ഭാഗം 24
മനോഹരവും വിസ്മയകരവുമായ ടവർബ്രിഡ്ജിന് തൊട്ടുമുന്നിലുള്ള, നഗരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് 'ലണ്ടൻ ടവർ.'
തേംസ് നദിയുടെ വടക്കൻ തീരത്തുള്ള ചരിത്രപരമായ ഈ കോട്ട, ലണ്ടൻ ബറോ ഓഫ് ടവർ ഹാംലെറ്റ്സിലാണ് സ്ഥിതി ചെയ്യുന്നത്. ആയിരം കൊല്ലങ്ങളിലേറെ പഴക്കമുള്ള ഈ കോട്ടയിലാണ് ക്രൗൺ ജൂവൽസ് സൂക്ഷിച്ചിട്ടുള്ളത്. കോട്ടയുടെ ഏറ്റവും പഴയ കെട്ടിടമായ വൈറ്റ് ടവറിനുള്ളിൽ പതിനൊന്നാം നൂറ്റാണ്ടിലെ ഒരു ചാപ്പലും ചരിത്രപരമായ റോയൽ ആയുധശേഖരങ്ങളും ഉണ്ട്.
ചരിത്രത്തിന്റെ പല പാളികളുള്ള രാജകീയതയുടെ പ്രതികങ്ങളിലൊന്നായി മാറിയ ഗംഭീരമായ ഒരു കോട്ടയാണിത്. തലസ്ഥാനത്തിലേക്കുള്ള കോട്ടയായും കവാടമായും പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് തന്ത്രപരമായി ഇത് തേംസ് നദിയിൽ സ്ഥാപിച്ചത്.
നൂതന നോർമൻ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് ഈ ടവർ. കൂറ്റൻ കൊത്തുപണികളാൽ ആകർഷണീയമായ ടവറിനുളളിലെ പുരാതന സ്മാരകമായ കെട്ടിടങ്ങൾ നിയമാനുസൃതമായി ലിസ്റ്റ് ചെയ്ത് സംരക്ഷിക്കപ്പെടുന്നു.
നൂറ്റാണ്ടുകളായി, രാജാവിന്റെ ഉടമസ്ഥതയിലുള്ള ഔദ്യോഗിക രേഖകളുടേയും വിലപിടിപ്പുള്ള വസ്തുക്കളുടേയും പ്രധാന ശേഖരമായിരുന്നു ഇത്. സമ്പന്നമായ ബ്രിട്ടീഷ് സംസ്കാരത്തിന്റേയും പൈതൃകത്തിന്റെയും നാഴികക്കല്ലായ ഈ ടവർ, കൗതുകരവും എന്നാൽ ഭയാനകവുമാണ്.
ദുരന്തങ്ങളുടേയും മരണത്തിന്റേയും ധാരാളം കഥകൾ ഇതിന് പറയാനുണ്ട്. കിരീടാഭരണങ്ങളും രാജകീയ വസ്തുക്കളും ആയുധ ശേഖരങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നതിനാൽ, യുദ്ധങ്ങളും മരണങ്ങളും കീഴടക്കലുകളുമെല്ലാം യഥാർത്ഥമായ ചരിത്രങ്ങളാണെന്ന് നമ്മളെ മനസ്സിലാക്കിത്തരുന്നു.
ഈ പുരാതനമായ മതിലുകൾക്കുള്ളിലെ ഇരുളടഞ്ഞതും വളഞ്ഞു പുളഞ്ഞതുമായ പാതയിലൂടെ നടക്കുമ്പോൾ, ഇവിടെ നടന്നിട്ടുള്ള പ്രണയത്തിന്റേയും വഞ്ചനയുടേയും അധികാരത്തിന്റേയും വിയോഗത്തിന്റേയും ഐതിഹാസികമായ കഥകൾ അറിയുവാനുള്ള ജിജ്ഞാസ മനസ്സിൽ വർധിച്ചു കൊണ്ടിരുന്നു.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ, ഈ കോട്ട, ജയിലായി ഉപയോഗിക്കുകയും ചാരവൃത്തിയുടെ പേരിൽ നിരവധി പേരുടെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്.
കുറഞ്ഞത് ആറ് കാക്കകളെയെങ്കിലും എല്ലാ സമയത്തും ടവറിൽ സൂക്ഷിക്കുമായിരുന്നു. അവ ഇല്ലെങ്കിൽ രാജ്യം വീഴുമെന്ന അന്ധവിശ്വാസത്തിന് അനുസൃതമായാണ് അങ്ങനെ ചെയ്തുകൊണ്ടിരുന്നത്.
ലണ്ടൻ ടവറിൽ കിരീടങ്ങൾ സ്ഥാപിക്കുന്നതിനുള്ള പാരമ്പര്യം ഹെൻറി മൂന്നാമൻ രാജാവിന്റെ ഭരണകാലത്താണ് തുടങ്ങിയത്. ആഭരണങ്ങൾ, പ്ലേറ്റ്, രാജകിയ ചിഹ്നങ്ങളായ കിരീടം, ചെങ്കോൽ, വാൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ സുക്ഷിക്കുന്നതിന് വേണ്ടിയാണ് ജ്യൂവൽ ഹൗസ് നിർമ്മിച്ചിട്ടുള്ളത്.
ഇതിന്റെ കാവൽക്കാരനായ കോൺസ്റ്റബിളിന്റെ ചുമതലകൾ വളരെ വലുതാണ്. ചരിത്രപരമായ രാജകൊട്ടാരങ്ങളുടേയും ആയുധപ്പുരകളുടേയും ട്രസ്റ്റി കൂടിയാണ് ഈ കോൺസ്റ്റബിൾ.
പഴമകളിൽ ഉറങ്ങുന്ന വൈവിധ്യമാർന്ന ദുരൂഹതകൾ ആലോചിച്ചുകൊണ്ട്, അവിടെ നിന്നുമിറങ്ങി ഗ്രീൻവിച്ചിലേയ്ക്കുള്ള ക്രൂസിൽ കയറുവാനായി ഞങ്ങൾ പോയി. ടവർബ്രിഡ്ജിന്റെ പടിഞ്ഞാറ് വശത്തുള്ള ടവർ മില്ലേനിയം പിയർ ബോട്ടിന്റെ കൗണ്ടറിൽ നിന്നും, ഗ്രീനിച്ച് പിയറിലേക്ക് 30 മിനിറ്റ് നേരമുള്ള ക്രൂസിന് ഞങ്ങൾ ടിക്കറ്റെടുത്തു.
മറ്റ് യാത്രക്കാരോടൊപ്പം ഞങ്ങൾ കയറിയ സിറ്റി ക്രൂസ്, ലണ്ടനിലെ ലോവർ പൂളിലൂടെ ഗ്രീനിച്ചിലെ റോയൽബറോയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂറിന്റെ ഇടവേളയിൽ സഞ്ചരിക്കുന്ന ഓരോ ബോട്ടിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.
സിറ്റിക്രൂസിനെ കൂടാതെ ഓരോ ഇരുപത് മിനിറ്റിലും സർവ്വിസ് നടത്തുന്ന ഊബർ ബോട്ടുകളും ധാരാളമുണ്ടായിരുന്നു.
ഞങ്ങൾ കയറിയ ബോട്ടിന് എതിരേ വരുന്ന ഉയരം കൂടിയ കപ്പലിന് കടന്നുപോകാനായി, ടവർ ബ്രിഡ്ജ് തുറക്കുന്ന, വിചിത്രവും വിസ്മയകരവുമായ കാഴ്ച പാലത്തിന്റെ തൊട്ടരികിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
രണ്ടായി തുറന്ന ടവർ ബ്രിഡ്ജിന് അടിയിലൂടെ ഞങ്ങളുടെ ബോട്ടും മുന്നോട്ട് നീങ്ങി.
നദിയുടെ കരയിലെ ഓരോ കെട്ടിടത്തിന്റേയും പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള, ഇംഗ്ലീഷ് ലൈവ് കമന്ററി ശ്രദ്ധിച്ചുകൊണ്ട് നദീതീരത്തെ തടസ്സമില്ലാത്ത കാഴ്ചകൾ ഞങ്ങൾ ആസ്വദിച്ചു.
ഗ്രീൻവിച്ചിലെ ഡ്രൈ ഡോക്കിൽ മർച്ചന്റ് നേവിയുടെ സ്മാരകമായി നിലകൊള്ളുന്ന 'കട്ടിസാർക്ക്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബ്രിട്ടിഷ് ക്ലിപ്പർ കപ്പൽ, ബോട്ടിലിരുന്നുകൊണ്ട് തന്നെ ഞങ്ങൾ നോക്കിക്കണ്ടു.
ഗ്രീൻവിച്ച് പിയറിന്റെ തീരത്തടുപ്പിച്ച ബോട്ടിൽ നിന്നും ഇറങ്ങി, കട്ടിസാർക്കിന്റെ സമീപത്തേയ്ക്ക് ഞങ്ങൾ നടന്നു. ഒരു കാലത്ത് ലോകത്തിലെ പ്രധാന വ്യാപാരപാതകളിലൂടെ സഞ്ചരിച്ചിരുന്ന അതിവേഗ കപ്പലുകളിലൊന്നായിരുന്നു അത്. ഇന്ന്, ബ്രിട്ടന്റെ അഭിമാനകരമായ, സമുദ്ര പൈതൃകത്തിന്റെ പ്രതീകമായി ഇത് നിലകൊള്ളുന്നു. കപ്പൽ രൂപകല്പ്പനയുടെ അതുല്യമായ ഒരു ഉദാഹരണം കൂടിയാണിത്.
ഇതിന് 212.5 അടി ഉയരവും 21 ആടി ആഴവുമുണ്ട്. കപ്പലിന് മുകളിൽ കാണുന്ന ഉയരം കൂടിയ ഭാഗങ്ങൾ കട്ടിയുള്ള തേക്കിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. ഒരു സ്മാരകമായി സംരക്ഷിക്കപ്പെടുന്ന ഈ ചരിത്ര കപ്പൽ, ഇന്ന് ജനപ്രിയ വിനോദ സഞ്ചാരത്തിന്റെ ഒരു കേന്ദ്രമാണ്.
അത്ഭുതം കൂറുന്ന മിഴികളോടെയാണ്, ഐതിഹാസിക കപ്പലിന്റെ ഉയരവും അതിന്റെ ഡെക്കിന് താഴെയുള്ള ആശ്ചര്യങ്ങളും നോക്കിക്കണ്ടത്.
ലണ്ടൻ മാരത്തൺ റൂട്ടിന്റെ പ്രധാന നാഴികക്കല്ലായ ഇത്, ഗ്രീൻവിച്ചിന്റെ മധ്യഭാഗത്തുള്ള നാഷണൽ മാരിടൈം മ്യൂസിയം, ഗ്രീൻവിച്ച് ഹോസ്പിറ്റൽ, ഗ്രീൻവിച്ച് പാർക്ക് എന്നിവയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
(തുടരും)