നേരം പുലർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു, പതിവ് പോലെ 'അമൽ' സാറയുടെ മുറിയുടെ ചാരിയിട്ട കതക് പതുക്കെ തുറന്ന് സാറയെ നിരീക്ഷിച്ചു. ഒരു പനിനീർ പൂവ് കൂമ്പിയത് പോലെ അവൾ ഉറങ്ങുന്നത് അമൽ കുറച്ചു നേരം നോക്കി നിന്നു.
പിന്നെ ജാലകം പകുതി തുറന്നു. പുലർക്കാലം പറുദീസ അണിഞ്ഞു മാരിവില്ല് വിരിഞ്ഞത് പോലെയും, അതോടൊപ്പം ഹിമവർഷം അകത്തേക്ക് പ്രവേശിക്കാൻ ധൃതി കൂട്ടുകയും ചെയ്തു. എന്തൊരു തണുപ്പാണ്, ഹിമം ഒഴുകി ഒഴുകി വന്ന് സാറയെ ശല്യപെടുത്തും എന്ന് കരുതി അമൽ ജനലുകൾ പതുക്കെ അടച്ചു. ആ ശബ്‌ദം കേട്ട മാത്രയിൽ സാറ മിഴികൾ തുറന്നു അങ്കലാപ്പോടെ ചുറ്റിലും നോക്കി.
"ഹായ് സാറാ... ഗുഡ് മോർണിംഗ്"
അമൽ സാറയുടെ ബെഡിൽ ഇരുന്നു.
മുഖത്ത് ഒരു വിളറിയ ചിരി വരുത്തികൊണ്ട് സാറ പറഞ്ഞു.
"മോർണിംഗ് "
"എന്താ മുഖത്തിത്ര ക്ഷീണം, നീ ഇന്നലെ ഉറങ്ങിയില്ലേ?" അമൽ ചോദിച്ചു.
"എന്തോ? കുറച്ചു ദിവസമായി ഉറക്കം കുറവാണ്. ടാബ്ലറ്റ് മാറ്റേണ്ടി വരും എന്ന് തോന്നുന്നു. റോസിനെയും, സുനിതയെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി, ഉറക്കം നടിച്ചു കിടക്കും." സാറ ക്ഷീണഭാവത്തിൽ പറഞ്ഞു.
"നിനക്ക് തണുക്കുന്നില്ലേ, ഞാൻ ഹോം നഴ്സിനെ വിളിക്കട്ടെ? കാപ്പിയിടാൻ പറയാം. അല്ലെങ്കിൽ ഞാനിട്ട് കൊണ്ട് വരാം". അമൽ താൻ പുതച്ചിരുന്ന ഷാൾ ഒന്നും കൂടെ നിവർത്തി പുതച്ചു കൊണ്ട് ചോദിച്ചു.
"ഇന്ന് സൺഡേ അല്ലേ, സുനിത ഇന്നലെ വീട്ടിൽ പോയത് മറന്നു അല്ലേ! റോസ് പള്ളിയിൽ പോവാനുള്ള ഒരുക്കത്തിൽ അടുക്കളയിൽ ആയിരിക്കും."
"ഓ... ഞാനത് മറന്നു. എന്നാൽ ഇപ്പോ റോസ് കാപ്പിയുമായി വന്നുകൊള്ളും."
"എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്, നീ അത് അനുസരിക്കണം." അമലിന് കിതപ്പനുഭവപ്പെട്ടു. മരവിച്ച തണുപ്പിലും തലയിലൂടെ ഒരു ഉഷ്ണപ്രവാഹം. മിഴികൾ എന്തിനോ കലങ്ങി വന്നു, വാക്കുകൾക്ക് ശ്വാസതടസ്സം. അമലിനെ ബാക്കി പറയാൻ അനുവദിക്കാതെ സാറ ഒച്ചവെച്ചു.
"വേണ്ട എനിക്കൊന്നും കേൾക്കേണ്ട... എനിക്കൊന്നും കേൾക്കേണ്ട..."
"നിന്നെ ഓർത്ത് മാത്രമാണ് ഞാൻ തേങ്ങുന്നത്" അതും പറഞ്ഞ് നിറഞ്ഞ മിഴികൾ സാറ കാണാതിരിക്കാൻ അയാൾ മുറിവിട്ടു പോയി. സാറ കരയാൻ പോലും ശേഷിയില്ലാതെ വിദൂരയിലെന്തോ തേടും മട്ടിൽ കിടന്നു.
ഇടനാഴിയിലൂടെ റോസിന്റെ കാൽപെരുമാറ്റം സാറ കേട്ടു. അമലിന്റെ മുറിയിലേക്ക് കാപ്പി കൊണ്ട് പോകുന്നതാവാം, സാറ ചിന്തിച്ചു. കുറച്ചു കഴിഞ്ഞ് റോസ്, സാറയുടെ മുറിയിലേക്ക് വന്നു. കാപ്പി ടേബിളിൽ വെച്ചു. എന്നിട്ട് ചോദിച്ചു.
"നിനക്ക് എണീക്കേണ്ടേ? ഞാൻ അമലിനെ വിളിക്കാം." അതും പറഞ്ഞു തിരിഞ്ഞതും, സാറ തന്റെ വലതു കൈകൊണ്ട് റോസിന്റെ സാരി തുമ്പ് പിടിച്ചു.
"റോസ്, ഇത് നോക്കൂ... തണുത്ത സ്വരം. എന്റെ കൈ അനക്കാൻ കഴിയുന്നു" റോസിന്റെ മുഖം അത്ഭുതംകൊണ്ട് വിടർന്നു.
സാറാ... നീ ഒന്നും കൂടെ.... റോസിന് വാക്കുകൾ കിട്ടുന്നില്ല, ഞാൻ അമലിനെ വിളിക്കട്ടെ! സാറയുടെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു വന്നു.
പുറത്ത് ചാറ്റൽമഴയോ, അതോ മഞ്ഞു വീഴ്ച്ചയോ? എന്ത് തന്നെയാണെങ്കിലും, പ്രകൃതിയുടെ സംഗീതത്തിനൊപ്പം, കിളികളുടെ ചുണ്ടിൽ നിന്ന് ഉതിർന്ന തേൻ മൊഴികൾ കേൾക്കണമെങ്കിൽ, നന്നായി ചെവി കൂർപ്പിച്ചു പിടിക്കണം, കാരണം സാറയുടെ പ്രാണനിലും ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. നെഞ്ചകത്തിനുള്ളിലേക്ക് വീഴുന്ന ഓരോ നനുത്തതുള്ളിയും, പുഴയായ് മാറുന്നത് സാറ അറിഞ്ഞു. ആ പുഴയിപ്പോ ശാന്തമാണ്. എത്രയോ മാസങ്ങളായി വലത്തെ കയ്യും, കാലുകളും തളർന്നു സാറ കിടക്കുക യാണ്.പെട്ടെന്ന് ഈ അവസ്ഥയിലേക്ക് മാറിയപ്പോ സാറക്ക് എല്ലാവരോടും വിദ്വേഷമായിരുന്നു, ഡോക്ടർമാര് സാറയുടെ സംസാരശേഷി നഷ്‌ടപ്പെട്ടിട്ടില്ല എന്ന് വിധിഎഴുതിയെങ്കിലും, എന്നാൽ സാറ സംസാരിച്ചതേ ഇല്ല, വിധിയോടോ, ദൈവത്തോടോ, ആരോടുള്ള പിണക്കമായിരുന്നു എന്ന് സാറക്ക് മാത്രമേ അറിയുമായിരുന്നുള്ളു.അങ്ങനെ ഒരു ദിവസം സാറയുടെ ചുണ്ടിൽ നിന്ന് വാക്കുകൾ അടർന്നു വീണു. "എനിക്കൊന്ന് ഐക്കരയിലേക്ക് പോവണം."അവളുടെ മുഖത്ത് കാണാമായിരുന്ന വിദ്വേഷത്തിന്റെ കടലിരമ്പലുകൾ പിന്നെ കണ്ടതേയില്ല. ആ സ്ഥാനത്ത് പിന്നെ കണ്ടത് നേരിയ മന്ദഹാസത്തിൽ വിരിഞ്ഞ ഇളം കാറ്റിന്റെ ശോഭയായിരുന്നു.
"അമൽ... അമൽ..." റോസ് അമലിനെ അട്ടഹസിച്ചു കൊണ്ട് വിളിച്ചു.
അമൽ, സാറയുടെ വെപ്രാളപ്പെട്ടുള്ള വിളി കേട്ട് ഭീതിയോടെ ഓടിയെത്തി. "എന്തേ എന്തു പറ്റി?"
"സാറയുടെ വലത്തേ കൈ ചലിച്ചു." ഇതുവരെ നിർജീവമായി കിടന്നിരുന്ന സാറയുടെ വലത്തെ കൈ താലോടികൊണ്ട്, അത്ഭുതം സ്ഫുരിക്കുന്ന വാക്കുകളോടെ റോസ് പറഞ്ഞു.
അമലിന്റെ വദനം വിരിഞ്ഞു, കണ്ണുകൾ പ്രകാശിച്ചു, ചുണ്ടുകളിൽ വിറയൽ പൊടിഞ്ഞു. സന്തോഷം താങ്ങാൻ പറ്റാത്തതിൽ ആവണം നെഞ്ചിൽ കൈ വെച്ചു കൊണ്ട് സാറയുടെ തണുത്ത കൈകൾ എടുത്തു ചുണ്ടോട് ചേർത്ത് ചുംബിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.
"അമൽ..." റോസ് വിളിച്ചു.
അമൽ നിന്നു.
"സാറയെ ഹോസ്പിറ്റലിലേക്ക് മാറ്റണം. ഇതൊരു നല്ല തുടക്കം ആണ്, സ്നേഹമായ പരിചരണവും, ഫിസിയോതെറാപ്പിയും ഉണ്ടെങ്കിൽ, നമുക്ക് സാറയെ വീണ്ടെടുക്കാം," സാറ' പുനർജനിച്ചേ മതിയാകൂ, അവൾക്ക് ഒരു ലക്ഷ്യമുണ്ട്.
ടൗണിൽ ഉള്ള കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത സാറക്ക് അത്ര വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. ഇതിൽ കൂടുതൽ ഒന്നും സാറയുടെ കാര്യത്തിൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ലായിരുന്നു. എന്നാലും കൈകൾ രണ്ടും സുഗമമായത് കൊണ്ട് ഇപ്പോൾ സാറക്കിഷ്‌ടം വീൽ ചെയറിൽ സമയം കൊല്ലാനാണ്.
"നമ്മൾ വിചാരിക്കും പോലെയല്ല ഓരോരുത്തർക്കും വ്യത്യസ്ഥരീതിയിൽ ആണ് ജീവിതം ഒരുക്കുന്നത്, ആർക്കൊക്കെ എന്തൊക്കെ സംഭവിക്കണം, സംഭവിക്കാതിരിക്കണം, എന്നല്ലാം ദൈവത്തിന്റെ കണക്ക് കൂട്ടലിൽ മാത്രമേ നടക്കുകയുള്ളൂ." ഇതായിരുന്നു റോസ്, സാറയോട് നിരന്തരം ഉപദേശിക്കാറ്.
എന്നാൽ അന്നത്തെ ദിനപത്രത്തിന്റെ മുൻപേജിലുള്ള 'ജീവിതമേ ചോർന്നു പോവരുതേ 'എന്ന വാർത്ത സാറയെ ആകെ തളർത്തി,സാറയുടെ ഉള്ള് തേങ്ങി, സങ്കടകടൽ ആർത്തിരമ്പി,എന്തിനു വേണ്ടിയോ മനം തുടിച്ചോ? മുലകണ്ണുകൾ പാൽ ചുരത്തിയോ? താരാട്ടിന്റെ ഈണം ചെവിയിൽ വന്ന് ചൊല്ലി.
ഭൂമിയാരുടെതാണ്? ഭൂമിയിലേക്ക് ഓരോ അമ്മയും പെട്ടിട്ട മക്കൾ, ജനിച്ചിടത്ത് പോലും സുരക്ഷിതത്വം ഇല്ലാതെ,കരിഞ്ഞു വീഴുന്നു. കാതിലെത്തുന്ന ഓരോ വാർത്തയും, കരളലിയിച്ചപ്പോ, തേങ്ങാനോ, കരയാനോ തോന്നിയില്ല.നിസംഗതാ എന്ന നാല് അക്ഷരത്തിന്റെ അടിമയായി, ശൂന്യതയിലേക്ക് നോക്കാനെ സാറക്ക് കഴിയുമായിരുന്നു. ആല്ലെങ്കിൽ കാട്ടി കൂട്ടുന്നത് ഒക്കെ ആർക്കു വേണ്ടി, എന്തിനു വേണ്ടി, ഈ ലോകത്തിന്റെ ഗണിതപുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ, മനുഷ്യരുടെ ജനന,മരണ കാലഘട്ടം രേഖപ്പെടുത്തുന്നത് എത്രയോ കുറഞ്ഞ വർഷങ്ങൾ ആണ്. മരണം നമ്മുടെ തൊട്ടുപുറകിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാം, പ്രായമായവർ എന്നോ, കുഞ്ഞുങ്ങൾ എന്നോ, എന്നൊന്നുമില്ല, ആരും ആവാം, ദൈവം ദാനം തന്ന ഇത്തിരി ആയുസ്സിനുള്ളിൽ സ്വാർത്ഥതാല്പര്യങ്ങൾ നടത്താൻ വേണ്ടി എല്ലാവർക്കും അധികാരത്തിൽ എത്തണമെന്ന് ഒറ്റ ചിന്തയെ ഉള്ളൂ...
കട്ടിലിലും, വീൽചയറിലും ആയ ദിനങ്ങൾ ഓരോന്നു ആലോചിച്ചു സാറയുടെ ഉള്ള് എന്നും കത്തിയുരുകയും,ആ ചൂട് ശരീരത്തിൽ ആകമാനം വ്യാപിക്കുകയും ചെയ്യും. എന്നിട്ടും എല്ലാ പ്രതികരണവും, സ്വയം ഇഷ്‌ടങ്ങൾ ഒക്കെയും കൂട്ടിലടച്ചു.ചിറ കടിക്കാൻ കഴിയാതെ, ചലിക്കാൻ കഴിയാതെ, മനസിനുപോലും ബന്ധനത്താൽ മടുപ്പ് അനുഭവപ്പെട്ടിരുന്നു. സാറയുടെ കൂടെ പിറന്ന റോസിന്റെയും, ഹോം നേഴ്സ് സുമതിയുടെ ചലനങ്ങൾ കൊണ്ട് മാത്രം സാറ ജീവിച്ചു.വീൽ ചെയറിൽ ഇരുന്നുകൊണ്ട് എന്നും സാറക്ക് തന്റെ മനസ്സിനെ ശക്തമാക്കാനും, ആ ഓർമകളെ താലോലിച്ചുകൊണ്ട്, കുളിരു കോരുവാനും കഴിഞ്ഞു. സാറക്ക് എന്നും കുട്ടികാലത്തെ തന്റെ പ്രിയപ്പെട്ട ജന്മസ്ഥലമായ ഐക്കരയിലേക്ക് എത്തിനോക്കുക പതിവായിരുന്നു.