ഭാഗം 10
ഐക്കര ഗ്രാമം കഴിഞ്ഞ് ഒരു കിലോമീറ്റർ നടന്നാൽ ഏഴാം നമ്പർ എന്ന് വിളിക്കുന്ന ഒരു കൊച്ചു ഗ്രാമത്തിൽ ഒരു പുഴയുണ്ട്.രാവിലത്തെ പണിയൊക്കെ ഒതുക്കിവെച്ചിട്ട് അമ്മമാരും, കുട്ടികളുമൊക്കെ അലക്കാനും കുളിക്കാനുമൊക്കെ ഈ പുഴയിലേക്കാണ് പോവുക.
വീട്ടിൽ കിണറും, വെള്ളവും ഉണ്ടാകാത്തത് കൊണ്ടൊന്നുമല്ല. ഒരു രസാണ്, ടൂർ പോകുന്നത് പോലെ മനസ്സിനും, ശരീരത്തിനും, ഉല്ലാസവും, വിനോദവും കിട്ടുന്നത് ഈ പുഴയിൽ ചാടി ത്തിമർത്തുകുളിക്കുമ്പോളാണ്. അന്ന് ആദ്യമായി ഇവരുടെ കൂടെ പുതിയ ഒരു ഫാമിലിയും വന്നു. ഐക്കരയിലുള്ള ബാങ്ക് മാനേജ്റും ഫാമിലിയും ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ആയി പോയി. വളരെ വ്യസനത്തോടെ കണ്ണീർ തുടച്ചാണ് ഇവരെ യാത്രയാക്കിയത്.ഐക്കരയുള്ളവരുമായി ഇവർക്ക് ഒരു രക്തബന്ധമുള്ള അടുപ്പം പോലെ, ഐക്കരയിലുള്ളവർക്ക് തിരിച്ചും.മേൽവിലാസവും, പരസ്പരം സമ്മാനപൊതിയൊക്കെ കൈമാറി യാണ് ജയനും ഫാമിലിയും കണ്ണീരോടെ പിരിഞ്ഞത്.
ആ ഒഴിവിലേക്കാണ് നാദിർ സാറും, ഭാര്യനജീമയും വന്നത്.ആദ്യമൊക്കെ നജീമ വീടിന്റെ അകത്തു നിന്ന് പുറത്തേക്ക് ഇറങ്ങൂലായിരുന്നു, പിന്നെ പിന്നെ എല്ലാവരുമായി കമ്പനിയായി.
സാറ, റോസ്, അല്ലു, ക്രിസ്റ്റി, മാമ്മാ ലിക്കയുടെ മക്കൾ, അങ്ങനെ ആപ്രദേശത്തെ കുട്ടി പട്ടാളങ്ങൾ മുഴുവനും ഉണ്ടാകും, അവരോടോപ്പം ആമിനതാത്തയുടെ മരുമകൾ സുഹറയും ഉണ്ടാകും, പുഴയിൽ ചാടാൻ.
ചാടിയും, മറിഞ്ഞും, നീന്തിയും,എല്ലാവരും കൂടെ ആസ്വദിച്ചു കളിക്കും, അമ്മമാരൊക്കെ ഓരോ കഥകൾ പറഞ്ഞ് ഇടക്ക് റെസ്റ്റ് എടുക്കുമ്പോൾ കൊറിക്കാനായി, കടല വറുത്തതും, അവലുമൊക്കെ കരുതിയിട്ടുണ്ടാകും. ഇതൊക്ക നോക്കി എന്തെങ്കിലും കൊറിച്ചു കൊണ്ട് നജീമയും പുഴക്കരയിൽ ഇരിക്കുന്നുണ്ടാകും. അങ്ങിനെ ഒരു ദിവസം കുട്ടികൾ എല്ലാവരും കൂടി നജീമയെ പുഴയിലേക്ക് ഇറക്കി ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് ഉഷാറായി.
സുഹറയുടെ വിശേഷങ്ങൾ കേൾക്കാൻ സാറക്കും, റോസിനുമൊക്കെ ഭയങ്കര ഉഷാറാണ്. "ആമിന താത്ത പോര് എടുക്കുന്നുണ്ടോ,? പണിയെടിപ്പിക്കുന്നുണ്ടോ ഇതാണ് എല്ലാവർക്കും അറിയേണ്ടത്."
"ഉമ്മാക്ക് ഇത്തിരി പോര് ഒക്കെ ഉണ്ടുട്ടോ, എന്നാൽ സ്നേഹവും ഉണ്ട്. പ്രായമായവർ അല്ലെ, നമ്മളൊന്നും കേൾക്കാത്ത പോലെ ഇരുന്നാൽ മതി. എന്നാലും ചില വർത്താനം കേൾക്കുമ്പോ ഇനിക്കു കരച്ചിൽ വരും, പിന്നെ ഇക്ക സമാധാനിക്കാൻ ഉള്ളത് കൊണ്ട് അങ്ങിനെ പോണൂ... ഇക്ക ഒരു പാവമാ... പിന്നെ മോൻ പിറന്നതിൽ തന്നെ ഉമ്മാക്ക് ഇത്തിരി സ്നേഹം ഒക്കെ കൂടിയിട്ടുണ്ട് ട്ടൊ."
"ബന്ധുക്കളൊക്കെ വരാറുണ്ടോ?റോസ് ചോദിച്ചു.
"എല്ലാവരും വരാറുണ്ട്, പെങ്ങൾമാര് വരുമ്പോ ഉമ്മാക്ക് ഇന്നെ കണ്ടൂടാ.അങ്ങിനെ ഒരു പ്രശ്നം ഉണ്ട്. ഈ നാത്തൂൻ എന്ന കഥാപാത്രത്തെ എല്ലാരും കൂടി ഒരു ഭീകരജീവിയെ പോലെയാണ് കാണുന്നത്.നിക്കറിയാം ജീവിതം മുന്നോട്ട് പോവണമെങ്കിൽ പല വിട്ടുവീഴ്ച്ചകളും വേണ്ടി വരുമെന്ന്."
"ഈ പുഴ, നിങ്ങളെല്ലാവരും, ഇതൊക്കെയാണ് ഒരു സമാധാനം." സുഹറ പറഞ്ഞു.
ഒരു ദിവസം ഒരു ഒഴിവ് സമയത്ത് നജീമ, നാദിർഷാനെയും കൂട്ടി പുഴ കടവിലെത്തി. ഭാര്യയും, ഭർത്താവും, കുളിച്ചു കയറി ഈറൻ മാറാൻ ഒരുങ്ങുമ്പോൾ ആണ് ഒരു കൂ... കൂ...എന്ന കൂകി വിളി വന്നത്. പെണ്ണുങ്ങൾ കടവിൽ ഉണ്ടെങ്കിൽ പുരുഷൻമാര് ആരെങ്കിലും വന്നാലുള്ള മെസ്സേജ് ആണ് ഈ കൂകൽ. നജീമ നാദിറിന്റെ ഉടുമുണ്ട് പുതച്ച് അനങ്ങാതിരുന്നു. ഒരു വശത്തു കൂടി നജീമ ആരാണ് വരുന്നത് എന്ന് ശ്രദ്ധിച്ചു. കോളേജിൽ പഠിക്കുന്ന ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും മട്ടുണ്ട് കണ്ടാൽ. അതിൽ ഒരു ചെറുക്കൻ പുഴയിൽ ഇരുന്നു കയ്യും മുഖവും കഴുകി.ആ കൊച്ചു ചെറുക്കന്റെ മുഖം ശരിക്കും നജീമക്ക് കാണാമായിരുന്നു. എന്നാൽ ആമുഖം കണ്ട മാത്രയിൽ നജീമ ഞെട്ടി പോയി.
വീട്ടിലെത്തിയതും ആ കുട്ടിയെ കുറിച്ച് മാത്രമാണ് നജീമ ചിന്തിച്ചത്. തന്നെ പഠിപ്പിച്ച ട്യൂഷൻ ടീച്ചറെ ഭർത്താവിന്റെ അതേ രൂപവും, ഭാവവും. പിന്നെ വിചാരിച്ചു അത് തോന്നിയതാവും എന്ന്. എന്നാൽ നജീമക്ക് പല സ്ഥലങ്ങളിൽ ആയി ഈ കുട്ടിയെ കാണാൻ കഴിഞ്ഞു.ഒരിക്കൽ നജീമയുടെ മുന്നിൽ ഈ കുട്ടി പ്രത്യക്ഷപ്പെട്ടു, എന്നിട്ട് മുഖവുര കൂടാതെ പറഞ്ഞു. "നോക്കൂ സ്ത്രീ....നിങ്ങൾ പെററിട്ടിട്ട്,50000രൂപക്ക് വിറ്റ സാധനം ആണ് ഞാൻ. എനിക്കു ഒരേ തവണ കാണാണമെന്നുണ്ടായിരുന്നു. കണ്ടു." അതും പറഞ്ഞു കലി തുള്ളിയ മുഖത്തോടെ അവൻ നടന്നു നീങ്ങി.
മോനെ... ഒന്ന് നിൽക്കൂ...നജീമക്ക് പറയണമെന്നുണ്ടായിരുന്നു. എന്നാൽ നാവിറങ്ങി പോയത് പോലെ, അവര് സ്തംഭിച്ചു നിന്നു. പെറ്റിട്ട വയറിന്റെ വിശപ്പും, ദാഹവും, ഇന്നതൊരു മരുഭൂമിയാണ്. പൊക്കിൽ കൊടി മുറിച്ചപ്പോളുണ്ടായ ബന്ധനം ഇന്നതൊരു വിങ്ങൽ ആണ്. നിനക്ക് വേണ്ടി ചുരത്താൻ കൊതിച്ച മുലഞെട്ടുകൾ ഇന്ന് എന്നെ നോക്കി പരഹസിക്കുന്നത് എനിക്കു കാണാം. നീ ഒരു സ്ത്രീയാണോ സ്വയം ചോദിക്കുന്ന ഈ ചോദ്യം സ്ത്രീതത്വത്തിനു തന്നെ അപമാനം പേരിയ ഈ ജന്മം ഭൂമിക്ക് തന്നെ ഭാരമാണ്.കടക്കൂ പുറത്ത് നിന്നിലെ സ്ത്രീയെ പുറത്താക്കിയിയിരിക്കുന്നു.
സ്വന്തം ശരീരം, തന്നെ അഗാധമായ് എല്പിച്ച അമ്പിന്റെ ശരങ്ങളുടെ വേദനകൊണ്ട് കാറി കരയാത്ത ദിനരാത്രികൾ ഉണ്ടായിട്ടില്ല. ആ അമ്മയുടെ വാക്കുകൾക്ക് ശ്വാസം മുട്ടി. ഒന്നും പറയാൻ കഴിയാതെ നിശ്ചലം നിന്നു. മിഴികൾ പെയ്തിറങ്ങി.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഉത്തരമായി ഒരു പൊടി മീശക്കാരൻ പയ്യൻ പറഞ്ഞിട്ട് പോയ വാക്കുകൾ ബ്രെയിനിൽ കിടന്നു പുളഞ്ഞു.പഴയ ഓർമകൾ എപ്പോഴും നജീമക്ക് നിൽക്കപൊരുതി കൊടുക്കുന്നുണ്ടായിരുന്നില്ല.
'നജീയുടെ തലയിൽ കളിമണ്ണാണോ? പരീക്ഷക്ക് മൊട്ടയും വാങ്ങി വന്നിരിക്കുന്നു. ഇന്നെ സ്കൂളിലേക്ക് വിളിപ്പിച്ചാൽ ഞാൻ വരൂല, വാപ്പ ഉറഞ്ഞു തുള്ളി.
എന്നും നജീമയെകുറിച്ച് ഓരോ പരാതികളാ...സ്കൂളുകാർക്ക്, ആൺകുട്ടികളുടെ വികൃതിയാ ടീച്ചർമാ ര് വിളിച്ചു പറയും. ഉരുളൻ കല്ലെടുത്ത് ആൺകുട്ടികളുടെ തല മണ്ടക്ക് എറിയാ... സ്ലേറ്റ് വാങ്ങി പൊട്ടിക്കാ, പെൺകുട്ടികളുടെ ഹയർ പിൻ വലിച്ചൂരി തട്ടം കാറ്റിൽ പറത്തിവിടുക. ഒരു വസ്തു പഠിക്കുകയും ഇല്ല, എല്ലാവർക്കും തലവേദന സൃഷ്ടിച്ചു കൊണ്ട് നജീമ പാറിപറന്ന് നടക്കും. അങ്ങിനെയാണ് നജീമയുടെ വാപ്പ അബ്ദുള്ള കുട്ടിയോട് മലയാളം പഠിപ്പിക്കുന്ന സരസ്വതിടീച്ചർ ഒരു കാര്യം പറഞ്ഞത്.
കുട്ടിയെ ഒരു ഡോക്ടറെ കാണിക്കേണ്ടി വരും. കുറച്ചു കൗൺസിലിംഗ് ഒക്കെ കൊടുക്കുമ്പോ കുട്ടി നേരെയാവും. അടിച്ചു ഞങ്ങളെ കൈ വേദനിക്കാ എന്നല്ലാതെ നേരാവുണ മട്ടില്ല. ഞാനൊരു കൗൺസിലറുടെ പേര് പറയാം. ഡോക്ടർ.
'ഷാജഹാൻ'. മലയാള ടീച്ചർ അബ്ദുള്ള കുട്ടിക്ക് അഡ്രസ് കൈമാറി എന്നിട്ട് പറഞ്ഞു, ഞാൻ പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞാൽ മതി. പെൺകുട്ടിയല്ലേ...കുറച്ചു കഴിയുമ്പോൾ നിങ്ങൾ കെട്ടിച്ചു വിടും, അത് വരെ നമ്മൾ ശ്രദ്ധിക്കണ്ടേ.
ആറാം ക്ലാസ്സ് മുതൽ 'നജീമ',ഡോക്ടർ ഷാജഹാന്റെ ചികിത്സയിൽ ആയിരുന്നു. ഡോക്ടറുടെ വൈഫ് വീട്ടിൽ തന്നെ ട്യൂഷൻ ക്ലാസും വെച്ചിരുന്നു അതും നജീമക്ക് തുണയായി. പറന്നു നടന്നിരുന്ന നജീമ ചിറകുകൾ ഒക്കെ ഒതുക്കി വെച്ചു ജീവിക്കാൻ പഠിച്ചത് അങ്ങിനെയാണ്. കൗമാരം വിട്ട് യൗവനത്തിലെത്തിയപ്പോ നജീമയുടെ മനസ്സിലെ സ്വപ്നം കൂടാരത്തിൽ ഉറങ്ങി കിടക്കുന്ന ഗന്ധർവ്വന് ഡോക്ടറുടെ മുഖമായിരുന്നു. ആരും അറിയാതെ മനസ്സിൽ ആ മുഖം ഒരിക്കലും മായ്ച്ചു കളയാൻ കഴിയാത്ത വിധം ഉറച്ചുപോയി.
മനസ്സിൽ ഓരോന്നു ചിന്തിച്ചു കൂട്ടാൻ പ്രയാസം ഒന്നുമില്ലല്ലോ. തെറ്റാണെന്ന് അറിയാമായിരുന്നിട്ടും, മോഹിക്കാൻ പാടില്ലാത്തത് ആണെന്നറിഞ്ഞിട്ടും, മനസ്സിനെ പിടിച്ചു നിർത്താൻ നജീമക്ക് ആയില്ല. നിലാവിൽ കുളിച്ചു കിടന്ന ഓരോ രാത്രിയും തന്റെ അരികിലേക്ക് ഒഴുകി വരുന്ന ഗന്ധർവ്വന്റെ കരസ്പർശനത്തിൽ മയങ്ങിയാണ് നജീമയുടെ കിടപ്പ്. എന്നും കെട്ടിപിടിച്ചു കിടക്കുന്ന ഉമ്മ നബീസുനെ വിട്ട് അപ്പുറത്തെ മുറിയിലേക്ക് മാറിയത് തന്നെ ഗന്ധർവന്റെ ആഗമനം മോഹിച്ചായിരുന്നു. അങ്ങനെ ഒരിക്കൽ അത് സംഭവിച്ചു. പ്രീഡിഗ്രി പഠിക്കുന്ന നജീമ ഗർഭിണിയായി. ഒരു പുരുഷ്യൻന്റെ സാമീപ്യം അനുഭവിക്കാതെ താൻ എങ്ങിനെ ഗർഭിണിയായി എന്നോർത്തു നജീമ ഞെട്ടിത്തരിച്ചുപോയി.
തുടരും...