ഭാഗം 15
തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ്, മൂന്നുമണിയോട് കൂടി ഞങ്ങൾ ബിനുവിനോടൊപ്പം പുറത്ത് പോയി. വീട്ടിൽ നിന്നും രണ്ട് മൈൽ ദൂരമുള്ള ബ്രാംഹാൾ പാർക്കിലേക്കായിരുന്നു ഞങ്ങൾ പോയത്. എഴുപത് ഏക്കർ ചുറ്റളവിൽ ലാൻഡ് സ്കേപ്പ് ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്ന ഒരു മനോഹരമായ പാർക്കായിരുന്നു അത്.
പതിനേഴാം നൂറ്റാണ്ടിൽ വരെ ഇത് കാർഷിക ഭൂമിയായി ഉപയോഗിച്ചിരുന്നു. ഒരു കാലത്ത് ഏകദേശം 810 ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന ഇവിടം കന്നുകാലികൾ, മാനുകൾ, കുതിരകൾ എന്നിവയുടെ ആവാസ കേന്ദ്രമായിരുന്നു.
രണ്ട് ജലപാതകൾ ഈ പാർക്കിലൂടെ കടന്നുപോകുന്നു. ഗണ്യമായ രീതിയിൽ വച്ചു പിടിപ്പിച്ച മരങ്ങളും അനവധി കൃത്രിമ തടാകങ്ങളും അരുവികളും ടെറസുകളായി കാണപ്പെടുന്ന പുൽത്തകിടികൾക്കും പുറമേ, വനപ്രദേശം, തുറന്ന പുൽമേടുകൾ, പൂന്തോട്ടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, കഫേ, ബൗളിംഗ് ഗ്രീൻ എന്നിവയും ഈ പാർക്കിലെ സവിശേഷതകളാണ്.
തണുപ്പ് രാജ്യങ്ങളിൽ മാത്രം കണ്ട് വരുന്ന വിവിധയിനം മരങ്ങളാൽ സമ്പന്നമാണ് ഇവിടം.
മൈതാനം കഴിഞ്ഞ് പാർക്കിന്റെ ഇടയിലൂടെയുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ കാറ്റിന്റെ ചൂളം വിളികളും ഇലകളുടെ മർമരവും പക്ഷികളുടെ കളകളാരവമെല്ലാം കാതിൽ വന്നലയടിച്ചു. കുളങ്ങളിൽ നീന്തിത്തുടിക്കുന്ന വിവിധ ഇനങ്ങളിലുള്ള താറാവുകൾ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്നവയാണ്.
പതിന്നാലാം നൂറ്റാണ്ടിൽ തടി കൊണ്ട് നിർമിച്ച ഒരു വലിയ കെട്ടിടം (ബ്രാമാൽ ഹാൾ) ഈ പാർക്കിന്റെ ആദ്യഭാഗത്തായി കാണപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ നവീകരിച്ച ഈ വലിയ വീട് ഇന്നൊരു മ്യൂസിയമായി പ്രവർത്തിക്കുന്നു. അനവധി പരിപാടികളും ക്ലബ്ബ് മീറ്റിംഗുകളും ഈ വീട്ടിലും പരിസരത്തുള്ള ഗ്രൗണ്ടിലും വച്ച് നടക്കുന്നുണ്ട്.
കൗൺസിലുകൾ നടത്തിയ പഠനത്തിന്റെ ഭാഗമായി, നിലവിൽ, വീടിന് ബ്രാമാൽ എന്നും പാർക്കിന് ബ്രാംഹാൾ എന്നും പേര് വിളിക്കുന്നു. ഏകദേശം 70 ഏക്കർ പാർക്ക്ലാൻഡിലാണ് ഈ വീട് സജ്ജീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ അടുക്കള ഉൾപ്പെടെ അനേകം മുറികൾ, വിവിധ ആവശ്യങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
ഒന്നാം നിലയിൽ ചാപ്പൽ റൂമും പാരഡൈസ് റൂമും തുടങ്ങി, ധാരാളം മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിലെ അപൂർവ ചുവർച്ചിത്രങ്ങൾ ഇവിടെ കാണപ്പെടുന്നു. കമാനാകൃതിയിലുള്ള മേൽക്കൂരകൾ ഈ വീടിനെ വളരെയധികം മനോഹരമാക്കുന്നു.
നേരത്തേ പ്ലാൻ ചെയ്തതനുസരിച്ച് ജൂലൈ 25, ചൊവ്വാഴ്ച്ച, സ്വപ്നഭൂമിയായ ലണ്ടൻ നഗരത്തിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു. അനുവിനോടും മകളോടും ബിനുവിനോടുമൊപ്പം ഭർത്താവും ഞാനും വീട്ടിൽ നിന്നും കൃത്യം ഒന്നര മണിക്ക് തന്നെ അനുവിന്റെ കാറിൽ പുറപ്പെട്ടു. അഞ്ചര മണിക്കൂർ നീണ്ട യാത്രയിൽ, ദേശീയപാതയിലൂടെ അതിസൂക്ഷ്മം അനു, വണ്ടിയോടിച്ചു കൊണ്ടിരുന്നു. രണ്ട് രാത്രികളും മൂന്ന് പകലുകളും അവിടെ തങ്ങാനുള്ള എല്ലാവിധ ഒരുക്കങ്ങളോടും കൂടിയാണ് ഞങ്ങൾ പോയത്. വഴിക്കാഴ്ചകളിലൂടെയും രസകരമായ സംഭാഷണങ്ങളിലൂടെയും സമയം അതിവേഗം കടന്നുപോയി.
മൂന്ന് മണിക്കൂർ കഴിയാറായപ്പോൾ റോഡരികിൽ കണ്ട കഫേയുടെ മുന്നിൽ വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി. വാഷ്റൂമിൽ പോയി ഫ്രഷായി വന്ന് ചൂടുള്ള കോഫിയും സ്നാക്സും വാങ്ങിക്കഴിച്ചു. അല്പനേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും ഞങ്ങൾ യാത്രതുടർന്നു.
ദൈവകൃപയാൽ വഴിയിൽ പ്രശ്നങ്ങളൊന്നുമില്ലാതെ ആറ്മണിയോടുകൂടി, മുറികൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ഞങ്ങൾ എത്തിച്ചേർന്നു. ലണ്ടൻ സിറ്റിഎയർ പോർട്ടിന്റെ സമീപത്തുള്ള കോർട്ടിയാർഡ് മാരിയറ്റ് ഹോട്ടലിലായിരുന്നു എല്ലാവർക്കുമായി, മുറികൾ ബുക്ക് ചെയ്തിരുന്നത്. സിറ്റി എയർപോർട്ടിൽ നിന്നും അഞ്ച് മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമേ ഇവിടേക്ക് ഉണ്ടായിരുന്നുള്ളൂ...
ബിസിനസ്സിനും വിനോദത്തിനും യാത്ര ചെയ്യുന്നവർക്ക്, എന്തുകൊണ്ടും അനുയോജ്യമായ ഒരു താമസസ്ഥലമാണിത്. വൃത്തിയുടെ ഉയർന്ന നിലവാരവും പ്രതിബദ്ധതയോടെ ലഭിക്കുന്ന സേവനങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. മാരിയറ്റ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ തന്നെയാണിത്.
ലണ്ടൻ നഗരത്തിന് ഏകദേശം 6 മൈൽ കിഴക്ക് സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് സിറ്റി എയർപോർട്ട്. ലണ്ടൻ ഏരിയയിൽ സർവീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമാണിത്.
ലണ്ടൻ നഗരത്തിലേക്ക് വളരെ വേഗം സഞ്ചരിക്കാൻ കഴിയുന്ന വിധം സർവ്വീസുകൾ നടത്തുന്ന DLR (Dockland Light Railway) സ്റ്റേഷൻ ഇതിനോട് ചേർന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ഹോട്ടലിന് സമീപം വണ്ടി പാർക്ക് ചെയ്തിട്ട് സാധനങ്ങളുമായി ഞങ്ങൾ ഇറങ്ങി. റിസപ്ഷനിൽ ചെന്ന് ചെക്ക് ഇൻ ചെയ്ത് താക്കോലുകളും വാങ്ങി, ഞങ്ങൾ മുറികളിലേക്ക് പോയി. ബുക്ക് ചെയ്തതനുസരിച്ച് മൂന്നാമത്തെ നിലയിലുള്ള രണ്ട് ഡബിൾ ബെഡ്റൂമുകളായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.
മുറിയിലെ ഗ്ലാസ്സ്ഡോറിലൂടെ പുറത്തേക്ക് നോക്കിയാൽ സിറ്റിഎയർപോർട്ടിന്റെ വിശാലമായ ഗ്രൗണ്ടും അതിനുള്ളിലെ വാഹനങ്ങളും ഒക്കെ നന്നായി കാണാൻ കഴിയുമായിരുന്നു. അഞ്ച് മിനിറ്റ് നേരത്തെ ഇടവേളകളിൽ വശങ്ങളിലുള്ള റെയിൽപ്പാളത്തിലൂടെ വളഞ്ഞ് പുളഞ്ഞ് ഓടുന്ന ട്രെയിനുകൾ ആകർഷണീയമായ ഒരു കാഴ്ച തന്നെയിരുന്നു.
അല്പനേരം വിശ്രമിച്ചതിന് ശേഷം, ഞങ്ങൾ പുറത്തേക്കിറങ്ങി. ഹോട്ടലിന്റെ മുന്നിലുള്ള പാതയിലൂടെ നടന്ന് സാമാന്യം ഭേദപ്പെട്ട ഒരു റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. രാത്രിയായതിനാൽ ഡിന്നർ കഴിച്ച്, റൂമിലേക്ക് തന്നെ മടങ്ങി. ഹോട്ടലിലെ റസ്റ്റോറന്റിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി അപ്പോൾത്തന്നെ പൈസയടച്ച് ബുക്ക് ചെയ്യുകയും ചെയ്തു.
കുറച്ച് നേരം എല്ലാവരും ചേർന്നിരുന്ന്, പിറ്റേ ദിവസത്തെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തിട്ട് ഞാനും ഹസ്ബന്റും ഞങ്ങളുടെ മുറിയിലേക്ക് പോയി.
പ്രഭാതകൃത്യങ്ങൾക്ക് ശേഷം, എല്ലാവരും റെഡിയായി ഏഴരമണിക്ക് തന്നെ ബ്രേക്ഫാസ്റ്റ് കഴിക്കാനായി പോയി. കോണ്ടിനെന്റൽ സ്റ്റെലിലുളള ബുഫേ ആയിരുന്നു. രുചികരമായ വിവിധയിനം വിഭവങ്ങൾ... സമയമെടുത്ത് ആസ്വദിച്ച് കഴിച്ചിട്ട് അവിടെ നിന്നും ഇറങ്ങി നടന്നു.
വെറും അഞ്ചു മിനിറ്റ് ദൂരം മാത്രമുള്ള സിറ്റി എയർ പോർട്ടിന്റെ പ്രവേശന കവാടത്തിലൂടെ ഞങ്ങൾ DLR ന്റെ ഗേറ്റിലേക്ക് പോയി. കൗണ്ടറിൽ നിന്നും ടിക്കറ്റ് വാങ്ങിയും ക്രെഡിറ്റ് കാർഡ് സ്കാൻ ചെയ്തും നമുക്ക് അകത്ത് കടക്കാവുന്നതാണ്.
കയ്യിലുണ്ടായിരുന്ന കാർഡുകൾ സ്കാൻ ചെയ്ത് ഞങ്ങൾ പ്ലാറ്റ്ഫോം ഏരിയായിലേക്ക് നടന്നു. അണ്ടർഗ്രൗണ്ട് ട്രെയിൻ അല്ലെങ്കിൽ ട്യൂബ് എന്നറിയപ്പെടുന്ന റെയിൽവേ സർവീസിന്റെ ജൂബിലി ലൈനിൽ കൂടി ഓടുന്ന ട്രെയിനിൽ കയറി, ഞങ്ങൾ സ്റ്റാൻമോർ എന്ന സ്റ്റേഷനിൽ ഇറങ്ങി.
ദ്രുതഗതിയിലുള്ള ട്രാൻസിറ്റ് ട്രെയിൻ സംവിധാനമായ ലണ്ടൻ അണ്ടർഗ്രൗണ്ടിന് വ്യാപകമായി ഉപയോഗിക്കുന്ന പേരാണ് 'ട്യൂബ്'. ഗ്രേറ്റർ ലണ്ടനിലേക്കും ഇംഗ്ലണ്ടിലെ അടുത്തുള്ള ഹോം കൗണ്ടികളുടെ ചില ഭാഗങ്ങളിലേക്കും സേവനം നൽകുന്ന ഒരു ദ്രുതഗതാഗത സംവിധാനമാണ് ഇത്. ലണ്ടൻനഗരത്തെ, നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ റെയിൽവേ സർവീസ് ആണിത്.
ചെറിയ പ്രൊഫൈൽ ട്രെയിനുകൾ സഞ്ചരിക്കുന്ന വൃത്താകൃതിയിലുള്ള ട്യൂബ് പോലുള്ള തുരങ്കങ്ങളിൽ നിന്നാണ് ട്യൂബ് എന്ന വിളിപ്പേര് ഉണ്ടായത്.
ലോകത്തിലെ ആദ്യത്തെ ഭൂഗർഭ പാസഞ്ചർ റെയിൽവേ എന്ന നിലയിൽ 1863 ജനുവരി 10 ന് ആരംഭിച്ച മെട്രോപൊളിറ്റൻ റെയിൽവേയിലാണ് ഭൂഗർഭപാതയുടെ ഉദ്ഭവം.
തേംസ് നദിക്ക് തെക്ക് 33 ഭൂഗർഭ സ്റ്റേഷനുകളുണ്ട്. നിത്യവും ലക്ഷക്ണക്കിന് യാത്രക്കാർ ഉപയോഗിച്ചു വരുന്ന ഈ ട്രെയിൻ സേവനം ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സംവിധാനങ്ങളിൽ ഒന്നായി മാറി.
കട്ട് ആൻഡ് കവർ രീതി ഉപയോഗിച്ച് സിസ്റ്റത്തിന്റെ ആദ്യ തുരങ്കങ്ങൾ നിലത്തിന് തൊട്ടു താഴെയാണ് നിർമിച്ചത്. പിന്നീട് ചെറുതും ഏകദേശം വൃത്താകൃതിയിലുള്ളതുമായ തുരങ്കങ്ങൾ ആഴത്തിൽ കുഴിക്കുകയുണ്ടായി. എന്നിരുന്നാലും സിസ്റ്റത്തിന്റെ 45 ശതമാനം മാത്രമേ ഭൂമിക്ക് താഴെയുള്ളൂ, ലണ്ടന്റെ പുറംചുറ്റുപാടിലെ ശ്യംഖലയുടെ ഭൂരിഭാഗവും ഉപരിതലത്തിലാണ്.
പ്രവർത്തന ചെലവിന്റെ 92 ശതമാനം യാത്രക്കൂലിയാണ്. കോൺടാക്റ്റ്ലെസ് ടിക്കറ്റിംഗ് സംവിധാനമായ ഓയിസ്റ്റർ കാർഡിന്റെ രൂപത്തിലുള്ള ഇലക്ട്രോണിക് ടിക്കറ്റുകളാണ് ഇപ്പോൾ നിലവിലുള്ളത്.
ആധുനിക ശൈലിയിലുള്ള നിരവധി പുതിയ സ്റ്റേഷൻ കെട്ടിടങ്ങളും പോസ്റ്ററുകളും രൂപകല്പന ചെയ്തിട്ടുണ്ട്. സ്കീമാറ്റിക് ട്യൂബ് മാപ്പ് 2006 ൽ ദേശീയ ഡിസൈൻ ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഭൂഗർഭ പാതയ്ക്ക് പുറമേ, ഡോക്ക്ലാൻഡ് ലൈറ്റ് റെയിൽവേ, ലണ്ടൻ ഓവർഗ്രൗണ്ട്, തേംസ് ലിങ്ക് തുടങ്ങിയ റെയിൽവേ ഗതാഗത സംവിധാനങ്ങളും നിലവിലുണ്ട്. മൊത്തത്തിൽ ഏകദേശം 272 അണ്ടർഗ്രൗണ്ട് സ്റ്റേഷനുകൾ ഇന്നിവിടെ പ്രവർത്തിക്കുന്നുണ്ട്.