ഭാഗം 6
കിനാവ് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ചിലപ്പോ അത് നക്ഷത്രകൂട്ടങ്ങൾക്ക് താഴെയുള്ള ഓരോ സ്മരണയെയും, മധുരുപ്പിച്ച് കരവലയത്തിലൊതുക്കും.ചിലപ്പോ അത് വിഷാദം ചാലിച്ച് നൊമ്പരമുണർത്തും. അറിയാതെ മിഴികൾ തുളുമ്പും.
പൊട്ടിയ വീണ കമ്പിപോലെ സ്മരണകളെ ഉണർത്തിയിട്ട് കാര്യമൊന്നുമില്ല എന്ന് അമലിന് നന്നായി അറിയാം.ജീവിതം തന്നെ കൈവിട്ട് പോയതായിരുന്നു.എന്നാൽ സാറയുടെ ചലനങ്ങൾക്ക് പതുക്കെ പതുക്കെ ചിറക് മുളച്ചു തുടങ്ങിയപ്പോ, മൂടി കെട്ടിയ ആകാശത്തിലേക്ക് വെള്ളി മേഘങ്ങൾ കുസൃതിയോടെ ഇടിച്ചു കയറിയത് പോലെ അല്പം ആശ്വാസം തോന്നുന്നുണ്ട്. എന്നിട്ടും ചിലപ്പോ അത് മനസ്സിനെ വല്ലാതെ ചുട്ടു പഴുപ്പിച്ചു തുടങ്ങി.
ഇതിൽ എന്തായിരിക്കും സാറയുടെ അവസ്ഥ, അമൽ ഓർത്തു. താൻ അനുഭവിക്കുന്ന അതേ എരിഞ്ഞടങ്ങൾ തന്നെയല്ലേ സാറ അനുഭവിക്കുന്നത്. ഉള്ള് തുറന്നു അവളോടൊന്ന് സംസാരിക്കണം. ഇത്രയും നാൾ അനുഭവിച്ച വേദനകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇനി എന്ത് വന്നാലും അധികമൊന്നുമാവില്ല. എല്ലാം അനുഭവിക്കുക തന്നെ.
വീടിന്റെ ഉമ്മറത്തേക്ക് ഒരു ചുവപ്പ് സ്വിഫ്റ്റ് കാർ ഒഴുകി വരുന്നത് അമലിന്റെ ശ്രദ്ധയിൽ പെട്ടു. അമൽ ഓർമകളെ തല്ക്കാലം വിഷമിക്കാൻ വിട്ടു കൊണ്ട് അങ്ങോട്ട് ഓടി കാറിന്റെ അരികിൽ എത്തി. കാറിൽ നിന്നിറങ്ങി വരുന്നവരെ കണ്ടപ്പോ അമൽ ആഹ്ലാദം കൊണ്ട് മതിമറന്നു പോയി. പാത്തുമ്മഉമ്മച്ചിയും, സഹറയും,മെഹറയും ആയിരുന്നു. അയാൾ ഓടി വന്നു ഉമ്മച്ചിയെ കെട്ടി പിടിച്ചു.
"അമൽക്കാ... രണ്ടു പേരും ഒരേ സ്വരത്തിൽ വിളിച്ചു. അയാൾ അവരെയും ചുറ്റിപ്പിടിച്ചു.
"ന്റെ കുട്ടിയോളൊക്കെ കുറെ ദിവസമായി കിനാവ് കാണുന്നു. ഞാനിന്നലെ റോസ് മോളെ വിളിച്ചിരുന്നു. സാറയുടെ വിശേഷം അറിഞ്ഞു അപ്പോളൊന്ന് കാണണമെന്ന് തോന്നി. പിന്നെ ഇവരുടെ പുതിയാപ്ലമാര് ഉംറക്ക് പോയിരിക്കുന്നു. കുറച്ചീസം ഉമ്മച്ചിമാരെ അടുത്ത് നിക്കാന്ന് പറഞ്ഞു വന്നതാണ്."
റോസ് പുറത്തെ ബഹളം കേട്ട് വന്നതാണ്. പിന്നെ സന്തോഷത്തോടെ അവരുടെ അടുത്തെത്തി.ഉമ്മച്ചിയുടെ വക നിനച്ചിരിക്കാതെ കിട്ടിയ ആലിംഗന നിറവിൽ റോസ് ഉമ്മച്ചിയുടെ നെഞ്ചിൽ ചൂടിലുംസംരക്ഷണത്തിലും കുറച്ചുനേരം മതിമറന്നു നിന്നുപോയി.പിന്നെഎന്തിനാണെന്ന് പോലും അറിയാതെ റോസ് വിതുമ്പി കരഞ്ഞു.
"സാരമില്ല മക്കളെ... ഇനി കരയരുത്. ഉമ്മച്ചിക് കാണേണ്ടത് ഇങ്ങളെ ചിരിക്കുന്ന മുഖമാണ്. വരൂ നമുക്ക് സാറയുടെ അടുത്തു പോകാം."
റോസ് പെട്ടെന്ന് പ്രസരിപ്പ് വീണ്ടെടുത്തു.
"ഉമ്മച്ചീ കുറച്ചു ദിവസമായി സാറ പറയുന്നു ഐക്കരയിൽ വന്ന് രണ്ടു ദിവസം താമസിക്കണം എന്ന്, സാറ പറഞ്ഞു."
"എന്നാ പിന്നെ ഇന്ന് തന്നെ നമുക്ക് പോവാം എന്താ...സാറെ, സാറയുടെ മുറിയിൽ എത്തിയ ഉമ്മച്ചി ചോദിച്ചു.
സാറ പുസ്തകം വായിക്കുകയായിരുന്നു. ആ കണ്ണുകൾ വിടർന്നു, മെഹറയും, സഹറയും സാറക്ക് ഓരോ ഉമ്മകൾ സമ്മാനിച്ചു. ഉമ്മച്ചിക് എത്ര നിയന്ത്രിച്ചിട്ടും, കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. എല്ലാം ശരിയാകും മോളെ കുട്ടേൾക്ക് വേണ്ടി നമ്മൾ അഞ്ചു നേരവും പ്രാർത്ഥിക്കുന്നുണ്ട്.
പിന്നെ അവിടെ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. കളിയും,ചിരിയുമൊക്കെ ആയി സമയം പോയതറിഞ്ഞില്ല.ഉമ്മച്ചിയുംകുട്ടി കളും പോവാനൊരുങ്ങിയപ്പോ സാറ വാശി പിടിച്ചു. "ഇത്രയും ദൂരം വന്നതല്ലേ. ഇന്നൊരു ദിവസം ഇവിടെ നിന്നിട്ട് പോയാൽ മതി."
നിക്കാൻ ഒരു ദിവസം വരുന്നുണ്ട്, ഇപ്പോ ഞങ്ങൾ പോട്ടെ.
അല്ലാ സഫാന്റെയും, മജീദിന്റെയും വിശേഷം എന്താ...
ഉമ്മച്ചിയുടെ മുഖം പെട്ടെന്ന് വാടി.അവരൊക്കെ വല്യ ആൾകാര് ആയില്ലേ, കുട്ട്യോളും മകളുമൊക്കെ യായി, വല്യ വീട് ഒക്കെ ആയപ്പോ, ഉമ്മച്ചിയുടെ അടുത്തു ഒന്ന് വന്നു നില്കാൻ നേരമില്ല. പിന്നെ കുമാരി ഉള്ളത് കൊണ്ട് ഒരു കണക്കിന് നന്നായി, നമ്മക്കൊരു കൂട്ടാവുമല്ലോ."
"കുമാരി ചേച്ചിയെ എന്തെ കൂട്ടിയില്ല. കാണാൻ കൊതിയാകുന്നു. ഉമ്മച്ചി നന്മയുള്ളവളാ, കുമാരി ചേച്ചിക്ക് ആരും ഇല്ലാണ്ടായപ്പോ, ഉമ്മച്ചി അവരെ കൂടെ കൂട്ടിയില്ലേ... എന്നിട്ട് ഒപ്പം നിർത്തി. ഒരു സ്ത്രീയായി ജനിച്ചാൽ അവളുടെ ഉള്ളും, പുറവും പൊള്ളുന്നത് ആരും കാണാൻ ശ്രമിക്കില്ല.ഒരല്പം സ്നേഹം കിട്ടാൻ ഒരല്പം സംരക്ഷണം കിട്ടാൻ അവർക്കുഉള്ളതെല്ലാം കൊടുക്കുന്നു."
സാറ കിതച്ചു കൊണ്ട് പറഞ്ഞു.
അതിൽനിന്നുള്ള വിഷയം മാറ്റാൻ റോസ് ചോദിച്ചു.
"നമ്മുടെ നാരങ്ങാ കുട്ടികളുടെ വീട്ടിലെ വിശേഷം എന്തൊക്കെ?"
"നല്ലതാണെങ്കിൽ നല്ലത്, വെടക്കാക്കി ചിന്തിച്ചാൽ വെടക്ക്. എന്നാലും കുഴപ്പമൊന്നുമില്ല.ആകെമുള്ള ഒറ്റ മോളാ 'അനു,'ഒരു കല്യാണം പെറ്റ തള്ളക്ക് മോഹണ്ടാവൂലെ. അവൾക് കല്യാണമേ വേണ്ടാന്ന്. ഒരു പുരുഷ്യനുമൊത്തുള്ള ലൈഫ് തുടങ്ങുമ്പോൾ, പല അഡ്ജസ്റ്റ് മെന്റിനും പെൺകുട്ടികൾ തയ്യാറാവണം. അതിന് ഓൾ തയ്യാറല്ലത്രേ. എന്തെങ്കിലും ചോദിച്ചാ നൂറു നാവാ, ആരെയും ആശ്രയിച്ചു ജീവിച്ചു തയ്യാറല്ല. മറ്റുള്ളവർക്ക് വേണ്ടി എന്തിനാ നമ്മളെ സമയം കളയുന്നു, ഇമ്മാതിരി ചോദ്യമാ ഓള് ചോദിക്ക്യ. കുടുംബ ജീവിതം അത് തന്നെയല്ലേ ഭൂമിയിലെ സ്വർഗം."
"അതൊക്കെ മാറും, മെഹറാ, അവൾ കൊച്ചു കുട്ടിയല്ലേ....സാറ സമാധാനിപ്പിച്ചു. പ്രായം മാറ്ന്നതിനനുസരിച്ച് മാറി മാറി ചിന്തകൾ വരും,"
"സഹറയുടെ മോനോ"?
"ഒരു കണക്കിന് ഞാൻ അനുമോളെ അനുകൂലിക്കുന്നു. കല്യാണവും, വേണ്ടാ, കുട്ടികളും വേണ്ടാ. ഞാനും ജബ്ബാറിക്കയും ഇവന്റെ കാര്യം പറഞ്ഞു എപ്പോളും അടിയാ. പഠിക്കാൻ ദൂരേക്ക് വിട്ടു, അവിടെനിന്ന് മൂടും തട്ടി പോന്നു.മക്കളൊന്നും നമ്മുടെ കൈപിടിയിൽ നിക്കൂല. ചെവിയിൽ ഇയർ ഫോൺ വെച്ചാ നടപ്പുംകിടപ്പും, ജബ്ബാരിക്കയാണെങ്കിൽ മോനോട് നേരിട്ട് ഒന്നും ചോദിക്കൂല, ഇന്റെ നേരെ വെറുതെ മെക്കിട്ട് കയറും, ഇവരുടെ ഇടയിൽ കിടന്ന് ഞാനും,"
"ഇപ്പോഴത്തെ ജനറേഷൻ ഒക്കെ ഇങ്ങിനെ തന്നെയാണ്. നമ്മളും കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ജബ്ബാറിനോട് എന്നെ വന്നൊന്നു കാണാൻ പറയൂ..."സാറ പറഞ്ഞു.
ജബ്ബാർക്കയാണെങ്കിൽ ഇവനെക്കാൾ നല്ല മൂപ്പരാ, ബിസ്നെസ്സ്, ഫ്രെണ്ട്സ്, ഇത് മാത്രം മതി. വീട്ടിൽ വന്നാൽ പോലും മൊബൈൽ ഫോൺ ആണ് കൂട്ട്, രാത്രി പന്ത്രണ്ടു മണിവരെ. ഇന്നോട് ഒന്ന് മിണ്ടാൻ പോലും മൂപ്പർക്ക് നേരമില്ല. നമ്മൾ പെണ്ണുങ്ങൾ കലത്തിനോടും, പാത്രങ്ങളോടും മാത്രം മിണ്ടി മിണ്ടി ഒരു പരുവത്തിൽ ആവും. എന്തെങ്കിലും പരാതി പറഞ്ഞാൽ ഒരു ചോദ്യം ആണ്, നിനക്കെന്താ ഇവിടെ ഒരു കുറവ്, ഭക്ഷണം ഇല്ലേ, വസ്ത്രം ഇല്ലേ, എന്നാണ് ചോദിക്കുക. കാര്യങ്ങൾ ഒക്കെ നടക്കുന്നില്ലേ എന്നും. നമ്മക്കൊക്കെ ബുദ്ധിയില്ലാന്ന് വെച്ച് ഇതൊക്കെ മതിയോ ജീവിക്കാൻ. നമ്മൾക്കാരാ സംസാരിക്കാനുള്ളത്, നമ്മളെ സുഖ വിവരം ആരാ തെരക്കാനുള്ളത്. ആരോടും കൂട്ടുകൂടാൻ പാടില്ല, ഫേസ്ബുക്ക് പാടില്ല, വാട്സ് അപ്പ് പാടില്ല, ആണുങ്ങൾ ക്യൂ നിൽക്കുകയാണെത്രെ..സ്നേഹം നടിച്ചു വീട്ടമ്മമാരെ സോപ്പിട്ടു പൈസ അടിച്ചു മാറ്റുമത്രേ.എങ്ങിനെ പെണ്ണുങ്ങൾ വഴി തെറ്റി പോവാതിരിക്കും, അല്പം സ്നേഹം കൊതിക്കുന്ന പെണ്ണാണെങ്കിൽ പോവും. ജബ്ബാർക്കയോട് പറഞ്ഞപ്പോ മൂപ്പര് പറയാ.. സ്നേഹം അങ്ങിനെ തുറന്നു കാണിക്കാനൊന്നും പറ്റൂല. എനിക്കിത്രയെ കഴിയൂ എന്ന്. പടച്ചോനെ പേടിയുള്ളത് അങ്ങിനെ ജീവിച്ചു പോകുന്നു."
അത് തന്നെയാ സഹറാ നല്ലത്. ഒരിക്കൽ നമ്മൾ കപട സ്നഹത്തിനു മുന്നിൽ പെട്ടു പോയാൽ പിന്നെ ജീവിത കാലം മുഴുവൻ നമ്മൾ അനുഭവിക്കേണ്ടി വരും. ഭാര്യ ഭർതൃ സ്നേഹം തന്നെയാണ് പവിത്രമായ സ്നേഹം.അഡ്ജസ്റ്റ് ചെയ്യാൻ പോലും ചില ആളുകൾക്ക് ബുദ്ധിമുട്ട് ആണ്. അത് പിന്നെ ഓരോരുത്തർക്കും ഓരോ സ്വഭാവമല്ലേ. ഈഗോ ഒക്കെ കളഞ്ഞു പരസ്പരം ഉള്ള് തുറന്ന് സംസാരിക്കണം. തീരെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലഎങ്കിൽ പിരിയണം. അല്ലെങ്കിൽ പങ്കാളി ഉണ്ടായിരിക്കെ വേറൊരു ബന്ധത്തിലേക്ക് പോവരുത്, വിശ്വാസവഞ്ചന അത് ദൈവം ഒരിക്കലും ക്ഷമിക്കൂല." സാറ കൈകൾ ഉയർത്തി വിലക്കി കൊണ്ട് പറഞ്ഞു.
"ന്റെള്ളോ.... പാത്തുമ്മഉമ്മച്ചി നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. ഇങ്ങൾക്ക് കേൾക്കണോ കുട്ടിയോളെ? ഞാൻ വിചാരിച്ചു, ഇന്റെ മമ്മാലിക്ക ഇന്നോട് നീതിയും. ന്യായവുമൊക്കെ പുലർത്തുന്ന കെട്ടിയോൻ ആയിരിക്കും എന്ന്, പെരുത്ത് ഇഷ്‌ടമായിരുന്നു ഇന്നെ. സാരമില്ല, ഇന്റെ മനസ്സിൽ പോലും മൂപ്പരോട് നിക്ക് ദേഷ്യം ഇല്ലാട്ടോ. എന്നാലും ചില നേരത്ത് ഞാൻ ചിന്തിച്ചു പോകും, ഇക്ക ഇന്നെ സ്നേഹിച്ചിരുന്നില്ലേ, അഭിനയ മായിരുന്നോ എന്നൊക്കെ.
ഇത് കേട്ടപ്പോ മഹറയുടെ മുഖം വാടി.
അവൾ ഉമ്മച്ചിയുടെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു, "അല്ല ഉമ്മച്ചി, വാപ്പച്ചി പറയുമായിരുന്നു, ന്റെ പാത്തൂനെ കഴിഞ്ഞിട്ട് ഉള്ളൂ നിക്ക് എല്ലാം എന്ന്. അപ്പൊ ആയിഷുമ്മ ചോദിക്കും. അപ്പൊ ഇങ്ങൾക്ക് പാത്തൂമായിട്ട് പ്രണയമാ, അപ്പോൾ വാപ്പച്ചിയുടെ നാണം കലർന്ന ഒരു ചിരി ഉണ്ട്. ഇത് കേട്ടപ്പോ ഉമ്മച്ചിക്കും നാണം വന്നു.അവർ പറഞ്ഞു, ഒക്കെ പടച്ചോൻ കണക്കാക്കുന്നതാ കുട്ടിയേളെ. ഇങ്ങള്ക് ഉള്ള കഞ്ഞി മമ്മാലിക്കന്റെ അടുത്ത് ആയിരുന്നു അതിനുള്ള കൂലി മൂപ്പർക്ക് കിട്ടും."
തുടരും...