമിഗ്രേഷൻ പ്രൊസീജിയറൊന്നും അവിടെ ഉണ്ടായിരുന്നില്ല.
ബാഗേജുകളെല്ലാം കളക്ട് ചെയ്ത് പുറത്തിറങ്ങിയപ്പോൾ മകനും കുടുംബവും ഞങ്ങളെ സ്വീകരിക്കാൻ അക്ഷമരായി പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം മകനെ നേരിട്ട് കണ്ടതിന്റെ സന്തോഷം, കെട്ടിപ്പിടിച്ച് പരസ്പരം പങ്ക് വച്ചു. മരുമകളോടും കൊച്ചുമകളോടുമൊപ്പം ആനന്ദകരമായ ആ കൂടിക്കാഴ്ചയിൽ, ഹൃദയത്തോടൊപ്പം മിഴികളും നിറഞ്ഞു തുളുമ്പി.
മരുമകളും കൊച്ചുമകളും ഇരുപത് ദിവസത്തെ അവധിക്ക്, കഴിഞ്ഞ കൊല്ലം നാട്ടിൽ വന്നപ്പോഴും മകന് അവരോടൊപ്പം വരാൻ സാധിച്ചിരുന്നില്ല. കാറിന്റെ ഡിക്കിയിൽ പെട്ടികളെല്ലാം ഒതുക്കി വച്ചിട്ട് എല്ലാവരും വണ്ടിയിൽ കയറി. സമയം ഏഴ് മണി കഴിഞ്ഞിരുന്നെങ്കിലും ഇരുട്ടിയിരുന്നില്ല. കാനഡയിലെ ക്യൂബക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ മോൺട്രിയലിൽ നിന്നും ഒട്ടാവയിലേക്ക് രണ്ടുമണിക്കൂർ യാത്രയുണ്ട്. ദേശീയപാതയിലൂടെ വളരെ സൂക്ഷിച്ചാണ് മകൻ വണ്ടിയോടിച്ചത്. യു.കെയിൽ നിന്നും തികച്ചും വ്യത്യസ്തമായ പുറംകാഴ്ചകളിൽ കണ്ണോടിച്ചുകൊണ്ടും വിശേഷങ്ങൾ പങ്ക് വച്ചും സമയം കടന്നുപോയി. ഇടയിൽ വണ്ടി നിർത്തി പ്രശസ്തമായ ടിം റെസ്റ്റോറന്റിൽ കയറി കോഫിയും സ്നാക്സും കഴിച്ചിട്ട്, വീണ്ടും യാത്ര തുടർന്നു. അങ്ങനെ രണ്ട് ദിവസത്തോളം നീണ്ടുനിന്ന യാത്രയുടെ അവസാനത്തിൽ, രാത്രി പത്തരമണിയോടുകൂടി, ഞങ്ങൾ മകന്റെ വീട്ടിലെത്തി. യാത്രാക്ഷീണവും ഉറക്ക ക്ഷീണവും കലശലായിരുന്നെങ്കിലും പെട്ടികൾ തുറന്ന് മക്കൾക്ക് വേണ്ടി കൊണ്ടുവന്ന സമ്മാനങ്ങളൊക്കെ എടുത്തു കൊടുത്തു. അതിന് ശേഷം, കുളിച്ച്, ഫ്രഷായി വന്ന് ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങി.
കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ റോക്ക്ലൻഡ് എന്ന ടൗൺഷിപ്പിനകത്ത്, സ്വന്തമായി വാങ്ങിയ വീട്ടിൽ മകനും കുടുംബവും താമസം തുടങ്ങിയിട്ട്, ആറ് മാസമേ ആയിരുന്നുള്ളൂ... നാലര വർഷത്തോളം ഒട്ടാവാസിറ്റിയിൽ തന്നെയായിരുന്നു അവർ താമസിച്ചിരുന്നത്. രാവിലെ എഴുന്നേറ്റ് വീടും പരിസരവുമെല്ലാം വിശദമായി കണ്ടതിന് ശേഷം പെട്ടികൾ തുറന്ന് സാധനങ്ങളെല്ലാം എടുത്തു കൊടുത്തു. ഇവിടേക്ക് കൊണ്ടുവരാനായി നാട്ടിൽ വച്ചു തന്നെ പായ്ക്ക് ചെയ്ത സാധനങ്ങളായിരുന്നു അധികവും. ഞങ്ങൾ വരുന്നത് പ്രമാണിച്ച്, മകൻ ഒരാഴ്ച അവധിയെടുത്തിരുന്നു. സ്കൂൾ വെക്കേഷൻ ആയതിനാൽ കൊച്ചുമകളും സന്തോഷത്തിലായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസം ബാലൻസ് ചെയ്യാൻ ദിവസങ്ങൾ എടുക്കുമെന്നുള്ളതിനാൽ, ശനിയും ഞായറും വീട്ടിൽ തന്നെ ഇരുന്ന് ഞങ്ങൾ വിശ്രമിച്ചു.
(തുടരും) .