mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 23

അപ്രതീക്ഷമായ പെയ്തമഴ കാരണം വോട്ടിംഗ്നുപോയ റോസും, അമലും പെട്ടെന്ന് തിരിച്ചെത്തി. മുളകൊണ്ടുണ്ടാക്കിയ കസേരയിൽ ഇരുന്ന് കൊണ്ട് സാറ മതിയാവോളം മഴ നനഞ്ഞു ആസ്വദിച്ചു.

മഴ ശക്തിയായി പെയ്തിട്ടും അവിടെ നിന്ന് എണീക്കാൻ കൂട്ടാക്കാത്തത് കൊണ്ട് റോസും, അമലും അവളുടെ അടുത്ത് കുത്തിയിരുന്നു.

എന്തൊക്കെയാണ് ദൈവം ഒരുക്കിയിരിക്കുന്നത്, എല്ലാം അപ്രതീക്ഷിതമാണല്ലോ, ഇലകളും ഇതിനു സാക്ഷിയായി പൊഴിയുന്നുണ്ടായിരുന്നു.സാറക്ക് തോന്നി തന്റെ ഞെട്ടിനും ബലം കുറഞ്ഞു കൊഴിയാറായിരിക്കുന്നു എന്ന്. മനസിന്റെ ബലത്തിലാണല്ലോ ഇപ്പോൾ ജീവിക്കുന്നത് തന്നെ. എന്നാൽ ശരീരം അല്പമൊന്ന് ഉടഞ്ഞിട്ടുണ്ടോ.? മുടിയിൽ അവിടെയിവിടെയായി കാണുന്ന വെള്ളി വരകൾ അതാണ് ഓർമിപ്പിക്കുന്നത്. രണ്ട് ദിവസം മുമ്പ് മുടി ഒതുക്കി കെട്ടുന്നതിനിടയിൽ റോസ് ആണ് അത് കണ്ട് പിടിച്ചത്. എന്നിട്ട് പറഞ്ഞു, "നിന്റെ മുടിയിൽ ഒന്ന് രണ്ട് നരയുണ്ട് എന്നതൊഴിച്ചാൽ നിന്റെ സൗന്ദര്യത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല, എന്താടീ ഇതിന്റെ രഹസ്യം."

"പോടീ... ഞാൻ കിളവിയും, നീ ഇപ്പോളും ചെറുപ്പവുമാണല്ലോ," സാറ ചോദിച്ചു.

"അല്ലെടീ... എന്റെ കണ്ണിന്റെ അടിയിലുള്ള ശോകം ഭാവം നീ കാണുന്നില്ലേ."റോസിന്റെ മുഖം പെട്ടെന്ന് വിളറിയ പോലെ തോന്നി.

മഴ നന്നായി കുറഞ്ഞു. മൂന്നുപേരും നന്നായി നനഞ്ഞിരുന്നു.

 "നമ്മൾ വളരേണ്ടിയിരുന്നില്ല അമൽ പഴയകാലം ഓർമ്മിച്ചു കൊണ്ട് പറഞ്ഞു."എല്ലാവരുടെയും മനസ്സിൽ ആകുട്ടികാലം ആയിരുന്നു. കുടയുണ്ടായിട്ടും മഴ നനഞ്ഞു നടന്നതും, മറ്റും, പെട്ടെന്ന് റോസിന് കുട്ടികളെ ഓർമ വന്നു.

"നമുക്ക് കുട്ടികളെ കൊണ്ട് വന്നാലോ?" റോസ് ചോദിച്ചു.

"വേണ്ട... റോസ്, വെക്കേഷൻ തുടങ്ങിയില്ലേ, അവര് തനിയെ വരുമെന്ന് വെറുതെ മോഹിച്ചു. അല്ലെങ്കിലും ഇവിടെ വന്നാൽ അവർക്ക് ബോറടിയല്ലേ... ഞാൻ വെറുതെ മോഹിച്ചിരുന്നു. ഞാൻ ഒരേ കിടപ്പ് കിടക്കുമ്പോൾ അവർ വന്ന് എന്നെ ശുശ്രൂഷിക്കും എന്നൊക്കെ. ഒന്ന് വരുന്നില്ലല്ലോ അവര്, എന്നോട് വഴക്കുണ്ടോ അവർക്ക്. ഒന്ന് ഫോണിലൂടെ സംസാരിക്കാൻ പോലും നേരമില്ല. സാറ വ്യസനത്തോടെ പറഞ്ഞു."

ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഇങ്ങിനെതന്നെയാണ്. പിന്നെ ഇതിൽ നൂറു ശതമാനം തെറ്റ് കാരി നീ തന്നെയാണ്. നിന്റെ അസുഖ വിവരം അവരോട്ന്തിന് മറച്ചു വെച്ചു. അവര് ഇപ്പോഴും വിചാരിക്കുന്നത് നിനക്ക് ഡിപ്രെഷൻ കൂടി തളർന്ന് പോയതാ എന്നാണ്.നിന്റെ ഓരോ വാശി. അമ്മയെ അറിഞ്ഞു വളരണം അവര്. എന്നാലേ നിന്നെ അവര് അറിയുകയുള്ളൂ. "റോസ് പറഞ്ഞു.

"അവരുടെ പഠനത്തെ ബാധിക്കും എന്നോർത്തല്ലേ....അതൊക്കെ പോട്ടെ,തനുവിന് വിവാഹപ്രായമൊക്കെ ആയി തുടങ്ങി."സാറ ആഹ്ലാദത്തോടെ പറഞ്ഞു.

"ഇപ്പോ ജോലി അന്വേഷിക്കുകയല്ലേ. ജോലി ഒക്കെ കിട്ടി ഒന്ന് സെറ്റിലാവട്ടെ."

അല്ലെങ്കിലും അവനെന്തിനാ ജോലി അവന്റെ പപ്പ അവന് വേണ്ടതെല്ലാം സമ്പാദിച്ചിട്ടുണ്ട്.എന്റെ കാര്യങ്ങളൊക്കെ ഏകദേശം തീരുമാനമായി തുടങ്ങിയെന്ന് തോന്നുന്നു. നീയും അമലും കുട്ടികളെ പ്രത്യേകം കെയർ ചെയ്യണം. ഞാൻ പോയി കഴിഞ്ഞാൽ എന്റെ അസുഖത്തെ കുറിച്ചും, ഞാൻ അനുഭവിച്ച വേദനയെ കുറിച്ചുമൊക്കെ അവരോട് പറയണം."

"നീ വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ കൂട്ടണ്ട...നടക്കേണ്ടതൊക്കെ അതിന്റെ വഴിക്ക്‌ നടക്കും. എന്റെ കാര്യം തന്നെ ആലോചിച്ച് നോക്ക്. എനിക്ക് ഈ ഭൂമിയിൽ ദൈവം തന്നത് ഒന്ന്. ഞാൻ കണക്ക് കൂട്ടിയത് മറ്റൊന്ന്." റോസ് തൊണ്ട ഇടറി കൊണ്ട് പറഞ്ഞു.

"എനിക്കൊരു കാര്യം അറിയണമെന്ന് ആഗ്രഹം ബാക്കിയുണ്ട്. നിന്നെ സങ്കടപെടുത്തേണ്ട എന്ന് വിചാരിച്ചാ, ഇത് വരെ അതേ കുറിച്ച് ചോദിക്കാതിരുന്നത്. നിന്റെ പ്രണയം, പ്രണയനഷ്‌ടം, അത് എങ്ങിനെയായിരുന്നു."സാറ ചോദിച്ചു.

"പ്രണയം തന്നെ, പ്രണയനഷ്‌ടം ഉണ്ടായിട്ടില്ല. അത് ഇപ്പോഴും തുടരുന്നു".

"നീയെന്താ പറയുന്നത് റോസ്, എന്നിട്ട് അവൻ എവിടെ നിന്റെ 'ഹാരിസ്',"

"അവൻ എല്ലായിടത്തും ഉണ്ട്."

"അവനെന്താ ഈശ്വരൻ ആണോ?" സാറ ചോദിച്ചു.

"എനിക്ക് ഈശ്വരൻ തന്നെയാണ്." റോസ് വിഷമത്തോടെ പറഞ്ഞു.

"നിനക്കൊരു കുടുംബം ഇല്ലാതെ പോയല്ലോ, അതാണ് എനിക്ക് സങ്കടം. നമുക്കൊരു വിവാഹം നോക്കിയാലോ, അത്ര പ്രായം ഒന്നും ആയിട്ടില്ലല്ലോ... നിനക്ക്.അമൽ എന്താ ഒന്നും മിണ്ടാത്തത്?"

"ഞാനെന്ത് പറയാൻ, അവൾ പറയട്ടെ!"

"നോക്കൂ... റോസ് പറഞ്ഞു. മനസ്സ് കൊണ്ട് ഞങ്ങൾ വിവാഹം കഴിച്ചതാണ്. അതൊരു കഥയാണ്. ആരും വിശ്വസിക്കില്ല."

"നീ പറയൂ... ഞങ്ങൾക്ക്‌ നല്ല ആകാംക്ഷയുണ്ട്..

"ടി ടി സി ക്ക്‌ പഠിക്കുമ്പോൾ ബസിലുള്ള ദൂര യാത്രയുടെ മടുപ്പ് ഒഴിവാക്കാൻ എനിക്കൊരു കൂട്ടുകാരനെ കിട്ടി. 'ഹാരിസ്'

വാതോരാതെ സംസാരിക്കുകയും, പൊട്ടി ചിരിക്കുകയും, തമാശകൾ പറയുകയും ചെയ്യുന്ന ഹാരിസു മായുള്ള കൂട്ട് വെറുമൊരു സൗഹൃദമായിരുന്നില്ല.അതിനേക്കാൾ എന്തോ ഒരു അടുപ്പം. അതിന് ഒരു കാരണവും ഉണ്ടായി.

ഞങ്ങൾ ഗേൾസ് എല്ലാവരും കൂടെ ചെമ്പ്രപീക്ക് കയറാൻ പ്ലാൻ ചെയ്തു. അവിടെ വെച്ച് എന്റെ കല്ല് പതിപ്പിച്ച കമ്മൽ നഷ്‌ടപ്പെട്ടു.

ഏത് കമ്മൽ... നമ്മുടെ ബർത്ത്ഡേയ്ക്ക് അമൽ സ്പെഷ്യൽ ആയി വാങ്ങി തന്ന കമ്മലോ?

അതേ... അമൽ അത് പറയുമ്പോൾ വികാരധീനമായി പറഞ്ഞത് നിനക്കോർമ്മയില്ലേ? "നമ്മൾ പിരിഞ്ഞാലും ഈ കമ്മൽ രണ്ട് പേരും നഷ്‌ടപെടുത്തരുത്. ഈ കല്ലിൽ തിളങ്ങുന്നത് എന്റെ സ്നേഹവും, സൗഹൃദവുമാണ്."

കമ്മൽ പോയ സങ്കടത്തിൽ ഞാനും എന്റെ കൂട്ടുകാരികളും, കുറെ നേരം തെരഞ്ഞു നടന്നു.അത് നഷ്‌ടപെട്ടപ്പോൾ കുറെ സങ്കടം തോന്നി. അന്ന് ബസ് കയറി വീട്ടിലേക്ക് വരുമ്പോൾ ഒറ്റകാതിൽ കമ്മലിട്ടത് കണ്ട് കുറെയാളുകൾ കളിയാക്കി. ഞാൻ അത് ഊരി ദേഷ്യത്തോടെ ബസിലേക്ക് ഇട്ടു.ദേഷ്യം ശമിച്ചപ്പോൾ ഞാൻ ആ കമ്മൽ കുറെ തെരെഞ്ഞെങ്കിലും കണ്ട് കിട്ടിയില്ല. ദിവസങ്ങൾ പോയികൊണ്ടിരിക്കെ, ഒരു ദിവസം ഞങ്ങൾ കൂട്ടുകാരികൾ എല്ലാവരും കൂടെ കാന്റീനിൽ ഇരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഹാരിസ് അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.

"റോസ്.. നിന്നോടൊരു കാര്യം പറയാനുണ്ട് നമുക്ക് മാറി നിന്ന് സംസാരിക്കാം."അവനെ അനുഗമിക്കുമ്പോൾ എന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു, എന്താണ് കാര്യമെന്ന് ഓർത്ത്.

ഞാനും, അവനും, ഒരു മരച്ചുവട്ടിൽ എത്തി. അവൻ അവന്റെ കയ്യിലുള്ള വെളുത്ത കർചീഫ് എടുത്ത്‌ തുറന്നു, എന്നിട്ട് അതിൽനിന്നും എന്റെ കല്ല് കമ്മൽ പുറത്തെടുത്തു. എന്നിട്ട് ചോദിച്ചു. "ഇത് നിന്റേതല്ലേ..."

എനിക്ക് അത്ഭുതവും, അതിശയവും ഒരുമിച്ചു ഉണ്ടായി. കാരണം ഒന്ന് നഷ്‌ടപ്പെട്ടത് മലയുടെ മുകളിൽ, മറ്റൊന്ന് ബസിലും.

ഞാൻ അത് തട്ടി പറിച്ചു കൊണ്ട് ചോദിച്ചു.

"നിനക്കിത് എവിടെനിന്നാണ് കിട്ടിയത്." ഹാരിസ് ഒന്നും പറയാതെ നടന്നു നീങ്ങുകയാണുണ്ടായത്.

കമ്മലിന്റെ കാര്യം ഫ്രണ്ട്സ്നോട് പറഞ്ഞപ്പോ, 'നിന്നോടുള്ള സ്നേഹം മൂത്ത്, അവൻ പുതിയത് വാങ്ങിയതായിരിക്കും എന്നാണ് എല്ലാവരും പറഞ്ഞത്, ഞാനും അങ്ങിനെ കരുതി.

ഒരു ദിവസം ഞാൻ ഹാരിസ്നോട് നേരിട്ട് ചോദിച്ചു. ലൗ തന്നെയാണ്, എന്നാൽ ഞാൻ ആ കമ്മൽ വാങ്ങിയതല്ല!അതൊരു അത്ഭുതകഥയാണ്. ഹാരിസ് പറഞ്ഞു.

ഞങ്ങൾ മല കയറി ഇറങ്ങിയശേഷം ഹാരിസും, ഫ്രെണ്ട്സും മല കയറാൻ വന്നിരുന്നു. പടർന്നു പിടിച്ച പുല്ലിനെ വളഞ്ഞു മാറ്റി നടക്കുന്നതിനിടയിൽ തിളങ്ങുന്ന കമ്മൽ കണ്ണിൽ പെട്ടു.കയ്യിൽ എടുത്തപോളാണ് ഹാരിസിന് മനസ്സിലായത്. ഞാൻ കാതിലണിഞ്ഞ അതേ കമ്മൽ ആണ്‌ അതെന്ന്. അത് എന്റെ കയ്യിൽ എൽപ്പിക്കാനായി ഞങ്ങൾ കയറിയ അതേ ബസിൽ തന്നെകയറുമ്പോൾ ഹാരിസിന്റെ കാലിൽ എന്തോ തടഞ്ഞു. എടുത്തു നോക്കിയപ്പോൾ കയ്യിലുള്ള കമ്മലിലിന്റെ പെയർ. ശരിക്കും ത്രില്ലടിച്ചു പോയത്രേ!

എല്ലാം പുരാണ കഥകളിലെ അത്ഭുതം പോലെ തോന്നി. ഞങ്ങളുടെ സ്നേഹം റിയൽ ആയിരുന്നു. അത് ദൈവം കൂട്ടി ചേർത്തത് എന്നാണ് ഹാരിസ് പറയാറ്.

"എന്നിട്ടെന്താ നിങ്ങൾ പിരിഞ്ഞത്."സാറ ചോദിച്ചു.

"അമലിന് എല്ലാം അറിയാം. റോസ് പറഞ്ഞു."

"ഹാരിസിന്റെ മാതാപിതാക്കൾ മിശ്രവിവാഹം കഴിച്ചവരാണ്. അവർക്കും എന്നെ ഇഷ്‌ടമായിരുന്നു. രണ്ട് പേരും പുറത്താണ്, അവര് ലീവിന് നാട്ടിൽ വന്നപ്പോഴാണ് രെജിസ്റ്റർ വിവാഹത്തെ കുറിച്ച് തീരുമാനമെടുത്തത്. ചാച്ചനെയും, അ മ്മച്ചിയേയും നാട്നെയും പേടിയായിരുന്നു ഞങ്ങൾക്ക്. അത് കൊണ്ട് വിവാഹം രഹസ്യമാക്കി വെച്ചു ഒന്നും അറിയാത്തത് പോലെ മുന്നോട്ട് പോകാൻ തീരുമാനിച്ചു, ചാച്ചാനെയും, അമ്മച്ചിയേയും, സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെല്ലോ. എന്നാൽ പറഞ്ഞസമയത്ത് ഹാരിസ് വന്നില്ല, ഒരിക്കലും വന്നില്ല. പിന്നീട് അവനെ പറ്റി യാതൊരു വിവരവും ഉണ്ടായിട്ടില്ല, പല വഴിക്ക് അന്വേഷിച്ചു. അന്ന് തന്നെ ഹാരിസിന്റെ സുഹൃത്തുക്കൾ അമലിനെ വിവരം അറിയിച്ചിരുന്നു. അപ്പോഴേക്കും, ചാച്ചനും, അമ്മച്ചിയും," റോസ് പൊട്ടി കരഞ്ഞു.

ഈ പ്രപഞ്ചത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണാമത്തെ കുറിച്ചു ചിന്തിച്ചാൽ, ഒരു കുഞ്ഞ് പിറന്നത് മുതൽ അവസാനവരെയുള്ള ജീവിതം, ചിലപ്പോൾ മഞ്ഞുപോലെ, ചാറ്റൽ മഴ പോലെ, മഴ പോലെ, പേമാരി പോലെ എന്തും സംഭവിക്കാം, എത്ര താണ്ഡവമാടിയാലും, പിന്നെയും സാധാരണ രൂപത്തിൽ ജീവിച്ചു കൊണ്ടേയിരിക്കണം. മനുഷ്യന് എന്നും പ്രതീക്ഷയും, അത് കയ്യിൽ കിട്ടാത്തപ്പോൾ നിരാശയുമാണ്. നമ്മുടെ കണക്ക് കൂട്ടലുകൾ ഓരോന്നു പിഴക്കുമ്പോൾ വളരെയേറെ ദുഷ്കരമായപാതയിലൂടെ നമ്മൾ കടന്ന് പോകുന്നത് എന്ന് തോന്നും. പിന്നീട് അത് ഓർത്തു തളർന്നിരിക്കും. അവിടെ നിന്ന് ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞു കിട്ടിയാൽ ചിലയാൾക്കാർ രക്ഷപെടും, എന്നാൽ ചിലരൊ വിധി എന്ന രണ്ടക്ഷരത്തിന്റെ വികൃതി എന്ന് ആസ്വദിച്ച് എടുത്താൽ പൊന്താത്ത ഭാണ്ഡകെട്ടുകൾ തൂക്കി വലിച്ചു വലിച്ചു റാലിയെ പോലെ നടക്കുന്നു.

തുടരും... 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ