ഭാഗം 25
സാറക്ക് പൊട്ടെന്നൊരു അബോധവസ്ഥ. അമലും, റോസും സാറയെ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. തനുവും, ഡാനി മോളും ക്രിസ്റ്റിയുടെയും, ചാച്ചന്റെയും, അമ്മച്ചിയുടെയും കൂടെ പോയതിൽ പിന്നെ അമ്മ -മക്കൾ ബന്ധത്തിന് നല്ല വിടവ് വന്നിരുന്നു.
തളർച്ച ബാധിച്ച ശരീരത്തോടൊപ്പം, നാവുകൾ ഉപയോഗിക്കാതെ സാറ ഏറെ നാൾ മൗനിയായിരുന്നു.
അമ്മയുമായി വഴക്ക് കൂടി പോയതാണെങ്കിലും കുട്ടികൾ സ്ഥിരമായി തിരുവനന്തപുരത്ത് നിൽക്കാൻ പോയതല്ല. തനുവും, ഡാനി മോളും അത് ആഗ്രഹിച്ചിട്ടും ഇല്ലായിരുന്നു. പെട്ടെന്നുണ്ടായ തിരുവനന്തപുരത്തേക്കുള്ള പറിച്ചു നടലും, ക്രിസ്റ്റിയുടെയും, ചാച്ചന്റെയും, വല്ല്യമച്ചിയുടെയും സ്നേഹലാളനകൾ കൂടിയായപ്പോ അവരുടെ മനസ്സ് പറക്കാൻ തുടങ്ങി.
ആദ്യമൊക്കെ രണ്ട്, മൂന്ന് ദിവസമൊക്കെ കുട്ടികളോടൊപ്പം അമൽ പോയി നിൽക്കാറുണ്ട്. സാറയുടെ ചികിത്സയുടെ നാളുകൾ അവിടെയാണ് തങ്ങാറുള്ളത്. കുട്ടികൾ അറിഞ്ഞു മനസ്സ് വിഷമിക്കും എന്ന് വിചാരിച്ച് സാറ അവരുമായി അധികം ഇടപെടാറില്ല.
ക്രിസ്റ്റിയാണ് അമലിനോട് ഫോൺ വിളിച്ചു പറഞ്ഞത്, "കുട്ടികൾ ഇനി ഇവിടെ പഠിക്കട്ടെ. അവിടുത്തെ അന്തരീക്ഷത്തിൽ നിന്ന് ഒന്ന് മാറി നിൽക്കുന്നത് തന്നെയാണ് നല്ലത്.."
"കുട്ടികൾ എന്തു പറഞ്ഞു, അമൽ ചോദിച്ചു."
"അമ്മക്ക് വിഷമമാകും എന്നാണ് പറഞ്ഞത്.അപ്പോൾ തനുവിന്റെ ഐഡിയ കേൾക്കണോ നിനക്ക്?"
എന്താടാ... അമൽ ചോദിച്ചു
"അമ്മയോട് വഴക്കിൽ തന്നെ നിൽക്കുക. എന്നിട്ട് പഠിത്തമൊക്കെ കഴിഞ്ഞു, അമ്മയെ ഞെട്ടിച്ചു കൊണ്ട് കെട്ടിപിടിച്ചു ഉമ്മ കൊടുക്കുക. ഞങ്ങൾക്ക് വഴക്കൊന്നും ഇല്ല നിറയെ നിറയെ സ്നേഹമാണെന്നും, തിരുവനന്തപുരത്ത് നിൽക്കാൻ ഞങ്ങൾ ഐഡിയ ഇറക്കിയതാണെ ന്നും പറയുക എന്ന്."
"അവർക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കിൽ ഞാൻ സാറായോടൊന്ന് ചോദിക്കട്ടെ." അമൽ അതും പറഞ്ഞു ഫോൺ വെച്ചു.
സാറയോട് പറഞ്ഞപ്പോൾ അവൾക്കും സമ്മതം. "നല്ല എഡ്യൂക്കേഷൻ കിട്ടുമല്ലോ. നന്നായി വളരട്ടെ. ഇവിടുത്തെ അന്തരീക്ഷത്തിൽ നിന്നാൽ ഏതായാലും അവർക്ക് പഠിക്കാൻ കഴിയൂല."
അധിക ദിവസവും, തനുവും, ഡാനിയും അമലിനെയും റോസിനെയും വിളിച്ചു സംസാരിച്ച് ശേഷം, റോസ് കൊണ്ട് പോയി സാറയുടെ ചെവിയിൽ ഫോൺ വെച്ചു കൊടുക്കുകയാണ് പതിവ്. ഒന്നോ, രണ്ടോ, വിശേഷം അങ്ങോട്ടും, ഇങ്ങോട്ടും ചോദിച്ചു ഫോൺ വെക്കും. കൂടുതൽ സംസാരിക്കാൻ മുതിരാറില്ല. അത് സ്നേഹംകൊണ്ടാണ്. എന്നാൽ ഇരു കൂട്ടരും അത് മനസ്സിൽ ഒതുക്കി. അമ്മയോടുത്ത് കൂടുതൽ സംസാരിച്ചാൽ അമ്മയുടെ അടുത്തേക്ക് പോവണം എന്ന് തോന്നും. ആ സ്നേഹത്തിന്റെ ചിറകിനുള്ളിൽ ഒതുങ്ങി കൂടാൻ അവർക്ക് ഏറെയിഷ്‌ടമായിരുന്നു. ഈ ഭൂമിയിൽ അവര്, ഏറെ സ്നേഹിച്ചത് അവരെ അമ്മയെയായിരുന്നു. ഇടക്ക് അമ്മ സ്നേഹത്തിന്റെ നിറകടൽ ആവുമായിരുന്നു. അത് മാത്രം മതി ഇവർക്ക് നിർവൃതിയടയാൻ. എന്നാൽ ചിലപ്പോഴൊക്കെ സാറ അസുഖത്തിന്റെയും, നോവിന്റെയും, ഭാരം പേറി നടക്കുമ്പോൾ കുട്ടികളെ ശ്രദ്ധിക്കാറില്ല. ഇത് കുട്ടികൾക്ക് താങ്ങാനും കഴിയുമായിരുന്നില്ല. സ്നേഹം കിട്ടാതെ വന്നപ്പോലാണ് കുട്ടികളും വഴക്ക് തുടങ്ങിയത്. സാറ ക്കാകട്ടെ, കുട്ടികൾ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും കരച്ചിൽ വരും. പിന്നെ സംസാരം നിർത്തി റോസിന് ഫോൺ കൈമാറും, പിന്നെ വിതുമ്പി കരയും.
എല്ലാവരെയും പോലെ അടുത്തിരുത്തി തലോടാനോ, സ്നേഹിക്കാനോ കഴിയാതെയുള്ള നിസ്സഹായാവസ്‌ഥ നിറഞ്ഞ ഒരമ്മയുടെ കരച്ചിൽ ആയിരുന്നു അത്.
സാറ അബോധാവസ്ഥയിലേക്ക് ആണ്ടിറങ്ങിയപ്പോൾ മാനസികമായി, അത് അമലിനെയും, റോസിനെയും വല്ലാതെ തകർത്തു. സാറക്ക് നല്ല പുരോഗതിയായിരുന്നു, തിരിച്ചു വരും എന്ന് തന്നെയാണ് കരുതിയത്.
കാലം കൂർത്ത നഖങ്ങൾ നീട്ടികൊണ്ട് ആരെക്കൊയോ വല വീശി പിടിച്ചു. അമലും, കുടുംബവും, കൂടെ റോസും, ആ വലയിൽ പെട്ടുപോയി. കുട്ടികൾ ഒരു കണക്കിന് ക്രിസ്റ്റീയുടെ അടുത്തായത് നന്നായിയെന്ന് റോസ് ചിന്തിച്ചു. എന്നാലും സാറക്ക് അവരെ ഇനി കൺകുളിർക്കെ കാണാൻ കഴിയൂലെ എന്ന് റോസ് വിഷമത്തോടെ ഓർത്തു.
വീട്ടിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്. സാറയെ ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞു.
റോസ് ഹോസ്പിറ്റലിൽ മുറിയുടെ പുറത്തിറങ്ങിക്കൊണ്ട് ക്രിസ്റ്റിയെ വിളിച്ചു.
"ക്രിസ്റ്റീ.. നീ ചാച്ചനെയും, അമ്മച്ചിയേയും, കുട്ടികളെയും കൂട്ടി എത്രയും പെട്ടെന്ന് വരുമോ?"
ഞാൻ വരാനിരുന്നതാണ്. ചേട്ടൻ പറഞ്ഞു വേണ്ടാന്ന്.
കുട്ടികാലത്തെ വിളിച്ച ശീലത്തിൽ ഇപ്പോഴും ഏട്ത്തിയെന്ന് ക്രിസ്റ്റീക്ക് വഴങ്ങൂല. അതിന് ചാച്ചൻന്റെയും, അമ്മച്ചിയുടെയും വക വഴക്കും കേട്ടിട്ടുണ്ട്. എന്നാലും സാറ എന്നാണ് വിളിക്കാറ്.
"സാറക്ക് കൂടുതലായി എന്തെങ്കിലും,?"ക്രിസ്റ്റി ചോദിച്ചു.
"അമൽ പറഞ്ഞില്ലേ, എനിക്ക് വല്ലാതെ പേടി തോന്നുന്നു. കുട്ടികൾ അമ്മയുടെ അടുത്ത് കുറച്ചു ദിവസം ഇരിക്കട്ടെ."
"കുറച്ചു ദിവസം ലീവെടുത്ത് ഞങ്ങൾ വരാം നോക്കാം, നീ സമാധാനിക്കൂ..."
ഹോം നഴ്സിന്റെയും,ഫിസിയോ തെറാപ്പിസ്റ്റിന്റെയും, പരിചരണമോ, എന്തോ അറിയില്ല, വീട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഓർമ തിരിച്ചുകിട്ടിയത് പോലെ തോന്നി.
ഡോക്ടറുടെ നിരീക്ഷണത്തിൽ സാറ എല്ലാം അറിയുന്നുണ്ട്.പക്ഷെ പ്രതികരിക്കാൻ കഴിയുന്നില്ല, റോസിനോടായി ഡോക്ടർ പറഞ്ഞു. ഓർമ തിരിച്ചു പിടിക്കാൻ സാറയോട് നിരന്തരം സംസാരിക്കുക.
റോസ് പല കാര്യങ്ങളും റോസിനോട് പറയും, ന്യൂസ് പേപ്പർ വായിച്ചു കൊടുക്കും.കുട്ടികൾ വന്നു സാറയെ കണ്ട് സങ്കടപെട്ടത് പറയും. അപ്പോൾ ആ കണ്ണിന് വല്ലാത്ത തിളക്കം ആണ്.
ഒരിക്കൽ റോസ് പറഞ്ഞു. "നീ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് നജീമത്ത വന്നിരുന്നു. ഒരു ദിവസം നമ്മുടെയടുത്ത് ഉണ്ടായിരുന്നു. ഇപ്പോ നജീമ ത്തയുടെ മുഖത്തിനും, ശരീരത്തിനുമൊക്കെ കുറച്ച് പ്രസരിപ്പ് ഒക്കെയുണ്ട് ട്ടൊ, അതിന് കാരണവും ഉണ്ട്, എല്ലാ ചോദ്യങ്ങൾക്കും, ഈ ഭൂമിയിൽ തന്നെ ഉത്തരമുണ്ട് സാറാ... ഇത്തയുടെ ഗന്ധർവഗർഭമില്ലേ അത് കണ്ട് പിടിച്ചു, ഡോക്ടർ ഷാജഹാൻ തന്നെയാണ്. ഓരോ ദിവസം കഴിയുംതോറും നജീമത്ത മനസ്സ് വിങ്ങി വിങ്ങി ഇല്ലാണ്ടാവുകയായിരുന്നു. ഒരു ദിവസം ഇത്ത ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇക്കയുടെ രണ്ടാം ഭാര്യയും കുട്ടികളും വീട്ടിൽ ഇല്ലാത്ത സമയമായിരുന്നു അത്. ഫാനിൽ തൂങ്ങുകയായിരുന്നു, എന്നാൽ ഫാൻ ഇത്തയെ ചതിച്ചു. ഫാൻ പൊട്ടി ഇത്തയും ഫാനും നിലത്ത്.
ഇക്കക്ക് ആകെ വിഷമമായി, മരിക്കാൻ മാത്രം എന്ത് കഷ്ടപ്പാടാണ് നിനക്കുള്ളത്, ഇക്ക മനസ്സിൽ തട്ടി ചോദിച്ചു. നിനക്ക് സുഖമില്ലേ... എന്താ നിന്റെ വിഷമം.
നാജീമ ത്തയുടെ മനസ്സ് മുഴുവൻ ഇക്കയുടെ മുന്നിൽ തുറന്നിട്ടു. ഇക്കക്ക് അത്ഭുതമായിരുന്നു. ആ കുട്ടി മരിച്ചില്ലേ?
ഇല്ല, എല്ലാവരും അങ്ങിനെ വിശ്വസിപ്പി ച്ചതാണ്. അവൻ എന്റെ മുന്നിൽ വന്ന് നിന്ന് വെറുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും സ്നേഹം കൊണ്ടാണ് വരുന്നത് എന്ന് എനിക്കറിയാം.ഇപ്പോൾ വർഷങ്ങൾ കുറെയായി അവനെ കണ്ടിട്ട്. പെണ്ണൊക്കെ കെട്ടി കുട്ടികൾ ഒക്കെ ആയിട്ടുണ്ടാകും.
വയറ്റിൽ കിടക്കുന്ന സമയത്ത് ആറ് മാസം വരെ എനിക്ക് അവനോട് വെറുപ്പ് തന്നെയായിരുന്നു. പിന്നെ വയറ്റിൽ കിടന്ന് കുസൃതികാണിക്കാനും, തൊഴിക്കാനുമൊക്കെ തുടങ്ങിയപ്പോൾ ഞാനും അവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. കുട്ടി പോയി എന്നറിഞ്ഞപ്പോൾ എന്നിലെ മാതൃത്വം വല്ലാതെ മുറവിളി കൂട്ടിയിരുന്നു.
ഇക്ക നജീമത്തയോട് ഒരു നിബന്ധനയേ വെച്ചിള്ളൂ... ഡോക്ടർ എല്ലാവരുടെയും സുപരിചിതൻ, അതനുസരിച്ചു ഡോക്ടരെ കൈകാര്യം ചെയ്യണം. നീ തന്നെ പോയി ഡോക്ടരെ കാണുന്നതായിരിക്കും നല്ലത്.
ഇത്ത ഡോക്ടരുടെ വീട്ടിൽ എത്തിയപ്പോ വാതിൽ തുറന്ന രൂപം കണ്ട് ഇത്ത ഞെട്ടി പോയി. വല്ലാത്തൊരു രൂപമായിരുന്നു അത്, പ്രായവും ഒരു പാട് ഉണ്ടല്ലോ, എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല. ഇത്തയെ കണ്ടപ്പോ മനസ്സിലായതെ ഇല്ല. പറഞ്ഞു മനസ്സിലാക്കിയപ്പോ ഡോക്ടർ വല്ലാതാവുകയും, ഒന്ന് നടുങ്ങുകയും ചെയ്തു.
ഇത്ത പരുങ്ങുന്നത് കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു.
നജീ.. നീയെന്തിനാ വന്നതെന്ന് എനിക്കറിയാം. തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞു ഞാനതിനെ ചെറുതാ ക്കുകയോ, വലുതാക്കുകയോ അല്ല. എന്നാലും സംഭവിച്ചു പോയി, എങ്ങിനെ? ഇപ്പോഴും ഞാനതിനെ കുറിച്ചു ഓർത്ത് നടുങ്ങാറുണ്ട്.. എന്റെ അഭിമാനത്തിന് ഏറ്റ ആദ്യത്തെ ചവിട്ടായിരുന്നു അത്. വിറച്ച് വിറച്ച് കൊണ്ട് ഡോക്ടരിൽ നിന്ന് വാക്കുകൾ പുറത്തു വന്നു. മനസാക്ഷി ചിതറി പോയി. ഞാൻ എന്റെ തന്നെ കരണത്തടിയാൽ തല പിളർന്നപ്പോൾ തെറിച്ച ബ്ലഡ് ഞാൻ തന്നെ നക്കി തുടക്കേണ്ടി വന്നു. കാരണം എന്റെ അഭിമാനം, ഭാവി, ഇതൊന്നും എനിക്ക് പ്രശ്നമായി തോന്നിയില്ല, നജീ...നിന്റെ അഭിമാനത്തെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. പറ്റിപ്പോയത് ആരോടും പറഞ്ഞില്ലെങ്കിലും ഞാനാ കുഞ്ഞിനെ തിരിച്ചു പിടിച്ചു, നീ ഡെലിവറിക്ക് പോയ ഹോസ്പിറ്റലിലുള്ള സിസ്റ്ററെ ഞാൻ ചട്ടംകെട്ടിയിട്ടുണ്ടായിന്നു. കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾ എന്റെ കുഞ്ഞിനെ തന്നെ ദത്തെടുത്തു. ലീവെടുത്ത് ടീച്ചർ ഇവിടെനിന്ന് മാറി നിന്നിരുന്നു. എല്ലാവരോടും ടീച്ചർ പ്രസവിച്ച കുഞ്ഞാണെന്ന് പറഞ്ഞു.
"അത് ഒരാളുടെ സമ്മതമില്ലാതെ എങ്ങിനെ?" ഇത്തക്ക് മുഴുവിക്കാൻ കഴിഞ്ഞില്ല.
"നജീ... നീ കോണിപടിയിൽ നിന്ന് വീണത് ഓർമയില്ലേ, അന്ന് നിനക്ക് ബോധക്ഷയം ഉണ്ടായി. കാലിന് ചെറിയ ഒരു ചതവ് ഉണ്ടായിരുന്നല്ലോ, നീ ഉണരുമ്പോൾ ടീച്ചർ നിന്റെ അടുത്ത് ഉണ്ടായിരുന്നു, അത് കൊണ്ട് നിനക്ക് സംശയമൊന്നും ഉണ്ടായില്ല.ഞാൻ അല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്‌ടം. നിന്നെ ഓർക്കുമ്പോൾ എന്റെ മനസ്സിൽ എന്നും വാത്സല്യമായിരുന്നു. പ്രായമേറെയായി മോളെ.... ചെയ്ത തെറ്റ് മനസ്സിൽ ഒരു മുറിവായി. പശ്ചാതപിച്ചിട്ട് എന്താ കാര്യം. തെറ്റ് എന്നും തെറ്റ് തന്നെയല്ലേ?
മോനും, വൈഫും കുട്ടികളും വിദേശത്താണ്, അവനോടെല്ലാം ഞാൻ പറഞ്ഞു. അവൻ ലീവിന് വരുമ്പോൾ നിന്നെ കാണാൻ വരാൻ പറയാം."
"വേണ്ട.. അവൻ എന്നെ മനസ്സിലാക്കിയല്ലോ, അത് മതി, എനിക്ക് സമാധാനമായി. നാജിറത്ത കണ്ണീരോടെ തിരിഞ്ഞു നടന്നു.
തുടരും...