ഭാഗം 5
മലവെള്ളം കുണുങ്ങി കുണുങ്ങി സംഗീതം ആലപിച്ചു വരുന്നത് കാണാൻ മനം മയക്കുന്ന കാഴ്ച്ച തന്നെയാണ്."വെള്ളാരം കല്ലുകൾ തൂവിയത് പോലെ ഞരമ്പുകൾ."സാറ പതുക്കെ മന്ത്രിച്ചു.
പലവഴിക്ക് ഒഴുകി വരുന്ന ജലതുള്ളികൾ സംഗമിക്കുന്നതിന് അമലിന്റെ കര വിരുതിൽ ഒരു ഫിഷ് രൂപത്തിക്കുള്ള വലിയ തടാകം.ആ തടാകത്തിൽനിന്ന് വരുന്ന നീല നിറത്തിലുള്ള നീരുറവകൾ മൂന്ന് ഭാഗത്തു നിന്നും ഒഴുകി ഇറങ്ങുന്നത്,ഹാഫ് മൂണിന്റെ ആകൃതിയിൽ പണിത മൂന്നു കുളത്തിലേക്ക് ആയിരുന്നു. ഒന്നിൽ നിറയെ ഫിഷുകളും, മറ്റേതിൽ ആമ്പലും, മൂന്നാമത്തെകുളത്തിൽ താമരയും ആയിരുന്നു.എല്ലായിടത്തും നിശബ്ദത ആയിരുന്നു. വെള്ളച്ചാട്ടതിന്റെ ശബ്‌ദം മാത്രം, ഗാനഗന്ധർവ്വൻ വിശ്രമമില്ലാതെ സംഗീതം ആലപിക്കിന്നത് പോലെ തോന്നിച്ചു.
തണുപ്പ് കൂടിയപ്പോ, സാറ തന്റെ പച്ച കളർ സിൽക്ക് സാരിയുടെ തുമ്പ് എടുത്ത് മൂടി പുതച്ചു.തടാകകരയിൽ പോയി ഇരിക്കുമ്പോൾ സാറ പച്ച കളർ സാരി മാത്രമേ ധരിക്കുകയുള്ളൂ. അത് നിർബന്ധമാണ്.
"ഹാൻഡ്ലൂം ഓ, കോട്ടനോ ധരിച്ചാൽ മതിയായിരുന്നു. സിൽക്ക് ആയത് കൊണ്ട് എനിക്കെന്തോ ബുദ്ധിമുട്ട് പോലെ," സാറ, റോസിനോട് പറഞ്ഞു.
"നിനക്കെന്താ പച്ചയോട് ഇത്ര താല്പര്യം."
അതിനുത്തരമായി സാറ പറഞ്ഞു. "എനിക്കീ പ്രപഞ്ചത്തിൽ ലയിക്കണം. എത്ര മനോഹരമാണീ പ്രകൃതി.നീ ആകാശത്തേക്കൊന്ന് നോക്കൂ...ഞാനൊരു മേഘമാണെങ്കിൽ ഒഴുകി ഒഴുകി...അല്ല കാറ്റാണെങ്കിൽ എവിടെയൊക്കെ സഞ്ചാരിക്കാമായിരുന്നു."സാറ പറഞ്ഞു നിർത്തി.
"നീ അധികം സംസാരിക്കേണ്ട... നല്ല തണുപ്പ് ആണ്, ശ്വാസം മുട്ടൽ വരും. അമലിന് ഇതു മതി പിന്നെ, നിന്നെ കെയർ ചെയ്യുന്നില്ല എന്ന് പറഞ്ഞു ബഹളം വെക്കും.നമുക്ക് പോകാം."
"പോവാൻ വരട്ടെ. അമലിനോട് എനിക്ക് വല്ലാത്ത പ്രണയം തോന്നുന്നു. ഇവിടെ ഇരുന്നു എനിക്ക് എഴുതാൻ തോന്നുന്നു. അമലിനോട് നമുക്കിരിക്കാൻ ഇവിടെ ഒരു ടെന്റ് ഉണ്ടാക്കി തരാൻ പറയണം അല്ലേ റോസ്."
റോസ് തലകുലുക്കി. പിന്നെ വീൽ ചെയർ ഉരുട്ടി കൊണ്ട് വീടിനു ലക്ഷ്യമാക്കി നടന്നു. പൂന്തോട്ടത്തിലെ പൂക്കൾ ഒക്കെ സാറയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. സാറ തിരിച്ചും.
കുട്ടിക്കാലത്ത് റോസ് പൂക്കളെ വളരെ ഇഷ്‌ടമായിരുന്നു സാറ ഓർത്തു. എന്തിനു ഭംഗിയായിരുന്നു ഓരോ പൂക്കൾക്കും. ഒരു റോസ് ചെടി തന്റെ മുറ്റത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് സാറ കൊതിയോടെ ഓർക്കും. കൂട്ടുകാരി ജെസി കൊണ്ട് വന്നു തരുന്ന മഞ്ഞ റോസ് ഒരിക്കലും വാടരുതെന്ന് വിചാരിച്ചു വെള്ളം നിറച്ച ഗ്ലാസിൽ ഇട്ടു വെക്കും. ഒരു ദിവസം ജെസിയോട് ഒരു റോസിന്റെ കൊമ്പ് കൊണ്ട് വന്നു തരുമോ എന്ന് കൊതിയോടെ ചോദിച്ചു. റോസിന്റെ കൊമ്പ് കയ്യിൽ കിട്ടിയപ്പോ നിധി കിട്ടിയത് പോലെ തോന്നി മുറ്റത്ത് തന്നെ നട്ടു. പൂവുണ്ടാകുമ്പോൾ എല്ലാർക്കും കാണാലോ. സാറ നട്ട ചെടിയിൽ എത്ര പൂവാണ്, എന്ത് ഭംഗിയാണ് എല്ലാരും പറയും. ഇതൊക്കെ കേൾക്കാൻ തന്നെ എന്ത് രസാണ്. സാറക്ക് അല്പം അഹങ്കാരം തോന്നി. എന്നും ചെടിയുടെ അടുത്ത് പോയി തലോടലായി പിന്നെ, എന്നിട്ട് മന്ത്രിക്കും, ഒന്ന് വളരൂ, ഒന്ന് വളരൂ.... എന്ന്.അങ്ങനെ കിളിർത്തു ഇലകൾ വന്നപ്പോൾ പൂമ്പാറ്റകളെ പോലെ ചിറക് വിരിച്ചു നൃത്തം വെക്കണമെന്ന് തോന്നി. അങ്ങനെയാതാ ഇലകളും വളരുന്നു. ഒരു ദിവസം രാവിലെ എണീറ്റ് മുറ്റത്തേക്ക് നോക്കിയ സാറ ഞെട്ടിപ്പോയി. റോസ് ചെടി കാണാനില്ല.
"അമ്മച്ചീ... അതൊരു അലർച്ചയായിരുന്നു.
"എന്താ കൊച്ചേ..."അമ്മച്ചി ദോശചുട്ന്നതിനിടയിൽ ചട്ടുകമായിട്ടാണ് വന്നത്.
"ന്റെ റോസാ ചെടി കാണാനില്ല,"സാറ കരച്ചിലോടെ പറഞ്ഞു.
"അതോ...ഇന്നലെ രാത്രി ചാച്ചൻ അത് വഴിപോയപ്പോൾ, കാലിൽ റോസാചെടിന്റെ മുള്ള് കൊണ്ടു. പിന്നെ ചാച്ചൻ ദേഷ്യത്തിൽ റോസാ ചെടി പിഴുതു ഒരേരായിരുന്നു."
സാറ ഒന്നും പറഞ്ഞില്ല, പറയാൻ വാക്കുകൾ കിട്ടിയില്ല അതാണ് സത്യം. മുറിയിൽ പോയിരുന്നു കുറെ കരഞ്ഞു. റോസ് പലതും പറഞ്ഞു സമാധാനിക്കുന്നുണ്ടായിരുന്നു. എന്തിനോ സാറയുടെ കരച്ചിൽ കൂടിയതേ ഉള്ളൂ.
മമ്മാലിക്കയും, പൗലോസും, അംബിച്ചായനും കൂടെ രാത്രിയിൽ അത്താഴം ഒക്കെ പറഞ്ഞു വെടി പറഞ്ഞിരിക്കുന്ന ഒരു സ്ഥലമുണ്ട്. അപ്പോഴാണ് മമ്മാലിക്കക്ക് പാട്ടുകൾ ഓരോന്നു ഇറങ്ങി വരുക.നിലാവിന്റെ വെട്ടത്തിരുന്ന്,കഥ പറഞ്ഞും, പാട്ടുപാടിയും, അവസാനം മമ്മാലിക്ക കരയാൻ തുടങ്ങും. കാരണമെന്താണെന്ന് ആർക്കും അറിയൂല. എന്തെങ്കിലും ചോദിച്ചാൽ ആ കണ്ണുകൾ ഒന്നും കൂടെ നിറയും. പിന്നെ എല്ലാവരും പിരിയുമ്പോൾ എല്ലാവരുടെയും മനസ്സിൽ എന്തെക്കൊയോ വിഷമം ബാക്കി വെച്ചിട്ടുണ്ടാകും.
ഇങ്ങിനെ ഒരു ദിവസം 3 സുഹൃത്തുക്കളും കൂടി നിലാവില്ലാത്ത രാത്രിയിൽ ടോർച്ച് ലൈറ്റിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് മമ്മാലിക്ക പാടാൻ തുടങ്ങി.അപ്പോൾ അമ്പിച്ചാച്ചൻ കൈകൾ ഉയർത്തികൊണ്ട് പറഞ്ഞു.
"പാടുന്നത്. അവസാനം കരഞ്ഞു ഞങ്ങളെ കരയിക്കരുത്.അല്ല മാമ്മലിക്കാ എന്തിനാണീ കരച്ചിൽ."
"എന്തിനാണെന്ന് നമ്മക്ക് തന്നെ അറിയൂല... ന്റെ ഖൽബ് നിറയെ സങ്കടങ്ങളാ....ആർക്കും അറിയൂല, പിന്നെ ഈ ഭൂമി മഹാ ഗോളങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. നമ്മളൊക്കെ എങ്ങിനെ ഇവിടെ വന്നു. നമ്മളെല്ലാവരും ഒരിക്കൽ പോവൂലെ, എല്ലാവരെയും വിട്ട് പോകും. നമ്മള് വിചാരിക്യാണ് പരസ്പരം പോരടിച്ചു വെട്ടി ചാവുന്നവർ എത്ര മണ്ടന്മാർ ആണെന്ന്!ഇവിടെയിപ്പോ പടച്ചോൻ കൊണ്ടോവൻ വിചാരിച്ചാലും പോവാൻ മടി. വേണ്ടപെട്ടവരെ ഒക്കെ വിട്ട് പോവണ്ടേ.... അപ്പോൾ ജീവിക്കുന്ന സമയത്ത് പരസ്പരം സ്നേഹിച്ചും, പൊറുത്തും ജീവിച്ചൂടെ, ക്രൂരൻമാരെയും, കൊലപാതികളെ ഒന്നും നമ്മക്ക് കാണാൻ വയ്യേ....
ഇതൊക്കെ ഓർത്താണോ മാമ്മാലിക്ക കരയുന്നത്. പൗലോസ് ചോദിച്ചു.
"അതൊന്നും അല്ല. ഈ ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ എന്തോ ഒരു വിങ്ങൽ ആണ്. പറയാൻ മ്മക്ക് അറിയൂല."
"സാറ കൊച്ചു പറയാ... മരിച്ചാൽ ആത്മാവ് ഇവിടെ ഉണ്ടാകും എന്ന്. മ്മളെ മണ്ണിലേക്ക് പോകുള്ളൂ എന്ന്, അപ്പോൾ നമുക്ക് മക്കളെ ഒക്കെ കാണാലോ."
"പിന്നെ രണ്ടീസം നമ്മളുണ്ടാവില്ല, ഒരു സ്ഥലത്ത് പോവാനുണ്ട്. "മാമ്മലിക്ക പറഞ്ഞവസാനിച്ചത് പോലെ ഇരുന്നസ്ഥലത്ത് നിന്ന് എണീറ്റു.
നീ എങ്ങോട്ടാ ഇടക്കിടടെ മുങ്ങുന്നത്. നിന്റെ ബന്ധുക്കൾ ഒക്കെ ഇവിടെ തന്നെ ഉണ്ടല്ലോ? പൗലോസ് ചോദിച്ചു.
"പോവണം എനിക്ക്, നമ്മളെ കൊണ്ട് ചിലര്ക്ക് ചില ഗുണങ്ങൾ ഒക്കെ ഉണ്ട്. മ്മളെ കാത്തുകാത്തിരുന്നു മുഷിഞ്ഞിട്ട് ഉണ്ടാകും."
"ആരാപ്പോ ഇങ്ങിനെ കാത്തിരിക്കുന്നത്,"അമ്പിചാച്ചൻ ചോദിച്ചു.
അത് രണ്ടു മൂന്ന് ചങ്ങാതിമാര് ആണേ. പിന്നെ ആരും അതിനെ പറ്റിയൊന്നും ചോദിച്ചില്ല.
മമ്മാലിക്ക മരിച്ചതിൽ പിന്നെ അമ്പിക്കും, പൗലോസിനും, വല്ലാത്തൊരു ശൂന്യത ബാധിച്ചു.അതിലുപരിയായി ആ കുടുംബത്തെ എങ്ങിനെ താങ്ങി നിർത്തും. മമ്മാലിക്കയുടെ പലചരക്ക് കട അന്ന് താഴിട്ടതാണ്. ഇനി ആര് ഇത് ഏറ്റെടുത്ത് നടക്കും. ഇതൊക്കെയായിരുന്നു പിന്നീടുള്ള ചർച്ചകൾ. രണ്ടാം ഭാര്യ ആയിഷുവിനെയും, പിള്ളേരെയും നാട്ടിൽ കൊണ്ട് വിടണം എന്ന ചർച്ചയും ഉണ്ടായി. അത് പറഞ്ഞപ്പോ പാത്തുമ്മതാത്തക്ക് ഒരേ ഒരു നിർബന്ധം," വേണ്ട... കുട്ടികൾ ഇവിടെ വളരട്ടെ, പടച്ചോൻ കൊണ്ട് വന്നു തന്നതാ നിക്കിവരെ!ന്റെ മമ്മാലിക്കയുടെ ഓർമ്മക്കായ്, ഞാൻ വിടൂല.
കുമാരിക്ക് എന്തോ ഒരു മാനസികഅസ്വസ്ഥത. വീടിന് പുറത്തു പോകുന്നില്ല, മുറി വിട്ട് തന്നെ ഇറങ്ങുന്നില്ല. ഭക്ഷണമില്ല, കുളിയില്ല, ശൂന്യതയിലേക്ക് നോക്കി ഒരേ ഇരുപ്പാണ്. കുമാരിയുടെ ഇരുപ്പ് കണ്ട് ഐക്കരയാകെ തേങ്ങി. അഡ്രസ് തപ്പിപിടിച്ച് ഊര് തേടിപോയത് പൗലോസ് ആണ്. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് മഹേഷ് വിവാഹമൊക്കെ കഴിഞ്ഞ് ഹണിമൂണിന് പോയിരിക്കുന്നു.
കുമാരിയോട് എങ്ങിനെ പറയും, പറയാതിരിക്കും. എന്തായാലും വിവരം പറഞ്ഞു. അത് അറിഞ്ഞതുമുതൽ കുമാരി കരച്ചിലായി. പിന്നെ കണ്ണും,മുഖവും തുടച്ചു അഴിച്ചിട്ട മുടി വാരി കെട്ടി കൊണ്ട് പറഞ്ഞു. "ഇല്ല!ഇനി ഞാൻ കരയൂല," ഒരു കണക്കിന് ഈ ചതിയനെ കെട്ടാത്തത് നന്നായി, ദൈവം കാത്തു."
എന്നാലും ഐക്കരയിൽ കുമാരി വിഷാദത്തിന്റെ കുപ്പായവും പേറി അന്ധകാരത്തെ സ്നേഹിച്ചു. മനസ്സിനെ ചിറകടിച്ചു കൊണ്ട് ഇക്കിളി പെടുത്തിയ പ്രണയം. ജാലകങ്ങൾ തുറന്നിട്ട് നക്ഷത്ര കൂട്ടങ്ങളെ നോക്കി വികാരനുഭൂതിയായ് മധുരിക്കുന്ന ഓർമകളെ കിനാവ് കണ്ടതൊക്കെ വെറുതെ. മാന്ത്രിക മന്ത്രം കൊണ്ട് മനസ്സിന്റെ അഗാധഗർത്തത്തിൽ പ്രതിഷ്ഠിച്ച പ്രണയത്തിന്റെ വിത്തുകൾ മുളക്കാൻ അനുവദിക്കാതെ കരിഞ്ഞു പോയി.
മാമ്മലിക്ക മരിച്ചതിന്റെ നാല്പാതാം ദിവസം, ചില ചടങ്ങുകൾ ഒക്കെ ഉണ്ടായിരുന്നു. ഐക്കരയാകെ ആ ദുഃഖസ്മരണയിൽ പങ്കെടുത്തു.എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് അന്ന് ഞാറാഴ്ച്ചയായത് കാരണം ബാങ്ക് മാനേജർ ജയനും, ഭാര്യയും മക്കളും ആ പരിപാടിയിൽ പങ്കെടുത്തു. ജയന്തിയെയും, മക്കളെയും എല്ലാവർക്കും സുപരിചിതമാണ്, എന്നാൽ ജയൻ സാർ ഇത്തിരി വെയിറ്റ് ഇട്ട് നടക്കാൻ കാരണം ഐക്കരയുള്ളവർ തന്നെയാണ്, ജയനെ കാണുമ്പോൾ എല്ലാവരും ഭയ ഭക്തി ബഹുമാനത്തോടെ മിണ്ടാതെ ഒഴിഞ്ഞു പോകും.
ചടങ്ങുകൾ കഴിഞ്ഞു യാത്ര പറഞ്ഞു പിരിയാൻ നേരം ജയൻ എല്ലാവരെയും വിളിച്ചു കൂട്ടി. കൂട്ടത്തിൽ പാത്തുമ്മതാത്തയോടും വരാൻ പറഞ്ഞു. എന്നിട്ട് മുഖവുര കൂടാതെ പറഞ്ഞു. "എല്ലാ വിവരങ്ങളും ഞാൻ അറിയുന്നുണ്ട്. ഞാൻ ഇവിടെ അവതരിക്കുന്ന വിഷയം കേട്ട് ആർക്കും വിഷമം തോന്നരുത്.മമ്മാലിക്കയുടെ ഷോപ്പ് അടച്ചിട്ട്ട്ട് 40 ദിവസമായി. അത് ആരെങ്കിലും ഏറ്റെടുത്ത് നടത്തണം. ആർക്ക് വേണമെങ്കിലും മുന്നോട്ടു വരാം, ബന്ധുക്കളോ?അതു മല്ലെങ്കിൽ ഏറ്റവും നല്ലത് ഇവരുടെ ഭാര്യമാര് തന്നെയാണ്."
"മ്മളോ?"ഭാര്യമാർ രണ്ടു പേരും പരസ്പരം നോക്കി.
"നമ്മൾ വിചാരിച്ചാൽ ചെയ്യാൻ പറ്റാത്ത ഒന്നുമില്ല ഇത്താ. അതിന് നമ്മൾ വിചാരിക്കണം. കുറച്ചു ദിവസം ബുദ്ധിമുട്ട് ഉണ്ടാകും, പിന്നെ അതൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറും.എന്താ തയ്യാറാണോ?"
കരച്ചിൽ മാത്രമായിരുന്നു ഉത്തരം. എട്ടും, പൊട്ടും തിരിയാത്ത സ്വഭാവവും, നിറഞ്ഞ സൗന്ദര്യമുള്ള ആയിഷുവും കരച്ചിൽ തന്നെ.
ആരും മുന്നോട്ട് വന്നില്ല, ഇവരുടെ ബാധ്യത ഏറ്റെടുക്കേണ്ടി വരുമോ എന്ന് ചിന്തിച്ചിട്ടോ എന്തോ. എല്ലാവരും പിന്നോട്ട് മാറി. ആ സമയം പിറകിൽ നിന്നൊരു ശബ്‌ദം.
"ഞാനെടുത്ത് നടത്താം സർ "കുമാരിയുടെ ശബ്‌ദമായിരുന്നു അത്. ആരും അത്ഭുതപെടേണ്ട. എന്റെ തീരുമാനം ഉറച്ചതാണ്. ഇന്ന് തന്നെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം ജയനും, ജയന്തിയുംമക്കളും, ഒരു പുഞ്ചിരിയോടെ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.
തുടരും...