ഭാഗം 18
റോസ് പഠിപ്പിച്ച ഓരോ പാഠവും സാറയിൽ വലിയ മാറ്റം തന്നെ സംഭവിച്ചു. ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അന്ധകാരം മാത്രമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
മനസ്സിന് ഒരു ഉന്മേഷം വന്നത് പോലെ. ഒരു മാറ്റത്തിനായി അമലിനെ കൂട്ടുപിടിക്കാൻ ശ്രമിച്ചു. എന്നാൽ അമൽ ഏതു നേരവും മൊബൈലിൽ കണ്ണും നട്ട് ഇരുക്കുകയായിരിക്കും.
പലപ്പോഴും അമലിനോട് സംസാരിക്കണം എന്ന് വിചാരിച്ച് അടുത്തെത്തുമ്പോൾ അമൽ ഒരു ഫീലിങ്ങും കാണിക്കാറില്ല. സാറ അമലിനെ അങ്ങിനെ ആക്കിയതാണ് എന്ന് പറയുന്നയതായിരിക്കും ശരി. ഒരു ദിവസം സഹികെട്ടെങ്കിലും അല്പം മയപ്പെടുത്തി സാറ മൊഴിഞ്ഞു.
"നിനക്ക് ഇതൊക്കെ മതിയാക്കി ഞങ്ങളെ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിച്ചൂടെ, റോസ് പെറ്റിട്ടതല്ലല്ലോ കുട്ടികളെ, നമ്മുടെ രണ്ട് പേരുടെയും ആണ് അവര്. അവരുടെ കാര്യങ്ങൾ മുഴുവൻ നോക്കുന്നത് റോസ് ആണ്, ഞാനാണെങ്കിൽ അസുഖക്കാരി, നീയോ?അവര് കൗമാരത്തിലേക്ക് കടക്കുകയാണ്. നമുക്ക് നല്ല രീതിയിൽ അവരെ വളർത്തണം. വളരുന്ന സാഹചര്യം കുട്ടികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ ഡാനി മോളെ,ഒരു സാറയാവാൻ ഞാൻ സമ്മതിക്കൂല. തനു മോന്റെ ശുണ്ഠി നിനക്കറിഞ്ഞൂടെ, നമ്മുടെ ഉള്ളിലുള്ള സ്നേഹം മുഴുവൻ പുറത്തെടുക്കണം. സ്നേഹം അവർക്കല്ലാതെ വേറെയാർക്കാ കൊടുക്കാ..."
അമൽ അത്ഭുതത്തോടെ സാറയെ നോക്കി. ഇവൾ ഇതൊക്കെ എങ്ങിനെ പഠിച്ചു. പക്ഷെ ഒന്നും ചോദിക്കാൻ തുനിഞ്ഞില്ല. ആളൊരു സാധു ആണെങ്കിലും പൊട്ടിത്തെറി മുന്നിൽ ആണ്.
"നമുക്ക് ശ്രമിക്കാം സാറ...ഇങ്ങിനെ എല്ലാകാര്യങ്ങളും കുറച്ചു നേരം ഇരുന്ന് ഉള്ള് തുറന്നു സംസാരിക്കാൻ കഴിഞ്ഞെങ്കിൽ പല പ്രശ്നത്തിനും പരിഹാരം അപ്പപ്പോൾ തന്നെ ഉണ്ടാക്കാമായിരുന്നു. സാരമില്ല, ഇനിയും സമയമുണ്ടല്ലോ, ഞാനുണ്ട് നിന്റെ കൂടെ." അമൽ പറഞ്ഞു.
ഞാൻ എവിടെയായിരുന്നു ദൈവമേ ഇത്രയും കാലം, സാറയുടെ മനസ്സ് നൊന്തു. ഏതോ ഒരു പൊട്ടകിണറിൽ വീണു കിടക്കുകയാണോ, ഒരിക്കൽ അമൽ പറഞ്ഞത് സാറ ഓർത്തു നീയൊരു പൊട്ടകിണറിലെ തവളയാണ്.ഒന്നും മനസ്സിലാക്കാൻ ശ്രമിച്ചില്ല, അങ്ങനെ പറയുന്നതായിരിക്കും ശരി.
കുമാരിയോട് ഒരിക്കൽ സാറ ചോദിച്ചിരുന്നു, കുമാരി ചേച്ചിക്ക് ഒരു സങ്കടവും ഇല്ലേ, ചതിച്ചവനെ കൊല്ലാൻ തോന്നുന്നില്ലേ...
എന്ത് സങ്കടം സാറ... മഹേഷിനെ എനിക്കു ഭർത്താവായി കിട്ടാത്തതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. വിവാഹം കഴിഞ്ഞ് ഭാര്യയെയും വഞ്ചിച്ച് എന്നോട് വീണ്ടും നുണയുമായി വന്നവൻ. എന്നെയും വഞ്ചിക്കുകയായിരുന്നു. ഇവരൊന്നും ഒരു പങ്കാളിയിൽ ഒതുങ്ങില്ല. ഞാൻ ഒറ്റ തടിയായി നടക്കുന്നത് എന്തിനാണെന്ന് നിനക്കറിയോ? എനിക്കിവിടെ ചിലതൊക്കെ ചെയ്ത് തീർക്കാനുണ്ട്. ആരും ഇല്ലാതായപ്പോ, അമ്മയും, കൂടപിറപ്പുകളും തള്ളി പറഞ്ഞപ്പോ, പാത്തുമ്മ ഉമ്മച്ചിയാണ് എന്നെ ദത്തെടുത്തത്. പെൺകുട്ടികൾക്ക് ജനിച്ച വീട് ഒരിക്കൽ അന്യമായി മാറും. അത് എനിക്കും വന്നു. ആ ഉമ്മച്ചിയുടെ മനസ്സിന്റെ വലിപ്പമാ എനിക്ക് പ്രചോദനമായത്.കുമാരി പറഞ്ഞു.
എല്ലാവരും ശക്തമായ കഥാപാത്രം ആയിരുന്നു. എന്നാൽ സാറ മാത്രം ട്രെയിൻ പായുന്നത് പോലെ ചിന്തിച്ചു. ഒച്ചിനെ പോലെ ജീവിച്ചു.
പ്രായശ്ച്ത്തം ജീവിച്ചിരിക്കുമ്പോൾ തന്നെ ചെയ്യണം. പെട്ടെന്നാണ് സാറക്ക് നജീമയെ കുറിച്ച് ഓർമ വന്നത്.
സിറ്റൗട്ടിൽ ഇരുന്നുകൊണ്ട്, അമലും, റോസും കൂടെ, അമലിന്റെ മൊബൈലിൽ ഉപ്പും, മുളകും എന്ന. പരമ്പര കാണുകയാണ്, രണ്ട് പേരും ഉള്ള് തുറന്നു ചിരിക്കുകയാണ്. സാറ കുറെ നേരം അത് നോക്കി നിന്നു. തനിക്കെന്താ ഇതേ പോലെ ആവാൻ കഴിയാത്തെ അവൾ ചിന്തിച്ചു.
കുട്ടികൾ ആണെങ്കിൽ തറയിൽ കുത്തിയിരുന്ന് ഓരോരോ ഫോണിൽ തന്നെ. സാറയുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ ത്രിശൂർ പൂരം തന്നെ ഉണ്ടാകും. എന്നാൽ ഇപ്പോ കുറച്ചായിട്ട്, എന്ത് പൂരമായാലും, വെടിപൊട്ടുന്ന സൗണ്ട് ആയാലും സാറക്ക് വലിയ കുലുക്കം ഒന്നും ഉണ്ടാകാറില്ല.ആദ്യ മൊക്കെ കുറെ ചെണ്ട കൊട്ടി ബഹളമുണ്ടാക്കും, പിന്നെ സഹതാപത്തോടെ എവിടെങ്കിലും കുത്തിയിരുന്ന് കരയുന്നതും കാണാം ആരും ഇതൊന്നും മൈൻഡ് ചെയ്യാറില്ല എന്ന് വേണമെങ്കിൽ പറയാം.
"അമൽ..."സാറ സൗമ്യമായി വിളിച്ചു.
"എന്തെ..."ഫോണിൽ നിന്ന് കണ്ണുഎടുക്കാതെ അമൽ ചോദിച്ചു.
നമുക്കൊരിടം വരെ പോയാലോ?. ഒരു ടൂർ പോലെ"
ടൂർ എന്ന് കേട്ടപ്പോൾ എല്ലാവരും സാറയുടെ മുഖത്തേക്ക് തന്നെ നോക്കി. അമ്മക്ക് വട്ടായോ? തനു ചോദിക്കുകയും ചെയ്തു. കാരണം അമലിന് റിസോർട്ടും, പല റിസോർട്ട് മായുള്ള കണക്ഷൻ ഉള്ളത് കൊണ്ട് ഏതറ്റവും പോവാം. താമസിക്കാം. ആസ്വദിക്കാം. എന്നാൽ സാറ എപ്പോഴും മുടക്കം പറയും
മമ്മയെ കൂട്ടി പൊയ്ക്കോ. ഞാനി വിടെ തനിച്ചിരിക്കാം. എനിക്ക് യാത്ര ചെയ്യാൻ കഴിയൂല.
എല്ലാവരും നിർബന്ധിച്ച് ഒരാഴ്ചത്തേക്ക് കൂടെ വരാൻ സാറ സമ്മതിക്കുകയാണെങ്കിലും ആ പോകുന്ന യാത്രയിൽ മടുപ്പോടെ പിറുപിറുക്കും.
"വട്ടായതല്ല മോനെ...ഐക്കരയിൽ നിന്ന് നജീമത്തയുടെയും, ഇക്കയുടെയും വീട്ടിലേക്ക് എനിക്കൊന്ന് പോവണം, നിങ്ങൾക്കൊരു ട്രിപ്പും ആവാലോ.
എല്ലാവർക്കും സന്തോഷമായി. അമൽ മാത്രം സാറയോട് സ്വകാര്യമായി ചോദിച്ചു.
"നീയിത് എന്ത് ഭാവിച്ചാ... നിനക്ക് യാത്ര ചെയ്യാൻ പറ്റുമോ?"
സാരമില്ല, എല്ലാവരും സന്തോഷമായിരിക്കുകയല്ലേ നമുക്ക് പോകാം.
നജീമത്തയും ,നാദിർക്കയും കുടുംബ വീട്ടിൽ ആയിരുന്നു, ഇത്തയെ കണ്ടപ്പോൾ മനസ്സ് വാടി, എന്തൊരു കോലം. മൊഴികുതിരിയെ പോലെ ഉരുകി ഉരുകി.. ചോദിച്ചപ്പോൾ ഇത്ത പറഞ്ഞു.
"വയസ്സായില്ലേ.. പിന്നെ ഷുഗറും കൂടി. ആർക്കും വേണ്ടാത്തൊരു പാഴ്ജന്മം. മരിക്കാൻ പറ്റുമോ? പടച്ചോൻ വിളിക്കേണ്ടേ..."
"ഇത്താ... സമാധാനമായിരിക്ക്, ഇത്തയെ കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ വന്നത്." സാറ പറഞ്ഞു.
"എവിടെ നാദിർക്കയുടെ, പുതിയ പെണ്ണും, മക്കളുമൊക്കെ,"റോസ് ചോദിച്ചു.
"അവള്, മൂന്നാമത്തെ പ്രസവത്തിനു വേണ്ടി പോയിരിക്കയാണ്, കുട്ടികളെ ഞാൻ നോക്കാമെന്നു പറഞ്ഞു ഇ വിടെ നിർത്തിയില്ല, നിക്ക് അതിനുള്ള ശേഷി ഇല്ലത്രേ,എന്നിട്ടിപ്പോ ഓളെ വീട്ടിൽ ആളെ നിർത്തിയാണ് കുട്ടികളെ നോക്കുന്നത്. കുട്ടികളെ എനിക്കത്ര ജീവാനാണ്, എനിക്ക് മക്കളെ വിധിച്ചിട്ടില്ല!"
"ഇത്തയാണ് ഇക്കയെ പെണ്ണ് കെട്ടാൻ നിർബന്ധിച്ചത് എന്നല്ലേ പറഞ്ഞത്, വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ?"
"ഒരിക്കലും ഇല്ല, ഇക്കക്കെങ്കിലും നല്ലൊരു ജീവിതം കിട്ടുമല്ലോ...
ഞാൻ കാരണം.... ഇക്ക എന്ത് പിഴച്ചു."
"ഇത്തക്ക് സങ്കടമില്ലേ.... നമ്മുടെ എല്ലാമെല്ലാമാകുന്ന പാർട്ണർ വേറൊരു പെണ്ണിനെ സ്നേഹിക്കുന്നത് കാണുമ്പോൾ...."
"മക്കളെ!ഇല്ലന്നോ?ഭ്രാന്തായിരുന്നെങ്കിൽ ഒന്നും അറിയില്ലായിരുന്നു, ആരും സഹിക്കൂല, ആർക്കും സഹിക്കാൻ കഴിയൂല... ഈ സങ്കടം എന്റേത് മാത്രമാക്കി എന്റെ ഉള്ളിൽ കുഴിച്ചിട്ടു."
"ഇത്തയെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ, ഞങ്ങളുടെ കൂടെ പോരുന്നോ ഇത്താ... ഞങ്ങൾക്ക് സന്തോഷമാകും. ഇക്കയോട് ഞങ്ങൾ ചോദിക്കാം."
"ഇപ്പോഴാണെങ്കിൽ ഭാര്യ എന്ന ഒരു പദവിയെങ്കിലും ഉണ്ടല്ലോ... അതും കൂടെ ഇല്ലാതായാൾ ആ കണ്ണുകൾ നിറഞ്ഞു. വേണ്ട... ഞാനൊന്നും പറയുന്നില്ല."
അന്ന് രാത്രി പാലക്കാട് തങ്ങാനായ് ടൗണിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇക്കാ സമ്മതിച്ചില്ല.പറ്റില്ല, ഞങ്ങളും നിങ്ങളെ പോലെയുള്ളവർ തന്നെയാണെന്ന് പറഞ്ഞു. അവസാനം സമ്മതിക്കേണ്ടി വന്നു.
രാത്രി ഇത്തയോട് സാറ ഒരു കാര്യം ചോദിച്ചു.
"ഇത്തയുടെ മകനാണെന്ന് വന്നു പറഞ്ഞ ആ പൊടി മീശകാരന് എന്തു സംഭവിച്ചു."
അതിനെ കുറിച്ചൊന്നും ആലോചിക്കാനെനിക്ക് ശക്തിയില്ല."
"നമ്മുടെ ഐക്കരയിലുള്ള കുമാരി ഒരിക്കൽ ഡോക്ടർ ഷാജഹാനെ കാണാൻ പോയിരുന്നു കൺസൾട്ട് റൂമിന്റെ മുന്നിൽ കുമാരി കാത്തിരിക്കുമ്പോളാണ്. ഒരു കാറിൽ ഡോക്ടറും, മകനും, ഭാര്യയും വന്നിറങ്ങിയത്. ആ മകനെ കണ്ട കുമാരി അത്ഭുതപെട്ടുപോയി, അച്ഛനും, മകനും ഇത്ര സാമ്യം ഉണ്ടാകുമോ?എന്ത് കൊണ്ടോ അവിടെഎത്തിയപ്പോ കുമാരിക്ക് ഡോക്ടറോട് കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഡോക്ടർ, ഒരു ഫാമിലി ഒക്കെയായി ജീവിക്കുന്നു. കുമാരി തിരിച്ചു പോരുകയാണ് ഉണ്ടായത്."
"ആ കുട്ടി പിന്നെയും എന്നെ കാണാൻ വന്നിരുന്നു. അവൻക്ക് എന്നും എന്നോട് ദേഷ്യമാണ്, ദേഷ്യം തീർക്കാൻ വേണ്ടിയാണ് അവൻ എന്നെ കാണാൻ വരുന്നത് തന്നെ."
"എന്നെ ഓടയിലെ പുഴുവേ പോലെ ഉപേക്ഷിച്ചു കളഞ്ഞില്ലേ. എന്നെ പ്രസവിച്ചത് എന്തിന്? വയറ്റിൽ വെച്ചു തന്നെ കൊന്നൂടായിരുന്നോ?." ഇതൊക്കെയാണ് അവന്റെ ചോദ്യം.
"മോനെ.. എന്റെ അടുത്തു വാ... ഞാൻ നിന്റെ ഉമ്മയല്ലേ..."
"വേണ്ട."
"നിങ്ങൾ എന്റെ ഉമ്മയല്ല. നിങ്ങൾക്കത് ചേരൂല..."
"പിന്നെയെന്തിനാ നീ എന്നെ ഇടക്കിടെ കാണാൻ വരുന്നത്."
"നിങ്ങളെ ശിക്ഷിക്കാൻ, ക്രൂശിക്കാൻ."
"അവനറിയില്ലല്ലോ പെറ്റ വയറിന്റെ വേദനാ!അവനെ കാണുമ്പോൾ നിറഞ്ഞു തുളുമ്പുന്നത് മുലപ്പാലല്ല. മുലയുടെ കണ്ണീര് ആണ്. ഒന്ന് അടുത്തു കിടത്തി ഒന്ന് കെട്ടിപ്പിടിക്കാൻ, അവന്റെ കിളി കൊഞ്ചലുകൾ കേൾക്കാൻ, ഇവൻ എന്റെ സ്വന്തമാണ്, എന്റേത് മാത്രം എന്ന് ലോകത്തോട് വിളിച്ചു പറയാൻ ... എന്റെ വ്യഥകളൊന്നും അവനറിഞ്ഞില്ലല്ലോ?."ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു. മോനെ ഞാൻ നിന്റെ ഉമ്മയാണെന്ന് മോനോട് ആരാ പറഞ്ഞത് എന്ന്.
"എന്നെ നിങ്ങൾ വിറ്റത് ഒരു നേഴ്സ് ന് അല്ലെ. അവര് വേറെയാൾക്ക് വേണ്ടി എന്നെ വാങ്ങുകയായിരുന്നു. ആ നേഴ്സ് ആണ് നിങ്ങളെ കാര്യം പറഞ്ഞത്."
"ക്ഷമിച്ചൂടെ മോനെ എന്നോട്?"
"ക്ഷമിക്കെ നിങ്ങളോടൊ!നിങ്ങളെ കാണാൻ വരുന്നത് തന്നെ എന്റെ ഒരു ശിക്ഷയാ.... എന്നെ ഓർത്തു നിങ്ങൾ നീറി നീറി പിടയണം നിങ്ങൾ."അതും പറഞ്ഞ് അവൻ പോയി, പിന്നെ ഒരിക്കലും അവൻ എന്നെ കാണാൻ വന്നിട്ടില്ല. ഒരു പക്ഷെ ഞാൻ കണ്ട ഏതെങ്കിലും സ്വപ്നമാണ് ഇതെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.അവനെ ഓരോ ദിവസവും, കാത്തിരുന്നു, കാത്തിരിന്നു വർഷങ്ങൾ അങ്ങിനെ അങ്ങോട്ട് കടന്നു പോയ്. ഒരു തവണ കൂടി ഒരു നോക്ക് കാണാൻ... അവന്റെ കല്യാണമൊക്കെ കഴിഞ്ഞു കുട്ടികൾ ഒക്കെ ആയിട്ടുണ്ടാവില്ലേ... അവരെ ഒന്ന് കളിപ്പിക്കാൻ, കൊഞ്ചിക്കാൻ മനസ്സ് ഓരോന്നു കൊതിക്കും."
"ഇത്താ, നിങ്ങൾ ഒരു തെറ്റും ചെയ്യാത്ത സ്ഥിതിക്ക് ദൈവം നിങ്ങളെ തമ്മിൽ വീണ്ടും കൂട്ട് മുട്ടിക്കും, തീർച്ച. സമാധാനിക്കൂ... "റോസ് പറഞ്ഞു.
തുടരും...