ഭാഗം 14
ജീവിതം ഏതൊക്കെ വിധത്തിൽ ജീവിച്ചു തീർക്കണം എന്ന് ദൈവം നിശ്ചെയ്ക്കും എന്നാണ് പറയാറ്. എന്നാൽ എന്നാൽ, പേരെന്റ്സ്ന് കുട്ടികളോടുള്ള ചില തെറ്റായ സമീപനവും, കെയറിങ് കുറവും ചില കുട്ടികളുടെ ചിന്താഗതിയും പ്രവർത്തികളും, അവതാളത്തിൽ ആക്കും.
വീട്ടിലെ അന്തരീക്ഷം കുട്ടികൾക്ക് അനുകൂലമായിരുന്നില്ല. അമ്മക്ക് ദേഷ്യം അല്പം കുറവുണ്ട്. എന്നാൽ ഇപ്പോ വയ്യാന്നു പറഞ്ഞു കിടത്തം കൂടുതലാണ്. പപ്പക്കാണെങ്കിൽ ലാപ്ടോപ്, ഫോൺ ഇതൊക്കെ മതി. വീട്ടിൽ നിന്ന് എന്തോ തിരഞ്ഞു കിട്ടാത്തത് പോലെയുള്ള അവസ്ഥ. ഇതായിരുന്നു തനുവിന്റെയും, ഡാനിമോളുടെയും അവസ്ഥ. അങ്ങനെ അവരും പെട്ടെന്ന് ചാറ്റിങ്, ഫേസ്ബുക്ക്, വാട്സ് അപ്പ്, ഇവയുമായി ചങ്ങാത്തം കൂടി.
ഇതൊന്നും കണ്ടിട്ട് സാറക്ക് സഹിച്ചില്ല.
"ഡാനീ... നീ ആൺപിള്ളേരുമായിട്ടുള്ള ചാറ്റിങ് നിർത്തണം," സാറ ഇടക്കിട്ടെ പറയും.
"ഞാൻ ആൺപിള്ളേരുമായി ചാറ്റ് ചെയ്താൽ എന്താ കുഴപ്പം,"
ഡാനി വാശിയോടെ തിരിച്ചു ചോദിക്കും.
നീ ഡെയിലി ന്യൂസ് പേപ്പർ എടുത്ത് വായിക്ക്,അപ്പൊ അറിയാം ഈ ലോകത്തു എന്തൊക്കെയാ നടക്കുന്നത് എന്ന്.
"അമ്മ.. ഈ വീട്ടിനുള്ളിൽ ഇരുന്നിട്ട് ലോകവിവരം കുറവാ, അതോണ്ടാ ഇങ്ങിനെ സംസാരിക്കുന്നെ."കുട്ടികൾ സാറയെ കളിയാക്കും.
റോസിനോട് പരാതി പറഞ്ഞപ്പോ റോസ് പറഞ്ഞു, "എല്ലാവരും ഇങ്ങിനെ തന്നെയാ... കഴിഞ്ഞ തവണ കുട്ടികളുടെ മീറ്റിംഗിന് പോയപ്പോ, എല്ലാ പേരെന്റ്സ്ന്റെയും പരാതി ഇതൊക്കെ തന്നെയായിരുന്നു. ന്യൂ ജനറേഷൻ പിള്ളേരല്ലേ, നിനക്ക് ലോകത്തെ കുറിച്ച് അറിയാഞ്ഞിട്ടാണ്."
കുട്ടികളും ഇങ്ങിനെ തന്നെയാണ് പറയുന്നത്. സാറയുടെ അമ്മ ഹൃദയം അകാരണമായി തേങ്ങുകയായിരുന്നു, കുട്ടികൾ കൈ വിട്ടുപോകുകയാണ്.
വീണ്ടും രണ്ടാഴ്ച ചികിത്സയുമായി സാറയും, അമലും ഹോസ്പിറ്റലിൽ തങ്ങി. അമൽ വീട്ടിലേക്ക് വിളിക്കുമ്പോളൊക്കെ കുട്ടികൾ ഒരു വഴക്കും ഇല്ലാതെ അനുസരണയുള്ള കുട്ടികളായി ഇരിക്കുന്നു എന്നാണ് റോസ് പറഞ്ഞത്.
ചികിത്സ കഴിഞ്ഞു തളർന്നു അവശയായി സാറ വന്നപ്പോൾ തനുവിനും, ഡാനി മോൾക്കും ഒരു മൈന്റും ഇല്ലായിരുന്നു. ഇത് സാറയെ വല്ലാതെ തളർത്തി. രോഗത്തിന്റെ കാഠിന്യവും, വേദനയും അത്രതോളമുണ്ടായിരുന്നു.ദൈവം അങ്ങോട്ട് എടുത്തെങ്കിൽ എന്ന് ചിന്തിച്ച നാളുകൾ.എല്ലാ വേദനയും കടിച്ചമർത്തി ആശ്വാസത്തിന്റെ പൊൻ തൂവലിന്റെ തലോടൽ വിരിയുന്നത് തനുവിനെയും, ഡാനിമോളെയും കുറിച്ച് ഓർക്കുമ്പോൾ ആയിരുന്നു. മരിച്ചു വീഴും എന്ന് തോന്നിയപ്പോഴൊക്കെ വീണ്ടും ഊർജം വന്ന് നിറഞ്ഞത് അവരോടുള്ള വാത്സല്യം ചുരത്തിയപ്പോഴായിരുന്നു. താൻ ഈ ഭൂമിയിൽ നിന്ന് പോയാൽ അവർക്കാരുണ്ട്. അവരെ വളർത്തേണ്ടേ?വിദ്യാഭ്യാസം കൊടുക്കേണ്ടെ,? പേരമക്കൾക്ക് തുണയകേണ്ടേ... എല്ലാം ഓർക്കുമ്പോൾ സാറ ദൈവത്തോട് ഓരോ ദിവസവും കടം ചോദിക്കലായി പിന്നെ.
ഹോസ്പിറ്റലിൽ സാറയുടെ കൂടെ ഉണ്ടായിരുന്ന വത്സല ചേച്ചിയുടെ കാര്യം ഓർക്കുമ്പോളെ സാറക്ക് ഉൾക്കിടിലം തോന്നും. ഭർത്താവും, രണ്ട് പെൺകുട്ടികൾ മാത്രം, വീട്ടിൽ വേറെയാരും ഇല്ല.അർബുദത്തിന്റെ നീരാളി പിടുത്തം മൂന്നാം ഘട്ടത്തിൽ ആയപ്പോഴാണ് അറിഞ്ഞത് തന്നെ.ക്യാൻസറിനെ പ്രതിരോ ധിക്കാനും, മൈൻഡ് പവർ കൊടുക്കാനുമൊക്കെ, ക്ലാസും, കൗൺസിലിംഗ് ഒക്കെ കൊണ്ട് പിടിച്ചു നടക്കുന്നുണ്ടായിരുന്നു. അപ്പോൾ സാറ വത്സലചേച്ചിയുടെ ചെവിയിൽ മന്ത്രിച്ചു. "ഇതിനേക്കാളും വലിയ മൃതസഞ്ജീവനിയായിട്ടാണ് നമുക്ക് ന മ്മളെ സ്നേഹിക്കുന്ന ആൾക്കാര് കാത്തിരിക്കുന്നത്. അവരെ കുറിച്ച് ആലോചിക്കുമ്പോൾ നമുക്ക് ക്ഷീണവും, തളർച്ചയും ഒന്നും തോന്നൂലാ. അപ്പോൾ ചേച്ചി സാറയെ വല്ലാത്തൊരു നോട്ടം നോക്കി."ആ കൃഷ്ണമണി എങ്ങോട്ടാ ദൃഷ്ടി പതിപ്പിച്ചിട്ടിട്ടുള്ളത് എന്ന് കൺഫ്യൂഷൻ. പ്രേതത്തെ കണ്ടത് പോലെ ആ മുഖം പേടിച്ചിരുന്നു.
"മോളെ...വയ്യ, മരിച്ചാൽ മാത്രം മതി മക്കളൊക്കെ അവരുടെ വഴിക്ക് വളരും. ഞാനിപ്പോ എന്റെ അസുഖത്തെയാണ് സ്നേഹിക്കുന്നത്." ചേച്ചി ഭ്രാന്തിയെ പോലെ ചിരിച്ചു. ചേച്ചിക്ക് ഉമിനീർ ഗ്രന്ഥിയിലായിരുന്നു അസുഖം പിടിപെട്ടത്.
ചേച്ചീ... സാറ അലിവോടെ വത്സലചേച്ചിയെ വിളിച്ചു. എന്നിട്ട് പറഞ്ഞു.
"ഇതേ അസുഖം അവസാനഘട്ടത്തിൽ ആയ ഒരു ചേച്ചിയെ എനിക്കറിയാം. ഇപ്പോൾ പൂർണമായി ഭേദമായി പയറുമണിപോലെ നടക്കുന്നു.ഇത് കാലം വേറെയാ ചേച്ചി, ശാസ്ത്രം വളർന്നു."
ചേച്ചിയുടെ മുഖം നക്ഷത്രത്തെ പോലെ തിളങ്ങി. എന്നിട്ട് പറഞ്ഞു. "എനിക്കു അല്പം ആശ്വാസം തോന്നുന്നു, ആളുകൾക്ക് എന്നെ കാണുന്നത് പോലും പേടിയാണ്."
"ചേച്ചീ... നമ്മൾ ഈ ഭൂമിയിൽ ഒരു ദിവസമാണെങ്കിലും, ഒരു വർഷത്തെ പ്രസരിപ്പോടെ ജീവിക്കണം, എല്ലാവരും എന്തെങ്കിലുമൊക്കെ പറയട്ടെ, നമുക്ക് നമ്മുടെ സ്റ്റാന്റ് ഉറപ്പിച്ചു നിർത്തണം. ഇങ്ങനെ ആശുപത്രി വാസമൊക്കെ കഴിഞ്ഞു വന്ന സാറയെ വരവേറ്റത് കുട്ടികളുടെ മുനവച്ചുള്ള സംസാരമായിരുന്നു.
"എക്സാം ഒക്കെ നന്നായി എഴുതിയോ? ഹോസ്പിറ്റലിൽ നിന്ന് എത്തിയ ഉടനെ സാറ ചോദിച്ചു.രണ്ടാൾക്കും പബ്ലിക് എക്സാം ആയിരുന്നു . പ്ലസ് ടു കഴിഞ്ഞ് തനുവിന് എന്താ പരിപാടി."
"എന്തും ആവാം... എടുത്തടിച്ചത് പോലെയായിരുന്നു തനുവിന്റെ മറുപടി.അമ്മയെന്തിനാ ഇതൊക്ക അന്വേഷിക്കുന്നത്,ഇടക്കിട്ടെ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു പോയി, ടൂർ കഴിഞ്ഞു വരുന്നത് പോലെ വരും. അന്വേഷിക്കാൻ വന്നിരിക്കുന്നു."
പിന്നെ ഒരു പടക്കം പൊട്ടുന്നപോലത്തെ അടിയാണ് കേട്ടത്. അമൽ തനുവിനെ അടിച്ചിരിക്കുന്നു. ഡാനിയാകെ പേടിച്ചു വിറച്ചു നിൽക്കുകയാണ്.
"മോളെ നീ വരുന്നുണ്ടോ, തനുവിന്റെ കനത്തസ്വരം, ഡാനിയോട് ആണ്. വരുന്നുണ്ടെങ്കിൽ പോര്. ഇവർക്ക് ഒക്കെ വട്ട് ആണ്. ഇവിടെ നിന്നാൽ നമുക്കും ഭ്രാന്ത് പിടിക്കും."
അങ്ങിനെ തനുവും,ഡാനിയും അവിടെ നിന്ന് ഇറങ്ങി, ക്രിസ്റ്റിയുടെ അടുത്തേക്ക്, തിരുവനന്തപുറത്തേക്ക്.സാറ മാസത്തോളം ബെഡിൽ തന്നെയായിരുന്നു മനസ്സും, ശരീരവും, തളർന്ന് കിടന്നു. പിന്നെ ആശ്വാസത്തോടെ എണീറ്റു. കുട്ടികൾ അവിടെ നിൽക്കട്ടെ. ഈ ദുരന്തത്തിൽ നിന്ന് അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ ഒരു മോചനം.അവൾ വേദനോടെ ചിന്തിച്ചു.
(തുടരും...)