mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 13

ശീതള കാറ്റിന്റെ ആസ്വാദനത്തിൽ മനം മയങ്ങി ഇരിക്കെ കാറ്റിനോട് ചുണ്ടുകൾ ചേർത്ത് കൊണ്ട് സാറ ഒരു രഹസ്യം മൊഴിഞ്ഞു, 'റോസ് നീയെവിടെയാണെങ്കിലും നിനക്കായ്‌ ഒരു ചുംബനം ഞാൻ കൊടുത്തു വിടുന്നു.

 

പാതിമെയ്യ് നഷ്‌ടപെട്ടവളെ പോലെ നിന്നെ കാണാതെ എനിക്കു ശ്വാസം മുട്ടുന്നു. ഒരേ ചിന്തയുമായി ജനിച്ചവർ. പിന്നെ എപ്പോഴാണ് നീ മാറി പോയത്. എന്നോയൊരു വാക്കുപോലും പറയാതെ നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്,' സാറക്ക് സങ്കടം വന്നു. നമ്മുടെ പഴയ നാളുകൾ ഒരു ദിവസം എനിക്കു കടം തരുമോ? സാറ മൗനമായി മൊഴിഞ്ഞു.

"അമ്മേ... തനുമോൻ സാറയോട് ചോദിച്ചു."കുഞ്ഞ് വാവ ഇന്ന് വരുമോ അമ്മേ?"സാറ മോന്റെ തലയിൽ വാത്സല്യപൂർവ്വം തലോടി കൊണ്ട് ചോദിച്ചു.

"നാളെ വരും. നീ കുഞ്ഞ് വാവയെ നോക്കുമോ?"

"നോക്കും, കുളിപ്പിക്കും, ഒക്കെ ചെയ്യാം, എന്നാൽ അമ്മ കുഞ്ഞ് വാവയെ നോക്കണ്ട. വല്ല്യമച്ചി നോക്കി കൊള്ളും, മോനെ അമ്മ നോക്കിയാൽ മതി."

"ശരി." സാറ ആ കവിളത്തു ഒരു മുത്തം കൊടുത്തു

കുഞ്ഞുങ്ങൾ പോലും എത്രമാത്രം പൊസ്സസ്സീവ് ആണ്. സ്നേഹം ആഗ്രഹിക്കാത്തവർ ആരും ഇല്ല. അത് കിട്ടാതാകുമ്പോഴുള്ള പിടച്ചിൽ ഭയാനകമാണ്. ആ പിടച്ചിൽ ആയിരിക്കില്ലേ അമലിന്റെ ഉള്ളിൽ, സാറക്ക്‌ സങ്കടം വന്നു.

ഡാനി മോൾ പിറന്നതിൽ പിന്നെ സാറ വളരെ നോർമൽ ആയി കാണപ്പെട്ടു.അല്ലലില്ലാതെ ഓരോ വർഷങ്ങളും മുന്നോട്ട് പൊയ്‌കൊണ്ടിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി സാറ പൊട്ടിത്തെറിച്ചു.

അമൽ ഒന്നും മിണ്ടിയില്ല, ആകണ്ണുകൾ നിറഞ്ഞു വന്നു. തനു മോനും, ഡാനി മോളും, അവരുടെ അമ്മയുടെ പരാക്രമം കണ്ട് പേടിച്ചറണ്ട് നിക്കുകയാണ്. അമൽ അവരെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി.

ഒരു ദിവസം സാധാരണ പോലെ, വളരെ സ്നേഹവും, സൗമ്യമായി. എന്നാൽ പിറ്റേ ദിവസം വഴക്കാളി ആയി.ഇപ്പോൾ അതായിരിക്കുന്നു സ്വഭാവം.

ഒരു ദിവസം അമൽ വളരെ സ്നേഹത്തോടെ പറഞ്ഞു.

"സാറാ...കുട്ടികാലം മുതൽ നമ്മൾ നല്ല ഫ്രെണ്ട്സ് ആയിരുന്നു. അന്നും, ഇന്നും നീയെനിക്ക് ജീവാനാണ്, നിന്നെ വിവാഹം കഴിച്ചത് വളരെ പ്രതീക്ഷയോട് കൂടിയാണ്. മക്കളും, നീയുമൊത്ത് ഒരു സന്തോഷകരമായ ജീവിതം, അത് ഇങ്ങിനെ വഴക്ക് കൂടി നശിപ്പിച്ചാൽ, കുട്ടികൾ അവരെന്തു തെറ്റ് ചെയ്തു. എന്നെ കാണുന്നതാണ് നിനക്ക്‌ കലി എങ്കിൽ ഞാൻ കുറച്ചു ദിവസം നമ്മുടെ റിസോർട്ടിൽ പോയി നിൽക്കാം. നീ ഇവിടെ നിന്ന് ആലോചിക്ക്, ചെയ്യുന്നത്, ശരിയോ, തെറ്റോ എന്ന്."

"എനിക്കറിയാം അമൽ, നീ പൊയ്ക്കോ. അടുത്തയാഴ്ച കുട്ടികൾക്ക് വെക്കേഷൻ തുടങ്ങും, അപ്പോൾ ഞാൻ അങ്ങോട്ട് വരാം. കുട്ടികൾക്ക്‌ എങ്കിലും നമുക്ക് നല്ലൊരു ജീവിതം കൊടുക്കണം."

അമൽ പോയതിനു ശേഷം സാറ പഠിക്കുകയായിരുന്നു, എങ്ങിനെ നല്ലൊരു ഭാര്യയാവാം, അമ്മയാവാം.

കുട്ടിക്കാലത്ത് റോസിനോട് അമലിന് ഒരിഷ്‌ടം തോന്നിയിരിക്കാം, അതിലെന്താ ഇത്ര തെറ്റ്. ഇതൊക്കെ ആദ്യമേ ചിന്തിക്കണമായിരുന്നു. സാറക്ക് വല്ലാത്ത കുറ്റബോധം തോന്നി.

പപ്പയുടെ റിസോർട്ടിൽ പോവാൻ കുട്ടികൾക്ക് ഏറെ ഇഷ്‌ടമുള്ള കാര്യമാണ്. കാര്യം അറിഞ്ഞപ്പോൾ രണ്ട് പേരും തുള്ളി ചാടി. അമലിന്റെ കരവിരുത് മാത്രമാണ് ഇത്ര മനോഹരമായ റിസോർട്ടിന്റെ പണിപ്പുര തീർത്തത്. ഗസ്റ്റ്കൾ ഒരിക്കൽ വന്നാൽ പിന്നെയും അങ്ങോട്ട് ആകർഷിക്കുന്ന എന്തോ ഒരു ഫീൽ ഉണ്ടവിടെ.

അമലിനും, ഫാമിലിക്കും മാത്രം താമസിക്കാൻ പണിത പ്രത്യേകമായൊരു വില്ലക്ക് മുന്നിൽ സാറയും, കുട്ടികളും, എത്തി വണ്ടിയുടെ ശബ്‌ദം കേട്ടതിലാവണം, പൂമുഖത്തേക്ക് വന്നയുവതിയെ കണ്ട് സാറ ഞെട്ടി പോയി. റോസ്.... റോസ് ആയിരുന്നു അത്.

"എന്റെ മോളെ...നീ എവിടെയായിരുന്നു? നിന്നെ കാണാൻ ഒരു പാട് കൊതിച്ചിട്ടുണ്ട് ഞാൻ."സാറയും, റോസും കെട്ടിപിടിച്ചു കുറെ കരഞ്ഞു. പിന്നെ പതുക്കെ റോസിൽ നിന്ന് അടർന്നു മാറിക്കൊണ്ട് കുട്ടികളെ സാറ അരികിലേക്ക്‌ വിളിച്ചു. എന്നിട്ട് ചോദിച്ചു,"ഇതാരാണെന്ന് അറിയോ നിങ്ങൾക്ക്, ഞാൻ പറയാറില്ലേ റോസ് ചെറിയമ്മയെ കുറിച്ചു, അവരാണിത്." റോസ് അവരെ വാൽസല്യത്തോടെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു."മമ്മാന്ന് വിളിച്ചാൽ മതി നിങ്ങളെ,മമ്മയാണ് ഞാൻ."

"സാറാ... നിങ്ങളെല്ലാവരും ഈ പാപിയോട് പൊറുക്കുമോ? ഞാനെന്തൊക്കെയോ ചെയ്തു കൂട്ടി, അറിവില്ലായ്മ കൊണ്ടായിരുന്നു.നമ്മുടെ ചാച്ചനും, അമ്മച്ചിയും പോയീലെ...ഞാൻ കാരണം. നിങ്ങളെ ഫേസ് ചെയ്യാൻ കെൽപ്പില്ല എനിക്ക്‌."

"ഒന്നും സാരമില്ല മോളെ. നീ വന്നല്ലോ."

സാറ അവളെ സമാധാനിച്ചു.

"ഹാരിസ് മുസ്ലിം ചെറുക്കനായത് കാരണമാണ് ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചത്.പക്ഷെ പറഞ്ഞസമയത്ത് ഹാരിസ് വന്നില്ല. എനിക്കു വീട്ടിലേക്ക് വരാനും പറ്റൂലായിരുന്നല്ലോ.അന്ന് രാത്രി അമലാണ് എന്നെ ബാംഗ്ലൂരിലുള്ള ഹോസ്റ്റലിൽ എത്തിച്ചത്. അവിടെ നിന്ന് ഇങ്ങോട്ട് പോന്നു.വർഷങ്ങൾ തീർത്തും തടവറയിൽ ആയിരുന്നു പുറം ലോകം കാണാൻ പോലും മടിച്ചു ദിവസങ്ങൾ എണ്ണി കഴിഞ്ഞു. നിന്നെയൊന്നു കാണാൻ!അതായിരുന്നു എന്റെ ജീവിതം പിടിച്ചു നിർത്തിയത്. ഇപ്പോൾ കുറെയായി ഇവിടെ വന്നതിനു ശേഷം അല്പം മനസമാധാനം തോന്നുന്നു."റോസ് കിതച്ചു കൊണ്ട് പറഞ്ഞു.

"വേണ്ടാ.... ഇനിയൊന്നും പറയണ്ട... ഒന്നും കേൾക്കാനുള്ള ശക്തി ഇല്ലെനിക്ക്, ഏതായാലും നിന്നെ കണ്ട് മുട്ടിയല്ലോ, അത് മാത്രം മതിയെനിക്ക്."

ഒരാഴ്ച വേഗം കടന്നു പോയി, തീർത്തും ഉത്സവപ്രതീതിയായിരുന്നു.

"നീ ഞങ്ങളുടെ കൂടെ വരണം. ഇനി ഞങ്ങളുടെ കൂടെയാണ് താമസിക്കേണ്ടത്. നിനക്കിനി ഞങ്ങളല്ലേ ഉള്ളൂ. സാറ നിർബന്ധിച്ചു."

"ഞാനില്ല സാറ... എനിക്കു ആളുകളെ കാണുന്നത് തന്നെ ഭയമാണ്. എല്ലാത്തിൽ നിന്നും ഒരു ഉൾവലിയൽ. ഞാൻ കാരണം എന്തൊക്കെ ദുരിതങ്ങൾ ഉണ്ടായി."

"പഴയതൊക്കെ നമുക്ക് മറക്കാം. നീ വന്നാൽ കുട്ടികളും ഹാപ്പിയാവും."സാറ പറഞ്ഞു.

"ഞാൻ വരാം, പിന്നെ, മനസ്സിന് ഒരല്പം സാവകാശം കൊടുക്കണം. അതിനെനിക്ക് കുറച്ചു ദിവസം വേണം. നിങ്ങൾ പൊക്കോളൂ,"റോസ് പറഞ്ഞു.

"എന്നാൽ അമലിവിടെ നിന്നോ റോസിന് കൂട്ടായി. സ്കൂൾ തുറക്കുകയല്ലേ ഞാൻ പിള്ളേരെയും കൊണ്ട് പൊയ്ക്കോളാം."

"വേണ്ടാ എനിക്ക് തനിച്ചിരിക്കണം കുറച്ചു ദിവസം. നീ പേടിക്കേണ്ട ഞാൻ ആത്മഹത്യ ചെയ്യുകയൊന്നും ഇല്ലാ. ചെയ്യാമെങ്കിൽ എന്നോ ആവാമായിരുന്നു."കുട്ടികൾക്ക് ഒരു മുത്തവും കൊടുത്ത് ബൈ പറയുമ്പോൾ റോസ് കരയുകയായിരുന്നു." നിന്നെ ഞാൻ വിളിക്കാം"

സാറക്ക് തന്റെ ജീവിതം സഫലമായത് പോലെ തോന്നി. തന്റെ ഒരെ ഒരു കൂട്ടപ്പിറപ്പ് അവളിന്ന്ണ്ട്. ഈ ഭൂമിയിൽ ആരുമില്ല എന്നോർത്തു തലയണ നന ക്കുമ്പോൾ അവൾ തിരിച്ചു വരും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.തന്റെ അനിയത്തിയെ രക്ഷിച്ച അമലിനെ ആരാധന പൂർവ്വം നോക്കി.

സാറ ഒരു കുടുംബിനിയായി മാറുകയായിരുന്നു. കുട്ടികൾക്ക്‌ നല്ലൊരു അമ്മയായി, അമലിന് നല്ലൊരു ഭാര്യയായി. അമലിനും സന്തോഷമായി. ജീവിതം ഒരേ താളത്തിൽ പൊയ്‌കൊണ്ടിരിക്കുമ്പോളാണ് സാറ അമലിന്റെ ചെവിയിൽ മന്ത്രിച്ചത്

"അമൽ, നമുക്ക് റോസിനെ ഇങ്ങോട്ട് കൊണ്ട് വന്നാലോ... എന്നിട്ട് നമുക്ക് പിരിഞ്ഞാലോ? എനിക്കാണെങ്കിൽ ലൈഫ് മുന്നോട്ട് കൊണ്ടു പോവാനാണെങ്കിൽ തലേന്ന് പ്രിപ്രെയർ ചെയ്യണം. ഞാൻ വല്ലാതെ തളരുന്നു, എനിക്കു മടുത്തു."

അമൽ തീയിൽ ചവിട്ടിയത് പോലെ പിന്നോട്ട് മാറി, എന്നിട്ട് ചോദിച്ചു. "നീ എന്തൊക്കെയാണീ പറയുന്നത്."

റോസിനെയല്ലേ നീ സ്നേഹിച്ചത്. സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ, എന്നെ നീ സ്നേഹിച്ചിട്ടില്ലല്ലോ."

അമലിന് പെട്ടെന്ന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല, തൊണ്ടയിൽ ആരോ പിടിച്ചത് പോലെ കണ്ണുകൾ നിറഞ്ഞു വരുന്നു ബുദ്ധിക്ക് ക്ഷതമേറ്റ തന്റെ ഭാര്യയെ എന്ത് ചെയ്യണം കുറച്ചു നേരം അതാലോചിച്ചു ഇരുന്നു.

"ഞാനെങ്ങിനെ അറിഞ്ഞു എന്നായിരിക്കും അല്ലെ. നിന്റെ ഡയറി കുറിപ്പും ഫോട്ടോസ് മൊക്കെ ഞാൻ കണ്ടിരുന്നു. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. അന്ന് മുതലാ ഞാൻ ഭ്രാന്തിയായത്, സ്നേഹത്തിനു വേണ്ടിയുള്ള ഭ്രാന്ത്, ഭർത്താവിന്റെ മനസ്സിൽ വേറൊരുത്തി ഉണ്ട് എന്നറിഞ്ഞാൽ ആരും സഹിക്കില്ല. ഈ ഭൂമിയിൽ ഉള്ളവരാരും സഹിക്കില്ല.ഇന്നിപ്പോ എന്റെ മനസ്സ് വരണ്ട് പോയി. നിനക്കാവശ്യം നല്ല ഒരു ഭാര്യയാണ്. റോസ് നല്ലൊരു ഭാര്യയായിരിക്കും."

"പറഞ്ഞു കഴിഞ്ഞോ നീയ്, അമൽ പൊട്ടിത്തെറിച്ചു. കുട്ടികാലത്ത് റോസിനോട് ഒരു ഇഷ്‌ടം തോന്നി. അത് സത്യമാണ്. ഒരു പെൺകുട്ടിയെ മനസ്സിൽ താലോലിക്കുന്ന പ്രായത്തിൽ അവളെ കുറിച്ച് കഥകൾ എഴുതി ഫോട്ടോയും സൂക്ഷിച്ചു വെച്ചു. എന്നാൽ അവൾക്ക്‌ ഞാൻ എന്നും ഒരു സഹോദരൻ ആയിരുന്നു. മുതിർന്നപ്പോൾ അവൾ പറഞ്ഞിരുന്നത് ഹാരിസിനെ കുറിച്ചാണ്. അന്ന് മുതൽ അവൾ എനിക്ക് സിസ്റ്റർ മാത്രമായിരുന്നു. നിന്റെ ഫോട്ടോയും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു. അത് നീ കണ്ടില്ലേ.സ്വന്തം സിസ്റ്ററെ ആരും കല്യാണം കഴിക്കില്ല, അത് നിനക്ക് അറിയില്ലേ...ഇനി മുതൽ എനിക്ക് ഒന്നും കേൾക്കേണ്ട... അറിയുകയും വേണ്ട...."ഇതും പറഞ്ഞു അമൽ ദേഷ്യത്തിൽ ഇറങ്ങി പോയി.

സാറ വല്ലാതായി, എന്നോ അമലിനോട്‌ ചോദിച്ചു ക്ലിയർ ആക്കേണ്ട കാര്യങ്ങൾ, ചോദിച്ചു മനസ്സിലാക്കാതെ പുണ്ണ് കുത്തി കുത്തി ക്യാൻസർ ആയി മാറിയിരിക്കുന്നു.

ഈ സാറ എന്ത് കൊണ്ട് ഇങ്ങിനെയായി. മനസ്സ്. ഇങ്ങിനെയായി. അമൽ പോയിട്ട് കുറെ നേരം ആയിരിക്കുന്നു, മൊബൈൽ ആണെങ്കിൽ സ്വിച്ച് ഓഫ്‌. സാറക്ക് തലക്ക് ആകെ വെള്ളിടി പൊട്ടിയത് പോലെ.പിന്നെ നിലത്തേക്ക് മറിഞ്ഞു വീണു.

ഹോസ്പിറ്റലിൽ എത്തിച്ച സാറക്ക്‌ ബോധം വീണുവെങ്കിലും, ഡോക്ടർ 'വേണുഗോപാലിന്', എന്തൊക്കെയോ ഡൌട്ട് തോന്നിയിട്ട് കുറെ ടെക്സ്റ്റ്‌ന് വിധേയമാക്കിയിട്ടുണ്ടായിരുന്നു.റിസൾട്ടുമായി ഡോക്ടറുടെ അഭിമുഖമായി ഇരുന്ന, റോസും, അമലും, ഡോക്ടറുടെ വിവരങ്ങൾ ഞെട്ടലോടെ ആണ്‌ കേട്ടത്. 'ബ്രെസ്റ്റ് ക്യാൻസർ', എന്നോ ചികിത്സ തുടങ്ങേണ്ടത് ആയിരുന്നു. ഇനി ഒട്ടും വൈകരുത്.

ക്യാൻസർ സെന്ററിലെ ശിതീകരിച്ചമുറിയിൽ ചികിത്സയുടെ വേദന താങ്ങാൻ കഴിയാതെ സാറ അലമുറയിടുമ്പോൾ റോസ് കുട്ടികളെയും കൊണ്ട് വീട്ടിൽ ആയിരുന്നു.

"അമ്മയെന്താ വരാത്തെ പനി മാറിയില്ലേ?"കുട്ടികൾ കൂടെ കൂടെ ചോദിക്കും.

"മാറി മക്കളെ,അമ്മക്ക് ചെറിയ ഒരു കുരു വന്നു അത് ഓപ്പറേറ് ചെയ്യണം, എന്നിട്ട് മുറി ഉണങ്ങുമ്പോൾ വരും."റോസ് കുട്ടികളെ സമാധാനിപ്പിച്ചു.

സാറയെ ദൈവം ഈ ഭൂമിയിൽ ദൈവം സൃഷ്ടിച്ചത് മുതൽ വിവാഹം വരെയുള്ള കാര്യങ്ങൾ ഒക്കെ അവരുടെ മനസ്സിലേക്ക് മിന്നി മറയുമ്പോൾ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലല്ലോ എന്ന തിരിച്ചറിവ്, വേദന കടിച്ചമർത്തുമ്പോളും സാറയുടെ ഉള്ളം പൊള്ളി.

(തുടരും...)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ