ഭാഗം 29
ആഗസ്റ്റ് 5-ാം തീയതി ശനിയാഴ്ച രാവിലെ എട്ടര മണിയോട് കൂടി സ്കോട്ട്ലൻഡിലുള്ള 'ഇൻവർനസ്സ്' എന്ന സ്ഥലത്തേക്ക് മകളും കുടുംബത്തോടുമൊപ്പം ഞങ്ങൾ യാത്ര തിരിച്ചു. അബർഡീനിൽ നിന്നും അവിടേക്ക്, രണ്ടര മണിക്കൂർ യാത്രയുണ്ടായിരുന്നു. പന്ത്രണ്ട് മണിക്കുള്ള ക്രൂസിന് തലേ ദിവസം തന്നെ ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.
അരമണിക്കൂർ നേരത്തേ അവിടെ എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും ഫ്രഷാവാനും മറ്റുമായി, വഴിമധ്യേ വണ്ടി നിർത്തി ഇറങ്ങിയതിനാൽ, എത്താൻ വൈകുമെന്ന് ബോധ്യമായി. ക്രൂസിന്റെ ഓഫീസിലേക്ക് വിളിച്ച് ലേറ്റാകുമെന്ന് അറിയിച്ചപ്പോൾ, വൈകിപ്പോയാലും പ്രശ്നമില്ലെന്നും അടുത്ത കപ്പലിൽ കയറ്റിവിടാമെന്നും കൂടാതെ, സേഫായി ഡ്രൈവ് ചെയ്ത് വരാനും അവർ നിർദ്ദേശിച്ചു. വണ്ടി പാർക്ക് ചെയ്യേണ്ട സ്ഥലവും അവർ പറഞ്ഞു തന്നു. ദൈവകൃപയാൽ വഴിയിൽ പ്രശ്നങ്ങളൊന്നുമില്ലാതെ, പന്ത്രണ്ട് മണിക്ക് മുൻപ് തന്നെ ഞങ്ങളവിടെ എത്തിച്ചേർന്നു.
'ലോക്ക്നെസ്സ് ബൈ ജാക്കബൈറ്റി'ന്റെ കപ്പലിൽ കയറുവാനായിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പാർക്കിംഗ് ഏരിയായിൽ വണ്ടി പാർക്ക് ചെയ്തിട്ട്, ജാക്കബൈറ്റ് ക്രൂസിന്റെ പ്രവേശന കവാടത്തിലേക്ക് നടന്നു. കപ്പലിലേക്ക് ആളുകളെ കയറ്റുന്നത് കണ്ടുകൊണ്ട് ചെന്ന ഞങ്ങളും അവസാനത്തെ യാത്രക്കാരായി അകത്ത് കടന്നു. ഇരിക്കുവാൻ സീറ്റുകൾ കിട്ടാതിരുന്നതിനാൽ മുകളിലത്തെ ഓപ്പൺ ഏരിയായിൽ സ്ഥാനം പിടിച്ചു. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന ലോക്ക്നെസ്സ് നദിയിലൂടെ, കപ്പൽ നീങ്ങിക്കൊണ്ടിരുന്നു. മലകളും പാറകളും കൊണ്ട് സമൃദ്ധമായ നാല് ദിക്കുകളുടേയും പ്രകൃതി ഭംഗി, മറ്റ് യാത്രക്കാരോടൊപ്പം ഞങ്ങളും ആസ്വദിച്ചു. നദിയുടേയും ചുറ്റുമുള്ള പ്രദേശങ്ങളുടേയും പ്രാധാന്യം വിവരിച്ചു കൊണ്ടുള്ള ലൈവ് കമന്ററിയും ശ്രദ്ധിച്ച്, അകലെയുള്ള കാഴ്ചകളിൽ മുഴുകി നിന്നു. പൊടുന്നനെ പെയ്ത ചാറ്റൽമഴയിൽ നനഞ്ഞെങ്കിലും കപ്പൽയാത്ര ആസ്വദിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. മഴ ശക്തിയായതിനെത്തുടർന്ന് കുറച്ചുനേരം എല്ലാവരും ഉള്ളിൽ സ്ഥാനം പിടിച്ചു.
'നെസ്സി' എന്നും അറിയപ്പെടുന്ന ലോക്ക്നെസ്സ്, സ്കോട്ട്ലന്റിന്റെ വടക്കേ അറ്റത്ത് നിന്നൊഴുകുന്ന നെസ് നദിയുടെ ഒരു ഭാഗമാണ്. വടക്ക്, ഇൻവെർനെസ് മുതൽ തെക്ക്, ഫോർട്ട് വില്യം വരെ ഒഴുകുന്ന വലിയൊരു ജലാശയമാണത്. പുരാണത്തിലെ ലോക്ക്നെസ്സ് മോൺസ്റ്ററിന്റെ കഥയുമായി ഈ നദിയെ ബന്ധപ്പെടുത്തി പറയപ്പെടുന്നുണ്ട്. സ്കോട്ടിഷ് നാടോടിക്കഥകളിൽ ഉൾക്കൊള്ളുന്ന, നീളമുള്ള കഴുത്തുള്ളതും ഒന്നോ അതിലധികമോ ഹംപുകളുള്ളതുമായ ഒരു വലിയ ജീവി ഇവിടെ വസിക്കുന്നുണ്ടത്രേ. നെസ്സി എന്നും അറിയപ്പെടുന്ന ഈ രാക്ഷസ മൃഗം ശ്രദ്ധയിൽ പ്പെട്ടതിന് ശേഷം, അതിനോടുള്ള വിശ്വാസവും ജനപ്രീതിയും വ്യത്യസ്ത പരമായ രീതിയിൽ ചിത്രികരിക്കപ്പെട്ടിരിക്കുന്നു.
ലോക്ക്നെസ്സ് നദിയുടെ തിരത്തുള്ള ചെറുദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ, നശിച്ച കോട്ടയാണ് 'ഉർക്ഹാർട്ട് കാസിൽ.' പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ കോട്ടയുടെ അവശിഷ്ടങ്ങളാണ് ഇന്ന് കാണുന്നത്. സ്കോട്ട്ലന്റിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ഇത്, ഇന്നൊരു ഷെഡ്യൂൾ ചെയ്ത സ്മാരകമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. സ്കോട്ട്ലൻഡിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കോട്ടകളിലൊന്നായി ഇപ്പോളിത് മാറിയിരിക്കുന്നു. ഒരു കിടങ്ങും ഡ്രോ ബ്രിഡ്ജും ഉപയോഗിച്ച് പ്രതിരോധിച്ചിരിക്കുന്ന ഈ കോട്ടയിൽ, ഗേറ്റ്ഹൗസും അഞ്ച് നിലകളുള്ള ഗ്രാന്റ് ടവറും ഉൾപ്പെടെ, കേടുകൂടാത്ത മറ്റ് ഘടനകളും ഉണ്ട്. പ്രവേശന നിരക്ക് ഈടാക്കിയിട്ടാണ് സന്ദർശകരെ അകത്തേയ്ക്ക് കയറ്റുന്നത്. വന്യമായ പ്രകൃതിസൗന്ദര്യവും ആയിരത്തിലധികം വർഷത്തെ ചരിത്രവുമുള്ള, ഉയർന്ന പ്രദേശത്തുള്ള കോട്ടയുടെ അവശിഷ്ടങ്ങളും കപ്പലിൽ നിന്നുകൊണ്ടുതന്നെ ഞങ്ങൾ നോക്കിക്കണ്ടു. കോട്ടയ്ക്കരികിൽ ആളുകളെ ഇറക്കുകയും തിരികെ വരാനുള്ളവരെ അവിടെ നിന്ന് കയറ്റുകയും ചെയ്തു.മനോഹരമായ ദൃശ്യങ്ങൾ പ്രദാനം ചെയ്തു കൊണ്ടുള്ള ഒരു മണിക്കൂർ സമയത്തിനുള്ളിലെ മടക്കയാത്രയും വളരെയേറെ ഹൃദ്യമായിരുന്നു. മനസ്സിന്റെ താളുകളിൽ പതിഞ്ഞ, ഒരിക്കലും മറക്കാനാവാത്ത, ഒരനുഭവം തന്നെയായിരുന്നു അത്. കപ്പലിൽ നിന്നും പുറത്തിറങ്ങി, പാർക്കിംഗ് ഏരിയയ്ക്ക് സമീപമുളള കടയിൽ കയറി. ഓർമിക്കുവാനും സൂക്ഷിച്ചു വയ്ക്കുവാനും വേണ്ടി, ചില സാധനങ്ങൾ വാങ്ങി. സാമാന്യം ഭേദപ്പെട്ട ഒരു റെസ്റ്റോറന്റിൽ കയറി ലഞ്ച് കഴിച്ചിട്ട്, ലോക്ക്നെസ്സ് നദിക്ക് സമീപമുള്ള ഒരു ഐലന്റിലേക്ക് ഞങ്ങൾ നടന്നു.
(തുടരും)