ഭാഗം 28
ഞയറാഴ്ച ഉച്ചയോടു കൂടി തിരിച്ചുപോകാനുള്ള ഒരുക്കങ്ങൾ, രാവിലെ തന്നെ തുടങ്ങി. മാഞ്ചസ്റ്ററിൽ നിന്നും അബർഡീനിലേക്ക് പോകാനായി മകളോടും കുടുംബത്തോടുമൊപ്പം ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള ട്രെയിനിനായിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇളയമകൾക്ക് ഡൺഡീയിലേക്ക് തിരികെ പോകാൻ ബുക്ക് ചെയ്തിരുന്ന ബസ്സിന്റെ സമയം മൂന്ന് മണിക്കായിരുന്നു.
എല്ലാവരും അവരവരുട സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ, നാട്ടിലുള്ള ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തിന്റെ മകൻ, ബിറ്റോ അവിടെയെത്തി. ലണ്ടനിൽ, മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുന്ന അവൻ, മാഞ്ചസ്റ്ററിലുള്ള കസിന്റെ വീട്ടിൽ ഒരു ദിവസം താമസിച്ചിട്ടായിരുന്നു ഞങ്ങളെ കാണുവാനായി അവിടേക്ക് വന്നത്. വളരെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയതിലുള്ള സന്തോഷം, പരസ്പരം പങ്ക് വച്ചതിന് ശേഷം എല്ലാവരുമായി കുറേ നേരം സംസാരിച്ചിരുന്നു. ലഞ്ച് കഴിഞ്ഞ് രണ്ട് കാറുകളിലായി, മാഞ്ചസ്റ്ററിലെ ഒരു പ്രധാന സ്റ്റേഷനായ പിക്കാഡിലി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. ഞങ്ങളെ അവിടെയും ഇളയ മകളെ, മെഗാബസ്സിന്റെ സ്റ്റേഷനിലും ബിറ്റോയെ മറ്റൊരു ബസ്സ്സ്റ്റോപ്പിലുമായിരുന്നു ഇറക്കേണ്ടിയിരുന്നത്. സമയം കണക്കാക്കി, വീട്ടിൽ നിന്നിറങ്ങിയെങ്കിലും പ്രതീക്ഷിക്കാതെയുള്ള ട്രാഫിക് മൂലം സ്റ്റേഷനിലെത്താൻ വൈകുമെന്നറിഞ്ഞ് എല്ലാവരും ആശങ്കാകുലരായി. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്തോറും ആധിയും വർധിച്ചുകൊണ്ടിരുന്നു. ആർക്ക് വേണ്ടിയും കാത്തുനിൽക്കാതെ, കൃത്യസമയത്ത് തന്നെ പുറപ്പെടുന്ന ഒരു പാരമ്പര്യമാണ് അവിടുത്തെ ട്രെയിനുകൾക്കുള്ളത്. ട്രെയിൻ മിസ്സായാലുണ്ടാവുന്ന പണനഷ്ടവും സമയനഷ്ടവുമൊക്കെ ഓർത്തപ്പോൾ, ടെൻഷനും കൂടി വന്നു. സംഘർഷാപരമായ നിമിഷങ്ങൾക്കൊടുവിൽ, ട്രെയിൻ വിടാൻ അഞ്ച് മിനിറ്റുള്ളപ്പോൾ ഞങ്ങൾ സ്റ്റേഷനിലെത്തി. വണ്ടികൾ നിർത്തിയതും പെട്ടികളുമെടുത്തുകൊണ്ട് എല്ലാവരും ഓടി. എലിവേറ്ററിനൊന്നും കാത്തുനിൽക്കാതെ പടിക്കെട്ടുകൾ ചാടിയിറങ്ങുമ്പോഴും വണ്ടിയിൽ കയറുവാൻ കഴിയുമെന്നുള്ള വിശ്വാസം ഏകദേശം നഷ്ടപ്പെട്ടിരുന്നു. ടിക്കറ്റുകൾ സ്കാൻ ചെയ്ത്, പ്ലാറ്റ്ഫോമിലേക്കോടുകയായിരുന്ന മകളുടേയും മരുമകന്റേയും പിറകേ, കൊച്ചുമക്കളുടെ കയ്യും പിടിച്ച് ഞങ്ങളും ഓടി. സെക്കന്റുകൾക്കുള്ളിൽ എത്തിച്ചേർന്ന ട്രെയിനിലെ, ഞങ്ങളുടെ സീറ്റ് നമ്പരുകൾ കണ്ടുപിടിച്ച് മറ്റ് യാത്രക്കാരോടൊപ്പം അകത്ത് കയറിയപ്പോഴാണ് ശ്വാസം നേരേ വീണത്. പെട്ടികളൊക്കെ ഒതുക്കിവച്ചിട്ട് സീറ്റിൽ ചാരിയിരുന്ന് ദീർഘമായി നിശ്വസിച്ചു. ദൈവത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രമാണ് അന്ന് ഞങ്ങൾക്ക് ട്രെയിനിൽ കയറാൻ കഴിഞ്ഞത്. ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു അത്.
മകളും മരുമകനും കൊച്ചുമക്കളും ചേർന്ന് കളിയും ചിരിയുമൊക്കെയായി, ട്രെയിൻ യാത്രയും രസകരമാക്കി. എഡിൻബർഗിൽ ഇറങ്ങിയിട്ട് അബർഡീനിലേക്കുള്ള ട്രെയിനിൽ മാറിക്കയറുവാൻ വേണ്ടി രണ്ടര മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. സ്ക്രീനിൽ ഡിസ്പ്ലേ ചെയ്ത ട്രെയിനിന്റെ സമയമാറ്റം അറിഞ്ഞപ്പോൾ, ഫുഡ് സ്റ്റാളിൽ പോയി മക്ഡൊണാൾസിൽ നിന്നും ഭക്ഷണം പാഴ്സൽ ചെയ്ത് വാങ്ങി. സമയമുണ്ടായിരുന്നിട്ടും ട്രെയിനിൽ കയറിയതിന് ശേഷമാണ് അത് കഴിച്ചത്. അബർഡീൻ റെയിൽവേസ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോകുവാനായി, ട്രെയിനിലിരുന്നുകൊണ്ടു തന്നെ, ഓൺലൈനിൽ ടാക്സി ബുക്ക് ചെയ്തു. സാങ്കേതിക കാരണങ്ങളാൽ, പ്രതീക്ഷിച്ചിരുന്ന സമയം കടന്ന്, പിന്നെയും അര മണിക്കൂർ കൂടി ലേറ്റായിട്ടാണ് ട്രെയിൻ സ്റ്റേഷനിലെത്തിയത്. ടാക്സി വെയിറ്റ് ചെയ്യുന്ന വിവരം, ഒന്ന് രണ്ട് പ്രാവശ്യം അവരുടെ ബുക്കിംഗ് ഓഫീസിൽ നിന്നും വിളിച്ചറിയിച്ചിരുന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ സാധനങ്ങളുമെടുത്ത്, ഞങ്ങളേയും പ്രതീക്ഷിച്ച് കാത്തുകിടന്ന ടാക്സിയിൽ, കയറി. പതിനഞ്ച് മിനിറ്റ് കൊണ്ട് വീട്ടിലെത്തിയെങ്കിലും ടാക്സിയുടെ വെയിറ്റിംഗ് ചാർജുൾപ്പെടെ, അധികം പൈസ കൊടുക്കേണ്ടി വന്നു.
വീട്ടിലെത്തി കുളിച്ച് ഫ്രഷായി, അച്ചാറും പപ്പടവും കൂട്ടി, ചൂട് കഞ്ഞിയും കുടിച്ചിട്ട് എല്ലാവരും കിടന്നുറങ്ങി. പിറ്റേദിവസം തിങ്കളാഴ്ച, മകളും മരുമകനും ഓഫീസിൽ പോയപ്പോൾ, കൊച്ചുമക്കളോടൊപ്പം ഞങ്ങൾ വീട്ടിലിരുന്നു. ട്രെയിൻ ലേറ്റായതിന്റെ ബുദ്ധിമുട്ടുകൾ, റെയിൽവേ അധികാരികൾക്ക് മെയിലയച്ച് ബോധ്യപ്പെടുത്തിയതിന്റെ ഫലമായി, ടിക്കറ്റ് ചാർജിന്റെ ഇരുപത് ശതമാനം തുക, കോമ്പൻസേഷനായി രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ ലഭിക്കുകയുണ്ടായി. ഇങ്ങനെയുളള കാര്യങ്ങളൊക്കെ ഈ നാടിന്റെ സവിശേഷതകളിൽ ഒന്നാണ്. ആഗസ്റ്റ് രണ്ടാം തിയതി ബുധനാഴ്ച വൈകിട്ട്, ചില സുഹൃത്തുക്കളോടൊപ്പം മകളും മരുമകനുമൊരുമിച്ച് തിയേറ്ററിൽ പോയി ഒരു ഹിന്ദി സിനിമ കാണാനുള്ള അവസരവും എനിക്ക് ലഭിച്ചു. അബർഡീൻ ബീച്ചിന് സമീപമുള്ള ക്വീൻസ് ലിങ്കിനുള്ളിലുള്ള സിനിവേൾഡിൽ കളിച്ചു കൊണ്ടിരുന്ന 'റോക്കി ഓർ റാണി കീ പ്രേം കഹാനി' എന്ന മൂവി കണ്ടിരിക്കാൻ വളരെ രസമായിരുന്നു. രൺവീർ സിംഗും ആലിയാ ബട്ടുമൊക്കെ ഇന്നുമെന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
(തുടരും)