മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

couple in bed

നേരം പുലർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു, പതിവ് പോലെ 'അമൽ' സാറയുടെ മുറിയുടെ ചാരിയിട്ട കതക് പതുക്കെ തുറന്ന് സാറയെ നിരീക്ഷിച്ചു. ഒരു പനിനീർ പൂവ് കൂമ്പിയത് പോലെ അവൾ ഉറങ്ങുന്നത് അമൽ കുറച്ചു നേരം നോക്കി നിന്നു.

പിന്നെ ജാലകം പകുതി തുറന്നു. പുലർക്കാലം പറുദീസ അണിഞ്ഞു മാരിവില്ല് വിരിഞ്ഞത് പോലെയും, അതോടൊപ്പം ഹിമവർഷം അകത്തേക്ക് പ്രവേശിക്കാൻ ധൃതി കൂട്ടുകയും ചെയ്തു. എന്തൊരു തണുപ്പാണ്, ഹിമം ഒഴുകി ഒഴുകി വന്ന് സാറയെ ശല്യപെടുത്തും എന്ന് കരുതി അമൽ ജനലുകൾ പതുക്കെ അടച്ചു. ആ ശബ്‌ദം കേട്ട മാത്രയിൽ സാറ മിഴികൾ തുറന്നു അങ്കലാപ്പോടെ ചുറ്റിലും നോക്കി.

"ഹായ് സാറാ... ഗുഡ് മോർണിംഗ്"

അമൽ സാറയുടെ ബെഡിൽ ഇരുന്നു.

മുഖത്ത് ഒരു വിളറിയ ചിരി വരുത്തികൊണ്ട് സാറ പറഞ്ഞു.

"മോർണിംഗ് "

"എന്താ മുഖത്തിത്ര ക്ഷീണം, നീ ഇന്നലെ ഉറങ്ങിയില്ലേ?" അമൽ ചോദിച്ചു.

"എന്തോ? കുറച്ചു ദിവസമായി ഉറക്കം കുറവാണ്. ടാബ്ലറ്റ് മാറ്റേണ്ടി വരും എന്ന് തോന്നുന്നു. റോസിനെയും, സുനിതയെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി, ഉറക്കം നടിച്ചു കിടക്കും."  സാറ ക്ഷീണഭാവത്തിൽ പറഞ്ഞു.

"നിനക്ക് തണുക്കുന്നില്ലേ, ഞാൻ ഹോം നഴ്സിനെ വിളിക്കട്ടെ? കാപ്പിയിടാൻ പറയാം. അല്ലെങ്കിൽ ഞാനിട്ട് കൊണ്ട് വരാം". അമൽ താൻ പുതച്ചിരുന്ന ഷാൾ ഒന്നും കൂടെ നിവർത്തി പുതച്ചു കൊണ്ട് ചോദിച്ചു.

"ഇന്ന് സൺ‌ഡേ അല്ലേ, സുനിത ഇന്നലെ വീട്ടിൽ പോയത് മറന്നു അല്ലേ! റോസ് പള്ളിയിൽ പോവാനുള്ള ഒരുക്കത്തിൽ അടുക്കളയിൽ ആയിരിക്കും."

"ഓ... ഞാനത് മറന്നു. എന്നാൽ ഇപ്പോ റോസ് കാപ്പിയുമായി വന്നുകൊള്ളും."

"എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്, നീ അത് അനുസരിക്കണം." അമലിന് കിതപ്പനുഭവപ്പെട്ടു. മരവിച്ച തണുപ്പിലും തലയിലൂടെ ഒരു ഉഷ്ണപ്രവാഹം. മിഴികൾ എന്തിനോ കലങ്ങി വന്നു, വാക്കുകൾക്ക് ശ്വാസതടസ്സം. അമലിനെ ബാക്കി പറയാൻ അനുവദിക്കാതെ സാറ ഒച്ചവെച്ചു.

"വേണ്ട എനിക്കൊന്നും കേൾക്കേണ്ട... എനിക്കൊന്നും കേൾക്കേണ്ട..."

"നിന്നെ ഓർത്ത് മാത്രമാണ് ഞാൻ തേങ്ങുന്നത്" അതും പറഞ്ഞ് നിറഞ്ഞ മിഴികൾ സാറ കാണാതിരിക്കാൻ അയാൾ മുറിവിട്ടു പോയി. സാറ കരയാൻ പോലും ശേഷിയില്ലാതെ വിദൂരയിലെന്തോ തേടും മട്ടിൽ കിടന്നു.

ഇടനാഴിയിലൂടെ റോസിന്റെ കാൽപെരുമാറ്റം സാറ കേട്ടു. അമലിന്റെ മുറിയിലേക്ക് കാപ്പി കൊണ്ട് പോകുന്നതാവാം, സാറ ചിന്തിച്ചു. കുറച്ചു കഴിഞ്ഞ് റോസ്, സാറയുടെ മുറിയിലേക്ക് വന്നു. കാപ്പി ടേബിളിൽ വെച്ചു. എന്നിട്ട് ചോദിച്ചു.

"നിനക്ക് എണീക്കേണ്ടേ? ഞാൻ അമലിനെ വിളിക്കാം." അതും പറഞ്ഞു തിരിഞ്ഞതും, സാറ തന്റെ വലതു കൈകൊണ്ട് റോസിന്റെ സാരി തുമ്പ് പിടിച്ചു.

"റോസ്, ഇത് നോക്കൂ... തണുത്ത സ്വരം. എന്റെ കൈ അനക്കാൻ കഴിയുന്നു" റോസിന്റെ മുഖം അത്ഭുതംകൊണ്ട് വിടർന്നു.

സാറാ... നീ ഒന്നും കൂടെ.... റോസിന് വാക്കുകൾ കിട്ടുന്നില്ല, ഞാൻ അമലിനെ വിളിക്കട്ടെ! സാറയുടെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു വന്നു.

പുറത്ത് ചാറ്റൽമഴയോ, അതോ മഞ്ഞു വീഴ്ച്ചയോ? എന്ത് തന്നെയാണെങ്കിലും, പ്രകൃതിയുടെ സംഗീതത്തിനൊപ്പം, കിളികളുടെ ചുണ്ടിൽ നിന്ന് ഉതിർന്ന തേൻ മൊഴികൾ കേൾക്കണമെങ്കിൽ, നന്നായി ചെവി കൂർപ്പിച്ചു പിടിക്കണം, കാരണം സാറയുടെ പ്രാണനിലും ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. നെഞ്ചകത്തിനുള്ളിലേക്ക് വീഴുന്ന ഓരോ നനുത്തതുള്ളിയും, പുഴയായ് മാറുന്നത് സാറ അറിഞ്ഞു. ആ പുഴയിപ്പോ ശാന്തമാണ്. എത്രയോ മാസങ്ങളായി വലത്തെ കയ്യും, കാലുകളും തളർന്നു സാറ കിടക്കുക യാണ്.പെട്ടെന്ന് ഈ അവസ്ഥയിലേക്ക് മാറിയപ്പോ സാറക്ക് എല്ലാവരോടും വിദ്വേഷമായിരുന്നു, ഡോക്ടർമാര് സാറയുടെ സംസാരശേഷി നഷ്‌ടപ്പെട്ടിട്ടില്ല എന്ന് വിധിഎഴുതിയെങ്കിലും, എന്നാൽ സാറ സംസാരിച്ചതേ ഇല്ല, വിധിയോടോ, ദൈവത്തോടോ, ആരോടുള്ള പിണക്കമായിരുന്നു എന്ന് സാറക്ക് മാത്രമേ അറിയുമായിരുന്നുള്ളു.അങ്ങനെ ഒരു ദിവസം സാറയുടെ ചുണ്ടിൽ നിന്ന് വാക്കുകൾ അടർന്നു വീണു. "എനിക്കൊന്ന് ഐക്കരയിലേക്ക് പോവണം."അവളുടെ മുഖത്ത് കാണാമായിരുന്ന വിദ്വേഷത്തിന്റെ കടലിരമ്പലുകൾ പിന്നെ കണ്ടതേയില്ല. ആ സ്ഥാനത്ത് പിന്നെ കണ്ടത് നേരിയ മന്ദഹാസത്തിൽ വിരിഞ്ഞ ഇളം കാറ്റിന്റെ ശോഭയായിരുന്നു.

"അമൽ... അമൽ..." റോസ് അമലിനെ അട്ടഹസിച്ചു കൊണ്ട് വിളിച്ചു.

അമൽ, സാറയുടെ വെപ്രാളപ്പെട്ടുള്ള വിളി കേട്ട് ഭീതിയോടെ ഓടിയെത്തി. "എന്തേ എന്തു പറ്റി?"

"സാറയുടെ വലത്തേ കൈ ചലിച്ചു." ഇതുവരെ നിർജീവമായി കിടന്നിരുന്ന സാറയുടെ വലത്തെ കൈ താലോടികൊണ്ട്, അത്ഭുതം സ്ഫുരിക്കുന്ന വാക്കുകളോടെ റോസ് പറഞ്ഞു.

അമലിന്റെ വദനം വിരിഞ്ഞു, കണ്ണുകൾ പ്രകാശിച്ചു, ചുണ്ടുകളിൽ വിറയൽ പൊടിഞ്ഞു. സന്തോഷം താങ്ങാൻ പറ്റാത്തതിൽ ആവണം നെഞ്ചിൽ കൈ വെച്ചു കൊണ്ട് സാറയുടെ തണുത്ത കൈകൾ എടുത്തു ചുണ്ടോട് ചേർത്ത് ചുംബിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.

"അമൽ..." റോസ് വിളിച്ചു.

അമൽ നിന്നു.

"സാറയെ ഹോസ്പിറ്റലിലേക്ക് മാറ്റണം. ഇതൊരു നല്ല തുടക്കം ആണ്, സ്നേഹമായ പരിചരണവും, ഫിസിയോതെറാപ്പിയും ഉണ്ടെങ്കിൽ, നമുക്ക് സാറയെ വീണ്ടെടുക്കാം," സാറ' പുനർജനിച്ചേ മതിയാകൂ, അവൾക്ക് ഒരു ലക്ഷ്യമുണ്ട്.

ടൗണിൽ ഉള്ള കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത സാറക്ക് അത്ര വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. ഇതിൽ കൂടുതൽ ഒന്നും സാറയുടെ കാര്യത്തിൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ലായിരുന്നു. എന്നാലും കൈകൾ രണ്ടും സുഗമമായത് കൊണ്ട് ഇപ്പോൾ സാറക്കിഷ്‌ടം വീൽ ചെയറിൽ സമയം കൊല്ലാനാണ്.

"നമ്മൾ വിചാരിക്കും പോലെയല്ല ഓരോരുത്തർക്കും വ്യത്യസ്ഥരീതിയിൽ ആണ് ജീവിതം ഒരുക്കുന്നത്, ആർക്കൊക്കെ എന്തൊക്കെ സംഭവിക്കണം, സംഭവിക്കാതിരിക്കണം, എന്നല്ലാം ദൈവത്തിന്റെ കണക്ക് കൂട്ടലിൽ മാത്രമേ നടക്കുകയുള്ളൂ." ഇതായിരുന്നു റോസ്, സാറയോട് നിരന്തരം ഉപദേശിക്കാറ്.

എന്നാൽ അന്നത്തെ ദിനപത്രത്തിന്റെ മുൻപേജിലുള്ള 'ജീവിതമേ ചോർന്നു പോവരുതേ 'എന്ന വാർത്ത സാറയെ ആകെ തളർത്തി,സാറയുടെ ഉള്ള് തേങ്ങി, സങ്കടകടൽ ആർത്തിരമ്പി,എന്തിനു വേണ്ടിയോ മനം തുടിച്ചോ? മുലകണ്ണുകൾ പാൽ ചുരത്തിയോ? താരാട്ടിന്റെ ഈണം ചെവിയിൽ വന്ന് ചൊല്ലി.

ഭൂമിയാരുടെതാണ്? ഭൂമിയിലേക്ക് ഓരോ അമ്മയും പെട്ടിട്ട മക്കൾ, ജനിച്ചിടത്ത് പോലും സുരക്ഷിതത്വം ഇല്ലാതെ,കരിഞ്ഞു വീഴുന്നു. കാതിലെത്തുന്ന ഓരോ വാർത്തയും, കരളലിയിച്ചപ്പോ, തേങ്ങാനോ, കരയാനോ തോന്നിയില്ല.നിസംഗതാ എന്ന നാല് അക്ഷരത്തിന്റെ അടിമയായി, ശൂന്യതയിലേക്ക് നോക്കാനെ സാറക്ക് കഴിയുമായിരുന്നു. ആല്ലെങ്കിൽ കാട്ടി കൂട്ടുന്നത് ഒക്കെ ആർക്കു വേണ്ടി, എന്തിനു വേണ്ടി, ഈ ലോകത്തിന്റെ ഗണിതപുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ, മനുഷ്യരുടെ ജനന,മരണ കാലഘട്ടം രേഖപ്പെടുത്തുന്നത് എത്രയോ കുറഞ്ഞ വർഷങ്ങൾ ആണ്. മരണം നമ്മുടെ തൊട്ടുപുറകിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാം, പ്രായമായവർ എന്നോ, കുഞ്ഞുങ്ങൾ എന്നോ, എന്നൊന്നുമില്ല, ആരും ആവാം, ദൈവം ദാനം തന്ന ഇത്തിരി ആയുസ്സിനുള്ളിൽ സ്വാർത്ഥതാല്പര്യങ്ങൾ നടത്താൻ വേണ്ടി എല്ലാവർക്കും അധികാരത്തിൽ എത്തണമെന്ന് ഒറ്റ ചിന്തയെ ഉള്ളൂ...

കട്ടിലിലും, വീൽചയറിലും ആയ ദിനങ്ങൾ ഓരോന്നു ആലോചിച്ചു സാറയുടെ ഉള്ള് എന്നും കത്തിയുരുകയും,ആ ചൂട് ശരീരത്തിൽ ആകമാനം വ്യാപിക്കുകയും ചെയ്യും. എന്നിട്ടും എല്ലാ പ്രതികരണവും, സ്വയം ഇഷ്‌ടങ്ങൾ ഒക്കെയും കൂട്ടിലടച്ചു.ചിറ കടിക്കാൻ കഴിയാതെ, ചലിക്കാൻ കഴിയാതെ, മനസിനുപോലും ബന്ധനത്താൽ മടുപ്പ് അനുഭവപ്പെട്ടിരുന്നു. സാറയുടെ കൂടെ പിറന്ന റോസിന്റെയും, ഹോം നേഴ്സ് സുമതിയുടെ ചലനങ്ങൾ കൊണ്ട് മാത്രം സാറ ജീവിച്ചു.വീൽ ചെയറിൽ ഇരുന്നുകൊണ്ട് എന്നും സാറക്ക് തന്റെ മനസ്സിനെ ശക്തമാക്കാനും, ആ ഓർമകളെ താലോലിച്ചുകൊണ്ട്, കുളിരു കോരുവാനും കഴിഞ്ഞു. സാറക്ക് എന്നും കുട്ടികാലത്തെ തന്റെ പ്രിയപ്പെട്ട ജന്മസ്ഥലമായ ഐക്കരയിലേക്ക് എത്തിനോക്കുക പതിവായിരുന്നു.


ഭാഗം 2

സാറയുടെ കണ്ണുകൾ കലങ്ങി വരുന്നുണ്ടായിരുന്നു. ദേഷ്യം കൊണ്ട് ആ മുഖം ചുവന്നു. റോസ് ആവട്ടെ കരച്ചിലും, സ്കൂൾ വിട്ടിട്ട് കുറെ നേരമായി, അപ്രതീക്ഷിതമായി പെയ്ത മഴയായത് കാരണം ഇവർ രണ്ട് പേരും ഒരു കടത്തിണ്ണയിൽ കയറി നിന്നു.


മഴയുടെ ആരവം കുറച്ചൊന്നു നിലച്ചപ്പോ ഇവർ റോഡിലേക്ക് ഇറങ്ങിയതായിരുന്നു. അപ്പോൾ ഏതോ ഒരുത്തൻ വെള്ളം തെറിപ്പിച്ചു കൊണ്ട് തന്റെ കാറിൽ പറന്നു പോയി. രണ്ട്പേരുടെയും ഉടുപ്പ് മുഴുവൻ ചെളിവെള്ളം പരന്നു. പിന്നെയെങ്ങിനെ ഇവർക്ക് ദേഷ്യം വരാതിരിക്കും.

ഒരേ ഞെട്ടിൽ വിരിഞ്ഞ രണ്ട് ഇരട്ടകൾ ആണെങ്കിലും മനോഹരമായ രണ്ട് വ്യത്യസ്‌ഥ പുഷ്പമാണവർ. ഐക്കരയാകെ ഈ കൊച്ചു സുന്ദരികളുടെ കിളിമൊഴിയും, പാദസ്പർശനവും ഏറ്റ് കുളിര് കൊണ്ടു. രൂപം പോലെ തന്നെ സ്വഭാവത്തിലുമുണ്ട് ഇവർക്ക് വ്യത്യസ്ഥത. റോസിന് മുടി രണ്ട് ഭാഗവും പിന്നിയിട്ട് മുന്നിലേക്ക് ഇടാൻ ആണ് താല്പര്യം. എന്നാൽ സാറ മുടി ഒരിക്കലും കെട്ടി വെക്കില്ല. കളിക്കൂട്ടുകാരായ അല്ലുവും, ക്രിസ്റ്റിയുമൊക്കെ സാറയെ ഐക്കര യിലുള്ള 'യക്ഷി' എന്നാണ് വിളിക്കുക. പട്ടു പാവാടയും, ബ്ലൗസും ആണ് ഇവരുടെ സ്ഥിരം വേഷം. ഇതിൽ സാറക്ക് ഇഷ്‌ടം കടുത്ത നിറത്തോട് ആണെങ്കിൽ, റോസിന് നേരെ മറിച്ചും.കുഞ്ഞു കല്ലുകളോട്കൂടിയ ജിംകി കമ്മൽ, ഡ്രെസ്സിന്റെ കളർ അനുസരിച്ചു കുപ്പി വളകൾ മുത്തുമാലകൾ, ഇതിൽ ഒരു പ്രത്യേകത ഉണ്ട്.സാറയുടെ ആഭരണത്തിന്റെ അതേ കളർ ആഭരണമേ റോസ് അണിയാറുള്ളു... സാറയുടെ നിഴൽ ആയി എന്നും റോസ് ഉണ്ടാകും, ഇഷ്‌ടാനുഷ്‌ടങ്ങൾ വ്യത്യസ്‌ഥമാണെങ്കിലും രണ്ട് പേർക്കും പിരിഞ്ഞിരിക്കാൻ പ്രയാസമാണ്. റോസ് കരഞ്ഞത് സാറക്ക് സഹിച്ചില്ല ഇതാണ് സാറക്ക് ദേഷ്യം വരാൻ കാരണം.

"ചാച്ചനെവിടെ മക്കളെ..."

 ഇവരുടെ തൊട്ടടുത്തു താമസിക്കുന്ന അയൽവാസി അമ്പിചാച്ചൻ ഇവരുടെ രക്ഷക്കെത്തി.

"എന്നും ചാച്ചനുണ്ടാവുമല്ലൊ നിങ്ങളെ കൂടെ, ഞാൻ വീട്ടിൽ എത്തിക്കാം." അമ്പിചാച്ചൻ പറഞ്ഞു.

"വേണ്ടാ അമ്പിചാച്ചാ.... ഞങ്ങൾ പൊയ്ക്കോളാം."

ചില പറവകൾ നീലാകാശത്തെ തൊട്ടുരുമ്പികൊണ്ട് വായുവിൽ കൂടെ മത്സരിച്ചു ഓട്ടം നടത്തും. എന്നാൽ ചിലത് അന്നം തേടിയുള്ള യാത്ര തല്ക്കാലം അവസാനിപ്പിച്ചു കൊണ്ട് ചിറകുമുളക്കാത്ത കുഞ്ഞുങ്ങൾക്കുള്ള അന്നം ശേഖരിച്ചു കൂടണയുന്നു.

സാറക്ക് പറവകളെ കാണുമ്പോൾ അമ്പിചാച്ചനെയാണ് ഓർമ വന്നത്. അയാൾ തന്റെ തയ്യൽ കട സ്കൂൾ വിടുന്ന നേരത്ത് അടക്കും. പിന്നെ അയാളുടെ രണ്ട് പിള്ളേർക്ക് വേണ്ടിയുള്ള പലഹാരമായി വീട്ടിലേക്ക് പുറപ്പെടും. പിന്നെ അവിടെ ഒരു ഉത്സവമാണ്. കൂട്ടത്തിൽ സാറക്കും, റോസിനും കരുതിയിട്ടുണ്ടാകും.

"മറിയേ...ഇന്ന് കപ്പയും, മീനുവാടീ....ആ കത്തിയും, ചെരുവയുമിങ്ങടുത്തെ ഞാൻ വൃത്തിയാക്കി തരാം."ഇത് കേൾക്കുമ്പോഴേക്കും, സാറയുടെയും, റോസിന്റെയും, വായിൽ കപ്പലോട്ടം തുടങ്ങിയിട്ടുണ്ടാകും. അല്ലുവിനും,മറിയമ്മച്ചിക്കൊന്നും കപ്പയോട് വലിയ താല്പര്യം ഒന്നും ഇല്ല. അച്ചൂതേട്ടന്റെ ചായകടയിൽനിന്ന് കൊണ്ടുവരുന്ന, ഉണ്ട,ബോണ്ട,മുട്ടപ്പം, പഴം പൊരി, എന്നീ പലതരം പലഹാരങ്ങൾ ഉണ്ട്, എന്താ അതിന്റെ ഒരു സ്വാദ്. ആ ഹോട്ടലിന്റെ മുന്നിൽ കൂടി പോയാൽ മതി , അത് അകത്താക്കിയ പ്രതീതിയാണ്. ഒരു ദിവസം എത്ര തിന്നും എന്നൊന്നും ചോദിച്ചാൽ ഒരു കണക്കുമില്ല. കയ്യിൽ എന്തെങ്കിലും തടഞ്ഞാൽ ഓടും കടയിലേക്ക്, നാണയങ്ങൾ ആണെങ്കിലോ, പെട്ടിക്കടയിലേക്ക് ഓടും, കടിച്ചാപൊട്ടി, പല്ലിമേൽഒട്ടി. കുക്കീസ്, പാരീസ് മിഠായി, പലതരം കടലകൾ. നാലൊരു ബിരിയാണി തിന്നതിനേക്കാൾ ടേസ്റ്റിൽ ഇവയൊക്കെ കൊറിച്ചു നടക്കും. മായം ഒട്ടും ഇല്ലാത്ത, സ്നേഹം ചാലിച്ചു ഉണ്ടാക്കുന്ന ഓരോ രുചി കൂട്ടും, തട്ടി പൊത്തി ഓരോ പലഹാരങ്ങാകും ഉണ്ടാക്കുമ്പോൾ, ഉണ്ടാക്കുന്നവരുടെയും, കഴിക്കുന്നവരുടെയും മനസ്സും, ശരീരവും നിറയും.

"മീൻ വെട്ടിയോടി മറിയെ....."അമ്പിച്ചാച്ചൻ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു.

"മീൻ വെട്ടി കഴുകി, അടുപ്പത്തായി. ഇങ്ങൾ എന്ത് സ്വപ്നം കണ്ട് കൊണ്ടിരിക്ക്യാ..."മറിയമ്മച്ചി അതേ ഊക്കിൽ പറഞ്ഞു.

നിന്റെ മലപ്പുറം സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിയെടീ... അമ്പിചാച്ചൻ കപ്പയും കൊണ്ട് അടുക്കളയിൽ എത്തിയിരുന്നു.

"എന്നിട്ട് ഇങ്ങൾ മൂക്കുമുട്ടെ തിന്നുന്നത് കാണാലോ,"മറിയമ്മച്ചിക്ക് ശുണ്ഠികേറി.

മറിയമ്മച്ചി മലപ്പുറംകാരിയാണെന്ന് മാത്രമല്ല. ഒരു മുസ്ലിം കൂടിയാണ്. രണ്ട് പേരും സ്നേഹം മൂത്ത് മലപ്പുറത്ത് നിന്ന് വയനാട്ടിൽ എത്തിയതാണ്.

എന്തൊരു ചേലായിരുന്നെന്നോ!മറിയത്തെ കാണാൻ, കസവു തട്ടവും, ചൈനാസിൽക്ക് പാവാടയുമൊക്കെയുടുത്തു പതിനാലാംരാവ്‌ ഉദിച്ചത്പോലെ,രണ്ട് ഭാഗത്തുനിന്ന് മുൻവശത്തേക്ക് പിന്നിയിട്ട കാർകൂന്തലിൽ നിന്ന് നിർഗമിക്കുന്ന കസ്തൂരിമണത്തിന്റെ ഗന്ധം ഏവരെയും മനംമയക്കിയിരുന്നു.പിന്നെയെങ്ങിനെ ആംബ്രോസ് വീഴാതിരിക്കും. നാല് ആങ്ങളമാർക്ക് ഒരേ ഒരു പെങ്ങളായ മറിയത്തെയുംകൊണ്ട് നാടു വിട്ടത് അവരെങ്ങിനെ സഹിക്കും. നാട്ടുകാർക്ക് പറഞ്ഞു നടക്കാൻ വിഷയമായെങ്കിലും, ആര് പ്രേമിച്ചാൽ എന്ത്,ഒളിച്ചോടിയാൽ എന്ത്, മിശ്ര വിവാഹം പലതും നടക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ അധികമാൾക്കാരും കൈകടത്താറില്ല. എന്നാൽ വീട്ടുകാർക്ക് അങ്ങിനെ ഒന്നും അല്ലല്ലോ? മറിയത്തിന്റെ ഉമ്മ ബോധം കെട്ടു വീഴുന്നു. വാപ്പയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു. അടിയും, വഴക്കും, കേസും, എന്തൊക്കെ സംഭവിച്ചിട്ടും, ആംബ്രോസ്, മറിയ പ്രണയം പാതിവഴിക്ക് നിന്നില്ല, അത് എപ്പോഴും പൂത്തുലഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. മറിയം ആരും അറിയാതെ മുസ്ലിം ആചാരപ്രകാരം ജീവിച്ചു. ഇത് ആംബ്രോസിനെ വളരെയേറെ വിഷമിച്ചെങ്കിലും, പിന്നീട് പരാതി ഒന്നും പറഞ്ഞില്ല. എന്നാൽ അല്ലുവിനെയും, ക്രിസ്റ്റിയെയും, വേദ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ മറിയത്തിന് ഒരു എതിർപ്പും ഇല്ലായിരുന്നു.

"അമ്പിചാച്ചാ....ക്രിസ്റ്റിയെ ഒന്ന് വിളിക്കുമോ?"അത് ചീരു ആണ്, ചീരുവിന്റെ ഒന്നാം ക്ലാസ്സിൽ ഇപ്പോ ചേർന്ന മോൾക്ക് അക്ഷരം പറഞ്ഞു കൊടുക്കണം, കൂട്ടത്തിൽ ചീരുവിനും പഠിക്കണം, ചീരുവിന് പഠിച്ചു കളക്ടർ ആകാനൊന്നും അല്ലാട്ടോ, തന്റെ ശരീരം കിട്ടാൻ വേണ്ടി സ്നേഹം നടിച്ചു പറ്റിച്ച ആളോട് പകരം ചോദിക്കണം, അതിന് നാലക്ഷരം പഠിക്കണമെന്നാണ് ചീരുവിന്റെ വാദം.

വയനാട് ചുരത്തിലേക്കുള്ള വാതിൽ തുറക്കുന്നത് അടിവാരം എന്ന സ്ഥലത്ത് നിന്നാണ്.പിന്നെ കോടമഞ്ഞുകൾ മന്ദം തൂകി ഒഴുകിയിറങ്ങുന്ന മനോഹരമായ കാഴ്ചയോടൊപ്പം, പ്രകൃതി പച്ചപട്ടുടുത്തു നിൽക്കുന്നത് പോലെയുള്ള വൃക്ഷകൂട്ടങ്ങളുടെ നൃത്തവും, സംഗീതവും വല്ലാത്തൊരു അനിഭൂതിയിൽ ആറാടി, ലയിച്ചിരിക്കുമ്പോൾ, കുന്നിൻ ചെരുവിലോക്കൊന്ന് മിഴികൾ എറിഞ്ഞാൽ, മേഘകൂട്ടങ്ങളുടെ പറുദീസയുടെ വാതയാനങ്ങൾ തുറക്കുകയായി. മഞ്ഞു മലകൾ, ഐസ് ഗോപുരം പോലെയും,കാടും, മേടും,കാട്ടാറുകളും, നേർത്ത സംഗീതത്തിന്റെ ഒളിമിന്നൽ, കാനനചോലയെ ഒരു വെള്ളികൊട്ടാരം പോലെയും, അതിന്റെ സുഖ സുഷുപ്തിയിൽ മതി മറന്നിരിക്കുന്ന രാഞ്ജിയെയും, തോഴിമാരെയും പോലെ ഒരു നിമിഷം നമ്മുടെ ഒക്കെ ഉള്ളിലേക്ക് മിന്നൽ പിളരും.

വയനാടിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമ പ്രദേശത്ത് നിന്ന്, ഏകദേശം അഞ്ചു കിലോമീറ്റർ യാത്രചെയ്താൽ 'ഐക്കര'എന്ന അധികം ചെറുതല്ലാത്ത ഒരു ഗ്രാമത്തിലേക്ക് എത്തുകയായി.'ഐക്കര' പ്രാദേശത്തുള്ളവർ,വളരെ നിശ്കളങ്കരാണ്, പരസ്പരം പ്രാണൻ കൊടുത്ത് അങ്ങോട്ടും, എങ്ങോട്ടും, സ്നേഹിക്കുന്നു, ആരും കൊലപാതികളോ ,മോഷ്ട്ടാക്കളോ ആയി ആരും ജനിക്കുന്നില്ല, സാഹചര്യമാണ് അവരെ ഓരോ കുറ്റ കൃത്യത്തിലേക്കും നയിക്കുന്നത്, എന്നാൽ ഐക്കരയിൽ അങ്ങനെ ഒരു സാഹചര്യവും ഇല്ല. മനുഷ്യരല്ലേ, ചിലയിടത്ത് ചില കുശുമ്പും, കുന്നായ്മയുമൊക്കെ തല പൊക്കിയാലും, മിക്കയാൾക്കാർക്കും സ്നേഹിക്കാനും, സഹായിക്കാനുമുള്ള നല്ല മനസ്സ് ഉണ്ടായിരുന്നു. പലപ്പോഴും ഏതെങ്കിലും വീട്ടിൽ എന്തെങ്കിലും തരത്തിൽ ആപത്ത് ഉണ്ടായാൽ മാത്രമേ ജനങ്ങളുടെ നന്മ എത്രമാത്രം ഉണ്ട് എന്ന് മനസ്സിലാവുകയുള്ളൂ. എന്നാൽ ഐക്കര അങ്ങിനെയല്ല, ആവശ്യങ്ങൾ അറിഞ്ഞ് എപ്പോഴും പരസ്പരം സഹായിക്കുന്ന മനസ്സുകളുടെ ഉടമകളായിരുന്നു മിക്കയാൾക്കാരും.

സാറയുടെയും,റോസിന്റെയും അപ്പനും അമ്മച്ചിയുമായ പൗലോസും, ത്രേസ്യാമ്മയും, ഐക്കര മുഴുവൻ പടർന്നു പിടിച്ച നിറസാന്നിധ്യമാണ്. ഒരേ ഒരു പ്രശ്നമേ ഉള്ളൂ. ഇവരുടെ വേരുകൾ ആരും ചോദിക്കാൻ പാടില്ല. ചോദിച്ചാൽ ദേഷ്യമോ,ശുണ്ഠിയോ ഒന്നും അല്ല, മൗനിയാകും, പിന്നെയാ കണ്ണുകൾ കലങ്ങും. ഉള്ള വേരിൽ ഉറപ്പിച്ചാണ് ജീവിതം കൊയ്തത്. കുറച്ചു ഭൂമി വാങ്ങി വയനാട്ടിലേക്ക് കയറുമ്പോൾ എല്ലാ ബന്ധങ്ങളും കത്തി ചാമ്പൽ ആയി. ഇപ്പോ ഇതാ കണ്ണിലെ കൃഷ്ണമണികളായ റോസും, സാറയും, അവർ പടർന്നു കയറി കൊള്ളും. രാവും, പകലും കൃഷി ഇറക്കി പണി എടുത്ത് പൊന്നു വിളയിക്കുന്നത് സാറക്കും, റോസിനും വേണ്ടി മാത്രമാണ്.

തുടരും... 


ഭാഗം 3

മമ്മാലിക്കയും, പാത്തുമ്മ താത്തയും അവരുടെ രണ്ട് മക്കളും ഐക്കരയിലെ കുടുംബത്തിലെ വേറൊരു അംഗങ്ങൾ ആണ്,6 പ്രസവിച്ച പാത്തുമ്മത്താത്തന്റെഅവസാനത്തെ 2 കുട്ടികൾ ഒഴികെ ബാക്കി 4 കുട്ടികളെ പടച്ചോൻ അങ്ങോട്ട് എടുത്തു. ഇതാണ് കുട്ടികളെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ പാത്തുമ്മ താത്തന്റെ മറുപടി. അവസാനത്തെ കൺമണികളുടെ പേര് സഫാനും, മജീദും ആയിരുന്നു.


നമ്മുടെ പാട്ടുകാരൻ മമ്മാലി...

ഒന്ന് കൂട്ടുകൂടാൻ വായോ....

മമ്മാലിക്കയെ കളിയാക്കുകയാണ് പൗലോസ്. കാരണം മമ്മാലിക്കയുടെ ചുണ്ടിൽ ഏതിനും, എന്തിനും, മമ്മാലിക്കയുടെ ശൈലിയിൽ ഒരു സംഗീതമുണ്ട്. സംസാരിക്കുന്നതിനിടയിലും പലപ്പോഴും സംഗീതം വിതറും. ജഗതി ശ്രീകുമാറിന്റെയും, ഹരിശ്രീ അശോക ലെന്റെയും കട്ട ഫാൻസ്‌ ആയത് കാരണം മിക്ക കല്യാണങ്ങൾക്കും, മമ്മാലിക്കയുടെ കോമഡിയും, പാരഡിയുമൊക്കെ ഉണ്ടാകും. അങ്ങനെ നാട്ടിൽ എന്ത് ആഘോഷപരിപാടി ഉണ്ടെങ്കിലും മാമ്മലിക്ക ഉണ്ടെങ്കിൽ ഉഷാറാണ്.

പാത്തുമ്മതാത്താന്റെ ആറ് പ്രസവവും നോക്കിയത് മമ്മാലിക്ക ആണ്. ഭാര്യയോട് ഇത്ര സ്നേഹമുള്ളയാൾ ഐക്കരയിൽ ഉണ്ടാവില്ല എന്നാണ് എല്ലാവരും രഹസ്യമായി പറയാറുള്ളത്. ഏതെങ്കിലും ഒസ്സാത്തി പെണ്ണുങ്ങളെയോ,തന്റെ ഉമ്മയെയോ വിളിക്കാൻ എന്ന് പാത്തുമ്മതാത്ത പറയുമ്പോൾ മമ്മാലിക്ക മറുപടി പറയും.

"വേണ്ട കരളേ മ്മള് നോക്കൂലേ അന്നേ...

പിന്നെ എന്തിനാടീ ഒസ്സാത്തി.

ൻറെ കരളിനെ മ്മള് നോക്കൂലേ."

പിന്നെ പാത്തുമ്മതാത്ത ഒന്നും മിണ്ടൂല.

അങ്ങിനെ ഒരു ദിവസം മാനം പെട്ടെന്ന് കറുത്തു. പറവകളൊക്കെ കൂടണയാൻ തിടുക്കം കാട്ടി, ഓടി തുടങ്ങി. പുറത്ത് ഉണങ്ങാൻ ഇട്ടിരിക്കുന്ന അലക്കിയ തുണികൾ എല്ലാവരും തിടുക്കത്തിൽ എടുത്തു വെച്ചു.മഴയുടെ കുതിച്ചു ചാട്ടം ആണെന്ന് വിചാരിച്ചവർക്ക് തെറ്റി. മഴ പെയ്തില്ല. പക്ഷി മൃഗാദികൾ ഇരുണ്ട് തുടങ്ങിയ അന്തരീക്ഷത്തെ നോക്കി അവരുടെ ഭാഷയിൽ ഭീതി പെടുത്തുന്ന ശബ്‌ദകോലാഹലങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെ മനസ്സിലും, കാറും, കോളും വന്നു പതിച്ചു. പെട്ടെന്ന് ഇരുളും, മേഘങ്ങളും വഴി മാറി. മൊത്തത്തിൽ മഞ്ഞ വെളിച്ചംആകമാനം പരന്നു.പെട്ടെന്നാണ് മമ്മാലിക്കക്ക് നെഞ്ച് വേദന വന്നത്. ഹോസ്‌പിറ്റലിൽ എത്തുമ്പോഴേക്കും നല്ലവനായ മമ്മാലിക്ക ഈ ഭൂമി വിട്ട് പോയിരുന്നു.

മയ്യത്ത് പള്ളിയിലേക്ക് എടുക്കാൻ തിടുക്കം കൂട്ടുമ്പോൾ ആണ് മമ്മാലി ക്കന്റെ അളിയൻ ബീരാൻക്കായുടെ വീട്ടിലേക്ക് ഒരു ഫോൺ കാൾ വന്നത്. "തലശ്ശേരിയിൽ നിന്ന് വേണ്ടപ്പെട്ടവർ വരുന്നുണ്ട്. മയ്യത്ത് എടുക്കരുത്."

ആരാപ്പം തലശ്ശേരിയിൽ നിന്ന്, ചുണ്ട് ചുണ്ടുകളോട് മന്ത്രിച്ചു.

"പാത്തുമ്മൂ...."വീരാൻക്ക പാത്തുമ്മതാത്തയോട് ചോദിച്ചു. "മ്മളെ ആരെങ്കിലും വരാനുണ്ടോ? തലശ്ശേരിയിൽ നിന്ന് ആണത്രേ."

"മ്മക്കൊന്നും ഓർക്കാൻ പറ്റണില്ല ഇക്കാക്കാ... "അവർ അലമുറ ഇട്ടു കരഞ്ഞു.

അങ്ങനെ എല്ലാവരും ആകാംക്ഷ യോടെ കാത്തിരുന്നവർ ഒരു ജീപ്പിൽ വന്നെത്തി.

ഐക്കര മുസ്ലിം പള്ളിയിലെ മൊല്ലാക്കയുടെ കൂട്ട് രണ്ട് ചെറുപ്പക്കാരും, മധുരനാരങ്ങളുടെ മുഖമുള്ള രണ്ട് പെൺകുട്ടികളും, ഏറ്റവും പിന്നിൽ നിശബ്ദമായി കണ്ണീര് പൊഴിച്ചു കൊണ്ട് ഒരു മൊഞ്ചത്തി യുവതിയും. ആ മൊഞ്ചത്തിയെ പറിച്ചു നട്ടത് പോലെയായിരുന്നു,പത്തും എട്ടും, വയസ്സ് തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ.

ഐക്കരയാകെ അന്തം വിട്ടു നിന്നു. ജീപ്പിന്റെ ഡ്രൈവർ രണ്ട് പെട്ടിയുമായി ഇവരുടെ പിറകെ വരുന്നുണ്ട്, അത് കണ്ടപ്പോ എല്ലാവരും ഒന്നും കൂടെ അന്തം വിട്ടു.

ആർക്കും ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല, ആരും തുനിഞ്ഞതും ഇല്ല. അപ്പോഴേക്കും നിലവിളികൾ ഉയർന്നിരുന്നു. ൻറെ മാമ്മലിക്കാ, ന്റെ ബാപ്പച്ചീ....എന്ന് പറഞ്ഞു പതം പറഞ്ഞു കരയുന്ന കുടുംബത്തെ കണ്ട് എല്ലാവരും ഷോക്ക് അടിച്ചത് പോലെ ആയി.

കബറടക്കം കഴിഞ്ഞ് ആർക്കും പിരിഞ്ഞു പോവാൻ തോന്നിയില്ല, എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ആളുകൾ ആകാംഷയോടെ കാത്തിരുന്നു.

"ന്നാലും മമ്മാലിക്ക ന്നോടും, കുട്ടികളോടും ഈ ചതി ചെയ്തല്ലോ? ന്നെയും, മക്കളെയും കൂടെ കൊണ്ട് കൂട്ടായിരുന്നില്ലേ ഇങ്ങൾക്ക്. മ്മക്കിത് കാണാൻ വയ്യേ.... മ്മക്ക് ഇനി ജീവിക്കേണ്ട...." ഇതൊക്കെ പറഞ്ഞായിരുന്നു പാത്തുമ്മതാത്തന്റെ നിലവിളി, അത് കണ്ടു നിന്നവരുടെ കണ്ണുനിറഞ്ഞു.

സത്യത്തിൽ ഒരു കുടുംബം,അവർ തമ്മിലുള്ള പരസ്പര ബന്ധം,സ്നേഹം വിശ്വാസം എന്നൊക്കെ പറഞ്ഞാൽ, അത് പുറമെ കാണുന്ന കാഴ്ചകൾക്ക് പുറമെ ആരും കാണാത്ത തുരങ്കത്തിലേക്കാണ് തളക്കപ്പെട്ടിരിക്കുന്നത്.

വിദ്യാഭ്യാസമില്ലാത്തവളാണെങ്കിലും, ചോദിച്ചു വാങ്ങുന്ന സ്നേഹത്തിന് കൈപ്പു നീര് കലരും എന്ന് പാത്തുമ്മതാത്തക്ക് അറിയാം. അവർ ഒരിക്കലും സ്നേഹത്തിനു വേണ്ടി യാചിച്ചിട്ടുണ്ടായിരുന്നില്ല. സ്നേഹിക്കപെടുകയായിരുന്നു.രണ്ടുപേരും കൂടി ഒരു സ്നേഹത്തിന്റെ ഒരു വന്മരം തന്നെ കെട്ടിപടുത്തിട്ടുണ്ടായിരുന്നു. അതാണിപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ കടപുഴകി വീണുപോയത്.അതിന്റെ ചില്ലയിൽ കൂടൊരുക്കി , മഴയും, വെയിലും കൊള്ളാതെ, അഭയം തേടിയവരുടെ മനസ്സിലേക്കാണ് വിള്ള ലുകൾ പ്രത്യക്ഷപ്പെട്ടത്.ആ വിള്ളലുകൾ ദിക്കറിയാതെ, ചുഴലികാറ്റിൽ പെട്ട് ചിതറി പോയി. ആരുടെയൊക്കെയോ കരവലയത്തിൽ പെട്ട് ഞെറിഞ്ഞമർന്നു പോയി.

മൗനം, മൗനമായിരുന്നു പാത്തുമ്മതാത്തന്റെ ഉള്ളകം. എന്ത്, എപ്പോൾ, എങ്ങിനെ?ഈ സംശയങ്ങൾ സ്വയം ചോദിച്ചു കൊണ്ട് അവർ ഉള്ളിലെ നീറ്റൽ കടിച്ചമർത്തി.

"മ്മള്, ഇറങ്ങാണ് ട്ടൊ ഇത്താ..."കത്തി എരിയുന്ന ഓർമകളെ മുറിപ്പിച്ച ആ ശബ്‌ദം വന്ന ഭാഗത്തേക്ക് പാത്തുമ്മ താത്ത നോക്കി.

എന്തൊരു മൊഞ്ചാണ് ഈ പഹച്ചിക്ക്, വെറുതെയല്ല മ്മളെ മമ്മാലിക്കാ....അവര് ചിന്തിച്ചു.

ഉമ്മച്ചിയുടെ തിളങ്ങുന്ന മുണ്ടിൻ കോന്തല പിടിച്ചു കൊണ്ട്, നിറവും, അഴകുമുള്ള രണ്ട് പെൺകുട്ടികൾ. പാത്തുമ്മതാത്താന്റെ മുലകളിൽ അമ്മിഞ്ഞ നിറഞ്ഞു വരുന്നത് പോലെ, തന്റെ വയറ്റിൽ പിറക്കാതെ, സൃഷ്ടിയുടെ അമാനുഷികമായ മായവലയങ്ങൾ കൊണ്ട് എവിടെയോ, വഴിമാറിപോയി ഭൂജാതനായ രണ്ടു കുരുന്നുകൾ,ന്റെ മമ്മാലിക്കയുടെ കുട്ടികൾ.മൂത്ത കുട്ടി മജീദിനെ എടുത്ത് ഒക്കെത്ത് വെച്ചിരുന്നു. സഫാനെ അരുമയോടെ ചേർത്ത് പിടിച്ചിരുന്നു.സത്യം പറഞ്ഞാൽ അപ്പോഴാണ് മജീദിനെയും, സഫാനെയും പാത്തുമ്മതാത്തക്ക് ഓർമയായത്, തന്നെ.

"ഞങ്ങളോട് പൊറുക്കണേ ഇത്താത്ത,"ആയിഷു എങ്ങലടിച്ചു കരഞ്ഞു. ആ കാൽക്കൽ വീണു.

"മ്മള്, പൊറുക്കാന് പടച്ചോൻ ഒന്നും അല്ലല്ലോ?ഒരു സാധാരണ പെണ്ണാണെന്റെ ആയിശൂട്ടീ,"അതും പറഞ്ഞു കൊണ്ട് ആയിഷുവിന്റെ അരുകിലായി നിന്നിരുന്ന നിന്നിരുന്ന കുട്ടികളെ ചേർത്ത് പിടിച്ചു.

ഈ പഞ്ചാര മണികളെ കൊണ്ട് ഇയ്യ് എവിടെ പോണ്, കുറച്ചീസം, ഇവരും, ഞമ്മളെ കുട്ടികളും ഒന്നിച്ച് നിക്കട്ടെ. അല്ലെങ്കിലും എവിടെ പോണൂ. അന്നോട് ഇനിക്ക് ദേഷ്യം ഒന്നും ഇല്ലട്ടൊ,പാത്തുമ്മതാത്ത നാലു മക്കളെയും, തന്റെ ഉദരത്തോട് ചേർത്ത് നിർത്തി വട്ടം പിടിച്ചു നിന്നു."ഐക്കരയിലേക്ക് വിരുന്ന്കാരായി എത്തിയ ആ പനിനീർ പൂക്കളെ പേര് മെഹറയും,സഹറയും ആയിരുന്നു.

ദൈവത്തിന്റെ സൃഷ്ടിക്ക് വല്ലാത്തൊരു നിഗൂഡതയുണ്ട്.അതിന്റെ ആസ്വാദനം ഒരിക്കലും മറ്റുള്ളവർക്ക് പൂർണമാകില്ല. റോസ് ചെടിക്ക് മുള്ളുള്ളത് പോലെ, കുന്നും, കുഴിയും പോലെ. അത്തരത്തിൽ ഐക്കരയിൽ ഒരാളുണ്ട്,യേശുദാസിന്റെ ശബ്ദത്തിൽ വളരെ മനോഹരമായി പാടും.പക്ഷെ ഉള്ളിൽ കള്ള് ചെല്ലണമെന്ന് മാത്രം.. പത്രോസ് എന്നാണ് പേര് എങ്കിലും എല്ലാവരും കള്ളുകുടിയൻ ചേട്ടൻ എന്നാണ് വിളിക്കുക. ദിവസവും എല്ല് മുറിയെ പണിയെടുത്ത് വൈകുന്നേരം ആ ക്യാഷ് കൊണ്ട് പോവുക കള്ള് ഷോപ്പിലേക്കാണ്. ഇരുട്ടായാൽ പിന്നെ ചേട്ടന്റെ മേളം തുടങ്ങുകയായി. പാട്ടും, തെറി വിളിയും, വീട് എത്തുന്നത് വരെ പൊടി പൊടിക്കും.ചേട്ടന് വേറെ ഒരു കഴിവും കൂടി ഉണ്ട്. പാട്ടുകൾ അപ്പപ്പോൾ സൃഷ്ടിക്കാൻ പറ്റും. അത് വളരെ ഈണത്തിൽ പാടുകയും ചെയ്യും. എന്തൊക്കെയാണെങ്കിലും വീട്ടിലുള്ള കുട്ടി പട്ടാളത്തിനൊക്കെ ചേട്ടൻ ഒരു പേടി സ്വപ്നമാണ്. ഉണ്ണാതെ മടി പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങൾക്കൊക്കെ ചേട്ടൻ വരുന്നുണ്ട് എന്ന് പറഞ്ഞാൽ മിണ്ടാതെ കഴിച്ചു കൊള്ളും.എന്നാൽ ഏത് കള്ളിന്റെ വീര്യത്തിൽ ആണെങ്കിലും ഭാര്യ ഏല്യമയെ കണ്ടാൽ പത്രോസിന്റെ മുട്ട് വിറക്കും എന്നാണ് നാട്ടുകാർ പറയുക.നേരം വെളുത്താൽ പിന്നെ നാട്ടുകാരോടും ഡീസന്റ് ആയി. എല്ലാവരോടും സ്നേഹത്തിൽ പെരുമാറും.

തുടരും... 


ഭാഗം 4

ചിലയാൾക്കാർക്ക് കാത്തിരിപ്പ് ഒരു സുഖം തന്നെയാണ് ചിലർക്ക് അത് ഉണങ്ങാത്ത മുറിവും.


"ഞാൻ തീർച്ചയായും വരും കുമാരീ... അച്ഛന്റെയും, അമ്മയുടെയും അനുഗ്രഹം വാങ്ങി, വന്ന് നിന്റെ കഴുത്തിൽ താലി ചാർത്തും." കുമാരിയോട് വാഗ്ദാനങ്ങൾ നൽകി മഹേഷ്‌ പോയത്, എത്രയോ വർഷങ്ങൾ മനസ്സിൽ കുടിയിരുത്തിയ പ്രണയകുമാരൻ മഹേഷ്‌ ആണ്. ഐക്കരയിലുള്ള ഒരു പലചരക്ക് ഷോപ്പിൽ സഹായിയായി നിൽക്കുകയായിരുന്നു മഹേഷ്‌.

ചെറുപ്പത്തിലേ അച്ഛൻ മരിച്ച കുമാരിക്ക് എല്ലാം അമ്മ ഗിരിജയായിരുന്നു. രണ്ടു സഹോദരങ്ങൾ കിട്ടുവും, മണിയും, ഹൈസ്കൂളിൽ പഠിക്കുന്നു. പെണ്ണിന്റെ അഴക് കണ്ട് പലരും വിവാഹമാലോചിച്ചു വന്നെങ്കിലും കുമാരി കാത്തിരുന്നു, എന്നെങ്കിലും തന്റെ ഇഷ്‌ടൻ കൊണ്ട് പോകുമെന്ന് വിചാരിച്ച്.

ഐക്കരയിലുള്ള കനറാ ബാങ്കിലേക്ക് സ്ഥലം മാറി വരുന്ന ഫാമിലികൾക്ക് താമസിക്കാൻ സാറയുടെയും, റോസിന്റെയും, തൊട്ടടുത്ത് ഒരു മനോഹരമായ ഒരു വീട് ഉണ്ട്. അവിടെ ഇപ്പോൾ താമസിക്കുന്നത് ബാങ്ക് മാനേജർ ജയനും, ഭാര്യ ജയന്തിയും, അവരുടെ മക്കൾ, അനിലും, അമിതയുമാണ് പട്ടണത്തിൽ വളർന്ന പരിഷ്കാരികൾ ആയത് കൊണ്ടാവാം ആദ്യമൊക്കെ ഐക്കരയുള്ളവരുമായി അടുക്കാൻ കുറച്ച് കാലതാമസം നേരിട്ടു. എന്നാൽ ഇവരെ ഐക്കരയുള്ളവരുമായി കൂട്ടി മുട്ടിച്ചത് സാറയാണ്.

അനിലും, അമിതയും എന്നും ഉമ്മറത്തു നിന്ന് കൊണ്ട്, പരിസരം നിരീക്ഷിക്കും. ഒരു ദിവസം സാറ വിളിച്ചു ചോദിച്ചു. "വരുന്നോ കളിക്കാൻ?"

ആരെങ്കിലും ഒന്ന് മിണ്ടിയല്ലോ, കുട്ടികൾക്ക് സന്തോഷം ആയി. ഞങ്ങൾ അമ്മയോട് ചോദിച്ചു വരാം, അനിൽ അകത്തേക്ക് പോയി. പുറത്തു വന്നപ്പോൾ കൂടെ അമ്മയും ഉണ്ടായിരുന്നു.

"ഏയ്‌... സുന്ദരി കുട്ടീ.... ഇങ്ങോട്ട് വാ..." അമ്മ വിളിച്ചു പറഞ്ഞു. സാറ ഒന്ന് മടിച്ചു എങ്കിലും, പിന്നെ ഗേറ്റ് തുറന്ന് വീടിന്റെ ഉമ്മറത്തെത്തി.

"അകത്തേക്ക് വാ.... അമ്മ വിളിച്ചു" 

"ഇല്ല കയറുന്നില്ല, പിന്നെ വരാം "സാറ മറുപടി പറഞ്ഞു.

"വരൂന്നെ....'അമിത'സ്നേഹപൂർവ്വം വിളിച്ചു. സാറ മടിച്ചു മടിച്ചു അകത്തു കയറി. പിന്നെ ഒരു വിസ്തരിച്ചു പരിചയപ്പെടുത്തൽ ആയിരുന്നു.

ഞാൻ 'സാറ'8th ൽ പഠിക്കുന്നു. അമിത 6th ലും, അനിൽ 8thലും പഠിക്കുന്നു.

"എനി നമുക്ക് സ്കൂളിലേക്ക് ഒന്നിച്ചു പോവാട്ടോ."സാറ പറഞ്ഞു.

"മോളെ വീട്ടിലുള്ള മറ്റെ കുട്ടീ?'

"അതെന്റെ സിസ്റ്റർ,ട്വിൻസ്."

ഇനി വരുമ്പോ അവളെയും കൂട്ടണം, അമ്മ പറഞ്ഞു.

അങ്ങനെ എല്ലാവരും നല്ല കളികൂട്ടുകാരായി തീർന്നു.സത്യം പറഞ്ഞാൽ ഐക്കരയുള്ളവർ ഇവരെ എങ്ങിനെ സ്വീകരിക്കും എന്ന ഭയം ഇവർക്ക് ഉണ്ടായിരുന്നു. അത് കാരണം ഇവർ അധികം വീടിന് പുറത്തേക്ക് ഇറങ്ങുകയില്ലായിരുന്നു. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി.ഐക്കരയിലേക്ക് കുറച്ചു പരിഷ്കാരം ഒക്കെ എത്തി നോക്കി തുടങ്ങി.വൈകുന്നേരമായാൽ അമിതയുടെ വീട്ടിൽ ടെലിവിഷനിൽ ദൂരദർഷൻ പരിപാടി തുടങ്ങും. അത് കാണാൻ വേണ്ടി ആ പ്രദേശത്തിലുള്ള മിക്ക ആൾക്കാരും വരാന്തയിൽ കൗതുകപൂർവ്വം കുത്തിയിരിക്കുന്നുണ്ടാകും, ഞാറാഴ്ച്ചയിലെ മലയാള സിനിമ ഓർത്തു രണ്ടു ദിവസം മുമ്പ് വരെ ഉറക്കം പോലും നഷ്‌ടപ്പെടുന്ന ചിലരും ഉണ്ട്.ഒരു കുഞ്ഞു അലമാരയുടെ അത്ര വലുപ്പ മുള്ള ഫ്രിഡ്ജ് എന്ന് പേരുള്ള സാധനത്തിൽ ഉണ്ടാക്കുന്ന ഐസ് ക്രീം ആപ്രദേശത്തുള്ളവർ ആരും കഴിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, 'ജയന്തി' സാറക്കും, റോസിനും, എപ്പോഴും ഐസ് ക്രീം ഉണ്ടാക്കി കൊടുക്കും.അത് നുണഞ്ഞു നുണഞ്ഞിറക്കിയതിനുശേഷം ആ കൈ കഴുകാതെ നാസദ്വാരത്തിലൂടെ ആഞ്ഞു വലിക്കും, എന്താ അതിന്റെ ഒരു ടേസ്റ്റ്. സ്വന്തം വീട്ടിൽ വന്നിട്ട് ചാച്ചനും, അമ്മച്ചിക്കുമൊക്കെ മണപ്പിച്ചു കൊടുക്കും.

ബാങ്ക് മാനേജർ ജയന്റെ കുടുംബവുമായി പൗലോസിന്റെ കുടുംബം വളരെ അടുത്തു. അത്കൊണ്ട് ഒരു ഗുണമുണ്ടായി, സാറയുടെയും, റോസിന്റെയും ചിന്തകൾക്ക് ചിറക് വെച്ചു. അമിതയും, അനിലിനുമൊപ്പം, വിദ്യാഭ്യാസപരമായും, സംസ്കാരപരവുമായി ഒരു പടി മുന്നിൽ തന്നെ അവരും വളർന്നു.ജയന്തിചേച്ചിയുടെ അടുത്ത് വായിക്കാൻ ഇഷ്‌ടം പോലെ ബുക്സ് ഉള്ളത് കൊണ്ട് കുട്ടികളുടെ വയനാശീലവും വളർന്നു. അങ്ങിനെ ഐക്കര പതുക്കെ പരിഷ്കരിച്ചു വളരുന്നതോടൊപ്പം അവിടെയുള്ള കുട്ടികളും വളർന്നു.

ഐക്കരയിലുള്ള ആമിനതാത്താന്റെ മകന്റെ കല്യാണത്തിന്, പെൺകുട്ടി പടകളുടെ നല്ല ഒന്നാംന്തരം ഒപ്പന തന്നെ ഉണ്ടായിരുന്നു.വെള്ള കാച്ചിയും, പെൺ കുപ്പായവും കസവിന്റെ കരയുള്ള വെള്ള തട്ടവും ഇട്ട കുട്ടികളോടൊപ്പം, സാറയെയും, റോസിനെയും, കണ്ടപ്പോൾ, മമ്മാലിക്കയുടെ ഭാര്യ പാത്തുമ്മതാത്താന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു.ഇതേ വേഷത്തിൽ നിൽക്കുന്ന, മെഹറയെ യും, സഹറയെയും കണ്ടപ്പോ അവരുടെ കവിളിൽ ഓരോ മുത്തങ്ങൾ നൽകികൊണ്ട് പറഞ്ഞു. ഇപ്പോ ഇങ്ങളെ വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഇവിടെയൊക്കെ പള്ളി പെരുന്നാൾ ആക്കിയേനെ....ഒപ്പന പാട്ടും,താളവുമൊക്കെ മൂപ്പരായിക്കും പഠിപ്പിക്കുക. ആയുസ്സ് കൊടുത്തില്ലല്ലൊ പടച്ചോൻ, വല്ലാണ്ട് വിങ്ങുന്നുണ്ട് മ്മളെ മനസ്സ്, പാത്തുമ്മ താത്ത കണ്ണീര് തുടച്ചു.

ആമിന താത്താന്റെ മരുമോൾ പെണ്ണാണെ...മൊഞ്ചത്തി,

ചേലുള്ള പിടമാൻ മിഴിയാണെ....

പട്ടുറുമാലിന്റെ മൊഞ്ചാനെ.

പെൺകുട്ടികൾഒക്കെ വട്ടത്തിൽ കയ്യടിച്ചു കൊണ്ട് മെയ്യനക്കി ഒപ്പന കളിക്കുകയാണ്.നടുവിൽ സുഹറയെന്ന മൊഞ്ചത്തി പെണ്ണും, നസീർ എന്ന ചെറുക്കനും, ഇടക്കിടെ നാണത്തോടെ പുഞ്ചിരി തൂകി ഇടകണ്ണിട്ട്, പരസ്പരം നോക്കുന്നുണ്ടായിരുന്നു.ഒപ്പന പാട്ടിന്റെ ഈണത്തിൽ സുഹറയെയും, മണവാളനെയും, പിടിച്ചെണീപ്പിച്ചു കുസൃതികാരികളായ ഒപ്പന കുട്ടികൾ മണിയറയിൽ എത്തിച്ചു.

നേരം പുലർന്നപ്പോ ആമിന താത്തന്റെ മനസ്സിൽ ഒരു അങ്കലാപ്പ്.പെണ്ണിന്റെ വീട്ടുകാരോട് സ്വർണത്തിന്റെ കാര്യത്തിൽ ഇത്തിരി കർശനം പറഞ്ഞിരുന്നു.ഇവരുടെ പുന്നാര ആങ്ങള സൈതാലിയുടെ മോളെയായിരുന്നു നസീറിന് ഉമ്മയും, ബന്ധുക്കളും, പറഞ്ഞു വെച്ചത്, എന്നാൽ അപ്പോഴേക്കും, ഒരു സുപ്രഭാതത്തിൽ കണ്ടു മുട്ടിയ സുഹറയുമായി നസീറിന് ഒരു ചിന്ന പ്രേമം മൊട്ടിട്ടു. ചെറുക്കന് ആ പെണ്ണ് തന്നെ മതി എന്ന് ഒരു വാശി. അവസാനം മനസ്സില്ലാ മനസോടെ ആണെങ്കിലും അവർ സമ്മതിക്കുകയായിരുന്നു. എന്നാലും അതിന്റെ ഒരു നേരിയ ചൊരുക്ക് പെണ്ണിനോടും, പെണ്ണിന്റെ വീട്ടുകാരോടും കാണിച്ചിരുന്നു ആമിനതാത്ത.

രാവിലെ അടുക്കളയിലേക്ക് വന്ന മരുമകൾ സുഹറയോട് അമ്മായിയമ്മ പറഞ്ഞു.

"അല്ല അന്റെ സ്വർണ്ണമൊക്കെ അയിച്ചു വെച്ചോ. ഇവിടെ അന്നേ കാണാൻ കുറെ ആളുകൾ വരാനുണ്ട്, ഉള്ള സ്വർണം പോലും ഇട്ടീല്ലേൽ ഞമ്മള്ക്കാ അതിന്റെ കുറവ്."

നിസാർക്ക,പറഞ്ഞതായിരുന്നു സ്വർണ്ണമൊക്കെ അഴിച്ചു വെക്കാൻ.എന്നാൽ ഉമ്മ പറഞ്ഞതിന് ഒരു മറുപടിയും പറയാതെ സുഹറ ഒന്ന് ചിരിച്ചു. അപ്പോൾ അകത്തു നിന്ന് നിസാറിന്റെ സഹോദരി ചിരിച്ചു കൊണ്ട് അങ്ങോട്ട് വന്നു.

"ഇത് ആര് ഇഞ്ഞ് എണീറ്റോ.ന്റെ ഇക്കാക്ക പോവാണ്,കട തുറക്കണം. പോകുന്നതിനു മുമ്പ് അന്റെ സ്വർണമൊക്കെ അളിയന് ഒന്ന് കാണണമത്രേ."

"ഞാനിപ്പോ എടുത്തു കൊണ്ട് വരാട്ടോ."അതും പറഞ്ഞു സുഹറ അകത്തുപോയി, സ്വർണങ്ങൾ എടുത്തു കൊണ്ട് വന്നു. എന്നാൽ അത് കൈക്കലാക്കിയത് അമ്മായിയമ്മ ആയിരുന്നു.എന്നിട്ട് ഓരോന്നും എടുത്ത് അതിന്റെ തൂക്കമൊക്കെ ചോദിച്ചു മനസ്സിലാക്കി.എന്നിട്ട് ചോദിച്ചു, പറഞ്ഞ സ്വർണ്ണമൊന്നും ഇല്ലാ അല്ലേ. ഇതാ കൊണ്ട് വെച്ചേക്കൂ... അവർ സ്വരണം സുഹറയുടെ കയ്യിലേക്ക് അല്പം ബലത്തിൽ വെച്ചു കൊടുത്തു.

സുഹറക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.17 പോലും തികയാത്ത അവൾക്ക് ഒന്നും മനസ്സിലാക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.എന്നാൽ ഓരോ കുത്ത് വാക്കും, പതിയെ പതിയെ അവളുടെ മനസ്സിലേക്ക് നോ വായി മാറി. അങ്ങനെ ഐക്കരയുള്ള അംഗങ്ങളിലേക്ക് ചേരാൻ സുഹറ എന്ന വിരുന്നുകാരിയും എത്തി.

തുടരും...


ഭാഗം 5

മലവെള്ളം കുണുങ്ങി കുണുങ്ങി സംഗീതം ആലപിച്ചു വരുന്നത് കാണാൻ മനം മയക്കുന്ന കാഴ്ച്ച തന്നെയാണ്."വെള്ളാരം കല്ലുകൾ തൂവിയത് പോലെ ഞരമ്പുകൾ."സാറ പതുക്കെ മന്ത്രിച്ചു.


പലവഴിക്ക് ഒഴുകി വരുന്ന ജലതുള്ളികൾ സംഗമിക്കുന്നതിന് അമലിന്റെ കര വിരുതിൽ ഒരു ഫിഷ് രൂപത്തിക്കുള്ള വലിയ തടാകം.ആ തടാകത്തിൽനിന്ന് വരുന്ന നീല നിറത്തിലുള്ള നീരുറവകൾ മൂന്ന് ഭാഗത്തു നിന്നും ഒഴുകി ഇറങ്ങുന്നത്,ഹാഫ് മൂണിന്റെ ആകൃതിയിൽ പണിത മൂന്നു കുളത്തിലേക്ക് ആയിരുന്നു. ഒന്നിൽ നിറയെ ഫിഷുകളും, മറ്റേതിൽ ആമ്പലും, മൂന്നാമത്തെകുളത്തിൽ താമരയും ആയിരുന്നു.എല്ലായിടത്തും നിശബ്ദത ആയിരുന്നു. വെള്ളച്ചാട്ടതിന്റെ ശബ്‌ദം മാത്രം, ഗാനഗന്ധർവ്വൻ വിശ്രമമില്ലാതെ സംഗീതം ആലപിക്കിന്നത് പോലെ തോന്നിച്ചു.

തണുപ്പ് കൂടിയപ്പോ, സാറ തന്റെ പച്ച കളർ സിൽക്ക് സാരിയുടെ തുമ്പ് എടുത്ത് മൂടി പുതച്ചു.തടാകകരയിൽ പോയി ഇരിക്കുമ്പോൾ സാറ പച്ച കളർ സാരി മാത്രമേ ധരിക്കുകയുള്ളൂ. അത് നിർബന്ധമാണ്.

"ഹാൻഡ്ലൂം ഓ, കോട്ടനോ ധരിച്ചാൽ മതിയായിരുന്നു. സിൽക്ക് ആയത് കൊണ്ട് എനിക്കെന്തോ ബുദ്ധിമുട്ട് പോലെ," സാറ, റോസിനോട് പറഞ്ഞു. 

"നിനക്കെന്താ പച്ചയോട് ഇത്ര താല്പര്യം."

അതിനുത്തരമായി സാറ പറഞ്ഞു. "എനിക്കീ പ്രപഞ്ചത്തിൽ ലയിക്കണം. എത്ര മനോഹരമാണീ പ്രകൃതി.നീ ആകാശത്തേക്കൊന്ന് നോക്കൂ...ഞാനൊരു മേഘമാണെങ്കിൽ ഒഴുകി ഒഴുകി...അല്ല കാറ്റാണെങ്കിൽ എവിടെയൊക്കെ സഞ്ചാരിക്കാമായിരുന്നു."സാറ പറഞ്ഞു നിർത്തി.

"നീ അധികം സംസാരിക്കേണ്ട... നല്ല തണുപ്പ് ആണ്, ശ്വാസം മുട്ടൽ വരും. അമലിന് ഇതു മതി പിന്നെ, നിന്നെ കെയർ ചെയ്യുന്നില്ല എന്ന് പറഞ്ഞു ബഹളം വെക്കും.നമുക്ക് പോകാം."

"പോവാൻ വരട്ടെ. അമലിനോട് എനിക്ക് വല്ലാത്ത പ്രണയം തോന്നുന്നു. ഇവിടെ ഇരുന്നു എനിക്ക് എഴുതാൻ തോന്നുന്നു. അമലിനോട് നമുക്കിരിക്കാൻ ഇവിടെ ഒരു ടെന്റ് ഉണ്ടാക്കി തരാൻ പറയണം അല്ലേ റോസ്."

റോസ് തലകുലുക്കി. പിന്നെ വീൽ ചെയർ ഉരുട്ടി കൊണ്ട് വീടിനു ലക്ഷ്യമാക്കി നടന്നു. പൂന്തോട്ടത്തിലെ പൂക്കൾ ഒക്കെ സാറയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. സാറ തിരിച്ചും.

കുട്ടിക്കാലത്ത് റോസ് പൂക്കളെ വളരെ ഇഷ്‌ടമായിരുന്നു സാറ ഓർത്തു. എന്തിനു ഭംഗിയായിരുന്നു ഓരോ പൂക്കൾക്കും. ഒരു റോസ് ചെടി തന്റെ മുറ്റത്ത്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് സാറ കൊതിയോടെ ഓർക്കും. കൂട്ടുകാരി ജെസി കൊണ്ട് വന്നു തരുന്ന മഞ്ഞ റോസ് ഒരിക്കലും വാടരുതെന്ന് വിചാരിച്ചു വെള്ളം നിറച്ച ഗ്ലാസിൽ ഇട്ടു വെക്കും. ഒരു ദിവസം ജെസിയോട് ഒരു റോസിന്റെ കൊമ്പ് കൊണ്ട് വന്നു തരുമോ എന്ന് കൊതിയോടെ ചോദിച്ചു. റോസിന്റെ കൊമ്പ് കയ്യിൽ കിട്ടിയപ്പോ നിധി കിട്ടിയത് പോലെ തോന്നി മുറ്റത്ത്‌ തന്നെ നട്ടു. പൂവുണ്ടാകുമ്പോൾ എല്ലാർക്കും കാണാലോ. സാറ നട്ട ചെടിയിൽ എത്ര പൂവാണ്, എന്ത് ഭംഗിയാണ് എല്ലാരും പറയും. ഇതൊക്കെ കേൾക്കാൻ തന്നെ എന്ത് രസാണ്. സാറക്ക് അല്പം അഹങ്കാരം തോന്നി. എന്നും ചെടിയുടെ അടുത്ത് പോയി തലോടലായി പിന്നെ, എന്നിട്ട് മന്ത്രിക്കും, ഒന്ന് വളരൂ, ഒന്ന് വളരൂ.... എന്ന്.അങ്ങനെ കിളിർത്തു ഇലകൾ വന്നപ്പോൾ പൂമ്പാറ്റകളെ പോലെ ചിറക് വിരിച്ചു നൃത്തം വെക്കണമെന്ന് തോന്നി. അങ്ങനെയാതാ ഇലകളും വളരുന്നു. ഒരു ദിവസം രാവിലെ എണീറ്റ് മുറ്റത്തേക്ക് നോക്കിയ സാറ ഞെട്ടിപ്പോയി. റോസ് ചെടി കാണാനില്ല.

"അമ്മച്ചീ... അതൊരു അലർച്ചയായിരുന്നു.

"എന്താ കൊച്ചേ..."അമ്മച്ചി ദോശചുട്ന്നതിനിടയിൽ ചട്ടുകമായിട്ടാണ് വന്നത്.

"ന്റെ റോസാ ചെടി കാണാനില്ല,"സാറ കരച്ചിലോടെ പറഞ്ഞു.

"അതോ...ഇന്നലെ രാത്രി ചാച്ചൻ അത് വഴിപോയപ്പോൾ, കാലിൽ റോസാചെടിന്റെ മുള്ള് കൊണ്ടു. പിന്നെ ചാച്ചൻ ദേഷ്യത്തിൽ റോസാ ചെടി പിഴുതു ഒരേരായിരുന്നു."

സാറ ഒന്നും പറഞ്ഞില്ല, പറയാൻ വാക്കുകൾ കിട്ടിയില്ല അതാണ് സത്യം. മുറിയിൽ പോയിരുന്നു കുറെ കരഞ്ഞു. റോസ് പലതും പറഞ്ഞു സമാധാനിക്കുന്നുണ്ടായിരുന്നു. എന്തിനോ സാറയുടെ കരച്ചിൽ കൂടിയതേ ഉള്ളൂ.


മമ്മാലിക്കയും, പൗലോസും, അംബിച്ചായനും കൂടെ രാത്രിയിൽ അത്താഴം ഒക്കെ പറഞ്ഞു വെടി പറഞ്ഞിരിക്കുന്ന ഒരു സ്ഥലമുണ്ട്. അപ്പോഴാണ് മമ്മാലിക്കക്ക് പാട്ടുകൾ ഓരോന്നു ഇറങ്ങി വരുക.നിലാവിന്റെ വെട്ടത്തിരുന്ന്,കഥ പറഞ്ഞും, പാട്ടുപാടിയും, അവസാനം മമ്മാലിക്ക കരയാൻ തുടങ്ങും. കാരണമെന്താണെന്ന് ആർക്കും അറിയൂല. എന്തെങ്കിലും ചോദിച്ചാൽ ആ കണ്ണുകൾ ഒന്നും കൂടെ നിറയും. പിന്നെ എല്ലാവരും പിരിയുമ്പോൾ എല്ലാവരുടെയും മനസ്സിൽ എന്തെക്കൊയോ വിഷമം ബാക്കി വെച്ചിട്ടുണ്ടാകും.

ഇങ്ങിനെ ഒരു ദിവസം 3 സുഹൃത്തുക്കളും കൂടി നിലാവില്ലാത്ത രാത്രിയിൽ ടോർച്ച് ലൈറ്റിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് മമ്മാലിക്ക പാടാൻ തുടങ്ങി.അപ്പോൾ അമ്പിച്ചാച്ചൻ കൈകൾ ഉയർത്തികൊണ്ട് പറഞ്ഞു.

"പാടുന്നത്. അവസാനം കരഞ്ഞു ഞങ്ങളെ കരയിക്കരുത്.അല്ല മാമ്മലിക്കാ എന്തിനാണീ കരച്ചിൽ."

"എന്തിനാണെന്ന് നമ്മക്ക് തന്നെ അറിയൂല... ന്റെ ഖൽബ് നിറയെ സങ്കടങ്ങളാ....ആർക്കും അറിയൂല, പിന്നെ ഈ ഭൂമി മഹാ ഗോളങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. നമ്മളൊക്കെ എങ്ങിനെ ഇവിടെ വന്നു. നമ്മളെല്ലാവരും ഒരിക്കൽ പോവൂലെ, എല്ലാവരെയും വിട്ട് പോകും. നമ്മള് വിചാരിക്യാണ് പരസ്പരം പോരടിച്ചു വെട്ടി ചാവുന്നവർ എത്ര മണ്ടന്മാർ ആണെന്ന്!ഇവിടെയിപ്പോ പടച്ചോൻ കൊണ്ടോവൻ വിചാരിച്ചാലും പോവാൻ മടി. വേണ്ടപെട്ടവരെ ഒക്കെ വിട്ട് പോവണ്ടേ.... അപ്പോൾ ജീവിക്കുന്ന സമയത്ത് പരസ്പരം സ്നേഹിച്ചും, പൊറുത്തും ജീവിച്ചൂടെ, ക്രൂരൻമാരെയും, കൊലപാതികളെ ഒന്നും നമ്മക്ക് കാണാൻ വയ്യേ....

ഇതൊക്കെ ഓർത്താണോ മാമ്മാലിക്ക കരയുന്നത്. പൗലോസ് ചോദിച്ചു.

"അതൊന്നും അല്ല. ഈ ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ എന്തോ ഒരു വിങ്ങൽ ആണ്. പറയാൻ മ്മക്ക് അറിയൂല."

"സാറ കൊച്ചു പറയാ... മരിച്ചാൽ ആത്മാവ് ഇവിടെ ഉണ്ടാകും എന്ന്. മ്മളെ മണ്ണിലേക്ക് പോകുള്ളൂ എന്ന്, അപ്പോൾ നമുക്ക് മക്കളെ ഒക്കെ കാണാലോ."

"പിന്നെ രണ്ടീസം നമ്മളുണ്ടാവില്ല, ഒരു സ്ഥലത്ത് പോവാനുണ്ട്. "മാമ്മലിക്ക പറഞ്ഞവസാനിച്ചത് പോലെ ഇരുന്നസ്ഥലത്ത് നിന്ന് എണീറ്റു.

നീ എങ്ങോട്ടാ ഇടക്കിടടെ മുങ്ങുന്നത്. നിന്റെ ബന്ധുക്കൾ ഒക്കെ ഇവിടെ തന്നെ ഉണ്ടല്ലോ? പൗലോസ് ചോദിച്ചു.

"പോവണം എനിക്ക്, നമ്മളെ കൊണ്ട് ചിലര്ക്ക് ചില ഗുണങ്ങൾ ഒക്കെ ഉണ്ട്. മ്മളെ കാത്തുകാത്തിരുന്നു മുഷിഞ്ഞിട്ട് ഉണ്ടാകും."

"ആരാപ്പോ ഇങ്ങിനെ കാത്തിരിക്കുന്നത്,"അമ്പിചാച്ചൻ ചോദിച്ചു.

അത് രണ്ടു മൂന്ന് ചങ്ങാതിമാര് ആണേ. പിന്നെ ആരും അതിനെ പറ്റിയൊന്നും ചോദിച്ചില്ല.

മമ്മാലിക്ക മരിച്ചതിൽ പിന്നെ അമ്പിക്കും, പൗലോസിനും, വല്ലാത്തൊരു ശൂന്യത ബാധിച്ചു.അതിലുപരിയായി ആ കുടുംബത്തെ എങ്ങിനെ താങ്ങി നിർത്തും. മമ്മാലിക്കയുടെ പലചരക്ക് കട അന്ന് താഴിട്ടതാണ്. ഇനി ആര് ഇത് ഏറ്റെടുത്ത് നടക്കും. ഇതൊക്കെയായിരുന്നു പിന്നീടുള്ള ചർച്ചകൾ. രണ്ടാം ഭാര്യ ആയിഷുവിനെയും, പിള്ളേരെയും നാട്ടിൽ കൊണ്ട് വിടണം എന്ന ചർച്ചയും ഉണ്ടായി. അത് പറഞ്ഞപ്പോ പാത്തുമ്മതാത്തക്ക് ഒരേ ഒരു നിർബന്ധം," വേണ്ട... കുട്ടികൾ ഇവിടെ വളരട്ടെ, പടച്ചോൻ കൊണ്ട് വന്നു തന്നതാ നിക്കിവരെ!ന്റെ മമ്മാലിക്കയുടെ ഓർമ്മക്കായ്, ഞാൻ വിടൂല.


കുമാരിക്ക് എന്തോ ഒരു മാനസികഅസ്വസ്ഥത. വീടിന് പുറത്തു പോകുന്നില്ല, മുറി വിട്ട് തന്നെ ഇറങ്ങുന്നില്ല. ഭക്ഷണമില്ല, കുളിയില്ല, ശൂന്യതയിലേക്ക് നോക്കി ഒരേ ഇരുപ്പാണ്. കുമാരിയുടെ ഇരുപ്പ് കണ്ട് ഐക്കരയാകെ തേങ്ങി. അഡ്രസ് തപ്പിപിടിച്ച് ഊര് തേടിപോയത് പൗലോസ് ആണ്. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് മഹേഷ്‌ വിവാഹമൊക്കെ കഴിഞ്ഞ് ഹണിമൂണിന് പോയിരിക്കുന്നു.

കുമാരിയോട് എങ്ങിനെ പറയും, പറയാതിരിക്കും. എന്തായാലും വിവരം പറഞ്ഞു. അത് അറിഞ്ഞതുമുതൽ കുമാരി കരച്ചിലായി. പിന്നെ കണ്ണും,മുഖവും തുടച്ചു അഴിച്ചിട്ട മുടി വാരി കെട്ടി കൊണ്ട് പറഞ്ഞു. "ഇല്ല!ഇനി ഞാൻ കരയൂല," ഒരു കണക്കിന് ഈ ചതിയനെ കെട്ടാത്തത് നന്നായി, ദൈവം കാത്തു."

എന്നാലും ഐക്കരയിൽ കുമാരി വിഷാദത്തിന്റെ കുപ്പായവും പേറി അന്ധകാരത്തെ സ്നേഹിച്ചു. മനസ്സിനെ ചിറകടിച്ചു കൊണ്ട് ഇക്കിളി പെടുത്തിയ പ്രണയം. ജാലകങ്ങൾ തുറന്നിട്ട്‌ നക്ഷത്ര കൂട്ടങ്ങളെ നോക്കി വികാരനുഭൂതിയായ് മധുരിക്കുന്ന ഓർമകളെ കിനാവ് കണ്ടതൊക്കെ വെറുതെ. മാന്ത്രിക മന്ത്രം കൊണ്ട് മനസ്സിന്റെ അഗാധഗർത്തത്തിൽ പ്രതിഷ്ഠിച്ച പ്രണയത്തിന്റെ വിത്തുകൾ മുളക്കാൻ അനുവദിക്കാതെ കരിഞ്ഞു പോയി.


മാമ്മലിക്ക മരിച്ചതിന്റെ നാല്പാതാം ദിവസം, ചില ചടങ്ങുകൾ ഒക്കെ ഉണ്ടായിരുന്നു. ഐക്കരയാകെ ആ ദുഃഖസ്മരണയിൽ പങ്കെടുത്തു.എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് അന്ന് ഞാറാഴ്ച്ചയായത് കാരണം ബാങ്ക് മാനേജർ ജയനും, ഭാര്യയും മക്കളും ആ പരിപാടിയിൽ പങ്കെടുത്തു. ജയന്തിയെയും, മക്കളെയും എല്ലാവർക്കും സുപരിചിതമാണ്, എന്നാൽ ജയൻ സാർ ഇത്തിരി വെയിറ്റ് ഇട്ട് നടക്കാൻ കാരണം ഐക്കരയുള്ളവർ തന്നെയാണ്, ജയനെ കാണുമ്പോൾ എല്ലാവരും ഭയ ഭക്തി ബഹുമാനത്തോടെ മിണ്ടാതെ ഒഴിഞ്ഞു പോകും.

ചടങ്ങുകൾ കഴിഞ്ഞു യാത്ര പറഞ്ഞു പിരിയാൻ നേരം ജയൻ എല്ലാവരെയും വിളിച്ചു കൂട്ടി. കൂട്ടത്തിൽ പാത്തുമ്മതാത്തയോടും വരാൻ പറഞ്ഞു. എന്നിട്ട് മുഖവുര കൂടാതെ പറഞ്ഞു. "എല്ലാ വിവരങ്ങളും ഞാൻ അറിയുന്നുണ്ട്. ഞാൻ ഇവിടെ അവതരിക്കുന്ന വിഷയം കേട്ട് ആർക്കും വിഷമം തോന്നരുത്.മമ്മാലിക്കയുടെ ഷോപ്പ് അടച്ചിട്ട്ട്ട് 40 ദിവസമായി. അത് ആരെങ്കിലും ഏറ്റെടുത്ത് നടത്തണം. ആർക്ക് വേണമെങ്കിലും മുന്നോട്ടു വരാം, ബന്ധുക്കളോ?അതു മല്ലെങ്കിൽ ഏറ്റവും നല്ലത് ഇവരുടെ ഭാര്യമാര് തന്നെയാണ്."

"മ്മളോ?"ഭാര്യമാർ രണ്ടു പേരും പരസ്പരം നോക്കി.

"നമ്മൾ വിചാരിച്ചാൽ ചെയ്യാൻ പറ്റാത്ത ഒന്നുമില്ല ഇത്താ. അതിന് നമ്മൾ വിചാരിക്കണം. കുറച്ചു ദിവസം ബുദ്ധിമുട്ട് ഉണ്ടാകും, പിന്നെ അതൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറും.എന്താ തയ്യാറാണോ?"

കരച്ചിൽ മാത്രമായിരുന്നു ഉത്തരം. എട്ടും, പൊട്ടും തിരിയാത്ത സ്വഭാവവും, നിറഞ്ഞ സൗന്ദര്യമുള്ള ആയിഷുവും കരച്ചിൽ തന്നെ.

ആരും മുന്നോട്ട് വന്നില്ല, ഇവരുടെ ബാധ്യത ഏറ്റെടുക്കേണ്ടി വരുമോ എന്ന് ചിന്തിച്ചിട്ടോ എന്തോ. എല്ലാവരും പിന്നോട്ട് മാറി. ആ സമയം പിറകിൽ നിന്നൊരു ശബ്‌ദം.

"ഞാനെടുത്ത് നടത്താം സർ "കുമാരിയുടെ ശബ്‌ദമായിരുന്നു അത്. ആരും അത്ഭുതപെടേണ്ട. എന്റെ തീരുമാനം ഉറച്ചതാണ്. ഇന്ന് തന്നെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം ജയനും, ജയന്തിയുംമക്കളും, ഒരു പുഞ്ചിരിയോടെ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.

തുടരും... 


ഭാഗം 6

കിനാവ് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ചിലപ്പോ അത് നക്ഷത്രകൂട്ടങ്ങൾക്ക് താഴെയുള്ള ഓരോ സ്മരണയെയും, മധുരുപ്പിച്ച് കരവലയത്തിലൊതുക്കും.ചിലപ്പോ അത് വിഷാദം ചാലിച്ച് നൊമ്പരമുണർത്തും. അറിയാതെ മിഴികൾ തുളുമ്പും.


പൊട്ടിയ വീണ കമ്പിപോലെ സ്മരണകളെ ഉണർത്തിയിട്ട് കാര്യമൊന്നുമില്ല എന്ന് അമലിന് നന്നായി അറിയാം.ജീവിതം തന്നെ കൈവിട്ട് പോയതായിരുന്നു.എന്നാൽ സാറയുടെ ചലനങ്ങൾക്ക്‌ പതുക്കെ പതുക്കെ ചിറക് മുളച്ചു തുടങ്ങിയപ്പോ, മൂടി കെട്ടിയ ആകാശത്തിലേക്ക് വെള്ളി മേഘങ്ങൾ കുസൃതിയോടെ ഇടിച്ചു കയറിയത് പോലെ അല്പം ആശ്വാസം തോന്നുന്നുണ്ട്. എന്നിട്ടും ചിലപ്പോ അത് മനസ്സിനെ വല്ലാതെ ചുട്ടു പഴുപ്പിച്ചു തുടങ്ങി.

ഇതിൽ എന്തായിരിക്കും സാറയുടെ അവസ്ഥ, അമൽ ഓർത്തു. താൻ അനുഭവിക്കുന്ന അതേ എരിഞ്ഞടങ്ങൾ തന്നെയല്ലേ സാറ അനുഭവിക്കുന്നത്. ഉള്ള് തുറന്നു അവളോടൊന്ന് സംസാരിക്കണം. ഇത്രയും നാൾ അനുഭവിച്ച വേദനകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇനി എന്ത് വന്നാലും അധികമൊന്നുമാവില്ല. എല്ലാം അനുഭവിക്കുക തന്നെ.

വീടിന്റെ ഉമ്മറത്തേക്ക് ഒരു ചുവപ്പ് സ്വിഫ്റ്റ് കാർ ഒഴുകി വരുന്നത് അമലിന്റെ ശ്രദ്ധയിൽ പെട്ടു. അമൽ ഓർമകളെ തല്ക്കാലം വിഷമിക്കാൻ വിട്ടു കൊണ്ട് അങ്ങോട്ട് ഓടി കാറിന്റെ അരികിൽ എത്തി. കാറിൽ നിന്നിറങ്ങി വരുന്നവരെ കണ്ടപ്പോ അമൽ ആഹ്ലാദം കൊണ്ട് മതിമറന്നു പോയി. പാത്തുമ്മഉമ്മച്ചിയും, സഹറയും,മെഹറയും ആയിരുന്നു. അയാൾ ഓടി വന്നു ഉമ്മച്ചിയെ കെട്ടി പിടിച്ചു.

"അമൽക്കാ... രണ്ടു പേരും ഒരേ സ്വരത്തിൽ വിളിച്ചു. അയാൾ അവരെയും ചുറ്റിപ്പിടിച്ചു.

"ന്റെ കുട്ടിയോളൊക്കെ കുറെ ദിവസമായി കിനാവ് കാണുന്നു. ഞാനിന്നലെ റോസ് മോളെ വിളിച്ചിരുന്നു. സാറയുടെ വിശേഷം അറിഞ്ഞു അപ്പോളൊന്ന് കാണണമെന്ന് തോന്നി. പിന്നെ ഇവരുടെ പുതിയാപ്ലമാര് ഉംറക്ക് പോയിരിക്കുന്നു. കുറച്ചീസം ഉമ്മച്ചിമാരെ അടുത്ത് നിക്കാന്ന് പറഞ്ഞു വന്നതാണ്."

റോസ് പുറത്തെ ബഹളം കേട്ട് വന്നതാണ്. പിന്നെ സന്തോഷത്തോടെ അവരുടെ അടുത്തെത്തി.ഉമ്മച്ചിയുടെ വക നിനച്ചിരിക്കാതെ കിട്ടിയ ആലിംഗന നിറവിൽ റോസ് ഉമ്മച്ചിയുടെ നെഞ്ചിൽ ചൂടിലുംസംരക്ഷണത്തിലും കുറച്ചുനേരം മതിമറന്നു നിന്നുപോയി.പിന്നെഎന്തിനാണെന്ന് പോലും അറിയാതെ റോസ് വിതുമ്പി കരഞ്ഞു.

"സാരമില്ല മക്കളെ... ഇനി കരയരുത്. ഉമ്മച്ചിക് കാണേണ്ടത് ഇങ്ങളെ ചിരിക്കുന്ന മുഖമാണ്. വരൂ നമുക്ക് സാറയുടെ അടുത്തു പോകാം."

റോസ് പെട്ടെന്ന് പ്രസരിപ്പ് വീണ്ടെടുത്തു.

"ഉമ്മച്ചീ കുറച്ചു ദിവസമായി സാറ പറയുന്നു ഐക്കരയിൽ വന്ന് രണ്ടു ദിവസം താമസിക്കണം എന്ന്, സാറ പറഞ്ഞു."

"എന്നാ പിന്നെ ഇന്ന് തന്നെ നമുക്ക് പോവാം എന്താ...സാറെ, സാറയുടെ മുറിയിൽ എത്തിയ ഉമ്മച്ചി ചോദിച്ചു.

സാറ പുസ്തകം വായിക്കുകയായിരുന്നു. ആ കണ്ണുകൾ വിടർന്നു, മെഹറയും, സഹറയും സാറക്ക് ഓരോ ഉമ്മകൾ സമ്മാനിച്ചു. ഉമ്മച്ചിക് എത്ര നിയന്ത്രിച്ചിട്ടും, കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. എല്ലാം ശരിയാകും മോളെ കുട്ടേൾക്ക് വേണ്ടി നമ്മൾ അഞ്ചു നേരവും പ്രാർത്ഥിക്കുന്നുണ്ട്.

പിന്നെ അവിടെ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. കളിയും,ചിരിയുമൊക്കെ ആയി സമയം പോയതറിഞ്ഞില്ല.ഉമ്മച്ചിയുംകുട്ടി കളും പോവാനൊരുങ്ങിയപ്പോ സാറ വാശി പിടിച്ചു. "ഇത്രയും ദൂരം വന്നതല്ലേ. ഇന്നൊരു ദിവസം ഇവിടെ നിന്നിട്ട് പോയാൽ മതി."

നിക്കാൻ ഒരു ദിവസം വരുന്നുണ്ട്, ഇപ്പോ ഞങ്ങൾ പോട്ടെ.

അല്ലാ സഫാന്റെയും, മജീദിന്റെയും വിശേഷം എന്താ...

ഉമ്മച്ചിയുടെ മുഖം പെട്ടെന്ന് വാടി.അവരൊക്കെ വല്യ ആൾകാര് ആയില്ലേ, കുട്ട്യോളും മകളുമൊക്കെ യായി, വല്യ വീട് ഒക്കെ ആയപ്പോ, ഉമ്മച്ചിയുടെ അടുത്തു ഒന്ന് വന്നു നില്കാൻ നേരമില്ല. പിന്നെ കുമാരി ഉള്ളത് കൊണ്ട് ഒരു കണക്കിന് നന്നായി, നമ്മക്കൊരു കൂട്ടാവുമല്ലോ."

"കുമാരി ചേച്ചിയെ എന്തെ കൂട്ടിയില്ല. കാണാൻ കൊതിയാകുന്നു. ഉമ്മച്ചി നന്മയുള്ളവളാ, കുമാരി ചേച്ചിക്ക് ആരും ഇല്ലാണ്ടായപ്പോ, ഉമ്മച്ചി അവരെ കൂടെ കൂട്ടിയില്ലേ... എന്നിട്ട് ഒപ്പം നിർത്തി. ഒരു സ്ത്രീയായി ജനിച്ചാൽ അവളുടെ ഉള്ളും, പുറവും പൊള്ളുന്നത് ആരും കാണാൻ ശ്രമിക്കില്ല.ഒരല്പം സ്നേഹം കിട്ടാൻ ഒരല്പം സംരക്ഷണം കിട്ടാൻ അവർക്കുഉള്ളതെല്ലാം കൊടുക്കുന്നു."

 സാറ കിതച്ചു കൊണ്ട് പറഞ്ഞു.

അതിൽനിന്നുള്ള വിഷയം മാറ്റാൻ റോസ് ചോദിച്ചു.

"നമ്മുടെ നാരങ്ങാ കുട്ടികളുടെ വീട്ടിലെ വിശേഷം എന്തൊക്കെ?"

"നല്ലതാണെങ്കിൽ നല്ലത്, വെടക്കാക്കി ചിന്തിച്ചാൽ വെടക്ക്. എന്നാലും കുഴപ്പമൊന്നുമില്ല.ആകെമുള്ള ഒറ്റ മോളാ 'അനു,'ഒരു കല്യാണം പെറ്റ തള്ളക്ക് മോഹണ്ടാവൂലെ. അവൾക് കല്യാണമേ വേണ്ടാന്ന്. ഒരു പുരുഷ്യനുമൊത്തുള്ള ലൈഫ് തുടങ്ങുമ്പോൾ, പല അഡ്ജസ്റ്റ് മെന്റിനും പെൺകുട്ടികൾ തയ്യാറാവണം. അതിന് ഓൾ തയ്യാറല്ലത്രേ. എന്തെങ്കിലും ചോദിച്ചാ നൂറു നാവാ, ആരെയും ആശ്രയിച്ചു ജീവിച്ചു തയ്യാറല്ല. മറ്റുള്ളവർക്ക് വേണ്ടി എന്തിനാ നമ്മളെ സമയം കളയുന്നു, ഇമ്മാതിരി ചോദ്യമാ ഓള് ചോദിക്ക്യ. കുടുംബ ജീവിതം അത് തന്നെയല്ലേ ഭൂമിയിലെ സ്വർഗം."

"അതൊക്കെ മാറും, മെഹറാ, അവൾ കൊച്ചു കുട്ടിയല്ലേ....സാറ സമാധാനിപ്പിച്ചു. പ്രായം മാറ്ന്നതിനനുസരിച്ച് മാറി മാറി ചിന്തകൾ വരും,"

"സഹറയുടെ മോനോ"?

"ഒരു കണക്കിന് ഞാൻ അനുമോളെ അനുകൂലിക്കുന്നു. കല്യാണവും, വേണ്ടാ, കുട്ടികളും വേണ്ടാ. ഞാനും ജബ്ബാറിക്കയും ഇവന്റെ കാര്യം പറഞ്ഞു എപ്പോളും അടിയാ. പഠിക്കാൻ ദൂരേക്ക് വിട്ടു, അവിടെനിന്ന് മൂടും തട്ടി പോന്നു.മക്കളൊന്നും നമ്മുടെ കൈപിടിയിൽ നിക്കൂല. ചെവിയിൽ ഇയർ ഫോൺ വെച്ചാ നടപ്പുംകിടപ്പും, ജബ്ബാരിക്കയാണെങ്കിൽ മോനോട് നേരിട്ട് ഒന്നും ചോദിക്കൂല, ഇന്റെ നേരെ വെറുതെ മെക്കിട്ട് കയറും, ഇവരുടെ ഇടയിൽ കിടന്ന് ഞാനും,"

"ഇപ്പോഴത്തെ ജനറേഷൻ ഒക്കെ ഇങ്ങിനെ തന്നെയാണ്. നമ്മളും കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ജബ്ബാറിനോട് എന്നെ വന്നൊന്നു കാണാൻ പറയൂ..."സാറ പറഞ്ഞു.

ജബ്ബാർക്കയാണെങ്കിൽ ഇവനെക്കാൾ നല്ല മൂപ്പരാ, ബിസ്നെസ്സ്, ഫ്രെണ്ട്സ്, ഇത് മാത്രം മതി. വീട്ടിൽ വന്നാൽ പോലും മൊബൈൽ ഫോൺ ആണ് കൂട്ട്, രാത്രി പന്ത്രണ്ടു മണിവരെ. ഇന്നോട് ഒന്ന് മിണ്ടാൻ പോലും മൂപ്പർക്ക് നേരമില്ല. നമ്മൾ പെണ്ണുങ്ങൾ കലത്തിനോടും, പാത്രങ്ങളോടും മാത്രം മിണ്ടി മിണ്ടി ഒരു പരുവത്തിൽ ആവും. എന്തെങ്കിലും പരാതി പറഞ്ഞാൽ ഒരു ചോദ്യം ആണ്, നിനക്കെന്താ ഇവിടെ ഒരു കുറവ്, ഭക്ഷണം ഇല്ലേ, വസ്ത്രം ഇല്ലേ, എന്നാണ് ചോദിക്കുക. കാര്യങ്ങൾ ഒക്കെ നടക്കുന്നില്ലേ എന്നും. നമ്മക്കൊക്കെ ബുദ്ധിയില്ലാന്ന് വെച്ച് ഇതൊക്കെ മതിയോ ജീവിക്കാൻ. നമ്മൾക്കാരാ സംസാരിക്കാനുള്ളത്, നമ്മളെ സുഖ വിവരം ആരാ തെരക്കാനുള്ളത്. ആരോടും കൂട്ടുകൂടാൻ പാടില്ല, ഫേസ്ബുക്ക്‌ പാടില്ല, വാട്സ് അപ്പ്‌ പാടില്ല, ആണുങ്ങൾ ക്യൂ നിൽക്കുകയാണെത്രെ..സ്നേഹം നടിച്ചു വീട്ടമ്മമാരെ സോപ്പിട്ടു പൈസ അടിച്ചു മാറ്റുമത്രേ.എങ്ങിനെ പെണ്ണുങ്ങൾ വഴി തെറ്റി പോവാതിരിക്കും, അല്പം സ്നേഹം കൊതിക്കുന്ന പെണ്ണാണെങ്കിൽ പോവും. ജബ്ബാർക്കയോട് പറഞ്ഞപ്പോ മൂപ്പര് പറയാ.. സ്നേഹം അങ്ങിനെ തുറന്നു കാണിക്കാനൊന്നും പറ്റൂല. എനിക്കിത്രയെ കഴിയൂ എന്ന്. പടച്ചോനെ പേടിയുള്ളത് അങ്ങിനെ ജീവിച്ചു പോകുന്നു."

അത് തന്നെയാ സഹറാ നല്ലത്. ഒരിക്കൽ നമ്മൾ കപട സ്നഹത്തിനു മുന്നിൽ പെട്ടു പോയാൽ പിന്നെ ജീവിത കാലം മുഴുവൻ നമ്മൾ അനുഭവിക്കേണ്ടി വരും. ഭാര്യ ഭർതൃ സ്നേഹം തന്നെയാണ് പവിത്രമായ സ്നേഹം.അഡ്ജസ്റ്റ് ചെയ്യാൻ പോലും ചില ആളുകൾക്ക് ബുദ്ധിമുട്ട് ആണ്. അത് പിന്നെ ഓരോരുത്തർക്കും ഓരോ സ്വഭാവമല്ലേ. ഈഗോ ഒക്കെ കളഞ്ഞു പരസ്പരം ഉള്ള് തുറന്ന് സംസാരിക്കണം. തീരെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലഎങ്കിൽ പിരിയണം. അല്ലെങ്കിൽ പങ്കാളി ഉണ്ടായിരിക്കെ വേറൊരു ബന്ധത്തിലേക്ക് പോവരുത്, വിശ്വാസവഞ്ചന അത് ദൈവം ഒരിക്കലും ക്ഷമിക്കൂല." സാറ കൈകൾ ഉയർത്തി വിലക്കി കൊണ്ട് പറഞ്ഞു.

"ന്റെള്ളോ.... പാത്തുമ്മഉമ്മച്ചി നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. ഇങ്ങൾക്ക് കേൾക്കണോ കുട്ടിയോളെ? ഞാൻ വിചാരിച്ചു, ഇന്റെ മമ്മാലിക്ക ഇന്നോട് നീതിയും. ന്യായവുമൊക്കെ പുലർത്തുന്ന കെട്ടിയോൻ ആയിരിക്കും എന്ന്, പെരുത്ത് ഇഷ്‌ടമായിരുന്നു ഇന്നെ. സാരമില്ല, ഇന്റെ മനസ്സിൽ പോലും മൂപ്പരോട് നിക്ക് ദേഷ്യം ഇല്ലാട്ടോ. എന്നാലും ചില നേരത്ത് ഞാൻ ചിന്തിച്ചു പോകും, ഇക്ക ഇന്നെ സ്നേഹിച്ചിരുന്നില്ലേ, അഭിനയ മായിരുന്നോ എന്നൊക്കെ.

ഇത് കേട്ടപ്പോ മഹറയുടെ മുഖം വാടി.

അവൾ ഉമ്മച്ചിയുടെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു, "അല്ല ഉമ്മച്ചി, വാപ്പച്ചി പറയുമായിരുന്നു, ന്റെ പാത്തൂനെ കഴിഞ്ഞിട്ട് ഉള്ളൂ നിക്ക് എല്ലാം എന്ന്. അപ്പൊ ആയിഷുമ്മ ചോദിക്കും. അപ്പൊ ഇങ്ങൾക്ക് പാത്തൂമായിട്ട് പ്രണയമാ, അപ്പോൾ വാപ്പച്ചിയുടെ നാണം കലർന്ന ഒരു ചിരി ഉണ്ട്. ഇത് കേട്ടപ്പോ ഉമ്മച്ചിക്കും നാണം വന്നു.അവർ പറഞ്ഞു, ഒക്കെ പടച്ചോൻ കണക്കാക്കുന്നതാ കുട്ടിയേളെ. ഇങ്ങള്ക് ഉള്ള കഞ്ഞി മമ്മാലിക്കന്റെ അടുത്ത് ആയിരുന്നു അതിനുള്ള കൂലി മൂപ്പർക്ക് കിട്ടും."

തുടരും... 


ഭാഗം 7

മനുഷ്യ ജീവിതത്തെകുറിച്ചും, അവരുടെ മനസ്സുകളെ കുറിച്ചും,എല്ലാ സാഹിത്യകാരൻ മാർക്കും പാടി പറയുവാനും, വളരെ മനോഹരമായി എഴുതി പിടിപ്പിക്കുവാനും എളുപ്പമാണ്.


എന്നാൽ നമ്മുടെയൊക്കെ ഉള്ളിൽ കുടികൊള്ളുന്ന മനസ്സുകൾക്ക് ആർക്കും അറിയാൻ പറ്റാത്ത നിഗൂഢത ഉണ്ട്. അത് ഏത് വഴിക്ക്‌ പോകും എന്നൊന്നും ആർക്കും കണക്കാക്കാൻ പറ്റൂല.

വിഷമതകളും, വേദനകളും, എപ്പോഴും നമ്മുടെ ഒക്കെ കൂടപിറപ്പ് ആയത് കൊണ്ട് പല സന്തോഷങ്ങളും നമ്മൾ അറിയാതെ പോകുന്നു. ആരൊക്ക എന്തൊക്കെ പറഞ്ഞാലും സ്ത്രീ 'അബല'തന്നെയല്ലേ, അവളെ 'അബല'എന്ന കിരീടം ചൂടിക്കുന്നതോ നമ്മൾ തന്നെയാണ്. സ്നേഹം, പ്രേമം, കാമം. ഇത് ശരിക്കും മൂന്ന് വിഷമാണ്, ഇതൊന്നും അറിയാതെയാവണം കുമാരി വീണ്ടും മഹേഷിന്റെ വലയിൽ വീണത്.

കുമാരി ഉമ്മച്ചിയുടെ കട ഏറ്റെടുത്ത് നടത്തുന്ന സമയത്താണ്, എതിർ വശത്തെ കടയിൽ നിന്ന് മുങ്ങിയ മഹേഷ്‌ പ്രത്യക്ഷപെട്ടത്. ആദ്യമൊക്കെ കുമാരിക്ക് മഹേഷിനെ കാണുന്നതേ വെറുപ്പ് ആയിരുന്നു. പിന്നെ പിന്നെ രണ്ടു പേരും കണ്ണുകൾ കൊണ്ട് കഥ പറയാൻ തുടങ്ങി.

"മഹേഷ്‌... നീയെന്നെ ചതിച്ചതല്ലേ. നിന്നെ എനിക്ക് കാണണ്ട."കുമാരി മഹേഷിനോട് ദേഷ്യത്തിൽ പറഞ്ഞു.

"ഞാൻ ചതിച്ചതല്ല മോളെ. അച്ഛനുമ്മയും നിർബന്ധിച്ചു എന്റെ ശരീരം കൊണ്ടാണ് സുമതിയുടെ കഴുത്തിൽ താലി കെട്ടിച്ചത്. ഞാൻ എന്നും ന്റെ കുമാരിയെ മാത്രമേ മനസ്സുകൊണ്ട് വരിച്ചിട്ടുള്ളു. കുറച്ചു പൈസയൊക്കെ സമ്പാദിച്ചു നമുക്ക് എവിടെ എങ്കിലും ഒളിച്ചോടാം. "മഹേഷ്‌ മധുരം ചാലിച്ചു കുമാരിയോട് പറഞ്ഞു.

"വേണ്ടാ... "കുമാരി ഒച്ച വെച്ചു. "ഇനി നിനക്ക് നിന്റെ ഭാര്യയെയും ചതിക്കണം അല്ലേ.എന്നെ ചതിച്ചത് പോലെ, നിനക്കെന്താ ഇതൊക്കെ ഒരു കളിയാണോ."

"കുമാരീ...ഭാര്യയോ, നീ വിശ്വസിക്ക്‌, ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിട്ടില്ല, നിന്നെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് ഓടി വന്നത് " മഹേഷിന്റെ കണ്ണുകൾ നിറഞ്ഞു.

"നീ കുടിച്ചിട്ടുണ്ട് അല്ലേ. അപ്പൊ അതും തുടങ്ങി." കുമാരി സങ്കടത്തിൽ പറഞ്ഞു.

"നീയാണ് കാരണം നിന്നെ ഓർത്തു മാത്രമാ ഞാൻ കുടി തുടങ്ങിയത്."മഹേഷിന്റെ കണ്ണുകൾ ചുവന്നു ചുവന്നു വന്നു.

ഇന്ന് രാത്രി ഞാൻ നിന്റെ വീട്ടിലേക്ക് വരാം എനിക്ക് കുറെ സംസാരിക്കാനുണ്ട്, എത്രദിവസമായി നിന്നോട് മിണ്ടിയും പറഞ്ഞു മൊക്കെ ഇരുന്നിട്ട്. ജനലിൽ ഞാൻ നേരിയ മുട്ട് മുട്ടും. നീ പുറകിലത്തെ വാതിൽ തുറന്ന് തന്നാൽ മതി."

"വേണ്ട മഹേഷ്‌,അതുവേണ്ട, നിന്റെ കല്യാണം കഴിഞ്ഞതല്ലേ, സുമതിയെ നീ സ്നേഹിക്കണം, അവളോട് നീതി പുലർത്തണം. "കുമാരി പറഞ്ഞു.

ഒന്നിനും അല്ലേടി... നിനക്ക് ഇഷ്‌ടമില്ലെങ്കിൽ ഞാൻ വരുന്നില്ല, അതും പറഞ്ഞു മഹേഷ്‌ തിരിഞ്ഞു നടന്നു.

അന്ന് രാത്രി കുമാരിയുടെ മനസ്സിൽ മധുരമായ നൊമ്പരം എത്തിനോക്കാൻ തുടങ്ങി. 'ഒന്നും വേണ്ട, മഹേഷിന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചുകൊണ്ട് ഒന്ന് കരഞ്ഞ് തീർക്കണം. അപ്പൊ മഹേഷ്‌ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു കൊണ്ട്, ഇന്റെ കുമാരി.... നിന്നെയാർക്കും വിട്ടു കൊടുക്കൂല എന്ന് പറയണം. അത്രയേ വേണ്ടൂ.'

സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന സ്ത്രീ, യാചിക്കുന്ന സ്ത്രീ, എല്ലാം കുമാരിക്ക് ഉൾബോധം ഉണ്ടെങ്കിലും,കുമാരി പെരുമാറിയത് മറ്റൊരു തരത്തിൽ ആണ്, അവൾ പിറ്റേന്ന് രാത്രി മഹേഷിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.

മഹേഷ്‌ തന്നെ ഇത്ര മാത്രം സ്നേഹിക്കുന്നുണ്ടോ എന്ന് കുമാരിക്ക് അത്ഭുതം ആയി. തന്റെ സ്നേഹം പിടിച്ചു പറിക്കാൻ എന്തൊരു ആർത്തിയായിരുന്നു. ചുംബിച്ചുണർത്തിയ സംഗീതാലാപനത്തിൽ ആലസ്യം പൂണ്ടു കിടക്കുമ്പോൾ ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന് കുമാരി ചിന്തിച്ചു.

സ്നേഹത്തിന് പുതിയ അർത്ഥവും, ഭാവവും നൽകി കുമാരിയും, മഹേഷും ഒരേ വള്ളത്തിലൂടെ സഞ്ചരിച്ചു.

ബാംഗ്ലൂരിലേക്ക് ഒളിച്ചോടാൻ വേണ്ടി ഡേറ്റ് ഫിക്സ് ചെയ്തതിന്റെ രണ്ടു ദിവസം മുന്പാണ്, മഹേഷ്‌ കടയിൽ ഇല്ലാത്തത് കാരണം മഹേഷിനുള്ള ലെറ്റർ കുമാരിയുടെ കയ്യിൽ എല്പിച്ചത്. ആകാംഷ അടക്കാനാവാതെ കുമാരി അത് തുറന്നു വായിച്ചു.

എടാ, സുമതിക്ക്‌ ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ ആണ്, നീ എത്രയും പെട്ടെന്ന് വരണം. എന്ന്, അമ്മ.

കുമാരി അത് വായിച്ചു തരിച്ചിരുന്നു പോയി. ഭാര്യയെ കൈകൊണ്ട് തൊട്ടിട്ടില്ലത്രേ. മഹേഷ്‌ വന്നപ്പോൾ അറിയാത്ത തരത്തിൽ ആ ലെറ്റർ മഹേഷിന് കൊടുത്തു.

മഹേഷ്‌ ആ എഴുത്ത് വായിച്ചിട്ട് ആ കണ്ണ് കലങ്ങുന്നത് കുമാരി ശ്രദ്ധിച്ചു.

"എന്ത് പറ്റി മഹേഷ്‌, മുഖം വല്ലാ തിരിക്കുന്നല്ലോ, കുമാരി ചോദിച്ചു."

അമ്മക്ക് സുഖമില്ല, എത്രയും പെട്ടെന്ന് നാട്ടിലെത്തണം, കുമാരിയോട് യാത്ര പോലും പറയാതെ മഹേഷ്‌ പോയി.

സ്ത്രീതത്വതിനു നേരെ ആഞ്ഞു ചവിട്ടിയിട്ട് ആണ് മഹേഷ്‌ പോയിരിക്കുന്നത്, അതിൽ കുമാരി ആകെ വയലന്റ് ആയി. വീട്ടുകാരും അറിഞ്ഞു, നാട്ടുകാരും അറിഞ്ഞു.

സ്നേഹത്തിന്റെ പച്ചപ്പ് തേടി കുമാരിയുടെ ഉള്ളം വല്ലാതെ അലഞ്ഞിരുന്നു. അന്വേഷണത്തിനൊടുവിൽ കാമത്തിന്റെ നിർവൃതി സ്നേഹമാണെന്ന് തെറ്റിദ്ധരിച്ചു. വെറും അഴുക്ക് ചാലിനുള്ളിലെ അറപ്പുള്ള പുഴുവെ പോലെ കാർക്കിച്ചു തുപ്പലേറ്റ തന്റെ ശരീരത്തെ കുമാരി വല്ലാതെ വെറുത്തു. പുരുഷൻ മാരുടെ കൈ കരുത്തിൽ അല്ലെങ്കിൽ ഇവരുടെ മനം മയക്കുന്ന വീൺവാക്കിൽ സ്ത്രീകൾ അധംപതിച്ചു ഇല്ലാതാവുകയാണല്ലോ. ആ ഓർമയിൽ കുമാരി തല തല്ലി കരഞ്ഞു.

പെറ്റമ്മ പോലും കുമാരിയെ തല്ലി പറഞ്ഞു, അഭിസാരികയെന്ന് വിളിച്ചില്ലന്നേ ഉള്ളൂ. കാമമായിരുന്നില്ല ആവശ്യം സ്നേഹമായിരുന്നു എന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നു. മനസ്സിന്റെ ദുരൂഹത നിറഞ്ഞ ചിന്തകളെയും, മോഹങ്ങളെയും ആർക്കെങ്കിലും പണയം വെക്കാൻ കഴിയുമോ,? ചിലര് മനസ്സിന്റെ ഉള്ളിൽ അടിച്ചമർത്തി വെക്കും, പിന്നെ ഏതെങ്കിലും കച്ചിതുരുമ്പ് കിട്ടുമ്പോൾ പുറത്ത് എടുത്തെന്നും വരും.

"മഹേഷ്‌, നീയല്ലേ ശരിക്കും ആഭാസൻ"കുമാരി ചിന്തിച്ചു.

, "ദൈവം എന്നൊരാൾ മേലെ ഉണ്ടെങ്കിൽ കുമാരീ... നീ അനുഭവിച്ചത് അവൻ അനുഭവിക്കും. അത് ഇന്റെ ശാപമാണ്, നിന്റെ ശാപമാണ്, സ്ത്രീ കൾ ഓരോരുത്തരുടെയും ശാപമാണ്. പാത്തുമ്മ ഉമ്മച്ചി, കുമാരിയുടെ തലയിൽ കൈവെച്ചു പറഞ്ഞു." അന്നുമുതൽ ഉമ്മച്ചിക്ക്‌ ഒരു മകളെയും കൂടി കിട്ടി, കുമാരിയെ.

പിന്നെ കുമാരി ഒരു ജോലിയും കൂടി ഏറ്റെടുത്തു. ആദിവാസി കോളനിയിൽ പോയി സ്ത്രീകളെയും, കുട്ടികളെയും ബോധവത്കരിക്കുക. സമൂഹം ഇവരെ ഒറ്റപെടുത്തുന്നത് കൊണ്ട് സ്നേഹത്തിന് വേണ്ടി ഒരുപാട് കൊതിച്ചു മറുതീരം തേടി പോകുന്നവരാണ് ഇവര്.

"നമ്മൾ ഏറ്റവും പവിത്രമായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ശരീരമാണ്. അത് ആരുടെ മുമ്പിലും അടിയറ വെക്കരുത്. ഓരോ മോഹിക്കുന്ന വാഗ്ദാനങ്ങൾ നൽകി പകൽ മാന്യന്മാർ ആർത്തി തീർക്കാൻ വരും. സത്യത്തിൽ നമ്മളെ ഒന്നും ആർക്കും സ്നേഹിക്കാൻ കഴിയൂല. എല്ലാവരും സ്വാർത്ഥരാണ്. മധുരിക്കുന്ന വാക്കുകളുമായി പ്രണയം നടിച്ചു വരും. ഇങ്ങനെ വരുന്നവരോട്, കുട്ടികളെ.... നിങ്ങൾ പറയുക, നാട്ടുകാർ അറിഞ്ഞു ആദ്യം കഴുത്തിൽ ഒരു താലി, എന്നിട്ട് പ്രണയം എന്ന്. നമ്മൾ ഉണർന്നിരിക്കുക നമ്മുടെ ദേഹത്ത് കൈവെക്കാൻ പോലും ആരെയും അനുവദിക്കരുത്." കുമാരി പലപ്പോഴും വന്ന് നന്നായി തന്നെ ക്‌ളാസ് എടുത്തു. നിറഞ്ഞ കണ്ണുകളോടെ ചീരുവും ഉണ്ടായിരുന്നു കൂടെ.

തുടരും... 


ഭാഗം 8

ചീരുവിന്റെ മനസ്സിൽ ഓരോ ഭാവം മിന്നി മറയുകയായിരുന്നു. താനൊരു പൊട്ടി പെണ്ണ്, തന്നെ മനസ്സിലാക്കി തരാൻ ആരും ഇല്ലായിരുന്നു. ചക്കരയെ എങ്കിലും ഇനി നല്ല രീതിയിൽ വളർത്തണം.


ഒരു ദിവസം ചീരു കുമാരിയോട് പറഞ്ഞു, "കുമാരീ... നീ ഇന്റെ മോൾക്ക് കുറച്ച് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്ക്."

"ചീരൂ... ഏറ്റവും നല്ലത് അമ്മ തന്നെ പറഞ്ഞു കൊടുക്കന്നതാണ്. നീ വളരെ ശ്രദ്ധിക്കണം, കുട്ടികളെ പോലും ഉപയോഗിക്കുന്ന കാലമാ..."

"ഇതൊക്കെ ഞാൻ ഇങ്ങിനെയാ മോളോട് പറയാ."

 കുമാരി ചോദിച്ചു.

"പറയണം, നമ്മൾ പറഞ്ഞു കൊടുത്തില്ലെങ്കിൽ അവർക്ക് ആകാംഷകൂടും, അപ്പോൾ അവര് വേറെ വഴിക്ക് പരതും. അത് കൊണ്ട് ചീരു തന്നെ അവളെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കണം."

"പിന്നെ കുമാരീ..."കുമാരിക്ക് എന്തോ പറയാനുണ്ട്, എന്നാൽ ഒരു മടി പോലെ.

"എന്താ... എന്തായാലും പറയൂ..." കുമാരി പ്രോത്സാഹിപ്പിച്ചു.

"ന്റെ മനസ്സിൽ ഞാൻ ആരോടും പറയാത്തൊരു രഹസ്യമുണ്ട്.ഇന്നെ ചതിച്ചു വശത്താക്കിയത് ആരാന്ന് അറിയോ അനക്ക്,"

"ആരാ "

"ബംഗ്ലാവിൽ ഞാൻ പണിക്ക് പോയിരുന്നില്ലേ. അവിടെ തേയില തോട്ടം നോക്കുന്ന ദാമു സാറില്ലേ, 'അയാൾ'

"ദാമു സാറോ"കുമാരി അന്തം വിട്ടു. കാരണം, ദാമു സാറിന്റെ ഭാര്യാഭർതൃ ബന്ധം കാണുമ്പോൾ സിനിമയിലുള്ള മമ്മൂട്ടിയെയും, സീമയെയും ആണ് ഓർമ വരുക ആർട്സ് ആൻഡ് ക്ലബ് വാർഷികത്തിന്റെ അന്ന് ദാമു സാർ 'കുടുംബം 'എന്ന വിഷയത്തിൽ നല്ല ഒരു ക്‌ളാസ്സും എടുത്തിട്ടുണ്ട്. വിവാഹേതര ബന്ധത്തെ കുറിച്ചും, വിവാഹപൂർവ ബന്ധങ്ങളെ കുറിച്ചെല്ലാം എത്ര മനോഹരമായിത്തന്നെ ആളുകളെ പറഞ്ഞു മനസ്സിലാക്കി. അതിലെ ഭവിഷത്തുകൾ കേട്ടപ്പോ തെറ്റിലേക്ക് പോവാതിരിക്കാൻ എല്ലാവരും കുറച്ചു ദിവസം, അമ്പലത്തിലേക്കും, പള്ളിയിലേക്ക് ഒക്കെ പോവാൻ തുടങ്ങി.

ചീരു പറഞ്ഞു തുടങ്ങി, "പകൽ സമയത്ത്, ദാമു സാറിന്റെ അടുക്കള കാര്യം, രാത്രിയിൽ കിടപ്പറ കാര്യവും രണ്ടും ഇന്റെ പണിയായി. അറിയോ... കുമാരീ... ഇയാൾ ആദ്യം കുറച്ചു പൈസയൊക്കെ തന്ന് ഇന്നെ പാട്ടിലാക്കി. എന്തൊക്ക നുണകൾ ആയിരുന്നു അയാൾ പറഞ്ഞത്. അയാളുടെ ഭാര്യക്ക് സുഖമില്ലാത്രെ. എന്നെ കണ്ട് ഇഷ്‌ടപ്പെട്ട് അയാളുടെ ഉറക്കം നഷ്‌ടപ്പെട്ടത്രെ. അയാളുടെ ഭാര്യയെക്കാളും അയാൾ എന്നെ സ്നേഹിക്കുന്നുണ്ടത്രേ. ഓരോന്നു പറഞ്ഞു അയാൾ എന്നെ പാട്ടിലാക്കി."

"സുമേച്ചി നല്ല ഒരു സ്ത്രീയായിരുന്നു, ടീച്ചർ ആയതുകൊണ്ട് അവധി ദിവസങ്ങളിൽ ഞങ്ങൾ സാധനങ്ങൾ ഒക്കെ വാങ്ങാൻ പുറത്തു പോകും. അനക്ക് ഈ സ്ത്രീയെ ചതിക്കുന്നതിൽ നല്ല മനസാക്ഷി കുത്ത് ഉണ്ടായിരുന്നു.ഒരു ദിവസം ടീച്ചർ ഇന്നോട് പറയാ, "സത്യം പറഞ്ഞാൽ നിന്റെ കൂടെ ഷോപ്പിംഗ്ന് വരുന്നത് ദാമു സാറിന് നാണക്കേട് ആണെത്രെ. ഞാൻ പറഞ്ഞു ഞാൻ അത് സഹിച്ചു എന്ന് "

"ഇത് കേട്ടപ്പോ ഞാൻ ആകെ വല്ലാതായി. ശരീരത്തിൽ ഒട്ടിയും, മണപ്പിച്ചും കിടക്കുമ്പോൾ അയാൾക്ക് എന്തൊരു ആർത്തിയായിരുന്നു. 'ചന്ദനത്തിന്റെ ഗന്ധവുമായി കാറ്റിൽ നൃത്തമാടി വരുന്ന ന്റെ കസ്തൂരി കുട്ടീ...' എന്നായിരുന്നു അയാൾ പറയുക "എന്നിട്ട് കുറുകലോടെ കൊത്തി തിന്നും, ഇയാളാണ് തന്റെ ഭാര്യയോട് പറയുന്നത്. ഇവറ്റകളെ വിശ്വസിക്കാൻ കഴിയൂല, ഒപ്പം കൂട്ടരുത്, തരം കിട്ടിയാൽ മോഷ്ടിക്കും എന്നൊക്കെ.അന്നാണ് പുരുഷ വർഗത്തെ കുറിച്ച് നല്ലോണം പഠിക്കാൻ കഴിഞ്ഞത്. ഭാര്യയെ വെയിൽ കൊള്ളിക്കൂല, പുകഏൽപ്പിക്കൂല, നല്ല വസ്ത്രം വാങ്ങി കൊടുക്കും, അടുക്കളയിൽ സഹായിക്കും, സത്യത്തിൽ ഇവന്മാർക്കൊക്കെ ഭാര്യമാരോട് സ്നേഹമുണ്ടോ?"

"എല്ലാവരൊന്നും അങ്ങിനെ അല്ല ചീരു...നല്ലവരും ഉണ്ട്.പിന്നെ സ്നേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ എന്ത് സ്നേഹം, സമൂഹത്തിന്റെ മുന്നിൽ കാണിക്കാനും, തന്റെ മക്കളെ പെറ്റ് പോറ്റാനും ഒരാൾ വേണ്ടേ... തന്റെ കാര്യങ്ങൾ ഒക്കെ കൂലി കൊടുക്കാതെ നടത്താൻ ഒരാൾ വേണ്ടേ. ജോലിയൊക്കെ കഴിഞ്ഞ് മിണ്ടി പറഞ്ഞിരിക്കാൻ ഒരാൾ വേണ്ടേ, ഭാര്യ മരിച്ചു പോയി ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ അയാൾക്ക് ഭാര്യയുടെ വില അറിയും. അപ്പൊ സെന്റി അടിച്ച് വേറെ സ്ത്രീയുടെ അടുത്ത് പോലും പോവാത്ത മാന്യന്മാരും ഉണ്ട്."

"ആരെയും ആർക്കും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയാത്ത ലോകമാണ് ചീരൂ നമ്മുടേത്. അവനവനെ തന്നെ സ്നേഹിക്കും. രണ്ടു ശരീരങ്ങൾ ലൈംഗികതയിൽ മാത്രം ഒന്നിക്കുന്നത് സ്നേഹം കൊണ്ടല്ലാ... ചീരൂ, നീ അയാളുടെ വിധേയത്വത്തിന് കീഴ്പ്പെട്ടപ്പോ നിനക്ക് നിന്റെ ഉള്ളിൽ സ്വാതന്ത്ര്യം ഹനിക്കപെട്ടതായും, ആത്മാവ് മുറിഞ്ഞതായും തോന്നിയില്ലേ... അയാളാണെങ്കിൽ നന്നായി മുതലെടുത്തു. എന്നിട്ട് എന്ത് സംഭവിച്ചു."

"എന്ത് സംഭവിക്കാൻ, അത്യാഗ്രഹിയായ ആ മനുഷ്യന്റെ കുഞ്ഞു എന്റെ വയറ്റിൽ ആയി.ഇത് അയാളോട് പറഞ്ഞപ്പോ കാരണത്ത് അടിച്ചു, ആരോയെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി പെടുത്തി.കുഞ്ഞിനെ നശിപ്പിക്കാനും പറഞ്ഞു, ഏത് സമയവും ആരെങ്കിലും എന്നെ കൊല്ലുമെന്ന് ഭയന്നാണ് പിന്നെ ഞാൻ ജീവിച്ചത്. എന്നാൽ ഒരു ദിവസം അയാളില്ലാത്ത നേരത്ത് അയാളുടെ ഭാര്യയോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. പേടിച്ചു പേടിച്ചു ആണ് പറഞ്ഞത്, എന്നാൽ എന്നെ അത്ഭുത പെടുത്തികൊണ്ട് അവരുടെ പ്രതികരണം ഇങ്ങിനെയായിരുന്നു."

"പൊട്ടി പെണ്ണെ...നീയെന്തിന് നിന്റെ ശരീരം കടിച്ചു കീറാൻ അയാൾക്ക് ഇട്ടു കൊടുത്തു. ഇനിയിപ്പം എന്താ ചെയ്യാ... നിനക്ക് ജീവിക്കേണ്ടേ ചീരൂ... ഈ കുഞ്ഞു നിനക്കൊരു," ടീച്ചറെ മുഴുവൻ പറയാൻ അനുവദിച്ചില്ല ഞാൻ.

"വേണ്ട ഒന്നും പറയണ്ട, എന്തായാലും ഞാനതിനെ വളർത്തും, എല്ലാവരും പരിഹസിക്യ സ്ത്രീകളെ ആണല്ലോ, പിന്നെയിപ്പോ സാറെ പേര് പറഞ്ഞിട്ടൊന്നും ഗുണമില്ല, സാറോട് പറയണം ഇന്നേ ജീവിക്കാൻ അനുവദിക്കണം എന്ന്."ചീരു തന്റെടിയായി ടീച്ചരുടെ മുന്നിൽ കൂടി ഇറങ്ങി നടന്നു. പിന്നെ സാറെയും, ടീച്ചറെയും ചീരു കണ്ടിട്ടില്ല.

തുടരും... 

 


ഭാഗം 9

നമ്മുടെ പ്രപഞ്ചത്തിൽ പല തരത്തിലുള്ള ജീവജാലങ്ങൾ ഉണ്ട്, ഇതിൽ പുണ്യജന്മം എന്ന് പറയുന്നത് മനുഷ്യജന്മം തന്നെ.ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള കഴിവും മനുഷ്യനു തന്നെ.


എന്നാൽ നമ്മുടെ യൊക്കെ മനസ്സ് ഓരോന്നു കണക്കുകൾ കൂട്ടിയും, കുറച്ചും ഭാവിയിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കും.ദൈവം ഒന്ന് എഴുതി വെച്ചിട്ടുണ്ട് എന്ന് ഓർക്കാതെ എന്തൊക്കയാ പ്രതീക്ഷകളും, മോഹങ്ങളും.അവസാനം ദൈവ തീരുമാനം നടക്കും. അതും നമ്മുടെ കർമ ഫലം. ഇതൊന്നുമറിയാതെ മനസ്സിനെ വിഭ്രാന്തിയിൽ പെടുത്തി ചുഴലിക്കാറ്റടിപ്പിച്ചു എവിടെയൊക്കെ കൊണ്ട് പോയിട്ടുണ്ടാകും.

ഈ ഭൂമിയും, ഭൂമിയിൽ വസിക്കുന്ന ആൾക്കാരും, എന്തിന് പറയുന്നു, നിലാവും, സൂര്യനും, ചന്ദ്രനും സംഗീതവും, എല്ലാമെല്ലാം തന്നോട് ശത്രുതയാണെന്ന് തോന്നിയ നാളുകൾ. ആ നാളുകളോട് വിട പറയാൻ തന്റെ യൗവനം മുഴുവൻ ബലികൊടുക്കേണ്ടി വന്നു. സ്നേഹത്തിന്റെ കൈ വിലങ്ങ് സ്വയം സൃഷ്ടിച്ചതായിരുന്നു. മോഹത്തെ ചങ്ങല കൊണ്ട് ബന്ധിപ്പിച്ചത് ശരിക്കും സ്വാർത്ഥത ആയിരുന്നോ. അറിയൂല, ഒന്നും അറിയൂല... എല്ലാ ബന്ധനങ്ങളേയും അപ്പൂപ്പൻ താടിയെ പോലെ പറത്തി വിട്ടപ്പോ സമാധാനം കിട്ടിയോ അതും അറിയില്ല.

ഈ സാറക്ക് പിന്നെ എന്താ അറിയാ... സാറ സ്വയം ചോദിച്ചു. ആത്മാവിൽ നിന്ന് ഒഴുകിയെത്തിയ സ്നേഹപ്രണയ മന്ത്രങ്ങളെ കുറിച്ചാണോ?. മനസ്സും, ശരീരവും, കൗമാരം വിട്ട് യൗവനത്തിലെത്തിയപ്പോൾ പട്ടുപാവാടയെയും, കുപ്പികളെയും സ്നേഹിച്ചു, സ്നേഹത്തിലേക്കുള്ള പറുദീസക്കുവേണ്ടി ആത്മാവ് തേങ്ങി.

സാറയും, റോസും നാദസ്വരങ്ങൾ മീട്ടിയത് ഒരേ വീണ കമ്പികളിൽ ആയിരുന്നു.രാവുകളും, പകലുകളും ഒരേ സുഖദുഃഖങ്ങൾ പങ്കിട്ട് ഒരേ മനസ്സ് മാത്രമല്ല ഒരേ ശരീരം എന്ന് വേണമെങ്കിലും പറയാം. അങ്ങനെ എപ്പോഴേ ആ സാഗരം ദിശ മാറി ഒഴുകി. ആത്മചൈതന്യത്തിന്റെ ആഴങ്ങളിലേക്കുള്ള രഹസ്യം തേടിയുള്ള യാത്രയിൽ നിഗൂഢമായ പ്രണയം കരിമഷികണ്ണുകളോടെ ആദ്യം തൊട്ടുണർത്തിയത് സാറയെ ആയിരുന്നു എന്നായിരുന്നു സാറ വിചാരിച്ചിരുന്നത്.പ്രീഡിഗ്രി കഴിഞ്ഞ് സാറ ഡിഗ്രിക്കും, റോസ് ടി ടി സി ക്കും ചേർന്നു. റോസിന്റെ ക്ലാസ്സ്‌മേറ്റ് ആയ ഹാരിസിന്റെ കൂടെ റോസ് ഒളിച്ചോടിയപ്പോൾ ആണ് എല്ലാവരും അമ്പരന്നത്. സകലരെയും ദുഃഖത്തിൽ ആക്കി റോസ് പോയത് ഒരു അന്യ മതക്കാരെന്റെ കൂടെ യായിരുന്നു. വീട്ടുകാർക്ക് റോസിന്റെ ഈ നീക്കം വല്ലാത്തൊരു ഷോക്ക് ആയിരുന്നു. ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അന്യ മതം അതൊരു പ്രശ്നം അല്ലായിരുന്നു. എന്നാൽആരും ഒന്നും അറിഞ്ഞില്ലല്ലോ. വിവാഹജീവിതം വരുമ്പോൾ, ഇവരെ എങ്ങിനെ വേർപ്പെടുത്തും എന്ന് മുതിർന്നവർക്ക് ഒരു സംസാരം ഉണ്ടായിരുന്നു.എന്നാൽ ഇത് വീട്ടുകാർക്ക് വല്ലാത്തൊരു ആത്മാഭിമാന പ്രശ്‌നം ഉടലെടുത്തു.. ആർക്കും ആർക്കും ഇതൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല, അങ്ങനെയാണ് അവര് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് .വേറെ നിവൃത്തിയില്ലായിരുന്നു. തലച്ചോറ് മരവിച്ച നിമിഷങ്ങൾ,ഐക്കരയാകെ ഇളകി മറിഞ്ഞു.വിഷം അകത്തു ചെന്ന ഉടനെ സാറ കുറെ ഛർദിച്ചു. ചെയ്തത് ഉൽകിടലത്തോടെ ഓർത്ത് ഉറക്കെ നിലവിളിച്ചു. പിന്നെ ചാച്ചന്റെയും, അമ്മച്ചിയുടെയേയും അടുത്ത് തളർന്ന് വീണു. നിലവിളികേട്ട് ആളുകൾ ഓടികൂടിയപ്പോഴേക്കും, രണ്ട് ജീവനുകൾ കൂട് വിട്ട് പറന്ന് പോയിരുന്നു. ജീവിതത്തിന്റെയും, മരണത്തിന്റെയും നൂൽ പാലത്തിലൂടെ കുറെ നേരം സഞ്ചരിച്ചു. നൃത്തം ചവിട്ടി, പാട്ടുപാടി. ആകാശത്തിലൂടെ മേഘങ്ങൾ പോലെ ഒഴുകി നടന്നു. അവസാനം ഡോക്ടഴ്‌സ്ന്റെയും, ഐക്കരയുള്ളവരുടെയും , പ്രയത്നം കൊണ്ട് സാറ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

ഡിപ്പ്രെഷനിലൂടെ ആയിരുന്നു സാറയുടെ രണ്ടാം ജന്മം, മനസ്സിന് വല്ലാത്ത ക്ഷതം ഏറ്റിരുന്നു. ആരോടും ഒന്നും മിണ്ടാതെ ശൂന്യതയിലേക്ക് നോക്കി ഒരേയിരിപ്പ്. മനസ്സും, ശരീരവും പെർഫെക്ട് ആയി കിട്ടാൻ എന്തായാലും കുറച്ച് സമയം എടുക്കും. അമ്പിചാച്ചനോട്ടും, മറിയം അമ്മച്ചിയോടുമായി ഡോക്ടർ പറഞ്ഞു. "നിങ്ങളെല്ലാവരും സാറയുടെ കൂടെ നിൽക്കണം, സ്നേഹം കൊടുക്കണം."

"ഞങ്ങളുടെ കുഞ്ഞിനെ രക്ഷപെടുത്താൻ, ഞങ്ങളുടെ ജീവനുള്ളടൊത്തോളം കാലം ഞങ്ങൾ ഒപ്പം ഉണ്ടാകും." അമ്പിചാച്ചാ കരയുകയായിരുന്നു.ഒരു ഞെട്ടിൽ വിരിഞ്ഞ പുഷ്പങ്ങൾ പോലെ യായിരുന്നു അമ്പിചാച്ചയും, പൗലോസ്ചാച്ചയും, മമ്മാലിക്കയും, അതിൽ ഇപ്പോ അമ്പിചാച്ചൻ മാത്രം ബാക്കിയായി.

സ്നേഹം ഒരു ഔഷധമായി സാറയുടെ ഹൃദയയത്തിലെത്തിയപ്പോ ഉള്ളിന്റെ ഉള്ളിൽ ശ്വാസം കിട്ടാത്ത നെടുവീർ പ്പുകളൊക്കെ വഴി മാറി പതുക്കെ കിളിർക്കാൻ തുടങ്ങി.കൂടുതൽ അല്ലുവിന്റെയും, ക്രിസ്റ്റീയുടെയും സാന്നിധ്യം . അമ്പിച്ചാച്ചനും, മറിയമ്മച്ചിയും, സാറയെ ഒരു കൈ കുഞ്ഞിന്റെ കരുതലോടെ പരിപാലിച്ചു.

സാറയുടെ ഉള്ളിലെ സങ്കടം മുഴുവൻ പലപ്പോഴും അല്ലുവിന്റെ മുന്നിൽ സാറ തുറക്കും.അല്ലു ബാംഗ്ലൂരിൽ എഞ്ചിനീയർ പഠനം കഴിഞ്ഞ് ജോലിക്ക്ശ്രമിക്കുമ്പോഴായിരുന്നു. സാറയുടെ കുടുംബത്തിന്റെ ദുർവിധി. പിന്നെ അല്ലു നാട്ടിൽ തന്നെ നിൽക്കുകയാണുണ്ടായത്. കുട്ടിയും കോലും കളിച്ചും, ഗോലി കളിച്ചും എത്ര കുട്ടി പട്ടാളങ്ങളായിരുന്നു കോർട്ടിൽ. ഒരേ മനസ്സും, ശരീരവുമായി ആൺ പെൺ ഭേദമില്ലാതെ എത്ര ലാഘവത്തോടെയായിരുന്നു ഓരോ കളിയും, മനസ്സിന്റെ ഉള്ളറയിൽ സൂക്ഷിച്ച മൂകാനുരാഗയായവരും ഉണ്ട്. വല്ലാത്തൊരു സുഖമാണിതിന്.അങ്ങിനെഎപ്പോഴാആണ്, സാറയുടെ മനസ്സിലും അല്ലു കടന്നു കൂട്ടിയത്.

ഒരിക്കൽ സാറ മുഖവുര കൂടാതെ അല്ലുവെന്ന അമലിനോട് പറഞ്ഞു. 'അമൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു, എപ്പോഴണെന്നോ, എന്നോ, അറിയില്ല. നീയില്ലാതെ എനിക്ക് വയ്യ."

എന്ത് പറയണമെന്നറിയാതെ അമൽ തരിച്ചിരുന്നു പോയി. പിന്നെ പതുക്കെ പറഞ്ഞു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ, ഞാൻ നിന്നോടൊപ്പം ഉണ്ട്. ആദ്യം നിന്റെ അസുഖമൊന്ന് മാറട്ടെ, സമാധാനമായിരിക്കൂ.

അമൽ നേരെ തൊടിയിലേക്ക് ഇറങ്ങി. എത്രയോ കാലങ്ങളായി മനസ്സിൽ അടക്കിവെച്ചിരിക്കുന്ന ആ കണ്ണീര് പ്രവാഹം മുഴുവൻ ആ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഇരുന്നു പെയ്തു തീർത്തു.എവിടെ നിന്നോ വന്നു തഴുകിയ തണുത്ത കാറ്റിന്റെ കരങ്ങൾ തട്ടി മാറ്റാതെ അയാൾ വിധേനയായി ഇരുന്നു. ദൈവത്തിന്റെ വിധിയെന്ന കണക്കുപുസ്തകതന്റെ താളുകൾ വെറുതെ മറിച്ചു കൊണ്ട് ആരോടും പരിഭവമില്ലാതെ തന്റെ എല്ലാമെല്ലാമായിരുന്ന കൂട്ടുകാരിയുടെ കൂടെ ജീവിതം പങ്കിടാൻ തീരുമാനിച്ചു.

ഐക്കര ഗ്രാമം ദത്തെടുത്ത സാറ എന്ന കൊച്ചു സുന്ദരിയെ അമലിന്റെ കൈകളിൽ എൽപ്പിക്കുമ്പോൾ എല്ലാവരുടെയും ഉള്ളൊന്ന് തേങ്ങിയെങ്കിലും, അതിനേക്കാൾ ഇരട്ടി സന്തോഷം കൊണ്ട്പൂകി ആ മംഗളകർമം സന്തോഷതോടും, ഭംഗിയുമായി നടന്നു.

രാത്രി വൈറ്റിൽ ഗോൾഡൻ പൂക്കളുള്ള സാരിയുടുത്ത് കൊണ്ട് അമലിന്റെ അരികിൽ സാറ ഇരുന്നു. വിഷാദഛായ നിറഞ്ഞ ആമുഖം പതുക്കെ കയ്യിലെടുത്തു കൊണ്ട് അമൽ മൊഴിഞ്ഞു."നിന്റെ മിഴിനീർ പ്രവാഹത്തിന് തടയണ തീർക്കാൻ സമയമായി മോളെ. ഇനി നീ സങ്കടപെടരുത്. ദൈവം വിചാരിക്കുന്നത് മാത്രമേ സം ഭവിക്കുകയുള്ളൂ, എല്ലാം നല്ലതിനായിരിക്കാം. നമ്മൾ യാത്ര തുടങ്ങുകയാണ്. ഞാൻ നിന്റേതും നീ എന്റേതുമായ നിമിഷങ്ങൾ. എല്ലാ സുഖദുഖങ്ങളും ഒന്നിച്ചു പങ്കു വെച്ചു കൊണ്ട് തന്നെ നമുക്ക് തുഴയാം.ഞാൻ നിന്നോടൊപ്പം ഉണ്ട്, നീ എന്നോടൊപ്പവും ഉണ്ടായിരികില്ലേ?" അമലിന്റെ നനഞ്ഞ വാക്കുകൾ കേട്ട് സാറ തല കുലുക്കി.

പിന്നീടുള്ള ഓരോ നിമിഷവും സാറയും, അമലും ഹൃദയത്തിന്റെ മാന്ത്രികചുഴിയിൽ പരസ്പരം സ്നേഹം പകർന്നു ഈണമിട്ടു. ബാംഗ്ലൂരിൽ ജോലി ശരിയായതിനാൽ സാറയെ വിട്ട് പോകാൻ അമലിന് ഒട്ടും താല്പര്യമില്ലായിരുന്നു.

"ഞാനിവിടെ ചാച്ചന്റെയും, അമ്മച്ചിയേയുംകൂടെ നിൽക്കാം അമൽ .നീ ജോലി കളയണ്ട "സാറ പറഞ്ഞു.

"അപ്പൊ നിനക്ക് എന്നെ പിരിയാൻ പറ്റുമോ," അമലിന്റെ ചോദ്യം കേട്ട് സാറക്ക് ചിരി വന്നു.

"എടാ എപ്പോഴും നമുക്ക് ഒന്നിച്ചിരിക്കാൻ പറ്റുമോ?അപ്പോൾ നമുക്ക് സ്നേഹിക്കാൻ പറ്റുമോ. നീ ദൂരേക്ക് പോ". സാറ കുസൃതിയോടെ പറഞ്ഞു.

"നോക്ക് സാറാ... വിവാഹം കഴിഞ്ഞാൽ പിന്നെ പിരിഞ്ഞു താമസിക്കരുത്. അതാണ് എന്റെ ഫിലോസഫി. നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോകും."

ചാച്ചനും, അമ്മച്ചിക്കും ഇത് തന്നെയായിരുന്നു അഭിപ്രായം. "ഏതായാലും ആറു മാസങ്ങൾ കൊണ്ട് നമുക്കവിടെ സെറ്റിൽഡ് ആവാം 'എന്ന് പറഞ്ഞുകൊണ്ട് അമൽ യാത്രയായി.

അമലുമായി പിരിയാൻ സാറക്ക് ഒട്ടും താല്പര്യമില്ലാതിരുന്നു. വല്ലാത്തൊരു ശ്വാസംമുട്ടലും, ഒറ്റപ്പെടലും. റൂമിലേക്ക് കയറിയും, ഇറങ്ങിയും ആകെ വെപ്രാളപെട്ട അവസ്ഥ. മാനസിക സമ്മർദ്ദംകൂടി ശരീരത്തിലേക്ക് ബാധിക്കമോ എന്ന ഭയവും ഇരട്ടിച്ചു. ഏകാശ്വാസം അമലിന്റെ ലെറ്റർ വരുമ്പോളാണ്, സാറക്ക് കുറെ കാര്യങ്ങൾ എഴുതാനുണ്ടാകും. ഒരു ദിവസംവന്ന ലെറ്റർ വായിച്ച സാറ തുള്ളി ചാടി.

"അമൽ വരുന്നു, തന്നെ ബാംഗ്ലൂരിലേക്ക് കൊണ്ട് പോകാൻ." അത് കേട്ടപ്പോൾ ചാച്ചൻക്കും, അമ്മച്ചിക്കും സന്തോഷമായി.

"മോളെ നമുക്കെല്ലാവർക്കും കൂടി പള്ളിയിൽ പോയി പ്രാർത്ഥിക്കാം. മോളെ ദൈവം കൈവിടില്ല." അമ്മച്ചി സാറയുടെ കവിളിൽ ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു.

തുടരും... 


ഭാഗം 10

ഐക്കര ഗ്രാമം കഴിഞ്ഞ് ഒരു കിലോമീറ്റർ നടന്നാൽ ഏഴാം നമ്പർ എന്ന് വിളിക്കുന്ന ഒരു കൊച്ചു ഗ്രാമത്തിൽ ഒരു പുഴയുണ്ട്.രാവിലത്തെ പണിയൊക്കെ ഒതുക്കിവെച്ചിട്ട് അമ്മമാരും, കുട്ടികളുമൊക്കെ അലക്കാനും കുളിക്കാനുമൊക്കെ ഈ പുഴയിലേക്കാണ് പോവുക.


വീട്ടിൽ കിണറും, വെള്ളവും ഉണ്ടാകാത്തത് കൊണ്ടൊന്നുമല്ല. ഒരു രസാണ്, ടൂർ പോകുന്നത് പോലെ മനസ്സിനും, ശരീരത്തിനും, ഉല്ലാസവും, വിനോദവും കിട്ടുന്നത് ഈ പുഴയിൽ ചാടി ത്തിമർത്തുകുളിക്കുമ്പോളാണ്. അന്ന് ആദ്യമായി ഇവരുടെ കൂടെ പുതിയ ഒരു ഫാമിലിയും വന്നു. ഐക്കരയിലുള്ള ബാങ്ക് മാനേജ്റും ഫാമിലിയും ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ആയി പോയി. വളരെ വ്യസനത്തോടെ കണ്ണീർ തുടച്ചാണ് ഇവരെ യാത്രയാക്കിയത്.ഐക്കരയുള്ളവരുമായി ഇവർക്ക് ഒരു രക്തബന്ധമുള്ള അടുപ്പം പോലെ, ഐക്കരയിലുള്ളവർക്ക് തിരിച്ചും.മേൽവിലാസവും, പരസ്പരം സമ്മാനപൊതിയൊക്കെ കൈമാറി യാണ് ജയനും ഫാമിലിയും കണ്ണീരോടെ പിരിഞ്ഞത്.

ആ ഒഴിവിലേക്കാണ് നാദിർ സാറും, ഭാര്യനജീമയും വന്നത്.ആദ്യമൊക്കെ നജീമ വീടിന്റെ അകത്തു നിന്ന് പുറത്തേക്ക് ഇറങ്ങൂലായിരുന്നു, പിന്നെ പിന്നെ എല്ലാവരുമായി കമ്പനിയായി.

സാറ, റോസ്, അല്ലു, ക്രിസ്റ്റി, മാമ്മാ ലിക്കയുടെ മക്കൾ, അങ്ങനെ ആപ്രദേശത്തെ കുട്ടി പട്ടാളങ്ങൾ മുഴുവനും ഉണ്ടാകും, അവരോടോപ്പം ആമിനതാത്തയുടെ മരുമകൾ സുഹറയും ഉണ്ടാകും, പുഴയിൽ ചാടാൻ.

ചാടിയും, മറിഞ്ഞും, നീന്തിയും,എല്ലാവരും കൂടെ ആസ്വദിച്ചു കളിക്കും, അമ്മമാരൊക്കെ ഓരോ കഥകൾ പറഞ്ഞ് ഇടക്ക് റെസ്റ്റ് എടുക്കുമ്പോൾ കൊറിക്കാനായി, കടല വറുത്തതും, അവലുമൊക്കെ കരുതിയിട്ടുണ്ടാകും. ഇതൊക്ക നോക്കി എന്തെങ്കിലും കൊറിച്ചു കൊണ്ട് നജീമയും പുഴക്കരയിൽ ഇരിക്കുന്നുണ്ടാകും. അങ്ങിനെ ഒരു ദിവസം കുട്ടികൾ എല്ലാവരും കൂടി നജീമയെ പുഴയിലേക്ക് ഇറക്കി ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് ഉഷാറായി.

സുഹറയുടെ വിശേഷങ്ങൾ കേൾക്കാൻ സാറക്കും, റോസിനുമൊക്കെ ഭയങ്കര ഉഷാറാണ്. "ആമിന താത്ത പോര് എടുക്കുന്നുണ്ടോ,? പണിയെടിപ്പിക്കുന്നുണ്ടോ ഇതാണ് എല്ലാവർക്കും അറിയേണ്ടത്."

"ഉമ്മാക്ക് ഇത്തിരി പോര് ഒക്കെ ഉണ്ടുട്ടോ, എന്നാൽ സ്നേഹവും ഉണ്ട്. പ്രായമായവർ അല്ലെ, നമ്മളൊന്നും കേൾക്കാത്ത പോലെ ഇരുന്നാൽ മതി. എന്നാലും ചില വർത്താനം കേൾക്കുമ്പോ ഇനിക്കു കരച്ചിൽ വരും, പിന്നെ ഇക്ക സമാധാനിക്കാൻ ഉള്ളത് കൊണ്ട് അങ്ങിനെ പോണൂ... ഇക്ക ഒരു പാവമാ... പിന്നെ മോൻ പിറന്നതിൽ തന്നെ ഉമ്മാക്ക് ഇത്തിരി സ്നേഹം ഒക്കെ കൂടിയിട്ടുണ്ട് ട്ടൊ."

"ബന്ധുക്കളൊക്കെ വരാറുണ്ടോ?റോസ് ചോദിച്ചു.

"എല്ലാവരും വരാറുണ്ട്, പെങ്ങൾമാര് വരുമ്പോ ഉമ്മാക്ക് ഇന്നെ കണ്ടൂടാ.അങ്ങിനെ ഒരു പ്രശ്നം ഉണ്ട്. ഈ നാത്തൂൻ എന്ന കഥാപാത്രത്തെ എല്ലാരും കൂടി ഒരു ഭീകരജീവിയെ പോലെയാണ് കാണുന്നത്.നിക്കറിയാം ജീവിതം മുന്നോട്ട് പോവണമെങ്കിൽ പല വിട്ടുവീഴ്ച്ചകളും വേണ്ടി വരുമെന്ന്."

"ഈ പുഴ, നിങ്ങളെല്ലാവരും, ഇതൊക്കെയാണ് ഒരു സമാധാനം." സുഹറ പറഞ്ഞു.

ഒരു ദിവസം ഒരു ഒഴിവ് സമയത്ത് നജീമ, നാദിർഷാനെയും കൂട്ടി പുഴ കടവിലെത്തി. ഭാര്യയും, ഭർത്താവും, കുളിച്ചു കയറി ഈറൻ മാറാൻ ഒരുങ്ങുമ്പോൾ ആണ് ഒരു കൂ... കൂ...എന്ന കൂകി വിളി വന്നത്. പെണ്ണുങ്ങൾ കടവിൽ ഉണ്ടെങ്കിൽ പുരുഷൻമാര് ആരെങ്കിലും വന്നാലുള്ള മെസ്സേജ് ആണ് ഈ കൂകൽ. നജീമ നാദിറിന്റെ ഉടുമുണ്ട് പുതച്ച് അനങ്ങാതിരുന്നു. ഒരു വശത്തു കൂടി നജീമ ആരാണ് വരുന്നത് എന്ന് ശ്രദ്ധിച്ചു. കോളേജിൽ പഠിക്കുന്ന ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും മട്ടുണ്ട് കണ്ടാൽ. അതിൽ ഒരു ചെറുക്കൻ പുഴയിൽ ഇരുന്നു കയ്യും മുഖവും കഴുകി.ആ കൊച്ചു ചെറുക്കന്റെ മുഖം ശരിക്കും നജീമക്ക് കാണാമായിരുന്നു. എന്നാൽ ആമുഖം കണ്ട മാത്രയിൽ നജീമ ഞെട്ടി പോയി.

വീട്ടിലെത്തിയതും ആ കുട്ടിയെ കുറിച്ച് മാത്രമാണ് നജീമ ചിന്തിച്ചത്. തന്നെ പഠിപ്പിച്ച ട്യൂഷൻ ടീച്ചറെ ഭർത്താവിന്റെ അതേ രൂപവും, ഭാവവും. പിന്നെ വിചാരിച്ചു അത് തോന്നിയതാവും എന്ന്. എന്നാൽ നജീമക്ക് പല സ്ഥലങ്ങളിൽ ആയി ഈ കുട്ടിയെ കാണാൻ കഴിഞ്ഞു.ഒരിക്കൽ നജീമയുടെ മുന്നിൽ ഈ കുട്ടി പ്രത്യക്ഷപ്പെട്ടു, എന്നിട്ട് മുഖവുര കൂടാതെ പറഞ്ഞു. "നോക്കൂ സ്ത്രീ....നിങ്ങൾ പെററിട്ടിട്ട്,50000രൂപക്ക് വിറ്റ സാധനം ആണ് ഞാൻ. എനിക്കു ഒരേ തവണ കാണാണമെന്നുണ്ടായിരുന്നു. കണ്ടു." അതും പറഞ്ഞു കലി തുള്ളിയ മുഖത്തോടെ അവൻ നടന്നു നീങ്ങി.

മോനെ... ഒന്ന് നിൽക്കൂ...നജീമക്ക്‌ പറയണമെന്നുണ്ടായിരുന്നു. എന്നാൽ നാവിറങ്ങി പോയത് പോലെ, അവര് സ്തംഭിച്ചു നിന്നു. പെറ്റിട്ട വയറിന്റെ വിശപ്പും, ദാഹവും, ഇന്നതൊരു മരുഭൂമിയാണ്. പൊക്കിൽ കൊടി മുറിച്ചപ്പോളുണ്ടായ ബന്ധനം ഇന്നതൊരു വിങ്ങൽ ആണ്. നിനക്ക് വേണ്ടി ചുരത്താൻ കൊതിച്ച മുലഞെട്ടുകൾ ഇന്ന് എന്നെ നോക്കി പരഹസിക്കുന്നത് എനിക്കു കാണാം. നീ ഒരു സ്ത്രീയാണോ സ്വയം ചോദിക്കുന്ന ഈ ചോദ്യം സ്ത്രീതത്വത്തിനു തന്നെ അപമാനം പേരിയ ഈ ജന്മം ഭൂമിക്ക് തന്നെ ഭാരമാണ്.കടക്കൂ പുറത്ത് നിന്നിലെ സ്ത്രീയെ പുറത്താക്കിയിയിരിക്കുന്നു.

സ്വന്തം ശരീരം, തന്നെ അഗാധമായ് എല്പിച്ച അമ്പിന്റെ ശരങ്ങളുടെ വേദനകൊണ്ട് കാറി കരയാത്ത ദിനരാത്രികൾ ഉണ്ടായിട്ടില്ല. ആ അമ്മയുടെ വാക്കുകൾക്ക് ശ്വാസം മുട്ടി. ഒന്നും പറയാൻ കഴിയാതെ നിശ്ചലം നിന്നു. മിഴികൾ പെയ്തിറങ്ങി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഉത്തരമായി ഒരു പൊടി മീശക്കാരൻ പയ്യൻ പറഞ്ഞിട്ട് പോയ വാക്കുകൾ ബ്രെയിനിൽ കിടന്നു പുളഞ്ഞു.പഴയ ഓർമകൾ എപ്പോഴും നജീമക്ക് നിൽക്കപൊരുതി കൊടുക്കുന്നുണ്ടായിരുന്നില്ല.

'നജീയുടെ തലയിൽ കളിമണ്ണാണോ? പരീക്ഷക്ക് മൊട്ടയും വാങ്ങി വന്നിരിക്കുന്നു. ഇന്നെ സ്കൂളിലേക്ക് വിളിപ്പിച്ചാൽ ഞാൻ വരൂല, വാപ്പ ഉറഞ്ഞു തുള്ളി.

എന്നും നജീമയെകുറിച്ച് ഓരോ പരാതികളാ...സ്കൂളുകാർക്ക്, ആൺകുട്ടികളുടെ വികൃതിയാ ടീച്ചർമാ ര് വിളിച്ചു പറയും. ഉരുളൻ കല്ലെടുത്ത്‌ ആൺകുട്ടികളുടെ തല മണ്ടക്ക് എറിയാ... സ്ലേറ്റ് വാങ്ങി പൊട്ടിക്കാ, പെൺകുട്ടികളുടെ ഹയർ പിൻ വലിച്ചൂരി തട്ടം കാറ്റിൽ പറത്തിവിടുക. ഒരു വസ്തു പഠിക്കുകയും ഇല്ല, എല്ലാവർക്കും തലവേദന സൃഷ്ടിച്ചു കൊണ്ട് നജീമ പാറിപറന്ന് നടക്കും. അങ്ങിനെയാണ് നജീമയുടെ വാപ്പ അബ്ദുള്ള കുട്ടിയോട് മലയാളം പഠിപ്പിക്കുന്ന സരസ്വതിടീച്ചർ ഒരു കാര്യം പറഞ്ഞത്.

കുട്ടിയെ ഒരു ഡോക്ടറെ കാണിക്കേണ്ടി വരും. കുറച്ചു കൗൺസിലിംഗ് ഒക്കെ കൊടുക്കുമ്പോ കുട്ടി നേരെയാവും. അടിച്ചു ഞങ്ങളെ കൈ വേദനിക്കാ എന്നല്ലാതെ നേരാവുണ മട്ടില്ല. ഞാനൊരു കൗൺസിലറുടെ പേര് പറയാം. ഡോക്ടർ.

 'ഷാജഹാൻ'. മലയാള ടീച്ചർ അബ്ദുള്ള കുട്ടിക്ക് അഡ്രസ് കൈമാറി എന്നിട്ട് പറഞ്ഞു, ഞാൻ പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞാൽ മതി. പെൺകുട്ടിയല്ലേ...കുറച്ചു കഴിയുമ്പോൾ നിങ്ങൾ കെട്ടിച്ചു വിടും, അത് വരെ നമ്മൾ ശ്രദ്ധിക്കണ്ടേ.

ആറാം ക്ലാസ്സ്‌ മുതൽ 'നജീമ',ഡോക്ടർ ഷാജഹാന്റെ ചികിത്സയിൽ ആയിരുന്നു. ഡോക്ടറുടെ വൈഫ്‌ വീട്ടിൽ തന്നെ ട്യൂഷൻ ക്ലാസും വെച്ചിരുന്നു അതും നജീമക്ക് തുണയായി. പറന്നു നടന്നിരുന്ന നജീമ ചിറകുകൾ ഒക്കെ ഒതുക്കി വെച്ചു ജീവിക്കാൻ പഠിച്ചത് അങ്ങിനെയാണ്. കൗമാരം വിട്ട് യൗവനത്തിലെത്തിയപ്പോ നജീമയുടെ മനസ്സിലെ സ്വപ്നം കൂടാരത്തിൽ ഉറങ്ങി കിടക്കുന്ന ഗന്ധർവ്വന് ഡോക്ടറുടെ മുഖമായിരുന്നു. ആരും അറിയാതെ മനസ്സിൽ ആ മുഖം ഒരിക്കലും മായ്ച്ചു കളയാൻ കഴിയാത്ത വിധം ഉറച്ചുപോയി.

മനസ്സിൽ ഓരോന്നു ചിന്തിച്ചു കൂട്ടാൻ പ്രയാസം ഒന്നുമില്ലല്ലോ. തെറ്റാണെന്ന് അറിയാമായിരുന്നിട്ടും, മോഹിക്കാൻ പാടില്ലാത്തത് ആണെന്നറിഞ്ഞിട്ടും, മനസ്സിനെ പിടിച്ചു നിർത്താൻ നജീമക്ക് ആയില്ല. നിലാവിൽ കുളിച്ചു കിടന്ന ഓരോ രാത്രിയും തന്റെ അരികിലേക്ക് ഒഴുകി വരുന്ന ഗന്ധർവ്വന്റെ കരസ്പർശനത്തിൽ മയങ്ങിയാണ് നജീമയുടെ കിടപ്പ്. എന്നും കെട്ടിപിടിച്ചു കിടക്കുന്ന ഉമ്മ നബീസുനെ വിട്ട് അപ്പുറത്തെ മുറിയിലേക്ക് മാറിയത് തന്നെ ഗന്ധർവന്റെ ആഗമനം മോഹിച്ചായിരുന്നു. അങ്ങനെ ഒരിക്കൽ അത് സംഭവിച്ചു. പ്രീഡിഗ്രി പഠിക്കുന്ന നജീമ ഗർഭിണിയായി. ഒരു പുരുഷ്യൻന്റെ സാമീപ്യം അനുഭവിക്കാതെ താൻ എങ്ങിനെ ഗർഭിണിയായി എന്നോർത്തു നജീമ ഞെട്ടിത്തരിച്ചുപോയി.

തുടരും... 


ഭാഗം 11

ഗർഭമാണ് എന്ന് അറിഞ്ഞപ്പോഴേക്കും നാല് മാസം കഴിഞ്ഞിരുന്നു. വാപ്പ, ഉമ്മ, ഗഫൂർക്ക, മാമൻമാർ, എളാപ്പമാർ, എല്ലാവരും മാറി മാറി, നജീമയുടെ ശരീരത്തിൽ മർദ്ദനമുറകൾ പ്രയോഗിച്ചു.


എന്നാൽ കാരണക്കാരന്റെ ഉത്തരം പറയാൻ മാത്രം നജീമക്ക് കഴിഞ്ഞില്ല. കാരണം അവളുടെ ശരീരത്തിൽ ആരും സ്പർശിചിട്ടില്ലായിരുന്നു. രാത്രിയിൽ ജാലകങ്ങൾ തുറന്നിട്ട്‌ നിലാവിലേക്ക് നോക്കി നിൽക്കും. തന്നെ ചതിച്ച ഗന്ധർവ്വൻ വന്ന് കൂട്ടി കൊണ്ട് പോകുമെന്ന് മോഹിച്ച്.

'നജീമ'സാറയുടെയും, റോസിന്റെയും മുന്നിൽ തന്റെ കഥകൾ അയവിറക്കുകയായിരുന്നു. യൗവനത്തിലെത്തിനിൽക്കുന്ന ആ കുട്ടികൾക്ക് നജീമയുടെ കഥകൾ സങ്കടം കടലായി മാറി.

"എന്നിട്ടെന്തായി?"സാറയും, റോസും ഒരേ സ്വരത്തിൽ ചോദിച്ചു. സത്യത്തിൽ ഇത്തയെ ആരും തൊട്ടിട്ടില്ലായിരുന്നോ?"

"ഇല്ല മക്കളെ...അങ്ങിനെയൊന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല."

"ഗന്ധർവകഥകൾ ഒക്കെ ഞങ്ങളും വായിച്ചിട്ടുണ്ട്. അതൊക്കെ കഥകൾ അല്ലെ ഇത്താ."സാറ ചോദിച്ചു.

ഈ ഭൂമിയും, സൂര്യനും ചന്ദ്രനുമൊക്കെ അത്ഭുത പ്രതിഭാസം തന്നെയല്ലേ. പ്രപഞ്ചത്തിലെ ഓരോ അണുവും അത്ഭുതം തന്നെയല്ലേ, ഇത്രയും ശക്തിയുള്ള പടച്ചോന് ഇതൊക്കെ പ്രയാസമാണോ? ഞാൻ പറയുന്നതും, പ്രവർത്തിക്കുന്നതും കണ്ട് എനിക്കു ഭ്രാന്ത് ആണെന്ന് പറഞ്ഞു എന്റെ വായ അടച്ചു. പട്ടാമ്പിയിലുള്ള ഞാൻ പ്രസവത്തിനായി പാലക്കാടേക്ക് പോയി. ഓപ്പറേഷൻ ആയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് മയക്കത്തിൽ നിന്ന് ഉണർന്നപ്പോഴേക്കും, കുഞ്ഞിനെ എന്റെയടുത്തു നിന്ന് മാറ്റിയിരുന്നു. ഞാൻ സമാധാനിച്ചു. ഗന്ധർവ്വൻവന്ന് അവനെ കൂട്ടികൊണ്ട് പോയതായിരിക്കും എന്ന്, എവിടെയാണെങ്കിലും സുഖമായി ഇരിക്കട്ടെ എന്ന് ആശംസകൾ നേർന്നു"

"മുറ ചെറുക്കനുമായി എത്രയും പെട്ടെന്ന് കല്യാണവും കഴിഞ്ഞു നാദിർക്കാ, അദ്ദേഹമാണ് എനിക്കിന്ന് എല്ലാം. എന്നാലും ആ കുട്ടി പറഞ്ഞത് ഓർക്കുമ്പോൾ...."

"ഷാജഹാൻ ഡോക്ടർ എങ്ങിനെയുള്ള ആളായിരുന്നു." സാറ ചോദിച്ചു.

"നല്ല മനുഷ്യൻ,എല്ലാവർക്കും മാതൃകാ കുടുംബം, കുട്ടികൾ ആയിട്ടില്ലായിരുന്നു.

എന്നാൽ പിന്നെ എനിക്കു തോന്നുന്നത് ഇത്തയുടെ ഉള്ളിൽ ഡോക്ടറുടെ രൂപത്തിൽ ഗന്ധർവ്വൻ വന്ന് നിക്ഷേപിച്ചിട്ടുണ്ടാകും എന്നാണ്. അങ്ങനത്തെ കഥകളും ഉണ്ട്."റോസ് പറഞ്ഞു.

"ഇതൊന്നും ആരോടും പറയാൻ പറ്റുന്ന കഥകളല്ല, നജീമ പറഞ്ഞു.

നല്ലോണം ആലോചിച്ചു നോക്ക് ഇത്താ.... ഇതിൽ വേറെഎന്തൊക്കെയോ നടന്നിട്ടുണ്ട്. ഇവിടെ വന്ന കുട്ടിയെ കണ്ട് ഇത്ത അത്ഭുതപെട്ടത് ഡോക്ടറുടെ ഛായ ഓർമ്മിപ്പിച്ചിട്ടല്ലേ..."

"അതാണ് രസം,ആൺകുട്ടികളെ കുറിച്ചു സ്വപ്നം കാണുന്ന പ്രായത്തിൽ എന്റെ മനസ്സിൽ വെറുതെ കൊണ്ടാരാധിച്ച രൂപമാണ്.അയാളറിയാതെ ഞാനെന്റെ സ്വപ്നത്തിലെ രാജകുമാരനാക്കി കഥകൾ മെനഞ്ഞു.പക്ഷെ അയാൾ വളരെ ജെന്റിൽമാൻ ആയിരുന്നു.എത്രയോ അവസരം ഉണ്ടായിട്ടുണ്ട്, വേണ്ടാത്ത ഒരു സ്പർശനം പോലും ഉണ്ടായിട്ടല്ല."

"എന്നാൽ ഉണ്ടായിട്ടുണ്ട് ഇത്താ...നമ്മുടെ ശാസ്ത്രത്തിനു തെറ്റ് പറ്റാം, എന്നാൽ ദൈവത്തിനു തെറ്റു പറ്റില്ല,ആരും അറിയാതെ കുഴിച്ചു മൂടപ്പെട്ട സത്യങ്ങൾക്ക് ദൈവം ഇതാ തെളിവ് കൊണ്ട് വന്നിരിക്കുന്നു."

"നീ എന്താ സാറാ...

ഉദ്ദേശിക്കുന്നത്. റോസ് ചോദിച്ചു.

നോക്കൂ..

റോസ്, ആരും കാണാത്ത പല കാര്യങ്ങളും ദൈവത്തിന് കാണാൻ സാധിക്കും, ഈ കുട്ടിയുടെ സൃഷ്ടിച്ചത് വേറെയാരെങ്കിലും ഛായ യാണെങ്കിൽ പല രഹസ്യങ്ങളും ഇവിടെ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാവും. ഇത്തയാണെങ്കിൽ തനിക്ക് സംഭവിച്ച വിധിയെ ഓർത്തു ഇതെങ്ങിനെ സംഭവിച്ചു എന്നറിയാതെ ഒരു രോഗിയായി തീർന്നിട്ട് ഉണ്ടാകും."

"തീർന്നിരിക്കുന്നു മക്കളെ, ഗുളിക വിഴുങ്ങാതെ എനിക്കുറങ്ങാൻ കഴിയാറില്ല ഇപ്പോൾ."

"നാദിർ സാർ ഇതൊന്നും അറിയൂലെ". അറിയാമെന്നു തോന്നുന്നു, എന്നോട് ഇത് വരെ ഇതൊന്നും ചോദിച്ചിട്ടില്ല."

വീട്ടിലെ മുതിർന്നവരൊക്കെ എന്റെ നേരെ വന്ന് ആക്രോശിക്കുന്നത് ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നു.

"നജീ ..പറയൂ.... ആരാണെന്ന്? ഞങ്ങൾ നടത്തിതരാം നിക്കാഹ്, അവൻ എവിടെ പോയി ഒളിച്ചാലും ഞങ്ങൾ കണ്ട് പിടിച്ച് കൊണ്ട് വരാം."

ചോദ്യങ്ങൾ ഓരോന്നായി നിന്നു.പിന്നെയായിരുന്നു ചൂരൽ പ്രയോഗം.സഹിക്കാൻ വയ്യാതെ ഈ അപമാനത്തിനും, നിസ്സഹായതയിൽ നിന്നും രക്ഷപ്പെടാൻ ആത്മഹത്യ ശ്രമം. വായടച്ച് ശരിക്കും പ്രതിഷേധിച്ചത് പടച്ചോനോടായിരുന്നു. എന്തിന് എനിക്കീ വിധി തന്നു. ചാരിത്ര്യശുദ്ധിക്ക്‌ നേരെ ആഞ്ഞ് തൊഴിച്ചപ്പോൾ ചൂളി പോയി നഗ്നമാക്കപ്പെട്ടത് പോലെ."

ഇനിയിപ്പോ ഒന്നും ആലോചിക്കേണ്ട ഇത്താ. എല്ലാം നേരെയാവും, സമാധാനമായിരിക്കൂ. ഈ വിഷയത്തിൽ നിന്നെല്ലാം ഒരു മോചനത്തിനായി സാറ ചോദിച്ചു.

"മാമാലിക്കയുടെ മോളെ നിക്കാഹ് അല്ലെ.നമുക്ക് പോവണ്ടേ."

"അല്ല മക്കളെ, ആ കുട്ടികളുടെ ഉമ്മച്ചിയെ വേറെയാരോ കെട്ടിയില്ലേ, എന്നിട്ടും പാത്തുമ്മ ഉമ്മച്ചി സ്വന്തം മക്കളെ പോലെ അവരെ വളർത്തി വലുതാക്കിയില്ലേ?"

"അതാണ് ഇത്താ ഉമ്മച്ചി!എല്ലാവരെയും സ്വന്തമായേ കരുതൂ. ഇതൊക്കെ യല്ലേ നന്മ. ഈ ഭൂമിയിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് ഇതൊക്കെ തന്നെയല്ലേ.ഒരു പാട് അസൂയയും, കുശുമ്പ് എല്ലാം വളർത്തിയാൽ സമാധാനം ഉണ്ടാവില്ല. ഉമ്മച്ചിയൊരു തുറന്ന പുസ്തകം തന്നെയാണ്."

"അപ്രതീക്ഷിതമായി ഉമ്മച്ചിക്ക് ഏറ്റ ക്ഷതമായിരുന്നു മമ്മാലിക്കയുടെ മരണം, അതിനു പുറമെ വീണ്ടും വന്നു മലവെള്ളപാച്ചിൽ പോലെ, ഉമ്മച്ചിയറിയാതെ മമ്മാലിക്കക്ക്‌ വേറെ കെട്ടിയോളും, കുട്ടികളും ഉണ്ടെന്ന്.ഉമ്മച്ചി പറയുമായിരുന്നു. "കേട്ടപാടെ നമ്മക്ക് പഹയനോട് ദേഷ്യം തോന്നി. മയ്യത്ത് കണ്ട് എല്ലാവരും പൊട്ടി കരഞ്ഞപ്പോൾ മൂപ്പരോട്ള്ള വെറുപ്പ് കൂടി വന്നു. ആ സമയത്ത് ഇന്റെ അവസ്ഥ ആരോടും പറഞ്ഞാൽ മനസ്സിലാവൂല, അത്രയും സങ്കടമായിരുന്നു. പിന്നെ കുറെ ചിന്തിച്ചു നോക്കിയപ്പോ ഇന്റെ മനസ്സ് ക്ലിയർ ആയി. മനുഷ്യനല്ലേ മമ്മാലിക്കാ... മലക്ക് ഒന്നും അല്ലല്ലോ." 


ഒരിക്കൽ പാത്തുമ്മ ഉമ്മച്ചി, മൊഞ്ചത്തി ആയിഷുവിനോട് ചോദിച്ചു.

"ആയിഷു എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു. അത് അറിയാതെ ഞാൻ മയ്യത്ത് ആയാൽ വലിയ ഒരു കടം ബാക്കിയാകും."

"എന്താണെങ്കിലും ഇത്താ ചോദിക്കൂ, മ്മക്ക് അറിയാമെങ്കിൽ മറുപടി പറയാ..."

"ഇവിടെയുള്ള മ്മളെ മമ്മാലിക്ക എങ്ങിനെ അന്റെ അടുത്തു എത്തി.മ്മളെ ഇഷ്‌ടപെട്ട ആൾ വേറൊരു പെണ്ണിന്റെ മോറ് കാണുന്നത് പോലും സ്നേഹമുള്ളവർക്ക് സഹിക്കൂല, ഞാനും അങ്ങിനെത്തവൾ ആയിരുന്നു. പണ്ടൊക്കെ മൂന്നും, നാലും കെട്ടികൊണ്ട് വന്ന് കൂരയിൽ പാർപ്പിക്കുന്ന ആണുങ്ങൾ ഉണ്ട്. ആവരൊക്കെ എത്ര മാത്രം തേങ്ങലുകൾ ഒതിക്കിയിട്ടുണ്ടാകും. എന്നും അവൾക്കൊരു പേരും ഉണ്ടല്ലോ, അബലയായവൾ,എന്നൊക്കെ, പെൺകുട്ടികളെ പെറ്റിട്ടത് മുതൽ മരിക്കുന്നത് വരെ ഈ ഭൂമിയിൽ ഉരുകി തീരാനാണ് അവളുടെ വിധി."

ഇതൊക്കെ കേട്ടപ്പോ ആയിഷു കരഞ്ഞു.

"ഇയ്യ്,നി കരയുകയൊന്നും വേണ്ടാ, ഇൻക്ക് സങ്കടവും ഇല്ല. ഇയ്യും, കുട്ടികളും അനാഥായി പോയീലെ, അതാണ് ഇത്താക്ക് സങ്കടം.പിന്നെ രണ്ടു മൊഞ്ചത്തി കുട്ടികളെയും കൊണ്ടല്ലേ ഇയ്യ് വന്നിട്ടുള്ളത്, ഇതിറ്റെകളെ കണ്ടപ്പോ അന്റെ സങ്കടമൊക്കെ പോയി. ഇന്റെ ചോദിച്ചത്തിനു ഇയ്യ് മറുപടി പറഞ്ഞില്ല. അനക്ക് വിസമമാണെങ്കിൽ പറയേണ്ട. ആരും അത് അറിയാതെ അങ്ങിനെതന്നെ ഇരുന്നോട്ടെ.കഴിഞ്ഞതൊക്കെ അറിഞ്ഞിട്ട് കാര്യമൊന്നും ഇല്ലല്ലോ."

ഞാൻ പറയാം ഇത്താ...

"കുത്ത് റാത്തീബിന് ഞങ്ങളെ. പൊരേയിൽ വന്നവരുടെ കൂട്ടത്തിൽ മമ്മാലിക്കയും ഉണ്ടായിരുന്നു. റാതീബൊക്കെ കഴിഞ്ഞു ഓരോരുത്തർ ഓരോ സ്ഥലത്ത് ഉറക്കമായി, സുബിഹി ബാങ്ക് കൊടുക്കുന്നതിനു മുമ്പ് എല്ലാവരും എണീറ്റ് പള്ളിയിൽ പോകാൻ റെഡിയായി. എന്നാൽ മമ്മാലിക്ക മാത്രം തളർന്ന് കിടക്കുകയാണ്. ഒരു അനക്കവും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് ഹോ സ്‌പിറ്റലിൽ എത്തിച്ചു. ഹാർട്ടിന് അസുഖമാണെത്രേ.തക്ക സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു. ഏതായാലും ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു. കൂടെ വന്നവരൊക്കെ മമ്മാലിക്കയെ വാപ്പയെ എല്പിച്ചു കൊണ്ട് സ്ഥലം വിട്ടിരുന്നു. പൊരേലേക്കാണ് ഡിസ്ചാർജ് ചെയ്ത് കൊണ്ട് വന്നത്."

"സ്വത്തില്ല, മുതലില്ല കദീസു... നാല് പെൺകുട്ടികളിൽ ഒന്നിനെയെങ്കിലും ആരെങ്കിലും കെട്ടി കൊണ്ട് പോയെങ്കിൽ, രണ്ടാം കെട്ടായാലും മതിയായിരുന്നു.നമ്മളൊക്കെ കണ്ണടക്കുന്നതിനു മുമ്പ് കാണാൻ കഴിയോ? കുട്ടികളുടെ മംഗല്യ ഭാഗ്യം."

അവര്, ഇവിടെ നിന്നോട്ടെന്ന്, ഇങ്ങക്കെന്താ... മൊഞ്ചത്തികളല്ലേ നമ്മുടെ മക്കള്. അവരെ കെട്ടാൻ രാജ കുമാരൻ തന്നെ വരും."കദീസു പറഞ്ഞു.

"വരും, വരും, നമ്മൾ എന്തിട്ത്ത് കൊടുക്കും. ആണൊരുത്തൻ, ഉള്ളതും, ഇല്ലാത്തതും സമമാണ്. എന്താ റബ്ബേ... ചെയ്യാ..."

"ഇങ്ങള് സമാധാനമായിരിക്ക്,പടച്ചോൻ എന്തെങ്കിലും വഴികാണും,

ആവഴിയായിരുന്നു മമ്മാലിക്ക. വാപ്പ വിവരം പറഞ്ഞപ്പോ ഉമ്മ പൊട്ടിത്തെറിച്ചു.

"ഇങ്ങൾക്ക് ഭ്രാന്താണോ... ആ സുക്കേടുള്ള ഒരുത്തനെ കൊണ്ട് മോളെ കെട്ടിക്കാന്."

"ഓന്ക്കോ സൂക്കേട്, നല്ല ഉശിർ ഉള്ളവനാ അവന് സ്നേഹമുള്ളവനാ... നമ്മടെ സങ്കടം പറഞ്ഞാൽ അവൻ കേൾക്കും."

വാപ്പ കാര്യം പറഞ്ഞപ്പോ മാമ്മലിക്ക എതിർത്തു." ഇൻക്ക് ഒരു കുടുംബമുണ്ട്, അവരെന്റെ ജീവനാണ്. അവരെ മോത്ത് നോക്കാൻ പറ്റൂല."

"വേണ്ടാ മോനെ.... ഞാനൊന്നും ചോദിച്ചില്ലെന്ന് നീരിച്ചാമതി. മറന്നേക്ക്.

എന്നാൽ പിറ്റേന്ന് തന്നെ മമ്മാലിക്ക നിക്കാഹിനുള്ള വട്ടം ഒരുക്കാൻ പറഞ്ഞു. പാവമാ... ആമനസ്സിൽ സ്നേഹം മാത്രമേള്ളൂ...ആയിഷു കണ്ണീരൊപ്പി.

(തുടരും...) 


ഭാഗം 12

സാറക്ക് ഒരിക്കലും എണീറ്റ് നടക്കാൻ കഴിയൂലാന്ന് അമലിന് അറിയാം. എന്നിട്ടും,21ദിവസത്തെ ആയുർവേദ ചികിത്സകൊടുത്തു. അതിന് ഫലവും കിട്ടി, മുഖവും,കണ്ണുകളും പുതു ജീവൻ വെച്ചത് പോലെ. കൂടുതൽ സുന്ദരി ആയിരിക്കുന്നു.


"നോക്കൂ അമൽ, ഒന്ന് നടന്ന് നോക്കിയാലോ?"

അമൽ വല്ലാതായി,ആ താടി പിടിച്ചു കൊണ്ട് ഉയർത്തി, എന്നിട്ട് മുഖം കൊണ്ട് വേണ്ടാ എന്ന് ആംഗ്യം കാണിച്ചു.

"നിനക്ക് വിഷമമുണ്ടടൊ.... അമൽ അലിവോടെ ചോദിച്ചു."

മറുപടിയായി സാറ പൊട്ടിചിരിച്ചു. "നമുക്ക് ഒരു യാത്ര പോവണം. 'കനലുകൾ താണ്ടി ഇനിയെത്ര നാൾ' എന്ന കൃതി എനിക്ക് പൂർത്തിയാക്കണം. എന്റെ ലക്ഷ്യം എനിക്കു നിറവേറ്റണം. റോസിനോട് ഒരുക്കങ്ങൾ തുടങ്ങാൻ പറയൂ..."

കാര്യമറിഞ്ഞപ്പോ റോസ് എതിർത്തു. "ഞാനില്ല നിങ്ങൾ രണ്ടുപേരും പോയാൽ മതി."

"നോ... അമലും, സാറയും ഒന്നിച്ചാണ് പ്രതികരിച്ചത്. നീയും വരണം, നീയില്ലാതെ ഞങ്ങൾ പോവുന്നില്ല." "നോക്കൂ റോസ് നമ്മുടെ ശിരസ്സിനുള്ളിലെ ഭാരത്തിന് ഏകദേശം ഭൂമിയോളം വരും.എനിക്കല്പം തനിച്ചിരിക്കണം സാറാ...എന്തോ ഒരു സുഖകുറവ്. റോസ് നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു."

"തനിച്ചിരിക്കാൻ ആർക്കാ കൊതിയില്ലാത്തെ. സത്യത്തിൽ ചലനമറ്റു കിടക്കുന്ന സാറ ആരാണ്! ഞാൻ എന്നോട് തന്നെ ചോദിച്ച ദിനങ്ങൾ. എങ്ങിനെ ഈ ഭൂമിയിൽ പിറന്നു, എന്തിനു വേണ്ടി, ഒന്നിനും ഒരു ഉത്തരം കിട്ടുന്നില്ല. എന്നാലും നമ്മളങ്ങിനെ ജീവിക്കും. നമ്മളൊക്കെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. മാറിയേ മതിയാകൂ. നീ വേഗം പോയി റെഡിയായിക്കെ. ഞാനെത്ര നാൾ അതും അറിയില്ലല്ലോ?"

അപ്രതീക്ഷമായ സംഭവിച്ച യാത്രയിൽ മൂന്നുപേരും മൗനത്തിൽ ആയിരുന്നു. പുലർച്ചെ പുറപ്പെട്ടത് കൊണ്ട് പ്രകൃതി ഒരുക്കിയ വിസ്മയത്തിനു മുന്നിൽ സാറ കൈകൾ കൂപ്പി പോയി. എത്ര വിചിത്രാനുഭവങ്ങൾ ആണ് പ്രകൃതി നമുക്ക് സമ്മാനിക്കുന്നത്.പക്ഷി മൃഗാ ദികൾ, വൃക്ഷകൂട്ടങ്ങൾ, അങ്ങിനെ എന്തൊക്കെ, എന്തൊക്കെ, അതിന്റെയിടയിൽ വസിക്കുന്ന കുറെ മനുഷ്യജീവികളും,പല തരത്തിൽ, പലഭാവത്തിൽ, പല സ്വഭാവത്തിൽ എല്ലാം വ്യത്യസ്ഥ രീതിയിൽ.

ശരീരത്തെ കുത്തി നോവിക്കുന്ന തണുപ്പ് ആണെങ്കിലും സാറ സ്വെറ്ററോ, ഷാൾ ഓ ധരിക്കാതെ സാറ തണുപ്പ് ആസ്വദിക്കുകയാണ് ചെയ്തത്.

യാത്രകൾ എന്നും ഇഷ്‌ടമായിരുന്നു സാറക്ക്, വിവാഹം കഴിഞ്ഞ് ബാംഗ്ലൂരിലേക്കുള്ള യാത്രയായിരുന്നു, ആദ്യത്തെ ദൂര യാത്ര.

മനസ്സിൽ ഒരായിരം കിനാവും, സ്വപ്നങ്ങളും നിറച്ചു കൊണ്ട് ജീവിതം ആസ്വദിക്കാൻ പോകുന്ന ഒരു യാത്ര. കണ്ണിൽ കൗതുകം നിറച്ചു മൂളി പാട്ടുമായ് പോകുമ്പോൾ താനാണ് ഈ ഭൂമിയിൽ ഏറ്റവും വലിയ ഭാഗ്യവതിയെന്ന് ചിന്തിച്ചു. ചാച്ചന്റെയും, അമ്മച്ചിയുടെയും മരണവും, പാതി മെയ്യായ റോസിനെ കുറിച്ചു ഒരു വിവരമില്ലായെ ന്നറിഞ്ഞിട്ടും, താൻ സ്നേഹിക്കുന്ന പുരുഷനെ തന്നെ വരാനായി കിട്ടിയപ്പോ, ദുഃഖങ്ങളോട് വിട പറഞ്ഞു വേറൊരാളായി മാറിയത് പെട്ടെന്നായിരുന്നു. അത് എങ്ങിനെ സാധിച്ചു എന്ന് സാറക്ക് അത്ഭുതമായിരുന്നു.

ആദ്യമാദ്യമൊക്കെ ഫ്ലാറ്റിലെ ലൈഫ് വളരെ രസമായി തോന്നി സാറക്ക്. പിന്നെ പിന്നെ മടുത്തു തുടങ്ങി. ഏതെങ്കിലും ഒരു കോഴ്സ് ചെയ്യാൻ അമൽ പലവട്ടം നിർബന്ധിച്ചു.റോസ് അടുത്തില്ലാതെ തനിക്ക്‌ ഒരിക്കലും പഠിക്കാൻ കഴിയൂലാന്ന് വാദിച്ചു.

അമൽ ഓഫിസിൽ പോയാൾ സാറ വെറുതെ ഇരുന്നു ടി വി കാണും. സ്നേഹം ഒരു ഭ്രാന്ത് ആയിരുന്നു അമലിനും, സാറക്കും ലഹരിയെന്ന് പറയുന്നതായിരിക്കും ശരി. വിവാഹ ജീവിതത്തിലെ ഒരു വർഷം അതായിരുന്നു സാറക്ക് ദൈവം തന്ന ഏറ്റവും വലിയ ഗിഫ്റ്റ്. നൂറു വർഷത്തെ സ്നേഹം പരസ്പരം വാരിയെറിഞ്ഞു.

"സാറാ... നീ തന്നെയാണ് ഇതിനുത്തരവാദി."കരഞ്ഞു തളരുമ്പോൾ 4 ചുവരുകൾ അവളോട്‌ അലറുന്നത് അവളുടെ ചെവിയിൽ വന്നലച്ചു. ചാട്ടവാറിന്റെ അടിയേറ്റത് പോലെ പുളയുമ്പോളും, എത്ര ചിന്തിച്ചിട്ടും, ന്യായം സാറയുടെ തുലാസിൽ അളക്കുമ്പോൾ തട്ട് സ്വന്തം ഭാഗത്തു തന്നെ താഴ്ന്നു നിന്നു.

ടെലിവിഷന്റെ മുന്നിൽ നിന്ന് വായനാമുറിയിലേക്ക് ഇടം കണ്ടെത്തിയത് പെട്ടെന്നായിരുന്നു. സാറ ഒരു ഒരു വായനപ്രിയ തന്നെയായിരുന്നു. എന്നാൽ എപ്പോഴോ അത് ബ്രേക്ക്‌ ആയി പോയി.

സെൽഫിൽ നിന്ന് ബുക്ക്‌ തിരയുന്നതിനിടയിൽ നിന്ന് ഡയറിയിൽ നിന്ന് കുറച്ചു ഫോട്ടോയും, കുറെ കുറിപ്പുകളും തറയിലേക്ക് വീണു.എടുത്തു ഡയറിയിലേക്ക് തന്നെ എടുത്തു എടുത്തു വെക്കുന്നതിനിടയിൽ തറയിൽ കിടന്ന. ഫോട്ടോയിലേക്ക്‌ കണ്ണുകൾ ഉടക്കി. റോസിന്റെ കുട്ടികാലത്തെ ഫോട്ടോ ആയിരുന്നു അത്, ആകാംക്ഷ അടക്കാൻ കഴിയാതെ കുറിപ്പുകൾ ഓരോന്നു വായിച്ചു തീർന്നപ്പോഴേക്കും സാറ തളർന്നിരുന്നു. റോസിന് വേണ്ടി മാത്രം എഴുതിയ കവിതകളും, കുറിപ്പുകളുമായിരുന്നു അത്.

തറയിൽ കുത്തിയിരുന്നു സാറ കുറെ കരഞ്ഞു.അമലിനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. അമൽ അതിനെ കുറിച്ച് ഒന്നും സൂചിപ്പിച്ചു പോലും ഇല്ലല്ലോ, സാറ സങ്കടത്തോടെ ഓർത്തു.

ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഡിപ്രെഷൻ തല പൊക്കാൻ തുടങ്ങിയിരിക്കുന്നു. കാരണം പറയാതെ അമലിന്റെ മുന്നിൽ വഴക്കാളിയായ ഭാര്യയായി.റോസിനെ സ്നേഹിച്ചിരുന്നു എന്ന് അമലിന്റെ വായിൽ നിന്ന് കേൾക്കുന്ന നിമിഷം ഹൃദയം പൊട്ടി മരിച്ചു എന്നുപോലും സാറ ചിന്തിച്ചു.

"എടാ.. നിനക്കെന്താ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? പഴയത് പോലെയല്ല എപ്പോഴും ദേഷ്യഭാവത്തിൽ, നിന്റെ മുഖം വാടുന്നത് പോലും എനിക്ക് സഹിക്കൂലാന്ന് നിനക്കറിയാമല്ലോ. എന്താ നിന്റെ പ്രശ്നം,"അമൽ സാറയുടെ പെരുമാറ്റത്തിലുള്ള വ്യത്യാസം കണ്ട് ചോദിച്ചു.

"ഒന്നുമില്ല അമൽ... അല്ലെങ്കിൽ ഈ ആണുങ്ങൾ ഒക്കെ ഇങ്ങിനെയാണ്, അവരവരുടെ കാര്യങ്ങൾ തന്നെയാണ് വലുത്."

"നിനക്കതിനു എന്തിന്റെ കുറവാ ഞാൻ വരുത്തിയത്. പറഞ്ഞാലല്ലേ അറിയൂ... ഞാനത് തീർത്തു തരാം. ഒന്ന് നീ മറക്കേണ്ട... ദൈവം എന്നെയും നിന്നെയും ചേർത്ത് വെച്ചത്, വഴക്ക് ഇടാനല്ല. ഓരോ ദിവസവും വഴക്കടിച്ച് ജീവിതം വേസ്റ്റ് ആക്കുന്നത് എന്തിനാ. എന്നോടൊന്ന് സംസാരിചൂടെ നിനക്ക്."

"പാവം അമൽ,"സാറയുടെ മനസ്സ് മന്ത്രിക്കും, എന്നാലും വാക്കുകൾ ഇങ്ങിനെയായിരിക്കും വരുന്നത്. "ഞാനിങ്ങനെ തന്നെയാണ്, എന്നെ സഹിക്കാൻ കഴിയൂല എങ്കിൽ കൊന്ന് കളഞ്ഞേക്കൂ."

"നിന്റെ മനസ്സ് ക്ലിയർ അല്ല, നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം,"

 അമൽ കേണു.

"വേണ്ടാ... ഒരു ഡോക്ടറും എന്നെ ചികിൽസിക്കേണ്ടാ.... മനസ്സിനേറ്റ മുറിവിന് എനിക്കു ആത്മഹത്യ ചെയ്യണം."സാറ ചീറി കൊണ്ട് പറഞ്ഞു.

ആഞ്ഞൊരു അടിയായിരുന്നു മറുപടി. കറങ്ങി പോയ സാറയുടെ ബോധം മറഞ്ഞു പോയി.

കണ്ണ് തുറക്കുമ്പോൾ എല്ലാവരും ഉണ്ട്. അമ്പിചാച്ച, അമ്മച്ചി, ക്രിസ്റ്റി, എല്ലാവരുടെയും മുഖത്തു സന്തോഷം.

എണീക്കാൻ നോക്കിയപ്പോ എല്ലാവരും വിലക്കി.

"വേണ്ട.. എണീക്കേണ്ട..മോളും, വയറ്റിലുള്ള കുഞ്ഞും റസ്റ്റ്‌ എടുത്തോ."

"ഏ.... വയറ്റിൽ കുഞ്ഞോ... "സാറ സന്തോഷത്തോടെ ചോദിച്ചു. എന്നാൽ ഫ്രൂട്സ്മായി വന്ന അമലിനെ കണ്ടപ്പോൾ ആ മുഖം വീർത്തു.

അന്നുമുതൽ അമ്മച്ചിയും അവരോടൊപ്പം ഉണ്ടായിരുന്നു. മോൻ തനുസ്സിന് നാലുമാസം പ്രായമായപ്പോളാണ് അമ്മച്ചി പോയത്.

വീണ്ടും ജീവിതത്തിൽ യുദ്ധം പ്രഖ്യാപിച്ചു സാറ.കരച്ചിലും, പൊട്ടിത്തെറിയുമായി ജീവിതം നിരങ്ങി നീങ്ങി.അതിന്റെയിടയിൽ മോനും വളർന്നു.

"നിന്റെ സ്വഭാവത്തിന് ഇത്തിരി അയവ് കൊടുക്ക്, മോൻ ഇതൊക്കെ കണ്ടാ വളരുക."അമൽ കൂടെ കൂടെ ഓർമ്മിച്ചു കൊണ്ടിരുന്നു.

"വളരട്ടെ, എല്ലാം കണ്ട് വളരെട്ടെ, നിന്നെ പോലെ ആവാതിരുന്നാൽ മാത്രം മതി."

"സാറാ..."നിന്നോട് ഞാൻ ആത്മാർത്ഥമായി ചോദിക്കുകയാണ്, നിന്റെ പ്രശ്നം എന്താണ്? എന്നോടുള്ള നിന്റെ പെരുമാറ്റം, അത് എനിക്കു വിഷമമില്ല, നീ നിന്നെ തന്നെയാണ് ഇഞ്ചിഞ്ചായി കൊല്ലുന്നത്. ദൈവത്തോട് സമാധാനം പറയേണ്ടി വരും നീ."അമൽ, ക്ഷുഭിതനായി പറഞ്ഞു.

ഞാൻ പറഞ്ഞോളാം, ദൈവത്തോട്, ദൈവത്തിന് എന്നെ അറിയാം, സാറ ചീറി."

ഇതിന്റെ ഇടയിൽ അമൽ വയനാട്ടിൽ ഇത്തിരി ഭൂമിയൊക്കെ വാങ്ങി വീട് പണി തുടങ്ങിയിരുന്നു. മോന് രണ്ടര വയസ്സ് ഉള്ളപ്പോ സാറ വീണ്ടും ഗർഭിണി ആയി, വയ്നാട്ടിലേക്ക് പോന്നു. അമ്മച്ചി എന്നും സാറക്ക്, സ്വാന്തനവും, ആശ്വാസവുമായിരുന്നു. അമൽ ജോലി റിസൈൻ ചെയ്ത് ബിസിനെസ്സ് ആരംഭിച്ചു.

"നീയില്ലാതെ സത്യത്തിൽ എനിക്കു നിൽക്കാൻ പറ്റൂല.നിന്റെ സ്വഭാവം വെച്ചു നോക്കുമ്പോൾ സത്യത്തിൽ ഞാൻ നിന്റെ അടുത്തു വേണം. നീയെന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. സാരമില്ല. നിന്റെ മനസ്സിൽ വിഷമം തോന്നുമ്പോൾ എന്നെയല്ലാതെ വേറെയാരെ പറയാനാണ്."അമൽ വികാരധീനമായി പറഞ്ഞു.

"സോറി അമൽ... ന്റെ ചിന്തകൾ എനിക്ക് പിടിച്ചു നിർത്താൻ കഴിയുന്നില്ല. എനിക്കു ഭ്രാന്താകും, ഗുളിക തുടരുകയേ മാർഗ്ഗമുള്ളൂ. നമുക്ക് ഡോക്ടരെ കാണാം. ഞാൻ അന്നേ മരിച്ചുപോയാൽ മതിയായിരുന്നു അല്ലെ. എന്നാൽ അമൽ രക്ഷപെടുമായിരുന്നു."

സാറയുടെ വായ അമൽ പൊത്തി, എന്നിട്ട് പറഞ്ഞു.

"മരണം നമ്മുടെ കയ്യിൽ ഒന്നും അല്ല സാറ... ദൈവം വിളിക്കുമ്പോഴേ നമുക്ക് അവിടേക്ക് പോവാൻ പറ്റൂ."

സാറയുടെ മനസ്സ് അത് വല്ലാത്തൊരു ചുഴലി കാറ്റായിരുന്നു. ആർക്കും മനസിലാവാതെ അതങ്ങിനെ താണ്ഡവമാടികൊണ്ടേയിരുന്നു. സത്യം പറഞ്ഞാൽ സാറ രണ്ട് വ്യക്തിയാണ്, ചിന്തിക്കുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്. അമലിനോടുള്ള സ്നേഹം തുളുമ്പി നിൽക്കുന്നുണ്ടായിരിക്കും. എന്നാൽ വാക്കുകൾ വേദനിപ്പിക്കുന്നതായിരിക്കും.

തന്റെ മനസ്സിനുള്ളിലെ ചോദ്യങ്ങളും, സംശയങ്ങളും,അമലിന്റെ മുന്നിൽ അവതരിപ്പിക്കാൻ എത്രയോ തവണ ചിട്ടപെടുത്തിയിയിട്ടുണ്ടായിരുന്നു സാറ. എന്നാൽ ഇതുവരെ പുറത്തേടുക്കാൻ കഴിഞ്ഞിട്ടില്ല.

ഈ ഭൂമിയിലേക്ക് ഒരു കുരിന്നിന്റെ ആഗമനത്തിലുള്ള തയ്യാറെടുപ്പിൽ ആയിരുന്നു എല്ലാവരും. ഡെലിവറി ഡേറ്റ് ന് ഒരുദിവസം ബാക്കി നിൽക്കെ സാറ തന്റെ വയറ്റിലുള്ള കുഞ്ഞിനെ താങ്ങി പിടിച്ചു കൊണ്ട് ഉമ്മറത്തെത്തി. 

(തുടരും...)


ഭാഗം 13

ശീതള കാറ്റിന്റെ ആസ്വാദനത്തിൽ മനം മയങ്ങി ഇരിക്കെ കാറ്റിനോട് ചുണ്ടുകൾ ചേർത്ത് കൊണ്ട് സാറ ഒരു രഹസ്യം മൊഴിഞ്ഞു, 'റോസ് നീയെവിടെയാണെങ്കിലും നിനക്കായ്‌ ഒരു ചുംബനം ഞാൻ കൊടുത്തു വിടുന്നു.


 

പാതിമെയ്യ് നഷ്‌ടപെട്ടവളെ പോലെ നിന്നെ കാണാതെ എനിക്കു ശ്വാസം മുട്ടുന്നു. ഒരേ ചിന്തയുമായി ജനിച്ചവർ. പിന്നെ എപ്പോഴാണ് നീ മാറി പോയത്. എന്നോയൊരു വാക്കുപോലും പറയാതെ നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്,' സാറക്ക് സങ്കടം വന്നു. നമ്മുടെ പഴയ നാളുകൾ ഒരു ദിവസം എനിക്കു കടം തരുമോ? സാറ മൗനമായി മൊഴിഞ്ഞു.

"അമ്മേ... തനുമോൻ സാറയോട് ചോദിച്ചു."കുഞ്ഞ് വാവ ഇന്ന് വരുമോ അമ്മേ?"സാറ മോന്റെ തലയിൽ വാത്സല്യപൂർവ്വം തലോടി കൊണ്ട് ചോദിച്ചു.

"നാളെ വരും. നീ കുഞ്ഞ് വാവയെ നോക്കുമോ?"

"നോക്കും, കുളിപ്പിക്കും, ഒക്കെ ചെയ്യാം, എന്നാൽ അമ്മ കുഞ്ഞ് വാവയെ നോക്കണ്ട. വല്ല്യമച്ചി നോക്കി കൊള്ളും, മോനെ അമ്മ നോക്കിയാൽ മതി."

"ശരി." സാറ ആ കവിളത്തു ഒരു മുത്തം കൊടുത്തു

കുഞ്ഞുങ്ങൾ പോലും എത്രമാത്രം പൊസ്സസ്സീവ് ആണ്. സ്നേഹം ആഗ്രഹിക്കാത്തവർ ആരും ഇല്ല. അത് കിട്ടാതാകുമ്പോഴുള്ള പിടച്ചിൽ ഭയാനകമാണ്. ആ പിടച്ചിൽ ആയിരിക്കില്ലേ അമലിന്റെ ഉള്ളിൽ, സാറക്ക്‌ സങ്കടം വന്നു.

ഡാനി മോൾ പിറന്നതിൽ പിന്നെ സാറ വളരെ നോർമൽ ആയി കാണപ്പെട്ടു.അല്ലലില്ലാതെ ഓരോ വർഷങ്ങളും മുന്നോട്ട് പൊയ്‌കൊണ്ടിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി സാറ പൊട്ടിത്തെറിച്ചു.

അമൽ ഒന്നും മിണ്ടിയില്ല, ആകണ്ണുകൾ നിറഞ്ഞു വന്നു. തനു മോനും, ഡാനി മോളും, അവരുടെ അമ്മയുടെ പരാക്രമം കണ്ട് പേടിച്ചറണ്ട് നിക്കുകയാണ്. അമൽ അവരെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി.

ഒരു ദിവസം സാധാരണ പോലെ, വളരെ സ്നേഹവും, സൗമ്യമായി. എന്നാൽ പിറ്റേ ദിവസം വഴക്കാളി ആയി.ഇപ്പോൾ അതായിരിക്കുന്നു സ്വഭാവം.

ഒരു ദിവസം അമൽ വളരെ സ്നേഹത്തോടെ പറഞ്ഞു.

"സാറാ...കുട്ടികാലം മുതൽ നമ്മൾ നല്ല ഫ്രെണ്ട്സ് ആയിരുന്നു. അന്നും, ഇന്നും നീയെനിക്ക് ജീവാനാണ്, നിന്നെ വിവാഹം കഴിച്ചത് വളരെ പ്രതീക്ഷയോട് കൂടിയാണ്. മക്കളും, നീയുമൊത്ത് ഒരു സന്തോഷകരമായ ജീവിതം, അത് ഇങ്ങിനെ വഴക്ക് കൂടി നശിപ്പിച്ചാൽ, കുട്ടികൾ അവരെന്തു തെറ്റ് ചെയ്തു. എന്നെ കാണുന്നതാണ് നിനക്ക്‌ കലി എങ്കിൽ ഞാൻ കുറച്ചു ദിവസം നമ്മുടെ റിസോർട്ടിൽ പോയി നിൽക്കാം. നീ ഇവിടെ നിന്ന് ആലോചിക്ക്, ചെയ്യുന്നത്, ശരിയോ, തെറ്റോ എന്ന്."

"എനിക്കറിയാം അമൽ, നീ പൊയ്ക്കോ. അടുത്തയാഴ്ച കുട്ടികൾക്ക് വെക്കേഷൻ തുടങ്ങും, അപ്പോൾ ഞാൻ അങ്ങോട്ട് വരാം. കുട്ടികൾക്ക്‌ എങ്കിലും നമുക്ക് നല്ലൊരു ജീവിതം കൊടുക്കണം."

അമൽ പോയതിനു ശേഷം സാറ പഠിക്കുകയായിരുന്നു, എങ്ങിനെ നല്ലൊരു ഭാര്യയാവാം, അമ്മയാവാം.

കുട്ടിക്കാലത്ത് റോസിനോട് അമലിന് ഒരിഷ്‌ടം തോന്നിയിരിക്കാം, അതിലെന്താ ഇത്ര തെറ്റ്. ഇതൊക്കെ ആദ്യമേ ചിന്തിക്കണമായിരുന്നു. സാറക്ക് വല്ലാത്ത കുറ്റബോധം തോന്നി.

പപ്പയുടെ റിസോർട്ടിൽ പോവാൻ കുട്ടികൾക്ക് ഏറെ ഇഷ്‌ടമുള്ള കാര്യമാണ്. കാര്യം അറിഞ്ഞപ്പോൾ രണ്ട് പേരും തുള്ളി ചാടി. അമലിന്റെ കരവിരുത് മാത്രമാണ് ഇത്ര മനോഹരമായ റിസോർട്ടിന്റെ പണിപ്പുര തീർത്തത്. ഗസ്റ്റ്കൾ ഒരിക്കൽ വന്നാൽ പിന്നെയും അങ്ങോട്ട് ആകർഷിക്കുന്ന എന്തോ ഒരു ഫീൽ ഉണ്ടവിടെ.

അമലിനും, ഫാമിലിക്കും മാത്രം താമസിക്കാൻ പണിത പ്രത്യേകമായൊരു വില്ലക്ക് മുന്നിൽ സാറയും, കുട്ടികളും, എത്തി വണ്ടിയുടെ ശബ്‌ദം കേട്ടതിലാവണം, പൂമുഖത്തേക്ക് വന്നയുവതിയെ കണ്ട് സാറ ഞെട്ടി പോയി. റോസ്.... റോസ് ആയിരുന്നു അത്.

"എന്റെ മോളെ...നീ എവിടെയായിരുന്നു? നിന്നെ കാണാൻ ഒരു പാട് കൊതിച്ചിട്ടുണ്ട് ഞാൻ."സാറയും, റോസും കെട്ടിപിടിച്ചു കുറെ കരഞ്ഞു. പിന്നെ പതുക്കെ റോസിൽ നിന്ന് അടർന്നു മാറിക്കൊണ്ട് കുട്ടികളെ സാറ അരികിലേക്ക്‌ വിളിച്ചു. എന്നിട്ട് ചോദിച്ചു,"ഇതാരാണെന്ന് അറിയോ നിങ്ങൾക്ക്, ഞാൻ പറയാറില്ലേ റോസ് ചെറിയമ്മയെ കുറിച്ചു, അവരാണിത്." റോസ് അവരെ വാൽസല്യത്തോടെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു."മമ്മാന്ന് വിളിച്ചാൽ മതി നിങ്ങളെ,മമ്മയാണ് ഞാൻ."

"സാറാ... നിങ്ങളെല്ലാവരും ഈ പാപിയോട് പൊറുക്കുമോ? ഞാനെന്തൊക്കെയോ ചെയ്തു കൂട്ടി, അറിവില്ലായ്മ കൊണ്ടായിരുന്നു.നമ്മുടെ ചാച്ചനും, അമ്മച്ചിയും പോയീലെ...ഞാൻ കാരണം. നിങ്ങളെ ഫേസ് ചെയ്യാൻ കെൽപ്പില്ല എനിക്ക്‌."

"ഒന്നും സാരമില്ല മോളെ. നീ വന്നല്ലോ."

സാറ അവളെ സമാധാനിച്ചു.

"ഹാരിസ് മുസ്ലിം ചെറുക്കനായത് കാരണമാണ് ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചത്.പക്ഷെ പറഞ്ഞസമയത്ത് ഹാരിസ് വന്നില്ല. എനിക്കു വീട്ടിലേക്ക് വരാനും പറ്റൂലായിരുന്നല്ലോ.അന്ന് രാത്രി അമലാണ് എന്നെ ബാംഗ്ലൂരിലുള്ള ഹോസ്റ്റലിൽ എത്തിച്ചത്. അവിടെ നിന്ന് ഇങ്ങോട്ട് പോന്നു.വർഷങ്ങൾ തീർത്തും തടവറയിൽ ആയിരുന്നു പുറം ലോകം കാണാൻ പോലും മടിച്ചു ദിവസങ്ങൾ എണ്ണി കഴിഞ്ഞു. നിന്നെയൊന്നു കാണാൻ!അതായിരുന്നു എന്റെ ജീവിതം പിടിച്ചു നിർത്തിയത്. ഇപ്പോൾ കുറെയായി ഇവിടെ വന്നതിനു ശേഷം അല്പം മനസമാധാനം തോന്നുന്നു."റോസ് കിതച്ചു കൊണ്ട് പറഞ്ഞു.

"വേണ്ടാ.... ഇനിയൊന്നും പറയണ്ട... ഒന്നും കേൾക്കാനുള്ള ശക്തി ഇല്ലെനിക്ക്, ഏതായാലും നിന്നെ കണ്ട് മുട്ടിയല്ലോ, അത് മാത്രം മതിയെനിക്ക്."

ഒരാഴ്ച വേഗം കടന്നു പോയി, തീർത്തും ഉത്സവപ്രതീതിയായിരുന്നു.

"നീ ഞങ്ങളുടെ കൂടെ വരണം. ഇനി ഞങ്ങളുടെ കൂടെയാണ് താമസിക്കേണ്ടത്. നിനക്കിനി ഞങ്ങളല്ലേ ഉള്ളൂ. സാറ നിർബന്ധിച്ചു."

"ഞാനില്ല സാറ... എനിക്കു ആളുകളെ കാണുന്നത് തന്നെ ഭയമാണ്. എല്ലാത്തിൽ നിന്നും ഒരു ഉൾവലിയൽ. ഞാൻ കാരണം എന്തൊക്കെ ദുരിതങ്ങൾ ഉണ്ടായി."

"പഴയതൊക്കെ നമുക്ക് മറക്കാം. നീ വന്നാൽ കുട്ടികളും ഹാപ്പിയാവും."സാറ പറഞ്ഞു.

"ഞാൻ വരാം, പിന്നെ, മനസ്സിന് ഒരല്പം സാവകാശം കൊടുക്കണം. അതിനെനിക്ക് കുറച്ചു ദിവസം വേണം. നിങ്ങൾ പൊക്കോളൂ,"റോസ് പറഞ്ഞു.

"എന്നാൽ അമലിവിടെ നിന്നോ റോസിന് കൂട്ടായി. സ്കൂൾ തുറക്കുകയല്ലേ ഞാൻ പിള്ളേരെയും കൊണ്ട് പൊയ്ക്കോളാം."

"വേണ്ടാ എനിക്ക് തനിച്ചിരിക്കണം കുറച്ചു ദിവസം. നീ പേടിക്കേണ്ട ഞാൻ ആത്മഹത്യ ചെയ്യുകയൊന്നും ഇല്ലാ. ചെയ്യാമെങ്കിൽ എന്നോ ആവാമായിരുന്നു."കുട്ടികൾക്ക് ഒരു മുത്തവും കൊടുത്ത് ബൈ പറയുമ്പോൾ റോസ് കരയുകയായിരുന്നു." നിന്നെ ഞാൻ വിളിക്കാം"

സാറക്ക് തന്റെ ജീവിതം സഫലമായത് പോലെ തോന്നി. തന്റെ ഒരെ ഒരു കൂട്ടപ്പിറപ്പ് അവളിന്ന്ണ്ട്. ഈ ഭൂമിയിൽ ആരുമില്ല എന്നോർത്തു തലയണ നന ക്കുമ്പോൾ അവൾ തിരിച്ചു വരും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.തന്റെ അനിയത്തിയെ രക്ഷിച്ച അമലിനെ ആരാധന പൂർവ്വം നോക്കി.

സാറ ഒരു കുടുംബിനിയായി മാറുകയായിരുന്നു. കുട്ടികൾക്ക്‌ നല്ലൊരു അമ്മയായി, അമലിന് നല്ലൊരു ഭാര്യയായി. അമലിനും സന്തോഷമായി. ജീവിതം ഒരേ താളത്തിൽ പൊയ്‌കൊണ്ടിരിക്കുമ്പോളാണ് സാറ അമലിന്റെ ചെവിയിൽ മന്ത്രിച്ചത്

"അമൽ, നമുക്ക് റോസിനെ ഇങ്ങോട്ട് കൊണ്ട് വന്നാലോ... എന്നിട്ട് നമുക്ക് പിരിഞ്ഞാലോ? എനിക്കാണെങ്കിൽ ലൈഫ് മുന്നോട്ട് കൊണ്ടു പോവാനാണെങ്കിൽ തലേന്ന് പ്രിപ്രെയർ ചെയ്യണം. ഞാൻ വല്ലാതെ തളരുന്നു, എനിക്കു മടുത്തു."

അമൽ തീയിൽ ചവിട്ടിയത് പോലെ പിന്നോട്ട് മാറി, എന്നിട്ട് ചോദിച്ചു. "നീ എന്തൊക്കെയാണീ പറയുന്നത്."

റോസിനെയല്ലേ നീ സ്നേഹിച്ചത്. സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ, എന്നെ നീ സ്നേഹിച്ചിട്ടില്ലല്ലോ."

അമലിന് പെട്ടെന്ന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല, തൊണ്ടയിൽ ആരോ പിടിച്ചത് പോലെ കണ്ണുകൾ നിറഞ്ഞു വരുന്നു ബുദ്ധിക്ക് ക്ഷതമേറ്റ തന്റെ ഭാര്യയെ എന്ത് ചെയ്യണം കുറച്ചു നേരം അതാലോചിച്ചു ഇരുന്നു.

"ഞാനെങ്ങിനെ അറിഞ്ഞു എന്നായിരിക്കും അല്ലെ. നിന്റെ ഡയറി കുറിപ്പും ഫോട്ടോസ് മൊക്കെ ഞാൻ കണ്ടിരുന്നു. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. അന്ന് മുതലാ ഞാൻ ഭ്രാന്തിയായത്, സ്നേഹത്തിനു വേണ്ടിയുള്ള ഭ്രാന്ത്, ഭർത്താവിന്റെ മനസ്സിൽ വേറൊരുത്തി ഉണ്ട് എന്നറിഞ്ഞാൽ ആരും സഹിക്കില്ല. ഈ ഭൂമിയിൽ ഉള്ളവരാരും സഹിക്കില്ല.ഇന്നിപ്പോ എന്റെ മനസ്സ് വരണ്ട് പോയി. നിനക്കാവശ്യം നല്ല ഒരു ഭാര്യയാണ്. റോസ് നല്ലൊരു ഭാര്യയായിരിക്കും."

"പറഞ്ഞു കഴിഞ്ഞോ നീയ്, അമൽ പൊട്ടിത്തെറിച്ചു. കുട്ടികാലത്ത് റോസിനോട് ഒരു ഇഷ്‌ടം തോന്നി. അത് സത്യമാണ്. ഒരു പെൺകുട്ടിയെ മനസ്സിൽ താലോലിക്കുന്ന പ്രായത്തിൽ അവളെ കുറിച്ച് കഥകൾ എഴുതി ഫോട്ടോയും സൂക്ഷിച്ചു വെച്ചു. എന്നാൽ അവൾക്ക്‌ ഞാൻ എന്നും ഒരു സഹോദരൻ ആയിരുന്നു. മുതിർന്നപ്പോൾ അവൾ പറഞ്ഞിരുന്നത് ഹാരിസിനെ കുറിച്ചാണ്. അന്ന് മുതൽ അവൾ എനിക്ക് സിസ്റ്റർ മാത്രമായിരുന്നു. നിന്റെ ഫോട്ടോയും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു. അത് നീ കണ്ടില്ലേ.സ്വന്തം സിസ്റ്ററെ ആരും കല്യാണം കഴിക്കില്ല, അത് നിനക്ക് അറിയില്ലേ...ഇനി മുതൽ എനിക്ക് ഒന്നും കേൾക്കേണ്ട... അറിയുകയും വേണ്ട...."ഇതും പറഞ്ഞു അമൽ ദേഷ്യത്തിൽ ഇറങ്ങി പോയി.

സാറ വല്ലാതായി, എന്നോ അമലിനോട്‌ ചോദിച്ചു ക്ലിയർ ആക്കേണ്ട കാര്യങ്ങൾ, ചോദിച്ചു മനസ്സിലാക്കാതെ പുണ്ണ് കുത്തി കുത്തി ക്യാൻസർ ആയി മാറിയിരിക്കുന്നു.

ഈ സാറ എന്ത് കൊണ്ട് ഇങ്ങിനെയായി. മനസ്സ്. ഇങ്ങിനെയായി. അമൽ പോയിട്ട് കുറെ നേരം ആയിരിക്കുന്നു, മൊബൈൽ ആണെങ്കിൽ സ്വിച്ച് ഓഫ്‌. സാറക്ക് തലക്ക് ആകെ വെള്ളിടി പൊട്ടിയത് പോലെ.പിന്നെ നിലത്തേക്ക് മറിഞ്ഞു വീണു.

ഹോസ്പിറ്റലിൽ എത്തിച്ച സാറക്ക്‌ ബോധം വീണുവെങ്കിലും, ഡോക്ടർ 'വേണുഗോപാലിന്', എന്തൊക്കെയോ ഡൌട്ട് തോന്നിയിട്ട് കുറെ ടെക്സ്റ്റ്‌ന് വിധേയമാക്കിയിട്ടുണ്ടായിരുന്നു.റിസൾട്ടുമായി ഡോക്ടറുടെ അഭിമുഖമായി ഇരുന്ന, റോസും, അമലും, ഡോക്ടറുടെ വിവരങ്ങൾ ഞെട്ടലോടെ ആണ്‌ കേട്ടത്. 'ബ്രെസ്റ്റ് ക്യാൻസർ', എന്നോ ചികിത്സ തുടങ്ങേണ്ടത് ആയിരുന്നു. ഇനി ഒട്ടും വൈകരുത്.

ക്യാൻസർ സെന്ററിലെ ശിതീകരിച്ചമുറിയിൽ ചികിത്സയുടെ വേദന താങ്ങാൻ കഴിയാതെ സാറ അലമുറയിടുമ്പോൾ റോസ് കുട്ടികളെയും കൊണ്ട് വീട്ടിൽ ആയിരുന്നു.

"അമ്മയെന്താ വരാത്തെ പനി മാറിയില്ലേ?"കുട്ടികൾ കൂടെ കൂടെ ചോദിക്കും.

"മാറി മക്കളെ,അമ്മക്ക് ചെറിയ ഒരു കുരു വന്നു അത് ഓപ്പറേറ് ചെയ്യണം, എന്നിട്ട് മുറി ഉണങ്ങുമ്പോൾ വരും."റോസ് കുട്ടികളെ സമാധാനിപ്പിച്ചു.

സാറയെ ദൈവം ഈ ഭൂമിയിൽ ദൈവം സൃഷ്ടിച്ചത് മുതൽ വിവാഹം വരെയുള്ള കാര്യങ്ങൾ ഒക്കെ അവരുടെ മനസ്സിലേക്ക് മിന്നി മറയുമ്പോൾ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലല്ലോ എന്ന തിരിച്ചറിവ്, വേദന കടിച്ചമർത്തുമ്പോളും സാറയുടെ ഉള്ളം പൊള്ളി.

(തുടരും...)


ഭാഗം 14

ജീവിതം ഏതൊക്കെ വിധത്തിൽ ജീവിച്ചു തീർക്കണം എന്ന് ദൈവം നിശ്ചെയ്ക്കും എന്നാണ് പറയാറ്. എന്നാൽ എന്നാൽ, പേരെന്റ്സ്ന് കുട്ടികളോടുള്ള ചില തെറ്റായ സമീപനവും, കെയറിങ് കുറവും ചില കുട്ടികളുടെ ചിന്താഗതിയും പ്രവർത്തികളും, അവതാളത്തിൽ ആക്കും.


വീട്ടിലെ അന്തരീക്ഷം കുട്ടികൾക്ക് അനുകൂലമായിരുന്നില്ല. അമ്മക്ക്‌ ദേഷ്യം അല്പം കുറവുണ്ട്. എന്നാൽ ഇപ്പോ വയ്യാന്നു പറഞ്ഞു കിടത്തം കൂടുതലാണ്. പപ്പക്കാണെങ്കിൽ ലാപ്ടോപ്, ഫോൺ ഇതൊക്കെ മതി. വീട്ടിൽ നിന്ന് എന്തോ തിരഞ്ഞു കിട്ടാത്തത് പോലെയുള്ള അവസ്ഥ. ഇതായിരുന്നു തനുവിന്റെയും, ഡാനിമോളുടെയും അവസ്ഥ. അങ്ങനെ അവരും പെട്ടെന്ന് ചാറ്റിങ്, ഫേസ്ബുക്ക്‌, വാട്സ് അപ്പ്‌, ഇവയുമായി ചങ്ങാത്തം കൂടി.

ഇതൊന്നും കണ്ടിട്ട് സാറക്ക് സഹിച്ചില്ല.

"ഡാനീ... നീ ആൺപിള്ളേരുമായിട്ടുള്ള ചാറ്റിങ് നിർത്തണം," സാറ ഇടക്കിട്ടെ പറയും.

"ഞാൻ ആൺപിള്ളേരുമായി ചാറ്റ് ചെയ്താൽ എന്താ കുഴപ്പം,"

 ഡാനി വാശിയോടെ തിരിച്ചു ചോദിക്കും.

നീ ഡെയിലി ന്യൂസ്‌ പേപ്പർ എടുത്ത് വായിക്ക്,അപ്പൊ അറിയാം ഈ ലോകത്തു എന്തൊക്കെയാ നടക്കുന്നത് എന്ന്.

"അമ്മ.. ഈ വീട്ടിനുള്ളിൽ ഇരുന്നിട്ട് ലോകവിവരം കുറവാ, അതോണ്ടാ ഇങ്ങിനെ സംസാരിക്കുന്നെ."കുട്ടികൾ സാറയെ കളിയാക്കും.

റോസിനോട് പരാതി പറഞ്ഞപ്പോ റോസ് പറഞ്ഞു, "എല്ലാവരും ഇങ്ങിനെ തന്നെയാ... കഴിഞ്ഞ തവണ കുട്ടികളുടെ മീറ്റിംഗിന് പോയപ്പോ, എല്ലാ പേരെന്റ്സ്ന്റെയും പരാതി ഇതൊക്കെ തന്നെയായിരുന്നു. ന്യൂ ജനറേഷൻ പിള്ളേരല്ലേ, നിനക്ക് ലോകത്തെ കുറിച്ച് അറിയാഞ്ഞിട്ടാണ്."

കുട്ടികളും ഇങ്ങിനെ തന്നെയാണ് പറയുന്നത്. സാറയുടെ അമ്മ ഹൃദയം അകാരണമായി തേങ്ങുകയായിരുന്നു, കുട്ടികൾ കൈ വിട്ടുപോകുകയാണ്.

വീണ്ടും രണ്ടാഴ്ച ചികിത്സയുമായി സാറയും, അമലും ഹോസ്പിറ്റലിൽ തങ്ങി. അമൽ വീട്ടിലേക്ക് വിളിക്കുമ്പോളൊക്കെ കുട്ടികൾ ഒരു വഴക്കും ഇല്ലാതെ അനുസരണയുള്ള കുട്ടികളായി ഇരിക്കുന്നു എന്നാണ് റോസ് പറഞ്ഞത്.

ചികിത്സ കഴിഞ്ഞു തളർന്നു അവശയായി സാറ വന്നപ്പോൾ തനുവിനും, ഡാനി മോൾക്കും ഒരു മൈന്റും ഇല്ലായിരുന്നു. ഇത് സാറയെ വല്ലാതെ തളർത്തി. രോഗത്തിന്റെ കാഠിന്യവും, വേദനയും അത്രതോളമുണ്ടായിരുന്നു.ദൈവം അങ്ങോട്ട് എടുത്തെങ്കിൽ എന്ന് ചിന്തിച്ച നാളുകൾ.എല്ലാ വേദനയും കടിച്ചമർത്തി ആശ്വാസത്തിന്റെ പൊൻ തൂവലിന്റെ തലോടൽ വിരിയുന്നത് തനുവിനെയും, ഡാനിമോളെയും കുറിച്ച് ഓർക്കുമ്പോൾ ആയിരുന്നു. മരിച്ചു വീഴും എന്ന് തോന്നിയപ്പോഴൊക്കെ വീണ്ടും ഊർജം വന്ന് നിറഞ്ഞത് അവരോടുള്ള വാത്സല്യം ചുരത്തിയപ്പോഴായിരുന്നു. താൻ ഈ ഭൂമിയിൽ നിന്ന് പോയാൽ അവർക്കാരുണ്ട്. അവരെ വളർത്തേണ്ടേ?വിദ്യാഭ്യാസം കൊടുക്കേണ്ടെ,? പേരമക്കൾക്ക് തുണയകേണ്ടേ... എല്ലാം ഓർക്കുമ്പോൾ സാറ ദൈവത്തോട് ഓരോ ദിവസവും കടം ചോദിക്കലായി പിന്നെ.

ഹോസ്പിറ്റലിൽ സാറയുടെ കൂടെ ഉണ്ടായിരുന്ന വത്സല ചേച്ചിയുടെ കാര്യം ഓർക്കുമ്പോളെ സാറക്ക്‌ ഉൾക്കിടിലം തോന്നും. ഭർത്താവും, രണ്ട് പെൺകുട്ടികൾ മാത്രം, വീട്ടിൽ വേറെയാരും ഇല്ല.അർബുദത്തിന്റെ നീരാളി പിടുത്തം മൂന്നാം ഘട്ടത്തിൽ ആയപ്പോഴാണ് അറിഞ്ഞത് തന്നെ.ക്യാൻസറിനെ പ്രതിരോ ധിക്കാനും, മൈൻഡ് പവർ കൊടുക്കാനുമൊക്കെ, ക്ലാസും, കൗൺസിലിംഗ് ഒക്കെ കൊണ്ട് പിടിച്ചു നടക്കുന്നുണ്ടായിരുന്നു. അപ്പോൾ സാറ വത്സലചേച്ചിയുടെ ചെവിയിൽ മന്ത്രിച്ചു. "ഇതിനേക്കാളും വലിയ മൃതസഞ്ജീവനിയായിട്ടാണ് നമുക്ക് ന മ്മളെ സ്നേഹിക്കുന്ന ആൾക്കാര് കാത്തിരിക്കുന്നത്. അവരെ കുറിച്ച് ആലോചിക്കുമ്പോൾ നമുക്ക് ക്ഷീണവും, തളർച്ചയും ഒന്നും തോന്നൂലാ. അപ്പോൾ ചേച്ചി സാറയെ വല്ലാത്തൊരു നോട്ടം നോക്കി."ആ കൃഷ്ണമണി എങ്ങോട്ടാ ദൃഷ്ടി പതിപ്പിച്ചിട്ടിട്ടുള്ളത് എന്ന് കൺഫ്യൂഷൻ. പ്രേതത്തെ കണ്ടത് പോലെ ആ മുഖം പേടിച്ചിരുന്നു.

"മോളെ...വയ്യ, മരിച്ചാൽ മാത്രം മതി മക്കളൊക്കെ അവരുടെ വഴിക്ക് വളരും. ഞാനിപ്പോ എന്റെ അസുഖത്തെയാണ് സ്നേഹിക്കുന്നത്." ചേച്ചി ഭ്രാന്തിയെ പോലെ ചിരിച്ചു. ചേച്ചിക്ക് ഉമിനീർ ഗ്രന്ഥിയിലായിരുന്നു അസുഖം പിടിപെട്ടത്.

ചേച്ചീ... സാറ അലിവോടെ വത്സലചേച്ചിയെ വിളിച്ചു. എന്നിട്ട് പറഞ്ഞു.

"ഇതേ അസുഖം അവസാനഘട്ടത്തിൽ ആയ ഒരു ചേച്ചിയെ എനിക്കറിയാം. ഇപ്പോൾ പൂർണമായി ഭേദമായി പയറുമണിപോലെ നടക്കുന്നു.ഇത് കാലം വേറെയാ ചേച്ചി, ശാസ്ത്രം വളർന്നു."

ചേച്ചിയുടെ മുഖം നക്ഷത്രത്തെ പോലെ തിളങ്ങി. എന്നിട്ട് പറഞ്ഞു. "എനിക്കു അല്പം ആശ്വാസം തോന്നുന്നു, ആളുകൾക്ക് എന്നെ കാണുന്നത് പോലും പേടിയാണ്."

"ചേച്ചീ... നമ്മൾ ഈ ഭൂമിയിൽ ഒരു ദിവസമാണെങ്കിലും, ഒരു വർഷത്തെ പ്രസരിപ്പോടെ ജീവിക്കണം, എല്ലാവരും എന്തെങ്കിലുമൊക്കെ പറയട്ടെ, നമുക്ക് നമ്മുടെ സ്റ്റാന്റ് ഉറപ്പിച്ചു നിർത്തണം. ഇങ്ങനെ ആശുപത്രി വാസമൊക്കെ കഴിഞ്ഞു വന്ന സാറയെ വരവേറ്റത് കുട്ടികളുടെ മുനവച്ചുള്ള സംസാരമായിരുന്നു.

"എക്സാം ഒക്കെ നന്നായി എഴുതിയോ? ഹോസ്പിറ്റലിൽ നിന്ന് എത്തിയ ഉടനെ സാറ ചോദിച്ചു.രണ്ടാൾക്കും പബ്ലിക് എക്സാം ആയിരുന്നു . പ്ലസ് ടു കഴിഞ്ഞ് തനുവിന് എന്താ പരിപാടി."

"എന്തും ആവാം... എടുത്തടിച്ചത് പോലെയായിരുന്നു തനുവിന്റെ മറുപടി.അമ്മയെന്തിനാ ഇതൊക്ക അന്വേഷിക്കുന്നത്,ഇടക്കിട്ടെ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു പോയി, ടൂർ കഴിഞ്ഞു വരുന്നത് പോലെ വരും. അന്വേഷിക്കാൻ വന്നിരിക്കുന്നു."

പിന്നെ ഒരു പടക്കം പൊട്ടുന്നപോലത്തെ അടിയാണ് കേട്ടത്. അമൽ തനുവിനെ അടിച്ചിരിക്കുന്നു. ഡാനിയാകെ പേടിച്ചു വിറച്ചു നിൽക്കുകയാണ്.

"മോളെ നീ വരുന്നുണ്ടോ, തനുവിന്റെ കനത്തസ്വരം, ഡാനിയോട് ആണ്. വരുന്നുണ്ടെങ്കിൽ പോര്. ഇവർക്ക് ഒക്കെ വട്ട് ആണ്. ഇവിടെ നിന്നാൽ നമുക്കും ഭ്രാന്ത് പിടിക്കും."

അങ്ങിനെ തനുവും,ഡാനിയും അവിടെ നിന്ന് ഇറങ്ങി, ക്രിസ്റ്റിയുടെ അടുത്തേക്ക്, തിരുവനന്തപുറത്തേക്ക്.സാറ മാസത്തോളം ബെഡിൽ തന്നെയായിരുന്നു മനസ്സും, ശരീരവും, തളർന്ന് കിടന്നു. പിന്നെ ആശ്വാസത്തോടെ എണീറ്റു. കുട്ടികൾ അവിടെ നിൽക്കട്ടെ. ഈ ദുരന്തത്തിൽ നിന്ന് അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ ഒരു മോചനം.അവൾ വേദനോടെ ചിന്തിച്ചു.

(തുടരും...)


ഭാഗം 15

മഞ്ഞ് അലസമായി ഒഴുകി പ്രേതത്തെ പോലെ ലക്ഷ്യമില്ലാതെ അലയുകയാണ്. കിടു കിടാ വിറക്കുന്ന കൊടും ശൈത്യത്തിലും സാറയെ തടാകത്തിന്റെ അഭിമുഖമായി സ്ഥിതി ചെയ്യുന്ന മുളക്കൊണ്ട് ഉണ്ടാക്കിയ നീളം ബെഞ്ചിൽ ഇരുത്തികൊണ്ട് റോസും, അമലും ബോട്ടിങ്ങ്ന് അധികം ദൂരമല്ലാതെ പോയിരിക്കയാണ്‌.


എത്രയോ വർഷമായി പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു.

നാല് കൊച്ചു കുന്നുകൾ, മനുഷ്യൻന്റെ സൃഷ്ടിയാണെങ്കിലും, ദൈവം സൃഷ്‌ടിച്ചതാണെന്നെ ആ കുന്നുകൾ കണ്ടാൽ തോന്നുകയുള്ളൂ. വൈക്കോൽ പുല്ലു മേഞ്ഞ അത്യാവശ്യം വലിപ്പവും, സൗകര്യമുള്ള ഹട്ടുകൾ കണ്ടപ്പോൾ പഴയ കാലത്തെ ഓരോ ഓർമ്മകൾ സാറയെ ഉണർത്തി.

പുല്ലുകളും, ഓലകൊണ്ടും, മേഞ്ഞ വീടുകൾ ആയിരുന്നു ഐക്കരയിലുള്ള മിക്ക വീട്ടുകളും, ആദ്യമായി പുല്ലുമാറ്റി ഓട് മേഞ്ഞത് മാമ്മലിക ആയിരുന്നു. അന്ന് എന്ത് കൗതുകമായിരുന്നന്നോ?. വൈക്കോൽ വീടുകൾ ആണെങ്കിൽ എല്ലാ കൊല്ലവും മഴ തുടങ്ങുന്നതിനു മുമ്പ് പുതുക്കി പണിയണം.

എല്ലാവർക്കും മമ്മാലിക്കയുടെ വീട് കണ്ട് അത്ഭുതം തോന്നി."ഇനി ഇങ്ങള്ക്ക്‌ ഓട് മറ്റേണ്ടല്ലോ. മമ്മാലിക്ക ഭാഗ്യം ചെയ്‌തോനാണ്.

എല്ലാ വീടും നമുക്ക് ഓട് മേയണം, പരിഷ്കാരം നമ്മുടെ നാട്ടിലും ഉണ്ടാവട്ടെ."

മാമ്മലിക പറഞ്ഞത് പോലെ, പുല്ല്, വീട്, ഓല വീട് ഒക്കെ അപ്രത്യക്ഷമായി. ഓട്ടിട്ട വീട്,സിമന്റ്‌ തറ ഇതൊക്കെ യായിരുന്നു ഫാഷൻ.

ഇന്നിപ്പോ പൈസയും കൊടുത്ത് പഴയതിലേക്ക് ഒരു തിരിച്ചു പോക്ക്. വാഹനങ്ങളുടെ വിഷ പുകയും, ശബ്‌ദമലിനീകരണവും, ഭൂമി തന്നെ ചുട്ട് പഴുത്തു നിൽക്കുകയാണല്ലോ. എല്ലാവർക്കും സുഖസൗകര്യങ്ങൾ വേണ്ടുവോളം വർധിച്ചു വെങ്കിലും സത്യത്തിൽ ജീവിക്കാൻ ഒരു സുഖവുമില്ല.

സൂര്യൻ പതുക്കെ ഉദിക്കാൻ തുടങ്ങിയിരിക്കുന്നു. തടാകം മൊത്തത്തിൽ വെള്ളി ചേല അണിഞ്ഞത് പോലെ. എന്ത് കൊണ്ടോ സാറക്ക് ഒന്നും ആസ്വദിക്കാൻ കഴിയാതെ എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെട്ടു. മൊബൈൽ ഫോൺ എടുത്തു അമലിനെ വിളിക്കാൻ ഒരുങ്ങിയെങ്കിലും പിന്നെ വേണ്ടാന്ന് വെച്ചു, അവിടെ തന്നെ കുത്തിയിരുന്നു.

'ഓർമകൾ'ഓർമകൾക്ക് വല്ലാത്തൊരു മാസ്മരിക ശക്തി തന്നെയുണ്ട്. ഒരു കണക്കിന് പറഞ്ഞാൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്തിന് ഒരു കച്ചിതുരുമ്പ് ഓർമകൾ ആണെന്ന് പറയാം.

പ്രപഞ്ചത്തിന്റെ സംഗീതം ആരെങ്കിലും കേട്ടിട്ടുണ്ടോ? കേൾക്കാൻ ശ്രമിച്ചിട്ടുണ്ടോ. ആരോടെങ്കിലും ഇത് ചോദിച്ചാൽ പറയും, പ്രപഞ്ചം സംഗീതമാലപിക്കുമോ എന്ന്.

ദൈവത്തിന്റെ സൃഷ്ടിയിൽ എല്ലാവർക്കും അമ്മമാരുണ്ട്, ആ അമ്മയുടെ മടിത്തട്ടിൽ തല ചായ്ക്കവേ നിർവൃതിയുടെ മയക്കത്തിൽ നമുക്ക് കേൾക്കാം, സ്നേഹത്തിന്റെ സംഗീതം, കരുതലിന്റെ സംഗീതം.

സൃഷ്ടിയുടെ പ്രതിഭാസം, അത് അനേകായിരം വർഷങ്ങൾക്ക് മുമ്പേ സംഭവിച്ചു കൊണ്ടിരിക്കുന്നു.ദൈവം ഒന്നും കാണാതെ ആരെയും സൃഷ്ടിക്കുന്നില്ല. കുഞ്ഞു വിത്തുകൾ മുളച്ചു വളർന്ന് ആണ് പടുവൃക്ഷം ആയി മാറുന്നത്. ചിന്താ ശക്തികൾ ഇല്ലാത്ത ജീവജാലങ്ങൾ മനഃപൂർവം നമുക്കൊരു ദോഷം ചെയ്യുന്നില്ല. ചിന്തിക്കാനും, പ്രവർത്തിക്കാനും കഴിവുള്ളവർ മാത്രമേ അവനവന്ക്കും, മറ്റുള്ളവർക്കും ദോഷമായി തീരുന്നത്.

"തനൂ.... നിനക്ക് ഫുഡ്‌ വേണ്ടെങ്കിൽ പോയി കിടന്നൂടെ? ഞാൻ അടുക്കള ക്ലീൻ ചെയ്യുകയാണ്, എന്നെ കാത്ത് നിന്നാൽ സമയം കുറെയാവും."സാറ ഓരോന്ന് ഓർത്തു.

"വേണ്ട... അമ്മ വരണം".

"ഉറക്കം തൂങ്ങി നില്കാതെ നീ പോകുന്നുണ്ടോ?നിന്നെ പോലെയല്ലെ ഡാനി, അവൾ പോയി കിടന്നല്ലോ." സാറക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.

"ഇല്ല...അമ്മ വരുന്നുണ്ടോ? തനു മോൻ ചിണുങ്ങുന്നു.

"പോവനല്ലേ... നിന്നോട് പറഞ്ഞത്, പിന്നെ ഒരലർച്ച ആയിരുന്നു. ചട്ടുകം എടുക്കുന്നു, ഒന്ന് വെച്ച് തന്നാലുണ്ടല്ലോ. മനുഷ്യൻ അല്ലെങ്കിലേ നൂറു പ്രശ്നത്തിൽ ആണ്, അതിന്റെയിടയിലാ, പോ... പോയി കിടക്ക്!

തനു മോൻ പേടിച്ച് ബെഡിലേക്ക് ഓടി കയറുന്നു. പുതപ്പ് അലിവോടെ തനു വിനെ നോക്കി നെടുവീർപ്പ് ഇടുന്നു. അവനെ തനിക്കാവുന്ന വിധം ചൂടു പകർന്നു കൊണ്ട് ഉറക്കുന്നു. ഡാനിമോൾ അതിന്റെയിടയിൽ ഒന്ന് ചിണുങ്ങി. പില്ലോ അവളോട് ചേർന്നു പതുക്കെ മന്ത്രിക്കുന്നു. പാവം കുട്ടീ...

സാറ പണികൾ ഒക്കെ ഒതുക്കി, ഇപ്പോൾ ദേഷ്യം അല്പം കുറഞ്ഞിട്ടുണ്ട്, ആമനസ്സിൽ കുഞ്ഞുങ്ങലോടുള്ള സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞു തുളുമ്പി. ഉറങ്ങി കിടക്കുന്ന മക്കളെ തലോടുന്നു, എന്നിട്ട് മന്ത്രിച്ചു. പാവം കുട്ടികൾ.

അമലും നല്ല ഉറക്കത്തിൽ ആണ്‌, സാധാരണ നല്ല മൂഡിലാണെങ്കിൽ സാറ പണികൾ ഒക്കെ ഒതുക്കിവരുന്നത് വരെ പുസ്തകം വായിച്ചിരിക്കും. ഇന്ന് രാവിലെ നല്ല ചൂടുള്ള വഴക്ക് നടന്നിട്ടുണ്ട്, അതിന്റെ ക്ഷീണവും ആവാം.

സാറാ... അമൽ ഇടക്കിടെ ചോദിക്കും, ഞാൻ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്. വധശിക്ഷക്ക്‌ വിധിച്ചവനെ പോലും, അവന്റെ തെറ്റുകൾ അവന് പറഞ്ഞു മനസ്സിലാക്കി കൊടുക്കും.

മനസ്സിന്റെ അസ്വസ്ഥതയും, പിരിമുറുക്കവും, അതാണ് സാറായുടെ വാക്കിലും, പ്രവർത്തിയിലും കാണുന്നത്. അമ്മിഞ്ഞ നുണയുമ്പോളും കുഞ്ഞിനെ ഒന്ന് തലോടുകയോ,, ലാളിക്കുകയോ, ചെയ്യാതെ ശൂന്യതയിലേക്ക്‌ കണ്ണും നട്ടിരിക്കും. കുട്ടി അവന്റെ ഭാഷയിൽ അമ്മയോട് എന്തൊക്കെയോ സംസാരിക്കുകയും, കൈകാലുകൾ കൊണ്ട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും. അവസാനം തോറ്റു പിന്മാറി ഉറങ്ങുമ്പോൾ!'അമ്മേടെ മുത്ത്‌ ഉറങ്ങിയോ'? എന്ന് ചോദിച്ചു നൂറു ഉമ്മകൾ നൽകും.

ചീരു പ്രസവിച്ചപ്പോൾ കുഞ്ഞിനെ കാണാൻ സാറയും കളികൂട്ടുകാരുമൊക്കെ അവളുടെ കുടിലിലേക്ക് പുറപ്പെട്ടു. സാധാരണ ഗതിയിൽ അച്ഛൻ ആരാണെന്ന് അറിയാത്ത കുഞ്ഞിനെ പ്രസവിച്ചാൽ അവളെ എല്ലാവരും ഒറ്റപെടുത്തുകയാണ് ചെയ്യാറ്. അതിനുത്തരവാദി ആരാണെന്ന് ചെറിയ സൂചനയൊക്കെ എല്ലാവർക്കും അറിയാമെങ്കിലും ആരും പരദൂഷണം പറഞ്ഞു കേട്ടിട്ടില്ല. എല്ലാവരും സഹായത്തിനു ഒപ്പം നിന്നു.

ആ സുന്ദരികുട്ടിയെ എല്ലാവരും കൈമാറി എടുത്തു. അപ്പോൾ അങ്ങോട്ട് വന്ന അമ്പി ചാച്ചൻ ചീരുവിനോട് ചോദിച്ചു.

"കുഞ്ഞിന് ബി സി ജി കൊടുത്തില്ലേ എന്ന്?"

"ഇല്ല ഞാൻ കൊടുക്കൂല അവൻ നൊന്ത് കരയും, എനിക്കത് സഹിക്കൂല,"എത്ര നിർബന്ധിച്ചിട്ടും കുഞ്ഞിന് ബി സി ജി കൊടുക്കാൻ ചീരു സമ്മതിച്ചില്ല.

ചീരു ആ സുന്ദരി കുട്ടിക്ക് ചന്ദ്രികയെന്ന് പേരിട്ടു. സാറക്കും, റോസിനും, ചന്ദ്രികയെ കാണാൻ വളരെയിഷ്ടാമായിരുന്നു. ചീരു കുഞ്ഞു ചന്ദ്രികയോട് എപ്പോഴും സംസാരിച്ചിരിക്കും. എല്ലാവർക്കും അത്ഭുതമായിരുന്നു ഇതൊക്കെ ചീരു എവിടെന്ന് പഠിച്ചു എന്നോർത്ത്.

"ആഴിയേക്കാൾ ആഴമുള്ള സ്നേഹം, അമ്മ മക്കൾ ബന്ധം. വയറ്റിൽ ഒരു കുഞ്ഞ് രൂപപെട്ടുവരുമ്പോൾ തന്നെ അമ്മയുടെ ഓരോ വൈകാരികമായ ചലനങ്ങൾ അവനറിയാം. ശാരീരികമായവും, മാനസികവുമായ എല്ലാ പ്രശ്നങ്ങളും അമ്മക്കുണ്ടെങ്കിൽ അത് കുഞ്ഞിനേയും ബാധിക്കുന്നു. ഈ ഭൂമിയിലേക്ക് ജനിച്ചു വീഴുമ്പോൾ അമ്മയുടെ ചൂടാന് കുഞ്ഞു തിരയുന്നത്.അമ്മ അടുത്തില്ലെങ്കിൽ കുഞ്ഞു മനസ്സ് പിടയും. അമ്മയുടെ തണലിൽ, സംരക്ഷണത്തിൽ അവൻ വളരണം." ചീരു പറഞ്ഞു നിർത്തി.

"ഇതൊക്കെ എവിടുന്നു കിട്ടി നിനക്ക്‌, പാത്തുമ്മ ഉമ്മച്ചി ചോദിച്ചു."

"ഉമ്മച്ചീ... ഇതൊന്നും ആരും പകർന്നു തന്നതല്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. ജനിച്ച് വീഴുന്ന കുഞ്ഞു കരയുന്നത് ആരെങ്കിലും പഠിപ്പിച്ചിട്ട് ആണോ? മുലപ്പാൽ കുടിക്കുന്നത് ആരെങ്കിലും പഠിപ്പിച്ചിട്ട് ആണോ? മൃഗങ്ങളുടെ കാര്യം തന്നെ എടുത്തു നോക്കൂ. സാഹചര്യം വരുമ്പോൾ എല്ലാം സ്വയം പഠിക്കും."

അക്ഷരം പോലും കൂട്ടി വായിക്കാൻ അറിയുകയില്ലായിരുന്നു ചീരുവിന്. ആ ചീരു പിന്നീട് കോളനിക്കാർക്ക് ഒരു വഴികാട്ടിയായി മാറുകയായിരുന്നു. ചീരു പറഞ്ഞു. "ഞാൻ അമ്മയായിരിക്കുന്നു. ഇനി അമ്മയുടെ ഉത്തരവാദിത്വം പാലിക്കണം. അതിന് അസൂയയും, അഹങ്കാരവും, സ്വർത്ഥതയും എല്ലാം വെടിയണം."

തനു മോനെ, മോളെ, സാറ തന്റെ ഉദരത്തിൽ തലോടി. ഈ അമ്മയും നിങ്ങളെ വളരെയേറെ സ്നേഹിച്ചിരുന്നു. പ്രെഗ്നെന്റ് ആയി എന്ന് അറിഞ്ഞപ്പോൾ ഉറങ്ങാൻ നേരം ഏതെങ്കിലും ഒരു താരാട്ട് നിങ്ങളെ പാടി കേൾപ്പിച്ചു ആയിരുന്നു ഉറങ്ങാൻ കിടന്നത്. അമൽ എപ്പോഴും കളിയാക്കും.' വയറ്റിനുള്ളിലെ കുഞ്ഞു ഇതൊക്കെ കേൾക്കുമോ? നിനക്ക് വട്ടാണോ എന്ന് ചോദിക്കും.'ഇത്ര മാത്രം സ്നേഹവും, കരുതലും തന്നത് കൊണ്ടാവാം പിന്നീട് അത് കിട്ടാതെ വന്നപ്പോൾ കുട്ടികൾ വഴിമാറി ചിന്തിച്ചത്.

മമ്മാലിക്ക മരിച്ചതിനു ശേഷം സെക്കന്റ്‌ വൈഫും മക്കളും വന്നപ്പോൾ ഐക്കരയുള്ളവരൊക്കെ സങ്കടപെട്ടു. അത് ആർക്കും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഉമ്മച്ചി ഇതെങ്ങനെ സഹിക്കും, ഭർത്താവിന് വേറൊരു പങ്കാളി. സ്നേഹം പങ്കിട്ടെടുക്കൽ, അതും രഹസ്യമായി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഉമ്മച്ചി അത് നല്ല രീ തിയിൽ കൈകാര്യം ചെയ്തു എന്നാണ് കരുതിയത്. എന്നാൽ പിന്നീട് അതേ പറ്റി സാറ ചോദിച്ചപ്പോൾ ഉമ്മച്ചി പൊട്ടി പൊട്ടി കരഞ്ഞു.

"ഇന്ക്ക് ഇത് ഒരിക്കലും സഹിക്കാൻ കഴിയൂലായിരുന്നു. മാമലിക്ക ജീവിച്ചിരിക്കെ ഇതറിഞ്ഞെങ്കിൽ കുട്ടികളെയും കൊണ്ട് ചാകുമായിരുന്നു. എല്ലാ സങ്കടങ്ങളും, ഇന്റെ ഉള്ളിൽ കുഴിച്ചു മൂടിയത് ഇന്റെ മക്കൾക്ക് വേണ്ടിയായിരുന്നു.

ആയിഷുവിന്റെ കൂടെ മാമ്മലിക്ക കഴിഞ്ഞത് ഓർക്കുമ്പോൾ പേടി സ്വപ്നം പോലെ ഞെട്ടി പോവാറുണ്ട് ഉറക്കമില്ലാത്ത എത്ര രാത്രികൾ ആരും അറിയാതെ കരഞ്ഞിട്ടുണ്ട് ന്നിട്ടും മാമ്മലിക്കയോട് ഞാൻ പൊറുത്തു. ഒക്കെ ഇന്റെ വിധി അല്ലാതെന്ത്? അതിനുശേഷം അതൊക്കെ ആലോചിക്കുമ്പോൾ ഇന്റെ മനസ്സ് ഇടിയും, മിന്നലും കേട്ട പോലെ ഞെട്ടി പോവാറുണ്ട്."

അമ്മമാർ മക്കൾക്കു വേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നു എന്നാൽ ചെയ്യേണ്ടത് വേണ്ട സമയത്ത് ചെയ്യുന്നുമില്ല മനസ് ശരിക്കും ഒരു പട്ടമാണ് അതിന്റെ നിയന്ത്രണം കൈ വിട്ട് പോയാൽ പിന്നെ തിരിച്ചു കിട്ടില്ല.

"അമ്മേ... വിശക്കുന്നുണ്ടമ്മേ... ഉറക്കം വരുന്നുണ്ട്." തനു മോൻ ആണത്.

"നീ ഡാനിമോളെയും വിളിച്ചിട്ട് വാ.. ചോറ് തരാം "

ഡാനിമോളെ വിളിക്കാൻ പോയ തനുവും, ഡാനിയും ഭയങ്കര അടി. പിന്നെയെങ്ങിനെ സാറക്ക് ദേഷ്യം വരാതിരിക്കും ചൂരൽ എടുത്തു രണ്ട് പേർക്കും നല്ലോണം പൊട്ടിച്ചു

പിന്നെ തനുവിന് ഭക്ഷണം വേണ്ട, വിശക്കുന്ന മകനെ കിടത്തി ഉറക്കുക എങ്ങിനെ, അതൊരിക്കലും സാറ സഹിക്കൂല സാറായിലെ അമ്മ ഉണർന്നു.

"നിന്നോടല്ലേ ഭക്ഷണം കഴിക്കാൻ പറഞ്ഞത് "

"ഇല്ല ഞാൻ കഴിക്കില്ല..."ഒരേ വാശി എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല. പിന്നെയും ഒന്നും കൂടെ പൊട്ടിച്ചു ഇതെല്ലാം കണ്ട് പേടിച്ചു ഡാനി പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി. തനു തളർന്നുറങ്ങുകയും ചെതു. അന്ന് സാറ ഭക്ഷണം കഴിച്ചില്ല ഉറങ്ങാൻ പോലും കഴിഞ്ഞില്ല. കുട്ടികളെ കെട്ടി പിടിച്ചു സ്നേഹമന്ത്രങ്ങൾ ഓതി നേരം വെളുപ്പിക്കുന്നതിനിടയിൽ സാറക്ക്‌ തന്റെ കുട്ടികാലം ഓർമ വന്നു.

തുടരും... 


ഭാഗം 16

വെള്ളിയാഴ്ചകളോട് വല്ലാത്തൊരു ഇഷ്‌ടമായിരുന്നു എല്ലാ കുട്ടിപട്ടാളത്തിനും, കാരണം ശനിയും, ഞായറും സ്കൂളിൽ പോവണ്ടല്ലോ!കളി ഇതായിരുന്നു പ്രധാനം, പിന്നെ പുഴയിൽ ചാടാം. പുഴയുടെ അക്കരെയായി കുറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.


അവിടെത്തെ കുട്ടികളും വരും കളിക്കാൻ. ഒരു കോമഡി കഥാപാത്രമുണ്ട്.' സൗദ ', പൊടിപ്പും, തൊങ്ങലും വെച്ച് കുറെ കഥകൾ സൃഷ്ടിച്ച് കൈകൊണ്ടും, മുഖംകൊണ്ട്മൊക്കെ ആംഗ്യം കാണിച്ചു പറഞ്ഞു തരും. അങ്ങനെ രസകരമായി മുന്നോട്ട് പോകുന്നതിനിടയിൽ ആണ് സൗദക്ക് നിക്കാഹ് ആയത്.. പിന്നെ വീട്ടുകാരെ കാണാതെ ഒളിച്ചും, പാത്തുമായിരുന്നു സൗദ വരാറ്. നിക്കാഹ് കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങണമെങ്കിൽ പുതിയാപ്പിളയുടെ സമ്മതം വേണമത്രേ. എല്ലാം കുത്ത്തിരിപ്പിനും ആമിനത്താത്തയുടെ മരുമകൾ സുഹറയും കൂടെയുണ്ടാകും.

"രണ്ട് മാസം കഴിഞ്ഞാൽ ഞാൻ ഇന്റെ പുതിയാപ്ലന്റെ അടുത്തേക്ക് പോകും. "സൗദ നാണത്തോടെ പറഞ്ഞു. ഉമ്മാക്ക് ഇപ്പോ ഇന്നെ ഉപദേശിക്കാനെ നേരമുള്ളൂ."

"മോളെ... നീയൊരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്, പുതിയ ആളുകൾ, പുതിയ ജീവിത രീതി ജീവിതത്തെ നമ്മൾ അലസമായി കാണരുത് നമ്മുടെ ജീവിതം നമ്മൾ മുൻകൂട്ടി കണ്ട് അതനുസരിച്ചു വരുന്ന ജീവിതം ഒരുക്കണം. ഇനക്ക്‌ ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഇഷ്‌ടപ്പെടണമെന്നില്ല. മറ്റുള്ളവരുടെ ഇഷ്‌ടങ്ങൾ ഇന്റെ ഇഷ്‌ടമാക്കാം. കാരണമൊന്നുമില്ലാതെ വെറുപ്പും, വിദ്വേഷവും നമ്മുടെ മനസ്സിൽ നിറയുമ്പോൾ നമ്മുടെ മനസ് അന്ധമാകും. അന്ധത മാറ്റി അവിടെ പ്രകാശം പരത്തുക. ഇന്റെ ഭർത്താവിന്റെ ഇഷ്‌ടങ്ങൾ ഇന്റെയും ഇഷ്‌ടമാക്കി മാറ്റാം..കാറും, കോളുമില്ലാത്ത ജീവിതം അപൂർവമായെ ഉണ്ടാകൂ. ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്കൊരു ഉറച്ച മനസ്സുണ്ടെങ്കിൽ മാത്രം മതി."

അപ്പോൾ സുഹറ പരിഹസിച്ചു. "ഇതൊക്കെ ഇന്റെ ഉമ്മ ഇന്നോടും പറഞ്ഞതായിരുന്നു. എന്നിട്ട് എന്ത് സംഭവിച്ചു. നമുക്ക് ചില സ്ഥലത്ത് അഡ്ജസ്റ്റ്മെന്റ് നടക്കൂല.ഭയങ്കര സംശയരോഗിയും കൂടിയാണ് ഇന്റെ അമ്മായിയമ്മ. നമ്മൾ അറിഞ്ഞു കൂടാത്ത കാര്യങ്ങൾ പറഞ്ഞു പരത്തും. ഒരു ഊഹം വെച്ച് അങ്ങോട്ട് തട്ടി വിടും മറ്റുള്ളവരുടെ വിഷമം ഒന്നും കാണക്കാക്കൂലാ.."

അപ്പോൽ സൗദ പറഞ്ഞു. " എത്ര ചീത്തയാണെങ്കിലും നമുക്ക് നന്നാക്കി എടുക്കാം. സ്നേഹം കൊടുത്താൽ മതി , അതിന് ഉമ്മയാണെന്റെ റോൾമോഡൽ. ജീവിതം ഒരിക്കലല്ലേ ഉള്ളൂ. അത് ഇങ്ങിനെ കുശുമ്പ്, അസൂയ, ടെൻഷൻ എന്നൊക്കെ പറഞ്ഞ് പാഴാക്കരുത് കുട്ടികളൊക്കെ പ്രസവിച്ചു അവരെ നോക്കി സുഖമായി കഴിയാം." വെറും കോമഡി മാത്രം വീഴുന്ന ആ വായിൽനിന്ന് വന്ന വാക്കുകൾ കേട്ട് ഞങ്ങൾ ഒക്കെ അന്തംവിട്ടു.

പിന്നെ സൗദയെ കണ്ടപ്പോൾ അവൾ പൊട്ടി കരഞ്ഞു. "മക്കളെ വായ കൊണ്ട് പറയാൻ എളുപ്പമാ.... സുഹറ പറഞ്ഞ പോലെ അനുഭവിക്കുമ്പോളെ മനസ്സിലാവൂ... ഇന്റെ പുതിയാപ്ലയെയും, ഉമ്മയെയും ഞാൻ കുറ്റം പറയൂല, അവർക്ക് ഈ ജീവിതത്തെ കുറിച്ച്, ഈ ലോകത്തെ കുറിച്ച്, മേലെയുള്ള പടച്ചോനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ് ആരാപ്പോ അവർക്ക് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ... ഇന്ക്ക് അവരോട് സഹതാപം മാത്രമേ ഉള്ളൂ. "സൗദ നെടുവീർപ്പിട്ടു.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമല്ല, ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന്റെ ആവിശ്യകത നഴ്സറി ക്ലാസ്സ്‌ മുതൽ തുടങ്ങണം. കുട്ടികളെക്കാൾ അച്ഛനെയും, അമ്മയേയുമാണ് ബോധവത്കരിക്കേണ്ടത്. സാറ ഓർത്തു. മുതിർന്നവരല്ലേ കുട്ടികളെ വളർത്തേണ്ട രീതി മനസ്സിലാക്കേണ്ടത്. ഇവർ നന്നായലല്ലേ, സന്താനങ്ങൾ നന്നാവുകയുള്ളൂ. കുട്ടികൾക്കു എപ്പോഴും നൽകാൻ സ്നേഹം കരുതി വെക്കുക. കുട്ടികൾക്ക് മാത്രമല്ല ഏത് പ്രായമായാലും സ്നേഹത്തിനുവേണ്ടി കൊതിക്കുന്ന മനസ്സ് എല്ലാവർക്കും ഉണ്ട്.

സൗദയുടെ ഭർത്താവ് ഒരു മദ്യപാനിയായിരുന്നു.ഒരിക്കൽ അവളുടെ അമ്മായിയമ്മ അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാൻ വന്നു.

"മോളെ... സൗദേ... നീ വീട്ടിലേക്ക് വാ... നിനക്കവനെ രക്ഷിക്കാൻ കഴിയും."

"എന്നെകൊണ്ട് പരമാവധി ശ്രമിച്ചതല്ലേ... ഇനി ഞാൻ എന്ത് ചെയ്യണം ഉമ്മാ..." സൗദ ചോദിച്ചു 

"മോളെ... ഞാൻ അവന്റെ ഉമ്മയാണ്, എനിക്കു അവനെ ഉപേക്ഷിക്കാൻ പറ്റൂല. അവൻ വളർന്നില്ലായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോകുകയാണ്. ഈ ഉമ്മാക്ക് ഒരു മുത്തം നൽകാതെ അവൻ എങ്ങും പോവുകയില്ലായിരുന്നു. മോന്റെ മുഖമൊന്നു മാറിയാൽ, ഒരു ജലദോഷം വന്നാൽ ഈ ഉമ്മ ഉറങ്ങാറില്ലായിരുന്നു.മകനെ ഈ ഉമ്മയെ പറ്റി സ്വബോധത്തോടെ ചിന്തിക്കാൻ കഴിഞ്ഞെങ്കിൽ നീ മറ്റുള്ള സുഖം തേടി പോവുകയില്ലായിരുന്നു, ആ ഉമ്മ. നെടുവീർപ്പിട്ടു . അവനെ നന്നാക്കാൻ ഇനി എന്നാ ചെയ്യും മോളെ, അവർ സൗദയോട് ചോദിച്ചു.

"ഇങ്ങനെ എത്ര ഉമ്മമാർ നീറി പുകയുന്നുണ്ട്. എത്ര ഭാര്യമാർ മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്നുണ്ട്.

'ഒന്നോർക്കുക, സ്നേഹമാണ് ലഹരി, കുടുംബമാണ് ലഹരി, സമൂഹമാണ് ലഹരി, ദൈവത്തിന്റെ പാത പിന്തുടർന്ന് ജീവിക്കുന്നതാണ് ലഹരി മനസ്സാക്ഷി കുത്തുകളിക്കാതെ സമാധാനത്തോടെ മരിക്കുന്നതാവണം ലഹരി.'

സൗദക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു... "ഈ ഉമ്മയും, മകനും കൂടെ ഒരു കാലത്ത് തന്നെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്. അതിന്റെയിടയിൽ ഒരിറ്റ് സ്നേഹത്തിനായി കൊതിച്ചു,ഫലം പുറങ്കാൽ കൊണ്ട് തട്ടി തെറിപ്പിക്കുകയായിരുന്നു. എന്നിട്ടും ഭൂമിയോളം താണു. പിടിച്ചു നിൽക്കാൻ നോക്കി. സ്വന്തം വീട്ടിൽ വന്ന് നിന്നാൽ വീട്ടുകാർക്ക് മാനക്കേട്, നാട്ടുകാരുടെ ചോദ്യങ്ങൾക്ക് സമാധാനം പറയണം. സഹിക്കവയ്യാതെയായപ്പോൾ അവസാനം വീട്ടിലേക്ക് ജീവനും കൊണ്ട് ഓടി പോരുകയായിരുന്നു.ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കും അത് ആരായാലും. ഉമ്മയെയും, മകൻ അവഗണിക്കാൻ തുടങ്ങിയപ്പോളാണ് മകന്റെ യഥാർത്ഥ സ്വഭാവം ഉമ്മക്ക് പിടി കിട്ടിയതും, മരുമകളുടെ സ്നേഹത്തിന്റെ വില മനസ്സിലായതും.മകനെ ഇത്രമാത്രം സ്നേഹിക്കുന്ന ഉമ്മ, മരുമകളെ പകുതി എങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരു പക്ഷെ ജീവിതം വേറെ വഴിക്ക് പോവുമായിരുന്നു."

കാലം നമുക്കായി കാത്തു വെക്കുന്നത് എന്തായിരിക്കും, അത് പ്രവചിക്കുവാൻ ആർക്കും കഴിയൂല, കർമം ഒരു പുഴയെ പോലെയാണ്.അത് ആരോടും പകയോ, വെറുപ്പോ ഇല്ലാതെ അതിന്റയിഷ്‌ടത്തിന് ഒഴുകി കൊണ്ടിരിക്കും, എന്നാൽ ആരെങ്കിലും തടസ്സപെടുത്താൻ വന്നാൽ അത് വഴിമാറി ഒഴുകും. അത് ചിലപ്പോ കല്ലോ, മുള്ളോഉള്ള പാദയിലൂടെയായിരിക്കും, എങ്ങിനെയായാലും പുഴക്ക് ഒഴികിയല്ലേ മതിയാകൂ...കർമത്തെ കുറിച്ച് പറയുവാൻ ഞാൻ ആളല്ല. സൗദ പറയുമായിരുന്നു, കാരണം, എന്റെ ശരികൾ മറ്റുള്ളവർക്ക് തെറ്റായിരിക്കാം. നമ്മുടെ ഒരു വാക്കോ, നോക്കോ, ദൈവത്തിന്റെ കോടതിയിൽ, അല്ലെങ്കിൽ കാലത്തിന്റെ കോടതിയിൽ എത്ര മാർക്ക്‌ കിട്ടും എന്ന് അറിയൂല, അത് കൊണ്ട് കഴിയുന്നതും നമ്മൾ സൂക്ഷ്മ ത്തോടെ ജീവിക്കാൻ നോക്കുക.ഐക്കര ഒരു കൊച്ചുഗ്രാമമാണെങ്കിലും ഐക്കര യിൽ താമസിക്കുന്ന ആളുകളുടെ മനസ്സിന്റെ വലുപ്പം വളരെ വലുതായിരുന്നു. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും മാത്രം വിധിക്കപെട്ടവർ.

തുടരും... 


ഭാഗം 17

സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്നു, കൊടും വേനൽ കാലം. കടുത്ത ചൂട് താങ്ങാൻ കഴിയാതെ ചെറുപ്പകാർ പോലും തളർന്നു പോകുന്നു. അടുക്കള തോട്ടത്തിലുള്ള ചെടികൾ ഒക്കെ വാടി കരിഞ്ഞു തുടങ്ങി.


ന്യൂസ്‌ പേപ്പറിലൊക്കെ സൂര്യതാപത്തിന്റെ കഥകളെ കേൾക്കാനുള്ളൂ ...ശരിക്കും മനുഷ്യൻ എത്ര നിസ്സഹായരാണ്. സൂര്യൻ ഒന്ന് നല്ലോണം കത്തി ജ്വലിച്ചാൽ മതി, ജീവൻ തന്നെ പൊളിഞ്ഞു പോവാൻ. എന്നിട്ടും എന്തൊരു അഹങ്കാരമാണ്.

വരുംവരായ്കയെ കുറിച്ച് ഒരു ചിന്തയില്ലാതെ കാട്ടി കൂട്ടുന്നതൊക്കെ എന്തൊക്കെയാണ്, ദൈവത്തിന്റെ സ്വന്തം നാടായ കേരളം നന്മയായ് സമൃദ്ധം എന്നൊക്കെ പറയാമെങ്കിലും, കുഞ്ഞി കുട്ടികളെ പോലും വെറുതെ വിടാത്ത കാമവെറിയൻമാരുടെ നാടാണ് എന്ന് കൂടി പറയുന്നതാണ് ശരി. ഇതിലെ വേട്ടക്കാരൻ മിക്കവാറും വിദ്യാസമ്പന്നമായവർ ആണ്‌ എന്ന കാര്യം പ്രത്യേകം iചിന്തിക്കേണ്ടിയിരിക്കുന്നു.വൈദികന്മാർ, സ്വാമികൾ, മദ്രസപണ്ഡിതൻ ഇവർക്കൊക്കെ ബുദ്ധിയില്ലാത്തവരാണോ?. പിന്നെ ചില ആൾകാർ കുറ്റകൃത്യങ്ങൾ ചെയ്ത് കൂട്ടും സ്വബോധം ഇല്ലാതെ, ഇവരെ നിയന്ത്രിക്കുന്നത് ലഹരി പ്രദാർത്ഥങ്ങൾ ആയിരിക്കും.പിടിക്കപെട്ടാൽ ഉറ്റവരെയും, ഉടയവരുടെയും ഇടയിൽ നാണംകെട്ട്, എന്നും കുറ്റവാളികളുടെ ഉടുപ്പ് അണിഞ്ഞു തലയും താഴ്ത്തി നടക്കേണ്ടി വരും.സാറയുടെ ചിന്തകൾക്ക് തീ പിടിച്ചു. അവസാനം എപ്പോഴോ ഒന്ന് മയങ്ങി. സ്വപ്നത്തിൽ ഡാനിയുടെ രൂപം, ഏതോ കൊടുകാറ്റിൽ പെട്ട് ഡാനിയെ കാണാനില്ല. സാറ ഉറക്കത്തിൽ അലമുറയിട്ടു കരഞ്ഞു. ഞെട്ടിയുണർന്ന് ആകെ പകച്ചു പോയി.സാറയുടെ നിലവിളി കേട്ടതിനാൽ റോസ് ഓടിയെത്തി എന്നിട്ട് ചോദിച്ചു.

"എന്താ സാറാ.... എന്ത് പറ്റി, നീ വല്ല സ്വപ്നവും കണ്ടോ?"

"ഒരു വല്ലാത്ത സ്വപ്നമായിരുന്നു, നീ ക്രിസ്റ്റിയെ ഒന്ന് വിളിക്കൂ, കുട്ടികളുടെ വിവരം അറിയാമല്ലോ."

"അവര് വെക്കേഷൻ ആസ്വദിക്കട്ടെ. നിനക്ക് കുട്ടികളെ കുറിച്ച് എന്തൊരു വേവലാതിയാണ്. എന്നാൽ അവരെ അടുത്തു കിട്ടുമ്പോൾ നീ ചീറ്റപുലിയാകും. നോക്കൂ സാറ, സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്, മനസ്സിൽ സൂക്ഷിക്കാനുള്ളതല്ല. നിന്നെ ഇപ്പോൾ കുട്ടികൾ അകറ്റാൻ തുടങ്ങിയിരിക്കുന്നു, അത് എനിക്കു സഹിക്കുന്നില്ല. എല്ലാത്തിനും ഞാൻ വേണം. നിന്റെ സ്വഭാവത്തിന് മാറ്റം വരുത്തിയിട്ടില്ലെങ്കിൽ ഞാനിവിടെ നിന്ന് പോകും തീർച്ച."റോസ് പറഞ്ഞു നിർത്തി.

"എടാ... പാവം കുട്ടികൾ അല്ലെ, എന്റെ മനസ്സിന് നല്ല സുഖമില്ല, ഓരോ ചിന്തകൾ ആണ്. ഇപ്പോൾ ശരീരത്തിനും കൂടി അസുഖം ബാധിച്ചപ്പോൾ എനിക്കു എന്നെ നിയന്ത്രണത്തിൽ വരുത്താൻ കഴിയുന്നില്ല. അമലിനോട് പോലും നല്ല രീതിയാൽ പെരുമാറാൻ കഴിയുന്നില്ല."സാറ കിതപ്പോടെ പറഞ്ഞു.

"നീ അവരുടെ അമ്മയല്ലേ... മനോഹരമായ വീട് പണിയും പോലെ നീ ഒരു ശില്പിയാവണം.കുട്ടികൾക്ക്‌ വേണ്ടത് ശക്തമായ ഒരു അടിത്തറയാണ്. ഇത് ചെറുപ്പത്തിലേ കിട്ടിയിട്ടില്ലെങ്കിൽ ഇന്നത്തെ കാലത്ത് സമൂഹത്തിനു തന്നെ ആപത്ത് വരുംട്ടൊ. അപ്പോൾ പിന്നെ നമ്മുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ?."ഇതും പറഞ്ഞു സാറ പുറത്തേക്ക് പോയി.

സാറക്ക് ഇത്രയും മതി ടെൻഷൻ അടിക്കാൻ. കുഞ്ഞുനാളിലെ എന്തെങ്കിലും ചെറുതായി കേട്ടാൽ മതി കരയാൻ തുടങ്ങും. ഒരിക്കൽ കുടിയൻ ചേട്ടന്റെ ഭാര്യ വീട്ടിൽ വന്നു, ചേട്ടന്റെ കള്ളുകുടിയെ കുറിച്ച് പറഞ്ഞു കരയാൻ തുടങ്ങി. ഇത് കേ ട്ടതും സാറ വാവിട്ട് കരഞ്ഞു. നമുക്ക് ഈ ചേട്ടനെ പോലീസിൽ എൽപ്പിക്കാം എന്ന് പറഞ്ഞു.

"അയ്യോ!മോളെ അങ്ങിനെയൊന്നും പറയല്ലേ, കുടിച്ചാലും, വഴക്കടിച്ചാലും അങ്ങേര് സ്നേഹമുള്ളവനാ. ഞങ്ങൾക്കുള്ള അന്നം തരുന്നതല്ലേ."

അന്ന് എത്ര ആലോചിട്ടും സാറക്ക് ഒന്നും മനസ്സിലായില്ല.ചേട്ടൻ കള്ള് കുടിച്ചു വീട്ടിൽ വഴക്കുണ്ടാക്കുകയില്ല എന്നാണ് പൊതു സംസാരമെങ്കിലും, സാറയോട് ഒരിക്കൽ അവരുടെ മോൻ പത്രോസ് കുട്ടി ചെവിയിൽ പറഞ്ഞു. ചാച്ചൻ കള്ളുകുടിച്ചു വീട്ടിൽ വന്നാൽ അമ്മച്ചിയേയും, പിള്ളേരെയും, ഇടിച്ച് സൂപ്പാക്കുമത്രേ, ഇത് കാരണം പള്ളികൂടത്തിലെ പാഠങ്ങൾ പഠിക്കാതെ ചാച്ചൻ വരുന്നതിനു മുമ്പ് അവർ ഒറക്കം പിടിക്കും.

അപ്പോൾ ഇത് എന്ത് സ്നേഹമായിരിക്കും, സ്നേഹമുള്ളവർ സ്വന്തം ഭാര്യയെ അടിക്കുമോ, മക്കളെ ഉപദ്രവിക്കുമോ?.ഇന്നിപ്പോൾ എല്ലാം മനസ്സിലാകുന്നു.

ശരീരത്തെ ബാധിച്ച അസുഖത്തെക്കാൾ വീര്യം കൂട്തലാ യിട്ട് സാറക്ക് തോന്നുന്നത്, മനസ്സിന്റെ അസുഖമാണ്.മനസിനെ പിടിച്ചു നിർത്താൻ കഴിയാതെ ദാമ്പത്യ ബന്ധത്തിലെ എത്ര സുന്ദരമായ നിമിഷങ്ങൾ ആണ് പാഴാക്കി കളഞ്ഞത്. എങ്ങെനെയെങ്കിലും പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടണം എന്ന് സാറക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല.

"സാറാ..നീ ഡോക്ടർ രഘുറാമിന്റെ മരുന്ന് കണ്ടിന്യൂ ചെയ്യുന്നില്ലേ.."അമൽ ഇടക്കിടെ സാറയോട് ചോദിക്കും.

"ഉണ്ട്... അമൽ..."

"നീ വെറുതെ പറയുകയാണ് അല്ലെ, നീ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ? പറഞ്ഞത് മനസിലാവാതെ വരാൻ, ഡോക്ടർ പറഞ്ഞത് നീ ഓർക്കുന്നുന്നില്ലേ?

"ചെറിയ ഡിപ്രഷൻന്റെ കുഴപ്പമെ ഉണ്ടായിരുന്നു. നിങ്ങൾ ഭാര്യയും, ഭർത്താവുമാണ്, ഇത്രയും വഷളാ ക്കിയത്. മനസ്സിൽ പല മുറിവുകളും ഉണങ്ങാതെ നിൽക്കും, അതിനെതിരെയാണ് നമ്മൾ പൊരുതേണ്ടത്. ടാബ്‌ലെറ്റ് തുടർന്ന് കഴിച്ചില്ല, കൗൺസിലിംഗ് പൂർത്തിയാക്കിയില്ല."ഡോക്ടർ നല്ല ദേഷ്യത്തിൽ തന്നെയായിരുന്നു.പിന്നെ അല്പം തണുത്ത് അമലിനോട് പറഞ്ഞു.

"കഴിഞ്ഞ കാലങ്ങളിളെ ഓർമകൾ സാറയുടെ ഉള്ളിൽ മുറിവായി കിടക്കുന്നുണ്ട്. എത്ര മായ്ക്കാൻ ശ്രമിച്ചാലും സാറ അത് പെരുമാറ്റത്തിലൂടെ പുറത്തേടുക്കും." "പഴയ സംഭവങ്ങളൊക്കെ അയവിറക്കി ദുഖിച്ചിരുന്നാൽ ഇന്നുള്ള ജീവിതം സന്തോഷപ്രദമാക്കാൻ കഴിയുമോ," സാറയോട് ഡോക്ടർ ചോദിച്ചു. " ഇന്ന് സന്തോഷത്തിൽ ഇരുന്നാൽ മാത്രമേ, ഭാവിയിൽ ഓർക്കാൻ നല്ല ചിന്തകൾ ഉണ്ടാകൂ.. അതിന് സാറയും സഹകരിക്കേണ്ടിവരും."

സാറ എങ്ങിനെ സഹകരിക്കാൻ, ഒരു നൂൽപ്പട്ടം പോലെയാണ്പോലെ സാറയുടെ മനസ്, അത് നേരം വെളുത്താൽ എന്നും ഈ ഭൂലോകം മുഴുവനും ചുറ്റി കറങ്ങേണ്ടത് ഉണ്ട്.

നല്ല മൂഢിലാണെങ്കിൽ കുട്ടികളോടും, അമലിനോടും നല്ല ഫ്രണ്ട്ലി. അമൽ പുറത്ത് പോയി വന്നാൽ സാറയുടെ മുഖംത്തേക്കൊന്ന് ഇടകണ്ണിട്ട് നോക്കും അമൽ, സാറയുടെ മൂഡ് അറിയാൻ. ഇത് കാണുമ്പോൾ സാറക്ക് ചിരി വരും.

റോസിന്റെ മുന്നിൽ അവളെന്നും കീഴടങ്ങിയിട്ടേ ഉള്ളൂ. റോസിനോട് പരിഭവമില്ല, ദേഷ്യമില്ല.

ഒരു ഞെട്ടിൽ വിരിഞ്ഞ രണ്ട് പുഷ്പങ്ങൾ, എന്നാൽ രണ്ട് പേരുടെയും സ്വഭാവം വളെരെ വ്യത്യസ്ഥമാണ്.സാറ പണ്ടേ തൊട്ടാവാടീ... റോസ് അങ്ങിനെയല്ല. ആവിശ്യത്തിലധികം എനെർജിറ്റിക് ആയിരുന്നു. ഒന്നിച്ചു ഉണ്ണുകയും, ഉറങ്ങുകയും ചെയ്ത് പോന്ന ഇവർ വേർപെട്ടത് റോസ് ഹാരിസിന്റെ കൂടെ ഒളിച്ചോടി പോയപ്പോൾ മാത്രമാണ്, ആ രംഗങ്ങൾ ഒക്കെ സാറയുടെ ഉള്ളം പൊള്ളിക്കും. അവസാനം പതം പറഞ്ഞു കരയും, തനിക്ക് ചാച്ചനെയും, അമ്മച്ചിയേയും മരണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ ദൈവമേ... അതിനുള്ള തന്റേടം തനിക്കില്ലാതെ പോയല്ലോ?

സാഹചര്യം റോസിന്റെ മനസ്സിനെ ഉരുക്കി വാർത്തിരുന്നു. എന്നാൽ അതേ സാഹചര്യം സാറയുടെ മനസ്സ് കളിപന്ത് പോലെയാക്കിയിരുന്നു.

ഒരു ദിവസം സാറ, റോസിനോട് ചോദിച്ചു.

"നോക്കൂ റോസ്, എന്നെക്കാളും ദുഷ്കരമായ പല അനുഭവങ്ങളുമാണ് നിനക്കുള്ളത്, സ്നേഹിച്ചവർ വഞ്ചിച്ചു. നീ കാരണം ചാച്ചനും, അമ്മച്ചിയും പോയി, ഇതൊന്നും നിന്നെ അലട്ടാറില്ലേ... നിന്റെ മുഖത്തു എന്നും പ്രസരിപ്പ് ആണ്, നീ എത്ര ഫ്രണ്ട്ലിയായിട്ടു ആണ്, അമലിനോടും, കുട്ടികളോടുമൊക്കെ പെരുമാറുന്നത്. നിനക്ക് സങ്കടമില്ലേ, ചാച്ചനെയും, അമ്മച്ചിയേയും കുറച്ചു ഓർത്തു നീ മൂഡ് ഓഫ്‌ ആവാറില്ലേ?."

അതിനു മറുപടിയെന്നോനം റോസ് പറഞ്ഞു.

"സാറാ... ജീവിതം വിചിത്രമാണ്. നമ്മുടെ കണക്ക് കൂട്ടലുകൾ ഒന്നും നടക്കില്ല, എന്നാൽ ചിലത് നടക്കുകയും ചെയ്യും.ചാച്ചന്റെയും, അമ്മച്ചിയുടെയും മരണം എന്നിലൂടെ ഒരു നിമിത്തമായി. അവരുടെ ആയുസ്സ് അത്രയേ ഉണ്ടാകുകയുള്ളൂ. എനിക്കിപ്പോൾ ശക്തമായ ഒരു ലക്ഷ്യമുണ്ട്, അത് മറന്നു സങ്കടപെട്ടിരുന്നാൽ ഒന്നും നടക്കാതെ പോകും. ഞാൻ പ്രാർത്ഥിക്കുന്നതും, എന്റെ ജീവൻ നിലനിർത്തുന്നതും അതിന് വേണ്ടിയാണ്."

തുടരും... 


ഭാഗം 18

റോസ് പഠിപ്പിച്ച ഓരോ പാഠവും സാറയിൽ വലിയ മാറ്റം തന്നെ സംഭവിച്ചു. ഭൂതകാലത്തേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ അന്ധകാരം മാത്രമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.


മനസ്സിന് ഒരു ഉന്മേഷം വന്നത് പോലെ. ഒരു മാറ്റത്തിനായി അമലിനെ കൂട്ടുപിടിക്കാൻ ശ്രമിച്ചു. എന്നാൽ അമൽ ഏതു നേരവും മൊബൈലിൽ കണ്ണും നട്ട് ഇരുക്കുകയായിരിക്കും.

പലപ്പോഴും അമലിനോട് സംസാരിക്കണം എന്ന് വിചാരിച്ച് അടുത്തെത്തുമ്പോൾ അമൽ ഒരു ഫീലിങ്ങും കാണിക്കാറില്ല. സാറ അമലിനെ അങ്ങിനെ ആക്കിയതാണ് എന്ന് പറയുന്നയതായിരിക്കും ശരി. ഒരു ദിവസം സഹികെട്ടെങ്കിലും അല്പം മയപ്പെടുത്തി സാറ മൊഴിഞ്ഞു.

"നിനക്ക് ഇതൊക്കെ മതിയാക്കി ഞങ്ങളെ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിച്ചൂടെ, റോസ് പെറ്റിട്ടതല്ലല്ലോ കുട്ടികളെ, നമ്മുടെ രണ്ട് പേരുടെയും ആണ്‌ അവര്. അവരുടെ കാര്യങ്ങൾ മുഴുവൻ നോക്കുന്നത് റോസ് ആണ്, ഞാനാണെങ്കിൽ അസുഖക്കാരി, നീയോ?അവര് കൗമാരത്തിലേക്ക് കടക്കുകയാണ്. നമുക്ക് നല്ല രീതിയിൽ അവരെ വളർത്തണം. വളരുന്ന സാഹചര്യം കുട്ടികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ ഡാനി മോളെ,ഒരു സാറയാവാൻ ഞാൻ സമ്മതിക്കൂല. തനു മോന്റെ ശുണ്ഠി നിനക്കറിഞ്ഞൂടെ, നമ്മുടെ ഉള്ളിലുള്ള സ്നേഹം മുഴുവൻ പുറത്തെടുക്കണം. സ്നേഹം അവർക്കല്ലാതെ വേറെയാർക്കാ കൊടുക്കാ..."

അമൽ അത്ഭുതത്തോടെ സാറയെ നോക്കി. ഇവൾ ഇതൊക്കെ എങ്ങിനെ പഠിച്ചു. പക്ഷെ ഒന്നും ചോദിക്കാൻ തുനിഞ്ഞില്ല. ആളൊരു സാധു ആണെങ്കിലും പൊട്ടിത്തെറി മുന്നിൽ ആണ്.

"നമുക്ക് ശ്രമിക്കാം സാറ...ഇങ്ങിനെ എല്ലാകാര്യങ്ങളും കുറച്ചു നേരം ഇരുന്ന് ഉള്ള് തുറന്നു സംസാരിക്കാൻ കഴിഞ്ഞെങ്കിൽ പല പ്രശ്നത്തിനും പരിഹാരം അപ്പപ്പോൾ തന്നെ ഉണ്ടാക്കാമായിരുന്നു. സാരമില്ല, ഇനിയും സമയമുണ്ടല്ലോ, ഞാനുണ്ട് നിന്റെ കൂടെ." അമൽ പറഞ്ഞു.

ഞാൻ എവിടെയായിരുന്നു ദൈവമേ ഇത്രയും കാലം, സാറയുടെ മനസ്സ് നൊന്തു. ഏതോ ഒരു പൊട്ടകിണറിൽ വീണു കിടക്കുകയാണോ, ഒരിക്കൽ അമൽ പറഞ്ഞത് സാറ ഓർത്തു നീയൊരു പൊട്ടകിണറിലെ തവളയാണ്.ഒന്നും മനസ്സിലാക്കാൻ ശ്രമിച്ചില്ല, അങ്ങനെ പറയുന്നതായിരിക്കും ശരി.

കുമാരിയോട് ഒരിക്കൽ സാറ ചോദിച്ചിരുന്നു, കുമാരി ചേച്ചിക്ക് ഒരു സങ്കടവും ഇല്ലേ, ചതിച്ചവനെ കൊല്ലാൻ തോന്നുന്നില്ലേ...

എന്ത് സങ്കടം സാറ... മഹേഷിനെ എനിക്കു ഭർത്താവായി കിട്ടാത്തതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. വിവാഹം കഴിഞ്ഞ് ഭാര്യയെയും വഞ്ചിച്ച് എന്നോട് വീണ്ടും നുണയുമായി വന്നവൻ. എന്നെയും വഞ്ചിക്കുകയായിരുന്നു. ഇവരൊന്നും ഒരു പങ്കാളിയിൽ ഒതുങ്ങില്ല. ഞാൻ ഒറ്റ തടിയായി നടക്കുന്നത് എന്തിനാണെന്ന് നിനക്കറിയോ? എനിക്കിവിടെ ചിലതൊക്കെ ചെയ്ത് തീർക്കാനുണ്ട്. ആരും ഇല്ലാതായപ്പോ, അമ്മയും, കൂടപിറപ്പുകളും തള്ളി പറഞ്ഞപ്പോ, പാത്തുമ്മ ഉമ്മച്ചിയാണ് എന്നെ ദത്തെടുത്തത്. പെൺകുട്ടികൾക്ക് ജനിച്ച വീട് ഒരിക്കൽ അന്യമായി മാറും. അത് എനിക്കും വന്നു. ആ ഉമ്മച്ചിയുടെ മനസ്സിന്റെ വലിപ്പമാ എനിക്ക് പ്രചോദനമായത്.കുമാരി പറഞ്ഞു.

എല്ലാവരും ശക്തമായ കഥാപാത്രം ആയിരുന്നു. എന്നാൽ സാറ മാത്രം ട്രെയിൻ പായുന്നത് പോലെ ചിന്തിച്ചു. ഒച്ചിനെ പോലെ ജീവിച്ചു.

പ്രായശ്ച്ത്തം ജീവിച്ചിരിക്കുമ്പോൾ തന്നെ ചെയ്യണം. പെട്ടെന്നാണ് സാറക്ക് നജീമയെ കുറിച്ച് ഓർമ വന്നത്.

സിറ്റൗട്ടിൽ ഇരുന്നുകൊണ്ട്, അമലും, റോസും കൂടെ, അമലിന്റെ മൊബൈലിൽ ഉപ്പും, മുളകും എന്ന. പരമ്പര കാണുകയാണ്, രണ്ട് പേരും ഉള്ള് തുറന്നു ചിരിക്കുകയാണ്. സാറ കുറെ നേരം അത് നോക്കി നിന്നു. തനിക്കെന്താ ഇതേ പോലെ ആവാൻ കഴിയാത്തെ അവൾ ചിന്തിച്ചു.

കുട്ടികൾ ആണെങ്കിൽ തറയിൽ കുത്തിയിരുന്ന് ഓരോരോ ഫോണിൽ തന്നെ. സാറയുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ ത്രിശൂർ പൂരം തന്നെ ഉണ്ടാകും. എന്നാൽ ഇപ്പോ കുറച്ചായിട്ട്, എന്ത് പൂരമായാലും, വെടിപൊട്ടുന്ന സൗണ്ട് ആയാലും സാറക്ക്‌ വലിയ കുലുക്കം ഒന്നും ഉണ്ടാകാറില്ല.ആദ്യ മൊക്കെ കുറെ ചെണ്ട കൊട്ടി ബഹളമുണ്ടാക്കും, പിന്നെ സഹതാപത്തോടെ എവിടെങ്കിലും കുത്തിയിരുന്ന് കരയുന്നതും കാണാം ആരും ഇതൊന്നും മൈൻഡ് ചെയ്യാറില്ല എന്ന് വേണമെങ്കിൽ പറയാം.

"അമൽ..."സാറ സൗമ്യമായി വിളിച്ചു.

"എന്തെ..."ഫോണിൽ നിന്ന് കണ്ണുഎടുക്കാതെ അമൽ ചോദിച്ചു.

നമുക്കൊരിടം വരെ പോയാലോ?. ഒരു ടൂർ പോലെ"

ടൂർ എന്ന് കേട്ടപ്പോൾ എല്ലാവരും സാറയുടെ മുഖത്തേക്ക് തന്നെ നോക്കി. അമ്മക്ക്‌ വട്ടായോ? തനു ചോദിക്കുകയും ചെയ്തു. കാരണം അമലിന് റിസോർട്ടും, പല റിസോർട്ട് മായുള്ള കണക്ഷൻ ഉള്ളത് കൊണ്ട് ഏതറ്റവും പോവാം. താമസിക്കാം. ആസ്വദിക്കാം. എന്നാൽ സാറ എപ്പോഴും മുടക്കം പറയും

മമ്മയെ കൂട്ടി പൊയ്ക്കോ. ഞാനി വിടെ തനിച്ചിരിക്കാം. എനിക്ക് യാത്ര ചെയ്യാൻ കഴിയൂല.

എല്ലാവരും നിർബന്ധിച്ച് ഒരാഴ്ചത്തേക്ക്‌ കൂടെ വരാൻ സാറ സമ്മതിക്കുകയാണെങ്കിലും ആ പോകുന്ന യാത്രയിൽ മടുപ്പോടെ പിറുപിറുക്കും.

"വട്ടായതല്ല മോനെ...ഐക്കരയിൽ നിന്ന് നജീമത്തയുടെയും, ഇക്കയുടെയും വീട്ടിലേക്ക് എനിക്കൊന്ന് പോവണം, നിങ്ങൾക്കൊരു ട്രിപ്പും ആവാലോ.

എല്ലാവർക്കും സന്തോഷമായി. അമൽ മാത്രം സാറയോട് സ്വകാര്യമായി ചോദിച്ചു.

"നീയിത് എന്ത് ഭാവിച്ചാ... നിനക്ക് യാത്ര ചെയ്യാൻ പറ്റുമോ?"

സാരമില്ല, എല്ലാവരും സന്തോഷമായിരിക്കുകയല്ലേ നമുക്ക് പോകാം.

നജീമത്തയും ,നാദിർക്കയും കുടുംബ വീട്ടിൽ ആയിരുന്നു, ഇത്തയെ കണ്ടപ്പോൾ മനസ്സ് വാടി, എന്തൊരു കോലം. മൊഴികുതിരിയെ പോലെ ഉരുകി ഉരുകി.. ചോദിച്ചപ്പോൾ ഇത്ത പറഞ്ഞു.

"വയസ്സായില്ലേ.. പിന്നെ ഷുഗറും കൂടി. ആർക്കും വേണ്ടാത്തൊരു പാഴ്ജന്മം. മരിക്കാൻ പറ്റുമോ? പടച്ചോൻ വിളിക്കേണ്ടേ..."

"ഇത്താ... സമാധാനമായിരിക്ക്‌, ഇത്തയെ കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ വന്നത്."  സാറ പറഞ്ഞു.

"എവിടെ നാദിർക്കയുടെ, പുതിയ പെണ്ണും, മക്കളുമൊക്കെ,"റോസ് ചോദിച്ചു.

"അവള്, മൂന്നാമത്തെ പ്രസവത്തിനു വേണ്ടി പോയിരിക്കയാണ്‌, കുട്ടികളെ ഞാൻ നോക്കാമെന്നു പറഞ്ഞു ഇ വിടെ നിർത്തിയില്ല, നിക്ക് അതിനുള്ള ശേഷി ഇല്ലത്രേ,എന്നിട്ടിപ്പോ ഓളെ വീട്ടിൽ ആളെ നിർത്തിയാണ് കുട്ടികളെ നോക്കുന്നത്. കുട്ടികളെ എനിക്കത്ര ജീവാനാണ്, എനിക്ക് മക്കളെ വിധിച്ചിട്ടില്ല!"

"ഇത്തയാണ് ഇക്കയെ പെണ്ണ് കെട്ടാൻ നിർബന്ധിച്ചത് എന്നല്ലേ പറഞ്ഞത്, വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ?"

"ഒരിക്കലും ഇല്ല, ഇക്കക്കെങ്കിലും നല്ലൊരു ജീവിതം കിട്ടുമല്ലോ...

ഞാൻ കാരണം.... ഇക്ക എന്ത് പിഴച്ചു."

"ഇത്തക്ക് സങ്കടമില്ലേ.... നമ്മുടെ എല്ലാമെല്ലാമാകുന്ന പാർട്ണർ വേറൊരു പെണ്ണിനെ സ്നേഹിക്കുന്നത് കാണുമ്പോൾ...."

"മക്കളെ!ഇല്ലന്നോ?ഭ്രാന്തായിരുന്നെങ്കിൽ ഒന്നും അറിയില്ലായിരുന്നു, ആരും സഹിക്കൂല, ആർക്കും സഹിക്കാൻ കഴിയൂല... ഈ സങ്കടം എന്റേത് മാത്രമാക്കി എന്റെ ഉള്ളിൽ കുഴിച്ചിട്ടു."

"ഇത്തയെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ, ഞങ്ങളുടെ കൂടെ പോരുന്നോ ഇത്താ... ഞങ്ങൾക്ക് സന്തോഷമാകും. ഇക്കയോട് ഞങ്ങൾ ചോദിക്കാം."

"ഇപ്പോഴാണെങ്കിൽ ഭാര്യ എന്ന ഒരു പദവിയെങ്കിലും ഉണ്ടല്ലോ... അതും കൂടെ ഇല്ലാതായാൾ ആ കണ്ണുകൾ നിറഞ്ഞു. വേണ്ട... ഞാനൊന്നും പറയുന്നില്ല."

അന്ന് രാത്രി പാലക്കാട് തങ്ങാനായ് ടൗണിൽ റൂം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇക്കാ സമ്മതിച്ചില്ല.പറ്റില്ല, ഞങ്ങളും നിങ്ങളെ പോലെയുള്ളവർ തന്നെയാണെന്ന് പറഞ്ഞു. അവസാനം സമ്മതിക്കേണ്ടി വന്നു.

രാത്രി ഇത്തയോട് സാറ ഒരു കാര്യം ചോദിച്ചു.

"ഇത്തയുടെ മകനാണെന്ന് വന്നു പറഞ്ഞ ആ പൊടി മീശകാരന് എന്തു സംഭവിച്ചു."

അതിനെ കുറിച്ചൊന്നും ആലോചിക്കാനെനിക്ക് ശക്തിയില്ല."

"നമ്മുടെ ഐക്കരയിലുള്ള കുമാരി ഒരിക്കൽ ഡോക്ടർ ഷാജഹാനെ കാണാൻ പോയിരുന്നു കൺസൾട്ട് റൂമിന്റെ മുന്നിൽ കുമാരി കാത്തിരിക്കുമ്പോളാണ്. ഒരു കാറിൽ ഡോക്ടറും, മകനും, ഭാര്യയും വന്നിറങ്ങിയത്. ആ മകനെ കണ്ട കുമാരി അത്ഭുതപെട്ടുപോയി, അച്ഛനും, മകനും ഇത്ര സാമ്യം ഉണ്ടാകുമോ?എന്ത് കൊണ്ടോ അവിടെഎത്തിയപ്പോ കുമാരിക്ക്‌ ഡോക്ടറോട് കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഡോക്ടർ, ഒരു ഫാമിലി ഒക്കെയായി ജീവിക്കുന്നു. കുമാരി തിരിച്ചു പോരുകയാണ് ഉണ്ടായത്."

"ആ കുട്ടി പിന്നെയും എന്നെ കാണാൻ വന്നിരുന്നു. അവൻക്ക് എന്നും എന്നോട് ദേഷ്യമാണ്, ദേഷ്യം തീർക്കാൻ വേണ്ടിയാണ് അവൻ എന്നെ കാണാൻ വരുന്നത് തന്നെ."

"എന്നെ ഓടയിലെ പുഴുവേ പോലെ ഉപേക്ഷിച്ചു കളഞ്ഞില്ലേ. എന്നെ പ്രസവിച്ചത് എന്തിന്? വയറ്റിൽ വെച്ചു തന്നെ കൊന്നൂടായിരുന്നോ?." ഇതൊക്കെയാണ് അവന്റെ ചോദ്യം.

"മോനെ.. എന്റെ അടുത്തു വാ... ഞാൻ നിന്റെ ഉമ്മയല്ലേ..."

"വേണ്ട."

"നിങ്ങൾ എന്റെ ഉമ്മയല്ല. നിങ്ങൾക്കത് ചേരൂല..."

"പിന്നെയെന്തിനാ നീ എന്നെ ഇടക്കിടെ കാണാൻ വരുന്നത്."

"നിങ്ങളെ ശിക്ഷിക്കാൻ, ക്രൂശിക്കാൻ."

"അവനറിയില്ലല്ലോ പെറ്റ വയറിന്റെ വേദനാ!അവനെ കാണുമ്പോൾ നിറഞ്ഞു തുളുമ്പുന്നത് മുലപ്പാലല്ല. മുലയുടെ കണ്ണീര് ആണ്. ഒന്ന് അടുത്തു കിടത്തി ഒന്ന് കെട്ടിപ്പിടിക്കാൻ, അവന്റെ കിളി കൊഞ്ചലുകൾ കേൾക്കാൻ, ഇവൻ എന്റെ സ്വന്തമാണ്, എന്റേത് മാത്രം എന്ന് ലോകത്തോട് വിളിച്ചു പറയാൻ ... എന്റെ വ്യഥകളൊന്നും അവനറിഞ്ഞില്ലല്ലോ?."ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു. മോനെ ഞാൻ നിന്റെ ഉമ്മയാണെന്ന് മോനോട് ആരാ പറഞ്ഞത് എന്ന്.

"എന്നെ നിങ്ങൾ വിറ്റത് ഒരു നേഴ്സ് ന് അല്ലെ. അവര് വേറെയാൾക്ക് വേണ്ടി എന്നെ വാങ്ങുകയായിരുന്നു. ആ നേഴ്സ് ആണ് നിങ്ങളെ കാര്യം പറഞ്ഞത്."

"ക്ഷമിച്ചൂടെ മോനെ എന്നോട്?"

"ക്ഷമിക്കെ നിങ്ങളോടൊ!നിങ്ങളെ കാണാൻ വരുന്നത് തന്നെ എന്റെ ഒരു ശിക്ഷയാ.... എന്നെ ഓർത്തു നിങ്ങൾ നീറി നീറി പിടയണം നിങ്ങൾ."അതും പറഞ്ഞ് അവൻ പോയി, പിന്നെ ഒരിക്കലും അവൻ എന്നെ കാണാൻ വന്നിട്ടില്ല. ഒരു പക്ഷെ ഞാൻ കണ്ട ഏതെങ്കിലും സ്വപ്നമാണ് ഇതെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.അവനെ ഓരോ ദിവസവും, കാത്തിരുന്നു, കാത്തിരിന്നു വർഷങ്ങൾ അങ്ങിനെ അങ്ങോട്ട് കടന്നു പോയ്‌. ഒരു തവണ കൂടി ഒരു നോക്ക് കാണാൻ... അവന്റെ കല്യാണമൊക്കെ കഴിഞ്ഞു കുട്ടികൾ ഒക്കെ ആയിട്ടുണ്ടാവില്ലേ... അവരെ ഒന്ന് കളിപ്പിക്കാൻ, കൊഞ്ചിക്കാൻ മനസ്സ് ഓരോന്നു കൊതിക്കും."

"ഇത്താ, നിങ്ങൾ ഒരു തെറ്റും ചെയ്യാത്ത സ്ഥിതിക്ക് ദൈവം നിങ്ങളെ തമ്മിൽ വീണ്ടും കൂട്ട് മുട്ടിക്കും, തീർച്ച. സമാധാനിക്കൂ... "റോസ് പറഞ്ഞു.

തുടരും... 


ഭാഗം 19

ഭൂമി കറങ്ങികൊണ്ടിരിക്കുന്നു, അതിനനുസരിച്ചു മനുഷ്യരും കറങ്ങി കൊണ്ടിരിക്കുന്നു. ഒരു വ്യത്യാസമുണ്ട് മനുഷ്യന്റെ കറക്കം നിൽക്കണമെങ്കിൽ പ്രാണൻ വെടിയണം.


ഇവിടെ വസിക്കുന്ന ഒരു കോടീശ്വരനും പൂർണതൃപ്തനല്ല. അങ്ങനെ എല്ലാ ഫാമിലിക്കും ഓരോ കദനകഥകൾ പറയാനുണ്ടാകും.

എട്ടാം ക്ലാസ്സിൽ സാറയുടെയും, റോസിന്റെയും കൂടെ പഠിച്ച ഒരു ഷീനയുണ്ടായിരുന്നു.എന്തോ കാരണത്താൽ പഠനം ഉപേക്ഷിച്ചു. ഒരു വട്ടപൂജ്യമായിട്ടായിരുന്നു മറ്റുള്ളവരുടെ കണ്ണിൽ പിന്നെയവൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവളെ ഒരു കോടീശ്വരൻ വിവാഹം കഴിച്ചു. രാജകീയ ജീവിതം, രണ്ട് പെൺകുട്ടികൾ, അങ്ങിനെ ആഹ്ലാദത്തിൽ പോകുന്നത്തിനിടയിൽ ആണ് അത് സംഭവിച്ചത്, ഷീനയുടെ ഭർത്താവിന് ഒരു ബൈക്ക് ആക്സിഡെന്റ് സംഭവിച്ചു. ഐ സി യു വിന് മുന്നിൽ നിന്ന് കൊണ്ട് രണ്ടാഴ്ചയാണ് അവൾ ഭർത്താവിന് വേണ്ടി പ്രാർത്ഥിച്ചതും, നിലവിളിച്ചതും. ദൈവം ഒന്നും അത് കേട്ടില്ല, അയാൾ പോയി. ഷീന പിന്നെ കുട്ടികൾക്ക് വേണ്ടി ജീവിച്ചു.

ചിലര് ചില ജീവനുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, എന്നാൽ ചിലര് സ്വയം കാലനായി മാറുന്നു. മറ്റുള്ളവരുടെ കാലനായും പ്രവർത്തിക്കുന്നു. ഭാര്യ ഭർത്താവിനെ കൊല്ലാൻ കൊട്ട്വഷൻ കൊടുക്കുന്നു, നേരെ മറിച്ചും.

കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു. രണ്ട് മക്കളും, ഭാര്യയുമുള്ള കാമുകനെ സ്വന്തമാക്കാൻ വേണ്ടി, ഭർത്താവിനെയും, സ്വന്തം മക്കളെയും, അമ്മായിയച്ചനെയും കാമുകനെ കൊണ്ട് കൊല്ലിച്ചത്.

മനുഷ്യർ മൃഗങ്ങളെ പോലെയായാൽ എന്ത് ചെയ്യും. വിവേകവും, ചിന്താശേഷിയും നഷ്‌ടപെട്ടവർ ഒന്ന് ചിന്തിച്ചാൽ മാത്രം മതി. സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു തേൻ കുടിക്കാൻ വരുന്ന വണ്ടുകൾ പുതിയതൊന്ന് കാണുമ്പോൾ അങ്ങോട്ട് പോകും. അല്പം സുഖത്തിനും, ആസ്വാദനക്കും വേണ്ടി ഓരോ കുറ്റകൃത്യവും ചെയ്തു കൂട്ടുന്നവർ ഒന്നോർത്താൽ നന്നായിരിക്കും. ഇന്ന് വരെ ഒരു കുറ്റകൃത്യവും തെളിയാതെ പോയിട്ടില്ല. ദൈവം എന്തെങ്കിലും ഒരു തെളിവ് ബാക്കിവെച്ചിട്ട് ഉണ്ടാകും. സമൂഹത്തിനു മുന്നിൽ തൊലിഉരിയപെട്ടവനെ പോലെ തല കുനിച്ചു നാണം കെട്ടവനെ പോലെ നിൽക്കുന്ന കാഴ്ച സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ. എല്ലാവരുടെയും കാ ർക്കിച്ച തുപ്പലേറ്റ് പാപത്തിന്റെ ശമ്പളവും പേറി, ജീവിതകാലം മുഴുവൻ വേണ്ടായിരുന്നു എന്ന് മനസ്സ് മന്ത്രിച്ച് സ്വയം പ്രാകി കാലം കഴിക്കേണ്ടി വരും.

ഈ ഭൂമി എത്ര സുന്ദരമായിരുന്നു. ദൈവം ഒരുക്കിയ വഴിയിലൂടെ സഞ്ചരിക്കാതെ മാറി സഞ്ചരിച്ചു. ദൈവത്തിന്റെ കയ്യൊപ്പ് പതിപ്പിച്ച ലൈഫ് ആസ്വദിച്ചു ജീവിച്ച് സായൂജ്യമടയാമായിരുന്നു. അമ്മയെന്ന പദവി, അച്ഛനെന്ന പദവി, അമ്മായിയമ്മയെന്ന പദവി. അങ്ങിനെ എത്ര അധികാരത്തിന്റെ പദവി വഹി ക്കാനുണ്ട്, മദർതെരേസ ഒന്നും ആവാൻ കഴിയൂല എങ്കിലും സമാധാനത്തോടെ കണ്ണടക്കാൻ കഴിയൂലെ!

മറിയമ്മച്ചിയെയും കൊണ്ട് ചാച്ചൻ ഒളിച്ചോടി വന്നപ്പോൾ, അമ്മച്ചിയുടെ ആൾക്കാർ വന്ന് ചാച്ചനെ ഒരു പാട് തല്ലുകയും, വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. അമ്മച്ചി പറയുമായിരുന്നു, ചാച്ചൻ മരിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. അമ്മച്ചിയും കൂടെ മരിക്കാൻ റെഡിയായി നിന്നു. രണ്ട് പേരുടെയും ചലനമറ്റ ശരീരം അവര് തിന്നു കൊള്ളട്ടെ.

എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് ചാച്ചൻ കണ്ണ് തുറന്നത് തന്നെ. അന്ന് ചാച്ചൻ മരിക്കുകയാണെങ്കിൽ ആർക്കാ നഷ്‌ടം, ആ രക്തകറ പുരണ്ട കൈകൾ കഴുകാൻ ഈ ഭൂമിയിൽ സ്ഥലമില്ല. അതിന് ദൈവത്തിന്റെ സന്നിധിയിൽ തന്നെ എത്തണം. അമ്മച്ചിയുടെ സഹോദരന് അവസാനനാളിൽ ദേഹം മുഴുവൻ ഒരു വിറയൽ ആയിരുന്നു. വിറച്ചു വിറച്ചു ഒരു തുള്ളി വെള്ളം പോലും സ്വയം കുടിക്കാൻ കഴിയുമായിരുന്നില്ല. ചാച്ചനും, അമ്മച്ചിയുമൊക്കെ ഒരിക്കൽ കാണാൻ പോയിരുന്നു. സഹിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അത്. മറിയമ്മ ച്ചിയെ ഒന്ന് ചേർത്ത് പിടിക്കാൻ ശ്രമിക്കുന്ന സഹോദരന് എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല . കരഞ്ഞു പോയി. വിറക്കുന്ന കൈകൾ കൊണ്ട് സഹോദരി ഭർത്താവിന് സലാം കൊടുക്കാൻ കഴിയാതെയുള്ള നിസ്സഹായവസ്‌ഥ. വല്ലാത്തൊരു അവസ്ഥയായിരുന്നു. കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു. ഇത്രയൊക്കെയുള്ളൂ മനുഷ്യർ, എന്നും ആർക്കും, അധികാരത്തിൽ നില്കാൻ കഴിഞ്ഞെന്ന് വരില്ല. എത്ര മാത്രം കുറ്റബോധത്തോടെ ആയിരിക്കും അയാളുടെ അന്ത്യം.

നാം എന്താണ് മറ്റുള്ളവർക്ക് കൊടുക്കുക. അത് തന്നെയാണ് ദൈവം നമുക്ക് കരുതിവെച്ചിട്ടുണ്ടാകുക. മനസ്സിൽ സ്നേഹവും, നന്മയുണ്ടെങ്കിൽ വഞ്ചനയും,സ്വാർത്ഥതയും വെച്ചു പുലർത്താൻ ആർക്കും കഴിയൂല.

ചാച്ചന്റെ സ്നേഹത്തിന്റെ കരുതൽ ആവോളം ആസ്വദിച്ചാണ് അമ്മച്ചി ജീവിച്ചത്.

ഐക്കരയിലുള്ളവരുടെ കൊണ്ടും, കൊടുത്തുമുള്ള സ്നേഹത്തിന്റെ നീരൊഴുക്കിന് കാലം മാറുന്നതനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.

ചാച്ചനും, അമ്മച്ചിയും, ക്രിസ്റ്റിയുടെ കൂടെ പോകുകയാണ്. തിരുവനന്തപുരത്തേക്ക്. എം ബി ബി സ് ആയിരിന്നു അവന് താല്പര്യം. പഠനം കഴിഞ്ഞു തിരുവനന്തപുരത്തുള്ള ഹോസ്പിറ്റലിൽ ചാർജ് ഏറ്റെടുത്തു. അമ്മച്ചിയുടെ പ്രത്യേകലാളനയിൽ വളർന്ന ക്രിസ്റ്റിക്ക് അമ്മച്ചിയില്ലാതെ ഒരിക്കലും ശരിയാവൂല... വിവാഹത്തിന് പലവട്ടം നിർബന്ധിച്ചതാണ് എല്ലാവരും. പക്ഷെ അവൻ വഴങ്ങിയില്ല, കാരണം എന്താണെന്ന് ആർക്കും അറിയില്ല.ഇവരെ യാത്രയാക്കി വീട് പൂട്ടി ഇറങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത സാറക്കും, റോസിനും അനുഭവപ്പെട്ടു. കുട്ടികാലത്ത് അമ്മച്ചിയൊത്ത് കഴിഞ്ഞ നാളുകൾ എത്ര മനോഹരമായിരുന്നു. വെറുതെയാണെന്ന് അറിഞ്ഞിട്ടും കുട്ടികാലത്തേക്കൊന്ന് തിരിച്ചു പോവാൻ അടക്കാനാവാത്ത ആഗ്രഹം തോന്നി. അമലിന്റെ മുഖവും വല്ലാതായിരുന്നു. എന്തെക്കെയോ ഓർമകൾ ഉറങ്ങികിടക്കുന്ന രണ്ടു വീട്ടുകാർ പ്രേത ഭവനങ്ങൾ പോലെ മൂകമായിരിക്കുന്നു. സെമിത്തേരിയിൽ പോയി ചാച്ചനും, അമ്മച്ചിയും ഉറങ്ങുന്നിടം റോസാ പൂവുകൾ വെക്കുമ്പോൾ സാറയും, റോസും കെട്ടിപ്പിടിച്ചു കരഞ്ഞു, അതിൽ നിന്ന് മുക്തയാകാൻ വേണ്ടി അമൽ കുട്ടികളോടായി പറഞ്ഞു.

നോക്കൂ. അമ്മയും, പപ്പയും, മമ്മയുമൊക്കെ കളിക്കുന്ന സ്ഥലമാണിതൊക്കെ. കളിക്കുന്ന കളി കേട്ടപ്പോൾ കുട്ടികൾക്ക് കൗതുകമായി. എന്നാൽ പുഴകാണാൻ പോയപ്പോൾ മനസ്സ് നീറി. വറ്റിവരണ്ട് കണ്ണീര് ചാലുപോലെ, പുഴവക്കത്തിരുന്ന് ഒരു പിടി മണ്ണെടുത്ത്‌ നെഞ്ചിൽ തൊട്ടപ്പോൾ കരഞ്ഞു പോയി.

ഉമ്മച്ചിക്ക്‌ പ്രായം വളരെ കൂടിയത് പോലെ, ചീരുവിലും, കുമാരിച്ചേച്ചിയിലും ഉള്ള മാറ്റങ്ങൾ പോലെ ഐക്കര പ്രദേശം മുഴുവൻ പരിഷ്കാരത്തിലേക്ക്‌ ചുവട് വെച്ചിരിക്കുന്നു.

"തനൂ... ഞങ്ങളുടെ കുട്ടികാലമായിരുന്നു രസം, അമൽ പറഞ്ഞു. മണ്ണിൽ, പുഴയിൽ, മരത്തിൽ, കാട്ടിൽ, ഉറുമ്പുകളെ പോലെ ഞങ്ങൾ കുറച്ചു കുട്ടികൾ."

"അപ്പോൾ മണ്ണൊക്കെ ശരീരത്തിലാവൂലെ? ഡ്രസ്സ്‌ ഒക്കെ ചീത്തയാവില്ലേ, ഡാനിമോൾ ചോദിച്ചു."

"ഞങ്ങൾ ജീവിച്ചത് മണ്ണിലായിരുന്നു. മണ്ണിന്റെയും, മനുഷ്യന്റെയും സ്നേഹം ആവോളം ആസ്വദിച്ചു. നല്ല കരുത്തും, എനർജിയുമായിരുന്നു അന്നത്തെ കുട്ടികൾക്ക്, പിന്നെ പപ്പയുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം എന്തായിരുന്നു എന്നോ?റോസ് ചോദിച്ചു.പുഴക്കരയിൽ പോയിരുന്നു ചിരട്ട പുട്ട് ഉണ്ടാക്കൽ.'

"ചിരട്ട പുട്ടോ? "തനു ചോദിച്ചു.

"അതെന്താ?"

"അതേടോ... മണൽ കുഴച്ച് പാകത്തിലാക്കി ചിരട്ടയിൽ നിറയ്ക്കും. എന്നിട്ട് കമഴ്ത്തി വെക്കും. ചിരട്ടമേൽ കൈ വെച്ചു കൊണ്ട് പറയും, ചിരട്ട പുട്ടെ വാ വാ എന്ന്, അങ്ങിനെ ചിരട്ട അടർത്തി യെടുക്കുമ്പോക് പുട്ട് റെഡി.'

കുട്ടികൾക്ക്‌ ഇതൊക്കെ കേട്ടിട്ട് അത്ര വലിയ ആസ്വാദനം ഒന്നും തോന്നിയില്ല. അവർക്ക് ഇവിടെ നിന്ന് വേഗം സ്ഥലം വിടണം

ഓരോ തലമുറകൾ നീങ്ങി പോകുമ്പോൾ പുതിയ തലമുറകൾ മുളപൊട്ടുന്നു. അതിനനുസരിച്ചു ജീവിത രീതിയിലും, സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിച്ചിക്കുന്നു.

കുട്ടു കുടുംബം പോലെയായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്. ഉച്ചക്ക് ചോറു പാത്രവും എടുത്ത് അകത്തല്ല ഇരിക്കാര്, പുറത്ത് ഉമ്മറ തിണ്ണയിൽ. കറിയൊക്കെപങ്ക് വെച്ച്, വർത്തമാന മൊക്കെ പറഞ്ഞു ചിരിച്ചു, അന്നൊക്കെ മറ്റുള്ളവരിൽ നിന്നുള്ള അനുഭവങ്ങൾ ഓരോന്നും നമ്മൾ പഠിക്കും. അത് പിന്നീടുള്ള ജീവിതത്തിലേക്ക് ഉപകരിക്കുമായിരുന്നു

ടെലിവിഷൻ വീട്ടിൽ ഒഴിച്ച് കൂടാൻ കഴിയാതെയായി. അപ്പോൾ ബന്ധങ്ങളുടെ തീവ്രത കുറഞ്ഞു. എല്ലാവരും അതിന്റെ മുന്നിലായി. ഫ്രിഡ്ജ് വന്നപ്പോൾ ഭക്ഷണം പങ്ക് വെക്കലും കുറഞ്ഞു.

ഇതൊന്നുമല്ല നമ്മുടെ സമൂഹത്തിൽ വളരെ ജ്വരമായി മാറിയിരിക്കുന്നത്. അത് മൊബൈൽ ഫോൺ ആയിരുന്നു. വിരൽ തുമ്പ് കൊണ്ട് ജീവിതം ആസ്വദിക്കുന്ന കൂട്ടത്തിൽ തനുവും, മോളും ഒന്നാമൻ തന്നെ.

ജീവിതം ഒരു വിധം കലങ്ങി തെളിഞ്ഞ് ഒരു കുട കീഴിൽ ഒതുക്കാൻ ശ്രമിച്ചപ്പോഴേക്കും വീണ്ടും കൈ വിട്ടത് പോലെ സാറക്ക് തോന്നി.എവിടെ നോക്കിയാലും എല്ലാവരും ഫോണിൽ മുഖം പൂഴ്ത്തി. ഇതൊക്കെ കാണുമ്പോൾ സാറക്ക് ദേഷ്യം ഇരച്ചു കയറും .

"റോസ് സത്യത്തിൽ എനിക്കു മടുത്തു.ഞാനൊരാൾ വിചാരിച്ചാൽ എല്ലാം നേരെയാകമെന്ന് നീ പറഞ്ഞു. ഇല്ല, എന്റെ ജീവിതം ശാപം പിടിച്ചതാണ് . ഒന്നും നേരെയാവാൻ പോകുന്നില്ല."സാറ സങ്കടത്തോടെ പറഞ്ഞു

"സാറ... നീ ലോകം കാണാഞ്ഞിട്ടാണ്. എല്ലാ വീട്ടിലും ഇങ്ങിനെയൊക്കെയാണ് നടക്കുന്നത്. നമ്മൾ അതനുസരിച്ചു അഡ്ജസ്റ്റ് ചെയ്യണം."

"ഈ അഡ്ജസ്റ്റ് സ്ത്രീകൾക്ക് മാത്രം ഉള്ളത് ആണോ? "സാറ ചോദിച്ചു.

"അല്ല നീ നിന്റെ കാര്യം മാത്രം ചിന്തിക്കുന്നത് കൊണ്ട് നിനക്ക് തോന്നുകയാണ് പല പുരുഷൻമാറും വളരെയേറെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്." റോസ് പറഞ്ഞു.

"കുട്ടികളെ ഒന്ന് വളർത്താൻ കിട്ടേണ്ടെ, പ്രാർത്ഥന അതും ഇല്ല, പള്ളിയിൽ പോവാൻ എന്തൊരു മടി, പഠിക്കെണ്ടെ, അവർക്കൊരു ജോലി വേണ്ടേ, എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ട്."

"എന്തിനും, ഏതിനും നിനക്ക്‌ പരാതിയെ ഉള്ളൂ... എല്ലാം നിനക്ക്, എല്ലാം നിനക്ക്, എന്റെ കാര്യം എപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ? എനിക്കാരാ ഉള്ളത്." റോസ് സങ്കടത്തോടെ ചോദിച്ചു

"റോസ് നീ ഭാഗ്യവതിയാണ്, ഞാൻപ്രസവിച്ചുയെന്നെ ഉള്ളൂ. നീയാണ് അവരുടെ അമ്മ, വളർത്തുന്നത് നീയ് എന്നെക്കാളും നിന്നെയാണ് അവർക്കിഷ്‌ടം. എന്റെ വശത്തു നിന്ന് നോക്കുമ്പോൾ നല്ല അനുഭവങ്ങൾ ആണ് നിനക്കുള്ളത്."

"സാറാ... നീയാണ് ശരിക്കും ഭാഗ്യവതി...

"ഇരിക്കുന്ന സ്ഥാനം നമ്മൾ അറിയാതെ പോവരുത്. എനിക്കാണെങ്കിൽ സത്യത്തിൽ ആരും ഇല്ല. കിളിർക്കുകയോ, വളരുകയോ ചെയ്യാത്ത ഉണങ്ങിയ കുറ്റിചെടി. നീ അങ്ങിനെയല്ല, തഴച്ചു വളരും, അമ്മ, മുത്തശ്ശി... അങ്ങിനെയങ്ങിനെ. ഒന്ന് കാണുമ്പോൾ അതാണ് നല്ലത് എന്ന് തോന്നും, നമ്മുടെ കയ്യിലുള്ള മുത്തിനെ ഉരസിയെടുക്കുകയാണ് വേണ്ടത്."സാറ പറഞ്ഞു.

"സോറി ... മോളെ, നിനക്ക് വിഷമമായോ?ഈ ഭൂമിയിൽ എനിക്കുള്ളതെന്തും നിനക്കുള്ളതാണ്. നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ..."

അമൽ ആളാകെ മാറി പോയിരിക്കുന്നു. പഴയ പ്രസരിപ്പൊന്നും കാണാൻ ഇല്ല. ഇതിനൊക്കെ ഉത്തരവാദി താനാണെന്ന തോന്നൽ സാറക്കുണ്ട്. എല്ലാം തിരിച്ചറഞ്ഞപ്പോൾ കയ്യിൽ നിന്ന് വഴുതി പോയിരുന്നു. മുറുകി കിടക്കുന്ന പല കുറുക്കുകളും അഴിക്കാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. ഒഴിക്കിനൊപ്പം നീന്തുക എന്ന് വെച്ചാൽ എല്ലാരോടും ചെയ്യുന്ന ക്രൂരതയാണ്. ഒരമ്മയുടെ വിലയറിയാതെ, മനുഷ്യത്വയറിയാതെ, സ്നേഹമറിയാതെ ഇവരുടെ മനസ്സ് ഇടുങ്ങി പോകും. സാറ ചിന്തിച്ചു. റോസിനോട് സൂചിപ്പിച്ചപ്പോൾ അവൾ പറഞ്ഞു.

"നീ ഇപ്പോഴായിരുന്നു അ മ്മയാവേണ്ടിയിരുന്നത്"

അമ്മയെന്ന രണ്ടക്ഷരത്തിന്റെ സ്ഥാനമല്ലായിരുന്നു അവൾക്ക് വേണ്ടിട്ടിരുന്നത്. പരസ്പര വിശ്വാസത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും മുന്നിൽ പകച്ചു നിന്ന നാളുകൾ -ജീവിതത്തിന്റെ ഭാവിയെ കുറിച്ചു ചിന്തിക്കാനുള്ള ശേഷി പോലും അന്നി ല്ലായിരുന്നു. പിന്നീട് അർബുദത്തിന്റെ നീരാളി പിടുത്തവും, മാനസികവും, ശാരീരികപരവുമായ അസ്വസ്ഥതമൂലം ഒച്ചിനെ പോലെ ഇഴഞ്ഞു ജീവിച്ചു. ദുഷ് ചിന്തകളുടെ ഉൾവിളിക്ക് കാതോർത്തിരുന്നു. റോസ് പറഞ്ഞത് സാറ പെട്ടെന്ന് ഓർത്തു. എല്ലാം സംഭവിക്കേണ്ടത് തന്നെ. ദൈവ നിശ്ചയം. കൊച്ചുകുട്ടികൾ വീണു പോയാൽ പെട്ടെന്ന് എണീറ്റ് ഓടും. വീണുപോയല്ലോ എന്നാലോചിച്ചു ദുഖിച്ചിരിക്കുകയില്ലല്ലോ, അത് പോലെ നീ കാണണം.

തുടരും... 


ഭാഗം 20

ഐക്കരയിൽ ഏത് ആഘോഷവും ജാതിമതഭേദമെന്യ ഉത്സവമായി കൊണ്ടാടും.ഓണമായാലും, ബക്രീദ് ആയാലും, ക്രിസ്തുമസ് ആയാലും, അത് എല്ലാവരുടെയും ഉത്സവമാണ്.


ക്രിസ്മസ് ആഘോഷിച്ചു ചൂടാറും മുമ്പേ ന്യൂയറിന്റെ വരവായി. സിരകളെ പോലും മരവിപ്പിക്കുന്ന തണുപ്പൊക്കെ മറന്നു 12 മണിവരെ ആഘോഷങ്ങൾ ആണ്. ഗിഫ്റ്റ് കൈമാറൽ പരിപാടിയാണ് ഏറ്റവും രസകരം. ഗിഫ്റ്റ്നൊപ്പം ഒരു കുറിപ്പും ഉണ്ടാകും. ഓരോരുത്തർക്കും മനസ്സിൽ തോന്നുന്ന ഒരു കുറിപ്പ് എഴുതിയിടൽ, ജീവിതത്തിൽ പകർത്താൻ പറ്റിയ ഒന്നായിരിക്കണമെന്ന് നിർബന്ധം.

സാന്ത്വനവും, സഹായവും, സ്നേഹവും:ഇതായിരുന്നു സാറക്ക് അന്ന് കിട്ടിയ കുറിപ്പ്.

'നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ഒരു സാധനം ഗിഫ്റ്റ് തന്നു എന്നിരിക്കട്ടെ.അത് നമ്മൾ സന്തോഷത്തോടുകൂടി നിധിപോലെ സൂക്ഷിക്കും,ഇത്പോലെ പ്രതിസന്ധിഘട്ടത്തിൽ നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തു കൊടുത്താൽ ജീവിത കാലം മുഴുവൻ നമുക്കും, അവർക്കും സന്തോഷം തോന്നും.' ഇംഗ്ലീഷ് ടീച്ചർ സിസ്റ്റർ എലിസ സമ്മാനിച്ച കുറിപ്പ് ആയിരുന്നു അത്.

കഴിഞ്ഞതൊക്കെ മാറ്റിവെച്ച ദിവസമായിരുന്നു സാറയുടെ ഉള്ളിൽ. അവൾ സ്വയം പഠിക്കാൻ ശ്രമിച്ചപ്പോൾ ഉള്ളിലുള്ള അസ്വസ്ഥതയും, കോപവുമെല്ലാം ഒഴിഞ്ഞു പോവാൻ തുടങ്ങി. ശരീരത്തിലേക്ക് ഊർജം പ്രവഹിച്ചു.

തനൂ.... ഡാനി മോളെ... നിങ്ങൾക്കറിയില്ലല്ലോ? ഈ അമ്മയുടെ മനസ്സിനേറ്റ മുറിവിന്റെ വ്യാപ്തി എത്ര വലുതായിരുന്നു എന്ന്. ഉണക്കാൻ കഴിയാതെ ഉണങ്ങാൻ കഴിയാതെ അലോസര പെടുത്തിയ നാളുകൾ. ഡിപ്രെഷൻന്റെ ഗുളിക വിഴുങ്ങി തളർന്നുറങ്ങി. കീമോയുടെ ക്ഷീണത്തിൽ തളർന്ന് കിടന്ന് എണീക്കുമ്പോൾ ഭർത്താവിനെ കുറിച്ചും, മക്കളെ കുറിച്ചും വേവലാതി പൂണ്ടു, വീണ്ടും ഗുളിക എടുത്തു വിഴുങ്ങി വീണ്ടും മയക്കത്തിൽ ആവും. കുട്ടികൾക്ക് കൊടുത്ത മുലപ്പാലിന്റെ പ്രോട്ടീനേക്കാൾ എത്രയോ വലുതായിരുന്നു സ്നേഹത്തിന്റെ പ്രോടീൻ എന്ന് ആരും മനസ്സിലാക്കിയില്ല. കുട്ടികാലത്ത് സാറ ഒരു തൊട്ടാവാടി ആയിരുന്നിട്ടും, അറിവ് കൂടുതൽ ഉണ്ടായിരുന്നു, കാരണം സാറയായിരുന്നു ഊര്തെണ്ടി.

നാലാം ക്ലാസ്സിൽ പഠിക്കുന്ന ദർശനന്റെ അമ്മക്ക്‌ ആക്‌സിഡന്റ് ആയി. അത് അറിഞ്ഞു അവന് സഹിക്കാൻ കഴിഞ്ഞില്ല. ഭയങ്കര കരച്ചിൽ ആയിരുന്നു. അന്ന് മേരി ടീച്ചർ ഒരു കാര്യം എല്ലാവരോടുമായി പറഞ്ഞു.

"പ്രിയപ്പെട്ട കുട്ടികളെ... ഈ മനോഹരമായ പ്രപഞ്ചത്തിലെ കാഴ്ചകൾ ആസ്വദിക്കാനും, അച്ഛന്റെയും, അമ്മയുടെയും നല്ല മക്കളായി തീരാനും, പരസ്പരം നല്ല സഹോദരൻങ്ങളായി മാറുവാനും, നല്ല ഫ്രണ്ട്സ് ആവാനും, ഈ വിദ്യാലയത്തിലെ പ്രിയപ്പെട്ട കുട്ടികൾ ആയി കളിച്ചു പഠിച്ചു വളരാനുമൊക്കെയാണ് ഈ പ്രപഞ്ചത്തിലെ സൃഷ്‌ടാവ് നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചിരിക്കുന്നത്. അപ്പോൾ നമ്മൾ സന്തോഷിക്കണം. ഇതിന്റെയിടയിൽ ദൈവം കല്ല് കൊണ്ടും, മുള്ളുകൊണ്ടും ഒരു ഏറ് തന്നെന്ന് വരും. ദൈവത്തിന് ഒന്ന് പരീക്ഷിക്കണ്ടെ. ആരൊക്കെ കരയുന്നു. ആർക്കൊക്കെ ദൈവത്തോട് കോപം വരുന്നു എന്നറിയാൻ നമുക്ക് ഇടക്കിടെ പണി തരും.അത് കൊണ്ട് എന്ത് വന്നാലും ആരും തളരരുത്. സങ്കടപെടരുത്. നമുക്ക് എന്ത് തിന്മ വന്നാലും നന്മ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. എല്ലാവർക്കും സന്തോഷമയോ, "ടീച്ചർ പറഞ്ഞവസാനിപ്പിച്ചു.

തനൂ... മോളെ... സാറ മനസ്സിൽ പറഞ്ഞു "ഈ അമ്മക്ക് നിങ്ങളോട് പറയാൻ വിട്ടുപോയ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അമ്മിഞ്ഞ മതിയാവോളം ഊട്ടുമ്പോൾ, ആ തലയിൽ ഒന്ന് തലോടി നെറ്റിയിൽ ഒന്ന് ചുംബിക്കുമ്പോൾ നിങ്ങൾ അമ്മയുടെ ചിറകിനുള്ളിൽ ഒളിക്കുമായിരുന്നു. ഉറങ്ങി കഴിഞ്ഞ് മതിയാവോളം വാത്സല്യം നിറച്ച് കുട്ടികളെ കെട്ടിപ്പിടിച്ചു കിടക്കും ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയെപോലെ.'

പണ്ടൊക്കെ സ്നേഹം വാരി കോരി കൊടുക്കാൻ അച്ഛനമ്മമാർ മാത്രമല്ല അമ്മമ്മ, അച്ചാച്ചൻ, അച്ചമ്മ, ബന്ധുക്കൾ, കൂട്ടത്തിൽ അയൽവാസികളും.

ഐക്കരയിക്കുള്ള കുട്ടികാലം ഒരിക്കലും മറക്കാൻ ആർക്കും കഴിയൂലാ.. സാറ ഓരോ ചിന്തകളിൽ മുഴുകി.

മക്കളെ ഈ അമ്മ തന്ന സ്നേഹത്തിന്റെ ഓർമകൾ നിങ്ങളുടെ മനസ്സിൽ എവിടെയെങ്കിലും ഉണ്ടോ?.

"മുതിർന്നവരിൽ നിന്നാണ് കുട്ടികൾ ആദ്യപാഠം പഠിക്കേണ്ടത്. ജീവിതത്തോട് ആത്മാർത്ഥത അതാണ് ആദ്യം ഉണ്ടായിരിക്കേണ്ടത്. ജീവിത സാഹചര്യം നെഗറ്റീവ് ആണെങ്കിൽ മുളപ്പിച്ച വിത്തുകൾ പതുക്കെ വാടാൻ തുടങ്ങും. നെഗറ്റീവ് സാഹചര്യം ഉൾക്കൊണ്ട് പോസറ്റീവ് സാഹചര്യം സൃഷ്‌ടിക്കാൻ നോക്കണം. റോസ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

"വീട്ടിൽ നിന്നാവണം കുട്ടികൾക്കുള്ള ഫസ്റ്റ് സ്റ്റെപ് കിട്ടേണ്ടത്. മാതാപിതാക്കൾ ഒപ്പം നിന്ന് കുട്ടികൾക്ക് സ്നേഹവും, പരിചരണവും കരുതലും നൽകി അവരെ നന്നായി വാർത്തെടുക്കുകയാണെങ്കിൽ കുട്ടികളുടെ മനസ്സിൽ ആത്മാഭിമാനം രൂപപെട്ട് വരും. ചുരുക്കത്തിൽ പ്രചോദനം കിട്ടേണ്ടത് നമ്മലൂടെയാണ്."

"നിനക്കിതൊക്കെ ആദ്യമേ പറഞ്ഞുതരാൻ മേലായിരുന്നോ? "സാറ വ്യസനത്തോടെ ചോദിച്ചു.

"അതിനു നീ... "സാറക്ക് ചിരി പൊട്ടി. "പണ്ട് അമ്മച്ചി പറയുന്നത് നിനക്കോർമ്മയില്ലേ. 'പോത്തിന്റെ ചെവിയിൽ വേദാന്താമോതിയിട്ട് കാര്യമൊന്നുമില്ല എന്ന്.'അത് നിന്നെ ഉദ്ദേശിച്ച് ആയിരുന്നു.

'"ഞാനിന്നലെ ടൗണിൽ പോയപ്പോ നമ്മുടെ സുഹറയെ കണ്ടിരുന്നു. കുട്ടികളെ അഡ്മിഷന് വേണ്ടി വന്നതാണ്. ഞങ്ങൾ രണ്ടുപേരും കൂടെ അവര് താമസിക്കുന്ന വീട്ടിൽ പോയി."

"അപ്പൊ അവര് ഐക്കരയിൽ അല്ലെ... സാറ ചോദിച്ചു. "

"ഐക്കരയിൽ നിന്നൊക്കെ അവര് എന്നോ വിറ്റ് പോയിരുന്നു, നമ്മൾ അറിയാഞ്ഞിട്ടാണ്. ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം."

"വാടക വീട്ടിലോ!അവരോ, സാറക്ക് അതിശയം തോന്നി."

"അതേ നസീറിന്റെ ബിസ്നസ് ഒക്കെ പൊളിഞ്ഞു. ഇപ്പോൾ ചെറിയ എന്തോ പരിപാടി നോക്കുന്നു. സുഹറക്ക്‌ ആകെ സങ്കടമാണ് വലിയ പ്രതാപികൾ ആയിരുന്നില്ലേ, അത്കൊണ്ട് ആമിനാത്താത്തക്ക് എപ്പോഴും മുറുമുറുപ്പ് ആണ് എന്ന്. മരുമകൾ കയറിവന്നപ്പോൾ തറവാട് മുടിഞ്ഞേ എന്ന് പ്രാകും എന്ന്."

"സത്യത്തിൽ സാറാ.... ആമിനത്തയുടെ ലൈഫിൽ പണ്ടേ പ്രതാപം ഉണ്ടായിരുന്നല്ലോ. കൂടാതെ ബാപ്പയും ഉണ്ടായിരുന്നു. എന്നാൽ സുഹറയുടെ അഭിപ്രായത്തിൽ നസീറിന് പണ്ടേ സാമ്പത്തിക കുറവ് ഉണ്ടായിരുന്നത്രെ. നാട്ടുകാരും, ബന്ധുക്കളും ഒന്നും അറിഞ്ഞില്ലാന്ന് മാത്രം.ഏതായാലും പാവം സുഹറയുടെ കാര്യം വളരെ കഷ്ടം തന്നെ. നിന്നോട് പറയണ്ടാന്നു വിചാരിച്ചതാണ്. നീ അതോർത്തു ടെൻഷൻ അടിക്കും. ആമിനത്തയും, സുഹറയും, ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവർ വരുമ്പോൾ ഏതായാലും നീ അറിയും അതോണ്ടാ ഞാൻ പറഞ്ഞെ...." റോസ് പറഞ്ഞു.'

തുടരും... 


ഭാഗം 21

ദാമു സാറ് ഒരിക്കൽ ചീരുവിനെ കാണാൻ വന്നിരുന്നു. 'മോളെ ഒരു നോക്ക് കണ്ടു പൊയ്ക്കോളാം, എന്ന് പറഞ്ഞു. കഷണ്ടി തലയും കട്ടി കണ്ണടയുമൊക്കെ വെച്ച സാറെ കണ്ടപ്പോ ആദ്യം ചീരുവിന് മനസ്സിലായില്ല.


"വയസ്സായി... ചെയ്തതൊക്കെ തെറ്റായി പോയീന്ന് മനസ്സിലായി. പൊറുക്കണം, ദാമു ചീരുവിന്റെ മുന്നിൽ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു."

"സാറോട് പൊറുക്കേണ്ടത് ഞാനല്ല, ദൈവമാണ്. പിന്നെ ഒരു കാര്യം മോൾ കുടുംബം കുട്ടികൾ ഒക്കെയായി കഴിയുകയാണ് അവരെ ബുദ്ധിമുട്ടിക്കരുത്. കാണണമെന്ന് നിർബന്ധമാണെങ്കിൽ ഞാൻ കാണിച്ചു തരാം. സാറുടെ മോൾ അല്ലെ" ചീരു പറഞ്ഞു.

അത് കേട്ടപ്പോൾ ദാമു സാറെ. കണ്ണുകൾ നിറഞ്ഞൊഴുകി.

"എന്താ സാറെ ടീച്ചർക്കും കുട്ടികൾക്കും സുഖം തന്നെയല്ലേ... ചീരു ചോദിച്ചു."

"ഇവിടെനിന്ന് പോയതിൽ പിന്നെ ടീച്ചർ അവരുടെ ഇഷ്‌ടത്തിന് ജീവിക്കാൻ തുടങ്ങി. എന്നെ വക വെക്കൂല. മക്കളെയും അവരുടെ വരുതിക്കാക്കി. അവരാണെങ്കിൽ ഇപ്പോൾ അവരുടെ ഇഷ്‌ടത്തിന് ജീവിക്കുന്നു ശാസിക്കാൻ പാടില്ല. നിങ്ങൾ ഒരു നല്ല പിള്ള എന്ന് ടീച്ചർ പറയും."

"മോളെ ഒന്ന് സ്നേഹത്തോടെ തലോടാൻ സമ്മതിക്കൂലായിരുന്നു, കണ്ണുരുട്ടും. തിരിച്ചെടുക്കാൻ പറ്റാത്ത തെറ്റുകൾ പറ്റിപ്പോയി. തിരുത്താനും കഴിയൂലാലോ. എന്നാൽ ചീരു നീയൊന്ന് അറിയണം, അവളെ എനിക്കു വളരെയേറെ ഇഷ്‌ടം തന്നെയായിരുന്നു. എന്നാൽ ദാമ്പത്യബന്ധത്തിൽ അവൾക്കൊരു തണുത്ത മട്ടാ.ജോലി കഴിഞ്ഞു ക്ഷീണിച്ചു മയങ്ങുമ്പോൾ അവളെ വിളിച്ചുണർത്താൻ മനസ്സനിവദിക്കാതെ ഞാനും മുരടിച്ചു പോയിരുന്നു. ആ സമയത്താണ് ചീരുവിനോട് ഞാൻ ആ തെറ്റ് ചെയ്തു പോയത്."

"സാറെ... നിങ്ങൾക്കൊക്കെ ഇത്രയും വിവരവും, വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ട്. ഒന്ന് ഇരുന്ന് തീർക്കേണ്ട പ്രശ്‌നം അല്ലെ ഉണ്ടായിരുന്നുള്ളു. വേണ്ടപ്പോൾ വേണ്ട രീതിയിൽ ചെയ്തില്ല. കൂട്ടിയാൽ നൂറായിസ്, അത് നല്ലപോലെ ജീവിക്കൂടായിരുന്നോ?"

"സത്യത്തിൽ സാറെ കാര്യം കഷ്ടം തന്നെയാണ്. ഞാൻ ടീച്ചറോട് സംസാരിക്കട്ടെ."

"വേണ്ട... ചീരു.. എന്നിട്ടും കാര്യമൊന്നും ഇല്ല, ഞാൻ പോട്ടെ... നിന്നോട് മാപ്പ് ചോദിക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞു." ദുഃഖഭാരവും പേറി ആ മനുഷ്യൻ വലിഞ്ഞു വലിഞ്ഞു നടന്നു നീങ്ങി.

'മോളെ കാണണ്ടേ... പേരക്കുട്ടികൾക്ക് അപ്പൂപ്പനൊത്ത് ആനകളിക്കേണ്ടേ...' ചീരു മനസ്സിൽ പറഞ്ഞു കൊണ്ട് വിതുമ്പി കരഞ്ഞു.

ഭാര്യാഭർതൃബന്ധം എന്ന് പറയുന്നത് ഏറ്റവും മൂല്യം കൂട്ടിയ ബന്ധം തന്നെയായിരിക്കണം. അതിന്റെ തൂണുകൾക്ക് നല്ല ഊടും, ഉറപ്പും വേണം. ഇതിന് സാധ്യമാണെങ്കിൽ മാത്രമേ വിവാഹം കഴിക്കാവൂ... രണ്ട് പേരും, രണ്ട് കൂട്ടരുടെയും ബന്ധുക്കൾ തമ്മിൽ ഊട്ടി ഉറപ്പിച്ച ബന്ധം ആയിരിക്കണം അത്.

വിവാഹത്തിന് മുമ്പ് സ്വയം ചോദിക്കുക, ഞാൻ വിവാഹത്തിന് ഒരുക്കമാണോ? മനസ്സിൽ എവിടെയെങ്കിലും ഏതെങ്കിലും കോണിൽ നെഗറ്റീവ് ചിന്തകൾ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ വിവാഹത്തിന് മുതിരരുത്. അത്പോലെ മൃഗീയ വാസനയോ, ഈഗോ പ്രശ്നമോ, പകയോ, എന്തെങ്കിലും ഉണ്ടെങ്കിൽ ചികിൽസിക്കുക. ഈ ആധുനിക കാലഘട്ടത്തിൽ ഇന്ന് എല്ലാ പ്രോബ്ലത്തിനും സൊല്യൂഷൻ ഉണ്ട്. നന്നായി പെർഫെക്ട് ആയാൽ മാത്രം ഇരു കൂട്ടരും വിവാഹത്തിന് മുതിരുക. വിവാഹത്തിനുമുമ്പ് നല്ലൊരു കൗൺസിലരുടെ ഉപദേശം തേടുക.

ഓരോ കുടുംബത്തിലെയും ഭാര്യയും, ഭർത്താവും ഒരു ഉറച്ച തീരുമാനത്തിൽ എത്തുകയാണെങ്കിൽ അനാവശ്യമായ ഈഗോ പ്രശ്നമോ, വിവാഹേതര ബന്ധങ്ങളോ ഉണ്ടാവില്ല. നന്നായി ചിന്തിച്ചുറപ്പിച്ചേ തീരുമാനങ്ങൾ എടുക്കാൻ പാടുള്ളു.. ഭാവിയിലേക്ക് ദോഷമാകുന്ന ഒരു കാര്യവും ആരും ചെയ്യരുത്.നമ്മൾ എന്ത് തെറ്റ് ചെയ്താലും അത് എന്നെങ്കിലും തെളിയിക്കപ്പെടും. ആളുകൾ നമ്മളെ ക്രൂശിക്കപ്പെടും. പങ്കാളിയോട് എന്നും നീതി പുലർത്തുക.

ഐക്കരയിലുണ്ടായിരുന്ന ബാങ്ക് മാനേജർ, ജയനും, ജയന്തിയെയും, മക്കളെയും ഓർക്കുമ്പോൾ തന്നെ താജ്മഹൽ കണ്ട സുഖമാണ്.

ലോകത്തെ കുറിച്ച് ഒന്നും അറിയാത്ത കൊച്ചു ഗ്രാമം. സ്കൂളിൽ പോകുമ്പോൾ ടീച്ചരും, മറ്റും ചില പ്രധാനപ്പെട്ട ന്യൂസ്‌ ഒക്കെ ക്ലാസ്സിൽ വായിക്കും. എലിസ സിസ്റ്റർ, മേരി ടീച്ചർ ഒക്കെ നല്ല കഥകാരികൾ ആയിരുന്നു. ഇവരിൽ നിന്ന് കിട്ടിയ പല വാചകങ്ങളും അത് മനസ്സിലാക്കിയ വിദ്യാർത്ഥികൾക്ക് പിന്നീട് പ്രചോദനമായി തീർന്നിട്ടുണ്ട്.

ഇങ്ങനെ ചെറുതായി പരിഷ്കരിച്ചു വരുന്ന ഗ്രാമത്തിലേക്കായിരുന്നു ജയൻ സാറിന്റെയും, ഫാമിലിയുടെയും വരവ്.ടെലി വിഷന് മുന്നിൽ 50 ആളുകളെങ്കിലും ഉണ്ടാകും, അതിൽ നിന്ന് വരുന്ന ഓരോ പ്രോഗ്രാമും കൗതുകം നിറഞ്ഞതായിരുന്നു. ആദ്യമായ് ഐസ്ക്രീം കഴിച്ചത്. പേരറിയാത്ത പല പലഹാരത്തിന്റയും നാവിൽ നിന്ന് മായാത്ത രുചിയും, അതിനേക്കാൾ ഉപരി അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും, മറ്റുള്ളവരെ സ്നേഹിക്കുന്നതും. എല്ലാം ഐക്കരയിലുള്ളവർക്ക് പുതിയ പുതിയ അറിവായിരുന്നു.

ജയന്തി ചേച്ചി ഭയങ്കര കൃഷ്ണഭക്തയായിരുന്നു. അത് കുട്ടികളിലേക്കും പകർന്നു. ഭൗതിക ആവശ്യങ്ങൾ നേടിയത് കൊണ്ട് നമ്മുടെ മനസ്സിന് തല്ക്കാല തൃപ്തിയെ കിട്ടുകയുള്ളൂ. ആത്മീയതയാണ് ജീവിത നിലനിൽപ്പിനു വേണ്ടത്. മറ്റുള്ളവരെ സ്നേഹിക്കുക, ആവിശ്യക്കാരെ സഹായിക്കുക.

'മോനെ വിശക്കുന്നുണ്ടെങ്കിൽ ഫുഡ്‌ എടുക്കാലോ.... എടുക്കട്ടെ, ഇങ്ങനെയെ ചേച്ചി ചോദിക്കുകയുള്ളൂ.:

'അമ്മക്ക് ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ചു കഴിഞ്ഞിട്ട് മതി, മോൻ അതിനു മറുപടി പറയും.'

'പഠിക്കണ്ടേ... കുറച്ചു ഹോം വർക്ക്‌ കൂടി ചെയ്തു തീർക്കാനില്ലേ, അത് നമുക്ക് ചെയ്യണ്ടേ...'

'ചെയ്യാം അമ്മേ... മലയാളം കുറച്ചു കൂടി പഠിക്കാനുണ്ട്.'

'ജയേട്ടൻ കുട്ടികളുടെ അടുത്തിരുന്ന് അവർക്ക് ഹോം വർക്ക്‌ ഒന്ന് പറഞ്ഞു കൊടുക്കുമോ? ഞാൻ കിച്ചനിലേക്ക് ചെല്ലട്ടെ.'

ഒരേ മനസ്സും, ശരീരവും കൊണ്ട് അവര് ജീവിതം മുന്നേറി. അവരുടെ ജീവിതം കണ്ട് കൊണ്ട് പലരും, പലതും പഠിച്ചു.

മമ്മാലിക്ക മരിച്ചതിൽ പിന്നെ കുട്ടികൾ വളർന്നപ്പോൾ ഉമ്മച്ചിയുടെ പരിധിയിൽ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.ചെറിയ പ്രായത്തിൽ തന്നെ മജീദും, സുഹൈലും, ബീഡി, സിഗരറ്റ് ഒക്കെ പരീക്ഷിക്കാൻ തുടങ്ങി.

കുട്ടികൾ എല്ലാം വട്ടം കൂടിയിരുന്ന് ഓരോ കളിയുടെ രസത്തിൽ മുഴുകിയിരിക്കുമ്പോഴായിരിക്കുംപരിചയമില്ലാത്ത ഒരു വാസന നമുക്ക് കിട്ടുക. എല്ലാവരും വിചാരിക്കും ഇത് എന്തോ ഒരു അത്തറിന്റെ മണമായിരിക്കും എന്ന്.

അപ്പൊ വായാടിയായ സാറ ചോദിക്കും." മജീദേ നീ അത്തർ പൂശിയോടാ?"

അവൻ പതുക്കെ തലയാട്ടും.

ഒരു ദിവസം അമലാണ് സാറയോടും, റോസിനോടും പറഞ്ഞത്.

"എടീ... നമ്മുടെ മജീദ് വലിയ പുകവലിക്കാരനാണെന്ന് തോന്നുന്നു. സുഹൈബിനും കൊടുക്കാറുണ്ടത്രേ.'

"എന്നാൽ നിനക്കും വലിച്ചൂടെ?"റോസ് ചോദിച്ചു.

ഞാൻ നോക്കി, എനിക്കു അതിന്റെ മണം പിടിക്കുന്നില്ല.

പിന്നീട് മജീദിനെ കണ്ടപ്പോൾ സാറ ആരാധനയോടെ നോക്കി നിന്നുപോയി

അന്ന് സ്കൂളിൽ പുകവലി, മദ്യപാനം എന്നിവ വിഷയമാക്കി കുട്ടികൾക്കും. മുതിർന്നവർക്കും, ഒരു ക്ലാസ് ഉണ്ടായിരുന്നു. പുക വലിച്ചുണ്ടാകുന്ന ദൂഷ്യഫലങ്ങൾ കേട്ട് എല്ലാവരുടെയും കണ്ണ് തള്ളി മാരക രോഗങ്ങൾ വിളിച്ചു വരുത്തുന്ന ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള ക്ലാസ് കേട്ട് പിന്നെ മജീദിനെ കണ്ടപ്പോൾ മാരക രോഗങ്ങൾ പിടിപ്പെട്ട കുട്ടികളെ പോലെയാണ് എല്ലാവരും നോക്കിയത്. ഇതിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാൻ ഐക്കരയിലുള്ള കുട്ടികൾ എല്ലാം ഒറ്റകെട്ടായി നിന്നു.

ചെറിയ ലഹരി പ്രദാർഥങ്ങൾ ഉപയോഗിച്ച് തുടങ്ങി അത് പോരാന്ന് തോന്നുമ്പോൾ വീര്യം കൂടിയ മറ്റ് ലഹരി വസ്തുക്കളെ കൂട്ട് പിടിക്കുന്നു.

എപ്പോഴും ഇവരുടെ ഉള്ളിൽ ഒരു കുറ്റബോധം മന്ത്രിക്കുന്നുണ്ടാകും. വേണ്ടായിരുന്നു എന്ന്. നിർത്തണം എന്നൊക്കെ, എന്നാൽ കൈ വിട്ട് പോയിട്ടുണ്ടാകും. ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള കഴിവ് നഷ്‌ടപെടുന്ന ഈ കൂട്ടർ പിന്നീട് കുറ്റവാളിയായി മാറുന്നു. പല പീഡനകേസിലും, കൊല കേസിലും അകത്താക്കപ്പെട്ട പ്രതികൾ മിക്കവാറും ലഹരി ഉപയോഗിക്കുന്നവർ ആയിരിക്കും. ലഹരി വസ്തുക്കളെ പിന്നാലെ പായുന്നവർ അവനവനു തന്നെയും, ഈ ലോകത്തിനു തന്നെയും നാശം വിതക്കും. സ്വയം സ്നേഹിക്കുന്ന ഇവർക്ക് കുടുംബത്തെ സ്നേഹിക്കാൻ കഴിയൂല. ഒന്നോർത്തിട്ടുണ്ടോ? ആളുകളെ മുന്നിൽ കോമാളിയായി, അവനവൻന്റെ തന്നെ വില കളഞ്ഞ് ഈ ഭൂമിയിൽ ജീവിക്കുന്നവർ ഒന്നോർക്കുക. ഈ യാത്ര അവസാനിക്കാൻ എത്ര ദൂരം...

 ആർക്കുമറിയില്ല. ചിലപ്പോ ഇന്നാകാം, നാളെ, എപ്പോഴും ആകാം. പിന്നെ എന്തിന്? സ്വയം നാശം വിതച്ച് മറ്റുള്ളവരെ നാശത്തിലേക്ക് നയിക്കുന്നു.

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കഞ്ചാവ് വില്പന ആധുനിക സമൂഹത്തിൽ വല്ലാതെ പടർന്നു കയറിയിരിക്കുന്നു. എന്ന സത്യം ഞെട്ടലുളവാക്കുന്നതാണ്. കുറച്ചു പണം സമ്പാദിക്കാൻ വേണ്ടി ആളുകൾ ഒന്നും ചെയ്യാൻ മടിയില്ലാത്ത കാലം. അല്പം സുഖത്തിനു വേണ്ടി കാട്ടികൂട്ടുന്ന പേകൂത്തുകൾ.

തുടരും... 


ഭാഗം 22

റോസ് ടി ടി സി ക്ക്‌ പഠിക്കുമ്പോൾ അവളുടെ ക്ലാസ്സ്‌ മേറ്റ് ഒരു ഉഷാകുമാരി ഉണ്ടായിരുന്നു. ഉഷാകുമാരി പാവപ്പെട്ട കുടുംബത്തിൽ പിറന്ന കുട്ടിയായിരുന്നു. അങ്ങനെ ഒരു ദിവസം അവളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം കണ്ടു തുടങ്ങി.


നല്ല വസ്ത്രം ധരിക്കാനും തുടങ്ങി.

കാന്റീനിൽ പോയി റോസിന്റെ കൂടെ ഫുഡ്‌ ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ ഉഷാകുമാരി റോസിനോട് പറഞ്ഞു.

"റോസ് ഇന്ന് എന്റെ വകയാണ് നിനക്കുള്ള ഭക്ഷണം."

"നിന്റെ ചേട്ടന് ജോലികിട്ടിയോ? കിട്ടിയിട്ടിട്ടുണ്ടെങ്കിൽ പണം വെറുതെ കളയേണ്ട.ഒരു പാട് ബാധ്യതകൾ ഉള്ളതല്ലേ... മിച്ചം വെക്കാൻ പറയൂ..." റോസ് പറഞ്ഞു.

ഉഷാകുമാറി ഒരു പുച്ഛസ്വരം പുറപ്പെടുപ്പിച്ചു. എന്നിട്ട് പറഞ്ഞു. "ജോലി അതും എന്റെ ഏട്ടന്. എന്റെ വീട്ടിൽ ദാരിദ്ര്യം തന്നെയാടീ, ഇത് എനിക്ക് പ്രഭു തന്ന പൈസയാ..."

"എന്തിന്?"റോസ് ചോദിച്ചു.

"അതോ എനിക്കു ഒരു ബിസിനസ് ഒക്കെ തരപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടിനനട്ത്ത് ഒരേ പ്രായത്തിൽ ഉള്ള കുറച്ചു പിള്ളേർ ഉണ്ട്, അവർക്ക് സാധനം എത്തിച്ചു കൊടുക്കുന്നത് ഞാനാണ്."

"എന്ത് സാധനമാടീ..."റോസ് നിഷ്കളങ്കയോടെ ചോദിച്ചു.

"നീയാരോടും പറയരുത്,എനിക്ക് ശരിക്കും അറിയൂല, അത് കഞ്ചാവാണെന്ന് തോന്നുന്നു."

റോസ് ഞെട്ടിപ്പോയി. "ഏ... കഞ്ചാവോ!അതും ആ കുട്ടികൾക്ക് ദൈവമേ..." റോസ് അറിയാതെ വിളിച്ചു പോയി.

സ്വന്തം മക്കൾക്ക്‌ വിഷം കൊടുത്തു കൊന്ന അമ്മയെ കണ്ടത് പോലെ റോസ്, ഉഷാകുമാരിയുടെ മുഖത്തേക്ക് നോക്കി പേടിയോടെ തുറിച്ചു നോക്കിയിരുന്നു.പിന്നെ ആരോടും ഒന്നും പറയാതെ കാന്റീൻ വിട്ടു പോയി.

രണ്ട് ദിവസം കഴിഞ്ഞ് ഒരു വലിയ വാർത്ത പുറത്തായി. പ്രഭുവിനെയും, ഉഷാകുമാരിയെയും പോലീസ് പിടിച്ചു.

പട്ടിണി കാലത്ത് ഉഷാകുമാരിക്ക്‌ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. ജോലി കിട്ടിയിട്ട് അമ്മയെ നന്നായി നോക്കണം, ചേട്ടന് ചെറിയ ഒരു ജോല് വാങ്ങിച്ചു കൊടുക്കണം, അനിയത്തിയെ കെട്ടിച്ചു വിടണം. അപ്പോൾ റോസ് ചോദിക്കും. നിനക്ക് കല്യാണം ഒന്നും വേണ്ടേ...

എല്ലാവരെയും ഒന്ന് കരക്കെത്തിച്ചിട്ട് എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ നിർബന്ധം ഒന്നും ഇല്ല,എല്ലാവരും നന്നായി കഴിയണം അത്രയേ ഉള്ളൂ... ആ ഉഷാകുമാരിയാണ് ഇപ്പോൾ... അറെസ്റ്റ്‌ ചെയ്തു കൊണ്ട് പോകുമ്പോൾ,എത്രയാൾക്കാരാണ് അവളെ മുഖത്തേക്ക് കാർക്കിച്ചു തുപ്പാൻ ഉണ്ടായിരുന്നത്.

പ്രലോഭങ്ങൾ നമുക്ക് ചുറ്റും ഒരുപാട് ഉണ്ടാകും. ഉഷാകുമാരി, ഈ കെണിയിൽ പെട്ടത്, പണത്തെക്കാളും പ്രഭുവിന്റെ സ്നേഹത്തിനു വേണ്ടിയായിരുന്നു. സ്നേഹത്തിനു വേണ്ടിയുള്ള ദാഹം അത് മനുഷ്യസഹജമാണ്, എന്നാൽ അതിനുള്ളിലെ നെല്ലും, പതിരും വേർതിരിചെടുക്കാൻ ആർക്കും കഴി യാറില്ല.വിചിന്തനം വരുമ്പോഴേക്കും പിടിക്കപ്പെടുകയും കുറ്റവാളി എന്ന മുദ്ര ചാർത്തിയിട്ടുണ്ടാകും. ഒരിക്കൽ നമ്മളിൽ കയറി കൂടിയ കളങ്കത്തിന്റെ കറ ജീവിതകാലം മുഴുവൻ നമ്മെ വേട്ടയാടി കൊണ്ടിരിക്കും.ഓരോ രക്ഷിതാക്കളും അവരുടെ കുഞ്ഞിനെ എത്ര പ്രതീക്ഷയോടെയാണ് വളർത്തുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ലഹരി ഉപയോഗിച്ചു തുടങ്ങിയവരുടെ ഭാവി എന്തായി തീരുമാനം. ഓരോ അമ്മമാരുടെയും നെഞ്ചത്തടിയുടെ രോദനങ്ങൾ എവിടെയും നമുക്ക് കേൾക്കാം. പഠിച്ചു വലിയ ഉദോഗസ്ഥനൊന്നും ആവണ്ട. മനുഷ്യനായാൽ മതി.

മകനെ... മകൻ എന്റെ ജീവാനാണ്... ഓരോ അച്ഛനമ്മമാരുടെ മനസ്സ് ഇതാണ്... ഊണിലും, ഉറക്കത്തിലും മക്കളുടെ മുഖമായിരിക്കും മനസ്സിൽ. എത്ര വലുതായാലും താരാട്ടിന്റെ ഈണമായിരിക്കും ചുണ്ടിൽ. ഇങ്ങനെ സ്നേഹിക്കുന്ന കുട്ടികളെ കപട സ്നേഹം അഭിനയിച്ചു കൊണ്ട് തല്ലി കെടുത്തുമ്പോൾ ഓരോ അമ്മമാരുടെയും ശാപം വിടാതെ പിന്തുടരും. ഓർക്കുക. റോസ് തന്റെ മനസ്സിന്റെ ചിന്തകൾ അടച്ചു വെച്ചു.

തുടരും... 


ഭാഗം 23

അപ്രതീക്ഷമായ പെയ്തമഴ കാരണം വോട്ടിംഗ്നുപോയ റോസും, അമലും പെട്ടെന്ന് തിരിച്ചെത്തി. മുളകൊണ്ടുണ്ടാക്കിയ കസേരയിൽ ഇരുന്ന് കൊണ്ട് സാറ മതിയാവോളം മഴ നനഞ്ഞു ആസ്വദിച്ചു.


മഴ ശക്തിയായി പെയ്തിട്ടും അവിടെ നിന്ന് എണീക്കാൻ കൂട്ടാക്കാത്തത് കൊണ്ട് റോസും, അമലും അവളുടെ അടുത്ത് കുത്തിയിരുന്നു.

എന്തൊക്കെയാണ് ദൈവം ഒരുക്കിയിരിക്കുന്നത്, എല്ലാം അപ്രതീക്ഷിതമാണല്ലോ, ഇലകളും ഇതിനു സാക്ഷിയായി പൊഴിയുന്നുണ്ടായിരുന്നു.സാറക്ക് തോന്നി തന്റെ ഞെട്ടിനും ബലം കുറഞ്ഞു കൊഴിയാറായിരിക്കുന്നു എന്ന്. മനസിന്റെ ബലത്തിലാണല്ലോ ഇപ്പോൾ ജീവിക്കുന്നത് തന്നെ. എന്നാൽ ശരീരം അല്പമൊന്ന് ഉടഞ്ഞിട്ടുണ്ടോ.? മുടിയിൽ അവിടെയിവിടെയായി കാണുന്ന വെള്ളി വരകൾ അതാണ് ഓർമിപ്പിക്കുന്നത്. രണ്ട് ദിവസം മുമ്പ് മുടി ഒതുക്കി കെട്ടുന്നതിനിടയിൽ റോസ് ആണ് അത് കണ്ട് പിടിച്ചത്. എന്നിട്ട് പറഞ്ഞു, "നിന്റെ മുടിയിൽ ഒന്ന് രണ്ട് നരയുണ്ട് എന്നതൊഴിച്ചാൽ നിന്റെ സൗന്ദര്യത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല, എന്താടീ ഇതിന്റെ രഹസ്യം."

"പോടീ... ഞാൻ കിളവിയും, നീ ഇപ്പോളും ചെറുപ്പവുമാണല്ലോ," സാറ ചോദിച്ചു.

"അല്ലെടീ... എന്റെ കണ്ണിന്റെ അടിയിലുള്ള ശോകം ഭാവം നീ കാണുന്നില്ലേ."റോസിന്റെ മുഖം പെട്ടെന്ന് വിളറിയ പോലെ തോന്നി.

മഴ നന്നായി കുറഞ്ഞു. മൂന്നുപേരും നന്നായി നനഞ്ഞിരുന്നു.

 "നമ്മൾ വളരേണ്ടിയിരുന്നില്ല അമൽ പഴയകാലം ഓർമ്മിച്ചു കൊണ്ട് പറഞ്ഞു."എല്ലാവരുടെയും മനസ്സിൽ ആകുട്ടികാലം ആയിരുന്നു. കുടയുണ്ടായിട്ടും മഴ നനഞ്ഞു നടന്നതും, മറ്റും, പെട്ടെന്ന് റോസിന് കുട്ടികളെ ഓർമ വന്നു.

"നമുക്ക് കുട്ടികളെ കൊണ്ട് വന്നാലോ?" റോസ് ചോദിച്ചു.

"വേണ്ട... റോസ്, വെക്കേഷൻ തുടങ്ങിയില്ലേ, അവര് തനിയെ വരുമെന്ന് വെറുതെ മോഹിച്ചു. അല്ലെങ്കിലും ഇവിടെ വന്നാൽ അവർക്ക് ബോറടിയല്ലേ... ഞാൻ വെറുതെ മോഹിച്ചിരുന്നു. ഞാൻ ഒരേ കിടപ്പ് കിടക്കുമ്പോൾ അവർ വന്ന് എന്നെ ശുശ്രൂഷിക്കും എന്നൊക്കെ. ഒന്ന് വരുന്നില്ലല്ലോ അവര്, എന്നോട് വഴക്കുണ്ടോ അവർക്ക്. ഒന്ന് ഫോണിലൂടെ സംസാരിക്കാൻ പോലും നേരമില്ല. സാറ വ്യസനത്തോടെ പറഞ്ഞു."

ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഇങ്ങിനെതന്നെയാണ്. പിന്നെ ഇതിൽ നൂറു ശതമാനം തെറ്റ് കാരി നീ തന്നെയാണ്. നിന്റെ അസുഖ വിവരം അവരോട്ന്തിന് മറച്ചു വെച്ചു. അവര് ഇപ്പോഴും വിചാരിക്കുന്നത് നിനക്ക് ഡിപ്രെഷൻ കൂടി തളർന്ന് പോയതാ എന്നാണ്.നിന്റെ ഓരോ വാശി. അമ്മയെ അറിഞ്ഞു വളരണം അവര്. എന്നാലേ നിന്നെ അവര് അറിയുകയുള്ളൂ. "റോസ് പറഞ്ഞു.

"അവരുടെ പഠനത്തെ ബാധിക്കും എന്നോർത്തല്ലേ....അതൊക്കെ പോട്ടെ,തനുവിന് വിവാഹപ്രായമൊക്കെ ആയി തുടങ്ങി."സാറ ആഹ്ലാദത്തോടെ പറഞ്ഞു.

"ഇപ്പോ ജോലി അന്വേഷിക്കുകയല്ലേ. ജോലി ഒക്കെ കിട്ടി ഒന്ന് സെറ്റിലാവട്ടെ."

അല്ലെങ്കിലും അവനെന്തിനാ ജോലി അവന്റെ പപ്പ അവന് വേണ്ടതെല്ലാം സമ്പാദിച്ചിട്ടുണ്ട്.എന്റെ കാര്യങ്ങളൊക്കെ ഏകദേശം തീരുമാനമായി തുടങ്ങിയെന്ന് തോന്നുന്നു. നീയും അമലും കുട്ടികളെ പ്രത്യേകം കെയർ ചെയ്യണം. ഞാൻ പോയി കഴിഞ്ഞാൽ എന്റെ അസുഖത്തെ കുറിച്ചും, ഞാൻ അനുഭവിച്ച വേദനയെ കുറിച്ചുമൊക്കെ അവരോട് പറയണം."

"നീ വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ കൂട്ടണ്ട...നടക്കേണ്ടതൊക്കെ അതിന്റെ വഴിക്ക്‌ നടക്കും. എന്റെ കാര്യം തന്നെ ആലോചിച്ച് നോക്ക്. എനിക്ക് ഈ ഭൂമിയിൽ ദൈവം തന്നത് ഒന്ന്. ഞാൻ കണക്ക് കൂട്ടിയത് മറ്റൊന്ന്." റോസ് തൊണ്ട ഇടറി കൊണ്ട് പറഞ്ഞു.

"എനിക്കൊരു കാര്യം അറിയണമെന്ന് ആഗ്രഹം ബാക്കിയുണ്ട്. നിന്നെ സങ്കടപെടുത്തേണ്ട എന്ന് വിചാരിച്ചാ, ഇത് വരെ അതേ കുറിച്ച് ചോദിക്കാതിരുന്നത്. നിന്റെ പ്രണയം, പ്രണയനഷ്‌ടം, അത് എങ്ങിനെയായിരുന്നു."സാറ ചോദിച്ചു.

"പ്രണയം തന്നെ, പ്രണയനഷ്‌ടം ഉണ്ടായിട്ടില്ല. അത് ഇപ്പോഴും തുടരുന്നു".

"നീയെന്താ പറയുന്നത് റോസ്, എന്നിട്ട് അവൻ എവിടെ നിന്റെ 'ഹാരിസ്',"

"അവൻ എല്ലായിടത്തും ഉണ്ട്."

"അവനെന്താ ഈശ്വരൻ ആണോ?" സാറ ചോദിച്ചു.

"എനിക്ക് ഈശ്വരൻ തന്നെയാണ്." റോസ് വിഷമത്തോടെ പറഞ്ഞു.

"നിനക്കൊരു കുടുംബം ഇല്ലാതെ പോയല്ലോ, അതാണ് എനിക്ക് സങ്കടം. നമുക്കൊരു വിവാഹം നോക്കിയാലോ, അത്ര പ്രായം ഒന്നും ആയിട്ടില്ലല്ലോ... നിനക്ക്.അമൽ എന്താ ഒന്നും മിണ്ടാത്തത്?"

"ഞാനെന്ത് പറയാൻ, അവൾ പറയട്ടെ!"

"നോക്കൂ... റോസ് പറഞ്ഞു. മനസ്സ് കൊണ്ട് ഞങ്ങൾ വിവാഹം കഴിച്ചതാണ്. അതൊരു കഥയാണ്. ആരും വിശ്വസിക്കില്ല."

"നീ പറയൂ... ഞങ്ങൾക്ക്‌ നല്ല ആകാംക്ഷയുണ്ട്..

"ടി ടി സി ക്ക്‌ പഠിക്കുമ്പോൾ ബസിലുള്ള ദൂര യാത്രയുടെ മടുപ്പ് ഒഴിവാക്കാൻ എനിക്കൊരു കൂട്ടുകാരനെ കിട്ടി. 'ഹാരിസ്'

വാതോരാതെ സംസാരിക്കുകയും, പൊട്ടി ചിരിക്കുകയും, തമാശകൾ പറയുകയും ചെയ്യുന്ന ഹാരിസു മായുള്ള കൂട്ട് വെറുമൊരു സൗഹൃദമായിരുന്നില്ല.അതിനേക്കാൾ എന്തോ ഒരു അടുപ്പം. അതിന് ഒരു കാരണവും ഉണ്ടായി.

ഞങ്ങൾ ഗേൾസ് എല്ലാവരും കൂടെ ചെമ്പ്രപീക്ക് കയറാൻ പ്ലാൻ ചെയ്തു. അവിടെ വെച്ച് എന്റെ കല്ല് പതിപ്പിച്ച കമ്മൽ നഷ്‌ടപ്പെട്ടു.

ഏത് കമ്മൽ... നമ്മുടെ ബർത്ത്ഡേയ്ക്ക് അമൽ സ്പെഷ്യൽ ആയി വാങ്ങി തന്ന കമ്മലോ?

അതേ... അമൽ അത് പറയുമ്പോൾ വികാരധീനമായി പറഞ്ഞത് നിനക്കോർമ്മയില്ലേ? "നമ്മൾ പിരിഞ്ഞാലും ഈ കമ്മൽ രണ്ട് പേരും നഷ്‌ടപെടുത്തരുത്. ഈ കല്ലിൽ തിളങ്ങുന്നത് എന്റെ സ്നേഹവും, സൗഹൃദവുമാണ്."

കമ്മൽ പോയ സങ്കടത്തിൽ ഞാനും എന്റെ കൂട്ടുകാരികളും, കുറെ നേരം തെരഞ്ഞു നടന്നു.അത് നഷ്‌ടപെട്ടപ്പോൾ കുറെ സങ്കടം തോന്നി. അന്ന് ബസ് കയറി വീട്ടിലേക്ക് വരുമ്പോൾ ഒറ്റകാതിൽ കമ്മലിട്ടത് കണ്ട് കുറെയാളുകൾ കളിയാക്കി. ഞാൻ അത് ഊരി ദേഷ്യത്തോടെ ബസിലേക്ക് ഇട്ടു.ദേഷ്യം ശമിച്ചപ്പോൾ ഞാൻ ആ കമ്മൽ കുറെ തെരെഞ്ഞെങ്കിലും കണ്ട് കിട്ടിയില്ല. ദിവസങ്ങൾ പോയികൊണ്ടിരിക്കെ, ഒരു ദിവസം ഞങ്ങൾ കൂട്ടുകാരികൾ എല്ലാവരും കൂടെ കാന്റീനിൽ ഇരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഹാരിസ് അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.

"റോസ്.. നിന്നോടൊരു കാര്യം പറയാനുണ്ട് നമുക്ക് മാറി നിന്ന് സംസാരിക്കാം."അവനെ അനുഗമിക്കുമ്പോൾ എന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു, എന്താണ് കാര്യമെന്ന് ഓർത്ത്.

ഞാനും, അവനും, ഒരു മരച്ചുവട്ടിൽ എത്തി. അവൻ അവന്റെ കയ്യിലുള്ള വെളുത്ത കർചീഫ് എടുത്ത്‌ തുറന്നു, എന്നിട്ട് അതിൽനിന്നും എന്റെ കല്ല് കമ്മൽ പുറത്തെടുത്തു. എന്നിട്ട് ചോദിച്ചു. "ഇത് നിന്റേതല്ലേ..."

എനിക്ക് അത്ഭുതവും, അതിശയവും ഒരുമിച്ചു ഉണ്ടായി. കാരണം ഒന്ന് നഷ്‌ടപ്പെട്ടത് മലയുടെ മുകളിൽ, മറ്റൊന്ന് ബസിലും.

ഞാൻ അത് തട്ടി പറിച്ചു കൊണ്ട് ചോദിച്ചു.

"നിനക്കിത് എവിടെനിന്നാണ് കിട്ടിയത്." ഹാരിസ് ഒന്നും പറയാതെ നടന്നു നീങ്ങുകയാണുണ്ടായത്.

കമ്മലിന്റെ കാര്യം ഫ്രണ്ട്സ്നോട് പറഞ്ഞപ്പോ, 'നിന്നോടുള്ള സ്നേഹം മൂത്ത്, അവൻ പുതിയത് വാങ്ങിയതായിരിക്കും എന്നാണ് എല്ലാവരും പറഞ്ഞത്, ഞാനും അങ്ങിനെ കരുതി.

ഒരു ദിവസം ഞാൻ ഹാരിസ്നോട് നേരിട്ട് ചോദിച്ചു. ലൗ തന്നെയാണ്, എന്നാൽ ഞാൻ ആ കമ്മൽ വാങ്ങിയതല്ല!അതൊരു അത്ഭുതകഥയാണ്. ഹാരിസ് പറഞ്ഞു.

ഞങ്ങൾ മല കയറി ഇറങ്ങിയശേഷം ഹാരിസും, ഫ്രെണ്ട്സും മല കയറാൻ വന്നിരുന്നു. പടർന്നു പിടിച്ച പുല്ലിനെ വളഞ്ഞു മാറ്റി നടക്കുന്നതിനിടയിൽ തിളങ്ങുന്ന കമ്മൽ കണ്ണിൽ പെട്ടു.കയ്യിൽ എടുത്തപോളാണ് ഹാരിസിന് മനസ്സിലായത്. ഞാൻ കാതിലണിഞ്ഞ അതേ കമ്മൽ ആണ്‌ അതെന്ന്. അത് എന്റെ കയ്യിൽ എൽപ്പിക്കാനായി ഞങ്ങൾ കയറിയ അതേ ബസിൽ തന്നെകയറുമ്പോൾ ഹാരിസിന്റെ കാലിൽ എന്തോ തടഞ്ഞു. എടുത്തു നോക്കിയപ്പോൾ കയ്യിലുള്ള കമ്മലിലിന്റെ പെയർ. ശരിക്കും ത്രില്ലടിച്ചു പോയത്രേ!

എല്ലാം പുരാണ കഥകളിലെ അത്ഭുതം പോലെ തോന്നി. ഞങ്ങളുടെ സ്നേഹം റിയൽ ആയിരുന്നു. അത് ദൈവം കൂട്ടി ചേർത്തത് എന്നാണ് ഹാരിസ് പറയാറ്.

"എന്നിട്ടെന്താ നിങ്ങൾ പിരിഞ്ഞത്."സാറ ചോദിച്ചു.

"അമലിന് എല്ലാം അറിയാം. റോസ് പറഞ്ഞു."

"ഹാരിസിന്റെ മാതാപിതാക്കൾ മിശ്രവിവാഹം കഴിച്ചവരാണ്. അവർക്കും എന്നെ ഇഷ്‌ടമായിരുന്നു. രണ്ട് പേരും പുറത്താണ്, അവര് ലീവിന് നാട്ടിൽ വന്നപ്പോഴാണ് രെജിസ്റ്റർ വിവാഹത്തെ കുറിച്ച് തീരുമാനമെടുത്തത്. ചാച്ചനെയും, അ മ്മച്ചിയേയും നാട്നെയും പേടിയായിരുന്നു ഞങ്ങൾക്ക്. അത് കൊണ്ട് വിവാഹം രഹസ്യമാക്കി വെച്ചു ഒന്നും അറിയാത്തത് പോലെ മുന്നോട്ട് പോകാൻ തീരുമാനിച്ചു, ചാച്ചാനെയും, അമ്മച്ചിയേയും, സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെല്ലോ. എന്നാൽ പറഞ്ഞസമയത്ത് ഹാരിസ് വന്നില്ല, ഒരിക്കലും വന്നില്ല. പിന്നീട് അവനെ പറ്റി യാതൊരു വിവരവും ഉണ്ടായിട്ടില്ല, പല വഴിക്ക് അന്വേഷിച്ചു. അന്ന് തന്നെ ഹാരിസിന്റെ സുഹൃത്തുക്കൾ അമലിനെ വിവരം അറിയിച്ചിരുന്നു. അപ്പോഴേക്കും, ചാച്ചനും, അമ്മച്ചിയും," റോസ് പൊട്ടി കരഞ്ഞു.

ഈ പ്രപഞ്ചത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണാമത്തെ കുറിച്ചു ചിന്തിച്ചാൽ, ഒരു കുഞ്ഞ് പിറന്നത് മുതൽ അവസാനവരെയുള്ള ജീവിതം, ചിലപ്പോൾ മഞ്ഞുപോലെ, ചാറ്റൽ മഴ പോലെ, മഴ പോലെ, പേമാരി പോലെ എന്തും സംഭവിക്കാം, എത്ര താണ്ഡവമാടിയാലും, പിന്നെയും സാധാരണ രൂപത്തിൽ ജീവിച്ചു കൊണ്ടേയിരിക്കണം. മനുഷ്യന് എന്നും പ്രതീക്ഷയും, അത് കയ്യിൽ കിട്ടാത്തപ്പോൾ നിരാശയുമാണ്. നമ്മുടെ കണക്ക് കൂട്ടലുകൾ ഓരോന്നു പിഴക്കുമ്പോൾ വളരെയേറെ ദുഷ്കരമായപാതയിലൂടെ നമ്മൾ കടന്ന് പോകുന്നത് എന്ന് തോന്നും. പിന്നീട് അത് ഓർത്തു തളർന്നിരിക്കും. അവിടെ നിന്ന് ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞു കിട്ടിയാൽ ചിലയാൾക്കാർ രക്ഷപെടും, എന്നാൽ ചിലരൊ വിധി എന്ന രണ്ടക്ഷരത്തിന്റെ വികൃതി എന്ന് ആസ്വദിച്ച് എടുത്താൽ പൊന്താത്ത ഭാണ്ഡകെട്ടുകൾ തൂക്കി വലിച്ചു വലിച്ചു റാലിയെ പോലെ നടക്കുന്നു.

തുടരും... 


ഭാഗം 24

അമൽ നല്ലൊരു ശില്പിയാണ്, ഏതൊരു സ്ടറെക്ച്ചറും അമലിന്റെ കര വിരുതിൽ അനായാസം കൂടാതെ രൂപപെടും. ഇവരുടെ വീട് ഇരിക്കുന്ന സ്ഥലം തന്നെ മനോഹാരിത ചാലിചെടുത്ത് പ്രകൃതിയിൽ ലയിപ്പിച്ച് പണിതതാണ്.


വരുമാനത്തിനായി നിർമിച്ച ഹോംസ്റ്റെയും, റിസോർട്ടും അതും ഉണ്ട്. ഹോളിഡേ സമയത്ത് ബുക്ക്‌ ചെയ്തു കിട്ടാൻ തന്നെ ബുദ്ധിമുട്ട് ആണ്

പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ എന്തിനോ വേണ്ടിയുള്ള അലച്ചിൽ, ആശ്വാസം തേടിയുള്ള യാത്രയാണോ അതും അറിയില്ല. സാറക്ക് പുതിയതെന്തോ കാണാൻ വേണ്ടി കണ്ണ് പിടക്കും പോലെ, ഒരു വെമ്പൽ, എന്നാൽ എവിടെയെത്തി കഴിഞ്ഞാ ലും മടുക്കും. പിന്നെ അവിടെ നിന്ന് വേഗം സ്ഥലം വിടണം.

 പലപ്പോഴും അമൽ ദേഷ്യത്തോടെ ചോദിക്കും, നിനക്ക് പിന്നെ എവിടെയാണ് പോവേ ണ്ടത്.സാറയുടെ മനസ്സപ്പോൾ ചിറകുകൾ വിടർത്തി പറക്കാൻ തുടങ്ങും അവൾ പറയും. "എനിക്കാ മേഘത്തിന്റെ താഴെയായി ഒരു എറുമാടം. മേഘം തൊടുന്നത്ര ഉയരത്തിൽട്ടൊ. അവിടെ കഴിയണം, ഒറ്റക്ക് ഒരു ദിവസം".ഇതു പറയുമ്പോൾ തനു പറയും, എപ്പോഴും അമ്മയുടെ ഇഷ്ടം, ഞങ്ങളുടെ ഇഷ്‌ടത്തിന് ഒരു പരിഗണനയും ഇല്ല. "മോനെ അമ്മയുമായി വഴക്ക് വേണ്ട... അമ്മയുടെ വഴിക്ക് വിട്ട് ,"സുഖമില്ലാതെ ഇരിക്കുകയല്ലേ, അമൽ പറയും. "നിങ്ങളെ എവിടെ വേണമെങ്കിലും പപ്പ കൊണ്ട് പോകാം പോരെ."

അമലും, റോസും, സാറയും വേണ്ടത്ര മഴ നനഞ്ഞിരുന്നു. എന്നാലും നല്ല കാറ്റുള്ളത് കൊണ്ട് ഈർപ്പമൊക്കെ കാറ്റ് വലിച്ചെടുത്തു. എത്രയോ ദിവസങ്ങൾക്ക് ശേഷം സാറ ഒന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. അത് കൊണ്ട് അമൽ വിചാരിച്ചു, സാറക്ക്‌ മടുത്തില്ല എന്ന്.എന്നാൽ ഓരോ ചിന്തകൾനിന്ന് ഉണർന്നത് പോലെ സാറ പെട്ടെന്ന് പറഞ്ഞു.

"നമുക്ക് മുറിയിൽ പോയി ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടു പോവാം. എനിക്കിവിടെ മടുത്തു."

"വന്നിട്ടല്ലേ ഉള്ളൂ സാറാ.... നമുക്കിവിടെ പലതും കാണാനുണ്ട്." അമൽ പറഞ്ഞു.

"വിരോധമില്ലെങ്കിൽ നമുക്ക് പോകാം റോസ്, എനിക്ക് മനസ്സിനൊരു വല്ലായ്മ. തനുവിനെയും, ഡാനിമോളെയും ഓർമ വരുന്നു. അവരുടെ ആഗ്രഹങ്ങൾ ഒന്നും എനിക്ക് സാധിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല, പിന്നെ എനിക്കങ്ങിനെ അടങ്ങിയിരുന്നു ഇതൊക്കെ ആസ്വദിക്കാൻ പറ്റും. ഈ അമ്മയോട് അവര് പൊറുക്കുമോ അമൽ?"

"നീ ഓരോന്നു ആലോചിച്ചുകൂട്ടേണ്ട... പ്രാർത്ഥിക്കാം നമുക്ക്."

കുട്ടിക്കാലത്ത് ഡാനിമോൾ പ്രാർത്ഥിക്കാൻ വിളിക്കുമായിരുന്നു.

"എനിക്കിവിടെ ഒത്തിരി ജോലിയുണ്ട്, നീ പപ്പയെയും, മമ്മയെയും വിളിച്ചു പ്രാർത്ഥിക്ക് എന്ന് ശുണ്ഠിയോടെ പറയും."

വേനലും, മഴയും, ശൈത്യവും മാറി മാറി വന്നുകൊണ്ടിരുന്നു. കാലങ്ങളുടെ പിറകെയുള്ള നിർത്താതെയുള്ള ഓട്ടത്തിനിടയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എല്ലാം നഷ്ടമാകുന്നു എന്ന തിരിച്ചറിവ് വന്നപ്പോഴേക്കും ചിറകുകൾ നഷ്‌ടപ്പെട്ടിരുന്നു. പറക്കാൻ കഴിയാതെ കുറെ നാൾ, അവസാനം തളർന്നുപോയി.

റോസ് പറയുന്നത് സാറ ഓർത്തു. "പലപ്പോഴും കീമോ ഒക്കെ കഴിഞ്ഞു തളർന്നുറങ്ങുമ്പോൾ കുട്ടികൾ വന്നിരുന്നു, അമ്മ ഉറങ്ങിക്കോട്ടെ എന്നൊക്കെ പറയുമായിരുന്നു എന്ന്." എല്ലാം സ്വപ്നം പോലെ തോന്നുമായിരുന്നു. എങ്കിലും വന്നിട്ടുണ്ടാകും സാറ ചിന്തിച്ചു. പലപ്പോഴും ചികിത്സക്ക് പോകുക തിരുവനന്തപുരത്ത് തന്നെയാണല്ലോ, അപ്പോൾ കാണാലോ എന്ന് വിചാരിച്ചു സമാധാനിക്കും.

ശരിക്കും കുട്ടികൾക്ക് വിദ്യ ലഭിക്കേണ്ടത് ആദ്യം അമ്മയിൽ നിന്ന് തന്നെയാണ് വീട്ടിനകത്ത് കിട്ടുന്ന ബുദ്ധിപരമായ ശിക്ഷണം മസ്തിഷ്കത്തെ വികസിപ്പിക്കുന്നു. അത് തന്നെയായിരിക്കണം കുട്ടിയുടെ വിദ്യാലയം. അത് ഒരു കുട്ടി ഭൂമിയിലേക്ക് പിറന്നത് മുതൽ അച്ഛനമ്മമാർ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം. ന്യൂ ജനറേഷൻ സംസ്കാരത്തിൽ സ്നേഹബന്ധങ്ങളുടെ വില കുറവാണ് പലതിലേക്കും വേഗം അടിറ്റ് ആകുന്ന പ്രകൃതം. സിനിമാ ലോകവും, ജീവിതവും കൂട്ടിയിണക്കാൻ നോക്കുന്നു.

വളർന്നു വരുന്ന കുട്ടികൾ വീട്ടിനും, നാടിനും, ഒരു മുതൽകൂട്ട് ആയിരിക്കണം. അത് അവർക്കുള്ള സാഹചര്യം നമ്മൾ ഒരുക്കുകയാണ് ചെയ്യേണ്ടത്, വീട്ടുകാർ ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിട്ന്ന വ്യക്തിയാണെങ്കിൽ ആദ്യം മാറ്റിയെടുക്കേണ്ടത്, വീട്ടുകാരെ സ്വഭാവരീതി വിവേകപൂർവ്വം ആക്കി തീർക്കുകഎന്നതാണ് .ഏത് സാഹചര്യങ്ങളെയും, പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ സഞ്ജമാക്കുന്നതിനുള്ള ശിക്ഷണം നമുക്ക് വേണം.

നാലു ചുവരുകൾക്ക് നടുവിലുള്ള സാറയുടെ ശരീരഭാഗം താങ്ങിക്കൊണ്ട് അവളെ സമാശ്വസിക്കുന്ന കട്ടിലിനോടും, കിടക്കയോടും അവൾ തന്റെ ചിന്താമണ്ഡലത്തിൽ കോരിയിടുന്ന വ്യഥകൾ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കും.

അപ്പോഴും അമൽ തന്റെ സുഹൃത്തുക്കളുമായി, ഫോൺ സല്ലാപത്തിലോ, വാട്സ് അപ്പിലോ, ഫേസ്ബുക്കിലോ ആയിരിക്കും. രാവിലെ എണീക്കണമല്ലോ, പ്രാതൽ തയ്യാറാക്കണമല്ലോ, എന്തായിരിക്കും സാറായുടെ ചിന്ത. തനുവിന് ഇഷ്‌ടപെട്ട പുട്ട്, ഡാനിമോൾക്ക് വെള്ളപ്പം, അമലിന് അങ്ങനെ പ്രത്യേകിച്ച് ഇഷ്‌ടം ഒന്നും ഇല്ല. നിനക്ക് ഇഷ്‌ടമുള്ളത് ഉണ്ടാക്കികൊള്ളൂ സാറാ...

അതാണ് എനിക്കിഷ്‌ടം എന്ന് പറയും.

പിന്നീട് റോസ് വന്നതിൽ പിന്നെ അമലിന്റെ ഇഷ്‌ടങ്ങൾ ചോദിച്ചറിഞ്ഞു അവളും കൂടും. അടുക്കളയിൽ കലപില കൂട്ടാൻ. പലപ്പോഴും എല്ലാവർക്കും തിരക്കായിരുന്നു. ജീവിതത്തിന് കാരണമില്ലാത്ത ഓട്ടം.

റോസ് പറഞ്ഞത് പോലെ കുട്ടികൾക്ക് മാതൃകയാവാൻ കഴിഞ്ഞില്ല.ശുഭകരമായ ചിന്തകൾ അവരിൽ നിറക്കണം.ദൈവാദീനമായ കുട്ടികൾ ആയിരിക്കണം.മുലയൂട്ടുന്നത് മുതൽ അവരുടെ കുഞ്ഞു കണ്ണുകളും,ചെവിയും എപ്പോഴും നിരീക്ഷണതിലായിരിക്കും. ആദ്യമൊക്കെ അവർക്ക് തോന്നുക അച്ഛനമ്മമാരെ പോലെയാവണം എന്നാണ്, അപ്പോൾ നമ്മൾ അവരെ ചേർത്ത് പിടിക്കണം.

നീ സ്നേഹം ഉള്ളിലൊതുക്കി വഴക്കാളിയായിമാറി. അപ്പോൾ അവരും വഴക്കാളിയായി മാറി. സ്നേഹിക്കാൻ മറന്നു.കുട്ടികളെ മാനസികവും, ശാരീരികമായ ആരോഗ്യത്തോടെ വളർത്തണമെങ്കിൽ കഠിനമായ ശിക്ഷണവും, ത്യാഗവും അത്യന്താപേക്ഷിതമാണ്. ഡെയിനിങ് ടേബിൾന് മുന്നിലായിരിക്കട്ടെ ആദ്യത്തെ ശിക്ഷണം.

നൊ, എന്ന് പറയുന്നയിടത്ത് നൊ, എന്ന് തന്നെ പറയാൻ പഠിപ്പിക്കുക. പണം എവിടുന്ന് കിട്ടുന്നു, എങ്ങിനെയെന്ന് കുട്ടിക്ക് ബോധ്യപെടുത്തണം. അമ്മയുമച്ചനും കുട്ടികളോടുത്ത് സംഭാഷണത്തിൽ ഏർപ്പെടുന്നത്, കളിയിൽ ഏർപ്പെടുന്നത് എന്നിവകൊണ്ടെല്ലാം കുട്ടികളിൽ സ്നേഹം, ശുഭാപ്തി വിശ്വാസം എന്നിവ ഉടലെടുക്കുന്നു. കുട്ടികളെ മുന്നിൽ വെച്ച് ഒരിക്കലും കള്ളം പറയരുത്.ഈ ലോകത്തിൽ ജീവിക്കാൻ അവർക്ക് സ്നേഹം വേണം. ധൈര്യം കൊടുത്ത്‌ ഈ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുക.

'കുട്ടികളെ... എനിക്കറിയില്ല... നിങ്ങളെ വളർത്തുന്നതിൽ എന്തെങ്കിലും പരിമിതികൾ ഉണ്ടായിരുന്നോ എന്ന്. സാറ ചിന്തിച്ചു. സ്നേഹം അതൊരിക്കലും വിട്ട് കളയാൻ പറ്റുമോ? നമ്മുടെയെല്ലാം നിലനിൽപ്പ് തന്നെ സ്നേഹമല്ലേ,' ഉത്തരവാദിത്വവും, കർത്തവ്യബോധവും ഒരു ചെറിയ അളവിൽ എന്നിൽ നിന്നും വ്യതിചലിച്ചിട്ടുണ്ട് അതിന് നിങ്ങൾ അറിയാത്ത കാരണവും ഉണ്ട് നിങ്ങൾ വിചാരിക്കുമ്പോലെ എന്റെ ഡിപ്പ്രെസ്സൻ അല്ലായിരുന്നു എന്നെ തളർത്തിയത്. നിങ്ങളോട് രണ്ട് പേരോടും പറയരുതേ എന്ന് ഞാൻ പറഞ്ഞു കരഞ്ഞ തീകനൽ ആയിരുന്നു അത്.

തുടരും... 


ഭാഗം 25

സാറക്ക് പൊട്ടെന്നൊരു അബോധവസ്ഥ. അമലും, റോസും സാറയെ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. തനുവും, ഡാനി മോളും ക്രിസ്റ്റിയുടെയും, ചാച്ചന്റെയും, അമ്മച്ചിയുടെയും കൂടെ പോയതിൽ പിന്നെ അമ്മ -മക്കൾ ബന്ധത്തിന് നല്ല വിടവ് വന്നിരുന്നു.


തളർച്ച ബാധിച്ച ശരീരത്തോടൊപ്പം, നാവുകൾ ഉപയോഗിക്കാതെ സാറ ഏറെ നാൾ മൗനിയായിരുന്നു.

അമ്മയുമായി വഴക്ക് കൂടി പോയതാണെങ്കിലും കുട്ടികൾ സ്ഥിരമായി തിരുവനന്തപുരത്ത് നിൽക്കാൻ പോയതല്ല. തനുവും, ഡാനി മോളും അത് ആഗ്രഹിച്ചിട്ടും ഇല്ലായിരുന്നു. പെട്ടെന്നുണ്ടായ തിരുവനന്തപുരത്തേക്കുള്ള പറിച്ചു നടലും, ക്രിസ്റ്റിയുടെയും, ചാച്ചന്റെയും, വല്ല്യമച്ചിയുടെയും സ്നേഹലാളനകൾ കൂടിയായപ്പോ അവരുടെ മനസ്സ് പറക്കാൻ തുടങ്ങി.

ആദ്യമൊക്കെ രണ്ട്, മൂന്ന് ദിവസമൊക്കെ കുട്ടികളോടൊപ്പം അമൽ പോയി നിൽക്കാറുണ്ട്. സാറയുടെ ചികിത്സയുടെ നാളുകൾ അവിടെയാണ് തങ്ങാറുള്ളത്. കുട്ടികൾ അറിഞ്ഞു മനസ്സ് വിഷമിക്കും എന്ന് വിചാരിച്ച് സാറ അവരുമായി അധികം ഇടപെടാറില്ല.

ക്രിസ്റ്റിയാണ് അമലിനോട് ഫോൺ വിളിച്ചു പറഞ്ഞത്, "കുട്ടികൾ ഇനി ഇവിടെ പഠിക്കട്ടെ. അവിടുത്തെ അന്തരീക്ഷത്തിൽ നിന്ന് ഒന്ന് മാറി നിൽക്കുന്നത് തന്നെയാണ് നല്ലത്.."

"കുട്ടികൾ എന്തു പറഞ്ഞു, അമൽ ചോദിച്ചു."

"അമ്മക്ക് വിഷമമാകും എന്നാണ് പറഞ്ഞത്.അപ്പോൾ തനുവിന്റെ ഐഡിയ കേൾക്കണോ നിനക്ക്?"

എന്താടാ... അമൽ ചോദിച്ചു

"അമ്മയോട് വഴക്കിൽ തന്നെ നിൽക്കുക. എന്നിട്ട് പഠിത്തമൊക്കെ കഴിഞ്ഞു, അമ്മയെ ഞെട്ടിച്ചു കൊണ്ട് കെട്ടിപിടിച്ചു ഉമ്മ കൊടുക്കുക. ഞങ്ങൾക്ക് വഴക്കൊന്നും ഇല്ല നിറയെ നിറയെ സ്നേഹമാണെന്നും, തിരുവനന്തപുരത്ത് നിൽക്കാൻ ഞങ്ങൾ ഐഡിയ ഇറക്കിയതാണെ ന്നും പറയുക എന്ന്."

"അവർക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കിൽ ഞാൻ സാറായോടൊന്ന് ചോദിക്കട്ടെ." അമൽ അതും പറഞ്ഞു ഫോൺ വെച്ചു.

സാറയോട് പറഞ്ഞപ്പോൾ അവൾക്കും സമ്മതം. "നല്ല എഡ്യൂക്കേഷൻ കിട്ടുമല്ലോ. നന്നായി വളരട്ടെ. ഇവിടുത്തെ അന്തരീക്ഷത്തിൽ നിന്നാൽ ഏതായാലും അവർക്ക് പഠിക്കാൻ കഴിയൂല."

അധിക ദിവസവും, തനുവും, ഡാനിയും അമലിനെയും റോസിനെയും വിളിച്ചു സംസാരിച്ച് ശേഷം, റോസ് കൊണ്ട് പോയി സാറയുടെ ചെവിയിൽ ഫോൺ വെച്ചു കൊടുക്കുകയാണ് പതിവ്. ഒന്നോ, രണ്ടോ, വിശേഷം അങ്ങോട്ടും, ഇങ്ങോട്ടും ചോദിച്ചു ഫോൺ വെക്കും. കൂടുതൽ സംസാരിക്കാൻ മുതിരാറില്ല. അത് സ്നേഹംകൊണ്ടാണ്. എന്നാൽ ഇരു കൂട്ടരും അത് മനസ്സിൽ ഒതുക്കി. അമ്മയോടുത്ത് കൂടുതൽ സംസാരിച്ചാൽ അമ്മയുടെ അടുത്തേക്ക് പോവണം എന്ന് തോന്നും. ആ സ്നേഹത്തിന്റെ ചിറകിനുള്ളിൽ ഒതുങ്ങി കൂടാൻ അവർക്ക് ഏറെയിഷ്‌ടമായിരുന്നു. ഈ ഭൂമിയിൽ അവര്, ഏറെ സ്നേഹിച്ചത് അവരെ അമ്മയെയായിരുന്നു. ഇടക്ക് അമ്മ സ്നേഹത്തിന്റെ നിറകടൽ ആവുമായിരുന്നു. അത് മാത്രം മതി ഇവർക്ക് നിർവൃതിയടയാൻ. എന്നാൽ ചിലപ്പോഴൊക്കെ സാറ അസുഖത്തിന്റെയും, നോവിന്റെയും, ഭാരം പേറി നടക്കുമ്പോൾ കുട്ടികളെ ശ്രദ്ധിക്കാറില്ല. ഇത് കുട്ടികൾക്ക് താങ്ങാനും കഴിയുമായിരുന്നില്ല. സ്നേഹം കിട്ടാതെ വന്നപ്പോലാണ് കുട്ടികളും വഴക്ക് തുടങ്ങിയത്. സാറ ക്കാകട്ടെ, കുട്ടികൾ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും കരച്ചിൽ വരും. പിന്നെ സംസാരം നിർത്തി റോസിന് ഫോൺ കൈമാറും, പിന്നെ വിതുമ്പി കരയും.

എല്ലാവരെയും പോലെ അടുത്തിരുത്തി തലോടാനോ, സ്നേഹിക്കാനോ കഴിയാതെയുള്ള നിസ്സഹായാവസ്‌ഥ നിറഞ്ഞ ഒരമ്മയുടെ കരച്ചിൽ ആയിരുന്നു അത്.

സാറ അബോധാവസ്ഥയിലേക്ക് ആണ്ടിറങ്ങിയപ്പോൾ മാനസികമായി, അത് അമലിനെയും, റോസിനെയും വല്ലാതെ തകർത്തു. സാറക്ക് നല്ല പുരോഗതിയായിരുന്നു, തിരിച്ചു വരും എന്ന് തന്നെയാണ് കരുതിയത്.

കാലം കൂർത്ത നഖങ്ങൾ നീട്ടികൊണ്ട് ആരെക്കൊയോ വല വീശി പിടിച്ചു. അമലും, കുടുംബവും, കൂടെ റോസും, ആ വലയിൽ പെട്ടുപോയി. കുട്ടികൾ ഒരു കണക്കിന് ക്രിസ്റ്റീയുടെ അടുത്തായത് നന്നായിയെന്ന് റോസ് ചിന്തിച്ചു. എന്നാലും സാറക്ക് അവരെ ഇനി കൺകുളിർക്കെ കാണാൻ കഴിയൂലെ എന്ന് റോസ് വിഷമത്തോടെ ഓർത്തു.

വീട്ടിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്. സാറയെ ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞു.

റോസ് ഹോസ്പിറ്റലിൽ മുറിയുടെ പുറത്തിറങ്ങിക്കൊണ്ട് ക്രിസ്റ്റിയെ വിളിച്ചു.

"ക്രിസ്റ്റീ.. നീ ചാച്ചനെയും, അമ്മച്ചിയേയും, കുട്ടികളെയും കൂട്ടി എത്രയും പെട്ടെന്ന് വരുമോ?"

ഞാൻ വരാനിരുന്നതാണ്. ചേട്ടൻ പറഞ്ഞു വേണ്ടാന്ന്.

കുട്ടികാലത്തെ വിളിച്ച ശീലത്തിൽ ഇപ്പോഴും ഏട്ത്തിയെന്ന് ക്രിസ്റ്റീക്ക്‌ വഴങ്ങൂല. അതിന് ചാച്ചൻന്റെയും, അമ്മച്ചിയുടെയും വക വഴക്കും കേട്ടിട്ടുണ്ട്. എന്നാലും സാറ എന്നാണ് വിളിക്കാറ്.

"സാറക്ക് കൂടുതലായി എന്തെങ്കിലും,?"ക്രിസ്റ്റി ചോദിച്ചു.

"അമൽ പറഞ്ഞില്ലേ, എനിക്ക് വല്ലാതെ പേടി തോന്നുന്നു. കുട്ടികൾ അമ്മയുടെ അടുത്ത് കുറച്ചു ദിവസം ഇരിക്കട്ടെ."

"കുറച്ചു ദിവസം ലീവെടുത്ത് ഞങ്ങൾ വരാം നോക്കാം, നീ സമാധാനിക്കൂ..."

ഹോം നഴ്സിന്റെയും,ഫിസിയോ തെറാപ്പിസ്റ്റിന്റെയും, പരിചരണമോ, എന്തോ അറിയില്ല, വീട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഓർമ തിരിച്ചുകിട്ടിയത് പോലെ തോന്നി.

ഡോക്ടറുടെ നിരീക്ഷണത്തിൽ സാറ എല്ലാം അറിയുന്നുണ്ട്.പക്ഷെ പ്രതികരിക്കാൻ കഴിയുന്നില്ല, റോസിനോടായി ഡോക്ടർ പറഞ്ഞു. ഓർമ തിരിച്ചു പിടിക്കാൻ സാറയോട് നിരന്തരം സംസാരിക്കുക.

റോസ് പല കാര്യങ്ങളും റോസിനോട് പറയും, ന്യൂസ്‌ പേപ്പർ വായിച്ചു കൊടുക്കും.കുട്ടികൾ വന്നു സാറയെ കണ്ട് സങ്കടപെട്ടത് പറയും. അപ്പോൾ ആ കണ്ണിന് വല്ലാത്ത തിളക്കം ആണ്‌.

ഒരിക്കൽ റോസ് പറഞ്ഞു. "നീ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് നജീമത്ത വന്നിരുന്നു. ഒരു ദിവസം നമ്മുടെയടുത്ത് ഉണ്ടായിരുന്നു. ഇപ്പോ നജീമ ത്തയുടെ മുഖത്തിനും, ശരീരത്തിനുമൊക്കെ കുറച്ച് പ്രസരിപ്പ് ഒക്കെയുണ്ട് ട്ടൊ, അതിന് കാരണവും ഉണ്ട്, എല്ലാ ചോദ്യങ്ങൾക്കും, ഈ ഭൂമിയിൽ തന്നെ ഉത്തരമുണ്ട് സാറാ... ഇത്തയുടെ ഗന്ധർവഗർഭമില്ലേ അത് കണ്ട് പിടിച്ചു, ഡോക്ടർ ഷാജഹാൻ തന്നെയാണ്. ഓരോ ദിവസം കഴിയുംതോറും നജീമത്ത മനസ്സ് വിങ്ങി വിങ്ങി ഇല്ലാണ്ടാവുകയായിരുന്നു. ഒരു ദിവസം ഇത്ത ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇക്കയുടെ രണ്ടാം ഭാര്യയും കുട്ടികളും വീട്ടിൽ ഇല്ലാത്ത സമയമായിരുന്നു അത്. ഫാനിൽ തൂങ്ങുകയായിരുന്നു, എന്നാൽ ഫാൻ ഇത്തയെ ചതിച്ചു. ഫാൻ പൊട്ടി ഇത്തയും ഫാനും നിലത്ത്.

ഇക്കക്ക്‌ ആകെ വിഷമമായി, മരിക്കാൻ മാത്രം എന്ത് കഷ്ടപ്പാടാണ് നിനക്കുള്ളത്, ഇക്ക മനസ്സിൽ തട്ടി ചോദിച്ചു. നിനക്ക് സുഖമില്ലേ... എന്താ നിന്റെ വിഷമം.

നാജീമ ത്തയുടെ മനസ്സ് മുഴുവൻ ഇക്കയുടെ മുന്നിൽ തുറന്നിട്ടു. ഇക്കക്ക്‌ അത്ഭുതമായിരുന്നു. ആ കുട്ടി മരിച്ചില്ലേ?

ഇല്ല, എല്ലാവരും അങ്ങിനെ വിശ്വസിപ്പി ച്ചതാണ്. അവൻ എന്റെ മുന്നിൽ വന്ന് നിന്ന് വെറുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും സ്നേഹം കൊണ്ടാണ് വരുന്നത് എന്ന് എനിക്കറിയാം.ഇപ്പോൾ വർഷങ്ങൾ കുറെയായി അവനെ കണ്ടിട്ട്. പെണ്ണൊക്കെ കെട്ടി കുട്ടികൾ ഒക്കെ ആയിട്ടുണ്ടാകും.

വയറ്റിൽ കിടക്കുന്ന സമയത്ത് ആറ് മാസം വരെ എനിക്ക് അവനോട് വെറുപ്പ് തന്നെയായിരുന്നു. പിന്നെ വയറ്റിൽ കിടന്ന് കുസൃതികാണിക്കാനും, തൊഴിക്കാനുമൊക്കെ തുടങ്ങിയപ്പോൾ ഞാനും അവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. കുട്ടി പോയി എന്നറിഞ്ഞപ്പോൾ എന്നിലെ മാതൃത്വം വല്ലാതെ മുറവിളി കൂട്ടിയിരുന്നു.

ഇക്ക നജീമത്തയോട് ഒരു നിബന്ധനയേ വെച്ചിള്ളൂ... ഡോക്ടർ എല്ലാവരുടെയും സുപരിചിതൻ, അതനുസരിച്ചു ഡോക്ടരെ കൈകാര്യം ചെയ്യണം. നീ തന്നെ പോയി ഡോക്ടരെ കാണുന്നതായിരിക്കും നല്ലത്.

ഇത്ത ഡോക്ടരുടെ വീട്ടിൽ എത്തിയപ്പോ വാതിൽ തുറന്ന രൂപം കണ്ട് ഇത്ത ഞെട്ടി പോയി. വല്ലാത്തൊരു രൂപമായിരുന്നു അത്, പ്രായവും ഒരു പാട് ഉണ്ടല്ലോ, എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല. ഇത്തയെ കണ്ടപ്പോ മനസ്സിലായതെ ഇല്ല. പറഞ്ഞു മനസ്സിലാക്കിയപ്പോ ഡോക്ടർ വല്ലാതാവുകയും, ഒന്ന് നടുങ്ങുകയും ചെയ്തു.

ഇത്ത പരുങ്ങുന്നത് കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു.

നജീ.. നീയെന്തിനാ വന്നതെന്ന് എനിക്കറിയാം. തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞു ഞാനതിനെ ചെറുതാ ക്കുകയോ, വലുതാക്കുകയോ അല്ല. എന്നാലും സംഭവിച്ചു പോയി, എങ്ങിനെ? ഇപ്പോഴും ഞാനതിനെ കുറിച്ചു ഓർത്ത് നടുങ്ങാറുണ്ട്.. എന്റെ അഭിമാനത്തിന് ഏറ്റ ആദ്യത്തെ ചവിട്ടായിരുന്നു അത്. വിറച്ച് വിറച്ച് കൊണ്ട് ഡോക്ടരിൽ നിന്ന് വാക്കുകൾ പുറത്തു വന്നു. മനസാക്ഷി ചിതറി പോയി. ഞാൻ എന്റെ തന്നെ കരണത്തടിയാൽ തല പിളർന്നപ്പോൾ തെറിച്ച ബ്ലഡ് ഞാൻ തന്നെ നക്കി തുടക്കേണ്ടി വന്നു. കാരണം എന്റെ അഭിമാനം, ഭാവി, ഇതൊന്നും എനിക്ക് പ്രശ്നമായി തോന്നിയില്ല, നജീ...നിന്റെ അഭിമാനത്തെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. പറ്റിപ്പോയത് ആരോടും പറഞ്ഞില്ലെങ്കിലും ഞാനാ കുഞ്ഞിനെ തിരിച്ചു പിടിച്ചു, നീ ഡെലിവറിക്ക്‌ പോയ ഹോസ്പിറ്റലിലുള്ള സിസ്റ്ററെ ഞാൻ ചട്ടംകെട്ടിയിട്ടുണ്ടായിന്നു. കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾ എന്റെ കുഞ്ഞിനെ തന്നെ ദത്തെടുത്തു. ലീവെടുത്ത് ടീച്ചർ ഇവിടെനിന്ന് മാറി നിന്നിരുന്നു. എല്ലാവരോടും ടീച്ചർ പ്രസവിച്ച കുഞ്ഞാണെന്ന് പറഞ്ഞു.

"അത് ഒരാളുടെ സമ്മതമില്ലാതെ എങ്ങിനെ?" ഇത്തക്ക് മുഴുവിക്കാൻ കഴിഞ്ഞില്ല.

"നജീ... നീ കോണിപടിയിൽ നിന്ന് വീണത് ഓർമയില്ലേ, അന്ന് നിനക്ക് ബോധക്ഷയം ഉണ്ടായി. കാലിന് ചെറിയ ഒരു ചതവ് ഉണ്ടായിരുന്നല്ലോ, നീ ഉണരുമ്പോൾ ടീച്ചർ നിന്റെ അടുത്ത് ഉണ്ടായിരുന്നു, അത് കൊണ്ട് നിനക്ക് സംശയമൊന്നും ഉണ്ടായില്ല.ഞാൻ അല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം. നിന്നെ ഓർക്കുമ്പോൾ എന്റെ മനസ്സിൽ എന്നും വാത്സല്യമായിരുന്നു. പ്രായമേറെയായി മോളെ.... ചെയ്ത തെറ്റ് മനസ്സിൽ ഒരു മുറിവായി. പശ്ചാതപിച്ചിട്ട് എന്താ കാര്യം. തെറ്റ് എന്നും തെറ്റ് തന്നെയല്ലേ?

മോനും, വൈഫും കുട്ടികളും വിദേശത്താണ്, അവനോടെല്ലാം ഞാൻ പറഞ്ഞു. അവൻ ലീവിന് വരുമ്പോൾ നിന്നെ കാണാൻ വരാൻ പറയാം."

"വേണ്ട.. അവൻ എന്നെ മനസ്സിലാക്കിയല്ലോ, അത് മതി, എനിക്ക് സമാധാനമായി. നാജിറത്ത കണ്ണീരോടെ തിരിഞ്ഞു നടന്നു.

തുടരും... 


ഭാഗം 26

സാറയുടെ നില കൂടുതൽ വഷളാകുകയായിരുന്നു പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് തന്നെ മാറ്റി. എന്നാൽ ഡോക്ടരുടെ അഭിപ്രായം കേട്ടപ്പോ ഞെട്ടിപോയി.


ഇനി പ്രതീക്ഷക്ക് യാതൊരു ചാൻസും ഇല്ല, കാര്യങ്ങൾ കുറെ ഒക്കെ നിങ്ങൾക്ക്‌ അറിയാമല്ലോ?

റോസിന്റെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു, ക്രിസ്റ്റിയായിരുന്നു ലൈനിൽ.

"ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. ക്രിസ്റ്റി പറഞ്ഞു."

"തനുവിന് കാനഡയിലേക്ക് പോകാനുള്ള പേപ്പർ വർക്ക്‌ പൂർത്തിയായിട്ടുണ്ട്. ഡാനിമോൾക്കൊരു പ്രൊപോസൽ. അവൾക്കിഷ്‌ടപ്പെട്ട പയ്യൻ തന്നെയാണ്. വീട്ടുകാർ ഇങ്ങോട്ട് ആലോചിച്ചു വരുകയും ചെയ്തു, നല്ല ഫാമിലിയാണ്. തനു പോകുന്നതിനു മുമ്പ് മനസ്സ് ചോദ്യം നടക്കണം. കുട്ടികൾക്ക് സാറയുടെ അടുത്ത് കുറച്ചു ദിവസം നിൽക്കണമെന്ന് പറയുന്നുണ്ട്. ഞങ്ങൾ അങ്ങോട്ട് വരുകയാണ്. ജോബ് ശരിയപ്പോ തനു പറയുകയാ... അമ്മയോയോടൊത്ത് കുറച്ചു കാലം നിൽക്കണം, അമ്മയെ പറ്റിച്ചു കുറച്ചു കാലം ഒളിച്ചോടിയതിന് അമ്മയോട് ക്ഷമ ചോദിക്കണം, എന്നിട്ട് അടുത്ത വർഷമേ ജോലിക്ക് പോകുന്നുള്ളൂ എന്ന്. കിട്ടിയ ജോലി നഷ്‌ടപെടുത്തിയാൽ ഇനി കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും, നിങ്ങളെല്ലാവരും വേണം അവനെ പറഞ്ഞു മനസ്സിലാക്കാൻ.

റോസ്.... നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ, എന്താ ഒന്നും മിണ്ടാത്തത്."

"ഒന്നുമില്ല... സന്തോഷം കൊണ്ടാണ്. നിങ്ങൾ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വാ കാണാൻ തിടുക്കമായി."

"നീ കരയുകയാണല്ലോ? ചാച്ചനും, അമ്മച്ചിയും വരുന്നില്ല, യാത്ര ചെയ്യാൻ ബുദ്ധിമുട്ട്. ഫോൺ ഡിസ്കണക്ട് ആയി."

"എന്താ റോസ് ക്രിസ്റ്റി എന്താ പറഞ്ഞത്."

കാര്യങ്ങളൊക്കെ റോസ് അമലിനെ ധരിപ്പിച്ചു. എന്തിന് ചെയ്യണമെന്നറിയാത്ത രണ്ട് പേരും നിശബ്ദതക്ക്‌ വിട്ടു കൊടുത്തു ചലനമറ്റു നിന്നു.

 

അമൽ ഏറെ സന്തോഷത്തിലായിരുന്നു, സാറയെ തന്റെ ജീവിത സഖിയാക്കിയതിന്. രണ്ട് പേരും കുറെ സ്വപ്നങ്ങൾ കണ്ടു, കുറെയേറെ സമ്പാദിച്ചു. യാത്രകൾ എന്നും സാറക്ക് ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ എവിടെ പോയാലും തൃപ്തി വരില്ല, അപ്പോൾ തന്നെ വീട്ടിൽ എത്തണം. അങ്ങിനെയാണ് വീട് സാറക്കിഷ്‌ടമായ രീതിയിൽ പണിതെടുത്തത്.

ജീവിതം എന്ന് പറയുന്നത് ഇങ്ങിനെയൊക്കെ തന്നെയാണ്. കുട്ടികാലം ഏറ്റവും നല്ല കൂട്ടുകാരിയായി കഴിഞ്ഞു. പലപ്പോഴും കുട്ടികാലത്ത് സാറ പറയുമായിരുന്നു, നമ്മൾ ഒരിക്കൽ പിരിയേണ്ടിവരില്ലേ, എവിടെയാണെങ്കിലും നമുക്ക് ഇടക്കിടെ ഒരുമിച്ചു കൂടണം. അല്ലെങ്കിൽ നമുക്കെപ്പോഴും കൂട്ടുകാരായി കഴിഞ്ഞാലോ? വല്ലാത്തൊരു പിടച്ചിൽ ആയിരുന്നു സാറ ഇതൊക്കെ പറയുമ്പോൾ.

സത്യം പറഞ്ഞാൽ. അമലിനും തോന്നും കുട്ടികാലത്തേക്കൊന്ന് പുനർജനിച്ചെങ്കിൽ എന്ന് ഇനിയിപ്പോ എല്ലാം കഴിഞ്ഞു.

ആകാശം മുട്ടെ ചിറകുകലേന്തി ചിന്തിക്കേണ്ട!ജീവിതത്തിന്റെ ഏടുകൾ മറിച്ചു നോക്കേണ്ട... പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷശിഖിരങ്ങൾക്ക്‌ വാട്ടം സംഭവിച്ചിരിക്കുന്നു. ഇനി എത്ര കാലം തനിച്ച്.

ഡാനിമോൾ വല്ലാതെ അലമുറയിട്ടു കരഞ്ഞു. ഒരു പൂവ് പോലെ സാറയുടെ നെഞ്ചിലേക്ക് വീണ് മുഖം പൂഴ്ത്തി. ആ നെഞ്ചിന്റെ തേങ്ങലും, അലിവോടെ കെട്ടിപുണരുന്നതും, ഒപ്പിയെടുത്തു തേങ്ങി.

നിശ്ചലമായി കിടക്കുന്ന കൈകൾ ഒന്ന് ചേർത്ത് പിടിച്ചെങ്കിൽ, അമ്മക്കിളിയുടെ പാട്ടിന്റെ മാധുര്യം അറിയാതെ നടിച്ചപ്പോൾ പെയ്ത മിഴിനീർ സാഗാരമായ് അപ്പോഴും പെ യ്യുന്നുണ്ടായിരുന്നു.

'ഒരു വരി മൊഴിയുമോ? കാത്തിരിക്കാം ഞാൻ..' അമ്മ എന്റെ വാക്ക് കേൾക്കാതെ നടക്കുകയാണോ?

ഡാനിമോളെ പിടിച്ചെഴുന്നേൽക്കാൻ അമൽ പാടുപ്പെട്ടു. "ഡാനി... അമ്മയറിയും, അമ്മയുടെ നെഞ്ച് തേങ്ങും, പ്രതികരിക്കാൻ കഴിയാതെ . നമുക്ക് സന്തോഷമായി അമ്മയുടെ അടുത്ത് കുറച്ചു ദിവസങ്ങൾ കഴിയാം. അമ്മയുടെ ദിനങ്ങൾ നീട്ടികിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം."

"വേണ്ട.. ഡാനി ശുണ്ഠിഎടുത്തു അമ്മക്ക് വയ്യാ എന്ന് ഞങ്ങളോട്ന്തിന് പയാതിരുന്നു. അമ്മയുടെ കൂടെ നമുക്ക് സന്തോഷമായി കഴിയാമായിരുന്നില്ലേ. അമ്മ പോണ വഴിയേ ഞാനും പോവും, ഡാനി ഒച്ചവെച്ചു കരഞ്ഞു."

"അമ്മയുടെ തീരുമാനമായിരുന്നു ഇതൊക്കെ. നിങ്ങളെ പഠനത്തെ ബാധിക്കും, നിങ്ങൾക്ക് താങ്ങാൻ കഴിയൂല, ഇതൊക്കെയായിരുന്നു അമ്മയുടെ പക്ഷം. ഒരിക്കലും എനിക്കോ,മമ്മക്കോ അമ്മയെ തിരുത്താൻ കഴിഞ്ഞില്ല. കാരണം അമ്മക്ക് നമ്മൾ എന്ന് വെച്ചാൽ പ്രാണനായിരുന്നു സ്വയം എറിയാനായിരുന്നു അമ്മക്ക് ഇഷ്‌ടം. തനുവിനെ ചേർത്ത് പിടിച്ചു അമൽ പറഞ്ഞു. "തനുവും നിയന്ത്രിക്കാൻ ആവാതെ വിതുമ്പുകയായിരുന്നു.ക്രിസ്റ്റിയും, വിതുമ്പലടക്കി നിന്നു.

റോസ് ഇവരുടെ കൂടെ താമസമാക്കിയതിനുശേഷമാണ് സാറ അർബുദത്തിന്റെ പിടിയിൽ ആണെന്ന് അറിഞ്ഞത് തന്നെ. അത് വരെ സാറ പ്രപഞ്ചം മൊത്തത്തിൽ കറങ്ങി നടന്നു. വെറുതെ കല പില കൂട്ടും, വഴക്കടിക്കും, പിന്നെ അതോർത്തു സങ്കടത്തിൽ കരയും. കൗമാരത്തിൽ മനസ്സിനേറ്റ മുറിവിന്റെ ബാക്കിപത്രം എന്നാണ് വിചാരിച്ചിരുന്നത്. പിന്നീട് പിരി പിരിപ്പ് കൂട്ടിയപ്പോൾ ആണ് ഡോക്ടറെ കാണിച്ചത്, ഡിപ്രെഷന്റെ ടാബ്ലറ്റ് അങ്ങിനെ സാറയുടെ ഭാ ഗമായി എന്നിരുന്നാലും എല്ലാവരും സന്തോഷത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. കാരണം ചെറിയ കാര്യങ്ങൾ ഒക്കെ ഒച്ചപ്പാടുണ്ടാക്കി വലുതാക്കി, കുറച്ചു കഴിഞ്ഞു അത് പാടെ മറക്കുക എന്നാണ് സാറയുടെ രീതി. ഇത് എല്ലാവർക്കും അറിയുന്നത് കൊണ്ട് എല്ലാവരും സന്തോഷത്തിൽ കഴിഞ്ഞു.

പിന്നീട് ക്യാൻസറിന്റെ പിടിയിൽ അമർന്നപ്പോ, ആ കൊച്ചു വഴക്കാളി വേദന മറക്കാൻ മുഴു വഴക്കാളിയായി തീർന്നു. പിന്നെ പിന്നെ സാറയുടെ വഴക്കാളി സ്വഭാവം പൊത്തിലടച്ചത് സ്വയം തിരിച്ചറിവ് വന്നപ്പോഴും, റോസിന്റെ ഉപദേശം കൊണ്ടായിരുന്നു .ജീവിതത്തിൽ കുറച്ചു അച്ചടക്കവും, ചിട്ടയുമൊക്കെ വേണം എന്നാലേ കുട്ടികളെ ശരിക്കും വളർത്താൻ പറ്റൂ എന്ന ബോധവും സാറയെ അലട്ടാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങൾ ആയിരുന്നു.അമലും കൂടി പറഞ്ഞപ്പോ സാറക്ക് ചിന്തിച്ചപ്പോ വളരെ ശരിയാണെന്നു തോന്നി.അതിനായിരുന്നു പിന്നീട് സാറയുടെ ശ്രമം.പക്ഷെ കുട്ടികൾ അപ്പോഴേക്കും മൊബൈൽ ഫോണിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഒന്നിനും നേരമില്ല. ബാത്ത്റൂമിൽ പോകുമ്പോൾ പോലും മൊബൈൽ കൊണ്ടേ പോകൂ. ഈ പുതിയ ലോകത്തേക്ക് കുട്ടികൾ കൂറുമാറി പോയിരുന്നു.

ഡാനിമോളെ, നീ ഒരു പെൺകുട്ടിയല്ലെ, ഇങ്ങിനെ 24 മണിക്കൂറും ഫോണിൽ കുത്തിയിരുന്നാൽ ശരിയാവുകയില്ല.

പിന്നെ ഞാനെന്ത് ചെയ്യണം, അമ്മ തന്നെ പറയ്.

നിനക്ക് മമ്മയോട് പോയിരുന്നു കുറച്ചു നേരം പഠിച്ചൂടെ.

ഏത് സമയവും, പഠിക്ക്യ, പഠിക്ക്യ അമ്മക്ക് വേറൊന്നും പറയാനില്ലേ. ഡാനി ദേഷ്യത്തിൽ ചോദിക്കും.

"നോക്കൂ സാറാ, എല്ലാം മക്കൾ അറിയണം. നിന്റെ വയ്യായ്ക അവരിൽ നിന്ന് മറച്ചു വെച്ചു. എപ്പോഴായാലും അവര് അറിയാതിരിക്കില്ല. അപ്പോൾ അവര് നമ്മളെ പഴിക്കും. സ്നേഹം, ലാളന,സങ്കടം, വിഷമം എല്ലാം കൂടി കലരുമ്പോൾ ആണ് ഒരു കുടുംബം ഉണ്ടാകുന്നത്."

എല്ലാം ശരിതന്നെയാണ് അമൽ.. സാറ സമ്മതിക്കും, അവരുടെ വിദ്യാഭ്യാസം, വളർച്ച, ചെറിയ മനസ്സല്ലേ... എല്ലാം പറയാൻ കുറച്ചു കൂടി കഴിയട്ടെ."

തനുവിന്റെ ഇടനെഞ്ചിൽ അമ്മയുടെ ഓർമകൾ വല്ലാതെ തേങ്ങി. ആ കൈ വിരൽ തുമ്പ് പിടിച്ചു എത്താത്ത സ്ഥലം ഉണ്ടായിരുന്നില്ല. അമ്മയുടെ ചൂരും, സ്നേഹവും കൊതിച്ചു കൊണ്ട് ഉറങ്ങാതെ അമ്മ വരാൻ കാത്തിരുന്ന രാത്രികൾ. ഉറക്കം നടിച്ചു കിടക്കും. അപ്പോൾ കിട്ടും അലിഞ്ഞു ഇല്ലാതായി പോവുന്ന നനുത്ത ഉമ്മകൾ. പിന്നെ ഗർഭപാത്രത്തിലേക്ക് ഒതുക്കി വെച്ചത് പോലെ കെട്ടിപിടിച്ചു കുറെ നേരം കിടക്കും. ആ മായിക പ്രഭയിൽ എപ്പോഴാണ് ഉറങ്ങിപോകുന്നത് എന്ന് അറിയൂല. അമ്മയെ പറ്റിച്ചു കിടക്കുമ്പോൾ ചില ദിവസം ഇതേ പോലെ ഡാനി മോളെ അടുത്തേക്ക് പോകും അമ്മ, അപ്പോൾ തനുവിന് സങ്കടമാകും.

ഡാനിക്ക് ഓർക്കുംതോറും കൂടുതൽ കൂടുതൽ സങ്കടം ഓരോ ദിവസം കഴിയുന്തോറും കൂടി കൂടി വന്നു. "പപ്പയും, മമ്മയും ഇതിന് കൂട്ട് നിന്നല്ലോ അതായിരുന്നു ഏറ്റവും സങ്കടം. ഞങ്ങളുടെ അമ്മയല്ലേ.... ഞങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ... കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അമ്മക്ക് എന്തോ വയ്യായ്ക തോന്നിയിരുന്നു, അപ്പൊ എല്ലാവരും പറഞ്ഞു അമ്മ അമ്മ ഡിപ്രെഷൻ കൂടി തളർന്ന് പോയതല്ലേ, അതിന്റെ അസ്വസ്ഥതകൾ ഉണ്ട് എന്ന്. എല്ലാ സങ്കടവും എവിടെ കൊണ്ട് പോയി ഒതുക്കും, ഡാനി അതും പറഞ്ഞു കരഞ്ഞു. അമ്മ എത്ര മാത്രം ഞങ്ങളുടെ സാമീപ്യം കൊതിച്ചിട്ടുണ്ടാകും."

"ഇനി നിങ്ങൾക്ക് അമ്മയോട് ചെയ്യാൻ പറ്റിയ ഒരേ ഒരു കാര്യമേ ഉള്ളൂ.. അമ്മക്ക്‌ മനസമാധാനം കൊടുക്കുക. നിങ്ങൾ ഒന്നും അറിയരുത് എന്ന് അമ്മ ആഗ്രഹിച്ചു.അത് അമ്മയുടെ ഒരു കൊച്ചു ആഗ്രഹമായിരുന്നു. നിങ്ങളോടുള്ള സ്നേഹത്തിന് മുൻ തൂക്കം കൊടുത്തു. അത് കൊണ്ടാണ് നിങ്ങൾ രണ്ട് പേരും നല്ലൊരു കരിയറിൽ എത്തിയത്. അമ്മയുടെ ആഗ്രഹം പോലെ തന്നെ ഇനി നിങ്ങൾ സങ്കടപെടരുത്."

"മോളെ... "സാറയായിരുന്നു അത് വിളിച്ചത്, എല്ലാവരും അത്ഭുതത്തോടെ സാറയുടെ അടുത്തെത്തി.

"തനൂ... സാറ വീണ്ടും വിളിച്ചു.

എനിക്കിപ്പോൾ വളരെ ആശ്വാസം തോന്നുന്നു. ആ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു.അമ്മയെ നോക്കാൻ പറ്റില്ലാന്നുള്ള സങ്കടം വേണ്ട.... ഞാൻ പോയാലും റോസ് മമ്മയുടെ അടുത്ത്‌ എന്റെ ആത്മാവ് കൊടുത്തിട്ടാ പോകുന്നത്."

"റോസ് നീ കേൾക്കുന്നുണ്ടോ? അമലിനെ ഒറ്റപെടുത്തരുത്. ഇനി നീ വേണം നോക്കാൻ..എനിക്ക് സമയമായിരിക്കുന്നു..." 'അമൽ' അവസാനമായി അമലിനെ ഉച്ചത്തിൽ സാറ വിളിച്ചു. പിന്നെ ഒരു ശബ്ദവും പുറത്തേക്ക് വന്നില്ല.

അങ്ങിനെ ആ അദ്ധ്യായം അവിടെ വെച്ചു അവസാനിച്ചു. അവളുടെ അടുത്തുള്ള മേശക്കുമുകളിലായി അപ്പോൾ സാറ എഴുതി കൊണ്ടിരുന്ന "കനലുകൾ താണ്ടി "എന്ന കൃതിയുടെ പേപ്പേഴ്സ്, എങ്ങോട്ടോ കുതിക്കാൻ എന്ന വണ്ണം, ശബ്‌ദമുണ്ടാക്കി പറക്കാൻ ശ്രമിച്ചു. നിറഞ്ഞ മിഴികളോടെ നിശബ്ദമായ തേങ്ങലുകൾ കടിച്ചമർത്തി, കാലത്തിന്റെ കുസൃതിയുടെ ചവിട്ടേറ്റ്, ഉണങ്ങാത്ത നോവുകൾ സമ്മാനിച്ചു, അമ്മയുടെ താരാട്ട് കേട്ട് ഉറങ്ങുന്ന ശിശുവെ പോലെ സാറ എന്നെന്നെ ക്കുമായി ഉറങ്ങി.

മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു, മഴയോട് അനുബന്ധിച്ചു തന്നെ അന്തരീക്ഷം അന്ധകാരത്തിൽ കുളിച്ചു. ഐക്കരയുള്ളവരും, ബന്ധുക്കളും, സുഹൃത്തുക്കളും സാക്ഷിയായി കണ്ണീരോടെ ആ അന്ത്യകർമം ഭംഗിയായി നടന്നു.

ആ സ്നേഹ തണൽ മരം, കട പുഴകി വീണപ്പോൾ ഏറ്റവും കൂടുതൽ തകർന്നത് അമൽ ആയിരുന്നു. ശവസംസ്കാരം കഴിഞ്ഞു വേച്ചു വീഴാൻ തുടങ്ങിയ അമലിനെ രണ്ട് കൈകൾ താങ്ങി. അയാളെ കണ്ടതും അമൽ ഞെട്ടിപോയി. 'ഹാരിസ് '

"നീ എവിടെയായിരുന്നു ഇത്രയും കാലം, റോസിനെ കബളിപ്പിച്ചു നാട് വിട്ടതല്ലേ...."

"നോ.. ഹാരിസ് ഒച്ച വെച്ചു. റോസിന് വേണ്ടിയാണു ഞാൻ പുനർജനിച്ചത്.ഇതെന്റെ രണ്ടാം ജന്മമാണ്. ഒരു ബൈക്ക് ആക്‌സിഡന്റ്, അത് എന്റെ ജീവ, മരണ പോരാട്ടമായിരുന്നു. ബൈക്ക് കൊണ്ട് എന്നെ തട്ടി തെറിപ്പിച്ചവർ ഭയം കാരണം എന്നെയും കൊണ്ട് എങ്ങോട്ടോ പറന്നു. ഐ സി യു വിന്റെ തണുപ്പിൽ കുറെയേറെ ഓപ്പറേഷനുമായി ബോധമില്ലാതെ കിടന്ന ദിനരാത്രികൾ. ഒടുവിൽ ഉറക്കം ഉണർന്നപ്പോൾ ഞാനൊരു ശിശുവായിരുന്നു. ആ ശിശു പിച്ചവെച്ചപ്പോൾ ആദ്യം ഓർമ വന്നത് അവ്യക്തമായ റോസിന്റെ മുഖമായിരുന്നു. ഓർമ്മക്ക്‌ വെളിച്ചം തട്ടുമ്പോൾ വീണ്ടും ഇരുൾ വീഴുന്ന അവസ്ഥ. റോസിനെ കൊണ്ട് പോകാനാണ് ഞാൻ വന്നത്," ഹാരിസ് പറഞ്ഞു നിർത്തി.

അമലിനൊന്നും ചോദിക്കാനോ, പറയാനോ, ഇല്ലായിരുന്നു, ഒരു മങ്ങിയ ഭ്രാന്തൻ ചിരിയോടെ ഹാരിസ്ന്റെ കൂടെ വീടിനെ ലക്ഷ്യമാക്കി നടക്കുകമാത്രം ചെയ്തു.

(അവസാനിച്ചു.)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ