ഭാഗം 17
സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്നു, കൊടും വേനൽ കാലം. കടുത്ത ചൂട് താങ്ങാൻ കഴിയാതെ ചെറുപ്പകാർ പോലും തളർന്നു പോകുന്നു. അടുക്കള തോട്ടത്തിലുള്ള ചെടികൾ ഒക്കെ വാടി കരിഞ്ഞു തുടങ്ങി.
ന്യൂസ് പേപ്പറിലൊക്കെ സൂര്യതാപത്തിന്റെ കഥകളെ കേൾക്കാനുള്ളൂ ...ശരിക്കും മനുഷ്യൻ എത്ര നിസ്സഹായരാണ്. സൂര്യൻ ഒന്ന് നല്ലോണം കത്തി ജ്വലിച്ചാൽ മതി, ജീവൻ തന്നെ പൊളിഞ്ഞു പോവാൻ. എന്നിട്ടും എന്തൊരു അഹങ്കാരമാണ്.
വരുംവരായ്കയെ കുറിച്ച് ഒരു ചിന്തയില്ലാതെ കാട്ടി കൂട്ടുന്നതൊക്കെ എന്തൊക്കെയാണ്, ദൈവത്തിന്റെ സ്വന്തം നാടായ കേരളം നന്മയായ് സമൃദ്ധം എന്നൊക്കെ പറയാമെങ്കിലും, കുഞ്ഞി കുട്ടികളെ പോലും വെറുതെ വിടാത്ത കാമവെറിയൻമാരുടെ നാടാണ് എന്ന് കൂടി പറയുന്നതാണ് ശരി. ഇതിലെ വേട്ടക്കാരൻ മിക്കവാറും വിദ്യാസമ്പന്നമായവർ ആണ് എന്ന കാര്യം പ്രത്യേകം iചിന്തിക്കേണ്ടിയിരിക്കുന്നു.വൈദികന്മാർ, സ്വാമികൾ, മദ്രസപണ്ഡിതൻ ഇവർക്കൊക്കെ ബുദ്ധിയില്ലാത്തവരാണോ?. പിന്നെ ചില ആൾകാർ കുറ്റകൃത്യങ്ങൾ ചെയ്ത് കൂട്ടും സ്വബോധം ഇല്ലാതെ, ഇവരെ നിയന്ത്രിക്കുന്നത് ലഹരി പ്രദാർത്ഥങ്ങൾ ആയിരിക്കും.പിടിക്കപെട്ടാൽ ഉറ്റവരെയും, ഉടയവരുടെയും ഇടയിൽ നാണംകെട്ട്, എന്നും കുറ്റവാളികളുടെ ഉടുപ്പ് അണിഞ്ഞു തലയും താഴ്ത്തി നടക്കേണ്ടി വരും.സാറയുടെ ചിന്തകൾക്ക് തീ പിടിച്ചു. അവസാനം എപ്പോഴോ ഒന്ന് മയങ്ങി. സ്വപ്നത്തിൽ ഡാനിയുടെ രൂപം, ഏതോ കൊടുകാറ്റിൽ പെട്ട് ഡാനിയെ കാണാനില്ല. സാറ ഉറക്കത്തിൽ അലമുറയിട്ടു കരഞ്ഞു. ഞെട്ടിയുണർന്ന് ആകെ പകച്ചു പോയി.സാറയുടെ നിലവിളി കേട്ടതിനാൽ റോസ് ഓടിയെത്തി എന്നിട്ട് ചോദിച്ചു.
"എന്താ സാറാ.... എന്ത് പറ്റി, നീ വല്ല സ്വപ്നവും കണ്ടോ?"
"ഒരു വല്ലാത്ത സ്വപ്നമായിരുന്നു, നീ ക്രിസ്റ്റിയെ ഒന്ന് വിളിക്കൂ, കുട്ടികളുടെ വിവരം അറിയാമല്ലോ."
"അവര് വെക്കേഷൻ ആസ്വദിക്കട്ടെ. നിനക്ക് കുട്ടികളെ കുറിച്ച് എന്തൊരു വേവലാതിയാണ്. എന്നാൽ അവരെ അടുത്തു കിട്ടുമ്പോൾ നീ ചീറ്റപുലിയാകും. നോക്കൂ സാറ, സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്, മനസ്സിൽ സൂക്ഷിക്കാനുള്ളതല്ല. നിന്നെ ഇപ്പോൾ കുട്ടികൾ അകറ്റാൻ തുടങ്ങിയിരിക്കുന്നു, അത് എനിക്കു സഹിക്കുന്നില്ല. എല്ലാത്തിനും ഞാൻ വേണം. നിന്റെ സ്വഭാവത്തിന് മാറ്റം വരുത്തിയിട്ടില്ലെങ്കിൽ ഞാനിവിടെ നിന്ന് പോകും തീർച്ച."റോസ് പറഞ്ഞു നിർത്തി.
"എടാ... പാവം കുട്ടികൾ അല്ലെ, എന്റെ മനസ്സിന് നല്ല സുഖമില്ല, ഓരോ ചിന്തകൾ ആണ്. ഇപ്പോൾ ശരീരത്തിനും കൂടി അസുഖം ബാധിച്ചപ്പോൾ എനിക്കു എന്നെ നിയന്ത്രണത്തിൽ വരുത്താൻ കഴിയുന്നില്ല. അമലിനോട് പോലും നല്ല രീതിയാൽ പെരുമാറാൻ കഴിയുന്നില്ല."സാറ കിതപ്പോടെ പറഞ്ഞു.
"നീ അവരുടെ അമ്മയല്ലേ... മനോഹരമായ വീട് പണിയും പോലെ നീ ഒരു ശില്പിയാവണം.കുട്ടികൾക്ക് വേണ്ടത് ശക്തമായ ഒരു അടിത്തറയാണ്. ഇത് ചെറുപ്പത്തിലേ കിട്ടിയിട്ടില്ലെങ്കിൽ ഇന്നത്തെ കാലത്ത് സമൂഹത്തിനു തന്നെ ആപത്ത് വരുംട്ടൊ. അപ്പോൾ പിന്നെ നമ്മുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ?."ഇതും പറഞ്ഞു സാറ പുറത്തേക്ക് പോയി.
സാറക്ക് ഇത്രയും മതി ടെൻഷൻ അടിക്കാൻ. കുഞ്ഞുനാളിലെ എന്തെങ്കിലും ചെറുതായി കേട്ടാൽ മതി കരയാൻ തുടങ്ങും. ഒരിക്കൽ കുടിയൻ ചേട്ടന്റെ ഭാര്യ വീട്ടിൽ വന്നു, ചേട്ടന്റെ കള്ളുകുടിയെ കുറിച്ച് പറഞ്ഞു കരയാൻ തുടങ്ങി. ഇത് കേ ട്ടതും സാറ വാവിട്ട് കരഞ്ഞു. നമുക്ക് ഈ ചേട്ടനെ പോലീസിൽ എൽപ്പിക്കാം എന്ന് പറഞ്ഞു.
"അയ്യോ!മോളെ അങ്ങിനെയൊന്നും പറയല്ലേ, കുടിച്ചാലും, വഴക്കടിച്ചാലും അങ്ങേര് സ്നേഹമുള്ളവനാ. ഞങ്ങൾക്കുള്ള അന്നം തരുന്നതല്ലേ."
അന്ന് എത്ര ആലോചിട്ടും സാറക്ക് ഒന്നും മനസ്സിലായില്ല.ചേട്ടൻ കള്ള് കുടിച്ചു വീട്ടിൽ വഴക്കുണ്ടാക്കുകയില്ല എന്നാണ് പൊതു സംസാരമെങ്കിലും, സാറയോട് ഒരിക്കൽ അവരുടെ മോൻ പത്രോസ് കുട്ടി ചെവിയിൽ പറഞ്ഞു. ചാച്ചൻ കള്ളുകുടിച്ചു വീട്ടിൽ വന്നാൽ അമ്മച്ചിയേയും, പിള്ളേരെയും, ഇടിച്ച് സൂപ്പാക്കുമത്രേ, ഇത് കാരണം പള്ളികൂടത്തിലെ പാഠങ്ങൾ പഠിക്കാതെ ചാച്ചൻ വരുന്നതിനു മുമ്പ് അവർ ഒറക്കം പിടിക്കും.
അപ്പോൾ ഇത് എന്ത് സ്നേഹമായിരിക്കും, സ്നേഹമുള്ളവർ സ്വന്തം ഭാര്യയെ അടിക്കുമോ, മക്കളെ ഉപദ്രവിക്കുമോ?.ഇന്നിപ്പോൾ എല്ലാം മനസ്സിലാകുന്നു.
ശരീരത്തെ ബാധിച്ച അസുഖത്തെക്കാൾ വീര്യം കൂട്തലാ യിട്ട് സാറക്ക് തോന്നുന്നത്, മനസ്സിന്റെ അസുഖമാണ്.മനസിനെ പിടിച്ചു നിർത്താൻ കഴിയാതെ ദാമ്പത്യ ബന്ധത്തിലെ എത്ര സുന്ദരമായ നിമിഷങ്ങൾ ആണ് പാഴാക്കി കളഞ്ഞത്. എങ്ങെനെയെങ്കിലും പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടണം എന്ന് സാറക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല.
"സാറാ..നീ ഡോക്ടർ രഘുറാമിന്റെ മരുന്ന് കണ്ടിന്യൂ ചെയ്യുന്നില്ലേ.."അമൽ ഇടക്കിടെ സാറയോട് ചോദിക്കും.
"ഉണ്ട്... അമൽ..."
"നീ വെറുതെ പറയുകയാണ് അല്ലെ, നീ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ? പറഞ്ഞത് മനസിലാവാതെ വരാൻ, ഡോക്ടർ പറഞ്ഞത് നീ ഓർക്കുന്നുന്നില്ലേ?
"ചെറിയ ഡിപ്രഷൻന്റെ കുഴപ്പമെ ഉണ്ടായിരുന്നു. നിങ്ങൾ ഭാര്യയും, ഭർത്താവുമാണ്, ഇത്രയും വഷളാ ക്കിയത്. മനസ്സിൽ പല മുറിവുകളും ഉണങ്ങാതെ നിൽക്കും, അതിനെതിരെയാണ് നമ്മൾ പൊരുതേണ്ടത്. ടാബ്‌ലെറ്റ് തുടർന്ന് കഴിച്ചില്ല, കൗൺസിലിംഗ് പൂർത്തിയാക്കിയില്ല."ഡോക്ടർ നല്ല ദേഷ്യത്തിൽ തന്നെയായിരുന്നു.പിന്നെ അല്പം തണുത്ത് അമലിനോട് പറഞ്ഞു.
"കഴിഞ്ഞ കാലങ്ങളിളെ ഓർമകൾ സാറയുടെ ഉള്ളിൽ മുറിവായി കിടക്കുന്നുണ്ട്. എത്ര മായ്ക്കാൻ ശ്രമിച്ചാലും സാറ അത് പെരുമാറ്റത്തിലൂടെ പുറത്തേടുക്കും." "പഴയ സംഭവങ്ങളൊക്കെ അയവിറക്കി ദുഖിച്ചിരുന്നാൽ ഇന്നുള്ള ജീവിതം സന്തോഷപ്രദമാക്കാൻ കഴിയുമോ," സാറയോട് ഡോക്ടർ ചോദിച്ചു. " ഇന്ന് സന്തോഷത്തിൽ ഇരുന്നാൽ മാത്രമേ, ഭാവിയിൽ ഓർക്കാൻ നല്ല ചിന്തകൾ ഉണ്ടാകൂ.. അതിന് സാറയും സഹകരിക്കേണ്ടിവരും."
സാറ എങ്ങിനെ സഹകരിക്കാൻ, ഒരു നൂൽപ്പട്ടം പോലെയാണ്പോലെ സാറയുടെ മനസ്, അത് നേരം വെളുത്താൽ എന്നും ഈ ഭൂലോകം മുഴുവനും ചുറ്റി കറങ്ങേണ്ടത് ഉണ്ട്.
നല്ല മൂഢിലാണെങ്കിൽ കുട്ടികളോടും, അമലിനോടും നല്ല ഫ്രണ്ട്ലി. അമൽ പുറത്ത് പോയി വന്നാൽ സാറയുടെ മുഖംത്തേക്കൊന്ന് ഇടകണ്ണിട്ട് നോക്കും അമൽ, സാറയുടെ മൂഡ് അറിയാൻ. ഇത് കാണുമ്പോൾ സാറക്ക് ചിരി വരും.
റോസിന്റെ മുന്നിൽ അവളെന്നും കീഴടങ്ങിയിട്ടേ ഉള്ളൂ. റോസിനോട് പരിഭവമില്ല, ദേഷ്യമില്ല.
ഒരു ഞെട്ടിൽ വിരിഞ്ഞ രണ്ട് പുഷ്പങ്ങൾ, എന്നാൽ രണ്ട് പേരുടെയും സ്വഭാവം വളെരെ വ്യത്യസ്ഥമാണ്.സാറ പണ്ടേ തൊട്ടാവാടീ... റോസ് അങ്ങിനെയല്ല. ആവിശ്യത്തിലധികം എനെർജിറ്റിക് ആയിരുന്നു. ഒന്നിച്ചു ഉണ്ണുകയും, ഉറങ്ങുകയും ചെയ്ത് പോന്ന ഇവർ വേർപെട്ടത് റോസ് ഹാരിസിന്റെ കൂടെ ഒളിച്ചോടി പോയപ്പോൾ മാത്രമാണ്, ആ രംഗങ്ങൾ ഒക്കെ സാറയുടെ ഉള്ളം പൊള്ളിക്കും. അവസാനം പതം പറഞ്ഞു കരയും, തനിക്ക് ചാച്ചനെയും, അമ്മച്ചിയേയും മരണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ ദൈവമേ... അതിനുള്ള തന്റേടം തനിക്കില്ലാതെ പോയല്ലോ?
സാഹചര്യം റോസിന്റെ മനസ്സിനെ ഉരുക്കി വാർത്തിരുന്നു. എന്നാൽ അതേ സാഹചര്യം സാറയുടെ മനസ്സ് കളിപന്ത് പോലെയാക്കിയിരുന്നു.
ഒരു ദിവസം സാറ, റോസിനോട് ചോദിച്ചു.
"നോക്കൂ റോസ്, എന്നെക്കാളും ദുഷ്കരമായ പല അനുഭവങ്ങളുമാണ് നിനക്കുള്ളത്, സ്നേഹിച്ചവർ വഞ്ചിച്ചു. നീ കാരണം ചാച്ചനും, അമ്മച്ചിയും പോയി, ഇതൊന്നും നിന്നെ അലട്ടാറില്ലേ... നിന്റെ മുഖത്തു എന്നും പ്രസരിപ്പ് ആണ്, നീ എത്ര ഫ്രണ്ട്ലിയായിട്ടു ആണ്, അമലിനോടും, കുട്ടികളോടുമൊക്കെ പെരുമാറുന്നത്. നിനക്ക് സങ്കടമില്ലേ, ചാച്ചനെയും, അമ്മച്ചിയേയും കുറച്ചു ഓർത്തു നീ മൂഡ് ഓഫ് ആവാറില്ലേ?."
അതിനു മറുപടിയെന്നോനം റോസ് പറഞ്ഞു.
"സാറാ... ജീവിതം വിചിത്രമാണ്. നമ്മുടെ കണക്ക് കൂട്ടലുകൾ ഒന്നും നടക്കില്ല, എന്നാൽ ചിലത് നടക്കുകയും ചെയ്യും.ചാച്ചന്റെയും, അമ്മച്ചിയുടെയും മരണം എന്നിലൂടെ ഒരു നിമിത്തമായി. അവരുടെ ആയുസ്സ് അത്രയേ ഉണ്ടാകുകയുള്ളൂ. എനിക്കിപ്പോൾ ശക്തമായ ഒരു ലക്ഷ്യമുണ്ട്, അത് മറന്നു സങ്കടപെട്ടിരുന്നാൽ ഒന്നും നടക്കാതെ പോകും. ഞാൻ പ്രാർത്ഥിക്കുന്നതും, എന്റെ ജീവൻ നിലനിർത്തുന്നതും അതിന് വേണ്ടിയാണ്."
തുടരും...