ഭാഗം 3
മമ്മാലിക്കയും, പാത്തുമ്മ താത്തയും അവരുടെ രണ്ട് മക്കളും ഐക്കരയിലെ കുടുംബത്തിലെ വേറൊരു അംഗങ്ങൾ ആണ്,6 പ്രസവിച്ച പാത്തുമ്മത്താത്തന്റെഅവസാനത്തെ 2 കുട്ടികൾ ഒഴികെ ബാക്കി 4 കുട്ടികളെ പടച്ചോൻ അങ്ങോട്ട് എടുത്തു. ഇതാണ് കുട്ടികളെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ പാത്തുമ്മ താത്തന്റെ മറുപടി. അവസാനത്തെ കൺമണികളുടെ പേര് സഫാനും, മജീദും ആയിരുന്നു.
നമ്മുടെ പാട്ടുകാരൻ മമ്മാലി...
ഒന്ന് കൂട്ടുകൂടാൻ വായോ....
മമ്മാലിക്കയെ കളിയാക്കുകയാണ് പൗലോസ്. കാരണം മമ്മാലിക്കയുടെ ചുണ്ടിൽ ഏതിനും, എന്തിനും, മമ്മാലിക്കയുടെ ശൈലിയിൽ ഒരു സംഗീതമുണ്ട്. സംസാരിക്കുന്നതിനിടയിലും പലപ്പോഴും സംഗീതം വിതറും. ജഗതി ശ്രീകുമാറിന്റെയും, ഹരിശ്രീ അശോക ലെന്റെയും കട്ട ഫാൻസ് ആയത് കാരണം മിക്ക കല്യാണങ്ങൾക്കും, മമ്മാലിക്കയുടെ കോമഡിയും, പാരഡിയുമൊക്കെ ഉണ്ടാകും. അങ്ങനെ നാട്ടിൽ എന്ത് ആഘോഷപരിപാടി ഉണ്ടെങ്കിലും മാമ്മലിക്ക ഉണ്ടെങ്കിൽ ഉഷാറാണ്.
പാത്തുമ്മതാത്താന്റെ ആറ് പ്രസവവും നോക്കിയത് മമ്മാലിക്ക ആണ്. ഭാര്യയോട് ഇത്ര സ്നേഹമുള്ളയാൾ ഐക്കരയിൽ ഉണ്ടാവില്ല എന്നാണ് എല്ലാവരും രഹസ്യമായി പറയാറുള്ളത്. ഏതെങ്കിലും ഒസ്സാത്തി പെണ്ണുങ്ങളെയോ,തന്റെ ഉമ്മയെയോ വിളിക്കാൻ എന്ന് പാത്തുമ്മതാത്ത പറയുമ്പോൾ മമ്മാലിക്ക മറുപടി പറയും.
"വേണ്ട കരളേ മ്മള് നോക്കൂലേ അന്നേ...
പിന്നെ എന്തിനാടീ ഒസ്സാത്തി.
ൻറെ കരളിനെ മ്മള് നോക്കൂലേ."
പിന്നെ പാത്തുമ്മതാത്ത ഒന്നും മിണ്ടൂല.
അങ്ങിനെ ഒരു ദിവസം മാനം പെട്ടെന്ന് കറുത്തു. പറവകളൊക്കെ കൂടണയാൻ തിടുക്കം കാട്ടി, ഓടി തുടങ്ങി. പുറത്ത് ഉണങ്ങാൻ ഇട്ടിരിക്കുന്ന അലക്കിയ തുണികൾ എല്ലാവരും തിടുക്കത്തിൽ എടുത്തു വെച്ചു.മഴയുടെ കുതിച്ചു ചാട്ടം ആണെന്ന് വിചാരിച്ചവർക്ക് തെറ്റി. മഴ പെയ്തില്ല. പക്ഷി മൃഗാദികൾ ഇരുണ്ട് തുടങ്ങിയ അന്തരീക്ഷത്തെ നോക്കി അവരുടെ ഭാഷയിൽ ഭീതി പെടുത്തുന്ന ശബ്‌ദകോലാഹലങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെ മനസ്സിലും, കാറും, കോളും വന്നു പതിച്ചു. പെട്ടെന്ന് ഇരുളും, മേഘങ്ങളും വഴി മാറി. മൊത്തത്തിൽ മഞ്ഞ വെളിച്ചംആകമാനം പരന്നു.പെട്ടെന്നാണ് മമ്മാലിക്കക്ക് നെഞ്ച് വേദന വന്നത്. ഹോസ്‌പിറ്റലിൽ എത്തുമ്പോഴേക്കും നല്ലവനായ മമ്മാലിക്ക ഈ ഭൂമി വിട്ട് പോയിരുന്നു.
മയ്യത്ത് പള്ളിയിലേക്ക് എടുക്കാൻ തിടുക്കം കൂട്ടുമ്പോൾ ആണ് മമ്മാലി ക്കന്റെ അളിയൻ ബീരാൻക്കായുടെ വീട്ടിലേക്ക് ഒരു ഫോൺ കാൾ വന്നത്. "തലശ്ശേരിയിൽ നിന്ന് വേണ്ടപ്പെട്ടവർ വരുന്നുണ്ട്. മയ്യത്ത് എടുക്കരുത്."
ആരാപ്പം തലശ്ശേരിയിൽ നിന്ന്, ചുണ്ട് ചുണ്ടുകളോട് മന്ത്രിച്ചു.
"പാത്തുമ്മൂ...."വീരാൻക്ക പാത്തുമ്മതാത്തയോട് ചോദിച്ചു. "മ്മളെ ആരെങ്കിലും വരാനുണ്ടോ? തലശ്ശേരിയിൽ നിന്ന് ആണത്രേ."
"മ്മക്കൊന്നും ഓർക്കാൻ പറ്റണില്ല ഇക്കാക്കാ... "അവർ അലമുറ ഇട്ടു കരഞ്ഞു.
അങ്ങനെ എല്ലാവരും ആകാംക്ഷ യോടെ കാത്തിരുന്നവർ ഒരു ജീപ്പിൽ വന്നെത്തി.
ഐക്കര മുസ്ലിം പള്ളിയിലെ മൊല്ലാക്കയുടെ കൂട്ട് രണ്ട് ചെറുപ്പക്കാരും, മധുരനാരങ്ങളുടെ മുഖമുള്ള രണ്ട് പെൺകുട്ടികളും, ഏറ്റവും പിന്നിൽ നിശബ്ദമായി കണ്ണീര് പൊഴിച്ചു കൊണ്ട് ഒരു മൊഞ്ചത്തി യുവതിയും. ആ മൊഞ്ചത്തിയെ പറിച്ചു നട്ടത് പോലെയായിരുന്നു,പത്തും എട്ടും, വയസ്സ് തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ.
ഐക്കരയാകെ അന്തം വിട്ടു നിന്നു. ജീപ്പിന്റെ ഡ്രൈവർ രണ്ട് പെട്ടിയുമായി ഇവരുടെ പിറകെ വരുന്നുണ്ട്, അത് കണ്ടപ്പോ എല്ലാവരും ഒന്നും കൂടെ അന്തം വിട്ടു.
ആർക്കും ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല, ആരും തുനിഞ്ഞതും ഇല്ല. അപ്പോഴേക്കും നിലവിളികൾ ഉയർന്നിരുന്നു. ൻറെ മാമ്മലിക്കാ, ന്റെ ബാപ്പച്ചീ....എന്ന് പറഞ്ഞു പതം പറഞ്ഞു കരയുന്ന കുടുംബത്തെ കണ്ട് എല്ലാവരും ഷോക്ക് അടിച്ചത് പോലെ ആയി.
കബറടക്കം കഴിഞ്ഞ് ആർക്കും പിരിഞ്ഞു പോവാൻ തോന്നിയില്ല, എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ആളുകൾ ആകാംഷയോടെ കാത്തിരുന്നു.
"ന്നാലും മമ്മാലിക്ക ന്നോടും, കുട്ടികളോടും ഈ ചതി ചെയ്തല്ലോ? ന്നെയും, മക്കളെയും കൂടെ കൊണ്ട് കൂട്ടായിരുന്നില്ലേ ഇങ്ങൾക്ക്. മ്മക്കിത് കാണാൻ വയ്യേ.... മ്മക്ക് ഇനി ജീവിക്കേണ്ട...." ഇതൊക്കെ പറഞ്ഞായിരുന്നു പാത്തുമ്മതാത്തന്റെ നിലവിളി, അത് കണ്ടു നിന്നവരുടെ കണ്ണുനിറഞ്ഞു.
സത്യത്തിൽ ഒരു കുടുംബം,അവർ തമ്മിലുള്ള പരസ്പര ബന്ധം,സ്നേഹം വിശ്വാസം എന്നൊക്കെ പറഞ്ഞാൽ, അത് പുറമെ കാണുന്ന കാഴ്ചകൾക്ക് പുറമെ ആരും കാണാത്ത തുരങ്കത്തിലേക്കാണ് തളക്കപ്പെട്ടിരിക്കുന്നത്.
വിദ്യാഭ്യാസമില്ലാത്തവളാണെങ്കിലും, ചോദിച്ചു വാങ്ങുന്ന സ്നേഹത്തിന് കൈപ്പു നീര് കലരും എന്ന് പാത്തുമ്മതാത്തക്ക് അറിയാം. അവർ ഒരിക്കലും സ്നേഹത്തിനു വേണ്ടി യാചിച്ചിട്ടുണ്ടായിരുന്നില്ല. സ്നേഹിക്കപെടുകയായിരുന്നു.രണ്ടുപേരും കൂടി ഒരു സ്നേഹത്തിന്റെ ഒരു വന്മരം തന്നെ കെട്ടിപടുത്തിട്ടുണ്ടായിരുന്നു. അതാണിപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ കടപുഴകി വീണുപോയത്.അതിന്റെ ചില്ലയിൽ കൂടൊരുക്കി , മഴയും, വെയിലും കൊള്ളാതെ, അഭയം തേടിയവരുടെ മനസ്സിലേക്കാണ് വിള്ള ലുകൾ പ്രത്യക്ഷപ്പെട്ടത്.ആ വിള്ളലുകൾ ദിക്കറിയാതെ, ചുഴലികാറ്റിൽ പെട്ട് ചിതറി പോയി. ആരുടെയൊക്കെയോ കരവലയത്തിൽ പെട്ട് ഞെറിഞ്ഞമർന്നു പോയി.
മൗനം, മൗനമായിരുന്നു പാത്തുമ്മതാത്തന്റെ ഉള്ളകം. എന്ത്, എപ്പോൾ, എങ്ങിനെ?ഈ സംശയങ്ങൾ സ്വയം ചോദിച്ചു കൊണ്ട് അവർ ഉള്ളിലെ നീറ്റൽ കടിച്ചമർത്തി.
"മ്മള്, ഇറങ്ങാണ് ട്ടൊ ഇത്താ..."കത്തി എരിയുന്ന ഓർമകളെ മുറിപ്പിച്ച ആ ശബ്‌ദം വന്ന ഭാഗത്തേക്ക് പാത്തുമ്മ താത്ത നോക്കി.
എന്തൊരു മൊഞ്ചാണ് ഈ പഹച്ചിക്ക്, വെറുതെയല്ല മ്മളെ മമ്മാലിക്കാ....അവര് ചിന്തിച്ചു.
ഉമ്മച്ചിയുടെ തിളങ്ങുന്ന മുണ്ടിൻ കോന്തല പിടിച്ചു കൊണ്ട്, നിറവും, അഴകുമുള്ള രണ്ട് പെൺകുട്ടികൾ. പാത്തുമ്മതാത്താന്റെ മുലകളിൽ അമ്മിഞ്ഞ നിറഞ്ഞു വരുന്നത് പോലെ, തന്റെ വയറ്റിൽ പിറക്കാതെ, സൃഷ്ടിയുടെ അമാനുഷികമായ മായവലയങ്ങൾ കൊണ്ട് എവിടെയോ, വഴിമാറിപോയി ഭൂജാതനായ രണ്ടു കുരുന്നുകൾ,ന്റെ മമ്മാലിക്കയുടെ കുട്ടികൾ.മൂത്ത കുട്ടി മജീദിനെ എടുത്ത് ഒക്കെത്ത് വെച്ചിരുന്നു. സഫാനെ അരുമയോടെ ചേർത്ത് പിടിച്ചിരുന്നു.സത്യം പറഞ്ഞാൽ അപ്പോഴാണ് മജീദിനെയും, സഫാനെയും പാത്തുമ്മതാത്തക്ക് ഓർമയായത്, തന്നെ.
"ഞങ്ങളോട് പൊറുക്കണേ ഇത്താത്ത,"ആയിഷു എങ്ങലടിച്ചു കരഞ്ഞു. ആ കാൽക്കൽ വീണു.
"മ്മള്, പൊറുക്കാന് പടച്ചോൻ ഒന്നും അല്ലല്ലോ?ഒരു സാധാരണ പെണ്ണാണെന്റെ ആയിശൂട്ടീ,"അതും പറഞ്ഞു കൊണ്ട് ആയിഷുവിന്റെ അരുകിലായി നിന്നിരുന്ന നിന്നിരുന്ന കുട്ടികളെ ചേർത്ത് പിടിച്ചു.
ഈ പഞ്ചാര മണികളെ കൊണ്ട് ഇയ്യ് എവിടെ പോണ്, കുറച്ചീസം, ഇവരും, ഞമ്മളെ കുട്ടികളും ഒന്നിച്ച് നിക്കട്ടെ. അല്ലെങ്കിലും എവിടെ പോണൂ. അന്നോട് ഇനിക്ക് ദേഷ്യം ഒന്നും ഇല്ലട്ടൊ,പാത്തുമ്മതാത്ത നാലു മക്കളെയും, തന്റെ ഉദരത്തോട് ചേർത്ത് നിർത്തി വട്ടം പിടിച്ചു നിന്നു."ഐക്കരയിലേക്ക് വിരുന്ന്കാരായി എത്തിയ ആ പനിനീർ പൂക്കളെ പേര് മെഹറയും,സഹറയും ആയിരുന്നു.
ദൈവത്തിന്റെ സൃഷ്ടിക്ക് വല്ലാത്തൊരു നിഗൂഡതയുണ്ട്.അതിന്റെ ആസ്വാദനം ഒരിക്കലും മറ്റുള്ളവർക്ക് പൂർണമാകില്ല. റോസ് ചെടിക്ക് മുള്ളുള്ളത് പോലെ, കുന്നും, കുഴിയും പോലെ. അത്തരത്തിൽ ഐക്കരയിൽ ഒരാളുണ്ട്,യേശുദാസിന്റെ ശബ്ദത്തിൽ വളരെ മനോഹരമായി പാടും.പക്ഷെ ഉള്ളിൽ കള്ള് ചെല്ലണമെന്ന് മാത്രം.. പത്രോസ് എന്നാണ് പേര് എങ്കിലും എല്ലാവരും കള്ളുകുടിയൻ ചേട്ടൻ എന്നാണ് വിളിക്കുക. ദിവസവും എല്ല് മുറിയെ പണിയെടുത്ത് വൈകുന്നേരം ആ ക്യാഷ് കൊണ്ട് പോവുക കള്ള് ഷോപ്പിലേക്കാണ്. ഇരുട്ടായാൽ പിന്നെ ചേട്ടന്റെ മേളം തുടങ്ങുകയായി. പാട്ടും, തെറി വിളിയും, വീട് എത്തുന്നത് വരെ പൊടി പൊടിക്കും.ചേട്ടന് വേറെ ഒരു കഴിവും കൂടി ഉണ്ട്. പാട്ടുകൾ അപ്പപ്പോൾ സൃഷ്ടിക്കാൻ പറ്റും. അത് വളരെ ഈണത്തിൽ പാടുകയും ചെയ്യും. എന്തൊക്കെയാണെങ്കിലും വീട്ടിലുള്ള കുട്ടി പട്ടാളത്തിനൊക്കെ ചേട്ടൻ ഒരു പേടി സ്വപ്നമാണ്. ഉണ്ണാതെ മടി പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങൾക്കൊക്കെ ചേട്ടൻ വരുന്നുണ്ട് എന്ന് പറഞ്ഞാൽ മിണ്ടാതെ കഴിച്ചു കൊള്ളും.എന്നാൽ ഏത് കള്ളിന്റെ വീര്യത്തിൽ ആണെങ്കിലും ഭാര്യ ഏല്യമയെ കണ്ടാൽ പത്രോസിന്റെ മുട്ട് വിറക്കും എന്നാണ് നാട്ടുകാർ പറയുക.നേരം വെളുത്താൽ പിന്നെ നാട്ടുകാരോടും ഡീസന്റ് ആയി. എല്ലാവരോടും സ്നേഹത്തിൽ പെരുമാറും.
തുടരും...