ഭാഗം 12
സാറക്ക് ഒരിക്കലും എണീറ്റ് നടക്കാൻ കഴിയൂലാന്ന് അമലിന് അറിയാം. എന്നിട്ടും,21ദിവസത്തെ ആയുർവേദ ചികിത്സകൊടുത്തു. അതിന് ഫലവും കിട്ടി, മുഖവും,കണ്ണുകളും പുതു ജീവൻ വെച്ചത് പോലെ. കൂടുതൽ സുന്ദരി ആയിരിക്കുന്നു.
"നോക്കൂ അമൽ, ഒന്ന് നടന്ന് നോക്കിയാലോ?"
അമൽ വല്ലാതായി,ആ താടി പിടിച്ചു കൊണ്ട് ഉയർത്തി, എന്നിട്ട് മുഖം കൊണ്ട് വേണ്ടാ എന്ന് ആംഗ്യം കാണിച്ചു.
"നിനക്ക് വിഷമമുണ്ടടൊ.... അമൽ അലിവോടെ ചോദിച്ചു."
മറുപടിയായി സാറ പൊട്ടിചിരിച്ചു. "നമുക്ക് ഒരു യാത്ര പോവണം. 'കനലുകൾ താണ്ടി ഇനിയെത്ര നാൾ' എന്ന കൃതി എനിക്ക് പൂർത്തിയാക്കണം. എന്റെ ലക്ഷ്യം എനിക്കു നിറവേറ്റണം. റോസിനോട് ഒരുക്കങ്ങൾ തുടങ്ങാൻ പറയൂ..."
കാര്യമറിഞ്ഞപ്പോ റോസ് എതിർത്തു. "ഞാനില്ല നിങ്ങൾ രണ്ടുപേരും പോയാൽ മതി."
"നോ... അമലും, സാറയും ഒന്നിച്ചാണ് പ്രതികരിച്ചത്. നീയും വരണം, നീയില്ലാതെ ഞങ്ങൾ പോവുന്നില്ല." "നോക്കൂ റോസ് നമ്മുടെ ശിരസ്സിനുള്ളിലെ ഭാരത്തിന് ഏകദേശം ഭൂമിയോളം വരും.എനിക്കല്പം തനിച്ചിരിക്കണം സാറാ...എന്തോ ഒരു സുഖകുറവ്. റോസ് നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു."
"തനിച്ചിരിക്കാൻ ആർക്കാ കൊതിയില്ലാത്തെ. സത്യത്തിൽ ചലനമറ്റു കിടക്കുന്ന സാറ ആരാണ്! ഞാൻ എന്നോട് തന്നെ ചോദിച്ച ദിനങ്ങൾ. എങ്ങിനെ ഈ ഭൂമിയിൽ പിറന്നു, എന്തിനു വേണ്ടി, ഒന്നിനും ഒരു ഉത്തരം കിട്ടുന്നില്ല. എന്നാലും നമ്മളങ്ങിനെ ജീവിക്കും. നമ്മളൊക്കെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. മാറിയേ മതിയാകൂ. നീ വേഗം പോയി റെഡിയായിക്കെ. ഞാനെത്ര നാൾ അതും അറിയില്ലല്ലോ?"
അപ്രതീക്ഷമായ സംഭവിച്ച യാത്രയിൽ മൂന്നുപേരും മൗനത്തിൽ ആയിരുന്നു. പുലർച്ചെ പുറപ്പെട്ടത് കൊണ്ട് പ്രകൃതി ഒരുക്കിയ വിസ്മയത്തിനു മുന്നിൽ സാറ കൈകൾ കൂപ്പി പോയി. എത്ര വിചിത്രാനുഭവങ്ങൾ ആണ് പ്രകൃതി നമുക്ക് സമ്മാനിക്കുന്നത്.പക്ഷി മൃഗാ ദികൾ, വൃക്ഷകൂട്ടങ്ങൾ, അങ്ങിനെ എന്തൊക്കെ, എന്തൊക്കെ, അതിന്റെയിടയിൽ വസിക്കുന്ന കുറെ മനുഷ്യജീവികളും,പല തരത്തിൽ, പലഭാവത്തിൽ, പല സ്വഭാവത്തിൽ എല്ലാം വ്യത്യസ്ഥ രീതിയിൽ.
ശരീരത്തെ കുത്തി നോവിക്കുന്ന തണുപ്പ് ആണെങ്കിലും സാറ സ്വെറ്ററോ, ഷാൾ ഓ ധരിക്കാതെ സാറ തണുപ്പ് ആസ്വദിക്കുകയാണ് ചെയ്തത്.
യാത്രകൾ എന്നും ഇഷ്‌ടമായിരുന്നു സാറക്ക്, വിവാഹം കഴിഞ്ഞ് ബാംഗ്ലൂരിലേക്കുള്ള യാത്രയായിരുന്നു, ആദ്യത്തെ ദൂര യാത്ര.
മനസ്സിൽ ഒരായിരം കിനാവും, സ്വപ്നങ്ങളും നിറച്ചു കൊണ്ട് ജീവിതം ആസ്വദിക്കാൻ പോകുന്ന ഒരു യാത്ര. കണ്ണിൽ കൗതുകം നിറച്ചു മൂളി പാട്ടുമായ് പോകുമ്പോൾ താനാണ് ഈ ഭൂമിയിൽ ഏറ്റവും വലിയ ഭാഗ്യവതിയെന്ന് ചിന്തിച്ചു. ചാച്ചന്റെയും, അമ്മച്ചിയുടെയും മരണവും, പാതി മെയ്യായ റോസിനെ കുറിച്ചു ഒരു വിവരമില്ലായെ ന്നറിഞ്ഞിട്ടും, താൻ സ്നേഹിക്കുന്ന പുരുഷനെ തന്നെ വരാനായി കിട്ടിയപ്പോ, ദുഃഖങ്ങളോട് വിട പറഞ്ഞു വേറൊരാളായി മാറിയത് പെട്ടെന്നായിരുന്നു. അത് എങ്ങിനെ സാധിച്ചു എന്ന് സാറക്ക് അത്ഭുതമായിരുന്നു.
ആദ്യമാദ്യമൊക്കെ ഫ്ലാറ്റിലെ ലൈഫ് വളരെ രസമായി തോന്നി സാറക്ക്. പിന്നെ പിന്നെ മടുത്തു തുടങ്ങി. ഏതെങ്കിലും ഒരു കോഴ്സ് ചെയ്യാൻ അമൽ പലവട്ടം നിർബന്ധിച്ചു.റോസ് അടുത്തില്ലാതെ തനിക്ക് ഒരിക്കലും പഠിക്കാൻ കഴിയൂലാന്ന് വാദിച്ചു.
അമൽ ഓഫിസിൽ പോയാൾ സാറ വെറുതെ ഇരുന്നു ടി വി കാണും. സ്നേഹം ഒരു ഭ്രാന്ത് ആയിരുന്നു അമലിനും, സാറക്കും ലഹരിയെന്ന് പറയുന്നതായിരിക്കും ശരി. വിവാഹ ജീവിതത്തിലെ ഒരു വർഷം അതായിരുന്നു സാറക്ക് ദൈവം തന്ന ഏറ്റവും വലിയ ഗിഫ്റ്റ്. നൂറു വർഷത്തെ സ്നേഹം പരസ്പരം വാരിയെറിഞ്ഞു.
"സാറാ... നീ തന്നെയാണ് ഇതിനുത്തരവാദി."കരഞ്ഞു തളരുമ്പോൾ 4 ചുവരുകൾ അവളോട് അലറുന്നത് അവളുടെ ചെവിയിൽ വന്നലച്ചു. ചാട്ടവാറിന്റെ അടിയേറ്റത് പോലെ പുളയുമ്പോളും, എത്ര ചിന്തിച്ചിട്ടും, ന്യായം സാറയുടെ തുലാസിൽ അളക്കുമ്പോൾ തട്ട് സ്വന്തം ഭാഗത്തു തന്നെ താഴ്ന്നു നിന്നു.
ടെലിവിഷന്റെ മുന്നിൽ നിന്ന് വായനാമുറിയിലേക്ക് ഇടം കണ്ടെത്തിയത് പെട്ടെന്നായിരുന്നു. സാറ ഒരു ഒരു വായനപ്രിയ തന്നെയായിരുന്നു. എന്നാൽ എപ്പോഴോ അത് ബ്രേക്ക് ആയി പോയി.
സെൽഫിൽ നിന്ന് ബുക്ക് തിരയുന്നതിനിടയിൽ നിന്ന് ഡയറിയിൽ നിന്ന് കുറച്ചു ഫോട്ടോയും, കുറെ കുറിപ്പുകളും തറയിലേക്ക് വീണു.എടുത്തു ഡയറിയിലേക്ക് തന്നെ എടുത്തു എടുത്തു വെക്കുന്നതിനിടയിൽ തറയിൽ കിടന്ന. ഫോട്ടോയിലേക്ക് കണ്ണുകൾ ഉടക്കി. റോസിന്റെ കുട്ടികാലത്തെ ഫോട്ടോ ആയിരുന്നു അത്, ആകാംക്ഷ അടക്കാൻ കഴിയാതെ കുറിപ്പുകൾ ഓരോന്നു വായിച്ചു തീർന്നപ്പോഴേക്കും സാറ തളർന്നിരുന്നു. റോസിന് വേണ്ടി മാത്രം എഴുതിയ കവിതകളും, കുറിപ്പുകളുമായിരുന്നു അത്.
തറയിൽ കുത്തിയിരുന്നു സാറ കുറെ കരഞ്ഞു.അമലിനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. അമൽ അതിനെ കുറിച്ച് ഒന്നും സൂചിപ്പിച്ചു പോലും ഇല്ലല്ലോ, സാറ സങ്കടത്തോടെ ഓർത്തു.
ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഡിപ്രെഷൻ തല പൊക്കാൻ തുടങ്ങിയിരിക്കുന്നു. കാരണം പറയാതെ അമലിന്റെ മുന്നിൽ വഴക്കാളിയായ ഭാര്യയായി.റോസിനെ സ്നേഹിച്ചിരുന്നു എന്ന് അമലിന്റെ വായിൽ നിന്ന് കേൾക്കുന്ന നിമിഷം ഹൃദയം പൊട്ടി മരിച്ചു എന്നുപോലും സാറ ചിന്തിച്ചു.
"എടാ.. നിനക്കെന്താ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? പഴയത് പോലെയല്ല എപ്പോഴും ദേഷ്യഭാവത്തിൽ, നിന്റെ മുഖം വാടുന്നത് പോലും എനിക്ക് സഹിക്കൂലാന്ന് നിനക്കറിയാമല്ലോ. എന്താ നിന്റെ പ്രശ്നം,"അമൽ സാറയുടെ പെരുമാറ്റത്തിലുള്ള വ്യത്യാസം കണ്ട് ചോദിച്ചു.
"ഒന്നുമില്ല അമൽ... അല്ലെങ്കിൽ ഈ ആണുങ്ങൾ ഒക്കെ ഇങ്ങിനെയാണ്, അവരവരുടെ കാര്യങ്ങൾ തന്നെയാണ് വലുത്."
"നിനക്കതിനു എന്തിന്റെ കുറവാ ഞാൻ വരുത്തിയത്. പറഞ്ഞാലല്ലേ അറിയൂ... ഞാനത് തീർത്തു തരാം. ഒന്ന് നീ മറക്കേണ്ട... ദൈവം എന്നെയും നിന്നെയും ചേർത്ത് വെച്ചത്, വഴക്ക് ഇടാനല്ല. ഓരോ ദിവസവും വഴക്കടിച്ച് ജീവിതം വേസ്റ്റ് ആക്കുന്നത് എന്തിനാ. എന്നോടൊന്ന് സംസാരിചൂടെ നിനക്ക്."
"പാവം അമൽ,"സാറയുടെ മനസ്സ് മന്ത്രിക്കും, എന്നാലും വാക്കുകൾ ഇങ്ങിനെയായിരിക്കും വരുന്നത്. "ഞാനിങ്ങനെ തന്നെയാണ്, എന്നെ സഹിക്കാൻ കഴിയൂല എങ്കിൽ കൊന്ന് കളഞ്ഞേക്കൂ."
"നിന്റെ മനസ്സ് ക്ലിയർ അല്ല, നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം,"
അമൽ കേണു.
"വേണ്ടാ... ഒരു ഡോക്ടറും എന്നെ ചികിൽസിക്കേണ്ടാ.... മനസ്സിനേറ്റ മുറിവിന് എനിക്കു ആത്മഹത്യ ചെയ്യണം."സാറ ചീറി കൊണ്ട് പറഞ്ഞു.
ആഞ്ഞൊരു അടിയായിരുന്നു മറുപടി. കറങ്ങി പോയ സാറയുടെ ബോധം മറഞ്ഞു പോയി.
കണ്ണ് തുറക്കുമ്പോൾ എല്ലാവരും ഉണ്ട്. അമ്പിചാച്ച, അമ്മച്ചി, ക്രിസ്റ്റി, എല്ലാവരുടെയും മുഖത്തു സന്തോഷം.
എണീക്കാൻ നോക്കിയപ്പോ എല്ലാവരും വിലക്കി.
"വേണ്ട.. എണീക്കേണ്ട..മോളും, വയറ്റിലുള്ള കുഞ്ഞും റസ്റ്റ് എടുത്തോ."
"ഏ.... വയറ്റിൽ കുഞ്ഞോ... "സാറ സന്തോഷത്തോടെ ചോദിച്ചു. എന്നാൽ ഫ്രൂട്സ്മായി വന്ന അമലിനെ കണ്ടപ്പോൾ ആ മുഖം വീർത്തു.
അന്നുമുതൽ അമ്മച്ചിയും അവരോടൊപ്പം ഉണ്ടായിരുന്നു. മോൻ തനുസ്സിന് നാലുമാസം പ്രായമായപ്പോളാണ് അമ്മച്ചി പോയത്.
വീണ്ടും ജീവിതത്തിൽ യുദ്ധം പ്രഖ്യാപിച്ചു സാറ.കരച്ചിലും, പൊട്ടിത്തെറിയുമായി ജീവിതം നിരങ്ങി നീങ്ങി.അതിന്റെയിടയിൽ മോനും വളർന്നു.
"നിന്റെ സ്വഭാവത്തിന് ഇത്തിരി അയവ് കൊടുക്ക്, മോൻ ഇതൊക്കെ കണ്ടാ വളരുക."അമൽ കൂടെ കൂടെ ഓർമ്മിച്ചു കൊണ്ടിരുന്നു.
"വളരട്ടെ, എല്ലാം കണ്ട് വളരെട്ടെ, നിന്നെ പോലെ ആവാതിരുന്നാൽ മാത്രം മതി."
"സാറാ..."നിന്നോട് ഞാൻ ആത്മാർത്ഥമായി ചോദിക്കുകയാണ്, നിന്റെ പ്രശ്നം എന്താണ്? എന്നോടുള്ള നിന്റെ പെരുമാറ്റം, അത് എനിക്കു വിഷമമില്ല, നീ നിന്നെ തന്നെയാണ് ഇഞ്ചിഞ്ചായി കൊല്ലുന്നത്. ദൈവത്തോട് സമാധാനം പറയേണ്ടി വരും നീ."അമൽ, ക്ഷുഭിതനായി പറഞ്ഞു.
ഞാൻ പറഞ്ഞോളാം, ദൈവത്തോട്, ദൈവത്തിന് എന്നെ അറിയാം, സാറ ചീറി."
ഇതിന്റെ ഇടയിൽ അമൽ വയനാട്ടിൽ ഇത്തിരി ഭൂമിയൊക്കെ വാങ്ങി വീട് പണി തുടങ്ങിയിരുന്നു. മോന് രണ്ടര വയസ്സ് ഉള്ളപ്പോ സാറ വീണ്ടും ഗർഭിണി ആയി, വയ്നാട്ടിലേക്ക് പോന്നു. അമ്മച്ചി എന്നും സാറക്ക്, സ്വാന്തനവും, ആശ്വാസവുമായിരുന്നു. അമൽ ജോലി റിസൈൻ ചെയ്ത് ബിസിനെസ്സ് ആരംഭിച്ചു.
"നീയില്ലാതെ സത്യത്തിൽ എനിക്കു നിൽക്കാൻ പറ്റൂല.നിന്റെ സ്വഭാവം വെച്ചു നോക്കുമ്പോൾ സത്യത്തിൽ ഞാൻ നിന്റെ അടുത്തു വേണം. നീയെന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. സാരമില്ല. നിന്റെ മനസ്സിൽ വിഷമം തോന്നുമ്പോൾ എന്നെയല്ലാതെ വേറെയാരെ പറയാനാണ്."അമൽ വികാരധീനമായി പറഞ്ഞു.
"സോറി അമൽ... ന്റെ ചിന്തകൾ എനിക്ക് പിടിച്ചു നിർത്താൻ കഴിയുന്നില്ല. എനിക്കു ഭ്രാന്താകും, ഗുളിക തുടരുകയേ മാർഗ്ഗമുള്ളൂ. നമുക്ക് ഡോക്ടരെ കാണാം. ഞാൻ അന്നേ മരിച്ചുപോയാൽ മതിയായിരുന്നു അല്ലെ. എന്നാൽ അമൽ രക്ഷപെടുമായിരുന്നു."
സാറയുടെ വായ അമൽ പൊത്തി, എന്നിട്ട് പറഞ്ഞു.
"മരണം നമ്മുടെ കയ്യിൽ ഒന്നും അല്ല സാറ... ദൈവം വിളിക്കുമ്പോഴേ നമുക്ക് അവിടേക്ക് പോവാൻ പറ്റൂ."
സാറയുടെ മനസ്സ് അത് വല്ലാത്തൊരു ചുഴലി കാറ്റായിരുന്നു. ആർക്കും മനസിലാവാതെ അതങ്ങിനെ താണ്ഡവമാടികൊണ്ടേയിരുന്നു. സത്യം പറഞ്ഞാൽ സാറ രണ്ട് വ്യക്തിയാണ്, ചിന്തിക്കുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്. അമലിനോടുള്ള സ്നേഹം തുളുമ്പി നിൽക്കുന്നുണ്ടായിരിക്കും. എന്നാൽ വാക്കുകൾ വേദനിപ്പിക്കുന്നതായിരിക്കും.
തന്റെ മനസ്സിനുള്ളിലെ ചോദ്യങ്ങളും, സംശയങ്ങളും,അമലിന്റെ മുന്നിൽ അവതരിപ്പിക്കാൻ എത്രയോ തവണ ചിട്ടപെടുത്തിയിയിട്ടുണ്ടായിരുന്നു സാറ. എന്നാൽ ഇതുവരെ പുറത്തേടുക്കാൻ കഴിഞ്ഞിട്ടില്ല.
ഈ ഭൂമിയിലേക്ക് ഒരു കുരിന്നിന്റെ ആഗമനത്തിലുള്ള തയ്യാറെടുപ്പിൽ ആയിരുന്നു എല്ലാവരും. ഡെലിവറി ഡേറ്റ് ന് ഒരുദിവസം ബാക്കി നിൽക്കെ സാറ തന്റെ വയറ്റിലുള്ള കുഞ്ഞിനെ താങ്ങി പിടിച്ചു കൊണ്ട് ഉമ്മറത്തെത്തി.
(തുടരും...)