മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

bridge

ഭൂഖണ്ഡങ്ങൾക്കുമപ്പുറത്തു കാഴ്ചകളുടെ ഉത്സവത്തിലാണ് എഴുത്തുകാരിയായ ഷൈല ബാബു. ഭൂപ്രകൃതികൊണ്ടും, മനുഷ്യ വ്യവഹാരങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തുന്ന കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ വിശേഷങ്ങൾ ഒരു പക്തിയായി മൊഴിയിലെ വായനക്കാർക്കായി ഒരുക്കുന്നു. നമുക്കു ഷൈലയോടൊപ്പം യാത്ര തുടങ്ങാം. 


ഭാഗം 1

ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി സ്വസ്ഥമായ ജീവിതം നയിക്കാൻ തുടങ്ങിയിട്ട് രണ്ട് കൊല്ലത്തോളമായി. മക്കൾ മൂന്നുപേരും വിദേശത്തായിരുന്നതിനാൽ വർഷത്തിൽ രണ്ട് തവണയെങ്കിലും ഭർത്താവിനോടൊപ്പം പല സ്ഥലങ്ങളിലേക്കും യാത്രപോകുക പതിവായിരുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും കാഴ്ചകൾ കാണാനും എന്നേക്കാൾ കൂടുതൽ താൽപ്പര്യം ഭർത്താവിനായിരുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ ഡൽഹി, കാശ്മീർ, ഗോവ, ബാംഗ്ലൂർ, കന്യാകുമാരി, കോവളം, വയനാട്, മൂന്നാർ, എറണാകുളം, ആലപ്പുഴ തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഭർത്താവിനോടൊപ്പം ഞാനും സഞ്ചരിച്ചിട്ടുണ്ട്.

മക്കളുടെ നിർബന്ധപ്രകാരം അവർ താമസിക്കുന്ന രാജ്യങ്ങളൊക്കെ സന്ദർശിക്കുവാനും അവരോടൊപ്പം കുറച്ചു നാളുകൾ ഒരുമിച്ച് ചിലവഴിക്കാനുമാക്കെ ഞങ്ങളും ആഗ്രഹിച്ചു. അപ്രകാരം യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തന്നെ ആരംഭിച്ചു. ആറുമാസം നീണ്ടുനിൽക്കുന്ന ഒരു സഞ്ചാരമാണ് പ്ലാൻ ചെയ്തത്, ആദ്യത്തെ മൂന്നുമാസം പെൺമക്കൾ താമസിക്കുന്ന 

യു. കെ യിലെ സ്കോട്ട്ലൻഡിലേക്കും ശേഷം മകനും കുടുംബവും താമസിക്കുന കാനഡയിലേക്കും യാത്ര ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിച്ചു.

കാനഡയിലേക്കുള്ള വിസ കിട്ടിയതിന് ശേഷമാണ് യു.കെ വിസയ്ക്ക് അപേക്ഷിച്ചത്.

പ്രശ്നങ്ങളൊന്നും കൂടാതെതന്നെ മൂന്നു മാസത്തിനുള്ളിൽ രണ്ടിടത്തേയും വിസിറ്റ് വിസകൾ ലഭിക്കുകയുണ്ടായി. പാസ്സ്പോർട്ടിന്റെ കാലാവധി തീരുന്നത് വരെ കാനഡയിലേക്കുള്ള വിസ ലഭിച്ചെങ്കിൽ, യു.കെ യിലേക്കുള്ള വിസിറ്റ് വിസയ്ക്ക് വെറും ആറുമാസത്തെ സമയപരിധിയേ ഉണ്ടായിരുന്നുള്ളൂ...

ഒരുമാസത്തിനുള്ളിൽ ടിക്കറ്റെടുത്ത് യാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. രണ്ടാഴ്ചക്കുള്ളിൽ കാര്യങ്ങളെല്ലാം അടുപ്പിച്ചു. യാത്രതിരിക്കുന്നതിന്റെ രണ്ട് ദിവസങ്ങൾക്ക് മുൻപ് തന്നെ ഒരാൾക്ക് 40 കാലോ എന്ന കണക്കിൽ മൂന്ന് പെട്ടികളിൽ സാധനങ്ങൾ പായ്ക്ക് ചെയ്തു. അന്നേ ദിവസം ഒന്നുകൂടി പെട്ടികളുടെ തൂക്കം നോക്കി ഉറപ്പാക്കി.

2023 June മാസം എട്ടാം തീയതി തിരുവനന്തപുരത്തുനിനും അതിരാവിലെ അഞ്ചുമണിക്കുള്ള എയർ അറേബ്യ കമ്പനിയുടെ വിമാനത്തിൽ അബുദാബി എയർ പോർട്ടിൽ ഇറങ്ങി. ടിക്കറ്റെടുത്ത കൂട്ടത്തിൽ ഭക്ഷണവും ഓർഡർ ചെയ്തിരുന്നതിനാൽ ബ്രേക്ഫാസ്റ്റ് വിമാനത്തിനുള്ളിൽത്തന്നെ ലഭിക്കുകയുണ്ടായി. അവിടെ നിന്നും രണ്ട് മണിക്കൂറിന് ശേഷമായിരുന്നു ആംസ്റ്റർഡാമിലേക്കുള്ള ഇത്തിഹാദ് ഫ്ളൈറ്റ്.

മുന്നൂറിൽ കൂടുതൽ യാത്രക്കാർക്ക് ഒരുമിച്ച് സഞ്ചരിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചിട്ടുള്ള വളരെ വലിയൊരു വിമാനമായിരുന്നു അത്. അബുദാബിയിൽ നിന്നും കൃത്യസമയത്ത് തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ എല്ലാവർക്കും രുചികരമായ ലഞ്ച് നൽകിക്കൊണ്ട് സുന്ദരികളായ എയർ ഹോസ്റ്റസ് തങ്ങളുടെ ജോലികൾ നിർവഹിച്ചു. സിനിമകൾ കണ്ടും പാട്ടുകൾ കേട്ടും ഉറങ്ങിയും മറ്റും നീണ്ട എട്ട് മണിക്കൂറുകൾ തള്ളിനീക്കി.

കഴിഞ്ഞ രാത്രിയിൽ പതിനൊന്ന് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതിനാൽ ഉറക്കക്ഷീണം നന്നായി ഉണ്ടായിരുന്നു.

ജൂൺമാസം ഒൻപതാം തീയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പത്ത്മണിയോടു കൂടി ഞങ്ങൾ ആംസ്റ്റർഡാം എയർപോർട്ടിൽ എത്തിച്ചേർന്നു. ഹോളണ്ട് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ നെതർലാന്റിന്റെ തലസ്ഥാനമാണ്  ആംസ്റ്റർഡാം. ഞാനിന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒരു വിമാനത്താവളമായിരുന്നു അത്. യൂറോപ്പിലെ എയർപോർട്ടുകളിൽ വച്ച് മൂന്നാമത്തെ സ്ഥാനം തന്നെ ഇതിനുണ്ട്. ലോകത്തിലെ ഒട്ടുമുക്കാൽ രാജ്യങ്ങളിലേക്കും കണക്ടിംഗ് ഫ്ളൈറ്റുകളുള്ള ഇവിടം വളരെ വളരെ തിരക്കേറിയതും വിശാലവുമാണ്.

ഏകദേശം 223 ബോർഡിംഗ് ഗേറ്റുകൾ തന്നെ ഇവിടെയുണ്ട്. ഒരേ സമയം പല ഗേറ്റുകളിൽ നിന്നും യാത്രക്കാരെ വിമാനങ്ങളിലേക്ക് കയറ്റാനുള്ള സംവിധാനങ്ങളുമുണ്ട്. നല്ല രീതിയിൽ ഗൈഡ് ചെയ്യാനും സഹായിക്കാനും മന:സ്ഥിതിയുള്ള മാന്യന്മാരായ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കർശനമായ സെക്യൂരിറ്റി ചെക്കിംഗ് ഇവിടുത്തെ പ്രത്യേകതയാണ്. ആംസ്റ്റർഡാമിലെ ഈ എയർപോർട്ട് ഷിഫോൾ എയർപോർട്ടെന്നും അറിയപ്പെടുന്നു.

ഞങ്ങൾക്ക് അവിടെ എട്ട് മണിക്കൂർ വെയിറ്റിംഗ് ഉണ്ടായിരുന്നതിനാൽ നീണ്ടുനിവർന്നു കിടക്കാൻ സൗകര്യപ്രദമായ ലോബി കണ്ടുപിടിച്ച് സുഖമായി കിടന്നു. ഫ്രീ വൈഫൈ കണക്ഷൻ ഉള്ളതിനാൽ കുറച്ചുസമയം ഫോണിൽ കുത്തിക്കൊണ്ടിരുന്നു. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യവും കസേരയുടെ വശങ്ങളിൽത്തന്നെ സജ്ജീകരിച്ചിരുന്നത് ഉപകാരമായി.

അഞ്ച്മണി കഴിഞ്ഞപ്പോൾ നല്ല വിശപ്പ് തോന്നിയതിനാൽ മക്ഡൊണാൾസിൽ നിന്നും ഹാംബർഗർ വാങ്ങിക്കഴിച്ചു. ഡോളർ സ്വീകരിക്കാതിരുന്നതിനാൽ കയ്യിലുണ്ടായിരുന്ന പൗണ്ട് കൊടുത്തെങ്കിലും ബാക്കി തന്നത് യൂറോയിലാണ്. അവിടെ എല്ലായിടത്തും പൊതുവേ യൂറോയിലാണ് നാണയവിനിമയം നടത്തുന്നത്. ഭാഷയും ഒരു പ്രശ്നം തന്നെയാണ്. ഇംഗ്ലീഷ് സംസാരിക്കുന്നവർ അവിടെ വളരെ വിരളമാണ്. 

രാത്രി ഒൻപത് മണിയായിട്ടും സൂര്യൻ അസ്തമിക്കാതിരുന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. വൈകുന്നേരം നാലുമണിയുടെ പ്രതീതി ജനിപ്പിക്കുന്ന രീതിയിലുള്ള തെളിഞ്ഞ വെട്ടം. സമ്മറിലെ കാലാവസ്ഥ ഇവിടെ ഇങ്ങനെയാണത്രേ... വിന്റർ സീസൺ ആവുമ്പോൾ നേരേ മറിച്ചും... മൂന്ന് മണിയാവുമ്പോൾ തന്നെ എല്ലായിടവും ഇരുൾ പരക്കുമെന്നാണ് പറയുന്നത്.

അവിടുത്തെ സമയം രാത്രി ഒമ്പതര മണിക്കായിരുന്നു ഞങ്ങൾക്ക് പോകേണ്ടിയിരുന്ന സ്കോട്ട്ലന്റിലെ അബർഡീനിലേക്കുള്ള KLM ഫ്‌ളൈറ്റ്. മൂത്ത മകളും കുടുംബവും അവിടെയാണ് താമസിക്കുന്നത്. പറഞ്ഞിരുന്ന സമയത്തിൽ നിന്നും അരമണിക്കൂർ വൈകിയാണ് ബോർഡിംഗ് നടന്നത്. അവിടെ നിന്നും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു യാത്രയായിരുന്നു അത്.

ദൂരമുണ്ടായിരുന്നതിനാൽ, എയർപോർട്ടിൽ നിന്നും ഒരു വലിയ ബസ്സിലായിരുന്നു യാത്രക്കാരെ വിമാനത്തിന് സമീപം എത്തിച്ചത്. ഏകദേശം നൂറ് പേരെ മാത്രം വഹിക്കാൻ കഴിയുന്ന ഒരു ചെറിയ വിമാനമായിരുനു അത്. അരമണിക്കൂർ കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും അക്ഷമരായി. 

പൈലറ്റിന്റെ അറിയിപ്പനുസരിച്ച് ആരോ രണ്ട് പേർ നിയമം ലംഘിച്ച് പാസ്സ്പോർട്ട് സ്കാനിംഗ് നടത്താതെയും എക്സിറ്റ് അടിക്കാതെയുമാണ് വിമാനത്തിൽ കയറിയിരിക്കുന്നത്. അവർ ആരാണെങ്കിലും തിരിച്ചുപോയി സ്കാനിംഗ് നടത്തിയിട്ട് വരണമെന്ന് അറിയിച്ചെങ്കിലും അവർക്ക് പോകാനുള്ള ബസ്സ് വരാതിരുന്നതിനെത്തുടർന്ന്

അവർ തിരികെ പോകേണ്ടതില്ലെന്നും പോലീസ് വന്ന് ചെക്ക് ചെയ്ത് വേണ്ട നടപടികൾ എടുക്കുമെന്നും അറിയിച്ചു. പോലീസ് വരാനായി വീണ്ടും ഇരുപത് മിനിറ്റ് നേരം കാത്ത് കിടന്നു. 

ഒടുവിൽ പോലീസെത്തി നടപടികൾ പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ ഫ്ളെറ്റ് ടേക്ക് ഓഫ് ചെയ്തു. അരമണിക്കൂറിനുള്ളിൽത്തന്നെ ലഘുഭക്ഷണം നൽകി യാത്രക്കാരെ സന്തോഷിപ്പിച്ചു. പ്രാദേശിക സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോഴാണ് ഞങ്ങൾ അബർഡീൻ വിമാനത്താവളത്തിൽ ഇറങ്ങിയത്. പരിമിതമായ ചുറ്റളവിൽ ഒതുങ്ങിനിൽക്കുന്ന വളരെ ചെറിയ ഒരു എയർപോർട്ട് ആയിരുന്നു അത്. ഇമിഗ്രേഷൻ കഴിഞ്ഞ് പെട്ടികളും കളക്ട് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോൾ മകളും കൊച്ചു മകനും ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നു. കാത്തിരുന്ന് മുഷിഞ്ഞ് ചെറിയ മകൾ ഉറങ്ങിപ്പോയതിനാൽ അവളേയും കൊണ്ട് മരുമകൻ കാറിൽത്തന്നെ ഇരിക്കുകയായിരുന്നു. ഒരു കൊല്ലത്തിന് ശേഷം തമ്മിൽ കണ്ടതിലുള്ള സന്തോഷം പരസ്പരം കെട്ടിപ്പിടിച്ച് പങ്കുവച്ചതിന് ശേഷം ലഗേജുമെടുത്ത് ഞങ്ങൾ കാറിനടുത്തേയ്ക്ക് നടന്നു.

ഗ്രാനൈറ്റ് സിറ്റിയെന്നറിയപ്പെടുന്ന അബർഡീനിന്റെ ശാന്തമായ വീഥികളിലൂടെ കാറോടിച്ച് വീട്ടിലെത്തിയപ്പോൾ മണി ഒന്ന് കഴിഞ്ഞു.

(തുടരും) 


ഭാഗം 2

city

അല്പനേരം വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന  ശേഷം എല്ലാവരും കിടന്നുറങ്ങി. യാത്രാക്ഷീണം നന്നായി ഉണ്ടായിരുന്നത് കൊണ്ട് വളരെ വൈകിയാണ് ഉണർന്നത്.

പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടികൾ തുറന്ന് കൊണ്ടുവന്ന സാധനങ്ങളൊക്കെ എടുത്തുകൊടുത്തു. എല്ലാം ഒരുവിധം ഒതുക്കിവച്ചപ്പോഴേയ്ക്കും ഉച്ച കഴിഞ്ഞു.

ലഞ്ച് കഴിഞ്ഞ് പരസ്പരം വിശേഷങ്ങൾ പങ്ക്   വച്ച് കുറച്ചുനേരം ചിലവഴിച്ചു. മകളും കുടുംബവും കൂടിനടക്കുന്ന മാർത്തോമ്മാ പള്ളിയിലെ സർവീസ് അന്നേ ദിവസമായിരുന്നതിനാൽ ഏകദേശം അഞ്ച് മണിയോടുകൂടി ആരാധനയിൽ പങ്കെടുക്കാൻ അവരോടൊപ്പം  ഞങ്ങളും പോയി. 

കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുന്നവരും ബെൽറ്റ് ഇടണമെന്നുള്ളത് ഇവിടുത്തെ കർശനനിയമങ്ങളിൽ ഒന്നാണ്. എട്ട് വയസ്സിന് താഴെയുള്ള കുഞ്ഞുക്കൾക്ക് പ്രത്യേക തരം കാർസീറ്റ് നിർബന്ധമാണ്. കുട്ടികളുൾപ്പെടെ പരമാവധി അഞ്ച് പേർക്ക് മാത്രമേ ഒരേ സമയം കാറിനുള്ളിൽ സഞ്ചരിക്കുവാൻ അനുവാദമുള്ളൂ.

ശുശ്രഷ കഴിഞ്ഞ് വികാരിയച്ചനും കുടുംബവും ഉൾപ്പെടെ വന്നവരെയെല്ലാം പരിചയപ്പെടുകയും സ്നേഹ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു. മകളും കുടുംബവും നൽകിയ ചായസൽക്കാരത്തിൽ പങ്കെടുത്ത് അന്നേദിവസം എല്ലാവരും പിരിഞ്ഞു.

തിരിച്ചുപോകുന്ന വഴിഅബർഡീൻ സിറ്റിയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി രാത്രിയിലേക്കുള്ള ഭക്ഷണവും വാങ്ങി ഞങ്ങൾ വീട്ടിലെത്തി. പുതുമയേറിയ വഴിക്കാഴ്ചകൾ മനസ്സിനെ കുളിരണിയിച്ചു. 

street

പാതയ്ക്കിരുവശത്തും നിരനിരയായി കാണപ്പെട്ട ഒരേരീതിയിലുള്ള വീടുകളുടെ പ്രത്യേകത ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കല്ലും കട്ടയും ഗ്രനൈറ്റും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള വളരെ പഴക്കമാർന്ന കെട്ടിടങ്ങൾ. 

ഹരിതാഭ ചൂടി നിൽക്കുന്ന മരങ്ങളും വെറൈറ്റി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ വിവിധതരം ചെടികളും എല്ലായിടത്തും കാണാവുന്നതാണ്. തനതായ പ്രകൃതിഭംഗിയുടെ വിളനിലമാണ് ഈ പ്രദേശം. വീണ്ടു വീണ്ടും എന്നെ അതിശയിപ്പിച്ചു കൊണ്ടിരുന്നത് ഇവിടുത്തെ കാലാവസ്ഥ തന്നെയായിരുന്നു. രാത്രി പത്ത് മണിക്കും അസ്തമിക്കാത്ത സൂര്യനെ നോക്കി ഞാൻ അത്ഭുതപ്പെട്ടു. പകൽ പോലെ തെളിഞ്ഞ വെട്ടം. പാതിരാത്രി കഴിയുമ്പോൾ ഇരുൾ പരക്കുമെങ്കിലും അതിരാവിലെ മൂന്നുമണി മുതൽ വീണ്ടും പകൽ വെളിച്ചം പരക്കുകയായി. 

സമ്മർ സീസണിൽ ദൈർഘ്യമേറിയ പകലുകളും അതീവഹ്രസ്വമായ രാത്രികളുമാണുള്ളത്. നാട്ടിലെ സമയത്തിൽ നിന്നും അഞ്ചുമണിക്കൂർ പിറകോട്ടാണ് ഇവിടുത്തെ സമയം. സമയവ്യത്യാസവുമായി ഇണങ്ങിച്ചേരാൻ ഞങ്ങൾക്ക് രണ്ട് ദിവസങ്ങൾ വേണ്ടിവന്നു.

ഞയറാഴ്ച വൈകുന്നേരം നാലുമണി മുതൽ വീട്ടിൽ എല്ലാവരും ഒരു തരം വൈറസിന്റെ പിടിയിലായി. രാവിലെ എഴുന്നേറ്റത് മുതൽ മൂക്ക് ചീറ്റലും തുമ്മലുമായി ജലദോഷത്തിന്റെ പിടിയിലമർന്ന ഭർത്താവിന്, വൈകുന്നേരമായപ്പോഴയ്ക്കും പനിയും വിറയലും മറ്റ് അസ്വസ്ഥതകളും കൂടിവന്നു.

വയറിന് അസ്വസ്ഥത തോന്നിയ കൊച്ചുമകന് പെട്ടെന്നാണ് ഛർദിൽ തുടങ്ങിയത്. ഒരു മണിക്കൂറിന്റെ ഇടവേളയിൽ പല പ്രാവശ്യം അവൻ വൊമിറ്റ് ചെയ്തു. അവന് പിറകേ മകളും അവൾക്ക് പിറകേ ഞാനും ഛർദിക്കുകയുണ്ടായി. അരമണിക്കൂർ ഇടവിട്ട് മരുമകനുൾപ്പെടെ എല്ലാവരും വൊമിറ്റ് ചെയ്തു കൊണ്ടിരുന്നു. 

ഫുഡ് പോയിസണിംഗ് ആണെന്ന് അനുമാനിച്ച് ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്തു. എല്ലാവരുടേയും വിവരങ്ങൾ പറഞ്ഞ് ഡോക്ടറെ കാണാനുള്ള അപ്പോയ്മെന്റിന് വേണ്ടി ശ്രമിച്ചു. വൊമിറ്റ് ചെയ്തു തളർന്ന കൊച്ചുമകനെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥയുണ്ടായിരുന്നിട്ടും അപ്പോയിമെന്റ് കിട്ടാതെ ഞങ്ങൾ വിഷമിച്ചു. 

വീണ്ടും വീണ്ടും വിളിച്ച് അവന്റെകണ്ടീഷൻ അറിയിച്ചു കൊണ്ടിരുന്നതിനാൽ രാത്രി പന്ത്രണ്ടര മണിയോടുകൂടി അവനെ കാഷ്വാലിറ്റിയിൽ കൊണ്ടു ചെല്ലാൻ അനുമതി കിട്ടി. ലൈഫ് ത്രെട്ടനിങ് കണ്ടീഷനിൽ മാത്രമേ എമർജൻസിയിലേക്ക് ചെല്ലാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ. അസുഖം വന്നാൽ, ഡോക്ടറെ കാണാനുള്ള ബുദ്ധിമുട്ട് അന്ന് ഞങ്ങൾ ശരിക്കും മനസ്സിലാക്കി. 

ഇതിനിടയിൽ ഭർത്താവിനും എനിക്കും  വേറൊരു ഹെൽത്ത് സെന്ററിലേയ്ക്ക് പാതിരാത്രി ഒരു മണിക്കുള അപ്പോയ്മെന്റ് കിട്ടി. മോനേയും കൊണ്ട് അവർ പോയതിനാൽ ഞങ്ങൾക്ക് പോകാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ടാക്സി വിളിച്ചിട്ടും ആ നേരത്ത് ലഭ്യമായില്ല. 

എന്നാൽ രാത്രി രണ്ട് മണിയാകാറായപ്പോൾ അവിടെ നിന്നും ഒരു ഡോക്ടർ വീട്ടിലെത്തി ഞങ്ങളെ പരിശോധിച്ച് മരുന്ന് നൽകി. ഫുഡ്പോയിസണിംഗ് അല്ലെന്നും വൈറലാണെന്നുമാണ് ഡോക്ടർ പറഞ്ഞത്.

അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിൽ വന്ന് ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുന്ന ഇവിടുത്തെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോടും വീട്ടിലെത്തി ഞങ്ങളെ ചികിത്സിച്ച ഡോക്ടറോടും മനസ്സുകൊണ്ട് ആയിരം നന്ദി പറഞ്ഞു.

രാവിലെ ആറ് മണി കഴിഞ്ഞപ്പോഴാണ് കൊച്ചുമകനേയും കൊണ്ട് മകളും മരുമകനും ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയത്. നാലുമണിക്കൂർ കാത്തിരുന്നതിന് ശേഷമാണ് അവർക്ക് ഡോക്ടറെ കാണാൻ സാധിച്ചത്. ഇതൊക്കെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ ആരോഗ്യമേഖലയിലെ സംവിധാനങ്ങളെക്കുറിച്ച് അഭിമാനം തോന്നി.

കഞ്ഞി മാത്രം കുടിച്ച് അന്നത്തെ ദിവസം കഴിച്ചുകൂട്ടി. ഒരുവിധം സുഖം പ്രാപിച്ചെങ്കിലും എല്ലാവരും അന്ന് ലീവെടുത്തു. രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് കുട്ടികളെ സ്കൂളിൽ വിട്ടത്. അങ്ങനെ ഒരുരാത്രിയും രണ്ട് പകലും ശാരീരികമായ അസ്വാസ്ഥ്യങ്ങളാൽ ഞങ്ങൾ ഞെരുങ്ങിക്കഴിഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് മകളോടൊപ്പം പരിസരമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി കണ്ടു. കുളിർമയേറിയ നനുത്ത കാറ്റേറ്റ് പ്രകൃതിഭംഗികൾ ആസ്വദിച്ച് ഞങ്ങൾ നടന്നു. 

പാതയുടെ ഇരുവശത്തും ഗ്രാനൈറ്റ് കല്ലുകളാൽ മനോഹരമായി നിർമിച്ചിരിക്കുന്ന ആകർഷണീയങ്ങളായ വീടുകളും കെട്ടിടങ്ങളും എത്ര നോക്കി നിന്നാലും മതിവരില്ല.

മത്സ്യബന്ധനമാണ് ഇവിടുത്തെ മുഖ്യതൊഴിൽ. രോമവസ്ത്രം നിർമിക്കുന്നതും ഗ്രാനൈറ്റ് കല്ലുകൾ ചെത്തുന്നതുമാണ് ഇവിടുത്ത പ്രധാന വ്യവസ്യായങ്ങൾ. അബർഡീനിന്റെ പ്രാധാന്യം മുഖ്യമായും ഒരു ഒഴിവുകാല സങ്കേതമെന്ന നിലയ്ക്കാണ്. ഡോൺ നദിക്ക് കുറുകേയുള്ള പാലം 14-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. ഇവിടുത്തെ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത് 1494-ൽ ആണ്.

(തുടരും)


ഭാഗം 3

സ്കോട്ട്ലൻഡിലെ തുറമുഖനഗരമാണ് അബർഡീൻ. യൂറോപ്പിലെ ഓയിൽ ഫീൽഡിന്റെ തലസ്ഥാനമായ അബർഡീൻ സിറ്റിക്ക് മൂന്നാമത്തെ സ്ഥാനമാണുള്ളത്. 

സ്കോട്ട്ലൻഡിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അബർഡീനിൽ north sea യുമായി ബന്ധിപ്പിക്കുന്ന dee എന്നും don എന്നും അറിയപ്പെടുന്ന രണ്ട് നദികൾ ഒഴുകുന്നുണ്ട്. അവയുടെ മുകളിലൂടെ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ മനോഹരമായി നിർമിച്ചിരിക്കുന്ന  രണ്ട് പാലങ്ങളും കാണാം.

'കടൽക്കരയിലെ വെള്ളിനഗരം' എന്നാണ് തദ്ദേശീയർ അബർഡീനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അബർഡീനിന്റെ ഹൃദയഭാഗത്ത് കാണപ്പെടുന്ന  യൂണിയൻ സ്ട്രീറ്റ് ഇവിടുത്തെ പ്രധാനപ്പെട്ട ലാൻഡ്മാർക്കാണ്. ഇവിടെ നിന്നും സ്‌കോട്ട്ലൻഡിലെ മിക്ക സ്ഥലങ്ങളിലേക്കും ബസ്സ്സർവ്വീസുകൾ ലഭ്യമാണ്. 1949- ൽ സ്ഥാപിതമായ അബർഡീൻ യൂണിവേഴ്സിറ്റി, ആദ്യകാലങ്ങളിൽ, ഇംഗ്ലീഷ് സംസാരിക്കുന്നവരുടെയിടയിൽ അഞ്ചാമത്തെ യൂണിവേഴ്സിറ്റിയായിരുന്നു.

അബർഡീൻ നഗരത്തിലെ തുറമുഖം, സർവ്വകലാശാല, ഡീ- ഡോൺ നദികൾ, കാഴ്ചബംഗ്ലാവ്, യൂണിയൻ തെരുവ് ഇങ്ങനെ വൈവിധ്യത്തിന്റെ ഭൂമികകൾ അത്ഭുതാവഹങ്ങളാണ്. സ്കോട്ടിഷ് ജന സംസ്കൃതിയുടെ അടയാളം തന്നെയാണ് സുരപാനം. ധാരാളം ഡിസ്റ്റിലറികൾ, ചരിത്രത്തോടും സംസ്കാരത്തോടും ചേർന്നുനിൽക്കുന്നത്, ഇവിടെയുണ്ട്. 

ബുധനാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് ഇവിടെ നിന്നും ഒരു മൈൽ അകലെയുള്ള Duthie പാർക്ക് സന്ദർശിക്കാനായി ഞങ്ങൾ പോയി. വീട്ടിൽ നിന്നും ഇരുപത് മിനിറ്റ് ദൂരം നടക്കാനേ ഉണ്ടായിരുന്നുള്ളൂ. വിശാലമായ പുൽപ്പരപ്പുകൾ നിറഞ്ഞ മനോഹരമായ ഒരു പാർക്കായിരുന്നു അത്.

river

അബർഡീനിലൂടെ ഒഴുകുന്ന 'ഡീ' നദിയുടെ സമീപം സ്ഥിതിചെയ്യുന്ന ഈ പാർക്ക് ഫെറിഹിൽ എന്ന സ്ഥലത്താണുള്ളത്. 44 ഏക്കറോളം പരന്നുകിടക്കുന്ന ഈ പ്രദേശം, 1881-ൽ Miss Elizebeth Cromble Duthie of Ruthrieston തന്റെ സഹോദരന്റേയും അങ്കിളിന്റേയും  പാവന സ്മരണയ്ക്കായി ഇവിടുത്തെ നിവാസികളുടെ ഉല്ലാസത്തിന് വേണ്ടി അബർഡീൻകൗൺസിലിന് ദാനമായി നൽകിയിട്ടുള്ളതാണ്.

വൈവിധ്യമാർന്ന പൂക്കൾ നിറഞ്ഞ അതിമനോഹരങ്ങളായ പൂന്തോട്ടങ്ങളുടെ ഒരു കലവറ തന്നെ ഇവിടെയുണ്ട്. അതിവിശാലമായ പാർക്കിന് ചുറ്റും കാണപ്പെടുന്ന ജലസമൃദ്ധമായ കുളങ്ങളിൽ താറാവുകൾ നീന്തിത്തുടിക്കുന്നത് കാണാം. അവിടവിടെയായി നിർമ്മിച്ചിരിക്കുന വിവിധങ്ങളായ പ്രതിമകളും മനസ്സിനെ കുളിരണിയിക്കുന്ന ഫൗണ്ടനുകളും പ്രാധാന്യമർഹിക്കുന്നവയാണ്.

 കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കളിക്കുവാൻ വേണ്ട കളിസ്ഥലങ്ങൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. പന്ത് കളിക്കാനുള്ള പുൽത്തകിടികൾക്ക് പുറമേ സൈക്കിളോടിക്കുവാനുളള പ്രത്യേക സ്ഥലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തേക്കുമുള്ള പ്രവേശനം സൗജന്യമാണെന്നുള്ളത് എടുത്തുപറയേണ്ട ഒന്നാണ്. മനുഷ്യന് മാത്രമല്ല, അവരുടെ വളർത്തുനായകൾക്കും യഥേഷ്ടം ഈ പാർക്കിനുള്ളിൽ സഞ്ചരിക്കാവുന്നതാണ്. 

ചുരുക്കത്തിൽ അബർഡീൻ നഗരത്തിന്റെ തിളക്കമേറിയ കിരീടത്തിലെ ഒരു രത്നം തന്നെയാണ് ഈ പാർക്കെന്ന് നിസ്സംശയം പറയാവുന്നതാണ്. 

കുട്ടികളെ കളിപ്പിച്ചും കാഴ്ചകൾ കണ്ട് നടന്നും വൈകുന്നേരം വരെ ഞങ്ങൾ അവിടെ ചിലവഴിച്ചു. പാർക്കിനുള്ളിൽത്തന്നെയുള്ള കടയിൽ നിന്നും ഐസ്ക്രീമും വാങ്ങിക്കഴിച്ച് ആറ് മണിയോടുകൂടി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. ആ സമയത്തും പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമിക്കാൻ മടിച്ചു നിൽക്കുന്ന സൂര്യനെ നോക്കി ഞാൻ അത്ഭുതപ്പെട്ടു.

അടുത്ത ദിവസം കുഞ്ഞുങ്ങളുടെ സ്കൂളിലെ Sports day (Gala) ആയിരുന്നതിനാൽ പത്ത് മണിയോടുകൂടി ഞങ്ങൾ സ്കൂളിലേക്ക് പോയി. വീട്ടിൽ നിന്നും എട്ട് മിനിറ്റ് ദൂരം നടന്നാൽ എന്നുന്ന ഫെറിഹിൽ സ്കൂളിലാണ് രണ്ടു പേരും പഠിക്കുന്നത്. P3 യിൽ(grade-1) പഠിക്കുന്ന മകളുടെ കായിക മത്സരങ്ങളായിരുന്നു രാവിലെ നടന്നത്. P1 മുതൽ P 4 വരെയുള്ള ക്ളാസ്സുകളുടെ മത്സരം രാവിലെയും P5 മുതൽ P7 വരെയുള്ള ക്ലാസ്സുകൾക്ക് ഉച്ച കഴിഞ്ഞും  ആയിരുന്നു ക്രമീകരിച്ചിട്ടുള്ളത്.

ആദ്യത്തെ സെക്ഷൻ കഴിഞ്ഞ് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ട് ഉച്ചയോടു കൂടി ഞങ്ങൾ വീണ്ടും പോയി. P5 ൽ പഠിക്കുന്ന കൊച്ചു മകന്റെ മത്സരം അപ്പോഴായിരുന്നു. സമയബന്ധിതമായി സംഘടിപ്പിച്ച വിവിധയിനം മത്സരങ്ങൾ ക്ലാസ്സുകളുടെ ക്രമമനുസരിച്ച് വളരെ അച്ചടക്കത്തോടുകൂടി നടത്തുകയുണ്ടായി. മത്സരയിനങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുക്കുന്ന കാഴ്ചയായിരുന്നു അന്നവിടെ കാണാൻ കഴിഞ്ഞത്. 

ഓട്ടവും ചാട്ടവും ചാക്കിനകത്ത് കയറിയുള്ള മത്സരങ്ങളുമെല്ലാം കാഴ്ചക്കാരായ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും മുന്നിൽ അരങ്ങേറിയപ്പോൾ കയ്യടിച്ചും കൂകിവിളിച്ചും തങ്ങളുടെ കുട്ടികളെ അവരും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

അതേസ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ അയിരുന്നു അടുത്ത ദിവസം. മാസത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ഇങ്ങനെയുള്ള മത്സരങ്ങൾ നടത്താറുണ്ട് . അതിന് വേണ്ടിയുള്ള കോച്ചിംഗുകൾഎല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം പതിവായി നടക്കാറുണ്ട്. 

ചെറുപ്പം മുതൽ മകൾക്ക് ഇങ്ങനെയുള്ള കാര്യങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നതിനാൽ, അവളും കൂടി ഉൾപ്പെട്ട ടീമുകളുടെ മത്സരമായിരുന്നു നടന്നത്. കളി തുടങ്ങുന്നതിന് മുൻപ് തന്നെ കാഴ്ചക്കാരായി ഞങ്ങളും സ്കൂൾ ഗ്രൗണ്ടിൽ എത്തി. 

ഒരു മണിക്കൂർ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിൽ രണ്ട് ഗോളടിച്ച് എതിർ ടീം വിജയിച്ചു. കളിയിലുണ്ടായ വീഴ്ചകളെ അവലോകനം ചെയ്തുകൊണ്ട് നേരിയ നിരാശയോടെ ഞങ്ങൾ, വീട്ടിലേക്ക് മടങ്ങി.

വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള ഒരു ചെറിയ പാർക്കാണ് ആൽബറി പാർക്ക്. കുഞ്ഞുങ്ങളെ കളിപ്പിക്കാനും മറ്റുമായി പല പ്രാവശ്യം അവിടെയും പോയിട്ടുണ്ട്. കുളിർമയുള്ള കാറ്റേറ്റിരുന്ന് പ്രകൃതിസൗന്ദര്യം നുകരുമ്പോൾ കിട്ടുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി ചരിത്രപ്രധാനമായ stonehaven എന്ന സ്ഥലം സന്ദർശിക്കാനായി പോയി.

സ്കോട്ട്ലന്റിന്റെ വടക്കു കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പട്ടണമാണിത്. 

സ്വാതന്ത്ര്യ സമരങ്ങളിൽ രാജകീയ കോട്ടയുടെ നാശത്തെത്തുടർന്ന് ക്രമേണ ഉപേക്ഷിക്കപ്പെട്ട കിൻകാർഡിൻ പട്ടണത്തിന് ശേഷം സ്കോട്ടിഷ് പാർലമെന്റ്  സ്റ്റോൺഹേവനെ കിൻകാർഡിൻ ഷെയറിന്റെ ഭാഗമായ കൗണ്ടിപട്ടണമാക്കി മാറ്റി. അബർഡീൻ ഷെയർ കൗൺസിൽ ഏരിയയുടെ ഭാഗമായാണ് നിലവിൽ ഇത് ഭരിക്കുന്നത്. 

പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പട്ടണത്തെ സ്റ്റോൺ ഹൈവ്, തിമോത്തി പോണ്ട് എന്നും വിളിച്ചിരുന്നു. ഇത് അനൗപചാരികമായി 'സ്‌റ്റോണി' എന്നറിയപ്പെടുന്നു.

അബർഡീനിൽ നിന്ന് 15 മൈൽ തെക്ക് സ്റ്റോൺഹേവൻ, ബേയിൽ അഭയം പ്രാപിച്ചിരിക്കുന്നു. ഉയർന്ന ഭൂപ്രദേശത്താൽ മൂന്ന് വശങ്ങളിലായി ചുറ്റപ്പെട്ട ആഴത്തിലുള്ള ഒരു ഉൾക്കടലിനോട് ചേർന്നാണ് സ്‌റ്റോൺഹേവൻ സ്ഥിതിചെയ്യുന്നത്.

അബർഡിനീലെ എണ്ണ കുതിച്ചുചാട്ടത്തിന് ശേഷം ഈ പട്ടണം അതിവേഗം വളർന്നു.

castle

സ്‌റ്റോൺഹേവനിൽ നിന്ന് ഏകദേശം 2 മൈൽ തെക്ക് സ്കോട്ട്ലൻഡിന്റെ വടക്ക് കിഴക്കൻ തീരത്ത് പാറകെട്ടുകളിൽ സ്ഥിതി ചെയ്യുന്ന ഒരു നശിച്ച മധ്യകാല കോട്ടയാണ്, ഡുന്നോട്ടർ കാസിൽ. അവശേഷിക്കുന്ന കെട്ടിടങ്ങൾ 15-ഉം 16 ഉം നൂറ്റാണ്ടുകളിലേതാണ്. 

20-ാം നൂറ്റാണ്ടിൽ പുനസ്ഥാപിക്കപ്പെട്ട കോട്ട ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നു. കോട്ടയുടെ അവശിഷ്ടങ്ങൾ 1.4 ഹെക്ടറിൽ പരന്നുകിടക്കുന്നു. വടക്കൻ കടലിലേക്ക് 50 മീറ്റർ താഴെയുള്ള കുത്തനെയുള്ള പാറകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു ഇടുങ്ങിയ കരഭൂമി ഹെഡ്ലാന്റിൽ നിന്നും മെയിൻലാന്റുമായി ചേരുന്നു. അതിലൂടെ കുത്തനെയുള്ള ഒരു പാത ഗേറ്റ് ഹൗസിലേക്ക് നയിക്കുന്നു. 

കോട്ടയ്ക്കുള്ളിലെ വിവിധ കെട്ടിടങ്ങളിൽ 14-ാം നൂറ്റാണ്ടിലെ ടവർ ഹൗസും 16-ാം നൂറ്റാണ്ടിലെ കൊട്ടാരവും ഉൾപ്പെടുന്നു. ഡുന്നോട്ടർ കാസിൽ, ഒരു ഷെഡ്യൂൾ ചെയ്ത സ്മാരകമാണ്. 18ാം നൂറ്റാണ്ടിലെ യാക്കോബായ ഉദയം വരെ സ്‌കോട്ട്ലൻഡിന്റെ ചരിത്രത്തിൽ ഡുന്നോട്ടർ, ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

പൈസ കൊടുത്ത് ടിക്കറ്റെടുത്തെങ്കിൽ മാത്രമേ ഇതിനുള്ളിൽ കയറാൻ സാധിക്കുകയുള്ളൂ... സാധാരണ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് ഇവിടുത്തെ സന്ദർശന സമയം. കാലാവസ്ഥാ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ അനിവാര്യമായ സമയമാറ്റങ്ങളും നിലവിലുണ്ട്.

മനോഹരമായ ദൃശ്യങ്ങളാൽ വേറിട്ട ഒരനുഭവം പകർന്നു തന്ന ഒരിടമായിരുന്നു ഇവിടം. പുറത്ത് നിന്നും ഡിന്നർ കഴിച്ചിട്ട് ഞങ്ങൾ ഒൻപത് മണിയോടെ വീട്ടിൽ തിരിച്ചെത്തി. 

പിറ്റേ ദിവസം ഞയറാഴ്ചയായിരുന്നതിനാൽ വളരെ വൈകിയാണ് എല്ലാവരും ഉറങ്ങിയെഴുന്നേറ്റത്. ബ്രേക്ഫാസ്റ്റിന് ശേഷം ഭർത്താവിന്റെ സഹായത്തോടു കൂടി വിഭവസമൃദ്ധമായ ലഞ്ച് പാകം ചെയ്തു.

നാട്ടിലെപ്പോലെ ഇവിടെ മത്സ്യം സുലഭമല്ല. ഉള്ളതിന് നല്ല വിലയുമാണ്. ചിക്കനും മട്ടനും ബീഫും പോർക്കുമൊക്കെയാണ് ഇവിടെയുള്ളവർ കൂടുതലും കഴിക്കുന്നത്. നാടിനെ അപേക്ഷിച്ച് പച്ചക്കറികളുടെ അമിതമായ വില ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.

വൈകുന്നേരം നാലുമണി യോടുകൂടി മകളുമൊത്ത് ഞങ്ങൾ നടക്കാനിറങ്ങി. ചെറിയ തണുപ്പുള്ള കാറ്റേറ്റ് റോഡിന്റെ വശങ്ങളിലുള്ള നടപ്പാതയിലൂടെ ഏകദേശം ഒരു മണിക്കൂർ നേരം, പ്രകൃതിയുടെ മനോഹര ദൃശ്യങ്ങളിൽ മുഴുകി ഞങ്ങൾ നടന്നു.

(തുടരും)


ഭാഗം 4

Shaila babu

(ലേഖിക ഷൈല ബാബു ഡൺഡീ V&A മ്യൂസിയത്തിനു മുന്നിൽ)

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടുകൂടി അബർഡീനിൽ നിന്നും ഞങ്ങൾ ഡൺഡീ (Dundee) യിലേക്ക് യാത്രതിരിച്ചു. സ്കോട്ലൻഡിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ജനസാന്ദ്രതയുള്ള വലിയ ഒരു നഗരമാണ് ഡൺഡീ.

എറണാകുളത്തുള്ള രാജഗിരി എൻജിനീയറിംഗ് കോളേജിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്ത ഇളയ മകൾ, യൂണിവേർസിറ്റി ഓഫ് ഡണ്ടിയിലാണ് മാസ്റ്റർ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്നത്. അവളുടെ ഗ്രാജുവേഷൻ സെറിമണിക്ക് പങ്കെടുക്കുവാനായിരുന്നു ഞങ്ങൾ Dundee യിലേക്ക് ബസ്സ് കയറിയത്.

രണ്ട് ദിവസങ്ങൾക്കു മുൻപ് തന്നെ Flixbus ൽ  ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. Flixbus, Mega bus, Stage coach എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ബസ്സുകളാണ് ദീർഘദൂര യാത്രകൾക്കായി ഇവിടെയുള്ളത്. ഇത് കൂടാതെ സിറ്റിക്കകത്ത് ഓടുന്ന വേറേയും ധാരാളം ബസ്സുകൾ നിലവിലുണ്ട്.

ഇവിടെ നിന്നും ബസ്സ് സ്റ്റേഷനിലേക്ക് ഏകദേശം മുപ്പത് മിനിറ്റ് നേരം നടക്കാനുണ്ട്. ഓഫീസിൽ നിന്നും നേരത്തേ എത്തി, മരുമകൻ  ഞങ്ങളെ അവിടെ കൊണ്ടുചെന്നാക്കി. കൃത്യസമയത്ത് തന്നെ എത്തിയ ബസ്സിൽ ഞങ്ങൾ കയറി. മൊബൈൽ ഫോണിലുണ്ടായിരുന്ന ടിക്കറ്റിന്റെ ഡീറ്റെയിൽസ് കാണിച്ചു കൊടുത്തപ്പോൾ ഡ്രൈവർ അത് സ്കാൻ ചെയ്തു. 

മകളോടും കുടുംബത്തോടും യാത്രപറഞ്ഞ് സീറ്റ് നമ്പർ കണ്ടുപിടിച്ച് അതിൽ ചെന്നിരുന്നു. ഗ്ലാസ്ഗോയിലേക്കുള്ള ബസ്സായിരുന്നതിനാൽ മിക്കവാറും എല്ലാ സീറ്റുകളിലും യാത്രക്കാർ നിറഞ്ഞിരുന്നു. ടോയ്ലറ്റ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു സ്മാർട്ട് ബസ്സ് തന്നെയായിരുന്നു അത്. 

ജീവിതത്തിൽ ആദ്യമായിട്ടാണ് ബസ്സിനുള്ളിൽ മൂത്രമൊഴിക്കാനുള്ള സൗകര്യം ഞാൻ കാണുന്നത്. മുന്നിലെ സീറ്റിന് പിറകിലായി ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അബർഡീനിൽ നിന്നും കൃത്യസമയത്ത് തന്നെ ബസ്സ് പുറപ്പെട്ടു. ഡണ്ടിയിലെത്താൻ കുറഞ്ഞത് രണ്ട് മണിക്കൂർ  എടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

വിൻഡോസീറ്റ് ആയിരുന്നതിനാൽ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകളിൽ മുഴുകി ഞാനിരുന്നു. ബസ്സ് സഞ്ചരിച്ചു കൊണ്ടിരുന്ന ദേശീയപാതയുടെ ഇരുവശത്തുമായി നോക്കെത്താദൂരം പരന്നുകിടക്കുന്ന പുൽത്തകിടികളിൽ അലസമായി മേഞ്ഞുനടക്കുന്ന കന്നുകാലികളുടേയും ചെമ്മരിയാടുകളുടേയും കൂട്ടങ്ങൾ നിരവധിയാണ്. 

ഏക്കറുകളോളം വിളഞ്ഞുകിടക്കുന്നതും അല്ലാത്തതുമായ പുല്ലുകൾ, മഞ്ഞനിറത്തിലും പച്ചനിറത്തിലുമായി ഭൂമിയെ പൊതിയുന്നു. മറ്റ് ചില ഭാഗങ്ങളിൽ ഒരേ പൊക്കത്തിൽ വളർന്നു നിൽക്കുന്ന വിവിധയിനം മരങ്ങളുടെ ഒരു നിരതന്നെയുണ്ട്.

വ്യത്യസ്തമായ പൂക്കളുടെ വർണഭംഗി ഒന്ന് വേറെതന്നെയാണ്. അല്പം അകലെയായി കാണപ്പെടുന്ന മലകളും കുന്നുകളും ആകാശത്തെ മുട്ടി നിൽക്കുന്നത് പോലെ തോന്നിപ്പിച്ചു.

നയനമനോഹരമായ കാഴ്ചകളിൽ മിഴികളുടക്കി നേരം കടന്നുപോയത് അറിഞ്ഞതേയില്ല. ഡണ്ടിയിലെത്തുന്നത് വരെ  ഇടയിൽ വേറെ സ്‌റ്റോപ്പൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഏഴ് മണിയോടു കൂടി ഡണ്ടിയിലെത്തിയ  ഞങ്ങൾ ബസ്സ്സ്റ്റേഷനിൽ ഇറങ്ങി. മകളവിടെ കാത്തുനിൽക്കുന്നത് ബസ്സിൽ വച്ച് തന്നെ ഞാൻ കണ്ടിരുന്നു.

ഒന്നരവർഷത്തിന് ശേഷം നേരിൽ കാണുന്നതിന്റെ സന്തോഷം പരസ്പരം കെട്ടിപ്പിടിച്ച് പങ്ക് വച്ചു. അല്പസമയത്തിനുള്ളിൽ എത്തിയ ബുക്ക് ചെയ്തിരുന്ന ടാക്സിയിൽ കയറി ഞങ്ങൾ അവളുടെ താമസ സ്ഥലത്തേക്ക്  പോയി. 

സിറ്റിയിൽ നിന്നും അധികം ദൂരെയല്ലാത്ത ഒരുയർന്ന പ്രദേശത്താണ് അവൾ താമസിക്കുന്നത്. പോകുന്ന വഴിയിൽ പഞ്ചാബികളുടെ ആരാധനാലയമായ ഗുരുമന്ദിരം ശ്രദ്ധയിൽപ്പെട്ടു. വീട്ടിലെത്തി വിശേഷങ്ങളൊക്കെ പരസ്പരം പങ്ക് വച്ചതിന് ശേഷം പെട്ടി തുറന്ന് അവൾക്കുള്ള സാധനങ്ങളെല്ലാം എടുത്തുകൊടുത്തു. പത്ത് മണി കഴിഞ്ഞ് ഭക്ഷണം കഴിച്ച് കിടക്കാൻ തുടങ്ങുമ്പോഴും പുറത്ത് നല്ല വെട്ടമായിരുന്നു.

സ്കോട്ട് ലൻഡിന്റെ കിഴക്ക് ഭാഗത്തായി വടക്കൻ കടലിലേക്കൊഴുകുന്ന 'ഫിർത്ത് ഓഫ് ടേ'യുടെ വടക്കൻ തീരത്തുള്ള മധ്യ താഴ്ന്ന പ്രദേശങ്ങളാണ് ഡണ്ടി സിറ്റി എന്നറിയപ്പെടുന്നത്. ആംഗസ് എന്ന ചരിത്ര ഭൂമിയുടെ അതിരുകൾക്കുള്ളിൽ 12-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നഗരം ഒരു ബർഗായി വികസിക്കുകയും ഒരു പ്രധാന  കിഴക്കൻ തീരത്തെ വ്യാപാര തുറമുഖമായി സ്വയം സ്ഥാപിക്കുകയും ചെയ്തു. 

ഇത് സ്കോട്ട്ലൻഡിലെ പ്രാദേശിക ഭരണകൂടത്തിനായി ഉപയോഗിക്കുന്ന 32 കൗൺസിൽ ഏരിയകളിൽ ഒന്നാണ്. ഡണ്ടിക്ക് രണ്ട് സർവ്വകലാശാലകളുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഡണ്ടിയും അബർട്ടേ യൂണിവേഴ്സിറ്റിയും.

2014 ൽ യു കെയുടെ ആദ്യത്തെ യുനെസ്കോ ആയി ഡണ്ടിയെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു. മെഡിക്കൽ ഗവേഷണം, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ വൈവിധ്യമാർന്ന സംഭാവനകളാണ് ഇതിന് നിദാനമായി ഭവിച്ചത്.

പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളായ ഡണ്ടി എഫ് സി, ഡണ്ടി യുണൈറ്റഡ് എഫ് സി എന്നിവയ്ക്ക് പരസ്പരം അടുത്തല്ലാത്ത രണ്ട് സ്‌റ്റേഡിയങ്ങൾ ഉണ്ട്. ലണ്ടന് പുറത്ത് പ്രവർത്തക്കുന്ന V&A യുടെ ആദ്യശാഖയാണ് V&A Dundee. 

സമീപ വർഷങ്ങളിൽ ഡണ്ടിയുടെ അന്താരാഷ്ട്ര പ്രൊഫൈൽ ഉയരുകയും GQ മാഗസിൻ 2015-ൽ ഡണ്ടിയെ ബ്രട്ടനിലെ ഏറ്റവും മികച്ച നഗരം എന്ന് നാമകരണം  ചെയ്യുകയും ചെയ്തു. ദി വാൾ സ്ട്രീറ്റ് ജേർണൽ 2018 ലെ വേൾഡ് വൈഡ് ഹോട്ട് ഡെസ്റ്റിനേഷൻസ്‌ ലിസ്റ്റിൽ ഡണ്ടിയെ 5-ാം സ്ഥാനത്താക്കുകയും ചെയ്തു. 

വളരെയധികം സുരക്ഷിതത്വം നൽകുന്നതും പ്രത്യേകിച്ചും പഠിക്കാനെത്തുന്ന കുട്ടികൾക്ക് തികച്ചും ചിലവ് കുറഞ്ഞ രീതിയിലുളള ജീവിതം നയിക്കാൻ സഹായിക്കുന്നതും ഡണ്ടിയുടെ പ്രത്യേകതയാണ്.

ഡണ്ടിയിൽ വേനൽക്കാലം തണുത്തതും ഭാഗികമായി മേഘാവൃതവുമാണ്. ശീതകാലം നീണ്ടതും വളരെ തണുപ്പുളളതും കാറ്റുള്ളതും കൂടുതലും മേഘാവൃതവുമായിരിക്കും. സാധാരണയായി വർഷത്തിൽ ഒരു ഡിഗ്രി സെന്റിഗ്രേഡ് മുതൽ 18 °C വരെ വ്യത്യാസപ്പെടുന്നു. 

ഡണ്ടി സന്ദർശിക്കാൻ വർഷത്തിലെ ഏറ്റവും മികച്ച സമയം ജൂലൈ ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെയാണെന്നാണ് പറയപ്പെടുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ഡണ്ടിയും മികച്ചുതന്നെ നിൽക്കുന്നു.

അടുത്ത ദിവസം അഞ്ച് മണി കഴിഞ്ഞപ്പോൾ ഞങ്ങൾ നടക്കാനിറങ്ങി. കോഴ്സ് കഴിഞ്ഞെങ്കിലും ഒരു ജോലിയുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തെ ഓൺലൈൻ ട്രെയിനിംഗിൽ ആയിരുന്നതിനാൽ വൈകിട്ട് അഞ്ച്മണിവരെ മകൾ, അതുമായി  തിരക്കിലായിരുന്നു.

സിറ്റിക്കകത്ത് ബസ്സ് സർവീസ്  ഉണ്ടായിരുന്നെങ്കിലും ആളുകൾ കൂടുതലും നടക്കുന്നതാണ് കണ്ടത്. എല്ലാ റോഡുകളുടെയും ഇരുവശത്ത് സുരക്ഷിതമായ നടപ്പാതകൾ ക്രമീകരിച്ചിട്ടുള്ളതിനാൽ ടെൻഷനില്ലാതെ എത്ര ദൂരം വേണമെങ്കിലും നടക്കാം.

സിറ്റിയുടെ വീഥികളിലൂടെ ഞങ്ങൾ നടന്ന് ലേക്ക്സൈഡിലേക്ക് പോയി. ജായ്ക്കറ്റിട്ടിട്ടും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു.

Dundee V&E

'ഫിർത്ത് ഓഫ് ടേ' എന്ന നദിക്ക് കുറുകേയുള്ള ടേ ബ്രിഡ്ജ്, V&A ഡണ്ടിഡിസൈൻ മ്യൂസിയം, ബ്രൗട്ടി കാസിൽ, മക് മാനസ് ഗാലറി, ആർ ആർ എസ് സിസ്കവറി, ലോച്ചിലെ കോക്സ് സ്റ്റാക്ക് എല്ലാം അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. നഗരവും അതിന്റെ ഭൂപ്രകൃതിയും ആധിപത്യം പുലർത്തുന്നത് ദി ലോയും ഫിർത്ത് ഓഫ് ടേയുമാണ്.

നഗരത്തിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം സെന്റ് മേരീസ് ടവറാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഡണ്ടിയിൽ നിരവധി കോട്ടകൾ കാണാം. കൂടുതലും ആദ്യകാല ആധുനിക കാലഘട്ടത്തിൽ നിന്നുള്ളതാണ്. കെയർഡ് പാർക്കിലെ മെയിൻസ് കാസിൽ, ഡ്യൂഡോപ്പ് കാസിൽ, ക്ലേപോട്ട്സ് കാസിൽ, പൗറി കാസിൽ തുടങ്ങിയ പ്രധാനപ്പെട്ട കോട്ടകൾ ഇന്നും സഞ്ചാരികളെ ആകർഷിക്കുന്നതാണ്.

V&A ഡണ്ടി മ്യൂസിയം ഓഫ് ഡിസൈൻ 2018 സെപ്റ്റംബറിലാണ് തുറന്നത്. ക്രെയ്ഗ് ഹാർബറിന് തെക്ക് ടെയ് നദിയുടെ തീരത്ത് പ്രത്യേകമായ രീതിയിൽ രൂപകൽപ്പന ചെയ്ത മനോഹരമായ കെട്ടിടത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. നഗരത്തിന്റെ വാട്ടർഫ്രണ്ട് പുനർവികസനത്തിന്റെ കേന്ദ്രബിന്ദുവാണിത്. സന്ദർശനസമയം കഴിഞ്ഞിരുന്നതിനാൽ അകത്ത് കയറാൻ ഞങ്ങൾക്കന്ന് സാധിച്ചില്ല.

ശാസ്ത്രീയ പ്രവർത്തനങ്ങളുടെയും റോബർട്ട് ഫാൽക്കൺ സ്കോട്ടിന്റെ അന്റാർട്ടിക് പര്യവേക്ഷണ കപ്പലായ RRS ഡിസ്കവറി യുടേയും ബഹുമാനാർത്ഥം ഡണ്ടിയെ ഇന്ന് 'കണ്ടെത്തലുകളുടെ നഗരം' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

കുളിർമയുള്ള കാറ്റിന്റെ സുഖാനുഭൂതിയിൽ നദിയുടെ കരയിലൂടെ നടന്ന് അല്പം അകലെയുള്ള ടെസ്കോ സൂപ്പർ മാർക്കറ്റിൽ കയറി, അത്യാവശ്യം വേണ്ട ചില സാധനങ്ങളും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

(തുടരും)  


ഭാഗം 5

കാറ്റും മഴയുമൊക്കെ ആയിരുന്നതിനാൽ ബുധനാഴ്ച ഞങ്ങൾ പുറത്തേക്കൊന്നും ഇറങ്ങിയില്ല. മകൾക്കിഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ പാകം ചെയ്ത് വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി.

ഒരു മാസത്തോളമായി ഡണ്ടിയിൽ നടന്നു വരുന്ന വാഗസ് സർക്കസ് കാണാൻ, അടുത്ത ദിവസം മകളോടും കൂട്ടുകാരോടുമൊപ്പം ഞങ്ങളും പോയി. രണ്ട് ദിവസങ്ങൾക്ക് മുൻപ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഡണ്ടിലേക്കിന്‌ അല്പം അകലെയായുള്ള വിശാലമായ ഗ്രൗണ്ടിൽ മനോഹരമായി സജ്ജീകരിച്ച വളരെ വലിയൊരു ടെന്റിനുള്ളിലായിരുന്നു സർക്കസ് അരങ്ങേറിയത്. 

വൈകുന്നേരം 6 മണി മുതൽ 9 മണിവരെ നടന്ന മാസ്മരികമായ പ്രകടനങ്ങൾ ആകാംക്ഷയോടെ ഞങ്ങൾ കണ്ടിരുന്നു. പരിചയസമ്പന്നരായ കലാകാരന്മാരുടെ ഉദ്വേഗജനകമായ വിവിധയിനം അത്ഭുത പ്രകടനങ്ങളിൽ കാണികൾ കോരിത്തരിച്ചു. സദസ്സിനെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീത നാദലയങ്ങളിൽ എല്ലാവരും മുഴുകിയിരുന്നു. 

രസികനായ ജോക്കറിന്റെ ചടുലമായ തമാശകൾ കാണികളെ കുടുകുടെ ചിരിപ്പിച്ചു. ചരടിലൂടെയുള്ള നടത്തവും സൈക്കിൾ പ്രകടനങ്ങളും ഊഞ്ഞാലാട്ടങ്ങളും തലകുത്തിമറിയലുമെല്ലാം അമിതമായ ഹൃദയമിടിപ്പോടെ ഞങ്ങൾ നോക്കിയിരുന്നു.. മാന്ത്രിക കാഴ്ചകളിൽ മുഴുകിയിരുന്നതിനാൽ സമയം കടന്നുപോയത് അറിഞ്ഞതേയില്ല.

സർക്കസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അനുഭവപ്പെട്ട ശക്തമായ കാറ്റിൽ, എല്ലാവരും തണുത്തു വിറച്ചു. വീട്ടിലേക്ക് നടന്നുപോകാമെന്ന് ആദ്യം കരുതിയെങ്കിലും തണുപ്പും കുളിരും കാരണം ഒരു ടാക്സി ബുക്ക് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ വന്ന് മുന്നിൽ  നിർത്തിയ വണ്ടിയിൽ ഞങ്ങൾ കയറി. വീട്ടിലെത്തി ഫ്രഷായതിന് ശേഷം ഭക്ഷണവും കഴിച്ച് സുഖമായി കിടന്നുറങ്ങി.

പിറ്റേ ദിവസം വെള്ളിയാഴ്ചയായിരുന്നു, മകളുടെ ഗ്രാജുവേഷൻ സെറിമണി. ഡണ്ടി യൂണിവേഴ്സിറ്റിയിൽ നിന്നും 2023 മാർച്ച് അവസാനത്തോടു കൂടി വിവിധയിനം കോഴ്സുകളിൽ പഠിച്ചിറങ്ങിയ ആയിരത്തി അഞ്ഞൂറോളം കുട്ടികളുടെ

കോൺവെക്കേഷൻ, യൂണിവേഴ്സിറ്റിയുടെ സമീപത്തുളള Caird hall എന്നറിയപ്പെടുന്ന കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഒരാഴ്ചയായി നടന്നുവരികയായിരുന്നു. 

യു.കെ യിലെ ഉയർന്ന റാങ്കുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു യൂണിവേഴ്സിറ്റിയാണ്, 'യൂണിവേർസിറ്റി ഓഫ് ഡണ്ടി.' 

യു.കെ യിൽ 29-ാം സ്ഥാനവും സ്കോട്ട് ലൻഡിൽ തന്നെ നാലാം സ്ഥാനവും ഇതിനുണ്ട്. ഇവിടെ പഠിക്കാൻ വരുന്നവർക്ക് ആനുപാതികമായി കുറഞ്ഞ ചിലവിലുള്ള ജീവിത സൗകര്യങ്ങളും ഈ നഗരത്തിൽ ലഭ്യമാണ്.

പത്ത് മണിക്ക് നടക്കുന്ന ഫംഗ്ഷനിൽ പങ്കെടുക്കുവാനായി കറുപ്പും മഞ്ഞയും നിറത്തിൽ പ്രത്യേക വേഷമണിഞ്ഞ മകളോടൊപ്പം ഒൻപത് മണിക്ക് തന്നെ ഞങ്ങൾ അവിടെയെത്തി. മാസ്റ്റേഴ്സ് ഡിഗ്രി ആയതിനാൽ, മഞ്ഞനിറത്തിൽ രണ്ട് സ്ട്രെപ്പുകളുള്ള ഗ്രാജുവേഷൻ ഗൗൺ ആണ് അവൾ ധരിച്ചത്. 

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള കുട്ടികൾ, തങ്ങളുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമൊപ്പം അവിടെ സന്നിഹിതരായിട്ടുണ്ട്. പരിചയപ്പെടലും ഫോട്ടോയെടുക്കലുമൊക്കെയായി സമയം കടന്നുപോയി. കൃത്യം പത്ത് മണിക്ക് തന്നെ വന്നവരെല്ലാം ചരിത്ര പാരമ്പര്യമുള്ള ആ ഹാളിനുള്ളിൽ കയറിയിരുന്നു. മനോഹരമായി അലങ്കരിച്ച, ഏകദേശം എണ്ണൂറ് സീറ്റുകളുള്ള വലിയൊരു ഓഡിറ്റോറിയയിരുന്നു അത്. 

വേദിയുടെ മുന്നിലായി വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള സിറ്റുകൾ കോഴ്സുകളുടെ ക്രമത്തിൽ നമ്പറുകൾ ഇട്ട് സജ്ജീകരിച്ചിരുന്നു.  കൂടെ വന്നവർക്ക് ഇരിക്കുവാനുള്ള ഇരിപ്പിടങ്ങൾ, ഹാളിന്റെ പിറകിലും രണ്ടു വശങ്ങളിലും ആയിട്ടാണ് ഒരുക്കിയിട്ടുള്ളത്. വേദിയുടെ വലതു വശത്തുള്ള ബാൽക്കണിയിൽ തന്നെ ഞങ്ങൾ സ്ഥാനം പിടിച്ചു. പല കോഴ്സുകളിലായി നാന്നൂറോളം വിദ്യാർത്ഥികളുടെ ഗ്രാഡുവേഷനാണ് അന്ന് നടന്നത്.

ഡിപ്പാർട്ട്മെന്റ് ചെയർപേർസൺസ്, പ്രോഗ്രാം ഡയറക്ടേർസ്, ഗ്രാൻഡ് മാർഷൽസ്, VIP മാർഷൽസ്, പേര് വായിക്കുന്നവർ, നെയിം കാർഡ് കൊടുക്കുന്നവർ, ഫാക്കൽറ്റി 

മെംബേർസ്, ചാൻസലർ, വൈസ് ചാൻസലർ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഡീൻസ് തുടങ്ങിയവർ കത്തിച്ച വിളക്കിന്റെ അകമ്പടിയോടുകൂടി വരിവരിയായി നടന്ന് ഇരു വശങ്ങളിൽക്കൂടി വേദിയിൽ, അവരവർക്കായി ഒരുക്കിയിട്ടുള്ള സ്ഥാനങ്ങളിൽ ചെന്നിരുന്നു.

ക്വൊയർ ടീമിന്റെ പ്രാർത്ഥനാഗാനത്തിന് ശേഷം നടക്കാനിരിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ അറിയിച്ചു.

യൂണിവേർസിറ്റിയുടെ ചരിത്രവും പഠനരീതികളുടെ വിലയിരുത്തലുകളും വൈസ് ചാൻസലർ അവതരിപ്പിച്ചു.

വീണ്ടും ഗായകസംഘത്തിന്റെ ഒരു ഗാനത്തിന് ശേഷം ഗ്രാജുവേഷനിലേക്ക് പ്രവേശിച്ചു.

യഥാക്രമം പേര് വിളിച്ച ഓരോ വിദ്യാർത്ഥിയും  വേദിയിലൂടെ നടന്നുവന്നു.  ലേഡീ ചാൻസലരുടെ മുന്നിലെത്തുന്ന വിദ്യാർത്ഥികളുടെ തലയിൽ ബോണറ്റ് (യൂണിവേഴ്സിറ്റിയുടെ ലോഗാ പതിപ്പിച്ച പ്രത്യേക രീതിയിലുള്ള വിശേഷമായ ഒരു തുണി) വച്ച് അവർ അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്തു. അത് കഴിഞ്ഞ് സർട്ടിഫിക്കറ്റ് അടങ്ങിയ ഒരു പേപ്പർ കുഴൽ ഓരോരുത്തർക്കും നൽകി വരിവരിയായി അവരെ പുറത്തേക്ക് വിട്ടു.

ഏകദേശം പന്ത്രണ്ടര മണിയോടുകൂടി ഹാളിനുള്ളിലെ പരിപാടികൾ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, അബർഡീനിൽ നിന്നും മൂത്തമകളും എത്തിച്ചേർന്നു. അനിയത്തിയുടെ ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിൽ പങ്കെടുക്കുവാൻ വേണ്ടി അന്നേ ദിവസം അവൾ ലീവെടുത്തു.

കട്ടികളെ സ്കൂളിലാക്കിയിട്ട്, രണ്ട് മണിക്കൂർ ബസ് യാത്ര ചെയ്ത് അവളവിടെ എത്തിയപ്പോഴേക്കും ഹാളിനുള്ളിലെ പരിപാടികൾ കഴിഞ്ഞിരുന്നു. ഫോട്ടോയെടുക്കലും കൂട്ടുകാരെ പരിചയപ്പെടലും സംസാരവുമൊക്കെയായി ഒരു മണിക്കൂർ പിന്നെയും അവിടെത്തന്നെ ചിലവഴിച്ചു.

അതിന് ശേഷം ഞങ്ങൾ നാലുപേരും കൂടി സിറ്റിയിൽത്തന്നെയുള്ള Yamm World cuisine എന്ന റെസ്റ്റോറന്റിൽ ബുഫേ കഴിക്കുവാനായി കയറി. നേരത്തേ ബുക്ക് ചെയ്തിരുന്നതിനാൽ ഞങ്ങൾക്കുള്ള സീറ്റുകൾ അവിടെ റിസർവ്ഡ് ആയിരുന്നു. രുചികരമായ വിവിധയിനം ഭക്ഷണങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു അവിടം. വയറും മനസ്സും നിറച്ച് രണ്ടരമണിയോടുകൂടി അവിടെ നിന്നും ഞങ്ങൾ ബസ് സ്റ്റാൻഡിലേക്ക് നടന്നു. അബർഡീനിലേക്കുള്ള ബസ്സിൽ മൂത്തമകളെ കയറ്റി വിട്ടിട്ട്, ഞങ്ങൾ വീട്ടിലേക്ക് പോയി.

വളരെ അഭിമാനകരമായ ഒരു ദിവസം തന്നെയായിരുന്നു അത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഫംഗ്ഷന് ഞാൻ പങ്കെടുക്കുന്നത്. ഈ അസുലഭ സന്ദർഭത്തിന് സാക്ഷ്യം വഹിക്കാൻ അവസരം

നൽകിയ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

അന്നേ ദിവസം തന്നെ വൈകുന്നേരം യൂണിവേഴ്സിറ്റിയോട് ചേർന്നുള്ള കാമ്പസ് ഗ്രീനിൽ വച്ച് എല്ലാ ഗ്രാജുവേറ്റിനും അവരുടെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമായി യൂണിവേർസിറ്റി അധികൃതർ തന്നെ ഒരു ഗാർഡൻ പാർട്ടി ക്രമീകരിച്ചിരുന്നു. തണുപ്പായതിനാൽ മകളോടും കൂട്ടുകാരോടുമൊപ്പം ഞങ്ങൾ പോയില്ല. 

പാർട്ടി കഴിഞ്ഞ് രാത്രിയിൽ അവൾ മടങ്ങി വന്നപ്പോഴും പുറത്ത് നല്ല വെളിച്ചമുണ്ടായിരുന്നു.

(തുടരും)


ഭാഗം 6

St Andrews Scotland

പിറ്റേദിവസം ശനിയാഴ്ചയായിരുന്നതിനാൽ നേരത്തേ തീരുമാനിച്ച പ്രകാരം ലഞ്ച് കഴിഞ്ഞ് രണ്ട് മണിയോടുകൂടി ഞങ്ങൾ ചരിത്രങ്ങൾ ഉറങ്ങുന്ന സെന്റ് ആൻഡ്രൂസിന്റെ മണ്ണിലേക്ക് ബസ്സ് കയറി.  പ്രകൃതിരമണീയമായ ദൃശ്യവിരുന്നിൽ ഇഴുകിച്ചേർന്ന് ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെയെത്തി.

സ്കോട്ലൻഡിലെ 'ഫൈഫ്' എന്ന ജില്ലയുടെ കിഴക്കൻ തീരത്തുള്ള ഒരു പട്ടണമാണിത്.  ഡൺഡീ യുടെ തെക്കുകിഴക്കും എഡിൻബറോയുടെ വടക്കുകിഴക്കുമായി ഇവിടം സ്ഥിതി ചെയ്യുന്നു. ഇത് ഫൈഫിന്റെ നാലാമത്തെ വലിയ സെറ്റിൽ മെന്റും സ്കോട്ട്ലൻഡിലെ ഏറ്റവും ജനസംഖ്യയുള്ള 45-ാം മത്തെ പട്ടണവുമാണ്.

ഇംഗ്ലണ്ടിലെ ഏറ്റവും പഴയ മൂന്നാമത്തേയും സ്കോട്ട്ലൻഡിലെ ഏറ്റവും പഴയതും ആദ്യത്തേതുമായ, സെന്റ് ആൻഡ്രൂസ് സർവ്വകലാശാലയുടെ ആസ്ഥാനമാണ് ഈ പട്ടണം. 

വിശുദ്ധ ആൻഡ്രൂസ് അപ്പോസ്തലന്റെ പേരിലാണ് ഈ പട്ടണം അറിയപ്പെടുന്നത്. സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ കത്തീഡ്രലായ സെന്റ് ആൻഡ്രൂസ് കത്തീഡ്രൽ ഇവിടെയാണുള്ളത്.

ലോകത്തിലെ ഏറ്റവും മികച്ച കോഴ്സുകൾക്കും അതുപോലെ മണൽ നിറഞ്ഞ ബീച്ചുകൾക്കുമായി ധാരാളം സന്ദർശകർ ഈ നഗരത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്. നവീകരണ കാലഘട്ടത്തിലെ രക്തസാക്ഷികളുടെ ബഹുമാനാർത്ഥം സ്ഥാപിച്ച രക്തസാക്ഷി സ്മാരകം കടലിന് അഭിമുഖമായുള്ള ഒരു പാറക്കെട്ടിൽ നിലകൊള്ളുന്നു.

സെന്റ് ആൻഡ്രൂസ് ആഗോളതലത്തിൽ 'ഗോൾഫിന്റെ ഹോം' എന്നും അറിയപ്പെടുന്നു.. ഗോൾഫിന്റെ നാല് പ്രധാന ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും പഴക്കമുള്ള ഓപ്പൺ ചാമ്പ്യൻഷിപ്പിന്റെ  സാധാരണമായ വേദിയാണ് ഇവിടം. നിരവധി മ്യൂസിയങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ, അക്വേറിയം എന്നിവയും ഈ പട്ടണത്തിലുണ്ട്.

താരതമ്യേന സൗമ്യമായ മിതശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെയുള്ളത്. നഗരം ശക്തമായ കാറ്റിന് വിധേയമാണ്. രാത്രികാലങ്ങളിൽ സാധാരണ നിലയിൽ തണുപ്പനുഭവപ്പെടാറുണ്ട്.

ഒരു കാലത്ത് ഇവിടം നിരവധി തുറമുഖങ്ങൾ കൊണ്ട് ചുറ്റപ്പെട്ടിരുന്നു. രണ്ടെണ്ണം ഇപ്പോഴും നിലവിലുണ്ട്. സെന്റ് ആൻഡ്രൂസിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ദേവാലയമാണ് ഹോളി ട്രിനിറ്റി പാരിഷ് ചർച്ച്. ഇന്നിത് 'ടൗൺ കിർക്ക്' എന്നും അറിയപ്പെടുന്നു.

നഗരമധ്യത്തിന് കിഴക്ക്, സെന്റ് അൻഡ്രൂസ് കത്തീഡ്രലിന്റെ അവശിഷ്ടങ്ങൾ കാണാം. പള്ളിയുടെ ഭാഗമായ ഉയരമുള്ള ചതുരാകൃതിയിലുളള ഗോപുരം, സെന്റ് ആൻഡ്രൂസിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുനതിനായി നിർമിച്ചിട്ടുള്ളതാണ്.

thoovan thimbikal

മനോഹരമായ കത്തീഡ്രലിന്റെ ശേഷിച്ച, ഉയരമുള്ള സ്തൂപങ്ങളും ഭിത്തികളും ഗോപുരങ്ങളുമെല്ലാം അത്ഭുതത്തോടെ ഞങ്ങൾ നോക്കിക്കണ്ടു. കത്തീഡ്രലിലെ സമീപത്തായി വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന സെമിത്തേരിയിൽ കൂടി ഞങ്ങൾ നടന്നു.  വൈകുന്നേരം അഞ്ച്മണി വരെ മാത്രമായിരുന്നു ഇവിടുത്തെ സന്ദർശന സമയം.

സെന്റ് ആൻഡ്രൂസ് കാസിലിന്റെ അവശിഷ്ടങ്ങൾ, പട്ടണത്തിന്റെ വടക്ക് ഭാഗത്തുള്ള ഒരു മലഞ്ചെരിവിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് കാണുന്ന കോട്ടയുടെ ഭൂരിഭാഗവും 1549 നും 1571 നും ഇടയിലുളളതാണ്. ഈ കോട്ട ഇപ്പോൾ ചരിത്രപരമായ പരിസ്ഥിതി സ്‌കോട്ട്ലൻഡിന്റെ നിയന്ത്രണത്തിലുള്ള ഒരു ഷെഡ്യൂൾ ചെയ്ത സ്മാരകമാണ്.

ഫൈഫിലെ നോർത്ത് കാസിൽ സ്ട്രീറ്റിലാണ് ഓൾ സെയിന്റ്സ് ചർച്ച്, സ്ഥിതി ചെയ്യുന്നത്. ഇത് സജീവമായ ഒരു സ്കോട്ടിഷ് എപ്പിസ്കോപ്പൽ ചർച്ചാണ്.

സെന്റ് ആൻഡ്രൂസ് മ്യൂസിയം, ഈ പട്ടണത്തിന്റെ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു മുൻസിപ്പൽ മ്യൂസിയമാണ്. പുരാതന കാലം മുതൽ ഇരുപതാം നൂറ്റാണ്ട് വരെ നഗരവുമായി ബന്ധപ്പെട്ട ചരിത്രപരമായ മൂല്യങ്ങളുള്ള വസ്തുക്കളുടെ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്.

സെന്റ് ആൻഡ്രൂസ് സർവകലാശാലയുടെ ചരിത്രത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ മ്യൂസിയമാണ്, ഇതേ സർവ്വകലാശാലയിലുള്ള മ്യൂസിയം. ഇവിടെ പ്രവേശനം സൗജന്യമാണ്.

പട്ടണത്തിന്റെ തെക്ക് ഭാഗത്തുള്ള സെന്റ് ആൻഡ്ര്യൂസ് ബൊട്ടാണിക്കൽഗാർഡനിൽ 8000 ത്തിലധികം ഇനം നാടൻ, വിദേശ സസ്യങ്ങൾ ഉൾപ്പെടുന്നു. വനപ്രദേശം, പുൽമേട്, കുറ്റിച്ചെടികൾ, പുല്ലുകൊണ്ടുള്ള കിടക്കകൾ, വലിയ പാറക്കെട്ടുകൾ, കുളങ്ങൾ എന്നിവയാൽ ഇവിടം ചുറ്റപ്പെട്ടു കിടക്കുന്നു. പച്ചക്കറികളും പൂന്തോട്ടങ്ങളും ഹരിതഗൃഹങ്ങളും കൂടാതെ ഒരു ബട്ടർഫ്ലൈ ഹൗസും ഇവിടെയുണ്ട്.

സെന്റ് ആൻഡ്രൂസ് അക്വേറിയം, വെസ്റ്റ് സാൻഡ്സിന് അഭിമുഖമായി സ്കോറുകളുടെ മലഞ്ചെരിവിലാണ് സ്ഥിതിചെയ്യുന്നത്. നിരവധി മത്സ്യങ്ങളോടൊപ്പം പെർഗ്വിനുകളേയും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

ഡൺഡീയുടെ 13 മൈൽ തെക്ക്കിഴക്കായി കാണപ്പെടുന്ന വടക്കൻ കടലിന്റെ ഉൾഭാഗം, സെന്റ് ആൻഡ്രൂസിലൂടെയാണ് ഒഴുകുന്നത്. മധ്യകാലഘട്ടത്തിൽ മറ്റു രാജ്യങ്ങളുമായി  വാണിജ്യ ബന്ധം പുലർത്തിയിരുന്നത് ഇവിടെയുളള തുറമുഖം വഴിയായിരുന്നു.

 കപ്പലുകൾ അടുപ്പിക്കാനും മറ്റുമായി,   കടലിന്റെ ഉള്ളിലൂടെ ഏകദേശം ഒരു മൈലോളം നീണ്ടുകിടക്കുന്ന വീതിയുള്ള പാതകൾ നിർമിച്ചിരിക്കുന്നു.  ഇതിന്റെ വശങ്ങളിൽ പാറകൾ കൊണ്ട് ഉയരത്തിൽ നിർമിച്ചിട്ടുള്ള സംരക്ഷണമതിൽ കാൽനടക്കാരുടെ സുരക്ഷിതത്വത്തെ ഉറപ്പിക്കുന്നു.

അസ്തമിക്കാൻ മടികാണിക്കുന്ന സൂര്യന്റെ വെള്ളിവെളിച്ചത്തിൽ ആ പാതയുടെ മുനമ്പ് വരെ കുളിരുള്ള കടൽക്കാറ്റേറ്റ് ഞങ്ങൾ നടന്നു. ഇരുവശങ്ങളിലും അലയടിച്ചുയരുന്ന തിരമാലകളും മുകളിൽ കൂടി പറക്കുന്ന സീഗിൾ പക്ഷികളും താഴെ ബീച്ചിൽ കുളിക്കുന്നവരും അവരുടെ വളർത്തുനായകളും മണ്ണ് വാരിക്കളിക്കുന്ന കുട്ടികളും... അങ്ങനെ... മനസ്സ് നിറയ്ക്കുന്ന കാഴ്ചകളിൽ മുഴുകി  ഞങ്ങളവിടെ സമയം ചിലവഴിച്ചു. 

പാതയുടെ വശങ്ങളിൽ കൂടി ഒഴുക്ക് കുറഞ്ഞ ഭാഗത്തായി, വെള്ളത്തിലേക്ക് ചാടാനും ഇറങ്ങി നീന്താനുമൊക്കെയുള്ള സംവിധാനങ്ങളും 

ഒരുക്കിയിട്ടുണ്ട്. ഒരു കൂട്ടം കുട്ടികളും മുതിർന്നവരും കോണിപ്പടികൾ വഴി ഇറങ്ങുകയും ചിലർ മുകളിൽ നിന്ന് തന്നെ വെളളത്തിലേക്ക് ചാടി നീന്തുകയും മറ്റും ചെയ്യുന്നുണ്ട്.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അബർഡീനിൽ നിന്നും മൂത്ത മകളും കുടുംബവും അവിടെയെത്തി ഞങ്ങളോടൊപ്പം ചേർന്നു. ഏതോ ആവശ്യത്തിനായി ഗ്ലാസ്ഗോയിൽ പോയിട്ട് തിരിച്ചുപോകുന്ന വഴിയിലാണ്, അവർ അവിടെയിറങ്ങിയത്.

ഐസ്ക്രീമൊക്കെ വാങ്ങിക്കഴിച്ച് എല്ലാവരും കൂടി കുറച്ചുനേരം അവിടെയുള്ള പുൽത്തകിടിയിലിരുന്ന് സമയം ചിലവഴിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങി. അവിടെ നിന്നും അബർഡീനിലേക്ക് പോകുന്നത്, ഡൺഡീ വഴി ആയിരുന്നതിനാൽ, ഞങ്ങളെ മൂന്നുപേരേയും വീട്ടിലാക്കിയിട്ടാണ് അന്നവർ പോയത്.

(തുടരും)


pulari

Shaila Babu

ഭാഗം 7

Read full

നേരത്തേ പ്ലാൻ ചെയ്ത പ്രകാരം ഞയറാഴ്ച രാവിലെ മകളുമൊത്ത് എഡിൻബറോ സന്ദർശിക്കാനായി ഞങ്ങൾ ഒരുങ്ങിയിറങ്ങി. മെഗാ കമ്പനിയുടെ 7.50 നുള്ള ബസ്സിൽ, രണ്ട് ദിവസം മുൻപ് തന്നെ, മൂന്ന് പേർക്കുമായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.

വീട്ടിൽ നിന്നും ബസ്സ്സ്റ്റേഷൻ വരെ നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ... പത്ത് മിനിറ്റ് നേരത്തേ എത്തിയ ഞങ്ങൾ, ക്യൂ പാലിച്ചു കൊണ്ട് കാത്തുനിന്നു. ഇവിടെ എല്ലാ പൊതുസ്ഥലങ്ങളിലും വാഷ് റൂമിൽ പോലും 'ക്യൂ പാലിക്കുക' എന്നത് ഈ രാജ്യത്തെ പ്രത്യേകതകളിൽ ഒന്നാണ്.

കൃത്യസമയത്ത് തന്നെ എത്തിയ ബസ്സിൽ ഞങ്ങളും കയറി. ബസ്സിനുളളിൽ ടോയ്ലറ്റ് സൗകര്യവും സജ്ജീകരിച്ചിരുന്നു.

സിറ്റിയിൽ നിന്നും ഡൺഡീനദിയുടെ മുകളിലൂടെയുള്ള വലിയ പാലം കടന്ന് ബസ്സ്, എഡിൻബറോ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. ഡൺഡീനദിയുടെ മുകളിൽക്കൂടി സമാന്തരമായി നിർമിച്ചിരിക്കുന്ന മനോഹരവും ദൃഢവുമായ രണ്ട് പാലങ്ങൾ ഉണ്ട്. ഒന്നിൽക്കൂടി ബസ്സുകളും മറ്റ് വാഹനങ്ങളും കടന്നുപോകുമ്പോൾ മറ്റേത്, ട്രെയിനുകൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു..

ഇരുനില ബസ്സിന്റെ മുകൾ ഭാഗത്തുള്ള സീറ്റിലിരുന്ന് വിൻഡോയിലൂടെ പുറത്തെ കാഴ്ചകളിൽ കണ്ണുംനട്ട് ഞങ്ങളിരുന്നു. പാതയുടെ ഇരുവശത്തും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന നിറയെ ഇലകളുള്ള മരങ്ങളും ചെടികളുമുള്ള കാടുകളുടെ നടുവിൽക്കൂടിയായിരുന്നു ഞങ്ങളുടെ സഞ്ചാരം.

കുറച്ച് ദൂരം മുന്നോട്ട് ചെന്നപ്പോൾ ഏക്കറുകളോളം പരന്നുകിടക്കുന്ന പുൽപ്പാടങ്ങളും അതിൽ മേഞ്ഞുനടക്കുന്ന ചെമ്മരിയാടുകളുടേയും പശുക്കളുടേയും കൂട്ടങ്ങളും നല്ലൊരു കാഴ്ച തന്നെയായിരുന്നു. പച്ചപ്പരവതാനിയിൽ കറുത്ത പൊട്ടുകൾ പോലെയും വെളുത്ത പൊട്ടുകൾ പോലെയും അവ കാണപ്പെട്ടു.

അകലെയായി ആകാശമേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന കുന്നുകളുടേയും മലകളുടേയും ഒരു നിര തന്നെ ഉണ്ടായിരുന്നു. മേഘാവൃതമായ ആകാശം പെയ്തൊഴിയാൻ വേണ്ടി കാത്ത് നിന്നു. ദേശീയപാതയുടെ പല ഭാഗങ്ങളിലും വലിയ രീതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുകൾ കാണപ്പെട്ടു.

മഴ പെയ്യുകയാണെങ്കിൽ, പ്ലാൻ ചെയ്തതുപോലെ കാര്യങ്ങളൊന്നും നടക്കുകയില്ലല്ലോ എന്നോർത്ത് അല്പം നിരാശപ്പെട്ടങ്കിലും സമയം കഴിയവേ, ഭാഗ്യവശാൽ മഴമേഘങ്ങളും എവിടെയോ പോയൊളിച്ചു.

ഒന്നര മണിക്കൂർ, വളരെ വേഗം കടന്നുപോയി. എഡിൻബർഗ് നഗരത്തിലേക്ക് പ്രവേശിച്ച ബസ്സ്, പതിനഞ്ച് മിനിറ്റിനുള്ളിൽ സ്റ്റേഷനിലെത്തി. ബസ്സിൽ നിന്നും ഇറങ്ങിയ ഞങ്ങൾ ആദ്യം പോയത്, പ്രസിദ്ധിയാർജ്ജിച്ച കാൾട്ടൺ ഹില്ലിലേക്കാണ്.

Calton hill

പുരാതനമായ ധാരാളം മനോഹരമായ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രിൻസസ്
സ്ട്രീറ്റിലൂടെ ഞങ്ങൾ നടന്നു. ഈ സ്ട്രീറ്റിന്റെ കിഴക്കേ അറ്റത്തിനപ്പുറമാണ് കാൾട്ടൺ ഹിൽ. ദിവസം മുഴുവനുമുള്ള ഇവിടുത്തെ സന്ദർശനം സൗജന്യമാണ്.

റോയൽ സ്കോട്ടിഷ് അക്കാഡമി, നാഷണൽ ഗാലറി ഓഫ് സ്‌കോട്ട്ലന്റ് എന്നീ രണ്ട് ആർട്ട് ഗാലറികളും പ്രിൻസസ് സ്ട്രീറ്റിലുണ്ട്.

കുന്നിന്റെ മുകളിലെത്താൻ കുറഞ്ഞത് പത്ത് മിനിറ്റ് നേരമെങ്കിലും നടക്കണം. വൃത്തിയുള്ള ചവിട്ടുപടികളും റാമ്പുകളും അതിനായി ക്രമീകരിച്ചിട്ടുണ്ട്. റീജന്റ് റോഡിന്റെ തെക്കുവശത്തു നിന്നും ചവിട്ടുപടികൾ കയറി വളരെയെളുപ്പത്തിൽ ഞങ്ങൾ കുന്നിന്റെ മുകളിൽ എത്തി.

ആർതറിന്റെ ഇരിപ്പിടത്തിലേക്ക് എത്താൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുക്കുമെന്നുള്ളതിനാൽ ആ സാഹസത്തിന് ഞങ്ങൾ മുതിർന്നില്ല. എന്നാൽ, പലരും കുന്നിന്റെ താഴ് വാരത്തിലൂടെ മറ്റ് വഴികളിൽക്കൂടി അവിടേക്ക് നടക്കുന്നുണ്ടായിരുന്നു.

നഗരത്തിലെ ഏറ്റവും ഉയർന്ന ഒരു മുനമ്പിലായിരുന്നു ആർതറിന്റെ ഇരിപ്പിടം സ്ഥിതിചെയ്യുന്നത്. എഡിൻബറോ നഗരത്തിന്റെ അതീവഹൃദ്യമായ മോഹന കാഴ്ചകൾ ഇവിടെ നിന്നും കാണാവുന്നതാണ്.

സ്കോട്ടിഷ് ഗവൺമെന്റിന്റെ ആസ്ഥാനമാണിവിടം. അത് കുന്നിന്റെ കുത്തനെയുള്ള തെക്കൻ ചരിവിലുള്ള സെന്റ് ആൻഡ്രൂസ് ഹൗസിലാണ് സ്ഥിതി ചെയ്യുന്നത്. സ്കോട്ടിഷ് പാർലമെന്റ് മന്ദിരവും ഹോളി റൂഡ് പാലസ് പോലെയുള്ള മറ്റ് പ്രമുഖ കെട്ടിടങ്ങളും കുന്നിന്റെ അടിവാരത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. കാൾട്ടൺ ഹിൽ, നിരവധി സ്മാരകങ്ങളുടേയും കെട്ടിടങ്ങളുടേയും ആസ്ഥാനം കൂടിയാണ്.

എഡിൻബർഗ് ജില്ലകളായ ഗ്രീൻസൈഡിനും ആബിഹില്ലിനും ഇടയിലാണ് ഈ പ്രദേശം. കാൾട്ടൺ ഹില്ലിന്റെ കൊടുമുടിയിലെ സിറ്റി ഒബ്സർവേറ്ററിയുടെ ടവറിൽ നിന്നും എഡിൻബർഗിലെ കാഴ്ചകൾ വിസ്മയകരമായി ചിത്രീകരിക്കുന്നുണ്ട്.

എഡിൻബർഗിലെ ഒരു റെസിഡൻഷ്യൽ തെരുവാണ് കാൾട്ടൺ ടെറസ്. കാൾട്ടൺ ഹില്ലിന്റെ കിഴക്ക് വശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു വിപരീത ചന്ദ്രക്കലയുടെ രൂപത്തിലാണ് ഈ തെരുവ് കാണപ്പെടുന്നത്. സ്ട്രീറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമിച്ചിരിക്കുന്ന ടെറസ്, ആബിഹില്ലിലേക്കും ഹോളി റൂഡിലേക്കും ഇറങ്ങുന്ന ചരിഞ്ഞ പൂന്തോട്ടങ്ങളെ അഭിമുഖീകരിക്കുന്നു.

കാൾട്ടൺ ഹില്ലിന്റെ മുകൾഭാഗത്ത് നിർമിച്ച ഒരു റെസിഡൻഷ്യൽ തെരുവാണ് റീജന്റ് ടെറസ്. റോഡിന്റെ ചരിവിലൂടെ ഇടവിട്ട് ഇറങ്ങി, തെരുവിന്റെ വടക്കുഭാഗത്ത് ടെറസായി നിർമിച്ച ധാരാളം വീടുകൾ കാണാം.

കാൾട്ടൻ ഹില്ലിൽ നിന്നും താഴെയിറങ്ങി, പ്രിൻസസ് തെരുവിലൂടെ ഞങ്ങൾ നടന്ന്, കിഴക്ക്വശത്തുള്ള എഡിൻബറോ സെൻട്രൽ റെയിൽവേസ്റ്റേഷൻ സന്ദർശിച്ചു.

എഡിൻബറോയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സ്റ്റേഷനാണ് 'വേവർലി സ്റ്റേഷൻ'. ഗ്ലാസ്ഗോ സെൻട്രൽ കഴിഞ്ഞാൽ സ്കോട്ട് ലൻഡിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനാണ് ഇത്. പ്രിൻസസ്സ് സ്ട്രീറ്റിൽ നിന്നും മാർക്കറ്റ് സ്ട്രീറ്റിലേക്ക് ബന്ധിപ്പിക്കുന്ന ഒരു നടപ്പാത, സബർബൻ പ്ലാറ്റുഫോമുകൾക്ക് തെക്കായി നിർമ്മിച്ചിട്ടുണ്ട്.

നിരവധി എസ്കലേറ്ററുകളും ലിഫ്റ്റുകളും യാത്രക്കാർക്കായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നിരവധി ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളുടെ സേവനം ഇവിടെ ലഭ്യമാണ്. ഏകദേശം പന്ത്രണ്ട് മുതൽ പതിനാല് പ്ലാറ്റ്ഫോമുകൾ വരെ ഇവിടെയുണ്ട്.

യാത്രക്കാർക്ക് യഥേഷ്ടം ഇരിക്കാനും വിശ്രമിക്കാനുമുള്ള ലോബികൾക്കരികിൽ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്. ട്രെയിനുകളുടെ സമയയും വിശദവിവരങ്ങളും യഥാക്രമം ഡിസ്പ്ലേ ചെയ്യുന്ന സ്ക്രീനുകൾ മിക്ക ഭാഗങ്ങളിലും സജ്ജീകരിച്ചിരിക്കുന്നു.

ഇത് കൂടാതെ, പടിഞ്ഞാറേ അറ്റത്തുള്ള ഹേ മാർക്കറ്റ് റെയിൽവേ സ്റ്റേഷനും എഡിൻബറോയിൽ ഉണ്ട്.

വേവർലി റെയിൽവേസ്റ്റേഷനിൽ നിന്നും എഡിൻബറോ കാസിലിലേക്ക് പത്തു മിനിറ്റ് ദൂരം മാത്രമേ നടക്കാൻ ഉള്ളൂ..

അവിടെ നിന്നും പുറത്തിറങ്ങി തിരക്കേറിയ തെരുവിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ നടന്നു. സ്ട്രീറ്റിന്റെ ഒരു മൂലയിൽ, സ്കോട്ട്ലൻഡിന്റെ പാരമ്പര്യവേഷവും ധരിച്ച് ഹൃദ്യമായ ഗാനങ്ങൾ ആലപിക്കുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്ത് സഞ്ചാരികളെ ആകർഷിക്കുന്ന ഗായകന്റെ അരികിൽ ചെന്നുനിന്ന് ഞങ്ങളും ഫോട്ടോകൾ എടുത്തു.

പച്ചപ്പട്ടണിഞ്ഞ് കിടക്കുന്ന നനുത്ത ഭൂമിയിലൂടെ മാരുതന്റെ തലോടലേറ്റ് ഞങ്ങൾ നടന്നു. ഇടയിലായി കാണപ്പെട്ട റിഫ്രെഷ്മെന്റ് കടകളുടെ മുൻപിൽ സന്ദർശകരുടെ നല്ല തിരക്ക് ഉണ്ടായിരുന്നു.പ്രകൃതിസമ്പത്തുകൾ കൊണ്ട് സമുദ്ധമായതും സ്കോട്ട് സ്മാരകം സ്ഥാപിച്ചിട്ടുള്ളതുമായ ഒരു പാർക്കിൽ  ഞങ്ങളെത്തി. 200 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഈ സ്മാരകം എഡിൻബറോയുടെ ചരിത്രങ്ങളുടെ അടയാളമായി, അഭിമാനത്തോടെ നിലകൊള്ളുന്നു.

Scot monument

സ്കോട്ടിഷ് എഴുത്തുകാരനായ സർ വാൾട്ടർ തുസ്കോട്ടിന്റെ വിക്ടോറിയൻ ഗോഥിക് സ്മാരകമാണ് ഇത്. എഴുത്തുകാരുടേതായി, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാരകമാണിത്. പ്രിൻസസ് സ്ട്രീറ്റിലെ മുൻ ജെന്നേർസ് കെട്ടിടത്തിന് എതിർവശത്തും വേവർലി റെയിൽവേ സ്റ്റേഷന് സമീപവും ഇത് നിലകൊള്ളുന്നു.

സ്മാരകത്തിൽ 68 പ്രതിമകളുണ്ട്. 64 എണ്ണം നിലത്ത് നിന്ന് തന്നെ കാണാം. വ്യൂവിംങ് ഗാലറിക്ക് മുകളിലുള്ള നാലെണ്ണം ടെലിഫോട്ടോ വഴിയോ വ്യൂവിംഗ് ഗാലറിയിൽ നിന്നോ മാത്രമേ ദൃശ്യമാവുകയുള്ളൂ... മുട്ടുകുത്തി നിൽക്കുന്ന എട്ട് ഡ്രൂയിഡ് രൂപങ്ങൾ അന്തിമ വ്യൂവിംഗ് ഗാലറിയെ പിൻന്തുണയ്ക്കുന്നു. സ്കോട്ടിഷ് കവികളുടേയും എഴുത്തുകാരുടേയും പതിനാറ് തലകൾ താഴത്തെ പില്ലറുകളുടെ മുകളിൽ കാണാവുന്നതാണ്. മുകളിലേക്ക് കയറാൻ, സ്പൈറൽ ചവിട്ടുപടികളുടെ ഒരു പരമ്പര തന്നെയുണ്ട്.

2012 ൽ പുറത്തിറങ്ങിയ ക്ലൗഡ് അറ്റ്ലസ് എന്ന സിനിമയിൽ റോബർട്ട് ഫ്രോബിഷർ എന്ന കഥാപാത്രം പതിവായി സന്ദർശിക്കുന്ന സ്ഥലമെന്ന നിലയിൽ, ഈ സ്മാരകം പ്രാധാന്യമർഹിക്കുന്നു.

(തുടരും)


ഭാഗം 8

Edinburgh bus stand

സ്കോട്ട് സ്മാരകത്തിൽ നിന്നും ഞങ്ങൾ നേരേ പോയത് പ്രിൻസസ് ഗാർഡനിലേക്കാണ്. എഡിൻബർഗിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട രണ്ട് പൊതു പാർക്കുകളാണ് ഈസ്റ്റ് ആൻഡ് വെസ്റ്റ് പ്രിൻസസ്സ് ഗാർഡൻസ്. ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള എഡിൻബർഗ് കാസിൽ, ഇതിന് സമീപമാണ് നിലനിൽക്കുന്നത്.

1820 കളിൽ പുതിയ പട്ടണത്തിന്റെ നിർമ്മാണത്തെ തുടർന്നാണ് പൂന്തോട്ടങ്ങൾ സൃഷ്ടിക്കപ്പെട്ടത്. പ്രിൻസസ് സ്ട്രീറ്റിന്റെ തെക്ക് വശത്തു 
കൂടിയുള്ള പൂന്തോട്ടങ്ങളെ 'ദി മൗണ്ട്' കൊണ്ട് തിരിച്ചിരിക്കുന്നു. അതിൽ നാഷണൽ ഗാലറി ഓഫ് സ്കോട്ട്ലൻഡും റോയൽ സ്കോട്ടിഷ് അക്കാദമി കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു. ഈസ്റ്റ് പ്രിൻസസ് സ്ട്രീറ്റ് ഗാർഡൻസ്, ദി മൗണ്ട് മുതൽ വേവർലി ബ്രിഡ്ജ് വരെ എട്ടര ഏക്കർ വ്യാപിച്ചുകിടക്കുന്നു.

ഈസ്റ്റ് ഗാർഡൻസിന്റെ തെക്ക് ഭാഗത്ത് നിരവധി പ്രതിമകളും സ്മാരകങ്ങളും ഉണ്ട്. സർ വാൾട്ടർ സ്കോട്ടിന്റെ ബഹുമാനാർത്ഥം 1844 ൽ സ്ഥാപിച്ച സ്കോട്ട് സ്മാരകം, ആദം കറുപ്പിന്റെ പ്രതിമ,ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ പ്രതിമ എന്നിവ ചരിത്രപരമായി പ്രാധാന്യമർഹിക്കുന്നതാണ്. സ്‌റ്റ് പ്രിൻസസ് പൂന്തോട്ടത്തിലെ മരങ്ങളും ചെടികളും പൂക്കളും സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നവയാണ്.

Pushpa-clock

വെസ്റ്റ് പ്രിൻസസ് സ്ട്രീറ്റ് ഗാർഡനിലേക്കുള്ള കിഴക്കൻ പ്രവേശന കവാടത്തിൽ ഒരുക്കിയിരിക്കുന്ന, പുഷ്പങ്ങൾ കൊണ്ട് നിർമിച്ച മനോഹരവും വലിപ്പമേറിയതുമായ, പുഷ്പക്ലോക്ക് എല്ലാവരുടേയും മനം കുളിർപ്പിക്കുന്നതാണ്.

നടപ്പാതയുടെ ഒരു വശത്തായി പൂത്ത് നിൽക്കുന്ന വലിപ്പമേറിയതും വിവിധ നിറത്തിലുമുള്ള മനോഹരമായ റോസാപ്പൂക്കൾ എത്ര കണ്ടാലും മതിവരില്ല. വീതികൂടിയ റോഡിന്റെ വശങ്ങളിലായി പ്രതിമകളുടെ ഒരു പരമ്പര തന്നെയുണ്ട്.

നിരവധി ഉത്സവങ്ങളും പൊതുവായുള്ള മറ്റ് പരിപാടികളും ഇവിടെ വച്ച് നടത്താറുണ്ട്. ഈ രണ്ട് ഗാർഡൻസിലും പ്രവേശനം സൗജന്യമാണ്.

പൂന്തോട്ടത്തിന്റെ പടിഞ്ഞാറൻ അറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ആകർഷണീയമായ റോസ് ജലധാര, എത്ര നേരം നോക്കിനിന്നാലും മടുത്ത് പോവില്ല. 1872 ൽ സ്ഥാപിച്ചതും 2018 ൽ പുന:സ്ഥാപിക്കുകയും ചെയ്ത ഒരു കാസ്റ്റ് ഇരുമ്പ് ഘടനയാണ് റോസ് ജലധാര.

ആർട്ടിസ്റ്റ്, ജീൻ- ബാപ്റ്റിസ്റ്റ് ജൂൾസ്  ക്ലാഗ്മാൻ ശിൽപം ചെയ്ത്, ഫ്രാൻസിലെ സോമെവോയറിലെ അന്റോയിൻ ഡുറെന്നിന്റെ ലോകപ്രശസ്തമായ ഇരുമ്പ് ഫൗണ്ടറിയിലാണ് റോസ് ഫൗണ്ടൻ നിർമിച്ചത്. 1862 - ലെ മഹത്തായ എക്സിബിഷനിലെ ഒരു പ്രദർശനമായിരുന്നു ഇത്.

തോക്ക് നിർമാതാവായ ഡാനിയൽ റോസ്, 1862-ൽ 2000 പൗണ്ടിന് ഇത് വാങ്ങുകയും പിന്നീട് എഡിൻബർഗ് നഗരത്തിന് സമ്മാനിക്കുകയും ചെയ്തു. 1872 ൽ നിലവിലെ സ്ഥാനത്ത് സ്ഥാപിക്കുകയും 2001 ൽ വിപുലമായി നവീകരിക്കപ്പെടുകയും ചെയ്തു.

കുറഞ്ഞത് 20 വർഷമെങ്കിലും നീണ്ടു നിൽക്കുന്ന വിവിധ നിറങ്ങളിലുള്ള പെയിന്റ് വർക്കാണ് ഇതിനുള്ളത്. ശാശ്വതമായി പ്രവർത്തിക്കുന്ന പമ്പുകൾ പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. ആകർഷകമായ സ്ത്രീരൂപങ്ങൾ വഹിച്ചിരിക്കുന്ന കലശങ്ങളിൽ നിന്നുമുള്ള സുന്ദരമായ ജലപ്രവാഹം കാഴ്ചക്കാരെ വളരെയധികം സന്തോഷിപ്പിക്കുന്നതാണ്.

ഈ ജലധാരയാൽ കെരൂബുകൾ, മത്സ്യകന്യകകൾ, വാൽറസ്, സിംഹ തലകൾ, എന്നിവയും ശാസ്ത്രം, കല, കവിത എന്നിവയെ പ്രതിനിധീകരിക്കുന്ന നാല്‌ സ്ത്രീ രൂപങ്ങളും ഉൾപ്പെടുന്നു. എഡിൻബർഗ് നഗരത്തിലെ ചരിത്രപരമായ ഒരു നാഴികക്കല്ലായി ഇന്നിത് മാറിയിരിക്കുന്നു.

റോസ് ജലധാരയ്ക്ക് സമീപം, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഞങ്ങൾ ചിലവഴിച്ചുണ്ടാവും. അവിടെ നിന്നും കാണുന്ന വളരെ ഉയർന്ന കുന്നിന്റെ മുകളിലെ ചരിത്രങ്ങളുടെ ഏടുകൾ നിറഞ്ഞ എഡിൻബർഗ് കാസിൽ, തലയെടുപ്പോടെ നിൽക്കുന്നതും ഞങ്ങൾ കണ്ടു.

rose fountain edinburgh

മനസ്സിനെ കോരിത്തരിപ്പിക്കുന്ന മനോഹരമായ കാഴ്ചകൾക്ക് ശേഷം അവിടെ നിന്നും ഞങ്ങൾ ഇറങ്ങി, റോയൽ മൈൽ സ്ട്രീറ്റിലൂടെ നടന്നു.
സഞ്ചാരികളെക്കൊണ്ട് തിങ്ങി നിറഞ്ഞ ഒരു തെരുവായിരുന്നു അത്.

യാത്രക്കാരെ കൊണ്ടുപോകുന്ന റ്റോപ്പ് അപ്പ് ബസ്സുകൾ റോഡിന്റെ പല ഭാഗങ്ങളിലും പാർക്ക് ചെയ്തിരുന്നു. നടക്കാൻ താൽപ്പര്യമില്ലാത്തവർ, ടിക്കെറ്റെടുത്ത്, ഈ ബസ്സിൽ കയറിയിരുന്നാൽ, കാണാനുളള ഓരോ സ്ഥലങ്ങളിലും നിർത്തി, ഇറക്കുകയും തിരിച്ചു കൊണ്ടുപോവുകയും ചെയ്യും. ആ രീതിയിലും ധാരാളം സഞ്ചാരികൾ അവിടെ വന്നിറങ്ങുന്നുണ്ടായിരുന്നു.

സീസൺ ആയിരുന്നതിനാൽ, ജനബാഹുല്യം നിറഞ്ഞ തെരുവിലൂടെ സെന്റ് ഗൈൽസ് കത്തീഡ്രലിനെ ലക്ഷ്യമാക്കി ഞങ്ങളും നടന്നു. തെരുവിന്റെ രണ്ട് വശങ്ങളിലും ആളുകളുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിലുള്ള കടകൾ ധാരാളമായി തുറന്നിരിക്കുന്നു.

ജനം മുഴുവൻ ഒഴുകിയിരുന്നത് കത്തീഡ്രലിലേക്കായിരുന്നു. പ്രവേശനം സൗജന്യമാണെങ്കിലും ഞയറാഴ്ച ആയിരുനതിനാൽ, ഒരു മണിക്ക് മാത്രമേ സന്ദർശകകർക്കായി, അവിടം അന്ന് തുറക്കുമായിരുന്നുള്ളൂ.

st Giles Cathedral

എഡിൻബർഗ് പഴയ പട്ടണത്തിലെ ചർച്ച് ഓഫ്‌ സ്കോട്ട് ലൻഡിന്റെ ഒരു ഇടവകദേവാലയമാണ് ഇത്. സെന്റ് ഗൈൽസ് കത്തീഡ്രൽ അഥവാ ഹൈ കിർക്ക് ഓഫ് എഡിൻബർഗ് എന്ന്, ഇത് അറിയപ്പെടുന്നു.

നിലവിലെ കെട്ടിടം 14-ാം നൂറ്റാണ്ടിൽ ആരംഭിച്ച് 19-ം 20-ം നൂറ്റാണ്ടുകളിൽ, തിസ്റ്റിൽ ചാപ്പൽ കൂട്ടിച്ചേർക്കുന്നതുൾപ്പെടെ കാര്യമായ മാറ്റങ്ങൾ വരുത്തി. സ്കോട്ടിഷ് ചരിത്രത്തിലെ പല സംഭവങ്ങളുമായും വ്യക്തികളുമായും ഇതിന് അടുത്ത ബന്ധമുണ്ട്.

1633 ൽ ചാൾസ് ഒന്നാമൻ എഡിൻബർഗ് രൂപതയുടെ പുതിയ കത്തീഡ്രലായി സെന്റ് ഗൈൽസിനെ മാറ്റി, 1637 ജൂലൈ 23 ന് സെന്റ് ഗൈൽസിൽ ഒരു സ്കോട്ടിഷ് പ്രാർത്ഥനാ പുസ്തകം അടിച്ചേൽപ്പിക്കാനുള്ള ചാൾസിന്റെ ശ്രമം ഒരു കലാപത്തിന് കാരണമായി. ഇത് ഉടമ്പടികളുടെ രൂപീകരണത്തിനും മൂന്ന് രാജ്യങ്ങളുടെ യുദ്ധങ്ങളുടെ തുടക്കത്തിനും കാരണമായി.

മധ്യകാലഘട്ടം മുതൽ സെന്റ് ഗൈൽസ്, ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഓർഡർ ഓഫ് ദി തിസ്റ്റിലിന്റെ പല രീതിയിലുള്ള സേവനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. സജീവമായ ഒരുസഭയെ പാർപ്പിക്കുനതിനൊപ്പം സ്കോട്ട്ലൻഡിലെ ഏറ്റവും പ്രശസ്തമായ സന്ദർശക സൈറ്റുകളിലാന്നാണ് ഈ കത്തീഡ്രൽ.

കുഷ്ഠരോഗികളുടെ രക്ഷാധികാരിയായ സെന്റ് ഗൈൽസിനെ, തിസ്റ്റിൽ ചാപ്പലിന്റെ സീലിംഗിൽ  ചിത്രീകരിച്ചിരിക്കുന്നു. മധ്യകാല ഗ്രേറ്റ് ബ്രിട്ടനിൽ അദ്ദേഹം ഒരു ജനപ്രിയ വിശുദ്ധനായിരുന്നു.

നവീകരണത്തിന് മുൻപ് എഡിൻബർഗിലെ ഏക ഇടവക ദേവാലയം സെന്റ് ഗൈൽസ് ആയിരുന്നു. സെന്റ് ഗൈൽസിനെ കത്തീഡ്രലായി ഉയർത്തുന്ന 1633 ലെ ചാർട്ടർ അതിന്റെ പൊതുവായ പേര് സെന്റ് ഗൈൽസ് കിർക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1980 കളിലെ പുരാവസ്തു ഗവേഷണങ്ങളിൽ പന്ത്രണ്ടാം നൂറ്റാണ്ടിലെ പള്ളി, പിങ്ക് മണൽ കല്ലും ചാരനിറത്തിലുള്ള വിൺസ്റ്റോണും കൊണ്ട് നിർമ്മിച്ചതാണ്. കവാടത്തിന് ചുറ്റും സ്കോട്ടിഷ് രാജാക്കന്മാരുടേയും പള്ളിക്കാരുടേയും ചെറിയ പ്രതിമകൾ കാണാം.

സുന്ദരങ്ങളായ ഗോപുരങ്ങളും കൊത്തുപണികളും പെയിന്റിംഗുകളും നിറഞ്ഞ മനോഹരങ്ങളായ തൂണുകളും കമാനങ്ങളുമൊക്കെ ദൃശ്യനിറവിന്റെ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്.

എല്ലാം വിശദമായി കണ്ടതിന് ശേഷം ശാന്തമായ അന്തരീക്ഷത്തിൽ അരമണിക്കൂറോളം ഞങ്ങൾ ഭക്തിയോടെ അവിടെ ചിലവഴിച്ചു.

ലണ്ടനിൽ ഹയർസ്റ്റഡീസ് ചെയ്യുന്ന, മകളുടെ മൂന്ന് ക്ലാസ്സ്മേറ്റ്സിനെ അവിടെ വച്ച് കണ്ടുമുട്ടുകയും അവരോടൊപ്പം അവൾ അല്പസമയം ചിലവഴിക്കുകയും ചെയ്തു. എറണാകുളം രാജഗിരി എർജിനീയറിംഗ് കോളേജിൽ മകളോടാപ്പം ഒരുമിച്ച് പഠിച്ചവരായിരുന്നു അവർ.

സെന്റ് ഗൈൽസ് കത്തീഡ്രലിൽ നിന്നും ഇറങ്ങി റോയൽ മൈൽസ് സ്ട്രീറ്റിലൂടെ എഡിൻബർഗ് കാസിലിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.

(തുടരും)


ഭാഗം 9

റോയൽ മൈൽ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന എഡിൻബർഗ് കാസിൽ സന്ദർശിക്കുവാനാണ് പിന്നീട് ഞങ്ങൾ പോയത്. ഇരുമ്പ് യുഗം മുതൽ മനുഷ്യൻ കൈവശപ്പെടുത്തിയിരുന്ന, കാസിൽറോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര കോട്ടയാണിത്. എഡിൻബർഗിന്റെ പഴയ പട്ടണത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള റോയൽ മൈലിന്റെ മുകളിലാണ് ഈ കാസിൽ സ്ഥിതി ചെയ്യുന്നത്. കാസിൽറോക്കിന്റെ കൊടുമുടിയിലേക്കുള്ള വഴികളെ സംരക്ഷിക്കുന്ന നിരവധി ഗേറ്റുകൾ അവിടെ കാണാം.


കാസിലിന്റെ അകത്ത് പ്രവേശിക്കുവാനുള്ള ടിക്കറ്റ്, ഓൺലൈൻ വഴി നേരത്തേ തന്നെ ഞങ്ങൾ ബുക്ക് ചെയ്തിരുന്നു. നാനാ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ പ്രവാഹം ഞങ്ങളെ ശരിക്കും അമ്പരപ്പിച്ചു. പ്രവേശന വാതിൽ വഴി ആളുകൾ അകത്തേക്ക് കയറുമ്പോൾ പുറത്തേയ്ക്ക് ഇറങ്ങുന്നവരുടെ എണ്ണവും വളരെ വലുതായിരുന്നു.

മേഘാവൃതമായ ആകാശം കറുത്തിരുണ്ടു. പൊടുന്നനെ പെയ്ത ചാറ്റൽ മഴയിൽ നനയാതിരിക്കാൻ, കയ്യിലുണ്ടായിരുന്ന കുടയെടുത്ത് നിവർത്തിപിടിച്ചു. മൊബൈൽ ഫോണിലെ ടിക്കറ്റ് കണ്ടതിന് ശേഷം ബാഗുകളും മറ്റും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടാണ്, അവർ ഞങ്ങളെ അകത്തേക്ക് കയറ്റിവിട്ടത്. 

മഴ ശക്തമായതിനാൽ കോട്ടയുടെ അകത്തേക്കുള്ള യാത്ര, ദുഷ്കരമായിരുന്നു. കയറ്റം കയറി, കോട്ടയുടെ ഉള്ളിലെത്താനുള്ള ഊഴവും കാത്ത്, നീണ്ട ക്യൂവിന്റെ ഒരറ്റത്ത്, ഒരു കുടക്കീഴിലായി ഞങ്ങളും നിന്നു.

ഇടുങ്ങിയ വാതിലിലൂടെ വരിവരിയായി അകത്ത് കടന്ന് ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന ആ മണ്ണിലെ കോണിപ്പടികൾ കയറി, ഇരുളടഞ്ഞ ഇടനാഴികളിലൂടെ ഞങ്ങൾ നടന്നു.

12-ാം നൂറ്റാണ്ടിൽ ഡേവിഡ് ഒന്നാമന്റെ ഭരണകാലം മുതൽ ഉണ്ടായിരുന്ന ഈ രാജകീയ കോട്ട, 1633 വരെ രാജകീയവസതിയായും പിന്നീട് 17-ാം നൂറ്റാണ്ടോടെ ഒരു പട്ടാളത്തിന്റെ സൈനിക ബാരക്കുകളായി ഉപയോഗിക്കുകയും കഴിഞ്ഞ ഒന്നരനൂറ്റാണ്ടായി വിപുലമായ പുനരുദ്ധാരണ പരിപാടികൾ നടത്തുകയും ചെയ്തു.

സ്കോട്ടിഷ് രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തികേന്ദ്രങ്ങളിലൊന്നായ എഡിൻബർഗ് കാസിൽ, 14ാം നൂറ്റാണ്ടിലെ

സ്കോട്ടിഷ് സ്വാതന്ത്ര്യ സമരങ്ങൾ മുതൽ 1745 ലെ യാക്കോബായ ഉയർച്ച വരെയുള്ള നിരവധി ചരിത്രപരമായ സംഘട്ടനങ്ങളിലും ഏർപ്പെട്ടിരുന്നു.

ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും ഉപരോധിക്കപ്പെട്ട സ്ഥലവും ലോകത്തിലെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്നുമാണിത്.

ഈ കോട്ടയിലുള്ള സ്‌കോട്ട്ലൻഡിന്റെ ഹോണേഴ്സ് എന്നറിയപ്പെടുന്ന സ്കോട്ടിഷ് ഗാലറി, സ്കോട്ടിഷ് നാഷണൽ വാർ മെമ്മോറിയലിന്റേയും സ്കോട്ട്ലൻഡിലെ നാഷണൽ വാർ മ്യൂസിയത്തിന്റേയും സ്ഥലമാണ്.

ചരിത്രപരമായ പരിസ്ഥിതിസ്കോട്ട്ലൻഡിന്റെ സംരക്ഷണത്തിലുള്ള ഈ കോട്ട, ഇവിടുത്തെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്നതും യൂ.കെ യിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന, രണ്ടാമത്തെ വിനോദ സഞ്ചാര ആകർഷണവുമാണ്. 

ഈ കോട്ട, എഡിൻബർഗിന്റെ പ്രത്യേകിച്ച് സ്കോട്ലൻഡിന്റെ മൊത്തത്തിലുള്ള ഒരു പ്രതീകമായി മാറിയിരിക്കുന്നു.

കോട്ടയുടെ മുന്നിൽ എസ്പ്ലനേഡ് എന്നറിയപ്പെടുന്ന ഒരു നീണ്ട ചരിഞ്ഞ മുൻ ഭാഗമുണ്ട്. ഇവിടെയാണ് വർഷംതോറും 

എഡിൻബർഗ് മിലിറ്ററി ടാറ്റൂ നടക്കുന്നത്. രാജകൊട്ടാരം അതിന്റെ ഇടതുവശത്താണ്. എസ്പ്ലനേഡിന്റെ വടക്ക് നിന്ന് കോട്ടയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു തുരങ്കം കുഴിച്ച് സന്ദർശക ട്രാഫിക്കിനെ സർവീസ് ട്രാഫിക്കിൽ നിന്നും വേർതിരിക്കുന്നു.

ഗേറ്റ് ഹൗസിന്റെ മുകൾ ഭാഗത്തായി സ്ഥാപിച്ച പുതിയ കെട്ടിടമായ ആർഗിൽ ടവറും പോർട്ട് കുല്ലീസ് ഗേറ്റും കാണാം. ഗേറ്റിനുളളിൽ പ്രിൻസസ് സ്ട്രീറ്റിന്‌ അഭിമുഖമായി ആർഗിൽ ബാറ്ററിയുണ്ട്. മിൽസ് മൗണ്ട് ബാറ്ററി, പടിഞ്ഞാറ് വൺ ഓ ക്ലോക്ക് ഗണ്ണിന്റെ സ്ഥാനം. ഇവയ്ക്ക് താഴെയാണ് താഴ്ന്ന പ്രതിരോധം. അതേസമയം, പാറയുടെ അടിഭാഗത്തുള്ള സെന്റ് മാർഗരറ്റ്സ് കിണറിന്റെ കാവലിനായി നിർമിച്ച വെൽ ഹൗസ് ടവറും ഉണ്ട്.

ആതർഗൈൽ ടവറിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സൈനിക കെട്ടിടങ്ങൾ കാണാം. 18ാംനൂറ്റാണ്ടിലെ കാർട്ട് ഷെഡ്ഡുകളിലാണ് ഇപ്പോഴത്തെ കോഫി ഹൗസുകൾ പ്രവർത്തിക്കുന്നത്. 

(തുടരും)


ഭാഗം 10

shaila babu

സ്കോട്ലൻഡിലെ റോയൽ റെജിമെന്റിന്റെ, റെജിമെന്റൽ ഹെഡ്ക്വാർട്ടേഴ്സും റോയൽ സ്കോട്സ് ഡ്രാഗൺ ഗാർഡ്സ് മ്യൂസിയവും ഇവിടെയുണ്ട്. മുറ്റത്തിന്റെ തെക്ക് ഭാഗത്തുള്ള കെട്ടിടം, സ്കോട്ലൻഡിലെ നാഷണൽ മ്യൂസിയങ്ങളുടെ ഭാഗമായ നാഷണൽ വാർ മ്യൂസിയമാണ്.

സ്കോട്ട്ലൻഡിന്റെ സൈനിക ചരിത്രം ഉൾക്കൊള്ളുന്ന 400 വർഷം പഴക്കമുള്ള യൂണിഫോം, മെഡലുകൾ, ആയുധങ്ങൾ തുടങ്ങിയവയുടെ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്. സ്കോട്ടിഷ് പട്ടാളക്കാർ പങ്കെടുത്ത നിരവധി യുദ്ധങ്ങളുടെ ചരിത്രവും ഇവിടെ ചിത്രീകരിക്കുന്നു.

അപ്പർ വാർഡ് അല്ലെങ്കിൽ സിറ്റാഡൽ, കാസിൽറോക്കിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സെന്റ് മാർഗരറ്റ് ചാപ്പലും 15-ാം നൂറ്റാണ്ടിലെ ഉപരോധ തോക്കായ മോൻസ് മെഗും ഉള്ളത് ഈ പാറയുടെ കൊടുമുടിയിലാണ്. 

അപ്പർ വാർഡിന്റെ കിഴക്കേ അറ്റത്ത് ഫോർ വാൾ, ഹാഫ് മൂൺ ബാറ്ററികൾ, തെക്ക് ക്രൗൺ സ്ക്വയർ എന്നിവയും ഉണ്ട്. കോട്ടയിലേയും എഡിൻബർഗിലേയും ഏറ്റവും പഴയ കെട്ടിടം ചെറിയ സെന്റ് മാർഗരറ്റ് ചാപ്പലാണ്. കല്യാണം പോലുള്ള മതപരമായ ചടങ്ങുകൾക്ക് ഇപ്പോഴും ഈ ചാപ്പൽ ഉപയോഗിക്കുന്നു.

മോൺസ് മെഗ് എന്നറിയപ്പെടുന്ന 15-ാം നൂറ്റാണ്ടിലെ ഉപരോധ തോക്ക് അല്ലെങ്കിൽ ബാംബർ, സെന്റ് മാർഗരറ്റ് ചാപ്പലിന് മുന്നിലെ ടെറസിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ഞായർ, ദുഃഖവെള്ളി, ക്രിസ്മസ് ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് വെടിയുതിർക്കുന്ന സമയ സിഗ്നലാണ് വൺ ഓ ക്ലോക്ക് ഗൺ. കോട്ടയുടെ വടക്കുഭാഗത്തുള്ള മിൽസ് മൗണ്ട് ബാറ്ററിയിൽ നിന്നാണ് ഇപ്പോൾ തോക്ക് തൊടുത്തുവിടുന്നത്.

കോട്ടയുടെ കിഴക്ക് ഭാഗത്ത് നിലകൊളളുന്ന ഹാഫ് മൂൺ ബാറ്ററി ഇവിടുത്തെ ഒരു പ്രധാന സവിഷേതയാണ്. താഴത്തെ ഭാഗങ്ങൾ പൊതുവേ അടച്ചിട്ടുണ്ടെങ്കിലും  പൊതുജനങ്ങൾക്ക് കയറി കാണാവുന്ന വിധത്തിലുള്ള നിരവധി മുറികൾ ഇവിടെയുണ്ട്.

ടവറിന് പുറത്ത് എന്നാൽ, ബാറ്റിക്കുള്ളിൽ മൂന്ന് നിലകളുള്ള ഒരു മുറിയുണ്ട്. അവിടെ ഗോപുരത്തിന്റെ കൊത്തുപണികൾ ഉള്ള പുറംഭിത്തിയുടെ ഭാഗങ്ങൾ ഇപ്പോഴും ദൃശ്യമാണ്.

15-ാം നൂറ്റാണ്ടിൽ ജെയിംസ് മൂന്നാമൻ രാജാവിന്റെ ഭരണകാലത്ത് കോട്ടയുടെ പ്രധാന മുറ്റമായി സ്ഥാപിച്ചതാണ് ക്രൗൺ സ്ക്വയർ. പാലസ് യാർഡ് എന്നും ഇത് അറിയപ്പെടുന്നു.

ഇതിന്റെ അടിത്തറയായി നിർമിക്കപ്പെട്ട വലിയ ശിലാ നിലവറകൾ 19-ാം നൂറ്റാണ്ട് വരെ സംസ്ഥാന ജയിലായി ഉപയോഗിച്ചിരുന്നു. ഇതിന്റെ കിഴക്ക് രാജകൊട്ടാരം, തെക്ക് 
ഗ്രേറ്റ് ഹാൾ, പടിഞ്ഞാറ് ക്വീൻ ആനി ബിൽഡിംഗ്, വടക്ക് നാഷണൽ വാർ മെമ്മോറിയൽ എന്നിവ ചേർന്നതാണ് ഈ ചതുരം.

15-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജെയിംസ് നാലാമന്റെ ഭരണകാലത്ത് നിർമിച്ച രാജകൊട്ടാരം, 1617 ൽ ജെയിംസ് ആറാമൻ വിപുലമായി പുനർനിർമിക്കുകയുണ്ടായി. പിൽക്കാലത്ത് സ്റ്റുവർട്ട് രാജാക്കന്മാരുടെ വസതിയായിരുന്ന മുൻ രാജകീയ അപ്പാർട്ടുമെന്റുകൾ ഉൾപ്പെടുന്നതാണ് റോയൽ പാലസ്.

രാജാവിനും രാജ്ഞിക്കും വേണ്ടി നിർമിച്ച സ്റ്റേറ്റ് അപ്പാർട്ടുമെന്റുകൾ, താഴത്തെ നിലയിലെ ഹാൾ, അല്ലെങ്കിൽ കിംഗ്സ് ഡൈനിംഗ് ഹാൾ, കൂടാതെ ബർത്ത് ചേംബർ, അല്ലെങ്കിൽ 'മേരി റൂം' എന്നറിയപ്പെടുന്ന ചെറിയ മുറി എന്നിവ പ്രാധാന്യമർഹിക്കുന്നവയാണ്. സ്കോട്ട്സ് രാജ്ഞിയായ മേരിക്ക് ജയിംസ് ആറാമൻ ജനിച്ചത് ഈ ചെറിയ മുറിയിലാണ്.

ഒന്നാം നിലയിൽ സ്കോട്ട്ലൻഡിന്റെ ബഹുമതികൾ സ്ഥാപിക്കുന്നതിനായി നിർമിച്ച വോൾട്ടഡ് ക്രൗൺ റും ഉണ്ട്. സ്‌കോട്ട്ലൻഡിലെ രാജാക്കന്മാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കിരീടം, ചെങ്കോൽ, രാജ്യത്തിന്റെ വാൾ എല്ലാം അവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്.

കോട്ടയിലെ സംസ്ഥാന അസംബ്ലിയുടെ പ്രധാന സ്ഥലമായിരുന്ന ഗ്രേറ്റ് ഹാൾ, ജയിംസ് നാലാമന്റെ ഭരണകാലം മുതൽക്കേ നിലനിന്നിരുന്നു. അതിമനോഹരമായ കൊത്തുപണികൾ കൊണ്ട് ഇതിന്റെ മേൽക്കൂരകൾ അലങ്കരിച്ചിരിക്കുന്നു.

രണ്ട് ലോക മഹായുദ്ധങ്ങളിലും സമീപകാല സംഘട്ടനങ്ങളിലും മരണമടഞ്ഞ സ്കോട്ടിഷ് സൈനികരേയും സ്കോട്ടിഷ് റെജിമെന്റുകളിൽ സേവനമനുഷ്ഠിച്ചവരേയും അനുസ്മരിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന സ്കോട്ടിഷ് ദേശീയ യുദ്ധസ്മാരകം, ക്രൗൺ സ്ക്വയറിന്റെ വടക്ക് വശത്തായി നിലകൊളളുന്നു.

വികസിത സ്കോട്ടിഷ് ഗവൺമെന്റിന്റെ തലവന്മാരായ സ്കോട്ടിഷ് മന്ത്രിമാരുടെ ഉടമസ്ഥതയിലാണ് എഡിൻബർഗ് കാസിൽ ഇപ്പോൾ ഉള്ളത്.

എഡിൻബർഗിന്റേയും സ്കോട്ട്ലൻഡിന്റേയും തിരിച്ചറിയാവുന്ന ഒരു പ്രതീകമായി ഈ കോട്ട ഇപ്പോൾ മാറിയിരിക്കുന്നു. റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് പുറത്തിറക്കിയ നോട്ടുകളിലും ഈ കോട്ട ചിത്രീകരിച്ചിട്ടുണ്ട്. എഡിൻബർഗിന്റെ പുതുവർഷ ആഘോഷങ്ങളെ അടയാളപ്പെടുന്നുന്ന വാർഷിക കരിമരുന്ന് പ്രദർശനങ്ങളുടെ ഒരു കേന്ദ്രബിന്ദുവാണ് ഇന്നീ കാസിൽ.

ചരിത്രപരമായ എഡിൻബർഗ് കാസിലിലെ കാഴ്ചകളൊക്കെ കണ്ട് പുറത്തിറങ്ങിയപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു. ലഞ്ച് കഴിക്കുന്നതിന് മുൻപേ കാസിലിനുള്ളിൽ പ്രവേശിച്ചതിനാൽ നല്ല വിശപ്പ് അനുഭവപ്പെട്ടു. ഏറ്റവും അടുത്തുളള ഏതെങ്കിലും റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. കുറച്ച് സമയമായ പെയ്തു കൊണ്ടിരുന്ന മഴയുടെ ശക്തി നന്നായി കുറഞ്ഞിരുന്നു.

തിരക്കേറിയ തെരുവിന്റെ ഒരു വശത്തായി കെ.എഫ്. സി എന്ന ബോർഡ് കണ്ടപ്പോൾ, പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. നേരേ അവിടേക്ക് തന്നെ നടന്നു. സാമാന്യം നല്ല തിരക്കുണ്ടായിരുന്നതിനാൽ, ഓർഡർ കൊടുക്കാനായി ക്യൂവിൽ നിന്നു. ഏകദേശം ഇരുപത് മിനിറ്റ് കാത്തതിന് ശേഷം ലഭിച്ച ഭക്ഷണ ട്രേയുമായി ഒരൊഴിഞ്ഞ ടേബിളിനരികിൽ ചെന്നിരുന്നു.

ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോഴേയ്ക്കും അഞ്ച് മണിയോടടുത്തു. ഒന്ന് രണ്ട് സ്ഥലങ്ങൾ കൂടി കാണണമെന്ന് പ്ലാൻ ചെയ്തിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ, അതൊക്കെ ക്യാൻസൽ ചെയ്ത് മടങ്ങുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

(തുടരും)


ഭാഗം 11

Falkirk wheel

ഡൺഡീയിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുത്തിരുന്നത് ഏഴ് മണിക്കുളള ബസ്സിനായിരുന്നെങ്കിലും മറ്റൊന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ട് ഞങ്ങൾ ബസ്സ് സ്റ്റാൻഡിലേക്ക്തന്നെ നടന്നു. ഇൻഫർമേഷൻ കൗണ്ടറിലെ ഒരു ഉദ്യോഗസ്ഥനോട് നേരത്തേയുള്ള ഏതെങ്കിലും ബസ്സിൽ, ഞങ്ങളെ കയറ്റിവിടാമോ എന്ന് റിക്വസ്റ്റ് ചെയ്തു. ശ്രമിക്കാമെന്ന്  പറഞ്ഞെങ്കിലും അഞ്ചരയ്ക്കുള്ള ബസ്സിൽത്തന്നെ, അദ്ദേഹം ഇടപെട്ട് ഞങ്ങളെ അതിൽ കയറ്റിവിട്ടു. 

മഴക്കാറ് നീങ്ങിയ ആകാശത്ത് പകൽ വെളിച്ചം നിറഞ്ഞു നിന്നു. ഇരുവശങ്ങളിലേയും പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട്
ബസ്സിനുള്ളിൽ ഞങ്ങൾ ഇരുന്നു. 

വെറും ഒന്നര മണിക്കൂർ യാത്രയുടെ ഒടുവിൽ ഡൺഡീ ബസ്സ്സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. വീട്ടിലെത്തി കുളിച്ച് ഫ്രഷായി, ലഘുഭക്ഷണം കഴിച്ചിട്ട് എല്ലാവരും കിടന്നുറങ്ങി. അടുത്ത മൂന്ന് ദിവസങ്ങളിൽ, വീട്ടുജോലികളും വിശ്രമവുമൊക്കെയായി വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി.

ബുധനാഴ്ച വൈകിട്ട് നാല് മണിയോടുകൂടി ഡൺഡീ സിറ്റിയിൽ നിന്ന് ഒരു മൈൽ അകലെയുള്ള സ്റ്റോപ്പ് വെൽ എന്ന സ്ഥലത്തുള്ള stobsmuir പോണ്ട് പാർക്കിലേക്ക് ഞങ്ങൾ നടന്നു. റസിഡന്റ് ഹംസങ്ങളുടെ ആവാസകേന്ദ്രമായ ഈ കുളങ്ങൾ 'സ്വാന്നി പോണ്ട്‌സ്' എന്നും അറിയപ്പെടുന്നു. വശങ്ങളിലുള്ള വീതിയുള്ള പാതകളിലൂടെ കുറച്ച് നേരം ഞങ്ങൾ നടന്നു.

മനോഹരമായ പ്രകൃതിഭംഗിയിൽ ലയിച്ചിരിക്കാൻ, അവിടവിടെയായി ധാരാളം ബഞ്ചുകൾ സജ്ജീകരിച്ചിട്ടുണ്ട്.  വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി വന്ന വലിപ്പമേറിയ അരയന്നങ്ങളുടെ ഭംഗി ആവോളം ഞങ്ങൾ ആസ്വദിച്ചു. കുട്ടികളുടെ പ്ലേ ഗ്രൗണ്ടും വിശാലമായ പുൽമേടുകളും കുളങ്ങളുടെ സമീപത്തായി പ്രത്യകം സജ്ജീകരിച്ചിട്ടുണ്ട്. 

സായാഹ്ന സവാരിക്കൊടുവിൽ 'ലിഡിൽ' എന്ന സൂപ്പർ മാർക്കറ്റിൽ കയറി, ആവശ്യമുള്ള സാധനങ്ങളും വാങ്ങി ഞങ്ങൾ വീട്ടിലെത്തി.

അടുത്ത ദിവസത്തെ ഡിന്നറിന് മകളുടെ നാലഞ്ച് കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. അപ്പവും പോർക്ക് കറിയും ഇടിയപ്പവും മുട്ട സ്‌റ്റ്യൂവും പൂരിയും കടലക്കറിയും ചിക്കൻ ഫ്രൈയുമൊക്കെ ഉണ്ടാക്കി ഞങ്ങളവരെ സൽക്കരിച്ചു. എല്ലാവരും കഴിച്ച് തൃപ്തിയായി, സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിയുമ്പോൾ രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു.

വെള്ളിയാഴ്ചയും മകളോടൊപ്പം വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി. നേരത്തേ തീരുമാനിച്ചപ്രകാരം രാവിലെ പത്ത് മണിയോട് കൂടി അബർഡീനിൽ നിന്നും മൂത്തമകളും കുടുംബവും ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാനായി എത്തി. ബ്രേക്ഫാസ്റ്റെല്ലാം റെഡിയാക്കി, ഞങ്ങളും അവരെ കാത്തിരിക്കുകയായിരുന്നു. ആഴ്ചയിൽ രണ്ടുദിവസങ്ങളിൽ പാർട്ട് റ്റൈം ജോലിക്ക് പോകുന്നതിനാൽ ഇളയമകൾ രാവിലെ 7.30 മണിക്ക് തന്നെ പോയിരുന്നു.

പതിനൊന്ന് മണിയോടുകൂടി ഞങ്ങൾ വീട്ടിൽ നിന്നും ഒരുങ്ങിയിറങ്ങി. മുൻ നിശ്ചയിച്ച പ്രകാരം ഡൺഡീ സിറ്റിയിൽ നിന്നും ഒന്നരമണിക്കൂർ ദൂരം അകലെയുള്ള ഫാൽകിർക്ക് എന്ന സ്ഥലത്തുള്ള ഫാൽകിർക്ക് വീൽ, കെൽപ്പീസ്, സമീപ പ്രദേശത്തുള്ള ടണൽ തുടങ്ങിയ കാഴ്ചകൾ കാണുവാനായി ഞങ്ങൾ പോയി. 

സ്കോട്ട്ലൻഡിലെ സെൻട്രൽ ലോലാൻഡ്സിലെ ഒരു പട്ടണമാണിത്. എഡിൻബർഗിന് 38 കി.മീ. വടക്ക് പടിഞ്ഞാറും ഗ്ലാസ്ഗോയുടെ 20 കി.മീ. വടക്ക് കിഴക്കുമായി ഇവിടം സ്ഥിതിചെയ്യുന്നു. ഫാൽകിർക്ക് കൗൺസിൽ ഏരിയയുടെ പധാന പട്ടണവും ഭരണകേന്ദ്രവുമാണ് ഫാൽകിർക്ക്.

ഫോർത്ത്, ക്ലൈഡ് എന്നീ നദികളുടേയും യൂണിയൻ കനാലുകളുടേയും ജംഗ്ഷനിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 

ഫാൽകിർക്ക് വീൽ, ദി ഹെലിക്സ്‌, ദി കെൽപീസ്, കലണ്ടർ ഹൗസ് , പാർക്ക് എന്നിവയും അന്റോണൈൻ ഭിത്തിയുടെ അവശിഷ്ടങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

ഫോർത്ത്, ക്ലൈഡ് കനാലിനെ യൂണിയൻ കനാലുമായി ബന്ധിപ്പിക്കുന്ന ഫാൽകിർക്കിലെ ടാംഫൂർഹിൽ എന്ന സ്ഥലത്തുള്ള കറങ്ങുന്ന ബോട്ട് ലിഫ്റ്റാണ് ഫാൽകിർക്ക് വീൽ.

മില്ലേനിയം ലിങ്ക് പദ്ധതിയുടെ ഭാഗമായി 2002 ലാണ് ഇത് തുറന്നത്.  ചക്രം, ബോട്ടുകളെ 24 മീറ്റർ പൊക്കത്തിൽ ഉയർത്തുന്നു. എന്നാൽ യൂണിയൻ കനാൽ ഇപ്പോഴും ചക്രവുമായി സന്ധിക്കുന്ന അക്വഡക്ടിനേക്കാൾ 11 മീറ്റർ ഉയരത്തിലാണ്.

ചക്രത്തിന്റെ മുകൾ ഭാഗത്തിനും യൂണിയൻ കനാലിനും ഇടയിലുള്ള ഒരു ജോഡി ലോക്കുകളിലൂടെ ബോട്ടുകൾ കടന്നുപോകണം. ലോകത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു കറങ്ങുന്ന ബോട്ട് ലിഫ്റ്റാണ് ഫാൽകിർക്ക് വീൽ.

ചക്രത്തിന് മൊത്തത്തിൽ 35 മീറ്റർ വ്യാസമുണ്ട്. കൂടാതെ, രണ്ട് എതിർ കൈകൾ, സെൻട്രൽ ആക്സിലിനപ്പുറം, 15 മീറ്റർ നീളവും ഇരട്ടത്തലയുമുള്ള കോടാലിയുടെ ആകൃതിയും ഉൾക്കൊള്ളുന്നു. ഈ കോടാലി ആകൃതിയിലുള്ള കൈകളുടെ രണ്ട് സെറ്റുകൾ 28 മീറ്റർ നീളവും 3.8 മീറ്റർ വ്യാസവുമുള്ള ഒരു കേന്ദ്ര അച്ചുതണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. 250,000 ലിറ്റർ കപ്പാസിറ്റിയുള്ള രണ്ട് വ്യത്യസ്തമായ വെള്ളം നിറച്ച കൈസണുകൾ കൈകളുടെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്നു.

ഈ കൈസണുകൾ എല്ലായിപ്പോഴും 500 ടൺ വെള്ളവും ബോട്ടുകളും ഒരുമിച്ച് വഹിക്കുന്നു. ആർക്കിമിഡീസിന്റെ തത്വമനുസരിച്ചാണ് ഈ വീൽ പ്രവർത്തിക്കുന്നത്.

ചക്രം ഓടിക്കാനുള്ള യന്ത്രങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശം ജലവാഹിനിയുടെ അവസാന സ്തംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ തറനിരപ്പിൽ നിന്നും ഗോവണി ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്ന ഏഴ് അറകളും കാണാം. 

ചക്രം പവർ ചെയ്യുന്നതിനുളള ട്രാൻസ്ഫോർമറുകൾ താഴത്തെ നിലയിൽ സ്ഥാപിച്ചിട്ടുണ്ട്. താഴ്ന്ന തടത്തിന്റെ കിഴക്ക് ഭാഗത്ത് ഒരു സന്ദർശക സെന്റർ സ്ഥിതി ചെയ്യുന്നു. ഒരു മണിക്കൂർ ഇടവിട്ടാണ്, ചക്രത്തിലൂടെയുള്ള ബോട്ട് യാത്രകൾ നടത്തുന്നത്. അവിടെ നിന്നും കെൽപ്പീസ് കാണാനാണ്, അടുത്തതായി ഞങ്ങൾ പോയത്. വിസ്മയിപ്പിക്കുന്ന കെൽപ്പികളെ ദൂരെ വച്ച് തന്നെ കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. വണ്ടി പാർക്ക് ചെയ്ത്, അതിനരികിലേക്ക് പോകാനായി ഞങ്ങൾ ഇറങ്ങി. തണുപ്പുള്ള ശക്തിയേറിയ കാറ്റ് വീശിയിരുന്നതിനാൽ  ജാക്കറ്റും തൊപ്പിയുമൊക്കെ ധരിച്ചായിരുന്നു ഞങ്ങൾ നടന്നത്.

Kelpies Scotland

30 മീറ്റർ ഉയരമുള്ള കുതിരത്തല ശിൽപ്പങ്ങളാണ് കെൽപ്പികൾ.  ഫാൽകിർക്കിനും ഗ്രാഞ്ച് മൗത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശില്പിയായ ആൻഡി സ്‌കോട്ട് ആണ് ഈ ശില്പങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. 2014 ഏപ്രിലിൽ ഈ ശില്പങ്ങൾ, പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

സ്റ്റെയിൻലെസ് സ്റ്റീൽ ക്ലാഡിംഗോട് കൂടിയ ഘടനാപരമായ സ്റ്റീൽ കൊണ്ട് നിർമിച്ച കെൽപികൾക്ക് 30 മീറ്റർ ഉയരവും 300 ടൺ ഭാരവുമുണ്ട്.

2013 ജൂണിൽ നിർമാണം ആരംഭിച്ച് ഒക്ടോബറിൽ പൂർത്തീകരിച്ച ഈ ശില്പങ്ങൾ, കെൽപ്പീസ് ഹബ്ബിന്റെ ഭാഗമായ, പ്രത്യേകം നിർമിച്ച ലോക്കിന്റേയും തടത്തിന്റെയും വശങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. കെൽപ്പികളുടെ ഹോം എന്നറിയപ്പെടുന്ന ദി ഹെലിക്സിലെ പുതിയ കനാലിന് മുകളിലാണ് ഈ ശില്പങ്ങൾ നിലകൊള്ളുന്നത്.

സെൻട്രൽ സ്കോട്ട്ലൻഡിന് കുറുകേയുള്ള ഒരു കനാലാണ് ഫോർത്ത് ആൻഡ് ക്ലൈഡ് കനാൽ. കിഴക്കൻ തീരത്തെ എഡിൻബർഗിൽ നിന്നും പടിഞ്ഞാറൻ തീരത്തുള്ള ഗ്ലാസ്ഗോ തുറമുഖത്തേക്കുള്ള നാവിഗേഷൻ റൂട്ട് ആയിരുന്നു 56 കി.മീ നീളമുള്ള ഈ കനാൽ. ഗ്രാഞ്ച് മൗത്തിലെ കാരോൺ നദി മുതൽ  ക്ലൈഡ് നദി വരെ ഇത് ഒഴുകുന്നു. 

സ്കോട്ട് ലൻഡിലെ ഏറ്റവും നീളമുള്ള ഫാൽ കിർക്ക് കനാൽ ടണലിന് ഉള്ളിൽ ഞങ്ങൾ കയറി. ഈ ടണലിന് 630 മീറ്റർ നീളവും 18 അടി വീതിയുമുണ്ട്. ഉറപ്പുള്ള പാറകൾക്കുള്ളിലൂടെ വെട്ടിയുണ്ടാക്കിയ ഒരു ഗുഹയാണിത്.

ഫാൽകിർക്ക് ഹൈ ട്രെയിൻ സ്‌റ്റേഷന്റെ തൊട്ടടുത്തുള്ള യൂണിയൻ കനാലിലാണ് ഈ അവിശ്വനീയമായ ഭൂഗർഭ ലോകം. ലൈറ്റിംഗും ഗുഹപോലെയുള്ള ഘടനയും ബർക്കും ഹെയറും ഉൾപ്പെടുന്ന ആകർഷകമായ ചരിത്രവും കാരണം, പ്രത്യേക അന്തരീക്ഷമുള്ള ഒരു കാഴ്ചയാണിത്.

പ്രകൃതിദത്തമായ പരുക്കൻ കല്ലുകൾ നിറഞ്ഞ ഒരു തുരങ്കമാണിത്. ഒഴുകുന്ന വെള്ളത്താൽ ചുവരുകൾ തിളങ്ങുന്നുണ്ട്. വിവിധവർണങ്ങളിൽ ലൈറ്റിംഗ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും നിഗൂഢവും ഇരുണ്ടതുമായ ഒരു അന്തരിക്ഷമാണ് ഇതിനുള്ളിൽ.. ഈ തുരങ്കത്തിനുള്ളിലൂടെയുള്ള സഞ്ചാരം, ഹൃദ്യമായ ഒരനുഭവം തന്നെയായിരുന്നു.

(തുടരും)


Strawberry picking

ഭാഗം 12

ഇളയമകളോടൊപ്പം രണ്ടാഴ്ചയോളം ഡൺഡീയിൽ താമസിച്ചിട്ട്, July ഒന്നാം തീയതി ഫാൽകിർക്ക് സന്ദർശനവും കഴിഞ്ഞ് ഞങ്ങൾ അബർഡീനിൽ തിരിച്ചെത്തി. 3-ാം തീയതി തിങ്കളാഴ്ച മുതൽ കുഞ്ഞുങ്ങൾക്ക് സമ്മർ വെക്കേഷൻ തുടങ്ങി. August 24 വരെ ഇവിടുത്തെ എല്ലാ സ്കൂളുകളും അടച്ചിടും. ഈ സമയങ്ങളിലാണ് പലരും സ്വന്തം നാടുകൾ സന്ദർശിക്കാൻ പോകുന്നത്.

കഴിഞ്ഞ വർഷത്തെ അവധിക്ക് മകളും കുടുംബവും നാട്ടിൽ വന്നിട്ടുണ്ടായിരുന്നു. ഈ വർഷം ഞങ്ങളിവിടെ ഉള്ളതിനാൽ മകൾക്കത് വളരെയേറെ ആശ്വാസമായിരുന്നു. സ്കൂളിന്റെ അവധി ദിവസങ്ങളിൽ, സാധാരണയായി കുട്ടികളെ ഇവിടെയുള്ള ഹോളിഡേ ക്ലബ്ബിലൊക്കെ ആക്കിയിട്ടാണ് മാതാപിതാക്കൾ ജോലിക്ക് പോകുന്നത്. എന്നാൽ സമ്മർ വെക്കേഷനിൽ മിക്ക ഹോളിഡേ ക്ലബ്ബുകളും അടവായിരിക്കും.

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ തനിയേ വീട്ടിലിരുത്തി പോകാൻ ഇവിടുത്തെ നിയമം അനുവദിക്കുന്നതുമില്ല. 

പിന്നീടുളള ദിവസങ്ങളിൽ, കൊച്ചുമക്കളോടൊപ്പം വീട്ടിൽത്തന്നെ ആയിരുന്നെങ്കിലും ഇടയ്ക്കൊക്കെ അവരേയും കൊണ്ട് ഞങ്ങൾ നടക്കാൻ പോകുമായിരുന്നു.

ഏഴാം തീയതി, വെള്ളിയാഴ്ച മകളുടെ ജന്മദിനമായിരുന്നു. അന്നേ ദിവസം, മകളുടേയും മരുമകന്റേയും സുഹൃത് വലയത്തിലുളള കുറച്ച് പേരെ കുടുംബസഹിതം ഡിന്നറിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു. 

വീട് വൃത്തിയാക്കലും പാചകവും മറ്റുമായ ആകെ തിരക്കായിരുന്നു. ബിരിയാണി ഉൾപ്പെടെ രുചികരമായ കുറേ വിഭവങ്ങൾ ഞങ്ങൾ ഒരുക്കി. ഏഴര മണിയോട് കൂടി എല്ലാവരും വന്നു തുടങ്ങി. പരിചയപ്പെടലും, കുശലാന്വേഷണങ്ങൾക്കുമിടയിൽ കേക്ക് കട്ട് ചെയ്തു.

സ്നേഹസംഭാഷണങ്ങൾക്കും കുട്ടികളുടെ കളികൾക്കുമിടയിൽ രസകരമായ ഒരു പിടി മത്സരങ്ങളും നടത്തുകയുണ്ടായി. ലോകകാര്യങ്ങളിലും രാഷ്ട്രീയത്തിലും  സജീവമായ ചർച്ചകൾ നടത്തി, പുരുഷന്മാരും അവരുടെ അറിവുകൾ പരസ്പരം പങ്ക് വച്ചുകൊണ്ടിരുന്നു. ഡിന്നർ പാർട്ടി കഴിഞ്ഞ് വന്നവരൊക്കെ സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിഞ്ഞ് പോയപ്പോഴേക്കും മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു.

അടുത്ത ദിവസം ലഞ്ച് കഴിഞ്ഞ് ഞങ്ങൾ സ്ട്രോബറി പിക്കിംഗിന് പോയി.അബർഡീനിൽ ത്തന്നെയുള്ള മിഡിൽടൺ ഫാമിലേക്കായിരുന്നു ഞങ്ങൾ പോയത്. പടിഞ്ഞാറൻ നാടുകളിൽ സീസൺ അനുസരിച്ച് ആപ്പിൾ, മുന്തിരി, സ്ട്രോബറി, റാസ്ബറി തുടങ്ങിയ വിവിധയിനം പഴങ്ങളുടെ വിളവെടുപ്പിന്റെ ഒരു പ്രത്യേക രീതിയാണിത്. തോട്ടത്തിൽ കയറി എത്രവേണമെങ്കിലും പറിച്ചെടുത്ത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും വീട്ടിലേക്ക് കൊണ്ടു പോകുന്നതിന്, തൂക്കമനുസരിച്ചുള്ള പൈസ കൊടുക്കണം.

മിഡിൽടൺ ഓഫ് പോട്ടർടണിൽ സ്ഥിതി ചെയ്യുന്ന ജനപ്രിയ ഫാമുകളിൽ ഒന്നാണിത്. ശാന്തസുന്ദരവും വിശാലവുമായ ഒരു കൃഷിസ്ഥലമായിരുന്നു അത്. പാർക്കിംങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് തന്നെ റോഡിന്റെ ഒരു വശത്തായി കുട്ടികൾക്ക് വേണ്ടിയുള്ള സാമാന്യം വലിപ്പമുള ഒരു കളിസ്ഥലവും അതിനോട് ചേർന്ന് ഫുട്ബാൾ കളിക്കാൻ പാകത്തിലുള്ള പുൽത്തകിടികളും ക്രമീകരിച്ചിട്ടുണ്ട്. 

എതിർ വശത്തായി കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന  തോട്ടങ്ങളിൽ, നിറയെ വിളഞ്ഞ് കിടക്കുന്ന സ്ട്രോബറി പഴങ്ങൾ, അതിമനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു.  പല ഭാഗങ്ങളിലായി ധാരാളം ആളുകൾ, പഴുത്തു വിളഞ്ഞ, കടും ചുമപ്പ് നിറത്തിലുള്ള ബെറികൾ പറിച്ചെടുക്കുന്നുണ്ട്.  

അവിടെ നിന്നും ലഭിച്ച കുട്ടകളിൽ, ഇലകൾ വകഞ്ഞു മാറ്റി ഞങ്ങളും പഴങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം കഴിക്കുകയും ചെയ്തു. എന്നെന്നും മനസ്സിൽ തങ്ങിനിൽക്കുന്ന മനോഹരമായ ഒരു അനുഭവം തന്നെയായിരുന്നു അത്. നിറഞ്ഞ കുട്ടകൾ കൗണ്ടറിൽ കൊണ്ടുപോയി തൂക്കമനുസരിച്ചുള്ള പൈസ കൊടുത്തതിന് ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.

അവിടെ നിന്നും പിന്നീട് ഞങ്ങൾ പോയത്, Dyce എന്ന സ്ഥലത്തേക്കാണ്. അബർഡീൻ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.  

അബർഡീനിലെ ഓയിൽ ഫീൽഡ് കമ്പനികൾ ഉള്ളതും ഇതിനടുത്താണ്. അവിടെയുള്ള ഒരു  കമ്പനിയിലാണ് ഞങ്ങളുടെ മരുമകൻ ജോലിചെയ്യുന്നത്. കാറിലിരുന്ന്, വഴിയോരക്കാഴ്ചകളൊക്കെ കണ്ട്, അവിടെ നിന്നും ഞങ്ങൾ അബർഡീൻ ബീച്ചിലെത്തി.

അബർഡീൻ തുറമുഖത്തിനും ഡോൺ നദിയ്ക്കും ഇടയിലുള്ള നീണ്ടുകിടക്കുന്ന ഈ ബീച്ച്, സ്വർണനിറത്തിലുളള മണലിന് വളരെയേറെ പ്രശസ്തമാണ്.  കടൽക്കാറ്റേറ്റ് തണുത്തു വിറച്ചെങ്കിലും അലതല്ലിച്ചിതറുന്ന തിരമാലകളെ നോക്കി കുറച്ച്സമയം ഞങ്ങളവിടെ ചിലവഴിച്ചു.

ക്വീൻസ് ലിങ്ക്സ് ലെഷർ പാർക്ക് ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ നിരവധി ഷോപ്പുകളും റെസ്റ്റോറന്റുകളും  9- സ്ക്രീൻ സിനിമാ വേൾഡ് സിനിമയും ഇവിടെയുണ്ട്. ലെഷർപാർക്കിനോട് ചേർന്നാണ് കൊഡോണയുടെ അമ്യൂസ്മെന്റ് പാർക്ക്.

 ഇവിടുത്തെ പ്രധാനപ്പെട്ട ഹൈപ്പർ മാർക്കറ്റുകളിലൊന്നായ അസ്ഡ യിൽ കയറി അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങിയതിന് ശേഷം  മക്ഡൊണാൾസിൽ നിന്നും ഭക്ഷണവും കഴിച്ച് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസവും ഉച്ചകഴിഞ്ഞ് യൂണിയൻ സ്ട്രീറ്റിലുള്ള യൂണിയൻ സ്ക്വയർ മാൾ സന്ദർശിച്ചു. അതിനടുത്തുള്ള സ്പോർട്ട്സിന്റെ സാധനങ്ങൾ വിൽക്കുന്ന കടയിൽ കയറി കുട്ടികൾക്ക് ഷൂസും മറ്റും വാങ്ങി. അവിടെ നിന്നും അബർഡീൻ നഗരത്തിന്റെ അഭിമാനമായ അബർഡീൻ യൂണിവേർസിറ്റിയുടെ മുന്നിൽ ഞങ്ങൾ ഇറങ്ങി. 

Aberdeen university

സ്കോട്ലൻഡിലെ ഒരു പൊതു ഗവേഷണ സർവകലാശാലയാണ് ആബർഡീൻ യൂണിവേഴ്സിറ്റി. കിംഗ്സ് കോളേജ്, മാരിഷാൽ കോളേജ്, ക്രൈസ്റ്റ് കോളേജ് എന്നീ മൂന്ന് കോളേജുകൾ ഈ സർവകലാശാലയിൽ ഉൾപ്പെടുന്നു. 

കൂടാതെ സ്കൂൾ ഓഫ് മെഡിസിൻ ആന്റ് ഡെന്റിസ്ട്രിയും സ്കൂൾ ഓഫ് മെഡിക്കൽ സയൻസും ഉണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആരോഗ്യ കാമ്പസുകളിൽ ഒന്നാണിത്.

 ലോകത്തിലെ മികച്ച 160 സർവകലാശാലകളിൽ, ഇവിടം സ്ഥിരമായി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് നോബൽ സമ്മാന ജേതാക്കൾ ഈ സർവ്വകലാശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഓൾഡ് അബർഡീനിലെ കിംഗ്സ് കോളജിലാണ് സർവ കലാശാലയുടെ പ്രധാന കാമ്പസ്. ഇരുപതാം നൂറ്റാണ്ടിലെ നിരവധി കെട്ടിടങ്ങൾക്ക് പുറമേ, പുരാതനമായ യഥാർത്ഥ കെട്ടിടങ്ങളും ഇപ്പോൾ ഉപയോഗത്തിലുണ്ട്.

സമ്മർ വെക്കേഷൻ ആയിരുന്നതിനാൽ കോളേജ് പരിസരത്തൊന്നും ആരും ഉണ്ടായിരുന്നില്ല. കാമ്പസിനുള്ളിലെ നനുത്ത പുൽത്തകിടികളിലൂടെ ഞങ്ങൾ നടന്നു. പൂന്തോട്ടങ്ങളാൽ അലംകൃതമായ ശാന്തസുന്ദരമായ അന്തരീക്ഷം മനസ്സിനെ വല്ലാതെ സ്വാധീനിച്ചു.

വിശാലമായ കളിസ്ഥലങ്ങളിൽ പുല്ലുകൾ വച്ച് പിടിപ്പിച്ചിരിക്കുന്നു. ഇടവഴിപ്പാതകളിലൂടെ നടക്കുമ്പോൾ, പോയ്മറഞ്ഞ കലാലയ ജീവിതത്തിന്റെ മധുരസ്മരണകൾ മനസ്സിലൂടെ ഓടി മറഞ്ഞു. 

യൂണിവേഴ്സിറ്റിയിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ആറ് മണി കഴിഞ്ഞിരുന്നു. പുറത്ത് നിന്നും ഭക്ഷണം കഴിച്ചിട്ട് വീട്ടിലേക്ക് പോകാമെന്നാണ് തീരുമാനിച്ചിരുന്നത്. യു.കെയിലെ പ്രസിദ്ധമായ 'ഫിഷ് ആന്റ് ചിപ്സ്'  കഴിക്കുവാനായി ഞങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് കയറി.

സ്‌കോട്ട്ലൻഡിലെ, യൂ.കെയിലെത്തന്നെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ഫിഷ് ആന്റ് ചിപ്സ്. ഒരു പ്രത്യേക രീതിയിൽ വറുത്തെടുത്ത, ചൂടുള്ള മത്സ്യം, പൊട്ടറ്റോ ചിപ്സിനോടൊപ്പം ലഭിക്കുന്നു. ബ്രിട്ടന്റെ ദേശീയ വിഭവമായാണ്  ഇത് അറിയപ്പെടുന്നത്.

അടുത്ത ദിവസം മകൾക്ക് അവധിയായതിനാൽ, പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞ് പത്ത്മണിയോട് കൂടി മകളോടും കുഞ്ഞുങ്ങളാടുമൊപ്പം വീട്ടിൽ നിന്നുമിറങ്ങി അബർഡീനിന്റെ ഹൃദയഭാഗത്തുള്ള യൂണിയൻ സ്ട്രീറ്റിലുടെ ഞങ്ങൾ നടന്നു. 

തെരുവിലെ പ്രധാനപ്പെട്ട കടകളിലൊന്നായ പ്രൈംമാർക്കിൽ കയറി ചെറിയ രീതിയിലുള്ള ഷോപ്പിംഗിന് ശേഷം, യൂണിയൻ സ്ക്വയർ മാളിനോട് ചേർന്ന് കിടക്കുന്ന അബർഡീൻ റെയിൽവേസ്റ്റേഷനിലേക്ക് നടന്നു. 

ഗ്ലാസ്ഗോ, എഡിൻബർഗ് എന്നീ പ്രധാന നഗരങ്ങൾക്ക് വടക്കുള്ള സ്കോട്ട്ലൻഡിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണിത്. സ്കോട്ട് റെയിൽ ആണ് സ്റ്റേഷൻ നിയന്ത്രിക്കുന്നത്. ബ്രിട്ടന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇവിടെ നിന്നുള്ള സർവീസുകൾ ലഭ്യമാണ്. 

പ്രാദേശികവും ദേശീയവുമായുള്ള ബസ്സ്സർവീസുകൾ ഉൾപ്പെടുന്ന ബസ്സ്സ്റ്റേഷൻ, ഇതിന്റെ തൊട്ടടുത്തുള്ള യൂണിയൻ സ്ക്വയർ ഷോപ്പിംഗ് സെന്ററിന്റെ മറുവശത്തായിട്ട് കാണപ്പെടുന്നു.. 

കുട്ടികളുടെ താൽപര്യപ്രകാരം ബർഗർകിംഗിൽ കയറി, അവരുടെ ഇഷ്ടഭക്ഷണമായ  ഹാംബർഗർ വാങ്ങിക്കഴിച്ചതിന് ശേഷം റോഡിന്റെ വശത്തുള്ള നടപ്പാതയിലൂടെ വഴിക്കാഴ്ചകൾ കണ്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

അന്ന് വൈകിട്ട് നാലുമണിയോട് കൂടി ഒരു മെൽ ദൂരം അകലെ താമസിക്കുന്ന, മകളുടെ ഒരു കൂട്ടുകാരിയേയും കുടുംബത്തേയും സന്ദർശിക്കാനായി ഞങ്ങൾ പോയി. രണ്ട് ദിവസങ്ങൾക്ക്‌ ശേഷം നാട്ടിലേക്ക് പോകാനുള്ള തിരക്കുകളിലായിരുന്നു അവർ. ഞങ്ങളുടെ കൊച്ചുമക്കൾ പഠിക്കുന്ന അതേ സ്കൂളിൽ ത്തന്നെയായിരുന്നു അവരുടെ മകനും പഠിക്കുന്നത്. കുശലാന്വേഷണങ്ങളും ചായ കുടിയുമൊക്കെ കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽത്തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

(തുടരും)


Glasgow

ഭാഗം 13

മുൻ നിശ്ചയിച്ച പ്രകാരം ശനിയാഴ്ച രാവിലെ എട്ടരമണിയോടുകൂടി, സ്കോട്ട്ലൻഡിലെ പ്രധാന നഗരമായ ഗ്ലാസ്ഗോയിലേക്ക് പോകാനായി, വീട്ടിൽ നിന്നും ഞങ്ങൾ  ഇറങ്ങി. ഏകദേശം രണ്ടു മണിക്കൂർ നീണ്ട യാത്രയിൽ, കാറിനുള്ളിൽ ഇരുന്ന് വഴിയോരക്കാഴ്ചകൾ  ആസ്വദിച്ചുകൊണ്ട്, ഞങ്ങൾ സമയം ചിലവഴിച്ചു.

സ്കോട്ട്ലൻഡിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഒരു നഗരമാണ് ഗ്ലാസ്ഗോ...

ഈ നഗരത്തെ നിയന്ത്രിക്കുന്നത് ഗ്ലാസ്ഗോ സിറ്റി കൗൺസിലാണ്. ക്ലൈഡ് നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്കോട്ട്ലൻഡിലെ വളരെ വലിയ സമ്പദ് വ്യവസ്ഥയുള്ള ഒരു പട്ടണമാണിത്.

യു. കെയിൽ, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ നഗരമാണിത്. ഇവിടുത്തെ, ഗ്ലാസ്ഗോ സ്കൂൾ ഓഫ് ആർട്ട്, ഗ്ലാസ്ഗോ യൂണിവേർസിറ്റി, സ്ട്രാത്ത് ക്ലൈഡ് യൂണിവേർസിറ്റി, ഗ്ലാസ്ഗോ കാലിഡോണിയൻ യൂണിവേഴ്സിറ്റി, സിറ്റി ഓഫ് ഗ്ലാസ്ഗോ കോളേജ് എന്നിവയുൾപ്പെടെ ഗ്ലാസ്ഗോയിലെ പ്രധാന അക്കാദമിക്, സാംസ്കാരിക സ്ഥാപനങ്ങൾ അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുണ്ട്.

കാസിൽസ്ട്രീറ്റിലെ ഗ്ലാസ്ഗോ കത്തീഡ്രൽ, ഗ്ലാസ്ഗോ ക്രോസ്, ഗ്ലാസ്ഗോ ഗ്രീൻ, കിഴക്ക് സെന്റ് ആൻഡ്രൂസ് സ്ക്വയർ എന്നിവയുൾപ്പെടെയുളള സാൾട്ട് മാർക്കറ്റ് വരെയുള്ള ഹൈസ്ട്രീറ്റാണ് നഗരകേന്ദ്രത്തിന്റെ അതിർത്തി. നഗരത്തിന്റെ ഹൃദയഭാഗം ജോർജ് സ്ക്വയർ ആണ്. ആർഗൈൽ സ്ട്രീറ്റ്, സൗച്ചിഹാൾ സ്ട്രീറ്റ്, ബുക്കാനൻ സ്ട്രീറ്റ് എന്നിവയുടെ ഷോപ്പിംഗ് പരിസരം തെക്കും പടിഞ്ഞാറുമായി നീണ്ടുകിടക്കുന്നു.

 

ഗ്ലാസ്ഗോയിലെ ഒട്ടുമിക്ക പ്രധാന സാംസ്കാരിക വേദികളുടേയും കേന്ദ്രം ഈ നഗരമാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ കോളേജാണ് കത്തീഡ്രൽ സ്ട്രീറ്റിലെ സിറ്റി ഓഫ് ഗ്ലാസ്ഗോ കോളേജ്. 

ഒതുങ്ങിയ ഒരു സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തിട്ട്, തിരക്കേറിയ ബുക്കാനൻ സ്ട്രീറ്റിലൂടെ ഞങ്ങൾ നടന്നു. ഇവിടുത്തെ പ്രധാന ഷോപ്പിംഗ് സെന്ററുകൾ ഈ തെരുവിലാണുള്ളത്. മറ്റുള്ള സ്ട്രീറ്റുകളെ അപേക്ഷിച്ച് പൊതുവേ ഉയർന്ന മാർക്കറ്റ് ശ്രേണിയുള്ള ധാരാളം ഷോപ്പുകൾ ഇവിടെയുണ്ട്.

ബുക്കാനൻ സ്ട്രീറ്റിൽ, സെന്റ് ജോർജ്- ട്രോൺ പള്ളിയും ഗ്ലാസ്ഗോ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടവും റോയൽ എക്സ്ചേഞ്ച് സ്ക്വയറും ചേരുന്നു. അതിൽ ഇപ്പോൾ ഗാലറി ഓഫ് മോഡേൺ ആർട്ട് ഉണ്ട്. ബുക്കാനൻ ഗാലറികൾ ഇതിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു. വിക്ടോറിയൻ വാസ്തുവിദ്യയ്ക്ക് പേരു കേട്ടതാണ് ഇവിടുത്തെ കെട്ടിടങ്ങൾ. 

നടന്ന് നടന്ന് ഞങ്ങൾ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ചു. ഗ്ലാസ്ഗോയിലെ രണ്ട് പ്രധാന ടെർമിനുകളിൽ ഒന്നാണിത്. 

നെറ്റ് വർക്ക് റെയിൽ നിയന്ത്രിക്കുന്ന ഇരുപത് സ്റ്റേഷനുകളിൽ ഒന്നാണിത്. ഇംഗ്ലണ്ടിലേക്കുള്ള സേവനങ്ങൾ നൽകുന്ന ഗ്ലാസ്ഗോയുടെ പ്രധാന ഇന്റർ-സിറ്റി ടെർമിനസ് ആണിത്.

പ്ലാറ്റ്ഫോം1 കിഴക്കേ അറ്റത്തും പ്ലാറ്റ്ഫോം 15 വരെ സ്റ്റഷന്റെ പടിഞ്ഞാറേ അറ്റത്തും സ്ഥിതിചെയ്യുന്നു. 16 ഉം 17 ഉം സ്റ്റേഷന്റെ ഉയർന്ന തലത്തിലുള്ള പ്ളാറ്റ്ഫോമുകൾക്ക് നേരേ അടിയിലാണുള്ളത്. 

ആറ് ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളാണ് ഗ്ലാസ്ഗോ സെൻട്രലിൽ സേവനം നൽകുന്നത്. ഗ്ലാസ്ഗോ ക്യൂൻ സ്ട്രീറ്റ് റെയിൽവേ സ്റ്റേഷനാണ് ഇവിടുത്തെ രണ്ടാമത്തെ റെയിൽവേ ടെർമിനൽ. ഇത് സെൻട്രൽ റെയിൽവേ സ്റ്റേഷനേക്കാളും ചെറുതാണ്.

റെയിൽവേ സ്റ്റേഷനിൽ നിന്നും ഞങ്ങൾ ഇറങ്ങി ലഞ്ച് കഴിക്കാനായി 'സെന്റ് ഇനോക്ക് മാളി'ലേക്ക് നടന്നു. സെന്റ് ഇനോക്ക് സ്ക്വയറിനോട് ചേർന്ന് കിടക്കുന്ന ഒരു ഷോപ്പിംഗ് സെന്ററാണിത്. നിരവധി വാസ്തുവിദ്യകൾ കൊണ്ട് കമനീയമാക്കിയിരിക്കുന്ന ഈ കെട്ടിടം അതിന്റെ കൂറ്റൻ ഗ്ലാസ്സ് മേൽക്കൂരയാൽ ശ്രദ്ധേയമാണ്. 'ഗ്ലാസ്സ്ഗോ ഗ്രീൻ ഹൗസെ'ന്നാണ് ഇതറിയപ്പെടുന്നത്.

അന്നേ ദിവസം, LGBT യുടെ ഒരു കാർണിവൽ നടക്കുന്നതിനാൽ തെരുവുകളെല്ലാം ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ് ജെൻഡർ എന്നീ മൈനർ കമ്യൂണിറ്റികളെസപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി നടത്തിയ ഒരു വലിയ റാലിയായിരുന്നു അത്.

സ്ത്രീപുരുഷഭേദമെന്യേ നാനാദേശങ്ങളിലുള്ള ജനങ്ങൾ പല രീതിയിലുള്ള വേഷവിധാനങ്ങളണിഞ്ഞ് മുദ്രാവാക്യം വിളിച്ചുകൊണ്ട് റോഡിലൂടെ നിറഞ്ഞൊഴുകുന്ന കാഴ്ച, അത്ഭുതത്തോടെ ഞങ്ങളും നോക്കി നിന്നു. പോലീസുകാരുടെ നിയന്ത്രണത്തിനുള്ളിൽ വളരെ അച്ചടക്കത്തോടെ വാഹനങ്ങളിലും കാൽ നടയായും വർണശബളമായ റാലി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

സെന്റ് ഇനോക്ക് സെന്ററിലെ ഫുഡ് കോർട്ടിൽ നിന്നും ലഞ്ച് കഴിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഒരു  ഡിസ്റ്റിലറിയെ ലക്ഷ്യമാക്കി മരുമകൻ വണ്ടിയോടിച്ചുകൊണ്ടിരുന്നു.

ഗ്ലാസ്ഗോയിലുള്ള ഒരു സ്കോച്ച് വിസ്കി സിസ്റ്റിലറിയാണ്, ക്ലൈഡ്സൈസ് ഡിസ്റ്റിലറി. ഓൺലൈനിൽ, ഭർത്താവിനും മരുമകനുമുള്ള പ്രവേശന ഫീസടച്ച്, രണ്ട് മണിക്കുള്ള അപ്പോയ്മെന്റ് തലേ ദിവസം തന്നെ എടുത്തിരുന്നു. അതിനടുത്തുള്ള ഒരു പാർക്കിലേക്ക് ഞങ്ങളെ വിട്ടിട്ട്, അവർ രണ്ടു പേരും കൂടി ഡിസ്റ്റിലറി സന്ദർശിക്കാനായി പോയി.

ഗ്ലാസ്ഗോയിലെ ക്ലൈഡ് നദിയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ പടിഞ്ഞാറും തെക്കും നദിയായതിനാൽ റോഡിന് മുകളിലൂടെയും റെയിൽവേയ്ക്ക് കീഴിലുമായി കാൽനടയാത്രക്കാർക്ക് വേണ്ടി ഒരു നടപ്പാലം നിർമിച്ചിട്ടുണ്ട്.

സിസ്റ്റിലറി സന്ദർശകർക്കായി ഒരു ഷോപ്പും കഫേയും ഇവിടെയുണ്ട്. ലോലാൻഡ് ശൈലിയിലുള്ള സിംഗിൾ മാൾട്ടാണ് ഇവിടെ ഉത്പാദിക്കുന്നത്.

ഡിസ്റ്റിലറിയുടെ പാർക്കിംഗ് ഏരിയായ്ക്ക് സമീപമുള്ള റോഡിന് മുകളിലുള്ള പാലത്തിലൂടെ ഞങ്ങൾ നടന്ന് എതിർവശത്തുള്ള നടപ്പാതയിൽ എത്തി. അവിടെ നിന്നും പത്ത് മിനിറ്റ് ദൂരം നടന്ന് ചെന്ന് ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിനുളളിലുള്ള  പാർക്കിൽ ഞങ്ങൾ സമയം ചിലവഴിച്ചു. 

സ്കോച്ച് നിർമ്മാണ ഫാക്ടറിയിലെ കാര്യങ്ങളൊക്കെ കണ്ടും മനസ്സിലാക്കിയും മനസ്സ് നിറച്ച അവർ, പാർക്കിലെത്തി ഞങ്ങളേയും പിക്ക് ചെയ്ത് നേരേ സയൻസ് മ്യൂസിയം കാണാനായി പോയി.

ക്ലൈഡ് നദിയുടെ തെക്കേക്കരയിലുള്ള ക്ലൈഡ് വാട്ടർഫ്രണ്ട് റീജനറേഷൻ ഏരിയയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു സന്ദർശന ആകർഷണമാണ് ഗ്ലാസ്ഗോ സയൻസ് സെന്റർ. 2001 July 5 നാണ് ഇത് തുറന്നത്. സയൻസ്മാൾ, ഗ്ലാസ്ഗോ ടവർ, ഐമാക്സ് സിനിമ എന്നീ മൂന്ന് പ്രധാന കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഒരു സെന്ററാണിത്.

മൂന്ന് പ്രധാന കെട്ടിടങ്ങളിൽ ഏറ്റവും വലുത്, ടൈറ്റാനിയം പൊതിഞ്ഞ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സയൻസ് മാളാണ്. 250-ലധികം ശാസ്ത്ര പഠന പ്രദർശനങ്ങളുടെ മൂന്ന് നിലകൾ ഇതിനുള്ളിലുണ്ട്. 

ഒന്നാം നിലയിൽ ശാസ്ത്രീയ തത്വങ്ങൾ പ്രകടിപ്പിക്കുന്ന നിരവധി സംവേദനാത്മക പ്രദർശനങ്ങൾക്കിടയിൽ, സന്ദർശകർക്ക് ഒരു സയൻസ് ഷോ തിയേറ്ററും ഗ്ലാസ്ഗോ സയൻസ് സെന്റർ പ്ലാനറ്റോറിയവും കാണാൻ കഴിയും.

'ദ ബിഗ് എക്സ്പ്ലോറർ' എന്ന പേരിൽ ചെറിയ കുട്ടികളെ ലക്ഷ്യമിട്ടുള്ള ഒരു മേഖലയാണിത്.

രണ്ടാം നിലയിൽ വേൾഡ് ഓഫ് വർക്ക് ലൈവ് ഇന്ററാക്ടീവ് എക്സിബിഷൻ സ്പെയിസിൽ, സന്ദർശകർക്ക് പര്യവേക്ഷണം ചെയ്യാനുള്ള ലാബും ക്രമീകരിച്ചിട്ടുണ്ട്. പ്രാഥമികമായി ഒരു വിദ്യാഭ്യാസ വർക്ക് ഷോപ്പായി ഈ സ്ഥലം ഉപയോഗിക്കുന്നു.

21-ാം നൂറ്റാണ്ടിലെ മനുഷ്യരുടെ ആരോഗ്യത്തേയും ക്ഷേമത്തേയും കുറിച്ച് ബോഡി വർക്ക്സ് എന്ന പേരിൽ ഒരു സംവേദനാത്മക പ്രദർശനങ്ങൾ ആണ് മൂന്നാമത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്.

ടിക്കറ്റ് ഡെസ്ക്, കഫേകൾ, ഗിഫ്റ്റ് ഷോപ്പ്, ക്ലോക്ക് റൂം തുടങ്ങിയവ ഗ്രൗണ്ട് ഫ്ളോറിൽ ക്രമീകരിച്ചിരിക്കുന്നു. ഗ്രൗണ്ട് ഫ്ളോറിൽ വിവിധ വിദ്യാഭ്യാസ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി ഫ്ളെക്സിബിൾ റൂം സ്പേസുകൾ ഉണ്ട്.

പൊതുജനങ്ങൾക്കായി ഗ്ലാസ്ഗോ ടവറിലേക്കുള്ള പ്രവേശനവും ഗ്രൗണ്ട് ഫ്ളോർ വഴിയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, സ്വതന്ത്രമായി കറങ്ങുന്ന ടവർ എന്ന നിലയിലാണ് ഗ്ലാസ്ഗോ ടവർ രൂപകൽപ്പന ചെയ്തിരുന്നത്.

സ്കോട്ട്ലൻഡിൽ നിർമിച്ച ആദ്യത്തെ  ഐമാക്സ് സിനിമാശാല ഇവിടെയാണുള്ളത്. സിംഗിൾ ഓഡിറ്റോറിയത്തിൽ 370 ഇരിപ്പിടങ്ങൾ ഉണ്ട്. 2000 ത്തിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഐമാക്സ് ഫോർമാറ്റിൽ 3D ഫിലിമുകളും സ്റ്റാൻഡേർഡ് 2D ഫിലിമുകളും ഇവിടെ പ്രദർശിപ്പിക്കാറുണ്ട്.

ഗ്ലാസ്ഗോ സയൻസ് സെന്ററിന് തൊട്ടടുത്താണ് സ്‌കോട്ട് ലൻസിലെ ബിബിസിയുടെ ആസ്ഥാനം. ടെലിവിഷൻ, റേഡിയോ സ്‌റ്റുഡിയോ സമുച്ചയമാണ്,  'ബി. ബി. സി പസഫിക്ക് ക്വേ' എന്നറിയപ്പെടുന്ന ഈ കെട്ടിടം. ലോകത്തിലെ ഏറ്റവും ആധുനിക ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സൗകര്യങ്ങൾ ഈ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

വണ്ടിയുടെ പാർക്കിംഗ് സമയം കഴിഞ്ഞിരുന്നതിനാൽ വേഗം തന്നെ അവിടെ നിന്നും ഞങ്ങൾ പുറത്തിറങ്ങി. എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നതിനാൽ സമീപപ്രദേശത്തുള്ള ചായവാലാ ഷോപ്പിൽ കയറി കോഫിയും സ്നാക്സും കഴിച്ചു.

ഗ്ലാസ്ഗോയിൽ നിന്നും ആറര മണിക്ക് അബർഡീനിലേക്ക് തിരിച്ച ഞങ്ങൾ എട്ടര മണിയോടു കൂടി വീട്ടിലെത്തി. രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണവും വാങ്ങിക്കൊണ്ടാണ് ഞങ്ങൾ തിരിച്ചെത്തിയത്. കുളിച്ച് ഫ്രഷായി വന്ന് ഡിന്നർ കഴിച്ചിട്ട്, എല്ലാവരും കിടന്നുറങ്ങി.

പിറ്റേ ദിവസം ഞയറാഴ്ച ആയിരുന്നതിനാൽ വളരെ താമസിച്ചാണ് ഞങ്ങൾ ഉണർന്നത്. 

പാചകവും ക്ലീനിംഗും തുണി കഴുകലുമൊക്കെയായി ദിവസം കടന്നുപോയി. വൈകുന്നേരം നാല് മണിയോടുകൂടി അവിടെനിന്നും രണ്ട് മൈൽ അകലെയുള്ള ജോൺസ്റ്റൺ പാർക്ക് സന്ദർശിക്കാനായി പോയി.

നിറയെ പൂക്കളുള്ള മരങ്ങളും മനോഹരമായ പൂന്തോട്ടങ്ങളും കുറ്റിച്ചെടികളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഇവിടം വിവാഹ ഫോട്ടോകൾ എടുക്കുന്നതിന് വളരെ പ്രശസ്തമാണ്. 

ജോൺസ്‌റ്റൺ ഹൗസ് എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ പാർക്ക്,1936 ൽ അബർഡീൻ നഗരത്തിന് സമ്മാനിച്ചു. നിരവധി കുളങ്ങളും കമാന പാലങ്ങളും ഇവിടെയുണ്ട്. ഒരു കുളത്തിനും പാലത്തിനും ഇടയിൽ ഒരു ജാപ്പനീസ് പൂന്തോട്ടമുണ്ട്. 2009 April 1 ന് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകവും ഈ പാർക്കിലുണ്ട്.

പ്രകൃതി ഭംഗിയുടെ വിളനിലമായ മനോഹരമായ ഈ പാർക്കിലെ നടപ്പാതയിലൂടെ ഇളങ്കാറ്റേറ്റ് നടന്നപ്പോൾ കിട്ടിയ സുഖാനുഭൂതിയിൽ, ഉന്മേഷഭരിതരായി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

(തുടരും)


ഭാഗം 14

manchester united

ജൂലൈ മാസം 21, വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിക്കുള്ള ട്രെയിനിൽ, മാഞ്ചസ്റ്ററിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ, രണ്ട് ദിവസം മുൻപേ ഞങ്ങൾ തുടങ്ങി. ഭർത്താവിനും എനിക്കുമുള്ള ട്രെയിൻടിക്കറ്റ് രണ്ടാഴ്ചയ്ക്ക് മുൻപ്തന്നെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. 

ഹസ്ബന്റിന്റെ ഒരു പെങ്ങളുടെ മകളും കുടുംബവും വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. അവരുടെ സ്നേഹപൂർവമായ ക്ഷണമനുസരിച്ച് പത്ത് ദിവസങ്ങൾ അവിടെ തങ്ങാനായിട്ടുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ പോയത്.

LNER (London north east railway) കമ്പനിയുടെ ട്രെയിനിൽ, അബർഡീൻ റെയിൽവേസ്റ്റേഷനിൽ നിന്നും ഞങ്ങൾ കയറി, രണ്ട് മണിക്കൂറിനകം എഡിൻബർഗ് സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും  ഒരു മണിക്കൂർ കഴിഞ്ഞുള്ള Transpennine express ൽ രാത്രി ഒൻപത് മണിയോടുകൂടി മാഞ്ചസ്റ്റർ പിക്കാഡല്ലി സ്റ്റേഷനിൽ ഇറങ്ങി. പാതയ്ക്ക് ഇരുവശത്തുമുള്ള നയനമനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട്, ട്രെയിൻയാത്ര ഞങ്ങൾ അവിസ്മരണീയമാക്കി.

ലണ്ടർ നോർത്ത് ഈസ്റ്റേൺ റെയിൽവേ(LNER) ഒരു ബ്രിട്ടീഷ് ട്രെയിൻ ഓപ്പറേറ്റിങ് കമ്പനിയാണ്. ഈസ്റ്റ് കോസ്റ്റ് മെയിൻ ലൈനിൽ ദീർഘദൂര അന്തർനഗര സേവനങ്ങൾ നൽകുന്ന ഒരു റെയിൽവേ കമ്പനിയാണിത്.

Transpennine Trains Ltd കമ്പനിയുടെ Transpennine എക്സ്പ്രസ്, യു.കെ യിലെ, പ്രധാന നഗരങ്ങൾക്കും പട്ടണങ്ങൾക്കുമിടയിൽ  പ്രാദേശിക, അന്തർനഗര സർവ്വീസുകൾ നടത്തുന്നു. ഇതിന്റെ സേവനങ്ങൾ, നോർത്ത് റൂട്ട്, ആംഗ്ലോ സ്കോട്ടിഷ് റൂട്ട്, സൗത്ത് റൂട്ട് എന്ന രീതിയിൽ മൂന്നായി തരം തിരിച്ചിരിക്കുന്നു. 

അബർഡീനിൽ നിന്നും കയറിയ ട്രെയിൻ, ഡൺഡീ സിറ്റിക്ക് സമീപമുള്ള വലിയൊരു തുരങ്കത്തിൽ കൂടി സഞ്ചരിച്ച്, ഡൺഡീസ്റ്റേഷനിൽ നിർത്തി. യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തതിന് ശേഷം അവിടെ നിന്നും ഡൺഡീ പാലം വഴി ട്രെയിൻ, എഡിൻബർഗിലേക്ക് നീങ്ങി. 

എഡിൻബർഗിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് പോകുന്ന വഴി Carlisle എന്ന സ്റ്റേഷനിൽ നിർത്തിയപ്പോൾ, റെയിൽവേ പോലീസ് എത്തി ഞങ്ങളുടെ അടുത്ത ബോഗിയിലുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനാൽ ട്രെയിൻ പത്ത് മിനിറ്റോളം ലേറ്റായി.

അമിതമായി അകത്താക്കിയ മദ്യത്തിന്റെ ലഹരിയിലുണ്ടായ അസാധാരണമായ പെരുമാറ്റം മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന്റെ പേരിലായിരുന്നു, അയാളെ അറസ്റ്റ് ചെയ്തത്.

സ്റ്റേഷന് വെളിയിൽ, അനുവും ഭർത്താവും ഞങ്ങളേയും കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു. വളരെ നാളുകൾക്ക്‌ ശേഷം തമ്മിൽ കണ്ടതിലുള്ള സന്തോഷം പരസ്പരം പങ്ക് വച്ചതിന് ശേഷം, ഞങ്ങൾ വീട്ടിലേക്ക് പോയി.

മാഞ്ചസ്റ്റർ നഗരത്തിൽ നിന്നും കുറച്ചകലെയുള്ള റെസിഡൻസ് ഏരിയായിൽ സ്വന്തമായി വാങ്ങിയ വീട്ടിലാണ് അവർ താമസിക്കുന്നത്. ഏകദേശം മുപ്പത്ത് മിനിറ്റ് നേരം മാഞ്ചസ്റ്റർ തെരുവീഥിയിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. ഒടുവിൽ വീടിന്റെ മുന്നിൽ പാർക്ക് ചെയ്ത വണ്ടിയിൽ നിന്നും ഞങ്ങൾ ഇറങ്ങി.

കാളിംഗ് ബെല്ലിൽ വിരലമർത്തിയപ്പോഴേക്കും അനുവിന്റെ മകൻ വന്ന് വാതിൽ തുറന്നു. ബി. ഫാമിന് പഠിക്കുന്ന മകനെ കൂടാതെ, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൾ കൂടി അവർക്കുണ്ട്. 

കുളിച്ച് ഫ്രഷായി വന്ന്, ഡിന്നർ കഴിച്ചതിന് ശേഷം, നാട്ടിലെ വിശേഷങ്ങളാക്കെ സംസാരിച്ചിരുന്നതിനാൽ വളരെ വൈകിയാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്. 

ലഞ്ച്, വെളിയിൽ നിന്നും കഴിക്കാമെന്ന് തീരുമാനിച്ചതിനാൽ, ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പതിനൊന്ന് മണിയോട് കൂടി അനുവിന്റെ കുടുംബത്തോടൊപ്പം ഞങ്ങൾ പുറത്തിറങ്ങി. മാഞ്ചസ്റ്ററിലെ ഒരു പ്രധാനപ്പെട്ട ലാൻഡ് മാർക്കായTrafford centre- ലേക്കാണ് ഞങ്ങൾ പോയത്. 

മാഞ്ചസ്റ്ററിലെ ഉർസ്റ്റണിലുള്ള ഒരു വലിയ ഇൻഡോർ ഷോപ്പിംഗ് സെന്ററും വിനോദസമുച്ചയവുമാണ് ഈ ട്രാഫോർഡ്‌ സെന്റർ. 1998 ൽ തുറന്ന ഇവിടം, യുകെയിലെ മൂന്നാമത്തെ വലിയ സ്ഥാപനമാണ്. യൂ.കെ യിലെ ഏറ്റവും തിരക്കേറിയ ഫുഡ്കോർട്ടാണ് ഇവിടെയുള്ളത്.

മൂന്ന് നിലകളുള്ള ഈ മാളിന് നീളത്തിലുള്ള മൂന്ന് താഴികക്കുടങ്ങൾ ഉണ്ട്. വെള്ള, പിങ്ക്, സ്വർണം എന്നിവയുടെ ഷേഡുകളിൽ ആനക്കൊമ്പ്, ജേഡ് എന്നിവ, കാരമൽ നിറങ്ങളിലുള്ള മാർബിൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചുവന്ന റോസാപ്പൂക്കൾ പോലെയുള്ള അലങ്കാര സവിശേഷതകളും സ്വർണനിറത്തിലുള്ള ഇലകളും ചായം പൂശിയ ഫൈബർ ബോർഡ് കൊണ്ട് നിർമിച്ച അലങ്കാര തൂണുകളുമെല്ലാം ഇന്റീരിയർ വാസ്തുവിദ്യയുടെ ശ്രേഷ്ഠതയെ വെളിപ്പെടുത്തുന്നു. ട്രാഫോർഡ് പലാസോ, പ്രതിമകൾ, ജലധാരകൾ, ശിൽപ്പങ്ങൾ തുടങ്ങിവയെല്ലാം ഈ സെന്ററിനെ ആകർഷണീയമാക്കുന്നു.

ട്രാഫോർഡ് പലാസോ, പ്രധാന ട്രാഫോർഡ്‌ സെന്ററുമായി ഒരു ഗ്ലേസ്‌ഡ് പാലത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ജലധാരയും ടവറും ഉള്ള ഒരു ഇറ്റാലിയൻ സ്ക്വയർ ഇവിടെ ഉൾക്കൊളളുന്നു. മനോഹരമായ കാഴ്ചകൾ കണ്ട്, മൂന്ന് നിലകളിലും ഞങ്ങൾ കയറിയിറങ്ങി. 

താഴത്തെ നിലയിലുള്ള 'നന്ദോസ് ചിക്കനിൽ' കയറി ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്തു. അരമണിക്കൂർ കാത്തിരുന്നതിന് ശേഷം കിട്ടിയ വ്യത്യസ്തമായ രുചിക്കൂട്ടുകൾ അടങ്ങിയ വിഭവങ്ങൾ, സമയമെടുത്ത് ഞങ്ങൾ ആവോളം ആസ്വദിച്ചു.

അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ ഇരുന്നു കൊണ്ട് തന്നെ മാഞ്ചസ്റ്റർ ടൗണൊക്കെ ചുറ്റിക്കറങ്ങി കണ്ടതിന് ശേഷം അഞ്ച് മണിയോടുകൂടി ഞങ്ങൾ വീട്ടിലെത്തി. 

അമേരിക്കയിൽ നിന്നും പിറ്റേ ദിവസം രാവിലെ  എത്തുന്ന അനുവിന്റെ സഹോദരൻ, ബിനുവിനെ കാണാൻ ഞങ്ങളെല്ലാവരും ആ കാംക്ഷയോടെ കാത്തിരുന്നു. 

വർഷങ്ങളായി അമേരിക്കയിലെ ഫ്ളോറിഡയിൽ  താമസിച്ച് ജോലി ചെയ്യുകയാണ് ബിനു. ഒരു മാസത്തോളം യൂറോപ്പിലെ ചില രാജ്യങ്ങളിൽ ബൈക്ക് സവാരി നടത്തിയതിന് ശേഷം, കുറച്ച് ദിവസങ്ങൾ എല്ലാവരുമായി ചിലവഴിക്കാനായി മാഞ്ചസ്റ്ററിലേക്ക് വരികയായിരുന്നു.

രാവിലെ ആറ് മണിക്ക് എത്തുന്ന അനിയനെ വിളിക്കാൻ അനുവും ഭർത്താവുംകൂടി എയർ പോർട്ടിലേക്ക് പോയി. ബിനുവിനേയും കൂട്ടി, അവർ വീട്ടിലെത്തിയപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റും ഉണ്ടാക്കി ഞങ്ങൾ കാത്തിരുന്നു.  

വലിയ ഒരു ഇടവേളയ്ക്ക് ശേഷം തമ്മിൽ കണ്ട സന്തോഷം എല്ലാവരുടേയും മുഖത്ത് പ്രതിഫലിച്ചു.  വിശേഷങ്ങൾ പങ്ക് വച്ചും കുശലാന്വേഷണങ്ങൾ നടത്തിയും സമയം കടന്നുപോയത് അറിഞ്ഞില്ല.

ലഞ്ച് കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലായിരുന്നതിനാൽ, ദൂരയാത്രകളൊന്നും സാധ്യമായിരുന്നില്ല. എങ്കിലും സിറ്റിയിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ സ്റ്റേഡിയം കാണുവാനായി ഞങ്ങൾ പോയി.

ഞയറാഴ്ച ആയിരുന്നതിനാൽ കടകളൊക്കെ അടച്ചിട്ടിരുന്നു. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ സ്റ്റേഡിയത്തിന്റെ പരിസരമെല്ലാം തികച്ചും വിജനമായിരുന്നു.

മഴയേയും കാറ്റിനേയും അവഗണിച്ച്, ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങി, കുടകൾ നിവർത്തിപ്പിടിച്ചുകൊണ്ട് സ്‌റ്റേഡിയത്തിന്റെ അരികിലേക്ക് നടന്നു. അടച്ചിട്ടിരുന്നതിനാൽ സ്‌റ്റേഡിയത്തിന് ഉള്ളിലേക്ക് കടക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ല. മുന്നിലെ വിശാലമായ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള അതിപ്രശസ്തരായ കളിക്കാരുടേയും മറ്റും പ്രതിമകൾക്ക് മുന്നിൽ നിന്ന് ഞങ്ങൾ ഫോട്ടോകൾ എടുത്തു.

യു.കെ യിലെ ഏറ്റവും വലുതും യൂറോപ്പിലെ പന്ത്രണ്ടാമത്തെ വലിയ സ്‌റ്റേഡിയവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആസ്ഥാനവുമായ ഇവിടം, ഓൾഡ് ട്രാഫോർഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പല അന്തരാഷ്ട്ര, പ്രാദേശിക ഫുട്ബോൾ മത്സരങ്ങൾക്കും ഈ സ്റ്റേഡിയം  ആതിഥേയത്വം വഹിക്കുന്നുണ്ട്.

manchester united

2010 Feb 19 ന് സ്റ്റേഡിയത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്നതിന് തൊട്ടുമുൻപുള്ള 100 ദിവസങ്ങളിൽ സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ നിമിഷങ്ങളെ എടുത്തു കാണിച്ചുകൊണ്ട് അവതരിപ്പിച്ച ഫീച്ചറുകൾ, ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലകൊള്ളുന്നു.

അവിടെ നിന്നും ഞങ്ങൾ നേരേ പോയത്, സ്പോൺസർഷിപ്പിന്റെ പേരിൽ, ഇപ്പോൾ 'ഇത്തിഹാദ് സ്‌റ്റേഡിയം' എന്നറിയപ്പെടുന്ന സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലേക്കാണ്.

പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ ആസ്ഥാനമാണിത്. ഇംഗ്ലണ്ടിലെ ആറാമത്തെ വലിയ ഫുട്ബോൾ സ്‌റ്റേഡിയവും യു.കെ യിലെ വലിയ സ്‌റ്റേഡിയങ്ങളിൽ വച്ച് ഒമ്പതാമത്തെ സ്ഥാനവും ഇതിനുണ്ട്. അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് പുറമേ കോമൺവെൽത്ത് ഗെയിംസുകൾ ഉൾപ്പെടെ അനേകം പ്രാദേശിക മത്സരങ്ങളും ഇവിടെ വച്ച് നടത്തപ്പെട്ടിട്ടുണ്ട്.

മഴയുടെ ശക്തി കുറഞ്ഞിരുനതിനാൽ, ഞങ്ങൾ അവിടെ നിന്നും കറിമൈൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ചു. തെക്കൻ മാഞ്ചസ്‌റ്ററിലെ റുഷോൾമിന്റെ മധ്യത്തിലൂടെ കടന്നുപോകുന വിൽസ്ലോ റോഡിന്റെ ഒരു ഭാഗത്തിന്റെ വിളിപ്പേരാണ് കറിമൈൽ. 

യു.കെ യിലെ ദക്ഷിണേഷ്യൻ റെസ്റ്റോറന്റുകളുടെ ഏറ്റവും വലിയ കേന്ദ്രമായി ഇവിടം അറിയപ്പെടുന്നു. അതിരാവിലെ മുതൽ വളരെ തിരക്കേറിയ ഒരു തെരുവാണ് കറിമൈൽ.

ഓക്സ്ഫോർഡ് റോഡിനും ഫാലോഫീൽഡിനും സമീപമുള്ള സ്ഥലമായതിനാൽ പ്രാദേശിക വിദ്യാർത്ഥികൾ ഈ പ്രദേശം പതിവായി സന്ദർശിക്കാറുണ്ട്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി, സേവേറിയൻ കോളേജ്, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയുടെ ഓൾ സെയിന്റ്സ് കാമ്പസുകളും ഇതിന് സമീപമാണ്.

കറിമൈൽ സ്ട്രീറ്റിലുള്ള ഒരു ഇറാനി റെസ്റ്റോറന്റിൽ കയറി, ഭക്ഷണം കഴിച്ചിട്ട്, അന്ന് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

(തുടരും)


river

ഭാഗം 15

തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ്, മൂന്നുമണിയോട് കൂടി ഞങ്ങൾ ബിനുവിനോടൊപ്പം പുറത്ത് പോയി. വീട്ടിൽ നിന്നും രണ്ട് മൈൽ ദൂരമുള്ള ബ്രാംഹാൾ പാർക്കിലേക്കായിരുന്നു ഞങ്ങൾ പോയത്. എഴുപത് ഏക്കർ ചുറ്റളവിൽ ലാൻഡ് സ്കേപ്പ് ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്ന ഒരു മനോഹരമായ പാർക്കായിരുന്നു അത്. 


പതിനേഴാം നൂറ്റാണ്ടിൽ വരെ ഇത് കാർഷിക ഭൂമിയായി ഉപയോഗിച്ചിരുന്നു. ഒരു കാലത്ത് ഏകദേശം 810 ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന ഇവിടം കന്നുകാലികൾ, മാനുകൾ, കുതിരകൾ എന്നിവയുടെ ആവാസ കേന്ദ്രമായിരുന്നു. 

രണ്ട് ജലപാതകൾ ഈ പാർക്കിലൂടെ കടന്നുപോകുന്നു. ഗണ്യമായ രീതിയിൽ വച്ചു പിടിപ്പിച്ച മരങ്ങളും അനവധി കൃത്രിമ തടാകങ്ങളും അരുവികളും ടെറസുകളായി കാണപ്പെടുന്ന പുൽത്തകിടികൾക്കും പുറമേ, വനപ്രദേശം, തുറന്ന പുൽമേടുകൾ, പൂന്തോട്ടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ,  കഫേ, ബൗളിംഗ് ഗ്രീൻ എന്നിവയും ഈ പാർക്കിലെ സവിശേഷതകളാണ്. 

തണുപ്പ് രാജ്യങ്ങളിൽ മാത്രം കണ്ട് വരുന്ന വിവിധയിനം മരങ്ങളാൽ സമ്പന്നമാണ് ഇവിടം.

മൈതാനം കഴിഞ്ഞ് പാർക്കിന്റെ ഇടയിലൂടെയുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ കാറ്റിന്റെ ചൂളം വിളികളും ഇലകളുടെ മർമരവും പക്ഷികളുടെ കളകളാരവമെല്ലാം കാതിൽ വന്നലയടിച്ചു. കുളങ്ങളിൽ നീന്തിത്തുടിക്കുന്ന വിവിധ ഇനങ്ങളിലുള്ള താറാവുകൾ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്നവയാണ്.

പതിന്നാലാം നൂറ്റാണ്ടിൽ തടി കൊണ്ട് നിർമിച്ച ഒരു വലിയ കെട്ടിടം (ബ്രാമാൽ ഹാൾ) ഈ പാർക്കിന്റെ ആദ്യഭാഗത്തായി കാണപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ നവീകരിച്ച ഈ വലിയ വീട് ഇന്നൊരു മ്യൂസിയമായി പ്രവർത്തിക്കുന്നു. അനവധി പരിപാടികളും ക്ലബ്ബ് മീറ്റിംഗുകളും ഈ വീട്ടിലും പരിസരത്തുള്ള ഗ്രൗണ്ടിലും വച്ച് നടക്കുന്നുണ്ട്. 

കൗൺസിലുകൾ നടത്തിയ പഠനത്തിന്റെ ഭാഗമായി, നിലവിൽ, വീടിന് ബ്രാമാൽ എന്നും പാർക്കിന് ബ്രാംഹാൾ എന്നും പേര് വിളിക്കുന്നു. ഏകദേശം 70 ഏക്കർ പാർക്ക്ലാൻഡിലാണ് ഈ വീട് സജ്ജീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ അടുക്കള ഉൾപ്പെടെ അനേകം മുറികൾ, വിവിധ ആവശ്യങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 

ഒന്നാം നിലയിൽ ചാപ്പൽ റൂമും പാരഡൈസ് റൂമും തുടങ്ങി, ധാരാളം മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിലെ അപൂർവ ചുവർച്ചിത്രങ്ങൾ ഇവിടെ കാണപ്പെടുന്നു. കമാനാകൃതിയിലുള്ള മേൽക്കൂരകൾ ഈ വീടിനെ വളരെയധികം മനോഹരമാക്കുന്നു.

നേരത്തേ പ്ലാൻ ചെയ്തതനുസരിച്ച് ജൂലൈ 25, ചൊവ്വാഴ്ച്ച, സ്വപ്നഭൂമിയായ ലണ്ടൻ നഗരത്തിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു. അനുവിനോടും മകളോടും ബിനുവിനോടുമൊപ്പം ഭർത്താവും ഞാനും വീട്ടിൽ നിന്നും കൃത്യം ഒന്നര മണിക്ക് തന്നെ അനുവിന്റെ കാറിൽ പുറപ്പെട്ടു. അഞ്ചര മണിക്കൂർ നീണ്ട യാത്രയിൽ, ദേശീയപാതയിലൂടെ അതിസൂക്ഷ്മം അനു, വണ്ടിയോടിച്ചു കൊണ്ടിരുന്നു. രണ്ട് രാത്രികളും മൂന്ന് പകലുകളും അവിടെ തങ്ങാനുള്ള എല്ലാവിധ ഒരുക്കങ്ങളോടും കൂടിയാണ് ഞങ്ങൾ പോയത്.  വഴിക്കാഴ്ചകളിലൂടെയും രസകരമായ സംഭാഷണങ്ങളിലൂടെയും സമയം അതിവേഗം കടന്നുപോയി.

മൂന്ന് മണിക്കൂർ കഴിയാറായപ്പോൾ റോഡരികിൽ കണ്ട കഫേയുടെ മുന്നിൽ വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി. വാഷ്റൂമിൽ പോയി ഫ്രഷായി വന്ന് ചൂടുള്ള കോഫിയും സ്നാക്സും വാങ്ങിക്കഴിച്ചു. അല്പനേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും ഞങ്ങൾ യാത്രതുടർന്നു.

ദൈവകൃപയാൽ വഴിയിൽ പ്രശ്നങ്ങളൊന്നുമില്ലാതെ ആറ്മണിയോടുകൂടി,  മുറികൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ഞങ്ങൾ എത്തിച്ചേർന്നു. ലണ്ടൻ സിറ്റിഎയർ പോർട്ടിന്റെ സമീപത്തുള്ള കോർട്ടിയാർഡ് മാരിയറ്റ് ഹോട്ടലിലായിരുന്നു എല്ലാവർക്കുമായി, മുറികൾ ബുക്ക് ചെയ്തിരുന്നത്. സിറ്റി എയർപോർട്ടിൽ നിന്നും അഞ്ച് മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമേ ഇവിടേക്ക് ഉണ്ടായിരുന്നുള്ളൂ...

ബിസിനസ്സിനും വിനോദത്തിനും യാത്ര ചെയ്യുന്നവർക്ക്, എന്തുകൊണ്ടും അനുയോജ്യമായ ഒരു താമസസ്ഥലമാണിത്. വൃത്തിയുടെ ഉയർന്ന നിലവാരവും പ്രതിബദ്ധതയോടെ ലഭിക്കുന്ന സേവനങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. മാരിയറ്റ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ തന്നെയാണിത്.

ലണ്ടൻ നഗരത്തിന് ഏകദേശം 6 മൈൽ കിഴക്ക് സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് സിറ്റി എയർപോർട്ട്. ലണ്ടൻ ഏരിയയിൽ സർവീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമാണിത്.

ലണ്ടൻ നഗരത്തിലേക്ക് വളരെ വേഗം സഞ്ചരിക്കാൻ കഴിയുന്ന വിധം സർവ്വീസുകൾ നടത്തുന്ന DLR (Dockland Light Railway) സ്‌റ്റേഷൻ ഇതിനോട് ചേർന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

ഹോട്ടലിന് സമീപം വണ്ടി പാർക്ക് ചെയ്തിട്ട് സാധനങ്ങളുമായി ഞങ്ങൾ ഇറങ്ങി. റിസപ്ഷനിൽ ചെന്ന് ചെക്ക് ഇൻ ചെയ്ത്  താക്കോലുകളും വാങ്ങി, ഞങ്ങൾ മുറികളിലേക്ക് പോയി. ബുക്ക് ചെയ്തതനുസരിച്ച് മൂന്നാമത്തെ നിലയിലുള്ള രണ്ട് ഡബിൾ ബെഡ്‌റൂമുകളായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.

മുറിയിലെ ഗ്ലാസ്സ്ഡോറിലൂടെ പുറത്തേക്ക് നോക്കിയാൽ സിറ്റിഎയർപോർട്ടിന്റെ വിശാലമായ ഗ്രൗണ്ടും അതിനുള്ളിലെ വാഹനങ്ങളും ഒക്കെ നന്നായി കാണാൻ കഴിയുമായിരുന്നു. അഞ്ച് മിനിറ്റ് നേരത്തെ ഇടവേളകളിൽ വശങ്ങളിലുള്ള റെയിൽപ്പാളത്തിലൂടെ വളഞ്ഞ് പുളഞ്ഞ് ഓടുന്ന ട്രെയിനുകൾ ആകർഷണീയമായ ഒരു കാഴ്ച തന്നെയിരുന്നു.

അല്പനേരം വിശ്രമിച്ചതിന് ശേഷം, ഞങ്ങൾ പുറത്തേക്കിറങ്ങി. ഹോട്ടലിന്റെ മുന്നിലുള്ള പാതയിലൂടെ നടന്ന് സാമാന്യം ഭേദപ്പെട്ട ഒരു റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. രാത്രിയായതിനാൽ ഡിന്നർ കഴിച്ച്, റൂമിലേക്ക് തന്നെ മടങ്ങി. ഹോട്ടലിലെ റസ്‌റ്റോറന്റിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി അപ്പോൾത്തന്നെ പൈസയടച്ച് ബുക്ക് ചെയ്യുകയും ചെയ്തു.

കുറച്ച് നേരം എല്ലാവരും ചേർന്നിരുന്ന്, പിറ്റേ ദിവസത്തെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തിട്ട് ഞാനും ഹസ്ബന്റും ഞങ്ങളുടെ മുറിയിലേക്ക് പോയി. 

പ്രഭാതകൃത്യങ്ങൾക്ക് ശേഷം, എല്ലാവരും റെഡിയായി ഏഴരമണിക്ക് തന്നെ ബ്രേക്ഫാസ്റ്റ് കഴിക്കാനായി പോയി. കോണ്ടിനെന്റൽ സ്‌റ്റെലിലുളള ബുഫേ ആയിരുന്നു. രുചികരമായ വിവിധയിനം വിഭവങ്ങൾ... സമയമെടുത്ത് ആസ്വദിച്ച് കഴിച്ചിട്ട് അവിടെ നിന്നും ഇറങ്ങി നടന്നു. 

വെറും അഞ്ചു മിനിറ്റ് ദൂരം മാത്രമുള്ള സിറ്റി എയർ പോർട്ടിന്റെ പ്രവേശന കവാടത്തിലൂടെ ഞങ്ങൾ DLR ന്റെ ഗേറ്റിലേക്ക് പോയി. കൗണ്ടറിൽ നിന്നും ടിക്കറ്റ് വാങ്ങിയും ക്രെഡിറ്റ് കാർഡ് സ്കാൻ ചെയ്തും നമുക്ക് അകത്ത് കടക്കാവുന്നതാണ്. 

westminster

കയ്യിലുണ്ടായിരുന്ന കാർഡുകൾ സ്കാൻ ചെയ്ത് ഞങ്ങൾ പ്ലാറ്റ്ഫോം ഏരിയായിലേക്ക് നടന്നു. അണ്ടർഗ്രൗണ്ട് ട്രെയിൻ അല്ലെങ്കിൽ ട്യൂബ് എന്നറിയപ്പെടുന്ന റെയിൽവേ സർവീസിന്റെ ജൂബിലി ലൈനിൽ കൂടി ഓടുന്ന ട്രെയിനിൽ കയറി, ഞങ്ങൾ സ്റ്റാൻമോർ എന്ന സ്റ്റേഷനിൽ ഇറങ്ങി.

ദ്രുതഗതിയിലുള്ള ട്രാൻസിറ്റ് ട്രെയിൻ സംവിധാനമായ ലണ്ടൻ അണ്ടർഗ്രൗണ്ടിന് വ്യാപകമായി ഉപയോഗിക്കുന്ന പേരാണ് 'ട്യൂബ്'. ഗ്രേറ്റർ ലണ്ടനിലേക്കും ഇംഗ്ലണ്ടിലെ അടുത്തുള്ള ഹോം കൗണ്ടികളുടെ ചില ഭാഗങ്ങളിലേക്കും സേവനം നൽകുന്ന ഒരു ദ്രുതഗതാഗത സംവിധാനമാണ് ഇത്. ലണ്ടൻനഗരത്തെ, നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ റെയിൽവേ സർവീസ് ആണിത്.

ചെറിയ പ്രൊഫൈൽ ട്രെയിനുകൾ സഞ്ചരിക്കുന്ന വൃത്താകൃതിയിലുള്ള ട്യൂബ് പോലുള്ള തുരങ്കങ്ങളിൽ നിന്നാണ് ട്യൂബ് എന്ന വിളിപ്പേര് ഉണ്ടായത്.

ലോകത്തിലെ ആദ്യത്തെ ഭൂഗർഭ പാസഞ്ചർ റെയിൽവേ എന്ന നിലയിൽ 1863 ജനുവരി 10 ന് ആരംഭിച്ച മെട്രോപൊളിറ്റൻ റെയിൽവേയിലാണ് ഭൂഗർഭപാതയുടെ ഉദ്‌ഭവം.

തേംസ് നദിക്ക് തെക്ക് 33 ഭൂഗർഭ സ്റ്റേഷനുകളുണ്ട്. നിത്യവും ലക്ഷക്ണക്കിന് യാത്രക്കാർ ഉപയോഗിച്ചു വരുന്ന ഈ ട്രെയിൻ സേവനം ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സംവിധാനങ്ങളിൽ ഒന്നായി മാറി.

കട്ട് ആൻഡ് കവർ രീതി ഉപയോഗിച്ച് സിസ്റ്റത്തിന്റെ ആദ്യ തുരങ്കങ്ങൾ നിലത്തിന് തൊട്ടു താഴെയാണ് നിർമിച്ചത്. പിന്നീട് ചെറുതും ഏകദേശം വൃത്താകൃതിയിലുള്ളതുമായ തുരങ്കങ്ങൾ ആഴത്തിൽ കുഴിക്കുകയുണ്ടായി. എന്നിരുന്നാലും സിസ്റ്റത്തിന്റെ 45 ശതമാനം മാത്രമേ ഭൂമിക്ക് താഴെയുള്ളൂ, ലണ്ടന്റെ പുറംചുറ്റുപാടിലെ ശ്യംഖലയുടെ ഭൂരിഭാഗവും ഉപരിതലത്തിലാണ്. 

Bigben London

പ്രവർത്തന ചെലവിന്റെ 92 ശതമാനം യാത്രക്കൂലിയാണ്. കോൺടാക്റ്റ്‌ലെസ് ടിക്കറ്റിംഗ് സംവിധാനമായ ഓയിസ്റ്റർ കാർഡിന്റെ രൂപത്തിലുള്ള ഇലക്ട്രോണിക് ടിക്കറ്റുകളാണ് ഇപ്പോൾ നിലവിലുള്ളത്. 

ആധുനിക ശൈലിയിലുള്ള നിരവധി പുതിയ സ്റ്റേഷൻ കെട്ടിടങ്ങളും പോസ്റ്ററുകളും രൂപകല്പന ചെയ്തിട്ടുണ്ട്. സ്കീമാറ്റിക് ട്യൂബ് മാപ്പ് 2006 ൽ ദേശീയ ഡിസൈൻ ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഭൂഗർഭ പാതയ്ക്ക് പുറമേ, ഡോക്ക്ലാൻഡ് ലൈറ്റ് റെയിൽവേ, ലണ്ടൻ ഓവർഗ്രൗണ്ട്, തേംസ് ലിങ്ക് തുടങ്ങിയ റെയിൽവേ ഗതാഗത സംവിധാനങ്ങളും നിലവിലുണ്ട്. മൊത്തത്തിൽ ഏകദേശം 272 അണ്ടർഗ്രൗണ്ട് സ്റ്റേഷനുകൾ ഇന്നിവിടെ പ്രവർത്തിക്കുന്നുണ്ട്.


ഭാഗം 16

സ്റ്റാൻമോറിൽ നിന്നും ട്യൂബിൽ കയറി ഞങ്ങൾ വെസ്‌റ്റ്മിൻസ്റ്റർ സ്റ്റേഷനിൽ ഇറങ്ങി.  വെസ്റ്റ്മിൻസ്റ്റർ സിറ്റിയിലെ ലണ്ടൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനാണ് വെസ്റ്റ്മിൻസ്റ്റർ സ്റ്റേഷൻ. സർക്കിൾ, ഡിസ്ട്രിക്ട്, ജൂബിലി, ലൈനുകളാണ് ഈ സേവനം നൽകുന്നത്. ജൂബിലി ലൈനിൽ ഗ്രീൻ പാർക്കിനും വാട്ടർലൂവിനും ഇടയിലാണ് വെസ്റ്റ്മിൻസ്‌റ്റ്‌ർ സ്റ്റേഷൻ നിലകൊള്ളുന്നത്. 


ബ്രിഡ്ജ് സ്ട്രീറ്റിന്റേയും വിക്ടോറിയ എംബാങ്ക്മെന്റിന്റേയും മൂലയിൽ സ്ഥിതിചെയ്യുന്ന ഇവിടം, പാർലമെന്റ് ഹൗസ്, ബിഗ്‌ ബെൻ, വെസ്റ്റ്മിൻസ്‌റ്റർ ആബി, പാർലമെന്റ് സ്ക്വയർ എന്നിവയ്‌ക്ക്‌ സമീപമാണ്. വൈറ്റ് ഹാൾ, വെസ്റ്റ്മിൻസ്‌റ്റർ പാലം, ലണ്ടൻ ഐ, ഡൗണിംഗ് സ്ട്രീറ്റ്, ശവകുടീരം, വെസ്റ്റ്മിൻസ്റ്റർ മില്ലേനിയം പിയർ, ട്രഷറി, ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ്, സുപ്രിം കോടതി എന്നിവയും ഇതിന്റെ സമീപത്ത് തന്നെയാണ്.

സ്‌റ്റേഷന് പുറത്തിറങ്ങി, ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണിലൂടെ ഞങ്ങൾ നടന്നു. റോഡിന്റെ ഇരുവശങ്ങളിലൂടെ ഒഴുകുന്ന സഞ്ചാരികളുടെ ഇടയിലൂടെ പുതിയ ലോകത്തിന്റെ മാസ്മരികതയിലേക്ക് ഞങ്ങളും ഇഴുകിച്ചേർന്നു. 

പാർലമെന്റ് ഹൗസും അതിനോട് ചേർന്ന് നിലകൊള്ളുന്ന ബിഗ് ബെന്നും തെക്ക് വശത്ത് കൂടി ഒഴുകുന്ന തേംസ് നദിയും അതിന് മുകളിലെ പാലവും നദിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളുമെല്ലാം അത്ഭുതത്തോടെ ഞങ്ങൾ നോക്കിക്കണ്ടു. എത്ര കണ്ടാലും മതിവരാത്ത മനോഹരങ്ങളായ ഓരോ ദൃശ്യവിസ്മയങ്ങൾക്കും ചരിത്രത്തിന്റെ കഥകൾ ധാരാളം പറയുവാനുണ്ട്.

യു.കെ യിലെ പാർലമെന്റിന്റെ രണ്ട് സഭകളായ ഹൗസ് ഓഫ് കോമൺസിന്റേയും ഹൗസ് ഓഫ് ലോർഡ്സിന്റേയും മീറ്റിംഗ് സ്ഥലമായി വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം പ്രവർത്തിക്കുന്നു. 

പാർലമെന്റ് മന്ദിരം എന്ന് അനൗപചാരികമായി അറിയപ്പെടുന്ന ഈ കൊട്ടാരം സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ തേംസ് നദിയുടെ വടക്കേ കരയിൽ സ്ഥിതി ചെയ്യുന്നു. ഇരു സഭകളും നിയോഗിച്ച കമ്മിറ്റികൾ, കെട്ടിടം കൈകാര്യം ചെയ്യുകയും ഹൗസ് ഓഫ് കോമൺസ് സ്പീക്കർക്കും ലോർഡ് സ്പീക്കർക്കും റിപ്പോർട്ട ചെയ്യുകയും ചെയ്യുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച ആദ്യത്തെ രാജകൊട്ടാരം, ലണ്ടൻ ടവറിന് ശേഷം  ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെ പ്രാഥമിക വസതിയായി മാറി. 

1512 ൽ അഗ്നിക്കിരയാക്കപ്പെട്ട കൊട്ടാരത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പുനർനിർമിക്കപ്പെട്ടെങ്കിലും 1834 ൽ അതിലും വലിയ തീപിടുത്തം, നവീകരിക്കപ്പെട്ട കൊട്ടാരത്തെ ഭാഗികമായി നശിപ്പിച്ചു. 

30 വർഷത്തോളം നീണ്ടുനിന്ന പുനർ നിർമ്മാണത്തിൽ ഗോഥിക് റിവൈവൽ ശൈലിയിലുള്ള പുതിയ കെട്ടിടങ്ങൾ രൂപം 

കൊള്ളുകയും ചെയ്തു. 1100-ലധികം മുറികൾ അടങ്ങിയിരിക്കുന്ന ന്യൂ പാലസിന്റെ ഒരു ഭാഗം തേംസ് നദിയിൽ നിന്ന് വീണ്ടെടുക്കപ്പെട്ടു. ഇത് അതിന്റെ 300 മീറ്റർ നീളമുള്ള മുൻഭാഗമായ റിവർ ഫ്രണ്ട് എന്നറിയപ്പെടുന്നു. ലോർഡ്സ് ചേംബർ 1847 ലുംകോമൺസ് ചേംബർ 1852 ലും പൂർത്തിയായി.

രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് വെസ്റ്റ് മിൻസ്റ്റർ കൊട്ടാരം പതിന്നാല് വ്യത്യസ്ത അവസരങ്ങളിൽ ബോംബാക്രമണത്തിന് വിധേയമായിട്ടുണ്ട്. ഒരു ജ്വലന ബോബ്, ഹൗസ് ഓഫ് കോമൺസിന്റെ ചേംബറിൽ തട്ടി തീയിട്ടു. മറ്റൊന്ന് വെസ്റ്റ്മാൻസ്റ്റർ ഹാളിന്റെ മേൽക്കൂര കത്തിച്ചു. 

ലോർഡ്സ് ചേംബറിൽ ബോംബ് പതിച്ചെങ്കിലും പൊട്ടിത്തെറിക്കാതെ തറയിലൂടെ കടന്നുപോയി. ക്ലോക്ക്ടവറിന്റെ മേൽക്കൂരയുടെ മേൽത്തട്ടിലും ബോംബ് പതിക്കുകയും വളരെയധികം കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഗ്ലാസ്സുകൾ പൊട്ടിത്തെറിച്ചെങ്കിലും നശിക്കാത്ത മണികളും കൈകളും ക്ലോക്ക് സമയം കൃത്യമായി സൂക്ഷിച്ചു.

കോമൺസ് ചേമ്പറിന്റെ പുനർനിർമാണം 

1950 വരെ നീണ്ടുനിന്നു. തുടർന്നുള്ള കാലയളവിൽ ലോർഡ്സ് ചേംബറും നവീകരിച്ചു.

യു. കെയിലെ രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രങ്ങളിലൊന്നായ വെസ്റ്റ്മിൻസ്റ്റർ, പാർലമെന്റിന്റേയും ബ്രിട്ടീഷ് ഗവൺമെന്റിന്റെയും ഒരു ഉപനാമമായി ഇന്ന് മാറിയിരിക്കുന്നു. 

എലിസബത്ത് ടവർ, പ്രത്യേകിച്ച്, അതിന്റെ പ്രധാന മണിയുടെ പേരിൽ അറിയപ്പെടുന്ന ബിഗ്ബെൻ, ലണ്ടന്റേയും പൊതുവേ യു.കെ യുടേയും തൽക്ഷണം തിരിച്ചറിയാവുന്ന ഒരു അടയാളമായി മാറിയിരിക്കുന്നു. 

നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. പാർലമെന്ററി ജനാധിപത്യത്തിന്റെ ചിഹ്നമായ 'കല്ലിലെ സ്വപ്നം' എന്ന് വിളിക്കപ്പെട്ട വെസ്‌റ്റ്മിൻസ്റ്റർ കൊട്ടാരം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റിന്റെ ഭാഗമായി നിലകൊള്ളുന്നു.

വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന് മൂന്ന് പ്രധാന ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും വലുതും ഉയരമുള്ളതും കൊട്ടാരത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ സ്ഥിതിചെയ്യുന്ന വിക്ടോറിയാ ടവർ ആണ്. 

വില്യം നാലാമന്റെ ഭരണകാലത്ത് ദി കിംഗ്സ് ടവർ എന്ന് നാമകരണം ചെയ്യപ്പെട്ട ഇത്, കൊട്ടാരത്തിലേക്കുള്ള രാജകീയ പ്രവേശന കവാടമായിരുന്നു. പല തവണ 

പുനർരൂപകൽപ്പന ചെയ്ത്, 1858 ൽ നിർമാണം പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മതേതരകെട്ടിടമായി ഇത് മാറി.

49 അടി ഉയരമുള്ള കമാനം, വിശുദ്ധരായ ജോർജ്, ആൻഡ്രൂ, പാട്രിക് എനിവരുടേയും വിക്ടോറിയ രാജ്ഞിയുടേയും പ്രതിമകൾ ഉൾപ്പെടെയുള്ള ശിൽപ്പങ്ങളാൽ സമൃദ്ധമായി അലങ്കരിച്ചിരിക്കുന്നു. 

കൊട്ടാരത്തിന്റെ വടക്കേ അറ്റത്ത് ബിഗ്ബെൻ എന്നറിയപ്പെടുന്ന എലിസബത്ത് ടവർ സ്ഥിതി ചെയ്യുന്നു. ക്ലോക്ക് ടവറെന്നും പറയപ്പെട്ടിരുന്ന ഇതിന് 2012 ലാണ് എലിസബത്ത് ടവർ എന്ന പേര് നൽകിയത്. 

ക്ലോക്കിന് മുകളിലുള്ള ബെൽഫ്രയിമിൽ അഞ്ച് മണികൾ തൂങ്ങിക്കിടക്കുന്നു. ഓരോ കാൽ മണിക്കൂറിലും നാല്‌ ക്വാർട്ടർ ബെല്ലുകൾ അടിക്കുന്നു. ഏറ്റവും വലിയ മണി, മണിക്കൂറുകൾ അടിക്കുന്നു. ഔദ്യോഗികമായി ദി ഗ്രേറ്റ് ബെൽ ഓഫ് വെസ്റ്റ്മിൻസ്റ്റർ എന്നും ഇതിനെ വിളിക്കപ്പെടുന്നു. സാധാരണയായി ഇത് 

ബിഗ്ബെൻ എന്ന് അറിയപ്പെടുന്നു. 13.8 ടൺ ഭാരമുള്ളബ്രിട്ടനിലെ മൂന്നാമത്തെ ഭാരമുളള മണിയാണിത്. 

എലിസബത്ത് ടവറിന്റെ മുകളിലെ വിളക്കിൽ അയർട്ടൺ ലൈറ്റുണ്ട്. ഇരുട്ടിയ ശേഷം പാർലമെന്റിന്റെ ഏതെങ്കിലും ഹൗസിൽ ആളുകൾ ഉണ്ടെങ്കിൽ, അത് കത്തുന്നു. അതുവഴി അംഗങ്ങൾ ജോലിയിലാണോ എന്ന് ബക്കിംഗ് ഹാം പാലസിൽ ഇരുന്ന് കാണാൻ കഴിയും. 

കൊട്ടാരത്തിന്റെ മൂന്ന് പ്രധാന ഗോപുരങ്ങളിൽ ഏറ്റവും ചെറുത് അഷ്ടഭുജാകൃതിയിലുള്ള സെൻട്രൽ ടവറാണ്. കെട്ടിടത്തിന്റെ മധ്യഭാഗത്ത് സെൻട്രൽ ലോബിക്ക് തൊട്ടുമുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കൊട്ടാരത്തിന്റെ നിരവധി ഗോപുരങ്ങൾ കെട്ടിടത്തിന്റെ ആകാശരേഖയെ സജീവമാക്കുന്നു. വെസ്റ്റ്മിൻസ്റ്റർ ഹാളിനും ഓൾഡ് പാലസ് യാർഡിനും ഇടയിൽ പടിഞ്ഞാറ് വശത്തെ മുൻഭാഗത്തായാണ്  സെന്റ് സ്‌റ്റീഫൻസ് ടവർ സ്ഥിതി ചെയ്യുന്നത്. കൂടാതെ സെന്റ്‌ സ്റ്റീഫൻസ് എൻട്രൻസ് എന്നറിയപ്പെടുന്ന പാർലമെന്റിന്റെ ഹൗസുകളിലേക്കുള്ള പൊതുപ്രവേശന കവാടവും ഇവിടെയാണ്.

നദീമുഖത്തിന്റെ വടക്കും തെക്കും അറ്റത്തുള്ള പവിലിയനുകളെ യഥാക്രമം സ്പീക്കേർസ് ടവർ എന്നും ചാൻസലേഴ്സ് ടവർ എന്നും വിളിക്കുന്നു.

കൊട്ടാരത്തിൽ നാല് നിലകളായി പരന്നുകിടക്കുന്ന 1100-ലധികം മുറികളും 100 ഗോവണി പടികളും നിരവധി പാതകളും ഉണ്ട്.

താഴത്തെ നിലയിൽ ഓഫീസുകളും ഡൈനിംഗ് റൂമുകളും ബാറുകളും ഉണ്ട്. പ്രിൻസിപ്പൽ ഫ്ളോർ എന്നറിയപ്പെടുന്ന ഒന്നാം നിലയിൽ കൊട്ടാരത്തിന്റെ പ്രധാന മുറികൾ, ഡിബേറ്റിംഗ് ചേമ്പറുകൾ, ലോബികൾ, ലൈബ്രറികൾ എന്നിവ ഉൾപ്പെടുന്നു. മുകളിലെ രണ്ട് നിലകൾ കമ്മിറ്റി മുറികളായും ഓഫീസുകളായും ഉപയോഗിക്കുന്നു.

കൊട്ടാരത്തിലേക്കുള്ള ഏറ്റവും വലിയ പ്രവേശന കവാടം വിക്ടോറിയ ടവറിന് താഴെയുള്ള സോറിൻ എൻട്രൻസാണ്. പാർലമെന്റിന്റെ സംസ്ഥാന ഉദ്ഘാടനത്തിനായി എല്ലാ വർഷവും ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വണ്ടിയിൽ യാത്ര ചെയ്യുന്ന രാജാവിന്റെ ഉപയോഗത്തിന് വേണ്ടിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

കൊട്ടാരത്തിന് ചുറ്റും നിരവധി ചെറിയ പൂന്തോട്ടങ്ങളുണ്ട്. കൊട്ടാരത്തിന് തെക്ക് നദിക്കരയിൽ പൊതുജനങ്ങൾക്കായി, ഒരു പാർക്ക് തുറന്നിട്ടുണ്ട്. 

പാർലമെന്റിന്റെ പരിസരത്ത് ഒരു മണിക്കൂറിലധികം ഞങ്ങൾ ചിലവഴിച്ചു. വിസ്മയകരമായ കാഴ്ചകൾ കണ്ട സംതൃപ്തിയോടെ, അവിടെ നിന്നും അടുത്ത സ്ഥലം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.

(തുടരും)


see it

ഭാഗം 17

മനസ്സിനെ കോരിത്തരിപ്പിക്കുന്ന വിസ്മയകരമായ കാഴ്ചകൾക്ക്‌ ശേഷം നൂറ്റാണ്ടിന്റെ ചരിത്രങ്ങൾ പറയാനുള്ള ബക്കിംഗ്ഹാം പാലസിലേക്കാണ് ഞങ്ങൾ പോയത്. 10.45 ന് നടക്കുന്ന ഗാർഡ് മാറൽ ചടങ്ങ് കാണുവാനായി, ഞങ്ങൾ ധൃതിയിൽ നടന്നു. രാജവീഥിയുടെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽക്കൂടി ജനം അവിടേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു. 

അതിപുരാതനവും ചരിത്രപ്രാധാന്യവുമുള്ള വെസ്റ്റ്മിൻസ്റ്റർ ആബിയുടെ മുന്നിൽക്കൂടി ആയിരുന്നു ഞങ്ങൾ നടന്നത്. സമയം പോയതിനാൽ, തിരികെവരുമ്പോൾ ആബി ചർച്ച് സന്ദർശിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

പത്ത് മിനിറ്റ് സമയം കൊണ്ട് ഞങ്ങൾ ജെയിംസ് പാലസിന്റെ മുന്നിലെത്തി. കെട്ടാരത്തിന്റെ നടുമുറ്റത്ത് നടന്നുകൊണ്ടിരുന്ന  സൈനികരുടെ  പരേഡ്, മതിലിന് വെളിയിൽ നിന്നുകൊണ്ട് നോക്കിക്കാണുന്ന സഞ്ചാരികളുടെ ഇടയിൽ ഞങ്ങളും സ്ഥാനം പിടിച്ചു. ചുവന്ന കുപ്പായങ്ങൾ ധരിച്ച് സൈനിക ബാൻഡിന്റെ അകമ്പടിയോടെ നടത്തുന്ന മാർച്ച്, കൗതുകത്തോടെ ഞങ്ങൾ കണ്ടുനിന്നു. 

അവിടെ നിന്നും കൊട്ടാരത്തിനടുത്തെത്തുന്ന പ്രധാന റോഡിൽക്കൂടി നടന്ന് പാലസിന്റെ ഗേറ്റിന് പുറത്തെത്തി, ചടങ്ങുകൾ നന്നായി കാണാൻ സാധിക്കുന്ന ഒരു സ്ഥലത്ത് ക്ഷമയോടെ കാത്തുനിന്നു.

ബക്കിംഗ്ഹാം കൊട്ടാരം, സെന്റ് ജയിംസ് പാലസ്. വെല്ലിംഗ്ടൺ ബാരക്ക് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് ഗാർഡ് മാറ്റം നടക്കുന്നത്. 

പഴയ ഗാഡിന്റെ പരിശോധന ഉൾപ്പെടെ വിവിധഘട്ടങ്ങളായാണ് ഈ ചടങ്ങ് നടക്കുന്നത്. മൂന്ന് സ്ഥലങ്ങളുടേയും പരിസര ഭാഗങ്ങളിൽ നിന്നും ജനങ്ങൾക്ക് സൗജന്യമായി ഈ ചടങ്ങുകൾ ദർശിക്കാവുന്നതാണ്.  ബേർഡ്കേജ് വാക്കിൽ, സെന്റ് ജയിംസ് പാർക്കിന്റെ അരികിലായിട്ടാണ് വെല്ലിംഗ്ടൺ ബാരക്ക് സ്ഥിതിചെയ്യുന്നത്.

with your eyes

മറ്റ് കൊട്ടാരങ്ങളിലും രാജകീയ വസതികളിലും നടക്കുന്ന ഗാർഡ് മാറുന്ന ചടങ്ങുകൾക്ക് അടിസ്ഥാനമായ ഒരു പരമ്പരാഗത ഫോർമാറ്റാണ് ബക്കിംഗ് ഹാം കൊട്ടാരത്തിലും സ്വീകരിച്ചിട്ടുള്ളത്.

ബാൻഡിന്റെ അകമ്പടിയോടെ, കൊട്ടാരത്തിന് മുന്നിൽ രൂപം കൊള്ളുന്ന, ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ, വെല്ലിംഗ്ടൺ ബാരക്കിൽ നിന്ന് വരുന്ന പുതിയ ഗാർഡിൽ നിന്നും ചാർജ് ഏറ്റെടുക്കുന്നു. 

ഉത്തരവാദിത്തങ്ങളുടെ ഔപചാരികമായ കൈമാറ്റത്തെയാണ് ഈ ചടങ്ങുകൾ പ്രതിനിധീകരിക്കുന്നത്. ബക്കിംഗ് ഹാം കൊട്ടാരത്തിലെ കാവൽപട്ടാളത്തിനെ, ക്വീൻസ് ഗാർഡ്സ് എന്നാണ് അറിയപ്പെടുന്നത്. കരടിയുടെ രോമം കൊണ്ട് നിർമിച്ച തലപ്പാവ് പോലെയുള്ള ഉയരം കൂടിയ തൊപ്പിയാണ് ഇവർ ധരിക്കുന്നത്. 

പഴയ ഗാർഡിന്റേയും പുതിയ ഗാർഡിന്റേയും സൈനികർ റെജിമെന്റൽ പതാകകൾ വഹിക്കുന്നു. ഏകദേശം 45 മിനിറ്റ് നേരം ചടങ്ങുകൾ നീണ്ടുനിൽക്കുന്നു. നേരത്തേ എത്തി സ്ഥലം പിടിച്ചിരിക്കുന്ന വലിയൊരു ജനക്കൂട്ടം തന്നെ കൊട്ടാരത്തിന്റെ ഗേറ്റിന് പുറത്തുണ്ട്. 

രാവിലെ 10 മണി മുതൽ സെന്റ് ജയിംസ് പാലസിലും വെല്ലിംഗ്ടൺ ബാരക്കിലും സൈനികർ ഒത്തുകൂടുകയും സംഗീതത്തിന്റെ അകമ്പടിയോടെ കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്യുകയും ചെയ്യുന്നു. 

ചടങ്ങുകളുടെ സുരക്ഷിതവും സുഗമവുമായ പരിപാടികൾ ഉറപ്പാക്കാൻ, പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിട്ടുണ്ട്. സ്വകാര്യ സ്വത്തുക്കൾ സ്വക്ഷിക്കണമെന്നുള്ള മുന്നറിയിപ്പും അവർ ജനങ്ങൾക്ക് നൽകുന്നുണ്ട്. 

ബക്കിംഗ്ഹാം കൊട്ടാരത്തിലും വിൻഡ്സർ കാസിലിലും ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഐതിഹാസികമായ ഈ ചടങ്ങ് 'ഗാർഡ് മൗണ്ടിംഗ്'  എന്ന പേരിലും അറിയപ്പെടുന്നു. ജനപ്രിയമായ ഈ ചടങ്ങ്, ബ്രിട്ടീഷ് രാജവാഴ്ചയുടെ ദീർഘകാല പാരമ്പര്യത്തിന്റെ തുടർച്ചയുടേയും സ്ഥിരതയുടേയും പ്രതീകമാണ്.  വളരെ കൃത്യതയോടെയും ശ്രദ്ധയോടെയും കൊട്ടാരത്തിന്റെ കവാടത്തിൽ നടത്തുന്ന ഈ ചടങ്ങിൽ പഴയ ഗാർഡ് പുതിയ ഗാർഡിന് ചുമതലകൾ കൈമാറുന്നു. സൈനിക പാരമ്പര്യത്തിന്റേയും ആർഭാടങ്ങളുടേയും ഒരു പ്രദർശനം മാത്രമല്ല, വളരെ പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യം കൂടി ഈ ചടങ്ങുകൾ കൊണ്ട് അർത്ഥമാക്കുന്നുണ്ട്. എല്ലായ്പ്പോഴും മികച്ച കാവൽക്കാരാൽ കൊട്ടാരം സംരക്ഷിക്കപ്പെടുകയും ചാൾസ് മുന്നാമൻ രാജാവ് ഉൾപ്പെടെയുള്ള നിവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു. 

സ്വപ്നഭൂമിമിയായ ലണ്ടനിലെ, രാജകുടുംബത്തിന്റെ തലമുറകൾ വസിച്ചിരുന്ന ബക്കിംഗ്ഹാം പാലസിന്റെ തൊട്ടുമുന്നിൽ ആത്മഹർഷത്തോടെ ഞാൻ നിന്നു. 

പാഠപുസ്തകങ്ങളിൽ കൂടി നേടിയ അറിവുകളുടെ നേർക്കാഴ്ചകളിൽ സ്വയം അഭിമാനം തോന്നിയ കുറേ നിമിഷങ്ങളായിരുന്നു അത്.

(തുടരും)


bukingham palace

ഭാഗം 18

ലണ്ടനിലെ ഒരു രാജകീയവസതിയും  യു. കെയിലെ രാജാവിന്റെ ഭരണപരമായ ആസ്ഥാനവുമാണ്  ബക്കിംഗ്ഹാം പാലസ്  1762 ൽ ജോർജ് മൂന്നാമൻ, തന്റെ ഭാര്യ, ഷാർലറ്റ് രാജ്ഞിക്ക് വേണ്ടി വാങ്ങിയ ഈ കൊട്ടാരം ക്വീൻസ് ഹൗസ് എന്നറിയപ്പെട്ടിരുന്നു. 

ജോർജ് നാലാമന്റെ കാലത്ത് പല രൂപമാറ്റങ്ങളും വരുത്തി ബക്കിംഗ്ഹാം പാലസാക്കി വികസിപ്പിച്ചെടുത്തു. വിക്ടോറിയ രാജ്ഞിയാണ് അവിടെ ജീവിച്ച ആദ്യത്തെ പരമാധികാരി

വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം പലപ്പോഴും സംസ്ഥാന ചടങ്ങുകളുടേയും രാജകീയ ആതിഥ്യമര്യാദകളുടേയും കേന്ദ്രമാണ്. വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തോടെ ബക്കിംഗ്ഹാം കൊട്ടാരം ബ്രിട്ടീഷ് രാജാവിന്റെ ലണ്ടൻ വസതിയായി മാറി.

വിധവയായതിന് ശേഷം, രാജ്ഞി ആഡംബര ജീവിതത്തിൽ നിന്ന് പിന്മാറുകയും കൊട്ടാരം വിട്ട് വിൻഡ്സർ കാസിൽ, ബാൽമോറൽ കാസിൽ എന്നിവിടങ്ങളിൽ താമസിക്കുകയും ചെയ്തു. 

ലോക മഹായുദ്ധങ്ങളിൽ ഭാഗികമായി തകർന്ന കൊട്ടാരം, പിന്നീട് പുന:സ്ഥാപിച്ചിട്ടുള്ളതാണ് ഇന്ന് കാണുന്ന രാജകൊട്ടാരം.

കൊട്ടാരത്തിലെ പല ഉള്ളടക്കങ്ങളും ചാൾസ് മൂന്നാമൻ രാജാവിന്റെ അധീനതയിലും വിശ്വാസത്തിലുമാണ്. റോയൽ മ്യൂസിന് സമീപമുളള ക്വീൻസ് ഗാലറിയിൽ അവയൊക്കെ പലതവണ പ്രദർശിപ്പിച്ചിട്ടുണ്ട്.

ബക്കിംഗ്ഹാം കൊട്ടാരം നിലവിൽ, ബ്രിട്ടീഷ് രാജവാഴ്ചയുടെ പ്രതീകവും ഭവനവും ഒരു ആർട്ട്  ഗാലറിയും വിനോദ സഞ്ചാര കേന്ദ്രവുമാണ്.

കൊട്ടാരത്തിനുള്ളിൽ 775 മുറികളുണ്ടെന്നാണ് പറയപ്പെടുന്നത്.  പാലസിന്റെ ഉള്ളിലേക്കുള്ള പ്രവേശനം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. 

കൊട്ടാരത്തിന്റെ പിൻഭാഗത്ത് വലുതും പാർക്ക് പോലെയുള്ളതുമായ ഒരു പൂന്തോട്ടമുണ്ട്. ഏക്കറുകളോളം വിസ്തൃതിയുള്ള ഇവിടെ ഒരു ഹെലികോപ്റ്റർ ലാൻഡിംഗ് ഏരിയ, ഒരു തടാകം, ഒരു ടെന്നീസ് കോർട്ട് എന്നിവ ഉൾക്കൊള്ളുന്നു.

ഇവിടുത്തെ ഏറ്റവും വലുതും ഔപചാരികവുമായ സ്വീകരണം, നവംബറിൽ രാജാവ്, നയതന്ത്ര സേനാംഗങ്ങളെ സൽക്കരിക്കുന്ന സമയത്താണ് നടക്കുന്നത്.

പാലസിനോട് ചേർന്നുള്ള റോയൽ മ്യൂസിൽ ഗോൾഡ് സ്റ്റേറ്റ് കോച്ച് ഉൾപ്പെടെയുള്ള രാജകീയ വണ്ടികൾ ഉണ്ട്. വില്യം നാലാമൻ മുതൽ ചാൾസ് മൂന്നാമന്റെ വരെ കിരീടധാരണത്തിന് ഉപയോഗിച്ചിട്ടുള്ളതാണ് ഈ  വണ്ടികൾ. 

രാജകീയ ആചാരപരമായ ഘോഷയാതകളിൽ ഉപയോഗിക്കുന്ന കോച്ച് കുതിരകളേയും മ്യൂസിൽ പാർപ്പിച്ചിരിക്കുന്നു. കൂടാതെ രാജകുടുംബം ഉപയോഗിച്ചിരുന്ന പല കാറുകളും അവിടെയുണ്ട്.

കൊട്ടാരത്തിലേക്കുള്ള ആചാരപരമായ സമീപന പാതയായ 'ദി മാൾ' വിക്ടോറിയ രാജ്ഞിയുടെ മഹത്തായ സ്മാരകത്തിന്റെ ഭാഗമായി നിർമിച്ചിട്ടുള്ളതാണ്. ഇത്, അഡ്മിറൽ ആർച്ച് മുതൽ സെന്റ് ജയിംസ് പാർക്കിന് കുറുകെ വിക്ടോറിയ മെമ്മോറിയൽ വരെ നീളുന്നു. 

സന്ദർശകരായ രാഷ്ട്രത്തലവന്മാരുടെ കുതിരപ്പടയും മോട്ടോർ കേഡുകളും രാജകുടുംബവും ഈ റൂട്ട് ഉപയോഗിക്കുന്നു.

കൊട്ടാരവും പരിസരവും ഗാർഡ് മാറ്റച്ചടങ്ങുകളുമെല്ലാം നേരിട്ട് കാണാനുള്ള സൗഭാഗ്യം ലഭിച്ചതിന്റെ ചാരിതാർത്ഥ്യത്തിൽ അവിടെ നിന്നും ഏക്കറുകളോളം പരന്നു  കിടക്കുന്ന സെന്റ് ജയിംസ് പാർക്കിൽ പോയിരുന്ന്, അല്പനേരം ഞങ്ങൾ വിശ്രമിച്ചു.

മനോഹരമായ സെന്റ് ജയിംസ് തടാകവും വെസ്റ്റ് ഐലൻഡ്, ഡക്ക് ഐലന്റ് എന്നീ രണ്ട് ദ്വിപുകളും ഇവിടെയുണ്ട്.

തടാകത്തിന് കുറുകേയുള്ള നീല നിറത്തിലുള്ള പാലത്തിൽ നിൽക്കുമ്പോൾ, പടിഞ്ഞാറ് ഭാഗത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ കാഴ്ച ലഭിക്കുന്നു. 

കിഴക്ക് വശത്തുള്ള ഡക്ക് ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ഫൗണ്ടനും തടാകത്തിന് അപ്പുറത്ത് കുതിര ഗാർഡ്സ് പരേഡിന്റെ ഗ്രൗണ്ടും പിന്നിൽ വൈറ്റ്ഹാൾ കോർട്ടും ഉൾപ്പെടുന്നു.

ഡക്ക് ദ്വീപിന്റെ തെക്ക് ഭാഗത്ത് പെലിക്കൻ പാറയിലെ ടിഫാനി ജലധാരയുണ്ട്. ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ്, ലണ്ടൻ ഐ, ഷെൽടവർ, ഷാർഡ് കെട്ടിടം എന്നിവയും തടാകത്തിന്റെ മറുവശത്താണ്. കുട്ടികളുടെ ഒരു കളിസ്ഥലവും ഇവിടെയുണ്ട്. 

പടിഞ്ഞാറ് ബക്കിംഗ്ഹാം കൊട്ടാരം, വടക്ക് ദി മാൾ, കിഴക്ക് ഹോഴ്സ് ഗാർഡ്സ് തെക്ക് ബേർഡ്കേജ് വാക്ക് എന്നിവയാണ് പാർക്കിന്റെ അതിർത്തികൾ.

ലണ്ടനിലെ റോയൽ പാർക്കുകളിൽ ഏറ്റവും രാജകീയമായത് ഇതാണ്. തലമുറകളുടെ രാജാക്കന്മാർ രൂപകല്പന ചെയ്തതും മൂന്ന് രാജകൊട്ടാരങ്ങളാൽ അതിർത്തി പങ്കിടുന്നതുമായ ഈ പാർക്ക്, തലസ്ഥാനത്തെ ആചാരപരമായ പരിപാടികളുടെ ഭവനമാണ്.  

രാജകീയ വിവാഹങ്ങളും ജൂബിലികളും മുതൽ സൈനിക പരേഡുകളും സംസ്ഥാന ആഘോഷങ്ങളും വരെ ചരിത്രം സൃഷ്ടിച്ച പാർക്കാണിത്. സ്കാർലറ്റ് ട്യൂണിക്കുകൾ ധരിച്ച പട്ടാളക്കാരുടെ മാർച്ച് മുതൽ മനോഹരമായ പൂന്തോട്ടങ്ങളും സന്ദർശകരെ അഭിവാദ്യം ചെയ്തുകൊണ്ട് തടാകത്തിലും കരയിലെ ബഞ്ചുകളിലും ഇരിക്കുന്ന പെലിക്കൻസ് വരെ ഇവിടെയുണ്ട്.

കൊട്ടാര പരിസരത്തെ ജനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ട് മനോഹരമായ തണൽ മരങ്ങളും പുൽത്തകിടികളും പൂക്കളും ജലപക്ഷികളുടെ സമൃദ്ധിയും നിറഞ്ഞ വിശാലമായ പാർക്കിലെ നടപ്പാതയിലൂടെ ഞങ്ങൾ നടന്നു.

ബക്കിംഗ് ഹാം പാലസും ഈ പാർക്കും തമ്മിൽ 1843 അടി ദൂരമുണ്ടെന്നാണ് പറയപ്പെടുന്നത്. 

സെന്റ് ജയിംസ് പാർക്ക്, ഗ്രീൻ പാർക്ക്, വിക്ടോറിയ, വെസ്റ്റ്മിൻസ്റ്റർ എന്നിവയാണ് ഇതിന് ഏറ്റവും അടുത്തുള്ള ലണ്ടൻഭൂഗർഭ സ്റ്റേഷനുകൾ.

ഏകദേശം അര മണിക്കൂറോളം അവിടെ ചിലവഴിച്ചിട്ട്, ഞങ്ങൾ അടുത്ത സ്ഥലത്തേയ്ക്ക് നടന്നു.

(തുടരും)


visit france

ഭാഗം 19

സെന്റ് ജയിംസ് പാർക്കിൽ നിന്നും ഞങ്ങൾ നടന്നെത്തിയത് ചരിത്ര പ്രാധാന്യമുള്ള ട്രാഫൽഗർ സ്ക്വയറിലേക്കാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചാറിംഗ് ക്രോസ് എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് ചുറ്റും സ്ഥാപിക്കപ്പെട്ട ഒരു പൊതുചത്വരമാണ് ഇത്. പതിനെട്ടാം നൂറ്റാണ്ടിൽ ട്രാഫൽഗർ തീരത്ത് വച്ച് നടന്ന നെപ്പോളിയൻ യുദ്ധങ്ങളിൽ ബ്രിട്ടീഷ് നാവികസേന, വിജയം കൈവരിച്ചതിന്റെ ഓർമയ്ക്കായാണ് ചത്വരത്തിന് ഈ പേര് നൽകിയിരിക്കുന്നത്. 

പുരാതന കാലം മുതൽ ട്രാഫൽഗർ സ്ക്വയറിന് ചുറ്റുമുള്ള സ്ഥലം ഒരു പ്രധാന നാഴികക്കല്ലായിരുന്നു. മ്യൂസിയങ്ങൾ, ഗാലറികൾ, സാംസ്കാരിക ഇടങ്ങൾ, ചരിത്രപരമായ കെട്ടിടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് ഈ സ്ക്വയർ. 

travel abroad

ചതുരത്തിന്റെ മധ്യഭാഗത്തുള്ള  ജലധാരകളാൽ ആകർഷണിയമാക്കിയ നെൽസൺസ് കോളം, ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നെൽസൺ കോളത്തിന്റെ അടിത്തട്ടിൽ വെങ്കല സിംഹങ്ങൾ കാവൽ നിൽക്കുന്നുണ്ട്. ജലധാരകളിൽ മത്സ്യകന്യകകൾ, ഡോൾഫിനുകൾ, ട്രൈറ്റണുകൾ (മത്സ്യങ്ങളെപ്പോലെ വാലുള്ള പുരുഷ രൂപങ്ങൾ) തുടങ്ങിയവ സ്ഥാപിച്ചിരിക്കുന്നു. നാല് സിംഹപ്രതിമകളും നിരവധി സ്മരണിക പ്രതിമകളും ശില്പങ്ങളും ഇവിടെ ഉൾക്കൊള്ളുന്നു. പുതുവത്സരരാവിൽ വാർഷിക ആഘോഷങ്ങളുടെ കേന്ദ്രമാണ് ഈ സ്ക്വയർ. 

ഗ്രേറ്റർ ലണ്ടൻ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്ക്വയർ. സമീപത്തുള്ള ദേശീയ ഗാലറിയുടെ മുന്നിലെ മൂന്ന് വശത്തുള്ള റോഡുകളും വടക്കുവശത്തുള്ള ടെറസ് അടങ്ങിയ വലിയ മധ്യഭാഗവും ഈ ചതുരത്തിൽ ഉൾക്കൊള്ളുന്നു. മധ്യഭാഗത്തിലെ സ്തംഭത്തിന് മുകളിൽ, ട്രാഫൽഗർ യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ച ഹൊറേഷ്യോ നെൽസന്റെ പ്രതിമയുമുണ്ട്.

ചതുരത്തിന്റെ വടക്ക്- പടിഞ്ഞാറ് മൂലയിലുള്ള നാലാം തൂൺ എന്നറിയപ്പെടുന്ന ശൂന്യമായ സ്തംഭം താൽക്കാലിക കലാസ്യഷ്ടികൾ കാണിക്കാൻ ഉപയോഗിക്കുന്നു. തെക്ക് ഭാഗത്ത് ചാൾസ് ഒന്നാമന്റെ വെങ്കല കുതിരസവാരി പ്രതിമയുണ്ട്. കൂടാതെ, വടക്ക് കിഴക്കൻ മൂലയിൽ ഒരു ഗ്രാനൈറ്റ് പീഠത്തിൽ സർ ഫ്രാൻസിസ് ചാന്ററിയുടെ വെങ്കല  കുതിരസവാരി പ്രതിമയും നിലകൊള്ളുന്നു.

Trafalgar Square

സ്ക്വയറിന് ചുറ്റും വടക്ക് ഭാഗത്ത് നാഷണൽ ഗാലറിയും കിഴക്ക് ദക്ഷിണാഫ്രിക്ക ഹൗസും ചതുരത്തിന് കുറുകെ അഭിമുഖമായി കാനഡ ഹൗസും ഉണ്ട്. 

തെക്ക് പടിഞ്ഞാറ് കാണുന്ന  'ദി മാൾ', അഡ്മിറൽ ആർച്ച് വഴി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നയിക്കുന്നു. നാഷ്ണൽ ഗാലറിക്കും പള്ളിക്കും ഇടയിൽ ചാറിംഗ് ക്രോസ് റോഡ് കടന്നുപോകുന്നു.

സ്ക്വയർ ഇപ്പോൾ നാഷണൽ ഗാലറിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കഫേ, പൊതു ടോയ്ലറ്റുകൾ, വികലാംഗർക്ക് പ്രവേശിക്കാനായുള്ള ലിഫ്റ്റ് എന്നിവയും ഇവിടെയുണ്ട്.

ദേശീയ ജനാധിപത്യത്തിന്റെയും പ്രതിഷേധത്തിന്റേയും കേന്ദ്ര മായ ഇവിടെ, വിവിധ രാഷ്ട്രീയ, മത, പൊതുവിഷയങ്ങളിൽ റാലികളും പ്രകടനങ്ങളും വാരാന്ത്യങ്ങളിൽ നടക്കുന്നുണ്ട്.

ലണ്ടൻ ഭൂഗർഭ റെയിൽവേയുടെ ചാറിംഗ് ക്രോസ് സ്റ്റേഷന്, ഇവിടെ ഒരു എക്സിറ്റ് ഉണ്ട്. നെൽസൺ കോളത്തിന്റെ മതിലിനരികിൽ, ജലധാരയുടെ നനുത്ത സ്പർശനമേറ്റ് കുറച്ചുനേരം നിന്നു. 

സഞ്ചാരികൾ തിങ്ങിനിറഞ്ഞ ട്രാഫൽഗർ സ്ക്വയറിൽ നിന്നും ഞങ്ങൾ ഇറങ്ങി, അതിപ്രശസ്തമായ 'ലണ്ടൻ ഐ' ലക്ഷ്യമാക്കി  നടന്നു.

ട്രാഫൽഗർ സ്ക്വയറിനു ലണ്ടൻ ഐക്കും ഇടയിൽ ഏകദേശം രണ്ട് കി.മീറ്റർ ദൂരമുണ്ട്. കാൽ നടയായി എത്താൻ കുറഞ്ഞത് പത്ത് മിനിറ്റുകൾ എടുക്കും.

തേംസ് നദിക്ക് കുറുകെയുള്ള ഗോൾഡൻ ജൂബിലി പാലത്തിന്റെ മുകളിലുടെ നടന്ന് ഞങ്ങൾ അക്കരെയെത്തി. പാലത്തിൽ നിന്നുകൊണ്ടുതന്നെ ദൃശ്യമായ ലണ്ടൻ ഐ, വിസ്മയകരമായ ഒരു കാഴ്ച തന്നെ ആയിരുന്നു. തേംസ് നദിയുടെ തെക്കേകരയിലുള്ള ഒരു ഭീമൻ ഫെറിസ് വീലാണ് ലണ്ടൻ ഐ.

travel europe

പാലത്തിൽ നിന്നും താഴെയിറങ്ങി 'ബിറ്റ് വീൻ ദി ബ്രിഡ്ജസി'ലേക്ക് നടന്നു. വാട്ടർ ലൂ ബ്രിഡ്ജിനും ലണ്ടൻ ഐക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ്മിൻസ്റ്റർ പാലത്തിന്റേയും ഗോൾഡൻ ജൂബിലി പാലത്തിലേയും ഇടയിലുള്ള സ്ട്രീറ്റ്, (between the bridges) ജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. 

ലണ്ടനിലെ ഏറ്റവും വലിയ ഔട്ട്ഡോർ ഡ്രിങ്ക് ഏരിയ, സ്ട്രീറ്റ് ഫുഡ്, ഡിജെകൾ തുടങ്ങി സജ്ജീകരിച്ചിരിക്കുന്ന സവിശേഷമായ ഒരു നദീതീര വേദിയാണ് ഇവിടം.

ലണ്ടനിലെ ഏറ്റവും വലിയ ബിയർ ഗാർഡൻ ഇവിടെയാണ്. സന്ദർശകർക്കായി ഡ്രിങ്ക്സ് ടേബിളുകൾ, പ്രതിവാര ഇവന്റുകൾ, ഫുഡ് സ്റ്റാളുകൾ എല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. ബിറ്റ് വീൻ ദി ബ്രിഡ്ജസിലേക്കുള്ള പ്രവേശനവും സൗജന്യമാണ്.

ലണ്ടൻ ഐയുടെ അതിശയകരമായ കാഴ്ചകളോടെ നദിക്ക് സമാന്തരമായി കിടക്കുന്ന ഈ തെരുവ്, അനൗപചാരിക ഒത്തുചേരലുകൾക്ക് അനുയോജ്യമാണ്.

എന്റെ ഇളയ സഹോദരിമാരുടെ മക്കളായ ടോണിയേയും രഞ്ചുവിനേയും കണ്ടുമുട്ടിയതും അവിടെ വച്ചാണ്. ലണ്ടനിൽ, കംപ്യൂട്ടർ മേഖലയിൽ ഹയർ സ്റ്റഡീസ് ചെയ്യുന്ന ടോണി, ഏറ്റവും ഇളയ സഹോദരിയുടെ മകനാണ്.

പലതവണ വിളിച്ച് സംസാരിക്കുകയും ലൊക്കേഷൻ അറിയിക്കുകയും മറ്റും ചെയ്തിരുന്നതിനാൽ, പ്രയാസം കൂടാതെ തന്നെ കണ്ടുമുട്ടുവാൻ സാധിച്ചു. ഒരു വർഷത്തിന് ശേഷം തമ്മിൽ കണ്ട സന്തോഷവും സ്നേഹവും പരസ്പരം പങ്ക് വച്ചു. പരിചയപ്പെടലും  കുശലാന്വേഷണങ്ങളും കഴിഞ്ഞ് ലണ്ടൻ ഐ യുടെ സമീപം ഞങ്ങളെത്തി.

അകത്ത് കയറാൻ ടിക്കറ്റെടുത്ത് കാത്ത് നിൽക്കുന്നവരുടെ ദൈർഘ്യമേറിയ നിരകണ്ട് ഞങ്ങൾ അമ്പരന്നു. എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ, ലഞ്ച് കഴിക്കാനായി സ്ട്രീറ്റിനകത്ത് തന്നെയുള്ള ഒരു ഗാർഡൻ റെസ്റ്റോറന്റിൽ കയറി.

(തുടരും)


ഭാഗം 20

ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾത്തന്നെ ലണ്ടൻ ഐയിൽ കയറുവാനുളള ടിക്കറ്റ്, ടോണി ഉൾപ്പെടെ എല്ലാവർക്കുമായി ഓൺലൈനിൽ പർച്ചയിസ് ചെയ്തു. വൈകിട്ട് ആറരമണി മുതൽ ഏഴരമണി വരെയുളള റൈഡിനായിരുന്നു ഞങ്ങൾ ബുക്ക് ചെയ്തത്.

ലണ്ടനിലെ പ്രശസ്തമായ ഒരു ഐ.റ്റി. കമ്പനിയിൽ രണ്ട് വർഷത്തോളമായി ജോലി ചെയ്യുന്ന, എന്റെ നേരേ ഇളയ സഹോദരിയുടെ മകൻ രഞ്ചുവും അപ്പോൾ അവിടെയെത്തി. ജോലിക്കിടയിൽ, രണ്ട് മണിക്കൂർ പെർമിഷൻ എടുത്തുകൊണ്ടാണ് അവൻ വന്നത്. വിശേഷങ്ങൾ പങ്ക് വച്ചുകൊണ്ടിരുന്നപ്പോൾ ഭക്ഷണവും എത്തി.

ഫുഡ് കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങി, എല്ലാവരും ചേർന്ന് ഫോട്ടോകൾ എടുത്തതിന് ശേഷം രഞ്ചു മടങ്ങിപ്പോയി.

അവിടെ നിന്നും പ്രശസ്തമായ സെന്റ് പോൾസ് കത്തീഡ്രലിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ അടുത്ത പരിപാടി. അവിടുത്തെ പ്രവേശന സമയം നാല് മണിവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഒട്ടും സമയം കളയാതെ ഞങ്ങൾ അവിടേയ്ക്ക് തിരിച്ചു. 

വഴിക്കാഴ്ചകളൊക്കെ കണ്ട് നടക്കുന്നതിനിടയിൽ, ലണ്ടനിലെ പുരാതനവും പ്രശസ്തവുമായ പല കെട്ടിടങ്ങളും കോളേജുകളും  മറ്റും കാണുവാനിടയായി.

ലണ്ടൻ ഐയിൽ നിന്നും ഏകദേശം 3 കി.മീറ്റർ ദൂരമുള്ള കത്തീഡ്രലിലേക്ക് മുപ്പത് മിനിറ്റുകൾ കൊണ്ടാണ് ഞങ്ങൾ നടന്നെത്തിയത്. 

ലണ്ടൻ ബിഷപ്പിന്റെ ആസ്ഥാനവും ലണ്ടൻ രൂപതയുടെ മാതൃ ദേവാലയവുമായ ഒരു ആംഗ്ലിക്കൻ കത്തീഡ്രലാണ് സെന്റ് പോൾസ് കത്തീഡ്രൽ. 

ലണ്ടൻ നഗരത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തുള്ള ലുഡ്ഗേറ്റ് ഹില്ലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. AD 604-ൽ പൗലോസ് അപ്പോസ്തലന്റെ നാമത്തിൽ സ്ഥാപിതമായതാണ് ഈ കത്തീഡ്രൽ.

palli

ലണ്ടനിലെ ഏറ്റവും പ്രശസ്തവും തിരിച്ചറിയാവുന്നതുമായ കാഴ്ചകളിലൊന്നാണ് ഇത്. ലിവർപൂൾ കത്തീഡ്രൽ കഴിഞ്ഞാൽ യു.കെ യിലെ ഏറ്റവും വലിയ രണ്ടാമത്തെ പളളിയാണ് സെന്റ് പോൾസ് കത്തീഡ്രൽ.

വിക്ടോറിയ രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങി, എലിസബത്ത് രാജ്ഞിയുടെ ജന്മദിനങ്ങളുടെ ശുശ്രൂഷകളും ചാൾസ് രാജകുമാരന്റേയും ലേഡി ഡയാന സ്പെൻസറിന്റേയും വിവാഹ ശുശ്രൂഷകളും ഇവിടെ വച്ചാണ് നടന്നിട്ടുള്ളത്. 

അഡ്മിറൽ ലോർഡ് നെൽസൺ, വെല്ലിഗ്ടൺ ഡ്യൂക്ക്, വിൻസ്‌റ്റൺ ചർച്ചിൽ, മാർഗരറ്റ് താച്ചർ തുടങ്ങിയ പ്രമുഖരുടെ ശവസംസ്കാരചടങ്ങുകൾ നടന്നതും ഇവിടെയാണ്. വെല്ലിംഗ്ടണിലെ പ്രഭുവായ നെൽസൺ പ്രഭു, നിരവധി ശ്രദ്ധേയരായ സൈനികർ, കലാകാരന്മാർ, ബുദ്ധിജീവികൾ തുടങ്ങി പ്രശസ്തരായ പലരും ഇന്നിവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.

പ്രാർത്ഥനകളും ദൈനംദിന സേവനങ്ങളും ഉള്ള ഒരു പ്രവർത്തിക്കുന്ന പള്ളിയാണിത്.  

പടിക്കെട്ടുകൾ കയറി, മുകളിലെത്തിയപ്പോഴേയ്ക്കും സമയം വൈകിയിരുന്നു. നാലുമണി വരെയുള്ള ടിക്കറ്റുകൾ കൊടുത്തു കഴിഞ്ഞിരുന്നതിനാൽ ഞങ്ങൾ നിരാശരായി.

പ്രവേശന കവാടത്തിൽ നിന്നിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് അകത്ത് കടക്കാനുള്ള സാധ്യതയെപ്പറ്റി അന്വേഷിച്ചു. അഞ്ചു മണി മുതൽ അര മണിക്കൂർ നേരം നടക്കുന്ന സന്ധ്യാപ്രാർത്ഥനയിൽ സൗജന്യമായി പങ്കെടുക്കാമെന്ന് അറിയിച്ചപ്പോൾ ഞങ്ങൾ സന്തോഷിച്ചു. പ്രാർത്ഥന നടക്കുന്നതിനിടയിൽ ഇറങ്ങിപ്പോകാൻ പാടില്ലെന്നും ഫോട്ടോകളും വീഡിയോകളും എടുക്കാൻ അനുമതിയില്ലെന്നും കൂടി അദ്ദേഹം പറഞ്ഞു.

ഏതായാലും പ്രാർത്ഥനയിൽ സംബന്ധിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. അനുവദിച്ച സമയത്തിനുള്ളിൽ ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കാൻ കാത്തുനിന്നവരുടെ നിര അവസാനിക്കുന്നതും നോക്കി ഞങ്ങൾ വെളിയിൽ കാത്ത് നിന്നു.

പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള ആരാധകരുടെ നിരയിൽ ഞങ്ങളും സ്ഥാനംപിടിച്ചു. ടിക്കറ്റൊന്നും കൂടാതെ അകത്ത് പ്രവേശിച്ച് മനോഹരമായ കത്തിഡ്രലിന്റെ ഉള്ളിലുള്ള വിസ്മയങ്ങൾ അത്ഭുതത്തോടെ നോക്കിക്കണ്ടു. 

ശാന്തവും സുന്ദരവുമായ അന്തരീക്ഷത്തിൽ നിശ്ശബ്ദത പാലിച്ചുകൊണ്ട്, ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചു. പ്രാർത്ഥനാ ഗീതങ്ങൾ അടങ്ങിയ ലീഫ് ലെറ്റുകൾ എല്ലാവർക്കും വിതരണം ചെയ്തുകൊണ്ട് ശുശ്രൂഷകർ തങ്ങളുടെ ചുമതലകൾ നിർവഹിച്ചു കൊണ്ടിരുന്നു.

കൃത്യസമയത്ത് തന്നെ എത്തിയ പുരോഹിതനെ കണ്ട്, ആദരവോടെ ജനം എഴുന്നേറ്റു നിന്നു. ബൈബിൾ വായനയോടെ ആരംഭിച്ച പ്രാർത്ഥനയിൽ ഭക്തിപുരസ്സരം ഞങ്ങളും പങ്ക് ചേർന്നു.

ചരിത്രത്തിന്റെ ഭാഗമായ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുക്കാൻ ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതുകയും നന്ദിപൂർവം ദൈവത്തെ സ്തുതിക്കുകയും ചെയ്തു. പ്രാർത്ഥന അവസാനിച്ച്, പുരോഹിതൻ മടങ്ങിയപ്പോൾ  ആളുകളിൽ ഭൂരിഭാഗവും പുറത്തേയ്ക്ക് പോയി. ഒരറ്റം മുതൽ പള്ളിക്കുള്ളിലെ അതിമനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്തു കൊണ്ട് കുറച്ച് സമയം ഞങ്ങളവിടെ ചിലവഴിച്ചു.

അതിമനോഹരമായ കലാരൂപങ്ങളും അതിലോലമായ കൊത്തുപണികൾക്കും പുറമേ, നിരവധി കലാകാരന്മാർ സൃഷ്ടിച്ച ആധുനിക സൃഷ്ടികളും സെന്റ് പോൾസ് കത്തീഡ്രലിലെ ആരാധനയെ സമ്പന്നമാക്കുന്നു. ഈ കത്തീഡ്രലിലെ താഴികക്കുടം, ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒന്നാണ്.

ലണ്ടൻ സ്കൈലൈനിൽ വളരെക്കാലമായി ആധിപത്യം പുലർത്തുന്ന സെന്റ് പോൾസിന്റെ പ്രശസ്തമായ താഴികക്കുടത്തിൽ മൂന്ന് ഷെല്ലുകൾ ഉൾക്കൊളളുന്നു. 

ഒരു പുറം താഴികക്കുടം, ഒരു അകത്തെ താഴികക്കുടം, പുറം താഴികക്കുടത്തിന് മുകളിലുള്ള കുരിശ്... തുടങ്ങി നിരവധി മനോഹരമായ നിർമിതികൾ ഈ പള്ളിയുടെ ആകർഷണങ്ങളാണ്.

തറനിരപ്പിൽ നിന്ന് ഏകദേശം 366 അടി മീറ്റർ ഉയരത്തിലാണ് ഈ കുരിശ്. കുരിശിന് താഴെയായി 850ടൺ ഭാരമുള്ള ഒരു വിളക്കും ഈയം പൊതിഞ്ഞ ഒരു താഴികക്കുടവും ഉണ്ട്. 

വിളക്കിന്റ അടിഭാഗത്ത് പ്രശസ്തമായ ഗോൾഡൻ ഗാലറിയാണ്. 101 അടി വ്യാസമുള്ള കൊത്തുപണികളുള്ള ഒരു ഷെല്ലും അകത്തെ താഴികക്കുടവും കത്തീഡ്രലിനു ള്ളിൽ നിന്നും കാണാവുന്നതാണ്. 

മുകളിലുള്ള വിസ്പർ ഗാലറിയിൽ നിന്നുള്ള അതിമനോഹരമായ ഒരു ദൃശ്യമാണത്.

ഗാലറിയുടെ ഒരു വശത്ത് നിന്നുളള വിസ്പർ, ഗാലറിയുടെ മറുവശത്ത് നിന്ന് കേൾക്കാമെന്നുള്ളതിനാലാണ് അങ്ങനെ വിളിക്കുന്നത്. ഈ ഗാലറിയുടെ ഉയരത്തിന് സമീപം, നിലത്ത് നിന്ന് കാണാത്ത 32 ബട്ടറുകളുടെ ഒരു വൃത്തമുണ്ട്. എട്ട് കൂറ്റൻ തൂണുകൾ താഴികക്കുട പ്രദേശത്തുള്ള നിർമിതികളെ കത്തീഡ്രലിന്റെ തറയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 

കത്തീഡ്രലിനുള്ളിൽ മുന്നൂറോളം സ്മാരകങ്ങളുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികർക്കായി സമർപ്പിക്കപ്പെട്ട ഒരു ചാപ്പലും ഇവിടെയുണ്ട്. 

സെന്റ് പോൾസ് കത്തിഡ്രലിൽ നിന്ന് 120 മീറ്റർ അകലെയുള്ള സെന്റ് പോൾസ് ആണ് ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള ലണ്ടൻ ഭൂഗർഭ സ്റ്റേഷൻ.

(തുടരും)


balamani amma

ഭാഗം 21

സെന്റ് പോൾസ് കത്തീഡ്രലിലെ ദൃശ്യ വിസ്മയങ്ങൾ മനസ്സിൽ നിറച്ചു കൊണ്ട് അവിടെ നിന്നും ഞങ്ങൾ പുറത്തിറങ്ങി. ആറര മണിക്ക് ലണ്ടൻ ഐയിൽ കയറുവാനുള്ള ടിക്കറ്റ് എടുത്തിരുന്നതിനാൽ, തിരിച്ച് നടന്നുപോകുവാനുള്ള സമയം ഉണ്ടായിരുന്നില്ല.

അഞ്ച്മിനിറ്റ് ഇടവേളയിൽ വന്നുകൊണ്ടിരുന്ന ഒരു സിറ്റി ബസ്സിൽ കയറി, ലണ്ടൻ ഐ യുടെ സമീപം ഞങ്ങൾ ഇറങ്ങി. ലണ്ടൻ ഐ യുടെ പ്രവേശന ഗേറ്റിന് അടുത്തെത്തിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. 

അകത്ത് കയാറാൻ കാത്തു നിന്നവരുടെ ക്യൂവിന്റെ നീളം, നേരത്തേ കണ്ടതിൽ നിന്നും നന്നേ കുറവായിരുന്നു. ടിക്കറ്റ് സ്കാൻ ചെയ്തതിന് ശേഷം നിവർത്തിപ്പിടിച്ചിരുന്ന കുടകൾ മടക്കി ഞങ്ങൾ അകത്ത് കയറി.

തേംസ് നദിയുടെ തെക്കേക്കരയിലുള്ള ഒരു ഐക്കണിക് നിരീക്ഷണ ചക്രമാണ് 'ലണ്ടൻ ഐ' അഥവാ മില്ലേനിയം വീൽ. അതിന്റെ ഗ്ലാസ്പോഡുകളിൽ നിന്ന് ലണ്ടൻ നഗരത്തിന്റെ കാഴ്ചകൾ തടസ്സം കൂടാതെ കാണാൻ സാധിക്കുന്നു. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയതും ജനപ്രിയമായതുമായ ഒരു നിരീക്ഷണ ചക്രമാണിത്.

ഇതിന്റെ ഘടനയ്ക്ക് 135 മീറ്റർ ഉയരവും 120 മീറ്റർ വ്യാസവുമുണ്ട്. 2000 ത്തിൽ ഇത് പെതുജനങ്ങൾക്കായി തുറന്നപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറിസ് വീലായിരുന്നു അത്.

വെസ്റ്റ്മിൻസ്റ്റർ പാലത്തിനും ഹംഗർഫോർഡ് പാലത്തിനും ഇടയിലുള്ള തേംസ് നദിയുടെ തെക്കേക്കരയിൽ ജൂബിലി ഗാർഡൻസിന്റെ പടിഞ്ഞാറൻ അറ്റത്തിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള ലണ്ടൻ ഭൂഗർഭ സ്റ്റേഷൻ, വാട്ടർലൂ ആണ്.

ആർക്കിടെക്ട് ദമ്പതികളായ ജൂലിയ ബാർഫീൽഡും ഡേവിഡ് മാർക്ക് ബാർഫീൽഡും ചേർന്നാണ് ലണ്ടൻ ഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1999 ഡിസംബർ 31 ന് ലണ്ടനിലെ പ്രധാനമന്ത്രി ടോണി ബ്ലെയറാണ്, ലണ്ടൻ ഐ ഔപചാരികമായി തുറന്നത്.

ചക്രത്തിൽ, സീൽ ചെയ്തതും എയർകണ്ടിഷൻ ചെയ്തതുമായ കണ്ണിന്റെ ആകൃതിയിലുള്ള 32 അണ്ഡാകാര പാസഞ്ചർ ക്യാപ്സ്യൂളുകളുണ്ട്. ഇവ ചക്രത്തിന്റെ ബാഹ്യ ചുറ്റളവിൽ ഘടിപ്പിച്ച് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച് തുറക്കുന്നു. 

അന്ധവിശ്വാസപരമായ കാരണങ്ങളാൽ 13 ഒഴിവാക്കി ഒന്ന് മുതൽ 33 വരെ ക്യാപ്സ്യൂളുകൾ അക്കമിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു 25 ആളുകളെ വരെ ഉൾക്കൊള്ളുന്ന ഓരോ ക്യാപ്സ്യൂളിനുള്ളിലും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ചുറ്റി നടന്ന് കാണുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. 

Inside london eye capsule

ചക്രം സെക്കന്റിൽ 26 സെന്റിമീറ്റർ ഭ്രമണം നടത്തുമ്പോൾ മണിക്കൂറിൽ ഏകദേശം 0.9 കി.മീ  (0.6 മൈൽ) ദൂരം സഞ്ചരിക്കുന്നു. ചക്രം ഒരു പ്രാവശ്യം കറങ്ങിത്തീരാൻ ഏകദേശം  30 മിനിറ്റ് എടുക്കും. 

സാധാരണയായി യാത്രക്കാരെ കയറ്റാനും ഇറക്കാനും ഇത് നിർത്താറില്ല. ഭൂനിരപ്പിൽ ചലിക്കുന്ന ക്യാപ്സ്യൂളുകൾക്ക് മുകളിലേക്കും പുറത്തേക്കും സഞ്ചരിക്കാൻ യാത്രക്കാരെ അനുവദിക്കുന്ന തരത്തിൽ ഇതിന്റെ റൊട്ടേഷൻ നിരക്ക് മന്ദഗതിയിലാണ്. 

വികാലാംഗർക്കും പ്രായമായവർക്കും സുരക്ഷിതമായി കയറാനും ഇറങ്ങാനും സമയം അനുവദിക്കുന്നതിന് മാത്രമാണ് ഇത് നിർത്താറുള്ളത്. രാത്രിയിൽ ചക്രം കൂടുതൽ ആകർഷണിയമാക്കാൻ വേണ്ടി ഒരു അലങ്കാര LED ലൈറ്റിംഗ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

ചക്രത്തിന്റെ ഹബ്ബ് രണ്ട് സപ്പോർട്ടുകളിലാണ് സ്ഥിതിചെയ്യുന്നത്. അവ നദീതീരത്തെ അടിത്തറയിൽ നങ്കൂരമിട്ട് 65 ഡിഗ്രി കോണിൽ നദിക്ക് മുകളിലൂടെ ചാഞ്ഞിരിക്കുന്നു. ഹബ്ബിന്റെ ഒരേ വശത്ത് അതിന്റെ രണ്ട് പിന്തുണകളും ഉള്ളതിനാൽ ചക്രം നദിക്ക് മുകളിലൂടെ നിലയുറപ്പിച്ചതായി പറയപ്പെടുന്നു. 

രണ്ടാമത്തെ അടിത്തറയിലേക്ക് നങ്കൂരമിട്ടിരിക്കുന്ന ആറ് ബാക്ക്സ്റ്റേ കേബിളുകൾ ഉപയോഗിച്ചാണ് ഘടനയുടെ മുഴുവൻ ഭാഗവും സ്ഥാപിച്ചിരിക്കുന്നത്. സൈക്കിൾ ചക്രത്തിന്റെ സ്പോക്കുകൾ പോലെ പ്രവർത്തിക്കുന്ന 64 കേബിളുകളാൽ അതിന്റെ ഹബ്ബ് ബന്ധിപ്പിച്ചിരിക്കുന്നു.

2013 ജൂൺ 2 ന് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച്, ഇതിന്റെ ഒരു പാസഞ്ചർ ക്യാപ്സ്യൂളിന് കൊറോണേഷൻ ക്യാപ്സ്യൂൾ എന്ന് പേരിട്ടു. 2020 മാർച്ചിൽ ലണ്ടൻ ഐ അതിന്റെ 20-ാം ജന്മദിനം ആഘോഷിക്കുകയും ചെയ്തു.

കറങ്ങിക്കൊണ്ടിരുന്ന ചക്രത്തിന്റെ തറനിരപ്പിലെത്തിയ ഒരു ക്യാപ്സ്യൂളിനുള്ളിൽ മറ്റ് യാത്രക്കാരോടൊപ്പം ഞങ്ങൾ കയറി. പുതിയൊരു അനുഭവത്തിൽ പുത്തനുണർവ് പ്രദാനം ചെയ്ത ഒരു പ്രത്യേക രീതിയിലുള്ള സഞ്ചാരമായിരുന്നു അത്.

View from london eye

വ്യത്യസ്തമായ ഉയരങ്ങളിൽ നിന്നുകൊണ്ട് കാണുന്ന ലണ്ടൻ നഗരത്തിന്റ കാഴ്ചകൾ, ആകാംക്ഷയും കൗതുകവും വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ചക്രത്തിന്റെ കറക്കത്തിൽ ഏറ്റവും മുകളിലെ പീക്ക് പോയിന്റിൽ എത്തിയ ഞങ്ങളുടെ ക്യാപ്സ്യൂളിൽ നിന്നുകൊണ്ട് വീക്ഷിച്ച, നാലു വശങ്ങളിലുമുള്ള മനോഹരമായ കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി. 

ഞങ്ങളെ പിൻതുടരുന്നതും കടന്നുപോയതുമായ മറ്റ് ക്യാപ്സ്യൂളുകളിലെ യാത്രക്കാരേയും കാണാൻ കഴിയുമായിരുന്നു. ക്യാപ്സൂളിന്റെ പല ഭാഗങ്ങളിലുള്ള വ്യൂ പോയിന്റുകളിൽ നിന്നുകൊണ്ട് ഫോട്ടോകളും വീഡിയോകളും എടുത്തു.

ഒരു പോയിന്റിൽ സജ്ജീകരിച്ചിട്ടുള്ള ചക്രത്തിലെ ക്യാമറയിലും ഞങ്ങളുടെ ഫോട്ടോകൾ പതിഞ്ഞു. ചക്രം കറങ്ങിത്തിരിഞ്ഞ്, തറനിരപ്പിലെത്തിയപ്പോൾ, അതിൽ നിന്നും ഞങ്ങൾ താഴെയിറങ്ങി. 

കൗണ്ടറിൽ പൈസയടച്ച്, ചക്രത്തിൽ കയറുന്നതിന് തൊട്ടുമുൻപ് എടുത്ത ഫോട്ടോയുടെ കോപ്പിയും വാങ്ങിക്കൊണ്ടാണ് ഞങ്ങൾ പുറത്തിറങ്ങിയത്. ജീവിതത്തിലെ അവിസ്മരണീയവും പുതുമയേറിയതുമായ ഒരനുഭവം ആയിരുന്നു അത്.

അപ്പോഴും പെയ്തു കൊണ്ടിരുന്ന മഴയിലൂടെ ഞങ്ങൾ നടന്ന്, സമീപത്ത് തന്നെയുള്ള ഒരു റെസ്റ്റോറന്റിൽ കയറി ഡിന്നർ കഴിച്ചതിന് ശേഷം അവിടെ നിന്നും അടുത്ത സ്ഥലം കാണുവാനായി പോയി.

(തുടരും)


palli

ഭാഗം 22

തോരാതെ പെയ്തു കൊണ്ടിരുന്ന മഴയിൽ, കുടയുണ്ടായിരുന്നിട്ടും എല്ലാവരും നനഞ്ഞു. വെസ്റ്റ്മിൻസ്റ്റർ ആബി സന്ദർശിക്കുവാൻ ആഗ്രഹിച്ചിരുന്നതിനാൽ, ഞങ്ങൾ അവിടേയ്ക്ക് പോയി. 


വെസ്റ്റ്മിൻസ്റ്റർ സിറ്റിയിലെ ഒരു ആംഗ്ലിക്കൻ പള്ളിയാണ് സെന്റ് പീറ്ററിന്റെ കൊളിജിയറ്റ് ചർച്ച് എന്ന് ഒദ്യോഗികമായി പേരിട്ടിരിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബി. 

പാർലമെന്റിന്റെ ഹൗസുകൾക്ക് പടിഞ്ഞാറ് വശത്തായി നിലകൊള്ളുന്ന ഇവിടം, ധാരാളം ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണം നടത്തിയ സ്ഥലവും അനേകം രാജാക്കൻമാരുടെ ശ്മശാന ഭൂമിയുമാണ്. നിരവധി രാജകീയ വിവാഹങ്ങളും ഇവിടെ വച്ച് നടത്തപ്പെട്ടിട്ടുണ്ട്.

പള്ളിയുടെ ഉത്ഭവം അവ്യക്തമാണെങ്കിലും പത്താം നൂറ്റാണ്ടിന്റെ മധ്യത്തോടെ സെന്റ് പീറ്ററിന്റെ നാമത്തിൽ ബെനഡിക്റ്റൈൻ സന്ന്യാസിമാരെ പാർപ്പിച്ചിരുന്ന ഒരു ആശ്രമം ഇവിടെ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. 

തേംസ് നദിയിലെ മത്സ്യത്തൊഴിലാളിയായ ഒരു യുവാവ്, ഈ സ്ഥലത്തിന് സമീപം വിശുദ്ധ പത്രോസിനെ ദർശിച്ചതായുള്ള ഒരു പാരമ്പര്യവും അവകാശപ്പെടുന്നു.

വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പതാകയിൽ രക്ഷാധികാരികളായ വിശുദ്ധ പത്രോസിന്റെ ചിഹ്നമായ താക്കോലും പള്ളി പുനർനിർമിച്ച വിശുദ്ധ എഡ്വേർഡ് കുമ്പസാരക്കാരന്റെ മോതിരവും സംയോജിപ്പിച്ചിരിക്കുന്നു.

വില്യം രാജകുമാരന്റേയും കാതറിൻ മിഡിൽ ടണിന്റേയും വിവാഹവും ഇവിടെ വച്ചാണ് നടന്നത്. ഫ്രഞ്ച് ഗോതിക് ശൈലിയിലുള്ള കെട്ടിടം, പ്രധാനമായും റീഗേറ്റ് സ്റ്റോൺ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്.

ആബിയുടെ ഉൾഭാഗം, കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും രക്തസാക്ഷികളുടെ പ്രതിമകളും കൊണ്ട് സമ്പന്നമാണ്. ചരിത്രപരമായ ആർക്കൈവുകളും ധാരാളം മനോഹരമായ  പെയിന്റിംഗുകളും പള്ളിയെ ആകർഷണീയമാക്കുന്നു. 

വില്യം ഷേക്സ്പിയർ ഉൾപ്പെടെയുള്ള കവികളുടേയും എഴുത്തുകാരുടേയും ശ്‌മശാനങ്ങളും സ്മാരകങ്ങളും ഉള്ള പള്ളിയുടെ തെക്ക് ഭാഗത്തിന്  'കവികളുടെ കോർണർ' എന്നാണ് അറിയപ്പെടുന്നത്.

ശാസ്തജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ശവകുടീരം ആബിയുടെ മധ്യഭാഗത്തായി കാണപ്പെടുന്നു.

വിക്ടോറിയ രാജ്ഞിയുടെ സുവർണജൂബിലി ആഘോഷമായിരുന്നു ഇവിടെ വച്ച് നടന്ന ആദ്യത്തെ ജൂബിലി ആഘോഷം. ബ്രിട്ടീഷ് രാജാവിന്റ അധികാര പദവിയിലുള്ള വെസ്റ്റ്മിൻസ്റ്റർ ആബിയെ 'രാജകീയ വിചിത്രം' എന്നും വിളിക്കപ്പെടുന്നു.

ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ വാതിലിന്റെ ഭവനമാണ് വെസ്റ്റ്മിൻസ്റ്റർ ആബി. ഇവിടെ നിന്നും ഞങ്ങൾ ഇറങ്ങി നടന്ന്, സമീപത്ത് തന്നെയുള്ള പാർലമെന്റ് സ്ക്വയറിലെത്തി. വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള ഒരു ചതുരമാണിത്.

പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട പടിഞ്ഞാറ് ഭാഗത്തുള്ള മരങ്ങളുടെ മധ്യഭാഗത്തുള്ള തുറന്ന ഒരു ഭാഗമാണിത്.

ഈ സ്ക്വയറിൽ മഹാത്മാ ഗാന്ധിയുടെ വലിയൊരു പ്രതിമയുണ്ട്.   ഒൻപത് അടി ഉയരമുള്ള വെങ്കല പ്രതിമ, ശില്പിയായ ഫിലിപ്പ് ജാക്സന്റെ സൃഷ്ടിയാണ്.

ഈ സ്മാരകം, ബ്രിട്ടനിലെ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ശാശ്വതവും ഉചിതവുമായ ആദരാഞ്ജലിയും ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ സ്ഥിരതയുമാ കുമെന്ന് ശില്പിയായ ഫിലിപ്പ് ജാക്സൺ പ്രഖ്യാപിച്ചിട്ടുണ്ടത്രേ... 

വിൻസ്റ്റൺ ചർച്ചിൽ, എബ്രഹാം ലിങ്കൺ, നെൽസൺ മണ്ടേല തുടങ്ങിയ രാഷ്ട്ര തന്ത്രജ്ഞൻമാരുടേയും മറ്റ് ശ്രദ്ധേയരായ വ്യക്തികളുടേയും പന്ത്രണ്ട് പ്രതിമകൾ കൂടി ഈ ചതുരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ലണ്ടനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഇവിടം, നിരവധി പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കുന്ന സ്ഥലം കൂടിയാണ്.  

സ്ക്വയറിന്റെ മധ്യഭാഗത്ത് നിന്നു കൊണ്ട്, സമീപത്തുള്ള സർക്കാർ ഓഫിസുകൾ, ബിഗ്‌ ബെൻ, വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം, സെന്റ് മാർഗരറ്റ് ചർച്ച്, സുപ്രീം കോടതി, തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെസ്റ്റ്മിൻസ്റ്റർ ആബി തുടങ്ങിയ ചരിത്രപ്രധാനമായ കെട്ടിടങ്ങൾ ഞങ്ങൾ നോക്കിക്കണ്ടു.

മഴ പിന്നെയും ചാറിത്തുടങ്ങിയതിനാൽ ഹോട്ടലിലേക്ക് തിരിച്ചു പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ഏറ്റവും അടുത്തുള്ള അണ്ടർഗ്രൗണ്ട് വെസ്റ്റ്മിൻസ്റ്റർ സ്റ്റേഷനിൽ നടന്നെത്തി. ടോണി, അവിടെ വച്ച് എല്ലാവരോടും യാത്ര പറഞ്ഞ്,  അവന്റെ താമസസ്ഥലത്തേക്ക് പോയി.

ട്യൂബിൽ കയറി സിറ്റി എയർപോർട്ട് സ്റ്റേഷനിൽ ഇറങ്ങി, അവിടെ നിന്നും അഞ്ച് മിനിറ്റ് ദൂരം നടന്ന് ഹോട്ടലിലെത്തി. റിസപ്ഷനിൽ ചെന്ന് ബ്രേക്ഫാസ്റ്റിനുള്ള പൈസയടച്ച് ബുക്ക് ചെയ്തു.

കുളികഴിഞ്ഞ് വന്ന് എല്ലാവരുമായി കുറച്ച്സമയം സംസാരിച്ചിരുന്നു. അന്നത്തെ കാഴ്ചകളുടെ അവലോകനം നടത്തിയ ശേഷം അടുത്തദിവസത്തെ യാത്രകളും പ്ലാൻ ചെയ്തു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ മുറിയിൽ ചെന്ന് കിടന്നയുടൻ തന്നെ ഉറങ്ങിപ്പോയി. 

(തുടരും)


london

ഭാഗം 23

സുഖകരമായ ഒരുറക്കത്തിന് ശേഷം കുളിച്ചൊരുങ്ങി, ബ്രേക്ഫാസ്റ്റ് കഴിക്കാനായി കാന്റീനിലേക്ക് പോയി. കോണ്ടിനെന്റൽ രീതിയിലുള്ള വിവിധയിനം വിഭവങ്ങൾ സമയമെടുത്തു തന്നെ ഞങ്ങൾ ആസ്വദിച്ച് കഴിച്ചു.

മുറിയിലെത്തി ഫ്രഷായതിന് ശേഷം ഒമ്പത് മണിക്ക് ഞങ്ങൾ സിറ്റി എയർപോർട്ട് സ്റ്റേഷനിലെത്തി. DLR ന്റെ നോർത്തേൺ ലൈനിലുള്ള ട്രെയിനിൽ കയറി കാനൻ സ്ട്രീറ്റിൽ ഇറങ്ങി. അവിടെ നിന്നും ജൂബിലി ലൈനിലുള്ള ട്യൂബിൽ കയറി ലണ്ടൻ ബ്രിഡ്ജ് സ്റ്റേഷനിൽ എത്തി.

ലണ്ടൻ ഭൂഗർഭ റെയിൽവേയുടെ നോർത്തേൺ ലൈനും ജൂബിലി ലൈനും സേവനം നടത്തുന്ന ഒരു സെൻട്രൽ റെയിൽവേ ടെർമിനസാണ് ലണ്ടൻ ബ്രിഡ്ജ്.

വളരെയേറെ പഴക്കമുള്ളതും ലണ്ടനിലെ തിരക്കേറിയതുമായ ഈ സ്റ്റേഷൻ, തേംസ് നദിയുടെ തെക്ക് ഭാഗത്തുള്ള രണ്ട് പ്രധാന ടെർമിനുകളിൽ ഒന്നാണ്. മറ്റൊന്ന് വാട്ടർലൂ സ്റ്റേഷനാണ്.

പുറത്തിറങ്ങി സഞ്ചാരികളുടെ ബാഹുല്യം നിറഞ്ഞ റോഡിലൂടെ ടവർ ബ്രിഡ്ജിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. 

ലണ്ടൻ ടവറിന് സമീപം തേംസ് നദി മുറിച്ചു കടക്കുന്ന ഒരു സസ്പെൻഷൻ ബ്രിഡ്ജാണ് ടവർ ബ്രിഡ്ജ്.

800 അടി നീളമുള്ള പാലത്തിന് മുകളിലെ, നടപ്പാതകളാൽ ബന്ധിച്ചിരിക്കുന്ന രണ്ട് ടവറുകളും ഷിപ്പുകളുടെ ഗതാഗതം അനുവദിക്കുന്ന വിധം ഹൈഡ്രോളിക് പവറുപയോഗിച്ച് പാലം തുറക്കാൻ കഴിയുന്ന ഒരു സെൻട്രൽ ജോഡി ബാസ്കുലുകളും ഉണ്ട്. 

ലണ്ടൻ ഇന്നർ റിംഗ് റോഡിന്റെ ഭാഗമായ പാലം ദിവസവും 40000 ക്രോസിംഗുകളുള്ള ഒരു പ്രധാന ട്രാഫിക് റൂട്ടായി ഉപയോഗിക്കുന്നു. 

ബ്രിഡ്ജ് ഡെക്ക് വാഹനങ്ങൾക്കും കാൽനടക്കാർക്കും സൗജന്യമായി ഇതിലൂടെ യാത്രചെയ്യാവുന്നതാണ്. അതേസമയം, പാലത്തിന്റെ മുകളിലുള്ള ഇരട്ടഗോപുരങ്ങൾ, ഉയർന്ന ലെവൽ നടപ്പാതകൾ, വിക്ടോറിയൻ ടവർ, എക്സിബിഷന്റെ ഭാഗമായ എഞ്ചിൻ മുറികൾ തുടങ്ങിയവ സന്ദർശിക്കാൻ പ്രവേശന ഫീസ് ഈടാക്കുന്നു.

ലണ്ടനിലെ ഒരു ലാൻഡ് മാർക്കായി മാറിയിരിക്കുന്ന ഈ പാലം 1894 ജൂൺ 30 ന് വെയിൽസ് രാജകുമാരനും രാജകുമാരിയും ചേർന്ന് ഔദ്യോഗികമായി തുറന്നു.

പാലത്തിന്റെ തൂണുകളിൽ നിർമിച്ചിരിക്കുന്ന രണ്ട് ടവറുകൾക്ക് 65 മീറ്റർ വീതം ഉയരമുണ്ട്. ഇതിനിടയിലുള്ള 200 അടി മധ്യഭാഗം രണ്ട് തുല്യ ബാസ്ക്യൂളുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. 

അവ 86 ഡിഗ്രി കോണിലേക്ക് ഉയർത്തി നദിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നു. ഉയരമുള്ള ബോട്ടുകളെ കടത്തിവിടാനാണ് ഈ പാലം തുറക്കുന്നത്. 

ഒരു ദിവസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഈ പാലം തുറക്കാറുണ്ട്. 30 അടി ഉയരമുള്ള ഏത് കപ്പലിനും സമയഭേദമെന്യേ ഈ പാലം തുറക്കാൻ ആവശ്യപ്പെടാവുന്നതാണ്. 

ചുറ്റുപാടുമുള്ള ഏത് സ്ഥലത്ത് നിന്നും ഈ ബ്രിഡ്ജ് ലിഫ്റ്റ് കാണാൻ കഴിയുന്നതാണ്.

പാലത്തിൽ വിളക്കുമരം പോലെ പെയിന്റ് ചെയ്ത ഒരു ചിമ്മിനി ഉണ്ട്. പാലത്തിന്റെ തൂണുകളൊന്നിൽ സ്ഥിതി ചെയ്യുന്ന ഗാർഡ്റൂമിലെ ഒരു അടുപ്പുമായി ഇതിനെ ബന്ധിച്ചിരിക്കുന്നു.

പാലത്തിനടിയിലൂടെ കടന്നുപോകുന്ന നദിഗതാഗതം നിരവധി നിയമങ്ങളാലും സിഗ്നലുകളാലും നിയന്ത്രിച്ചിരിക്കുന്നു. പാലം അടിച്ചിട്ടുണ്ടെന്ന് കാണിക്കാൻ രണ്ട് ചുവപ്പ് ലൈറ്റുകളും തുറന്നിട്ടുണ്ടെന്ന് കാണിക്കാർ രണ്ട് പച്ച ലൈറ്റുകളും മൂടൽമഞ്ഞുള്ള കാലവസ്ഥയിൽ ഒരു ഗോംഗും സംവിധാനം ചെയ്തിരിക്കുന്നു.

ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശന കവാടത്തിലൂടെ ലിഫ്റ്റ് വഴി വടക്കൻ ഗോപുരത്തിന്റെ നാലാമത്തെ ലെവലിൽ എത്തിച്ചേരുന്നു. അവിടെയുള്ള ഉയർന്ന ലെവൽ നടപ്പാതയിലൂടെ നടന്നാൽ തെക്കൻ ഗോപുരത്തിൽ

എത്താവുന്നതാണ്. 

പാലത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു പ്രദർശനവും ടവർ ഓഫ് ലണ്ടൻ, പൂൾ ഓഫ് ലണ്ടൻ എന്നിവയുടെ കാഴ്ചകളും അവിടെ നിന്നും ലഭിക്കുന്നു. കൂടാതെ,ഒരു ഗ്ലാസ് തറയുള്ള ഭാഗവും ഇവിടെ ഉൾപ്പെടുന്നു. 

തെക്കൻ ഗോപുരത്തിൽ എത്തുന്നവർക്ക് തെക്കുവശത്തുള്ള ഒരു പ്രത്യേക കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്ന യഥാർത്ഥ ആവി എഞ്ചിനുകളും കാണാവുന്നതാണ്.

തേംസിന്റെ തിരക്കേറിയ ക്രോസിംഗ് ആയ ഈ പാലത്തിൽ ക്യാമറാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ടവർ ബ്രിഡ്ജ് ഇന്ന്, നിസ്സംശയമായ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. കാലങ്ങളായി ലണ്ടനിലെ ഭൗതികവും പ്രതികാത്മകവുമായ ഒരു കവാടമായി ഇത് നിലകൊള്ളുന്നു.

ടവർ ബ്രിഡ്ജിന് അടുത്തുള്ള ലണ്ടൻ ഭൂഗർഭ സ്റ്റേഷനുകൾ, ടവർ ഹിൽ, ജൂബിലി, ലണ്ടൻ ബ്രിഡ്ജ് എന്നിവയാണ്.

ടവർ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന തേംസിന്റെ ഭാഗത്തിനെയാണ് പൂൾ ഓഫ് ലണ്ടൻ എന്ന് വിളിക്കുന്നത്. ഇത് വിക്ടോറിയൻ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഒരു തുറമുഖമായിരുന്നു. 

അപ്പർ പൂളെന്നും ലോവർ പൂളെന്നും രണ്ട് ഭാഗങ്ങളായി ഇതിനെ വിഭജിച്ചിരിക്കുന്നു. ടവർ ബ്രിഡ്ജിന്റെ ഉയർന്ന ലെവലിലുള്ള നടപ്പാതകളിൽ നിന്നുകൊണ്ട് പൂളിന്റെ മുഴുവൻ ഭാഗത്തിന്റേയും മനോഹാരിത ഒപ്പിയെടുക്കാവുന്നതാണ്.

പാലത്തിലെ നടപ്പാതകളുടെ പല ഭാഗങ്ങളിൽ നിന്നും ഏറ്റവും ഉയരം കൂടിയ കെട്ടിടമായ 'ദി ഷാർഡ്' ഉൾപ്പെടെ, വിസ്മയകരമായ ഒട്ടനവധി കാഴ്ചകൾ കണ്ടതിന് ശേഷം പാലത്തിൽ നിന്നുമിറങ്ങി ടവർ ഓഫ് ലണ്ടനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.

(തുടരും)


Tower of London

ഭാഗം 24

മനോഹരവും വിസ്മയകരവുമായ ടവർബ്രിഡ്ജിന് തൊട്ടുമുന്നിലുള്ള, നഗരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് 'ലണ്ടൻ ടവർ.' 

തേംസ് നദിയുടെ വടക്കൻ തീരത്തുള്ള ചരിത്രപരമായ ഈ കോട്ട, ലണ്ടൻ ബറോ ഓഫ് ടവർ ഹാംലെറ്റ്സിലാണ് സ്ഥിതി ചെയ്യുന്നത്. ആയിരം കൊല്ലങ്ങളിലേറെ പഴക്കമുള്ള ഈ കോട്ടയിലാണ് ക്രൗൺ ജൂവൽസ് സൂക്ഷിച്ചിട്ടുള്ളത്. കോട്ടയുടെ ഏറ്റവും പഴയ കെട്ടിടമായ വൈറ്റ് ടവറിനുള്ളിൽ പതിനൊന്നാം നൂറ്റാണ്ടിലെ ഒരു ചാപ്പലും ചരിത്രപരമായ റോയൽ ആയുധശേഖരങ്ങളും ഉണ്ട്. 


ചരിത്രത്തിന്റെ പല പാളികളുള്ള രാജകീയതയുടെ പ്രതികങ്ങളിലൊന്നായി മാറിയ ഗംഭീരമായ ഒരു കോട്ടയാണിത്.  തലസ്ഥാനത്തിലേക്കുള്ള കോട്ടയായും കവാടമായും പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് തന്ത്രപരമായി ഇത് തേംസ് നദിയിൽ സ്ഥാപിച്ചത്.

നൂതന നോർമൻ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് ഈ ടവർ. കൂറ്റൻ കൊത്തുപണികളാൽ ആകർഷണീയമായ ടവറിനുളളിലെ പുരാതന സ്മാരകമായ കെട്ടിടങ്ങൾ നിയമാനുസൃതമായി ലിസ്റ്റ് ചെയ്ത് സംരക്ഷിക്കപ്പെടുന്നു.

നൂറ്റാണ്ടുകളായി, രാജാവിന്റെ ഉടമസ്ഥതയിലുള്ള ഔദ്യോഗിക രേഖകളുടേയും വിലപിടിപ്പുള്ള വസ്തുക്കളുടേയും പ്രധാന ശേഖരമായിരുന്നു ഇത്. സമ്പന്നമായ ബ്രിട്ടീഷ് സംസ്കാരത്തിന്റേയും പൈതൃകത്തിന്റെയും നാഴികക്കല്ലായ ഈ ടവർ, കൗതുകരവും എന്നാൽ ഭയാനകവുമാണ്.

ദുരന്തങ്ങളുടേയും മരണത്തിന്റേയും ധാരാളം കഥകൾ ഇതിന് പറയാനുണ്ട്. കിരീടാഭരണങ്ങളും രാജകീയ വസ്തുക്കളും ആയുധ ശേഖരങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നതിനാൽ, യുദ്ധങ്ങളും മരണങ്ങളും കീഴടക്കലുകളുമെല്ലാം യഥാർത്ഥമായ ചരിത്രങ്ങളാണെന്ന് നമ്മളെ മനസ്സിലാക്കിത്തരുന്നു. 

ഈ പുരാതനമായ മതിലുകൾക്കുള്ളിലെ ഇരുളടഞ്ഞതും വളഞ്ഞു പുളഞ്ഞതുമായ പാതയിലൂടെ നടക്കുമ്പോൾ, ഇവിടെ നടന്നിട്ടുള്ള പ്രണയത്തിന്റേയും വഞ്ചനയുടേയും അധികാരത്തിന്റേയും വിയോഗത്തിന്റേയും ഐതിഹാസികമായ കഥകൾ അറിയുവാനുള്ള ജിജ്ഞാസ മനസ്സിൽ വർധിച്ചു കൊണ്ടിരുന്നു.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ, ഈ കോട്ട, ജയിലായി ഉപയോഗിക്കുകയും ചാരവൃത്തിയുടെ പേരിൽ നിരവധി പേരുടെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്.

കുറഞ്ഞത് ആറ് കാക്കകളെയെങ്കിലും എല്ലാ സമയത്തും ടവറിൽ സൂക്ഷിക്കുമായിരുന്നു. അവ ഇല്ലെങ്കിൽ രാജ്യം വീഴുമെന്ന അന്ധവിശ്വാസത്തിന് അനുസൃതമായാണ് അങ്ങനെ ചെയ്തുകൊണ്ടിരുന്നത്.

ലണ്ടൻ ടവറിൽ കിരീടങ്ങൾ സ്ഥാപിക്കുന്നതിനുള്ള പാരമ്പര്യം ഹെൻറി മൂന്നാമൻ രാജാവിന്റെ ഭരണകാലത്താണ് തുടങ്ങിയത്. ആഭരണങ്ങൾ, പ്ലേറ്റ്, രാജകിയ ചിഹ്നങ്ങളായ കിരീടം, ചെങ്കോൽ, വാൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ സുക്ഷിക്കുന്നതിന് വേണ്ടിയാണ് ജ്യൂവൽ ഹൗസ് നിർമ്മിച്ചിട്ടുള്ളത്. 

ഇതിന്റെ കാവൽക്കാരനായ കോൺസ്റ്റബിളിന്റെ ചുമതലകൾ വളരെ വലുതാണ്. ചരിത്രപരമായ രാജകൊട്ടാരങ്ങളുടേയും ആയുധപ്പുരകളുടേയും ട്രസ്റ്റി കൂടിയാണ് ഈ കോൺസ്റ്റബിൾ.

പഴമകളിൽ ഉറങ്ങുന്ന വൈവിധ്യമാർന്ന ദുരൂഹതകൾ ആലോചിച്ചുകൊണ്ട്, അവിടെ നിന്നുമിറങ്ങി ഗ്രീൻവിച്ചിലേയ്ക്കുള്ള ക്രൂസിൽ കയറുവാനായി ഞങ്ങൾ പോയി. ടവർബ്രിഡ്ജിന്റെ പടിഞ്ഞാറ് വശത്തുള്ള ടവർ മില്ലേനിയം പിയർ ബോട്ടിന്റെ കൗണ്ടറിൽ നിന്നും, ഗ്രീനിച്ച് പിയറിലേക്ക് 30 മിനിറ്റ് നേരമുള്ള ക്രൂസിന് ഞങ്ങൾ ടിക്കറ്റെടുത്തു.

മറ്റ് യാത്രക്കാരോടൊപ്പം ഞങ്ങൾ കയറിയ സിറ്റി ക്രൂസ്, ലണ്ടനിലെ ലോവർ പൂളിലൂടെ  ഗ്രീനിച്ചിലെ റോയൽബറോയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂറിന്റെ ഇടവേളയിൽ സഞ്ചരിക്കുന്ന ഓരോ ബോട്ടിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.

സിറ്റിക്രൂസിനെ കൂടാതെ ഓരോ ഇരുപത് മിനിറ്റിലും സർവ്വിസ് നടത്തുന്ന ഊബർ ബോട്ടുകളും ധാരാളമുണ്ടായിരുന്നു.

Tower of london opening

ഞങ്ങൾ കയറിയ ബോട്ടിന് എതിരേ വരുന്ന ഉയരം കൂടിയ കപ്പലിന് കടന്നുപോകാനായി, ടവർ ബ്രിഡ്ജ് തുറക്കുന്ന, വിചിത്രവും വിസ്മയകരവുമായ കാഴ്ച പാലത്തിന്റെ തൊട്ടരികിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. 

രണ്ടായി തുറന്ന ടവർ ബ്രിഡ്ജിന് അടിയിലൂടെ ഞങ്ങളുടെ ബോട്ടും മുന്നോട്ട് നീങ്ങി. 

നദിയുടെ കരയിലെ ഓരോ കെട്ടിടത്തിന്റേയും പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള, ഇംഗ്ലീഷ് ലൈവ് കമന്ററി ശ്രദ്ധിച്ചുകൊണ്ട് നദീതീരത്തെ തടസ്സമില്ലാത്ത കാഴ്ചകൾ ഞങ്ങൾ ആസ്വദിച്ചു.

ഗ്രീൻവിച്ചിലെ ഡ്രൈ ഡോക്കിൽ മർച്ചന്റ് നേവിയുടെ സ്മാരകമായി നിലകൊള്ളുന്ന 'കട്ടിസാർക്ക്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബ്രിട്ടിഷ് ക്ലിപ്പർ കപ്പൽ, ബോട്ടിലിരുന്നുകൊണ്ട് തന്നെ ഞങ്ങൾ നോക്കിക്കണ്ടു.

ഗ്രീൻവിച്ച് പിയറിന്റെ തീരത്തടുപ്പിച്ച ബോട്ടിൽ നിന്നും ഇറങ്ങി, കട്ടിസാർക്കിന്റെ സമീപത്തേയ്ക്ക് ഞങ്ങൾ നടന്നു. ഒരു കാലത്ത് ലോകത്തിലെ പ്രധാന വ്യാപാരപാതകളിലൂടെ സഞ്ചരിച്ചിരുന്ന അതിവേഗ കപ്പലുകളിലൊന്നായിരുന്നു അത്. ഇന്ന്, ബ്രിട്ടന്റെ അഭിമാനകരമായ, സമുദ്ര പൈതൃകത്തിന്റെ പ്രതീകമായി ഇത് നിലകൊള്ളുന്നു. കപ്പൽ രൂപകല്പ്പനയുടെ അതുല്യമായ ഒരു ഉദാഹരണം കൂടിയാണിത്.

ഇതിന് 212.5 അടി ഉയരവും 21 ആടി ആഴവുമുണ്ട്. കപ്പലിന് മുകളിൽ കാണുന്ന ഉയരം കൂടിയ ഭാഗങ്ങൾ കട്ടിയുള്ള തേക്കിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. ഒരു സ്മാരകമായി സംരക്ഷിക്കപ്പെടുന്ന ഈ ചരിത്ര കപ്പൽ, ഇന്ന് ജനപ്രിയ വിനോദ സഞ്ചാരത്തിന്റെ ഒരു കേന്ദ്രമാണ്. 

അത്ഭുതം കൂറുന്ന മിഴികളോടെയാണ്, ഐതിഹാസിക കപ്പലിന്റെ  ഉയരവും അതിന്റെ ഡെക്കിന് താഴെയുള്ള ആശ്ചര്യങ്ങളും  നോക്കിക്കണ്ടത്.

ലണ്ടൻ മാരത്തൺ റൂട്ടിന്റെ പ്രധാന നാഴികക്കല്ലായ ഇത്, ഗ്രീൻവിച്ചിന്റെ മധ്യഭാഗത്തുള്ള നാഷണൽ മാരിടൈം മ്യൂസിയം, ഗ്രീൻവിച്ച് ഹോസ്പിറ്റൽ, ഗ്രീൻവിച്ച് പാർക്ക് എന്നിവയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

(തുടരും)


ഭാഗം 25

ഗ്രീൻവിച്ചിലെ കട്ടിസാർക്കിന് സമീപമുള്ള ഒരു സമുദ്ര മ്യൂസിയമാണ് നാഷണൽ മാരിടൈം മ്യൂസിയം.ഗ്രീൻവിച്ച് വേൾഡ് ഹെറിറ്റേജിന്റെ ശ്യംഖലയായ റോയൽ മ്യൂസിയത്തിന്റെ ഒരു ഭാഗമാണിത്. ഇതിനുള്ളിൽ കയറുന്നതിന് പൊതുവായ പ്രവേശന ഫീസ് ഇല്ലെന്നുള്ളതാണ് ഒരു പ്രത്യേകത. 

 1937 ഏപ്രിൽ 27 ന് മകൾ, എലിസബത്ത് രാജകുമാരിയോടൊപ്പം ജോർജ് ആറാമൻ രാജാവാണ് ഈ മ്യൂസിയം ഔപചാരികമായി തുറന്നത്. റോമാക്കാരുടെ ലാൻഡിംഗ് സ്ഥലമായ ഗ്രീൻവിച്ചിന്, ആദ്യകാലം മുതൽ കടലുമായും നാവിഗേഷനുമായും ബന്ധമുണ്ട്. 

ചരിത്രങ്ങളുടെ കഥ പറയുന വിവിയിനം കപ്പലുകളുടെ മോഡലുകളും പെയിന്റിംഗുകളും പതാകകളും മറ്റും വളരെയധികം കൗതുകമേറിയ കാഴ്ചകൾ തന്നെയായിരുന്നു. ബ്രിട്ടീഷ് സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സമുദ്ര ചരിത്രത്തിലെ പ്രധാന ആകർഷണങ്ങളുടെ ഒരു ശേഖരം തന്നെയായിരുന്നു അത്.

അവിടെ നിന്നും റോയൽ ഗ്രീൻവിച്ച് ഒബ്സർവേറ്ററിയും അതിനുള്ളിലുള്ള റോയൽ മ്യൂസിയവും സന്ദർശിക്കാനാണ് പിന്നെ ഞങ്ങൾ പോയത്.

ഗ്രീൻവിച്ച് മീൻ ടൈം, പ്രൈം മെറിഡിയൻ എന്നിവയുടെ ആസ്ഥാനമായ റോയൽ ഒബ്സർവേറ്ററി, ഗ്രീൻവിച്ച് പാർക്കിലെ, കുത്തനെയുള്ള കുന്നിൻ മുകളിലുള്ള ക്വീൻസ് ഹൗസിനും നാഷണൽ മാരിടൈം മ്യൂസിയത്തിനും അഭിമുഖമായി സ്ഥിതിചെയ്യുന്നു. ഗ്രീൻവിച്ച് പ്രൈം മെറിഡിയന്റെ ഹോം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. 

ഇത് അടിസ്ഥാനപരമായി, സീറോ പ്രതിനിധീകരിക്കുന്ന ഒരു രോഖാംശാ(വടക്ക് - തെക്ക്) മാർക്കറാണ്. ഭൂമിയിലെ എല്ലാ സ്ഥലങ്ങളും പ്രൈം മെറിഡിയനിൽ നിന്ന് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ഉള്ള ദൂരം അനുസരിച്ച് സമയം അളക്കാം.

ഒബ്സർവേറ്ററി സമുച്ചയത്തിലെ പ്രധാന കെട്ടിടങ്ങളിലൊന്നായ ഫ്ലാംസ്‌റ്റീഡ് ഹൗസിന്റെ മുകളിൽ ഒരു കടും ചുവപ്പ് ടൈംബോൾ ഉണ്ട്. പന്ത് ഓരോ ദിവസവും മുകളിലേക്ക് ഉയരുകയും താഴുകയും ചെയ്യുന്നു. ഉച്ചയ്ക്ക് 12.55 ന് കയറ്റം ആരംഭിക്കുന്ന ഇത് കൃത്യം ഒരു മണിക്ക് താഴോട്ട് ഇറങ്ങുന്നു.

 ഏക്കറുകളോളം പരന്നുകിടക്കുന്ന ഗ്രീൻവിച്ച് പാർക്കിന്റെ കുന്നിൻ മുകളിലുള്ള നിരീക്ഷണ കേന്ദ്ര മായ ഗ്രീൻവിച്ച് കാസിലിലാണ് റോയൽ ഒബ്സർവേറ്ററിയും അതിന് പിന്നിലുള്ള മ്യൂസിയവും നിലകൊള്ളുന്നത്. പുറത്ത് ഒരു ചെറിയ പ്ലാസയിൽ, ജനറൽ ജയിംസ് വുൾഫിന്റെ ഒരു പ്രതിമയുണ്ട്. 

 ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. ഈ കുന്നിന്റെ മുകളിൽ നിന്നുമുള്ള കാഴ്ചകൾ അതിഗംഭീരമാണ്. ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയും നദിയുടെ കാഴ്ചകളും ലണ്ടൻ നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളും മറ്റും ഇവിടെ നിന്നാൽ കാണാം.

പാർക്കിന് കുറുകെ, റോയൽ ഒബ്‌സർവേറ്ററിയുടെ വടക്കും തെക്കുമായിട്ടാണ് ഗ്രീൻവിച്ച് പ്രൈം മെറിഡിയൻ കടന്നുപോകുന്നത്.  

ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞർ വളരെക്കാലമായി റോയൽ ഒബ്സർവേറ്ററിയാണ് സമയം അളക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിച്ചിരുന്നത്. 

തുടർച്ചയായ ഉപകരണങ്ങളാൽ നിർവചിക്കപ്പെട്ട നാല് വ്യത്യസ്ത മെറിഡിയനുകൾ, ഈ കെട്ടിടങ്ങളിലൂടെ കടന്നുപോകുന്നതിനാൽ, 1884 വാഷിംഗ്ടണിൽ നടന്ന ഇന്റർനാഷണൽ മെറിഡിയൻ കോൺഫറൻസിൽ, ലോകത്തിന്റെ പ്രൈം മെറിഡിയനായി ഇവിടം അംഗീകരിക്കപ്പെട്ടു. 

തുടർന്ന് ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ, മാപ്പിംഗിനും സമയ സൂചനയ്ക്കും തങ്ങളുടെ മാനദണ്ഡമായി ഇവിടം ഉപയോഗിച്ചു. ആദ്യകാലത്ത് പ്രൈം മെറിഡിയൻ ഒരു പിച്ചളകൊണ്ട് അടയാളപ്പെടുത്തിയെങ്കിലും പിന്നീടത് സ്‌റ്റെയിൻലസ്സ് സ്റ്റീൽ ഉപയോഗിച്ച് മാറ്റി. 

കെട്ടിടങ്ങൾ ഒരു മ്യൂസിയമായി മാറിയപ്പോൾ ഒബ്സർവേറ്ററിയുടെ മുറ്റത്ത്, രാത്രിയിൽ ആകാശത്ത് തിളങ്ങുന്ന രീതിയിൽ ശക്തമായ പച്ച ലേസർ കൊണ്ട് അതിനെ അടയാളപ്പെടുത്തി.

ഈ മാർക്കർ ഉപയോഗിച്ചു കൊണ്ട്, ലോകത്തിനെ പടിഞ്ഞാറൻ, കിഴക്കൻ അർദ്ധഗോളങ്ങളായി വിഭജിച്ചിരിക്കുന്നു. 

Shaila

പ്രൈം മെറിഡിയന്റെ കിഴക്കോ, പടിഞ്ഞാറോ ഉള്ള ദൂരവുമായി ബന്ധപ്പെട്ടാണ് ഭൂമിയിലെ ഓരോ ബിന്ദുവും അളക്കുന്നത്.

മാർക്കറിന്റെ ഇരുവശത്തും കാൽ ചവിട്ടി നിന്നുകൊണ്ട് കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളുടെ അടയാളപ്പെടുത്തിയ ദൂരം ഞങ്ങൾ വായിച്ചു മനസ്സിലാക്കി.

1675 ൽ ചാൾസ് രണ്ടാമൻ രാജാവ്, നക്ഷത്രങ്ങളെ പഠിക്കുന്നതിനും കടലിൽ നാവിഗേഷൻ മെച്ചപ്പെടുത്തുന്നതിനുമായി സ്ഥാപിച്ചതാണ് ഈ റോയൽ ഒബ്സർവേറ്ററി.  ഇതിന്റെ ചുമതലകൾ നിർവഹിക്കാൻ നിയമിച്ച ശാസ്ത്രജ്ഞന് 'റോയൽ' എന്ന പദവി കൊടുക്കുകയും ചെയ്തു.

കെട്ടിടത്തിന്റെ പ്രധാന ഭാഗമായ 20 അടി ഉയരമുള്ള അഷ്ടഭുജാകൃതിയിലുള്ള മുറിയിൽ, അസാധാരണമായി രൂപകൽപ്പന ചെയ്ത രണ്ട് ക്ലോക്കുകൾ ഉണ്ട്. ഇതിന്റെ ഘടികാരമുഖത്തിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന പെൻഡുലത്തിന് 13 അടി നീളമുണ്ട്.

അനേക വർഷങ്ങളായി ഇവിടെ താമസിച്ച് നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ള ജ്യോതിശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ, മ്യൂസിയത്തിലെ നിരവധി കാഴ്ചകളിലൂടെ മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു.

മ്യൂസിയത്തിൽ നിന്നും ഇറങ്ങി, ഒരു മുറിയിൽ സജ്ജീകരിച്ചിരിക്കുന്ന 

'ക്യാമറ ഒബ്സ്ക്യൂറ' എന്ന സംഭവം, കാണാനായി പോയി. ഇരുണ്ട മുറിയിലെ ഒരു വശത്തുള്ള ചെറിയ ലെൻസിലൂടെ ലണ്ടൻ സിറ്റിയിലെ കാഴ്ചകൾ, മുന്നിലുള്ള വലിയ മേശയുടെ ഉപരിതലഭാഗത്തേക്ക് പ്രൊജക്റ്റ് ചെയ്യുന്നത് അതിശയത്തോടെയാണ് ഞാൻ നോക്കി നിന്നത്.

റോയൽ ഒബ്സർവേറ്ററി ഗ്രീൻവിച്ച്, ഇന്ന് യുനെസ്കോയുടെ ലോക പൈതൃക സൈറ്റിന്റെ ഭാഗമാണ്. വൈവിധ്യങ്ങളായ കാഴ്ചകളിലൂടെ ശേഖരിച്ച അറിവുകളുമായി, ഞങ്ങൾ കുന്നിറങ്ങി താഴെയെത്തി.

(തുടരും)


shaila babu

ഭാഗം 26

Read Full

ഗ്രീൻവിച്ച് ഒബ്സർവേറ്ററിയിൽ നിന്നും ഞങ്ങൾ നേരേ പോയത്, ഗ്രീൻവിച്ച് മാർക്കറ്റിലേക്കായിരുന്നു. ടൗൺസെന്ററിൽ സ്ഥിതി ചെയ്യുന്ന വൈവിധ്യമാർന്ന ചരക്കുകൾ വിൽക്കുന്ന ഊർജസ്വലവും വർണാഭമായതുമായ ഒരു മാർക്കറ്റാണിത്. നിത്യജീവിതത്തിന് ആവശ്യമായ സകല സാധനങ്ങളും ഇന്നിവിടെ സുലഭമാണ്. 

കല, പുരാവസ്തുക്കൾ, ഫാഷൻ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, സ്വാദിഷ്ടമായ തെരുവ് ഭക്ഷണങ്ങൾ എന്നിവയാൽ ഇവിടം നിറഞ്ഞിരിക്കുന്നു. ജിജ്ഞാസയോടെ ഞങ്ങൾ, എല്ലായിടവും ചുറ്റിനടന്നു കണ്ടു. സമയം നാല്മണിയോടടുത്തിട്ടും ലഞ്ച് കഴിക്കാതിരുന്നതിനാൽ എല്ലാവർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. ടൗൺറോഡിന്റെ ഒരു വശത്ത് കണ്ട, ടർക്കിഷ് റെസ്റ്റോറന്റിൽ ഞങ്ങൾ കയറി. മനോഹരമായി അലങ്കരിച്ച, വൃത്തിയുള്ള ഒരിടമായിരുന്നു അത്. ഫ്രഷായി വന്നതിന് ശേഷം വ്യത്യസ്തമായ പലയിനം വിഭവങ്ങൾ ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നു.

അരമണിക്കൂറിനുള്ളിൽ ലഭിച്ച വ്യത്യസ്തമായ രുചിക്കൂട്ടുകൾ, സമയമെടുത്ത് ആസ്വദിച്ചു കഴിച്ചതിന് ശേഷം പുറത്തിറങ്ങി. മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നതിനാൽ, അന്നത്തെ സഞ്ചാരം മതിയാക്കി, തിരികെ പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. അവിടെ നിന്നും പത്ത് മിനിറ്റ് ദൂരം നടന്ന് നോർത്ത് ഗ്രീൻവിച്ച് സ്റ്റേഷനിലെത്തി. ലണ്ടൻ അണ്ടർഗ്രൗണ്ട്, DLR(Dockland Light Railway) എന്നിവയിലൂടെ പ്രവർത്തിപ്പിക്കുന്ന നോർത്ത് ഗ്രീൻവിച്ച് സ്റ്റേഷനിൽ നിന്നും ലണ്ടൻ സിറ്റി എയർപോർട്ടിലേക്ക് 6 കി.മീ ദൂരമുണ്ട്. ട്യൂബിൽ കയറി, കാനിംഗ് ടൗൺ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും DLRന്റെ ട്രെയിനിൽ കയറി ഞങ്ങൾ സിറ്റി എയർപോർട്ട് സ്റ്റേഷനിലെത്തി.

സ്റ്റേഷന് പുറത്തിറങ്ങി, മുറികൾ ബുക്ക് ചെയ്തിരുന്ന മാരിയറ്റ് ഹോട്ടലിലേക്ക് ഞങ്ങൾ നടന്നു. മുറിയിലെത്തി കുളിച്ച്, ഫ്രഷായതിന് ശേഷം എല്ലാവരും ഒരു മുറിയിൽ കൂടിയിരുന്ന്, കുറച്ചുനേരം സംസാരിച്ചിരുന്നു. നല്ല ക്ഷീണം തോന്നിയതിനാൽ ഞാൻ നേരത്തേ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ്, റെഡിയായി, ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന് ശേഷം സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു. ഒമ്പതരമണിയോട് കൂടി മുറികൾ വെക്കേറ്റ് ചെയ്ത് ഹോട്ടലിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. പെട്ടികളും ബാഗുകളും വണ്ടിയുടെ ഡിക്കിയിൽ ഒതുക്കിവച്ചതിന് ശേഷം എല്ലാവരും കാറിൽ കയറി. ലണ്ടൻ നഗരത്തോട് വിട പറഞ്ഞ്, മാഞ്ചസ്റ്ററിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട യാത്രയായതിനാൽ വളരെ കരുതലോട് കൂടിയാണ് അനു, വണ്ടിയോടിച്ചത്. വഴിയോരക്കാഴ്ചകൾ കാണുന്നതിനിടയിൽ, അവിസ്മരണീയമായ ഉല്ലാസ വേളകളിലെ രസകരമായ അനുഭവങ്ങളും പഴയകാല ഓർമകളുമൊക്കെ പങ്ക് വച്ച്, ഹൈവേയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. പകുതിയോളം ദൂരം പിന്നിട്ട്, വഴിമധ്യേ കണ്ട റെസ്റ്റോറന്റിന്റെ മുന്നിൽ കാർ നിർത്തി, എല്ലാവരും ഇറങ്ങി. അവിടെ നിന്നും ലഞ്ച് കഴിച്ചിട്ട്, വീണ്ടും യാത്രതുടർന്നു. പലയിടങ്ങളിലും മഴ പെയ്തു കൊണ്ടിരുനതിനാൽ പതുക്കെ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. അബർഡീനിൽ നിന്നും മൂത്തമകളും കുടുംബവും ലണ്ടനിലുള്ള, കസിൻസിന്റെ വീടുകളൊക്കെ സന്ദർശിച്ചിട്ട്, മുൻനിശ്ചയിച്ച പ്രകാരം മാഞ്ചസ്റ്ററിലേക്കുള്ള ട്രെയിനിൽ കയറിയെന്നുള്ള വിവരം ഞങ്ങളെ വിളിച്ചറിയിച്ചു. അവർ വരുന്നതിന് മുമ്പ്, വീട്ടിലെത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചെങ്കിലും റോഡിലെ ട്രാഫിക്കും മഴയും കാരണം, പ്രതീക്ഷച്ചതിൽ നിന്നും രണ്ട് മണിക്കൂറുകളോളം ലേറ്റായി. എങ്കിലും വഴിയിൽ പ്രശ്നങ്ങളൊന്നും കൂടാതെ സുരക്ഷിതരായി ഞങ്ങളെ തിരികെയെത്തിച്ച ദൈവത്തിനോട് നന്ദി പറഞ്ഞുകൊണ്ട്, എല്ലാവരും വീട്ടിലേക്ക് കയറി. ഒരു മണിക്കൂർ മുൻപേ എത്തി ച്ചേർന്ന മകളും കുടുംബവും ഞങ്ങളേയും കാത്ത് അക്ഷമരായി വീട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. അനുവിന്റെ ഭർത്താവും മകനും വീട്ടിലുണ്ടായിരുന്നതിനാൽ, അവർ പോയി റെയിൽവേസ്റ്റേഷനിൽ നിന്നും മകളേയും കുടുംബത്തേയും കൂട്ടിക്കൊണ്ടുവന്നു.

രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ്, ഞങ്ങളെപ്പോലെ തന്നെ അവരും ക്ഷീണിതരായിരുന്നു. തമ്മിൽ കണ്ടതിന്റെ സന്തോഷം പങ്ക് വച്ചതിന് ശേഷം, എല്ലാവരും ഫ്രഷായി വന്ന് ഭക്ഷണം കഴിച്ചു. കുശലം പറച്ചിലും വിശേഷങ്ങൾ പങ്ക് വയ്ക്കലുമായി പാതിരാത്രി വരെ ഞങ്ങൾ സംസാരിച്ചിരുന്നു. സ്കോട്ട്ലന്റിലെ ഡൺഡീയിൽ നിന്നും ഇളയ മകളും പുലർച്ചയോട് കൂടി വിട്ടിലെത്തി. അനുവും എന്റെ ഭർത്താവും കൂടി ബസ്സ് സ്റ്റേഷനിൽ പോയി അവളെയും വിളിച്ചുകൊണ്ട് വന്നു. വളരെ വൈകി ഉറങ്ങാൻ കിടന്നതിനാൽ എട്ട് മണി കഴിഞ്ഞാണ് എല്ലാവരും ഉണർന്നത്.

അനുവിന്റേയും മിനുവിന്റേയും വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നതിനാൽ എല്ലാവരും കൂടിച്ചേർന്ന്, അന്നേ ദിവസം അടിച്ചുപൊളിക്കാൻ തന്നെ തീരുമാനിച്ചു. വെള്ളിയാഴ്ച ജോലിയുണ്ടായിരുന്നതിനാൽ, ആഘോഷം രാത്രിയിലാക്കി. ബിരിയാണിയും മറ്റും ഉണ്ടാക്കാൻ ഭർത്താവും എന്നോടൊപ്പം കൂടി. ഡെക്കറേഷനെല്ലാം മക്കൾ ഏറ്റെടുത്തു. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, രാത്രി എട്ട് മണിക്ക് അനുവും മിനുവും കൂടി കേക്ക് മുറിച്ചു. അനുവിന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരിയും കുടുംബവും സന്തോഷത്തിൽ പങ്ക് ചേരാനായി എത്തിയിരുന്നു. എല്ലാവരും ആശംസകൾ അറിയിച്ച കൂട്ടത്തിൽ, മൂത്തമകളും ഇളയമകളും കൂടി, ധാരാളം ഓർമകൾ ഉൾക്കൊള്ളുന്ന നിരവധി ഫോട്ടോകൾ ചേർത്ത് വച്ച്, പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഒരു സമ്മാനം അവർക്ക് നൽകി. അതിലെ ഓരോ ഇതളുകൾക്കുള്ളിലേയും ചിത്രങ്ങൾ, കഴിഞ്ഞുപോയ ജീവിതത്തിലെ, രസകരമായ കുറെ ഓർമകളിലൂടെ അവരെ കൈപിടിച്ച് നടത്തി. മനോഹരമായ നിമിഷങ്ങളുടെ ഫോട്ടോകളും വിഡിയോകളും പകർത്തിക്കൊണ്ട് മറ്റുള്ളവരും അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു. വിശേഷപ്പെട്ട സമ്മാനം ലഭിച്ചതിൽ അവർ അതീവ സന്തോഷം പ്രകടിപ്പിച്ചു. സ്വാദിഷ്ടമായ ഭക്ഷണത്തിന് ശേഷം, കളിയും ചിരിയും തമാശകളും പാട്ടും ഗെയിമുകളുമൊക്കെയായി സമയം കടന്നുപോയി. വർഷങ്ങളായി, മാഞ്ചസ്റ്റർ കത്തീഡ്രലിലെ ഗായകസംഘത്തിലുള്ള ഒരംഗമാണ് അനുവിന്റെ മകളായ അനിഘ. നല്ലൊരു ഗായികയായ അവൾ, ഞങ്ങൾക്ക് വേണ്ടി ആലപിച്ച ഗാനങ്ങൾ, അത്ഭുതത്തോടെ കേട്ടിരിക്കുകയും അവളുടെ കഴിവിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. ഒരവസരത്തിൽ, എലിസബത്ത് രാജ്ഞിക്ക് ബൊക്ക കൊടുത്ത് സ്വീകരിക്കുവാനും അവരുടെ മുന്നിൽ പാടുവാനുമുള്ള സൗഭാഗ്യവും അവൾക്ക് ലഭിച്ചിട്ടുണ്ട്. ആഘോഷങ്ങളെല്ലാം കഴിഞ്ഞ്, ഉറങ്ങാൻ കിടന്നപ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരുന്നു.

(തുടരും)


llandudno-wales

ഭാഗം 26

ശനിയാഴ്ച രാവിലെ എട്ടരമണിയോട് കൂടി, രണ്ട് വണ്ടികളിലായി ഞങ്ങൾ, യു.കെ യിലെതന്നെ മറ്റൊരു രാജ്യമായ വെയിൽസിലേക്ക് യാത്ര തിരിച്ചു. മാഞ്ചസ്റ്ററിൽ നിന്നും മൂന്നര മണിക്കൂർ യാത്ര ചെയ്ത്, വെയിൽസിലെ ലാൻഡുഡ്നോ എന്ന സ്ഥലത്ത് എത്തി. വലിയൊരു ബഹുനില, കാർ പാർക്കിംഗ് കെട്ടിടത്തിലെ ഏറ്റവും മുകളിലെ നിലയിൽ വണ്ടികൾ പാർക്ക് ചെയ്തിട്ട്, അവിടെ നിന്നും താഴെയിറങ്ങി ഞങ്ങൾ നടന്നു. വെയിൽസിലെ ഏറ്റവും വലിയ ഒരു കടൽത്തീര റിസോർട്ടും അതിനോടനുബന്ധിച്ച പട്ടണ പ്രദേശങ്ങളുമാണ് ലാൻഡുഡ്നോ നഗരം.

ഐറിഷ് കടലിലേക്ക് നീണ്ടുകിടക്കുന്ന ഒരു ഉപദ്വീപാണിത്. ശിലായുഗം, വെങ്കലയുഗം, ഇരുമ്പ് യുഗം തുടങ്ങിയ നൂറ് കണക്കിന് വർഷങ്ങളിലുള്ള പുരാതന മനുഷ്യന്റെ വാസസ്ഥലങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്തതാണ് ഇന്ന് കാണുന്ന പട്ടണപ്രദേശങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ചരിത്രാതീത ചെമ്പ് ഖനികളായി, ലാൻഡുഡ്നോ യുടെ 'ഗ്രേറ്റ് ഓർമെ' ഖനികൾ കണക്കാക്കപ്പെടുന്നു. വെങ്കലയുഗത്തിലെ ഈ ഇടുങ്ങിയ തുരങ്കങ്ങൾ കൂടാതെ 145 മീറ്റർ ആഴമുള്ള വിക്ടോറിയൻ മൈൻ ഷാഫ്റ്റും ഇവിടെയുണ്ട്.

ലാൻഡുഡ്നോ കേബിൾ കാർ, ഹാപ്പി വാലി ബൊട്ടാണിക്കൽ ഗാർഡൻസിൽ നിന്ന് 'ഗ്രേറ്റ് ഓർമെ' എന്നറിയപ്പെടുന്ന വലിയ കുന്നിന്റെ കൊടുമുടിയിലേക്ക് യാത്രക്കാരെ കൊണ്ടു പോകുന്നു. ഇത് ബ്രിട്ടനിലെ ഏറ്റവും നീളമേറിയ കേബിൾ കാർ സംവിധാനങ്ങളിൽ ഒന്നാണ്. കാർപാർക്കിൽ നിന്നും പത്ത് മിനിറ്റ് ദൂരം ഞങ്ങൾ നടന്നെത്തിയത്, ലാൻഡുഡ്നോ പിയറിന് സമീപമുള്ള കേബിൾകാറിന്റെ കൗണ്ടറിലേക്കായിരുന്നു. നിർഭാഗ്യവശാൽ, അന്നത് പ്രവർത്തന രഹിതമായിരുന്നതിനാൽ അവിടെ നിന്നും ഞങ്ങൾ നിരാശയോടെ മടങ്ങി.

ലാൻഡുഡ്നോയുടെ ഏറ്റവും ആകർഷകമായ മധ്യകാല കോട്ടകളിലൊന്നായ 'കോൺവി കാസിൽ', അകലെ നിന്ന് മാത്രമേ ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നുള്ളൂ. ലാൻഡുഡ്നോ പട്ടണത്തിന്റെ വടക്ക്- പടിഞ്ഞാറ് ഭാഗത്തുള്ള ചുണ്ണാമ്പുകല്ലുകൾ കൊണ്ട് നിറഞ്ഞ, ഒരു വലിയ കുന്നാണ് 'ദി ഗ്രേറ്റ് ഓർമെ' എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു കുന്നിന്റെ ഗോലിയാത്ത് ആണ് നഗരത്തിന്റെ ഈ വലിയ കാഴ്ച. കുത്തനെയുള്ള ചെരിവുകളും വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാതകളുമെല്ലാം ചെറുപ്പക്കാർക്ക് പോലും ഒരു വെല്ലുവിളിയാണ്. കടലിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന ഭാഗത്ത് നിന്നും അതിന്റെ ഉച്ചകോടിയിലേക്കുള്ള നടത്തം സാഹസികത നിറഞ്ഞതാണ്.

വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്ന പാതയിലൂടെ ഏകദേശം ഇരുപത് മിനിറ്റ് കൊണ്ട് അതിന്റെ ഉയരത്തിലെത്താം. ഭർത്താവും ഞാനും കൊച്ചുമകളും ഒഴിച്ച് ബാക്കിയെല്ലാവരും ഉയരങ്ങൾ കീഴടക്കി, കുന്നിന്റെ മുകളിലെ പീക്ക് പോയിന്റിലെത്തി. ശക്തിയായി വീശുന്ന കാറ്റിനെ അവഗണിച്ചുകൊണ്ട് നാലു ദിക്കുകളിലുമുള്ള പ്രകൃതിയുടെ മനോഹരമായ ദൃശ്യം കൺകുളിർക്കെ കണ്ട് ആസ്വദിക്കാൻ അവർക്ക് കഴിഞ്ഞു. കുന്നിന്റെ അടിവാരത്ത്, കടലിനോട് ചേർന്നുള്ള, ഹരിതാഭ നിറഞ്ഞ പാർക്കിന് സമീപമുള്ള റെസ്റ്റോറന്റിൽ നിന്നും സ്നാക്സും ജ്യൂസും വാങ്ങിക്കഴിച്ചുകൊണ്ട്, അവർ തിരിച്ചുവരുന്നതും കാത്ത് ഞങ്ങളിരുന്നു.

മലകയറാൻ പോയവർ തിരികെയെത്തിയതിന് ശേഷം അവിടെ നിന്നും ഞങ്ങൾ ലാൻഡുഡ്നോ പിയറിനെ ലക്ഷ്യമാക്കി നടന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു തുറമുഖമാണ് ലാൻഡുഡ്നോ പിയർ. അതിന്റെ വിപുലമായ റെസ്റ്റോറന്റുകൾ, ഫുഡ് സ്റ്റാളുകൾ , ബാറുകൾ കൂടാതെ, വിനോദ ഗെയിമുകൾ നിറഞ്ഞ അമ്യൂസ്മെന്റ് ആർക്കൈഡുകളാലും കരകൗശല വസ്തുക്കൾ കൊണ്ട് നിറഞ്ഞ നിരവധി സ്റ്റാളുകളാലും വളരെ തിരക്കേറിയ ഒരു സ്ട്രീറ്റാണത്. ഐറിഷ് കടലിന് മുകളിൽ 2,295 അടി(700 മീറ്റർ) നീളമുള്ള ഇത്, യു.കെ യിലെ ഏറ്റവും നീളമേറിയ പിയറുകളിൽ ഒന്നാണ്. ഐറിഷ് കടലിലേക്ക് ഗാംഭീര്യത്തോടെ വ്യാപിച്ചു കിടക്കുന്ന അത്യാകർഷണിയമായ ഒരു കടവാണിത്. 'വെൽഷ് പിയേഴ്സിന്റെ രാജ്ഞി' എന്ന് വിളിക്കപ്പെടുന്ന ലാൻഡുഡ്നോ പിയർ, അതിമനോഹരമായ ഒരു നാഴികക്കല്ലായി തീരപ്രദേശത്ത് അഭിമാനത്തോടെ നിലകൊള്ളുന്നു. സഞ്ചാരികളുടെ ബാഹുല്യം നിറഞ്ഞ ഈ കടവിലൂടെ കടൽക്കാറ്റേറ്റുകൊണ്ട് ഞങ്ങളും നടന്നു. കുട്ടികൾക്കായുള്ള റൈഡുകളും വിശ്രമിക്കുവാൻ ധാരാളം ബഞ്ചുകളും വശങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. കടലിൽ നിന്ന് മീറ്ററുകൾ മാത്രം ഉയരത്തിൽ പലക കൊണ്ട് നിർമിച്ച പാതയിലൂടെ നടക്കാൻ നല്ല രസമായിരുന്നു. കാഴ്ചകൾ കണ്ടുകൊണ്ട് പിയറിന്റെ അറ്റംവരെ നടന്നു ചെന്ന്, അവിടെയുള്ള ഫുഡ് സ്റ്റാളിൽ നിന്നും വ്യത്യസ്ത രുചിക്കൂട്ടുകൾ അടങ്ങിയ ഭക്ഷണവും വാങ്ങിക്കഴിച്ചു. കുറച്ച്നേരം അവിടെയിരുന്ന് വിശ്രമിച്ചതിന് ശേഷം അവിടെനിന്നും ഞങ്ങൾ തിരിച്ചുനടന്നു.

പാർക്കിംഗ് സമയം അഞ്ച് മണി വരെ മാത്രമേ, ഉണ്ടായിരുന്നതിനാൽ, അതിന് മുൻപേ പോയി, വണ്ടികൾ എടുത്തുകൊണ്ട് വന്ന് പിയറിന് സമീപമുള്ള റോഡരികിൽ പാർക്ക് ചെയ്തിരുന്നു. വെയിൽസിലെ സംസാരഭാഷയായ 'വെൽഷി'ലാണ് സ്ട്രീറ്റുകളിലെല്ലാം അറിയിപ്പുകൾ എഴുതിവച്ചിരിക്കുന്നത്. സൗന്ദര്യം തുളുമ്പുന്ന പ്രകൃതിയുടെ മനോഹാരിതകൾ ഒപ്പിയെടുത്തുകൊണ്ട് വളവുകൾ നിറഞ്ഞ പാതയിലൂടെ ഞങ്ങൾ, ഉയർന്ന പ്രദേശത്തിന്റെ അടിവാരത്തിലെത്തി. വ്യത്യസ്തമായ ദൃശ്യാനുഭവത്തിന്റെ സംതൃപ്തിയോടെ വെയിൽസിനോട് വിട പറഞ്ഞ്, ആറര മണിയോടുകൂടി അവിടെ നിന്നും ഞങ്ങൾ മടങ്ങി. മാഞ്ചസ്റ്ററിലേക്കുള്ള മടക്കയാത്രയിൽ പലയിടത്തും ട്രാഫിക് പ്രശ്നങ്ങൾ നേരിട്ടെങ്കിലും മൂന്നര മണിക്കൂർ യാത്രയുടെ ഒടുവിൽ, സുരക്ഷിതരായി ഞങ്ങൾ വീട്ടിലെത്തി. കുളിച്ച് ഫ്രഷായി വന്ന്, ഭക്ഷണം കഴിച്ചതിന് ശേഷം, പഴയ ചില ഓർമകൾ പങ്കിട്ടുകൊണ്ട്, തമാശകളും പൊട്ടിച്ചിരികളുമൊക്കെയായി പാതിരാവരെ ഞങ്ങൾ സംസാരിച്ചിരുന്നു. ക്ഷീണാധിക്യം കാരണം കിടന്നയുടൻ തന്നെ, എല്ലാവരും നിദ്രയുടെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി…

(തുടരും)


travel

ഭാഗം 28

ഞയറാഴ്ച ഉച്ചയോടു കൂടി തിരിച്ചുപോകാനുള്ള ഒരുക്കങ്ങൾ, രാവിലെ തന്നെ തുടങ്ങി. മാഞ്ചസ്റ്ററിൽ നിന്നും അബർഡീനിലേക്ക് പോകാനായി മകളോടും കുടുംബത്തോടുമൊപ്പം ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള ട്രെയിനിനായിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇളയമകൾക്ക് ഡൺഡീയിലേക്ക് തിരികെ പോകാൻ ബുക്ക് ചെയ്തിരുന്ന ബസ്സിന്റെ സമയം മൂന്ന് മണിക്കായിരുന്നു.

എല്ലാവരും അവരവരുട സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ, നാട്ടിലുള്ള ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തിന്റെ മകൻ, ബിറ്റോ അവിടെയെത്തി. ലണ്ടനിൽ, മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുന്ന അവൻ, മാഞ്ചസ്റ്ററിലുള്ള കസിന്റെ വീട്ടിൽ ഒരു ദിവസം താമസിച്ചിട്ടായിരുന്നു ഞങ്ങളെ കാണുവാനായി അവിടേക്ക് വന്നത്. വളരെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയതിലുള്ള സന്തോഷം, പരസ്പരം പങ്ക് വച്ചതിന് ശേഷം എല്ലാവരുമായി കുറേ നേരം സംസാരിച്ചിരുന്നു. ലഞ്ച് കഴിഞ്ഞ് രണ്ട് കാറുകളിലായി, മാഞ്ചസ്റ്ററിലെ ഒരു പ്രധാന സ്റ്റേഷനായ പിക്കാഡിലി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. ഞങ്ങളെ അവിടെയും ഇളയ മകളെ, മെഗാബസ്സിന്റെ സ്റ്റേഷനിലും ബിറ്റോയെ മറ്റൊരു ബസ്സ്സ്റ്റോപ്പിലുമായിരുന്നു ഇറക്കേണ്ടിയിരുന്നത്. സമയം കണക്കാക്കി, വീട്ടിൽ നിന്നിറങ്ങിയെങ്കിലും പ്രതീക്ഷിക്കാതെയുള്ള ട്രാഫിക് മൂലം സ്റ്റേഷനിലെത്താൻ വൈകുമെന്നറിഞ്ഞ് എല്ലാവരും ആശങ്കാകുലരായി. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്തോറും ആധിയും വർധിച്ചുകൊണ്ടിരുന്നു. ആർക്ക് വേണ്ടിയും കാത്തുനിൽക്കാതെ, കൃത്യസമയത്ത് തന്നെ പുറപ്പെടുന്ന ഒരു പാരമ്പര്യമാണ് അവിടുത്തെ ട്രെയിനുകൾക്കുള്ളത്. ട്രെയിൻ മിസ്സായാലുണ്ടാവുന്ന പണനഷ്ടവും സമയനഷ്ടവുമൊക്കെ ഓർത്തപ്പോൾ, ടെൻഷനും കൂടി വന്നു. സംഘർഷാപരമായ നിമിഷങ്ങൾക്കൊടുവിൽ, ട്രെയിൻ വിടാൻ അഞ്ച് മിനിറ്റുള്ളപ്പോൾ ഞങ്ങൾ സ്റ്റേഷനിലെത്തി. വണ്ടികൾ നിർത്തിയതും പെട്ടികളുമെടുത്തുകൊണ്ട് എല്ലാവരും ഓടി. എലിവേറ്ററിനൊന്നും കാത്തുനിൽക്കാതെ പടിക്കെട്ടുകൾ ചാടിയിറങ്ങുമ്പോഴും വണ്ടിയിൽ കയറുവാൻ കഴിയുമെന്നുള്ള വിശ്വാസം ഏകദേശം നഷ്ടപ്പെട്ടിരുന്നു. ടിക്കറ്റുകൾ സ്കാൻ ചെയ്ത്, പ്ലാറ്റ്ഫോമിലേക്കോടുകയായിരുന്ന മകളുടേയും മരുമകന്റേയും പിറകേ, കൊച്ചുമക്കളുടെ കയ്യും പിടിച്ച് ഞങ്ങളും ഓടി. സെക്കന്റുകൾക്കുള്ളിൽ എത്തിച്ചേർന്ന ട്രെയിനിലെ, ഞങ്ങളുടെ സീറ്റ് നമ്പരുകൾ കണ്ടുപിടിച്ച് മറ്റ് യാത്രക്കാരോടൊപ്പം അകത്ത് കയറിയപ്പോഴാണ് ശ്വാസം നേരേ വീണത്. പെട്ടികളൊക്കെ ഒതുക്കിവച്ചിട്ട് സീറ്റിൽ ചാരിയിരുന്ന് ദീർഘമായി നിശ്വസിച്ചു. ദൈവത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രമാണ് അന്ന് ഞങ്ങൾക്ക് ട്രെയിനിൽ കയറാൻ കഴിഞ്ഞത്. ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു അത്.

മകളും മരുമകനും കൊച്ചുമക്കളും ചേർന്ന് കളിയും ചിരിയുമൊക്കെയായി, ട്രെയിൻ യാത്രയും രസകരമാക്കി. എഡിൻബർഗിൽ ഇറങ്ങിയിട്ട് അബർഡീനിലേക്കുള്ള ട്രെയിനിൽ മാറിക്കയറുവാൻ വേണ്ടി രണ്ടര മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. സ്ക്രീനിൽ ഡിസ്പ്ലേ ചെയ്ത ട്രെയിനിന്റെ സമയമാറ്റം അറിഞ്ഞപ്പോൾ, ഫുഡ് സ്റ്റാളിൽ പോയി മക്ഡൊണാൾസിൽ നിന്നും ഭക്ഷണം പാഴ്സൽ ചെയ്ത് വാങ്ങി. സമയമുണ്ടായിരുന്നിട്ടും ട്രെയിനിൽ കയറിയതിന് ശേഷമാണ് അത് കഴിച്ചത്. അബർഡീൻ റെയിൽവേസ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോകുവാനായി, ട്രെയിനിലിരുന്നുകൊണ്ടു തന്നെ, ഓൺലൈനിൽ ടാക്സി ബുക്ക് ചെയ്തു. സാങ്കേതിക കാരണങ്ങളാൽ, പ്രതീക്ഷിച്ചിരുന്ന സമയം കടന്ന്, പിന്നെയും അര മണിക്കൂർ കൂടി ലേറ്റായിട്ടാണ് ട്രെയിൻ സ്റ്റേഷനിലെത്തിയത്. ടാക്സി വെയിറ്റ് ചെയ്യുന്ന വിവരം, ഒന്ന് രണ്ട് പ്രാവശ്യം അവരുടെ ബുക്കിംഗ് ഓഫീസിൽ നിന്നും വിളിച്ചറിയിച്ചിരുന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ സാധനങ്ങളുമെടുത്ത്, ഞങ്ങളേയും പ്രതീക്ഷിച്ച് കാത്തുകിടന്ന ടാക്സിയിൽ, കയറി. പതിനഞ്ച് മിനിറ്റ് കൊണ്ട് വീട്ടിലെത്തിയെങ്കിലും ടാക്സിയുടെ വെയിറ്റിംഗ് ചാർജുൾപ്പെടെ, അധികം പൈസ കൊടുക്കേണ്ടി വന്നു.

വീട്ടിലെത്തി കുളിച്ച് ഫ്രഷായി, അച്ചാറും പപ്പടവും കൂട്ടി, ചൂട് കഞ്ഞിയും കുടിച്ചിട്ട് എല്ലാവരും കിടന്നുറങ്ങി. പിറ്റേദിവസം തിങ്കളാഴ്ച, മകളും മരുമകനും ഓഫീസിൽ പോയപ്പോൾ, കൊച്ചുമക്കളോടൊപ്പം ഞങ്ങൾ വീട്ടിലിരുന്നു. ട്രെയിൻ ലേറ്റായതിന്റെ ബുദ്ധിമുട്ടുകൾ, റെയിൽവേ അധികാരികൾക്ക് മെയിലയച്ച് ബോധ്യപ്പെടുത്തിയതിന്റെ ഫലമായി, ടിക്കറ്റ് ചാർജിന്റെ ഇരുപത് ശതമാനം തുക, കോമ്പൻസേഷനായി രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ ലഭിക്കുകയുണ്ടായി. ഇങ്ങനെയുളള കാര്യങ്ങളൊക്കെ ഈ നാടിന്റെ സവിശേഷതകളിൽ ഒന്നാണ്. ആഗസ്റ്റ് രണ്ടാം തിയതി ബുധനാഴ്ച വൈകിട്ട്, ചില സുഹൃത്തുക്കളോടൊപ്പം മകളും മരുമകനുമൊരുമിച്ച് തിയേറ്ററിൽ പോയി ഒരു ഹിന്ദി സിനിമ കാണാനുള്ള അവസരവും എനിക്ക് ലഭിച്ചു. അബർഡീൻ ബീച്ചിന് സമീപമുള്ള ക്വീൻസ് ലിങ്കിനുള്ളിലുള്ള സിനിവേൾഡിൽ കളിച്ചു കൊണ്ടിരുന്ന 'റോക്കി ഓർ റാണി കീ പ്രേം കഹാനി' എന്ന മൂവി കണ്ടിരിക്കാൻ വളരെ രസമായിരുന്നു. രൺവീർ സിംഗും ആലിയാ ബട്ടുമൊക്കെ ഇന്നുമെന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

(തുടരും)


enjoying the river

ഭാഗം 29

ആഗസ്റ്റ് 5-ാം തീയതി ശനിയാഴ്ച രാവിലെ എട്ടര മണിയോട് കൂടി സ്കോട്ട്ലൻഡിലുള്ള 'ഇൻവർനസ്സ്' എന്ന സ്ഥലത്തേക്ക് മകളും കുടുംബത്തോടുമൊപ്പം ഞങ്ങൾ യാത്ര തിരിച്ചു. അബർഡീനിൽ നിന്നും അവിടേക്ക്, രണ്ടര മണിക്കൂർ യാത്രയുണ്ടായിരുന്നു. പന്ത്രണ്ട് മണിക്കുള്ള ക്രൂസിന് തലേ ദിവസം തന്നെ ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.

അരമണിക്കൂർ നേരത്തേ അവിടെ എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും ഫ്രഷാവാനും മറ്റുമായി, വഴിമധ്യേ വണ്ടി നിർത്തി ഇറങ്ങിയതിനാൽ, എത്താൻ വൈകുമെന്ന് ബോധ്യമായി. ക്രൂസിന്റെ ഓഫീസിലേക്ക് വിളിച്ച് ലേറ്റാകുമെന്ന് അറിയിച്ചപ്പോൾ, വൈകിപ്പോയാലും പ്രശ്നമില്ലെന്നും അടുത്ത കപ്പലിൽ കയറ്റിവിടാമെന്നും കൂടാതെ, സേഫായി ഡ്രൈവ് ചെയ്ത് വരാനും അവർ നിർദ്ദേശിച്ചു. വണ്ടി പാർക്ക് ചെയ്യേണ്ട സ്ഥലവും അവർ പറഞ്ഞു തന്നു. ദൈവകൃപയാൽ വഴിയിൽ പ്രശ്നങ്ങളൊന്നുമില്ലാതെ, പന്ത്രണ്ട് മണിക്ക് മുൻപ് തന്നെ ഞങ്ങളവിടെ എത്തിച്ചേർന്നു.

'ലോക്ക്നെസ്സ് ബൈ ജാക്കബൈറ്റി'ന്റെ കപ്പലിൽ കയറുവാനായിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പാർക്കിംഗ് ഏരിയായിൽ വണ്ടി പാർക്ക് ചെയ്തിട്ട്, ജാക്കബൈറ്റ് ക്രൂസിന്റെ പ്രവേശന കവാടത്തിലേക്ക് നടന്നു. കപ്പലിലേക്ക് ആളുകളെ കയറ്റുന്നത് കണ്ടുകൊണ്ട് ചെന്ന ഞങ്ങളും അവസാനത്തെ യാത്രക്കാരായി അകത്ത് കടന്നു. ഇരിക്കുവാൻ സീറ്റുകൾ കിട്ടാതിരുന്നതിനാൽ മുകളിലത്തെ ഓപ്പൺ ഏരിയായിൽ സ്ഥാനം പിടിച്ചു. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന ലോക്ക്നെസ്സ് നദിയിലൂടെ, കപ്പൽ നീങ്ങിക്കൊണ്ടിരുന്നു. മലകളും പാറകളും കൊണ്ട് സമൃദ്ധമായ നാല് ദിക്കുകളുടേയും പ്രകൃതി ഭംഗി, മറ്റ് യാത്രക്കാരോടൊപ്പം ഞങ്ങളും ആസ്വദിച്ചു. നദിയുടേയും ചുറ്റുമുള്ള പ്രദേശങ്ങളുടേയും പ്രാധാന്യം വിവരിച്ചു കൊണ്ടുള്ള ലൈവ് കമന്ററിയും ശ്രദ്ധിച്ച്, അകലെയുള്ള കാഴ്ചകളിൽ മുഴുകി നിന്നു. പൊടുന്നനെ പെയ്ത ചാറ്റൽമഴയിൽ നനഞ്ഞെങ്കിലും കപ്പൽയാത്ര ആസ്വദിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. മഴ ശക്തിയായതിനെത്തുടർന്ന് കുറച്ചുനേരം എല്ലാവരും ഉള്ളിൽ സ്ഥാനം പിടിച്ചു.

'നെസ്സി' എന്നും അറിയപ്പെടുന്ന ലോക്ക്നെസ്സ്, സ്കോട്ട്ലന്റിന്റെ വടക്കേ അറ്റത്ത് നിന്നൊഴുകുന്ന നെസ് നദിയുടെ ഒരു ഭാഗമാണ്. വടക്ക്, ഇൻവെർനെസ് മുതൽ തെക്ക്, ഫോർട്ട് വില്യം വരെ ഒഴുകുന്ന വലിയൊരു ജലാശയമാണത്. പുരാണത്തിലെ ലോക്ക്നെസ്സ് മോൺസ്റ്ററിന്റെ കഥയുമായി ഈ നദിയെ ബന്ധപ്പെടുത്തി പറയപ്പെടുന്നുണ്ട്. സ്കോട്ടിഷ് നാടോടിക്കഥകളിൽ ഉൾക്കൊള്ളുന്ന, നീളമുള്ള കഴുത്തുള്ളതും ഒന്നോ അതിലധികമോ ഹംപുകളുള്ളതുമായ ഒരു വലിയ ജീവി ഇവിടെ വസിക്കുന്നുണ്ടത്രേ. നെസ്സി എന്നും അറിയപ്പെടുന്ന ഈ രാക്ഷസ മൃഗം ശ്രദ്ധയിൽ പ്പെട്ടതിന് ശേഷം, അതിനോടുള്ള വിശ്വാസവും ജനപ്രീതിയും വ്യത്യസ്ത പരമായ രീതിയിൽ ചിത്രികരിക്കപ്പെട്ടിരിക്കുന്നു.

loch ness castle

ലോക്ക്നെസ്സ് നദിയുടെ തിരത്തുള്ള ചെറുദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ, നശിച്ച കോട്ടയാണ് 'ഉർക്ഹാർട്ട് കാസിൽ.' പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ കോട്ടയുടെ അവശിഷ്ടങ്ങളാണ് ഇന്ന് കാണുന്നത്. സ്കോട്ട്‌ലന്റിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ഇത്, ഇന്നൊരു ഷെഡ്യൂൾ ചെയ്ത സ്മാരകമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. സ്കോട്ട്ലൻഡിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കോട്ടകളിലൊന്നായി ഇപ്പോളിത് മാറിയിരിക്കുന്നു. ഒരു കിടങ്ങും ഡ്രോ ബ്രിഡ്ജും ഉപയോഗിച്ച് പ്രതിരോധിച്ചിരിക്കുന്ന ഈ കോട്ടയിൽ, ഗേറ്റ്ഹൗസും അഞ്ച് നിലകളുള്ള ഗ്രാന്റ് ടവറും ഉൾപ്പെടെ, കേടുകൂടാത്ത മറ്റ് ഘടനകളും ഉണ്ട്. പ്രവേശന നിരക്ക് ഈടാക്കിയിട്ടാണ് സന്ദർശകരെ അകത്തേയ്ക്ക് കയറ്റുന്നത്. വന്യമായ പ്രകൃതിസൗന്ദര്യവും ആയിരത്തിലധികം വർഷത്തെ ചരിത്രവുമുള്ള, ഉയർന്ന പ്രദേശത്തുള്ള കോട്ടയുടെ അവശിഷ്ടങ്ങളും കപ്പലിൽ നിന്നുകൊണ്ടുതന്നെ ഞങ്ങൾ നോക്കിക്കണ്ടു. കോട്ടയ്ക്കരികിൽ ആളുകളെ ഇറക്കുകയും തിരികെ വരാനുള്ളവരെ അവിടെ നിന്ന് കയറ്റുകയും ചെയ്തു.മനോഹരമായ ദൃശ്യങ്ങൾ പ്രദാനം ചെയ്തു കൊണ്ടുള്ള ഒരു മണിക്കൂർ സമയത്തിനുള്ളിലെ മടക്കയാത്രയും വളരെയേറെ ഹൃദ്യമായിരുന്നു. മനസ്സിന്റെ താളുകളിൽ പതിഞ്ഞ, ഒരിക്കലും മറക്കാനാവാത്ത, ഒരനുഭവം തന്നെയായിരുന്നു അത്. കപ്പലിൽ നിന്നും പുറത്തിറങ്ങി, പാർക്കിംഗ് ഏരിയയ്ക്ക് സമീപമുളള കടയിൽ കയറി. ഓർമിക്കുവാനും സൂക്ഷിച്ചു വയ്ക്കുവാനും വേണ്ടി, ചില സാധനങ്ങൾ വാങ്ങി. സാമാന്യം ഭേദപ്പെട്ട ഒരു റെസ്റ്റോറന്റിൽ കയറി ലഞ്ച് കഴിച്ചിട്ട്, ലോക്ക്നെസ്സ് നദിക്ക് സമീപമുള്ള ഒരു ഐലന്റിലേക്ക് ഞങ്ങൾ നടന്നു.

(തുടരും)


Writer Shaila Babu in Scotland

ഭാഗം 30

നെസ്സ്നദിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിദത്ത ദ്വീപുകളുടെ ഒരു ശേഖരമാണ് നെസ്സ് ഐലന്റ്സ്. നദീതീരങ്ങളിൽ നിന്നും ഉടനീളം മനോഹരമായ നിരവധി നടപ്പാലങ്ങളാൽ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു.

ദ്വീപുകളുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്ന് പാലം വഴി നദിയുടെ മറുകരയിലേക്ക് പ്രവേശിക്കുകയും ചെയ്യാം. ഉയരമുള്ള പൈൻമരങ്ങളും വളരെ പഴക്കം ചെന്ന മറ്റ് വിവിധയിനം തണൽമരങ്ങളുടേയും ഇടയിലുള്ള, പാതകൾ ചുറ്റി യഥേഷ്ടം സഞ്ചരിക്കാവുന്നതാണ്. ഇരിക്കാനും വിശ്രമിക്കാനും മരങ്ങളിൽ കൊത്തിയെടുത്ത ധാരാളം ബെഞ്ചുകൾ പലയിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട്, മരങ്ങളും പുൽത്തകിടികളും കൊണ്ട് സമൃദ്ധമായ ഇവിടം, വളരെ വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിരിക്കുന്നു. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് മരങ്ങൾക്കിടയിലൂടെ നടന്നും ഫോട്ടോകൾ എടുത്തും വീഡിയോ പിടിച്ചും ഏകദേശം രണ്ട് മണിക്കൂർ നേരമെങ്കിലും ഞങ്ങളവിടെ ചിലവഴിച്ചു.

വിക്ടോറിയൻ രീതിയിലുളള പാലത്തിലൂടെ, നദിയുടെ മറുകരയിൽ പാർക്ക് ചെയ്തിരുന്ന കാറിന് സമീപം ഞങ്ങൾ നടന്നെത്തി. കാറിലിരുന്ന് കൊണ്ട് തന്നെ ഇൻവർനസ് നഗരത്തിലെ കാഴ്ചകളിലൂടെ കണ്ണോടിച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്നും മടങ്ങി. അബർഡീനിലേക്കുള്ള മടക്കയാത്രയിൽ Glenfiddich ഡിസ്റ്റിലറി കാണുവാനായി ഞങ്ങൾ അവിടെ ഇറങ്ങി. സ്കോട്ട്ലൻഡിലെ ഡഫ് ടൗണിലെ സ്കോട്ടിഷ് ബർഗിലുള്ള 'വില്യം ഗ്രാന്റ് ആൻഡ് സൺസി'ന്റെ ഉടമസ്ഥതയിലുള്ള ഒരു സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കി ഡിസ്റ്റിലറിയാണത്. വണ്ടിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾത്തന്നെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന കള്ളിന്റെ മണം മൂക്കിലേക്ക് ഇരച്ചുകയറി. പ്രവേശന സമയം കഴിഞ്ഞിരുന്നതിനാൽ പരിസരമെല്ലാം ചുറ്റിനടന്ന് കണ്ടതിന് ശേഷം തിരികെ വന്ന് കാറിൽ കയറി. ഇവിടുത്തെ കാറ്റിന് പോലും കള്ളിന്റെ ഗന്ധമാണെന്നുള്ളത്, കൗതുകകരമായ ഒരു കാര്യം തന്നെയാണ്.

അബർഡീനിലേക്കുള്ള ദേശീയ പാതയുടെ പലയിടങ്ങളിലും ഇരുവശങ്ങളിലായി, വയലറ്റ്, പർപ്പിൾ നിറങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പുക്കളുടെ ഭംഗി എന്നെ വളരെയേറെ സ്വാധീനിച്ചു. നമ്മുടെ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്ത വ്യത്യസ്ത ഇനത്തിലുള്ള പൂക്കളായിരുന്നു അവ. ഒന്ന് രണ്ട് സ്ഥലങ്ങളിൽ വണ്ടി നിർത്തി, അതിന്റെ മനോഹാരിത ക്യാമറയിൽ പകർത്തുകയും ചെയ്തു. ചില ഭാഗങ്ങളിൽ, വിശാലമായ പച്ചപ്പുൽത്തകിടികളിൽ മേഞ്ഞുനടക്കുന്ന വെള്ളനിറത്തിലുള്ള ആടുകളുടെ വലിയ വലിയ കൂട്ടങ്ങളും എന്നിൽ കൗതുകമുണർത്തി. റോഡരികിൽ വണ്ടി പാർക്ക് ചെയ്തിട്ട്, പച്ചയിൽ വെളുത്ത പൊട്ടുകൾ പോലെ തോന്നിക്കുന്ന, ആടുകളുടെ ചിത്രമെടുക്കാനായി ശ്രമിച്ചെങ്കിലും ഞങ്ങളുടെ ശബ്ദം കേട്ട് ഭയന്ന്, അവ കൂട്ടത്തോടെ ദൂരേയ്ക്ക് ഓടിപ്പോകുന്ന കാഴ്ച, എന്നെ സങ്കടപ്പെടുത്തി. എട്ട് മണിയോടെ അബർഡീൻ ടൗണിലെത്തി, രാത്രിയിൽ കഴിക്കുവാനുള്ള ഭക്ഷണവും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പോയി. എല്ലാവർക്കും നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കുളിച്ച് ഫ്രഷായി, ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി.

പിറ്റേദിവസം ഞായറാഴ്ച, വൈകിട്ട് അബർഡീൻ ബിച്ചിനടുത്തുള്ള ഒരു ടർക്കിഷ് റെസ്റ്റോറന്റിൽ, വൈകിട്ട് ഏഴ് മണിയോട് കൂടി ഞങ്ങൾ ഡിന്നർ കഴിക്കാനായി പോയി. നേരത്തേ വിളിച്ച് ബുക്ക് ചെയ്തിരുന്നതിനാൽ, ഞങ്ങളുടെ സീറ്റുകൾ റിസർവ് ചെയ്തിരുന്നു. വ്യത്യസ്തമായ രുചികൾ അടങ്ങിയ പലതരം വിഭവങ്ങൾ ഓർഡർ ചെയ്തു. രണ്ട് മണിക്കൂറോളം സമയമെടുത്ത്, എല്ലാവരും നന്നായി ആസ്വദിച്ച് കഴിച്ചു. അവിടെ നിന്നും ഇറങ്ങി ബിച്ച് സൈഡിൽ പോയി കടലിന്റെ അഗാധതയിലേക്ക് കണ്ണുംനട്ട് കുറച്ചുനേരം നിന്നു. കാറ്റും തണുപ്പും അസഹനീയമായി തോന്നിയതിനാൽ അധികനേരം അവിടെ നിൽക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച മുതൽ മകൾക്കും മരുമകനും ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ കൊച്ചുമക്കളോടൊപ്പം ഞങ്ങൾ വീട്ടിലിരുന്നു. വെള്ളിയാഴ്ച മകൾക്ക് അവധിയായതിനാൽ, ബ്രേക്ഫാസ്റ്റ്‌ കഴിഞ്ഞ്, രാവിലെ പത്ത്മണിയോടുകൂടി കുഞ്ഞുങ്ങുളയും കൂട്ടി ഞങ്ങൾ പുറത്തിറങ്ങി. ഫസ്റ്റ് ബസ്സ് കമ്പനിയുടെ ആപ്പ്, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ട്, സിറ്റി ബസ്സിൽ, ഒരു ദിവസത്തേക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്തു. അഞ്ച് പൗണ്ടിന് എടുത്ത ടിക്കറ്റിൽ, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ, ഫസ്‌റ്റ്ബസ്സ് കമ്പനിയുടെ സിറ്റി ബസ്സുകളിൽ, മാറി മാറി കയറി എവിടെ വേണമെങ്കിലും പോകാമായിരുന്നു. കുട്ടികൾക്ക് ഫ്രീയായി സഞ്ചരിക്കാനുള്ള പാസ്സ് കാർഡുകളുമുണ്ട്. വീടിനടുത്തുള്ള സ്റ്റോപ്പിൽ നിന്നും അബർഡീൻ ടൗണിലേക്കുളള ബസ്സ് കാത്തുനിന്നു. രണ്ട് മിനിറ്റിനുള്ളിൽ എത്തിയ ബസ്സിൽ, എല്ലാവരുടേയും ഫോണിലുള്ള ടിക്കറ്റുകൾ സ്കാൻ ചെയ്തിട്ട് ഞങ്ങൾ അകത്ത് കയറി.

ഉൾപ്രദേശങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് പോകുന്ന ബസ്സായിരുന്നതിനാൽ ഗ്രാമത്തിന്റെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങളിരുന്നു. ഒരു സ്റ്റോപ്പിലെത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി. അവിടെ നിന്നും മറ്റൊരു ബസ്സിൽ കയറി വേറൊരു സ്റ്റോപ്പിലിറങ്ങി. ചുരുക്കത്തിൽ, ഫസ്റ്റ് ബസ്സ് കമ്പനിയുടെതന്നെ, നാല് ബസ്സുകളിൽ കയറിയാണ് അന്ന് ഞങ്ങൾ അബർഡീൻ ബീച്ചിന് സമീപമുളള കൊഡോണ അമ്യൂസ്മെന്റ് പാർക്കിൽ എത്തിയത്. വടക്കൻ കടലിന്റെ തീരത്ത് അബർഡീൻബീച്ചിനോടും ക്വീൻസ് ലിങ്കുകളോടും ചേർന്നാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ഇതിന്റെ നിർമാതാക്കളായ കൊഡോണാ ഫാമിലിയിലെ മൂന്നാമത്തെ തലമുറക്കാരാണ് ഇന്നിത് കൈകാര്യം ചെയ്യുന്നത്. അമ്പത് വർഷത്തിലേറെയായി കുടുംബ വിനോദങ്ങളുടെ ഭവനമായി ഇത് നിലകൊള്ളുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന രസകരവും ആകർഷണീയങ്ങളുമായ വിവിധയിനം റൈഡുകൾക്ക് പുറമേ, വേഗത്തിലോടുന്ന പലതരം കാർട്ട് റെയിസുകളും ഇവിടെയുണ്ട്. കഴിവുകൾ പരീക്ഷിക്കാൻ, ഔട്ട്ഡോറിൽ അഡ്വഞ്ചർ ഗോൾഫ് കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. 'സ്മഗ്ളേഴ്സ് കോവ്' എന്നറിയപ്പെടുന്ന കുട്ടികളുടെ കളിസ്ഥലത്തേക്ക് കയറുവാനുള്ള പ്രത്യേക പ്രവേശന ടിക്കറ്റുകൾ 'ടൈനി ടോട്ട്സ് റിസ്റ്റ്ബാൻഡായി' ലഭിക്കുന്നതാണ്. ധാരാളം റൈഡുകളും റെയിസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കളിസ്ഥലത്ത്, നടപ്പാതകളാൽ ബന്ധിച്ചിരിക്കുന്ന മൂന്ന് ജയന്റ് ട്രീ ഹട്ട്സിൽ, കുട്ടികൾക്ക് ഓടാനും ചാടാനും ഗെയിമുകൾ കളിക്കാനുമുള്ള സൗകര്യങ്ങളും ഉണ്ട്. കുട്ടികളുടെ റിസ്റ്റ് ബാൻഡിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്കാലി വാഗ്സ് ബമ്പർ ബോട്ട് റെയിസ്, ഗാലിയൻ പൈറേറ്റ് കപ്പൽ, ഡെഡ്മാൻസ് ഡ്രോപ്പ് ടവർ, ആപ്പിൾ ഫാമിലി കോസ്റ്റർ, കറങ്ങുന്ന ബമ്പർ കാറുകൾ, സ്പിന്നിംഗ് ടീ കപ്പുകൾ, തുടങ്ങിയ വിവിധയിനം റൈഡുകൾ കുട്ടികളോടൊപ്പം ഞങ്ങളും ആസ്വദിച്ചു. ടിക്കറ്റിലുൾപ്പടുത്തിയ ഡീലിന്റെ ഭാഗമായി ലഭിച്ച ബിഗ് മണിയുടെ മാർഗരിറ്റ പിസയും കഴിച്ചതിന് ശേഷം, കുറച്ച് സമയം ഗോൾഫ് കളിക്കാനായി പോയി. കോയിനുകളിട്ട്, നിരവധി ഇൻഡോർ ഇലക്ട്രോണിക് ഗെയിമുകളിലും കുട്ടികൾ സമയം ചിലവഴിച്ചു. ഫുഡ്കോർട്ടിൽ നിന്നും സ്നാക്സും ജ്യൂസും ഐസ്ക്രീമും മറ്റും വാങ്ങിക്കഴിച്ചു. മധുരമുള്ളതും മൃദുവേറിയതും മുറുക്കിന്റെ ആകൃതിയുമുള്ള നീളത്തിലുള്ള ഒരു വിഭവമാണ് ചുറൂസ്. അങ്ങനെയുള്ള സ്വാദിഷ്ടമായ ഭക്ഷണം കാണുന്നതും കഴിക്കുന്നതും ആദ്യമായിട്ടായിരുന്നു. രസകരമായ ഒരു ദിവസം അവിടെ ചിലവഴിച്ചതിന് ശേഷം സമീപത്തുള്ള 'അസ്ഡ' എന്ന വലിയ സൂപ്പർ മാർക്കറ്റിൽ കയറി അത്യാവശ്യം വേണ്ട സാധനങ്ങളും വാങ്ങി ഇറങ്ങിയപ്പോഴേക്കും ജോലികഴിഞ്ഞെത്തിയ മരുമകൻ ഞങ്ങളെ പിക്ക് ചെയ്യാനായി അവിടെയെത്തി. രാത്രിയിൽ കഴിക്കാനുള്ള ഭക്ഷണവും വാങ്ങി, ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി.

(തുടരും.)


slains castle

ഭാഗം 31

അടുത്ത ദിവസം ശനിയാഴ്ച വൈകിട്ട് ആറ് മണിയോട് കൂടി മകളും കുടുംബവും കൂടിനടക്കുന്ന മാർത്തോമ്മാ പള്ളിയിലെ വിശുദ്ധ കുർബാനയിൽ പങ്ക്‌ ചേർന്നു. എട്ടരമണിക്ക് അവസാനിച്ച ശുശ്രൂഷകൾക്ക് ശേഷം എല്ലാവരോടുമൊപ്പം ചായയും സ്നാക്സും കഴിച്ചു. സ്കോട്ട്ലൻഡിനോട് വിട പറയുവാനുള്ള ദിവസങ്ങൾ അടുത്ത് വരുന്നതിനാൽ, വിശേഷം പറച്ചിലിനും കുശലാന്വേഷണങ്ങൾക്കുമൊടുവിൽ എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

ആഗസ്റ്റ് പതിമൂന്നാം തിയതി ഞയറാഴ്ച, ലഞ്ച് കഴിഞ്ഞ്, അബർഡീൻ ഷെയറിലുള്ള ന്യൂബർഗ് സീൽ ബീച്ച് കാണുവാനായി ഞങ്ങൾ പോയി. സ്കോട്ട്ലന്റിന്റെ വടക്ക് കിഴക്കായി, അബർഡീൻ ഷെയറിലുള്ള ഒരു നദീതീര പ്രദേശമാണിത്. അബർഡീനിൽ നിന്നും ഏകദേശം 13 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സഞ്ചാരികളെ വളരെയേറെ ആകർഷിക്കുന്നതാണ്. ഇതിനോട് ചേർന്നുള്ള ഉയർന്ന പ്രദേശത്ത് വണ്ടി പാർക്ക് ചെയ്തിട്ട്, കുത്തനെയുള്ള മണൽ നിറഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ ഞങ്ങൾ താഴേക്കിറങ്ങി. 'യഥാൻ' നദീതീരത്തുള്ള മണൽപ്പരപ്പിലൂടെ സീലുകളെ കാണാനുള്ള ആഗ്രഹത്തോടെ, നദീമുഖത്തേക്ക് കണ്ണയച്ച് നിൽക്കുകയും, തീരത്തിലൂടെ കുറച്ച് ദൂരം നടക്കുകയും ചെയ്തു. നിർഭാഗ്യമെന്ന് പറയട്ടെ, സീലുകളെ ഒന്നിനേയും ഞങ്ങൾക്ക് കാണുവാൻ കഴിഞ്ഞില്ല. ഈഡർ താറാവുകളുടേയും മുത്തുച്ചിപ്പികളുടേയും വാസസ്ഥലമാണിത്. സീലുകളെ കാണാമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാൽ, അധിക സമയം ഞങ്ങളവിടെ ചിലവഴിച്ചില്ല. ഏറ്റവും മികച്ച വ്യൂ പോയിന്റുകൾ ഉള്ളത്, എതിർ കരയിലാണ്. വളരെ വൃത്തിയുള്ളതും മനോഹരവുമായ ഈ ബീച്ചിനോട് ചേർന്നുകിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശങ്ങളും അവിടെ നിന്നുകൊണ്ട് ഞങ്ങൾ നോക്കിക്കണ്ടു. ന്യൂബർഗിലെ യഥാൻ ഗോൾഫ് ക്ലബ്ബും അടുത്തുള്ള റോയൽ അബർഡീൻ ഗോൾഫ് ക്ലബ്ബും ഇതിന് സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. നദീതീരത്ത് നിന്നും തിരിച്ച് ഉയർന്ന പ്രദേശത്തേക്ക്, മണൽക്കൂനകളിലൂടെ നടന്നുകയറി. വയലറ്റ് നിറത്തിലുള്ള പൂക്കളും പുൽത്തകിടികളും നിറഞ്ഞ ഒരു ചെറിയ പാർക്കിൽ അൽപ്പനേരം ഇരുന്ന് വിശ്രമിച്ചതിന് ശേഷം, അബർഡീനിൽ നിന്ന് 26 മൈൽ വടക്ക്, സ്ഥിതി ചെയ്യുന്ന പീറ്റർ ഹെഡിലുള്ള 'സ്ലെയിൻസ് കാസിൽ' കാണുവാനായി പോയി.

അബർഡീൻ ഷെയറിലെ ക്രൂഡൻ ബേയിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്ക് തെക്ക്, അഭിമുഖമായുള്ള പാറക്കെട്ടുകൾക്ക് സമീപം, നിലകൊള്ളുന്ന പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച, നശിച്ച ഒരു കോട്ടയാണിത്. കാർപാർക്കിൽ നിന്നും വൃത്തിയുള്ളതും മെറ്റൽ പാകിയതുമായ മുക്കാൽ മൈൽ നീളമുള്ള പാതയിലൂടെ, തണുത്ത കാറ്റേറ്റുകൊണ്ട് നടക്കുമ്പോൾ, കോട്ടയുടെ ഭാഗങ്ങൾ ദൂരെ നിന്ന് കൊണ്ട് തന്നെ ഞങ്ങൾക്ക് കാണാമായിരുന്നു. പാതയ്ക്കിരുവശത്തും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ ചോളപ്പാടങ്ങളുടെ മനോഹരമായ കാഴ്ചകളും മനസ്സിനെ കുളിരണിയിച്ചു. സ്ലെയിൻസ് കാസിലിന് ചുറ്റും നടന്ന്, ഉള്ളിൽ പ്രവേശിച്ചു. മുകളിലും താഴെയുമായി ജീർണാവസ്ഥയിലുള്ള ഒരുപാട് മുറികളും ഇടനാഴികളും നടുമുറ്റവും മറ്റുമുള്ള തികച്ചും വ്യത്യസ്തമായ ഒരു കോട്ടയാണിത്. സ്റ്റേബിളുകൾ, ഔട്ട്ഹൗസുകൾ, ടവറുകൾ എന്നിവ ഉൾപ്പെടുന്ന പുറംമുറികൾ ഇപ്പോഴും ദൃശ്യമാണ്. ഭീതിജനകമായ ഒരന്തരീക്ഷമാണ് കോട്ടയ്ക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നത്. പാറക്കെട്ടുകൾക്ക് അരികിലുള്ള കോട്ടയുടെ മുൻഭാഗം, പിൻഭാഗവുമായി ആഴത്തിലുളള ഒരു പിളർപ്പ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. കോട്ടയുടെ ഹൃദയഭാഗത്താണ് നടുമുറ്റമുള്ളത്. വായുസഞ്ചാരം കടക്കാത്ത നിലവറകളും ഇതിനുള്ളിലുണ്ട്. കോട്ടയുടെ ആകർഷണീയമായ വാസ്തുവിദ്യ ഇന്നും വ്യക്തമായി കാണാവുന്നതാണ്. കോട്ടയ്ക്കുള്ളിലൂടെ നടക്കുമ്പോൾ, ആ മുറികളിൽ താമസിച്ചിരുന്നവരുടെ ജീവിതരീതികളും അന്നത്തെ രാജകീയ പ്രൗഢിയും പ്രഭാവവും പ്രതാപകാലങ്ങളിലെ സംഭവ ങ്ങളുമെല്ലാം, ഭാവനയിൽ വരച്ചെടുത്ത ചിത്രങ്ങളായി. സ്കോട്ട്ലന്റിലെ ഹിസ്റ്റോറിക് എൻവയോൺമെന്റ് പട്ടികയിൽ പെടുത്തിയിരിക്കുന്ന ഈ കോട്ടയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

ചരിത്ര പ്രധാനമായ ഈ കോട്ട, ബ്രാംസ്റ്റോക്കറുടെ 'ഡ്രാക്കുള' എന്ന നോവലുമായി ബന്ധപെട്ടിരിക്കുന്നു. കഥയുടെ പശ്ചാത്തലത്തിന് പ്രചോദനമായത് ഈ കോട്ടയാണെന്നാണ് പറയപ്പെടുന്നത്. നാട്ടുകാർ ഇതിനെ ഇപ്പോഴും 'ഡ്രാക്കുളയുടെ കൊട്ടാരം' എന്നാണ് വിളിക്കുന്നത്. 'ഹേ' കുടുംബത്തിലെ പാരമ്പര്യ പദവിയായ 'എർൾ ഓഫ് എറോളി'ന്റെ ഭവനമായിരുന്നു ന്യൂ സ്ലെയിൻസ് കാസിൽ. പതിനാലാം നൂറ്റാണ്ട് മുതൽ ഈ പ്രദേശത്തിലെ, ഒരു ശക്തമായ രാജവംശമായിരുന്നു 'ഹെയ്സ്.' 1453 ൽ ജെയിംസ് രണ്ടാമൻ രാജാവ്, സർ വില്യം ഹേയെ, എറോളിന്റെ ആദ്യത്തെ പ്രഭുവാക്കി. ജെയിംസ് ആറാമൻ രാജാവിന്റെ ഉത്തരവനുസരിച്ച് പഴയ കോട്ട നശിപ്പിക്കപ്പെടുകയും വർഷങ്ങൾക്ക് ശേഷം പുതിയ കോട്ടയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. കോട്ടയുടെ താഴെയുള്ള പാറക്കെട്ടുകളിലേക്ക്, വടക്കൻ കടലിൽ നിന്നും അതിശക്തമായി ആഞ്ഞടിക്കുന്ന തിരമാലകൾ, മുകളിൽ നിന്നുകൊണ്ട് ഞങ്ങൾ ആസ്വദിച്ചു. പാറക്കെട്ടുകൾക്ക് അരികിലെത്തി, വടക്കൻ കടലിന്റെ അഗാധതയിലേക്ക് കണ്ണയയച്ച് നിൽക്കുമ്പോൾ ആർത്തലച്ചിരമ്പുന്ന കടലിനും പോയ കാലത്തിന്റെ ആയിരം ചരിത്രങ്ങൾ പറയുവാനുണ്ടെന്ന് തോന്നി. അവിശ്വസനീയമായ കാഴ്ചകൾ ആസ്വദിച്ചതിന് ശേഷം പത്ത് മിനിറ്റോളം തിരികെ നടന്ന്, വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തെത്തി. അസഹനീയമായ കാറ്റും തണുപ്പും ഉണ്ടായിരുന്നതിനാൽ, വേഗം തന്നെ അവിടെ നിന്നും ഞങ്ങൾ മടങ്ങി. വഴിമധ്യേ കണ്ട മക്ഡൊണാൾസിൽ കയറി ഫുഡ് കഴിച്ചിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. സ്കോട്ട്ലൻഡിലെ ഞങ്ങളുടെ അവസാനത്തെ ഔട്ടിംഗ് ആയിരുന്നു അത്. മുൻ നിശ്ചയിച്ച പ്രകാരം അവിടെ നിന്നും കാനഡയിലേക്ക് യാത്രതിരിക്കാൻ വെറും മൂന്ന് ദിവസങ്ങൾ കൂടി മാത്രമേ ഉണ്ടായിരുന്നുള്ളൂ...

(തുടരും)


bus

ഭാഗം 32

സ്കോട്ട്ലന്റിലെ രണ്ടരമാസത്തെ താമസത്തിന് ശേഷം മകനും കുടുംബവും താമസിക്കുന്ന കാനഡയിലേക്കുള്ള യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ, തിങ്കളാഴ്ച്ച മുതൽ തുടങ്ങിയിരുന്നു. എഡിൻബർഗിൽ നിന്നും ഫ്രാങ്ക്ഫർട്ട് വഴി കാനഡയിലെ ടൊറന്റോയിൽ ഇറങ്ങി, കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ നിന്നും രണ്ട് മണിക്കൂർ അകലെയുള്ള മോൺട്രിയൽ എയർപോർട്ടിൽ എത്തുന്ന വിധത്തിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്.

ആഗസ്റ്റ് പതിനെട്ടാം തീയതി രാവിലെ അഞ്ച്മണിക്കുള്ള ലുഫ്താൻസയുടെ വിമാനത്തിനാണ് ടിക്കറ്റ് എടുത്തിരുന്നത്. വെള്ളിയാഴ്ച ജോലിയുള്ള ദിവസം ആയിരുന്നതിനാൽ മകൾക്കും കുടുംബത്തിനും ഞങ്ങളെ യാത്ര അയയ്ക്കാൻ, എഡിൻബർഗ് എയർപോർട്ട് വരെ വരാൻ സാധിക്കുമായിരുന്നില്ല. തലേദിവസം ഞങ്ങളെ അവിടെ കൊണ്ടാക്കി, ഒരു മുറിയെടുത്ത് താമസിപ്പിച്ചിട്ട്, അന്ന് തന്നെ അവർ തിരിച്ചു വരാനായി പ്ലാൻ ചെയ്തെങ്കിലും ഞങ്ങളതിന് സമ്മതിച്ചില്ല. ഞങ്ങൾ പോകുന്നത് പ്രമാണിച്ച്, ബുധനാഴ്ച തന്നെ ഡൺഡീയിൽ നിന്ന് ഇളയ മകളും എത്തിയിരുന്നു. എഡിൻബർഗ് എയർപോർട്ടിലേക്ക് പോകാൻ, അബർഡീനിൽ നിന്നും വ്യാഴാഴ്ച രാത്രി ഏഴ് മണിക്കുള്ള ബസ്സിന്, ഭർത്താവിനും എനിക്കുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു. അതേ ബസ്സിൽത്തന്നെ ഇളയ മകൾക്ക് ഡൺഡീയിലോട്ട് തിരിച്ചുപോകാനുള്ള ടിക്കറ്റും എടുത്തു. അങ്ങനെ യു.കെ യോട് വിട പറയാനുള്ള ദിവസവും വന്നെത്തി. വ്യാഴാഴ്ച രാവിലെ മുതൽ പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സാധനങ്ങളൊക്കെ പായക്ക് ചെയ്ത്, വൈകിട്ട് ആറര മണിയോടു കൂടി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. മെഗാബസ്സിന്റെ സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾക്ക് പോകാനുള്ള ബസ്സ് അവിടെ കിടക്കുന്നുണ്ടായിരുന്നു. മകളോടും മരുമകനോടും കൊച്ചുമക്കളോടും യാത്ര പറയുമ്പോൾ എല്ലാവരും വിങ്ങിപ്പൊട്ടി. ടിക്കറ്റുകൾ സ്കാൻ ചെയ്ത് ബസ്സിനുള്ളിൽ കയറി ഇരുന്നു. മക്കളെ പിരിഞ്ഞ സങ്കടം, കവിളുകളിൽ കണ്ണുനീർച്ചാലുകൾ തീർക്കുന്നത് ഞാനറിഞ്ഞു. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോഴും കൈവീശിക്കൊണ്ട് നിന്നിരുന്ന പ്രിയപ്പെട്ടവരെ പിരിഞ്ഞതിലുള്ള ദുഃഖം, സങ്കടമഴയായി പെയ്തിറങ്ങി.

കഴിഞ്ഞുപോയ ദിവസങ്ങളിലെ അനുഭവങ്ങൾ ഇളയമകളുമായി പങ്ക് വച്ചു കൊണ്ടിരുന്നതിനാൽ സമയം കടന്നുപോകുന്നത് അറിഞ്ഞിരുന്നില്ല. ഇടയിൽ മൂത്ത മകളെ വിളിച്ച് സംസാരിച്ചു. ദുഃഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിഞ്ഞില്ല. ഒന്നര മണിക്കൂർ വളരെ വേഗം കടന്നുപോയി. ബസ്സ്, ഡൺഡീ സ്റ്റേഷനിലെത്തി. യാത്രചോദിച്ച് ഇളയമകളും ഞങ്ങളെ സങ്കടപ്പെടുത്തിക്കൊണ്ട് അവിടെ ഇറങ്ങുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഡൺഡീ പാലം വഴി ബസ്സ് വീണ്ടും മുന്നോട്ട് നീങ്ങി. എല്ലാവരോടും ഒരുമിച്ച് യു. കെ യിൽ ചിലവഴിച്ച കഴിഞ്ഞ കുറേ ദിവസങ്ങളിലെ ഓർമകൾ താലോലിച്ചുകൊണ്ട് ഞങ്ങൾ ബസ്സിലിരുന്നു. രാത്രിയായതിനാൽ പുറംകാഴ്ചകളൊന്നും വ്യക്തമായിരുന്നില്ല.

എഡിൻബർഗ് എയർപോർട്ടിലെത്താൻ രണ്ട് മണിക്കൂർ എടുക്കുമെങ്കിലും എയർപോർട്ട് എത്തുന്നതിന് അര മണിക്കൂർ ദൂരം പിന്നിലുള്ള Halbeath Interchange സ്റ്റോപ്പിൽ ഇറങ്ങി, വേറൊരു ബസ്സിൽ കയറണമായിരുന്നു. ഇടയിൽ മൊബൈലെടുത്ത് നോക്കിയപ്പോൾ ഒരു മെയിൽ ഭർത്താവിന്റെ ശ്രദ്ധയിൽപ്പെട്ടു. രാവിലെ അഞ്ച് മണിക്ക് ഞങ്ങൾ പോകാനിരുന്ന ലുഫ്താൻസയുടെ ഫ്ളൈറ്റ് ക്യാൻസൽ ചെയ്തെന്ന് കാണിച്ചുള്ള മെയിലായിരുന്നു അത്. അല്പം പരിഭ്രമിച്ചെങ്കിലും എയർപോർട്ടിൽ എത്തി കൗണ്ടറിൽ അന്വേഷിക്കാമെന്ന് കരുതി ഞങ്ങൾ യാത്രതുടർന്നു. ഫോർവേഡ് ചെയ്ത മെയിൽ വായിച്ച്, മക്കൾ മൂന്നുപേർക്കും ടെൻഷനായി. കാനഡയിൽ നിന്ന് മകനും സ്കോട്ട്ലൻഡിലെ അബർഡീനിൽ നിന്നും മൂത്തമകളും ഡൺഡീയിൽ നിന്നും ഇളയമകളും മാറിമാറി വിളിച്ചുകൊണ്ടിരുന്നു. വാട്ട്സ് ആപ് ഗ്രൂപ്പിൽ മക്കളും മരുമക്കളും കൂടി പല പോംവഴികളെപ്പറ്റി ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ലൂഫ്താൻസയുടെ കസ്റ്റമർ സർവീസിൽ വിളിച്ച് ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്യുന്നതിനായി അവർ ശ്രമിച്ചുകൊണ്ടിരുന്നു. പതിനൊന്ന് മണിയോടുകൂടി ഇന്റർചെയ്ഞ്ച് സ്റ്റോപ്പിൽ ബസ്സ് നിർത്തി, പെട്ടികളുമെടുത്ത് ഞങ്ങളിറങ്ങി. കുളിരുള്ള കാറ്റ് വിശിയിരുന്നതിനാൽ നന്നായി തണുത്തു വിറച്ചു. പത്ത് മിനിറ്റിനുള്ളിൽ എത്തിയ മറ്റൊരു ബസ്സിൽ കയറി അരമണിക്കൂർ കൊണ്ട് ഞങ്ങൾ എയർപോർട്ടിലെത്തി. മക്കളുടെ മെസ്സേജുകൾ അപ്പോഴും വന്നുകൊണ്ടിരുന്നു. രാത്രിമുഴുവൻ എയർപോർട്ടിൽ കുത്തിയിരിക്കാതെ ഹോട്ടലിൽ മുറി ബുക്ക് ചെയ്യാമെന്ന് രണ്ട് പെൺമക്കളും പറഞ്ഞെങ്കിലും ഞങ്ങളത് നിരസിച്ചു. കൂടെ വരാതിരുന്നതിൽ മൂത്ത മകൾക്ക് വളരെയധികം ദുഃഖവും കുറ്റബോധവും ഉണ്ടായി. മുകളിലത്തെ നിലയിലുള്ള ലുഫ്താൻസയുടെ കൗണ്ടറിൽ ചെന്ന് വിവരങ്ങൾ തിരക്കാനായി ഭർത്താവ് പോയപ്പോൾ ബാഗേജുകളുമായി ഒരു മൂലയിൽ ഞാനും ഇരുന്നു. വളരെ വലിയൊരു എയർപോർട്ട് ആയിരുന്നെങ്കിലും തിക്കും തിരക്കും ബഹളവും ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ ശാന്തമായ ഒരന്തരീക്ഷം. കുറച്ച് യാത്രക്കാർ അവിടവിടെയായി ഇരിക്കുന്നുണ്ട്. രാത്രിയിൽ അവിടെ നിന്നും വിമാന ങ്ങളൊന്നും പുറപ്പെടുന്നില്ലെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. കൗണ്ടറുകളിലൊന്നും ഉദ്യോഗസ്ഥന്മാർ ആരും തന്നെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരും ക്ലീനിംഗ് സ്റ്റാഫുമല്ലാതെ മറ്റാരേയും തന്നെ അവിടെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇടവേളകളിൽ ലാൻഡ് ചെയ്യുന്ന ഡൊമസ്റ്റിക് ഫ്ളൈറ്റുകളിൽ വന്നിറങ്ങുന്ന യാതക്കാർ, നടന്നു പോകുന്നതും നോക്കി ഞാനിരുന്നു. ഉത്തരവാദപ്പെട്ട ഓഫീസേർസിനെ കാണാൻ കഴിയാതെ, നിരാശനായി ഭർത്താവും തിരിച്ചെത്തി. പുലർച്ചെ നാലുമണിക്ക് മാത്രമേ കൗണ്ടറുകൾ സജീവമാകുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.

ക്യാൻസൽ ചെയ്ത ഫ്ളൈറ്റിന് പകരമായി, രാവിലെ ഒൻപത് മണിക്ക് ന്യൂയോർക്ക് വഴി ടൊറൊന്റോയിലേക്ക് പോകുന്ന ഫ്ളൈറ്റിന്, ഞങ്ങളുടെ ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള മെയിൽ, ഒരു മണിക്കൂറിനകം ലഭിക്കുകയുണ്ടായി. ന്യൂയോർക്കിൽ ഇറങ്ങാൻ, വിസ വേണമെന്നുള്ളതിനാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറായില്ല. വിസയില്ലാതെ അവിടെ ഇറങ്ങിയാൽ ഇമിഗ്രേഷൻ ഇഷ്യൂസ് ഉണ്ടാവുമെന്നുള്ളത്, കൺഫേം ചെയ്ത്, മകനും അറിയിച്ചു. നാട്ടിൽ നിന്നും ടിക്കറ്റ് എടുത്തു തന്ന എറണാകുളത്തുള്ള ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെ രാത്രിയായതിനാൽ നടന്നില്ല. മെസ്സേജയച്ച് വിവരം അറിയിച്ചതിനെ തുടർന്ന്, രണ്ട് ദിവസം കഴിഞ്ഞുള്ള ലുഫ്താൻസയുടെ തന്നെ വിമാനത്തിന്, ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തു തരാമെന്ന് പിന്നീട് അവർ അറിയിച്ചു. കസ്റ്റമർസർവിസിൽ വിളിച്ച് സംസാരിച്ചതിന്റെ ഫലമായി, രാവിലെ പത്ത്മണിക്കുള്ള ഒരു ഫ്‌ളൈറ്റിൽ ടൊറന്റോയിൽ എത്തിച്ചേരാനുള്ള ക്രമീകരണം നടത്തിത്തരാമെന്ന് അവർ പറഞ്ഞെങ്കിലും, ഞങ്ങളുടെ ഫൈനൽ ഡെസ്റ്റിനേഷൻ മോൺട്രിയൽ ആയിരുന്നതിനാൽ അത് അംഗീകരിക്കാനും ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലാണ് മകനും കുടുംബവും താമസിക്കുന്നത്. ടൊറന്റോയിൽ നിന്നും അവിടെ യെത്താൻ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും വേണമെന്നുള്ളതിനാലാണ് അവർ നൽകിയ ഓഫർ ഞങ്ങൾ നിരസിച്ചത്. മോൺട്രിയൽ എയർപോർട്ടിൽ നിന്നും രണ്ട് മണിക്കൂർ ദൂരം അകലെ താമസിക്കുന്ന മകന് അവിടെയെത്തി ഞങ്ങളെ പിക് ചെയ്യാൻ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. അല്പം പോലും ഉറങ്ങാൻ കഴിയാതെ മെസ്സേജുകളും ഫോൺകോളുകളും മറ്റുമായി സമയം കടന്നുപോയി. മൂന്ന് മണി കഴിഞ്ഞപ്പോൾ അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നും ഭർത്താവിന്റെ സഹോദരിയുടെ മകൻ, ബിനുവിന്റെ ആശ്വാസകരമായ കോൾ എത്തി. രാവിലെ ഒൻപതു മണിക്കുള്ള എയർ കാനഡയിൽ ടൊറൊന്റോയിലേക്കും അവിടെ നിന്നും അഞ്ച് മണിക്കൂർ കഴിഞ്ഞ്, എയർ കാനഡയുടെ മറ്റൊരു ഫ്ളൈറ്റിൽ മോൺട്രിയൽ എയർപോർട്ടിലേക്കുമുള്ള ടിക്കറ്റുകൾ ശരിയാക്കിയിട്ടുണ്ടെന്ന് ബിനു അറിയിച്ചപ്പോഴാണ് സമാധാനമായത്.

അബർഡീനിലേക്ക് തിരിച്ചു പോയിട്ട്, രണ്ട് ദിവസം കഴിഞ്ഞ് യാത്ര ചെയ്യാമെന്ന് മാനസികമായി തയ്യാറെടുക്കുമ്പോഴായിരുന്നു ഈ വിവരം അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ ഫ്‌ളൈറ്റ് ക്യാൻസലായ വിവരം, കാനഡയിൽ നിന്നും മകനായിരുന്നു, ബിനുവിനെ വിളിച്ച് പറഞ്ഞത്. വർഷങ്ങളായി അമേരിക്കയിൽ താമസിച്ച്, ധാരാളം യാത്രകൾ നടത്തിയതിന്റെ അനുഭവസമ്പത്തുകളും സ്വാധീനവും വച്ചുകൊണ്ട് കസ്റ്റമർ സർവീസിൽ വിളിക്കുകയും ലുഫ്താൻസ യുടെ മാനേജരോട് റിക്വസ്റ്റ് ചെയ്തതിന്റെയും ഒക്കെ ഫലമായിട്ടാണ് ഞങ്ങൾക്ക് അന്ന് തന്നെ, മൂന്ന് മണിക്കൂറിന് ശേഷമുള്ള ഫ്ളൈറ്റിൽ യാത്രചെയ്യാൻ സാധിച്ചത്. റീ ഷെഡ്യൂൾ ചെയ്തു കിട്ടിയ ടിക്കറ്റിന്റെ ഡീറ്റൈയിൽസെല്ലാം ബിനു, മെയിലിലേക്ക് അയച്ചുതന്നു. എല്ലാവരോടും വിവരം പറഞ്ഞിട്ട്, അല്പനേരം ഒന്ന് മയങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാല്മണിക്ക് ശേഷം സജീവമാകാൻ തുടങ്ങിയ എയർപോർട്ടിൽ, യാത്രക്കാർ തിങ്ങിനിറഞ്ഞ പല കൗണ്ടറുകളും പ്രവർത്തിക്കാൻ തുടങ്ങി. ആറ്മണിക്ക് തുറന്ന എയർ കാനഡയുടെ കൗണ്ടറിൽ ചെന്ന്, ടിക്കറ്റും പാസ്പോർട്ടും കൊടുത്ത് ഞങ്ങൾ കാത്തുനിന്നു. ഞങ്ങൾക്ക് പുതിയ ടിക്കറ്റ് ഇഷ്യൂ ചെയ്ത് കിട്ടിയെങ്കിലും അത് സിസ്റ്റത്തിൽ, കൺഫേം ചെയ്തതായി കാണിക്കാതിരുന്നതിനാൽ വീണ്ടും ടെൻഷനായി. മാനേജരോട് സംസാരിച്ചപ്പോൾ മറ്റൊരു കൗണ്ടറിലേക്ക് ഞങ്ങളെ പറഞ്ഞുവിട്ടു. അവിടിരുന്ന ഉദ്യോഗസ്ഥയുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ്, ഞങ്ങളുടെ ടിക്കറ്റുകൾ കൺഫേം ചെയ്തു കിട്ടിയത്. ബാഗേജുകൾ വിട്ട് മോൺട്രിയൽ വരെയുള്ള ബോർഡിംഗ് പാസുകളും കയ്യിൽ കിട്ടിയപ്പോഴാണ്, കഴിഞ്ഞ രാത്രി മുഴുവനും അനുഭവിച്ച ടെൻഷന് പൂർണമായ ഒരു പരിസമാപ്തി ഉണ്ടായത്.

(തുടരും)


airport

ഭാഗം 33

സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് കൃത്യസമയത്ത് തന്നെ ബോർഡിംഗ് ആരംഭിച്ചു. നിറയെ യാത്രക്കാരുള്ള വലിയൊരു വിമാനമായിരുന്നു അത്. മുന്നിലും പിറകിലുമായിട്ടായിരുന്നു ഞങ്ങൾക്ക് സിറ്റുകൾ ലഭിച്ചിരുന്നത്. ഒമ്പത് മണിക്ക് തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ, വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണം, കഴിച്ചതിന് ശേഷം, സിനിമ കണ്ടും കുറച്ച് നേരം ഉറങ്ങിയും സമയം ചിലവഴിച്ചു. ഏഴര മണിക്കൂർ നീണ്ടുനിന്ന യാത്രയ്ക്കൊടുവിൽ കാനഡയിലെ പ്രാദേശിക സമയം, പതിനൊന്നര മണിക്ക് ഞങ്ങൾ ടൊറന്റോ എയർപോർട്ടിൽ ലാൻഡ് ചെയ്തു.


രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസം അഞ്ച് മണിക്കൂറാണ്. കാനഡയെന്ന വലിയ രാജ്യത്തിലെ പച്ചപ്പുകൾ, വിമാനത്തിന്റെ കിളിവാതിലിലൂടെ ആദ്യമായി കണ്ടപ്പോൾത്തന്നെ ഹൃദയം, ആനന്ദത്താൽ പുളകമണിഞ്ഞു. ഫ്ളൈറ്റിൽ നിന്നുമിറങ്ങി, മറ്റ് യാത്രക്കാരോടൊപ്പം നീണ്ടുകിടക്കുന്ന നടപ്പാതകളിൽക്കൂടിയും എസ്കലേറ്ററിൽക്കൂടിയും നടന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ എത്തി. യാത്രക്കാരെ ഗൈഡ് ചെയ്യാൻ പല സ്ഥലത്തും ജീവനക്കാർ നിൽക്കുന്നുണ്ടായിരുന്നു. പല രാജ്യങ്ങളിൽ നിന്നും സ്‌റ്റുഡന്റ്സ് വിസയിൽ വരുന്നവരെ സ്വീകരിക്കാൻ വേണ്ടി മാത്രമുള്ള കൗണ്ടറിലെ, ജീവനക്കാരുടെ ആത്മാർത്ഥമായ സേവനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. ഇമിഗ്രേഷൻ പ്രൊസീജിയർ കഴിഞ്ഞെത്തിയത് ഒരു ഓഫിസറിന്റെ മുന്നിലേക്കായിരുന്നു. ചില ചോദ്യങ്ങൾക്ക് ശേഷം നാട്ടിലേക്കുള്ള റിട്ടേൺ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ കൊടുത്ത ടിക്കറ്റും പാസ്പോർട്ടും മറ്റ് യാത്രാ രേഖകളുമെല്ലാം പരിശോധിച്ചതിന് ശേഷം സ്റ്റാമ്പ് ചെയ്ത് നൽകിയ പാസ്പോർട്ടുകളും വാങ്ങി ഞങ്ങൾ നടന്നു. വീണ്ടുമൊരു സെക്യൂരിറ്റി ചെക്കിംങിന്റെ ആവശ്യം ഇല്ലാതിരുന്നതിനാൽ ഗേറ്റ് നമ്പർ കണ്ടുപിടിച്ച് അവിടേക്ക് പോകാൻ തീരുമാനിച്ചു. അവിടെനിന്നും മോൺട്രിയലിലേക്കുള്ള വിമാനം, വൈകിട്ട് നാലര മണിക്കായിരുന്നു. കാനഡയിലെ ഒണ്ടാരിയോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ടൊറന്റോയിലെ ഏറ്റവും വലിയ എയർപോർട്ടാണിത്. പിയേഴ്സൺ എയർപോർട്ടെന്നും അറിയപ്പെടുന്ന ഇവിടം ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഒരു വിമാനത്താവളമാണ്. സമാധാനത്തിനുള്ള നോബൽ പ്രൈസ് ജേതാവും കാനഡയുടെ പ്രധാനമന്ത്രിയുമായിരുന്ന ലെസ്റ്റർ ബി. പിയേഴ്സന്റെ നാമധേയത്തിലാണ് ഈ വിമാനത്താവളം അറിയപ്പെടുന്നത്. ടൊറന്റോ സിറ്റിയിൽ നിന്നും ഏകദേശം 16 മൈൽ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അഞ്ച് റൺവേകളും രണ്ട് പാസഞ്ചർ ടെർമിനലുകളും കൂടാതെ യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ടതായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇവിടെ നിന്നും പ്രതിദിനം ആയിരത്തിലധികം പുറപ്പെടലുകൾ ഉണ്ട്. കൂടാതെ മറ്റ് ഭൂഖണ്ഡങ്ങളിലെ 180 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിന സർവീസുകളും ഉണ്ട്. ചരിത്രവും സംസ്കാരവും കൊണ്ട് സമ്പന്നമായ ഇവിടം, കാനഡ സർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്.

എയർപോർട്ടിലെ കാഴ്ചകളൊക്കെ കണ്ട് നടക്കുന്നതിനിടയിൽ, ഫുഡ് കോർട്ടിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചു. ഗേറ്റിലെത്തി സ്വസ്ഥമായതിന് ശേഷം മക്കളെ മൂന്നുപേരേയും വിളിച്ച് സംസാരിച്ചു. മോൺട്രിയലിലേക്ക് നാലരമണിക്ക് പോകേണ്ടിയിരുന്ന ഞങ്ങളുടെ വിമാനം ഒരു മണിക്കൂർ കൂടി വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. ഒരേ സമയത്ത് തന്നെ നിരവധി വിമാനങ്ങളി ലേക്കുള്ള ബോർഡിംഗ് നടക്കുന്നതിനാലായിരുന്നു പുറപ്പെടാൻ വൈകിയത്. വെറും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള യാത്രക്കിടയിൽ ലഭിച്ച, സ്നാക്സും ജ്യൂസും കഴിച്ചിട്ട് കുറച്ച് നേരം ഞാൻ കണ്ണടച്ചിരുന്നു. അങ്ങനെ ഫൈനൽ ഡെസ്റ്റിനേഷനായ, മോൺട്രിയൽ എയർപോർട്ടിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും ഞങ്ങൾ ഇറങ്ങി. വീണ്ടുമൊരു ഇമിഗ്രേഷൻ പ്രൊസീജിയറൊന്നും അവിടെ ഉണ്ടായിരുന്നില്ല.

ബാഗേജുകളെല്ലാം കളക്ട് ചെയ്ത് പുറത്തിറങ്ങിയപ്പോൾ മകനും കുടുംബവും ഞങ്ങളെ സ്വീകരിക്കാൻ അക്ഷമരായി പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം മകനെ നേരിട്ട് കണ്ടതിന്റെ സന്തോഷം, കെട്ടിപ്പിടിച്ച് പരസ്പരം പങ്ക് വച്ചു. മരുമകളോടും കൊച്ചുമകളോടുമൊപ്പം ആനന്ദകരമായ ആ കൂടിക്കാഴ്ചയിൽ, ഹൃദയത്തോടൊപ്പം മിഴികളും നിറഞ്ഞു തുളുമ്പി.

മരുമകളും കൊച്ചുമകളും ഇരുപത് ദിവസത്തെ അവധിക്ക്, കഴിഞ്ഞ കൊല്ലം നാട്ടിൽ വന്നപ്പോഴും മകന് അവരോടൊപ്പം വരാൻ സാധിച്ചിരുന്നില്ല. കാറിന്റെ ഡിക്കിയിൽ പെട്ടികളെല്ലാം ഒതുക്കി വച്ചിട്ട് എല്ലാവരും വണ്ടിയിൽ കയറി. സമയം ഏഴ് മണി കഴിഞ്ഞിരുന്നെങ്കിലും ഇരുട്ടിയിരുന്നില്ല. കാനഡയിലെ ക്യൂബക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ മോൺട്രിയലിൽ നിന്നും ഒട്ടാവയിലേക്ക് രണ്ടുമണിക്കൂർ യാത്രയുണ്ട്. ദേശീയപാതയിലൂടെ വളരെ സൂക്ഷിച്ചാണ് മകൻ വണ്ടിയോടിച്ചത്. യു.കെയിൽ നിന്നും തികച്ചും വ്യത്യസ്തമായ പുറംകാഴ്ചകളിൽ കണ്ണോടിച്ചുകൊണ്ടും വിശേഷങ്ങൾ പങ്ക് വച്ചും സമയം കടന്നുപോയി. ഇടയിൽ വണ്ടി നിർത്തി പ്രശസ്തമായ ടിം റെസ്റ്റോറന്റിൽ കയറി കോഫിയും സ്നാക്സും കഴിച്ചിട്ട്, വീണ്ടും യാത്ര തുടർന്നു. അങ്ങനെ രണ്ട് ദിവസത്തോളം നീണ്ടുനിന്ന യാത്രയുടെ അവസാനത്തിൽ, രാത്രി പത്തരമണിയോടുകൂടി, ഞങ്ങൾ മകന്റെ വീട്ടിലെത്തി. യാത്രാക്ഷീണവും ഉറക്ക ക്ഷീണവും കലശലായിരുന്നെങ്കിലും പെട്ടികൾ തുറന്ന് മക്കൾക്ക് വേണ്ടി കൊണ്ടുവന്ന സമ്മാനങ്ങളൊക്കെ എടുത്തു കൊടുത്തു. അതിന് ശേഷം, കുളിച്ച്, ഫ്രഷായി വന്ന് ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങി.

കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ റോക്ക്ലൻഡ് എന്ന ടൗൺഷിപ്പിനകത്ത്, സ്വന്തമായി വാങ്ങിയ വീട്ടിൽ മകനും കുടുംബവും താമസം തുടങ്ങിയിട്ട്, ആറ് മാസമേ ആയിരുന്നുള്ളൂ... നാലര വർഷത്തോളം ഒട്ടാവാസിറ്റിയിൽ തന്നെയായിരുന്നു അവർ താമസിച്ചിരുന്നത്. രാവിലെ എഴുന്നേറ്റ് വീടും പരിസരവുമെല്ലാം വിശദമായി കണ്ടതിന് ശേഷം പെട്ടികൾ തുറന്ന് സാധനങ്ങളെല്ലാം എടുത്തു കൊടുത്തു. ഇവിടേക്ക് കൊണ്ടുവരാനായി നാട്ടിൽ വച്ചു തന്നെ പായ്ക്ക് ചെയ്ത സാധനങ്ങളായിരുന്നു അധികവും. ഞങ്ങൾ വരുന്നത് പ്രമാണിച്ച്, മകൻ ഒരാഴ്ച അവധിയെടുത്തിരുന്നു. സ്കൂൾ വെക്കേഷൻ ആയതിനാൽ കൊച്ചുമകളും സന്തോഷത്തിലായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസം ബാലൻസ് ചെയ്യാൻ ദിവസങ്ങൾ എടുക്കുമെന്നുള്ളതിനാൽ, ശനിയും ഞായറും വീട്ടിൽ തന്നെ ഇരുന്ന് ഞങ്ങൾ വിശ്രമിച്ചു.

(തുടരും) .


Ottawa

ഭാഗം 34

ഓഗസ്റ്റ് 21-ാം തീയതി തിങ്കളാഴ്ച രാവിലെ, പത്ത് മണിയോടുകൂടി ഞങ്ങൾ സ്ഥലങ്ങൾ കാണുവാനായി പോയി. മകനും കുടുംബവും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും 45 മിനിറ്റ് ദൂരം യാത്ര ചെയ്താലേ ഒട്ടാവാസിറ്റിയിൽ എത്തുകയുള്ളൂ. ഡൗൺ ടൗണിലുള്ള ബൈവാർഡ് മാർക്കറ്റിന് സമീപം വണ്ടി പാർക്ക് ചെയ്തിട്ട്, ഞങ്ങൾ പുറത്തിറങ്ങി. കാനഡയിലെ ഏറ്റവും പഴക്കം ചെന്ന കർഷകരുടെ വിപണികളിലൊന്നാണ് ബൈവാർഡ് മാർക്കറ്റ്.

ഡിസ്ട്രിക്ട് ജോർജ് സ്ട്രീറ്റ്, യോർക്ക് സ്ട്രീറ്റ്, ബൈവാർഡ് സ്ട്രീറ്റ്, വില്യം സ്ട്രീറ്റ് എന്നിങ്ങനെ നാല് ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്ത്, മ്യൂസിയങ്ങൾ, കഫേകൾ, സ്പെഷ്യാലിറ്റി ഫുഡ് ഷോപ്പുകൾ, ബോട്ടിക്കുകൾ, ഗാലറികൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, സൗന്ദര്യശാസ്ത്ര സലൂണുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സവിശേഷമായ ഒരനുഭവം പകർന്നുതരുന്ന ഈ മാർക്കറ്റ് കാനഡയിലെ പഴക്കമേറിയതും വലുതുമായ ഒരു വിപണിയാണ്. മേപ്പിൾ സിറപ്പും ഒട്ടാവൻ കരകൗശല വസ്തുക്കളും ഇവിടെ സുലഭമായി ലഭിക്കുന്നു. വർഷത്തിൽ ഏത് സമയത്തും സന്ദർശിക്കാൻ പറ്റിയ ഇവിടം, ഒട്ടാവാസിറ്റിയുടെ ഹൃദയഭാഗത്തുള്ള സജീവവും തിരക്കേറിയതുമായ ഒരു വിനോദ സഞ്ചാര ആകർഷണമാണ്.

ഒട്ടാവാനദിയെ സെന്റ് ലോറൻസ് നദിയിലൂടെ കിംഗ്‌സ്റ്റണുമായി ബന്ധിപ്പിക്കുന്ന, റൈഡോ കനാൽ ഇതിന് സമീപത്തുകൂടിയാണ് ഒഴുകുന്നത്. ഒട്ടാവാനദിക്കും റൈഡോ കനാലിനും എതിരേയുള്ള മേജേഴ്സ് ഹിൽ പാർക്കിലേക്കാണ് അവിടെ നിന്നും ഞങ്ങൾ പോയത്. 1875 ൽ സ്ഥാപിതമായ ഈ പാർക്കിൽ, മനോഹരമായ പൂന്തോട്ടങ്ങളും വളഞ്ഞു പുളഞ്ഞു കിടക്കുന്ന നിരവധി പാതകളും ഉൾക്കൊള്ളുന്നു. ബൈവാർഡ് മാർക്കറ്റിനോട് ചേർന്ന് തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒട്ടാവ സിറ്റിയിലെ ശാന്തമായ ഒരു മരുപ്പച്ചയാണ് ഈ പാർക്ക്. മരങ്ങൾക്കിടയിലുള്ള പുൽത്തകിടികളിലൂടെയും നടപ്പാതകളിലൂടെയും ചുറ്റിനടന്ന് വിവിധയിനം ആകർഷണീയമായ പൂക്കളുടെ ഭംഗി, മതിയാവോളം ആസ്വദിച്ചു. വസന്തകാലത്ത് പൂക്കുന്ന തുലിപ്സ് കാണാനുള്ള ഒരു അസാധാരണ സ്ഥലം കൂടിയാണിത്.

ottawa

റൈഡോ കനാലിലെ ഒട്ടാവാ ലോക്കുകൾ, ഒട്ടാവാനദി, പാർലമെന്റ് മന്ദിരങ്ങൾ എന്നിവയുടെ അതിശയകരമായ നേർക്കാഴ്ചകൾ ഇവിടെ നിന്നും ലഭിക്കുന്നു. ഒട്ടാവായിലെ മക്കെൻസി അവന്യൂവിലെ യുണെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ എംബസിക്ക് കുറുകെ, അഞ്ച് ഹെക്ടർ സ്ഥലത്തുള്ള ഈ പാർക്ക്, കാനഡയുടെ വടക്കുഭാഗത്തുള്ള നാഷണൽ ഗാലറിക്കും തെക്ക് ഭാഗത്തുള്ള ഫെയർമോണ്ട് 'ചാറ്റോ ലോറിയർ' ഹോട്ടലിനും ഇടയിൽ സ്ഥിതിചെയ്യുന്നു. റൈഡോ കനാലിന് മുകളിലുള്ള പാർക്കിൽ നിന്നുകൊണ്ട് പടിഞ്ഞാറ് ഭാഗത്ത്, കനാലിന് കുറുകെയുള്ള പാർലമെന്റ് കെട്ടിടങ്ങൾ ഞങ്ങൾ നോക്കിക്കണ്ടു. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഈ പാർക്കിൽ, കുറച്ച് നേരം ഇരുന്നു വിശ്രമിച്ചിട്ട്, അവിടെനിന്നും ഞങ്ങൾ വില്ലിംഗ്ടൺ സ്ട്രീറ്റിലുള്ള പാർലമെന്റ് ഹില്ലിലേക്ക് നടന്നു.

ഒട്ടാവാനദിക്ക് അഭിമുഖമായി നിൽക്കുന്ന ഒരു കുന്നിൻ മുകളിലാണ് ചരിത്രപരമായ നിയോ-ഗോതിക് ശൈലിയിൽ നിർമിച്ച പാർലമെന്റ് മന്ദിരങ്ങൾ, പ്രൗഢിയോടെ നിലകൊള്ളുന്നത്. ഈ കെട്ടിടങ്ങൾ രാജ്യത്തിന്റെ ഫെഡറൽ ഗവൺമെന്റിന്റെ ആസ്ഥാനമാണെങ്കിലും സന്ദർശകർക്ക് ഇവിടെ വർഷം മുഴുവനും സൗജന്യ ടൂറുകൾ നടത്താവുന്നതാണ്. ഒട്ടാവാനദിയുടെ തെക്കേകരയിലുള്ള ക്രൗൺ ലാൻഡിന്റെ ഒരു പ്രദേശമാണ് ബാരക്ക്ഹിൽ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. കനേഡിയൻ പാർലമെന്റ് ഉൾപ്പെടെ ദേശീയ പ്രതീകാത്മക പ്രാധാന്യമുള്ള വാസ്തുവിദ്യാ ഘടകങ്ങളാൽ ആകർഷണീയമായ ഗോതിക് പുനരുജ്ജീവന കെട്ടിടങ്ങളുടെ ഒരു സമുച്ചയം തന്നെ ഇവിടെ യുണ്ട്. ഓരോവർഷവും ഏകദേശം മൂന്ന് ദശലക്ഷത്തോളം സന്ദർശകരെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്.

ottawa

1859 ൽ വിക്ടോറിയ രാജ്ഞി, ഒട്ടാവായെ കാനഡയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തതിന് ശേഷമാണ്, ഈ പ്രദേശത്തിന്റെ വികസനം ആരംഭിച്ചത്. ഒട്ടാവാനദിയിലെ ഒരു നാഴികക്കല്ലായിരുന്നു ഈ കുന്ന്. പാർലമെന്റ്ഹില്ലിന്റെ മധ്യഭാഗത്തുള്ള പുൽത്തകിടിയുടെ മൂന്ന് വശങ്ങളിൽ ക്രമീകരിച്ചി രിക്കുന്ന, മൂന്ന് കെട്ടിടങ്ങളാണ് പാർലമെന്റ് മന്ദിരങ്ങൾ. നിയമസഭയുടെ ഓരോ ചേമ്പറിലേയും സ്പീക്കർമാർ ഓരോ കെട്ടിടത്തിനുള്ളിലെ സ്ഥലങ്ങളുടെയും മേൽനോട്ടം വഹിക്കുന്നു. സെന്റർ ബ്ലോക്കിൽ സെനറ്റും കോമൺസ് ചേമ്പറുകളും ഉണ്ട്. കെട്ടിടത്തിന്റെ മുൻ വശത്ത് പീസ് ടവറും പിൻവശത്ത് പാർലമെന്റിന്റെ ലൈബ്രറിയും ഉണ്ട്. ഈസ്റ്റ് ബ്ളോക്കിൽ മന്ത്രിമാരുടേയും സെനറ്റർമാരുടേയും ഓഫീസുകൾ, മീറ്റിംഗ് റൂമുകൾ, മറ്റ് ഭരണപരമായ ഇടങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വെസ്റ്റ് ബ്ളോക്ക്, ഹൗസ് ഓഫ് കോമൺസ് ആയി പ്രവർത്തിക്കുന്നു. മൈതാനത്ത്, കാനഡയുടെ ചരിത്രത്തിലെ പ്രധാന വ്യക്തികളെ അനുസ്മരിപ്പിക്കുന്ന ഇരുപതിലധികം വെങ്കല പ്രതിമകൾ ഉണ്ട്. മൂന്ന് പാർലമെന്ററി കെട്ടിടങ്ങൾക്ക് പിന്നിലെ പൂന്തോട്ടത്തിലും പ്രധാന വേലിക്ക് പുറത്തുമാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കനേഡിയൻ കോൺഫെഡറേഷന്റെ നൂറാം വാർഷികത്തെ അനുസ്മരിക്കുന്ന, പാർലമന്റ്ഹില്ലിലെ ഒരു സ്മാരകമാണ്, 'സെന്റിനിയൽ ഫ്ലേം.'

1967 ജനുവരിയിൽ ആദ്യമായി കത്തിച്ച തീജ്വാല പ്രകൃതിവാതകവുമായി പ്രവർത്തിക്കുകയും 2021 വരെ ബയോഗ്യാസ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ തീജ്വാല ഒരു താൽക്കാലിക സ്മാരകമായി സ്ഥാപിച്ചെങ്കിലും വലിയ ജനപിന്തുണ കാരണം ഇപ്പോൾ ഇത് സ്ഥിരമായി. തീജ്വാലയ്ക്ക് ചുറ്റും സ്മാരകത്തെ ചുറ്റുന്ന മരവിപ്പിക്കാത്ത ഒരു ജലധാരയും കാണാം. വെള്ളത്തിനിരികിൽ കത്തുന്ന തീ ഉള്ളതിനാൽ, ശൈത്യകാലത്ത് പോലും ജലധാര പ്രവർത്തിപ്പിക്കുന്നുണ്ട്.

പാർലമെന്റ് ഹില്ലിലെ നിരവധി സന്ദർശകർ, ഭാഗ്യത്തിനായി നാണയങ്ങൾ എറിയുന്ന ഒരു ജലധാര കൂടിയാണിത്. സീസണുകൾക്കനുസൃതമായി വർഷം മുഴുവനും സൗജന്യ സംഗീത കച്ചേരികൾ , മൾട്ടിമീഡിയ ഷോകൾ, മറ്റ് ഇവന്റുകൾ എന്നിവ ഇവിടുത്തെ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. അത്യാകർഷണീയമായ കെട്ടിടങ്ങളും മനോഹരമായ പൂന്തോട്ടങ്ങളും മൈതാനങ്ങളും ചരിത്രപരമായ സ്മാരകങ്ങളും എല്ലാം കണ്ടതിന് ശേഷം അവിടെ നിന്നും ഞങ്ങൾ ഇറങ്ങി, സമീപത്ത് തന്നെയുള്ള 'നാഷണൽ വാർ മെമ്മോറിയൽ' കാണാനായി പോയി. 'ദി റെസ്പോൺസ്' എന്നും അറിയപ്പെടുന്ന, വെങ്കലശില്പങ്ങൾ ഉൾക്കൊള്ളുന്ന ഉയരമുള്ള ഗ്രാനൈറ്റ് സ്മാരക കമാനമാണിത്. ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച കനേഡിയൻ സേനയുടെ പതിനൊന്ന് ശാഖകളെ പ്രതിനിധീകരിക്കുന്ന 22 വെങ്കല രൂപങ്ങളാണ് സ്മാരകത്തിലുള്ളത്. ജോർജ് ആറാമന്റെ കാലത്ത് സ്ഥാപിച്ച ഇത്, പിൽക്കാലത്ത് പലതവണ പുനർ നിർമിക്കുകയുണ്ടായി. ഇപ്പോൾ കാനഡയിലെ 76 ശവകുടീരങ്ങളുടെ, മുൻനിര യുദ്ധസ്മാരകമായി ഇത് നിലകൊള്ളുന്നു.

ഒരു അജ്ഞാത സൈനികന്റെ ശവകുടീരവും ഈ സ്മാരകത്തിന് മുന്നിൽ ദൃശ്യമാണ്. മാലാഖമാരെപ്പോലെ തോന്നിപ്പിക്കുന്ന രണ്ട് ശില്പങ്ങൾ കമാനത്തിന്റെ അഗ്രഭാഗത്ത് നിലകൊള്ളുന്നു. 17.5 അടി ഉയരമുള്ള ഈ പ്രതിമകളെ, സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും പ്രതീകമായിട്ടാണ് കരുതുന്നത്. സ്മാരകത്തിന് മുന്നിൽ എല്ലാ സമയത്തും രണ്ട് ഗാർഡുകളെ കാവൽ നിർത്തിയിരിക്കുന്നു. വശങ്ങളിലുള്ള തണൽ മരങ്ങളുടെ ഇടയിൽ ഇട്ടിരിക്കുന്ന ബഞ്ചുകളാന്നിൽ ഇരുന്ന് അല്പനേരം വിശ്രമിച്ചിട്ട് ലഞ്ച് കഴിക്കാനായി, സമീപത്ത് തന്നെയുള്ള റിഡോ മാളിലേക്ക് ഞങ്ങൾ നടന്നു.

(തുടരും)


Ottawa Roman Catholic church

ഭാഗം 35

റൈഡോ സ്ട്രീറ്റിലുള്ള മൂന്ന് നില ഷോപ്പിംഗ് മാളാണ്, റൈഡോ സെന്റർ. ബൈവാർഡ് മാർക്കറ്റ്, റൈഡോ കനാൽ, മക്കെൻസി കിംഗ് ബ്രിഡ്ജ് എന്നിവയ്ക്ക് സമീപമാണ് ഈ സെന്റർ നിലകൊള്ളുന്നത്. ദേശീയ തലസ്ഥാന മേഖലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളും കാനഡയിലെ ആറാമത്തെ വലിയ മാളും ആണിത്.

മൂന്നാമത്തെ നിലയിലുള്ള ഫുഡ്കോർട്ടിൽ കയറി കെ.എഫ്. സി ഓർഡർ ചെയ്ത്, കഴിച്ചതിന് ശേഷം അവിടെ നിന്നും ഇറങ്ങി, 'നോട്രെഡാം കത്തീഡ്രൽ ബസലിക്ക' കാണുവാനായി പോയി. ഒട്ടാവായിലുള്ള ഒരു റോമൻ കാത്തലിക് മൈനർ ബസിലിക്കയാണിത്. കനേഡിയൻ വാസ്തുവിദ്യയിലെ ഒരു വലിയ ഗോഥിക് റിവൈവൽ ശൈലിയുടെ അസാധാരണമായ ഉദാഹരണമാണിത്. ആഷ്ലാർ ചുണ്ണാമ്പുകല്ലുകൾ കൊണ്ടാണ് ഇത് നിർമിച്ചിട്ടുള്ളത്. ഒട്ടാവായിലെ ലോവർ ടൗൺ ഏരിയായിലെ നാഷണൽ ഗാലറി ഓഫ് കാനഡയ്ക്ക് കുറുകെ, സെന്റ് പാട്രിക്, ഗിഗസ് എന്നീ തെരുവുകൾക്കിടയിലുള്ള സസെക്സ് ഡ്രൈവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒട്ടാവായിലെ കത്തോലിക്കാ സമൂഹത്തിന്റെ ഭൗതികവും ആത്മീകവുമായ കേന്ദ്രമെന്ന നിലയിൽ, കത്തിഡ്രലിന്റെ തെക്ക് വശത്ത് ആർച്ച്ബിഷപ്പിന്റെ കൊട്ടാരവും വടക്ക് വശത്ത് മുൻ കോളേജ് ഓഫ് ബി ടൗണും ഗ്രേ സന്യാസികളുടെ മദർ ഹൗസും ഉണ്ട്. 1990 ലാണ് ഇത് കാനഡയുടെ ദേശീയ ചരിത്ര സൈറ്റായി പ്രഖ്യാപിക്കപ്പെട്ടത്. ഒട്ടാവായിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ദേവാലയവും നഗരത്തിലെ റോമൻ കത്തോലിക്ക ആർച്ച്ബിഷപ്പിന്റെ ഇരിപ്പിടവുമാണ് ഇവിടം. ഈ പള്ളിയുടെ ഇരട്ട ശിഖരങ്ങളും സ്വർണം പൂശിയ മഡോണയും സമീപത്തുള്ള പാർലമെന്റ് കുന്നിൽ നിന്നും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നവയാണ്. പള്ളി, അവസാനമായി പുതുക്കിപ്പണിയുകയും പുന:സ്ഥാപിക്കുകയും ചെയ്തത് 1990 കളുടെ അവസാനത്തോടെയാണ്.

ഫ്രഞ്ചിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകൾ ഇവിടെ നടക്കാറുണ്ടെങ്കിലും പ്രധാനപ്പെട്ട വിശുദ്ധ കുർബാനകളെല്ലാം ഫ്രഞ്ചിൽ തന്നെയാണ് നടത്തുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്. റിസർവേഷനോ, ടിക്കറ്റുകളോ ഒന്നും തന്നെയില്ല. എല്ലാ വർഷവും ഈസ്റ്റർ, ക്രിസ്തുമസ്സ് സർവ്വീസുകൾ, 'സാർട്ട് ആർഡ് ലൈറ്റ്' ടെലിവിഷനിൽ ദേശീയ തലത്തിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്. നിയോ- ഗോഥിക് ശൈലിയിൽ നിർമിച്ചിരിക്കുന്ന പള്ളിയുടെ ആകർഷണീയത ഒന്ന് വേറെ തന്നെയാണ്. റോഡിനരികിൽ വണ്ടി പാർക്ക് ചെയ്തിട്ട് തുറന്നു കിടന്ന പ്രധാന വാതിലിലൂടെ ഞങ്ങൾ അകത്ത് കയറി. പള്ളിയുടെ ഉൾവശം ശോഭയുള്ള ചായം പൂശി മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു. കൂടാതെ നിരവധി സ്റ്റെയിൻ ഗ്ലാസ്സ് ജനാലകൾ കൊണ്ട് സമ്പന്നമാക്കിയിരിക്കുന്നു. തടി കൊണ്ടുണ്ടാക്കിയ മുപ്പത് വലിയ ശില്പങ്ങൾ അതിനുള്ളിൽ ഉണ്ട്. വിശുദ്ധ കുടുംബം, വിശുദ്ധരായ യോഹന്നാൻ സ്നാപകൻ, പാട്രിക് എന്നിവരെ കൂടാതെ, ഫ്രഞ്ച്, ഐറിഷ് കത്തോലിക്കരുടെ രക്ഷാധികാരികളും ഇവയിൽ ഉൾപ്പെടുന്നു.

കത്തീഡ്രൽ ഗ്രൗണ്ടിന്റെ തെക്ക് പടിഞ്ഞാറുള്ള ഒരു കോണിൽ, കത്തീഡ്രലിലെ ആദ്യത്തെ ബിഷപ്പായ, ജോസഫ് ബ്രൂണോ ഗിഗൂസിന്റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കണ്ണിനേയും മനസ്സിനേയും കുളിരണിയിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ കണ്ടതിന് ശേഷം, ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ കുറച്ചുനേരമിരുന്ന് പ്രാർത്ഥിച്ചു. പള്ളിയിൽ നിന്നും പുറത്തിറങ്ങി, അഭിമുഖമായി സ്ഥിതിചെയ്യുന്ന നാഷണൽ ആർട്ട് ഗാലറി മ്യൂസിയത്തിലേക്ക് നടന്നു. റൈഡോ കനാലിന്റെ കുറുകെ അഭിമുഖീകരിക്കുന്ന ഗംഭീരമായ ഒരു ഗാലറിയാണ്. ആകർഷകമായ ശേഖരങ്ങൾ ഉൾക്കൊള്ളുന്ന ഇവിടം, ബ്ലോക്ക്ബസ്റ്റർ ട്രാവലിംഗ് എക്സിബിഷനുകൾക്ക് ആതിഥേയത്വം വഹിക്കുന്നു. 1880 ൽ ഒട്ടാവായിൽ സ്ഥാപിതമായ ഈ മ്യൂസിയത്തിൽ ആധുനികവും സമകാലീനവുമായ കനേഡിയൻ കലകളുടെ മികച്ച ശേഖരം തന്നെയുണ്ട്.

spider ottawa

ചിലന്തിയുടെ വലിയ ഒരു ശിൽപം, ഗാലറിയുടെ പ്രവേശന വാതിലിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. 1999- ൽ ലൂയിസ് ബൂർഷ്വാ എന്ന കലാകാരനാണ്, വെങ്കലവും സ്റ്റെയിൻലെസ്സ് സ്റ്റീലും മാർബിളും ഉപയോഗിച്ച് ഇത് നിർമിച്ചത്. 30 അടിയിലധികം ഉയരവും 33 അടിയിലധികം വീതിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ചിലന്തിയെ ചിത്രികരിക്കുന്ന ശിൽപമാണിത്. അതിൽ 32 മാർബിൾ മുട്ടകൾ അടങ്ങിയ ഒരു സഞ്ചിയും ഉൾക്കൊള്ളുന്നുണ്ട്. വയറും നെഞ്ചും നിർമിച്ചിരിക്കുന്നത് വെങ്കലത്തിലാണ്. അവിടെ നിന്നുമിറങ്ങി, ഒട്ടാവ ടൗണിന്റെ ഹൃദയഭാഗത്തുകൂടി വണ്ടി നീങ്ങിക്കൊണ്ടിരുന്നു. മകനും കുടുംബവും നാല് വർഷത്തിലധികം താമസിച്ചിരുന്ന, സെന്റ് ലോറന്റ് സ്ട്രീറ്റിലുള്ള പഴയ അപ്പാർട്ട്മെന്റിന്റെ മുൻപിൽ വണ്ടി നിർത്തി, ഞങ്ങൾ ഇറങ്ങി. ടൗണിനോട് ചേർന്നുള്ള മുപ്പതിലധികം നിലകളുള്ള വലിയൊരു കെട്ടിടത്തിലെ, രണ്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു അവർ താമസിച്ചിരുന്നത്. മരങ്ങളും പുൽത്തകിടികളും നിറഞ്ഞ സുന്ദരമായ പരിസരവും ജീവിതസൗകര്യങ്ങൾ നിറഞ്ഞ ചുറ്റുപാടുകളുമെല്ലാം നിരീക്ഷിച്ചതിന് ശേഷം, അവിടെ നിന്നും ഏഴുമിനിറ്റ് മാത്രം ദൂരമുള്ള മരുമകളുടെ ഓഫീസിലേക്ക് പോയി. അഞ്ചരമണിക്ക് ജോലി കഴിഞ്ഞിറങ്ങിയ, അവളേയും പിക് ചെയ്ത്, ഞങ്ങളന്ന് വീട്ടിൽ തിരിച്ചെത്തി.

(തുടരും)


Ottawa

ഭാഗം 36

ഓഗസ്റ്റ് 23-ാം തീയതി ബുധനാഴ്ച, ഉച്ചയ്ക്ക് ശേഷം മകനോടും കൊച്ചുമകളോടുമൊപ്പം ഒട്ടാവായിലുള്ള 'ഓർലിയൻസ് പ്രിൻസസ് ലൂയിസ് വാട്ടർഫാൾസ്' കാണുവാനായി ഞങ്ങൾ പോയി. ഒട്ടാവാനഗരത്തിലെ പ്രാന്തപ്രദേശമായ ഓർലിയൻസ് കമ്മ്യൂണിറ്റിയിലെ ഒരു സമീപസ്ഥലമാണ് 'ഫാളിംഗ് ബ്രൂക്ക്'. ഇവിടുത്തെ പ്രകൃതിദത്തമായ സൗന്ദര്യങ്ങളിലൊന്നാണ് പ്രിൻസസ്സ് ലൂയിസ് വെള്ളച്ചാട്ടം.

നിബിഡമായ സസ്യജാലങ്ങളും കുന്നുകളും ഇതിനെ സാധാരണ കാഴ്ചയിൽ നിന്നും മറച്ചിരിക്കുന്നു. ഉയർന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്തിട്ട്, പ്രകൃതിദത്ത പാതയിലൂടെ മലയുടെ അടിവാരത്തിലേക്ക് നടന്ന് വെള്ളച്ചാട്ടത്തിന്റെ സമീപം ഞങ്ങൾ എത്തി. ആഴത്തിലുള്ള മലയിടുക്കിലൂടെ ശക്തിയിൽ താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ ചാട്ടം ശരിക്കും ഞങ്ങളെ അമ്പരപ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ അടിയിൽ നിന്ന് മുകളിലേക്ക് നോക്കി, അതിന്റെ ഭംഗി ആസ്വദിക്കുകയും പാറക്കെട്ടുകളുടെ ഇടയിലൂടൊഴുകുന്ന തെളിനീരിൽ ഇറങ്ങി നിൽക്കുകയും ചെയ്തു. പ്രിൻസസ് ലൂയിസ് ഡ്രൈവിന്, വടക്കും ബ്രൂകിഡ്ജിന്, തൊട്ടു കിഴക്കുമുള്ള പ്രകൃതിദത്ത വെളളച്ചാട്ടത്തിന് നൽകിയ പേരാണ്, പ്രിൻസസ് ലൂയിസ് വെള്ളച്ചാട്ടം. ഇത്, ഫാളിംഗ് ബ്രൂക്കിന്റെ വടക്കേ അറ്റത്ത് നിന്ന് ഒട്ടാവാനദിയിലേക്ക് ഒഴുകുന്നു. വെള്ളച്ചാട്ടത്തിലേക്ക് ഒരു ചെറിയ ചരിവുണ്ട്. തിരക്കേറിയ റോഡിനും പ്രാന്തപ്രദേശങ്ങൾക്കും വളരെ അടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. വസന്തകാലമാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം. പ്രിൻസസ് ലൂയിസ് ഫാൾസ് എന്ന പേരിനെക്കുറിച്ച് ചില വിവാദങ്ങൾ പ്രചരിച്ചിരുന്നു. ഏകദേശം 1880 ൽ വിക്ടോറിയ രാജ്ഞിയുടെ ആറാമത്തെ മകളായ ലൂയിസ് രാജകുമാരി, ജലഛായ ചിത്രങ്ങൾ വരയ്ക്കാനായി, ഒരു ബോഗ്ഗിയിൽ ഇവിടെ വരാറുണ്ടായിരുന്നത്രേ.

waterfall

ഇന്നത്തെ ക്വീൻ സ്ട്രീറ്റിന് തെക്കോട്ടുളള മോൺട്രിയലിലേക്കുള്ള വഴി, പണ്ടൊരു ട്രെയിൻ ട്രാക്കായിരുന്നു. വെള്ളച്ചാട്ടത്തിന് താഴെ, പഴയ റെയിൽപാലവും നടപ്പാതയും ഇപ്പോഴും കാണാവുന്നതാണ്. പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും മനസ്സിൽ നിറച്ചു കൊണ്ട്, അവിടെ നിന്നും ഞങ്ങൾ മടങ്ങി. അടിവാരത്തു നിന്ന്, മുകളിലേക്കുള്ള കയറ്റം, അതിസാഹസികമായിരുന്നു. തിരിച്ചുപോകുന്ന വഴി, ഇവിടുത്തെ ഒരു പ്രശസ്ത കടയായ വാൾമാർട്ടിൽ കയറി, ആവശ്യമായ സാധനങ്ങളും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

ottawa

വെളളിയാഴ്ചയും ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി. ഒട്ടാവായിലെ 'കാനഡാ ഏവിയേഷൻ ആൻഡ് സ്പെയിസ് മ്യൂസിയം' സന്ദർശിക്കാനായിരുന്നു, അന്ന് ഞങ്ങൾ പോയത്. കാനഡയുടെ ദേശീയ വ്യോമയാന ചരിത്ര മ്യൂസിയമാണിത്. ഒട്ടാവായിലെ, റോക്ക് ക്ലിഫ് എയർപോർട്ടിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മ്യൂസിയത്തിന്റെ പ്രധാന കെട്ടിടത്തിന് ത്രികോണാകൃതിയിലുള്ള ഘടനയാണ്. ഇടത് വശത്തുള്ള ചതുരാകൃതിയിലുള്ള വെളുത്ത കെട്ടിടം, 2005 ൽ തുറന്ന സ്റ്റോറേജ് കെട്ടിടമാണ്. സൈനിക വിമാനങ്ങളടങ്ങിയ നിരവധി കനേഡിയൻ വാർ മ്യൂസിയം ശേഖരങ്ങൾ ഇവിടെയുണ്ട്. ഇവയിൽ ഒന്നാം ലോകമഹായുദ്ധകാലത്തെ വളരെ പഴക്കമുളള ട്രോഫികളും ഉൾപ്പെടുന്നു. 51 കാനഡ ഏവിയേഷൻ മ്യൂസിയം സ്‌ക്വാഡ്രൺ, റോയൽ കനേഡിയൻ എയർ കേഡറ്റുകൾ എന്നിവയും ഈ മ്യൂസിയത്തിലുണ്ട്. കാനഡയുടെ വ്യോമയാന ത്തിന്റെ സംഭാവനയായ, എയ്റോസ്പേസ് ടെക്നോളജി ഉൾപ്പെടുത്തി വിപുലീകരിച്ചതോടെ, ബഹിരാകാശ പറക്കൽ ഉൾപ്പെടെയുള്ള മ്യൂസിയത്തിന്റെ ശേഖരവും വളർന്നു. 130 ലധികം വിമാനങ്ങളും സിവിൽ, മിലിട്ടറി സേവനങ്ങളിൽ നിന്നുള്ള എഞ്ചിനുകൾ, പ്രൊപ്പല്ലറുകൾ തുടങ്ങിയ പുരാവസ്തുക്കളും ഇവിടെ അടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന മ്യൂസിയങ്ങളിൽ ഒന്നായി ഇന്നിത് പരിഗണിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നിന്നുള്ള ലാൻകാസ്റ്റർ ബോംബർ, ലൈഫ് ഇൻ ഓർബിറ്റ്, ദി ഇന്റർനാഷണൽ എന്നീ പ്രസിദ്ധമായ വിമാനങ്ങളുടെ അവശേഷിക്കുന്ന ഏറ്റവും വലിയ ഭാഗങ്ങൾ മ്യൂസിയത്തിന്റെ ഹൈലൈറ്റുകളാണ്. ഇങ്ങനെയൊരു മ്യൂസിയം, ആദ്യമായിട്ടാണ് ഞാൻ സന്ദർശിക്കുന്നത്. ധാരാളം അറിവു പ്രദാനം ചെയ്യുന്ന വ്യത്യസ്ത കാലഘട്ടങ്ങളിലെ വിമാനങ്ങളുടേയും ഹെലികോപ്ടറുകളുടേയും ശേഖരങ്ങൾ, വളരെയധികം ജിജ്ഞാസയോടെ ചുറ്റിനടന്ന് കണ്ടു.

എല്ലാ ദിവസങ്ങളിലും പ്രവേശനഫീസ് ഈടാക്കുന്നുണ്ടെങ്കിലും വൈകുന്നേരം നാല് മുതൽ അഞ്ച്മണി വരെയുള്ള സമയങ്ങളിൽ ഇവിടുത്തെ പ്രവേശനം സൗജന്യമാണ്. അന്ന് നാല് മണി കഴിഞ്ഞിരുന്നതിനാൽ ഞങ്ങൾക്കും ടിക്കറ്റെടുക്കേണ്ടി വന്നില്ല. മുകളിലത്തെ നിലയിൽ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന സ്പെയ്സ് മ്യൂസിയവും, കൗതുകത്തോടൊപ്പം വളരെയേറെ അറിവുകളും പകർന്നുതന്നു. വ്യോമയാന ചരിത്രത്തെക്കുറിച്ചും നൂറ് വർഷങ്ങൾക്ക് മുമ്പ് എങ്ങനെയാണ് ആദ്യത്തെ വിമാനങ്ങൾ നിർമിച്ചതെന്നതിനെക്കുറിച്ചും അറിയാൻ കഴിഞ്ഞതിൽ അഭിമാനം തോന്നി. അവിടെ നിന്നും പുറത്തിറങ്ങി, മരങ്ങളും പുൽത്തകിടികളും നിറഞ്ഞ പാർക്കിലൂടെ കുറച്ചു നേരം ഞങ്ങൾ നടന്ന്, പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചു. മരുമകളുടെ ഓഫിസിലെത്തി അവളേയും പിക്ക് ചെയ്തു കൊണ്ട്, സഫാരി ഗ്രിൽ എന്ന ആഫ്രിക്കൻ റെസ്റ്റോറന്റിൽ കയറി ഡിന്നർ കഴിച്ചു. പരമ്പരാഗതമായ രീതിയിൽ പാചകം ചെയ്തിട്ടുള്ള വ്യത്യസ്തമായ രൂചിക്കൂട്ടുകൾ നിറഞ്ഞ ഭക്ഷണമായിരുന്നു അത്. എട്ട് മണിയോടു കൂടി അവിടെ നിന്നുമിറങ്ങി, ഒൻപത് മണിക്ക് നടക്കാനിരിക്കുന്ന ലൈറ്റ് ഷോ കാണുവാനായി ഞങ്ങൾ, പാർലമെന്റ് ഹില്ലിലേക്ക് പോയി.

(തുടരും)


ഭാഗം 37

ലൈറ്റ് ഷോ തുടങ്ങുന്നതിന് മുൻപായി, സാങ്കേതിക വിദ്യയിലൂടെയും വൈദഗ്ധ്യത്തിലൂടെയും ആത്യന്തികമായ അനുഭവം ലഭിക്കുന്ന 360 ഡിഗ്രിയിലുള്ള വീഡിയോ എടുക്കുന്നതിനായി, മുൻവശത്തുള്ള ഗ്രൗണ്ടിന്റെ ഒരു ഭാഗത്തായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ ചെന്നു. ക്യൂവിൽ കാത്തുനിൽക്കുന്നവരുടെ ഊഴമനുസരിച്ച്, ക്യാമറ ഘടിപ്പിച്ച കറങ്ങുന്ന ഒരു പ്ലാറ്റ് ഫോമിൽ കയറ്റി നിർത്തി. 360 ഡിഗ്രിയിൽ കറങ്ങുന്ന ക്യാമറയോടൊപ്പം ഞങ്ങളും കറങ്ങിക്കൊണ്ടിരുന്നു. മ്യൂസിക്കിന്റെ താളത്തിനനുസരിച്ച് അഭിനയ മികവോടെ ചുവട് വച്ചു കൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ എല്ലാവരും കറങ്ങിക്കൊണ്ടിരുന്നത്.

ഇരുട്ടിൽ തിളങ്ങി നിൽക്കുന്ന പാർലമെന്റ് കെട്ടിടങ്ങളുടേയും പരിസരങ്ങളുടേയും മനോഹരമായ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തി. നമ്മുടെ മൊബൈൽ വാങ്ങി, അവരെടുത്ത വീഡിയോ അതിൽ പകർത്തിത്തരികയും ചെയ്തു. രസകരമായ നിമിഷങ്ങൾക്ക് ശേഷം ലൈറ്റ് ഷോ കാണാനായി പാർലമെന്റ് മൈതാനത്തിന്റെ പുൽത്തകിടിയിൽ മറ്റുള്ളവരോടൊപ്പം ഞങ്ങളും സ്ഥാനം പിടിച്ചു. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത്, കുട്ടികൾക്ക് വേണ്ടി, ഒരു വലിയ, ഇന്റർ ആക്ടീവ് സ്ക്രീനും സജ്ജീകരിച്ചിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പാർലമെന്റിന്റെ പരിസരം ജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞു. കൃത്യം ഒൻപത് മണിക്ക് തന്നെ തുടങ്ങിയ 'നോർത്തേൺ സൗണ്ട് ആൻഡ് ലൈറ്റ് ഷോ', പ്രതീക്ഷിച്ചതിലും മനോഹരവും അതിലുപരി വിജ്ഞാനപ്രദവും ആയിരുന്നു. മധ്യഭാഗത്തുള്ള പ്രധാന കെട്ടിടത്തിന്റ വിശാലമായ ഭിത്തികളിൽ, കാനഡയുടെ ചരിത്രം, പ്രൊജക്ടറിലൂടെ, ഒരു ചലച്ചിത്രമെന്ന പോലെ പ്രതിഫലിപ്പിച്ചു. കാനഡയുടെ രൂപികരണവും രാജഭരണവും യുദ്ധങ്ങളും കൊലപാതകങ്ങളും കീഴടങ്ങലുകളും പിടിച്ചടക്കലുകളും തകർച്ചയും ഉയർച്ചയും തുടങ്ങി ചരിത്രങ്ങളുടെ ഏടുകൾ, മ്യൂസിക്കിനനുസൃതമായി ഇംഗ്ലീഷിലുള്ള വിവരണത്തോടൊപ്പം പല നിറത്തിൽ മാറി മറിയുന്ന പ്രകാശ രശ്മികളുടെ അകമ്പടിയോടെ പ്രദർശിപ്പിച്ചു. ഒത്തിരി ആകാംക്ഷയോടെ കണ്ടിരുന്ന അതിമനോഹരമായ കാഴ്ച, ഒരു സിനിമ കാണുന്നത് പോലെ ആസ്വദിക്കുകയും വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. ഇരുട്ടിനേയും തണുപ്പിനേയും കീറിമുറിച്ചുകൊണ്ടെത്തുന്ന, മാരിവില്ലഴകുള്ള പ്രകാശവലയങ്ങളും ശബ്ദ തരംഗങ്ങളും അന്തരീക്ഷത്തെ പ്രകമ്പനം കൊളളിച്ചു. അരമണിക്കൂർ സമയം നീണ്ടുനിന്ന ഷോ, ദേശീയഗാനത്തോടെയാണ് അവസാനിച്ചത്. ഇങ്ങനെയൊരു വലിയ ഷോ, സൗജന്യമായി കാണാൻ സാധിച്ചതിൽ സന്തോഷിക്കുകയും ഷോയുടെ മികവിനെ, അഭിനന്ദിച്ചു കൊണ്ട് ജനം കൈയ്യടിക്കുകയും ചെയ്തു. അവിടെ നിന്നും ആളുകളുടെ ഇടയിലൂടെ, വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടക്കുമ്പോൾ നല്ല കുളിരും തണുപ്പും അനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തിയെങ്കിലും പിറ്റേന്ന് അവധി ആയിരുന്നതിനാൽ വൈകിയാണ് ഉറങ്ങാൻ കിടന്നത്. അടുത്ത ദിവസം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ക്യൂബക്ക് പ്രോവിൻസിലുള്ള, മോണ്ടെ ബെല്ലോയിലെ 'ച്യൂട്ട്സ് ഡി പ്ലൈസൻസ് വാട്ടർഫാൾ' കാണുവാനായി ഞങ്ങൾ വീട്ടിൽ നിന്നും തിരിച്ചു. ഇവിടേക്ക് ഒട്ടാവയിൽ നിന്ന് 45 മിനിറ്റും മോൺട്രിയലിൽ നിന്ന് ഒന്നര മണിക്കൂറും ദൂരമുണ്ട്.

river

റോക്ക്ലാൻഡിലുള്ള വീട്ടിൽ നിന്നും തിരിച്ച ഞങ്ങൾ കംബർലാൻഡിന് സമീപമുളള തുർസോ വഴിയാണ് പോയത്. ഒന്റാരിയോയിലെ, കിഴക്കൻ അതിർത്തിയേയും ക്യുബക്കിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന, ഗാലിപിയോ എന്ന പ്രദേശത്തുള്ള, ക്ലാരൻസ് നദി കടന്ന് വേണമായിരുന്നു, യാത്ര ചെയ്യേണ്ടിയിരുന്നത്. നദിയിലൂടെ സഞ്ചരിക്കുന്ന, ഒരു കടത്തുവള്ളത്തിൽ യാത്രാനിരക്കുകൾ ഈടാക്കിയതിന് ശേഷം, വണ്ടികൾ കയറ്റി, അര മൈലോളം, നദിക്ക് മുകളിലൂടെ സഞ്ചരിച്ചു. അവിടെ നിന്നും യാത്ര തുടർന്ന്, മുപ്പത് മിനിട്ടിനുള്ളിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. ഏത് സീസണിലും അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഒരു സ്ഥലമാണിത്. 200 അടി താഴ്ചയിലുള്ള പ്രകൃതിദത്തമായ വെള്ളച്ചാട്ടത്തിന് സമീപം നിരവധി നിരീക്ഷണ സ്ഥലങ്ങളുമുണ്ട്. പല തട്ടുകളിലായി കിടക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഓരോ ലെവലുകളുടേയും ഭംഗി എടുത്തുപറയേണ്ടത് തന്നെയാണ്. പ്രവേശന ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ച ഞങ്ങൾ ഒരു കി.മീറ്റർ ദൂരം, കയറ്റം കയറി, പല വ്യൂ പോയിന്റുകളിൽ നിന്നുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചു. വന പശ്ചാത്തലത്തിൽ, ശാന്തവും സുന്ദരവുമായ ഭൂപ്രകൃതി ആരേയും ആകർഷിക്കുന്നതായിരുന്നു. ചതുപ്പ് നിറഞ്ഞ ചെരിഞ്ഞ നടപ്പാതയിലൂടെ സാഹസികമായി നടന്ന്, വെളളച്ചാട്ടത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലാശയത്തിൽ ഇറങ്ങി നിന്നുകൊണ്ട്, നാലു ദിക്കുകളിലേയും മനോഹാരിത ഒപ്പിയെടുത്തു. ഫോട്ടോകളും വീഡിയോകളും പകർത്തി, ഏകദേശം രണ്ട് മണിക്കൂർ സമയം അവിടെ ചിലവഴിച്ചു. നവ്യാനുഭൂതി പകർന്നുതരുന്ന രസകരമായ കാഴ്ചകൾ മതിയാവോളം ആസ്വദിച്ചിട്ട്, അവിടെ നിന്നും ഞങ്ങൾ മടങ്ങി. 

(തുടരും)


city cruise ottawa

ഭാഗം 38

ഓഗസ്റ്റ് 27-ാം തീയതി ഞയറാഴ്ച, ഒന്റാറിയോ പ്രോവിൻസിലെ കിംങ്സ്റ്റണിലുള്ള ഗനനോക്ക് സിറ്റിയും തൗസന്റ്ഐലന്റും സന്ദർശിക്കുവാൻ, രാവിലെ എട്ടരമണിയോട് കൂടി ഞങ്ങൾ വീട്ടിൽ നിന്നും തിരിച്ചു. 11.30 മണിക്കുള്ള സിറ്റി ക്രൂസിൽ കയറുവാനായി, തലേ ദിവസം തന്നെ ഓൺലൈനിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. 1800 ലധികം ദ്വീപുകളുളള ഒരു ദ്വീപസമൂഹം സൃഷ്ടിക്കുന്ന, സമാനതകളില്ലാത്ത, ജലവിനോദഭൂമിയിലൂടെയുളള ബോട്ട് സഞ്ചാരം, ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണ് ഞങ്ങൾക്ക് പകർന്ന് നൽകിയത്.

സെന്റ് ലോറൻസ് നദിയുടെ അതിർത്തിയിലുള്ള നിരവധി പ്രദേശങ്ങളിൽ നിന്നും സന്ദർശകരേയും വഹിച്ചു കൊണ്ട് ബോട്ടുകൾ പുറപ്പെടുന്നുണ്ടായിരുന്നു. 1864 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു വടക്കേ അമേരിക്കൻ ദ്വീപസമൂഹമാണിത്. ഒന്റാറിയോയിലെ കിംഗ്സ്റ്റണിൽ നിന്ന് ഏകദേശം 50 മൈൽ താഴേക്ക്, അവ വ്യാപിക്കുന്നു. സെന്റ് ലോറൻസ് നദിയിൽ, ഇവ, കാനഡ - യു. എസ് അതിർത്തികൾ പങ്കിടുമ്പോൾ, കനേഡിയൻ ദ്വീപുകൾ ഒന്റാറിയോ പ്രവിശ്യയിലും യു. സ് ദ്വീപുകൾ ന്യൂയോർക്ക് സംസ്ഥാനത്തിലുമാണുള്ളത്. 100 കി.മീ വലിപ്പമുളള ദ്വീപുകൾ മുതൽ ജനവാസമില്ലാത്ത പാറക്കെട്ടുകൾ ഉൾപ്പെടെ, വളരെ ചെറിയ ദ്വീപുകൾ വരെ ഇവിടെയുണ്ട്.

dweep

വടക്കൻ ന്യൂയോർക്കിനെ, കാനഡയിലെ തെക്കുകിഴക്കൻ ഒന്റാറിയോയുമായി ബന്ധിപ്പിക്കുന്ന സെന്റ്‌ ലോറൻസ് നദിക്ക് കുറുകേയുള്ള പാലമാണ് 'ആയിരം ഐലന്റ്സ് ഇന്റർനാഷണൽ ബ്രിഡ്ജ്.' ആയിരം ദ്വീപുകളുടെ പ്രദേശം, ലോറൻസ് നദിയുടെ തികച്ചും മനോഹരമായ ഒരു കാഴ്ചയാണ്. കമനീയമായ ദ്വീപുകളും ആകർഷകമായ ചെറിയ കോട്ടേജുകളും, കൂറ്റൻ വേനൽക്കാല വസതികളും, അതിലേറെയും ചേർന്നതാണ് ഇവിടം. നദിയുടെ ഉള്ളിലൂടെയുള്ള ക്രൂസിലെ, ഒരു മണിക്കൂർ യാത്ര, ഞങ്ങൾ വളരെയേറെ ആസ്വദിച്ചു. ദ്വീപുകളുടേയും പഴയ കോട്ടകളുടേയുമൊക്കെ ചരിത്രം, കമന്ററിയായി മൈക്കിലൂടെ പ്രവഹിച്ചു കൊണ്ടിരുന്നു. സെന്റ് ലോറൻസ് നദിയുടെ പ്രധാന ഭാഗമായ ഒന്റാറിയോ തടാകത്തിന്റെ ഔട്ട്ലെറ്റിലുള്ള ഈ ദ്വീപസമൂഹം, കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിയാൽ വിഭജിക്കപ്പെട്ടിരിക്കുന്നു. 170000-ത്തിലധികം മെട്രോപൊളിറ്റൻ ജനസംഖ്യയുള്ള ഒന്റാറിയോയിലെ കിംഗ്‌സ്റ്റൺ ആണ് ഈ മേഖലയിലെ എറ്റവും വലിയ ഒറ്റനഗരം. ഈ നഗരം, കാനഡയിലെ പടിഞ്ഞാറൻ അറ്റത്തെ അടയാളപ്പെടുത്തുന്നു. അതേസമയം കിഴക്ക്, ഒന്റാറിയോയിലെ ബ്രോക്ക് വില്ലെയാണ് മറ്റൊരു വലിയ ജനസംഖ്യാകേന്ദ്രം. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ 'വുൾഫ് ദ്വീപ്' പൂർണമായും ഒന്റാറിയോയിലാണ്. ദ്വീപസമൂഹത്തിലെ മറ്റ് വലിയ ദ്വീപുകളിൽ, ന്യൂയോർക്കിലെ ഗ്രിൻഡ് സ്റ്റോൺ ദ്വീപും വെല്ലസ്ലി ദ്വീപും ഒന്റാറിയോയിലെ 'ഹൗ ദ്വീപും' ഉൾപ്പെടുന്നു. ഈ മേഖലയിലെ ഏക കൃത്രിമ ദ്വീപാണ് 'ലോംഗ് വ്യൂ'ദ്വീപ്. ലോകത്തിലെ ഏറ്റവും ചെറിയ ജനവാസമുള്ള ദ്വീപാണ്, 'ജസ്റ്റ് റൂം ഇനഫ്' ദ്വീപ്. ഒരു കാലത്ത്, 'മഹത്തായ ആത്മാവിന്റെ പൂന്തോട്ടം' എന്നും ഈ ദ്വീപസമൂഹം അറിയപ്പെട്ടിരുന്നു.

ആയിരം ദ്വീപുകൾ, വളരെക്കാലമായി വിനോദ ബോട്ടിംഗിന്റെ ഒരു കേന്ദ്രമാണ്. ലോറൻസ് നദിയിലൂടെ നീങ്ങിക്കൊണ്ടിരുന്ന, സിറ്റി ക്രൂസിലിരുന്നുകൊണ്ട് നാലു വശത്തും കാണപ്പെട്ട ചെറുതും വലുതുമായ അനേകം ദ്വീപുകളുടെ കാഴ്ച, ഞങ്ങളെ അത്ഭുതപ്പെടുത്തി. ബോൾട്ട് കാസിൽ, സിംഗർ കാസിൽ തുടങ്ങി നിരവധി പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. സമ്പന്നരുടെ വേനൽക്കാല വസതികളും ആഡംബര പൂർണമായ താമസ സൗകര്യം നൽകുന്ന നിരവധി ഹോട്ടലുകളും ചില ദ്വീപുകളിൽ കാണാൻ കഴിഞ്ഞു. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു മണിക്കൂർ യാത്രയിൽ, ബോട്ടിലിരുന്നു കൊണ്ട് വീക്ഷിച്ച പ്രകൃതിയുടെ മനോഹരമായ ഓരോ ദൃശ്യങ്ങളും ഹൃദ്യമായ അനുഭവങ്ങൾ തന്നെ ആയിരുന്നു. എണ്ണമറ്റ ദ്വീപുകളിൽ, പ്രശസ്തമായ കോട്ടകളും കേട്ടേജുകളും ദേശീയപാർക്കുകളും പാറകൾ നിറഞ്ഞ തീരങ്ങളും മണൽ നിറഞ്ഞ ബീച്ചുകളും ഗ്രാമീണ മേച്ചിൽപ്പുറങ്ങളും തുടങ്ങി, സമൃദ്ധമായ പ്രകൃതി സൗന്ദര്യത്തിന്റെ ഒരു കലവറ തന്നെയാണിവിടം...

(തുടരും)


Ottawa

ഭാഗം 39

Read Full

സിറ്റിക്രൂസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം, സമീപത്ത് തന്നെയുള്ള ജോയൽ സ്റ്റോൺ ബീച്ചിൽ, കുറച്ചുനേരം ഞങ്ങൾ ചിലവഴിച്ചു. ഗനനോക്കിലെ, മുൻസിപ്പൽ മറീനയുടെ കിഴക്ക് ഭാഗത്തുള്ള ഈ ബിച്ചിലിരുന്നു കൊണ്ട് ലോറൻസ് നദിയുടെ ഭംഗിയും ആയിരം ദ്വീപുകളുടെ കാഴ്ചയും ആസ്വദിച്ചു. നദിയുടെ ഒരു ഭാഗത്ത് കെട്ടിനിർത്തിയിരിക്കുന്ന കടവിൽ, കുട്ടികളോടൊപ്പം മുതിർന്നവരും ഇറങ്ങി, കുളിക്കുകയും നീന്തുകയും ഒക്കെ ചെയ്യുന്നുണ്ട്.

തൗസൻഡ് ഐലൻഡ്സ് ബോട്ട് ക്രൂസ് ഡക്കിൽ നിന്നും സമീപത്തുള്ള ബോട്ട് മ്യൂസിയത്തിൽ നിന്നും അല്പം അകലെയാണ് ഈ വാട്ടർ ഫ്രണ്ട് പാർക്ക്. നദീതീരത്തുള്ള തണൽ വൃക്ഷങ്ങളുടെ അടിയിലുള്ള ബഞ്ചിലിരുന്നുകൊണ്ട്, ലോറൻസ് നദിയിലെ ജലപ്പരപ്പിലേക്ക് നോക്കിയിരിക്കാൻ നല്ല രസമായിരുന്നു. സഞ്ചാരികളെ കൊണ്ടു നിറഞ്ഞ ബോട്ടുകളും ക്രൂസുകളും സ്പീഡ് ബോട്ടുകളും തുടങ്ങി നിരവധി രസകരമായ നേർക്കാഴ്ചകൾ, മനസ്സിന് പുത്തനുണർവ് പ്രദാനം ചെയ്തു. അവിടെ നിന്നുമിറങ്ങി, ടൗണിലുളള ഒരു ഇംഗ്ളീഷ് റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചതിന് ശേഷം, വളരെ പുരാതനമായ ഒരു റെയിൽവേ ടണൽ സന്ദർശിക്കുവാനായി, ഞങ്ങൾ പോയി. 1860 ൽ നിർമിച്ച, 'ബ്രോക്ക് വില്ലെ റെയിൽവേ ടണലിലേക്കാണ് ഞങ്ങൾ പോയത്. ബ്ലോക്ക് ഹൗസ് ദ്വീപിന്റെ മുകളിൽ, വാട്ടർ സ്ട്രീറ്റിന് തെക്ക്, മാർക്കറ്റ് സ്ട്രീറ്റ്, വെസ്റ്റിന്റെ അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്ന്. വസന്തകാലം മുതൽ ശരത്കാലം വരെ ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയും ഇത് തുറന്നിരിക്കും. പ്രവേശനം തികച്ചും സൗജന്യമായതിനാൽ, എത്ര തവണ വേണമെങ്കിലും ഇത്, സന്ദർശിക്കാവുന്നതാണ്.

ടണലിന്റെ തെക്ക് വശത്തെ പ്രവേശനകവാടത്തിന് സമീപമുള്ള സൗജന്യ പാർക്കിംഗ് ഏരിയായിൽ വണ്ടിപാർക്ക് ചെയ്തിട്ട്, ഞങ്ങൾ ഉള്ളിൽ കയറി. ഒന്റാറിയോയിലെ ബ്രോക്ക് വില്ലെ നഗരത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഇത്, 1860 ൽ നിർമിച്ച, കാനഡയിലെ ആദ്യത്തെ റെയിൽവേ തുരങ്കമാണിത്. 2017 ലാണ്, ഇത് പൂർണമായി സന്ദർശകർക്കായി തുറന്നുകൊടുത്തത്. വിവിധരീതികളിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന ആധുനിക എൽ ഇ ഡി നിറമുള്ള ലൈറ്റ് സിസ്റ്റത്തോടൊപ്പം റിക്കോർഡ് ചെയ്ത സംഗീത ട്രാക്കും ഇതിനുള്ളിൽ പ്ലേ ചെയ്യുന്നു.

ബ്രോക്ക് വില്ലെയുടെ കടൽത്തീരത്ത് നിന്ന് അര കി.മീ ദൂരം സിറ്റിയുടെ അടിയിൽ സ്ഥിതിചെയ്യുന്ന, ഈ തുരങ്കത്തിലൂടെയുള്ള നടത്തം വളരെ രസകരമായിരുന്നു. വിവിധ വാസ്തുവിദ്യാ രീതികൾ ഉപയോഗിച്ച് നിർമിച്ച തുരങ്കത്തിന്റെ വിവരങ്ങൾ അടങ്ങിയ ബോർഡുകൾ പല ഭാഗത്തും വച്ചിട്ടുണ്ട്. ഇതിനുള്ളിലൂടെ നടക്കുമ്പോൾ, പല നിറങ്ങളിൽ മാറിമാറി അടിക്കുന്ന ലൈറ്റ് ഷോയും മുഴങ്ങികേൾക്കുന്ന മ്യൂസിക്കും വേറിട്ട ഒരനുഭവം തന്നെയായിരുന്നു. പല ഭാഗങ്ങളിലുള്ള ചുവരുകളിൽ നിന്നും ഭൂഗർഭ ജലം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. ചില ഭാഗ ങ്ങളിൽ നനവും വഴുക്കലും ഉള്ളതിനാൽ വളരെ സൂക്ഷിച്ചാണ് ഞങ്ങൾ നടന്നത്. തുരങ്കത്തിനുള്ളിൽ വിശ്രമ മുറികളൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാ ലും തെക്കൻ പ്രവേശന കവാടത്തിന്റെ തെക്ക് പടിഞ്ഞാറുള്ള ബ്ളോക്ക് ഹൗസ് ഐലൻഡിലും വടക്ക് വശത്തുള്ള സിറ്റി ഹാളിലും വിശ്രമമുറികൾ സജ്ജികരിച്ചിട്ടുണ്ട്. വടക്ക് വശത്തുള്ള പ്രവേശന വാതിലിൽക്കൂടി അകത്ത് കടന്ന ഞങ്ങൾ, പതുക്കെ നടന്ന്, ടണലിന്റെ തെക്കേ അറ്റത്തെത്തി. വീണ്ടും തിരിച്ചു നടന്ന്, ഇരുപത് മിനിറ്റിനുള്ളിൽ പുറത്തിറങ്ങുകയും ചെയ്തു. തിരിച്ചുപോകുന്ന വഴിയിൽ, പിസ ഹട്ടിൽ കയറി, നേരത്തേ ഓർഡർ ചെയ്ത പിസ്സയും വാങ്ങി വീട്ടിലേക്ക് പോയി.

ആഗസ്റ്റ് 29 തിരുവോണനാൾ ആയിരുന്നെങ്കിലും വീട്ടിലന്ന്, ഓണമൊന്നും ഒരുക്കിയിരുന്നില്ല. അടുത്ത ദിവസം അവിട്ടം ദിനത്തിൽ ഭർത്താവും ഞാനും കൂടി, അടപ്രഥമൻ സഹിതം ഒരുഗ്രൻ സദ്യ ഒരുക്കി. ഓണത്തിന് ഇവിടെ അവധിയൊന്നും ഇല്ലാത്തതിനാൽ, രാത്രിയിലാണ് ഞങ്ങൾ സദ്യ കഴിച്ചത്. ഇവിടെ നിന്നും ഒന്നര മണിക്കൂർ ദൂരമുള്ള കോൺവാൾ എന്ന സ്ഥലത്ത് താമസിക്കുന്ന ഭർത്താവിന്റെ സഹോദരീപുത്രൻ, ഷിബുവും കുടുബവും ഞങ്ങളോടൊപ്പം ഓണം ആഘോഷിക്കാൻ എത്തിയിരുന്നു. ഇരുപത്തെട്ട് വിഭവങ്ങളടങ്ങിയ, ഇലയിൽ വിളമ്പിയ രുചികരമായ ഓണസദ്യയും ഓണത്തിന്റെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് എടുത്ത ഫോട്ടോകളും സരസ സംഭാഷണങ്ങളുമെല്ലാംതന്നെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു പ്രദാനം ചെയ്തത്. എല്ലാവരോടും യാത്ര പറഞ്ഞ്, പത്തുമണിയോടുകൂടിയാണ് ഷിബുവും കുടുംബവും തിരിച്ചു പോയത്. അങ്ങനെ, മകന്റെ പുതിയ വീട്ടിലെ ആദ്യത്തെ ഓണം, ഗംഭീരമായിത്തന്നെ ഞങ്ങൾ ആഘോഷിച്ചു.

(തുടരും)


Ottawa Basilica

ഭാഗം 40

സെപ്റ്റംബർ രണ്ടാം തിയതി ശനിയാഴ്ച, മകനും കുടുംബവും കൂടി നടക്കുന്ന സിറിയൻ ജാക്കോബൈറ്റ് പള്ളിയിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി പോയി. ശുശ്രുഷകൾക്ക് ശേഷം, പള്ളിയോട് ചേർന്നുള്ള ഹാളിൽ വച്ച്, ഓണസദ്യയും ഓണപ്പരിപാടികളും നടത്തുകയുണ്ടായി. സദ്യ കഴിഞ്ഞ്, കുറച്ച് നേരം കേരള തനിമയാർന്ന പരിപാടികൾ കണ്ടിരുന്നു.

വൈകിട്ട് മറ്റൊരു സ്ഥലത്ത് പോകാൻ തീരുമാനിച്ചിരുന്നതിനാൽ, പരിപാടികൾ തീരുന്നതിന് മുൻപ് തന്നെ അവിടെ നിന്നും ഞങ്ങൾ ഇറങ്ങി. തിരിച്ചുപോകുന്ന വഴിയിൽ, മകന്റെ ഏറ്റവും അടുത്ത ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ കയറി. പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിൽ പോകാൻ കഴിയാതിരുന്ന കൂട്ടുകാരന്റെ ദു:ഖത്തിൽ ഞങ്ങളും പങ്ക് ചേർന്നു.

ക്യൂബക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ മോൺട്രിയലിലെ നോട്രെഡാം ബസിലിക്കയിൽ, അന്ന് രാത്രി ഒൻപത് മണിക്ക് നടക്കുന്ന ലൈറ്റ് ഷോ കാണുവാനുള്ള ടിക്കറ്റുകൾ, രണ്ടു ദിവസം മുൻപേ ഓൺലൈനിൽ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. വീട്ടിൽ നിന്നും രണ്ട് മണിക്കൂർ ദൂരം യാത്രയുണ്ടായിരുന്നതിനാൽ 6.30 മണിക്ക് തന്നെ ഞങ്ങൾ അവിടേക്ക് തിരിച്ചു. കൃത്യം 8.30 മണിക്ക് സ്ഥലത്തെത്തിയ ഞങ്ങൾ, അല്പം അകലെയുള്ള ഒരു പെയ്ഡ് പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്തിട്ട് പള്ളിയിലേക്ക് നടന്നു. സന്ദർശകരുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ടായിരുന്നു. മോൺട്രിയലിലെ സെന്റ് സുൽപൈസ് സ്ട്രീറ്റിന്റെ മൂലയിൽ, സെന്റ് സുൽപൈസ് സെമിനാരിക്ക് അടുത്തായാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. 19-ാം നൂറ്റാണ്ടിൽ നിർമിച്ച നോട്രെഡാം ബസിലിക്ക, മോൺട്രിയാലിന്റെ പ്രശസ്തമായ ഒരു ലാൻഡ് മാർക്കാണ്. കാഴ്ചയ്ക്ക് ഇമ്പകരമായ രീതിയിലുള്ള, മനോഹരമായ കരകൗശല നൈപുണ്യം നിറഞ്ഞു നിൽക്കുന്ന ഒരു കെട്ടിടമാണിത്.രണ്ട് ടവറുകളിലും മണികളുണ്ട്. 8.45 ന് തന്നെ ടിക്കറ്റുകൾ സ്കാൻ ചെയ്ത് ആളുകളെ അകത്തേക്ക് കയറ്റി. ക്യൂവിന്റെ പിറകിലായിരുന്ന ഞങ്ങളും ഊഴമനുസരിച്ച്, പള്ളിയുടെ ഉള്ളിൽ പ്രവേശിച്ചു. വിശാലമായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ എല്ലാവരും സ്ഥാനം പിടിച്ചു.

പള്ളിയുടെ ഉൾവശം, ഗോഥിക്- റിവൈവൽ വാസ്തുവിദ്യയുടെ മാസ്റ്റർപീസ് ആണ്. ആഴത്തിലുള്ള നീലനിറവും സ്വർണനക്ഷത്രങ്ങളും കൊണ്ട് നിലവറകൾ അലങ്കരിച്ചിരിക്കുന്നു. കൂടാതെ സങ്കേതത്തിന്റെ ബാക്കി ഭാഗങ്ങൾ, നീല, ചുമപ്പ്, ധൂമ്രനൂൽ, വെള്ളി, സ്വർണം എന്നിവയാലും അലങ്കരിച്ചിരിക്കുന്നു. നൂറുകണക്കിന് സങ്കീർണമായ കൊത്തുപണികളും നിരവധി മതപരമായ പ്രതിമകളും കൊണ്ട് പള്ളി നിറഞ്ഞിരിക്കുന്നു. കൊത്തിയെടുത്ത തടികളിലെ പെയിന്റിംഗുകളും ഗിൽഡഡ് ശില്പങ്ങളും സ്റ്റെയിൻ ഗ്ലാസ്സ് വിൻഡോകളും പടിഞ്ഞാറൻ ഗോപുരത്തിലെ വലിയ മണിയുമെല്ലാം സഭയുടെ ശക്തമായ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളിൽ ഒന്നാണിത്. ലോകത്തിലെ ഏറ്റവും മനോഹരമായ ആറാമത്തെ കെട്ടിടമായി ഇതിനെ, ചില പ്രസിദ്ധീകരണങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിൽ പള്ളിയുടെ ഉൾവശം ജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞു.

Aura എന്ന പേരിൽ അറിയപ്പെടുന്ന ലൈറ്റ് ഷോ, കൃത്യം ഒൻപത് മണിക്ക് തന്നെ ആരംഭിച്ചു. ബസലിക്കയുടെ അൾത്താർ പീസ്, ഭിത്തികൾ, നിലവറകൾ, എന്നിവയ്ക്ക് കുറുകെ ദൃശ്യമായ മൾട്ടി സെൻസറി പ്രകടനം ശ്വാസം വിടാതെ ഞങ്ങൾ കണ്ടിരുന്നു. മ്യൂസികിന്റെ അകമ്പടിയോടെയുള്ള അത്ഭുതകരമായ പ്രദർശനം, ബസലിക്കയുടെ ഹൃദയത്തിൽ നിന്ന് അതിന്റെ സൗന്ദര്യത്തിന്റെ ആഴങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു. പള്ളിയുടെ ആന്തരിക ഭാഗങ്ങളിൽ പതിക്കുന്ന വിവിധ നിറങ്ങളിലുള്ള പ്രകാശരശ്മികൾ, ഭക്തി സാന്ദ്രമായ വർണപ്രപഞ്ചങ്ങളുടെ ലോകത്തേക്ക് നമ്മളെ ആനയിക്കുന്നു. 23 മിനിറ്റ് നേരം നീണ്ടു നിന്ന വിസ്മയകരവും ആകർഷകവുമായ ഈ ദൃശ്യ സംഗീത പ്രപഞ്ചത്തിൽ, ഡൈനാമിക് ലൈറ്റ്, ഓർക്കസ്ട്രൽ മ്യൂസിക്, എക്സ്പ്രസീവ് ആർക്കിടെക്ചർ എന്നിവയുടെ മൾട്ടിമീഡിയ അനുഭവം പ്രദാനം ചെയ്യുന്നു. ഷോയുടെ ഫോട്ടോയും വീഡിയോകളും പകർത്താനുള്ള അനുമതി നിഷേധിച്ചിരുന്നതിനാൽ, അല്പം നിരാശ തോന്നിയെങ്കിലും, ബസലിക്കയുടെ മനാഹരമായ കാഴ്ചകളും അതിന്റെ പൈതൃകത്തിന്റെ സമ്പന്നത അനാവരണം ചെയ്യുകയും ചെയ്യുന്ന അതീവഹൃദ്യമായ ലൈറ്റ്ഷോയും ആസ്വദിച്ചതിന് ശേഷം പള്ളിയിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. പാർക്കിംങ് ഏരിയാ വരെ നടന്ന് വണ്ടിയിൽ കയറി വീട്ടിലേക്ക് മടങ്ങി. രാത്രി പത്ത് മണി ആയതിനാൽ, റെസ്റ്റോറന്റുകളെല്ലാം തന്നെ അടച്ചിരുന്നു. വഴി മധ്യേ കണ്ട ടിം റെസ്റ്റോറന്റിൽ നിന്നും എല്ലാവർക്കുമുള്ള സാൻഡ്‌വി ച്ചുകൾ വാങ്ങി, വണ്ടിയിലിരുന്ന് കഴിച്ചതിന് ശേഷം, വീണ്ടും യാത്ര തുടർന്നു... 

(തുടരും)


Beach Ottawa

ഭാഗം 41

സെപ്‌റ്റംബർ മൂന്നാം തീയതി ഞയറാഴ്ച ഉച്ചകഴിഞ്ഞ്, ക്യൂബക്ക് പ്രോവിൻസിലെ, ഗാറ്റിനോയിലെ മീച്ച് ലേക്കിന് അരികിലുള്ള ഒബ്രിയൻ ബീച്ചിലേക്ക് ഞങ്ങൾ പോയി. വണ്ടി പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും ഒരു വനത്തിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ പത്ത് മിനിറ്റ് ദൂരം നടന്നു. കയറ്റം കയറിയിറങ്ങി ചെന്നെത്തിയത് മീച്ച് ലേക്കിനോട് ചേർന്ന്, നീണ്ടുകിടക്കുന്ന ഒബ്രിയൻ ബീച്ചിലേക്കായിരുന്നു. 

ഇതരദേശക്കാരായ ധാരാളം ആളുകൾ ഞങ്ങൾക്ക് മുൻപേ അവിടെയെത്തി സ്ഥാനംപിടിച്ചിട്ടുണ്ട്. കുടയുടെ രൂപത്തിലുള്ള ചെറിയ ചെറിയ ടെന്റുകളുടെ അടിയിൽ അല്പ വസ്ത്രധാരികളായി, ആൺ പെൺഭേദമില്ലാതെ, ഇരിക്കുകയും മണൽപ്പരപ്പിൽ നീണ്ടുകിടക്കുകയും ചെയ്യുന്ന കാഴ്ച ശരിക്കും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. 

നിരവധി ആളുകൾ നദിയിലിറങ്ങി നീന്തുകയും കുളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. വൃത്തിയുള്ളതും തെളിഞ്ഞതുമായ വെള്ളത്തിൽ ഞങ്ങൾ ഓരോരുത്തരായി ഇറങ്ങി നിന്നു. 

വെള്ളത്തിന്റെ തണുപ്പ് ദേഹത്തിലൂടെ അരിച്ചിറങ്ങി. ആഴം കുറഞ്ഞ സ്ഥലത്ത് നിന്ന് കുറച്ചു കൂടി ആഴമുള്ളിടത്തേക്ക് നടന്നു ചെന്നു. നീന്തൽ വശമില്ലാതിരുന്നതിനാൽ നദിയുടെ ഉൾഭാഗത്ത് നിന്നും കെട്ടിത്തിരിച്ച പ്രദേശത്തിലെ കയറിൽ പിടിച്ചുകൊണ്ടാണ് ഞാൻ നിന്നത്. 

ഭർത്താവുൾപ്പെടെ, പലരും കമിഴ്ന്നു കിടന്നും മലർന്നു കിടന്നുമൊക്കെ നീന്തുന്നുണ്ടായിരുന്നു. എല്ലാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ലൈഫ് ഗാർഡുകൾ ഇടയ്ക്കിടയ്ക്ക് മൈക്കിൽക്കൂടി വേണ്ട നിർദേശങ്ങളും തരുന്നുണ്ട്. 

അഞ്ചുമണി വരെയുള്ള സമയപരിധിക്കുള്ളിൽ ആളുകളുടെ എണ്ണം ക്രമേണ വർധിച്ചുവന്നു. വെള്ളിലൂടെ നടന്നും നീന്തിയും നീന്താൻ 
ശ്രമിച്ചുമൊക്കെ രണ്ട് മണിക്കൂറോളം ഞങ്ങളവിടെ ചിലവഴിച്ചു.

തിരിച്ച്, പാർക്കിംഗ് ഏരിയയിലോട്ട് നടക്കുന്ന വഴിയിലാണ് സ്തീകൾക്കും പുരുഷൻമാർക്കും ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാനുള്ള മുറികൾ ക്രമീകരിച്ചിരിക്കുന്നത്.

നനഞ്ഞ ഡ്രസ്സൊക്കെ മാറ്റി എല്ലാവരും വന്ന് വണ്ടിയിൽ കയറി. ഒരു മണിക്കൂർ നീണ്ട മടക്കയാത്രയിൽ പാതയ്ക്കിരുവശത്തും നോക്കെത്താദൂരത്തോളം വിളഞ്ഞ് പഴുത്തുകിടക്കുന്ന ചോളപ്പാടങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടിരുന്നു.

Apple orchard Ottawa

അടുത്ത ദിവസം തിങ്കളാഴ്ച പബ്ലിക് ഹോളിഡേ ആയിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പത്ത് മണിയോട് കൂടി ഞങ്ങൾ താമസിക്കുന്ന റോക്ക്ലൻഡിന്റെ കിഴക്ക്, ബോർഗറ്റ് എന്ന ഗ്രാമത്തിലെ പൈൻ ഹിൽ ഓർച്ചാഡ് എന്നറിയപ്പെടുന്ന ആപ്പിൾ തോട്ടം സന്ദർശിക്കാനായി, ഞങ്ങൾ പോയി.മനസ്സിലെന്നും മായാതെ നിൽക്കുന്ന മധുരാനുഭവങ്ങളിൽ ഒന്നായിരുന്നു അത്. അരമണിക്കൂറിനുള്ളിൽ സെന്റ് ഫെലിക്സ് റോഡിലുള ഈ ഫാമിലെ പാർക്കിംഗ് ഏരിയായിൽ തികച്ചും സൗജന്യമായിത്തന്നെ വണ്ടി പാർക്ക് ചെയ്തു.

സന്ദർശകരെക്കൊണ്ട് തന്നെ വിളവെടുപ്പിക്കുന്ന രീതിയായിരുന്നു ഇവിടെയും ഉണ്ടായിരുന്നത്. ഓഗസ്റ്റ് മുതൽ ഒക്ടോബർ പകുതി വരെയാണ് വിളവെടുപ്പിന് വേണ്ടി സാധാരണയായി സന്ദർശകരെ അനുവദിക്കുന്നത്.  സെപ്റ്റംബർ മാസമാണ് ആപ്പിൾ പറിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

മനസ്സിനെ കുളിരണിയിക്കുന്ന അതിമനോഹരമായ ദൃശ്യങ്ങളായിരുന്നു അന്നവിടെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്.   മൂന്ന് ഭാഗത്തായി, 
ഏക്കറുകളോളം പരന്നുകിടക്കുന്ന ഒരേ പൊക്കത്തിലുള്ള വിവിധയിനം ആപ്പിൾ മരങ്ങളിൽ നിറയെ, വിളഞ്ഞ്, പഴുത്തു കിടക്കുന്ന കായ്കൾ, വിസ്മയകരമായ ഒരു കാഴ്ച തന്നെയായിരുന്നു. 

ചുമപ്പും പച്ചയും മഞ്ഞയും നിറങ്ങളിൽ ഇടകലർന്ന, കിങ്ങിണിക്കുലകളായി തൂങ്ങി ക്കിടക്കുന്ന ആപ്പിളുകൾ, കയ്യെത്തിപ്പറിച്ചും മതിയാവോളം രുചിച്ചും ഞങ്ങൾ നടന്നു.

വലിപ്പത്തിനനുസരിച്ച് പൈസ കൊടുത്ത് വാങ്ങിയ പെട്ടി നിറയെ, ആപ്പിളുകൾ പറിച്ചു ശേഖരിച്ചു.  ഇരുപതിനം ആപ്പിൾ മരങ്ങൾ
ഫാമിലുടനീളം ഉണ്ടായിരുന്നു. 

കൗണ്ടറിൽ ലഭ്യമായിരുന്ന ആപ്പിൾ ജ്യൂസും ആപ്പിൾ സിഡാറും പൈസ കൊടുത്ത് വാങ്ങി, ശേഖരിച്ച ആപ്പിളുകളുമായി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. ജീവിതത്തിൽ ലഭിച്ച ആനന്ദകരമായ ഈ അനുഭവവും ഓർമകളുടെ പുസ്തകത്താളിൽ കുറിച്ചു വച്ചു.

(തുടരും)


Ottawa

ഭാഗം 42

വെള്ളിയാഴ്ച വൈകുന്നേരം, മകനോടൊപ്പം ഞങ്ങളും  പുറത്തിറങ്ങി. മോളെ സ്കൂളിൽ നിന്നും പിക് ചെയ്തിട്ട്, കോസ്കോയെന്ന കടയിൽ കയറി ഷോപ്പിംഗ്  നടത്തി. മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും നടത്തുന്ന കാനഡയിലെ വളരെ വലിയൊരു കച്ചവട സ്ഥാപനമാണിത്.
കോസ്കോയുടെ ഒന്നിൽക്കൂടുതൽ കടകൾ, എല്ലാ നഗരങ്ങളിലും കാണാവുന്നതാണ്.

ശനിയാഴ്ച്ച ഉച്ചയ്ക്ക്, മകന്റേയും കുടുംബത്തിന്റേയും ഏറ്റവുമടുത്ത മൂന്ന് സുഹൃത്തുക്കളെ, കുടുംബ സമേതം ലഞ്ചിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു.  രുചികരമായ ഭക്ഷണമൊക്കെ ഒരുക്കി, അതിഥികളെ സത്കരിച്ചു. മൂന്ന് കൂട്ടരുടേയും മാതാപിതാക്കൾ ഞങ്ങളെപ്പോലെ തന്നെ നാട്ടിൽ നിന്നും ഇവിടെ വിസിറ്റിന് വന്നവരായിരുന്നു. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികൾ, മറ്റൊരു രാജ്യത്ത് വച്ച് ഒത്തുകൂടുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.

നേരത്തേ പ്ലാൻ ചെയ്ത പ്രകാരം കാനഡയിലെ നയാഗ്രയും ഒന്റാറിയോയുടെ തലസ്ഥാനമായ ടൊറൊന്റോയും സന്ദർശിക്കുവാനായി, സെപ്റ്റംബർ 15 -ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4.30 മണിക്ക് വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങി. പായ്ക്ക് ചെയ്തു വച്ചിരുന്ന ബാഗുകളെല്ലാം വണ്ടിയുടെ ഡിക്കിയിൽ വച്ചു. ഓഫിസിൽ ചെന്ന് മരുമകളേയും പിക്ചെയ്ത് അഞ്ചു മണിയോട് കൂടി അവിടെ നിന്നും ഞങ്ങൾ യാത്ര തിരിച്ചു.

മൂന്ന്  ദിവസത്തെ ട്രിപ്പായിരുന്നതിനാൽ  രാത്രിയിൽ തങ്ങാനുള്ള മുറികൾ ഒരാഴ്ചയ്ക്ക് മുൻപ് തന്നെ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു. 

ഒട്ടാവായിൽ നിന്നും 268 കി.മീ ദൂരമുള്ള പീറ്റർബറോ എന്ന പ്രദേശത്തിനടുത്തുള്ള ലിൻഡ്സേ എന്ന സിറ്റിയിലാണ് അന്ന് രാത്രിയിൽ ഞങ്ങൾക്ക് താമസിക്കുവാനുള്ള മുറികൾ ബുക്ക് ചെയ്തിരുന്നത്. നാല് മണിക്കൂർ യാത്രചെയ്ത് ഒൻപത് മണിക്ക് അവിടെയെത്താമെന്ന് കരുതിയെങ്കിലും ഇടയിൽ വണ്ടി നിർത്തി ഇറങ്ങിയതിനാൽ താമസം നേരിട്ടു. എത്താൻ വൈകുമെന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ചറിയിച്ചതിനാൽ ഞങ്ങൾക്ക് വേണ്ടി അവരും വെയ്റ്റ് ചെയ്തു. 

പത്തുമണിയോടു കൂടി 'ഹോവേർഡ് ജോൺസൺ' എന്ന ഹോട്ടലിൽ എത്തി, ചെക്ക് ഇൻ ചെയ്തു. മുറിയിലെത്തി ഫ്രഷ് ആയതിന് ശേഷം എല്ലാവരും കിടന്നുറങ്ങി.

രാവിലെ ഏഴര മണിക്ക് ഹോട്ടൽ കാന്റീനിൽ ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന് ശേഷം, എട്ടര മണിയോട് കൂടി ഞങ്ങൾ അവിടെ നിന്നും യാത്ര തുടർന്നു.

രണ്ടരമണിക്കൂറിനുളളിൽ നയാഗ്രയിലെത്തിയ ഞങ്ങൾ, ആദ്യം തന്നെ വേൾപൂൾ എയ്റോ കാറിൽ കയറുവാനാണ് പോയത്. സൗജന്യ പാർക്കിംഗ് ഏരിയായിൽ വണ്ടി പാർക് ചെയ്തിട്ട് വേൾപൂൾ എയ്റോ കാറിന്റെ കൗണ്ടറിലേക്ക് നടന്നു. ഓൺലൈനിൽ നേരത്തേ  പർച്ചയിസ് ചെയ്ത ടിക്കറ്റുകളുമായി, കാത്തുനിന്നവരുടെ നീണ്ട ക്യൂവിൽ ഞങ്ങളും സ്ഥാനം പിടിച്ചു.

അമേരിക്കയുടെ ന്യൂയോർക്ക് സ്റ്റേറ്റ്സിന്റേയും കാനഡയിലെ ഒന്റാറിയോ പ്രോവിൻസിന്റേയും അതിർത്തികൾ പങ്കിടുന്ന നയാഗ്രാ നദിയുടെ ഒരു ഭാഗമാണ് വേൾപൂൾ. ഇതിന്റെ മുകളിലായി അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന എയ്റോ കാറിൽ കയറുവാൻ ആധിയോടും ഭീതിയോടും കൂടിയാണ് ഞാൻ നിന്നത്. 

ഊഴമനുസരിച്ച് ടിക്കറ്റുകൾ സ്കാൻ ചെയ്ത് പ്രത്യേകതരത്തിലുള്ള വാഹനത്തിൽ കയറിനിന്നപ്പോൾ, ഹൃദയം പെരുമ്പറ കൊട്ടുന്നത് എനിക്ക് കേൾക്കാമായിരുന്നു.

നയാഗ്രാ മലയിടുക്കിന് കുറുകെ 3500 അടി ഉയരത്തിൽ കുതിച്ചു കയറുന്ന നയാഗ്രാ വേൾപൂളിന്റേയും നദിയിലെ നീർനിറമുള്ള വെള്ളത്തിൽ രൂപംകൊള്ളുന്ന ചടുലമായ റാപ്പിഡുകളുടേയും മനോഹരമായ കാഴ്ച അത്ഭുതാവഹമായിരുന്നു. 

കനേഡിയൻ തീരത്ത്, രണ്ട് പോയിന്റുകൾക്കിടയിലാണ് ഈ എയ്റോകാർ സഞ്ചരിക്കുന്നതെങ്കിലും കാനഡയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിനും ഇടയിലുളള അന്താരാഷ്ട്ര അതിർത്തിയിലുള്ള നദി വഴി, മൊത്തം നാല്തവണ ഇത് നമ്മളെ കൊണ്ടുപോകുന്നു.

വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുകുന്ന ജലത്തിന്റെ വലിയ അളവ്, ഇടുങ്ങിയ നയാഗ്ര മലയിടുക്കിലേക്ക് പതിക്കുകയും ചുഴലിക്കാറ്റ്, റാപ്പിഡുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നദി പൊടുന്നനെ എതിർഘടികാരദിശയിൽ തിരിയുന്ന തിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. നദിയുടെ പെട്ടെന്നുള്ള ദിശാമാറ്റം ലോകത്തിലെ ഏറ്റവും ആകർഷകമായ പ്രകൃതിയുടെ ഒരു പ്രതിഭാസം തന്നെയാണ്.

Wttawa - whirlpool

1913 ലാണ് നയാഗ്രാ വേൾപൂളിന് കുറുകെ, സന്ദർശകരെ കൊണ്ടുപോകുന്നതിനായുള്ള ഒരു പുതിയ കേബിൾ കാർ നിർമിക്കാൻ ഒരു കൂട്ടം സ്പാനിഷ് വ്യവസായികൾ മുൻകയ്യെടുത്തത്.

വിഖ്യാത സ്പാനിഷ് എഞ്ചിനീയർ, ലിയോനാർഡോ ടോറസ് ക്യൂവെഡോ രൂപകൽപ്പന ചെയ്ത വേൾപൂൾ എയ്റോ കാർ 1916 മുതൽ നയാഗ്രാ മലയിടുക്കിൽ കുതിച്ചുയരുന്നു.

മലയിടുക്കിലെ രണ്ട് കനേഡിയൻ പോയിന്റുകൾക്കിടയിൽ, ആറ് ദൃഢമായ ഇന്റർലോക്ക് സ്റ്റീൽ കേബിളുകളിൽ സസ്പെൻഡ് ചെയ്തിരിക്കുന്ന എയ്റോകാർ, സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ഏകദേശം 500 അടി അതിർത്തി കടന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടെറിട്ടറിയിലൂടെ ഏകദേശം 200 അടി വരെ സഞ്ചരിക്കുന്നു.

37 Kw ശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കാറിന്, ഒരേ സമയം മുപ്പത്തിയഞ്ച് യാത്രക്കാരെ നിർത്തിക്കൊണ്ട് പോകാനുള്ള ശേഷിയുണ്ട്.

ഇതിൽ നിന്നുകൊണ്ട് താഴെ, നദിയിലെ ദിശമാറി ഒഴുകുന്ന വെള്ളത്തിന്റെ പ്രവാഹം സൃഷ്ടിക്കുന്ന ചുഴലിക്കാറ്റ്, മറക്കാനാവാത്തതും ഭീതിജനകവുമായ ഒരു കാഴ്ചയായിരുന്നു. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുമ്പോൾ ശരിക്കും ഭയം മനസ്സിനെ കീഴ്പ്പെടുത്തി.

ആകാശത്തിന്റേയും താഴെയുള്ള ജലാശയത്തിന്റേയും ഇടയിലായി കാണപ്പെട്ട മലനിരകളും പാറക്കെട്ടുകളും കൊണ്ട്, രണ്ട് രാജ്യങ്ങളുടേയും അതിർത്തികളെ തമ്മിൽ വേർതിരിച്ചിരിക്കുന്നു.

ഒരു കിലോമീറ്റർ ദൂരം അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ, മറുകരയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റിന്റെ ചില ഭാഗങ്ങളും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

നെഞ്ചിടിപ്പോടു കൂടിയാണ് അതിനുളളിൽ കയറിയതെങ്കിലും പത്ത് മിനിറ്റ് നേരം, പ്രകൃതി ഒരുക്കിയ വിസ്മയക്കാഴ്ചകൾ, മനസ്സിൽ കുമിഞ്ഞുകൂടിയിരുന്ന ഭയത്തെ, നിശ്ശേഷം കീഴടക്കി.

മടക്കയാത്രയിൽ, എല്ലാ ദിക്കുകളും വ്യക്തമായി കാണത്തക്ക രീതിയിൽ, പിറകിൽ നിന്നവരെ വാഹനത്തിന്റെ മുന്നിൽ തിരിച്ചുനിർത്തി. മുതിർന്ന വരോടൊപ്പം കുട്ടികളും നന്നായി ആസ്വദിച്ച ഒരു ട്രിപ്പായിരുന്നു അത്.

ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു സുന്ദരവും അതിസാഹസികവുമായ ഇത്തരമൊരു ഉല്ലാസയാത്രയിൽ പങ്ക് ചേരുന്നത്.

എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന, വേറിട്ട ഒരു യാത്രാനുഭവം തന്നെയായിരുന്നു അത്.

(തുടരും)


Nayagra

ഭാഗം 43

എയ്റോ കാറിൽ നിന്നും പുറത്തിറങ്ങി, പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങളിൽ കണ്ണോടിച്ചുകൊണ്ട്, കുറച്ച് സമയം കൂടി ഞങ്ങളവിടെ
ചിലവഴിച്ചു. അവിടെ നിന്നും 'വൈറ്റ് വാട്ടർ വാക്കി'ലേക്കായിരുന്നു പിന്നെ ഞങ്ങൾ പോയത്. സന്ദർശകരുടെ നീണ്ട നിര തന്നെ അവിടെയും ഉണ്ടായിരുന്നു. 

ഓൺലൈനിൽ  വാങ്ങിയിരുന്ന ടിക്കറ്റുകൾ സ്കാൻ ചെയ്തതിന് ശേഷം, എലിവേറ്ററിലൂടെ  70 മീറ്റർ താഴേയ്ക്കിറങ്ങി, ഒരു തുരങ്കത്തിലൂടെ, നയാഗ്രാനദിയുടെ തീരത്ത്, കാൽ മൈൽ നീണ്ടുകിടക്കുന്ന, ബോർഡ്വാക്കിലൂടെ ഞങ്ങൾ നടന്നു.

ആഞ്ഞടിക്കുന്ന തിരമാലകളുടെ, ഇരമ്പൽ കേട്ടുകൊണ്ട്, പുരാതനമായ ശിലാപാളികളുടെ, മികച്ച ദൃശ്യം, കൺകുളിർക്കെ, കണ്ടുനിന്നു. അവിശ്വനിയമായ കാഴ്ചകൾ നൽകുന്ന നിരവധി പ്ലാറ്റ്ഫോമുകളിൽ ഇറങ്ങി നിന്ന് ആർത്തലച്ചുയരുന്ന തിരമാലകളുടെ ഗർജനത്തിൽ മുഴുകി നിന്നു.

നദിക്കുള്ളില അത്ഭുതങ്ങളും ചരിത്ര പ്രാധാന്യങ്ങളും അടങ്ങുന്ന വിവരണങ്ങൾ അവിടവിടെയായി പ്രദർശിപ്പിച്ചിരിക്കുന്നത് വായിക്കുകയും അറിവുകൾ ശേഖരിക്കുകയും ചെയ്തു.

മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ ഒഴുകുന്ന നദിയിലെ, പച്ചനിറത്തിലുള്ള വെള്ളത്തിൽ രൂപം കൊള്ളുന്ന ചടുലമായ ചുഴികളിൽ അടങ്ങിയിരിക്കുന്ന ദുരൂഹത, എന്നെ വളരെയേറെ ചിന്തിപ്പിച്ചു. ബോർഡ് വാക്കിന്റെ അറ്റത്തുള്ള പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിട്ടുള്ള ബഞ്ചുകളിൽ ഇരുന്ന് അല്പ നേരം വിശ്രമിച്ചു. തിരികെ നടന്ന് എലിവേറ്ററിൽക്കൂടി മുകളിലെത്തി. അവിടെ നിന്നും പുറത്തിറങ്ങി, അടച്ചിട്ടിരിക്കുന്ന കാനഡയുടെ അതിർത്തിക്ക് സമീപം നിന്നുകൊണ്ട് എതിർ ദിശയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളും നോക്കിക്കണ്ടു.

കാനഡയുടേയും അമേരിക്കയുടേയും അതിർത്തികൾ തമ്മിൽ ബന്ധിപ്പിക്കുന്ന, വലിയ പാലത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത് കാണാമായിരുന്നു.

വൈറ്റ് വാട്ടർ പര്യടനത്തിന് ശേഷം, സാജന്യ പാർക്കിംഗ് കിട്ടാൻ പ്രയാസമായിരുന്നതിനാൽ, സ്കൈലോൺ ടവറിന് സമീപമുള്ള പെയ്ഡ് പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്തു. 24 മണിക്കൂറുകൾക്കുള്ള പാർക്കിംഗ് ഫീസ്, ഇരുപത് ഡോളറായിരുന്നു.

ഇതിനിടയിൽ ലഞ്ച് കഴിക്കാനുള്ള സാവകാശം ലഭിക്കാതിരുന്നതിനാൽ വണ്ടിയിൽ കരുതിയിരുന്ന ക്രോയിസന്റ് ബ്രെഡും കുക്കീസും ഫ്രൂട്ട്സുമൊക്കെ കഴിച്ച് ഞങ്ങൾ വിശപ്പടക്കി.

അവിടെ നിന്നും നയാഗ്രാ വെള്ളച്ചാട്ടത്തിന് അരികിലേക്കാണ് ഞങ്ങൾ നടന്നു നീങ്ങിയത്. 

ഒന്റാറിയോയുടെ തലസ്ഥാനമായ ടൊറന്റോയിൽ നിന്ന് റോഡ് മാർഗം ഏകദേശം 130 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. നയാഗ്ര നദിയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനും നയാഗ്ര മലയിടുക്കിനുമിടയിലാണ് നയാഗ്രയിലെ നഗരം സ്ഥിതി ചെയ്യുന്നത്.

ഒന്റാറിയോ തടാകത്തിനും 'എറി' തടാകത്തിനും ഇടയിലുള്ള കടലിടുക്കിൽ സ്ഥിതിചെയ്യുന്നതും യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും പങ്കിടുന്നതുമായ വെള്ളച്ചാട്ടം, പ്രശസ്തമായ അവധിക്കാല വിനോദകേന്ദ്രമായി ഇന്ന് മാറിയിരിക്കുന്നു.

വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും മൃദുലമായ തണുത്ത മൂടൽ മഞ്ഞും പ്രായഭേദമെന്യേ എല്ലാവരേയും ഒരു പോലെ ആകർഷിക്കുന്നതാണ്.

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂയോർക്ക് സംസ്ഥാനത്തിനും ഇടയിലുള്ള അതിർത്തിയിൽ വ്യാപിച്ചു കിടക്കുന്ന നയാഗ്ര ഗോർജിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്രാ വെള്ളച്ചാട്ടം.

മൂന്നെണ്ണത്തിൽ ഏറ്റവും വലുത്, രണ്ട് രാജ്യങ്ങളുടെയും അതിർത്തിയിലൂടെ കടന്നുപോകുന്ന 'ഹോഴ്സ്ഷൂ' വെള്ളച്ചാട്ടമാണ്. ഇത് കനേഡിയൻ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. ഇതിന് ഏകദേശം 57 മീറ്റർ ഉയരവും 790 മീറ്റർ വീതിയും ഉണ്ട്. ഇതിന് മുകളിലൂടെയുള്ള ഏറ്റവും ഉയർന്ന ഒഴുക്ക്, സെക്കന്റിൽ 6400 മീറ്ററാണ്. മറ്റു രണ്ടു വെള്ളച്ചാട്ടങ്ങളുടെ ഉയരവും വീതിയും താരതമ്യേന കുറവുമാണ്.

(തുടരും)


Nayagra Waterfall

ഭാഗം 44

വലിയൊരു ജനസഞ്ചയം തന്നെ നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് തിങ്ങിനിറഞ്ഞിട്ടുണ്ടായിരുന്നു. നാലുമണിക്ക് നയാഗ്രാ ക്രൂസിൽ കയറുവാനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ നേരത്തേ വാങ്ങിയിരുന്നു. നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ നേർക്കാഴ്ചയിൽ കുറച്ചു നേരം ലയിച്ചുനിന്നതിന് ശേഷം, ക്രൂസിന്റെ കൗണ്ടറിലേക്ക് ഞങ്ങൾ നടന്നു. 

ടിക്കറ്റുകൾ സ്കാൻ ചെയ്തതിന് ശേഷം മീറ്ററുകളോളം നീളമുള്ള വലിയ ക്യൂവിൽ സ്ഥാനം പിടിച്ചു. പല ലെവലുകൾ താഴ്ചയുള്ള റാമ്പിലൂടെ, മറ്റുള്ളവർക്കൊപ്പം പതുക്കെ നടന്ന് ഞങ്ങൾ ക്രൂസിനരികിൽ എത്തി.

അധികൃതർ നൽകിയ ചുമപ്പ് നിറത്തിലുള്ള, റെയിൻകോട്ട് (പോഞ്ചോ) ധരിച്ചുകൊണ്ട്, നയാഗ്രാ സിറ്റിക്രൂസിൽ കയറി, മുകളിലത്തെ നിലയിൽ സ്ഥാനം പിടിച്ചു.

ആടിയുലയുന്ന ബോട്ടിനുള്ളിൽ ബാലൻസ് ചെയ്തുകൊണ്ട് നിന്നെങ്കിലും ഫോട്ടോയെടുക്കലും വീഡിയോ പകർത്തലുമെല്ലാം  ശ്രമകരമായിരുന്നു.

വെള്ളച്ചാട്ടത്തിന്റെ തൊട്ടരികിലൂടെയുള്ള യാത്രയിൽ, ദേഹത്ത് തെറിക്കുന്ന, ജലകണങ്ങളിൽ നനഞ്ഞ് നിൽക്കുമ്പോൾ കിട്ടിയ, സുഖകരമായ അനുഭൂതി, ഒന്ന് വേറെ തന്നെയായിരുന്നു. 

20 മിനിറ്റ് നേരമുള്ള 'വോയേജ് ടു ദി ഫാൾസ്' ബോട്ട് ടൂർ, നയാഗ്ര ഗോർജ്, അമേരിക്കൻ വെള്ളച്ചാട്ടം, ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം എന്നിവയുടെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്തു. 

കൂടാതെ പ്രശസ്തമായ കനേഡിയൻ ഹോഴ്‌സ്‌ ഷൂ വെള്ളച്ചാട്ടവുമായി മുഖാമുഖം കണ്ട്, അതിശയിപ്പിക്കുന്ന മൂടൽമഞ്ഞിൽ നനയുവാനും പ്രകൃതി വിസ്മയങ്ങൾക്കൊപ്പം വരുന്ന ഇടിമുഴക്കവും ഭയാനകവുമായ ശക്തിയും  നേർക്കുനേർ അനുഭവിക്കാനും കഴിഞ്ഞതിൽ  മനസ്സും ശരീരവും കുളിരണിഞ്ഞു. 

വെള്ളച്ചാട്ടത്തിന് മുകളിൽ തെളിഞ്ഞ സുന്ദരമായ മഴവില്ല് ഞങ്ങളെ വളരെയേറെ അത്ഭുതപ്പെടുത്തി. എതിർദിശയിലൂടെ നീങ്ങുന്ന അമേരിക്കയുടെ 'മെയ്ഡ് ഓഫ് ദി മിസ്റ്റ്' എന്ന ക്രൂസിലെ നീല പോഞ്ചോ ധരിച്ച സന്ദർശകരോട് 'ഹായ്' പറയുമ്പോൾ, ഉല്ലാസഭരിതരായി അവരും  കൈവീശിക്കൊണ്ട് ഞങ്ങളെ കടന്നുപോയി.

നദിയുടെ മറുകരയിലുള്ള, അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റിന്റെ, ചില ഭാഗങ്ങളും കൂടാതെ, നയാഗ്രാ മലയിടുക്കിന്റെ അതിമനോഹരമായ കാഴ്ചകളും കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. 

രസകരവും ആഹ്ലാദകരവും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു ക്രൂസ് അനുഭവമായിരുന്നു അത്.

ക്രൂസ്സിൽ നിന്നും പുറത്തിറങ്ങി, ഇട്ടിരുന്ന നനഞ്ഞ പോഞ്ചോ കൾ ഊരിമാറ്റി, ക്രമീകരിച്ചിരിച്ചിരുന്ന വലിയ ബക്കറ്റിൽ നിക്ഷേപിച്ചു. 

എലിവേറ്ററിൽ കൂടി മുകളിലെത്തി, സാധനങ്ങളും മൊമന്റോകളും നിറഞ്ഞ വലിയൊരു കടയുടെ ഉള്ളിൽ പ്രവേശിച്ചു. ഫ്രിഡ്ജ് മാഗ്നറ്റുകൾ ഉൾപ്പെടെ, ഓർമയ്ക്കായി ചില സാധനങ്ങൾ അവിടെ നിന്നും ഞങ്ങൾ വാങ്ങി.

പുറത്തിറങ്ങിയതിന് ശേഷം നയാഗ്രയിൽ താമസിക്കുന്ന, ഒരു സുഹൃത്തിനെയും കുടുംബത്തേയും സന്ദർശിക്കുവാനായി, അവിടെ നിന്നും പതിനഞ്ച് മിനിറ്റ് ദൂരം ഡ്രൈവ് ചെയ്ത് അവരുടെ വീട്ടിലെത്തി. ഗൂഗിളിൽ അഡ്രസ്സിട്ടു കൊടുത്താൽ, വീടിന്റെ മുന്നിൽ നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്ന ഒരു സംവിധാന രീതിയാണ് ഇവിടെയുള്ളത്.

കുശലാന്വേഷണങ്ങൾക്കും സ്നേഹ സംഭാഷണങ്ങൾക്കുമിടയിൽ ആന്റി നൽകിയ ചായയും സ്നാക്സും കഴിച്ചു. 
25 വർഷത്തിന് ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കൾ ഒരുപാട് പഴയ ഓർമകൾ പരസ്പരം പങ്ക് വച്ചു.

നാട്ടിലെ ഒരടുത്ത സുഹൃത്തിന്റെ മകളും ഭർത്താവും അവിടെ അടുത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്. ഞങ്ങളെ അന്നവിടെ ഡിന്നറിന് ക്ഷണിച്ചിരുന്നു. 

എഴ് മണിയോടുകൂടി അവിടെയെത്തിയ ഞങ്ങളെ വളരെ സ്നേഹപൂർവ്വം സ്വീകരിക്കുകയും രുചികരമായ ഭക്ഷണം നൽകി, സത്കരിക്കുകയും ചെയ്തു.

അതിന് ശ്രേഷം അവിടെ നിന്നും ഞങ്ങൾ നേരേ പോയത് അന്ന് രാത്രി സ്റ്റേ ചെയ്യുന്നതിന് വേണ്ടി ബുക്ക് ചെയ്തിരുന്ന ട്രാവലോഡ്‌ജ് ഹോട്ടലിലേക്കായിരുന്നു. പതിനഞ്ച് മിനിറ്റ് ദൂരം മാത്രം അകലെയുള്ള ഹോട്ടലിൽ എത്തി ഒൻപത് മണിക്ക് മുൻപ് തന്നെ ചെക്ക് ഇൻ ചെയ്തു. 

സാധനങ്ങളൊക്കെ മുറിയിൽ കൊണ്ടുവച്ചിട്ട് ഫ്രഷായതിന് ശേഷം വീണ്ടും ഞങ്ങൾ പുറത്തേക്കിറങ്ങി. പത്ത് മണിക്ക് നയാഗ്രാ വെള്ളച്ചാട്ടത്തിൽ നടക്കുന്ന ഫയർവർക്ക്സും ലൈറ്റ് ഷോയും കാണുവാനായാണ് ഞങ്ങൾ പോയത്.

സ്കൈലോൺ ടവറിന് സമീപം, നേരത്തേ പൈസയടച്ചിട്ടിരുന്ന സ്ഥലത്ത് തന്നെ വണ്ടി പാർക്ക് ചെയ്തു. തണുപ്പിനെ വകവയ്ക്കാതെ, ഇരുൾ നിറഞ്ഞ കുറുക്കുവഴിയിലൂടെ നടന്ന്, വെള്ളച്ചാട്ടത്തിന് അരികിലെത്തിയതും ഫയർ വർക്ക്സ് തുടങ്ങിയതും ഒരുമിച്ചായിരുന്നു. 

വെള്ളച്ചാട്ടത്തിന് സമീപമുള്ള ക്വീൻ വിക്ടോറിയ പാർക്കിൽ നിന്നു കൊണ്ട് ദൈർഘ്യമേറിയതും വിസ്മയ കരവുമായ വെടിക്കെട്ട് നന്നായി ഞങ്ങൾ ആസ്വദിച്ചു. വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് വിവിധ വർണങ്ങളിൽ പതിക്കുന്ന പ്രകാശ രശ്മികൾ, അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചത്. 

സീസണനുസരിച്ച് ശനി, ഞായർ ദിവസങ്ങളിൽ സൗജന്യമായി നടത്തിവരുന്ന ഒന്നാണ് ഈ ഫയർവർക്സ്. എല്ലാ കരിമരുന്ന് പ്രകടനങ്ങളും കാലാവസ്ഥകൾക്ക് വിധേയമാണ്.

തിരികെ മുറിയിലെത്തി, ചൂടുവെള്ളത്തിൽ കുളിച്ചതിന് ശേഷം എല്ലാവരും സുഖമായി കിടന്നുറങ്ങി.

(തുടരും)


nayagra

ഭാഗം 45

രാവിലെ എട്ട് മണിക്ക് തന്നെ എല്ലാവരും റെഡിയായി. ഹോട്ടലിന്റെ പായ്ക്കേജിൽ ബ്രേക്ഫാസ്റ്റ് ഇല്ലാതിരുന്നതിനാൽ, സമീപത്ത് തന്നെയുള്ള ടിം റെസ്റ്റോറന്റിൽ നിന്നും പാഴ്സൽ വാങ്ങി, മുറിയിലിരുന്ന് കഴിച്ചതിന് ശേഷം, ഒമ്പത് മണിയോടുകൂടി റൂം വെക്കേറ്റ് ചെയ്തിട്ട് ഞങ്ങൾ പുറത്തിറങ്ങി. 

നയാഗ്രാ വെള്ളച്ചാട്ടത്തിന് സമീപത്തുള്ള നയാഗ്രാ പവർ സ്റ്റേഷനും നയാഗ്രാടണലും കാണുവാനായിട്ടായിരുന്നു ഞങ്ങൾ പോയത്. പവർ സ്റ്റേഷൻ തുറക്കുന്നതിന് മുൻപേ ഞങ്ങളവിടെ എത്തിച്ചേർന്നതിനാൽ, ക്വീൻസ് വിക്ടോറിയ പാർക്കിലെ പുൽത്തകിടിയിൽക്കൂടി, വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് നടന്നു.

 ജനക്കൂട്ടത്തിന്റെ തിക്കും തിരക്കുമില്ലാതെ, ഒരുവട്ടം കൂടി ആകർഷണീയമായ നയാഗ്രാ ഫാൾസിന്റെ മനോഹാരിത മതിയാവോളം കണ്ടു നിന്നു. 

നദിയുടെ മുകളിൽ വെള്ളച്ചാട്ടം ആരംഭിച്ചിരിക്കുന്ന സ്ഥലത്ത് പലതട്ടുകളായി, ശക്തിയായൊഴുകുന്ന വെള്ളത്തിന്റെ ഇരമ്പൽ ആസ്വദിച്ചുകൊണ്ട് കുറച്ചുനേരം നടന്നു. 

മറുകരയിൽ കാണപ്പെട്ട ചില കെട്ടിടങ്ങളിൽ അമേരിക്കയുടെ കൊടികൾ പാറിപ്പറക്കുന്നുണ്ടായിരുന്നു.

പവർ സ്റ്റേഷൻ തുറന്നയുടൻ ടിക്കറ്റുകൾ സ്കാൻ ചെയ്ത് ഞങ്ങൾ അകത്ത് കടന്നു.

ഗ്ലാസ്സ്ഭിത്തിയുള്ള എലിവേറ്ററിലൂടെ താഴെയിറങ്ങി, 115 വർഷം പഴക്കമുള്ളതും 
180 അടി താഴ്ചയുള്ളതുമായ ഭൂഗർഭ തുരങ്കത്തിലൂടെയുള്ള സഞ്ചാരം, അവിശ്വസനീയമായ ഒരനുഭവം തന്നെയായിരുന്നു.

 2200 അടി നീളമുള്ള തുല്യവും സുഗമവുമായ പാത, വളരെ വൃത്തിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. ഇരുന്ന് വിശ്രമിക്കാനുള്ള ബഞ്ചുകളും ടണലിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. തുരങ്കത്തിലൂടെ നടന്നപ്പോൾ നല്ല തണുപ്പനുഭവപ്പെട്ടു.

ഒരു നൂറ്റാണ്ടിലേറെക്കാലം ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ എക്സിറ്റ് പോയിന്റായി ഈ തുരങ്കം പ്രവർത്തിച്ചു.

തുരങ്കത്തിന്റെ നിർമാണത്തെ പ്പറ്റി വിവരിക്കുന്ന ബോർഡു കൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. വിളക്കുകൾ, റൂഡിമെന്ററി ഡൈനാമിറ്റ്, പിക്കാസുകൾ, ചട്ടുകങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് കുഴിച്ചെടുത്തതാണ് ഈ തുരങ്കമെന്ന് ചരിത്രരേഖകൾ പറയുന്നു.

തുരങ്കം ചെന്നവസാനിക്കുന്നത് നയാഗ്രാനദിയുടെ അരികിലുളള ഒരു നിരീക്ഷണ പ്ലാറ്റ്ഫോമിലേക്കായിരുന്നു.

അവിടെ ഇറങ്ങി നിന്നുകൊണ്ട്, നയാഗ്രാ വെള്ളച്ചാട്ടത്തിന്റേയും ചുറ്റുമുള്ള പ്രദേശങ്ങളുടേയും ഭംഗി ആവോളം ആസ്വദിച്ചു.

തുരങ്കത്തിൽക്കൂടിയുള്ള മടക്കയാത്രയിൽ, മറ്റ് ചില സന്ദർശകരേയും പരിചയപ്പെട്ടു. 

എലിവേറ്ററിൽ കൂടി മുകളിലെത്തിയത് പവർ സ്റ്റേഷന്റെ ജനറേറ്റർ ഹാളിലേക്കായിരുന്നു.

115 വർഷം പഴക്കമുള്ള ഈ എഞ്ചിനീയറിംഗ് വിസ്മയത്തിന്റെ ശ്രദ്ധേയമായ ചരിത്രവും അതുല്യമായ വാസ്തുവിദ്യാ സവിശേഷതകളും എടുത്തു പറയേണ്ടവയാണ്.

വിനോദപരവും വിദ്യാഭ്യാസപരവുമായ സംവേദനാത്മക പ്രദർശനങ്ങൾ, ആകർഷകമായ ഇൻസ്റ്റാലേഷനുകൾ എന്നിവ, ഒരു നൂറ്റാണ്ടായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ജലത്തിന്റെ ശക്തി എങ്ങനെ ഉപയോഗിച്ചുവെന്നതിന്റെ തെളിവുകൾ നൽകുന്നു.

Shaila Babu at Nayagra falls

ചരിത്രപ്രസിദ്ധമായ, ജലവൈദ്യുത നിലയത്തിലെ, ആകർഷകമായ മോഡലുകളും പ്രദർശനങ്ങളും അറിവിന്റെ ശേഖരങ്ങൾ തന്നെയായിരുന്നു.

പവർസ്റ്റേഷനിൽ നിന്നും ഇറങ്ങി സമീപത്തുള്ള പാർക്കിലിരുന്ന് കുറച്ചുനേരം വിശ്രമിച്ചു.

കടന്നുപോയ സുന്ദര നിമിഷങ്ങളിലൂടെ നയാഗ്ര കാണണമെന്നുള്ള എന്റെ വലിയൊരാഗ്രഹം നിറവേറിയ ചാരിതാർത്ഥ്യത്തോടെ നയാഗ്രാനഗരത്തോട് വിടപറഞ്ഞ്, പന്ത്രണ്ടര മണിയോടുകൂടി അവിടെ നിന്നും ഞങ്ങൾ ടൊറന്റോയിലേക്ക് യാത്ര തിരിച്ചു.

(തുടരും)


Toronto

ഭാഗം 46

രണ്ട് മണിക്കൂർ ദൂരം പിന്നിട്ടപ്പോൾ, എല്ലാവർക്കും നന്നായി വിശന്നു. KFC യിൽ നിന്നും പാഴ്സൽ വാങ്ങി, സമീപത്ത്‌ തന്നെയുള്ള ബുഡാപെസ്റ്റ് പാർക്കിൽ ചെന്നിരുന്ന് കഴിച്ചു.

ഒന്റാറിയോ തടാകത്തിന്റെ തീരത്ത് പാർക്ക്സൈഡ് ഡ്രൈവിന്റെ സമീപം, റൈഡർപൂളിന്റെ കിഴക്ക് ഭാഗത്താണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. 


കുട്ടികൾക്കായുള്ള രസകരമായ കളിസ്ഥലങ്ങളുള്ള ഒരു പിക്നിക് സ്പോട്ടാണിത്. തണൽ മരങ്ങളും പച്ചപ്പും നിറഞ്ഞ മനോഹരമായ ഇവിടെ, ബാർബിക്യൂ ചെയ്യാനുള്ള സൗകര്യങ്ങളും ഉണ്ട്. 

കുട്ടികളേയും കൊണ്ട് ധാരാളം കുടുംബങ്ങൾ അവിടവിടെയായി ഇരുന്ന് ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നുണ്ട്. കെ.എഫ്.സി യും കഴിച്ച്, കുറച്ച് നേരമിരുന്ന് വിശ്രമിച്ചതിന് ശേഷം അവിടെ നിന്നും ഞങ്ങൾ യാത്രതുടർന്നു.

ടൊറന്റോയിലെ ഒരു പ്രധാന പൊതുമാർക്കറ്റായ സെന്റ് ലോറൻസ് മാർക്കറ്റിലേക്കാണ് പിന്നെ ഞങ്ങൾ പോയത്. ഫ്രണ്ട്, ലോവർ, ജാർവിസ് സ്ട്രീറ്റുകളുടെ തെക്ക് പടിഞ്ഞാറൻ കോണിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

രണ്ട് പ്രധാനനിലകളുള്ള കെട്ടിടത്തിൽ, സെന്റ് ലോറൻസ് മാർക്കറ്റ് നോർത്ത്, സെന്റ് ലോറൻസ് ഹാൾ എന്നിവയ്ക്കൊപ്പം സെന്റ് ലോറൻസ് മാർക്കറ്റ് കോംപ്ലക്‌സും ഉൾപ്പെടുന്നു. താഴത്തെ നില ഭാഗികമായി ഭൂമിക്കടിയിലാണ്.

പഴങ്ങൾ, പച്ചക്കറികൾ, മാംസം, പാൽവർഗങ്ങൾ, ആർട്ട്, ക്രാഫ്റ്റ്, വീട്ടുസാധനങ്ങൾ, തുടങ്ങി ദൈനം ദിന ജീവിതത്തിന് ആവശ്യമായ സകല സാധനങ്ങളും ഇവിടെയുണ്ട്. ഭക്ഷണ സ്റ്റാളുകളും അവിടവിടെയായി സജ്ജീകരിച്ചിട്ടുണ്ട്.

തിരക്കൊഴിഞ്ഞ സമയമായതിനാൽ, ഇടനാഴികളിലൂടെ, മുകളിലും താഴെയുമെല്ലാം നിരത്തി വച്ചിരിക്കുന്ന വിവിധയിനം സാധനങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് ഞങ്ങൾ നടന്നു.

സെന്റ് ലോറൻസ് മാർക്കറ്റിൽ നിന്നും ഇറങ്ങി ടൊറന്റോ ഡൗൺ ടൗണിനെ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരുന്നു. സഞ്ചാരികളെക്കൊണ്ട് തിങ്ങി നിറഞ്ഞ തെരുവുകളിലെ റോഡുകളിൽ നല്ല രീതിയിലുള്ള ട്രാഫിക്കും അനുഭവപ്പെട്ടു. 

പാതയുടെ ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയങ്ങൾ, എന്നെ ആശ്ചര്യപ്പെടുത്തി.

സൗകര്യപ്രദമായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തിട്ട്, ആളുകൾ തിങ്ങിനിറഞ്ഞ ഒരു സ്ഥലത്തിനുള്ളിലേക്ക് കയറി.

'നഥാൻ ഫിലിപ്സ് സ്‌ക്വയർ' എന്നെഴുതിയ ഒരു ബോർഡ് ശ്രദ്ധയിൽപ്പെട്ടു. ടൊറന്റോയുടെ ഹൃദയഭാഗത്തുള്ള സജീവമായ ഒരിടമാണിത്. ക്വീൻ സ്ട്രീറ്റ് വെസ്റ്റിന്റേയും ബേ സ്ട്രീറ്റിന്റേയും കവലയിലുള്ള ടൊറന്റോ സിറ്റി ഹാളിന്റെ മുൻഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 

1955 മുതൽ 1962 വരെ ടൊറന്റോ മേയറായിരുന്ന നഥാൻ ഫിലിപ്സിന്റെ പേരിലാണ് ഈ സ്ക്വയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

1965ലാണ് ഇത് തുറന്നത്. കച്ചേരികൾ, കലാപ്രദർശനങ്ങൾ, പ്രതിവാര കർഷകരുടെ ചന്ത, വിളക്കുകളുടെ ശീതകാല ഉത്സവം, പ്രകടനങ്ങൾ ഉൾപ്പെടെയുള്ള പെതുപരിപാടികൾ തുടങ്ങിയവ നടത്തുന്ന സ്ഥലമാണിത്. ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന ഇവിടം കാനഡയിലെ ഏറ്റവും വലിയ നഗരചത്വരമാണ്.

ഗംഭീരമായ വാസ്തുവിദ്യയാൽ ചുറ്റപ്പെട്ട ഈ ചതുരത്തിന്റെ പ്രധാന ഭാഗം രണ്ട് വലിയ ഉറപ്പുള്ള കോൺക്രീറ്റ് സ്ലാബുകൾ കൊണ്ട് നിർത്തിയിരിക്കുന്നു. മധ്യഭാഗത്തുള്ള പ്രതിഫലിപ്പിക്കുന്ന കുളം, അതിശയിപ്പിക്കുന്ന ജലധാരകൾ, ഒരു സമാധാന ഉദ്യാനം, ഒരു സ്റ്റേജ്, കൂടാതെ നിരവധി ശിൽപ്പങ്ങളും ഇവിടെയുണ്ട്. 

സ്ലാബുകൾക്കിടയിൽ പ്രകാശിതമായ ജലധാരകളുണ്ട്. സ്ക്വയറിന്റെ ശേഷിക്കുന്ന ചുറ്റളവിൽ ഒരുയർന്ന കോൺക്രീറ്റ് നടപ്പാതയുണ്ട്. പല സ്മാരകങ്ങൾ നിറഞ്ഞ പുൽത്തകിടികൾ ഇതിന് പുറത്തുണ്ട്.

സ്ക്വയറിന് താഴെയുള്ള ഗാരേജ്, ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ പാർക്കിംഗുകളിൽ ഒന്നാണ്. 2015 ൽ ടൊറന്റോ എന്നുള്ള വലിയ ഇംഗ്ലീഷ് അക്ഷരങ്ങൾ നഗരത്തിന്റെ ചിഹ്നമായി ഇവിടെ സ്ഥാപിക്കപ്പെട്ടു.

 ഇതൊരു വലിയ മൾട്ടി - കളർ ഇല്യൂമിനേറ്റഡ് 3-D ചിഹ്നമാണ്. ഈ ചതുരം ടൊറന്റോ നഗരത്തിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു. 

ധാരാളം ഗെയിമുകളും ഇവിടെ വച്ച് നടത്തപ്പെടുന്നുണ്ട്. സംസ്കാരവും ആവേശവും അലയടിക്കുന്ന ഇവിടം, പ്രദേശവാസികളും സന്ദർശകരും ഒരുപോലെ ഒത്തുചേരുന്ന ഒരിടമാണ്. 

കാഴ്കൾ കണ്ടും വിശ്രമിച്ചും ഒരുമണിക്കൂർ നേരം ഞങ്ങളവിടെ ചിലവഴിച്ചു.

(തുടരും)


CN Tower, Toronto

ഭാഗം 47

Read Full

തിരക്കേറിയ സ്ട്രീറ്റിലൂടെ സഞ്ചരിച്ച്, ചരിത്ര പ്രാധാന്യമുള്ള 'ഓൾഡ് സിറ്റി ഹാളി'ന് സമീപം ഞങ്ങളെത്തി. റോമനെസ്ക് ശൈലിയിലുള്ള ഒരു കൂറ്റൻ മണൽക്കല്ല് കെട്ടിടമാണിത്. ടൊറന്റോ നഗരത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഇതൊരു കോടതി മന്ദിരമാണ്. ടൊറന്റോ സിറ്റി കൗൺസലിന്റെ ഭവനമായിരുന്ന ഇത്, നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടനയായി ഇന്നും തുടരുന്നു.

നഥാൻ ഫിലിപ്സ്‌ സ്‌ക്വയറിൽ നിന്നും ബേ സ്ട്രീറ്റിന് കുറുകെ ക്വീൻ ആൻഡ് ബേ സ്ട്രീറ്റുകളുടെ കോണിലാണ് ഈ കെട്ടിടം. ഹെറിറ്റേജ് ലാൻഡ് മാർക്കിന്, ഉയരമുള്ള ഒരു വലിയ ക്ലോക്ക് ടവറുള്ള ഓൾഡ് സിറ്റി ഹാൾ, ഒരു ദേശീയ ചരിത്ര സൈറ്റാണ്.

Nathan square Toronto

മധ്യഭാഗത്ത് നടുമുറ്റമുള്ള ഒരു വലിയ ചതുരാകൃതിയിലുള്ള ഒരു ഘടനയാണ് ഇതിനുള്ളത്. കെട്ടിടത്തിന്റെ പുറംഭാഗത്തിലുടനീളം മൃഗങ്ങളുടേയും മനുഷ്യരുടേയും കൊത്തുപണികൾ കാണാം. ഒന്റാറിയോ കോർട്ട് ഓഫ് ജസ്റ്റിസ് കോർട്ട് ഹൗസായി ഇന്നിത് പ്രവർത്തിക്കുന്നു.

മനോഹരമായ ദൃശ്യാനുഭവങ്ങൾക്ക് ശേഷം പ്രവേശന പാതയിലുള്ള ചവിട്ടുപടികളിലിരുന്ന് ഞങ്ങൾ ഫോട്ടോകൾ എടുത്തു.

അവിടെ നിന്നുമിറങ്ങി നടന്ന് പ്രശസ്തമായ സി.എൻ ടവറിന്റെ മുന്നിലെത്തി. കാനഡയിലെ ഏറ്റവും തിരിച്ചറിയാവുന്നതും ആഘോഷിക്കപ്പെടുന്നതുമായ ഒരു ഐക്കണാണ് സി.എൻ ടവർ. 116 നിലകളുള്ള ഈ ടവറിന് 553.3 മീറ്റർ ഉയരമുണ്ട്.

കോൺക്രീറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് ഒബ്സർവേഷൻ ടവറാണിത്. CN എന്നത് ടവർ നിർമിച്ച റെയിൽവേ കമ്പനിയായ കനേഡിയൻ നാഷണലിനെ സൂചിപ്പിക്കുന്നു.

ഇത് ടൊറന്റോയുടെ ആകാശ രേഖയിലെ ഒരു സിഗ്നേച്ചർ ഐക്കണാണ്. നിരവധി നിരീക്ഷണ ഡെക്കുകൾ ഉള്ള ഇവിടം, പ്രതിവർഷം രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്നുണ്ട്.

സി.എൻ ടവർ നിർമിച്ചത്, കനേഡിയൻ നാഷണൽ റെയിൽവേ കമ്പനിയാണ്. 40 മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാൻഡിംഗ് ഘടനയായി കുറേക്കാലം ഇത് അറിയപ്പെട്ടിരുന്നു.

1995 ൽ അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനീയേർസ്, ആധുനിക ലോകത്തിലെ എഴ് അത്ഭുതങ്ങളിൽ ഒന്നായി,
ഇതിനെ തരം തിരിച്ചിട്ടുണ്ട്.

മുകളിലത്തെ നിലയിലുള്ള കറങ്ങുന്ന 360 റെസ്റ്റോറന്റ്, 72 മിനിട്ട് കൊണ്ട് ഒരു പ്രാവശ്യം കറങ്ങിത്തിരിയുന്നു. 

1820 അടി ഉയരമുള്ള സി എൻ ടവർ, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര ഘടനയാണ്. 2007 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീസ്റ്റാൻഡിംഗ് ഘടനയായും ഇത് അറിയപ്പെട്ടിരുന്നു. 

കാനഡയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഇത് ടൊറൊന്റോയിലെ ടെലികമ്മ്യൂണിക്കേഷൻ സെന്റർ കൂടിയാണ്.

സമയം കഴിഞ്ഞിരുന്നതിനാൽ ടവറിനുള്ളിൽ പ്രവേശിക്കുവാനും അതിനുള്ളിലെ വിസ്മയങ്ങൾ ആസ്വദിക്കാനും ഞങ്ങൾക്കന്ന് സാധിച്ചില്ല. ടവറിനടിയിൽ നിന്നുകൊണ്ട് അത്ഭുതങ്ങളിലൊന്നായ കെട്ടിടത്തിനെ നിരീക്ഷിക്കുകയും അതിനടിയിൽ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

ടൊറൊന്റോയിൽ നിന്നും ഒരു മണിക്കൂർ ദൂരം യാത്ര ചെയ്ത്, അന്ന് സ്‌റ്റേ ചെയ്യാനായി മുറികൾ ബുക്ക് ചെയ്തിരുന്ന ഒഷാവ എന്ന സ്ഥലത്തുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ എത്തി. ചെക്ക് ഇൻ ചെയ്ത്, സാധനങ്ങളെല്ലാം മുറിയിൽ കൊണ്ടു വച്ച ശേഷം  ഭർത്താവും മകനും കൂടി പുറത്ത് പോയി ഡിന്നർ വാങ്ങി വന്നു.

ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള സ്വിമ്മിംഗ് പൂളിലേക്ക് പോയി. ചൂടുള്ളതും വൃത്തിയുള്ളതുമായ വെള്ളത്തിൽ ഇറങ്ങി നിന്നും നടന്നും നീന്തിയുമൊക്കെ ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു.

മുറിയിൽ തിരിച്ചെത്തി, ഫ്രഷായി വന്നതിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. യാത്രാക്ഷീണം കാരണം എല്ലാവരും പെട്ടെന്ന് തന്നെ കിടന്നുറങ്ങി.

(തുടരും)


kingston-canada

ഭാഗം 48

അടുത്ത ദിവസം രാവിലെ എട്ട് മണിയോടുകൂടി എല്ലാവരും റെഡിയായി, ഹോട്ടലിനുള്ളിലെ കാന്റീനിൽ ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോയി. കോണ്ടിനെന്റൽ രീതിയിൽ ഒരുക്കിയിരുന്ന പലതരം വിഭവങ്ങൾ  സമയമെടുത്തുതന്നെ ഞങ്ങൾ   കഴിച്ചു. 

മുറിയിലെത്തി ഒന്നുകൂടി ഫ്രഷായതിന് ശേഷം, പത്ത് മണിയോടുകൂടി മുറികൾ ചെക്ക് ഔട്ട് ചെയ്ത് ഒട്ടാവയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.

ഒന്റാറിയോ പ്രോവിൻസിലെ മറ്റൊരു  ഡിസ്ട്രിക്റ്റായ കിംങ്സ്‌റ്റൺ വഴി പോകാമെന്ന് തീരുമാനിച്ചതിനാൽ രണ്ടര മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെയെത്തി.

കിംങ്സ്റ്റണിലെ  പ്രശസ്തമായ സെന്റ് ലോറൻസ് കോളേജിന് സമീപമുള്ള ഒന്റാറിയോ ലേക്ക് പാർക്കിന്റെ പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്തിട്ട് ഞങ്ങൾ ഇറങ്ങി.

തിങ്കളാഴ്ച ആയതിനാൽ കോളേജ് കാമ്പസ്സിലും പരിസരത്തും വിദ്യാർത്ഥികൾ നടക്കുണ്ടായിരുന്നു. 1969ൽ സ്ഥാപിതമായ അപ്ലൈഡ് ആർട്സ് ആൻഡ് ടെക്നോളജി കോളേജാണിത്.

കിഴക്കൻ ഒന്റാറിയോയിലെ  ബ്രോക്ക് വില്ലെ, കോൺവാൾ എന്നീ സ്ഥലങ്ങളിലും ഇതിന് വെവ്വേറെ കാമ്പസുകളുണ്ട്. ഇന്ത്യ ഉൾപ്പെടെ, മറ്റ് രാജ്യങ്ങളിൽ നിന്നും ധാരാളം കുട്ടികൾ വർഷംതോറും ഇവിടെ വന്ന് പഠിക്കുന്നുണ്ട്.

ശാന്തസുന്ദരമായ കോളേജും പരിസരവും നിരീക്ഷിച്ചതിന് ശേഷം ഞങ്ങൾ ലേക്ക് ഒന്റാറിയോ പാർക്കിലേക്ക് നടന്നു.

ഒന്റാറിയോ തടാകത്തിന്റെ തീരത്ത് 'കാറ്ററാക്വി ബേ'യുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മുൻസിപ്പൽ പാർക്കാണിത്.

കിംങ്സ്റ്റൺ നഗരത്തിലെ ഏറ്റവും വലിയ അർബൻ വാട്ടർ ഫ്രണ്ട് പാർക്കും ആണിത്. പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന പാർക്കിനുളളിലെ വൃത്തിയുളള നടപ്പാതയിലൂടെ ഞങ്ങൾ നദിയുടെ തീരത്തേക്ക് നടന്നു.

ശരിക്കും സുഖപ്രദമായ വിശാലമായ ഒരു തടാകമാണത്. ആഴം കുറഞ്ഞതും മണൽ നിറഞ്ഞതുമായ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന താറാവുകൾക്ക് ഞങ്ങൾതീറ്റ ഇട്ടുകൊടുത്തു. അതി മനോഹരമായ തടാകത്തിലെ കാഴ്ചകൾ കണ്ടുകൊണ്ട് പാർക്കിലൂടെ ഞങ്ങൾ ചുറ്റി നടന്നു.

മൈലുകളോളം നീണ്ടുകിടക്കുന്ന നടപ്പാതയുടെ വശങ്ങളിലുള്ള തണൽ മരങ്ങളുടെ അടിയിൽ ഇരിക്കാനും വിശ്രമിക്കാനും  ബെഞ്ചുകൾ ക്രമീകരിച്ചിരിക്കുന്നു.

കുട്ടികൾക്കായുള്ള കളി സ്ഥലങ്ങളും പാർക്കിലുണ്ട്. രസകരവും ജനപ്രിയവുമായ പാർക്കിലൂടെ ഇളം കാറ്റേറ്റുകൊണ്ട് ഹാർബറിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.

പ്രോവിഡൻസ് കെയർ ഹോസ്പിറ്റലിന്റെ സമീപത്ത് കൂടിയായിരുന്നു ഞങ്ങൾ നടന്നത്.

സ്പഷ്യലൈസ്ഡ് മാനസികാരോഗ്യ സംരക്ഷണം, ഫിസിക്കൽ മെഡിസിൻ, പുനരധിവാസം, പ്രത്യേക വയോജന സേവനങ്ങൾ, സങ്കീർണ്ണമായ തുടർ പരിചരണം, സാന്ത്വന പരിചരണം, ദീർഘകാല പരിചരണം എന്നിവയുടെ തെക്കുകിഴക്കൻ ഒന്റാറിയോയിലെ ഒരു സ്ഥാപനമാണ് പ്രോവിഡൻസ് കെയർ ഹോസ്പിറ്റൽ.

അവിടെ നിന്നും നടന്നെത്തിയത്, കിംഗ്സ്റ്റൻ പെനിറ്റൻഷ്യറിയുടെ സമീപമാണ്. കിംഗ്സ്റ്റണിലെ കിംഗ് സ്ട്രീറ്റ് വെസ്റ്റിനും ഒന്റാറിയോ തടാകത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു മുൻപരമാവധി സുരക്ഷാ ജയിലാണിത്.

2013 ൽ അടച്ചുപൂട്ടുന്ന സമയത്ത്, ലോകത്തിലെ ഏറ്റവും പഴക്കമുളള ജയിലുകളിൽ ഒന്നായിരുന്നു ഇത്.

ആകാശത്ത് നല്ല മഴക്കാറ് കണ്ടതിനാൽ നടത്തത്തിന് വേഗത കൂട്ടിയെങ്കിലും ഹാർബറിന് സമീപം എത്തിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു. സെന്റ് ലോറൻസ് കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ എടുത്തുകൊണ്ടുവരാൻ മകൻ പോയി.

ചരിത്രപ്രസിദ്ധമായ പോർട്സ് മൗത്ത് വില്ലേജിന്റെ ഡൗണ്ടൗൺ ഏരിയായുടെ സമീപമാണ് ഈ ഒളിമ്പിക് ഹാർബർ സ്ഥിതിചെയ്യുന്നത്.

വെള്ളത്തിനൊപ്പം നടപ്പാതകളും വിശ്രമിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്. പോർട്സ് മൗത്ത് ഒളിമ്പിക് ഹാർബറിൽ 250 സ്ലിപ്പ് ഫിംഗർ ഡോക്കുകൾ ഉണ്ട്. അതിൽ പരമാവധി, 100 അടി നീളമുള്ള പവർ ബോട്ടുകളും ഉൾപ്പെടുന്നു.

മഴ നനയാതിരിക്കാൻ ഒരു കടയുടെ സൈഡിൽ കയറി നിന്നു. അല്പസമയത്തിനുള്ളിൽ വണ്ടിയുമെടുത്തുകൊണ്ട് മകൻ എത്തിയതിനാൽ ഞങ്ങളാരും അധികം നനഞ്ഞില്ല.

രണ്ട് മണി കഴിഞ്ഞിരുന്നതിനാൽ എല്ലാവർക്കും നന്നായി വിശന്നു. കിംഗ്‌സ്‌റ്റൺ ടൗണിലൂടെ വണ്ടിയോടിച്ച്, 'മൊണ്ടാന' റെസ്റ്റോറന്റിലേക്ക് പോയി.
മനോഹരമായി അലങ്കരിച്ച മൊണ്ടാനയുടെ 'ബി ബി ക്യൂ ആൻഡ് ബാർ' ഒരു കനേഡിയൻ ഫുഡ് റെസ്റ്റോറന്റ് ആണ്.

രുചികരമായ വെറൈറ്റി ഭക്ഷണം ആസ്വദിച്ച് കഴിച്ചിട്ട് ഞങൾ പുറത്തിറങ്ങി. നാല് മണിയോട് കൂടി അവിടെ നിന്നും യാത്ര തുടർന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ മരുമകൾ റ്റാനിയ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.

ഒട്ടാവടൗൺ ടച്ച് ചെയ്യാതെ, ബൈറൂട്ടിലൂടെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. പാതയ്ക്കിരുവശത്തും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വിളഞ്ഞു പഴുത്ത ചോളപ്പാടങ്ങൾ, സുന്ദരമായ ഒരു കാഴ്ച തന്നെയായിരുന്നു.

അങ്ങനെ മൂന്ന് ദിവസത്തെ നയാഗ്രാ- ടൊറന്റോ യാത്രയ്ക്കിടയിൽ, പ്രശ്നങ്ങളൊന്നും കൂടാതെ സുരക്ഷിതരായി ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി.

(തുടരും)


ഔർ ലേഡി ഓഫ് ലൂർദ് സാങ്ച്വറി, Canada

ഭാഗം 49

സെപ്റ്റംബർ 23-ാം തീയതി ശനിയാഴ്ച പതിനൊന്ന് മണിയോടുകൂടി ക്യൂബക് സ്റ്റേറ്റിലെ, റിഗൗഡ് എന്ന സ്ഥലത്തുള്ള 'ഔർ ലേഡി ഓഫ് ലൂർദ് സാങ്ച്വറി' സന്ദർശിക്കുവാനായി ഞങ്ങൾ പോയി.

കാനഡയിലെ തെക്ക് പടിഞ്ഞാറൻ ക്യൂബെക്കിലുള്ള ഒരു നഗരമാണ് റിഗൗഡ്. 2021 സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ജനസംഖ്യ 7854 ആണ്. ഈ പ്രദേശത്തിന്റെ മൂന്നിലൊന്ന് ഭാഗവും വനമാണ്.

റിഗൗഡ് പർവതത്തിന്റെ അടിവാരത്ത്, പ്രകൃതിയുടെ മനോഹാരിതയ്ക്ക് നടുവിൽ സ്ഥിതിചെയ്യുന്ന, ഒരു തീർത്ഥാടന കേന്ദ്രമാണ് 'ഔവർ ലേഡി ഓഫ് ലൂർദ് സാങ്ച്വറി.'

ആയിരത്തി എണ്ണൂറ്റി അമ്പത്തെട്ടിൽ ഫ്രാൻസിലെ ലൂർദിൽ വെച്ച് ബെർണാഡെ സൗബിറസ് എന്ന പെൺകുട്ടിക്ക്  പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതിന്റെയും മാതാവ് അവർക്ക് നൽകിയ സന്ദേശത്തിന്റേയും വെളിച്ചത്തിൽ, പതിനാറ് വർഷങ്ങൾക്ക് ശേഷം റിഗൗഡ് പർവതത്തിന്റെ ഒരു വശത്തുള്ള പാറയുടെ വിള്ളലിൽ ഒരു ഫ്രഞ്ച് വൈദികൻ തന്റെ ഹൃദയത്തിലുണ്ടായ വെളിപാടിനാൽ ലൂർദ് മാതാവിന്റെ  പ്രതിമ സ്ഥാപിക്കുകയും നിരന്തരം അവിടെ പ്രാർത്ഥിക്കുകയും ചെയ്ത് പോന്നു.

അധികം താമസിയാതെ അനേകം പേർ അദ്ദേഹത്തെ അനുഗമിക്കുകയും മരിയൻ ഭക്തി നിറഞ്ഞുനിൽക്കുന്ന ചാപ്പലും പരിസരവും ആദ്യത്തെ തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു. 

പ്രതിസന്ധികളെ തുടർന്ന് കുറെക്കാലം അടച്ചിട്ടിരുന്ന ഈ സങ്കേതം അടുത്ത കാലത്താണ് വീണ്ടും തുറന്നത്. അന്ധകാരത്തെ അകറ്റുന്ന ഒരു ദീപനാളമായിട്ടാണ് ഈ സാങ്ച്വറി അറിയപ്പെട്ടിരുന്നത്. 

സന്ദർശകർക്ക് ദൃഢമായ പ്രതീക്ഷയും ഉറപ്പും സമാധാനവും ലഭിക്കുന്ന ഒരിടമാണിത്. കൃപയുടെ ഒഴുക്കിൽ വളരെയേറെ അത്ഭുതകാര്യങ്ങൾ നടക്കുന്നതിനാൽ തീർത്ഥാടകരുടെ എണ്ണവും ഗണ്യമായ തോതിൽ വർധിച്ചു വന്നു. 

ദൈവമാതാവിന്റെ സ്നേഹത്തിന് കീഴിൽ ആശ്രയം തേടുന്ന അനേകായിരം ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണിവിടെ. 

ആശ്രമത്തിന്റെ മൈതാന ത്തിൽ പലയിടത്തായി മാതാവിന്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഫലസിദ്ധി ലഭിക്കുമെന്ന ഉറപ്പോടെ ആളുകൾ
അതിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ചു വച്ച് പ്രാർത്ഥിക്കുന്നു. 

പാതയുടെ ഒരു വശത്ത് കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളും  നമ്പരിട്ട് അടയാളപ്പെടുത്തി ക്രമീകരിച്ചിരിക്കുന്നു.

ഫാൾസ് സീസണായിരുന്നതിനാൽ വർണങ്ങൾ വാരിവിതറി പ്രകൃതിയും ചമഞ്ഞൊരുങ്ങി.  ശാന്തസുന്ദരമായ വന പശ്ചാത്തലത്തിൽ തലയെടുപ്പോടെ പലയിടങ്ങളിലായി ഉയർന്നു നിൽക്കുന്ന ലൂർദ് മാതാവിന്റെയും യേശു നാഥന്റേയും ഉൾപ്പെടെ നിരവധി പ്രതിമകളും കുരിശുകളും കെട്ടിടങ്ങളും ചാപ്പലുകളും എല്ലാം വളരെയധികം ആകർഷണീയമായ അനുഭവങ്ങൾ തന്നെയായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ യുക്രൈൻ ഭാഷയിലുള്ള വിശുദ്ധ കുർബാന ചാപ്പലിൽ നടക്കുകയായിരുന്നു. പുരോഹിതന്മാരുടേയും കന്യാസ്ത്രീകളുടേയും 
കാർമികത്വത്തിൽ നടന്ന ഭക്തിസാന്ദ്രമായ ആരാധനയിൽ നിരവധി ആളുകളോടൊപ്പം ഞങ്ങളും പങ്ക് ചേർന്നു...

ജപമാലകൾ, മെഡലുകൾ, കുരിശുകൾ, മതപരമായ ചിത്രങ്ങൾ, ഐക്കണുകൾ, മതപരവും ആത്മീകവുമായ പുസ്തകങ്ങൾ തുടങ്ങി ധാരാളം സമ്മാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു കടയും അവിടെ പ്രവർത്തിക്കുന്നുണ്ട്.

അപൂർവ്വ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന തീർത്ഥാടന കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങി, സമീപത്ത് തന്നെയുള്ള 'റിഗൗഡ് മോണ്ടി'ലേക്കായിരുന്നു പിന്നെ ഞങ്ങൾ പോയത്.

പാർക്കിംഗ് സെവൻ ഏരിയായിൽ വണ്ടി പാർക്ക് ചെയ്തിട്ട് ഒരു മൈൽ ദൂരം കാൽനടയായി മല കയറുവാൻ ഞങ്ങൾ തീരുമാനിച്ചു. 

വനത്തിനുള്ളിലെ ഒറ്റയടിപ്പാത യിലൂടെ കുത്തനെയുള്ള കുന്നുകളും ചെരിവുകളും കയറിയിറങ്ങി. പാറകൾ നിറഞ്ഞ ഒരുയർന്ന സ്ഥലത്ത് പാതകൾ അവസാനിച്ചപ്പോൾ പ്രദേശത്തിന്റെ മനോഹരവും വ്യക്തവുമായ പനോരമിക് കാഴ്ചകളിൽ കണ്ണും മനസ്സും നിറഞ്ഞു. 

തിരികെ നടക്കുമ്പോൾ നിരവധി ആളുകൾ തങ്ങളുടെ കുടുംബത്തോടൊപ്പവും വളർത്തുനായ്ക്കളോടൊപ്പവും മറ്റും കൊടുമുടിയെ ലക്ഷ്യമാക്കി മലകയറുന്നുണ്ടായിരുന്നു.

തിരികെ നടന്ന് വണ്ടിയുടെ സമീപം എത്തിയപ്പോഴേക്കും എല്ലാവരും തളർന്നിരുന്നു. കാറിൽ കരുതിയിരുന്ന ജ്യൂസും സ്നാക്സുമൊക്കെ കഴിച്ച്, വീട്ടിലേക്ക് തിരിച്ചു. ഒന്നരമണിക്കൂർ യാത്രയുടെ ഒടുവിൽ, ആറ് മണിയൊടെ ഞങ്ങൾ വീട്ടിലെത്തിച്ചേർന്നു.

(തുടരും)


Ottawa

ഭാഗം 50

ഒട്ടാവയുടെ ഡൗൺടൗണിൽ നിന്നും അരമണിക്കൂർ ദൂരം ഡ്രൈവ് ചെയ്ത് ചരിത്ര പ്രധാനമായ കംബർലാൻഡ് ഹെറിറ്റേജ് വില്ലേജ് മ്യൂസിയത്തിൽ എത്തി. ഒട്ടാവാനഗരത്തിലെ കംബർലാൻഡ് വാർഡിലെ, നദിക്കരയിലുള്ള ഒരു സംയോജിത ഗ്രാമമാണ് കംബർ ലാൻഡ്. ചരിത്രപ്രസിദ്ധമായ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്.

ഡസൻ കണക്കിന് പൈതൃക  കെട്ടിടങ്ങളും യഥാർത്ഥ കാലഘട്ടത്തിലെ പുനർ നിർമാണങ്ങളും ഉൾക്കൊള്ളുന്ന ഇവിടം അവിസ്മരണീയമായ നിമിഷങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം ആഴത്തിലുളളതും വിദ്യാഭ്യാസപരവുമായ ഒരനുഭവം കൂടിയാണ്. 

സാധാരണയായി പ്രവേശനഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഞങ്ങൾ പോയ ദിവസം ഏതോ പ്രത്യേക കാരണത്താൽ, സൗജന്യമായി അകത്ത് കടക്കാനുള്ള അനുമതി ലഭിക്കുകയുണ്ടായി.

സമ്പന്നരും ദരിദ്രരും ശക്തരും കലാപകാരികളും നീതിമാൻമാരും തീവ്രവാദികളും തുടങ്ങി കംബർലാൻഡിലെ ജനങ്ങളുടെ കഥ പറഞ്ഞു തരുന്ന ഒരിടമാണിവിടം.

കംബർലാൻഡിനെ ഇന്നത്തെ നിലയിലേക്ക് രൂപപ്പെടുത്താൻ സഹായിച്ച ആളുകളുടെ സ്മരണ നിലനിർത്താൻ ഈ മ്യൂസിയം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല ജീവിതത്തിലെ ഒരു ജനറൽ സ്റ്റോർ മുതൽ ഒരു ട്രെയിൻ സ്റ്റേഷന്റെ ഘടനവരെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Cumberland museum, Ottawa

1981 ൽ തുറന്ന കംബർലാൻഡ് മ്യൂസിയത്തിൽ കമ്മ്യൂണിറ്റിയുടെ വിപുലമായ ആർക്കൈവുകളും പുരാവസ്തുക്കളും ഉൾപ്പെടുന്ന 40 ലധികം പ്രദർശനങ്ങൾ ഇവിടെയുണ്ട്. 

പുരാതനമായ ദേവാലയത്തിന്റെ മാതൃക മുതൽ വിവിധ സംവിധാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിരവധി മനോഹരങ്ങളായ കൊച്ചു കൊച്ചു കെട്ടിടങ്ങൾ വരെ അവിടവിടെയായി നിലകൊള്ളുന്നു. പഴയ കിണറും പശുത്തൊഴുത്തും ഫാമും ഫാക്ടറികളും വർക്ക് ഷോപ്പും തുടങ്ങി ഗ്രാമത്തിലെ ജീവിതരീതികൾ എല്ലാം തന്നെ അവിടെ അനാവരണം ചെയ്തിരിക്കുന്നു.

ഏക്കറുകളോളം പരന്നു കിടക്കുന്ന ഭൂമിയിൽ ധാരാളം മരങ്ങളും പുൽത്തകിടികളും നട്ടുപിടിപ്പിച്ചിരിക്കുന്നു. ഫാൾസ് സീസൺ ആയതിനാൽ നിറക്കൂട്ടുകളിൽ ചാലിച്ചെടുത്ത പ്രകൃതിയുടെ സുന്ദരമായ ദൃശ്യങ്ങൾ മനസ്സിനെ കോൾമയിർ കൊള്ളിച്ചു. 

Cumberland museum

മരങ്ങളുടെ ഇടയിലൂടെയുള്ള നടപ്പാതകളിലൂടെ നടന്ന് ഓരോ കെട്ടിടത്തിലും കയറിയിറങ്ങി. ചെറിയ ട്രാം പോലെയുള്ള വണ്ടിയിൽ കയറി ഒരു കി.മീറ്റർ അകലെയായി ക്രമീകരിച്ചിരിക്കുന്ന പഴയ കാലത്തെ റെയിൽവേ സ്റ്റേഷന്റെ മാതൃകയിൽ ഓടുന്ന  തീവണ്ടിയുടെ ചെറിയ ഘടനയിൽ കയറി.  ചെറിയ പാളത്തിലൂടെ രണ്ട് വട്ടം കറങ്ങി തിരിച്ചു വന്നത് വളരെ രസകരമായി തോന്നി. ഹെറിറ്റേജ് വില്ലേജിന്റെ മുൻവശത്തുള്ള ആപ്പിൾ മരങ്ങളിൽ ചുവപ്പു നിറത്തിലുള്ള ആപ്പിളുകൾ വിളഞ്ഞ് പഴുത്ത് കിടക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. 

കയ്യെത്തി പറിച്ച ആപ്പിളുകൾ അവിടെ വെച്ചുതന്നെ ഞങ്ങൾ കഴിക്കുകയും ചെയ്തു. ഏകദേശം രണ്ടര മണിക്കൂറോളം അവിടെ ചിലവഴിച്ചതിന് ശേഷം പുറത്തിറങ്ങി പാർക്കിംഗ് ഏരിയായിലേക്ക് ഞങ്ങൾ നടന്നു.

 മടക്കയാത്രയിൽ കൊച്ചുമകളുടെ പ്രിയ ഭക്ഷണമായ പിസ്സയും വാങ്ങി, ഞങ്ങൾ വീട്ടിലെത്തി.

(തുടരും)


ഭാഗം 51

സെപ്റ്റംബർ മുപ്പതാം തീയതി, ഞങ്ങളുടെ ഒരു കുടുംബ  സുഹൃത്തിന്റെ ക്ഷണപ്രകാരം അവരുടെ വീട്ടിൽ നിന്നും ലഞ്ച്കഴിഞ്ഞ്, നാല് മണിയോടുകൂടി അവിടെ നിന്നും ഇറങ്ങി, രണ്ട് കി.മീറ്റർ അകലെയുള്ള ഹോഗ്സ് ബാക്ക് ഡാമും അതിനോട് ചേർന്നുളള പാർക്കും സന്ദർശിക്കുവാനായി പോയി.

റൈഡോ നദിയും റൈഡോ കനാലും ചേരുന്ന മനോഹരമായ ഒരു  വെള്ളച്ചാട്ടം ഇവിടെയുണ്ട്. ഒട്ടാവയിൽ പ്രവേശിക്കുന്നതിന് മുൻപ് റൈഡോ കനാലും റൈഡോ നദിയും വേർപിരിയുന്നിടത്താണ് 'പ്രിൻസ് ഓഫ് വെയിൽസ് വെള്ളച്ചാട്ടം' എന്നും അറിയപ്പെടുന്ന ഹോഗ്സ് ബാക്ക് ഫാൾസ് ഉള്ളത്. 

പത്തൊൻപതാം നൂറ്റാണ്ടിൽ റൈഡോ കനാലിന്റെ നിർമാണവേളയിലാണ്, ഇവ സൃഷ്ടിക്കപ്പെട്ടത്. കനാലിന്റെ നിർമാണത്തിനായുളള തന്റെ പദ്ധതിയിൽ, കേണൽ ജോൺ ബൈ, ഈ സ്ഥലത്ത് ഒരു അണക്കെട്ട് നിർമ്മിച്ച്, റൈഡോനദിയുടെ നിരപ്പ് ഉയർത്താനും ഒട്ടാവാ നഗരമധ്യത്തിലൂടെ പോകുന്ന കനാലിന്റെ പുതിയ കൃത്രിമ ഭാഗത്തേക്ക് വെളളം തിരിച്ചു വിടാനും ആഗഹിച്ചു. 

അണക്കെട്ടിന്റെ മറുവശത്ത് പുതിയ ഹോഗ്സ് ബാക്ക് വെള്ളച്ചാട്ടത്തിന് വഴിയൊരുക്കുകയും നദിയിലേക്ക് സ്വാഭാവികമായി വെളളം ഒഴുകാൻ അനുവദിക്കുകയും ചെയ്തു.

നദിക്കും റൈഡോ കനാലിനും ഇടയിലുള്ള ദ്വീപ് ഉൾപ്പെടെ വിവിധ കോണുകളിൽ നിന്നു കൊണ്ട് വെള്ളച്ചാട്ടം കാണുവാൻ ഞങ്ങൾക്ക് സാധിച്ചു. നദിയ്ക്ക് കുറുകേയുള്ള നടപ്പാലത്തിൽ നിന്നുകൊണ്ട് താഴേക്ക് നോക്കിയാൽ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാവുന്നതാണ്. നടപ്പാതയിലൂടെ നടന്ന്, ആകർഷകമായ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കേട്ടുകൊണ്ട്, കുറേ നേരം നിന്നു. 60 അടി മുകളിൽ 
നിന്നും അതിശക്തമായി കുതിച്ചൊഴുകുന്ന വെള്ളം, താഴെയുള്ള പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറിയൊഴുകുന്നത് കാണാൻ നല്ല രസമായിരുന്നു. 

ഭംഗിയുള്ള മരങ്ങളാൽ സമ്പുഷ്ടമായ വന പശ്ചാത്തലത്തിൽ വർണാഭ ചൂടി നിൽക്കുന്ന മരച്ചില്ലകൾ എത്ര നേരം നോക്കിനിന്നാലും മതിയാവില്ല. 

മരങ്ങൾക്കിടയിലുള്ള വൃത്തിയുള്ള നടപ്പാതയിലൂടെ നടന്ന് പുൽത്തകിടികളാൽ ചുറ്റപ്പെട്ട വിശാലമായ ഒരു പാർക്കിൽ ഞങ്ങൾ എത്തി. കുടുംബസമേതം വന്ന് സമയം ചിലവഴിക്കാനും പിക്നിക്കിനും മറ്റും സൗകര്യപ്രദമായ ഒരു പാർക്കാണിത്.

കുറച്ചു സമയം അവിടിരുന്ന് പ്രകൃതിഭംഗികൾ ആസ്വദിച്ചതിന് ശേഷം അവിടെ നിന്നും ഞങ്ങൾ മടങ്ങി. 

അന്ന് തന്നെ മറ്റൊരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചിട്ടിട്ടുണ്ടായിരുന്ന തിനാൽ, പാർക്കിൽ നിന്നും നേരേ അവിടേക്കാണ് പിന്നെ ഞങ്ങൾ പോയത്. രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് വളരെ വൈകിയാണ് അന്ന് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയത്. 

ഇതിനിടയിൽ എവിടെയോവച്ച് എങ്ങനെയോ എന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് എന്നെ വളരെയേറെ സങ്കടപ്പെടുത്തി.

തിങ്കളാഴ്ച മകന് അവധിയായിരുന്നതിനാൽ പത്ത് മണിയോടുകൂടി ഞങ്ങൾ, കാനഡ എക്സ്പിരിമെന്റൽ ഫാം ആൻഡ് ഓർണമെന്റൽ ഗാർഡൻ സന്ദർശിക്കുവാനായി പോയി.

ഒന്റാറിയോയിലെ ഒട്ടാവയിലാണ് സെൻട്രൽ എക്സ്പിരിമെന്റൽ ഫാം സ്ഥിതി ചെയ്യുന്നത്. ഇത് 1886 ൽ ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ കേന്ദ്ര ഗവേഷണ സെന്ററായി സ്ഥാപിതമായതാണ്.  കാനഡയിലെ ഒരു ദേശീയ ചരിത്രസ്ഥലമായ ഇവിടം അഗ്രിക്കൾച്ചർ ആന്റ് 
അഗ്രിഫുഡ് കാനഡയുടെ ആസ്ഥാനവുമാണ്. 

ഓട്ടാവ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിനായുള്ള ലബോറട്ടറികളും ഗവേഷണ പ്ലോട്ടുകളും ഇവിടെയുണ്ട്. ഫാമും അതിലെ ആകർഷണങ്ങളും വർഷം മുഴുവൻ പൊതുജങ്ങൾക്കായി തുറന്നിരിക്കുന്നു.

അർബോറേറ്റം, അലങ്കാരപൂന്തോട്ടങ്ങൾ, ഹരിതഗൃഹം, ചരിത്രപരമായ കെട്ടിടങ്ങൾ, വൈൽഡ് ലൈഫ് ഗാർഡൻ, ഗവേഷണ മേഖലകൾ, കാനഡ അഗ്രികൾച്ചർ ആൻഡ് ഫുഡ് മ്യൂസിയം തുടങ്ങി നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്.

പ്രിൻസ് ഓഫ് വെയിൽസ് ഡ്രൈവിനും റൈഡോ കനാലിനും ഇടയിൽ ഏകദേശം 26 ഹെക്ടർ റോളിംഗ് ഭൂമിയാണ്, 
അർബോറേറ്റം ഉൾക്കൊള്ളുന്നത്. 

ഈർപ്പമുള്ള വിവിധ തരം മണ്ണ് ഇവിടുത്തെ പ്രത്യേകതയാണ്. ധാരാളം മരങ്ങളും കുറ്റിച്ചെടികളും ഇവിടെ വച്ചുപിടിപ്പിട്ടുണ്ട്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ എല്ലാ ദിവസവും സൗജന്യമായി ഇവിടം തുറന്നിരിക്കുന്നു. നിരവധി വ്യത്യസ്തതകൾ പുലർത്തുന്ന അലങ്കാര ഉദ്യാനങ്ങൾ
(ornamental garden) 1880 ലാണ് തുറന്നത്.  ഏകദേശം 3.2 ഹെക്ടർ വിസ്തൃതിയുള്ള ഊ പൂന്തോട്ടം, വിവാഹ പാർട്ടികൾക്കും ഫോട്ടോ ഗാഫർമാർക്കും പ്രിയപ്പെട്ട ഒരു സ്ഥലമാണ്. വറ്റാത്ത ജലശേഖരം, പാറക്കെട്ടുകൾ, റോസ് ഗാർഡൻ, വാർഷിക പുന്തോട്ടം,മകൗൺ മെമ്മോറിയൽ ഗാർഡൻ, തുടങ്ങി വിവിധയിനം ശേഖരങ്ങൾ ഉൾക്കൊള്ളുന്ന അനവധി ഉദ്യാനങ്ങളും ഇവിടെയുണ്ട്.

നൂറ് തരം ഐറിസിസ്, ഒട്ടാവ ഗവേഷകയായ ഇസബെല്ല പ്രെസ്റ്റൺ വികസിപ്പിച്ച പ്രെസ്റ്റൺ ലിലാക്കുകൾ ഉൾപ്പെടെ 125 വ്യത്യസ്ത 
ലിലാക്ക് ഇനങ്ങൾ ഇവിടെയുണ്ട്. 65 വ്യത്യസ്ത സസ്യ ഇനങ്ങളും പഴയ ഹെഡ്ജ് ശേഖരത്തിൽ ഉണ്ട്. പലയിനത്തിലുള്ള മനോഹരമായ റോസാപ്പൂക്കൾ ശൈത്യകാല കാഠിന്യത്തിന് പേര് കേട്ടതാണ്. സൗജന്യമായി തുറന്നിരിക്കുന്ന ഈ പൂന്തോട്ടങ്ങളുടെ ഇടയിലൂടെ  ഓരോ പൂവിന്റേയും സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ നടന്നു.

മറ്റ് ആകർഷണങ്ങളായ ഉഷ്ണമേഖലാ ഹരിതഗൃഹവും ഗവേഷണ മേഖലകളും മറ്റും അടച്ചിട്ടിരുന്നതിനാൽ നിർഭാഗ്യവശാൽ അവിടം  സന്ദർശിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

കണ്ണും മനസ്സും നിറയ്ക്കുന്ന മനോഹരമായ കാഴ്ചകൾക്ക് ശേഷം സാമാന്യം നല്ലൊരു റെസ്റ്റോറന്റിൽ കയറി ലഞ്ച് കഴിച്ചതിന് ശേഷം ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

ശനിയാഴ്ച വൈകുന്നേരം, ചില സുഹൃത്തുക്കളോടൊപ്പം ഒട്ടാവ സിനി പ്ലക്സിൽ, മമ്മൂട്ടി നായകനായ 'കണ്ണൂർ സ്ക്വാർഡ്' എന്ന സിനിമ കാണുവാനായി ഞങ്ങൾ പോയി.

(തുടരും)


Canada Trip

ഒക്ടോബർ എട്ടാം തീയതി ഒന്റാറിയോ പ്രോവിൻസിലെ കോൺവാൾ എന്ന സ്ഥലത്തേയ്ക്ക് ഞങ്ങൾ യാത്ര തിരിച്ചു. ഭർത്താവിന്റെ ഒരു സഹോദരിയുടെ മകൻ ഷിബുവും കുടുംബവും അവിടെയാണ് താമസിക്കുന്നത്. പത്ത് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ഞങ്ങൾ രണ്ടര മണിക്കൂർ ദൂരം യാത്ര ചെയ്ത് പന്ത്രണ്ടര മണിയോട് കൂടി അവിടെയെത്തി.

കാനഡയിലെ കിഴക്കൻ ഒന്റാറിയോയിലെ ഒരു നഗരമാണ് കോൺവാൾ. ഒന്റാറിയോ, ക്യൂബക് പ്രവശ്യകളും ന്യൂയോർക്ക് സംസ്ഥാനവും സംഗമിക്കുന്നിടത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

സെന്റ് ലോറൻസ് നദിക്ക് കുറുകേയുളള ഈ നഗരം സെന്റ് ലോറൻസ് സീവേ മാനേജ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനമാണ്. തലസ്ഥാന നഗരമായ ഒട്ടാവയ്ക്കും കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ മോൺട്രിയലിനും ഇടയിലാണ് കോൺവാൾ നഗരം സ്ഥിതി ചെയ്യുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് കാനഡയിലേക്കുള്ള പ്രവേശനത്തിന്റെ ഒരു പ്രധാന തുറമുഖമാണിത്.

കോൺവാളിന്റെ പടിഞ്ഞാറ്, സെന്റ് ലോറൻസ് നദിക്കരയിൽ 'നഷ്ടപ്പെട്ട ഗ്രാമങ്ങൾ' എന്നറിയപ്പെടുന്ന നിരവധി ചെറിയ കമ്മ്യൂണിറ്റികൾ ഉണ്ടായിരുന്നു.1958 ൽ സെന്റ് ലോറൻസ് സീവേയുടെ നിർമാണ വേളയിൽ അവയെല്ലാം വെള്ളത്തിനടിയിലായി. സെന്റ് ലോറൻസ് നദിയുടെ വടക്കേകരയിലാണ് കോൺവാൾ നഗരം സ്ഥിതിചെയ്യുന്നത്. ഏകദേശം 48000 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. പരമ്പരാഗതമായി മോൺട്രിയൽ ഏരിയയിൽ നിന്ന് കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്കുള്ള ഒരു ഗേറ്റ് വേയാണ് ഈ നഗരം.

ലഞ്ച് കഴിഞ്ഞ് എല്ലാവരും കൂടി, രണ്ട് കാറുകളിലായി കാനഡയും ന്യൂയോർക്കും അതിർത്തികൾ പങ്കിടുന്ന സെന്റ് ലോറൻസ് നദിയുടെ സമീപമുള്ള ഒരു പാർക്കിലേക്ക് പോയി.

പതിവിന് വിപരീതമായി നല്ല കാറ്റും തണുപ്പും ഉണ്ടായിരുന്നതിനാൽ അധിക സമയം പുറത്ത് നിൽക്കാൻ സാധ്യമായിരുന്നില്ല.

നദീതീരത്ത് നിന്നുകൊണ്ട് അക്കരെയുള്ള ന്യൂയോർക്ക് സ്റ്റേറ്റിന്റെ ചില ഭാഗങ്ങളും കാനഡയേയും അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റ്സിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ പാലവും നോക്കിക്കണ്ടു.

കുറച്ചു സമയം അവിടെ ചിലവഴിച്ചിട്ട്, ഷിബുവിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.


എല്ലാവർഷവും ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ച നടക്കുന്ന ഒരു വാർഷിക കനേഡിയൻ അവധിയാണ് താങ്ക്സ് ഗിവിംങ് ഡേ എന്നത്.. രാജ്യത്തിന് പുറത്ത് അതേപേരിലുള്ള അമേരിക്ക അവധി ദിനങ്ങളിൽ നിന്നും മറ്റ് പ്രദേശങ്ങളിലെ അനുബന്ധ ആഘോഷങ്ങളിൽ നിന്നും വേർതിരിച്ചറിയാൻ ഇതിനെ കനേഡിയൻ താങ്ക്സ് ഗിവിംഗ് എന്ന് വിളിക്കുന്നു.

സമൃദ്ധമായ വിളവെടുപ്പ് കൊണ്ട് കാനഡയെ അനുഗ്രഹിച്ച സർവ്വശക്തനായ ദൈവത്തിന് പൊതുവായി നന്ദി പറയുന്ന ഒരു ദിവസമായി ഇത് ആചരിക്കപ്പെടുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മറ്റുമായി ഒത്തുചേരുന്ന വേളയിൽ, പരമ്പരാഗതമായി വിളമ്പുന്ന ഭക്ഷണങ്ങളിൽ വറുത്ത ടർക്കി, റോസ്റ്റ് ബീഫ്, ഹാം, സ്‌റ്റഫിംഗ്, സ്വീറ്റ് കോൺ, പച്ചക്കറികൾ, സാൽമൺ, മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു...

കാനഡയിലെ വിളവെടുപ്പു ത്സവമായ അന്ന്, രുചികരമായ ഭക്ഷണങ്ങളാക്കെ ഒരുക്കി ഞങ്ങളും ആ ദിവസം ആഘോഷിച്ചു. അടുത്ത ദിവസം ഒക്ടോബർ പത്താം തിയതി മകന്റെ ജന്മദിനം ആയിരുന്നു. കേക്ക് മുറിച്ച് ആഘോഷിച്ചതിന് ശേഷം പുറത്ത് പോയി ഞങ്ങൾ ഭക്ഷണം കഴിച്ചു.

പതിനാലാം തീയതി ക്യുബെക് പ്രോവിൻസിലുള്ള ഗാറ്റിനോ പാർക്കിൽ വച്ച് നടന്ന പള്ളിയുടെ പിക്നികിൽ പങ്കെടുക്കുവാൻ ഞങ്ങളും പോയി. കാനഡയുടെ ദേശീയ തലസ്ഥാന മേഖലയുടെ സംരക്ഷണ പാർക്കാണ് ഗാറ്റിനോപാർക്ക്. 361 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ളതും ഹരിതസമ്പന്നവും അതുല്യമായ ജൈവ വൈവിധ്യവുമുള്ള ഒരു സ്ഥലമാണിത്. കാനഡയിൽ ഏറ്റവും അധികം ആളുകൾ
സന്ദർശിക്കുന്ന രണ്ടാമത്തെ പാർക്കാണിത്. കൂടാതെ പരിസ്ഥിതിയെ ബഹുമാനിക്കുന്ന വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യമുള്ളവർക്ക് ഇവിടം അനുയോജ്യമാണ്. ഗാറ്റിനോപാർക്കിന്റെ വിശാലമായ പ്രദേശം നിരവധി സെക്ടറുകളായി തിരിച്ചിരിക്കുന്നു. നിരവധി എൻട്രി പോയിൻറുകളുള്ള ഈ പാർക്ക് ചരിത്ര പ്രധാനമായ ഒന്നാണ്. ഫാൾസ് സീസൺ ആയതിനാൽ വിവിധ നിറങ്ങളിൽ പഴുത്തു നിൽക്കുന്ന ഇലകൾ ആകർഷണീയവും മനോഹരവുമാണ്. സമീപത്തുള്ള നദിയും മീച്ച് തടാകവും പരിസര പ്രദേശങ്ങളും മറ്റും അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കുടുംബാംഗങ്ങൾ പാകം ചെ യ്ത് കൊണ്ടു വന്ന ഭക്ഷണം, സ്നേഹപൂർവം എല്ലാവരും പങ്കിട്ട് കഴിച്ചു. കുശലാന്വേഷണങ്ങളും സ്നേഹ സംഭാഷണങ്ങളും കളിയും ചിരിയുമൊക്കെയായി നല്ലൊരു ദിവസം കൂടി കടന്നുപോയി. 

(തുടരും)


Cable car

ഭാഗം 53

Mont Tremplant, Qubeac, Canada 

കാനഡയിലെ ക്യൂബക്ക് പ്രോവിൻസിലുള്ള mont tremplant സന്ദർശിക്കുവാനായി Oct 15  ഞയറാഴ്ച രാവിലെ, 8.30 മണിക്ക് ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. ഫാൾസ് സീസൺ ആയിരുന്നതിനാൽ പാതക്കിരുവശത്തുമുള്ള നയനമനോഹരമായ നിറഭംഗികൾ, രണ്ടര മണിക്കൂർ യാത്രയിലുടനീളം ഞങ്ങളെ വളരെയേറെ ആകർഷിച്ചു.

റോക്ക്ലൻഡിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ, ഒന്റാരിയോയിലെ കിഴക്കൻ അതിർത്തിയേയും ക്യുബക്കിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന Galipeau എന്ന പ്രദേശത്തുള്ള ക്ലാരൻസ് നദി കടന്ന് വേണമായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്.

നദിയിലൂടെ സഞ്ചരിക്കുന്ന ഒരു കടത്തുവള്ളത്തിൽ യാത്രനിരക്കുകൾ ഈടാക്കിയതിന് ശേഷം, വണ്ടികൾ കയറ്റി, അര മൈലോളം നദിക്ക് മുകളിലൂടെ സഞ്ചരിച്ച് ഞങ്ങൾ അക്കരെയെത്തി.

ഒരേ സമയം എട്ട് കാറുകൾ വരെ കയറ്റാവുന്ന ഈ ചങ്ങാടത്തിലെ അസാധാരണമായ യാത്ര കൗതുകം ജനിപ്പിക്കുന്നതായിരുന്നു.

ക്യൂബക്കിലെ ലോറൻഷ്യൻ പർവതനിരകളിലെ ഒരു നഗരമാണ് Mont Tremplant. ക്യൂബക്കിന്റെ തലസ്ഥാനമായ മോൺട്രിയലിൽ നിന്ന് ഏകദേശം 130 കി.മീ വടക്ക് പടിഞ്ഞാറാണ് ഇത് സ്ഥിതി ചെയ്യുന്നത്. മോണ്ട് ട്രെംബ്ലാന്റ് പർവ്വത നിരകളെ 'വിറയ്ക്കുന്ന പർവ്വതം' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

പതിനൊന്ന് മണിയോടെ അവിടെ എത്തിയ ഞങ്ങൾ, പരമാവധി മൂന്ന് പേർക്ക് മാത്രം കയറാൻ പറ്റുന്ന രണ്ട് കേബിൾ കാറുകളിൽ കയറി മുകളിലെത്തി.

Tremplant പർവതത്തിന്റെ കൊടുമുടിയിലേക്ക് കയറാനുള്ള ടിക്കറ്റെടുത്തതിന് ശേഷം പനോരമിക് ഗൊണ്ടോളയുടെ താഴത്തെ ടെർമിനലിലെ നീണ്ട നിരയിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. 

ആറ്പേർക്ക് അഭിമുഖമായി ഇരിക്കാവുന്ന കേബിൾ കാറിൽ കയറി, ഭൂനിരപ്പിൽ നിന്നും 875 മീറ്റർ ഉയരത്തിലേക്കുള്ള അതിസാഹസികമായ യാത്ര, ശ്വാസം നിന്നുപോകുന ഒരനുഭവമാണ് ഞങ്ങൾക്ക് പ്രദാനം ചെയ്തത്.

പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങളിൽ കണ്ണോടിച്ചുകൊണ്ട് പത്ത് മിനിട്ടിൽ കൂടുതൽ സമയം നീണ്ടുനിൽക്കുന്ന വിസ്മനീയമായ യാത്ര, ഭയത്തോട് കൂടി മാത്രമേ ആസ്വദിക്കാൻ കഴിഞ്ഞിരുന്നുള്ളൂ...

ആളുകളേയും കയറ്റി തിരികെപ്പോകുന്ന കേബിൾ കാറുകളുടെ, സമാന്തര കാഴ്ചകളും പുതുമ നിറഞ്ഞ തായിരുന്നു. 

ലോറൻഷ്യസ് പർവത നിരകളുടെ ചുറ്റുമുള്ള മഞ്ഞണിഞ്ഞ താഴ് വരകളിലെ അതിമനോഹരമായ ദൃശ്യങ്ങൾ എന്നെ പുളകം കൊള്ളിച്ചു.

നിരവധി ഹൈക്കിംഗ് പാതകളുടേയും നിറക്കൂട്ടണിഞ്ഞു നിൽക്കുന്ന മാമരങ്ങളുടേയും സുന്ദരമായ നേർക്കാഴ്ചകൾ ഹൃദ്യമായ അനുഭവം പകർന്നുതന്നു.

കുത്തനെയുള്ള മലകൾ കയറിയിറങ്ങുന്ന സാഹസികരായ സഞ്ചാരികളുടെ നിശ്ചയദാർഢ്യം ഞങ്ങളെ അത്ഭുതപ്പെടുത്തി.

മുകളിലത്തെ ടെർമിനലിൽ എത്തിച്ചേർന്ന കേബിൾ കാറിൽ നിന്നും പുറത്തിറങ്ങി, അത്ഭുതം കൂറുന്ന മിഴികളോടെ, പർവതത്തിന്റെ കൊടുമുടിയിൽ ചവിട്ടി നിന്നു.

പരിസരമാകെ മഞ്ഞ് മൂടിക്കിടന്നിരുന്നതിനാൽ ദൂരക്കാഴ്ചകൾ അവ്യക്തമായിരുന്നു. 6 ഡിഗ്രി ഊഷ്മാവിൽ എല്ലാവരും തണുത്തു വിറച്ചു.

360 ഡിഗ്രി നിരീക്ഷണ ടവറിന് സമീപം നിന്നുകൊണ്ട് നാലുദിക്കുകളിലേയും മഞ്ഞ് പെയ്യുന്ന മലനിരകൾ  നോക്കിക്കണ്ടു.

എല്ലാ സൗകര്യങ്ങളുമുള്ള അവിടുത്തെ റെസ്റ്റോറന്റിൽ നിന്നും ലഞ്ച് കഴിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും മടങ്ങി. വീണ്ടും കേബിൾ കാറിൽ കയറി പ്രകൃതിയുടെ സൗന്ദര്യം ഒപ്പിയെടുത്തുകൊണ്ട് മടക്കയാത്രയിലെ നിമിഷങ്ങളും ധന്യമാക്കി.

ഗണ്ടോളയിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം എല്ലായിടവും ചുറ്റി നടന്നു കണ്ടു. പല ഭാഗങ്ങളിലായി നിലകൊള്ളുന്ന ഹോട്ടൽ സമുച്ചയങ്ങളുടെ ആകർഷണീയമായ കെട്ടിടങ്ങൾ കണ്ണെടുക്കാതെ നോക്കിനിന്നു. 

സന്ദർശകരെ കൊണ്ട് തിങ്ങിനിറഞ്ഞ പരിസരങ്ങളും ഗായകന്റെ പാട്ടിന്റെ താളത്തിനനുസരിച്ച് ചുവട് വയ്ക്കുന്ന ജനങ്ങളും എന്നിൽ കൗതുകമുണർത്തി.

ചുവപ്പും മഞ്ഞയും പച്ചയും ഓറഞ്ചും തുടങ്ങി നാനാനിറങ്ങളിൽ, കൊഴിയാൻ തയ്യാറെടുക്കുന്ന മരങ്ങളുടെ ഇലകൾ, ഇളങ്കാറ്റിൽ ഊയലാടുന്നത് നോക്കി നിൽക്കാത്തവർ ആരാണുള്ളത്?

സുന്ദരമായ ഫൗണ്ടനും അതിന് മുകളിൽക്കൂടി ആളുകളേയും വഹിച്ചുകൊണ്ട് വേഗതയിലോടുന്ന കേബിൾ കാറുകളും ചുറ്റുമുള്ള കാഴ്ചകളുമെല്ലാം തന്നെ ആനന്ദം പകർന്നു നൽകി.

മറക്കാനാവാത്ത ഒരനുഭവം കൂടി മനസ്സിന്റെ താളുകളിൽ കുറിച്ചിട്ടുകൊണ്ട് അവിടെ നിന്നും ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

(തുടരും)


writer shaila in Canada

ഭാഗം 54

സെന്റ് ജോസഫ്സ് ഒറേറ്ററി ഓഫ് മൗണ്ട് റോയൽ, മോൺട്രിയൽ, കാനഡ...

മോൺട്രിയൽ നഗരത്തിന്റെ, ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയം കാണുവാനാണ് ഒക്ടോബർ 22-ന് ഞങ്ങൾ പോയത്. രാവിലെ ഒമ്പതര മണിക്ക് വീട്ടിൽ നിന്നും തിരിച്ച ഞങ്ങൾ പന്ത്രണ്ട് മണിയോടുകൂടി അവിടെ എത്തിച്ചേർന്നു.

 മലയുടെ മുകളിലുള്ള, ഒരു വലിയ പള്ളിയാണിത്. ഇതിന്റെ സ്ഥാപകനായ, വിശുദ്ധ ബ്രദർ ആന്ദ്രേ ബെസറ്റിന്റെ പൈതൃകവും കാൽപ്പാടുകളും പിന്തുടർന്ന്, സമാധാനത്തിനും പ്രതിഫലനത്തിനുമുള്ള, അതുല്യമായ ഒരിടം തേടി, അനേകായിരങ്ങൾ ഇവിടെ ഒത്തുചേരുന്നു. 

രക്ഷാധികാരിയായ സെന്റ് ജോസഫിന്റെ നാമത്തിലുള്ള ഒരു കത്തോലിക്കാ ദേവാലയമാണിത്. വിശ്വാസവും പ്രാർത്ഥനയും മൂലം സമാധാനവും രോഗശാന്തിയും ലഭിക്കുന്ന ഒരിടമാണ് ഇത്.

ദേവാലയത്തിന്റെ അകത്തെ താഴികക്കുടം ശരിക്കും ഒരു അത്ഭുതമാണ്. പ്രധാന അൾത്താരയ്ക്ക് പിന്നിലെ മാർബിളിൽ കൊത്തിയെടുത്ത, വിശുദ്ധ ജോസഫിന്റെ പ്രതിമ മനോഹരമായ ഒരു കാഴ്ചയാണ്.

 മാർബിൾ ബലിപീഠം, കുരിശടി, കൂടാരം, പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പ്രതിമകൾ, താഴെയുള്ള തൂണുകൾ, അതിന്റെ മുന്നിലുളള പ്രസിഡന്റിന്റെ കസേര, ഓക്ക് ഇരിപ്പിടങ്ങൾ എന്നിവയെല്ലാം തന്നെ ഓരോരോ വിസ്മയങ്ങളാണ്. 

ക്രിപ്റ്റ് ചർച്ച് എന്നറിയപ്പെടുന്ന, ഈ പ്രധാന ദേവാലയത്തിനും മൗണ്ട് റോയൽ പാറയ്ക്കും ഇടയിലാണ് വോട്ടീവ് ചാപ്പൽ സ്ഥിതിചെയ്യുന്നത്.

ആന്ദ്രേ സഹോദരന്റെ കറുത്ത മാർബിളിൽ കൊത്തിയെടുത്ത ശവകുടീരം, വോട്ടീവ് ചാപ്പലിന്റെ മധ്യത്തിലുള്ള, ഒരു ആൽക്കൗവിൽ നിലകൊള്ളുന്നു.


വൈവിധ്യമേറിയ ഇറ്റാലിയൻ വാസ്തുവിദ്യാ ശൈലികൊണ്ട് സമ്പന്നമാണ് ഈ ദേവാലയം. ആരാധനാലയത്തിന്റെ രൂപഭംഗിയും  കമാനങ്ങളുടെ സവിശേഷതയും എടുത്തു പറയത്തക്കരീതിയിൽ വ്യതസ്തത പുലർത്തുന്നതാണ്. 

ആരാധന തുടങ്ങുവാനുള്ള ക്രമീകരണങ്ങൾ നടക്കുന്നതിനാൽ കുറച്ചു സമയം ദേവാലയത്തിന്റെ ഉള്ളിൽ ചിലവഴിച്ചിട്ട് ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.

കാനഡയിലെ, ഏറ്റവും വലിയ പള്ളിയായ ഇതിലെ ഉയരം കൂടിയ താഴികക്കുടങ്ങൾ,
ലോകത്തിലെ തന്നെ ഏറ്റവും വലിയ  താഴികക്കുടങ്ങളിൽ ഒന്നാണ്. ഇത് കാനഡയിലെ, ഒരു ദേശീയചരിത്ര സൈറ്റ് കൂടിയാണ്. പർവതത്തിന്റെ മുകളിൽ ഉയർന്നു കാണുന്ന താഴികക്കുടങ്ങളുടെ കൊടുമുടിയിൽ കുരിശും അതിന് തൊട്ടുതാഴെ വിളക്കും സ്ഥാപിച്ചിട്ടുണ്ട്.

തെരുവിൽ നിന്ന് ക്രിപ്റ്റ് ചർച്ചിലേക്ക് നയിക്കുന്ന 283 കോൺക്രീറ്റ് പടികളുള്ള ഗോവണിപ്പടികളുണ്ട്. കൂടാതെ, തടികൊണ്ടുള്ള  
99 സമാന്തര പടികളും വേറെയുണ്ട്.

രാവിലെ മുതൽ മഴ പെയ്തു കൊണ്ടിരുനതിനാൽ ആറ് ഡിഗ്രി തണുപ്പിലും കാറ്റിലും ഞങ്ങളെല്ലാവരും തണുത്തുവിറച്ചു. പടികൾ ചവിട്ടിക്കയറി മുകളിലെത്തി പർവത നിരപ്പിലെ വ്യൂ പോയിന്റിൽ നിന്നുകൊണ്ട് മോൺട്രിയൽ നഗരത്തിന്റെ, സമാനതകളില്ലാത്ത
360 ഡിഗ്രിയിലുള്ള പനോരമിക് കാഴ്ചകൾ നോക്കിക്കണ്ടു.


വർണ്ണാഭമായ പൂന്തോട്ടങ്ങൾക്ക് പുറമേ വിശാലമായ പുൽത്തകിടികൾ നിറഞ്ഞ മൈതാനങ്ങൾ ഉയർന്ന മരങ്ങൾ കുരിശിന്റെ വഴിയിലെ മനോഹരമായ പൂക്കൾ നിറഞ്ഞ പാതകൾ ധാരാളം പ്രതിമകൾ തുടങ്ങി, സുന്ദരമായ കാഴ്ചകൾ ഇവിടെ നിറഞ്ഞുനിൽക്കുന്നു. കലയും പ്രകൃതിയും കൂടിച്ചേർന്ന് ആരാധനയ്ക്കും ധ്യാനത്തിനും അനുയോജ്യമായി വളർത്തിയെടുത്ത ഒരിടം തന്നെയാണിത്...

 
കാനഡയിൽ ഞാൻ കണ്ട വിചിത്രവും രസകരവുമായ ഒരു ആഘോഷത്തെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്.

പടിഞ്ഞാറൻ നാടുകളിൽ എല്ലാവർഷവും ഒക്ടോബർ 31, ഹാലോവീൻ ഡേ ആയിട്ട് ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.

ഒരു മാസം മുൻപ് തന്നെ മിക്ക വീടുകളുടേയും മുന്നിൽ മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിലുള്ള വലിയ മത്തങ്ങകൾ കാണാം. അകത്തെ ഭാഗം കളഞ്ഞ് കണ്ണും മൂക്കും വായുമൊക്കെ സ്കാർവ് ചെയ്ത് അകത്ത് മെഴുകുതിരിയും കത്തിച്ചു വയ്ക്കും. ഇരുട്ടിലെ വികൃതമായ മുഖഭാവം കാണുന്നവരിൽ, ഭീതിയും കൗതുകവും ഒരുപോലെ ഉണർത്തുന്നവയാണ്. പ്രേതാലയത്തിലെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ വീടുകളുടെ മുന്നിൽ അസ്ഥികൂടങ്ങൾ കൊണ്ട് നിറഞ്ഞ സെമിത്തേരികൾ  ഉണ്ടാക്കി വയ്ക്കുന്നത് 
ആരുടേയും ശ്രദ്ധയെ ആകർഷിക്കുന്നതാണ്. വെള്ളത്തുണികൾ ധരിപ്പിച്ച പൈശാചികമായ രൂപങ്ങൾ കാറ്റത്തിളകിയാടുന്ന കാഴ്ചകളും രസകരമാണ്. ഊഞ്ഞാലാടുന്ന യക്ഷികളും മരത്തിൽ തൂണിക്കിടന്നാടുന്ന പ്രേതങ്ങളും തുടങ്ങി നാനാതരത്തിലുള്ള ഹാലോവിൻ ഡെക്കറേഷൻസ് ധാരാളം വീടുകളുടെ മുന്നിലുമുള്ള കാഴ്ചയാണ്.

ഒക്ടോബർ 31-ാം തീയതി വൈകിട്ട് ആറ് മണി മുതൽ കുട്ടികളേയും മുതിർന്നവരേയും കൊണ്ട് തെരുവുകൾ സജീവമാണ്.

അലങ്കരിച്ച വീടുകളിൽ കയറി കുട്ടികൾ ട്രിക് ഓർ ട്രീറ്റ് പറയുമ്പോൾ വീട്ടുകാർ അവർക്ക് ചോക്ലേറ്റ് സമ്മാനിക്കുന്നു. ഇരുട്ടും തണുപ്പും അവഗണിച്ച് പലതരം വ്യത്യസ്തമായ വേഷങ്ങൾ ധരിച്ചാണ് കുട്ടികൾ കുട്ടകളുമായി വീടുകൾ കയറിയിറങ്ങുന്നത്. മൈനസ് മൂന്ന് ഡിഗ്രി താപനിലയിൽ വിചിത്രമായ ആഘോഷം കാണാൻ അന്ന് രാത്രിയിൽ ഞങ്ങളും പോയി. വാങ്ങി വച്ച മിഠായികൾ കൊടുത്തു തീരുമ്പോൾ വീട്ടുകാർ ലൈറ്റണയ്ക്കും. ഹാലോവിൻ ആചരണത്തിന്റെ അർത്ഥമറിയാതെ ചെറിയ കുട്ടികൾ പോലും സന്തോഷിച്ചുല്ലസിക്കുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു കൗതുകകരമായ ആഘോഷം കാണുവാൻ സാധിച്ചത്. രാത്രി പത്തുമണിവരേയും തെരുവുകൾ സജീവമായിരുന്നു.

ഹാലോവീൻ എന്നത് ഓൾ ഹാലോസ് ഈവ് അല്ലെങ്കിൽ ഓൾ സെയിന്റ്സ് ഈവ് എന്നാണർത്ഥമാക്കുന്നത്. ഒക്ടോബർ 31 ന് പല പാശ്ചാത്യ രാജ്യങ്ങളിലും ആചരിക്കുന്ന ഒരു ആഘോഷമാണിത്. വിശുദ്ധർ, രക്തസാക്ഷികൾ ഉൾപ്പെടെ മരിച്ചു പോയവരെ അനുസ്മരിക്കാൻ സമർപ്പിച്ചിരിക്കുന്ന ആരാധനാ വർഷത്തിലെ സമയമാണിത്. ഇന്നിത് ക്രൂരവും അമാനുഷികവുമായി ചിത്രീകരിച്ച് ഭയാനകമായ ഒരാഘോഷമാക്കി മാറ്റിയിരിക്കുന്നു.

പാശ്ചാത്യ ക്രിസ്ത്യാനികൾ എല്ലാ വിശുദ്ധന്മാരെ ബഹുമാനിക്കുകയും സ്വർഗത്തിൽ എത്തിച്ചേരാത്ത ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന സമയമാണിത്.

(തുടരും)


Author Shaila with her family

ഭാഗം 55

നവംബർ നാലാം തിയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഒട്ടാവ പാർലമെന്റ് ഹില്ലിലുള്ള ഒരു കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന കേരളപ്പിറവി ആഘോഷത്തിൽ ഞങ്ങളും പങ്കെടുത്തു. FOCMA യുടെ (ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ)
പ്രസിഡന്റും ഞങ്ങളുടെ കുടുംബ സുഹൃത്തുമായ ശ്രീ ഷിബു വർഗ്ഗീസിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഞങ്ങൾ പോയത്. 

കേരളത്തിന്റെ തനതായ വേഷങ്ങളണിഞ്ഞെത്തിയ സ്ത്രീകളും പുരുഷൻമാരും പരസ്പരം പരിചയപ്പെട്ടും കുശലം പറഞ്ഞും സൗഹൃദം പുതുക്കി. ചെണ്ടമേളത്തോടും താലപ്പൊലികളോടും കൂടി വിശിഷ്ടാതിഥികളെ  സ്വീകരിക്കുകയും കാനഡയിലെ എം.പിയായ ശ്രീ ചന്ദ്ര ആര്യയുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനച്ചടങ്ങും പൊതു സമ്മേളനവും നടത്തുകയും ചെയ്തു. 

അതീവഹൃദ്യമായ ശിങ്കാരിമേളത്തെത്തുടർന്ന് കലാപരിപാടികൾ ആരംഭിച്ചു. സംഗീതക്കച്ചേരി, വാദ്യോപകരണസംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കേരള നടനം, ഒപ്പന, ലയന നൃത്തം, തിരുവാതിര, ഗാനമേള തുടങ്ങി പരമ്പരാഗതമായ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി. 

മനോഹരമായ ദൃശ്യവിരുന്നിന്റെ മാസ്മരിക പ്രഭയിൽ രണ്ട് മണിക്കൂർ  കടന്നുപോയത് അറിഞ്ഞതേയില്ല. മകന്റെ ചില സുഹൃത്തുക്കളേയും കുടുംബങ്ങളേയുമൊക്കെ അവിടെ വച്ച് കാണാനും പരിചയപ്പെടാനുമൊക്കെ ഞങ്ങൾക്ക് സാധിച്ചു. വിഭവ സമൃദ്ധമായ ഡിന്നറിന് ശേഷമാണ് ഞങ്ങൾ തിരിച്ചു പോയത്.

കാനഡയെന്ന രാജ്യത്ത് വച്ച് കേരളത്തിന്റെ സംസ്കാര സമ്പന്നത അനാവരണം ചെയ്യുന്ന ശ്രേഷ്ഠമായ കലാവിരുന്നിൽ പങ്കെടുക്കുവാൻ കിട്ടിയ അവസരം ഒരു ഭാഗ്യമായികരുതുകയും അഭിമാനിക്കുകയും ചെയ്യുന്നു. 

പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ എല്ലാവരും നന്നേ തണുത്തു വിറച്ചു. 

അടുത്ത ദിവസം, ഞങ്ങളുടെ വളരെ അടുത്ത ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ ലഞ്ചിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ലഞ്ച് കഴിഞ്ഞ് വൈകുന്നേരം ഏഴുമണിയോട് കൂടി അന്ന് റിലീസായ 'ഗരുഡൻ' എന്ന മലയാള സിനിമ കാണുവാനായി പോയി. 
ഒരുപാട് നാളുകൾക്ക് ശേഷമാണ് സുരേഷ് ഗോപിയുടെ ഒരു പടം കാണുന്നത്. ഒട്ടും തന്നെ ബോറടിപ്പിക്കാത്ത നല്ലൊരു സിനിമ തന്നെ ആയിരുന്നു അത്.

പതിനൊന്നാം തീയതി രാത്രിയിൽ പള്ളിയിൽ നിന്നും വരുന്ന കരോൾ സംഘത്തിന്, അവസാനത്തെ വീടായിരുന്നതിനാൽ അന്ന്, ഭക്ഷണം കൊടുക്കണമായിരുന്നു. പാട്ടുംപാടിയതിന് ശേഷം ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും പിരിഞ്ഞ് പോയപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും തണുപ്പ് കൂടി വന്നു. ഇതിനിടയിൽ രണ്ടു ദിവസം രാത്രിയിൽ മഞ്ഞ് പെയ്യുകയുണ്ടായി. വീടുകളുടെ മുകളിലും പരിസരത്തുമെല്ലാം വീണ് കിടക്കുന്ന തണുത്തുറഞ്ഞ മഞ്ഞ് കാണാൻ നല്ല ഭംഗിയായിരുന്നു. മഴ പോലെ പെയ്തുകൊണ്ടിരുന്ന മഞ്ഞ് പാളികൾ ഒരസാധാരണ കാഴ്ചതന്നെയായിരുന്നു. 

ഇരുപത്തിയൊന്നിന് മകന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഡെൽവിന്റെ ബർത്ത്ഡേയായിരുന്നു. സമ്മാനവും വാങ്ങി, അവരുടെ വീട്ടിലേക്ക് ഞങ്ങൾ ഒരു സർപ്രൈസ് വിസിറ്റ് നടത്തി.

ഓഫീസിൽ നിന്നും മരുമകളേയും പിക്ക് ചെയ്ത് പോകുമ്പോൾ വഴിയിലുടനീളം മഞ്ഞുമഴ പെയ്യുന്നുണ്ടായിരുന്നു.

Party കഴിഞ്ഞ് മഞ്ഞ് കൊണ്ട് മൂടിക്കിടക്കുന്ന കാറിൽ, ഹീറ്റർ ഇട്ട് കുറച്ചു നേരം ഇരുന്നു. ഫ്രണ്ട് ഗ്ലാസ്സിൽ നിന്നും മഞ്ഞെല്ലാം ഉരുകിപ്പോയതിന് ശേഷമാണ് വണ്ടി സ്റ്റാർട്ട് ചെയ്തത്. നല്ല കനത്തിൽ മഞ്ഞു വീണുകൊണ്ടിരിക്കുന്ന റോഡിൽ കൂടി സാവധാനം വണ്ടി ഓടിച്ച് വീട്ടിലെത്തി. മഞ്ഞ് മഴ നല്ലൊരു കാഴ്ചയായിരുന്നു.

കാനഡയോട് വിടപറയുവാനുളള ദിവസം അടുത്തുകൊണ്ടിരുന്നു. ഷോപ്പിംഗും മറ്റുമായി പകലുകൾ കൊഴിഞ്ഞുവീണു. തലേ ദിവസം തന്നെ പെട്ടികളെല്ലാം പായ്ക്ക് ചെയ്തു വച്ചു. 29ാം തീയതി ലഞ്ച് കഴിഞ്ഞ്, പന്ത്രണ്ടരയോടു കൂടി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. കാനഡയോട് വിട പറഞ്ഞ് രണ്ട് മണിക്കൂർ അകലെയുള്ള മോൺട്രിയൽ എയർപോർട്ടിലെത്തി. അവിടെ നിന്നും ചെക്കിംഗ് കഴിഞ്ഞ് കൊച്ചിവരെയുള്ള ബോർഡിംഗ് പാസ്സുകൾ വാങ്ങി. മകനോടും മരുമകളോടും കൊച്ചുമകളോടും വീണ്ടും യാത്ര പറഞ്ഞ് അകത്തേക്ക് നടന്നു. സെക്യൂരിറ്റി കഴിഞ്ഞ് കൃത്യം അഞ്ച് മണിക്ക് തന്നെ ബോർഡിംഗ് ചെയ്തെങ്കിലും സിഗ്നൽ കിട്ടാൻ വൈകിയതിനാൽ ആറ് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ കാനഡയുടെ വിമാനം ഒരു മണിക്കൂർ വൈകിയാണ്  ടേക്ക് ഓഫ് ചെയ്തത്.

ഏഴു മണിക്കൂർ യാത്രയ്ക്കൊടുവിൽ പ്രാദേശിക സമയം രാവിലെ ഏഴര മണിക്ക് ഫ്രാങ്ക്ഫർട്ടിലെത്തി. രാജ്യങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം വളരെ വലുതായിരുന്നു. അഞ്ച് മണിക്കൂർ കാത്തിരുന്നതിന് ശേഷം പന്ത്രണ്ടര മണിക്ക് ബോബെയിലേക്കുള്ള ലുഫ്താൻസ വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. ഇന്ത്യൻ പ്രാദേശിക സമയം രാവിലെ ഒരു മണിക്ക് ബോംബെയിലെത്തി. ബാഗേജ് കളക്ട് ചെയ്ത് വീണ്ടും കൗണ്ടറിൽ ചെക്കിൻ ചെയ്തു. അവിടെ നിന്നും രാവിലെ അഞ്ച് മണിക്കുള്ള എയർ ഇന്ത്യയിൽ കൊച്ചിയിലെത്തിയപ്പോൾ  ഏഴര മണിയായി. കൊച്ചി എയർപോർട്ടിൽ നിന്നും പ്രീപെയ്ഡ് ടാക്സി വിളിച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോട് കൂടി ഞങ്ങൾ വീട്ടിലെത്തി.

ഒരിക്കലും മറക്കാനാവാത്ത കുറേയെറെ ഓർമകളും യാത്രാനുഭവങ്ങളും അതിലുപരി അറിവുകളുമായി ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി. ആറ് മാസക്കാലം  മക്കളോടൊപ്പം താമസിക്കുവാനും അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ട് മനസ്സിലാക്കുവാനും ഇട നൽകിയ സർവ്വശക്തനായ ദൈവത്തിന് നന്ദിയും സ്നേഹവും മഹത്വവും അർപ്പിച്ചുകൊണ്ട് എന്റെ ഈ യാത്രാവിവരണം ഇവിടെ അവസാനിപ്പിക്കുന്നു. 

ചരിത്രങ്ങളുറങ്ങുന്ന പടിഞ്ഞാറൻ മണ്ണിലെ ഓരോ കാഴ്ചകളും ഹൃദയത്തിന്റെ അടിത്തട്ടിൽ മായാത്തൊരോർമയായ് എന്നെന്നും തെളിഞ്ഞു തന്നെ നിൽക്കുമെന്നതിൽ യാതൊരു സംശയവും ഇല്ല.

(അവസാനിച്ചു)

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ