ഭാഗം 40
സെപ്റ്റംബർ രണ്ടാം തിയതി ശനിയാഴ്ച, മകനും കുടുംബവും കൂടി നടക്കുന്ന സിറിയൻ ജാക്കോബൈറ്റ് പള്ളിയിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി പോയി. ശുശ്രുഷകൾക്ക് ശേഷം, പള്ളിയോട് ചേർന്നുള്ള ഹാളിൽ വച്ച്, ഓണസദ്യയും ഓണപ്പരിപാടികളും നടത്തുകയുണ്ടായി. സദ്യ കഴിഞ്ഞ്, കുറച്ച് നേരം കേരള തനിമയാർന്ന പരിപാടികൾ കണ്ടിരുന്നു.
വൈകിട്ട് മറ്റൊരു സ്ഥലത്ത് പോകാൻ തീരുമാനിച്ചിരുന്നതിനാൽ, പരിപാടികൾ തീരുന്നതിന് മുൻപ് തന്നെ അവിടെ നിന്നും ഞങ്ങൾ ഇറങ്ങി. തിരിച്ചുപോകുന്ന വഴിയിൽ, മകന്റെ ഏറ്റവും അടുത്ത ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ കയറി. പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിൽ പോകാൻ കഴിയാതിരുന്ന കൂട്ടുകാരന്റെ ദു:ഖത്തിൽ ഞങ്ങളും പങ്ക് ചേർന്നു.
ക്യൂബക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ മോൺട്രിയലിലെ നോട്രെഡാം ബസിലിക്കയിൽ, അന്ന് രാത്രി ഒൻപത് മണിക്ക് നടക്കുന്ന ലൈറ്റ് ഷോ കാണുവാനുള്ള ടിക്കറ്റുകൾ, രണ്ടു ദിവസം മുൻപേ ഓൺലൈനിൽ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. വീട്ടിൽ നിന്നും രണ്ട് മണിക്കൂർ ദൂരം യാത്രയുണ്ടായിരുന്നതിനാൽ 6.30 മണിക്ക് തന്നെ ഞങ്ങൾ അവിടേക്ക് തിരിച്ചു. കൃത്യം 8.30 മണിക്ക് സ്ഥലത്തെത്തിയ ഞങ്ങൾ, അല്പം അകലെയുള്ള ഒരു പെയ്ഡ് പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്തിട്ട് പള്ളിയിലേക്ക് നടന്നു. സന്ദർശകരുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ടായിരുന്നു. മോൺട്രിയലിലെ സെന്റ് സുൽപൈസ് സ്ട്രീറ്റിന്റെ മൂലയിൽ, സെന്റ് സുൽപൈസ് സെമിനാരിക്ക് അടുത്തായാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. 19-ാം നൂറ്റാണ്ടിൽ നിർമിച്ച നോട്രെഡാം ബസിലിക്ക, മോൺട്രിയാലിന്റെ പ്രശസ്തമായ ഒരു ലാൻഡ് മാർക്കാണ്. കാഴ്ചയ്ക്ക് ഇമ്പകരമായ രീതിയിലുള്ള, മനോഹരമായ കരകൗശല നൈപുണ്യം നിറഞ്ഞു നിൽക്കുന്ന ഒരു കെട്ടിടമാണിത്.രണ്ട് ടവറുകളിലും മണികളുണ്ട്. 8.45 ന് തന്നെ ടിക്കറ്റുകൾ സ്കാൻ ചെയ്ത് ആളുകളെ അകത്തേക്ക് കയറ്റി. ക്യൂവിന്റെ പിറകിലായിരുന്ന ഞങ്ങളും ഊഴമനുസരിച്ച്, പള്ളിയുടെ ഉള്ളിൽ പ്രവേശിച്ചു. വിശാലമായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ എല്ലാവരും സ്ഥാനം പിടിച്ചു.
പള്ളിയുടെ ഉൾവശം, ഗോഥിക്- റിവൈവൽ വാസ്തുവിദ്യയുടെ മാസ്റ്റർപീസ് ആണ്. ആഴത്തിലുള്ള നീലനിറവും സ്വർണനക്ഷത്രങ്ങളും കൊണ്ട് നിലവറകൾ അലങ്കരിച്ചിരിക്കുന്നു. കൂടാതെ സങ്കേതത്തിന്റെ ബാക്കി ഭാഗങ്ങൾ, നീല, ചുമപ്പ്, ധൂമ്രനൂൽ, വെള്ളി, സ്വർണം എന്നിവയാലും അലങ്കരിച്ചിരിക്കുന്നു. നൂറുകണക്കിന് സങ്കീർണമായ കൊത്തുപണികളും നിരവധി മതപരമായ പ്രതിമകളും കൊണ്ട് പള്ളി നിറഞ്ഞിരിക്കുന്നു. കൊത്തിയെടുത്ത തടികളിലെ പെയിന്റിംഗുകളും ഗിൽഡഡ് ശില്പങ്ങളും സ്റ്റെയിൻ ഗ്ലാസ്സ് വിൻഡോകളും പടിഞ്ഞാറൻ ഗോപുരത്തിലെ വലിയ മണിയുമെല്ലാം സഭയുടെ ശക്തമായ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളിൽ ഒന്നാണിത്. ലോകത്തിലെ ഏറ്റവും മനോഹരമായ ആറാമത്തെ കെട്ടിടമായി ഇതിനെ, ചില പ്രസിദ്ധീകരണങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിൽ പള്ളിയുടെ ഉൾവശം ജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞു.
Aura എന്ന പേരിൽ അറിയപ്പെടുന്ന ലൈറ്റ് ഷോ, കൃത്യം ഒൻപത് മണിക്ക് തന്നെ ആരംഭിച്ചു. ബസലിക്കയുടെ അൾത്താർ പീസ്, ഭിത്തികൾ, നിലവറകൾ, എന്നിവയ്ക്ക് കുറുകെ ദൃശ്യമായ മൾട്ടി സെൻസറി പ്രകടനം ശ്വാസം വിടാതെ ഞങ്ങൾ കണ്ടിരുന്നു. മ്യൂസികിന്റെ അകമ്പടിയോടെയുള്ള അത്ഭുതകരമായ പ്രദർശനം, ബസലിക്കയുടെ ഹൃദയത്തിൽ നിന്ന് അതിന്റെ സൗന്ദര്യത്തിന്റെ ആഴങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു. പള്ളിയുടെ ആന്തരിക ഭാഗങ്ങളിൽ പതിക്കുന്ന വിവിധ നിറങ്ങളിലുള്ള പ്രകാശരശ്മികൾ, ഭക്തി സാന്ദ്രമായ വർണപ്രപഞ്ചങ്ങളുടെ ലോകത്തേക്ക് നമ്മളെ ആനയിക്കുന്നു. 23 മിനിറ്റ് നേരം നീണ്ടു നിന്ന വിസ്മയകരവും ആകർഷകവുമായ ഈ ദൃശ്യ സംഗീത പ്രപഞ്ചത്തിൽ, ഡൈനാമിക് ലൈറ്റ്, ഓർക്കസ്ട്രൽ മ്യൂസിക്, എക്സ്പ്രസീവ് ആർക്കിടെക്ചർ എന്നിവയുടെ മൾട്ടിമീഡിയ അനുഭവം പ്രദാനം ചെയ്യുന്നു. ഷോയുടെ ഫോട്ടോയും വീഡിയോകളും പകർത്താനുള്ള അനുമതി നിഷേധിച്ചിരുന്നതിനാൽ, അല്പം നിരാശ തോന്നിയെങ്കിലും, ബസലിക്കയുടെ മനാഹരമായ കാഴ്ചകളും അതിന്റെ പൈതൃകത്തിന്റെ സമ്പന്നത അനാവരണം ചെയ്യുകയും ചെയ്യുന്ന അതീവഹൃദ്യമായ ലൈറ്റ്ഷോയും ആസ്വദിച്ചതിന് ശേഷം പള്ളിയിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. പാർക്കിംങ് ഏരിയാ വരെ നടന്ന് വണ്ടിയിൽ കയറി വീട്ടിലേക്ക് മടങ്ങി. രാത്രി പത്ത് മണി ആയതിനാൽ, റെസ്റ്റോറന്റുകളെല്ലാം തന്നെ അടച്ചിരുന്നു. വഴി മധ്യേ കണ്ട ടിം റെസ്റ്റോറന്റിൽ നിന്നും എല്ലാവർക്കുമുള്ള സാൻഡ്‌വി ച്ചുകൾ വാങ്ങി, വണ്ടിയിലിരുന്ന് കഴിച്ചതിന് ശേഷം, വീണ്ടും യാത്ര തുടർന്നു...
(തുടരും)