ഭാഗം 7
മനുഷ്യ ജീവിതത്തെകുറിച്ചും, അവരുടെ മനസ്സുകളെ കുറിച്ചും,എല്ലാ സാഹിത്യകാരൻ മാർക്കും പാടി പറയുവാനും, വളരെ മനോഹരമായി എഴുതി പിടിപ്പിക്കുവാനും എളുപ്പമാണ്.
എന്നാൽ നമ്മുടെയൊക്കെ ഉള്ളിൽ കുടികൊള്ളുന്ന മനസ്സുകൾക്ക് ആർക്കും അറിയാൻ പറ്റാത്ത നിഗൂഢത ഉണ്ട്. അത് ഏത് വഴിക്ക് പോകും എന്നൊന്നും ആർക്കും കണക്കാക്കാൻ പറ്റൂല.
വിഷമതകളും, വേദനകളും, എപ്പോഴും നമ്മുടെ ഒക്കെ കൂടപിറപ്പ് ആയത് കൊണ്ട് പല സന്തോഷങ്ങളും നമ്മൾ അറിയാതെ പോകുന്നു. ആരൊക്ക എന്തൊക്കെ പറഞ്ഞാലും സ്ത്രീ 'അബല'തന്നെയല്ലേ, അവളെ 'അബല'എന്ന കിരീടം ചൂടിക്കുന്നതോ നമ്മൾ തന്നെയാണ്. സ്നേഹം, പ്രേമം, കാമം. ഇത് ശരിക്കും മൂന്ന് വിഷമാണ്, ഇതൊന്നും അറിയാതെയാവണം കുമാരി വീണ്ടും മഹേഷിന്റെ വലയിൽ വീണത്.
കുമാരി ഉമ്മച്ചിയുടെ കട ഏറ്റെടുത്ത് നടത്തുന്ന സമയത്താണ്, എതിർ വശത്തെ കടയിൽ നിന്ന് മുങ്ങിയ മഹേഷ് പ്രത്യക്ഷപെട്ടത്. ആദ്യമൊക്കെ കുമാരിക്ക് മഹേഷിനെ കാണുന്നതേ വെറുപ്പ് ആയിരുന്നു. പിന്നെ പിന്നെ രണ്ടു പേരും കണ്ണുകൾ കൊണ്ട് കഥ പറയാൻ തുടങ്ങി.
"മഹേഷ്... നീയെന്നെ ചതിച്ചതല്ലേ. നിന്നെ എനിക്ക് കാണണ്ട."കുമാരി മഹേഷിനോട് ദേഷ്യത്തിൽ പറഞ്ഞു.
"ഞാൻ ചതിച്ചതല്ല മോളെ. അച്ഛനുമ്മയും നിർബന്ധിച്ചു എന്റെ ശരീരം കൊണ്ടാണ് സുമതിയുടെ കഴുത്തിൽ താലി കെട്ടിച്ചത്. ഞാൻ എന്നും ന്റെ കുമാരിയെ മാത്രമേ മനസ്സുകൊണ്ട് വരിച്ചിട്ടുള്ളു. കുറച്ചു പൈസയൊക്കെ സമ്പാദിച്ചു നമുക്ക് എവിടെ എങ്കിലും ഒളിച്ചോടാം. "മഹേഷ് മധുരം ചാലിച്ചു കുമാരിയോട് പറഞ്ഞു.
"വേണ്ടാ... "കുമാരി ഒച്ച വെച്ചു. "ഇനി നിനക്ക് നിന്റെ ഭാര്യയെയും ചതിക്കണം അല്ലേ.എന്നെ ചതിച്ചത് പോലെ, നിനക്കെന്താ ഇതൊക്കെ ഒരു കളിയാണോ."
"കുമാരീ...ഭാര്യയോ, നീ വിശ്വസിക്ക്, ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിട്ടില്ല, നിന്നെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് ഓടി വന്നത് " മഹേഷിന്റെ കണ്ണുകൾ നിറഞ്ഞു.
"നീ കുടിച്ചിട്ടുണ്ട് അല്ലേ. അപ്പൊ അതും തുടങ്ങി." കുമാരി സങ്കടത്തിൽ പറഞ്ഞു.
"നീയാണ് കാരണം നിന്നെ ഓർത്തു മാത്രമാ ഞാൻ കുടി തുടങ്ങിയത്."മഹേഷിന്റെ കണ്ണുകൾ ചുവന്നു ചുവന്നു വന്നു.
ഇന്ന് രാത്രി ഞാൻ നിന്റെ വീട്ടിലേക്ക് വരാം എനിക്ക് കുറെ സംസാരിക്കാനുണ്ട്, എത്രദിവസമായി നിന്നോട് മിണ്ടിയും പറഞ്ഞു മൊക്കെ ഇരുന്നിട്ട്. ജനലിൽ ഞാൻ നേരിയ മുട്ട് മുട്ടും. നീ പുറകിലത്തെ വാതിൽ തുറന്ന് തന്നാൽ മതി."
"വേണ്ട മഹേഷ്,അതുവേണ്ട, നിന്റെ കല്യാണം കഴിഞ്ഞതല്ലേ, സുമതിയെ നീ സ്നേഹിക്കണം, അവളോട് നീതി പുലർത്തണം. "കുമാരി പറഞ്ഞു.
ഒന്നിനും അല്ലേടി... നിനക്ക് ഇഷ്‌ടമില്ലെങ്കിൽ ഞാൻ വരുന്നില്ല, അതും പറഞ്ഞു മഹേഷ് തിരിഞ്ഞു നടന്നു.
അന്ന് രാത്രി കുമാരിയുടെ മനസ്സിൽ മധുരമായ നൊമ്പരം എത്തിനോക്കാൻ തുടങ്ങി. 'ഒന്നും വേണ്ട, മഹേഷിന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചുകൊണ്ട് ഒന്ന് കരഞ്ഞ് തീർക്കണം. അപ്പൊ മഹേഷ് ഉറുമ്പടക്കം കെട്ടിപ്പിടിച്ചു കൊണ്ട്, ഇന്റെ കുമാരി.... നിന്നെയാർക്കും വിട്ടു കൊടുക്കൂല എന്ന് പറയണം. അത്രയേ വേണ്ടൂ.'
സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന സ്ത്രീ, യാചിക്കുന്ന സ്ത്രീ, എല്ലാം കുമാരിക്ക് ഉൾബോധം ഉണ്ടെങ്കിലും,കുമാരി പെരുമാറിയത് മറ്റൊരു തരത്തിൽ ആണ്, അവൾ പിറ്റേന്ന് രാത്രി മഹേഷിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
മഹേഷ് തന്നെ ഇത്ര മാത്രം സ്നേഹിക്കുന്നുണ്ടോ എന്ന് കുമാരിക്ക് അത്ഭുതം ആയി. തന്റെ സ്നേഹം പിടിച്ചു പറിക്കാൻ എന്തൊരു ആർത്തിയായിരുന്നു. ചുംബിച്ചുണർത്തിയ സംഗീതാലാപനത്തിൽ ആലസ്യം പൂണ്ടു കിടക്കുമ്പോൾ ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന് കുമാരി ചിന്തിച്ചു.
സ്നേഹത്തിന് പുതിയ അർത്ഥവും, ഭാവവും നൽകി കുമാരിയും, മഹേഷും ഒരേ വള്ളത്തിലൂടെ സഞ്ചരിച്ചു.
ബാംഗ്ലൂരിലേക്ക് ഒളിച്ചോടാൻ വേണ്ടി ഡേറ്റ് ഫിക്സ് ചെയ്തതിന്റെ രണ്ടു ദിവസം മുന്പാണ്, മഹേഷ് കടയിൽ ഇല്ലാത്തത് കാരണം മഹേഷിനുള്ള ലെറ്റർ കുമാരിയുടെ കയ്യിൽ എല്പിച്ചത്. ആകാംഷ അടക്കാനാവാതെ കുമാരി അത് തുറന്നു വായിച്ചു.
എടാ, സുമതിക്ക് ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ ആണ്, നീ എത്രയും പെട്ടെന്ന് വരണം. എന്ന്, അമ്മ.
കുമാരി അത് വായിച്ചു തരിച്ചിരുന്നു പോയി. ഭാര്യയെ കൈകൊണ്ട് തൊട്ടിട്ടില്ലത്രേ. മഹേഷ് വന്നപ്പോൾ അറിയാത്ത തരത്തിൽ ആ ലെറ്റർ മഹേഷിന് കൊടുത്തു.
മഹേഷ് ആ എഴുത്ത് വായിച്ചിട്ട് ആ കണ്ണ് കലങ്ങുന്നത് കുമാരി ശ്രദ്ധിച്ചു.
"എന്ത് പറ്റി മഹേഷ്, മുഖം വല്ലാ തിരിക്കുന്നല്ലോ, കുമാരി ചോദിച്ചു."
അമ്മക്ക് സുഖമില്ല, എത്രയും പെട്ടെന്ന് നാട്ടിലെത്തണം, കുമാരിയോട് യാത്ര പോലും പറയാതെ മഹേഷ് പോയി.
സ്ത്രീതത്വതിനു നേരെ ആഞ്ഞു ചവിട്ടിയിട്ട് ആണ് മഹേഷ് പോയിരിക്കുന്നത്, അതിൽ കുമാരി ആകെ വയലന്റ് ആയി. വീട്ടുകാരും അറിഞ്ഞു, നാട്ടുകാരും അറിഞ്ഞു.
സ്നേഹത്തിന്റെ പച്ചപ്പ് തേടി കുമാരിയുടെ ഉള്ളം വല്ലാതെ അലഞ്ഞിരുന്നു. അന്വേഷണത്തിനൊടുവിൽ കാമത്തിന്റെ നിർവൃതി സ്നേഹമാണെന്ന് തെറ്റിദ്ധരിച്ചു. വെറും അഴുക്ക് ചാലിനുള്ളിലെ അറപ്പുള്ള പുഴുവെ പോലെ കാർക്കിച്ചു തുപ്പലേറ്റ തന്റെ ശരീരത്തെ കുമാരി വല്ലാതെ വെറുത്തു. പുരുഷൻ മാരുടെ കൈ കരുത്തിൽ അല്ലെങ്കിൽ ഇവരുടെ മനം മയക്കുന്ന വീൺവാക്കിൽ സ്ത്രീകൾ അധംപതിച്ചു ഇല്ലാതാവുകയാണല്ലോ. ആ ഓർമയിൽ കുമാരി തല തല്ലി കരഞ്ഞു.
പെറ്റമ്മ പോലും കുമാരിയെ തല്ലി പറഞ്ഞു, അഭിസാരികയെന്ന് വിളിച്ചില്ലന്നേ ഉള്ളൂ. കാമമായിരുന്നില്ല ആവശ്യം സ്നേഹമായിരുന്നു എന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നു. മനസ്സിന്റെ ദുരൂഹത നിറഞ്ഞ ചിന്തകളെയും, മോഹങ്ങളെയും ആർക്കെങ്കിലും പണയം വെക്കാൻ കഴിയുമോ,? ചിലര് മനസ്സിന്റെ ഉള്ളിൽ അടിച്ചമർത്തി വെക്കും, പിന്നെ ഏതെങ്കിലും കച്ചിതുരുമ്പ് കിട്ടുമ്പോൾ പുറത്ത് എടുത്തെന്നും വരും.
"മഹേഷ്, നീയല്ലേ ശരിക്കും ആഭാസൻ"കുമാരി ചിന്തിച്ചു.
, "ദൈവം എന്നൊരാൾ മേലെ ഉണ്ടെങ്കിൽ കുമാരീ... നീ അനുഭവിച്ചത് അവൻ അനുഭവിക്കും. അത് ഇന്റെ ശാപമാണ്, നിന്റെ ശാപമാണ്, സ്ത്രീ കൾ ഓരോരുത്തരുടെയും ശാപമാണ്. പാത്തുമ്മ ഉമ്മച്ചി, കുമാരിയുടെ തലയിൽ കൈവെച്ചു പറഞ്ഞു." അന്നുമുതൽ ഉമ്മച്ചിക്ക് ഒരു മകളെയും കൂടി കിട്ടി, കുമാരിയെ.
പിന്നെ കുമാരി ഒരു ജോലിയും കൂടി ഏറ്റെടുത്തു. ആദിവാസി കോളനിയിൽ പോയി സ്ത്രീകളെയും, കുട്ടികളെയും ബോധവത്കരിക്കുക. സമൂഹം ഇവരെ ഒറ്റപെടുത്തുന്നത് കൊണ്ട് സ്നേഹത്തിന് വേണ്ടി ഒരുപാട് കൊതിച്ചു മറുതീരം തേടി പോകുന്നവരാണ് ഇവര്.
"നമ്മൾ ഏറ്റവും പവിത്രമായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ശരീരമാണ്. അത് ആരുടെ മുമ്പിലും അടിയറ വെക്കരുത്. ഓരോ മോഹിക്കുന്ന വാഗ്ദാനങ്ങൾ നൽകി പകൽ മാന്യന്മാർ ആർത്തി തീർക്കാൻ വരും. സത്യത്തിൽ നമ്മളെ ഒന്നും ആർക്കും സ്നേഹിക്കാൻ കഴിയൂല. എല്ലാവരും സ്വാർത്ഥരാണ്. മധുരിക്കുന്ന വാക്കുകളുമായി പ്രണയം നടിച്ചു വരും. ഇങ്ങനെ വരുന്നവരോട്, കുട്ടികളെ.... നിങ്ങൾ പറയുക, നാട്ടുകാർ അറിഞ്ഞു ആദ്യം കഴുത്തിൽ ഒരു താലി, എന്നിട്ട് പ്രണയം എന്ന്. നമ്മൾ ഉണർന്നിരിക്കുക നമ്മുടെ ദേഹത്ത് കൈവെക്കാൻ പോലും ആരെയും അനുവദിക്കരുത്." കുമാരി പലപ്പോഴും വന്ന് നന്നായി തന്നെ ക്‌ളാസ് എടുത്തു. നിറഞ്ഞ കണ്ണുകളോടെ ചീരുവും ഉണ്ടായിരുന്നു കൂടെ.
തുടരും...