ഭാഗം 26
ശനിയാഴ്ച രാവിലെ എട്ടരമണിയോട് കൂടി, രണ്ട് വണ്ടികളിലായി ഞങ്ങൾ, യു.കെ യിലെതന്നെ മറ്റൊരു രാജ്യമായ വെയിൽസിലേക്ക് യാത്ര തിരിച്ചു. മാഞ്ചസ്റ്ററിൽ നിന്നും മൂന്നര മണിക്കൂർ യാത്ര ചെയ്ത്, വെയിൽസിലെ ലാൻഡുഡ്നോ എന്ന സ്ഥലത്ത് എത്തി. വലിയൊരു ബഹുനില, കാർ പാർക്കിംഗ് കെട്ടിടത്തിലെ ഏറ്റവും മുകളിലെ നിലയിൽ വണ്ടികൾ പാർക്ക് ചെയ്തിട്ട്, അവിടെ നിന്നും താഴെയിറങ്ങി ഞങ്ങൾ നടന്നു. വെയിൽസിലെ ഏറ്റവും വലിയ ഒരു കടൽത്തീര റിസോർട്ടും അതിനോടനുബന്ധിച്ച പട്ടണ പ്രദേശങ്ങളുമാണ് ലാൻഡുഡ്നോ നഗരം.
ഐറിഷ് കടലിലേക്ക് നീണ്ടുകിടക്കുന്ന ഒരു ഉപദ്വീപാണിത്. ശിലായുഗം, വെങ്കലയുഗം, ഇരുമ്പ് യുഗം തുടങ്ങിയ നൂറ് കണക്കിന് വർഷങ്ങളിലുള്ള പുരാതന മനുഷ്യന്റെ വാസസ്ഥലങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്തതാണ് ഇന്ന് കാണുന്ന പട്ടണപ്രദേശങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ചരിത്രാതീത ചെമ്പ് ഖനികളായി, ലാൻഡുഡ്നോ യുടെ 'ഗ്രേറ്റ് ഓർമെ' ഖനികൾ കണക്കാക്കപ്പെടുന്നു. വെങ്കലയുഗത്തിലെ ഈ ഇടുങ്ങിയ തുരങ്കങ്ങൾ കൂടാതെ 145 മീറ്റർ ആഴമുള്ള വിക്ടോറിയൻ മൈൻ ഷാഫ്റ്റും ഇവിടെയുണ്ട്.
ലാൻഡുഡ്നോ കേബിൾ കാർ, ഹാപ്പി വാലി ബൊട്ടാണിക്കൽ ഗാർഡൻസിൽ നിന്ന് 'ഗ്രേറ്റ് ഓർമെ' എന്നറിയപ്പെടുന്ന വലിയ കുന്നിന്റെ കൊടുമുടിയിലേക്ക് യാത്രക്കാരെ കൊണ്ടു പോകുന്നു. ഇത് ബ്രിട്ടനിലെ ഏറ്റവും നീളമേറിയ കേബിൾ കാർ സംവിധാനങ്ങളിൽ ഒന്നാണ്. കാർപാർക്കിൽ നിന്നും പത്ത് മിനിറ്റ് ദൂരം ഞങ്ങൾ നടന്നെത്തിയത്, ലാൻഡുഡ്നോ പിയറിന് സമീപമുള്ള കേബിൾകാറിന്റെ കൗണ്ടറിലേക്കായിരുന്നു. നിർഭാഗ്യവശാൽ, അന്നത് പ്രവർത്തന രഹിതമായിരുന്നതിനാൽ അവിടെ നിന്നും ഞങ്ങൾ നിരാശയോടെ മടങ്ങി.
ലാൻഡുഡ്നോയുടെ ഏറ്റവും ആകർഷകമായ മധ്യകാല കോട്ടകളിലൊന്നായ 'കോൺവി കാസിൽ', അകലെ നിന്ന് മാത്രമേ ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നുള്ളൂ. ലാൻഡുഡ്നോ പട്ടണത്തിന്റെ വടക്ക്- പടിഞ്ഞാറ് ഭാഗത്തുള്ള ചുണ്ണാമ്പുകല്ലുകൾ കൊണ്ട് നിറഞ്ഞ, ഒരു വലിയ കുന്നാണ് 'ദി ഗ്രേറ്റ് ഓർമെ' എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു കുന്നിന്റെ ഗോലിയാത്ത് ആണ് നഗരത്തിന്റെ ഈ വലിയ കാഴ്ച. കുത്തനെയുള്ള ചെരിവുകളും വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാതകളുമെല്ലാം ചെറുപ്പക്കാർക്ക് പോലും ഒരു വെല്ലുവിളിയാണ്. കടലിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന ഭാഗത്ത് നിന്നും അതിന്റെ ഉച്ചകോടിയിലേക്കുള്ള നടത്തം സാഹസികത നിറഞ്ഞതാണ്.
വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്ന പാതയിലൂടെ ഏകദേശം ഇരുപത് മിനിറ്റ് കൊണ്ട് അതിന്റെ ഉയരത്തിലെത്താം. ഭർത്താവും ഞാനും കൊച്ചുമകളും ഒഴിച്ച് ബാക്കിയെല്ലാവരും ഉയരങ്ങൾ കീഴടക്കി, കുന്നിന്റെ മുകളിലെ പീക്ക് പോയിന്റിലെത്തി. ശക്തിയായി വീശുന്ന കാറ്റിനെ അവഗണിച്ചുകൊണ്ട് നാലു ദിക്കുകളിലുമുള്ള പ്രകൃതിയുടെ മനോഹരമായ ദൃശ്യം കൺകുളിർക്കെ കണ്ട് ആസ്വദിക്കാൻ അവർക്ക് കഴിഞ്ഞു. കുന്നിന്റെ അടിവാരത്ത്, കടലിനോട് ചേർന്നുള്ള, ഹരിതാഭ നിറഞ്ഞ പാർക്കിന് സമീപമുള്ള റെസ്റ്റോറന്റിൽ നിന്നും സ്നാക്സും ജ്യൂസും വാങ്ങിക്കഴിച്ചുകൊണ്ട്, അവർ തിരിച്ചുവരുന്നതും കാത്ത് ഞങ്ങളിരുന്നു.
മലകയറാൻ പോയവർ തിരികെയെത്തിയതിന് ശേഷം അവിടെ നിന്നും ഞങ്ങൾ ലാൻഡുഡ്നോ പിയറിനെ ലക്ഷ്യമാക്കി നടന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു തുറമുഖമാണ് ലാൻഡുഡ്നോ പിയർ. അതിന്റെ വിപുലമായ റെസ്റ്റോറന്റുകൾ, ഫുഡ് സ്റ്റാളുകൾ , ബാറുകൾ കൂടാതെ, വിനോദ ഗെയിമുകൾ നിറഞ്ഞ അമ്യൂസ്മെന്റ് ആർക്കൈഡുകളാലും കരകൗശല വസ്തുക്കൾ കൊണ്ട് നിറഞ്ഞ നിരവധി സ്റ്റാളുകളാലും വളരെ തിരക്കേറിയ ഒരു സ്ട്രീറ്റാണത്. ഐറിഷ് കടലിന് മുകളിൽ 2,295 അടി(700 മീറ്റർ) നീളമുള്ള ഇത്, യു.കെ യിലെ ഏറ്റവും നീളമേറിയ പിയറുകളിൽ ഒന്നാണ്. ഐറിഷ് കടലിലേക്ക് ഗാംഭീര്യത്തോടെ വ്യാപിച്ചു കിടക്കുന്ന അത്യാകർഷണിയമായ ഒരു കടവാണിത്. 'വെൽഷ് പിയേഴ്സിന്റെ രാജ്ഞി' എന്ന് വിളിക്കപ്പെടുന്ന ലാൻഡുഡ്നോ പിയർ, അതിമനോഹരമായ ഒരു നാഴികക്കല്ലായി തീരപ്രദേശത്ത് അഭിമാനത്തോടെ നിലകൊള്ളുന്നു. സഞ്ചാരികളുടെ ബാഹുല്യം നിറഞ്ഞ ഈ കടവിലൂടെ കടൽക്കാറ്റേറ്റുകൊണ്ട് ഞങ്ങളും നടന്നു. കുട്ടികൾക്കായുള്ള റൈഡുകളും വിശ്രമിക്കുവാൻ ധാരാളം ബഞ്ചുകളും വശങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. കടലിൽ നിന്ന് മീറ്ററുകൾ മാത്രം ഉയരത്തിൽ പലക കൊണ്ട് നിർമിച്ച പാതയിലൂടെ നടക്കാൻ നല്ല രസമായിരുന്നു. കാഴ്ചകൾ കണ്ടുകൊണ്ട് പിയറിന്റെ അറ്റംവരെ നടന്നു ചെന്ന്, അവിടെയുള്ള ഫുഡ് സ്റ്റാളിൽ നിന്നും വ്യത്യസ്ത രുചിക്കൂട്ടുകൾ അടങ്ങിയ ഭക്ഷണവും വാങ്ങിക്കഴിച്ചു. കുറച്ച്നേരം അവിടെയിരുന്ന് വിശ്രമിച്ചതിന് ശേഷം അവിടെനിന്നും ഞങ്ങൾ തിരിച്ചുനടന്നു.
പാർക്കിംഗ് സമയം അഞ്ച് മണി വരെ മാത്രമേ, ഉണ്ടായിരുന്നതിനാൽ, അതിന് മുൻപേ പോയി, വണ്ടികൾ എടുത്തുകൊണ്ട് വന്ന് പിയറിന് സമീപമുള്ള റോഡരികിൽ പാർക്ക് ചെയ്തിരുന്നു. വെയിൽസിലെ സംസാരഭാഷയായ 'വെൽഷി'ലാണ് സ്ട്രീറ്റുകളിലെല്ലാം അറിയിപ്പുകൾ എഴുതിവച്ചിരിക്കുന്നത്. സൗന്ദര്യം തുളുമ്പുന്ന പ്രകൃതിയുടെ മനോഹാരിതകൾ ഒപ്പിയെടുത്തുകൊണ്ട് വളവുകൾ നിറഞ്ഞ പാതയിലൂടെ ഞങ്ങൾ, ഉയർന്ന പ്രദേശത്തിന്റെ അടിവാരത്തിലെത്തി. വ്യത്യസ്തമായ ദൃശ്യാനുഭവത്തിന്റെ സംതൃപ്തിയോടെ വെയിൽസിനോട് വിട പറഞ്ഞ്, ആറര മണിയോടുകൂടി അവിടെ നിന്നും ഞങ്ങൾ മടങ്ങി. മാഞ്ചസ്റ്ററിലേക്കുള്ള മടക്കയാത്രയിൽ പലയിടത്തും ട്രാഫിക് പ്രശ്നങ്ങൾ നേരിട്ടെങ്കിലും മൂന്നര മണിക്കൂർ യാത്രയുടെ ഒടുവിൽ, സുരക്ഷിതരായി ഞങ്ങൾ വീട്ടിലെത്തി. കുളിച്ച് ഫ്രഷായി വന്ന്, ഭക്ഷണം കഴിച്ചതിന് ശേഷം, പഴയ ചില ഓർമകൾ പങ്കിട്ടുകൊണ്ട്, തമാശകളും പൊട്ടിച്ചിരികളുമൊക്കെയായി പാതിരാവരെ ഞങ്ങൾ സംസാരിച്ചിരുന്നു. ക്ഷീണാധിക്യം കാരണം കിടന്നയുടൻ തന്നെ, എല്ലാവരും നിദ്രയുടെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി…
(തുടരും)