ഭാഗം 8
ചീരുവിന്റെ മനസ്സിൽ ഓരോ ഭാവം മിന്നി മറയുകയായിരുന്നു. താനൊരു പൊട്ടി പെണ്ണ്, തന്നെ മനസ്സിലാക്കി തരാൻ ആരും ഇല്ലായിരുന്നു. ചക്കരയെ എങ്കിലും ഇനി നല്ല രീതിയിൽ വളർത്തണം.
ഒരു ദിവസം ചീരു കുമാരിയോട് പറഞ്ഞു, "കുമാരീ... നീ ഇന്റെ മോൾക്ക് കുറച്ച് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്ക്."
"ചീരൂ... ഏറ്റവും നല്ലത് അമ്മ തന്നെ പറഞ്ഞു കൊടുക്കന്നതാണ്. നീ വളരെ ശ്രദ്ധിക്കണം, കുട്ടികളെ പോലും ഉപയോഗിക്കുന്ന കാലമാ..."
"ഇതൊക്കെ ഞാൻ ഇങ്ങിനെയാ മോളോട് പറയാ."
കുമാരി ചോദിച്ചു.
"പറയണം, നമ്മൾ പറഞ്ഞു കൊടുത്തില്ലെങ്കിൽ അവർക്ക് ആകാംഷകൂടും, അപ്പോൾ അവര് വേറെ വഴിക്ക് പരതും. അത് കൊണ്ട് ചീരു തന്നെ അവളെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കണം."
"പിന്നെ കുമാരീ..."കുമാരിക്ക് എന്തോ പറയാനുണ്ട്, എന്നാൽ ഒരു മടി പോലെ.
"എന്താ... എന്തായാലും പറയൂ..." കുമാരി പ്രോത്സാഹിപ്പിച്ചു.
"ന്റെ മനസ്സിൽ ഞാൻ ആരോടും പറയാത്തൊരു രഹസ്യമുണ്ട്.ഇന്നെ ചതിച്ചു വശത്താക്കിയത് ആരാന്ന് അറിയോ അനക്ക്,"
"ആരാ "
"ബംഗ്ലാവിൽ ഞാൻ പണിക്ക് പോയിരുന്നില്ലേ. അവിടെ തേയില തോട്ടം നോക്കുന്ന ദാമു സാറില്ലേ, 'അയാൾ'
"ദാമു സാറോ"കുമാരി അന്തം വിട്ടു. കാരണം, ദാമു സാറിന്റെ ഭാര്യാഭർതൃ ബന്ധം കാണുമ്പോൾ സിനിമയിലുള്ള മമ്മൂട്ടിയെയും, സീമയെയും ആണ് ഓർമ വരുക ആർട്സ് ആൻഡ് ക്ലബ് വാർഷികത്തിന്റെ അന്ന് ദാമു സാർ 'കുടുംബം 'എന്ന വിഷയത്തിൽ നല്ല ഒരു ക്‌ളാസ്സും എടുത്തിട്ടുണ്ട്. വിവാഹേതര ബന്ധത്തെ കുറിച്ചും, വിവാഹപൂർവ ബന്ധങ്ങളെ കുറിച്ചെല്ലാം എത്ര മനോഹരമായിത്തന്നെ ആളുകളെ പറഞ്ഞു മനസ്സിലാക്കി. അതിലെ ഭവിഷത്തുകൾ കേട്ടപ്പോ തെറ്റിലേക്ക് പോവാതിരിക്കാൻ എല്ലാവരും കുറച്ചു ദിവസം, അമ്പലത്തിലേക്കും, പള്ളിയിലേക്ക് ഒക്കെ പോവാൻ തുടങ്ങി.
ചീരു പറഞ്ഞു തുടങ്ങി, "പകൽ സമയത്ത്, ദാമു സാറിന്റെ അടുക്കള കാര്യം, രാത്രിയിൽ കിടപ്പറ കാര്യവും രണ്ടും ഇന്റെ പണിയായി. അറിയോ... കുമാരീ... ഇയാൾ ആദ്യം കുറച്ചു പൈസയൊക്കെ തന്ന് ഇന്നെ പാട്ടിലാക്കി. എന്തൊക്ക നുണകൾ ആയിരുന്നു അയാൾ പറഞ്ഞത്. അയാളുടെ ഭാര്യക്ക് സുഖമില്ലാത്രെ. എന്നെ കണ്ട് ഇഷ്‌ടപ്പെട്ട് അയാളുടെ ഉറക്കം നഷ്‌ടപ്പെട്ടത്രെ. അയാളുടെ ഭാര്യയെക്കാളും അയാൾ എന്നെ സ്നേഹിക്കുന്നുണ്ടത്രേ. ഓരോന്നു പറഞ്ഞു അയാൾ എന്നെ പാട്ടിലാക്കി."
"സുമേച്ചി നല്ല ഒരു സ്ത്രീയായിരുന്നു, ടീച്ചർ ആയതുകൊണ്ട് അവധി ദിവസങ്ങളിൽ ഞങ്ങൾ സാധനങ്ങൾ ഒക്കെ വാങ്ങാൻ പുറത്തു പോകും. അനക്ക് ഈ സ്ത്രീയെ ചതിക്കുന്നതിൽ നല്ല മനസാക്ഷി കുത്ത് ഉണ്ടായിരുന്നു.ഒരു ദിവസം ടീച്ചർ ഇന്നോട് പറയാ, "സത്യം പറഞ്ഞാൽ നിന്റെ കൂടെ ഷോപ്പിംഗ്ന് വരുന്നത് ദാമു സാറിന് നാണക്കേട് ആണെത്രെ. ഞാൻ പറഞ്ഞു ഞാൻ അത് സഹിച്ചു എന്ന് "
"ഇത് കേട്ടപ്പോ ഞാൻ ആകെ വല്ലാതായി. ശരീരത്തിൽ ഒട്ടിയും, മണപ്പിച്ചും കിടക്കുമ്പോൾ അയാൾക്ക് എന്തൊരു ആർത്തിയായിരുന്നു. 'ചന്ദനത്തിന്റെ ഗന്ധവുമായി കാറ്റിൽ നൃത്തമാടി വരുന്ന ന്റെ കസ്തൂരി കുട്ടീ...' എന്നായിരുന്നു അയാൾ പറയുക "എന്നിട്ട് കുറുകലോടെ കൊത്തി തിന്നും, ഇയാളാണ് തന്റെ ഭാര്യയോട് പറയുന്നത്. ഇവറ്റകളെ വിശ്വസിക്കാൻ കഴിയൂല, ഒപ്പം കൂട്ടരുത്, തരം കിട്ടിയാൽ മോഷ്ടിക്കും എന്നൊക്കെ.അന്നാണ് പുരുഷ വർഗത്തെ കുറിച്ച് നല്ലോണം പഠിക്കാൻ കഴിഞ്ഞത്. ഭാര്യയെ വെയിൽ കൊള്ളിക്കൂല, പുകഏൽപ്പിക്കൂല, നല്ല വസ്ത്രം വാങ്ങി കൊടുക്കും, അടുക്കളയിൽ സഹായിക്കും, സത്യത്തിൽ ഇവന്മാർക്കൊക്കെ ഭാര്യമാരോട് സ്നേഹമുണ്ടോ?"
"എല്ലാവരൊന്നും അങ്ങിനെ അല്ല ചീരു...നല്ലവരും ഉണ്ട്.പിന്നെ സ്നേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ എന്ത് സ്നേഹം, സമൂഹത്തിന്റെ മുന്നിൽ കാണിക്കാനും, തന്റെ മക്കളെ പെറ്റ് പോറ്റാനും ഒരാൾ വേണ്ടേ... തന്റെ കാര്യങ്ങൾ ഒക്കെ കൂലി കൊടുക്കാതെ നടത്താൻ ഒരാൾ വേണ്ടേ. ജോലിയൊക്കെ കഴിഞ്ഞ് മിണ്ടി പറഞ്ഞിരിക്കാൻ ഒരാൾ വേണ്ടേ, ഭാര്യ മരിച്ചു പോയി ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ അയാൾക്ക് ഭാര്യയുടെ വില അറിയും. അപ്പൊ സെന്റി അടിച്ച് വേറെ സ്ത്രീയുടെ അടുത്ത് പോലും പോവാത്ത മാന്യന്മാരും ഉണ്ട്."
"ആരെയും ആർക്കും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയാത്ത ലോകമാണ് ചീരൂ നമ്മുടേത്. അവനവനെ തന്നെ സ്നേഹിക്കും. രണ്ടു ശരീരങ്ങൾ ലൈംഗികതയിൽ മാത്രം ഒന്നിക്കുന്നത് സ്നേഹം കൊണ്ടല്ലാ... ചീരൂ, നീ അയാളുടെ വിധേയത്വത്തിന് കീഴ്പ്പെട്ടപ്പോ നിനക്ക് നിന്റെ ഉള്ളിൽ സ്വാതന്ത്ര്യം ഹനിക്കപെട്ടതായും, ആത്മാവ് മുറിഞ്ഞതായും തോന്നിയില്ലേ... അയാളാണെങ്കിൽ നന്നായി മുതലെടുത്തു. എന്നിട്ട് എന്ത് സംഭവിച്ചു."
"എന്ത് സംഭവിക്കാൻ, അത്യാഗ്രഹിയായ ആ മനുഷ്യന്റെ കുഞ്ഞു എന്റെ വയറ്റിൽ ആയി.ഇത് അയാളോട് പറഞ്ഞപ്പോ കാരണത്ത് അടിച്ചു, ആരോയെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി പെടുത്തി.കുഞ്ഞിനെ നശിപ്പിക്കാനും പറഞ്ഞു, ഏത് സമയവും ആരെങ്കിലും എന്നെ കൊല്ലുമെന്ന് ഭയന്നാണ് പിന്നെ ഞാൻ ജീവിച്ചത്. എന്നാൽ ഒരു ദിവസം അയാളില്ലാത്ത നേരത്ത് അയാളുടെ ഭാര്യയോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. പേടിച്ചു പേടിച്ചു ആണ് പറഞ്ഞത്, എന്നാൽ എന്നെ അത്ഭുത പെടുത്തികൊണ്ട് അവരുടെ പ്രതികരണം ഇങ്ങിനെയായിരുന്നു."
"പൊട്ടി പെണ്ണെ...നീയെന്തിന് നിന്റെ ശരീരം കടിച്ചു കീറാൻ അയാൾക്ക് ഇട്ടു കൊടുത്തു. ഇനിയിപ്പം എന്താ ചെയ്യാ... നിനക്ക് ജീവിക്കേണ്ടേ ചീരൂ... ഈ കുഞ്ഞു നിനക്കൊരു," ടീച്ചറെ മുഴുവൻ പറയാൻ അനുവദിച്ചില്ല ഞാൻ.
"വേണ്ട ഒന്നും പറയണ്ട, എന്തായാലും ഞാനതിനെ വളർത്തും, എല്ലാവരും പരിഹസിക്യ സ്ത്രീകളെ ആണല്ലോ, പിന്നെയിപ്പോ സാറെ പേര് പറഞ്ഞിട്ടൊന്നും ഗുണമില്ല, സാറോട് പറയണം ഇന്നേ ജീവിക്കാൻ അനുവദിക്കണം എന്ന്."ചീരു തന്റെടിയായി ടീച്ചരുടെ മുന്നിൽ കൂടി ഇറങ്ങി നടന്നു. പിന്നെ സാറെയും, ടീച്ചറെയും ചീരു കണ്ടിട്ടില്ല.
തുടരും...