ഭാഗം 11
ഗർഭമാണ് എന്ന് അറിഞ്ഞപ്പോഴേക്കും നാല് മാസം കഴിഞ്ഞിരുന്നു. വാപ്പ, ഉമ്മ, ഗഫൂർക്ക, മാമൻമാർ, എളാപ്പമാർ, എല്ലാവരും മാറി മാറി, നജീമയുടെ ശരീരത്തിൽ മർദ്ദനമുറകൾ പ്രയോഗിച്ചു.
എന്നാൽ കാരണക്കാരന്റെ ഉത്തരം പറയാൻ മാത്രം നജീമക്ക് കഴിഞ്ഞില്ല. കാരണം അവളുടെ ശരീരത്തിൽ ആരും സ്പർശിചിട്ടില്ലായിരുന്നു. രാത്രിയിൽ ജാലകങ്ങൾ തുറന്നിട്ട് നിലാവിലേക്ക് നോക്കി നിൽക്കും. തന്നെ ചതിച്ച ഗന്ധർവ്വൻ വന്ന് കൂട്ടി കൊണ്ട് പോകുമെന്ന് മോഹിച്ച്.
'നജീമ'സാറയുടെയും, റോസിന്റെയും മുന്നിൽ തന്റെ കഥകൾ അയവിറക്കുകയായിരുന്നു. യൗവനത്തിലെത്തിനിൽക്കുന്ന ആ കുട്ടികൾക്ക് നജീമയുടെ കഥകൾ സങ്കടം കടലായി മാറി.
"എന്നിട്ടെന്തായി?"സാറയും, റോസും ഒരേ സ്വരത്തിൽ ചോദിച്ചു. സത്യത്തിൽ ഇത്തയെ ആരും തൊട്ടിട്ടില്ലായിരുന്നോ?"
"ഇല്ല മക്കളെ...അങ്ങിനെയൊന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല."
"ഗന്ധർവകഥകൾ ഒക്കെ ഞങ്ങളും വായിച്ചിട്ടുണ്ട്. അതൊക്കെ കഥകൾ അല്ലെ ഇത്താ."സാറ ചോദിച്ചു.
ഈ ഭൂമിയും, സൂര്യനും ചന്ദ്രനുമൊക്കെ അത്ഭുത പ്രതിഭാസം തന്നെയല്ലേ. പ്രപഞ്ചത്തിലെ ഓരോ അണുവും അത്ഭുതം തന്നെയല്ലേ, ഇത്രയും ശക്തിയുള്ള പടച്ചോന് ഇതൊക്കെ പ്രയാസമാണോ? ഞാൻ പറയുന്നതും, പ്രവർത്തിക്കുന്നതും കണ്ട് എനിക്കു ഭ്രാന്ത് ആണെന്ന് പറഞ്ഞു എന്റെ വായ അടച്ചു. പട്ടാമ്പിയിലുള്ള ഞാൻ പ്രസവത്തിനായി പാലക്കാടേക്ക് പോയി. ഓപ്പറേഷൻ ആയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് മയക്കത്തിൽ നിന്ന് ഉണർന്നപ്പോഴേക്കും, കുഞ്ഞിനെ എന്റെയടുത്തു നിന്ന് മാറ്റിയിരുന്നു. ഞാൻ സമാധാനിച്ചു. ഗന്ധർവ്വൻവന്ന് അവനെ കൂട്ടികൊണ്ട് പോയതായിരിക്കും എന്ന്, എവിടെയാണെങ്കിലും സുഖമായി ഇരിക്കട്ടെ എന്ന് ആശംസകൾ നേർന്നു"
"മുറ ചെറുക്കനുമായി എത്രയും പെട്ടെന്ന് കല്യാണവും കഴിഞ്ഞു നാദിർക്കാ, അദ്ദേഹമാണ് എനിക്കിന്ന് എല്ലാം. എന്നാലും ആ കുട്ടി പറഞ്ഞത് ഓർക്കുമ്പോൾ...."
"ഷാജഹാൻ ഡോക്ടർ എങ്ങിനെയുള്ള ആളായിരുന്നു." സാറ ചോദിച്ചു.
"നല്ല മനുഷ്യൻ,എല്ലാവർക്കും മാതൃകാ കുടുംബം, കുട്ടികൾ ആയിട്ടില്ലായിരുന്നു.
എന്നാൽ പിന്നെ എനിക്കു തോന്നുന്നത് ഇത്തയുടെ ഉള്ളിൽ ഡോക്ടറുടെ രൂപത്തിൽ ഗന്ധർവ്വൻ വന്ന് നിക്ഷേപിച്ചിട്ടുണ്ടാകും എന്നാണ്. അങ്ങനത്തെ കഥകളും ഉണ്ട്."റോസ് പറഞ്ഞു.
"ഇതൊന്നും ആരോടും പറയാൻ പറ്റുന്ന കഥകളല്ല, നജീമ പറഞ്ഞു.
നല്ലോണം ആലോചിച്ചു നോക്ക് ഇത്താ.... ഇതിൽ വേറെഎന്തൊക്കെയോ നടന്നിട്ടുണ്ട്. ഇവിടെ വന്ന കുട്ടിയെ കണ്ട് ഇത്ത അത്ഭുതപെട്ടത് ഡോക്ടറുടെ ഛായ ഓർമ്മിപ്പിച്ചിട്ടല്ലേ..."
"അതാണ് രസം,ആൺകുട്ടികളെ കുറിച്ചു സ്വപ്നം കാണുന്ന പ്രായത്തിൽ എന്റെ മനസ്സിൽ വെറുതെ കൊണ്ടാരാധിച്ച രൂപമാണ്.അയാളറിയാതെ ഞാനെന്റെ സ്വപ്നത്തിലെ രാജകുമാരനാക്കി കഥകൾ മെനഞ്ഞു.പക്ഷെ അയാൾ വളരെ ജെന്റിൽമാൻ ആയിരുന്നു.എത്രയോ അവസരം ഉണ്ടായിട്ടുണ്ട്, വേണ്ടാത്ത ഒരു സ്പർശനം പോലും ഉണ്ടായിട്ടല്ല."
"എന്നാൽ ഉണ്ടായിട്ടുണ്ട് ഇത്താ...നമ്മുടെ ശാസ്ത്രത്തിനു തെറ്റ് പറ്റാം, എന്നാൽ ദൈവത്തിനു തെറ്റു പറ്റില്ല,ആരും അറിയാതെ കുഴിച്ചു മൂടപ്പെട്ട സത്യങ്ങൾക്ക് ദൈവം ഇതാ തെളിവ് കൊണ്ട് വന്നിരിക്കുന്നു."
"നീ എന്താ സാറാ...
ഉദ്ദേശിക്കുന്നത്. റോസ് ചോദിച്ചു.
നോക്കൂ..
റോസ്, ആരും കാണാത്ത പല കാര്യങ്ങളും ദൈവത്തിന് കാണാൻ സാധിക്കും, ഈ കുട്ടിയുടെ സൃഷ്ടിച്ചത് വേറെയാരെങ്കിലും ഛായ യാണെങ്കിൽ പല രഹസ്യങ്ങളും ഇവിടെ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാവും. ഇത്തയാണെങ്കിൽ തനിക്ക് സംഭവിച്ച വിധിയെ ഓർത്തു ഇതെങ്ങിനെ സംഭവിച്ചു എന്നറിയാതെ ഒരു രോഗിയായി തീർന്നിട്ട് ഉണ്ടാകും."
"തീർന്നിരിക്കുന്നു മക്കളെ, ഗുളിക വിഴുങ്ങാതെ എനിക്കുറങ്ങാൻ കഴിയാറില്ല ഇപ്പോൾ."
"നാദിർ സാർ ഇതൊന്നും അറിയൂലെ". അറിയാമെന്നു തോന്നുന്നു, എന്നോട് ഇത് വരെ ഇതൊന്നും ചോദിച്ചിട്ടില്ല."
വീട്ടിലെ മുതിർന്നവരൊക്കെ എന്റെ നേരെ വന്ന് ആക്രോശിക്കുന്നത് ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നു.
"നജീ ..പറയൂ.... ആരാണെന്ന്? ഞങ്ങൾ നടത്തിതരാം നിക്കാഹ്, അവൻ എവിടെ പോയി ഒളിച്ചാലും ഞങ്ങൾ കണ്ട് പിടിച്ച് കൊണ്ട് വരാം."
ചോദ്യങ്ങൾ ഓരോന്നായി നിന്നു.പിന്നെയായിരുന്നു ചൂരൽ പ്രയോഗം.സഹിക്കാൻ വയ്യാതെ ഈ അപമാനത്തിനും, നിസ്സഹായതയിൽ നിന്നും രക്ഷപ്പെടാൻ ആത്മഹത്യ ശ്രമം. വായടച്ച് ശരിക്കും പ്രതിഷേധിച്ചത് പടച്ചോനോടായിരുന്നു. എന്തിന് എനിക്കീ വിധി തന്നു. ചാരിത്ര്യശുദ്ധിക്ക് നേരെ ആഞ്ഞ് തൊഴിച്ചപ്പോൾ ചൂളി പോയി നഗ്നമാക്കപ്പെട്ടത് പോലെ."
ഇനിയിപ്പോ ഒന്നും ആലോചിക്കേണ്ട ഇത്താ. എല്ലാം നേരെയാവും, സമാധാനമായിരിക്കൂ. ഈ വിഷയത്തിൽ നിന്നെല്ലാം ഒരു മോചനത്തിനായി സാറ ചോദിച്ചു.
"മാമാലിക്കയുടെ മോളെ നിക്കാഹ് അല്ലെ.നമുക്ക് പോവണ്ടേ."
"അല്ല മക്കളെ, ആ കുട്ടികളുടെ ഉമ്മച്ചിയെ വേറെയാരോ കെട്ടിയില്ലേ, എന്നിട്ടും പാത്തുമ്മ ഉമ്മച്ചി സ്വന്തം മക്കളെ പോലെ അവരെ വളർത്തി വലുതാക്കിയില്ലേ?"
"അതാണ് ഇത്താ ഉമ്മച്ചി!എല്ലാവരെയും സ്വന്തമായേ കരുതൂ. ഇതൊക്കെ യല്ലേ നന്മ. ഈ ഭൂമിയിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് ഇതൊക്കെ തന്നെയല്ലേ.ഒരു പാട് അസൂയയും, കുശുമ്പ് എല്ലാം വളർത്തിയാൽ സമാധാനം ഉണ്ടാവില്ല. ഉമ്മച്ചിയൊരു തുറന്ന പുസ്തകം തന്നെയാണ്."
"അപ്രതീക്ഷിതമായി ഉമ്മച്ചിക്ക് ഏറ്റ ക്ഷതമായിരുന്നു മമ്മാലിക്കയുടെ മരണം, അതിനു പുറമെ വീണ്ടും വന്നു മലവെള്ളപാച്ചിൽ പോലെ, ഉമ്മച്ചിയറിയാതെ മമ്മാലിക്കക്ക് വേറെ കെട്ടിയോളും, കുട്ടികളും ഉണ്ടെന്ന്.ഉമ്മച്ചി പറയുമായിരുന്നു. "കേട്ടപാടെ നമ്മക്ക് പഹയനോട് ദേഷ്യം തോന്നി. മയ്യത്ത് കണ്ട് എല്ലാവരും പൊട്ടി കരഞ്ഞപ്പോൾ മൂപ്പരോട്ള്ള വെറുപ്പ് കൂടി വന്നു. ആ സമയത്ത് ഇന്റെ അവസ്ഥ ആരോടും പറഞ്ഞാൽ മനസ്സിലാവൂല, അത്രയും സങ്കടമായിരുന്നു. പിന്നെ കുറെ ചിന്തിച്ചു നോക്കിയപ്പോ ഇന്റെ മനസ്സ് ക്ലിയർ ആയി. മനുഷ്യനല്ലേ മമ്മാലിക്കാ... മലക്ക് ഒന്നും അല്ലല്ലോ."
ഒരിക്കൽ പാത്തുമ്മ ഉമ്മച്ചി, മൊഞ്ചത്തി ആയിഷുവിനോട് ചോദിച്ചു.
"ആയിഷു എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു. അത് അറിയാതെ ഞാൻ മയ്യത്ത് ആയാൽ വലിയ ഒരു കടം ബാക്കിയാകും."
"എന്താണെങ്കിലും ഇത്താ ചോദിക്കൂ, മ്മക്ക് അറിയാമെങ്കിൽ മറുപടി പറയാ..."
"ഇവിടെയുള്ള മ്മളെ മമ്മാലിക്ക എങ്ങിനെ അന്റെ അടുത്തു എത്തി.മ്മളെ ഇഷ്‌ടപെട്ട ആൾ വേറൊരു പെണ്ണിന്റെ മോറ് കാണുന്നത് പോലും സ്നേഹമുള്ളവർക്ക് സഹിക്കൂല, ഞാനും അങ്ങിനെത്തവൾ ആയിരുന്നു. പണ്ടൊക്കെ മൂന്നും, നാലും കെട്ടികൊണ്ട് വന്ന് കൂരയിൽ പാർപ്പിക്കുന്ന ആണുങ്ങൾ ഉണ്ട്. ആവരൊക്കെ എത്ര മാത്രം തേങ്ങലുകൾ ഒതിക്കിയിട്ടുണ്ടാകും. എന്നും അവൾക്കൊരു പേരും ഉണ്ടല്ലോ, അബലയായവൾ,എന്നൊക്കെ, പെൺകുട്ടികളെ പെറ്റിട്ടത് മുതൽ മരിക്കുന്നത് വരെ ഈ ഭൂമിയിൽ ഉരുകി തീരാനാണ് അവളുടെ വിധി."
ഇതൊക്കെ കേട്ടപ്പോ ആയിഷു കരഞ്ഞു.
"ഇയ്യ്,നി കരയുകയൊന്നും വേണ്ടാ, ഇൻക്ക് സങ്കടവും ഇല്ല. ഇയ്യും, കുട്ടികളും അനാഥായി പോയീലെ, അതാണ് ഇത്താക്ക് സങ്കടം.പിന്നെ രണ്ടു മൊഞ്ചത്തി കുട്ടികളെയും കൊണ്ടല്ലേ ഇയ്യ് വന്നിട്ടുള്ളത്, ഇതിറ്റെകളെ കണ്ടപ്പോ അന്റെ സങ്കടമൊക്കെ പോയി. ഇന്റെ ചോദിച്ചത്തിനു ഇയ്യ് മറുപടി പറഞ്ഞില്ല. അനക്ക് വിസമമാണെങ്കിൽ പറയേണ്ട. ആരും അത് അറിയാതെ അങ്ങിനെതന്നെ ഇരുന്നോട്ടെ.കഴിഞ്ഞതൊക്കെ അറിഞ്ഞിട്ട് കാര്യമൊന്നും ഇല്ലല്ലോ."
ഞാൻ പറയാം ഇത്താ...
"കുത്ത് റാത്തീബിന് ഞങ്ങളെ. പൊരേയിൽ വന്നവരുടെ കൂട്ടത്തിൽ മമ്മാലിക്കയും ഉണ്ടായിരുന്നു. റാതീബൊക്കെ കഴിഞ്ഞു ഓരോരുത്തർ ഓരോ സ്ഥലത്ത് ഉറക്കമായി, സുബിഹി ബാങ്ക് കൊടുക്കുന്നതിനു മുമ്പ് എല്ലാവരും എണീറ്റ് പള്ളിയിൽ പോകാൻ റെഡിയായി. എന്നാൽ മമ്മാലിക്ക മാത്രം തളർന്ന് കിടക്കുകയാണ്. ഒരു അനക്കവും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് ഹോ സ്‌പിറ്റലിൽ എത്തിച്ചു. ഹാർട്ടിന് അസുഖമാണെത്രേ.തക്ക സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു. ഏതായാലും ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു. കൂടെ വന്നവരൊക്കെ മമ്മാലിക്കയെ വാപ്പയെ എല്പിച്ചു കൊണ്ട് സ്ഥലം വിട്ടിരുന്നു. പൊരേലേക്കാണ് ഡിസ്ചാർജ് ചെയ്ത് കൊണ്ട് വന്നത്."
"സ്വത്തില്ല, മുതലില്ല കദീസു... നാല് പെൺകുട്ടികളിൽ ഒന്നിനെയെങ്കിലും ആരെങ്കിലും കെട്ടി കൊണ്ട് പോയെങ്കിൽ, രണ്ടാം കെട്ടായാലും മതിയായിരുന്നു.നമ്മളൊക്കെ കണ്ണടക്കുന്നതിനു മുമ്പ് കാണാൻ കഴിയോ? കുട്ടികളുടെ മംഗല്യ ഭാഗ്യം."
അവര്, ഇവിടെ നിന്നോട്ടെന്ന്, ഇങ്ങക്കെന്താ... മൊഞ്ചത്തികളല്ലേ നമ്മുടെ മക്കള്. അവരെ കെട്ടാൻ രാജ കുമാരൻ തന്നെ വരും."കദീസു പറഞ്ഞു.
"വരും, വരും, നമ്മൾ എന്തിട്ത്ത് കൊടുക്കും. ആണൊരുത്തൻ, ഉള്ളതും, ഇല്ലാത്തതും സമമാണ്. എന്താ റബ്ബേ... ചെയ്യാ..."
"ഇങ്ങള് സമാധാനമായിരിക്ക്,പടച്ചോൻ എന്തെങ്കിലും വഴികാണും,
ആവഴിയായിരുന്നു മമ്മാലിക്ക. വാപ്പ വിവരം പറഞ്ഞപ്പോ ഉമ്മ പൊട്ടിത്തെറിച്ചു.
"ഇങ്ങൾക്ക് ഭ്രാന്താണോ... ആ സുക്കേടുള്ള ഒരുത്തനെ കൊണ്ട് മോളെ കെട്ടിക്കാന്."
"ഓന്ക്കോ സൂക്കേട്, നല്ല ഉശിർ ഉള്ളവനാ അവന് സ്നേഹമുള്ളവനാ... നമ്മടെ സങ്കടം പറഞ്ഞാൽ അവൻ കേൾക്കും."
വാപ്പ കാര്യം പറഞ്ഞപ്പോ മാമ്മലിക്ക എതിർത്തു." ഇൻക്ക് ഒരു കുടുംബമുണ്ട്, അവരെന്റെ ജീവനാണ്. അവരെ മോത്ത് നോക്കാൻ പറ്റൂല."
"വേണ്ടാ മോനെ.... ഞാനൊന്നും ചോദിച്ചില്ലെന്ന് നീരിച്ചാമതി. മറന്നേക്ക്.
എന്നാൽ പിറ്റേന്ന് തന്നെ മമ്മാലിക്ക നിക്കാഹിനുള്ള വട്ടം ഒരുക്കാൻ പറഞ്ഞു. പാവമാ... ആമനസ്സിൽ സ്നേഹം മാത്രമേള്ളൂ...ആയിഷു കണ്ണീരൊപ്പി.
(തുടരും...)