അവൾ ഉറങ്ങിയില്ല. ശരീരവും മനസ്സും നീറിപ്പിടയുകയാണ്. ഏറെയും നീറ്റൽ മനസ്സിനാണ്. അപ്പൻ അവളെ തല്ലി. കാപ്പിവടി ഒടിയുന്നതുവരെ. ആദ്യമായിട്ടാണ് അപ്പൻ ഇങ്ങനെ ദയയില്ലാത്തവിധം തല്ലുന്നത്. സഹിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും കഴിയുന്നില്ല.
സങ്കടം അലയടിക്കുകയാണ്. മനസ്സ് നീറിപ്പുകയുന്നു. നിലക്കാത്ത ഉറവപോലെ കണ്ണുനീർ കവിളിലൂടെ ചാലിട്ട് ഒഴുകുന്നുണ്ട്. അവൾ കട്ടിലിൽ കിടന്നുകൊണ്ട് ശബ്ദമില്ലാതെ തേങ്ങി. ചുറ്റും കൂട്ടിന് കൂരാക്കൂരിരുട്ടും കുളിരും. ഇടയ്ക്ക് നിയന്ത്രണ മറ്റുകൊണ്ട് ചില തേങ്ങലുകൾ പുറത്തേയ്ക്ക് ഉയർന്നുപൊങ്ങി.
തോമാച്ചേട്ടന്റെ ഇളയമോളാണ് എൽസമ്മ. വെളുത്തുമെലിഞ്ഞ സുന്ദരിപ്പെണ്ണ്. തുടുത്ത കവിളുകളും വിസ്മയം കൊള്ളുന്ന കരിംകൂവള മിഴികളും. ശാലീനതയുടെ പൂർണ്ണരൂപം. ഭംഗിയുള്ള മൂക്കിനുതാഴെ ചെന്തൊണ്ടിപ്പഴംപൊലെ ചുവന്നുതുടുത്ത ചുണ്ടുകൾ.
എൽസമ്മ വീടിന്റെ വിളക്കാണ്. അയൽക്കാരുടെയൊക്കെയും കണ്ണിലുണ്ണി.മാതാപിതാക്കളുടെ അരുമ സന്തതി. തൊട്ടാവാടിപോലത്തെ പ്രകൃതമാണ് അവളുടേത്. നിസ്സാരകാര്യങ്ങൾക്ക് സങ്കടം കൊള്ളുകയും ചെറിയ തമാശകൾക്കു പോലും പൊട്ടിച്ചിരിച്ചുകൊണ്ട് സന്തോഷം കൊള്ളുകയും ചെയ്യുന്ന അവൾ ഭൂമിയെ ഒട്ടും നോവിക്കാതെയാണ് നടപ്പും ഇരിപ്പുമെല്ലാം.
ദുഃഖം നിറഞ്ഞ മനസ്സിനെ ഉറക്കംപോലും കൈവിട്ടിരിക്കുന്നു.ഒരു നിശ്വാസത്തോടെ അവൾ തിരിഞ്ഞുകിടന്നു. തലയണയിൽ മുഖമമർത്തി കണ്ണുനീർ തുടച്ചുകൊണ്ട് ജനാല വിടവിലേയ്ക്ക് നോക്കികൊണ്ട് അവൾ പകല് നടന്ന സംഭവങ്ങളെക്കുറിച്ചും അടികിട്ടിയ രംഗത്തേക്കുറിച്ചുമൊക്കെ ഒരിക്കൽക്കൂടി ഓർത്തു.
കലികയറിയ അപ്പൻ.നരച്ച മീശരോമങ്ങൾ വിറകൊള്ളുന്നുണ്ടായിരുന്നു. കണ്ണുകൾ രണ്ടും തീക്കട്ടപോലെ.ചുളിവുവീണ നെറ്റിത്തടത്തിലും മൂക്കിൻതുമ്പത്തും വിയർപ്പുകണങ്ങൾ മൊട്ടിട്ടുനിന്നു. കൈയിൽ പശുവിനെ തല്ലുന്ന കാപ്പിവടി.
അമ്മച്ചി ഓടിവന്നു പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ കലികയറിയ അപ്പൻ തല്ലികൊന്നേനെ. വടിവാങ്ങി വലിച്ചെറിഞ്ഞുകൊണ്ട് അമ്മച്ചി പറഞ്ഞു.
"നിങ്ങക്ക് ഭ്രാന്ത് പിടിച്ചോ... കെട്ടിക്കാൻ പ്രായമായ ഈ പെങ്കൊച്ചിനെ ഇങ്ങനെ തല്ലിച്ചതക്കാൻ."
ആറടിയോളം ഉയരവും അതിനൊത്ത വണ്ണവും പണിതുറച്ച ശരീരവുമുള്ള ആളാണ് തോമാച്ചേട്ടൻ.എന്നിട്ടും മെല്ലിച്ചുണങ്ങിയ ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ അദ്ദേഹം കലിയടക്കി.
തല്ലിയത് കൂടിപ്പോയി എന്ന് മനസ്സിലായതുകൊണ്ടാവും ശിക്ഷിക്കൽ മതിയാക്കിയത്.തല്ല് മതിയാക്കിയെങ്കിലും കലി അടങ്ങിയിരുന്നില്ല. മുറ്റത്തിറങ്ങിനിന്നുകൊണ്ട് അയൽവക്കത്തേക്ക് നോക്കി ഉച്ചത്തിൽ ഗർജിച്ചുകൊണ്ട് വായിൽതോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.
അപ്പനെ ഇത്രമേൽ കോപിഷ്ടനാക്കാൻ മാത്രം താനെന്തു തെറ്റാണു ചെയ്തത്.എൽസമ്മ മനസ്സിൽ ചിന്തിച്ചു. അവളുടെ മനസ്സിൽ പലതും ഒരിക്കൽക്കൂടി തെളിഞ്ഞുവന്നു.
സൂര്യൻ ചാഞ്ഞുതുടങ്ങിയ വൈകുന്നേരസമയം.തോളിൽകിടന്ന തോർത്തുമുണ്ടുകൊണ്ട് വിയർപ്പക്കറ്റിക്കൊണ്ടാണ് മധ്യവയസ്കനായ 'പൈലി ചേട്ടൻ' വീട്ടിലേയ്ക്ക് കയറിവന്നത്.പുഞ്ചിരിയോടെ അപ്പനെനോക്കി സ്തുതി പറഞ്ഞിട്ട് അയാൾ പൂമുഖത്തേയ്ക്ക് കയറി.
"എന്തൊക്കെയുണ്ട് പൈലി വിശേഷങ്ങൾ.ഇതുവഴിയൊക്കെ കണ്ടിട്ട് കുറെയായല്ലോ.?"
അപ്പൻ ചോദിച്ചു.
"എന്ത് വിശേഷം.വിശേഷങ്ങളൊക്കെ നിങ്ങളെപ്പോലുള്ളവർക്കല്ലേ."
ചേട്ടൻ പുഞ്ചിരിയോടെ മറുപടി നൽകി.
"അതെന്താടോ ഞാനറിയാത്ത ഒരു വിശേഷം എനിക്ക്."
അപ്പൻ ഗൗരവത്തോടെ ചോദിച്ചു.
"അതൊക്കെയുണ്ട്. വല്ലാത്തൊരു ഭാഗ്യമല്ലേ വന്നുചേർന്നിരിക്കുന്നെ."
"ആഹാ അതുകൊള്ളാല്ലോ... എനിക്കെന്താ വല്ല ലോട്ടറിയും അടിക്കാൻ പോകുന്നുണ്ടോ.?"
"ഇത് അതിലും വലിയ ഭാഗ്യമാണെന്ന് വെച്ചോളൂ."
ചേട്ടൻ ഒന്ന് ചിരിച്ചു.
"നിന്റെയൊരു നേരംപോക്ക് കളിക്കാതെ കാര്യം എന്താണെന്നുവെച്ചാൽ മനസ്സിലാകുംവിധം പറയ്.എന്ത് കോളുംകൊണ്ടാണ് താനിപ്പോൾ വന്നിരിക്കുന്നത്.?"
"ഇതാണ് കുഴപ്പം. ഞാൻ എന്തൊരു നല്ലകാര്യവും കൊണ്ട് വന്നാലും ചേട്ടന് ഇഷ്ടമാവില്ല.എന്റെയൊരു ഗതികേട്."
"താൻ കൊണ്ടുവന്നിട്ടുള്ളതൊക്കെ അതുപോലത്തെ ഇടപാടുകളാണ്.അതുവിട് താനിപ്പോൾ വന്നകാര്യം പറയ്."
"അതെ...മകൾക്ക് നല്ലൊരു കല്യാണാലോചന ഒത്തുവന്നിട്ടുണ്ട്. അത് പറയാനാണ് ഞാനിപ്പോൾ വന്നത്."
"ഇത് ഇപ്പോൾ ആദ്യമായിട്ടൊന്നും അല്ലല്ലോ. എത്രയോ നല്ല ആലോചനകൾ വന്നതാണ്.പൈസയില്ലാത്തതുകൊണ്ടല്ലേ അതൊന്നും നടക്കാണ്ടിരുന്നത്.?"
"അതല്ലേ ഞാനും പറഞ്ഞുവന്നത്.ഒരു ഭാഗ്യം ഒത്തുവന്നിട്ടുണ്ടെന്ന്. കേട്ടോളൂ...പൊന്നും പണവുമൊന്നും ഇല്ലാതെ തന്നെ നിങ്ങടെ മോളെ കെട്ടാൻ ഒരു സുന്ദരൻ ചെറുക്കൻ തയ്യാർ."
"അതാരാ ആ പുണ്യവാളൻ.അങ്ങനൊരുത്തൻ വരണേൽ അവന് എന്തേലും കുറവ് ഉണ്ടാകണമല്ലോ. വെറുതേ തെക്കുവടക്കു നടക്കുന്നവനൊന്നും ഞാനെന്റെ മകളെ കൊടുക്കില്ല."
"ഞാനൊന്നു പറഞ്ഞുതീർത്തോട്ടെ എന്നിട്ട് നിങ്ങള് പറയ്....ആള് പൊട്ടനൊന്നുമല്ല. നല്ല സൗന്ദര്യവും, പഠിപ്പും, സമ്പത്തുമൊക്കെ ഉള്ളവൻ തന്നെയാണ്.ആളെ നിങ്ങൾ അറിയുകയും ചെയ്യും."
"അതാരാ ആള്.?"
"മാറ്റാരുമല്ല നിങ്ങടെ അയൽവക്കത്തു പുതുതായി വാടകയ്ക്ക് താമസത്തിന് വന്ന 'സണ്ണിച്ചൻ' തന്നെ."
"ചീ പൊക്കോ എന്റെ കണ്മുന്നിൽ നിന്ന്. ഇത്തരം ആലോചനയുംകൊണ്ട് ഇനിമേലിൽ ഇവിടെ വന്നുപോകരുത്."
"അതെന്താ ചേട്ടാ ഈ ആലോചനയ്ക്ക് കുഴപ്പം.സണ്ണി നല്ല ചെറുപ്പക്കാരനല്ലേ.ആവശ്യത്തിന് വിദ്യാഭ്യാസവും, സൗന്ദര്യവും, അത്യാവശ്യം സമ്പത്തും നമ്മളെപ്പോലെതന്നെ കർത്താവിൽ വിശ്വസിക്കുന്ന സത്യക്രിസ്ത്യാനി കുടുംബം."
"മതി നിന്റെ പ്രസംഗം. എനിക്ക് ദേഷ്യം വരുന്നതിനുമുൻപ് പൊയ്ക്കോ അതാ നല്ലത്.ഇല്ലെങ്കിൽ എന്റെ വായിൽ നിന്ന് ഇനിയും വല്ലതുമൊക്കെ കേൾക്കും."
അതൊരു ആജ്ഞപോലെയായിരുന്നു. പൈലിചേട്ടന്റെ ശബ്ദം പിന്നെ ഉയർന്നുകേട്ടില്ല. അയാൾ അവിടേയ്ക്ക് കടന്നുവരാൻ തോന്നിയ നിമിഷത്തെ മനസ്സിൽ ശപിച്ചുകൊണ്ട് മുറ്റംവിട്ടുപോയിട്ടുണ്ടാവണം.
ഉള്ളിൽ വല്ലാത്ത സങ്കടവും ഭയവുമൊക്കെ തോന്നിയ നിമിഷങ്ങൾ.
സണ്ണിച്ചനും വീട്ടുകാരും കേൾക്കാനാണ് അപ്പൻ മുറ്റത്തിറങ്ങിനിന്ന് ഉച്ചത്തിൽ പൈലി ചേട്ടനോട് ശബ്ദമുയർത്തിയത്.ആ നല്ലമനുഷ്യർക്ക് ഉണ്ടായ അപമാനത്തെക്കുറിച്ചോർത്തപ്പോൾ മനസ്സ് നൊന്തു. ഒരുനിമിഷത്തേയ്ക്ക് എല്ലാം മറന്നുകൊണ്ട് സർവ്വനിയത്രണവും അറ്റുകൊണ്ട് പുറത്തേയ്ക്ക് ചെന്നു.
മുറ്റത്തേയ്ക്ക് ഓടിച്ചെന്നുകൊണ്ട് കലികയറി അയൽക്കാരെ ചീത്തവിളിച്ചുകൊണ്ട് നിന്ന അപ്പനെനോക്കി താൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.ആ സമയത്ത് അതിനുള്ള ധൈര്യം എവിടുന്നു കിട്ടി എന്നറിയില്ല.
"സണ്ണിച്ചനെ എനിക്ക് ഇഷ്ടമാണ് അപ്പാ.അതുകൊണ്ടാണ് പൈലി ചേട്ടനെ ഇങ്ങോട്ട് ആലോചനയുമായി പറഞ്ഞുവിട്ടത്."
"എന്തുപറഞ്ഞെടി പിഴച്ചവളെ നീ...നിന്നെയിന്നു ഞാൻ..."
അതൊരു അലർച്ചയായിരുന്നു. കലികയറിക്കൊണ്ട് തൊഴുത്തിനുനേരെ ഓടിച്ചെന്ന് ഇറമ്പിൽ തിരുകിവെച്ചിരുന്ന കാപ്പിവടി എടുത്തുകൊണ്ടുവന്ന് മുന്നും പിന്നും നോക്കാതെ ശരീരത്തിൽ തലങ്ങുംവിലങ്ങും തല്ലി.
എൽസമ്മ തന്റെ കൈത്തണ്ടയിലെയും കാൽവണ്ണയിലെയും അടികൊണ്ടു തിണർത്ത പാടുകളിൽ തടവിക്കൊണ്ട് നെടുവീർപ്പുതിർത്തു. ഒഴുകിയിറങ്ങിയ കണ്ണുനീർ കൈകൊണ്ട് തുടച്ചുമാറ്റി.അവളുടെ വിങ്ങുന്ന മനസ്സിൽ നിന്ന് മൂർച്ചയുള്ള ഒരുപാട് ചോദ്യങ്ങൾ പിറവിയെടുത്തു.
സണ്ണിച്ചനെ ഇഷ്ടമാണെന്ന് പറഞ്ഞത് അത്ര വലിയ തെറ്റാണോ.? ഒരു യാഥാസ്തികയായ പ്രായപൂർത്തിയായ പെണ്ണിന് ഇഷ്ടാനിഷ്ടങ്ങൾ പാടില്ലെന്നുണ്ടോ.? ഹൃദയത്തിന്റെ അന്തരാത്മാവിൽ പ്രണയത്തിന്റെ എഴുനിറമുള്ള മഴവില്ലുകൾ വിരിയിച്ചുകൂടെ.?
വിലക്കപ്പെട്ടതൊന്നും ഇതുവരെ ആഗ്രഹിച്ചിട്ടില്ല. വീടിനും നാടിനും കൊള്ളരുതാത്തതൊന്നും പ്രവർത്തിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് അപ്പൻ ഇങ്ങനെ കലിയെടുത്തത്.ഭാഗ്യംകൊണ്ട് വന്നുചേർന്ന ഒരവസരത്തെ എന്തിനാണ് പുറംകൈകൊണ്ട് തട്ടിത്തെറിപ്പിച്ചത്.സുന്ദരനും സൽസ്വഭാവിയും വിദ്യാസമ്പന്നനുമായ സണ്ണിച്ചനെ എന്തുകൊണ്ടാണ് അപ്പന് ഇഷ്ടപ്പെടാത്തത്.
കൃഷിചെയ്തും പശുക്കളെ വളർത്തിയും കുടുംബത്തെ നോക്കുകയും മൂന്ന് പെണ്മക്കക്കളെ പഠിപ്പിച്ചു കെട്ടിച്ചയക്കുകയും ചെയ്ത ആളാണ് തോമാച്ചേട്ടൻ. ഉണ്ടായിരുന്ന സമ്പാദ്യമൊക്കെ ചേർത്ത് മൂത്തമോളെ കെട്ടിച്ചയച്ചു. കടംമേടിച്ചും ബാങ്കിൽനിന്ന് ലോണെടുത്തുമൊക്കെയാണ് രണ്ടാമത്തവളെ കെട്ടിച്ചയച്ചത്.ആ കടം വീട്ടിയതും മൂന്നാമത്തവളെ കെട്ടിച്ചയച്ചതും ആകെയുള്ള ഒരേക്കർ സ്ഥലത്തുനിന്നും എഴുപത്തിയഞ്ചുസെന്റ് സ്ഥലം വിറ്റിട്ടാണ്. ഇനിയുള്ളത് ഇരുപത്തഞ്ചുസെന്റു ഭൂമിയും പഴയൊരു ഓടുമേഞ്ഞ വീടും ഒരു കന്നുകാലി തൊഴുത്തുമാണ് അതുകൂടി പോയാൽ പിന്നെ വാടകവീടുതന്നെ ശരണം.
"ഇനി സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ എന്നെകൊണ്ട് ആവില്ല. അത് വേണ്ടാത്ത ആരെങ്കിലും വന്നാൽ നോക്കാം."
ഇടക്കൊക്കെ തോമാച്ചേട്ടൻ ആരോടെന്നില്ലാതെ പറയും. അപ്പോൾ ഭാര്യ ത്രേസ്യാമ്മ പ്രതികരിക്കും.
"എങ്കിൽ മോള് മൂത്തുനരച്ചു വീട്ടിലിരിക്കത്തേയുള്ളൂ."
"എടി ത്രേസ്യേ എന്റെ മോള് സുന്ദരിയാണ്. അതിനുതക്ക പഠിപ്പും കഴിവും അവൾക്കുണ്ട്. അവളെ കെട്ടാൻ തക്ക കുടുംബത്തിൽ പിറന്ന യോഗ്യന്മാർ വരും. നീ നോക്കിക്കോ."
ആ യോഗ്യത സണ്ണിച്ചനില്ലേ. എൽസമ്മ സ്വയം മനസ്സിൽ ചോദിച്ചു. എന്നിട്ടും അപ്പൻ ഇങ്ങനെ ദേഷ്യപ്പെടാൻ പൈലി ചേട്ടനെ ആട്ടിയോടിക്കാൻ എന്താണ് കാരണം.?
ഓർമ്മകളുടെ വെള്ളിമാനത്ത് അവന്റെ മുഖം തെളിഞ്ഞു. രാജകുമാരന്റെ പരിവേഷങ്ങളോടെ. തിളക്കമുള്ള കണ്ണുകൾ. ചീകിവെച്ച കോലൻമുടി. നീണ്ട മൂക്ക്. തുടുത്ത കവിളുകൾ. കട്ടിമീശ.വെട്ടിയൊതുക്കിയ താടിരോമങ്ങൾ.
കയറും അരിവാളും എടുത്തുകൊണ്ടു അയൽവക്കത്തെ പറമ്പിലേയ്ക്ക് ചെന്നതായിരുന്നു പശുക്കൾക്ക് പുല്ലുവെട്ടാൻ. പഴയൊരു പട്ടുപാവാടയും ടീഷർട്ടും ആയിരുന്നു വേഷം.പാവാട മുട്ടോളം ഉയർത്തി കുത്തിയിരുന്നു.ആൾപ്പാർപ്പില്ലാത്ത പറമ്പായതുകൊണ്ട് കൂസലില്ലാതെയാണ് നടന്നത്.
ഓർക്കപ്പുറത്തു കൈയിൽ ഒരു വെട്ടുകത്തിയുമായി ഇടവഴിയിൽ നിന്ന് മുന്നിലേയ്ക്ക് കടന്നുവന്ന യുവാവിനെ കണ്ടു ഞെട്ടിപ്പോയി. ഉള്ളിൽ നേരിയ ഭയം നിറഞ്ഞു. കാലുകൾക്ക് ഒരു വിറയൽ.
പുല്ലു വെട്ടാൻ നിൽക്കാതെ അരിവാളും കയറുംകൊണ്ട് പെട്ടെന്നുതന്നെ തിരിച്ചുപോന്നു. അയാൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. എന്ത് വിചാരിച്ചിട്ടുണ്ടാവും എന്ന ചിന്ത മനസ്സിൽ അസ്വസ്ഥത ഉളവാക്കി.
ഒറ്റക്കാഴ്ചയിൽ തന്നെ ആള് സുന്ദരനും മര്യാദക്കാരനുമാണെന്ന് മനസ്സിലായി.ആദ്യമായിട്ട് ഒറ്റയ്ക്ക് ഒരു പെണ്ണിനെ കാണുമ്പോഴുള്ള വഷളത്തം നിറഞ്ഞ നോട്ടമോ ചിരിയോ ഒന്നും ആ മുഖത്ത് ഉണ്ടായില്ല. അന്തസുനിറഞ്ഞ ഭാവം.അയാൾ തൊടിയിലെ കാട് വെട്ടാൻ വന്നതാണ്.
പുല്ലുവെട്ടാതെ തിരിച്ചെത്തിയപ്പോൾ അമ്മ വഴക്ക് പറഞ്ഞു. അയൽവീട്ടിൽ പുതുതായി താമസത്തിനെത്തിയ വീട്ടുകാർ പറമ്പ് തെളിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അമ്മയുടെ ശബ്ദത്തിന് മയംവന്നു.
ഏതാനുംദിവസങ്ങൾ കഴിഞ്ഞപ്പോൾ അയൽവീട്ടിലേയ്ക്ക് കുട്ടികൾ വന്നെത്തി.ബാഗിനുള്ളിൽ പാഠപുസ്തകവുമേന്തി വിവിധപ്രായക്കാർ ട്യൂഷൻ പഠിക്കാൻ. അവർ പറഞ്ഞാണ് അയൽക്കാരനെക്കുറിച്ചു കൂടുതൽ അറിഞ്ഞത്.
പുതുതായി താമസിക്കാനെത്തിയ സണ്ണിച്ചൻ അധ്യാപകനാണെന്നും, ഇപ്പോൾ തന്റെനാട്ടിൽ താൽക്കാലിക അധ്യാപകന്റെ ഒഴിവിൽ ജോലികിട്ടി ഇവിടേയ്ക്ക് വന്നതാണെന്നും, ഒരുപാട് വിദ്യാഭ്യാസമുള്ളവനാണെന്നും, ഏത് വിഷയവും നന്നായി പഠിപ്പിക്കുമെന്നുമൊക്കെ. ട്യൂഷന് ചേർന്ന് കൂട്ടികൾക്കൊപ്പം പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആ ആഗ്രഹം നടന്നില്ല.എങ്കിലും വേലിക്കൽനിന്നുകൊണ്ട് പലപ്പോഴും ആ ക്ലാസ് ശ്രദ്ധിച്ചുകൊണ്ടിരുന്നു.തമാശയും അറിവും പകരുന്ന ക്‌ളാസുകൾ. എല്ലാം അവസാനിച്ചിരിക്കുന്നു. അപ്പന്റെ ചീത്തകേട്ട് ആ മനുഷ്യൻ ഒരുപാട് വേദനിച്ചിട്ടുണ്ടാവും.
ഇനി എങ്ങനെ ആ മുഖത്ത് നോക്കും. അവൾ തേങ്ങി. ഒടുവിൽ ആത്മാവിന്റെ ആഴങ്ങളിൽ നിന്നും നൊമ്പരങ്ങളുടെ തീരാത്ത നെടുവീർപ്പുയർന്നു. പെട്ടെന്ന് എന്തൊ ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറന്നുകൊണ്ട് മുഖം തിരിച്ചു വാതിലിനുനേരെ നോക്കി.ചാരിയിട്ടിരുന്ന വാതിൽവിടവിലൂടെ പ്രകാശം മുറിയിലേയ്ക്ക് അരിച്ചുകയറി.
അവൾ ഞെട്ടി. വാതിൽ തള്ളിതുറക്കുന്നതുകണ്ട് അവളുടെ ഉള്ളം പിടച്ചു. ലൈറ്റ് വെളിച്ചത്തിൽ അപ്പന്റെ രൂപം.മുഖം തുടച്ചുകൊണ്ട് അവൾ പിടഞ്ഞെഴുന്നേറ്റു.പേടികൊണ്ട് ശബ്ദം പുറത്തുവന്നില്ല.
"മോളെ..."
ആ വിളിയിൽ അവളുടെ മനസ്സ് കുളിർത്തു. ഭ്രാന്ത് ബാധിച്ചതുപോലെ കലിയെടുത്തു തുള്ളിയ അപ്പനല്ല.സ്നേഹത്തിന്റെ സ്വാന്തനത്തിന്റെയൊക്കെ ധൂതനായ അപ്പനാണ് കടന്നുവന്നിരിക്കുന്നത്.
തോമാച്ചേട്ടൻ മോളുടെ അടുക്കൽ കട്ടിലിന്റെ അരികെയിരുന്നു. കാപ്പിവടി കൊണ്ട് തല്ലിതിണർത്ത പാടുകളിൽ മെല്ലെ തലോടി.എന്നിട്ട് ശാന്തമായ സ്വരത്തിൽ മെല്ലെ ചോദിച്ചു.
"മോള് ഇതുവരെ ഉറങ്ങിയില്ലല്ലേ?"
"ഇല്ല അപ്പ.?"
"മോൾക്ക് ഒരുപാട് വേദനിച്ചൂല്ലേ.?"
"സാരമില്ല."
"അപ്പനോട് ക്ഷമിക്ക്. ദേഷ്യം കയറിയാൽ എന്റെ സ്വഭാവം മോൾക്ക് അറിയാല്ലോ എന്നെ പിടിച്ചാൽ കിട്ടില്ല."
"അപ്പൻ ഇതുവരെ ഉറങ്ങിയില്ലാരുന്നോ.?"
"നിന്റെ തേങ്ങലു കേട്ടാൽ എനിക്ക് ഉറക്കം വരുമോ...എന്റെ മോള് ഒന്നും കഴിച്ചില്ലല്ലോ.?"
"ഇല്ല..."
"എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്. അത്താഴപട്ടിണി കിടക്കാതെ."
"വേണ്ടാ എനിക്ക് വിശപ്പില്ല."
"അത് വെറുതേ പറയുന്നതാണെന്നു എനിക്കറിയാം. കുറച്ചെങ്കിലും കഴിക്ക്.ഇനി അപ്പൻ മോളെ തല്ലൂല്ല.കർത്താവാണേ സത്യം."
"ആണോ... എങ്കിൽ ഞാനൊരു കാര്യം ചോദിച്ചാൽ അപ്പൻ ദേഷ്യപ്പെടുമോ.?"
"ഇല്ല എന്റെ മോള് എന്തുവേണേലും എന്നോട് ചോദിച്ചോ... ഞാൻ മറുപടി തരാം."
"എന്തിനാ ഇന്നെന്നെ തല്ലിയത്...സണ്ണിച്ചന് എന്താ കുറവ്.?"
"ഹാ ഇതാണോ കാര്യം. അവൻ ആള് നല്ലവനാണ്.പക്ഷേ,നമുക്ക് ചേരില്ല മോളെ. അവൻ പുതുപ്പണക്കാരനാണ്. പാരമ്പര്യം ഇല്ലാത്തവൻ.കുടുംബമഹിമ ഇല്ലാത്തവൻ.ഇപ്പോൾ മനസ്സിലായോ.?"
കളിയാക്കുംപോലെ തോമചേട്ടന്റെ ചിരി ഉയർന്നു.തൊഴുത്തിൽ നിന്ന് ആട്ടിൻകുട്ടികൾ മെല്ലെ ചിണുങ്ങി. എൽസമ്മ ഒന്നും പറഞ്ഞില്ല.വീണ്ടും കിടന്നു.അടുത്തമുറിയിൽ നിന്ന് അമ്മയുടെ നെടുവീർപ്പ് കേട്ടു.
"പാതിരാത്രിക്കാണോ അപ്പന്റെ പുന്നാരം പറച്ചില്."
അടുത്തമുറിയിൽ നിന്ന് ഭാര്യയുടെ ശബ്ദമുയർന്നതും തോമാച്ചേട്ടൻ കട്ടിലിൽ നിന്നെഴുന്നേറ്റു. മകളോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞിട്ട് തിരിച്ചുനടന്നു.
(തുടരും...)