ഭാഗം 16
വെള്ളിയാഴ്ചകളോട് വല്ലാത്തൊരു ഇഷ്‌ടമായിരുന്നു എല്ലാ കുട്ടിപട്ടാളത്തിനും, കാരണം ശനിയും, ഞായറും സ്കൂളിൽ പോവണ്ടല്ലോ!കളി ഇതായിരുന്നു പ്രധാനം, പിന്നെ പുഴയിൽ ചാടാം. പുഴയുടെ അക്കരെയായി കുറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
അവിടെത്തെ കുട്ടികളും വരും കളിക്കാൻ. ഒരു കോമഡി കഥാപാത്രമുണ്ട്.' സൗദ ', പൊടിപ്പും, തൊങ്ങലും വെച്ച് കുറെ കഥകൾ സൃഷ്ടിച്ച് കൈകൊണ്ടും, മുഖംകൊണ്ട്മൊക്കെ ആംഗ്യം കാണിച്ചു പറഞ്ഞു തരും. അങ്ങനെ രസകരമായി മുന്നോട്ട് പോകുന്നതിനിടയിൽ ആണ് സൗദക്ക് നിക്കാഹ് ആയത്.. പിന്നെ വീട്ടുകാരെ കാണാതെ ഒളിച്ചും, പാത്തുമായിരുന്നു സൗദ വരാറ്. നിക്കാഹ് കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങണമെങ്കിൽ പുതിയാപ്പിളയുടെ സമ്മതം വേണമത്രേ. എല്ലാം കുത്ത്തിരിപ്പിനും ആമിനത്താത്തയുടെ മരുമകൾ സുഹറയും കൂടെയുണ്ടാകും.
"രണ്ട് മാസം കഴിഞ്ഞാൽ ഞാൻ ഇന്റെ പുതിയാപ്ലന്റെ അടുത്തേക്ക് പോകും. "സൗദ നാണത്തോടെ പറഞ്ഞു. ഉമ്മാക്ക് ഇപ്പോ ഇന്നെ ഉപദേശിക്കാനെ നേരമുള്ളൂ."
"മോളെ... നീയൊരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്, പുതിയ ആളുകൾ, പുതിയ ജീവിത രീതി ജീവിതത്തെ നമ്മൾ അലസമായി കാണരുത് നമ്മുടെ ജീവിതം നമ്മൾ മുൻകൂട്ടി കണ്ട് അതനുസരിച്ചു വരുന്ന ജീവിതം ഒരുക്കണം. ഇനക്ക് ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഇഷ്‌ടപ്പെടണമെന്നില്ല. മറ്റുള്ളവരുടെ ഇഷ്‌ടങ്ങൾ ഇന്റെ ഇഷ്‌ടമാക്കാം. കാരണമൊന്നുമില്ലാതെ വെറുപ്പും, വിദ്വേഷവും നമ്മുടെ മനസ്സിൽ നിറയുമ്പോൾ നമ്മുടെ മനസ് അന്ധമാകും. അന്ധത മാറ്റി അവിടെ പ്രകാശം പരത്തുക. ഇന്റെ ഭർത്താവിന്റെ ഇഷ്‌ടങ്ങൾ ഇന്റെയും ഇഷ്‌ടമാക്കി മാറ്റാം..കാറും, കോളുമില്ലാത്ത ജീവിതം അപൂർവമായെ ഉണ്ടാകൂ. ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്കൊരു ഉറച്ച മനസ്സുണ്ടെങ്കിൽ മാത്രം മതി."
അപ്പോൾ സുഹറ പരിഹസിച്ചു. "ഇതൊക്കെ ഇന്റെ ഉമ്മ ഇന്നോടും പറഞ്ഞതായിരുന്നു. എന്നിട്ട് എന്ത് സംഭവിച്ചു. നമുക്ക് ചില സ്ഥലത്ത് അഡ്ജസ്റ്റ്മെന്റ് നടക്കൂല.ഭയങ്കര സംശയരോഗിയും കൂടിയാണ് ഇന്റെ അമ്മായിയമ്മ. നമ്മൾ അറിഞ്ഞു കൂടാത്ത കാര്യങ്ങൾ പറഞ്ഞു പരത്തും. ഒരു ഊഹം വെച്ച് അങ്ങോട്ട് തട്ടി വിടും മറ്റുള്ളവരുടെ വിഷമം ഒന്നും കാണക്കാക്കൂലാ.."
അപ്പോൽ സൗദ പറഞ്ഞു. " എത്ര ചീത്തയാണെങ്കിലും നമുക്ക് നന്നാക്കി എടുക്കാം. സ്നേഹം കൊടുത്താൽ മതി , അതിന് ഉമ്മയാണെന്റെ റോൾമോഡൽ. ജീവിതം ഒരിക്കലല്ലേ ഉള്ളൂ. അത് ഇങ്ങിനെ കുശുമ്പ്, അസൂയ, ടെൻഷൻ എന്നൊക്കെ പറഞ്ഞ് പാഴാക്കരുത് കുട്ടികളൊക്കെ പ്രസവിച്ചു അവരെ നോക്കി സുഖമായി കഴിയാം." വെറും കോമഡി മാത്രം വീഴുന്ന ആ വായിൽനിന്ന് വന്ന വാക്കുകൾ കേട്ട് ഞങ്ങൾ ഒക്കെ അന്തംവിട്ടു.
പിന്നെ സൗദയെ കണ്ടപ്പോൾ അവൾ പൊട്ടി കരഞ്ഞു. "മക്കളെ വായ കൊണ്ട് പറയാൻ എളുപ്പമാ.... സുഹറ പറഞ്ഞ പോലെ അനുഭവിക്കുമ്പോളെ മനസ്സിലാവൂ... ഇന്റെ പുതിയാപ്ലയെയും, ഉമ്മയെയും ഞാൻ കുറ്റം പറയൂല, അവർക്ക് ഈ ജീവിതത്തെ കുറിച്ച്, ഈ ലോകത്തെ കുറിച്ച്, മേലെയുള്ള പടച്ചോനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ് ആരാപ്പോ അവർക്ക് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ... ഇന്ക്ക് അവരോട് സഹതാപം മാത്രമേ ഉള്ളൂ. "സൗദ നെടുവീർപ്പിട്ടു.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമല്ല, ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന്റെ ആവിശ്യകത നഴ്സറി ക്ലാസ്സ് മുതൽ തുടങ്ങണം. കുട്ടികളെക്കാൾ അച്ഛനെയും, അമ്മയേയുമാണ് ബോധവത്കരിക്കേണ്ടത്. സാറ ഓർത്തു. മുതിർന്നവരല്ലേ കുട്ടികളെ വളർത്തേണ്ട രീതി മനസ്സിലാക്കേണ്ടത്. ഇവർ നന്നായലല്ലേ, സന്താനങ്ങൾ നന്നാവുകയുള്ളൂ. കുട്ടികൾക്കു എപ്പോഴും നൽകാൻ സ്നേഹം കരുതി വെക്കുക. കുട്ടികൾക്ക് മാത്രമല്ല ഏത് പ്രായമായാലും സ്നേഹത്തിനുവേണ്ടി കൊതിക്കുന്ന മനസ്സ് എല്ലാവർക്കും ഉണ്ട്.
സൗദയുടെ ഭർത്താവ് ഒരു മദ്യപാനിയായിരുന്നു.ഒരിക്കൽ അവളുടെ അമ്മായിയമ്മ അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാൻ വന്നു.
"മോളെ... സൗദേ... നീ വീട്ടിലേക്ക് വാ... നിനക്കവനെ രക്ഷിക്കാൻ കഴിയും."
"എന്നെകൊണ്ട് പരമാവധി ശ്രമിച്ചതല്ലേ... ഇനി ഞാൻ എന്ത് ചെയ്യണം ഉമ്മാ..." സൗദ ചോദിച്ചു
"മോളെ... ഞാൻ അവന്റെ ഉമ്മയാണ്, എനിക്കു അവനെ ഉപേക്ഷിക്കാൻ പറ്റൂല. അവൻ വളർന്നില്ലായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോകുകയാണ്. ഈ ഉമ്മാക്ക് ഒരു മുത്തം നൽകാതെ അവൻ എങ്ങും പോവുകയില്ലായിരുന്നു. മോന്റെ മുഖമൊന്നു മാറിയാൽ, ഒരു ജലദോഷം വന്നാൽ ഈ ഉമ്മ ഉറങ്ങാറില്ലായിരുന്നു.മകനെ ഈ ഉമ്മയെ പറ്റി സ്വബോധത്തോടെ ചിന്തിക്കാൻ കഴിഞ്ഞെങ്കിൽ നീ മറ്റുള്ള സുഖം തേടി പോവുകയില്ലായിരുന്നു, ആ ഉമ്മ. നെടുവീർപ്പിട്ടു . അവനെ നന്നാക്കാൻ ഇനി എന്നാ ചെയ്യും മോളെ, അവർ സൗദയോട് ചോദിച്ചു.
"ഇങ്ങനെ എത്ര ഉമ്മമാർ നീറി പുകയുന്നുണ്ട്. എത്ര ഭാര്യമാർ മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്നുണ്ട്.
'ഒന്നോർക്കുക, സ്നേഹമാണ് ലഹരി, കുടുംബമാണ് ലഹരി, സമൂഹമാണ് ലഹരി, ദൈവത്തിന്റെ പാത പിന്തുടർന്ന് ജീവിക്കുന്നതാണ് ലഹരി മനസ്സാക്ഷി കുത്തുകളിക്കാതെ സമാധാനത്തോടെ മരിക്കുന്നതാവണം ലഹരി.'
സൗദക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു... "ഈ ഉമ്മയും, മകനും കൂടെ ഒരു കാലത്ത് തന്നെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്. അതിന്റെയിടയിൽ ഒരിറ്റ് സ്നേഹത്തിനായി കൊതിച്ചു,ഫലം പുറങ്കാൽ കൊണ്ട് തട്ടി തെറിപ്പിക്കുകയായിരുന്നു. എന്നിട്ടും ഭൂമിയോളം താണു. പിടിച്ചു നിൽക്കാൻ നോക്കി. സ്വന്തം വീട്ടിൽ വന്ന് നിന്നാൽ വീട്ടുകാർക്ക് മാനക്കേട്, നാട്ടുകാരുടെ ചോദ്യങ്ങൾക്ക് സമാധാനം പറയണം. സഹിക്കവയ്യാതെയായപ്പോൾ അവസാനം വീട്ടിലേക്ക് ജീവനും കൊണ്ട് ഓടി പോരുകയായിരുന്നു.ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കും അത് ആരായാലും. ഉമ്മയെയും, മകൻ അവഗണിക്കാൻ തുടങ്ങിയപ്പോളാണ് മകന്റെ യഥാർത്ഥ സ്വഭാവം ഉമ്മക്ക് പിടി കിട്ടിയതും, മരുമകളുടെ സ്നേഹത്തിന്റെ വില മനസ്സിലായതും.മകനെ ഇത്രമാത്രം സ്നേഹിക്കുന്ന ഉമ്മ, മരുമകളെ പകുതി എങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരു പക്ഷെ ജീവിതം വേറെ വഴിക്ക് പോവുമായിരുന്നു."
കാലം നമുക്കായി കാത്തു വെക്കുന്നത് എന്തായിരിക്കും, അത് പ്രവചിക്കുവാൻ ആർക്കും കഴിയൂല, കർമം ഒരു പുഴയെ പോലെയാണ്.അത് ആരോടും പകയോ, വെറുപ്പോ ഇല്ലാതെ അതിന്റയിഷ്‌ടത്തിന് ഒഴുകി കൊണ്ടിരിക്കും, എന്നാൽ ആരെങ്കിലും തടസ്സപെടുത്താൻ വന്നാൽ അത് വഴിമാറി ഒഴുകും. അത് ചിലപ്പോ കല്ലോ, മുള്ളോഉള്ള പാദയിലൂടെയായിരിക്കും, എങ്ങിനെയായാലും പുഴക്ക് ഒഴികിയല്ലേ മതിയാകൂ...കർമത്തെ കുറിച്ച് പറയുവാൻ ഞാൻ ആളല്ല. സൗദ പറയുമായിരുന്നു, കാരണം, എന്റെ ശരികൾ മറ്റുള്ളവർക്ക് തെറ്റായിരിക്കാം. നമ്മുടെ ഒരു വാക്കോ, നോക്കോ, ദൈവത്തിന്റെ കോടതിയിൽ, അല്ലെങ്കിൽ കാലത്തിന്റെ കോടതിയിൽ എത്ര മാർക്ക് കിട്ടും എന്ന് അറിയൂല, അത് കൊണ്ട് കഴിയുന്നതും നമ്മൾ സൂക്ഷ്മ ത്തോടെ ജീവിക്കാൻ നോക്കുക.ഐക്കര ഒരു കൊച്ചുഗ്രാമമാണെങ്കിലും ഐക്കര യിൽ താമസിക്കുന്ന ആളുകളുടെ മനസ്സിന്റെ വലുപ്പം വളരെ വലുതായിരുന്നു. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും മാത്രം വിധിക്കപെട്ടവർ.
തുടരും...